RSS

Daily Archives: Oct 7, 2012

ഒന്നര സെന്റിമീറ്റര്‍ തൊലി

ഒരു കുട്ടിയുടെ ചേലാകര്‍മ്മം സംബന്ധിച്ച ഒരു കേസില്‍ കഴിഞ്ഞ മെയ്മാസത്തില്‍ കൊളോണിലെ ഒരു ജഡ്ജി തന്റെ വിധിയിലൂടെ വൈദ്യശാസ്ത്രപരമായ കാരണങ്ങളൊന്നുമില്ലാത്ത, ഏതെങ്കിലുമൊരു മതം അങ്ങനെയൊരു ചടങ്ങു്‌ നിഷ്കര്‍ഷിക്കുന്നു എന്നതിന്റെ പേരില്‍ മാത്രം നടത്തപ്പെടുന്ന ചേലാകര്‍മ്മത്തെ “ബോഡി ഇഞ്ചുറി”യായി വിലയിരുത്തി. അതുവഴി, നിലവിലിരിക്കുന്ന നിയമപ്രകാരം ചേലാകര്‍മ്മം കുറ്റകൃത്യമാണെന്നും, തന്മൂലം ശിക്ഷാര്‍ഹമാണെന്നും കൂടിയായിരുന്നു ആ “പഹയന്‍” സൂചിപ്പിച്ചുകളഞ്ഞതു്‌! അതു്‌ ജര്‍മ്മനിയില്‍ ജീവിക്കുന്ന യഹൂദരുടെയും മുസ്ലീമുകളുടെയും മതവികാരം വ്രണപ്പെടുത്തിയെന്നു്‌ പറയേണ്ടതില്ലല്ലോ. ആണായി പിറക്കുന്ന കുഞ്ഞുങ്ങളുടെ ലിംഗാഗ്രത്തില്‍ നിന്നുമുള്ള ഒന്നര സെന്റിമീറ്റര്‍ തൊലി തനിക്കു്‌ അവകാശപ്പെട്ടതാണെന്നു്‌ യഹോവയായ ദൈവം കല്പിച്ചിട്ടുണ്ടെന്നു്‌ യഹൂദരും, അങ്ങനെതന്നെയൊരു അവകാശവാദം അല്ലാഹുവും നടത്തിയിട്ടുണ്ടെന്നു്‌ മുസ്ലീമുകളും ഒന്നടങ്കം വികാരഭരിതരായി വിലപിച്ചു. അങ്ങനെയൊരു അവകാശവാദം ദൈവത്തിനു്‌ ഉണ്ടായിരുന്നെങ്കില്‍ (നൂറു്‌ രൂപ കടമെടുത്താല്‍ കയ്യില്‍ കിട്ടുന്നതു്‌ തൊണ്ണൂറോ തൊണ്ണൂറ്റഞ്ചോ ആയിരിക്കും, പലിശ നൂറു്‌ രൂപയ്ക്കും കൊടുക്കുകയും വേണം എന്ന രീതിയില്‍ ചില ബാങ്കുകള്‍ തുടക്കത്തിലേ പിടിച്ചുവയ്ക്കുന്ന “ഡിസാജിയോ” പോലെ) ആ തൊലി സ്വര്‍ഗ്ഗത്തില്‍ പിടിച്ചുവച്ചശേഷം ആണ്‍കുഞ്ഞുങ്ങളെ ഭൂമിയിലേക്കു്‌ അയച്ചാല്‍ മതിയായിരുന്നില്ലേ എന്നു്‌ കുഞ്ഞുങ്ങളുടെ ശാരീരികമായ ഇന്റെഗ്രിറ്റിയില്‍ കടന്നാക്രമണം നടത്താന്‍ മാതാപിതാക്കളടക്കമുള്ള ആര്‍ക്കും അവകാശമില്ലെന്ന നിലപാടുകാരായ എതിര്‍പക്ഷം. ഒരു സര്‍ക്കംസിഷന്‍ ആവശ്യമാക്കുന്ന മെഡിക്കല്‍ ഇന്‍ഡിക്കേഷന്‍ ഒന്നുമില്ലാതിരുന്നിട്ടും, മതം അങ്ങനെ ആവശ്യപ്പെടുന്നു എന്നതു്‌ ഒരു ന്യായീകരണം ആയാലെന്നപോലെ, കുഞ്ഞുങ്ങളുടെ ശരീരത്തില്‍ കത്തിവയ്ക്കുന്നതു്‌ കാട്ടാളത്തമാണെന്നു്‌ വ്യക്തമാക്കാന്‍ ശ്രമിക്കുന്ന, പീഡിയാട്ട്രീഷന്‍സ് ഒക്കെ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിനു്‌ ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത മുഴുവന്‍ മനുഷ്യരുടെയും പിന്‍തുണ ഉണ്ടുതാനും.

ചേലാകര്‍മ്മം എന്നതു്‌ ഒഴിവാക്കാനാവാത്ത ഒരു ആവശ്യമായിരുന്നെങ്കില്‍, ഉദാഹരണത്തിനു്‌ അഗ്രചര്‍മ്മം എന്നതു്‌, പടവലങ്ങയുടെ നീളം കൂടാന്‍ തുമ്പത്തു്‌ കെട്ടിത്തൂക്കുന്ന കല്ലുപോലെ, ലിംഗാഗ്രത്തില്‍ തൂങ്ങിക്കിടക്കുന്ന, ഉപയോഗശൂന്യം എന്നു്‌ തോന്നിയേക്കാവുന്ന, ഒന്നോ രണ്ടോ കിലോഗ്രാം ഭാരമുള്ള വല്ല സാധനവുമായിരുന്നെങ്കില്‍, വെറുതെ ഭാരം ചുമന്നുകൊണ്ടുനടക്കുന്നതിന്റെ പരിഹാസ്യത മാത്രം മൂലം, ഈ ലോകത്തില്‍ ജീവിക്കുന്ന മുഴുവന്‍ പുരുഷന്മാരും ഒരു ദൈവത്തിന്റെയും കല്പനയ്ക്കു്‌ കാത്തുനില്‍ക്കാതെ അതു്‌ മുറിച്ചുമാറ്റുമായിരുന്നു എന്നാണെന്റെ തോന്നല്‍. അഗ്രചര്‍മ്മത്തിനു്‌ ഒരു ലക്ഷ്യമുള്ളതുകൊണ്ടാണു്‌ എവൊല്യൂഷന്‍ അതിനെ അവിടെ വച്ചുപിടിപ്പിച്ചതും പൊറുപ്പിച്ചുകൊണ്ടിരിക്കുന്നതും. മുറിച്ചുമാറ്റേണ്ടതു്‌ വച്ചുപിടിപ്പിക്കുന്ന ദൈവങ്ങള്‍ക്കു്‌ എവൊല്യൂഷന്റെ ഭാഷ മനസ്സിലാവുകയില്ല. അല്ലെങ്കില്‍ത്തന്നെ, ദൈവം ആര്‍ക്കു്‌ പ്രത്യക്ഷപ്പെടുന്നുവോ, അവന്റെ ഭാഷ മനസ്സിലാകുന്നവര്‍ക്കു്‌ മാത്രം ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന വിധം പറയാനുള്ള ഭാഷാവൈദഗ്ദ്ധ്യമേ ദൈവത്തിനുള്ളു എന്നതു്‌ വിശ്വാസികള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കാറുള്ള കാര്യവുമാണല്ലോ (ഉദാ. സംസ്കൃതം, ഹീബ്രൂ, അറബി). പൊടിയും ചെളിയും വളരെ കൂടുതലും, വെള്ളവും കുളിയും അത്രതന്നെ കുറവുമായിട്ടുള്ള നാടുകളില്‍ നിന്റെ അഗ്രചര്‍മ്മം മുറിച്ചു്‌ എനിക്കു്‌ തരണമെന്നു്‌ ഒരു ദൈവം മനുഷ്യരോടു്‌ കല്പിച്ചാല്‍ അതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളു. മനുഷ്യരുടെ മാനസികവും ശാരീരികവുമായ “ഉള്ളുകള്ളികള്‍” മുഴുവന്‍ നിത്യേന കണ്ടും പരിശോധിച്ചും ഇരിക്കുന്നവനാണല്ലോ ദൈവം! എന്തായാലും കുഞ്ഞുങ്ങളുടെ ലിംഗാഗ്രത്തിലെ തൊലിക്കു്‌ സ്വര്‍ഗ്ഗത്തില്‍ നല്ല ഡിമാന്‍ഡുണ്ടെന്നു്‌ തോന്നുന്നു. മാലാഖമാരുടെ ചെരിപ്പുകള്‍, ഹൂറികളുടെ വാനിറ്റി ബായ്ഗുകള്‍ മുതലായവയെല്ലാം അഗ്രചര്‍മ്മം ഉപയോഗിച്ചാവണം നിര്‍മ്മിക്കപ്പെടുന്നതു്‌.

നാടു്‌ കേരളം/ഭാരതം അല്ലാത്തതുകൊണ്ടു്‌ ആ ജഡ്ജിയുടെ വിധി ചൂണ്ടിക്കാണിച്ച നിയമത്തിലെ പരിമിതി അവഗണിക്കാതിരിക്കാനും അനുയോജ്യമായ നിയമനിര്‍മ്മാണം വഴി ആ വിടവു്‌ നികത്താനും ഗവണ്മെന്റ് തീരുമാനിച്ചു. തത്ഫലമായി, അതിനായി ചുമതലപ്പെടുത്തപ്പെട്ട ഒരു കമ്മിറ്റി അടുത്ത ആഴ്ച മന്ത്രിസഭയിലും പാര്‍ലമെന്റിലും അവതരിപ്പിക്കാനായി 26 പേജുള്ള ഒരു ഡ്രാഫ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ചില നിബന്ധനകള്‍ക്കു്‌ വിധേയമായി മതപരമായ ചേലാകര്‍മ്മം അനുവദിക്കുക എന്നതാണതില്‍ നിര്‍ദ്ദേശിക്കപ്പെടുന്നതു്‌. പരിച്ഛേദന ഒരു ബോഡി ഇഞ്ചുറി ആണെന്ന കാര്യത്തില്‍ മാറ്റമൊന്നും വരുത്താതെതന്നെ, അതു്‌ മാതാപിതാക്കളുടെ അനുവാദത്തോടെയും, വൈദ്യശാസ്ത്രപരമായ വൈദഗ്ദ്ധ്യത്തോടെയുമാണു്‌ നടത്തപ്പെടുന്നതെങ്കില്‍, അതിനെ നിയമവിരുദ്ധം അല്ലാതാക്കുക എന്നതാണു്‌ ഡ്രാഫ്റ്റിന്റെ ലക്ഷ്യം. എതിരെ വരുന്നവന്‍ കണ്ണു്‌ കാണാത്തവനാണെങ്കില്‍ വഴിമാറേണ്ടതു്‌ കണ്ണിനു്‌ കാഴ്ചയുള്ളവനായിരിക്കണം എന്ന തത്വപ്രകാരമാവണം അതു്‌ രൂപകല്പനം ചെയ്യപ്പെട്ടതു്‌. കുഞ്ഞുങ്ങള്‍ എത്ര സഹിക്കേണ്ടിവന്നാലും വേണ്ടില്ല (അവര്‍ക്കു്‌ പ്രതികരണശേഷിയില്ലല്ലോ), മതവികാരം കൊടുമ്പിരിക്കൊണ്ടിരിക്കുന്നവരെ ഒരു ഗവണ്മെന്റ് തൃപ്തിപ്പെടുത്തിയിരിക്കണം! വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനായി തീര്‍ത്ഥാടനത്തിനുവരെ സബ്സിഡി കൊടുക്കുന്ന “ഗവണ്മെന്റുകള്‍” നിലവിലിരിക്കുന്ന അപൂര്‍വ്വം “ഗോത്രങ്ങള്‍” ഇന്നും ലോകത്തില്‍ ഉണ്ടെന്നും നമ്മള്‍ സ്മരിക്കുക! പാരന്റെല്‍ റൈറ്റിനെ ചൈല്‍ഡ് പ്രൊട്ടെക്ഷനു്‌ മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി ഈ നീക്കത്തെ കാണുന്നതിനാല്‍, SPD (Sozialdemokratische Partei Deutschlands), Die Grünen (The Greens), Die Linke (The Left) എന്നീ പ്രതിപക്ഷപാര്‍ട്ടികള്‍ ഈ നിയമത്തിനോടുള്ള എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടു്‌. ഭരണകക്ഷികളിലും ഇതേ അഭിപ്രായം പുലര്‍ത്തുന്നവരുള്ളതിനാല്‍, വോട്ടിംഗ് പാര്‍ട്ടി അംഗത്വത്തിനു്‌ അതീതമായിരിക്കുമെന്നു്‌ കേള്‍ക്കുന്നു. തത്വത്തില്‍, ഭരണഘടനപ്രകാരം, നിയമസഭാംഗങ്ങള്‍ക്കു്‌ സ്വന്തം മനസ്സാക്ഷിയോടു്‌ മാത്രമേ വിധേയത്വത്തിന്റെ ആവശ്യമുള്ളു എന്നതു്‌ വല്ലപ്പോഴുമൊക്കെയെങ്കിലും ഒന്നോര്‍മ്മിക്കുന്നതും പ്രയോഗത്തില്‍ കൊണ്ടുവരുന്നതും മനസ്സാക്ഷിക്കുത്തു്‌ ഉണ്ടാവാതിരിക്കാന്‍ നല്ലതാണെന്നു്‌ സാമാജികര്‍ക്കു്‌ തോന്നിക്കാണണം.

ചേലാകര്‍മ്മത്തിന്റെ അടിസ്ഥാനകഥ വളരെ പഴയതാണു്‌. അതിനു്‌ മുന്‍പും പലപ്പോഴും യഹോവയായ ദൈവം “അബ്രാമിനു്‌” പ്രത്യക്ഷപ്പെട്ടു്‌ അതുമിതുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും, അവനു്‌ തൊണ്ണൂറ്റൊന്‍പതു്‌ വയസ്സായപ്പോള്‍, അവനെ ബഹുജാതികളുടെ പിതാവാക്കണമെന്നു്‌ ദൈവത്തിനു്‌ ഒരു മോഹമുദിക്കുകയും ആ വിവരം നേരിട്ടു്‌ പറയാനായി വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. അബ്രാം എന്ന കുറിയ പേരും വച്ചു്‌ ജാതികളുടെ പിതാവാകുന്നതു്‌ ദൈവമെന്ന നിലയില്‍ തനിക്കു്‌ നാണക്കേടായതിനാലാവാം,  പ്രൊമോഷനോടൊപ്പം അവന്റെ പേരു്‌ അബ്രാഹാം എന്നാക്കി മാറ്റാനും ആ സന്ദര്‍ഭത്തിലാണു്‌ ദൈവം തീരുമാനിച്ചതു്‌. പ്രൊമോഷനു്‌ ഒരു പ്രതിഫലം (കൈക്കൂലി എന്നും പറയാം) എന്നോണം അബ്രാഹാമും, അവന്റെ സന്തതിപരമ്പരകളിലെ സകല പുരുഷപ്രജകളും മേലില്‍ അവരുടെ അഗ്രചര്‍മ്മം തനിക്കായി പരിച്ഛേദന ചെയ്യണമെന്നു്‌ ദൈവം അരുളിച്ചെയ്തതും അപ്പോഴാണു്‌. “അതു്‌ എനിക്കും നിങ്ങള്‍ക്കും “മദ്ധ്യേയുള്ള” നിയമത്തിന്റെ അടയാളം”! (തോട്ടത്തിന്റെ “നടുവില്‍ നില്‍ക്കുന്ന” വൃക്ഷത്തിന്റെ ഫലം തിന്നരുതു്‌ എന്നു്‌ ദൈവം ആദാമിനോടു്‌ പറഞ്ഞതുപോലെതന്നെ).

നിയമപ്രകാരം പരിച്ഛേദന നടത്തേണ്ടതു്‌ ജനിച്ചു്‌ എട്ടു്‌ ദിവസം പ്രായമാകുമ്പോള്‍ ആയിരിക്കണമെങ്കിലും, ഒരു തുടക്കം എന്ന നിലയില്‍, ഈ പ്രായപരിധി പരിഗണിക്കേണ്ടതില്ല എന്നു്‌ ദൈവം കല്പിച്ചിരിക്കണം. അബ്രാഹാമിനെയും അവന്റെ സകല ശിങ്കിടികളെയും ഒരു ടൈം ട്രാവല്‍ വഴി എട്ടു്‌ ദിവസം പ്രായമുള്ളവരാക്കി മാറ്റിയശേഷം ചേലാകര്‍മ്മം നടത്താന്‍ സര്‍വ്വശക്തനായ ദൈവത്തിനും കഴിയില്ല  എന്നതുകൊണ്ടുമാവാം പ്രായപരിധിയില്‍ ഈയൊരു പ്രാവശ്യത്തേക്കു്‌ മാത്രമായി ഇങ്ങനെയൊരു ഇളവു്‌ ദൈവം അനുവദിച്ചതു്‌. ഏതായാലും അങ്ങനെ, 99 വയസ്സുകാരനായ അബ്രാഹാമും, ദാസിയില്‍ നിന്നും ജനിച്ച 13 വയസ്സുകാരന്‍ യിശ്മായേലും, തന്റെ വീട്ടില്‍ ജനിച്ച സകല ദാസന്മാരും, വിലയ്ക്കു്‌ വാങ്ങിയ മുഴുവന്‍ പുരുഷപ്രജകളും പ്രായഭേദമെന്യേ ഒറ്റദിവസം കൊണ്ടു്‌ പരിച്ഛേദനയേറ്റു. ജോലി തീര്‍ക്കാനായി ഒസ്സാന്മാര്‍ അന്നേദിവസം ഒരുപാടു്‌ കഷ്ടപ്പെട്ടിട്ടുണ്ടാവണം. അവര്‍ ഓവര്‍ടൈം ചെയ്തിരിക്കാനുള്ള സാദ്ധ്യതയും നിഷേധിക്കാനാവില്ല. കണ്‍വെയര്‍ ബെല്‍റ്റിലൂടെ എന്നപോലെ നിരനിരയായി വരുന്ന മുഴുവന്‍ ആളുകളുടെയും അഗ്രചര്‍മ്മങ്ങള്‍  മുറിച്ചു്‌ മാറ്റിയശേഷം അവര്‍ക്കു്‌ അങ്ങോട്ടുമിങ്ങോട്ടും സ്വന്തം അഗ്രചര്‍മ്മങ്ങളും മുറിച്ചു്‌ മാറ്റേണ്ടിയിരുന്നു എന്ന കാര്യവും നമ്മള്‍ പരിഗണിക്കണമല്ലോ.

അഗ്രചര്‍മ്മം മുറിച്ചുകളയുന്ന രീതി അബ്രഹാം ജനിക്കുന്നതിനു്‌ മുന്‍പേതന്നെ ഈജിപ്റ്റില്‍ നിലവിലുണ്ടായിരുന്നു. പിരമിഡുകളില്‍ കൊത്തിവച്ചിട്ടുള്ള ചില ആള്‍രൂപങ്ങള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നവയാണു്‌. സ്വന്തം നാട്ടില്‍ പട്ടിണി വന്നപ്പോള്‍ അബ്രാഹാമും കുടുംബവും കുറെനാള്‍ ഈജിപ്റ്റില്‍ പോയി വസിച്ചിരുന്നു എന്നു്‌ ബൈബിള്‍ സാക്ഷ്യം വഹിക്കുന്നുണ്ടു്‌. അബ്രാഹാമിന്റെ ഭാര്യ സാറ സുന്ദരിയായിരുന്നതിനാല്‍ ഫറവോ അവളില്‍ ആകൃഷ്ടനാവുകയും അവള്‍ അവന്റെ അരമനയില്‍ പോകേണ്ടി വരികയും ചെയ്തിരുന്നു. (നീ എന്റെ സഹോദരിയാണെന്നേ പറയാവൂ എന്ന അബ്രഹാമിന്റെ ശട്ടം കെട്ടലൊന്നും ഫറവോയുടെ കാമക്കണ്ണിനെ പിന്‍തിരിപ്പിക്കാന്‍ സഹായിച്ചില്ല. അവന്‍ ഇത്തിരി കാശുണ്ടാക്കണമെങ്കില്‍ ഉണ്ടാക്കിക്കൊള്ളട്ടെ എന്നു്‌ കരുതിയാവണം ദൈവവും ഈ വിഷയത്തില്‍ ചിറ കെട്ടിയതു്‌ വെള്ളം ഒഴുകിപ്പോയതിനു്‌ ശേഷം മാത്രമായിരുന്നു) സാറയുടെ അനുഭവം ഇതായിരുന്നെങ്കില്‍ സഹനടികളുടെ അവസ്ഥ ഒട്ടും ഭേദമായിരുന്നിരിക്കാന്‍ വഴിയില്ല. അബ്രാഹാമും യിശ്മായേലിനെ ജനിപ്പിച്ചതു്‌ ഈജിപ്ഷ്യന്‍ ദാസിയായിരുന്ന ഹാഗാറില്‍ നിന്നുമായിരുന്നല്ലോ. “കൊടുക്കല്‍ വാങ്ങലില്‍” അവര്‍ വളരെ സഹിഷ്ണുതയുള്ളവരായിരുന്നിരിക്കണം. അതിനാല്‍, ഈജിപ്റ്റുകാരുടെ അഗ്രചര്‍മ്മഗുണദോഷങ്ങള്‍ സംബന്ധിച്ച “അരമനരഹസ്യങ്ങള്‍” സാറ മാത്രമല്ല, മറ്റു്‌ പല യഹൂദസ്ത്രീകളും കണ്ടും അനുഭവിച്ചും അറിഞ്ഞിട്ടുണ്ടാവും എന്നു്‌ കരുതുന്നതില്‍ തെറ്റുണ്ടാവാന്‍ വഴിയില്ല. അതുപോലെതന്നെ, യഹൂദപുരുഷന്മാരുടെ ഈദൃശരഹസ്യങ്ങള്‍ ഈജിപ്ഷ്യന്‍ സ്ത്രീകള്‍ക്കും നിശ്ചയമുണ്ടായിരുന്നിരിക്കണം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള “ബിസിനസ്” സെക്സ് ആണെന്ന പരമാര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ മറിച്ചു്‌ ചിന്തിച്ചാല്‍  അതു്‌ അബദ്ധമേ ആവൂ.

ദൈവപുത്രനായിരുന്നെങ്കിലും, ഒരു യഹൂദന്‍ എന്ന നിലയില്‍ യേശുവും എട്ടാം ദിവസം പരിച്ഛേദന ഏറ്റിരിക്കണം. ക്രിസ്തുമതത്തിന്റെ യഥാര്‍ത്ഥസ്ഥാപകനായ പൗലോസും അഗ്രചര്‍മ്മം ഇല്ലാതെ ആയിരിക്കണം തന്റെ ജീവിതം ജീവിച്ചുതീര്‍ത്തതു്‌. പക്ഷേ, ക്രിസ്തുമതഘോഷണം തത്വചിന്തകരുടെ നാടായ ഗ്രീസിലേക്കു്‌ എത്തിയപ്പോള്‍ അഗ്രചര്‍മ്മം മുറിച്ചുമാറ്റലിനോടു്‌ വിടപറയുകയല്ലാതെ പൗലോസിനും നിവൃത്തിയുണ്ടായിരുന്നില്ല. ഡയലെക്ടിക് വിദഗ്ദ്ധനായിരുന്ന പൗലോസിനുണ്ടോ പറ്റിയ വ്യാഖ്യാനങ്ങളിലൂടെ തന്റെ പുതിയ നിലപാടിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടു്‌?

“യഹൂദന്മാരെ നേടേണ്ടതിനു്‌ ഞാന്‍ യഹൂദന്മാര്‍ക്കു്‌ യഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ നേടേണ്ടതിനു്‌ ഞാന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കു്‌ ന്യായപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി”. – അതാണു്‌ ഒറിജിനല്‍ പൗലോസ്! (1. കൊരിന്ത്യര്‍ 9: 20)

“നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു്‌ സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു. അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു്‌ എണ്ണുകയില്ലയോ? സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ? പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു്‌ പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു്‌ മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും”. – അഗ്രചര്‍മ്മത്തെയും പരിച്ഛേദനയെയും ഒരുപോലെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പൗലോസിനെയാണു്‌ ഇവിടെ നമ്മള്‍ കാണുന്നതു്‌. (റോമര്‍ 2: 25 – 29)

“നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു്‌ ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ. പക്ഷേ എനിക്കു്‌ ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു്‌; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു്‌ അധികം; എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു്‌ പരീശൻ; ശുഷ്കാന്തി സംബന്ധിച്ചു്‌ സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു്‌ അനിന്ദ്യൻ”. – ഇതും പൗലോസ് എന്ന കള്ളനാണയത്തിന്റെ മറ്റൊരു മുഖം! (ഫിലിപ്പിയര്‍ 3: 3 – 6)

പൗലോസിനെ മാതൃകയാക്കി പറഞ്ഞാല്‍:

അപ്പോള്‍ നമ്മള്‍ എന്തു്‌ പറയണം? ചേലാകര്‍മ്മം തെറ്റെന്നോ? ഒരിക്കലും പാടില്ല. അപ്പോള്‍ നമ്മള്‍ എന്തു്‌ പറയണം? ചേലാകര്‍മ്മം ശരിയെന്നോ? ഒരിക്കലും പാടില്ല.

ആര്‍ക്കും ചോദ്യങ്ങളൊന്നുമില്ലല്ലോ? ഇതുപോലുള്ള വേദവാക്യങ്ങള്‍ ശീലിച്ചുപോയതുകൊണ്ടു്‌ ചോദ്യമൊന്നും ഉണ്ടാവാന്‍ വഴിയില്ലെന്നറിയാം, എന്നാലും ചോദിച്ചെന്നേയുള്ളു.

ദൈവത്തിനുള്ള ഒന്നരസെന്റിമീറ്റര്‍ തൊലി ദൈവത്തിനു്‌, ഒസ്സാനുള്ള ഒന്നരപ്പണം പണിക്കൂലി ഒസ്സാനു്‌! “കൈസര്‍ക്കുള്ളതു്‌ കൈസര്‍ക്കും, ദൈവത്തിനുള്ളതു്‌ ദൈവത്തിനും കൊടുപ്പിന്‍” എന്നല്ലേ യേശുവും പറഞ്ഞതു്‌. യേശു അങ്ങനെ പറഞ്ഞോ എന്നതു്‌ മറ്റൊരു കാര്യം. യേശു ചെയ്തതായി ബൈബിളില്‍ വര്‍ണ്ണിച്ചിരിക്കുന്ന അത്ഭുതപ്രവൃത്തികളില്‍ ഒന്നുപോലും സംഭവിച്ചതോ, സംഭവിക്കാന്‍ സാദ്ധ്യതയുള്ളതുപോലുമോ അല്ലെന്നപോലെതന്നെ, യേശു പറഞ്ഞതായി ബൈബിള്‍ പറയുന്ന വാക്യങ്ങള്‍ യേശു പറഞ്ഞവ ആകുന്നതിനേക്കാള്‍ കൂടുതല്‍ സാദ്ധ്യത അവ യേശുവിന്റെ വായില്‍ മറ്റാരോ തിരുകിയവയാവാനാണു്‌. പുതിയനിയമത്തിന്റെ ഉത്ഭവചരിത്രം മതത്തിന്റെ കണ്ണില്‍ കൂടിയല്ലാതെ വായിച്ചിട്ടും പഠിച്ചിട്ടുമുള്ള ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാവാന്‍ വഴിയില്ല.

 
10 Comments

Posted by on Oct 7, 2012 in പലവക

 

Tags: , ,