05.04.2007-ല്‍ ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ വന്ന വാര്‍ത്തയാണിതു്: ഫ്രാന്‍സിലെ ദേശീയവീരവനിതയും വിശുദ്ധയുമായ, ഓര്‍ലിയന്‍സിലെ കന്യക എന്ന പേരില്‍ അറിയപ്പെടുന്ന Saint Joan of Arc-ന്റെ (1412- 30.05.1431) തിരുശേഷിപ്പു് എന്നു് കരുതി സൂക്ഷിച്ചിരുന്ന ഒരു എല്ലും, തുണിക്കഷണവും ഈജിപ്തിലെ ഏതോ മമ്മിയുടേതാണത്രെ! ഇരുപതു് ശാസ്ത്രജ്ഞര്‍ ഈ അവശിഷ്ടങ്ങളില്‍ നടത്തിയ നടത്തിയ തീവ്രമായ പരിശോധനകളുടെ ഫലമായ കണ്ടെത്തലായിരുന്നു അതു്. യൊവാനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി ആരോ ചെയ്ത വ്യാജപ്രവൃത്തി. 1867-ല്‍ ഫ്രാന്‍സിലെ ഒരു മരുന്നുവ്യാപാരി ആയിരുന്നു ഈ തിരുശേഷിപ്പു് കണ്ടെത്തി പള്ളിക്കാരെ ഏല്‍പ്പിച്ചതു്. അക്കാലത്തു് ഈജിപ്ഷ്യന്‍ മമ്മികളുടെ അംശങ്ങള്‍ ചികിത്സക്കായി ഉപയോഗിക്കുന്ന രീതി യൂറോപ്പില്‍ നിലനിന്നിരുന്നതിനാല്‍ ഈ കണ്ടുപിടുത്തം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയില്ല. മതദ്രോഹികളായ സ്ത്രീകളെ ചിതയില്‍ ദഹിപ്പിക്കുമ്പോള്‍ ഒരു പൂച്ചയെ കൂട്ടത്തില്‍ ദഹിപ്പിക്കുന്നതു് ഒരു ചിട്ട ആയിരുന്നതിനാല്‍, അവശിഷ്ടങ്ങളോടൊപ്പമുണ്ടായിരുന്ന പൂച്ചയുടെ ഒരസ്ഥി അവയുടെ വിശ്വാസയോഗ്യത തെളിയിക്കുന്നു എന്ന ധാരണ ജനങ്ങള്‍ പുലര്‍ത്തിയിരുന്നു.
പതിനാലുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ഇംഗ്ലണ്ടും ഫ്രാന്‍സും തമ്മില്‍ തുടരെത്തുടരെ നടന്ന യുദ്ധങ്ങള്‍ക്കിടയില്‍, (Hundred Years War) 1429-ല്‍ ഓര്‍ലിയന്‍സില്‍ വച്ചു് ഫ്രഞ്ചുകാരെ വിജയത്തിലേക്കു് നയിച്ചതു് പതിനേഴു് വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഈ കര്‍ഷകകന്യകയായിരുന്നു. നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്ന വെളിപാടുകള്‍ വഴി ഇംഗ്ലണ്ടുകാരെ തോല്‍പിക്കേണ്ട ചുമതല തന്റേതാണെന്നു് ഉറച്ചുവിശ്വസിച്ചതുമൂലം പുരുഷവേഷം ധരിച്ചു് ഇംഗ്ലണ്ടിനെതിരായി യുദ്ധം ചെയ്യാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ലിയന്‍സിലെ യുദ്ധത്തില്‍ ജയിച്ചെങ്കിലും അടുത്തവര്‍ഷം ഇംഗ്ലീഷുകാര്‍ അവളെ പിടികൂടി. 1431 മെയ് 30-നു് ഫ്രാന്‍സിലെ കത്തോലിക്കാസഭ മതനിന്ദയുടെ പേരില്‍ അവളെ ചിതയില്‍ ദഹിപ്പിച്ചു. വിശുദ്ധന്മാരില്‍നിന്നും നേരിട്ടു് വെളിപാടുകള്‍ സ്വീകരിച്ചിരുന്ന യൊവാന്‍ സഭാനേതൃത്വത്തെ അത്ര വിലമതിച്ചിരുന്നില്ല. അതിനാല്‍, അവള്‍ വലിയേട്ടന്മാരുടെ കണ്ണിലെ കരടായിരുന്നു.
ഫ്രഞ്ചുകാരുടെ ആത്മബോധത്തിനു് പുതിയ ഉണര്‍വുനല്‍കിയ യൊവാനെ വിശുദ്ധയാക്കി പ്രഖ്യാപിക്കുന്നതിനായി നടത്തപ്പെട്ട ദീര്‍ഘനാളത്തെ പരിശ്രമഫലമായി, അവസാനം, 16.05.1920-ല്‍ റോം അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രഞ്ചുകാര്‍ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ദേശീയ അവധിദിനമായി ആചരിച്ചു് ഈ വിശുദ്ധയെ ആദരിക്കുന്നു.
വിശുദ്ധന്റേതെന്ന പേരില്‍ യൂറോപ്പില്‍ മദ്ധ്യകാലങ്ങളില്‍ ശേഖരിക്കപ്പെട്ട അസ്ഥികള്‍ കൂട്ടിച്ചേര്‍ത്താല്‍ ഇതുവരെ ജീവിച്ചിട്ടില്ലാത്ത എതെങ്കിലും ഒരു ജീവിയായിരിക്കും പുറത്തുവരിക എന്നൊരു ഫലിതം കേട്ടിട്ടുണ്ടു്. തിരുശേഷിപ്പുകളാണെന്ന ധാരണയില്‍ ഈജിപ്ഷ്യന്‍ മമ്മിയുടെ മുന്‍പില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ചുകിട്ടുന്നതിനായി പ്രാര്‍ത്ഥിക്കുകയും, അപേക്ഷകളര്‍പ്പിക്കുകയും ചെയ്തവരില്‍ ചിലര്‍ക്കെങ്കിലും തീര്‍ച്ചയായും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകിട്ടിയിട്ടുണ്ടായിരിക്കണം. താന്‍ കുമ്പിട്ടു് പ്രാര്‍ത്ഥിക്കുന്നതു് എന്തിനു് മുന്‍പിലാണെന്ന അറിവിനേക്കാള്‍ എന്തിനു് മുന്‍പിലാണെന്ന വിശ്വാസമാണല്ലോ ഫലപ്രാപ്തിക്കു് നിദാനമാവുന്നതു്. പ്രാര്‍ത്ഥിച്ചില്ലായിരുന്നെങ്കിലും അവ ലഭിക്കുമായിരുന്നു എന്നു് കരുതാനുള്ള ധൈര്യമൊട്ടില്ലതാനും. അവരതില്‍ സംതൃപ്തരാണെങ്കില്‍ ആര്‍ക്കെന്തു് ചേതം? സഹജീവികളെ അവരുടെ ഗതികേടില്‍ വീണ്ടും കഷ്ടപ്പെടുത്തി മുതലെടുക്കുന്നതു് കാണേണ്ടിവരുന്നതു് ചിലര്‍ക്കെങ്കിലും ധാര്‍മ്മികരോഷത്തിനു് കാരണമായേക്കാം. പക്ഷേ, ചൂഷകര്‍ക്കു് സിന്താവാ വിളിക്കാന്‍ ചൂഷിതര്‍ അഹമഹമികയാ ഇടിച്ചു് കയറുന്നിടത്തു് ഏതാനും പേരുടെ ധാര്‍മ്മികരോഷത്തിനു് ആരു് വിലകല്പിക്കുന്നു?
ജനങ്ങള്‍ മുട്ടുകുത്തുന്നതു് നല്ലതാണു്. കാരണം, മുട്ടുകുത്തി തളരുന്നവര്‍ക്കു് എതിര്‍ക്കാന്‍ ശക്തിയുണ്ടാവില്ല. അവര്‍ വിഡ്ഢികളാവുന്നതു് നല്ലതാണു്. കാരണം, വിഡ്ഢികളെ ഭരിക്കാന്‍ എളുപ്പമാണു്. എല്ലാ മനുഷ്യര്‍ക്കും എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാനുള്ള യോഗ്യതയില്ല. അതുകൊണ്ടു് നമുക്കു് ദൈവങ്ങള്‍ മാത്രം പോരാ, വിശുദ്ധരും വേണം. ആര്‍ക്കും എപ്പോഴും കയ്യയച്ചു് നേര്‍ച്ചയിടാനുതകുംവിധം വിശുദ്ധരുടെ വെണ്‍കല്‍പ്രതിമകള്‍ കവലകള്‍തോറും പടുത്തുയര്‍ത്തപ്പെടണം. സ്വദേശികളായ വിശുദ്ധരില്ലെങ്കില്‍ വിദേശികളായ വിശുദ്ധരുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെടണം. താഴ്മയോടെ കൈകൂപ്പി തൊഴുതുവണങ്ങി തിരികത്തിച്ചു് വഴിപാടു് കഴിക്കാനുള്ള അവസരം ആര്‍ഷഭാരതത്തില്‍ ആര്‍ക്കും ഇല്ലാതെ പോകരുതു്. ഭാരതത്തിനു് വേണ്ടതു് വ്യക്തിത്വമുള്ള പൗരന്മാരെയല്ല, മുടങ്ങാതെ മുട്ടുകുത്തുന്നവരെയാണു്.