RSS

Daily Archives: Oct 28, 2008

ജീവന്റെ ഉത്ഭവത്തെപ്പറ്റി

ആദിസ്ഫോടനത്തിനോടനത്തിലൂടെ സ്ഥലവും, സമയവും (space and time) ഉണ്ടായതിനോടനുബന്ധിച്ചു് രൂപംകൊണ്ട ഹൈഡ്രജനില്‍ നിന്നുമാണു് മറ്റു് എല്ലാ മൂലകങ്ങളും അവയുടെ സംയുക്തങ്ങളും അവസാനം നമ്മള്‍ തന്നെയും രൂപമെടുത്തതു്. ആ അര്‍ത്ഥത്തില്‍, പ്രപഞ്ചത്തിന്റെ ചരിത്രം ഹൈഡ്രജന്റെ ചരിത്രമാണു്. സ്ഥലം, കാലം, ഹൈഡ്രജന്‍, പ്രകൃതിനിയമങ്ങള്‍ ഇവ മതിയായിരുന്നു പ്രപഞ്ചത്തിന്റെ രൂപമെടുക്കലിനു് എന്ന ലളിതമായ സത്യം കണ്ടെത്തിയതു് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണു്. പ്രപഞ്ചത്തിലെ ദ്രവ്യം മുഴുവന്‍ തന്നെ ഹൈഡ്രജനും ഹീലിയവുമാണു്. അതില്‍, ഹൈഡ്രജന്‍ ഹീലിയത്തിന്റെ പത്തിരട്ടി വരും. ഭാരമുള്ള മൂലകങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ പ്രപഞ്ചത്തില്‍ ആകെ ഉള്ളു എങ്കിലും ഭൂമിയില്‍ അവയാണു് അധികപങ്കും. ഒരു കോടിക്കും രണ്ടുകോടിക്കുമിടയില്‍ ഡിഗ്രി കെല്‍വിന്‍ ഊഷ്മാവില്‍ ഹൈഡ്രജനു് ഹീലിയമായി മാറാന്‍ കഴിയും. പത്തുകോടിക്കും ഇരുപതുകോടിക്കും ഇടയില്‍ ഹീലിയം കാര്‍ബണും ഓക്സിജനുമായി മാറും. അന്‍പതുകോടിക്കും നൂറുകോടിക്കും ഇടയിലെ ഊഷ്മാവില്‍ കാര്‍ബണും ഓക്സിജനും ചേര്‍ന്നു് മഗ്നീഷ്യം, സോഡിയം, സിലിക്കണ്‍, സള്‍ഫര്‍ എന്നീ മൂലകങ്ങള്‍ രൂപമെടുക്കും. ഊഷ്മാവു് ഇനിയും കൂടുമ്പോള്‍, സങ്കീര്‍ണ്ണമായ ന്യൂക്ലിയര്‍ റിയാക്ഷന്റെ ഫലമായി ഈ മൂലകങ്ങള്‍ക്കു് ക്രോമിയം, മാംഗനീസ്‌, ഇരുമ്പു്, നിക്കല്‍ മുതലായവയായി പരിണമിക്കാനാവും. ഭൂമിയുടെ ഉപരിപടലത്തിന്റെ (തോടിന്റെ) 99 ശതമാനവും ഓക്സിജന്‍, സിലിക്കണ്‍, അലൂമിനിയം, ഇരുമ്പു്, കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം എന്നീ എട്ടു് മൂലകങ്ങളുടെ സംയുക്തങ്ങളാണു്. അതില്‍ത്തന്നെ ഭാരംകൊണ്ടു് 47 ശതമാനവും ഓക്സിജനും.

എന്തുകൊണ്ടു് ഇത്തരം സാഹചര്യങ്ങളില്‍ ഹൈഡ്രജനു് ഇതുപോലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നു് നമുക്കറിയില്ല. തത്വത്തില്‍ അങ്ങനെയുള്ള മാറ്റങ്ങള്‍ ഉണ്ടാവാതിരിക്കാനും കഴിയുമായിരുന്നു. പക്ഷേ, അപ്പോള്‍ പ്രപഞ്ചത്തെ വീക്ഷിക്കാനും, അതിനെപ്പറ്റിയൊക്കെ ചിന്തിക്കാനും മനുഷ്യനും ഉണ്ടാവുമായിരുന്നില്ല. മറ്റു് ജീവികളും ജന്തുക്കളുമെല്ലാം ഉണ്ടായി കോടിക്കണക്കിനു് വര്‍ഷങ്ങള്‍ക്കുശേഷം രൂപമെടുത്ത മനുഷ്യന്‍ എന്ന ജീവി 1370 കോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു പ്രപഞ്ചത്തിന്റെ “സൃഷ്ടി-സ്ഥിതി-സംഹാരങ്ങളുടെ” പിന്നില്‍ ഒരു അദൃശ്യ ശക്തിയുടെ “ബുദ്ധിയോ, ബോധമോ” (intelligence) സങ്കല്‍പിക്കാനായി ഏതാനും പതിനായിരം വര്‍ഷങ്ങളിലൂടെ മാത്രം രൂപമെടുത്തു് വളര്‍ന്ന അവന്റെ സ്വന്തം ബുദ്ധിയും ബോധവും ഒക്കെ ഉപയോഗിക്കുന്നതു് പരിഹാസ്യമേ ആവൂ. മനുഷ്യന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്ന, മനുഷ്യന്‍ കുഴയ്ക്കുന്നതുപോലെ മണ്ണുകുഴയ്ക്കുന്ന, മനുഷ്യന്‍ കണക്കുകൂട്ടുന്നതുപോലെ കണക്കുകൂട്ടുന്ന, മനുഷ്യന്‍ മക്കളെ ജനിപ്പിക്കുന്നതുപോലെ മക്കളെ ജനിപ്പിക്കുന്ന ഒരു മഹാശക്ത ഒരു മഹാമനുഷ്യന്‍ മാത്രമേ ആവൂ. അതുപോലൊന്നിനെ പ്രപഞ്ചരഹസ്യങ്ങളുടെ മറുപടിയായി പ്രതിഷ്ഠിക്കാന്‍ മനുഷ്യനു് മാത്രമേ കഴിയൂ! യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനുള്ള കഴിവുകേടില്‍നിന്നും തന്ത്രപൂര്‍വ്വമായ ഒരു തടിതപ്പല്‍, അത്രതന്നെ! അതില്‍ ആശ്രയിച്ചു് തൃപ്തിപ്പെടാന്‍ മനുഷ്യരെ വീണ്ടും വീണ്ടും പഠിപ്പിക്കുന്നവരാണു് മാനവരാശിയുടെ വളര്‍ച്ചയുടെ പാതയിലെ വിലങ്ങുതടികളും നശീകരണശക്തികളും!

ഹൈഡ്രജന്റെ രണ്ടു് ആറ്റവും ഓക്സിജന്റെ ഒരു ആറ്റവും ചേര്‍ന്നതാണു് ജലം എന്നു് നമുക്കറിയാം. അദൃശ്യവും വാതകരൂപത്തിലുള്ളതുമായ ഈ രണ്ടു് ഘടകങ്ങളുമായി യാതൊരു സാമ്യവുമില്ലാത്തതാണു് ദ്രാവകാവസ്ഥയിലുള്ള ജലം എന്ന പദാര്‍ത്ഥമെങ്കിലും, അതുമായി പൊരുത്തപ്പെടാന്‍ നമ്മള്‍ ശീലിച്ചുകഴിഞ്ഞതിനാല്‍ ഈ വസ്തുത നമുക്കിന്നു് ഒരു “അത്ഭുതം” അല്ല. ജലമായി മാറിയശേഷം, ഏകകോശജീവികളെപ്പോലെ, ഒരു ജലമോളിക്യൂളിനു് സ്വയം വിഭജിച്ചു് രണ്ടു് ജലമോളിക്യൂളുകളായി മാറുവാന്‍ കഴിയുമായിരുന്നെങ്കില്‍ ജലത്തെ ജീവന്റെ ഒരു പ്രാകൃതരൂപം എന്നു് നമുക്കു് വിളിക്കേണ്ടിവരുമായിരുന്നു. (പെരുകുക എന്നതു് നമ്മെ സംബന്ധിച്ചു് ജീവന്റെ ഒരു മൗലികഭാവമാണല്ലോ!) അതിനു് ഒരുപക്ഷേ നമുക്കു് വലിയ മടിയുമുണ്ടാവുമായിരുന്നില്ല. കാരണം, ഇവിടെ “ജീവിതനാടകം” അത്ര സങ്കീര്‍ണ്ണമല്ലാത്തതും, അതിലെ അഭിനേതാക്കളുടെ എണ്ണം പരിമിതവുമായതിനാല്‍, കാര്യങ്ങള്‍ ആര്‍ക്കു് വേണമെങ്കിലും പരീക്ഷണശാലയില്‍ നേരിട്ടു് കണ്ടു് ബോദ്ധ്യപ്പെടാവുന്നത്ര ലളിതമാണു്. പക്ഷേ, യഥാര്‍ത്ഥ ജീവന്റെ ഘടന രണ്ടു് മൂലകങ്ങള്‍ ചേര്‍ന്നു് ജലം എന്ന സംയുക്തം ഉണ്ടാവുന്നതുപോലെ അത്ര എളുപ്പം മനസ്സിലാക്കാവുന്നതല്ല. അതു് ഇന്നത്തെ കമ്പ്യൂട്ടറുകളെപ്പോലും തോല്‍പിക്കാന്‍ കഴിയുന്നത്ര സങ്കീര്‍ണ്ണമാണു്. (നാളെ ഈ അവസ്ഥ മാറിക്കൂടെന്നുമില്ല. അതിലേക്കാണു് ഇതുവരെയുള്ള എല്ലാ അനുഭവങ്ങളും വിരല്‍ ചൂണ്ടുന്നതും.)

മനസ്സിലാവാത്ത കാര്യങ്ങളെ അത്ഭുതമെന്നും ദൈവികമെന്നുമൊക്കെ വിശേഷിപ്പിക്കാനും, അറിയാന്‍ കഴിയുന്ന അത്ഭുതങ്ങള്‍ക്കു് ആകര്‍ഷണീയത കുറയുന്നതിനാല്‍ അവജ്ഞയോടെ വീക്ഷിക്കാനും, മനുഷ്യനു് ഒരു ജന്മവാസന തന്നെ ഉണ്ടെന്നു് തോന്നുന്നു. അതുകൊണ്ടാവാം, തങ്ങള്‍ അത്ഭുതങ്ങളായി കരുതി ആരാധിക്കുന്ന കാര്യങ്ങളിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാണിക്കപ്പെടുന്നതു് പൊതുവേ മനുഷ്യര്‍ക്കു് ഇഷ്ടപ്പെടാറില്ല. അതിനു് ശ്രമിക്കുന്നവര്‍ ശത്രുക്കളായി പരിഗണിക്കപ്പെടുന്നു, എതിര്‍ക്കപ്പെടുന്നു. വിശുദ്ധമായിരുന്ന എത്രയോ പഴയ അത്ഭുതങ്ങള്‍ക്കു് ഇതിനോടകം ശാസ്ത്രത്തിന്റെ വളര്‍ച്ചയും, ബോധവത്കരണവും മൂലം മായാമയതയും ദൈവികതയും നഷ്ടപ്പെട്ടുകഴിഞ്ഞു. അതുവഴി, വിശ്വാസികള്‍ ദൈവത്തിനായി റിസര്‍വ്‌ ചെയ്തിരിക്കുന്ന അത്ഭുതങ്ങളുടെ ലോകം അനുദിനം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. വിശ്വാസികള്‍ സ്വന്തം ദൈവത്തിനോടു് ചെയ്യുന്നതു് അക്ഷന്തവ്യമായ ഒരു അപരാധമാണെന്നേ അതിനര്‍ത്ഥമുള്ളു. ശാസ്ത്രത്തിന്റെ പുരോഗതിക്കനുസരിച്ചു് അനുദിനമെന്നോണം വിസ്തീര്‍ണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെ ലോകത്തിന്റെ ചുമതല മാത്രമേ ദൈവത്തിനുള്ളുവെങ്കില്‍, ദൈവവും, ഒപ്പം ദൈവലോകത്തിന്റെ ചുമതലക്കാരും തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലേക്കു് നിരന്തരമെന്നോണം മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു് നമ്മള്‍ കാണുന്നതു്. അറിഞ്ഞോ അറിയാതെയോ വിശ്വാസികള്‍ അവരുടെ പാവം ദൈവത്തിന്റെ കഴുത്തിലിട്ടു് വലിച്ചു് മുറുക്കുന്ന ഓരോരോ കൊലക്കയറുകള്‍!

കെമിക്കല്‍ ഇവൊല്യൂഷന്‍

ആദ്യ അന്തരീക്ഷത്തില്‍ ഉണ്ടായിരുന്ന വാതകങ്ങളായ അമ്മോണിയ, മീഥെയ്ന്‍, കാര്‍ബണ്‍ ഡയോക്സൈഡ്‌, നീരാവി മുതലായവ സ്വാഭാവികമായും സമുദ്രജലത്തിലും അലിഞ്ഞുചേര്‍ന്നിരുന്നിരിക്കണം. ഇതുപോലുള്ള അനോര്‍ഗാനിക്‌ മോളിക്യൂളുകളില്‍ നിന്നും ജീവന്റെ അടിസ്ഥാനഘടകങ്ങളായ ജൈവമോളിക്യൂളുകള്‍ എങ്ങനെ രൂപമെടുത്തു എന്നതു് അന്‍പത്തഞ്ചു് വര്‍ഷം മുന്‍പുവരെ ശാസ്ത്രലോകത്തിന്റെ തലവേദനയായിരുന്നു. 1953-ല്‍ സ്റ്റാന്‍ലി മില്ലര്‍ എന്നൊരു രസതന്ത്രവിദ്യാര്‍ത്ഥി തട്ടിക്കൂട്ടിയ ഒരു പരീക്ഷണമാണു് ഈ പ്രശ്നത്തിനു് താത്കാലികമായെങ്കിലും ഒരു പരിഹാരമായതു്. (ഇന്നത്തെ ജീവജാലങ്ങളില്‍ കാണപ്പെടുന്ന രാസപരമായ അടിസ്ഥാനഘടകങ്ങള്‍ എല്ലാം പരീക്ഷണശാലയില്‍ നിര്‍മ്മിക്കുവാന്‍ ശാസ്ത്രത്തിനു് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണു് മില്ലറിന്റെ കണ്ടെത്തലിനെ ‘താത്കാലികം’ എന്നു് വിശേഷിപ്പിക്കേണ്ടി വന്നതു്. അന്വേഷണം ഇന്നും തുടരുന്നു. പൂര്‍ണ്ണമായ ഉത്തരം അല്ലെങ്കിലും, RNA (Ribonucleic acid) അടിസ്ഥാനമാക്കിയുള്ള ചില പഠനങ്ങള്‍ ആശയ്ക്കു് വകനല്‍കുന്നവയാണു്.) ആദ്യ ഭൂമിയില്‍ നിലനിന്നിരിക്കാനിടയുള്ള അവസ്ഥയുടെ വളരെ ചെറിയ ഒരു പതിപ്പായിരുന്നു മില്ലറുടെ പരീക്ഷണത്തിന്റെ ഘടകങ്ങള്‍. ഒരു ഗ്ലാസ്‌പാത്രത്തില്‍ അമ്മോണിയ, മീഥെയ്ന്‍, വെള്ളം എന്നിവയുടെ മിശ്രിതവും, എലക്ട്രിക്‌ സ്പാര്‍ക്കും! മിശ്രിതത്തില്‍ റിയാക്ഷന്‍ സംഭവിക്കാന്‍ ആവശ്യമായ എനര്‍ജി ആദ്യ അന്തരീക്ഷത്തില്‍ ഇടിമിന്നലോ, UV രശ്മികളോ ആയിരുന്നിരിക്കണം എന്നതിനാല്‍ മില്ലര്‍ ഇടിമിന്നലിന്റെ സ്ഥാനത്തു് എലക്ട്രിക്‌ സ്പാര്‍ക്ക്‌ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ പരീക്ഷണം വഴി മറ്റു് പല സംയുക്തങ്ങളോടുമൊപ്പം glycine, alanine, asparagine എന്നീ മൂന്നു് amino-acids രൂപമെടുത്തു! പല ശാസ്ത്രജ്ഞരും ആദ്യം ഇതു് വിശ്വസിക്കാന്‍ തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷണം പലരാല്‍ സ്വതന്ത്രമായി ആവര്‍ത്തിക്കപ്പെട്ടു. മില്ലര്‍ക്കു് എവിടെയോ തെറ്റു് സംഭവിച്ചതാണു് എന്നു് തെളിയിക്കുക എന്നതായിരുന്നു അധികം പേരുടെയും ലക്‍ഷ്യം. പക്ഷേ, എല്ലാ പരീക്ഷണങ്ങളും വിജയിക്കുകയായിരുന്നു. ഘടകപദാര്‍ത്ഥങ്ങളില്‍ മാറ്റം വരുത്തിയും, സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചും പരീക്ഷണം പലര്‍ പലവട്ടം നടത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഒരേയൊരു പരീക്ഷണം വഴി വ്യത്യസ്തമായ 70 അമിനോ ആസിഡുകള്‍ വരെ രൂപമെടുക്കുകയുണ്ടായി. ചില പരീക്ഷണങ്ങളില്‍ Adenine, Porphyrin, Adenosine triphosphate മുതലായവ പോലും ഉണ്ടായിവന്നു. അനോര്‍ഗാനിക്‌ മോളിക്യൂളുകളില്‍ നിന്നും ഓര്‍ഗാനിക്‌ മോളിക്യൂളുകളിലേക്കും അവിടെനിന്നും ജീവന്‍ എന്ന സങ്കീര്‍ണ്ണതയുടെ ഘടകങ്ങളായ Proteins, Nucleic acids മുതലായവയിലേക്കും നടന്ന പരിണാമങ്ങള്‍ ഭൂമിയില്‍ സംഭവിച്ചതു് ഏതാനും ദിവസങ്ങള്‍കൊണ്ടല്ല, കോടിക്കണക്കിനു് വര്‍ഷങ്ങള്‍ കൊണ്ടാണു് എന്നുകൂടി ഓര്‍ക്കുക. പ്രോട്ടീന്‍ എന്നതു് നൂറുമുതല്‍ 30000 വരെ എണ്ണം വരാവുന്ന അമിനോ ആസിഡുകള്‍ കോര്‍ത്തിണക്കിയിരിക്കുന്ന ശൃംഖലകളാണു്. കൃത്രിമമായി സൃഷ്ടിക്കാവുന്നതും അല്ലാത്തതുമായ ധാരാളം അമിനോ ആസിഡുകള്‍ ഉണ്ടെങ്കിലും, ഭൂമിയിലെ മുഴുവന്‍ തന്നെ “ജീവനുകളുടെയും” അടിസ്ഥാനഘടകമായ ലക്ഷക്കണക്കിനു് വ്യത്യസ്ത പ്രോട്ടീനുകളുടെ രൂപീകരണത്തിനു് പ്രകൃതി ഉപയോഗിക്കുന്നതു് ഇരുപതു് അമിനോ ആസിഡുകള്‍ മാത്രമാണു്.

പുതിയ തലമുറ രൂപമെടുക്കുന്നതിനു് വേണ്ട പ്ലാനും വിവരങ്ങളും ന്യൂക്ലിക്‌ ആസിഡുകളുടെ ശൃംഖലകളിലൂടെ പകര്‍ന്നുനല്‍കി വംശവര്‍ദ്ധന നടത്തുന്ന രീതിയാണു് പ്രോട്ടീനില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതും, നമ്മള്‍ “ജീവന്‍” എന്നു് പേരുനല്‍കി വിളിക്കുന്നതുമായ പ്രതിഭാസം പിന്തുടരുന്ന മാര്‍ഗ്ഗം. ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തിനു് പ്രകൃതി പ്രോട്ടീന്‍, ന്യൂക്ലിക്‌ ആസിഡ്‌ എന്നീ രണ്ടു് ബയോപോളിമെറുകള്‍ ഉപയോഗപ്പെടുത്തിയതിനു് ഏറ്റവും എളുപ്പം ചിന്തിക്കാവുന്ന കാരണം, ഇവ രണ്ടുമാണു് ആവശ്യത്തിനു് മതിയായ അളവില്‍ ആദ്യഭൂമിയില്‍ ഉണ്ടായിരുന്നതു് എന്നതാവും. ഭൂമിയില്‍ അന്നു് നിലവിലിരുന്ന സാഹചര്യത്തില്‍ ഈ രണ്ടു് ബയോപോളിമെറുകള്‍ വലിയ അളവില്‍ രൂപം കൊള്ളുന്നതിനായിരുന്നിരിക്കണം കൂടുതല്‍ സാദ്ധ്യത. ജീവന്റെ രൂപമെടുക്കലിലേക്കു് നയിച്ച മോളിക്യൂളുകളെ കൂടാതെ പലതരം മറ്റു് മോളിക്യൂളുകളും, ഇന്നത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നതുപോലെ, അന്നും ഉണ്ടായിരുന്നിരിക്കണം. പക്ഷേ, പ്രകൃതിസഹജവും പരിണാമതത്വത്തില്‍ അധിഷ്ഠിതവുമായ സെലക്ഷന്‍ വഴി, നിലനില്‍പിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്‍ഷ്യത്തില്‍, സുലഭമായിരുന്നതും, എളുപ്പമായിരുന്നതുമായ മോളിക്യൂളുകള്‍ക്കു് പ്രകൃതി മുന്‍ഗണന നല്‍കുകയായിരുന്നിരിക്കണം. ആദിഭൂമിയില്‍ സംഭവിച്ചിരിക്കാവുന്ന ഒരു കെമിക്കല്‍ റിയാക്ഷന്‍ ലാബറട്ടറിയില്‍ പുനര്‍നിര്‍മ്മിക്കുന്നത്ര ലളിതമായി കോടിക്കണക്കിനു് വര്‍ഷങ്ങളിലൂടെ സാവകാശം സംഭവിച്ച ഒരു പ്രതിഭാസത്തെ പരിശോധിക്കാനാവില്ലല്ലോ. ഈ വക കാര്യങ്ങളില്‍ ഒരു ബാഹ്യശക്തിയുടെ കൈകടത്തല്‍ സങ്കല്‍പിച്ചു് കാര്യം എളുപ്പമാക്കുന്ന രീതി ശാസ്ത്രീയമല്ലെന്നു് മാത്രമല്ല, അതിനു് ഒരു സര്‍വ്വശക്തിക്കു് കോടിക്കണക്കിനു് വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നു് ചിന്തിക്കുന്നതും സാമാന്യബോധത്തിനു് നിരക്കുന്നതാവില്ല!

അന്തരീക്ഷപാളികളില്‍ സമീകൃതമായി വിതരണം ചെയ്യപ്പെട്ട രീതിയില്‍ പലതരം അണുക്കള്‍ ഉണ്ടു്. 15 കിലോമീറ്റര്‍ ഉയരത്തില്‍ 1000 ക്യുബിക്‌ മീറ്റര്‍ വായുവില്‍ ശരാശരി 100 വ്യത്യസ്ത അണുക്കള്‍ എന്ന തോതില്‍ അവയെ കാണാന്‍ കഴിയും. മുകളിലേക്കു് പോകുന്തോറും അണുക്കളുടെ എണ്ണം കുറയുമെങ്കിലും, 50 കിലോമീറ്റര്‍ ഉയരത്തില്‍ പോലും അന്തരീക്ഷം പൂര്‍ണ്ണമായി അണുസ്വതന്ത്രമല്ല. അണുജീവികളെ 350 കിലോമീറ്റര്‍ ഉയരത്തിലേക്കു് അയച്ചു് നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചതു്, ഇത്തരം ജീവികളില്‍ അധികപങ്കിനും മൈനസ്‌ 150 ഡിഗ്രി സെല്‍സ്യസും‌ അതില്‍ താഴെയുമുള്ള തണുപ്പിനെ അതിജീവിക്കുവാന്‍ കഴിയുമെന്നാണു്. ഭൂമിയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ absolute zero (-273,15° Celsius)-യുടെ അടുത്തെത്തുന്ന തണുപ്പിനെ വരെ അതിജീവിക്കാന്‍ അവയില്‍ ചിലതിനു് കഴിഞ്ഞിരുന്നു. അത്തരം തണുപ്പില്‍ അവ “മരിച്ചതുപോലെ” ഉള്ള ഒരു അവസ്ഥയിലെത്തുന്നു. പക്ഷേ, അനുകൂല സാഹചര്യങ്ങളില്‍, അനേക മാസങ്ങള്‍ക്കു് ശേഷം പോലും വീണ്ടും ജീവിക്കുവാന്‍ അവയ്ക്കു് കഴിയുകയും ചെയ്യും. (മുകളിലേക്കു് അയച്ച അണുക്കളില്‍ ചിലതു് ശൂന്യാകാശത്തിലെ UV രശ്മികള്‍ ഏറ്റപ്പോഴും “മരിച്ചതുപോലെ” ഉള്ള അവസ്ഥ സ്വീകരിക്കുകയായിരുന്നു. തിരിച്ചു് ഭൂമിയിലെത്തിച്ചപ്പോള്‍ അവ സ്വാഭാവികമായി വീണ്ടും ജീവിച്ചില്ല എങ്കിലും, പ്രത്യേക തരംഗദൈര്‍ഘ്യമുള്ള രശ്മികള്‍ പതിപ്പിച്ചപ്പോള്‍ യാതൊന്നും സംഭവിച്ചില്ല എന്നപോലെ വീണ്ടും ജീവിക്കുകയും ചെയ്തു.)

ഈ വസ്തുതകളുടെ വെളിച്ചത്തില്‍, ഭൂമിയില്‍ ജീവന്റെ ആദ്യഘടകങ്ങള്‍ രൂപമെടുക്കാനോ, അല്ലെങ്കില്‍ രൂപമെടുത്തവയെ മതിയായ അളവിലേക്കു് വര്‍ദ്ധിക്കുവാനോ സഹായിച്ചിരിക്കാവുന്ന മറ്റൊരു സാദ്ധ്യത അന്തരീക്ഷത്തില്‍ കാണുന്ന അണുക്കളും, സ്വതന്ത്രശൂന്യാകാശത്തില്‍ (ഒരു വാനഗോളത്തിന്റെയും അന്തരീക്ഷമല്ലാത്ത ഭാഗം) radio astronomers ഇന്നു് നിരന്തരം എന്നോണം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ അനോര്‍ഗാനിക്‌ മോളിക്യൂളുകളും നല്‍കുന്നുണ്ടു്. അവയുടെ സാന്ദ്രത എത്ര കുറവായിരുന്നാല്‍ തന്നെയും, പ്രപഞ്ചവിശാലതയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവയുടെ കേവലമായ അളവു് അവഗണിക്കാനാവുന്നതല്ല. ശൂന്യാകാശത്തില്‍ നിന്നും micro organisms ജീവന്റെ “റെഡി മെയ്ഡ്‌” ആദ്യകണികകളായി ഭൂമിയില്‍ എത്തിച്ചേര്‍ന്നിരിക്കാം എന്ന നിഗമനം അധികം ശാസ്ത്രജ്ഞരും തള്ളിക്കളയുന്നു എങ്കിലും, ഭൂമിയില്‍ organic evolution-ന്റെ മുന്നോടിയായിരുന്ന chemical evolution രൂപം കൊള്ളുന്നതിനോ, ത്വരിതപ്പെടുത്തുന്നതിനോ ശൂന്യാകാശത്തില്‍ നിന്നും എത്തിയ മോളിക്യൂളുകള്‍ സഹായിച്ചിട്ടുണ്ടാവാം എന്ന സാദ്ധ്യത ആരുംതന്നെ നിഷേധിക്കുന്നില്ല. പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായി, നിലവിലിരിക്കുന്ന അവസ്ഥയില്‍നിന്നും സാഹചര്യനിബന്ധനകള്‍ ഏറ്റവും അനുയോജ്യമായതിനെ തുടര്‍വളര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന പ്രക്രിയയാണല്ലോ ഇവൊല്യൂഷന്‍. ആദിഭൂമിയില്‍ ഉണ്ടായിരുന്ന അനോര്‍ഗാനിക്‌ മോളിക്യൂളുകളില്‍ നിന്നും രൂപമെടുത്ത ഓര്‍ഗാനിക് മോളിക്യൂളുകളിലെ, ജീവന്റെ ഭാഗമായിത്തീരാന്‍ ഏറ്റവും അനുയോജ്യമായവയെ പ്രകൃതി മുന്‍ഗണനയോടെ തെരഞ്ഞെടുത്തതിനെ കെമിക്കല്‍ ഇവൊല്യൂഷന്‍ എന്നു് വിളിക്കുന്നതും ഈ സംഭവവികാസങ്ങളിലെ പരിണാമസ്വഭാവം മൂലമാണു്.

ഇത്തരം സാഹചര്യങ്ങളിലെല്ലാം സാധാരണ “അത്ഭുതം തേടികള്‍ക്കു്” പറ്റുന്ന തെറ്റു് പറ്റാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കുക: “ജീവന്‍” ഉണ്ടാവുന്നതിനുവേണ്ടിയായിരുന്നില്ല ഈ സെലക്ഷന്‍, ഈ സെലക്ഷന്‍ വഴി ജീവന്‍ രൂപമെടുക്കുകയായിരുന്നു എന്നാണു് നമ്മള്‍ മനസ്സിലാക്കേണ്ടതു്. ഏതു് മൂലകം ഏതു് അവസ്ഥയില്‍ ഏതിനോടു് ചേരുന്നു എന്നതിനെല്ലാം വ്യക്തമായ പ്രകൃതിനിയമങ്ങള്‍ ഉണ്ടു്. അതുപോലുള്ള പ്രകൃതിനിയമങ്ങള്‍ ഉള്ളതുകൊണ്ടു് മാത്രമാണു് ശാസ്ത്രം സാദ്ധ്യമാവുന്നതുതന്നെ. അത്തരം പ്രകൃതിനിയമങ്ങളെ അടിസ്ഥാനമാക്കി, പ്രകൃതിയില്‍ തന്നെ ലഭ്യമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി, മൂലകങ്ങള്‍ ആദ്യം മോളിക്യൂളുകള്‍ ആയും, അനോര്‍ഗാനിക്‌ സംയുക്തങ്ങളായും, പിന്നീടു് ഓര്‍ഗാനിക്‌ സംയുക്തങ്ങളായും, അവയുടെ തമ്മില്‍ത്തമ്മിലുള്ള സംയോജനം വഴി സങ്കീര്‍ണ്ണമായ മോളിക്യൂള്‍ ശൃംഖലകളായും, അവസാനം നമ്മള്‍ “ജീവന്‍” എന്നു് വിളിക്കുന്ന, സ്വയം വിഭജിച്ചു് പെരുകാന്‍ കഴിയുന്ന ഏകകോശജീവികളായും പരിണമിക്കുകയായിരുന്നു.

കോടിക്കണക്കിനു് വര്‍ഷങ്ങളിലൂടെ സംഭവിക്കുന്ന അനുസ്യൂതമായ ഒരു പ്രതിഭാസത്തില്‍ ജീവന്‍ ഇല്ലാത്തവയില്‍ നിന്നും ജീവന്‍ ഉള്ളവയിലേക്കുള്ള ഒരു കുതിച്ചുചാട്ടം കാണാന്‍ കഴിയാത്തതെന്തു് എന്ന ചോദ്യത്തിനു് ഒരു പ്രസക്തിയുമില്ല. ജീവന്‍ എന്ന അവസ്ഥയെ – ചരിത്രപരമായ കാരണങ്ങളാല്‍ – തികച്ചും സബ്ജെക്റ്റീവ്‌ ആയി മാത്രം മനസ്സിലാക്കാന്‍ ശീലിച്ചിരിക്കുന്ന മനുഷ്യര്‍ക്കു് “ജീവന്‍ ഉണ്ടായി” എന്നു് കേള്‍ക്കുന്നതിനേക്കാള്‍, “ജീവന്‍ ഉണ്ടാക്കപ്പെട്ട” എന്നു് വിശ്വസിക്കാനാണു് കൂടുതലിഷ്ടം. ജീവന്‍ ഉണ്ടാക്കപ്പെടുന്നതാണല്ലോ നമുക്കു് നിത്യാനുഭവം മൂലം പരിചിതവും! എവിടെയോ ആര്‍ക്കോ ഉണ്ടാവുന്ന വെളിപാടുകളും അത്ഭുതങ്ങളും ഒരു തെളിവുമില്ലാതെ കണുമടച്ചു് വിശ്വസിക്കുന്ന ഒറ്റബുദ്ധിക്കാര്‍ക്കുപോലും ജീവന്‍ സ്വയം രൂപമെടുത്ത കാര്യത്തില്‍ തെളിവുകള്‍ വേണം. ഇവരുടേതു് ഒരു മനഃശാസ്ത്രപരമായ പ്രശ്നമായതിനാല്‍ സാമാന്യമായ സഹായങ്ങളൊന്നും പരിഹാരത്തിലേക്കു് നയിക്കുകയുമില്ല. അതുകൊണ്ടു് ആ ഭാഗം ഒഴിവാക്കുകയേ നിവൃത്തിയുള്ളു! ചില പ്രത്യേക കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ചില പ്രത്യേക നിലവാരത്തില്‍ മനുഷ്യന്‍ എത്തിയിരിക്കണം. പ്രപഞ്ചപരിണാമം എന്ന പ്രക്രിയക്കു് വേണ്ടിവന്ന കാലത്തിന്റെ മാനദണ്ഡം കോടാനുകോടി വര്‍ഷങ്ങളാണു്. അതു് മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍കൊണ്ടു് എളുപ്പം ഉള്‍ക്കൊള്ളാവുന്നതല്ല. കാലത്തെപ്പറ്റിയുള്ള മനുഷ്യരുടെ ധാരണയിലെ ഈ പരിമിതി ഇല്ലായിരുന്നെങ്കില്‍ സകലപ്രപഞ്ചവും സൃഷ്ടിക്കപ്പെട്ടിട്ടു് ആറായിരം വര്‍ഷം പോലും ആയിട്ടില്ല എന്നൊക്കെ ആര്‍ക്കും നമ്മളെ വിശ്വസിപ്പിക്കാന്‍ ആവുമായിരുന്നില്ല. ശരിയായ “കാലബോധത്തിനു്” മനുഷ്യര്‍ പ്രാപ്തരായിരുന്നെങ്കില്‍ ഒരുകോടി വര്‍ഷങ്ങളില്‍ നടക്കാവുന്ന മാറ്റങ്ങളെസംബന്ധിച്ചു് സംശയാലുക്കള്‍ ആവാനും നമുക്കു് കഴിയുമായിരുന്നില്ല. മനുഷ്യന്റെ നൂറു് വയസ്സു് എന്നതു് പത്തു് ലക്ഷം വര്‍ഷങ്ങളുടെ പതിനായിരത്തിലൊരു ഭാഗം മാത്രമാണെന്ന യാഥാര്‍ത്ഥ്യം ഇത്തരം കാര്യങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ലക്ഷം വര്‍ഷങ്ങളിലൂടെയല്ല, എത്രയോ കോടി വര്‍ഷങ്ങളിലൂടെയാണു് ഭൂമിയില്‍ ജീവന്‍ എന്ന പ്രതിഭാസം രൂപം കൊണ്ടതു്!

“ജീവന്‍” എന്നതു് വ്യക്തമായ ഒരു അതിര്‍വരമ്പു് കല്‍പിക്കാനാവുന്ന ഒരവസ്ഥയല്ല. ജനിക്കുക, ജീവിക്കുക മരിക്കുക എന്ന ജീവന്റെ പൊതുസ്വഭാവം പോലും എല്ലാ ജീവനും ബാധകമല്ല. ഒരു ഏകകോശജീവി സ്വയം വിഭജിച്ചാണു് പെരുകുന്നതു്. വിഭജനം വഴി ഒരു ജീവി രണ്ടായിത്തീരുമ്പോള്‍ അവിടെ ഒരു “യഥാര്‍ത്ഥ മരണം” സംഭവിക്കുന്നില്ല. അതുവഴി ഒരു “ശവം” ഉണ്ടാവുന്നില്ല എന്നു് ചുരുക്കം! (അവയെ അമ്മിക്കല്ലില്‍ വച്ചു് അരച്ചാല്‍ തീര്‍ച്ചയായും ശവങ്ങള്‍ ഉണ്ടാവും. പക്ഷേ, ഇവിടെ ഏകകോശജീവികളുടെ പെരുകലും, സ്വാഭാവികമായ മരണവുമാണു് വിഷയം). അതുപോലെ, “ജീവന്‍” എന്നതിന്റെ ഒരു പ്രത്യേകരൂപമാണു് വൈറസുകള്‍. പെരുകുക എന്നൊരു ജീവിതലക്‍ഷ്യം മാത്രമേ വൈറസിനുള്ളു. അതിനുപോലും ജീവനുള്ള ഒരു സെല്ലില്‍ കുടിയേറാതെ അതിനു് കഴിയുകയുമില്ല. അങ്ങനെ കുടിയേറി, സ്വന്തം DNA ആ സെല്ലിലേക്കു് പകര്‍ത്തുന്നതാണു് ഒരു വൈറസിനെ സംബന്ധിച്ചു് ജന്മസാഫല്യം! കുടിയേറിയ സെല്ലിന്റെ ഉടമയുടെ ശരീരത്തിലെ പ്രോട്ടീന്‍ നിര്‍മ്മാണത്തിന്റെ കോഡില്‍ മാറ്റം വരുത്തി ഈ DNA എണ്ണമറ്റ വൈറസുകളുടെ നിര്‍മ്മാണത്തിനു് കാരണഭൂതമായി ആതിഥേയശരീരത്തില്‍ പെരുകുന്നു. അതു് പലപ്പോഴും ആതിഥേയന്റെ മരണത്തില്‍ തന്നെ കലാശിക്കാമെന്നതിനാല്‍, അതുവഴി വൈറസുകള്‍ തങ്ങള്‍ക്കുതന്നെ ഉപദ്രവമാണു് ചെയ്യുന്നതും. കാരണം, ജീവനുള്ള സെല്ലുകളിലേ വൈറസുകള്‍ക്കു് പെരുകാനാവൂ. വൈറസുകളുടെ അവസ്ഥയെ “ജീവന്‍” എന്നു് വിളിക്കാമോ എന്ന കാര്യത്തില്‍ പോലും ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ടു്.

ഇനി, ജീവന്റെ സങ്കീര്‍ണ്ണതയാണു് ജീവനെയും, ജീവന്‍ “അല്ലായ്മ”യേയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രതിഭാസം എന്നു് തോന്നുന്നുവെങ്കില്‍, അതും ന്യായീകരിക്കാനാവില്ല. കാരണം, ജീവന്‍ എന്ന പ്രതിഭാസത്തേക്കാള്‍ സങ്കീര്‍ണ്ണതയുടെ കാര്യത്തില്‍ ജീവന്‍ ഇല്ലാത്ത atomic and sub-atomic ലോകം ഒരുപടി മുന്നിലല്ലാതെ പിന്നിലല്ല! ആ ലോകത്തെപ്പറ്റി ഒരു ധാരണയുമില്ലാത്തവര്‍ക്കേ ഇതു് നിഷേധിക്കാനാവൂ. ആ ലോകവും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഇന്നും മനുഷ്യനു് കഴിഞ്ഞിട്ടുമില്ല. ശക്തിയേറിയ കമ്പ്യൂട്ടറുകളും, CERN പോലെ അനേക കോടികള്‍ ചിലവുവരുന്ന പരീക്ഷണശാലകളുമൊക്കെ മനുഷ്യര്‍ നിര്‍മ്മിക്കുന്നതും അറിയാത്ത കാര്യങ്ങള്‍ അറിയുന്നതിനു് വേണ്ടിയാണു്. ഏകതാനത്തില്‍, ജീവിതമെന്ന പേരില്‍ ജീര്‍ണ്ണിക്കുന്നതിനിടയില്‍, ജീര്‍ണ്ണിക്കുന്നവരുടെ ചെലവില്‍ സുഖജീവിതം നയിക്കുന്നവര്‍ മോക്ഷം പ്രാപിക്കാന്‍ അനിവാര്യമെന്നു് കല്‍പിക്കുന്ന ചടങ്ങുകള്‍ മുടങ്ങാതെ നിറവേറ്റി, കര്‍ത്താവിലോ, കര്‍മ്മത്തിലോ, ക്രിയയിലോ നിദ്ര പ്രാപിച്ചാല്‍ മതി എന്നുള്ളവര്‍ക്കു് ഈവക അന്വേഷണങ്ങളുടെയോ തലവേദനകളുടെയോ ഒന്നും ആവശ്യമില്ലതാനും.

മനുഷ്യന്റെ കാര്യത്തിലായാലും, മറ്റു് ജീവികളുടെ കാര്യത്തിലായാലും, ബീജസംയോഗം നടന്ന ഒരു അണ്ഡമാണല്ലോ ഒരു ജീവിയായി വളരുന്നതു്. ഒരു അണ്ഡം ഏകകോശജീവിയെപ്പോലെ സ്വയം വീണ്ടും വീണ്ടും വിഭജിച്ചു് പൂര്‍ണ്ണ ജീവി ആയിത്തീരുന്നതിനുള്ള കാലഘട്ടത്തിനിടയില്‍, എപ്പോള്‍ എവിടെ എങ്ങനെ ഉടലും കയ്യും കാലും വിരലുകളും ആന്തരീകാവയവങ്ങളുമൊക്കെ രൂപംകൊണ്ടു് വളരണം എന്നതിന്റെ “സ്കെച്ചും പ്ലാനും” വിഭജനം വഴി രൂപമെടുക്കുന്ന ഓരോ സെല്ലുകളിലേയും ജീനുകളില്‍ സൂക്ഷിച്ചിട്ടുണ്ടു്. ജീനുകള്‍ എന്നതു് ശരീരത്തിലെ ഓരോ സെല്ലുകളിലും ഉള്ള DNA (Deoxyribonucleic acid) -യുടെ സങ്കീര്‍ണ്ണമായ ശൃംഖലയാണു്. സന്ദര്‍ഭാനുസരണം ജീനുകളിലെ ഓരോ ഭാഗങ്ങള്‍ “ഓണും ഓഫും” ആവുന്നതുവഴി ഓരോരോ ശരീരഭാഗങ്ങള്‍ രൂപമെടുക്കുന്നു. കോഴിമുട്ടയിലും മറ്റും ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍, അവയവങ്ങള്‍ രൂപം കൊള്ളേണ്ട ഭാഗത്തുനിന്നും സെല്ലുകളെ സമയത്തുതന്നെ മാറ്റി സ്ഥാപിച്ചാല്‍ അവയവങ്ങളും സ്ഥാനം മാറി (വൈകല്യമായി) പ്രത്യക്ഷപ്പെടും. ഒരു മനുഷ്യശരീരത്തെ സംബന്ധിച്ച പൂര്‍ണ്ണമായ വിവരങ്ങള്‍ ശരീരത്തിലെ ഓരോ ജീനുകളിലും കൃത്യമായി സൂക്ഷിച്ചിട്ടുണ്ടു്. അല്‍പം ശാരീരികദ്രാവകമോ, ശരീരഭാഗങ്ങളുടെ നേരിയ ഒരംശമോ ധാരാളം മതി ഒരു മനുഷ്യനെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചറിയാന്‍! ഒരു മനുഷ്യന്‍ മരിച്ചു് അവന്റെ “ജീവാത്മാവു് പരമാത്മാവുമായി” യോജിച്ചുകഴിഞ്ഞാലും, അവന്‍ ആരായിരുന്നു എന്നതിനേപ്പറ്റി വിവരം നല്‍കുവാന്‍ “ആത്മാവു്” നഷ്ടപ്പെട്ട അവന്റെ ശരീരത്തിന്റെ (അവന്റെ ശവത്തിന്റെ!) ഒരു നിസ്സാര അംശം മാത്രം മതി. മോക്ഷം പ്രാപിക്കാനായി സ്ഥലംവിടുന്ന ആത്മാവില്‍ ജീവന്റെ എല്ലാ അംശങ്ങളും ഉണ്ടായിരിക്കണമെന്നില്ല എന്നല്ലേ അതുവഴി നമ്മള്‍ മനസ്സിലാക്കേണ്ടതു്? വാക്കുകളെ ആദ്ധ്യാത്മിക ഉരലിലിട്ടു് ശരിക്കും കുത്തിപ്പൊടിച്ചു് പാറ്റിക്കൊഴിച്ചു് ശീലപ്പൊടിയാക്കിയാല്‍ മറ്റു് പല അര്‍ത്ഥങ്ങളും കണ്ടെത്താന്‍ കഴിയേണ്ടതാണു്.

അടുത്തതില്‍: ജീവന്‍ എന്ന സങ്കീര്‍ണ്ണത

 
24 Comments

Posted by on Oct 28, 2008 in ലേഖനം

 

Tags: , ,