അനിമല്‍ ഫാമിന്റെ പതാക
ജോര്‍ജ്ജ് ഓര്‍വെലിന്റെ ‘അനിമല്‍ ഫാം’ സേര്‍ച്ച് ചെയ്ത കൂട്ടത്തില്‍ ഇങ്ങനെയൊരു റിസല്‍റ്റും കിട്ടി:
“കവിത വിതച്ചത്: എങ്ങനെ ഒരാളെ … kavithavithachath.blogspot.com/2008/03/blog-post_14.html Mar 14, 2008 – … കാര്യമാണു്. ബ്രിട്ടനിലെ ചില വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ അനിമല്‍ ഫാം എന്ന പുസ്തകം ചില്ലറ എഡിറ്റുങ്ങുകള്‍ മാത്രം വരുത്തി ഒന്നാന്തരം ആന്റി കമ്മ്യൂണിസ്റ്റ് വില്‍പ്പനച്ചരക്കാക്കി …”
ജോര്‍ജ്ജ് ഓര്‍വെല്‍ അനിമല്‍ ഫാം എഴുതിയതു് ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ആയിരുന്നു എന്നതു് എനിക്കൊരു പുതിയ അറിവായിരുന്നു. സൂചിതമായ ലിങ്കില്‍ നിന്നും കൂടുതലൊന്നും അറിയാന്‍ കഴിഞ്ഞുമില്ല. അതുകൊണ്ടു് മലയാളം വിക്കിയില്‍ നോക്കി (http://tinyurl.com/oazs3u3). അവിടെനിന്നും, പ്ലോട്ട് സമ്മറിയും, “ഈ നോവലിൽ രണ്ടാം ലോക മഹായുദ്ധത്തിനു് മുമ്പായി സ്റ്റാലിൻ യുഗത്തിലേയും അതിലേക്കു് നയിച്ചതുമായ സംഭവങ്ങൾ പ്രതിഫലിക്കുന്നു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും ഇൻഡിപെൻഡന്റ് ലേബർ പാർട്ടി അംഗവുമായ ഓർവെൽ ജോസഫ് സ്റ്റാലിന്റെ വിമർശകനായിരുന്നു” എന്നൊരു സൂചനയും ലഭിച്ചു. അതില്‍നിന്നും ജോര്‍ജ്ജ് ഓര്‍വെല്‍ ബ്രിട്ടനിലെ വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കുകയായിരുന്നു എന്നു് എന്തായാലും വായിച്ചെടുക്കാനാവില്ലല്ലോ. അങ്ങനെ ഒന്നായിരുന്നു ആ നോവലെങ്കില്‍, എഡിറ്റിംഗ് ഒന്നും നടത്താതെതന്നെ അതു് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പബ്ലിഷ് ചെയ്യുന്നതിനു് എന്തായിരുന്നു തടസ്സം? പ്രൊപഗാന്‍ഡയുടെ ഭാഗമായി ലോകം മുഴുവന്‍ പലതരം കമ്മ്യൂണിസ്റ്റ് സുവിശേഷങ്ങള്‍ വെറുതെയോ, നിസ്സാരവിലയ്ക്കോ വിതരണം ചെയ്തിരുന്ന സോവിയറ്റ് യൂണിയന്‍ അങ്ങനെ ചെയ്തില്ലെന്നു് മാത്രമല്ല, കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇതും, ‘1984’ എന്ന ഓര്‍വെലിന്റെ മറ്റൊരു നോവലും നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ പെടുത്തുക പോലുമായിരുന്നു. വേണ്ടവര്‍ക്കു് ആകെ ലഭിച്ചിരുന്നതു് അവയുടെ ‘Samizdat’ പ്രതികള്‍ മാത്രമായിരുന്നു.
ഗൂഗിള്‍ സേര്‍ച്ചുവഴി കണ്ട ഏതോ ഒരു വാചകത്തിന്റെ പേരില്‍ എന്തിനീ നിഴല്‍ യുദ്ധം എന്ന ചോദ്യം അസ്ഥാനത്തല്ല. പക്ഷേ, ഇതുപോലുള്ള വളച്ചൊടിക്കലുകള്‍ ഒരു പ്രവണതയാണു്. സത്യം അറിയാനുള്ള ഒരു സമൂഹത്തിന്റെ അവകാശത്തിലാണു് ഈ വ്യാജപണ്ഡിതര്‍ കത്തി വയ്ക്കുന്നതു്. സ്വന്തവിശ്വാസത്തില്‍ ഉത്തമബോദ്ധ്യമുള്ളവരെല്ലാംതന്നെ ഈ കലയുടെ ഉസ്താദുകളാണു്. വിശ്വാസം മാര്‍ക്സിസത്തിലായാലും, മതത്തിലായാലും, ദൈവത്തിലായാലും ഇക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. ഖുര്‍ആനില്‍ ബ്ലാക്ക് ഹോളും ബിഗ്-ബാംഗുമൊക്കെ ദര്‍ശിക്കുന്ന അതേ മനോവിഭ്രാന്തി തന്നെയാണു് ഇടതിനെ വലതും, വലതിനെ ഇടതുമൊക്കെ ആക്കി മാറ്റുന്നതിന്റെ പിന്നിലും. അന്യചിന്താഗതിക്കാരെല്ലാം ആടിനെ പട്ടിയും, പട്ടിയെ പേപ്പട്ടിയുമൊക്കെ ആക്കുന്നവരാണു് എന്നു് ഏറ്റവും കൂടുതല്‍ ദുഃഖിക്കുന്നവരും ഇവര്‍തന്നെ. തെറ്റുകള്‍ തിരുത്തുമെന്നു്, അതും തന്നോടു് തന്നെയൊന്നുമല്ല, സകല ലോകത്തോടുമായി ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞതിന്റെ അലയൊലി മായുന്നതിനു് മുന്‍പേ അതേ തെറ്റുതന്നെ ആവര്‍ത്തിക്കുകയും, തൊണ്ടിസഹിതം പിടിക്കപ്പെട്ടു എന്നു് വന്നാല്‍ ഏതു് വയ്ക്കോല്‍പ്പൊട്ടനും തലകുത്തിനിന്നു് ചിരിച്ചു് ചാവുന്നതരം വിശദീകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ‘സല്‍ക്കര്‍മ്മികളായ’ നേതാക്കളാണു് വഴികാട്ടികള്‍. ഇവരെയാണു് അനുയായിവൃന്ദം കര്‍ത്താവു് കുരിശു് ചുമക്കുന്നതുപോലെ ചുമന്നുകൊണ്ടു് നടന്നു് നഗരി കാണിക്കുന്നതു്. ഞങ്ങളെ ചുമക്കുന്ന കലയില്‍ നിങ്ങള്‍ എത്ര സഹനശക്തി കാണിക്കുന്നുവോ, അത്ര പെട്ടെന്നു് നമുക്കു് ലോകത്തെ രക്ഷിക്കാനാവും എന്നാണു് മഞ്ചത്തില്‍ വിശ്രമിക്കുകയും മഞ്ചലില്‍ സഞ്ചരിക്കുകയും ചെയ്യുന്ന സാഡിസ്റ്റുകളായ നേതാക്കള്‍ മാസക്കിസ്റ്റുകളായ ചുമട്ടുകാരെ പഠിപ്പിച്ചിരിക്കുന്ന വേദവാക്യം. ചക്കിക്കൊത്ത ചങ്കരന്‍ എന്നു് ‘സംസ്കൃതം’.
സോവിയറ്റ് യൂണിയനു് എന്തു് സംഭവിച്ചു എന്നു് അറിയുന്നവര്‍ക്കും, അറിയരുതു് എന്നു് നിര്‍ബന്ധമില്ലാത്തവര്‍ക്കും എല്ലാ “അനിമല്‍ ഫാമുകളെയും” കാത്തിരിക്കുന്ന വിധി ജോര്‍ജ്ജ് ഓര്‍വെലിന്റെ അനിമല്‍ ഫാമിന്റേതുതന്നെ ആയിരിക്കുമെന്നു് മനസ്സിലാക്കാന്‍ അധികം ആലോചിക്കേണ്ടി വരുമെന്നു് തോന്നുന്നില്ല. പക്ഷേ, ഏതു് ചീത്ത സാഹചര്യങ്ങളില്‍ നിന്നുള്ള മോചനമാണോ ഫാമിലെ മൃഗങ്ങള്‍ക്കു് വാഗ്ദാനം ചെയ്യപ്പെടുന്നതു്, അതിലും ഭീകരമായുള്ള സാഹചര്യങ്ങളിലേക്കുള്ള ഒരു മരണയോട്ടവും, അതുകൊണ്ടുതന്നെ അര്‍ത്ഥശൂന്യവുമാണു് “അനിമലിസം” എന്ന ഐഡിയോളജി എന്നു് മനസ്സിലാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ മൃഗങ്ങള്‍ മൃഗങ്ങളായിരിക്കുമായിരുന്നില്ലല്ലോ.
ജോര്‍ജ്ജ് ഓര്‍വെല്‍ ഇംഗ്ലണ്ടിലെ വലതുപക്ഷ രാഷ്ട്രീയക്കാരെയല്ല, സോവിയറ്റ് യൂണിയനെയും ജോസഫ് സ്റ്റാലിനെയും ആണു് കളിയാക്കിയതു് എന്നറിയാന്‍ അനിമല്‍ ഫാമിലെ കഥാപാത്രങ്ങളെപ്പറ്റി ഒരു ചെറിയ വിവരണം.
പന്നിവിഭാഗം : (അനിമല്‍ ഫാമിലെ മറ്റു് മൃഗങ്ങളെക്കാള്‍ ബുദ്ധിമാന്മാര്‍, നേതാക്കള്‍)
പന്നികള്‍: സോവിയറ്റ് യൂണിയനിലെ വര്‍ക്കേഴ്സ് കൗണ്‍സിലിലും സ്റ്റാലിന്റെ ഡിക്റ്റേറ്റര്‍ഷിപ്പിലും അധികാരികളായിരുന്ന ബോള്‍ഷെവിക്കുകള്‍.
ഓള്‍ഡ് മേജര്‍: കാര്‍ള്‍ മാര്‍ക്സിനെയും ലെനിനെയും പ്രതിനിധീകരിക്കുന്ന വൃദ്ധനായ ആണ്‍പന്നി (Middle White boar). അനിമല്‍ ഫാമിലെ മൃഗങ്ങളെ അവയുടെ ദുരിതാവസ്ഥ പറഞ്ഞു് മനസ്സിലാക്കുകയും, അതിനു് ഒരറുതി വരുത്താനായി ഒരിക്കല്‍ മൃഗങ്ങളുടെ വിപ്ലവം വരുമെന്നും, അതുവഴി ചൂഷകരായ മനുഷ്യര്‍ ഇല്ലാത്ത, സമത്വസുന്ദരമായ ഒരു മൃഗലോകം ഉറപ്പായും സംജാതമാവുമെന്നും, അതു് സംഭവിക്കുന്നതു് ഒരാഴ്ചകൊണ്ടോ, അതോ നൂറു് വര്‍ഷങ്ങള്‍ കൊണ്ടോ എന്ന കാര്യത്തില്‍ മാത്രമേ ഉറപ്പില്ലായ്മയുള്ളു എന്നും ഓള്‍ഡ് മേജര്‍ മൃഗങ്ങളെ ബോദ്ധ്യപ്പെടുത്തുന്നു. മൃഗങ്ങള്‍ക്കു് ഇഷ്ടാനുസരണം സന്ദര്‍ശിക്കാനും ആരാധന അര്‍പ്പിക്കാനുമായി മേജറുടെ തലയോട്ടിയും സൂക്ഷിച്ചുവയ്ക്കപ്പെടുന്നു – ലെനിന്‍ മൗസോളിയത്തിന്റെ വ്യംഗ്യോക്തി.
നെപ്പോളിയന്‍: ജോസഫ് സ്റ്റാലിനെ സിംബളൈസ് ചെയ്യുന്ന ആണ്‍പന്നി (Berkshire boar). തുടക്കത്തില്‍ സാധുവായി ഭാവിച്ചുകൊണ്ടു്, പട്ടിക്കുഞ്ഞുങ്ങളെ രഹസ്യപ്പോലീസാക്കി വളര്‍ത്തിയെടുത്തു്, സഹചാരി ആയിരുന്ന സ്നോബോളിനെ തുരത്തിയശേഷം ഫാമിന്റെ മുഴുവന്‍ അധികാരവും നെപ്പോളിയന്‍ ഏറ്റെടുക്കുന്നു. അതിനെത്തുടര്‍ന്നു്, ഏതു് അടിച്ചമര്‍ത്തലില്‍ നിന്നാണോ മൃഗങ്ങള്‍ മോചനം നേടാന്‍ ആഗ്രഹിച്ചതു്, അതിനേക്കാള്‍ ക്രൂരമായി അവയെ അടിച്ചമര്‍ത്തുന്നു.
സ്നോബോള്‍: ലിയോ ട്രോട്സ്കിയുടെ അലെഗോറി. നെപ്പോളിയനോടു് ചേര്‍ന്നു് വിപ്ലവം നയിച്ചെങ്കിലും, താമസിയാതെ അവര്‍ തമ്മില്‍ ഭിന്നിക്കുന്നു. നെപ്പോളിയന്റെ പട്ടികള്‍ സ്നോബോളിനെ നാടുകടത്തുകയും വധിക്കുകയും ചെയ്യുന്നു. ഫാമിലെ മുഴുവന്‍ പരാജയങ്ങളുടെയും ഉത്തരവാദിത്വം സ്നോബോളിന്റെ തലയില്‍ വച്ചുകെട്ടുകയും, അവന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ചാരനായിരുന്നു എന്നു് വരുത്തുകയും ചെയ്യുന്നു.
സ്ക്വീലര്‍: വ്യച്ചേസ്ലാവ് മൊളൊടോവിന്റെ സ്ഥാനം ഏറ്റെടുക്കുന്ന കൊഴുത്തു് കുറുകിയ പന്നി. നെപ്പോളിയന്റെ പ്രൊപഗാന്‍ഡ മിനിസ്റ്റര്‍. നെപ്പോളിയന്റെ ഏതു് തീരുമാനത്തെയും ന്യായീകരിക്കുക, എതിരാളികളെ അപമാനപ്പെടുത്തി നിഷ്ക്രിയരാക്കുക, മിസ്റ്റര്‍ ജോണ്‍സ് (tsar) മടങ്ങിവന്നാല്‍ മൃഗസമൂഹം പഴയതിലും ഭീകരമായ അവസ്ഥയെ നേരിടേണ്ടിവരുമെന്നു് ഭയപ്പെടുത്തി വിമര്‍ശനങ്ങളെ മുളയിലേ നുള്ളുക, കഴിഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചു്, യാഥാര്‍ത്ഥ്യങ്ങളെ തെറ്റായി അവതരിപ്പിച്ചു്, മൃഗങ്ങളുടെ ഓര്‍മ്മയെ മനിപ്യുലേയ്റ്റ് ചെയ്തു് വൈരുദ്ധ്യമൊന്നും ഇല്ല എന്ന വ്യാജമായ ധാരണ സൃഷ്ടിക്കുക, മിസ്റ്റര്‍ ജോണ്‍സിന്റെ കീഴിലെ ജീവിതത്തെക്കാള്‍ സുഖസമൃദ്ധമാണു് ഇപ്പോഴത്തേതെന്നു്, മറ്റൊന്നു് ചിന്തിക്കാന്‍ മൃഗങ്ങള്‍ക്കു് ഇടലഭിക്കാത്തവിധം, വീണ്ടും വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞു് ഏതു് പട്ടിണിയേയും ദുരിതത്തേയും വെള്ളപൂശി എല്ലാം ശുഭം എന്നു് വരുത്തുക ഇതൊക്കെയാണു് സ്ക്വീലറുടെ ചുമതല.
പിങ്കൈ: നെപ്പോളിയന്റെ ആഹാരത്തില്‍ ആരും വിഷം ചേര്‍ത്തിട്ടില്ല എന്നു് രുചിച്ചുനോക്കി ഉറപ്പു് വരുത്താനായി നിയോഗിക്കപ്പെട്ട യുവപന്നി. തന്നെ കൊല്ലാനുള്ള ഗൂഢാലോചനയുമായി നടക്കുന്നവരാണു് തനിക്കു് ചുറ്റും എന്ന സ്റ്റാലിന്റെ ഹാലുസിനേഷനിലേക്കും, തത്ഫലമായി നടത്തപ്പെട്ട മഹാശുദ്ധീകരണം (great purge) എന്ന കൂട്ടക്കൊലയിലേക്കുമുള്ള വ്യംഗ്യോക്തി.
കുതിരകളായ കഥാപാത്രങ്ങള്‍ (അനിമല്‍ ഫാമിലെ മൂന്നു് വര്‍ഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നവര്‍):
ബോക്സര്‍: ശക്തനായ വണ്ടിക്കുതിര. താഴെക്കിടയിലുള്ള, എളിയവരായ തൊഴിലാളികളുടെ പ്രതിനിധി. സാമാന്യവിദ്യാഭ്യാസവും കരുത്തുമുണ്ടെങ്കിലും സാവധാനം മാത്രം ചിന്തിക്കാന്‍ കഴിയുന്നവനും നിഷ്കപടനും ആയതിനാല്‍ ചൂഷകരെ നേരിടാനുള്ള ഇച്ഛാശക്തിയും തന്റേടവുമില്ലാത്തവന്‍. ശുദ്ധഗതിക്കാരനും നല്ലവനുമായതിനാല്‍ നേതൃത്വത്തെ അന്ധമായി വിശ്വസിച്ചു്, അവര്‍ക്കുവേണ്ടി സ്വയം മറന്നു് മരിച്ചു് അദ്ധ്വാനിക്കുന്നവന്‍. തൊഴില്‍ സമയത്തു് അപകടം സംഭവിക്കുമ്പോഴും അവനെ തോല്‍വ്യാപാരികള്‍ക്കു് വിറ്റു് ആ പണം കൊണ്ടു് വിസ്ക്കി വാങ്ങാനാണു് നേതാക്കളായ പന്നികള്‍ തീരുമാനിക്കുന്നതു്. ഇതു് ഒരുപക്ഷേ, സോവിയറ്റ് യൂണിയനിലെ ‘Stakhanovite movement’-ലേക്കുള്ള സൂചന ആവാം.
മോളി: റഷ്യന്‍ നൊബിലിറ്റിയെയും ബൂര്‍ഷ്വാസിയെയും സിംബളൈസ് ചെയ്യുന്ന സൗന്ദര്യവതിയും, വിവരം കെട്ടതും, നാര്‍സിസിസ്റ്റിക്കുമായ പെണ്‍കുതിര. സടയില്‍ സന്തോഷത്തോടെ റിബണ്‍ കെട്ടുകയും പഞ്ചസാര (ലക്ഷുറി) ഇഷ്ടപ്പെടുകയുമൊക്കെ ചെയ്യുന്ന മോളി, ഈ രണ്ടു് വിഭാഗത്തെയും പോലെതന്നെ, വിപ്ലവം കഴിഞ്ഞതോടെ ശീലിച്ച സുഖജീവിതം തുടര്‍ന്നും ആസ്വദിക്കുന്നതിനായി വിദേശത്തേക്കു് കുടിയേറി രക്ഷപെടുന്നു.
ക്ലോവര്‍: ദൃഢഗാത്രയെങ്കിലും നാലാമത്തെ പ്രസവത്തിനു് ശേഷം തന്റെ പഴയ ഫോം വീണ്ടുകിട്ടിയിട്ടില്ലാത്ത തള്ളക്കുതിര. സാമാന്യം ശക്തമായ മിഡില്‍ ക്ലാസ്സിനെ പ്രതിനിധീകരിക്കുന്നു. ബോക്സര്‍ (തൊഴിലാളിവര്‍ഗ്ഗം) അപകടത്തില്‍ പെടുമ്പോള്‍ സഹാനുഭൂതിയോടെ അവനെ ശുശ്രൂഷിക്കുന്നു. പഴയ ഏഴു് നിയമങ്ങളില്‍ സ്ക്വീലര്‍ നടത്തിയ തിരിമറികള്‍ മൂലം അവ മറന്നുപോയതില്‍ ലജ്ജിക്കുന്നവള്‍. എങ്കിലും, ബോക്സറുടെ പിന്‍ഗാമികളായ മൂന്നു് യുവകുതിരകള്‍ അവളോടു് വളരെ ബഹുമാനത്തോടെ പെരുമാറുന്നു.
മനുഷ്യപകഥാപാത്രങ്ങള്‍ (സോവിയറ്റ് ശക്തികളല്ലാത്തവര്‍):
മിസ്റ്റര്‍ ജോണ്‍സ്: തന്റെ ഫാമിനെയും അതിലെ മൃഗങ്ങളെയും അവഗണിക്കുന്ന നികൃഷ്ടനായ ഒരു ആല്‍ക്കഹോളിക്. Tsar Nicholas II-യുടെ അലെഗോറി.
മിസ്റ്റര്‍ പില്‍ക്കിങ്ടണ്‍: അലസനെങ്കിലും സമ്പന്നനും സൂത്രശാലിയും. ഫോക്സ്‌വുഡ് ഫാമിന്റെ ഉടമ. അമേരിക്ക, ഇംഗ്ലണ്ട് എന്നീ പാശ്ചാത്യശക്തികളെ പ്രതിനിധീകരിക്കുന്നു. ആരംഭത്തില്‍ ശത്രുക്കള്‍ ആയിരുന്നെങ്കിലും, പിന്നീടു് നെപ്പോളിയനുമായി സഹകരിക്കുന്നു. എന്നിട്ടും അവസാനം അവര്‍ തമ്മില്‍ പോരു് തുടങ്ങുന്നു. റഷ്യയും അമേരിക്കയും തമ്മില്‍ ആരംഭിക്കുന്ന കോള്‍ഡ് വാറിലേക്കുള്ള സൂചന.
മിസ്റ്റര്‍ ഫ്രെഡ്രിക്ക്: എളുപ്പം വഴങ്ങാത്തവനും, കൗശലക്കാരനും. ഫാമിന്റെ അയല്പക്കത്തുള്ള, ചെറിയതെങ്കിലും നല്ലപോലെ പരിപാലിക്കപ്പെടുന്ന പിഞ്ച് ഫീല്‍ഡിന്റെ ഉടമ. അഡോള്‍ഫ് ഹിറ്റ്ലറിനെയും നാറ്റ്സി ജര്‍മ്മനിയെയും സിംബളൈസ് ചെയ്യുന്നു. ഫ്രെഡ്രിക്കും നെപ്പോളിയനുമായി തുടക്കത്തില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നുണ്ടെങ്കിലും, പിന്നീടു് അനിമല്‍ ഫാമിനെ ആക്രമിച്ചു് അവിടത്തെ വിന്‍ഡ്മില്‍ (ഫാമിനെ ഏതു് വിധേനയും വ്യവസായവത്കരിക്കാനുള്ള ശ്രമമാണു് വിന്‍ഡ്മില്‍ സൂചിപ്പിക്കുന്നതു്) നശിപ്പിക്കുന്നു. പക്ഷേ, പ്രത്യാക്രമണത്തില്‍ നെപ്പോളിയന്‍ ഫ്രെഡ്രിക്കിനെ പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്നു. പരസ്പര ആക്രമണം ഒഴിവാക്കുന്ന ഒരു ഉടമ്പടിയില്‍ ഹിറ്റ്‌ലറും സ്റ്റാലിനും ആദ്യം ഒപ്പുവച്ചതും, പിന്നീടു് ഹിറ്റ്ലര്‍ അതു് അവഗണിച്ചുകൊണ്ടു് റഷ്യയെ ആക്രമിച്ചതും, അവസാനം ബാറ്റില്‍ ഓഫ് സ്റ്റാലിന്‍ഗ്രാഡില്‍ വച്ചു് റഷ്യ ജര്‍മ്മനിയെ പരാജയപ്പെടുത്തിയതും ഇവിടെ ഓര്‍മ്മിക്കാം.
മറ്റു് മൃഗങ്ങള്‍:
ബെന്‍ജമിന്‍: വിപ്ലവത്തെയും പന്നികളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരു സിനിക്കല്‍ കഴുത. ബോക്സര്‍ക്കു് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതു് എന്തെന്നു് തിരിച്ചറിയുന്നവനാണു് വായിക്കാന്‍ അറിയുന്നവനും വൃദ്ധനും ബുദ്ധിമാനുമായ ബെന്‍ജമിന്‍. തൊഴിലാളികളോടു് സഹാനുഭൂതി ഉണ്ടെങ്കിലും, വിപ്ലവകാരികളോടു് ചേരാതെ വിപ്ലവത്തിന്റെ ഗതിവിഗതികളെ വീക്ഷിക്കുകയും വിലയിരുത്തുകയും മാത്രം ചെയ്യുന്ന റഷ്യന്‍ സമൂഹത്തിലെ സ്കെപ്റ്റിക്കല്‍ ഇന്റെലിജെന്റ്സിയയെ പ്രതിനിധീകരിക്കുന്നവന്‍. ഗ്രീക്ക് മിഥോളജിയിലെ കസാന്‍ഡ്രയുടെ മാതൃകയില്‍, വിപ്ലവത്തിന്റെ ദുഷിച്ച വശങ്ങളെ മുന്‍കൂട്ടി കാണാന്‍ കഴിയുന്ന ദീര്‍ഘദര്‍ശി.
മൂറിയല്‍: ഫാമിലെ എല്ലാ മൃഗങ്ങളുമായി സൗഹൃദത്തില്‍ കഴിയുന്ന ബുദ്ധിമതിയും വൃദ്ധയുമായ ഒരു ആടു്. ബെന്‍ജമിനെയും സ്നോബോളിനെയും പോലെ, ഫാമില്‍ വായിക്കാനറിയാവുന്ന ചുരുക്കം മൃഗങ്ങളില്‍ ഒരുവള്‍. ഫാമിലെ ഇന്റെലെക്ച്വല്‍സിനെ പ്രതിനിധീകരിക്കുന്നു. വിപ്ലവാനന്തരറഷ്യയിലെ ഇന്റെലെക്ച്വല്‍സിന്റെ തലമുറയെപ്പോലെതന്നെ, കഥാന്ത്യത്തിനു് അല്പം മുന്‍പു് മൂറിയല്‍ മരിക്കുന്നു.
മോസെസ്: സൗമ്യതയുള്ള ഒരു കറുത്ത കാക്ക. റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിനെ സിംബളൈസ് ചെയ്യുന്നു. മോസെസ് ആദ്യം മിസ്റ്റര്‍ ജോണ്‍സുമായി സഹവര്‍ത്തിത്വത്തിലായിരുന്നു. അധികാരത്തില്‍ ഇരിക്കുന്നതു് ആരായാലും, അവരെ അനുസരിക്കുകയും കഠിനമായി ജോലി ചെയ്യുകയും ചെയ്യുന്ന മൃഗങ്ങള്‍ മരണശേഷം മേഘങ്ങള്‍ക്കു് മുകളിലുള്ള ‘കല്‍ക്കണ്ടമലയില്‍’ എത്തി അദ്ധ്വാനഭാരമൊന്നുമില്ലാതെ എന്നേക്കും സുഖമായി വിശ്രമിക്കുമെന്നു് വാഗ്ദാനം ചെയ്യലാണു് മോസെസ് സന്തോഷത്തോടെ ചെയ്യുന്ന ജോലി. ഇഹലോകത്തില്‍ കഷ്ടപ്പാടുകള്‍ പെരുകുമ്പോള്‍ പരലോകം ചൂണ്ടിക്കാണിച്ചു് മോസെസ് മൃഗങ്ങളെ ആശ്വസിപ്പിക്കും – മൃഗങ്ങള്‍ക്കു് അതുകൊണ്ടു് ഗുണമൊന്നുമില്ലെങ്കിലും. സ്റ്റാലിന്‍ റഷ്യന്‍ ഓര്‍ത്തൊഡോക്സ് സഭയെ തിരിച്ചു് കൊണ്ടുവന്നതുപോലെ, നെപ്പോളിയനും മോസെസിനെ മടക്കിക്കൊണ്ടുവരുന്നു.
പേരില്ലാത്ത മൃഗങ്ങളില്‍ ചിലവ:
നായ്‌ക്കുട്ടികള്‍: Bluebell, Jessie, Pincher എന്നീ നായ്ക്കളുടെ കുഞ്ഞുങ്ങള്‍. നെപ്പോളിയന്റെ വ്യക്തിപരമായ സുരക്ഷിതത്വത്തിനും, സ്നോബോളിനെപ്പോലെ അപ്രിയരായ എലെമെന്റുകളെ ഇല്ലായ്മ ചെയ്യുന്നതിനും മറ്റുമായി ഒരുക്കി നിര്‍ത്തിയിരിക്കുന്ന, എന്തു് ചെയ്യാനും മടിയില്ലാത്ത, അനുചരന്മാര്‍. സ്റ്റാലിന്റെ കീഴിലെ Cheka, State Political Directorate (GPU), NKVD എന്നിവയെ പ്രതിനിധീകരിക്കുന്നു.
പിടക്കോഴികള്‍: തങ്ങളുടെ മുട്ടകള്‍ മുഴുവന്‍ വിറ്റു് തുലയ്ക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവര്‍. സ്വന്തമായി ഭൂമിയുള്ളവരും എക്സ്പ്രൊപ്രിയേഷന്‍ ഭയപ്പെടുന്നവരുമായ ‘കുലാക്കുകള്‍’, കര്‍ഷകര്‍ തുടങ്ങിയവരുടെ അലെഗോറി.
പൂച്ചകള്‍: കുഴിമടിയരും, അര്‍പ്പണബോധമില്ലാത്തവരും. ആരാണു് അധികാരത്തില്‍ ഇരിക്കുന്നതു് എന്നതിനെപ്പറ്റി യാതൊരു താത്പര്യവുമില്ലെങ്കിലും, അപകടം മണത്താല്‍ ഉടനടി അപ്രത്യക്ഷമാവുന്ന റഷ്യന്‍ മാഫിയകളും ക്രിമിനലുകളും. ഏതു് ഭരണവ്യവസ്ഥയായാലും സ്വന്തം നേട്ടത്തെപ്പറ്റി മാത്രം ചിന്തിക്കുന്നവരെ പ്രതിനിധീകരിക്കുന്നു.
ചെമ്മരിയാടുകള്‍: ആരെങ്കിലും ദീര്‍ഘനാള്‍ പാടിക്കേള്‍പ്പിക്കുന്നതു് ഏറ്റു് കരയാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത വിഡ്ഢികളും ചിന്താഹീനരും. തങ്ങളുടെ കാര്യം നേടാനായി പ്രോപഗാന്‍ഡ വഴി നേതാക്കള്‍ ദുരുപയോഗം ചെയ്യുന്ന, ഇഗ്നൊറന്റ് ആയ സാമാന്യജനത്തിന്റെ അലെഗോറി.
പൊതുമുദ്രാവാക്യം: “നാലുകാല്‍ നല്ലതു്, രണ്ടുകാല്‍ ചീത്ത”. കാലാന്തരത്തില്‍ പന്നികള്‍ക്കു് മനുഷ്യരൂപം കൈവരാന്‍ തുടങ്ങുമ്പോള്‍ മുദ്രാവാക്യവും മാറുന്നു: “നാലുകാല്‍ നല്ലതു്, രണ്ടുകാല്‍ കൂടുതല്‍ നല്ലതു്!” അഭിപ്രായം ഇരുമ്പുലക്കയല്ല, റബ്ബര്‍ ബാന്‍ഡാണു്.
അനിമല്‍ ഫാമിലെ ആദ്യകാലകല്പനകള്‍: (സ്വരക്ഷക്കായി പന്നികള്‍ പിന്നീടു് തിരുത്തിയ കല്പനകള്‍ ബ്രാക്കറ്റില്‍)
1. Whatever goes upon two legs is an enemy.
2. Whatever goes upon four legs, or has wings, is a friend.
3. No animal shall wear clothes.
4. No animal shall sleep in a bed. (No animal shall sleep in a bed with sheets.)
5. No animal shall drink alcohol. (No animal shall drink alcohol to excess.)
6. No animal shall kill any other animal. (No animal shall kill any other animal without cause.)
7. All animals are equal. (All animals are equal, but some animals are more equal than others.)
അനിമല്‍ ഫാമിന്റെ ഫുള്‍ ലെങ്ത് ആനിമേറ്റെഡ് മൂവി (length 1:11:58) കാണണമെന്നുള്ളവര്‍ക്കു് അതിന്റെ യൂറ്റ്യൂബ് ലിങ്ക്:
ഇംഗ്ലീഷ് വിക്കിയിലെ അനിമല്‍ ഫാമിന്റെ ലിങ്ക്:
http://en.wikipedia.org/wiki/Animal_Farm
“If liberty means anything at all, it means the right to tell people what they do not want to hear.” – George Orwell
കടപ്പാടു്: വിക്കിപ്പീഡിയ