RSS

Daily Archives: Oct 17, 2013

ബലിപെരുന്നാള്‍

അല്ലാഹുവിന്റെ കല്പനയെ മാനിച്ചു്‌ പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മാഇലിനെ ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണു്‌ മുസ്ലീമുകള്‍ ഈ നാളുകളില്‍ ആചരിക്കുന്ന ബലി പെരുന്നാൾ.

ഇബ്രാഹിമിന്റെ ആ ബലിശ്രമത്തെപ്പറ്റി ഖുര്‍ ആനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:

“എന്‍റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്കു്‌ (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിനു്‌ സന്തോഷവാര്‍ത്ത അറിയിച്ചു. എന്നിട്ടു്‌ ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്നു്‌ ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ടു്‌ നോക്കൂ: നീ എന്താണു്‌ അഭിപ്രായപ്പെടുന്നതു്‌? അവന്‍ പറഞ്ഞു: എന്‍റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അതു്‌ താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണു്‌. അങ്ങനെ അവര്‍ ഇരുവരും (കല്‍പനക്കു്‌) കീഴ്പെടുകയും, അവനെ നെറ്റി (ചെന്നി) മേല്‍ ചെരിച്ചു്‌ കിടത്തുകയും ചെയ്ത സന്ദര്‍ഭം! നാം അദ്ദേഹത്തെ വിളിച്ചുപറഞ്ഞു: ഹേ! ഇബ്രാഹീം, തീര്‍ച്ചയായും നീ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണു്‌ നാം സദ്‌വൃത്തര്‍ക്കു്‌ പ്രതിഫലം നല്‍കുന്നതു്‌. തീര്‍ച്ചയായും ഇതു്‌ സ്പഷ്ടമായ പരീക്ഷണം തന്നെയാണു്‌. അവനു്‌ പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു. പില്‍ക്കാലക്കാരില്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) സല്‍കീര്‍ത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്രാഹീമിനു്‌ സമാധാനം! അപ്രകാരമാണു്‌ നാം സദ്‌വൃത്തര്‍ക്കു്‌ പ്രതിഫലം നല്‍കുന്നതു്‌. തീര്‍ച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്‍മാരില്‍ പെട്ടവനാകുന്നു.” – 37. സ്വാഫ്ഫാത്ത് (അണിനിരന്നവ‍): 100 – 111

ഇബ്രാഹിം ജീവിച്ചിരുന്ന കാലത്തു്‌ ദൈവം നേരിട്ടും സ്വപ്നത്തിലൂടെയുമെല്ലാം മനുഷ്യരുമായി ബന്ധപ്പെട്ടിരുന്നു എന്നതിനാല്‍ ഇക്കാര്യത്തില്‍ അത്ഭുതമൊന്നും തോന്നേണ്ടതില്ല. ഇബ്രാഹിമാണെങ്കില്‍ “പ്രയത്നിക്കാനുള്ള പ്രായമെത്തിയ കുഞ്ഞുമകനോടു്‌” അഭിപ്രായം ചോദിച്ചു്‌ അനുവാദം വാങ്ങിയശേഷമാണു്‌ ആ കര്‍മ്മത്തിനു്‌ മുതിരുന്നതെന്നതിനാല്‍ അതു്‌ ഇല്ലീഗല്‍ ആയ ഒരു പ്രവൃത്തി ആയി കാണേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. ഇതിന്റെ പേരില്‍ ഇബ്രാഹിമിന്റെ മേല്‍ ആരും കൈവച്ചതായി ഗ്രന്ഥത്തില്‍ പറയുന്നില്ലാത്തതിനാല്‍, തന്റെ കഴുത്തില്‍ കത്തി വയ്ക്കാനുള്ള അനുവാദം നല്‍കുമ്പോള്‍ ഇസ്മാഇല്‍ പ്രായപൂര്‍ത്തി എത്തിയവനായിരുന്നിരിക്കണം എന്നേ കരുതാനാവൂ. പ്രായപൂര്‍ത്തി എത്താത്തവനായിരുന്നു ഇസ്മാഇല്‍ എങ്കില്‍, ഇന്നത്തെപ്പോലെതന്നെ അന്നും സദാചാരികളായ മനുഷ്യര്‍ ധാര്‍മ്മികരോഷം കൊള്ളുകയും ഇബ്രാഹിമിന്റെ മേല്‍ കൈവയ്ക്കുകയും ചെയ്യുമായിരുന്നു എന്നേ കരുതാനാവൂ. അല്ലെങ്കിലും, കൊല്ലാനും, കൊല ചെയ്യപ്പെടാനും, വിവാഹം കഴിക്കാനും, വോട്ടു്‌ ചെയ്യാനുമൊക്കെയുള്ള പ്രായപൂര്‍ത്തി കാലവും ദേശവുമെല്ലാം അനുസരിച്ചു്‌ മാറി മറിയ ആകാവുന്ന കാര്യങ്ങളാണുതാനും. അതിനാല്‍ ഒരു ഒബ്ജെക്ഷന്‍ ഉന്നയിക്കാന്‍ മാത്രം ഈ വിഷയത്തില്‍ ഒന്നുമില്ല എന്നാണെന്റെ തോന്നല്‍.

പക്ഷേ ഈ വിഷയത്തില്‍ എനിക്കു്‌ പിടികിട്ടാത്ത മറ്റൊരു കാര്യമുണ്ടു്‌: മുസ്ലീമുകള്‍ക്കു്‌ ഖുര്‍ആന്‍ എന്ന പോലെ ക്രൈസ്തവര്‍ക്കും ഒരു ഗ്രന്ഥമുണ്ടു്‌. ബൈബിള്‍ എന്നു്‌ പറയും. അതില്‍ ഇബ്രാഹിം നബി ദൈവകല്പനപ്രകാരം ബലി കഴിക്കാന്‍ കൊണ്ടുപോകുന്നതു്‌ ഇസ്മാഇലിനെയല്ല, മറ്റൊരു മകനായ യിസ്‌ഹാക്കിനെയാണു്‌. ഇബ്രാഹിമിനു്‌ ഒറിജിനല്‍ ഭാര്യ സാറയില്‍ നിന്നും ജനിച്ചവനാണു്‌ യിസ്‌ഹാക്കു്‌. സാറയുടെ ഈജിപ്ഷ്യന്‍ ദാസി ആയിരുന്ന ഹാഗാരില്‍ നിന്നും (സാറയുടെ അനുവാദത്തോടെ) ഇബ്രാഹിം ജനിപ്പിച്ച മകനാണു്‌ ഇസ്മാഇല്‍. അഗ്രചര്‍മ്മം മുറിക്കല്‍ എന്ന കര്‍മ്മം ആദ്യമായി ഇബ്രാഹിം തന്റെ കുടുംബത്തിലെ സകല പുരുഷപ്രജകളുമായി ചെയ്യുമ്പോള്‍ അവന്റെ പ്രായം 99 വയസ്സു്‌, ഇസ്മാഇലിന്റേതു്‌ 13. (പൂള എന്നു്‌ വിളിച്ചാലും കപ്പ എന്നു്‌ വിളിച്ചാലും മരച്ചീനി വിളികേള്‍ക്കുമെന്നപോലെ, ബൈബിളിലെ അബ്രാഹാം ഖുര്‍ആനില്‍ എത്തുമ്പോള്‍ ഇബ്രാഹിം ആയി മാറും. അവയിലെ മറ്റു്‌ പേരുകളുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്നതിനാല്‍ അതത്ര കാര്യമാക്കാനില്ല).

സാറ യിസ്‌ഹാക്കിനെ പ്രസവിക്കുമ്പോള്‍ ഇബ്രാഹിമിനു്‌ വയസ്സു്‌ 100! യിസ്ഹാക്കു്‌ അല്പം മുതിര്‍ന്നപ്പോള്‍ ദൈവം ഇബ്രാഹിമിനോടു്‌ കല്പിക്കുന്നു: “നിന്റെ മകനെ, നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു്‌ മോരിയാദേശത്തു്‌ ചെന്നു്‌, അവിടെ ഞാൻ നിന്നോടു്‌ കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്കുക”. വിറകുകെട്ടും ചുമന്നു്‌ അപ്പനോടൊപ്പം നടക്കുന്ന യിസ്ഹാക്കു്‌ “അപ്പാ, തീയും വിറകുമുണ്ടു്‌; എന്നാൽ ഹോമയാഗത്തിനു്‌ ആട്ടിൻകുട്ടി എവിടെ” എന്നു്‌  ചോദിക്കുമ്പോള്‍ ഇബ്രാഹിം “ദൈവം തനിക്കു ഹോമയാഗത്തിനു്‌ ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനേ” എന്നു്‌ മറുപടി നല്‍കുന്നു.

പിന്നീടു്‌ യിസ്ഹാക്കിന്റെ കാര്യത്തില്‍ സംഭവിക്കുന്നതും പണ്ടു്‌ ഇസ്മാഇലിന്റെ കാര്യത്തില്‍ സംഭവിച്ചതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ബൈബിളില്‍ അതിങ്ങനെ എഴുതിയിരിക്കുന്നു:

“ദൈവം കല്പിച്ചിരുന്ന സ്ഥലത്തു്‌ അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു്‌ അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു്‌ കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു്‌: അബ്രാഹാമേ, അബ്രാഹാമേ, എന്നു്‌ വിളിച്ചു; ഞാൻ ഇതാ, എന്നു്‌ അവൻ പറഞ്ഞു. ബാലന്റെ മേൽ കൈവെക്കരുതു്‌; അവനോടു ഒന്നും ചെയ്യരുതു്‌; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു്‌ നീ ദൈവത്തെ ഭയപ്പെടുന്നു എന്നു്‌ ഞാൻ ഇപ്പോൾ അറിയുന്നു എന്നു്‌ അവൻ അരുളിച്ചെയ്തു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു്‌ ഒരു ആട്ടുകൊറ്റൻ കൊമ്പു്‌ കാട്ടിൽ പിടിപെട്ടു്‌ കിടക്കുന്നതു്‌ കണ്ടു; അബ്രാഹാം ചെന്നു്‌ ആട്ടുകൊറ്റനെ പിടിച്ചു്‌ തന്റെ മകനു്‌ പകരം ഹോമയാഗം കഴിച്ചു. (ഉല്പത്തി 22 : 9 – 13)

ഒരേ ദൈവം, ഒരേ പിതാവു്‌, ആ പിതാവിനു്‌ രണ്ടു്‌ സ്ത്രീകളില്‍നിന്നു്‌ ജനിച്ചവരും, പതിനാലു്‌ വയസ്സിന്റെ പ്രായവ്യത്യാസമുള്ളവരുമായ രണ്ടു്‌ ആണ്‍കുട്ടികള്‍. അവര്‍ ‘ബാലവേല’ ചെയ്യാനുള്ള പ്രായമെത്തിയപ്പോള്‍ അവരെ തനിക്കു്‌ ബലിയര്‍പ്പിക്കാന്‍ അവരുടെ പിതാവിനോടു്‌ ആ ദൈവം കല്‍പ്പിക്കുന്നു. ഒരുവനെ കൊല്ലാനുള്ള കല്പന നല്‍കി പത്തു്‌ പതിനാലു്‌ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണു്‌ മറ്റവനെയും തനിക്കു്‌ ബലിയായി  വേണം എന്നു്‌ ദൈവത്തിനു്‌ തോന്നുന്നതു്‌! എന്തു്‌ ലക്ഷ്യത്തിനുവേണ്ടി? “അയ്യോ നീ നിന്റെ മകനെ കൊല്ലുകയൊന്നും വേണ്ട കേട്ടോ, നീ ദാണ്ടെ ആ നില്‍ക്കുന്ന ആടിനെ കൊന്നുപൊരിച്ചു്‌ എനിക്കു്‌ തന്നാല്‍ മതി, ഞാന്‍ ഖുശി ആയിക്കോളാം” എന്നു്‌ പറയാനായിട്ടു്‌! അതും രണ്ടു്‌ കഥകളില്‍ രണ്ടു്‌ പ്രാവശ്യം ആവര്‍ത്തിച്ചു്‌ പറയാനായിട്ടു്‌!

ദൈവത്തിനു്‌ നേര്‍ച്ചയുമായി പോകുന്നവര്‍ ശ്രദ്ധിക്കുക: സെമിറ്റിക് മതങ്ങളിലെ ദൈവം നോണ്‍ വെജിറ്റേറിയനാണു്‌! നേര്‍ച്ച അര്‍പ്പിക്കുന്നവന്‍ കിഴങ്ങനായാലും, നേര്‍ച്ചവസ്തു കിഴങ്ങായാല്‍ ദൈവം കണ്ണു്‌ തുറക്കില്ല. പണ്ടു്‌ കയീനു്‌ അങ്ങനെയൊരു അബദ്ധം പറ്റിയിട്ടുണ്ടു്‌. (കയീന്‍ ഒരു കിഴങ്ങനായിരുന്നു എന്നു്‌ ഇതിനര്‍ത്ഥമില്ല).

മക്കളെ കൊല്ലാന്‍ മടിക്കാത്ത അപ്പനും അമ്മയുമൊക്കെ വിരളമായെങ്കിലും ഇന്നും ലോകത്തില്‍ ഉണ്ടു്‌. അവരില്‍ ചിലരെങ്കിലും ദൈവം കല്പിച്ചതുകൊണ്ടാണു്‌ തങ്ങള്‍ അതു്‌ ചെയ്തതെന്നും മറ്റും  കരുതുന്നവരുമാണു്‌.  (ഭാഗ്യത്തിനു്‌, ഇക്കാലത്തു്‌ അത്തരം കൊലപാതകകഥകളെ വേറെ വകുപ്പിലാണു്‌ ഉള്‍പ്പെടുത്താറുള്ളതു്‌). അതുകൊണ്ടു്‌ നിര്‍ബന്ധമാണെങ്കില്‍ ഈ ബലികഥകളില്‍ ഏതെങ്കിലും ഒന്നു്‌ വിശ്വസിക്കാമെന്നല്ലാതെ രണ്ടും ഒരേസമയം വിശ്വസിക്കാനാവുമോ? എത്ര കോടി മനുഷ്യര്‍ക്കു്‌ വേണമെങ്കിലും അവ സത്യമാണെന്നു്‌ വിശ്വസിക്കാം. പക്ഷേ അതുകൊണ്ടൊന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഇത്തരം കെട്ടുകഥകള്‍ വസ്തുതായാഥാര്‍ത്ഥ്യങ്ങളായി മാറുകയില്ല. ഇനി, ആദ്യം രചിക്കപ്പെട്ടതു്‌ ബൈബിള്‍ ആയതിനാല്‍ അതിലുള്ളതങ്ങു്‌ വിശ്വസിച്ചേക്കാമെന്നു്‌ കരുതിയിട്ടും വലിയ പ്രയോജനമൊന്നുമില്ല. കാരണം, നീലനിറത്തിലുള്ള ആകാശത്തട്ടും പരന്നുകിടക്കുന്ന ഭൂമിയും മാഞ്ഞുപോയാലും മാഞ്ഞുപോകാത്തവയാണു്‌ ആ രണ്ടു്‌ ഗ്രന്ഥങ്ങളുടെയും താളുകളില്‍ അച്ചടിമഷിയില്‍ വരച്ചുവച്ചിരിക്കുന്ന ഞങ്ങടെ ദൈവത്തിന്റെ വിശുദ്ധവചനങ്ങള്‍ (എന്നു്‌ ആ ഗ്രന്ഥങ്ങള്‍ അവകാശപ്പെടുന്നു).

 
Comments Off on ബലിപെരുന്നാള്‍

Posted by on Oct 17, 2013 in മതം

 

Tags: , , ,