RSS

Daily Archives: Jun 11, 2009

പുരപ്പുറത്തുനിന്നു് ചാടുന്ന യേശുകുട്ടൻ

(യേശുവിന്റെ ബാല്യകാലകഥകൾ-2)

അദ്ധ്യാപകനായ സഖേയസിന്റെ അടുത്തു്

പിതാവായ യോസേഫിനോടു് യേശു ഇതൊക്കെ പറയുന്നതു് കേട്ടുകൊണ്ടു് അടുത്തുനിന്നിരുന്ന ഒരദ്ധ്യാപകൻ സഖേയസ്‌ ഒരു കൊച്ചുകുട്ടി ഈവിധമൊക്കെ സംസാരിക്കുന്നതു് കേട്ടു് അത്ഭുതപ്പെട്ടു. ഏതാനും ദിവസങ്ങൾക്കു് ശേഷം അവൻ യോസേഫിനെ സമീപിച്ചു് പറഞ്ഞു: “നിന്റെ മകൻ സമർത്ഥനാണു്; അവനു് ബുദ്ധിയുണ്ടു്. അവൻ അക്ഷരം പഠിക്കേണ്ടതിനായി അവനെ നീ എന്നെ ഏൽപിക്കൂ. ഞാൻ അവനെ അക്ഷരങ്ങളും എല്ലാ ശാസ്ത്രങ്ങളും മാത്രമല്ല, എങ്ങനെയാണു് പിതാവിന്റേയും പിതാമഹന്റേയുമൊക്കെ അടുത്തു് പെരുമാറേണ്ടതെന്നും, എങ്ങനെയാണു് സമപ്രായക്കാരെ സ്നേഹപൂർവ്വം സമീപിക്കേണ്ടതെന്നുമെല്ലാം പഠിപ്പിക്കാം.”

അങ്ങനെ അവൻ യേശുവിനു് A മുതൽ O വരെയുള്ള (ഗ്രീക്ക്‌ അക്ഷരമാലയിലെ ആദ്യത്തേയും അവസാനത്തേയും അക്ഷരങ്ങളായ Alpha, Omega) അക്ഷരങ്ങൾ കൃത്യമായി ചൊല്ലിക്കൊടുത്തു. പക്ഷേ, അതു് കേട്ട യേശു സഖേയസിനെ നോക്കി പറഞ്ഞു: “കപടനാട്യക്കാരാ, ‘A‘ എന്ന അക്ഷരത്തെ അതിന്റെ സത്തയിൽ മനസ്സിലാക്കാൻ പോലും കഴിയാത്ത നീ എങ്ങനെയാണു് മറ്റുള്ളവരെ ‘B‘ എന്ന അക്ഷരം പഠിപ്പിക്കുന്നതു്? നിനക്കറിയാമെങ്കിൽ ആദ്യം നീ A എന്തെന്നു് പഠിപ്പിക്കൂ! B-യെപ്പറ്റി നീ പഠിപ്പിക്കുന്നതു് അതുകഴിഞ്ഞു് ഞങ്ങൾ വിശ്വസിക്കാം. തുടർന്നു് അവൻ ആ അദ്ധ്യാപകനോടു് A എന്ന അക്ഷരത്തെപ്പറ്റി ചോദിക്കാൻ തുടങ്ങി. പക്ഷേ, അവന്റെ ചോദ്യങ്ങൾക്കു് മറുപടി പറയാൻ സഖേയസിനു് കഴിഞ്ഞില്ല. പല ആളുകളും കേട്ടുകൊണ്ടു് നിൽക്കെ അവൻ സഖേയസിനോടു് പറഞ്ഞു: “അദ്ധ്യാപകനേ, ആദ്യാക്ഷരത്തിന്റെ നിർമ്മിതി എങ്ങനെയെന്നു് ശ്രദ്ധിക്കൂ! അതിൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ടു് നേർരേഖകളും അവയെത്തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മദ്ധ്യരേഖയുമുണ്ടെന്നും, അങ്ങനെ പരസ്പരം കൂട്ടിമുട്ടുന്ന രണ്ടു് രേഖകളുടെ മുനമ്പു് അതിന്റെ നേതൃത്വം ഏറ്റെടുക്കുന്നു എന്നും, അതോടൊപ്പംതന്നെ ഒരു തല രൂപപ്പെടുന്നു എന്നും, അതിന്റെ ആരംഭത്തിനും അടിസ്ഥാനത്തിനും ഒരേ രീതിയിലുള്ള മൂന്നു് ചിഹ്നങ്ങൾ നിദാനമാവുന്നു എന്നും മനസ്സിലാക്കൂ. ‘A‘ എന്ന അക്ഷരത്തിലെ മൂന്നു് രേഖകളുടെ സാരാംശം ഇതാ നിനക്കു് ലഭിച്ചിരിക്കുന്നു.” ആദ്യാക്ഷരത്തെപ്പറ്റി ഇത്ര വിശദമായതും, ആഴമേറിയതും, ദൃഷ്ടാന്തപരമായ അർത്ഥസമ്പൂർണ്ണത ഉൾക്കൊള്ളുന്നതുമായ യേശുവിന്റെ ഈ വിവരണം കേട്ട സഖേയസ്‌ എന്തു് മറുപടി പറയണമെന്നറിയാതെ നിസ്സഹായനായി “ഇടം വലം” ചുറ്റിയശേഷം ചുറ്റും കൂടി നിന്നവരോടു് പറഞ്ഞു: “ഹാ കഷ്ടം! ഇതെന്നെ തകർത്തുകളഞ്ഞു. ഇവനെ പഠിപ്പിക്കാനായി വിളിച്ചുകൊണ്ടുവന്നു് എനിക്കു് സ്വയം അപമാനം വരുത്തിവച്ച നിർഭാഗ്യവാനാണു് ഞാൻ! സഹോദരാ, യോസേഫെ, ഇവനെ നീ ദയവുചെയ്തു് തിരിച്ചു് കൊണ്ടുപോകൂ. ഇവന്റെ നോട്ടത്തെ നേരിടാൻ എനിക്കു് കഴിവില്ല. ഇവൻ പറയുന്ന കാര്യങ്ങൾ ഒരുവട്ടം പോലും താങ്ങാൻ ഇനി എനിക്കാവില്ല. ഈ ബാലൻ ഭൂമിയിൽ നിന്നുള്ളവനല്ല. ഇവൻ തീയെ പോലും പിടിച്ചുകെട്ടാൻ കഴിവുള്ളവനാണു്. അന്തിമമായി പറഞ്ഞാൽ, ലോകസൃഷ്ടിക്കും മുൻപേ ജനിപ്പിക്കപ്പെട്ടവനാണിവൻ. ഏതു് ഗർഭപാത്രമാണു് ഇവനെ വഹിച്ചതെന്നും, ഏതു് അമ്മയുടെ മടിയിലാണു് ഇവനു് ആഹാരം നൽകപ്പെട്ടതെന്നും എനിക്കറിയില്ല. സുഹൃത്തേ, എനിക്കിതൊരു ഭാരമായിരിക്കുന്നു, ഇവന്റെ ബുദ്ധിയെ പിൻതുടരാൻ എനിക്കു് കഴിവില്ല. അങ്ങേയറ്റം നിർഭാഗ്യവാനായ ഞാൻ എന്നെത്തന്നെ ചതിക്കുകയായിരുന്നു. ഒരു വിദ്യാർത്ഥിയെ ലഭിക്കാൻ ഞാൻ ശ്രമിച്ചു; പക്ഷേ, എനിക്കു് ലഭിച്ചതു് ഒരു അദ്ധ്യാപകനെയാണെന്നു് അവനെന്നെ കാണിച്ചുതന്നു. വൃദ്ധനായ എനിക്കു് ഒരു കുട്ടിയുടെ മുന്നിൽ തോറ്റുകൊടുക്കേണ്ടിവന്നു എന്നു് ഞാൻ സമ്മതിക്കുന്നു. ഈ ബാലനെ പ്രതി എല്ലാ വിലയും നഷ്ടപ്പെട്ടവനായ എനിക്കു് മരിക്കുക എന്നൊരു ജോലി മാത്രമേ ഇനി ബാക്കിയുള്ളു. എന്നെ ഒരു കൊച്ചുകുട്ടി തോൽപിച്ചുകളഞ്ഞു എന്നു് എല്ലാ ആളുകളും പറയുമ്പോൾ അതിനെതിരായി എനിക്കെന്താണു് പറയാനുള്ളതു്? ആദ്യാക്ഷരത്തിന്റെ രേഖകളെപ്പറ്റി അവൻ വിശദീകരിച്ചതിനെ സംബന്ധിച്ചു് ഞാൻ എന്തു് പറഞ്ഞാലാണു് ആളുകൾ എന്റെ പരാജയം ഒരുവിധമെങ്കിലും മനസ്സിലാക്കുന്നതു്? അവൻ പറഞ്ഞതു് മനസ്സിലാക്കാൻ എനിക്കുതന്നെ കഴിയുന്നില്ല. കാരണം, അതിന്റെ ആരംഭമോ അവസാനമോ എനിക്കു് പിടികിട്ടുന്നില്ല. അതുകൊണ്ടു് സഹോദരനായ യോസേഫേ, നീ അവനെ നിന്റെ വീട്ടിലേക്കു് തിരിച്ചുകൊണ്ടുപോകുക. നിന്റെ മകൻ മഹത്വമേറിയ എന്തോ ആണു്, ഒരു ദൈവമോ, മാലാഖയോ, എന്താണെന്നു് പറയാൻ പോലും എനിക്കറിയില്ലാത്ത മറ്റെന്തോ ആണു്.” ഇത്രയും കേട്ട യൂദന്മാർ സഖേയസിനെ ആശ്വസിപ്പിക്കാനായി ഓരോന്നു് പറഞ്ഞുകൊണ്ടിരുന്നപ്പോൾ യേശു പൊട്ടിച്ചിരിച്ചുകൊണ്ടു് പറഞ്ഞു: “ഇപ്പോൾ ഫലം നൽകാത്തവ ഫലം വഹിക്കും, അന്ധമായ ഹൃദയമുള്ളവർ കാണും. ഞാൻ മുകളിൽ നിന്നും താഴെ വന്നതു്, നിങ്ങളെപ്രതി എന്നെ അയച്ചവൻ എന്നെ ചുമതലപ്പെടുത്തിയതുപോലെ, ശാപം അർഹിക്കുന്നവരെ ശപിക്കാനും അല്ലാത്തവരെ മുകളിലേക്കു് വിളിക്കാനുമാണു്.” അവൻ അതു് പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അവന്റെ ശാപമേറ്റവരെല്ലാം ആ നിമിഷംതന്നെ ആരോഗ്യവാന്മാരായിത്തീർന്നു. അതിനുശേഷം ആരും അവനെ ദ്വേഷ്യം പിടിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു. കാരണം, അവനെങ്ങാനും ദ്വേഷ്യം കേറി ശപിച്ചുപോയാൽ ശപിക്കപ്പെട്ടവർ അംഗഹീനരായി മാറിയേക്കാമെന്നവർ ഭയപ്പെട്ടു.

പുരപ്പുറത്തുനിന്നുള്ള വീഴ്ച

ഏതാനും ദിവസങ്ങൾക്കുശേഷം യേശു ഒരു കെട്ടിടത്തിനു് മുകളിലെ ബാൽക്കണിയിൽ മറ്റു് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്നപ്പോൾ അതിലൊരുവൻ താഴെ വീണു് മരിച്ചു. ഇതുകണ്ട മറ്റു് കുട്ടികളെല്ലാം ഓടിയൊളിച്ചു. യേശു മാത്രം ബാക്കിയായി. താമസിയാതെ മരിച്ചവന്റെ മാതാപിതാക്കൾ വന്നു. മകനെ യേശു ഉന്തിവീഴിക്കുകയായിരുന്നു എന്ന നിഗമനത്തിൽ മകന്റെ മരണത്തിന്റെ കുറ്റം അവർ യേശുവിൽ ചുമത്തി. യേശു പറഞ്ഞു: “ഞാൻ അവനെ തീർച്ചയായിട്ടും ഉന്തി താഴെയിട്ടില്ല.” പക്ഷേ, ആ മാതാപിതാക്കൾ അതു് വിശ്വസിക്കാതെ അവനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അപ്പോൾ യേശു കെട്ടിടത്തിനു് മുകളിൽ നിന്നും താഴേക്കു് ചാടി മരിച്ചവന്റെ സമീപം നിലയുറപ്പിച്ചുകൊണ്ടു് പറഞ്ഞു: “സീനോൻ, (അങ്ങനെയായിരുന്നു മരിച്ചവന്റെ പേരു്) നീ എഴുന്നേൽക്കൂ! എന്നിട്ടു് പറയൂ; ഞാനാണോ നിന്നെ ഉന്തി താഴെയിട്ടതു്?” ഉടനെ അവൻ ചാടിയെഴുന്നേറ്റു് പറഞ്ഞു: “അല്ല പ്രഭോ, നീയെന്നെ ഉന്തി താഴെയിട്ടില്ല. പകരം, നീയെന്നെ ഉയിർപ്പിക്കുകയാണു് ചെയ്തതു്.” മരിച്ചവനായിരുന്നവന്റെ മാതാപിതാക്കൾ അതുകണ്ടപ്പോൾ ഞെട്ടിവിറക്കുകയും സംഭവിച്ച ഈ അടയാളത്തിന്റെ പേരിൽ ദൈവത്തെ പുകഴ്ത്തുകയും യേശുവിനു് സ്തുതി പാടുകയും ചെയ്തു.

യുവാവായ വിറകുകീറൽകാരൻ

വീണ്ടും കുറച്ചുദിവസങ്ങൾക്കുശേഷം ചെറുപ്പക്കാരനായ ഒരുവൻ വിറകു് കീറിക്കൊണ്ടിരുന്നപ്പോൾ കോടാലി വീണു് അവന്റെ പാദം മുറിഞ്ഞുപോയി. അവൻ രക്തം വാർന്നു് മരണത്തിന്റെ വക്കത്തെത്തി. ആളുകൾ ഓടിക്കൂടുന്നതിന്റെ ബഹളം കേട്ടു് യേശുബാലനും സ്ഥലത്തെത്തി. ആളുകളുടെയിടയിലൂടെ തിക്കിത്തിരക്കി അവൻ ആസന്നമരണനായവന്റെ അടുത്തെത്തി. ചെന്നപാടെ അവൻ അവൻ മുറിഞ്ഞുപോയ പാദത്തിൽ തൊട്ടു. യുവാവിന്റെ പാദം നൊടിയിടയിൽ വീണ്ടും പഴയപോലെ ആയിത്തീർന്നു! യേശു അവനോടു് പറഞ്ഞു: “യുവാവേ, എഴുന്നേറ്റു് വീണ്ടും വിറകു് കീറൽ തുടർന്നോളൂ! എന്നെ ഓർമ്മിക്കുകയും ചെയ്യൂ!” സംഭവിച്ചതെല്ലാം കണ്ടവരായ ജനക്കൂട്ടം യേശുവിനെ സ്തുതിച്ചുകൊണ്ടു് പറഞ്ഞു: “തീർച്ചയായിട്ടും ഈ പയ്യന്റെയുള്ളിൽ ദൈവത്തിന്റെ ആത്മാവു് വസിക്കുന്നുണ്ടു്.”

പൊട്ടിയ മൺകുടം

യേശുവിനു് ആറു് വയസ്സുണ്ടായിരുന്നപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരിക്കൊണ്ടുവരുവാനായി അവന്റെ അമ്മ മറിയം ഒരു മൺകുടവും കൊടുത്തു് അവനെ പറഞ്ഞയച്ചു. ആളുകളുടെ തിരക്കിനിടയിൽ മറ്റാരോ ആയി കൂട്ടിയിടിച്ചതിന്റെ ഫലമായി കുടം പൊട്ടിത്തകർന്നുപോയി. യേശു ഉടനെ അവൻ പുതച്ചിരുന്ന വസ്ത്രം ഊരിയെടുത്തു് അതിൽ വെള്ളം നിറച്ചു് അമ്മയുടെ അടുത്തെത്തിച്ചു. ഈ അടയാളം കണ്ട അവന്റെ അമ്മ അവനെ ചുംബിക്കുകയും അവൻ ചെയ്ത ഈ കാര്യം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.

അത്ഭുതകരമായ വിളവു്

മറ്റൊരിക്കൽ, വിളവിറക്കലിന്റെ സമയത്തു് പിതാവായ യോസേഫ്‌ ഗോതമ്പു് വിതയ്ക്കാനായി വയലിലേക്കു് പോയ കൂട്ടത്തിൽ യേശുവും പോയി. യോസേഫ്‌ വിത്തു് വിതച്ചുകൊണ്ടിരുന്നതിനിടയിൽ യേശുവും വിത്തു് വിതച്ചു. കൂടുതലൊന്നുമില്ല, ഒരേയൊരു ഗോതമ്പുമണി! (നഞ്ചെന്തിനു് നാനാഴി!) പിന്നീടു് വിളവെടുപ്പു് സമയത്തു് മെതിപ്പുരയിൽ ശേഖരിക്കപ്പെട്ട ധാന്യത്തിന്റെ അളവു് നൂറു് ‘Malter’ (ഏകദേശം 70000 ലിറ്റർ)! അതുമുഴുവൻ സൂക്ഷിക്കാൻ വീട്ടിൽ സ്ഥലമില്ല. ഇനി, വിറ്റു് പണമാക്കാനാണെങ്കിൽ യോസേഫ്‌ ഇന്നത്തെ അധി-‘രൂപ താ’ വിഭാഗത്തിൽ പെട്ടവനായിരുന്നുമില്ല. അതുകൊണ്ടു് അവൻ ഗ്രാമത്തിലുള്ള മുഴുവൻ പാവങ്ങളേയും മെതിപ്പുരയിൽ വിളിച്ചുവരുത്തി എല്ലാവർക്കും ധാന്യം ദാനം ചെയ്തു! ബാക്കിവന്ന ഗോതമ്പു് സ്വന്ത ആവശ്യത്തിനായി യോസേഫ്‌ വീട്ടിലെത്തിച്ചു. ഈ അത്ഭുതം ചെയ്തപ്പോൾ യേശുവിനു് എട്ടു് വയസ്സായിരുന്നു.

യോസേഫിന്റെ വർക്ക്ഷോപ്പിൽ

യേശുവിന്റെ ‘വളർത്തു’പിതാവായിരുന്ന യോസേഫ്‌ തൊഴിലുകൊണ്ടു് ആശാരിയായിരുന്നു. ആ സമയത്തു് അവൻ നേഞ്ചലും നുകവും മാത്രമേ ഉണ്ടാക്കിക്കൊടുത്തിരുന്നുള്ളു. അങ്ങനെയിരിക്കെ ഒരു ധനികൻ അവന്റെയടുത്തു് ഒരു കട്ടിലിനു് ഓർഡർ നൽകി. പക്ഷേ, അതിന്റെ പണി തീർത്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു പ്രശ്നം! കട്ടിലിൽ കുറുകെ പാരലൽ ആയി വെക്കേണ്ട രണ്ടു് പലകകളിൽ ഒന്നിനു് നീളംകുറവു്. എന്തുചെയ്യണമെന്നു് യോസേഫിനും അവന്റെ സഹായിക്കും യാതൊരു പിടിയും കിട്ടിയില്ല. അപ്പോൾ യേശുക്കുട്ടി പറഞ്ഞു: “രണ്ടു് പലകകളും മദ്ധ്യബിന്ദുവിൽ നിന്നും രണ്ടുവശത്തേക്കും തുല്യമായ നീളം വരുന്ന വിധത്തിൽ ചേർത്തു് തറയിൽ വയ്ക്കുക.” യേശു പറഞ്ഞപോലെതന്നെ യോസേഫ്‌ ചെയ്തു. യേശു എതിർവശത്തുനിന്നുകൊണ്ടു് നീളം കുറഞ്ഞ പലകയെ പിടിച്ചു് വലിച്ചുനീട്ടി മറ്റേതിനോടു് തുല്യമാക്കി! അതുകണ്ട യോസേഫ്‌ അത്ഭുതപരതന്ത്രനായി യേശുവിനെ കെട്ടിപ്പിടിച്ചു് ഉമ്മവച്ചുകൊണ്ടു് പറഞ്ഞു: “ഇതുപോലൊരു മകനെ എനിക്കു് ദൈവം സമ്മാനിച്ചതിൽ ഞാനെന്നെ അതീവഭാഗ്യവാനായി കണക്കാക്കണം.”

(ഈ കെട്ടുകഥകൾ പ്രചരിച്ചിരുന്ന നാടുകളിൽ അക്കാലത്തു് ജീവിച്ചിരുന്നവരുമായി ബൗദ്ധികവും മാനസികവുമായി ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന വിശ്വാസികൾ മലയാളം വായിക്കുന്നവരുടെ ഇടയിൽ ഇന്നും വിരളമല്ലെന്നതിനാൽ, ഇതു് യേശു സാക്ഷാൽ ദൈവപുത്രനാണെന്നതിന്റെ തെളിവായി ഈ കഥകളെ അവർ കണ്ടുകൂടെന്നില്ല. അതിനാൽ, വെളുക്കാൻ തേയ്ക്കുന്നതു് പാണ്ടായി മാറുമോ എന്നൊരു സംശയവും ഇല്ലാതില്ല.)

 
15 Comments

Posted by on Jun 11, 2009 in മതം, യേശു

 

Tags: ,