RSS

Daily Archives: Mar 2, 2010

ബഹുമാനം താടാ!

ഏതാനും ദിവസങ്ങളായി ഞാൻ വളരെ അസ്വസ്ഥനായിരുന്നു. മലയാളബ്ലോഗ്‌ സമൂഹം ഒരു തീമാറ്റിക്‌ റിസെഷൻ നേരിടേണ്ടിവരുമോ എന്നതായിരുന്നു എന്റെ ഭയം. ഒന്നാലോചിച്ചുനോക്കൂ. ഒരു സുപ്രഭാതത്തിൽ മനോരമ മാതൃഭൂമി ദേശാഭിമാനി മുതലായ പത്രങ്ങൾ തലക്കെട്ടുകൾ മാത്രമുള്ള കുറെ വെള്ളക്കടലാസുകൾ സൂക്ഷിച്ചു് നോക്കിയാൽ മാത്രം കാണാനാവുന്ന ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന, “ഇന്നു് വാർത്തയൊന്നുമില്ല. ജ്യോതിഷക്കാരുടെയോ മറ്റു് രോഗശാന്തിതട്ടിപ്പുകാരുടെയോ പോലും പരസ്യങ്ങളും തരപ്പെട്ടില്ല”, എന്നൊരറിയിപ്പുമായി വരിക്കാരുടെ വീട്ടുപടിക്കൽ എത്തുന്ന ഒരവസ്ഥ! അല്ലെങ്കിൽ, ചാനലുകളിലെ വാർത്താവായനക്കാരി/രൻ ഒരു ചമ്മലോടെ “ഇന്നു് വായിക്കാൻ വാർത്തയൊന്നുമില്ല” എന്നു് പറയുന്ന ഒരവസ്ഥ! വായുഗുളിക വാങ്ങാൻ പോകുമ്പോൾ വാഹനസമരം, പേറ്റുവേദനക്കാരിയെ തലച്ചുമടായി പോലും ആശുപത്രിയിൽ എത്തിക്കാൻ പറ്റാത്തവിധം റോഡ്‌ ബ്ലോക്ക്‌ ചെയ്തുകൊണ്ടുള്ള മഹാസമ്മേളനജാഥകൾ, അത്യാഹിതത്തിൽ പെട്ടവരെ രക്ഷപെടുത്താൻ കൂടി അനുവദിക്കാത്തവിധം ചാണകപ്പുഴുക്കളെപ്പോലെ തിക്കിത്തിരക്കി നുഴഞ്ഞുകയറി പോട്ടം പിടിക്കാനും അന്ത്യശ്വാസം വലിക്കുന്നവനെ “ഇന്റർവ്വ്യൂ” ചെയ്യാനും ശ്രമിക്കുന്ന ചാനൽചെന്നായ്ക്കൾ മുതലായവയൊക്കെ മലയാളികൾ പണ്ടേ ശീലിച്ചുകഴിഞ്ഞു. ഇപ്പോൾ അതൊക്കെ കാണുമ്പോൾ അവർ “ശിർച്ചു് ശിർച്ചു് ശാവുകയാണു്” പതിവു്. മലയാളം സിൽമകൾ കണ്ടുകണ്ടു് മനസ്സു് മരവിച്ചുമുരടിച്ച മലയാളികളിൽ ഇപ്പോൾ ഒരുമാതിരി അത്യാഹിതങ്ങളൊന്നും കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാറില്ല. അത്യാഹിതങ്ങളുടെ തൽസമയപ്രക്ഷേപണങ്ങളിലേക്കു് ആരെങ്കിലും തിരിഞ്ഞുനോക്കണമെങ്കിൽ മരിച്ചുകിടക്കുന്നവരുടെ ദേഹത്തേക്കു് ഒരു ലോഡ്‌ കടുംചുവപ്പു് ചായം കൂടി കോരി ഒഴിച്ചു് ഇത്തിരി ഇഫക്റ്റ്‌ ഉണ്ടാക്കേണ്ടിവരുന്ന കാലം വിദൂരമല്ലെന്നു് തോന്നുന്നു.

അതിനേക്കാൾ ഒക്കെ ദയനീയമായിരിക്കുകയില്ലേ “ചത്ത പാന്റ്‌സ്‌” പോലെ ഒരനക്കവുമില്ലാത്ത ഒരു മലയാളം ബ്ലോഗ്‌ ലോകം? കണ്ണുള്ളപ്പോൾ കണ്ണിന്റെ ഗുണം അറിയാനാവില്ല എന്നപോലെയാണു് ബ്ലോഗിന്റെ കാര്യവും. ബ്ലോഗിലെ ആസന്നഭൂതകാലം എത്ര ആശയസമൃദ്ധമായിരുന്നു എന്നു് നോക്കൂ. ഉണ്ണിത്താൻ, സക്കറിയ, തിലകൻ, മോഹൻലാൽ, സുകുമാർ അഴീക്കോടു് – അങ്ങനെ എത്രയെത്ര ഗഹനമായ വിഷയങ്ങൾ! ഇതത്ര നിസ്സാരമായി തള്ളിക്കളയേണ്ട കാര്യമല്ല. മനസ്സും ശരീരവും പൂർണ്ണമായി അർപ്പിച്ചുകൊണ്ടു് പ്രതിജ്ഞാബദ്ധരായി ഓരോരോ കാര്യങ്ങൾ ചെയ്യുന്ന മനുഷ്യർ പെട്ടെന്നു് ഒന്നും ചെയ്യാനില്ലാത്ത ഒരുതരം ശൂന്യാവസ്ഥയെ നേരിടേണ്ടിവന്നാൽ അതു് താങ്ങാൻ അവർക്കാവില്ല. അവരുടെ നാശത്തിലേ അതു് കലാശിക്കൂ. അതുതന്നെയാണു് സജീവമായി ബ്ലോഗിൽ പരിചമുട്ടു് കളിക്കുന്നവരുടെ അവസ്ഥയും. മുട്ടാൻ പരിച ഇല്ലാതാവുന്ന ഒരവസ്ഥ! എത്ര ഭീകരമായിരിക്കുമതു്! എന്തുകാര്യത്തെപ്പറ്റിയും മലയാളികൾ വളരെ മുൻകൂട്ടിത്തന്നെ ഒരു പ്ലാൻ തയ്യാറാക്കുന്നവരാണെന്നതു് ഈ വസ്തുതയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. മെത്തിയൊഴുകിക്കൊണ്ടിരിക്കുന്ന പുഴ വറ്റുകയും അക്കരെ പൂട്ടിയിട്ടിരിക്കുന്ന, അതുകൊണ്ടുതന്നെ കടിയനാവാൻ സാദ്ധ്യതയുള്ള, പട്ടിയുടെ തുടൽ അറ്റുപോവുകയും ചെയ്താൽ ഇക്കരെ നിൽക്കുന്നവന്റെ അവസ്ഥ എന്താവുമെന്നതിനെപ്പറ്റി മലയാളികൾ പുരാതനകാലം മുതൽ തന്നെ അത്യന്തം ആകുലമാനസരായിരുന്നു. ഏതുവിധത്തിലും സാധൂകരണയോഗ്യമായ അത്തരം മുൻകരുതലുകൾ കാലുള്ള പല ഓലക്കുടകളേയും കാലുണ്ടായിരുന്ന ഓലക്കുടകളാക്കി മാറ്റിയിട്ടുമുണ്ടു്. ജന്മനാ മലയാളിയായ ഞാൻ മലയാളം ബ്ലോഗ്‌ ലോകത്തിൽ താമസംവിനാ സംഭവിക്കാൻ സാദ്ധ്യതയുള്ള ഒരു തീമാറ്റിക്‌ റിസെഷനെപ്പറ്റി ചില അഡ്വാൻസ്‌ ചിന്തകൾക്കു് തിരി തെളിച്ചു് തീ കൊളുത്താതിരുന്നാൽ അതു് പൈതൃകമായി എനിക്കു് ലഭിച്ച എന്റെ ബൗദ്ധികമുൻകരുതൽശേഷിയോടു് ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമായിരിക്കും.

ദീർഘമായ വാചകമടി, ശുഷ്കമായ ഉള്ളടക്കം. അപ്പോൾ ഞാൻ പറയാൻ വന്നതു്, മോഹൻലാലിനും അഴീക്കോടിനും ഇന്നാ സെന്റിനും ശേഷം എന്നാ സെന്റ്‌, ഏതാ സെന്റ്‌, എന്താ സെന്റ്‌, എപ്പോ സെന്റ്‌ എന്നതിനെപ്പറ്റിയൊക്കെ “ആലോചിച്ചു് ചിന്തിച്ചു്” ശീർഷം പുകച്ചു് ഞാൻ നിദ്രാവിഹീനങ്ങളായ എന്നുടെ രാവുകൾ ഉന്തിത്തള്ളി നീക്കിക്കൊണ്ടിരുന്നപ്പോഴാണു് വെള്ളെഴുത്തിന്റെ “ചെരിപ്പുകൾ പുറത്തു് വയ്ക്കണോ” എന്നൊരു പോസ്റ്റ്‌ “കൊസ്ത്യൻ മാർക്ക്‌” സഹിതം കണ്ണിൽപ്പെട്ടതു്. ഞാൻ ബാല്യകാലം ചിലവഴിച്ച ഗ്രാമപ്രദേശത്തു് ഡീസൽ എഞ്ചിൻ കൊണ്ടു് പ്രവർത്തിക്കുന്ന ഒരു റൈസ്‌ മിൽ ആ പ്രദേശത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്ഥാപിച്ച വർക്കിച്ചേട്ടൻ “റൈസ്‌ മിൽ കമ്പനിയുടെ” വാതിൽപ്പാളിയിൽ കരിക്കട്ടകൊണ്ടു് “വർക്കീസ്‌ റൈസ്‌ മിൽ – ഇവിടെ ദയവായി നെല്ലു് കുത്തിക്കൊടുക്കപ്പെടും – സ്വന്തം ഓണർ ആൻഡ്‌ പൊപ്രൈറ്റർ” എന്നൊരു പരസ്യം എഴുതിവച്ചിരുന്നു. അതു് കാണുമ്പോൾ എഴുത്തും വായനയും അറിയില്ലെങ്കിലും കാര്യം പിടികിട്ടിയിരുന്ന സ്ത്രീജനങ്ങളുടെ മനസ്സിൽ ഉരൽ ഉലക്ക മുതലായവ ഉണർത്തിയിരുന്ന നൊസ്റ്റാൽജിക്‌ വികാരത്തിനോടൊപ്പംതന്നെ വിരിഞ്ഞിരുന്ന ആശ്വാസത്തിന്റെ മാരിവിൽക്കൊടിപോലെ എന്റെ മനസ്സിലും വെള്ളെഴുത്തിന്റെ പോസ്റ്റ്‌ വായിച്ചപ്പോൾ ആനന്ദത്തിന്റെ ഒരു അന്തിമന്താരപ്പൂ വിരിഞ്ഞു. അറിവിന്റെ അനുഭൂതി വിരിയുന്ന ഇത്തരം അസുലഭനിമിഷങ്ങളിൽ “യുറേക്കാ” എന്നു് അലറുന്ന ഒരു സ്വഭാവം എനിക്കുണ്ടു്. പക്ഷേ, കുറെ നാളായി എന്റെ അയൽപക്കത്തു്  “എറീക്ക” എന്നൊരു വനിത താമസം തുടങ്ങിയിട്ടുള്ളതിനാൽ ഈയിടെയായി അത്തരം സന്തോഷപ്രകടനങ്ങൾ ഞാൻ ഉള്ളിലൊതുക്കാറാണു് പതിവു്. എറീക്ക ഒരു ഭദ്രകാളിയോ ലക്ഷ്മീദേവിയോ വാസവദത്തയോ മുതലായ കാര്യങ്ങൾ എന്നെസംബന്ധിച്ചു് ഒരു പ്രഹേളികയായി തുടരുന്നിടത്തോളം എന്റെ ഈ സന്തോഷമൊതുക്കൽ തുടരുകയല്ലാതെ മാർഗ്ഗമില്ല. എറീക്ക എന്നെ തോണ്ടുന്നതും ഞാൻ എറീക്കയെ തോണ്ടുന്നതും തമ്മിൽ ഫണ്ടമെന്റലായ ചില വ്യത്യാസങ്ങളുണ്ടെന്നു് എന്നേക്കാൾ കൂടുതലായി എറീക്കയ്ക്കറിയാം. അത്ര എൻകറേജിംഗ്‌ ആയ ഒരു കാര്യമല്ല അതു്. ആനന്ദപ്രകടനത്തിനുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ അട്ടഹാസവാസനകൾ അടിച്ചമർത്തപ്പെട്ടാൽ അതു് അന്തിമമായി ആത്മസംഘർഷത്തിലേക്കും ദൂരവ്യാപകമായ മാനസികപ്രതിസന്ധികളിലേക്കും നയിക്കുമെന്നു് ഏതോ എറീക്കയിൽ നിന്നും നേടിയ അനുഭവസമ്പത്തുമായി ഭ്രാന്താശുപത്രിയിൽ എത്തിച്ചേർന്ന ആരോ എഴുതിയിട്ടുണ്ടു്. ഞാൻ വായിച്ചിട്ടില്ല.

വെള്ളെഴുത്തു് ചെരിപ്പു് പുറത്തു് വയ്ക്കണോ എന്നു് ചോദിച്ചതു് എന്നോടു് വ്യക്തിപരമായാണോ എന്നൊരു ഇടക്കാലസംശയം ഉടലെടുത്തതു് അതു് അങ്ങനെയല്ല എന്നു് ഉടൻ തന്നെ പുറം തപ്പിനോക്കിയും രണ്ടു് കണ്ണാടികളുടെ (ആളൊരു ധനികനാണേ! പ്രാതലും മറ്റു് ചിലവുകളും കഴിഞ്ഞു് ആഴ്ചയിൽ രണ്ടു് മലയാളം സിൽമ കാണാനും ഞായറാഴ്ച പള്ളിയിൽ നേർച്ചയിടാനുമുള്ള നല്ലൊരു തുക ബാക്കിവരും! ഒരു വലതുപക്ഷമൂരാച്ചി ആവാനുള്ള ചുറ്റുവട്ടങ്ങളൊക്കെയുണ്ടെന്നു് സാരം.) സഹായത്തോടെയും ഞാൻ ഉറപ്പുവരുത്തി. എന്തുകൊണ്ടെന്നറിയില്ല ഈയിടെയായി എന്തു് കേട്ടാലും, അതിപ്പോ ചെയര്‍മാന്‍ മാംഗ്‌ ഷുവാൻ തുംഗിന്റെ മാൻഡറിൻ ഭാഷയിലെ പ്രസംഗമായാലും അയാൾ പറയുന്നതു് മുഴുവൻ എന്നെപ്പറ്റിയാണു് എന്നൊരു തോന്നൽ എനിക്കുണ്ടാവാറുണ്ടു്. ഇടതുവശത്തുകൂടി നോക്കുമ്പോൾ, സാമ്പത്തികമായും സാമൂഹികമായും സാംസ്കാരികമായും ഞാൻ മാംഗ്‌ ഷുവാൻ തുംഗിനേക്കാൾ ഒട്ടും മോശവുമല്ലല്ലോ. എങ്കിലും, വലതുവശത്തുകൂടി നോക്കുമ്പോൾ, പ്രത്യേകിച്ചും എറീക്ക എന്റെ അയൽവാസിയായതിനുശേഷം ശേഷം, ഇത്തരം തോന്നലുകൾ സാവകാശം ഒരു സംശയരോഗമായി മാറിക്കൊണ്ടിരിക്കുന്നില്ലേ എന്നു് തരംതിരിച്ചു് നോക്കാനുള്ള ഒരു “ഉൾവിളി” എന്നെ ചെവിക്കു് പിടിച്ചു് വലിക്കുന്നതുപോലെ മറ്റൊരു തോന്നലും ഇടയ്ക്കിടെ എനിക്കുണ്ടാവാറുണ്ടു്. തോന്നലുകളുടെ ഒരു മായാലോകം. സഹിക്കുകയല്ലാതെ എന്തു് ചെയ്യാൻ?

വെള്ളെഴുത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ കൂലംകഷണമായി പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ M.P., M.L.A. മുതലായ ജനപ്രതിനിധികളുടെ ചൂരടിക്കുമ്പോൾതന്നെ ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കേണ്ടതും, സല്യൂട്ടടിച്ചു് നിൽക്കേണ്ടതും, അവരുടെ വാട അകന്നുകഴിയുമ്പോൾ മൂന്നുവട്ടം എഴുത്തുമേശക്കു് ചുറ്റും (മേശ ഇല്ലെങ്കിൽ ചന്തിപീഠമായ സ്റ്റൂളിനുചുറ്റും) കഥാനായകനായ ജനപ്രതിനിധിയുടെ നാമം ഉരുവിട്ടുകൊണ്ടു് പ്രദക്ഷിണം ചെയ്യേണ്ടതും വളരെ ആവശ്യമായ ഒരു കാര്യമായി എനിക്കു് തോന്നുന്നു. സാമൂഹികനവീകരണത്തിനു് ഇത്രയും ലളിതമായ ഒരു മാർഗ്ഗം ഉണ്ടെന്ന കാര്യം ഇതുവരെ മനസ്സിലാക്കാഞ്ഞതിൽ എനിക്കു് അസാമാന്യമായ നാണം തോന്നുന്നു. ഇത്തരം ഒരു സാംസ്കാരികപാരമ്പര്യം വളർത്തിയെടുക്കുന്നതിനുവേണ്ടി പ്രത്യേകമായി ഒരു നിയമനിർമ്മാണം നടത്തേണ്ടിവന്നാൽ അതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഉദാഹരണത്തിനു്, അക്ഷരത്തെറ്റുകൂടാതെ ഒരു വാക്കു് എഴുതാൻ അറിയാത്ത ഒരു മന്ത്രിയെ കാണുമ്പോൾ ബഹുമാനിക്കാൻ – മന്ത്രിസ്ഥാനത്തിന്റെ അധികാരശക്തി സ്വന്തം കാര്യസാദ്ധ്യത്തിനായി ദുരുപയോഗം ചെയ്യാൻ ആഗ്രഹിക്കുന്നവരല്ലാതെ – നാലക്ഷരം കൂട്ടിച്ചേർത്തു് വായിക്കാൻ അറിയാവുന്ന മറ്റാരും സ്വമേധയാ തയ്യാറാവുകയില്ല. അതിനാൽ ബഹുമാനിക്കപ്പെടാനുള്ള തങ്ങളുടെ അവകാശം നിയമനിർമ്മാണത്തിലൂടെ നേടിയെടുക്കുകയല്ലാതെ അവർ എന്തു് ചെയ്യാൻ?

ഇതിനു് ചില മറുവശങ്ങളുണ്ടു്. ഉദാഹരണത്തിനു്, പരിഹാസം ചോദിച്ചുവാങ്ങുന്ന കാര്യത്തിൽ ചാമ്പ്യൻ എന്നു് പരക്കെ അറിയപ്പെടുന്ന ഒരു ജനപ്രതിനിധി ഏതെങ്കിലും ഒരു ഓഫീസിൽ കയറിച്ചെല്ലുമ്പോൾ അയാൾ സ്വീകരിക്കപ്പെടുന്ന രീതി ആ ഓഫീസറുടെ സ്വഭാവത്തിനും നിലപാടുകൾക്കും അനുസരിച്ചു് വ്യത്യസ്തമായിരിക്കും. കുടുംബവും പ്രാരാബ്ധവുമൊക്കെ ഉള്ള ഒരു ഉദ്യോഗസ്ഥനാണു് അയാളെ സ്വീകരിക്കുന്നതെങ്കിൽ മണമേറ്റാൽ ക്ഷയരോഗം പിടിക്കുന്ന തരത്തിലുള്ള നല്ലയിനം നാലു് തെറി മനസ്സിൽ പറഞ്ഞുകൊണ്ടും, എന്നാൽ തനിക്കുള്ളതിൽ ഏറ്റവും നല്ല ഒരു മന്ദഹാസം മുഖത്തു് ഒട്ടിച്ചുവച്ചുകൊണ്ടുമായിരിക്കും ആ സ്വീകരണം. കാരണം, തന്റെ പണി നഷ്ടപ്പെടുക അല്ലെങ്കിൽ സ്ഥലം മാറ്റം ചെയ്യപ്പെടുക മുതലായ ഭവിഷ്യത്തുകൾ പ്രാരാബ്ധം മൂലം അവനു് താങ്ങാനാവുന്ന കാര്യങ്ങളല്ല. പക്ഷേ, അതു് ഒരുവിധത്തിലും ഒരു ബഹുമാനപ്രകടനമല്ല, ഒരു ചടങ്ങു് മാത്രമാണെന്നു് ആർക്കാണറിയാത്തതു്? ബഹുമാനം – അതു് ഒരുവനു് മറ്റൊരുവനോടു് ഉണ്ടെങ്കിൽ ഉണ്ടു്, ഇല്ലെങ്കിൽ ഇല്ല.

ഇനി, ഒരു ജനപ്രതിനിധി ഓഫീസിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉദ്യോഗസ്ഥൻ അയാളെ വേണ്ടവിധം ആദരിച്ചില്ല എന്നു് കരുതുക. അതിന്റെ കാരണം, ഉദാഹരണത്തിനു്, അവൻ മറ്റൊരു പാർട്ടിയോടു് അനുഭാവം പുലർത്തുന്നവനായതിനാലാവാം. അല്ലെങ്കിൽ, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ ആവാം. അരാഷ്ട്രീയവാദികളെ അശ്രീകരങ്ങളായി മുദ്രകുത്തി പണ്ടേതന്നെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടുള്ളതുകൊണ്ടു് ഒരു ഉദ്യോഗസ്ഥൻ ഏതെങ്കിലും ഒരു രാഷ്ട്രീയവിഭാഗത്തോടു് ചായ്‌വു് കാണിച്ചാൽ അതു് തെറ്റെന്നു് പറയാനുമാവില്ല. (സത്യത്തിൽ, ജനസേവകനായ ഒരു ഉദ്യോഗസ്ഥനു് സജീവരാഷ്ട്രീയം ഇല്ലാതിരിക്കുന്നതാണു് സമൂഹത്തിനു് നല്ലതു്! അവർക്കു് രാഷ്ട്രീയമേ പാടില്ല എന്നു് അതിനർത്ഥമില്ല.) അതായതു്, അനാദരവു് കാണിച്ച ഉദ്യോഗസ്ഥൻ സ്വാഭാവികമായും ശിക്ഷിക്കപ്പെടും. പക്ഷേ, ആ ഉദ്യോഗസ്ഥനും – അവൻ അരാഷ്ട്രീയവാദി അല്ലാത്തതിനാൽ – അവന്റെ പാർട്ടിയുടേതായ ഏതെങ്കിലും യൂണിയനിൽ അംഗമായിരിക്കാം. യൂണിയനിലെ അംഗം ശിക്ഷിക്കപ്പെട്ടാൽ അവർ വെറുതെയിരിക്കുമോ? ഇരിക്കാമോ? അതിനാൽ അവർ ആ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതുവരെ വേണ്ടിവന്നാൽ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടുപോലും സമരം ചെയ്യും. സാമൂഹികനന്മയും സാമൂഹികപുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹത്തിൽ സമരങ്ങൾ അവസാനത്തെ മാർഗ്ഗമാണു് എന്നതൊന്നും അപ്പോൾ അവർ ചിന്തിക്കണമെന്നില്ല. ആർക്കും അവനവന്റെ മാർഗ്ഗം അന്തിമമാർഗ്ഗമാണെന്നതിനു് അനുയോജ്യമായ ന്യായീകരണം എപ്പോഴും കണ്ടെത്താനുമാവും. ജനാധിപത്യം നിലവിലിരിക്കുന്ന രാജ്യങ്ങളേ അതിനുപോലുമുള്ള അനുവാദം ജനങ്ങൾക്കു് നൽകുന്നുള്ളു എന്നു് കാണാൻ ചുറ്റുപാടുമുള്ള രാജ്യങ്ങളിലേക്കു് ഒന്നു് കണ്ണോടിച്ചാൽ മതി.

ജനപ്രതിനിധികളെ ഉദ്യോഗസ്ഥരും, ഉദ്യോഗസ്ഥരെ ജനപ്രതിനിധികളും ബഹുമാനിക്കണം, സംശയമൊന്നുമില്ല. അതുമാത്രം പോരാ, ഓരോ മനുഷ്യനും തന്റെ സഹജീവിയെ ബഹുമാനിക്കണം. ബഹുമാനം വണ്വേ ട്രാഫിക്കല്ല. അതൊരു പരസ്പരത്വമാണു്. ഒരു മനുഷ്യജീവി എന്ന നിലയിൽ എന്നെ ബഹുമാനിക്കാത്തവനെ തിരിച്ചു് ബഹുമാനിക്കാനുള്ള ഒരു കടപ്പാടും എനിക്കില്ല. ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴോ, വിദേശ ഭരണാധികാരികളെ സ്വീകരിക്കുമ്പോഴോ ഒക്കെ പാലിക്കേണ്ടുന്ന പ്രോട്ടോക്കോൾ അല്ല ബഹുമാനം എന്നതുകൊണ്ടു് ഇവിടെ ഉദ്ദേശിക്കുന്നതു്. ഏതെങ്കിലും ഒരു കാരണത്തെപ്രതിയല്ലാതെയുള്ള, തികച്ചും മാനുഷികതയുടെ അടിസ്ഥാനത്തിലുള്ള പരസ്പരബഹുമാനം. അന്യചിന്താഗതിക്കാരുടെ സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്തിടത്തു് ഉണ്ടാവാൻ കഴിയാത്ത അതേ പരസ്പരബഹുമാനം. യഥാർത്ഥത്തിലുള്ള ഔദ്യോഗിക പ്രോട്ടോക്കോളുകൾ പാലിക്കാൻ പോയിട്ടു് അവ എന്തെന്നു് അറിയാവുന്ന ഏതെങ്കിലും ഒരു “ജനപ്രതിനിധി” കേരളത്തിൽ ഉണ്ടെങ്കിൽ അതു് അവിശ്വസനീയം എന്നു് വിശേഷിപ്പിക്കേണ്ട യാദൃച്ഛികത എന്നേ പറയാനുള്ളു.

സ്വന്തം സംസ്കാരത്തിന്റെ ഭാഗമായി മനുഷ്യർ പൊതുവേ പരസ്പരം ബഹുമാനിക്കുന്ന സമൂഹങ്ങളിൽ ഇതൊന്നുമൊരു പ്രശ്നമാവേണ്ട കാര്യമേ അല്ല. പക്ഷേ, ജാതിയും മതവും, വർഗ്ഗവും വർണ്ണവും, ഗ്രാം സ്റ്റാറും കിലോസ്റ്റാറും മെഗാസ്റ്റാറും ഗിഗാസ്റ്റാറും, അപ്പൻദൈവങ്ങളും അമ്മദൈവങ്ങളും, ചപ്പും ചവറും, വൺവേ ആരാധനയും അതര്‍വേ അവഗണനയുമായി നഞ്ചുപിടിച്ച മീനുകളെപ്പോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന സമൂഹങ്ങളിൽ അതൊക്കെ പ്രശ്നം തന്നെയാണു്. സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും മനുഷ്യരുടെ ശ്രദ്ധ തിരിച്ചുവിടാനായി ഇത്തരം നിസ്സാരകാര്യങ്ങൾ ഏറ്റവും വലിയ പ്രശ്നം എന്ന രീതിയിൽ ഊതിപ്പെരുപ്പിക്കുകയും കൂടി ചെയ്യുമ്പോൾ അധോഗതി ത്വരിതപ്പെടുകയും ചെയ്യുന്നു. സമൂഹത്തിന്റെ അധോഗതിയിൽ നിന്നും ജീർണ്ണതയിൽ നിന്നും നേട്ടങ്ങൾ കൊയ്യുന്നവരുടെ ആവശ്യമാണു് ഇത്തരം കാര്യങ്ങൾ നിയമപരമാക്കണമെന്നതു്. “നീ മോഷ്ടിക്കരുതു്” എന്ന നിയമം കൊണ്ടു് സംരക്ഷിക്കപ്പെടുന്നതു് എന്തെങ്കിലും ഉള്ളവരാണു്. ഒന്നുമില്ലാത്തവനു് എന്തിനു് അതുപോലൊരു നിയമം? ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ നിയമം നിർമ്മിക്കപ്പെടേണ്ടതു് സമൂഹത്തിന്റെ പൊതുനന്മയെ ലക്ഷ്യമാക്കി ആയിരിക്കണം. സായിപ്പിന്റെ നിയമങ്ങൾ സായിപ്പിന്റെ നേട്ടങ്ങൾ ലക്ഷ്യമാക്കിയുള്ളതായിരുന്നു. മറ്റൊന്നു് അവരിൽ നിന്നും പ്രതീക്ഷിക്കുന്നതു് വിഡ്ഢിത്തവുമായിരിക്കും. പക്ഷേ, അതു് അതേപടി ഏറ്റെടുത്തു് ആറു് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഭാരതീയ സമൂഹത്തിനുവേണ്ടി അതു് പുതുക്കി എഴുതപ്പെടുകയോ, അത്തരമൊരു മാറ്റത്തിന്റെ ആവശ്യത്തെപ്പറ്റി ചിന്തിക്കുകപോലുമോ ചെയ്യാതെ അതിനെ കഴിയുന്നത്ര വഷളാക്കാൻകൂടി ശ്രമിക്കുന്നതിന്റെ പിന്നിൽ സായിപ്പിന്റെ സ്ഥാനം ഏറ്റെടുത്ത ഭാരതീയസായിപ്പുമാർ തന്നെയാണുള്ളതു്. അതിൽ ജനപ്രതിനിധികളുണ്ടു്, ഉദ്യോഗസ്ഥന്മാരുമുണ്ടു്. അതൊന്നും പോരാഞ്ഞിട്ടു്, ഇപ്പോൾ അക്കൂട്ടർ തന്നെ അണ്ടിയോ മാവോ മൂത്തതു് എന്നപോലുള്ളോ തർക്കവുമായി വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കുന്നു! പ്രസംഗം ജനാധിപത്യമെന്നും!

ഒരു ജനാധിപത്യത്തിൽ ജനങ്ങൾക്കും വേണ്ടേ ഒരു ശകലം ബഹുമാനം? അതാരു് നൽകും? അതു് വരേണ്ടതു് ഭാരതത്തിൽ നിന്നോ അതോ ഏതെങ്കിലും വിദേശരാജ്യങ്ങളിൽ നിന്നോ?

ഏതായാലും അതു് വരുന്നതുവരെ ഗൾഫിലും മറ്റു് അന്യരാജ്യങ്ങളിലും പോയി ചോര നീരാക്കുന്നവർ അയക്കുന്ന ഡോളറിന്റെ പിൻബലത്തിൽ ജനാധിപത്യത്തിൽ പങ്കിടപ്പെടേണ്ടുന്ന ബഹുമാനത്തിന്റെ കിഡ്നി ആർക്കു്, ലിവർ ആർക്കു് മുതലായ ഗൗരവതരമായ വിഷയങ്ങളെപ്പറ്റി വിശദമായ ചർച്ച നടക്കട്ടെ. അങ്ങനെയെങ്കിലും മലയാളം ബ്ലോഗ്‌ ലോകത്തിൽ ഒരു തീമാറ്റിക്‌ റിസെഷൻ ഒഴിവായി Post-Thilakan era ഒരു അന്ധകാരയുഗമായിരുന്നു എന്നു് രേഖപ്പെടുത്തേണ്ട ഗതികേടു് ബ്ലോഗ്‌ ചരിത്രകാരന്മാർക്കു് ഉണ്ടാവാതിരിക്കട്ടെ.

 
2 Comments

Posted by on Mar 2, 2010 in പലവക

 

Tags: ,