ബർണബാസ് സുവിശേഷത്തിന്റെ മൂലകൃതി അടുത്തയിടെ ടർക്കിയിൽ കണ്ടുകിട്ടി?
ബര്‍ണബാസ് സുവിശേഷത്തിന്റെ ജർമ്മൻ പതിപ്പിന്റെ പുറംചട്ടക്കുറിപ്പിൽ അതിന്റെ ഒരു മൂലകൃതി അടുത്ത കാലത്തു് ടർക്കിയിൽ കണ്ടെത്തി എന്നു് അവകാശപ്പെട്ടിരുന്നു. അതിനു് ആധാരമെന്നോണം ഒരു ടർക്കി ദിനപ്പത്രത്തിലെ വാർത്ത (Tuerkiye 25.07.1986) സൂചിപ്പിച്ചിട്ടുള്ളതല്ലാതെ, അതിന്റെ ഫോട്ടോയോ, ഉപോദ്ബലകമായ മറ്റെന്തെങ്കിലും തെളിവുകളോ ഹാജരാക്കാൻ ഇതുവരെ പ്രസാധകർക്കു് കഴിഞ്ഞിട്ടില്ല. അതിനാൽ ഒരു പ്രചരണതന്ത്രം എന്നതിൽ കവിഞ്ഞ പ്രാധാന്യം ഈ അവകാശവാദത്തിനു് നൽകാനാവില്ല. ‘ഒരു പഴയ ബൈബിൾ കയ്യെഴുത്തുപ്രതി’ കണ്ടെത്തി എന്ന ‘ചൂടൻ വാർത്തകൾ’ എൺപതുകളുടെ ആരംഭത്തിൽ ടർക്കിയിലെ പല ദിനപ്പത്രങ്ങളിലും വന്നിരുന്നു എന്നതു് ശരിയാണു്. ഏകദേശം അൻപതു് കിലോഗ്രാം തൂക്കം വരുന്നതും റേഡിയോ-കാർബൺ പരിശോധനയിൽ 1900 വർഷങ്ങൾ പഴക്കമുണ്ടെന്നു് തെളിഞ്ഞതുമായ ‘അറാമി-സുറിയാനി’ ഭാഷയിലുള്ള ബർണബാസ് സുവിശേഷമാണു് അതെന്നും, A.D. 325-ലെ നിഖ്യാ സുന്നഹദോസിൽ നിരോധിക്കപ്പെട്ടതിനാൽ ഒരു കാരണവശാലും ക്രിസ്ത്യാനികളുടെ കയ്യിൽപ്പെടാതിരിക്കാൻ അതിർത്തി ഒളിച്ചുകടത്താൻ ശ്രമിക്കുന്നതിനിടയിൽ ശ്രദ്ധിക്കപ്പെടുകയും രക്ഷിക്കപ്പെടുകയുമായിരുന്നു എന്നൊക്കെ ആയിരുന്നു പൊതുവേ ആ വാർത്തകളുടെ ഉള്ളടക്കം. താമസിയാതെതന്നെ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന തിരുത്തലും വന്നു. പുതിയനിയമത്തിന്റെ ചില പ്രതികളും, ഏറിയാൽ നാനൂറു് വർഷങ്ങൾ മാത്രം പഴക്കമുള്ള ബൈബിളിന്റെ ഒരു കയ്യെഴുത്തുപ്രതിയും മാത്രമായിരുന്നു അവ എന്നായിരുന്നു തിരുത്തൽ. രണ്ടായിരം വർഷത്തോളം പഴക്കമുള്ള ഒരു കയ്യെഴുത്തുപ്രതി കണ്ടുകിട്ടിയാൽ പഴക്കത്തിന്റെ മാത്രം പേരിൽ അതു് ലോകത്തിൽ അത്യന്തം ആവേശജനകമായ ഒരു വാർത്തയായിരുന്നേനെ. അപ്പോൾപിന്നെ അതു് ആധികാരികബൈബിളിലെ നിലപാടുകളെ തകിടം മറിക്കുന്ന വസ്തുതകൾ ഉൾക്കൊള്ളുന്ന ഒരു സുവിശേഷം കൂടി ആയിരുന്നാൽ എത്രയെത്ര പണ്ഡിതരും ഗവേഷകരുമായിരുന്നേനെ അതിന്റെ പിന്നാലെ എന്ന കാര്യം പ്രത്യേകം പറയണോ? ‘ചെന്നതും കോലേ പതിനാറു്’ എന്ന രീതിയിൽ വാർത്തകൾ പടച്ചുവിടുന്ന മലയാളപത്രങ്ങൾ വായിച്ചു് ശീലിച്ചിട്ടുള്ള കേരളീയനോടു് പത്രവാർത്തകളുടെ ആധികാരികതയെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടെന്നും തോന്നുന്നില്ല.
(പരിഷ്കൃതരാജ്യങ്ങളിൽ വിഭിന്നമായ മേഖലകളിലെ ഓരോ ചെറിയ വിഷയങ്ങൾവരെ വിശദവും ശാസ്ത്രീയവുമായ പഠനത്തിനു് വിധേയമാക്കാൻ പരിശീലനം നേടുന്നവർ ഗവേഷണം ഒരു ജീവിതദൗത്യമായി സ്വയം ഏറ്റെടുത്തിട്ടുള്ളവരാണു്. അവരെസംബന്ധിച്ചു് വിദ്യാഭ്യാസവും ജോലിയുമൊക്കെ സ്ത്രീധനം വാങ്ങി പെണ്ണുകെട്ടി, വീടുവച്ചു് ജീവിതം ആസ്വദിക്കുന്നതിനുള്ള ഒരു ഉപാധി മാത്രമല്ല. ഭൂരിപക്ഷം കേരളീയർക്കും ഒരുപക്ഷേ ഒരിക്കലും മനസ്സിലാക്കാൻ കഴിയണമെന്നില്ലാത്തതരം ഉത്തരവാദിത്വബോധമാണു് തൊഴിലിനു് അവർ ഇത്ര ഉയർന്ന സ്ഥാനവില നൽകുന്നതിന്റെ ഒരു പ്രധാനകാരണം. അതിനുള്ള അവരുടെ യോഗ്യത നിശ്ചയിക്കപ്പെടുന്നതു് പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയത്തിൽ അവർക്കുള്ള വാസനയിലും താത്പര്യത്തിലും അധിഷ്ഠിതമായാണു്. അല്ലാതെ, മാതാപിതാക്കളുടെ സ്ഥാനമാനങ്ങളോ കുലമഹിമയോ ഉന്നതസ്ഥാനങ്ങളിലെ അവരുടെ പിടിപാടോ അടിസ്ഥാനമാക്കിയല്ല. അവർ പ്രദർശ്ശിപ്പിക്കുന്ന ശാസ്ത്രീയനിഷ്പക്ഷതയും പൊതുസമൂഹത്തിനോടുള്ള പ്രതിബദ്ധതയും പഠനങ്ങളോടുള്ള ആത്മാർത്ഥതയും മൂലം അവർ ജനങ്ങളുടെ ഇടയിൽ വിശ്വാസയോഗ്യരും കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ആധികാരിക പ്രതിനിധികളുമായി അംഗീകരിക്കപ്പെടുന്നു.)
ബ്രദർ മറീനോ (Fra Marino)
ബർണബാസ് സുവിശേഷത്തിന്റെ സ്പാനിഷ് പതിപ്പിന്റെ മുഖവുരയിൽ ബ്രദർ മറീനോ എന്നൊരു സന്യാസി ആ സുവിശേഷത്തിന്റെ മൂലകൃതി പോപ്പ് സിക്സ്റ്റസ് അഞ്ചാമന്റെ (ഭരണകാലം 1585-1590) ലൈബ്രറിയിൽ നിന്നും ഒളിച്ചു് കടത്തുകയായിരുന്നു എന്നൊരു വർണ്ണനയുണ്ടു്. ആ കഥ ചുരുക്കത്തിൽ ഇങ്ങനെ: ക്രൈസ്തവസഭയിലെ ഇൻക്വിസിഷനിൽ പ്രവർത്തിച്ചിരുന്നവനായ സഹോദരൻ മറീനോയ്ക്കു് സഭാപിതാവായിരുന്ന ഐറീനിയസിന്റെ (Irenaeus) എഴുത്തുകളിലെ ഒരു റെഫറൻസ് വഴി ആരംഭകാലക്രൈസ്തവസഭയിൽ ഒരു ബർണബാസ് സുവിശേഷം ഉണ്ടായിരുന്നതായി ഗന്ധം ലഭിക്കുന്നു! പക്ഷേ, ഐറീനിയസിന്റെ അറിയപ്പെടുന്ന ഗ്രന്ഥമായ Adversus haereses-ലോ, ലഭ്യമായ മറ്റേതെങ്കിലും എഴുത്തുകളിലോ ഒരു ബർണബാസ് സുവിശേഷം – അതിനെ വിമര്‍ശിക്കുന്നതിനോ നിന്ദിക്കുന്നതിനോ ആയിപ്പോലും – പരാമര്‍ശിക്കപ്പെടുന്നില്ല. ഏതായാലും, ഈ കഥയുടെ അടിസ്ഥാനത്തിൽ, കുറെ നാളുകൾക്കു് ശേഷം ബ്രദർ മറീനോയെ തന്റെ ലൈബ്രറി കാണിക്കുന്നതിനിടയിൽ പോപ്പ് സിക്സ്റ്റസ് ഉറങ്ങിപ്പോവുകയും ആ തക്കത്തിനു് അവൻ ബർണബാസ് സുവിശേഷം കൈക്കലാക്കുകയും ചെയ്യുകയായിരുന്നത്രേ! മാർപ്പാപ്പ ഉറങ്ങുന്നതിനിടയിൽ പേപ്പൽ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരത്തിൽ തപ്പുന്ന മറീനോയുടെ കയ്യിൽ വലിയ തിരച്ചിൽ ഒന്നും നടത്താതെതന്നെ ഒരു അത്ഭുതം എന്നോണം ബർണബാസ് സുവിശേഷം തടയുകയായിരുന്നിരിക്കാം! accidental coincidence എന്നല്ലാതെ എന്തു് പറയാൻ? (ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും തമ്മിൽത്തല്ലിക്കാൻ ഉചിതമായ ഒരു മാർഗ്ഗം എന്ന നിലയിൽ ‘സമാധാനദൂതനായ’ ഏതെങ്കിലും ഒരു മാലാഖ കൃത്യസമയത്തുതന്നെ പ്രത്യക്ഷപ്പെട്ടു് ആ പുസ്തകം തൊട്ടുകാണിക്കുകയായിരുന്നു എന്നു് കരുതുന്നതിലും അപാകതയൊന്നുമില്ല. മതപരമായ കാര്യങ്ങളിൽ യാദൃച്ഛികതയും ഗുണ്ടുകളുമൊക്കെ എത്രമാത്രം അവിശ്വസനീയമാണോ അത്രയും വലുതുമായിരിക്കും വിശ്വാസി അതിനു് നൽകുന്ന അത്ഭുതമൂല്യം എന്നതാണല്ലോ നമ്മുടെ നിത്യാനുഭവപാഠവും!) ബർണബാസ് സുവിശേഷം ബ്രദർ മറീനോ കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച കഥയൊന്നും അറിയാതെ ഉറക്കമുണർന്ന മാർപ്പാപ്പ മറീനോയെ ലൈബ്രറിയിൽ നിന്നും പുറത്തേക്കു് ആനയിച്ചതോടെ ഒന്നാം അങ്കത്തിന്റെ തിരശ്ശീല വീണു. മറീനോ ആ സുവിശേഷം വിശദമായി പഠിക്കുകയും അതിന്റെ വെളിച്ചത്തിൽ മാനസാന്തരപ്പെട്ടു് മുസ്ലീം ആവുകയും ചെയ്യുന്നു. പിന്നീടു് അവൻ ഈസ്റ്റാൻബൂളിലേക്കു് ഒളിച്ചോടുന്നു. ഈ കഥ ബർണബാസ് സുവിശേഷം വ്യാജമല്ല എന്ന തങ്ങളുടെ നിലപാടിന്റെ ശക്തമായ ഒരു തെളിവായാണു് ഇസ്ലാം താർക്കികർ ചൂണ്ടിക്കാണിക്കുന്നതു്. പക്ഷേ, ഈ വിവരണം അതേ ബർണബാസ് സുവിശേഷത്തിൽത്തന്നെയാണു് രേഖപ്പെടുത്തിയിരിക്കുന്നതെന്നതിനാൽ, ആ സുവിശേഷത്തിന്റെ ഒറിജിനാലിറ്റിയുടേയും ആധികാരികതയുടെയും തെളിവു് എന്ന രീതിയിൽ – ചരിത്രപരമായി വെരിഫൈ ചെയ്യാനാവുന്ന വസ്തുതകളുടെ പിൻബലം ഈ അവകാശവാദത്തിനു് ഇല്ലാത്തിടത്തോളം – അതിനു് കാര്യമായ മൂല്യമൊന്നും നൽകാനാവില്ല എന്ന യാഥാർത്ഥ്യം അവർ സൗകര്യപൂർവ്വം മറക്കുന്നു.
ബർണബാസിന്റെ ശവകുടീരവും സുവിശേഷവും
രക്തസാക്ഷിയായി മരിച്ച ബര്‍ണബാസിന്റെ ശവകുടീരവും അതിൽ മൃതശരീരത്തിന്റെ നെഞ്ചോടു് ചേർത്തുവച്ച രീതിയിൽ ബർണബാസ് സുവിശേഷവും സൈപ്രസിൽ കണ്ടെത്തിയെന്നതാണു് ഇസ്ലാം താർക്കികർ മുന്നോട്ടു് വയ്ക്കുന്ന മറ്റൊരു വാദം. ഇവിടെ പരാമര്‍ശവിഷയമായ ഇറ്റാലിയൻ/സ്പാനിഷ് ബർണബാസ് സുവിശേഷങ്ങളുടെ ഒരു ‘മുൻഗാമിസുവിശേഷം’ ആദ്യകാലക്രിസ്തുമതത്തിൽ നിലനിന്നിരുന്നുവെന്നോ, അതു് ഏതെങ്കിലും വിധത്തിൽ സൈപ്രസിൽ എത്തിപ്പെട്ടുവെന്നോ ഉള്ളതിനു് ചരിത്രപരമായ യാതൊരു തെളിവും ഇല്ല എന്നിരിക്കെ, മുസ്ലീം താർക്കികർ എങ്ങനെ ഇതുപോലൊരു നിഗമനത്തിലെത്തി? അതിന്റെ അടിത്തറ ഒരു ഐതിഹ്യം മാത്രമാണു്. അതിങ്ങനെ: സലാമിസിലെ (സൈപ്രസ്) ഒരു ബിഷപ്പിനു് ബർണബാസ് വെളിപ്പെടുകയും, ഒരു ഗുഹയിലെ ശവപ്പെട്ടിയെപ്പറ്റിയും അതിലെ ബർണബാസിന്റെ മൃതശരീരത്തെപ്പറ്റിയും അതിനോടൊപ്പം ബർണബാസ് സ്വന്തകൈകൊണ്ടു് പകർത്തിയെഴുതിയ അപ്പൊസ്തലനായ മത്ഥിയാസിന്റെ സുവിശേഷത്തെപ്പറ്റിയും അറിയിക്കുകയും ചെയ്യുന്നു. അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ളതായി പതിനാറാം നൂറ്റാണ്ടിലെ ഒരു രചയിതാവു് വർണ്ണിക്കുന്ന ഈ ഐതിഹ്യത്തിനു് ചരിത്രപരമായ ഒരു സ്ഥിരീകരണവുമില്ല. മാത്രവുമല്ല, അതിൻപ്രകാരം, ബർണബാസ് അതു് മത്ഥിയാസ് സുവിശേഷം എന്ന മൂലകൃതിയിൽ നിന്നും പകർത്തി എഴുതുക മാത്രമായിരുന്നു എന്നതിനാൽ അതിന്റെ ഒറിജിനൽ സ്രഷ്ടാവു് മത്ഥിയാസേ ആവൂ, ബർണബാസ് ആവുകയില്ല. പക്ഷേ, ഇസ്ലാം താർക്കികർ അതു് ബർണബാസ് സ്വയം രചിച്ചതാണെന്നാണു് വ്യാഖ്യാനിക്കുന്നതു്!
ബർണബാസ് സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ള രണ്ടു് ലിസ്റ്റുകൾ
ഇസ്ലാം താർക്കികർ ഉന്നയിക്കുന്ന മറ്റൊരു വാദമുഖമാണു്, ബർണബാസ് സുവിശേഷത്തെപ്പറ്റി ജെലേഷ്യസ് ഡിക്രീ (Decretum Gelasianum) എന്ന ലിസ്റ്റിൽ സ്ഥിരീകരിക്കപ്പെട്ട സൂചനയുണ്ടെന്നതു്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ തെക്കൻ ഫ്രാൻസിലോ വടക്കൻ ഇറ്റലിയിലോ രൂപമെടുത്തതാവാം എന്നു് കരുതപ്പെടുന്ന ഈ ലിസ്റ്റിനു് ആ പേരു് ലഭിച്ചതു് Pope Gelasius-ൽ നിന്നുമാണു് (ഭരണകാലം A.D. 492-496). എങ്കിലും, അതിലെ ചില രേഖകൾ Pope Damasus-ന്റെ കാലത്തുനിന്നും വരുന്നവയാണു് (ഭരണകാലം A.D. 366-384). ആ ലിസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ അംഗീകൃതബൈബിളിലെ (പഴയനിയമവും പുതിയനിയമവും) പുസ്തകങ്ങളും, അഞ്ചാം ഭാഗത്തിൽ കാനോനിക്കൽ അല്ലാത്തവയെന്നു് സഭ തിരസ്കരിച്ച അപ്പോക്രിഫയും അല്ലാത്തതുമായ സൃഷ്ടികളും രേഖപ്പെടുത്തിയിട്ടുണ്ടു്. അതിൽ യാക്കോബിന്റേയും പത്രോസിന്റേയും അന്ത്രയാസിന്റേയും അടക്കം പല സുവിശേഷങ്ങളുടെയും കൂട്ടത്തിൽ (മത്ഥിയാസ് സുവിശേഷത്തിനോടു് ചേർന്നു്) ബർണബാസ് സുവിശേഷവും (Evangelium nomine Barnabae apocryphum) രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ നിന്നുതന്നെ വ്യക്തമാവേണ്ടതാണു്, ഇസ്ലാം പക്ഷം അവകാശപ്പെടുന്നതുപോലെ, ബർണബാസ് സുവിശേഷം മറ്റു് സുവിശേഷങ്ങളിൽ നിന്നും വിപരീതമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാവാൻ കഴിയില്ല എന്നതു്. കാനോനികസുവിശേഷങ്ങളിൽ നിന്നും കടകവിരുദ്ധമായ ഉള്ളടക്കമുള്ള ഒന്നായിരുന്നു ബർണബാസ് സുവിശേഷമെങ്കിൽ, അതു് നശിപ്പിക്കാൻ സഭാപിതാക്കൾ തീരുമാനിക്കുന്നതു് സ്വാഭാവികവും വിശ്വാസയോഗ്യവുമാണു്. പക്ഷെ, അങ്ങനെ നശിപ്പിക്കപ്പെട്ട ഒരു സുവിശേഷത്തിന്റെ പേരു് മാത്രം രേഖാമൂലം നിലനിർത്താൻ സഭയിലെ പുരാതനപിതാക്കൾ തീരുമാനിച്ചു എന്നതു് സാമാന്യബോധത്തിനു് നിരക്കുന്നതല്ല. പേരൊഴികെ മറ്റൊരു അംശം പോലും ഇന്നോളം ലഭിച്ചിട്ടില്ലാത്ത ഈ ബർണ്ണബാസ് സുവിശേഷവും മദ്ധ്യകാലബർണബാസ് സുവിശേഷവും തമ്മിൽ എന്തെങ്കിലും ഒരു ബന്ധമുണ്ടെന്നു് സ്ഥാപിക്കാൻ മതിയായ യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല എന്നതാണു് സത്യം.
അതുപോലെതന്നെയുള്ള മറ്റൊരു ലിസ്റ്റാണു് ഏഴാം നൂറ്റാണ്ടിൽ നിന്നുള്ള ‘അറുപതു് കാനോനിക്കൽ പുസ്തകങ്ങളുടെ ലിസ്റ്റ്’. 34 പഴയനിയമപുസ്തകങ്ങളും 26 പുതിയനിയമപുസ്തങ്ങളും (യോഹന്നാനുണ്ടായ വെളിപാടു് അതിലില്ല) അടങ്ങുന്ന 60 കാനോനിക്കൽ പുസ്തകങ്ങളുടെ ലിസ്റ്റിനു് പുറമേ ഒൻപതു് മറ്റു് പുസ്തകങ്ങളും, അവയെ കൂടാതെ 25 അപ്പോക്രിഫൽ പുസ്തകങ്ങളും ആ ലിസ്റ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. ആ ഇരുപത്തഞ്ചിൽ (ജെലേഷ്യസ് ഡിക്രീയിൽ എന്നപോലെതന്നെ) മത്ഥിയാസ് സുവിശേഷത്തിനോടു് ചേർന്നു് ബർണബാസ് സുവിശേഷവും നിലകൊള്ളുന്നു. ചുരുങ്ങിയതു് ഒരു നൂറ്റാണ്ടിന്റെയെങ്കിലും അകൽച്ചയിൽ രൂപമെടുത്ത ഈ രണ്ടു് ലിസ്റ്റുകളും തമ്മിൽ പൗരസ്ത്യവും പാശ്ചാത്യവും എന്ന ഭൂമിശാസ്ത്രപരമായ അകൽച്ചയുമുണ്ടു്. ഈ രണ്ടു് ലിസ്റ്റുകളിലൊഴികെ മറ്റൊരിടത്തും ബർണബാസ് സുവിശേഷം പരാമര്‍ശിക്കപ്പെടുന്നില്ല. ഈ ലിസ്റ്റുകളിൽ പറയുന്ന പുസ്തകങ്ങളിൽ ബർണബാസ് സുവിശേഷം ഒഴികെ മറ്റെല്ലാ പുസ്തകങ്ങളും പൂർണ്ണമോ ഭാഗികമോ ആയി ലഭിച്ചിട്ടുണ്ടുതാനും. ഈ രണ്ടു് ലിസ്റ്റുകളിലും പേരുണ്ടായിട്ടും ബർണബാസ് സുവിശേഷം മാത്രം എന്തുകൊണ്ടു് ഒരു തെളിവുമില്ലാതെ അവശേഷിക്കുന്നു? ഇതിനു് ന്യായമായ എന്തെങ്കിലും വിശദീകരണം കണ്ടെത്താനാവുമോ? പുരാതനരേഖകളിൽ ലഭ്യമായ നുറുങ്ങുകൾ കൂട്ടിച്ചേർത്താൽ ഈ സമസ്യക്കു് ഒരു പരിഹാരം കാണാനാവുമോ എന്നു് നോക്കാം.
ഇബായണൈറ്റ് ചിന്താധാരയുടെ അംശങ്ങൾ
ഈ വിഷയം പഠനവിധേയമാക്കിയ പല പണ്ഡിതരും ബർണബാസ് സുവിശേഷത്തിൽ ആരംഭകാലക്രിസ്തുമതത്തിലെ ഒരു വിഭാഗമായിരുന്ന ഇബായണൈറ്റുകളുടെ (Ebionites) ചിന്താധാര ദര്‍ശിക്കുന്നവരാണു്. മോശെയുടെ ന്യായപ്രമാണത്തിനു് യേശു നൽകിയ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തിൽ യഹൂദനിയമങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന നിലപാടു് സ്വീകരിച്ചിരുന്ന യഹൂദ-ക്രൈസ്തവരുടെ ഒരു സെക്റ്റായിരുന്നു ഇവർ. ദാരിദ്ര്യത്തെ മഹത്വീകരിച്ചിരുന്ന ഇവർ യേശുവിനെ മശിഹാ ആയിട്ടല്ലാതെ ദൈവമായി അംഗീകരിച്ചിരുന്നില്ല. യേറുശലേം സഭയുടെ തലവൻ എന്ന നിലയിൽ യാക്കോബിനെ (James the Just) ആദരിച്ചിരുന്ന ഇക്കൂട്ടർ ‘ജാതികളുടെ അപ്പൊസ്തലൻ’ എന്നു് സ്വയം വിശേഷിപ്പിച്ചിരുന്ന പൗലോസിനെയും (Paul of Tarsus) അവന്റെ പഠിപ്പിക്കലുകളെയും നിഷേധിച്ചിരുന്നു.
പുരാതനപിതാക്കളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്ന പ്രകാരം, ഈ വിഭാഗം ആധാരമാക്കിയിരുന്നതു് ‘യഹൂദ സുവിശേഷം’ എന്നുകൂടി അറിയപ്പെടുന്ന മത്തായിയുടെ സുവിശേഷമായിരുന്നു. പ്രത്യേകിച്ചും ‘ജാതിയിൽ’ നിന്നും വരുന്നവനായ ലൂക്കോസിന്റെ സുവിശേഷം അവർ ഒഴിവാക്കിയിരുന്നു! സ്വാഭാവികമായും യഹൂദരായിരുന്ന ആദ്യകാലപിതാക്കൾ ക്രിസ്തുമതത്തിന്റെ യഹൂദപൈതൃകത്തിനെ ഏറെ വിലമതിച്ചിരുന്നു എന്നതിനാൽ, യേശുവിന്റെ ‘മണ്ണിൽ’, യേശുവിന്റെ ഭാഷയിൽ ആദ്യമായി എഴുതപ്പെട്ട ഒരു ‘യഹൂദ’സുവിശേഷം എന്ന ബഹുമതി അവർ മത്തായിയുടെ സുവിശേഷത്തിനു് നൽകിയിരുന്നു. ആദ്യകാലങ്ങളിൽ അവർ മറ്റു് സുവിശേഷങ്ങളെ പരാമർശ്ശിച്ചിരുന്നതുപോലും വളരെ വിരളമായിട്ടായിരുന്നു എന്നു് രേഖകൾ വെളിപ്പെടുത്തുന്നു.
മത്തായി/മത്ഥിയാസ് – ബർശബാസ്/ബര്‍ണബാസ്
യേശുവിനെ ഒറ്റിക്കൊടുത്തവനായ ഇസ്കാര്യോത്ത് യൂദായുടെ ആത്മഹത്യമൂലം വന്ന ഒഴിവിലേക്കു് പന്ത്രണ്ടാമത്തെ ശിഷ്യനായി മത്ഥിയാസ് തിരഞ്ഞെടുക്കപ്പെടുന്നതായി അപ്പൊസ്തലപ്രവൃത്തികളിൽ വായിക്കാം: “…. അങ്ങനെ അവർ യുസ്തോസ് എന്നു് മറുപേരുള്ള ‘ബർശബാ’ എന്ന യോസേഫ്, മത്ഥിയാസ് എന്നെ രണ്ടുപേരെ നിർത്തി. … … ചീട്ടു് മത്ഥിയാസിനു് വീഴുകയും അവനെ പതിനൊന്നു് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.” (അപ്പൊ. പ്രവൃത്തികൾ 1: 21-26). പക്ഷേ, ഇബായണൈറ്റ് വിശ്വാസപ്രകാരം, ഈ തിരഞ്ഞെടുപ്പിൽ ജയിച്ചതു് മത്ഥിയാസ് ആയിരുന്നില്ല, ബർശബാസ് ആയിരുന്നു. ഇവിടെ പരാമര്‍ശവിഷയമായ മദ്ധ്യകാലബർണബാസ് സുവിശേഷത്തിൽ (അദ്ധ്യായം 14) യേശുവിന്റെ ശിഷ്യന്മാരെ വർണ്ണിക്കുന്ന ഭാഗത്തു്, ബർണബാസിനെ യേശുവിന്റെ ശിഷ്യനായി വിശേഷിപ്പിക്കുന്നതു് ശ്രദ്ധിക്കൂ: “… നികുതിസ്ഥലത്തു് ഇരുന്നവനായ ചുങ്കക്കാരൻ മത്തായി, അവനോടുകൂടെ ഇതെഴുതിയവനായ ബർണബാസ്; …”.
രണ്ടുപേർ വീതമുള്ള ഗ്രൂപ്പുകളായാണു് പൊതുവേ ശിഷ്യന്മാർ വർണ്ണിക്കപ്പെടുന്നതു്. ബൈബിളിൽ മത്തായിയുടെ ‘ഇരട്ട’ തോമാസാണു്. ബർണബാസ് സുവിശേഷത്തിൽ തോമാസ് ഒഴിവാക്കപ്പെടുന്നു. ലേവി ഗോത്രക്കാരായ മത്തായിയും ബർണബാസുമാണു് അവിടെ ഒരു ഗ്രൂപ്പാവുന്നതു്. മത്തായിയും മത്ഥിയാസും, അതുപോലെതന്നെ ബർശബാസും ബർണബാസും പരസ്പരം മാറ്റിയെഴുതാവുന്ന പേരുകളാണെന്നു് തെറ്റിദ്ധരിക്കപ്പെട്ടു എന്നു് ഒരുനിമിഷം അനുമാനിച്ചാൽ, ബർണബാസ് യേശുവിന്റെ ശിഷ്യനായിരുന്നുവെന്ന മദ്ധ്യകാല ബര്‍ണബാസ് സുവിശേഷത്തിലെ അവകാശവാദം യൂദാസിന്റെ ഒഴിവിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബർശബാസ് മത്ഥിയാസിനെയാണു് തോൽപ്പിച്ചതെന്ന ഇബായണൈറ്റ് നിലപാടുമായി പൊരുത്തപ്പെടുന്നതു് കാണാം. കൂട്ടത്തിൽ പറയട്ടേ, പുതിയനിയമത്തിൽ മർക്കോസിന്റെ ബന്ധുവായി വർണ്ണിക്കപ്പെടുന്ന ബര്‍ണബാസ് പൗലോസുമായിട്ടാണു് ഒരു ഗ്രൂപ്പിൽ വരുന്നതു്.
മത്തായി/മത്ഥിയാസ് – ബർശബാസ്/ബര്‍ണബാസ്! അപ്പൊസ്തലപ്രവൃത്തികളിൽ മത്ഥിയാസും ബർശബാസും, ക്ലെമന്റൈൻ വൾഗെയ്റ്റിൽ (Clementine Vulgate) മത്ഥിയാസും ബർണബാസും, മറ്റു് പല രേഖകളിലും മത്തായിയും ബര്‍ണബാസും! മുകളിൽ പറഞ്ഞ രണ്ടു് ലിസ്റ്റുകളിലും മത്ഥിയാസിന്റെ സുവിശേഷവും ബർണ്ണബാസിന്റെ സുവിശേഷവും ചേർന്നാണു് നിൽക്കുന്നതെന്നുംകൂടി ഇതിനോടു് ചേർത്തു് വായിക്കുക. വിചിത്രമെന്നോണം, ഇതേ ഗ്രൂപ്പിംഗ് മദ്ധ്യകാല ബർണബാസ് സുവിശേഷത്തിലും നമ്മൾ കാണുന്നു: “… ചുങ്കക്കാരൻ മത്തായി, അവനോടുകൂടെ ഇതെഴുതിയവനായ ‘ബർണബാസ്'”!
ശിഷ്യന്മാരുടെ പേരുകൾ തമ്മിലുള്ള സാമ്യം
പുതിയനിയമത്തിലെ കഥാപാത്രങ്ങളായ ശിഷ്യന്മാരുടെയും അനുയായികളുടെയുമെല്ലാം പേരുകൾ ഈവിധം ഏതാണ്ടു് അവിയൽ പരുവത്തിലാണെന്നു് പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നുമില്ല. ശിഷ്യന്മാരുടെ പേരുകളിലെ വൈവിധ്യവും, അവ തമ്മിൽത്തമ്മിലുള്ള സാമ്യവും തുടക്കക്കാരിൽ ഉണ്ടാക്കിയേക്കാനിടയുള്ള ചിന്താക്കുഴപ്പങ്ങൾ ഒഴിവാക്കാനായി അവ ഇവിടെ ചേർക്കുന്നു.
ലൂക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായത്തിൽ 12 മുതൽ 17 വരെ വാക്യങ്ങളിൽ നൽകിയിരിക്കുന്ന ശിഷ്യന്മാരുടെ പേരുകൾ: “ആ കാലത്തു് അവൻ പ്രാർത്ഥിക്കേണ്ടതിന്നു് ഒരു മലയിൽ ചെന്നു് ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരിൽ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവർക്കു് അപ്പൊസ്തലന്മാർ എന്നും പേർ വിളിച്ചു. അവർ ആരെന്നാൽ: (മീൻപിടുത്തക്കാരായ) പത്രോസ് എന്നു് അവൻ പേരു് വിളിച്ച ശീമോൻ, അവന്റെ സഹോദരൻ അന്ത്രയാസ്, (മീൻപിടുത്തക്കാരനായ സെബെദിയുടെ മകൻ) യാക്കോബ്, (അവന്റെ സഹോദരൻ) യോഹന്നാൻ, ഫിലിപ്പോസ്, ബാർത്തൊലോമിയസ്, (ചുങ്കക്കാരനായ) മത്തായി, തോമാസ്, അൽഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശീമോൻ, യാക്കോബിന്റെ സഹോദരനായ യൂദാ (Jude of James, Jude Thaddaeus, Judas Thaddaeus or Lebbaeus എന്ന പല പേരുകളിൽ അറിയപ്പെടുന്നു), ഒറ്റിക്കൊടുത്തവനായ ഈസ്കാര്യോത്ത് യൂദാ എന്നിവർ തന്നേ”. (ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ മത്തായിയുടെ സുവിശേഷത്തിൽ നിന്നും ബൈബിളിലെ മറ്റു് ഭാഗങ്ങളിൽ നിന്നും എടുത്തവയാണു്.) ഈ ലിസ്റ്റ് ശ്രദ്ധിച്ചാൽ, ശീമോൻ എന്നപേരിലും, യാക്കോബ് എന്ന പേരിലും, യൂദാ എന്നപേരിലും ഈരണ്ടുപേർ വീതമുണ്ടെന്നു് മനസ്സിലാവും. പോരെങ്കിൽ സിറിയൻ സഭാപാരമ്പര്യപ്രകാരം തോമാസിനുമുണ്ടു് യൂദാസ് എന്നൊരു മറുപേരു്! (Didymos Judas Thomas). പത്രോസ് എന്നു് അവൻ പേരു് വിളിച്ചവൻ, സെബേദിയോസിന്റെ മകൻ, ഒറ്റിക്കൊടുത്തവൻ, ദിദിമോസ് തോമാസ് മുതലായ വിശേഷണങ്ങളിലൂടെ ശീമോന്മാരെയും, യാക്കോബുമാരെയും, യൂദാമാരെയും തിരിച്ചറിയാനാവുമെങ്കിലും, ഈ വിശേഷണങ്ങൾ പുരാതനസഭയിലെ എല്ലാ സൃഷ്ടികളിലും എല്ലായ്പോഴും ഉപയോഗിച്ചിട്ടുണ്ടാവണം എന്നു് നിർബന്ധമില്ലാത്തതിനാൽ, തെറ്റിദ്ധാരണകൾക്കുള്ള സാദ്ധ്യത കുറവല്ല.
താരതമ്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനായി, ശിഷ്യന്മാരുടെ പേരുകൾ പറഞ്ഞിരിക്കുന്ന ബർണബാസ് സുവിശേഷത്തിലെ ഭാഗംകൂടി:
“ദൈവനിയമപ്രകാരം നടക്കേണ്ടതിനു് മനസ്സുവച്ചവരായ ജനങ്ങളുടെ എണ്ണം പെരുകുന്നതുകണ്ടപ്പോൾ യേശു മലയിലേക്കു് കയറിച്ചെന്നു് പ്രാർത്ഥനയിൽ രാത്രി കഴിച്ചു. നേരം വെളുത്തപ്പോൾ അവൻ മലയിൽ നിന്നും ഇറങ്ങിവന്നു് താൻ അപ്പൊസ്തലന്മാർ എന്നു് വിളിച്ച പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവരിൽ ഒരുവനാണു് കുരിശിൽ തറച്ചു് കൊല്ലപ്പെട്ട യൂദാസ്. അവരുടെ പേരുകൾ ഇവയാണു്: മീൻപിടുത്തക്കാരായ അന്ത്രയാസും അവന്റെ സഹോദരൻ പത്രോസും; നികുതിസ്ഥലത്തു് ഇരുന്നവനായ ചുങ്കക്കാരൻ മത്തായി, അവനോടുകൂടെ ഇതെഴുതിയവനായ ബർണബാസ്; സെബെദിയുടെ മക്കളായ യോഹന്നാനും യാക്കോബും; തദെയൂസും യൂദാസും; ബാർത്തൊലോമിയസും ഫിലിപ്പോസും; യാക്കോബും ഒറ്റുകാരനായ യൂദാസ് ഇസ്കാര്യോത്തും.” (അദ്ധ്യായം 14)
(തുടരും)