RSS

Monthly Archives: Oct 2018

“ദൈവം വലിയവനാണു്!”

ദൈവവിശ്വാസികളായ മനുഷ്യർക്കു്, അവർ ഏതു് മതത്തിൽ പെടുന്നു എന്ന വ്യത്യാസമില്ലാതെ, ഒരു കാര്യത്തിൽ ഒരുമയുണ്ടെങ്കിൽ അതു് ഇതിലാണു്: (അവരുടെ) ദൈവം വലിയവനാണു്! പോളിതീയിസത്തിലെ ദൈവങ്ങളുടെയിടയിൽ ഒരുതരം ഹയറാർക്കി നിലവിലുണ്ടെങ്കിലും, അതുവഴി അവർ വലിയവരല്ലാതാകുന്നില്ല. ലോകത്തിലെ കോടിക്കണക്കിനു് മുസ്ലീമുകൾ ഓരോ ദിവസവും ഏറ്റവും കുറഞ്ഞപക്ഷം അഞ്ചു് പ്രാവശ്യമെങ്കിലും “അല്ലാഹു അക്ബർ” എന്നു് ആവർത്തിക്കാറുണ്ടു്. ആരെക്കാൾ, അല്ലെങ്കിൽ എന്തിനേക്കാൾ വലിയവനാണു് ദൈവം എന്നു് പറയാത്തിടത്തോളം യാതൊരു അർത്ഥവും നൽകാൻ കഴിയാത്ത ഒരു വാചകമാണതു്.

എത്രമാത്രം വലിയവനാണു് ഒരുവന്റെ ദൈവം? ആ വാക്യം പറയുന്നവനെക്കാൾ വലുതു്? ഈ ഭൂമിയെക്കാൾ വലുതു്? സൗരയൂഥത്തെക്കാൾ? സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയെക്കാൾ? അതുപോലുള്ള കോടാനുകോടി ഗാലക്സികളെ ഉൾക്കൊള്ളുന്ന “നമ്മുടെ” പ്രപഞ്ചത്തേക്കാൾ? ആ പ്രപഞ്ചത്തിനു് സമാന്തരമായി ഉണ്ടായിക്കൂടെന്നില്ലാത്ത കോടാനുകോടി മറ്റു് പ്രപഞ്ചങ്ങളുടെ മൊത്തത്തെക്കാൾ? ആ പ്രപഞ്ചങ്ങളെയെല്ലാം അപ്പാടെ ഉൾക്കൊള്ളാൻ കഴിയുന്ന മറ്റൊരു വലിയ പ്രപഞ്ചത്തെക്കാൾ? എത്രകോടി പ്രാവശ്യം വേണമെങ്കിലും ഇതുപോലെ “ഇൻഫിനിറ്റ് റിഗ്രെസ്” ആയി ചിന്തിക്കപ്പെടാൻ കഴിയുന്ന എത്രയെത്രയോ പ്രപഞ്ചങ്ങളെക്കാളും വലിയവൻ?

ഒരു റഫറൻസ് ഫ്രെയിമിൽ ഉൾപ്പെടുത്തപ്പെടാൻ കഴിയാത്ത പ്രസ്താവനകൾക്കു് എന്തെങ്കിലും അർത്ഥം നൽകാൻ കഴിയില്ല. “നീൽസ് ബോർ വലിയ ഒരു ഫിസിസിസ്റ്റാണു്” എന്ന പ്രസ്താവന സ്വാഭാവികമായും “ഫിസിസിസ്റ്റുകൾ” എന്ന, സ്വതഃസിദ്ധമായ ഒരു റഫറൻസ് ഫ്രെയിം മുന്നോട്ടു് വയ്ക്കുന്നുണ്ടു്. ആ “പരാമർശചട്ടക്കൂടു്” ഉള്ളതുകൊണ്ടാണു് ആ വാചകത്തിനു് ഒരർത്ഥം ഉണ്ടാകുന്നതു്. അതുകൊണ്ടാണു് നീൽസ് ബോറിനെ “ജിയോളജിസ്റ്റുകൾ” എന്ന, തികച്ചും വ്യത്യസ്തമായ, ഒരു ഫ്രെയിം ഓഫ് റഫറൻസിൽ ഉൾപ്പെടുത്തി ചിന്തിക്കാതിരിക്കാൻ മനുഷ്യർക്കു് കഴിയുന്നതു്. അതേസമയം, നീൽസ് ബോർ വലിയവനാണു് എന്ന, “കാലിയായ” ഒരു പ്രസ്താവന കേട്ടാൽ, ഫിസിക്സ് എന്തെന്നോ ശാസ്ത്രം എന്തെന്നോ അറിയാത്ത ഒരു സമൂഹത്തിൽ, ഏറിയാൽ, നല്ല പൊക്കവും തടിയും തൂക്കവുമുള്ള ഒരു മനുഷ്യൻ എന്നതിൽ കവിഞ്ഞ വലിയ ധാരണകളൊന്നും ആർക്കും ഉണ്ടാവാൻ വഴിയില്ല. എന്തിനു്, “മഹാഭാരതം” എന്നൊരു സാഹിത്യസൃഷ്ടിയെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തവർക്കു് “വലിയവനായ” നീൽസ് ബോറിനെ “ഭീമാകാരനായ” ഒരു മനുഷ്യനായിപ്പോലും സങ്കല്പിക്കാൻ കഴിയില്ല. അവരുടെ വോക്യാബ്യുലറിയിൽ “ഭീമൻ” എന്നൊരു പദം ഉണ്ടാവാൻ സാദ്ധ്യതയില്ല എന്നതുതന്നെ കാരണം. മൂന്നു് (സത്യത്തിൽ നാലു്!) മക്കൾക്കു് അമ്മയായ കുന്തിയും, നൂറ്റൊന്നു് മക്കൾക്കു് അമ്മയായ ഗാന്ധാരിയും അവർക്കു് അജ്ഞാതമായിരിക്കുമല്ലോ. (ഗാന്ധാരിക്കു് മക്കൾ നൂറ്റൊന്നു് എങ്കിലും, ധൃതരാഷ്ട്രർക്കു് മക്കൾ നൂറ്റിരണ്ടാണു്!). (ബൈബിൾ പ്രകാരം) ആദിയിൽ ദൈവത്തിന്റെ ആത്മാവു് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നപോലെ, മഹാഭാരതകാലത്തു് ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന്റെ ആത്മാവു് ധൃതരാഷ്ട്രർ അടക്കമുള്ള പുരുഷന്മാരുടെ മീതെയും, നിത്യമണവാളനുവേണ്ടി സ്വന്തം കന്യാചർമ്മം പോറലൊന്നും പറ്റാതെ കാത്തു് സൂക്ഷിക്കുന്ന ഇക്കാലത്തെ ക്രൈസ്തവകന്യാസ്ത്രീകളുടെ ആത്മാവു് കുന്തിയുടെ മീതെയും പരിവർത്തിച്ചുകൊണ്ടിരുന്നു എന്നു് വേണം ഊഹിക്കാൻ.

ഇതുപോലൊരു കിടിലൻ പുസ്തകം ഞാൻ വായിച്ചിട്ടില്ല, ഇതുപോലൊരു കലക്കൻ സിനിമ ഞാൻ കണ്ടിട്ടില്ല, ഇതുപോലൊരു എരമ്പൻ പ്രസംഗം ഞാൻ കേട്ടിട്ടില്ല, ഇതുപോലൊരു ഇരട്ടച്ചങ്കൻ നേതാവിനെ ഞാൻ കണ്ടിട്ടില്ല തുടങ്ങിയ ആത്മനിഷ്‌ഠമായ പ്രസ്താവനകളുടെ കാര്യവും ഏകദേശം ഇതുപോലെതന്നെയാണു്. ആ പ്രസ്താവനകൾ നടത്തുന്നവർ സ്വായത്തമാക്കിയിട്ടുള്ള റെഫറൻസ് ഫ്രെയിമുകളെപ്പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിലേ അവയുടെ അർത്ഥപൂർണ്ണമായ ഒരു വിലയിരുത്തൽ സാദ്ധ്യമാവൂ. അതുകൊണ്ടു്, അവരെ കേൾക്കുന്നവർ ആർജ്ജിച്ചിട്ടുള്ള റെഫറൻസ് ഫ്രെയിമിന്റെ അടിസ്ഥാനത്തിൽ, ഒന്നുകിൽ പറയുന്നതു് പൂർണ്ണമായോ ഭാഗികമായോ വസ്തുതാപരമാണെന്നോ, അല്ലെങ്കിൽ അതു് മൊത്തം തികഞ്ഞ വിഡ്‌ഢിത്തമാണെന്നോ തിരിച്ചറിയാൻ അവർക്കു് കഴിയും. കോപ്പുകളുടെയും, കാപ്പകളുടെയും, പേരിനു് പിന്നിൽ ചേർക്കുന്ന അക്കാഡമിക് ടൈറ്റിലുകളുടെയുമെല്ലാം ലക്ഷ്യം, പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സ്വതവേതന്നെ കഴിവില്ലാത്ത മനുഷ്യരുടെയിടയിൽ ഒരു “ഇമ്പ്രഷൻ” ഉണ്ടാക്കിയെടുക്കുക എന്നതാണു്. അതിന്റെ മറ്റൊരു വകഭേദമാണു്, ഉള്ളടക്കത്തെപ്പറ്റി “എലഗന്റായ” നിശബ്ദത പാലിച്ചുകൊണ്ടു് പുസ്തകക്കവറുകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്യുന്നതു്. അതുവഴി, അത്തരം ഫോട്ടോകൾ “ഞാൻ” പോസ്റ്റ് ചെയ്യുന്നതിനെ ജസ്റ്റിഫൈ ചെയ്യാൻ എനിക്കു് കഴിയും. ആ പുസ്തകങ്ങളുടെ ഉള്ളിൽ എഴുതിയിരിക്കുന്നതു് എന്താണെന്നു് ആരെങ്കിലും ചോദിക്കും എന്ന ഭയവും വേണ്ട. ചുരുക്കിപ്പറഞ്ഞാൽ, മലയാളി, ഡാ!

അതുകൊണ്ടാണു്, പ്രപഞ്ചസ്രഷ്ടാവും, നീ വ്യഭിചരിക്കരുതു് എന്നൊരു കല്പന മനുഷ്യർക്കു് നല്കിയവനുമെന്നു് ബൈബിൾ വിശേഷിപ്പിക്കുന്ന യഹോവ എന്ന “വലിയവനായ” ദൈവം, മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്യപ്പെട്ട ഒരു സ്ത്രീയെ വ്യഭിചരിച്ചു് യേശു എന്നൊരു മകനെ ജനിപ്പിച്ചു എന്നു് പറഞ്ഞു് – അതേ ബൈബിൾതന്നെ – മനുഷ്യരെ “ബുദ്ധിമാന്മാരാക്കാൻ” ശ്രമിക്കുമ്പോൾ, ദൈവമക്കളെന്നു് സ്വയം കരുതുന്ന ചിലരുടെ ഫ്രെയിം ഓഫ് റഫറൻസിൽ അതു് പരമമായ സത്യമായും, റീസൺ ഉപയോഗിച്ചു് ചിന്തിക്കാൻ ശീലിച്ചിട്ടുള്ള മറ്റു് ചിലരുടേതിൽ അതു് സമാനതകളില്ലാത്ത ഒരു നുണയും, തികഞ്ഞ ഊളത്തരമായും തോന്നുന്നതു്. അതുകൊണ്ടാണു്, മറ്റൊരുവന്റെ ഭാര്യയെ സ്വന്തമാക്കാൻ മുഹമ്മദ് നബിക്കു് അല്ലാഹു വെളിപാടു് ഇറക്കിക്കൊടുത്തു എന്നു് വായിക്കുമ്പോൾ അതു് വിശ്വസിക്കാൻ ചിലർക്കും, അതു് അറപ്പുളവാക്കുന്ന ഒരു കെട്ടുകഥ മാത്രമാണെന്നു് വലിയ പരീക്ഷണനിരീക്ഷണങ്ങളുടെ ആവശ്യമൊന്നുമില്ലാതെ മനസ്സിലാക്കാൻ മറ്റു് ചിലർക്കും കഴിയുന്നതു്.

അതുകൊണ്ടാണു്, തന്റെ മുഖത്തു് നിന്നും കൈയിൽ നിന്നും തുടയിൽ നിന്നും പാദത്തിൽ നിന്നും യഥാക്രമം, ബ്രാഹ്മണരെയും ക്ഷത്രീയരെയും വൈശ്യരെയും ശൂദ്രരെയും, തന്റെ ശരീരഭാഗങ്ങളിൽ നിന്നല്ലാതെ – ദൈവമെന്ന നിലയിൽ തന്നിൽ മാലിന്യമൊന്നുമില്ലാത്തതിനാൽ – തന്റെതന്നെ സൃഷ്ടികളിൽ നിന്നും മലം മൂത്രം കഫം “ആർത്തവരക്തം” തുടങ്ങിയ “മാലിന്യങ്ങൾ” കഷ്ടപ്പെട്ടു് ശേഖരിച്ചു് അവകൊണ്ടു് ആദ്യത്തെ നാലു് വിഭാഗങ്ങൾക്കുമുള്ള അതേ മാനുഷികഗുണങ്ങളും ദോഷങ്ങളുമുള്ള, അതേ സൃഷ്ടി-സ്ഥിതി-സംഹാരനടപടിക്രമങ്ങളുള്ള, അതേ ജീവശാസ്ത്രവും ശരീരശാസ്ത്രവും അനുസരിക്കുന്ന വേറെ കുറെ മനുഷ്യരെ “ഹീന ജാതികൾ” എന്ന പേരിൽ സൃഷ്ടിച്ചവനാണു് ബ്രഹ്മാവെന്നും, സ്വന്തമകന്റെ തല വെട്ടിമാറ്റുകയും, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ അവന്റെ സ്വന്തം തലയ്ക്കു് പകരം (വട്ടം തികഞ്ഞ) ഒരു ആനത്തല വച്ചുപിടിപ്പിച്ചു് തടിതപ്പേണ്ട ഗതികേടു് വന്നവനാണു് പരമശിവനെന്നുമെല്ലാം വിശ്വസിക്കാൻ ഭക്തരായ ചിലർക്കും, അവയെല്ലാം കഞ്ചാവോ മാജിക് മഷ്‌റൂമുകളോ പോലുള്ള ഹാലുസിനോജെനിക്കുകളുടെ സ്വാധീനത്തിൽ എഴുതപ്പെട്ട ദൈവകഥാകഥനങ്ങളും, തന്മൂലം യാഥാർത്ഥ്യങ്ങളുമായി ബന്ധമൊന്നുമുണ്ടാവേണ്ട കാര്യമില്ലാത്ത ഭാവനാസൃഷ്ടികളുമാണെന്ന നിഗമനത്തിൽ, സൈക്കഡലിക്കുകൾ മനുഷ്യന്റെ തലച്ചോറിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ ശാസ്ത്രാധിഷ്ഠിതമായി മനസ്സിലാക്കിയിട്ടുള്ള മറ്റു് ചിലർക്കും നിസ്സംശയം എത്തിച്ചേരാൻ കഴിയുന്നതു്.

കഞ്ചാവടിച്ചു് എഴുതപ്പെടുന്ന കവിതകളോ കഥകളോ നോവലുകളോ ആസ്വാദ്യമാകാതിരിക്കണമെന്നില്ല എന്നു് മലയാളികളോടു് പ്രത്യേകം പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല. യാതൊരു അർത്ഥവുമില്ലാതെ, വെറുതെ വാക്കുകൾ കൂട്ടിയിണക്കിയും കവിതയെഴുതാം. സില്മാക്കാരെ ഏൽപ്പിച്ചാൽ അതൊരു “ഹിറ്റ് സോങ്” ആയി രൂപാന്തരപ്പെടുകപോലും ചെയ്യാം. മാർക്സിസം, മാവോയിസം, ഇസ്‌ലാമിസം, ഹിന്ദുത്വ, “ക്രിസ്തുത്വ”, തുടങ്ങിയ എല്ലാവിധ ഐഡിയോളജികളുടെയും, അവയുടെ താത്വികാവലോകനങ്ങളുടെയും അടിത്തറ അർത്ഥശൂന്യതയുടെ അപാരതയിലാണു് പണിതുയർത്തപ്പെട്ടിരിക്കുന്നതു്!

ഓരോ വ്യക്തിക്കും അവന്റേതായ ഭൗതികവും മാനസികവുമായ ലോകങ്ങളുണ്ടു്. അവയാൽ നിശ്ചയിക്കപ്പെടുന്നവയാണു് അവന്റെ ബോദ്ധ്യങ്ങളും, വീക്ഷണകോണങ്ങളും, റെഫറൻസ് ഫ്രെയിമുകളുമെല്ലാം. ഒരു പരിധി വരെയല്ലാതെ, ആർക്കും പൂർണ്ണമായി അറിയാൻ കഴിയുന്നവയല്ല മറ്റു് മനുഷ്യരുടെ ലോകങ്ങൾ. “തന്നതില്ലപരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍” എന്നു് ആശാനും, അതോടൊപ്പം മഹാകവിയുമായ കുമാരന്‍ പണ്ടേ പാടിയിട്ടുണ്ടു്. ഉള്ളുകാട്ടുവാനുള്ള ഉപായങ്ങളെന്നല്ല, എന്തെങ്കിലും കാട്ടുവാനുള്ള ഉപായങ്ങൾ ഈശ്വരൻ എന്നെങ്കിലും നരനോ, “നരിക്കോ” നൽകിയിട്ടില്ല, ഇനിയെന്നെങ്കിലും നല്കുകയുമില്ല. എന്തെങ്കിലും “ഉപായങ്ങൾ” മനുഷ്യർക്കു് ലഭിച്ചിട്ടുണ്ടെങ്കിൽ, അവ പ്രകൃതിയിൽ നിന്നും ലഭിച്ചിട്ടുള്ളവയാണു്. അക്കാര്യത്തിലാണെങ്കിൽ, മനുഷ്യർക്കു് നൽകാതിരുന്ന ചില പ്രത്യേക “ഉപായങ്ങൾ” മനുഷ്യർ അല്ലാത്ത ഒരുപാടു് ജീവജാലങ്ങൾക്കു് ലഭ്യമാക്കുന്ന കാര്യത്തിൽ പിശുക്കു് കാട്ടാതിരിക്കാൻ പ്രകൃതി ശ്രദ്ധിച്ചിട്ടുമുണ്ടു്.

(ഞാൻ നിലനിൽക്കുന്നില്ല, ഒരിക്കലും നിലനിന്നിട്ടുമില്ല എന്ന ക്ഷമാപണത്തോടെ, പ്രപഞ്ചാരംഭത്തിനും ഒത്തിരിയൊത്തിരി മുൻപേതന്നെ ഈശ്വരൻ തലമൊട്ടയടിച്ചു് ശിഷ്ടകാലം പരാന്നഭോജിയായി കാശിയിൽ ചിലവഴിക്കാനായി തന്റെ ഭാണ്ഡം മുറുക്കിയിരുന്നു എന്ന, നിരാശാജനകവും ഹൃദയഭേദകവുമായ വാർത്ത സത്യസന്ധതയുടെ പേരിൽ എന്റെ വായനക്കാരെ അറിയിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണു്.)

വളരെ ഭയപ്പാടോടെയാണു് ഞാനിതു് പറയുന്നതു്. കാരണം, നാളെ, “പ്രകൃതിദൈവത്തിന്റെ ചാവേറുകൾ” എന്ന പുതിയൊരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ എന്നെ ആരോ “add” ചെയ്തതായുള്ള ഒരു “നോട്ടിഫിക്കേഷൻ” എനിക്കു് കിട്ടാനും, അതിൽനിന്നും എത്രയും വേഗം എന്നേക്കുമായി ഓടി രക്ഷപെടേണ്ട ഗതികേടു് എനിക്കു് ഉണ്ടാവാനും ഇടയാക്കുന്നതിനുള്ള വഴിമരുന്നാണു് ഇതുവഴി ഞാൻ ഇടുന്നതു് എന്ന പൂർണ്ണബോദ്ധ്യം എനിക്കുണ്ടു്. ഇതുവരെ നാല്പതോ അൻപതോ ഗ്രൂപ്പുകളിൽ നിന്നും എനിക്കു് രക്ഷപെടേണ്ടി വന്നിട്ടുണ്ടു്. അവയിൽ അധികപങ്കും പരിഷ്കൃതം എന്നു് തോന്നിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഐഡികളുടെ മറവിൽ കമ്മ്യൂണിസ്ററ് പ്രൊപഗാണ്ട നടത്തുന്ന മെഗാഫോണുകളായിരുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളെ സോർട്ട് ചെയ്യാനും കാറ്റഗൊറൈസ് ചെയ്യാനുമെല്ലാം വേണ്ടത്ര സമയം എനിക്കില്ലാത്തതിനാൽ, എല്ലാ ഗ്രൂപ്പുകളെയും ഒഴിവാക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. കേരളസമൂഹത്തിന്റെ സമസ്ത ജീർണ്ണതക്കും പ്രധാനകാരണമായ ഒരു പ്രാകൃതഐഡിയോളജിയെ മനുഷ്യരുടെ തലയിലേക്കു് വെർബൽ ഡയറിയ വഴി ഒളിച്ചു് കടത്താൻ ശ്രമിക്കുന്ന, ഇന്നും കേരളീയസംസ്കാരത്തിന്റെ ഏതൊക്കെയോ മുലക്കച്ചകളിൽ രക്ഷപെടാനാവാത്തവിധം കുരുങ്ങിക്കിടക്കുന്ന എട്ടുകാലിമമ്മൂഞ്ഞുകൾ!

 
Comments Off on “ദൈവം വലിയവനാണു്!”

Posted by on Oct 10, 2018 in Uncategorized