ഒരു സഹജീവി പ്രതിസന്ധിയെ നേരിടുമ്പോള്‍ അവനെ സഹായിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന അനുകമ്പ അല്ലെങ്കില്‍ സഹായസന്നദ്ധത ഒരു ജന്മവാസനയോ, അതോ മതവും ദൈവവിശ്വാസവുമൊക്കെ അതിനു് ആവശ്യമോ എന്നു് മനസ്സിലാക്കാന്‍ ബെര്‍ലിനിലെ ഒരു യൂണിവേഴ്സിറ്റിയില്‍ ഒരു പരീക്ഷണം നടത്തുകയുണ്ടായി. സജ്ജീകരണങ്ങള്‍ വളരെ ലളിതമാണു്. തനിയെ നടക്കാന്‍ ശീലിച്ചിട്ടു് അധികനാള്‍ ആയിട്ടില്ലാത്ത ഒരു കുഞ്ഞു് ഒരു മുറിയില്‍ കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്നു. മുറിയില്‍ ഒരു എഴുത്തു് മേശയും കസേരയും. അവിടെ ഇരുന്നു് ഒരാള്‍ (പിതാവോ, പരിചിതനോ ആവാം) എന്തോ എഴുതുന്നു. അല്‍പസമയത്തിനു് ശേഷം ആ കുഞ്ഞിനു് കാണത്തക്കവണ്ണം അയാള്‍ തന്റെ പെന്‍സില്‍ അബദ്ധത്തിലെന്നപോലെ തറയിലേക്കു് വീഴിക്കുന്നു. മേശയുടെ മുന്നിലായി വീഴുന്ന പെന്‍സില്‍ എഴുന്നേറ്റു് ചെന്നു് എടുക്കാതെ മേശയില്‍ കമിഴ്‌ന്നു് കിടന്നു് കൈനീട്ടി എടുക്കാന്‍ അയാള്‍ ശ്രമിക്കുന്നു. അതോടൊപ്പം, എത്ര ശ്രമിച്ചിട്ടും കൈ പെന്‍സിലിന്റെ അടുത്തു് എത്തുന്നില്ലാത്തപോലെ അയാള്‍ ഭാവിക്കുകയും ചെയ്യുന്നു. അയാളുടെ “നിസ്സഹായത” കാണുന്ന കുഞ്ഞു് അടുത്തുചെന്നു് പെന്‍സില്‍ എടുത്തു് അയാള്‍ക്കു് കൊടുക്കുന്നു.
ഏകദേശം ഒന്നര വയസ്സു് പ്രായമുള്ള ഒരു കുഞ്ഞിനു് മറ്റൊരാളുടെ നിസ്സഹായാവസ്ഥയില്‍ സഹായിക്കണമെന്നു് തോന്നുന്നതു് അതിനു് വേദോപദേശം ലഭിച്ചിട്ടുള്ളതുകൊണ്ടാവില്ല എന്നതു് എന്തായാലും തീര്‍ച്ചയാണു്. അങ്ങേയറ്റം ആ കുഞ്ഞു് അനുഭവം വഴി ഈ ദിശയില്‍ മനസ്സിലാക്കിയിട്ടുള്ള പാഠങ്ങള്‍, തന്റെ കളിപ്പാട്ടങ്ങളോ മറ്റോ താഴെ വീഴുമ്പോള്‍ മുതിര്‍ന്നവരില്‍നിന്നു് ലഭിച്ചിട്ടുള്ള സഹായങ്ങളിലൂടെ മനസ്സിലാക്കിയവ മാത്രമായിരിക്കും. മനുഷ്യര്‍ ദൈവവിശ്വാസികളല്ലാതായിത്തീര്‍ന്നാല്‍ ലോകത്തില്‍ സദാചാരബോധവും ധര്‍മ്മനീതിയും ഇല്ലാതായിത്തീരും, ഭൂമി പാപത്തില്‍ മുഴുകും മുതലായ മതാചാര്യന്മാരുടെ പതിവു് പല്ലവിയുടെ പൊള്ളത്തരത്തിലേക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.
കുറ്റകൃത്യങ്ങളും അധര്‍മ്മവും ലോകത്തില്‍ എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. മഹാപ്രളയവും, തീമഴയുമൊക്കെ വേണ്ടപ്പോള്‍ വേണ്ടപോലെ സംഭവിപ്പിച്ചിട്ടും, ദൈവം പോലും തോറ്റു് പിന്‍വാങ്ങേണ്ടിവന്ന ഒരു മേഖലയാണതു്. ദൈവം തോല്‍ക്കുന്നിടത്തു് ഇടപെടാനാണു് മനുഷ്യന്‍ ഭൂമിയിലുള്ളതു്. സമൂഹത്തിലെ സ്വൈര്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പ്രവണതകളെ നേരിടാന്‍ പ്രതിരോധനടപടികളും നിയമനിര്‍മ്മാണവും ബോധവല്‍ക്കരണവുമൊക്കെയാണു് മാര്‍ഗ്ഗങ്ങള്‍. ഇതൊക്കെയാണെങ്കിലും ബോധവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ പോലും മാനസികരോഗികളും, മതഭ്രാന്തന്മാരും കുറ്റകൃത്യങ്ങള്‍ ചെയ്യാതിരിക്കുന്നുമില്ല. ഒരു പ്രളയം വഴി പ്രത്യുത്പാദനശേഷിയുള്ള മൂന്നു് യുവവിശുദ്ധരേയും, മൂന്നു് യുവവിശുദ്ധകളെയും മാത്രം രക്ഷപെടുത്തി ബാക്കി സകല പാപികളേയും മുക്കിക്കൊന്നാലും ഈ യുവവിശുദ്ധരൊ അവരുടെ സന്തതികളോ പാപം ചെയ്യാത്തവരായി തീരുമെന്നു് തോന്നുന്നില്ല. ഏറ്റവും ചുരുങ്ങിയതു് ആദ്യപാപമെങ്കിലും ആ വിശുദ്ധരും ചെയ്യേണ്ടിവരും. അല്ലാതെ കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലല്ലോ. ലോകത്തില്‍ പാപം ഇല്ലാതിരിക്കാന്‍ ദൈവം മനുഷ്യരെ സൃഷ്ടിക്കാതിരുന്നാല്‍ മതിയായിരുന്നു. പക്ഷിമൃഗാദികള്‍ തിന്നും തിന്നപ്പെട്ടും അങ്ങനെയൊക്കെ അങ്ങു് ജീവിച്ചു് പോയേനെ. ഇനിയിപ്പോള്‍ പറഞ്ഞിട്ടു് കാര്യമില്ല. ഒരബദ്ധം ദൈവത്തിനും പറ്റും എന്നു് കരുതി ആശ്വസിക്കാം. അല്ലാതെന്തു് ചെയ്യാന്‍?
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ദൈവവിശ്വാസവും, മതവിശ്വാസവും മനുഷ്യരുടെ ഇടയില്‍ പണ്ടുപണ്ടേ ഉണ്ടായിരുന്നു. അത്രയും പഴക്കം മറ്റു് യാതൊരു സാമൂഹികപ്രതിഭാസങ്ങള്‍ക്കും ഇല്ല എന്നുതന്നെ പറയാം. എന്നിട്ടും മനുഷ്യരെ നല്ലവരാക്കാന്‍ വിശ്വാസത്തിനു് ഇന്നോളം കഴിഞ്ഞില്ല. മനുഷ്യരിലെ പ്രകൃതിസഹജമായ വികാരങ്ങളെ പഴകി ദ്രവിച്ച ഏതെങ്കിലും വിശ്വാസപ്രമാണങ്ങളുടെ പേരില്‍ അടക്കാനും ഒതുക്കാനും നിര്‍ബന്ധിതരാവുന്നവരില്‍ അതേ വികാരങ്ങള്‍ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. അതു് പലപ്പോഴും കുറ്റകൃത്യങ്ങളില്‍ അവസാനിക്കുകയും ചെയ്യും. അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ ആസ്വദിക്കുന്ന വിലയും നിലയും മൂലം അവരുടെ യഥാര്‍ത്ഥ മുഖങ്ങള്‍ ജനങ്ങള്‍ക്കു് പൊതുവേ അജ്ഞാതമായിരിക്കും. അവരുടെ പീഡനങ്ങള്‍ക്കു് വിധേയരാവുന്നവര്‍ അധികവും സാമൂഹികമായി ബലഹീനരാണെന്നതിനാല്‍, സത്യം വെളിപ്പെടുത്തുന്നതില്‍ നിന്നും ഭയം അവരെ പലപ്പോഴും പിന്‍തിരിപ്പിക്കുകയും ചെയ്യും. ഇനി ആരെങ്കിലും അതിനു് തന്റേടം കാണിച്ചാല്‍ സകല കുറ്റവും അവരില്‍ തന്നെ വച്ചുകെട്ടാനാവും സമൂഹത്തില്‍ “നിലയും വിലയും” ഉള്ളവരുടെ ശ്രമം. ഏതെല്ലാമാണു് ഞാന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റുകള്‍ എന്നു് എന്നെ പഠിപ്പിക്കുന്നവര്‍ അതേ തെറ്റുകള്‍ ചെയ്യുമ്പോള്‍ അവര്‍ കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നു എന്ന സാമാന്യസത്യം അപ്പോള്‍ എന്തുകൊണ്ടോ വിസ്മരിക്കപ്പെടുന്നു. (ഇവിടെ “ഞാന്‍” എന്നു് പറഞ്ഞതു്, ഞാന്‍ എന്ന വ്യക്തിയെ മാത്രം ബാധിക്കുന്ന കാര്യമാണെന്നു് കരുതുന്ന വിദ്യാസമ്പന്നരും ഭാഷാജ്ഞാനികളുമെല്ലാമാണു് സമൂഹത്തില്‍ “നിലയും വിലയും” ഉള്ള പ്രമുഖരുടെ ശ്രോതാക്കളില്‍ നല്ലൊരു പങ്കു് എന്ന വസ്തുത കൂടി ഇതിനോടു് ചേര്‍ത്തു് വായിച്ചാല്‍, അവരെ പൊട്ടന്‍ കളിപ്പിക്കല്‍ ഈ പകലാചാര്യരെ സംബന്ധിച്ചു് എത്ര ആയാസരഹിതമായ കാര്യമാണെന്നു് മനസ്സിലാക്കാം). പീഡിപ്പിക്കപ്പെട്ടവരെ വിലകൊടുത്തു് വാങ്ങുന്നതും ഈ മേഖലയിലെ ഒരു ബിസിനസ് തന്ത്രമാണു്. അമേരിക്കയില്‍ കത്തോലിക്കാമതത്തിലെ പുരോഹിതരുടെ പീഡനങ്ങള്‍ക്കു് ബാല്യകാലത്തില്‍ വിധേയരാവേണ്ടി വന്നവര്‍ക്കു് സഭ ഈ അടുത്തയിട നഷ്ടപരിഹാരമായി കൊടുക്കേണ്ടിവന്നതു് നൂറുകണക്കിനു് കോടി ഡോളറാണു്. വര്‍ഷങ്ങള്‍ക്കു് ശേഷമാണെങ്കിലും അവര്‍ക്കു് കുറേ പണം ലഭിച്ചു എന്നതു് സത്യം. പക്ഷേ ലൈംഗികപീഡനം വഴി എന്നേക്കുമായി നശിപ്പിക്കപ്പെട്ടതു് അവരുടെ ജീവിതങ്ങളായിരുന്നു. ഇന്നും ആ റ്റ്രോമയുമായി പൊരുതി ജീവിക്കേണ്ടി വരുന്നവരാണു് അവരില്‍ പലരും.
ഒരു വിശ്വാസപ്രമാണത്തിനുള്ളില്‍ ഒതുക്കാവുന്നതല്ല മനുഷ്യരിലെ ഹോര്‍മോണിന്റെ പ്രേരണാശക്തി. വിവാഹിതരല്ലാത്ത, ആണും പെണ്ണുമായ എത്ര ആത്മീയര്‍ക്കു് നെഞ്ചില്‍ കൈവച്ചുകൊണ്ടു് പറയാന്‍ കഴിയും, തങ്ങള്‍ ലൈംഗികമായി ശുദ്ധരാണെന്നു്? അടിവസ്ത്രങ്ങള്‍ക്കു് സംസാരശേഷി ലഭിച്ചാല്‍ തീരുന്നതല്ലേ അവരുടെ സകല വിശുദ്ധിയും? മറ്റുള്ളവരുടെ മുന്നില്‍ നല്ലപിള്ള ചമയുന്ന ഈ കാപട്യം എന്തിനുവേണ്ടി? കുഴിയിലേക്കു് കാലുനീട്ടി കഴിഞ്ഞവരല്ലാത്ത കന്യാസ്ത്രീകളെ വിരലിലെണ്ണാന്‍ പോലും യൂറോപ്പിലെ പല രാജ്യങ്ങളിലും ഇന്നു് കാണാനില്ല. ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന ഒരു വര്‍ഗ്ഗമാണു് കന്യാസ്ത്രീകള്‍ എന്നു് ചുരുക്കം. എന്തുകൊണ്ടു് കേരളത്തില്‍ ഈ അവസ്ഥ ഇല്ല? ഭക്തികൊണ്ടാണെന്നു് ഒരുപക്ഷേ അവര്‍ പറയും. കാരണം, അതാണു് സമൂഹം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നതു്. ക്രിസ്തീയതയുടെ വിളഭൂമിയായിരുന്ന യൂറോപ്പില്‍ ഇല്ലാത്ത ക്രിസ്തുഭക്തി എങ്ങനെ കേരളത്തില്‍ വന്നു? സ്വന്തമായി ജോലിചെയ്തു്, വ്യക്തിത്വം പണയം വയ്ക്കാതെ, കുത്തുവാക്കുകള്‍ കേള്‍ക്കാതെ, തെറിച്ചവള്‍ എന്നു് മുദ്രകുത്തപ്പെടാതെ, കേരളീയ സമൂഹത്തില്‍ മഠം ഉപേക്ഷിക്കുന്ന ഒരു കന്യാസ്ത്രീക്കു് ജീവിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, കേരളത്തിലെ മഠങ്ങള്‍ക്കും യൂറോപ്പിലെ സ്ഥിതി തന്നെ വരുമായിരുന്നു. അക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കത്തോലിക്കാസമുദായത്തിലെ പാതിരികളുടെയും കന്യാസ്ത്രീകളുടെയും കൂട്ടുത്തരവാദിത്വം എനിക്കുള്ളതുകൊണ്ടല്ല ഇതു് പറയുന്നതു്. അവരായി, അവരുടെ പാടായി. മറ്റു് രാജ്യങ്ങളില്‍ നിലവിലിരിക്കുന്ന അവസ്ഥ കേരളീയനും മനസ്സിലാക്കിയിരിക്കുന്നതുകൊണ്ടു് തെറ്റൊന്നുമില്ല എന്നൊരു തോന്നല്‍, അത്രമാത്രം. ജീവജാലങ്ങളുടെ നൈസര്‍ഗ്ഗികതക്കെതിരായ ജീവിതരീതിയെ സ്വയംവരിച്ചു്, പ്രകൃതിവിരുദ്ധതയെ ആത്മീയതയെന്നു് തെറ്റിദ്ധരിച്ചു് ആത്മപീഡനം അനുഭവിക്കുന്ന, സ്വന്തം ദൈവത്തിന്റെ പീഡാനുഭവങ്ങള്‍ തന്റെ മാതൃകയും ആദര്‍ശവുമായി വിശ്വസിക്കുന്ന ഒരു വ്യക്തിക്കു്, സഹജീവികളുടെ നിര്‍മ്മലമായ സന്തോഷത്തില്‍ ആനന്ദിക്കാനാവില്ല. അതു് അവനില്‍ ഉണര്‍ത്തുന്നതു് അസൂയയുടെ, അസഹിഷ്ണുതയുടെ നീറ്റലായിരിക്കും. ലൗകികമായ എല്ലാ സുഖങ്ങളും സാത്താന്‍ കണക്കുകൂട്ടി നടപ്പിലാക്കുന്ന ചതികളായേ അവനു് മനസ്സിലാവൂ. സന്തോഷിക്കുന്നവരെ അവരുടെ സന്തോഷത്തില്‍നിന്നും പിന്‍തിരിപ്പിക്കാനാവും അവന്റെ സകല പ്രയത്നവും.
സ്ത്രീകള്‍ക്കു് സുരക്ഷാബോധത്തോടെ വഴിനടക്കാനോ, ബസിലോ പ്ലെയിനില്‍ പോലുമോ ലൈംഗികപീഡനങ്ങള്‍ അനുഭവിക്കാതെ യാത്ര ചെയ്യാനോ കഴിയാത്ത അവസ്ഥ നിലവിലിരിക്കുന്ന ഒരു സമൂഹത്തില്‍ എന്തു് സദാചാരബോധം? എന്തു് ധര്‍മ്മനീതി? ഒരു കന്യകയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന “കന്യകനു്” ചാരിത്ര്യം നഷ്ടപ്പെടുന്നില്ലെന്നുണ്ടോ? ആണിനു് വേണ്ടാത്ത ചാരിത്രശുദ്ധി എന്തിനു് പെണ്ണിനു്? ഒന്നുകില്‍ രണ്ടു് കൂട്ടര്‍ക്കും. അല്ലെങ്കില്‍ ആര്‍ക്കും വേണ്ട. അത്ര ലളിതമാണതു്. ഏതു് നൂറ്റാണ്ടിലാണു് മല്ലുക്കള്‍ ജീവിക്കുന്നതു്? ലൈംഗികത ആണിനു് വേണം, പെണ്ണിനു് വേണ്ട എന്നാണെങ്കില്‍ ലോകം പണ്ടേ മനുഷ്യശൂന്യമായേനെ!
ബസിലെ ആള്‍ത്തിരക്കില്‍ ആരും കാണുന്നില്ലെന്ന ബോധത്തോടെ ഒരു സ്ത്രീയുടെ ശരീരത്തില്‍ ഒന്നു് തോണ്ടി ലൈംഗികദാഹം ശമിപ്പിക്കുന്ന പുരുഷന്മാര്‍ ജീവിക്കുന്ന ഒരു സമൂഹത്തിനു് ദൈവം, ആത്മാവു്, അദ്ധ്യാത്മികത, ചാരിത്ര്യം മുതലായ പദങ്ങള്‍ ഉച്ചരിക്കാന്‍ പോലുമുള്ള അര്‍ഹതയോ അവകാശമോ ഉണ്ടെന്നു് എനിക്കു് തോന്നുന്നില്ല. പരമാത്മാവിനേയും, “ഒബ്ജക്റ്റീവ് മൊറാലിറ്റി”യേയുമെല്ലാം പറ്റി മിണ്ടാതിരിക്കുകയാണു് ഭേദം. (ഈവകകള്‍ എന്തു് കുന്തങ്ങളാണോ ആവോ!?). സ്വന്തം അമ്മയെ ഭാര്യയെ മകളെ സഹോദരിയെ അവരുടെ അനുവാദമില്ലാതെ തോണ്ടാന്‍ വഴിയേ പോകുന്നവര്‍ക്കൊക്കെ വിട്ടുകൊടുക്കുന്നവരാവണം നാണംകെട്ട ഈ ആസ്ഫാള്‍ട്ട് റോമിയോസ്. അല്ലെങ്കില്‍, സ്വന്തം പുരുഷത്വത്തിനു് ഒരു തോണ്ടലിന്റെ മാത്രം വില നല്‍കുന്ന ഈ അവശകാമുകര്‍ തോണ്ടുന്ന സ്ത്രീകള്‍ ആരുടെയോ അമ്മയോ ഭാര്യയോ മകളോ സഹോദരിയോ ഒക്കെ ആണെന്നു് മനസ്സിലാക്കാന്‍ അവര്‍ക്കു് കഴിയേണ്ടതായിരുന്നു.
അതിനേക്കാളൊക്കെ കഷ്ടമാണു് കൊച്ചുകുട്ടികളെ വികൃതമായ ലൈംഗികതക്കു് വിധേയമാക്കാന്‍ പള്ളികളിലും, വായനശാലകളിലും, കുട്ടികള്‍ ഒറ്റക്കു് എത്തിപ്പെടാന്‍ സാദ്ധ്യതയുള്ള മറ്റു് പൊതുസ്ഥലങ്ങളിലും കാത്തിരിക്കുന്ന ആത്മീയഗുരുക്കളും, അമ്മാവന്മാരും, മറ്റു് അഭ്യുദയകാംക്ഷികളും. സ്വന്തം മക്കളെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെടരുതെന്നു് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ഈ വസ്തുതകള്‍ അറിഞ്ഞിരുന്നാല്‍ നന്നു്.