RSS

Daily Archives: Nov 11, 2007

ലോകാവസാനത്തിലെ കാഹളധ്വനി

ദൈവപുത്രനായ മനുഷ്യപുത്രന്‍ യേശുവിന്റെ ലോകാവസാനത്തോടനുബന്ധിച്ചുള്ള രണ്ടാമത്തെ വരവിനെപ്പറ്റിയുള്ള ബൈബിളിലെ വര്‍ണ്ണന:

“ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു് വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും; അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു് വിളങ്ങും… മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു് കാണും. അവന്‍ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടും കൂടെ അയക്കും; അവന്‍ തന്റെ വ്രതന്മാരെ ആകാശത്തിന്റെ അറുതിമുതല്‍ അറുതിവരെയും നാലുദിക്കില്‍ നിന്നും കൂട്ടിച്ചേര്‍ക്കും.” – (മത്തായി 24: 29-31). ആര്‍ക്കും സംശയത്തിനു് ഇട വരാതിരിക്കാന്‍ ഉടനെതന്നെ യേശു സത്യം ചെയ്തു് പറയുന്നു: “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു.” – (മത്തായി 24: 34). (യേശു ജീവിച്ചിരുന്ന പ്രദേശത്തുള്ള മനുഷ്യരില്‍ ഇന്നും പൊതുവേ കാണാന്‍ കഴിയുന്ന ഒരു രീതിയാണു്‌ ഈ ആണയിട്ടു്‌ പറയല്‍).

അന്ത്യനാളില്‍ സംഭവിക്കാന്‍ പോകുന്നതു് എന്തെല്ലാമാണെന്നും, അവയെല്ലാം തന്റെ ചുറ്റും നില്‍ക്കുന്നവരുടെ തലമുറയില്‍ തന്നെ നിസ്സംശയം സംഭവിക്കുമെന്നും യേശുവിനു് നല്ല നിശ്ചയമുണ്ടു്. നാളും നാഴികയും മാത്രമേ തനിക്കു് പിടി കിട്ടാതുള്ളു. യേശു പറയുന്നതു്‌ ശ്രദ്ധിക്കൂ: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു് മാത്രമല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” – (മത്തായി 24: 36) (ജ്ഞാനികളെക്കാള്‍ ഭാഗ്യവാന്മാരാണു് അര്‍ദ്ധജ്ഞാനികള്‍ എന്നൊരു ചൊല്ലാണു് എനിക്കോര്‍മ്മ വരുന്നതു്.)

ലോകാവസാനനാളിലെ യേശുവിന്റെ രണ്ടാമത്തെ വരവിന്റെ സമയത്തു് കാഹളധ്വനി മുഴക്കുന്ന ദൂതന്‍മാര്‍! ഇന്നാണെങ്കില്‍ ഏകതാനത്തിലുള്ള കുഴലൂത്തിനു് പകരം വിഷ്വല്‍ എഫക്റ്റിന്റെ പേരില്‍ ഒരു ലേയ്സര്‍ ഷോയ്ക്കും, മേഘയാത്രയ്ക്കു് പകരം ഒരു ഇന്റര്‍ ഗലാക്റ്റിക് റോക്കറ്റിനും യേശു മുന്‍ഗണന നല്‍കുമായിരുന്നു എന്നാണെന്റെ വിശ്വാസം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു് മുന്‍പു് യേശുവിന്റെ കാലത്തു്‌, മരിച്ചവര്‍ ഇടയ്ക്കിടെ കല്ലറയ്ക്കു് പുറത്തിറങ്ങി അവരവരുടെ ദേശീയഗാനങ്ങള്‍ ആലപിച്ചിരുന്നെങ്കിലും, ലേസര്‍, മേസര്‍, ഏറോനോട്ടിക്സ്‌ മുതലായവ പോയിട്ടു്‌ വിദ്യുച്ഛക്തിയെപ്പറ്റിപ്പോലും യാതൊരുവിധ ഗ്രാഹ്യവും അന്നത്തെ മനുഷ്യര്‍ക്കില്ലാതിരുന്നതിനാല്‍ ആട്ടിന്‍കൊമ്പോ മാട്ടിന്‍കൊമ്പോ കൊണ്ടുണ്ടാക്കിയ കാഹളങ്ങള്‍ ഊതുകയല്ലാതെ മറ്റു് വഴിയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. ഉള്ളതുകൊണ്ടു് ഓണം പോലെ!

സൂര്യന്‍ ഇരുളുകയും, ചന്ദ്രന്‍ വെളിച്ചം നല്‍കാതിരിക്കുകയും, നക്ഷത്രങ്ങള്‍ കാര്‍ത്തികവിളക്കുകള്‍ പോലെ ആകാശത്തുനിന്നും ഭൂമിയിലേക്കു് വീഴുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍, KPAC നാടകങ്ങളിലെ പിന്നണിഗാനം പോലെ, ഒരു ബാന്റുമേളം കൂടി കുത്തിത്തിരുകാന്‍ മടിക്കാത്തവരെ അവര്‍ അര്‍ഹിക്കുന്ന ആദരവോടെയും, ബഹുമാനത്തോടെയും അവഗണിക്കാന്‍ ശ്രമിക്കുന്നതാണു് അഭികാമ്യവും, സാമാന്യബോധത്തിനു് നിരക്കുന്നതുമെന്നു് തോന്നുന്നു. സ്വതന്ത്രബുദ്ധികളുടെ സൂര്യന്‍ ഇരുളുകയില്ല, അവരുടെ ചന്ദ്രന്‍ വെളിച്ചം നല്‍കാതിരിക്കുകയുമില്ല. ഇടിമുഴക്കവും കാഹളനാദവുമായി അവതരിപ്പിക്കപ്പെടുന്ന ഈ അന്ത്യകാലവര്‍ണ്ണനകള്‍ക്കു് മനുഷ്യരെ ഭയപ്പെടുത്തി മൂലയില്‍ കയറ്റുക എന്ന ഒരു ലക്‍ഷ്യമേയുള്ളു: അനുയായികളെ മറുചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ വായടച്ചുകൊണ്ടു് ഭാരം വലിക്കാന്‍ മടിക്കാത്ത കഴുതകളാക്കി മാറ്റുക, വിശ്വാസികളെ താഴ്ത്തിക്കെട്ടിക്കൊണ്ടേയിരിക്കുക തുടങ്ങിയ ശിക്ഷണതന്ത്രങ്ങള്‍ കാലാകാലമായി മതങ്ങള്‍, പ്രത്യേകിച്ചും കത്തോലിക്കാസഭ, വിജയകരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന ഒരു ചൂഷണതന്ത്രമാണല്ലോ. തന്ത്രം ആയുധമാക്കിയവന്‍ തന്ത്രി, അഥവാ പുരോഹിതന്‍. ദൈവം കണ്ടമാനം സ്നേഹിക്കുന്നവനാണെന്നു്‌ പുതിയ നിയമം പറയുന്നു – (യോഹന്നാന്‍ 3: 16). അതേസമയം, പഴയനിയമം പറയുന്നതു്‌, അതേ ദൈവമായ യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു എന്നും, അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നേയെന്നും ! – (പുറപ്പാടു്‌ 34: 14). യഹോവയുടെ കാര്യം അങ്ങനെയൊക്കെയാണു്‌. അതൊന്നും വലിയ “ഇശ്യൂ” ആക്കേണ്ട കാര്യങ്ങളല്ല. പക്ഷേ, തന്റെ ദൈവത്തെ ഒരേ ശ്വാസത്തില്‍ സ്നേഹമുള്ളവനും സ്നേഹമില്ലാത്തവനും ആക്കി ട്രപ്പീസ് കളിച്ചാല്‍ മാത്രമേ ഭക്തന്റെ കാഞ്ഞ ബുദ്ധിക്കും പുകഞ്ഞ എരിവിനും സ്വൈരം കിട്ടൂ.

ഒന്നടങ്കമായോ, ഒന്നിനു് പുറകേ ഒന്നായോ ഭൂമിയിലേക്കു് വീഴുന്ന നക്ഷത്രങ്ങളില്‍ എത്രയെണ്ണത്തിനു് ഇടം നല്‍കാന്‍ ഭൂമിക്കു് കഴിയും? ഇതുപോലുള്ള എത്രയോ ഭൂമികളെ ഒരുമിച്ചു് വിഴുങ്ങാന്‍ മതിയായ വലിപ്പമുള്ള നക്ഷത്രങ്ങള്‍ ഈ പ്രപഞ്ചത്തില്‍ കോടിക്കണക്കിനുണ്ടെന്നു് അറിയാമായിരുന്നെങ്കില്‍ യേശു അന്നു് അങ്ങനെ പറയുമായിരുന്നോ? സ്വാഭാവികമായും അവയെല്ലാം കിറുകൃത്യമായി വന്നുവീഴുന്നതു് ഭൂമിയിലേക്കു്‌ തന്നെ. മതപ്രഭുക്കളുടെ അഭിപ്രായത്തില്‍ ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നതിനാല്‍ ഭൂമിയിലേക്കല്ലാതെ നക്ഷത്രങ്ങള്‍ പിന്നെ എങ്ങോട്ടുപോയി വീഴാന്‍? ആകാശത്തിന്റെ ശക്തികള്‍ മുഴുവന്‍ സഹകരണാടിസ്ഥാനത്തില്‍, ഒരു സോഷ്യലിസ്റ്റ്‌-കമ്മ്യൂണിസ്റ്റ്‌ കൂട്ടായ്മയിലെന്നപോലെ, ഇളകിപ്പോയിക്കൊണ്ടിരിക്കുമ്പോഴും മനുഷ്യപുത്രന്റെ വാഹനമാവാന്‍ വേണ്ടി മേഘങ്ങള്‍ ഒരു പോറല്‍ പോലുമേല്‍ക്കാതെ കാത്തുനില്‍ക്കുമത്രെ! ബൈബിള്‍ എഴുതപ്പെട്ട കാലത്തു് നക്ഷത്രമെന്നാല്‍ എന്തെന്നോ, സൂര്യനും ഭൂമിയും ചന്ദ്രനുമൊക്കെ തമ്മിലുള്ള ബന്ധമെന്തെന്നോ ഒന്നും അറിയാന്‍ കഴിയാതിരുന്ന മനുഷ്യരെ ഇതുപോലുള്ള മണ്ടത്തരങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തുന്നതു് നീതീകരിക്കാനാവില്ലെന്നറിയാം. അതെല്ലാം അക്ഷരം പ്രതി ശരിയാണെന്നും, ഇന്നും വിലപ്പോവണമെന്നും പിടിവാശി പിടിക്കുന്നവര്‍ ആ മനുഷ്യരുടെ മാനസികനിലവാരത്തില്‍ അടിഞ്ഞുകൂടാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം.പക്ഷേ, അത്തരക്കാരുടെ മതവികാരക്കുരു പൊട്ടിയൊലിക്കാതിരിക്കാന്‍ വേണ്ടി, ലോകാവസാനസമയത്തു്‌ നക്ഷത്രങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഭൂമിയിലേക്കു്‌ വീഴും എന്നും മറ്റുമുള്ള “നിത്യസത്യങ്ങള്‍” സുബോധമുള്ള മറ്റു്‌ മനുഷ്യരും ഏറ്റു്‌ പാടണമെന്നൊക്കെ പറഞ്ഞാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യര്‍ ഒരു പ്രത്യേകതരം നോട്ടത്തോടെയാവും അതു്‌ പറയുന്നവരെ നേരിടുക – കൊയ്യുന്ന വയലുകള്‍ മുഴുവന്‍ നാളെ പതിച്ചുനല്‍കുമെന്ന വാഗ്ദാനവുമായി തങ്ങളുടെ പുറകെ നടക്കുന്ന ലാല്‍ സലാം കമ്മൂണിഷ്ട് വെട്ടുകത്തികള്‍ക്കു്‌ നിത്യ ഇന്നലെകളല്ലാത്ത കൊയ്തുകാരി പൈങ്കിളികള്‍ വച്ചുനീട്ടാന്‍ സാദ്ധ്യതയുള്ള അതേ നോട്ടത്തോടെ. വിശ്വാസികളുടെ വിഡ്ഢിത്തത്തിനു്‌ ഹോശാനാ പാടാനുള്ള ബാദ്ധ്യത വോട്ടു്‌ ബാങ്കില്‍ നോട്ടം വച്ചിട്ടുള്ള രാഷ്ട്രീയക്കാര്‍ക്കു്‌ ഒരുപക്ഷേ ഉണ്ടായേക്കാം. അതല്ലാത്തവര്‍ക്കു്‌ അതിനെന്താ വല്ല വട്ടുമുണ്ടോ? പള്ളിക്കാര്യങ്ങള്‍ പള്ളിയില്‍ മതി എന്നു്‌ കരുതുന്ന ധാരാളം മനുഷ്യരും ജീവിക്കുന്ന ലോകമാണിതു്‌.

ലോകാവസാനവും യേശുവിന്റെ രണ്ടാമത്തെ വരവും ഉടനെ സംഭവിക്കാന്‍ പോകുന്നു എന്ന സുവിശേഷവുമായി രംഗപ്രവേശം ചെയ്ത ക്രിസ്തുമതം ലൗകികജീവിതത്തെ അര്‍ത്ഥശൂന്യവും അനാവശ്യവുമാക്കി മാറ്റുകയായിരുന്നു. കാരണം, താന്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍ അധികം താമസിയാതെ ഭൂമിയില്‍ ദൈവരാജ്യം സംഭവിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നതിനു് വ്യക്തവും നിസ്സംശയവുമായ ഉറപ്പു് ക്രിസ്ത്യാനികള്‍ക്കു് നല്‍കിയിട്ടാണു് യേശു പോയതു്. ദൈവപുത്രന്റെ ഈ വാഗ്ദാനം ബൈബിളില്‍ വെളുപ്പില്‍ കറുപ്പായി മത്തായിയുടെയും, മര്‍ക്കോസിന്റെയും, ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതു് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു് ഞാന്‍ സത്യമായിട്ടു് നിങ്ങളോടു് പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.” – (മത്തായി 24: 34, 35; മര്‍ക്കോസ്‌ 13: 30,31; ലൂക്കോസ്‌ 21: 32,33).

ദൈവരാജ്യം ഇന്നോ നാളെയോ സംഭവിക്കുമെങ്കില്‍ പിന്നെ ഐഹികജീവിതത്തെപ്പറ്റി വേവലാതിപ്പെട്ടിട്ടു് എന്തു് കാര്യം? ഭൂമിയിലെ ദുഃഖങ്ങളെപ്പറ്റി ചിന്തിച്ചു് എന്തിനു് വെറുതെ തല പുണ്ണാക്കണം? നിത്യമായ സ്വര്‍ഗ്ഗീയശരീരം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നശ്വരമായ ശരീരത്തിനു് പിന്നെയെന്തു് വില? ആത്മാവു് എന്നാല്‍ മാവോ പ്ലാവോ എന്നു് അറിയില്ലെങ്കിലും പാപമോചനം നേടി, ആത്മാവിനെ രക്ഷപെടുത്തി സ്വര്‍ഗ്ഗത്തിലെത്താന്‍, ചാവുന്നതിനു് മുന്‍പു് എന്തെല്ലാം ധര്‍മ്മകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരിക്കണമെന്നു് ഓതിയും ചൊല്ലിയും പാടിയും പറഞ്ഞും കുഞ്ഞാടുകളുടെ തലയില്‍ വേര്‍പെടുത്താനാവാത്തവിധം വേരോടിക്കുന്നതില്‍ ആത്മീയഗുരുക്കള്‍ വിജയം വരിച്ചിരുന്നു. അവരുടെ പഠിപ്പിക്കലുകള്‍ സംശയിക്കുന്നതും, വിശ്വസിക്കാതിരിക്കുന്നതും തീകൊണ്ടുള്ള കളിയായിരുന്നു. സുരക്ഷിതമായ ഒരു സ്ഥാനം സ്വര്‍ഗ്ഗത്തില്‍ ഉറപ്പുവരുത്തുക എന്നതില്‍ക്കവിഞ്ഞ മറ്റേതെങ്കിലുമൊരു ലക്‍ഷ്യം ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ചും ആദ്യകാലക്രിസ്ത്യാനികളുടെ, കാഴ്ച്ചപ്പാടില്‍ ഭോഷത്തമായിരുന്നു.

തന്റെ വചനങ്ങള്‍ കേട്ടുകൊണ്ടു് ചുറ്റും നിന്നവരുടെ തലമുറ പണ്ടാറമടങ്ങുന്നതിനു് മുന്‍പുതന്നെ ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാവും എന്നു് സത്യം ചെയ്തു് യേശു മറഞ്ഞിട്ടു് ഇപ്പോള്‍ രണ്ടായിരം വര്‍ഷമായി. ഇതൊരു ചതി ആയിപ്പോയല്ലോ കര്‍ത്താവേ എന്നു് മുഖത്തു് നോക്കി ചോദിക്കാന്‍ അങ്ങേരുടെ പൊടി പോലും കാണാനുമില്ല. ഏതെങ്കിലും അനോഫിലീസ്‌ മാര്‍ ക്യൂലക്സിനോടു് ചോദിക്കാമെന്നു് കരുതിയാല്‍ മറുപടി കിട്ടുകയില്ലെന്നു് മാത്രമല്ല, കൊന്നു് കിണറ്റിലെറിഞ്ഞശേഷം അതൊരു ആത്മഹത്യയായിരുന്നു എന്നുവരുത്തി തെമ്മാടിക്കുഴിയില്‍ ശവമടക്കിയെന്നും വരും.

അതേസമയം, ദൈവരാജ്യം എപ്പോള്‍ വരുന്നു എന്ന ചോദ്യത്തിന്റെ മറുപടിയില്‍ യേശു മറ്റൊരു നിലപാടു് സ്വീകരിക്കുന്നു: “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു്; ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെ ഉണ്ടല്ലോ എന്നു് അവന്‍ ഉത്തരം പറഞ്ഞു.” – (ലൂക്കോസ്‌ 17: 20,21) എന്റെ ഒരു സംശയം ഇവിടെ സൂചിപ്പിക്കട്ടെ: ദൈവരാജ്യം മനുഷ്യരുടെ ഇടയില്‍ തന്നെ ഇരിക്കെ, ആ ദൈവരാജ്യം തന്നെ ആയ, ചുരുങ്ങിയപക്ഷം അതിന്റെ പ്രതിനിധിയെങ്കിലുമാവേണ്ട യേശു എന്നിട്ടും എന്തിനു് വീണ്ടും അതേ ദൈവരാജ്യം സ്ഥാപിക്കാനായി ദയനീയവും ക്രൂരവുമായ വിധത്തില്‍ കുരിശില്‍ മരിക്കുകയും, ഉയിര്‍ത്തെഴുന്നേറ്റു് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്യണം? ദൈവരാജ്യം (യേശു) മനുഷ്യരുടെ ഇടയില്‍ നിലനില്‍ക്കെ, അതേ ദൈവരാജ്യത്തിന്റെ ഉടയവനായ മനുഷ്യപുത്രനെ കുരിശില്‍ തറക്കാന്‍ മനുഷ്യനു് കഴിഞ്ഞുവെങ്കില്‍ വരാനിരിക്കുന്ന ദൈവരാജ്യത്തിലും അതുപോലുള്ള ക്രൂരതകള്‍ ചെയ്യാന്‍ മനുഷ്യര്‍ മടിക്കുമോ? ഉടനെ വരാനിരിക്കുന്ന ദൈവരാജ്യം പ്രസംഗിക്കുന്ന ദൈവജ്ഞാനികള്‍ നിരപരാധികളോടു് ചെയ്യുന്ന പാതകങ്ങള്‍ അനുദിനമെന്നോണം കാണുന്നവരല്ലേ നമ്മള്‍ ?

സ്വര്‍ഗ്ഗത്തിലെത്തി ദൈവത്തിന്റെ മടിയിലിരിക്കാനായി ആറ്റുനോറ്റു് കാത്തിരിക്കുന്നവരെ തീര്‍ച്ചയായും നിരാശപ്പെടുത്തിയേക്കാവുന്ന, മുകളില്‍ സൂചിപ്പിച്ചതില്‍ നിന്നൊക്കെ തികച്ചും വിപരീതമായ മറ്റു് രണ്ടു് നിലപാടുകള്‍ ഇതാ പഴയനിയമത്തില്‍ നിന്നും:

“മനുഷ്യര്‍ക്കു് ഭവിക്കുന്നതു് മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നു തന്നെ… രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യനു് മൃഗത്തേക്കാള്‍ വിശേഷതയില്ല… മനുഷ്യരുടെ ആത്മാവു് മേലോട്ടു് പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവു് കീഴോട്ടു് ഭൂമിയിലേക്കു് പോകുന്നുവോ? ആര്‍ക്കറിയാം? … തന്റെ ശേഷം ഉണ്ടാവാനിരിക്കുന്നതു് കാണ്മാന്‍ ആര്‍ അവനെ മടക്കിവരുത്തും?” – (സഭാപ്രസംഗി 3: 19-22)

“പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണന്‍ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?… മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ?” – (ഇയ്യോബ്‌ 14: 10-14)

ആത്മീയഗുരുക്കള്‍ക്കും, മതപണ്ഡിതര്‍ക്കും, മറ്റു് തല്പരകക്ഷികള്‍ക്കും ഇതൊക്കെ യഥേഷ്ടം വ്യാഖ്യാനിക്കാം, സ്തോത്രം ചൊല്ലി ആമോദം കൊള്ളാം. അതോടൊപ്പം, മനുഷ്യരുടെ ജീവിതമിട്ടാണു് അവര്‍ പന്താടുന്നതെന്ന ക്രൂരസത്യം പതിവുപോലെ വിസ്മരിക്കുകയുമാവാം.

കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ കാത്തിരിക്കുന്ന ദൈവരാജ്യം! വിഡ്ഢിത്തം ഒരിക്കലും മരിക്കുന്നില്ല എന്നതിനാല്‍ അടുത്ത രണ്ടായിരം വര്‍ഷങ്ങള്‍ക്കു് ശേഷവും ഈ കാത്തിരിപ്പു് തുടരുന്ന ഏതാനും പേരെങ്കിലും ഈ ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നു് അനുമാനിക്കുന്നതില്‍ തെറ്റുണ്ടാവില്ല. “വിഡ്ഢിത്തം വേദനിക്കുമായിരുന്നെങ്കില്‍ ലോകം ഒരു കൂട്ടക്കരച്ചിലായിരുന്നേനെ”!

 

 

Tags: , ,