RSS

Daily Archives: Dec 28, 2020

കേരളവും നീതിബോധവും

ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾ, രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ, സാമ്പത്തികനേട്ടങ്ങൾ ലക്ഷ്യമാക്കിയുള്ള കൊലപാതകങ്ങൾ, പെർവെർട്ടുകളുടെ വകയായ ലൈംഗിക കുറ്റകൃത്യങ്ങൾ, കൊലപാതകങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവർ പാലിക്കാൻ ബാദ്ധ്യസ്ഥരായ സർവ്വീസ് റെഗുലേഷൻസ് അനുസരിച്ചു് കൃത്യമായി ജോലി ചെയ്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന, നിരപരാധികൾ അനുഭവിക്കേണ്ടിവരുന്ന അത്യാഹിതങ്ങൾ, മരണങ്ങൾ തുടങ്ങിയവ സംഭവിക്കുമ്പോഴെല്ലാം കേരളജനത “ഇരയുടെ” നീതിക്കുവേണ്ടി താത്കാലികമായി ഒന്നു് തിളച്ചുമറിയും. ഗ്യാസടുപ്പിലിരിക്കുന്ന കഞ്ഞിക്കലം പോലെയാണു് കേരളീയർ. ഫ്ലെയിം കൂട്ടിയാൽ പൊടുന്നനെ ഒന്നു് തിളയ്ക്കും, ഫ്ലെയിം കുറച്ചാൽ “ആരാ പടക്കം പൊട്ടിച്ചേ” എന്ന പുണ്യപുരാതനചോദ്യത്തോടെ തിള നിലയ്ക്കുകയും ചെയ്യും. ഫ്ലെയിം കൂട്ടിയാൽ തിളയ്ക്കും, കുറച്ചാൽ നിലയ്ക്കും. കൂട്ടിയാൽ തിളയ്ക്കും, കുറച്ചാൽ നിലയ്ക്കും. കലം കരിഞ്ഞു് മണം വരുന്നതുവരെ, കാലം കഴിഞ്ഞു് മരണം വരുന്നതുവരെ അനീതിനിർമ്മാർജ്ജനാർത്ഥം ആവർത്തിക്കപ്പെടുന്ന മല്ലുവിന്റെ സാമൂഹികപ്രതികരണകാലചക്രം! അതിനു് ശേഷമുള്ള കാര്യം “ആറടി മണ്ണിന്റെയോ, മാന്തടിയുടെയോ” അധികാരപരിധിയിൽ വരുന്നതാണു്.

കൊലപാതകങ്ങളും മറ്റു് കുറ്റകൃത്യങ്ങളും അന്വേഷിച്ചു് നിയമപരമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ചുമതല ആർക്കാണു്? കേരളത്തിലെ ആഭ്യന്തരമന്ത്രിക്കു്. ആരാണു് ആഭ്യന്തരമന്ത്രി? നീട്ടിപ്പിടിച്ച കത്തികൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടക്കൽ വലിയ ബഹുമതി ആയാലെന്നപോലെ ആഘോഷപൂർവ്വം കൊണ്ടാടുന്ന ഒരു വ്യക്തി. നീട്ടിപ്പിടിച്ച കത്തികളുമായി ഇടപെട്ടിരുന്ന ആ വ്യക്തിയെ ആരാണു് അധികാരത്തിൽ എത്തിച്ചതു്? “ഞാൻ നീട്ടിപ്പിടിച്ച കത്തികൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് നടന്നവനാണു്” എന്നു് കേൾക്കുമ്പോൾ സ്വയം മറന്നു് ആർപ്പിടുന്ന കേരളജനത! സ്വയം വരിച്ചതാണു്, സ്വയമങ്ങു് സഹിച്ചോണ്ടാൽ മതി.

മധുരവാഗ്ദാനങ്ങളുമായി വരുന്ന ആർക്കും വളരെ എളുപ്പം “ഊഞ്ഞാലേ” പാടിക്കാൻ കഴിയുന്ന ശീഘ്രവിശ്വാസികളായ ഊളകളായി മതവും രാഷ്ട്രീയവും സാഹിത്യവും സിനിമയും ഒത്തൊരുമിച്ചു് ദശാബ്ദങ്ങൾകൊണ്ടു് പാകപ്പെടുത്തിയെടുത്ത ഒരു വിഡ്ഢിക്കൂട്ടമാണു് കേരളജനത. ഇന്റലക്ച്വൽ ഫ്രോഡുകൾ “വിസ്താരമ” സ്മൈലിയും സ്വപ്നപദ്ധതികളുമായി സമീപിച്ചാൽ, ദൈവം തന്റെ ഗർഭം ധരിപ്പിക്കൽ വാഗ്ദാനം നൽകാൻ പറഞ്ഞയച്ച ഗബ്രിയേൽദൂതനോടു് നിത്യകന്യകയായ മറിയ, “ഇതാ, ഞാൻ കർത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു് ഭവിക്കട്ടെ” (ലൂക്കോസ് 1:38) എന്നു് തത്ക്ഷണം മനസ്സമ്മതം നൽകിയപോലെ, മലയാളി സമൂഹവും, “അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങ മല്ലൂസിനു് ഭവിക്കട്ടേ, ലാൽ സലാം” എന്ന നിലവിളിയോടെ ഒരൊറ്റക്കിടപ്പങ്ങു് കിടന്നേക്കും!

അരിയും പയറും പപ്പടവും നിറച്ച ഒരു പൊതി കാണിച്ചാൽ മതി, അഴിമതിയിൽ കുളിച്ചുനിൽക്കുന്ന പാർട്ടിക്കു് പോലും ജനങ്ങളിൽ നിന്നും വോട്ടു് പിടുങ്ങി വീണ്ടും അധികാരത്തിലെത്താൻ കഴിയും. അനുഗ്രഹം തരുന്ന ദൈവങ്ങൾക്കും, നക്കാപ്പിച്ച തരുന്ന മനുഷ്യർക്കുമെതിരെയുള്ള വാർത്തകൾ, ഒബ്ജക്റ്റീവായി അവ പൂർണ്ണമായും ശരിയാണെങ്കിൽത്തന്നെയും, ഭക്തജനത്തിന്റെ ദൃഷ്ടിയിൽ എപ്പോഴും കോൺസ്പിരസി തിയറികളായിരിക്കും. ആരോ കുത്തിവച്ച അബദ്ധധാരണകളെ ന്യായീകരിക്കുന്നതിനുവേണ്ടി വേണ്ടിവന്നാൽ അവർ ഭൂമിയെ പപ്പടംപോലെ ഇടിച്ചുപരത്തും! ദൈവം അവർക്കു് അശരീരിയാണു്. അവരുടെ ശൈത്താനു് വാലും കൊമ്പുമുണ്ടു്! അവരിൽ ചിലരുടെ നരകത്തിൽ പാപികളായ മനുഷ്യരെ ഉടലോടെ എണ്ണയിൽ മുക്കി പൊരിക്കാൻപറ്റിയ വാർപ്പുകളും ചെമ്പുകളും ചീനച്ചട്ടികളുമുണ്ടു്. മറ്റു് ചിലരുടെ ലോകത്തിൽ ഇരട്ടച്ചങ്കും, നാലു് കാലുകളും, 64 പല്ലുകളും, 128 നഖങ്ങളുമുള്ള നേതാക്കളുണ്ടു്.

കുഞ്ചൻനമ്പ്യാരുടെ വാക്കുകളിൽ പറഞ്ഞാൽ,

“വൃദ്ധന്മാര്‍ ഒരുകൂട്ടം നിറഞ്ഞു ഭൂതലം തന്നില്‍
ചത്തുകൊൾവതിനേതും കഴിവില്ല കാലനില്ല
മുത്തച്ഛൻ മുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛന്‍ മരിച്ചീല”

എന്ന നിലയിലെത്തി, കേരളരാഷ്ട്രീയത്തിന്റെ മച്ചുംപുറത്തു് മലബന്ധവും മൂത്രതടസ്സവും വാത-പിത്ത-കഫങ്ങളുടെ അസ്ക്യതയുമായി കഴിഞ്ഞുകൂടുന്ന മുത്തച്ഛന്മാർ തങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും, കോവിഡ് വാക്സിനിലും ഗവേഷണം നടത്തുകയാണെന്നു് പരസ്യപ്രസ്താവന നടത്തിയാൽ, അതു് ഇരുകൈകളുംനീട്ടി വാങ്ങി, ഇരുകണ്ണുകൾക്കു് മുന്നിലും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഭക്ത്യാദരവുകളോടെ നിവേദിച്ചു് ആരുടെയൊക്കെയെന്നു് അവർക്കുമാത്രം അറിയാവുന്ന അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉറപ്പുവരുത്തി ഭദ്രമായി മടിയിൽ തിരുകാൻ ലോകത്തിലെ നമ്പർ വൺ എന്നു് വിജൃംഭിക്കുന്ന പ്രബുദ്ധമലയാളിക്കു് അരനിമിഷം ആലോചിക്കേണ്ടതില്ല.

രാഷ്ട്രീയവൃദ്ധസദനത്തിനുമുന്നിൽ നോക്കുകുത്തിയെപ്പോലെ ഒരു ഇരുപത്തൊന്നുകാരിയെ കുത്തിനിർത്തിയാൽ, ആവേശം കൊണ്ടു് ഇരിക്കപ്പൊറുതിയില്ലാതാകുന്ന ആധുനിക കമ്മ്യൂണിസ്റ്റ്, കേരളരാഷ്ട്രീയത്തിന്റെ കംപ്ലീറ്റ് നിയന്ത്രണം സ്ത്രീവർഗ്ഗം കയ്യടക്കിയെന്നും, നേതൃത്വനിര മൊത്തം പ്രായം കുറഞ്ഞുകുറഞ്ഞു് മുലകുടി പ്രായത്തിലെത്തിയെന്നും ആർപ്പിടാൻ മടിക്കില്ല. ഇനി, ഇരുപത്തൊന്നുകാരിക്കു് പകരം, രാഷ്ട്രീയവൃദ്ധസദനത്തിനുമുന്നിൽ പാർട്ടി കുത്തിനിർത്തിയതു് ഫറവോ റാംസെസ് ദ ഗ്രെയ്റ്റിന്റെ മമിയെ ആയിരുന്നെങ്കിൽ, കമ്മി സഖാവു് ചമ്മിപ്പോകുമായിരുന്നു എന്നാണു് നിങ്ങൾ കരുതുന്നതെങ്കിൽ, നിങ്ങൾക്കു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചോ അന്തംകമ്മി സഖാക്കളെക്കുറിച്ചോ ഒരു ചുക്കുമറിയില്ല എന്നേ പറയാനുള്ളു. റാംസെസിന്റെ മമിയെ ഒരു വയോജനകമ്മീഷൻ രൂപീകരിച്ചു് അതിന്റെ ചെയർമാനാക്കി പൊതുജനത്തിന്റെ നികുതിപ്പണം വെട്ടിക്കാതിരുന്നാൽ ഭാഗ്യം!

ഭൂരിപക്ഷം തന്റെ പാർട്ടിക്കാണെങ്കിൽ, ഇത്രയും പേർക്കു് ഒരുമിച്ചു് തെറ്റുമോ എന്നു് ഗോഗ്വാ വിളിക്കുന്ന മാർക്സിസ്റ്റ്, ഭൂരിപക്ഷം എതിർപാർട്ടിക്കാണെങ്കിൽ, ആളുകളുടെ എണ്ണം നോക്കി എങ്ങനെ ശരിയും തെറ്റും നിശ്ചയിക്കാൻ പറ്റും എന്നാവും വലിയകൂട്ടമിടുക! നിറംമാറ്റം ഓന്തിനു് മാത്രമായി റിസർവ്വ് ചെയ്യുന്നതു് സോഷ്യലിസമല്ല എന്ന പക്ഷക്കാരാണു്, അടിസ്ഥാനപരമായി “ജനാധിപതികളായ” കേരള മാർക്സിസ്റ്റുകൾ!

മല്ലു മാർക്സിസ്റ്റ് ഒരു പ്രസ്ഥാനമാണു്, ഒരു പ്രതിഭാസമാണു്, തിരിഞ്ഞുനിന്നും മറഞ്ഞുനിന്നും തലകുത്തിനിന്നും വിളംബരം ചെയ്യപ്പെടുന്ന പരസ്പരവിരുദ്ധമായ രാഷ്ട്രീയപ്രസ്താവനകളുടെ ഒരു ബലികുടീരമാണു്, ഒരു ശവക്കൂനയാണു്! ഒരു മല്ലു മാർക്സിസ്റ്റായി ജീവിക്കുന്നതാണു് പ്രജ്ഞയുടെ, മനുഷ്യന്റെ സുബോധാവസ്ഥയുടെ മരണം!!

 
Comments Off on കേരളവും നീതിബോധവും

Posted by on Dec 28, 2020 in Uncategorized