RSS

Daily Archives: Oct 14, 2012

ജ്ഞാനവിജ്ഞാനപൊതുയോഗം

“ആയിരക്കണക്കിനു്‌ മനുഷ്യരില്‍ ജ്ഞാനസിദ്ധിയിലൂടെയുള്ള പൂര്‍ണ്ണതയ്ക്കായി ഒരുപക്ഷേ ഒരുവന്‍ ശ്രമിക്കുന്നുണ്ടാവാം. അവരില്‍ത്തന്നെ കഷ്ടിച്ചു്‌ ഒരുത്തന്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ എന്നെ അറിയുന്നുള്ളു.” – ഭഗവദ്ഗീത (7: 3)

കൃത്യമായി വേണ്ടവര്‍ക്കു്‌:
മനുഷ്യാണാം സഹസ്രേഷു കശ്ചിദ്യതതി സിദ്ധയേ
യതതാമപി സിദ്ധാനാം കശ്ചിന്മാം വേത്തി തത്വതഃ

അതായതു്‌, ജ്ഞാനസിദ്ധിയിലൂടെയുള്ള പൂര്‍ണ്ണത കൈവരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ വളരെ വിരളമാണു്‌. വിരളമെന്നു്‌ വച്ചാല്‍, ആയിരക്കണക്കിനു്‌ മനുഷ്യരില്‍ കഷ്ടിച്ചു്‌ ഒരാള്‍ എന്ന നിരക്കില്‍ വിരളം. അങ്ങനെ പൂര്‍ണ്ണത കൈവരിച്ചവരില്‍ത്തന്നെ ഒരുത്തന്‍ മാത്രമേ തന്നെ യഥാര്‍ത്ഥത്തില്‍ അറിയുന്നുള്ളു എന്നാണു്‌ ഭഗവാന്‍ പരാതിപ്പെടുന്നതു്‌. പൂര്‍ണ്ണത കൈവരിച്ച എലീറ്റുകളില്‍ നിന്നും ഏതു്‌ നിരക്കിലാണു്‌ ഫൈനല്‍ എലീറ്റുകള്‍, (എന്ന്വച്ചാല്‍, ഭഗവാന്‍ അര്‍ജ്ജുനനു്‌ പകര്‍ന്നു്‌ നല്‍കിയതുപോലുള്ള, യാതൊന്നറിഞ്ഞാല്‍ പിന്നെ അറിയേണ്ടതായി മറ്റൊന്നും ഈ ലോകത്തില്‍ അവശേഷിക്കുന്നില്ലാത്തതുപോലുള്ള മുഴുവന്‍ “ഫിനോമിനല്‍ ജ്ഞാനവും ന്യൂമിനസ് ജ്ഞാനവും” (3: 2) കൈവരിച്ച “മഹാബാഹുക്കള്‍”!) രൂപമെടുക്കുന്നതെന്നു്‌ ഭഗവാന്‍ വ്യക്തമായി പറയുന്നില്ലെങ്കിലും, ആകെമൊത്തം പൂര്‍ണ്ണന്മാരില്‍ നിന്നും കാളകൂടം പോലെ ഒറ്റയൊരു ഒറിജിനല്‍ ഇന്ദ്രിയാതീന്ദ്രിയജ്ഞാനി മാത്രമേ ഉരുത്തിരിഞ്ഞു്‌ വരികയുള്ളു എന്നാണു്‌ ഭഗവാന്‍ ഉദ്ദേശിച്ചതെന്നു്‌ കരുതുക വയ്യ. അങ്ങനെ സംഭവിച്ചാല്‍ ലോകത്തില്‍ ഒരേയൊരു പരമജ്ഞാനി മാത്രമേ ഉണ്ടാവുകയുള്ളല്ലോ. അതുവഴി പരമശിവനു്‌ പണിയാവും എന്നതില്‍ കവിഞ്ഞ നേട്ടമൊന്നുമില്ല. അതുകൊണ്ടു്‌ ഇവിടെയും ആയിരക്കണക്കിനു്‌ ജ്ഞാനികളില്‍ ഒരുവന്‍ എന്ന നിരക്കില്‍ പരമജ്ഞാനിപ്പട്ടവും നേടാനാവും എന്നേ കരുതാനാവൂ. അതായതു്‌, ജ്ഞാനത്തിന്റെ പുറകെ പരക്കം പായുന്ന ആയിരക്കണക്കിനു്‌ ഭക്തരില്‍ നിന്നും ഒരു ജ്ഞാനി, പരമജ്ഞാനത്തിന്റെ പുറകെ വച്ചുപിടിക്കുന്ന ആയിരക്കണക്കിനു്‌ ജ്ഞാനികളില്‍ നിന്നും ഒരു പരമജ്ഞാനി എന്ന രീതിയിലാവണം കാര്യങ്ങള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നതു്‌. ജ്ഞാനറിഫൈനറിയിലെ ആദ്യത്തെ അരിപ്പിനു്‌ ബാധകമായ ആയിരങ്ങളില്‍ ഒന്നു്‌ എന്ന നിരക്കു്‌ പരമജ്ഞാനറിഫൈനറിയിലെ രണ്ടാമത്തെ അരിപ്പിനും ബാധകമാവാതിരിക്കാന്‍ കാരണമൊന്നും ഇല്ലാത്തതുകൊണ്ടാവണം ഭഗവാന്‍ അതു്‌ പ്രത്യേകം സൂചിപ്പിക്കാതിരുന്നതു്‌ എന്നേ കരുതാനാവൂ.

അതെന്തായാലും, ഇതു്‌ ഭഗവാന്‍ നേരിട്ടു്‌ പറയുന്നതാണെന്നതിനാല്‍ സത്യമായിരിക്കണം. ഇനി സത്യമല്ല എന്നു്‌ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതു്‌ അവരുടെ ഭാഷയുടെ പരിമിതി മൂലമാവാനേ വഴിയുള്ളു.  പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ ഇതൊരു പ്രശ്നമായിക്കൂടെന്നില്ല. ഉദാഹരണത്തിനു്‌, ആര്‍ഷഭാരതത്തില്‍ ഭഗവാനെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കിയിട്ടുള്ള എത്രപേര്‍ ഉണ്ടായിരിക്കും എന്നൊന്നു്‌ അറിയണം എന്നു്‌ ആര്‍ക്കെങ്കിലും തോന്നിയാല്‍ “ആയിരങ്ങളില്‍ ഒന്നു്‌” എന്നതു്‌ അത്ര സഹായകരമായ ഒരു അനുപാതമല്ല.  “ആയിരക്കണക്കിനു്‌” എന്നു്‌ പറഞ്ഞാല്‍ പല ആയിരങ്ങളാവാമല്ലോ. മുകളിലേക്കു്‌ കൃത്യമായ ഒരു പരിധി നിശ്ചയിക്കുക എന്നതും സാദ്ധ്യമല്ല. പതിനായിരത്തില്‍ ഒന്നും അന്‍പതിനായിരത്തില്‍ ഒന്നും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ടെന്നതു്‌ കണക്കു്‌. ഭാരതം ഒരു ബനാന റിപ്പബ്ലിക്ക് ആയതിനാല്‍ എല്ലാം കണക്കാണു്‌ എന്നൊരു വാദം ന്യായമാണെങ്കിലും, ഗണിതത്തില്‍ പ്രായോഗികമാക്കാവുന്ന ഒരു വാദമല്ല അതു്‌. കണ്ണുനിറയെ കൈമടക്കു്‌ കൊടുത്താല്‍ കണിയാനെയും അതുവഴി ഗ്രഹങ്ങളെയും ദൈവങ്ങളെയും വിധിയെയുമൊക്കെ സ്വാധീനിക്കാമെങ്കിലും ഗണിതശാസ്ത്രത്തില്‍ നേര്‍ച്ചപ്പെട്ടികളില്ല, നേര്‍ച്ചയിടുന്ന ചില “ശാസ്ത്രജ്ഞര്‍” അതിലൂടെ ചുറ്റിത്തിരിയുന്നുണ്ടെങ്കിലും.

ചുരുക്കത്തില്‍, ഭാരതത്തിലെ ഒറിജിനല്‍ പരമജ്ഞാനികളുടെ ഒരു കണക്കു്‌ എടുക്കണമെന്നുണ്ടെങ്കില്‍ ഭഗവാന്‍ നല്‍കിയ നിരക്കില്‍ ചില ഒത്തുതീര്‍പ്പുകള്‍ നടത്തുകയല്ലാതെ നിവൃത്തിയില്ല. ആ ഒത്തുതീര്‍പ്പുകള്‍ വഴി ജ്ഞാനികളുടെ എണ്ണം കൂടുകയല്ലാതെ കുറയാന്‍ ഇടവരാത്തവിധത്തിലായിരിക്കാന്‍ വേണ്ടി, ഭാരതത്തില്‍ പതിനായിരം പേരില്‍ ഒരാള്‍ എന്ന തോതില്‍ ഈശ്വരനെ യഥാര്‍ത്ഥത്തില്‍ അറിയാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്നും, അവരിലെ പതിനായിരം പേരില്‍ ഒരുവന്‍ എന്ന തോതില്‍ യഥാര്‍ത്ഥത്തില്‍ ഭഗവാനെ അറിയാന്‍ മാത്രം പൂര്‍ണ്ണതയെത്തിയവര്‍ ഉണ്ടെന്നും നമുക്കൊന്നു്‌ സങ്കല്പിച്ചുനോക്കാം. ഭാരതത്തിലെ ആകെമൊത്തം ജനങ്ങളില്‍ നൂറുകോടിയും ഭക്തരായ ഹിന്ദുക്കളാണെന്നും കൂടി കരുതിയാല്‍, പതിനായിരത്തില്‍ ഒന്നിന്റെ പതിനായിരത്തില്‍ ഒന്നു്‌ എന്ന നിരക്കില്‍ ആര്‍ഷഭാരതത്തില്‍ ആകെയുള്ള യഥാര്‍ത്ഥ “ഭഗവാന്‍ ജ്ഞാനികള്‍” പത്തെണ്ണം! മോശമില്ല, പത്തെങ്കിലുമുണ്ടല്ലോ!

ആകെ ആശയക്കുഴപ്പത്തിലായി എന്നു്‌ പറഞ്ഞാല്‍ മതിയല്ലോ. ബ്ലോഗിലെ വിര്‍ച്വല്‍ ലോകത്തില്‍ തപ്പിയാല്‍ ഇന്ദ്രിയാതീന്ദ്രിയജ്ഞാനികളായ ഒരു പത്തുപേരെ ഒപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല. അപ്പോള്‍ പിന്നെ മജ്ജയും മാംസവും വിശാലമായ ചിരിയും വട്ടമിട്ടു്‌ പിടുത്തവുമായി ഭാരതത്തില്‍ ചുറ്റിത്തിരിയുന്ന മൃതാനന്ദമയി, വായുസ്വാമി, ആസ്വാമി, ഈസ്വാമി മുതലായ ജന്മങ്ങളൊന്നും ഇന്ദ്രിയാതീന്ദ്രിയജ്ഞാനികളല്ലെന്നോ? അതോ വിര്‍ച്വല്‍ ലോകത്തില്‍ സര്‍വ്വജ്ഞാനികള്‍ ചമയുന്ന ആസാമികളാണോ കള്ളനാണയങ്ങള്‍? സാക്ഷാല്‍ ഭഗവാനു്‌ കണക്കു്‌ തെറ്റി എന്നു്‌ എങ്ങനെ കരുതും?

പരമജ്ഞാനികളൊന്നും ആയില്ലെങ്കിലും, ഈശ്വരനില്‍ എത്തിച്ചേരാന്‍ നമ്മള്‍ ഒന്നും അറിയേണ്ടതില്ല, ഭഗവാന്റെ നാമം വെറുതെ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയെന്നും മറ്റുമുള്ള ചില “പരമജ്ഞാനികളുടെ” വ്യാഖ്യാനങ്ങള്‍ വിശ്വസിച്ചു്‌ അന്തംവിട്ടു്‌ ജപിച്ചു്‌ മരിച്ചവര്‍ക്കും, ജപിച്ചുകൊണ്ടു്‌ മരണത്തിലേക്കു്‌ അടുത്തുകൊണ്ടിരിക്കുന്നവര്‍ക്കും അണ്ടി പോയപ്പോള്‍ ശൂന്യമായ സ്വന്തം കൈവെള്ളയിലെ ജീവിതവരയും വിധിവരയും തലവരയും ഹൃദയവരയുമൊക്കെ നോക്കി ദീര്‍ഘനിശ്വാസം വിടേണ്ടിവന്ന അണ്ണാന്റെ അവസ്ഥ വരാതിരുന്നാല്‍ മതിയായിരുന്നു.

ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ, ഹരേരാമ, രാമ രാമ ഹരേഹരേ.

ഒത്തുപിടിച്ചാല്‍ മലയും പോരും!

 
17 Comments

Posted by on Oct 14, 2012 in പലവക

 

Tags: , ,