RSS

Daily Archives: Apr 2, 2008

യൂദാസിന്റെ സുവിശേഷം – 1

ഈജിപ്തില്‍ 1979-ല്‍ കണ്ടെടുത്ത യൂദാസിന്റെ സുവിശേഷത്തിലേക്കു് കടക്കുന്നതിനു് മുന്‍പു് പുതിയനിയമസുവിശേഷങ്ങളും, ആദികാല ക്രിസ്തുമതവും ഒന്നു് സ്പര്‍ശിച്ചിരിക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു. യേശുവിനെ കുരിശുമരണത്തിനു് ഏല്പിച്ചുകൊടുക്കുന്ന ഒറ്റുകാരന്റേയും, ദുഷ്ടന്റേതുമാണു് പുതിയനിയമം നമ്മെ വരച്ചുകാണിക്കുന്ന യൂദാസിന്റെ ചിത്രം. അതേസമയം, യൂദാസിന്റെ സുവിശേഷം നമുക്കു് വെളിപ്പെടുത്തിത്തരുന്ന യൂദാസ്‌, മനുഷ്യരെ വഴിതെറ്റിക്കുന്നതിനാല്‍ യേശുവിന്റെ ശകാരം കേള്‍ക്കേണ്ടിവരുന്ന മറ്റു് ശിഷ്യന്മാരില്‍നിന്നു് വിപരീതമായി, തന്റെ ഗുരുവിനെ ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരേയൊരു ഉത്തമശിഷ്യനും യേശുവിന്റെ ആത്മമിത്രവുമാണു്. ഈ വൈരുദ്ധ്യത്തിന്റെ വേരുകള്‍ ആദികാല ക്രിസ്തുമതത്തിലാണു് തേടേണ്ടതു്. അതിന്റെ സൂത്രധാരകരായതു് ഗ്രീക്ക്‌-റോമന്‍ ലോകത്തിലെ നോസ്റ്റിസിസം (Gnosticism) എന്ന തത്വചിന്താപരവും, മതപരവുമായ പ്രസ്ഥാനത്തെ എതിര്‍ത്തു് നശിപ്പിച്ച സഭാപിതാക്കളായിരുന്നു. അവരുടെ മുന്‍പന്തിയില്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഐറേനിയസ് എന്ന വിശുദ്ധപിതാവും.

എത്ര തേടിയാലും, എത്ര അന്വേഷിച്ചാലും, അന്തിമമായി നമ്മള്‍ എത്തിച്ചേരുന്നതു്, ഏതു് ദൈവത്തിന്റേയും, ഏതു് മതത്തിന്റേയും, ഏതു് വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍, അതിന്റെ രൂപീകരണത്തില്‍ ആത്യന്തികമായി മറഞ്ഞിരിക്കുന്നതു് മനുഷ്യനാണു്, മനുഷ്യന്‍ മാത്രമാണു് എന്ന നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യത്തിലായിരിക്കും. ഏതു് മതത്തിലായാലും, മനുഷ്യനേക്കാള്‍ കൂടുതല്‍ ദൈവത്തെ സ്നേഹിക്കുന്നതു്, തന്റെ വിശ്വാസത്തിന്റെ പേരില്‍ അന്യവിശ്വാസികളായ മറ്റു് മനുഷ്യരെ കൊല്ലാന്‍ പോലും മടിക്കാതിരിക്കുന്നതു്, ദൈവവിശ്വാസമോ മതവിശ്വാസമോ അല്ല, മതഭ്രാന്താണു്.

“മതഭ്രാന്തു് നിരീശ്വരവാദത്തേക്കാള്‍ അപകടകാരിയാണു്.” – Pierre Bayle, French Philosopher (18.11.1647 – 28.12.1706 )

യേശുവിന്റെ ജീവിതം ആധികാരികമായി വര്‍ണ്ണിക്കപ്പെടുന്നതു് ബൈബിളിലെ പുതിയനിയമത്തിലെ ആദ്യത്തെ നാലു് സുവിശേഷങ്ങളിലാണല്ലോ. പക്ഷേ, മത്തായി, മര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്ന പേരുകളില്‍ ഈ സുവിശേഷങ്ങള്‍ അറിയപ്പെടുന്നതുകൊണ്ടു് അവ എഴുതിയതും അവര്‍ തന്നെ ആണു് എന്നു് കരുതുന്നതു് ശരിയായിരിക്കുകയില്ല. മര്‍ക്കോസിന്റെ സുവിശേഷമാണു് അവയില്‍ പഴക്കമേറിയതു്. മറിയയുടെ പശുത്തൊഴുത്തിലെ പ്രസവം മുതലായ ക്രിസ്തുമസ്‌ ചരിതങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതു് ലൂക്കോസിന്റെ സുവിശേഷത്തിലാണു്. ഘടനയിലും, ഉള്ളടക്കത്തിലും, പദപ്രയോഗങ്ങളിലുമുള്ള സാമ്യം മൂലം ആദ്യത്തെ മൂന്നു് സുവിശേഷങ്ങള്‍ പൊതുവേ സിനോപ്ടിക് ഗോസ്പെല്‍സ് എന്നു് വിളിക്കപ്പെടുന്നു. നാലാമത്തേതായ യോഹന്നാന്റെ സുവിശേഷം യേശുചരിതം അല്‍പം വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണു് അവതരിപ്പിക്കുന്നതു്. അപ്പവും വീഞ്ഞും പങ്കുവച്ചുകൊണ്ടു് വിശ്വാസികള്‍ ഇന്നും ഓര്‍മ്മ ആചരിക്കുന്ന അവസാനത്തെ അത്താഴത്തിനും, കഷ്ടാനുഭവത്തിനും, കുരിശുമരണത്തിനും, ഉയിര്‍ത്തെഴുന്നേല്‍പ്പിനും ഊന്നല്‍ നല്‍കി രചിക്കപ്പെട്ടിരിക്കുന്ന ഈ നാലു് സുവിശേഷങ്ങളെ മാത്രമാണു് സഭ നിയമാനുസൃതമായി അംഗീകരിച്ചു് പുതിയ നിയമത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നതു്. ബൈബിളില്‍ ഈ നാലു് സുവിശേഷം മാത്രമാണു് ഉള്ളതെന്നതിനാല്‍ ഇവ മാത്രമേ രചിക്കപ്പെട്ടിട്ടുള്ളു എന്നൊരു വലിയ തെറ്റിദ്ധാരണ വച്ചുപുലര്‍ത്തുന്നവരാണു് മിക്കവാറും എല്ലാ വിശ്വാസികളും. ജനങ്ങള്‍ ഇങ്ങനെയൊരു തെറ്റായ വിശ്വാസം പുലര്‍ത്തുന്നതു് സഭയുടെ താല്‍പര്യങ്ങള്‍ക്കു് അനുയോജ്യമായിരുന്നതിനാല്‍ സഭാപിതാക്കള്‍ ഈ നിലപാടിനു് ബോധപൂര്‍വ്വം പിന്തുണ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വടി കൊടുത്തു് അടി വാങ്ങാന്‍ അവര്‍ തയ്യാറായില്ല എന്നു് ചുരുക്കം.

പക്ഷേ, ആധുനിക ചരിത്രകാരന്മാരും, പുരാവസ്തുഗവേഷകരും ഈ വിഷയത്തെ സംബന്ധിച്ചു് പഠിക്കാന്‍ ആരംഭിക്കുകയും, അവരുടെ പരിശ്രമങ്ങള്‍ക്കു് പിന്തുണ നല്‍കാനുതകുന്ന യന്ത്രസാമഗ്രികള്‍ നിര്‍മ്മിക്കുവാന്‍ ശാസ്ത്രത്തിനു് കഴിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ “അറിയാതിരിക്കാന്‍ മറച്ചുപിടിക്കുക” എന്ന സഭാനേതൃത്വത്തിന്റെ നയം പതിയെപ്പതിയെ ഉലയാന്‍ തുടങ്ങിയിരിക്കുന്നു. ക്രിസ്തുമതത്തിന്റെ ചരിത്രം (സഭാചരിത്രം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്) ഇന്നു് നമ്മെ പഠിപ്പിക്കുന്നതു്, പുതിയനിയമം രൂപമെടുത്ത കാലഘട്ടത്തിനു് മുന്‍പുതന്നെ, അതായതു്, നാലാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിനു് മുന്‍പുതന്നെ, മറ്റു് പല സുവിശേഷങ്ങളും നിലവിലുണ്ടായിരുന്നു എന്നാണു്. യേശുവിന്റെ അന്ത്യകാലാനുഭവങ്ങള്‍ നേരില്‍ കണ്ട ശിഷ്യന്മാര്‍ അവയെല്ലാം അവരുടേതായ രീതിയില്‍ അനുയായികള്‍ക്കു് വായ്മൊഴിയായി പകര്‍ന്നുകൊടുത്തു. കാലക്രമേണ അവ ക്രോഡീകരിക്കപ്പെട്ടു, ഏകോപിപ്പിക്കപ്പെട്ടു. അതുവഴി വിശ്വാസികള്‍ അറിയേണ്ട യേശുചിത്രം ഇങ്ങനെ സ്ഥിരീകരിക്കപ്പെട്ടു: സ്വന്തം മരണം മുന്‍കൂട്ടി കണ്ട പ്രവാചകന്‍, ലോകത്തിന്റെ രക്ഷകന്‍, ദൈവത്തിന്റെ ഏകജാതന്‍, സ്വന്തം ശിഷ്യനായിരുന്ന (നീചനായ!) യൂദാസിനാല്‍ ഒറ്റിക്കൊടുക്കപ്പെട്ട നസറായനായ യേശു! പുലര്‍കാലനാഴികയില്‍ തടവുകാരനാക്കപ്പെട്ടു്, ചാട്ടവാറടിയേറ്റു്, താന്‍ തറയ്ക്കപ്പെടേണ്ട കുരിശു് സ്വയം ചുമന്നുകൊണ്ടു് തലയോടിടം എന്നര്‍ത്ഥമുള്ള ഗോല്‍ഗൊഥായിലേക്കു് നടന്നുനീങ്ങുന്ന യേശു സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങളുടെ പ്രതീകങ്ങളായി. അവന്‍ ചുമന്ന കുരിശു് നിത്യജീവന്റെ അടയാളമായി. യേശു എന്ന പുരുഷന്‍ മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടി ബലിയര്‍പ്പിക്കപ്പെടാനായി മറിയയിലൂടെ ദൈവം ജനിപ്പിച്ച മനുഷ്യപുത്രനായി.

ഇതിലൂടെയെല്ലാം ലോകം എന്തുനേടി? സത്യത്തിനു് സാക്ഷി നില്‍ക്കേണ്ടതിനായി ലോകത്തില്‍ വന്നവന്‍ എന്നു് യോഹന്നാന്‍ വിശേഷിപ്പിക്കുന്ന യേശുവിന്റെ വഴികള്‍ക്കു് രണ്ടായിരം വര്‍ഷത്തെ സമയം ലഭിച്ചിട്ടും ലോകത്തില്‍ സത്യവും ജീവനും സ്ഥാപിക്കാന്‍ കഴിഞ്ഞോ? “ഇല്ല” എന്നു് മറുപടി പറയാന്‍ അധികം ആലോചിക്കേണ്ട കാര്യമില്ല. “എന്റെ രണ്ടാമത്തെ വരവുവരെ മരണം കാണാത്തവര്‍ ചിലര്‍ ഈ നില്‍ക്കുന്നവരില്‍ ഉണ്ടു്” എന്നായിരുന്നു യേശുവിന്റെ വാഗ്ദാനം. പക്ഷേ, അമ്മാതിരി ഒന്നും സംഭവിച്ചില്ല. ശാശ്വതസത്യവും നിത്യജീവനും മരണാനന്തര ജീവിതത്തിലേക്കു്, സ്വര്‍ഗ്ഗലോകത്തിലേക്കു് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടു, അത്രമാത്രം. അങ്ങോട്ടുള്ള വഴി മുടക്കമില്ലാതെ പിന്തുടരാനുള്ള ബാദ്ധ്യത, ആ യാത്രക്കുള്ള അവകാശം കണിശമായി വിലനല്‍കി വാങ്ങാനുള്ള മനുഷ്യരുടെ ചുമതല, അതുമാത്രം മാറ്റമില്ലാത്ത, മാറ്റാന്‍ പാടില്ലാത്ത (ഇഹലോക)സത്യമായി ഇന്നോളം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജനം കണ്ണുമടച്ചു് അനുസരിക്കുന്നു, പിന്തുടരുന്നു. കാരണം, രണ്ടു് സഹസ്രാബ്ദങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്ന വാഗ്ദത്തരാജ്യം സത്യമോ മിഥ്യയോ എന്നു് ഇന്നും അവര്‍ക്കറിയില്ല, ആര്‍ക്കുമറിയില്ല. ഉണ്ടോ, ഇല്ലയോ? ഇനി, അഥവാ ഉണ്ടെങ്കില്‍? റിസ്ക്കെടുക്കാന്‍ മനുഷ്യര്‍ തയ്യാറല്ല.

അന്വേഷിക്കാന്‍ ആരും അവരെ പഠിപ്പിച്ചില്ല. തന്മൂലം, അറിയുക എന്ന ദുര്‍ഘടതയേക്കാള്‍ അധികാരത്തെ അന്ധമായി വിശ്വസിച്ചുകൊണ്ടു് കൂട്ടത്തില്‍ ഒഴുകുക എന്ന എളുപ്പത്തെ അവര്‍ സ്വീകരിക്കുന്നു. സ്വന്തം വിശ്വാസത്തെ, അനക്കാന്‍ അവകാശമില്ലാത്ത ആത്യന്തികസത്യമായി അവര്‍ അവരോധിക്കുന്നു, ആരാധിക്കുന്നു. ഏതു് മരമാക്രിയെപ്പറ്റിയായാലും ഒരുവാക്കു് സംസാരിക്കാന്‍ സ്വന്തം വിശ്വാസത്തിന്റെ പിന്തുണയില്ലാതെ, സ്വന്തം ദൈവത്തിന്റെ മറപറ്റിയല്ലാതെ കഴിയുകയില്ലെന്ന ഭ്രാന്തന്‍ അവസ്ഥയില്‍ അവര്‍ എത്തിച്ചേര്‍ന്നു, എത്തിക്കപ്പെട്ടു. സ്വന്തം അടിമത്തത്തില്‍, സ്വന്തം നീചത്വത്തില്‍ ആഹ്ലാദിക്കാനും അഹങ്കരിക്കാനും പോലും മടിയില്ലാത്തവരായി അവര്‍ രൂപാന്തരം പ്രാപിച്ചു. അങ്ങനെ, അവസാനം, കളങ്കമില്ലാത്ത രക്തം ചിന്തപ്പെടുമ്പോള്‍, നൈര്‍മ്മല്യം കിണറ്റില്‍ മുക്കിക്കൊല്ലപ്പെടുമ്പോള്‍, അതിനു് ഉത്തരവാദികളായവര്‍ക്കു് ആവേശപൂര്‍വ്വം ഹോശന്നയും, ഹാലേലുയ്യായും വിളിക്കുന്നതില്‍ ജീവിതസായുജ്യം കണ്ടെത്തുന്നവരായി അവര്‍ മാറി. കാട്ടാളത്തത്തിന്റെ കൊട്ടുമേളക്കാരനായ ബറബ്ബാസിനെ വിട്ടുകിട്ടാനായി അവര്‍ ദിനത്തില്‍ അഞ്ചും ഏഴും വട്ടം മുട്ടില്‍ കിടന്നു് കെഞ്ചി അപേക്ഷിക്കാന്‍ മടിച്ചില്ല. സുവര്‍ണ്ണവസ്ത്രങ്ങളില്‍ പൊതിഞ്ഞു്, സ്വര്‍ണ്ണക്കുരിശു് കഴുത്തില്‍ ചാര്‍ത്തി മരക്കുരിശിന്റെ പ്രതിനിധികളാണെന്നഭിമാനിക്കുന്നവര്‍ ബറബ്ബാസിനെ അവര്‍ക്കു് വിട്ടുകൊടുക്കുമ്പോള്‍ നിത്യസത്യം കണ്ടെത്തിയതായി അവര്‍ ആര്‍പ്പിടുന്നു, അട്ടഹസിക്കുന്നു. എന്തുകൊണ്ടാണിങ്ങനെ എന്ന ചോദ്യത്തിനു് ഒരു മറുപടിയേ ഉള്ളു: “അവര്‍ക്കറിയില്ലെന്നു് അവര്‍ക്കറിയില്ല, അവര്‍ക്കതറിയണമെന്നില്ല”.

ക്രിസ്ത്യാനികള്‍ കാത്തിരുന്ന ദൈവരാജ്യം പിറന്നുവീണില്ല. പകരം, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളിലൂടെ ക്രിസ്തുമതത്തില്‍ ജന്മമെടുത്തു് വളര്‍ന്നതു് വ്യത്യസ്ത വിഭാഗങ്ങളും അവയുടേതായ വ്യത്യസ്ത വിശ്വാസപ്രമാണങ്ങളുമായിരുന്നു. ദീര്‍ഘമായ ഈ കാലഘട്ടത്തില്‍ ഓരോ വിഭാഗത്തിനും അവരുടേതായ മുഖച്ഛായയും, ആചാരങ്ങളും, ചടങ്ങുകളുമുണ്ടായി. അവരവരുടേതായ സത്യങ്ങള്‍. അവ ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന ഒരു കാര്യത്തില്‍ മാത്രമായിരുന്നു എല്ലാ വിഭാഗങ്ങളുടേയും നിലപാടുകളില്‍ പൊരുത്തം. വൈരുദ്ധ്യങ്ങളോടടുക്കുന്ന ഇത്തരം വിശ്വാസവൈവിദ്ധ്യങ്ങളില്‍ ശാശ്വതമായ “ഒരു സത്യത്തേപ്പറ്റി” പറയാന്‍ കഴിയുന്നതെങ്ങനെ? ഏകദൈവം, ഏകസത്യം, ഏകജാതന്‍, ഏകവഴി, അവന്റെ ഏകമായ ജീവിതകഥ!? “നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക” എന്ന യേശുവാക്യത്തില്‍ നട്ടു് നനയ്ക്കപ്പെട്ടു് പരിശുദ്ധമായ ദൈവസ്നേഹത്തിലും, ഐകമത്യത്തിലും വളര്‍ന്നു് പന്തലിക്കുകയായിരുന്നോ ക്രിസ്തുമതം? ഒരിക്കലുമല്ല. ആരംഭകാലത്തില്‍ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട ക്രിസ്തുമത-ഇടവകകളില്‍ അവര്‍ക്കു് പകര്‍ന്നുകിട്ടിയ യേശുകഥയുടെ അറിവുകളുടേയും കീഴ്‌വഴക്കങ്ങളുടേയും വെളിച്ചത്തില്‍, ആദ്യനൂറ്റാണ്ടുകളില്‍, അവരുടേതായ സുവിശേഷങ്ങള്‍ ഉരുത്തിരിയുകയായിരുന്നു. സ്വാഭാവികമായും സ്വന്തം വിശ്വാസസത്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറില്ലാതിരുന്ന ശത്രുചേരികള്‍ തമ്മില്‍ സത്യത്തിന്റെ പേരില്‍ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകളുടേയും, കൂട്ടക്കൊലകളുടേയും നിണമണിഞ്ഞ നിലവിളികളാണു് ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രം. ബാവയും മെത്രാനും തമ്മില്‍ത്തല്ലുന്നതു് ഇന്നും നിറുത്തിയിട്ടുമില്ല. അതുവഴി മരിച്ചുവീണ പല സത്യങ്ങള്‍ സഭാചരിത്രത്തിന്റെ കല്ലറകളില്‍ മനഃപൂര്‍വ്വം മറച്ചുവച്ചുകൊണ്ടു്, സഭയുടെ സത്യം ഏകസത്യമായി അടിച്ചേല്‍പിക്കപ്പെട്ടു. ഇവിടെയാണു് നാലാം ശതകത്തിനു് മുന്‍പു് രൂപമെടുത്തവയും, വിവിധ ക്രിസ്തീയ വിഭാഗങ്ങള്‍ പിന്‍തുടര്‍ന്നിരുന്നവയെങ്കിലും, ബൈബിളില്‍ സ്ഥാനം ലഭിക്കാതെ പോയവയുമായ സുവിശേഷങ്ങളുടെ പ്രസക്തി.

1945-ല്‍ ഈജിപ്റ്റിലെ നജ്-ഹമാദിയില്‍ നിലം ഉഴുവുന്നതിനിടയില്‍ ഒരു കര്‍ഷകന്‍ മണ്ണിനടിയില്‍ ഒരു മണ്‍കുടം കണ്ടെത്തുന്നു. അതിനുള്ളില്‍ സ്വര്‍ണ്ണമോ മറ്റു് വിലപിടിപ്പുള്ള വസ്തുക്കളോ ആവാമെന്ന ധാരണയില്‍ തല്ലിപ്പൊട്ടിച്ചപ്പോള്‍ എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ച കുറെ പഴയ പപ്പിറസ്‌ ചുരുളുകളാണു് അവന്‍ കാണുന്നതു്. ആ ലിഖിതങ്ങളുടെ മൂല്യം അറിയാന്‍ കഴിയാതിരുന്ന അയാളുടെ ഭാര്യ അതില്‍ കുറെയെടുത്തു് അടുപ്പിലിട്ടു് തീയുണ്ടാക്കുന്നു. ഭാഗ്യത്തിനു് ഈജിപ്തിലെ കോപ്ടിക്‌ സഭാവിശ്വാസിയായ ഒരു പുരോഹിതന്‍ അതിനേപ്പറ്റി കേള്‍ക്കുകയും, അതിലെ അക്ഷരങ്ങള്‍ വായിക്കാന്‍ അറിയാമായിരുന്ന അദ്ദേഹം രക്ഷിക്കാന്‍ ബാക്കിയുണ്ടായിരുന്നതെല്ലാം രക്ഷിക്കുകയും ചെയ്യുന്നു. ഇടനിലക്കാരുടെ കൈകളിലൂടെ മാറിമറിഞ്ഞു്, വളരെയധികം യാത്രകള്‍ക്കും ചുറ്റിക്കറങ്ങലുകള്‍ക്കും ശേഷം ആ ചുരുളുകള്‍ ഇന്നു് കൈറോയിലെ കോപ്ടിക്‌ മ്യൂസിയത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കാര്യമായ പരിക്കുകള്‍ പറ്റാതിരുന്ന തോമസിന്റെ സുവിശേഷവും അതില്‍ പെടുന്നു.

1979-ല്‍ നജ്-ഹമാദിയില്‍ നിന്നും അധിക ദൂരത്തിലല്ലാത്ത ഒരു പ്രദേശത്തുനിന്നും രണ്ടു് കല്ലറമോഷ്ടാക്കള്‍ അതുവരെ ആരും കണ്ടെത്താത്ത ഒരു ശവകുടീരത്തില്‍ ഒരു കല്‍പ്പെട്ടി കണ്ടെത്തുന്നു. അതില്‍ ആഭരണങ്ങളും രത്നങ്ങളും പ്രതീക്ഷിച്ച അവരും നിരാശപ്പെടേണ്ടിവരുന്നു. തോല്‍കൊണ്ടുള്ള ഒരു കവറില്‍ പൊതിഞ്ഞ കുറെ പപ്പിറി മാത്രമാണതിനുള്ളില്‍. പക്ഷേ, മുന്‍പിലത്തെ കഥ വഴി, പഴയ ലിഖിതങ്ങള്‍ക്കും വില ലഭിക്കാം എന്നറിയാമായിരുന്നതിനാല്‍ അവര്‍ ഒരു ഏജന്റിനെ അതു് ആര്‍ക്കെങ്കിലും വില്‍ക്കാന്‍ ഏല്‍പിക്കുകയും, ഒരു പുരാവസ്തുകച്ചവടക്കാരന്‍ നിസ്സാരമായൊരു വിലക്കു് അതു് വാങ്ങുകയും ചെയ്യുന്നു. “യൂദാസിന്റെ സുവിശേഷം” എന്നപേരില്‍ പിന്നീടു് തിരിച്ചറിയപ്പെടേണ്ടുന്ന ഈ ലിഖിതത്തിനു് പക്ഷെ ആദ്യത്തെ നിധിക്കു് നേരിടേണ്ടിവന്നതിനേക്കാള്‍ ക്രൂരമായ കഷ്ടകാലമാണു് പിന്നീടുള്ള അനേകവര്‍ഷങ്ങളില്‍‍ അനുഭവിക്കേണ്ടിവന്നതു്.

(തുടരും)

 
23 Comments

Posted by on Apr 2, 2008 in ലേഖനം

 

Tags: , ,