ശരീരത്തെ ബാധിക്കുന്ന റ്റ്യൂമറുകളുണ്ടു്, സമൂഹത്തെ ബാധിക്കുന്ന റ്റ്യൂമറുകളുണ്ടു്. അവയിൽത്തന്നെ ബെനൈൻ ആയവയും മലൈൻ ആയവയുമുണ്ടു്. ആദ്യത്തേതു് സാധാരണ ഗതിയിൽ അത്ര ഉപദ്രവകാരി ആകണമെന്നില്ലെങ്കിലും, ഒരിടത്തു് തുടങ്ങി, മറ്റു് ശരീരഭാഗങ്ങളിലേക്കു് മെറ്റാസ്റ്റസൈസ് ചെയ്തു് രോഗിയെ മരണത്തിലേക്കു് നയിക്കുന്നവയാണു് രണ്ടാമത്തെ ഇനം. തുടക്കത്തിലേ അറിയുകയും അനുയോജ്യമായ ചികിത്സാരീതികൾ സ്വീകരിക്കുകയും ചെയ്താൽ രോഗി രക്ഷപെട്ടുകൂടെന്നുമില്ല.
സാമൂഹികശരീരത്തെ ബാധിക്കുന്ന മതം, പ്രത്യയശാസ്ത്രം എന്നീ രണ്ടുതരം റ്റ്യൂമറുകളും, മനുഷ്യന്റെ ചിന്താശേഷിയെ മരവിപ്പിച്ചു് നശിപ്പിക്കുന്നവ എന്ന നിലയിൽ, മലൈൻ ആയി പരിഗണിക്കപ്പെടേണ്ടവയാണു്. പാപികളും, അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും, അവശരും, ആലംബഹീനരുമായ മനുഷ്യർക്കു് ഒരാശ്രയം എന്ന വാഗ്ദാനവുമായാണു് ഈ രണ്ടിനം ക്യാൻസറുകളും സാമൂഹികശരീരത്തിൽ കയറിപ്പറ്റുന്നതു്. ക്രിസ്തുമതത്തിന്റെയും കമ്മ്യൂണിസത്തിന്റേയുമെല്ലാം ചരിത്രം ശ്രദ്ധിച്ചാൽ മതി ഇതു് മനസ്സിലാക്കാൻ. രക്ഷകരുടെ കുപ്പായമണിഞ്ഞവർ സമൂഹത്തിൽ പാകുന്ന അർബുദം വേരുറച്ചു് വളരാൻ തുടങ്ങിയാൽ, നേതൃസ്ഥാനങ്ങൾ കൈവരിച്ചവരും, അവർക്കു് ചുറ്റും “പുന്നെല്ലു് കണ്ട എലിയെപ്പോലെ” വിസ്താരമ മോഡൽ രാഷ്ട്രീയച്ചിരിയുമായി മോഷണമുതലിൽനിന്നും പറ്റുന്നത്ര മുഴുപ്പുള്ള കഷണങ്ങൾ തങ്ങൾക്കും സ്വന്തമാക്കാനായി കൂട്ടുകൂടുന്ന ഉപജാപകവൃന്ദവും ചേർന്നു്, ഭീഷണിയുടേയും അക്രമത്തിന്റേയും പാതയിലേക്കു് തിരിഞ്ഞു്, ജനത്തെ ചൂഷണം ചെയ്തു് സ്വയം ധനം ശേഖരിക്കാൻ തുടങ്ങും. അവശവിഭാഗത്തിന്റെ ദുരവസ്ഥയുടെ കാരണമായി ആരെയാണോ അവർ ചൂണ്ടിക്കാണിച്ചിരുന്നതു്, അവരുടെ സ്ഥാനം ഏറ്റെടുക്കലാവും പിന്നീടു് ഈ വ്യാജജനരക്ഷകരുടെ ലക്ഷ്യം. താഴേക്കിടയിലുള്ളവരുടെ ദുരിതങ്ങളുടെ പേരിൽ അവർ ഒഴുക്കുന്ന മുതലക്കണ്ണീർ ആ ലക്ഷ്യത്തിലേക്കു് എളുപ്പം എത്തിച്ചേരാനുള്ള ഒരു മാർഗ്ഗം മാത്രമാണെന്നു് അറിയാൻ അനുയായികൾക്കുള്ള കഴിവില്ലായ്മയാണു് അവരുടെ മൂലധനവും വിജയരഹസ്യവും. എന്റെ മൊയ്ലാളി എന്നെ തല്ലിയാൽ നിനക്കെന്താടാ ഊളേ എന്നും മറ്റുമുള്ള മുദ്രാവാക്യങ്ങൾ വിളിക്കാനും, രക്ഷകർക്കുവേണ്ടി രക്തസാക്ഷി ആവാനും മറ്റും ആവശ്യമായ “ബൌദ്ധികവളർച്ചയിലേക്കു്” അപ്പോഴേക്കും പഴയ ആലംബഹീനർ ഹിപ്നൊട്ടൈസ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും. പെന്റെക്കൊസ്റ്റുകളുടെ തമ്പേറടിപോലെ, ഭജനക്കാരുടെ കൈമണിയടിപോലെ, സ്വാമിമാരുടെ ശരണംവിളിപോലെ, പ്രോപഗാൻഡ, സ്റ്റഡിക്ലാസ്സുകൾ, ഹെജെമണികൾ കിലുക്കിയുള്ള ഉറഞ്ഞുതുള്ളലുകൾ മുതലായവ വഴിയും മനുഷ്യർ ഹിപ്നോട്ടൈസ് ചെയ്യപ്പെടും.
ആദ്ധ്യാത്മികതയുടെ അംശങ്ങൾ ഇല്ലാത്ത ഒരു നവോത്ഥാനത്തിനു് പാകമാവാത്ത ഭാരതം പോലൊരു സംസ്കാരത്തിൽ, മതപരമായ റ്റ്യൂമറുകളെ ഒരു പരിധി വരെയെങ്കിലും, മലിഗ്നന്റ് എന്ന പദവിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടെന്നു് തോന്നുന്നു. മനുഷ്യമനസ്സിനെ പിടികൂടുന്ന മതം എന്ന സാമൂഹികറ്റ്യൂമർ മലൈൻ അല്ലാത്തതുകൊണ്ടല്ല, നിലവിലെ സാംസ്കാരിക സാഹചര്യങ്ങളിൽ പ്രയോഗികമായ മറ്റൊരു പോംവഴി ഇല്ലാത്തതിനാലാണു് അങ്ങനെയൊരു ഇളവു് വേണ്ടിവരുന്നതു്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി, “പാർട്ടി ഏതായാലും മനുഷ്യനെ കൊന്നാൽ മതി” തുടങ്ങിയ “ഫിലോസഫികളിൽ” ജീവിക്കുന്നവർക്കു് മതവും പാർട്ടിയും ഇല്ലാതെ ജീവിക്കാൻ കഴിയുന്ന മനുഷ്യർ എന്ന നിലയിലേക്കു് എത്തിച്ചേരാൻ വളരെയേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടു്. മറ്റാരിലും ഒന്നിലും അഭയം തേടാനില്ലാത്ത ഒരു ജനത ദൈവത്തിലും, ദൈവത്തിന്റേതെന്നു് പഠിപ്പിക്കപ്പെട്ടിരിക്കുന്ന മതങ്ങളിലും അല്ലാതെ മറ്റെവിടെയാണു് അഭയവും ആശ്വാസവും തേടേണ്ടതു്? മാഫിയാക്കൂട്ടം ഭരിക്കുകയും, റൌഡികൾ തെരുവു് വാഴുകയും, പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകൾ മനുഷ്യരെ കൊല ചെയ്യാനുള്ള പീഡനമുറികൾ ആവുകയും, നിയമവ്യവസ്ഥിതിയെ പുഴുക്കുത്തുകൾ ഭരിക്കുകയും, അവയെ എല്ലാം ന്യായീകരിക്കാൻ ഉളുപ്പില്ലാത്ത സിന്താവാ പാച്ചുമാരും കീജേ കോവാലന്മാരും അരങ്ങു് തകർക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ സാമാന്യജനത്തിനു് ദൈവത്തെയല്ലാതെ മറ്റാരെയാണു് ആശ്രയിക്കാൻ കഴിയുക? ഈ ലോകത്തിൽ ജീവിക്കുന്ന കോടാനുകോടി മനുഷ്യരുടേയും ഓരോ നീക്കങ്ങളും ഊണിലും ഉറക്കത്തിലും പിന്തുടരുന്ന ഒരു “പേഴ്സിക്യൂട്ടർ” ഈശ്വരനു് സഹായത്തിനുള്ള അപേക്ഷ സമർപ്പിച്ചുകൊണ്ടല്ലാതെ ജീവിതത്തിൽ ഒരു ചുവടുപോലും വയ്ക്കാൻ കഴിയാത്ത മനുഷ്യരിൽ നിന്നും ഈശ്വരനെയും ആ ഈശ്വരൻ ഇടപെടുന്ന മാദ്ധ്യമമായ മതത്തേയും കൂടി എടുത്തു് മാറ്റിയാൽ അവർ അവരല്ലാതെ ആവുകയായിരിക്കും ഫലം.
ദൈവം ഇല്ല എന്നതിന്റെ തെളിവുകളല്ല, തനിക്കു് ആശ്രയിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒരു ദൈവമുണ്ടു് എന്ന വിശ്വാസമാണു്, (അതൊരു മിഥ്യയാണു് എന്ന സത്യം മറച്ചുവച്ചുകൊണ്ടു്) രക്ഷ വാഗ്ദാനം ചെയ്യുന്ന ഷാർലറ്റനുകളെയാണു് അവർക്കു് വേണ്ടതു്. ആ വിശ്വാസം ഇല്ലാഞ്ഞാൽ മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്നു് തലമുറകളിലുടെ ഭയപ്പെടുത്തി വച്ചിരിക്കുന്ന സാധുക്കളായ മനുഷ്യർ! അതുകൊണ്ടാണു് ഓരോ പൊതുയോഗവും, ഓരോ ശവമടക്കും ഈശ്വരപ്രാർത്ഥനയുടെ അകമ്പടിയോടെ പൂർത്തീകരിക്കണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും അവർ തയ്യാറാവാത്തതു്. ശാസ്ത്രീയലേഖനങ്ങൾ എഴുതപ്പെടുന്ന ഭാഷയിൽ പോലും ആദ്ധ്യാത്മികതയുടെ ഒരു പാർശ്വരുചി ഇല്ലാഞ്ഞാൽ ഈശ്വരാനുഗ്രഹം ഇല്ലാതെ പോകുമെന്നോ, ഈശ്വരകോപംതന്നെ ഉണ്ടാകുമെന്നോ എല്ലാം ശാസ്ത്രജ്ഞർ എന്നു് അഭിമാനിക്കുന്നവർ പോലും ഭയപ്പെടുന്ന ഒരു സമൂഹത്തിൽ ഒരു പരീക്ഷണമെന്ന നിലയിൽ പോലും ദൈവത്തെ മാറ്റിനിർത്തി ഒരു കാര്യം ചിന്തിക്കാനോ പ്രവർത്തിക്കാനോ മനുഷ്യർ തയ്യാറാവില്ല. അതുപോലൊരു ജീവിതം സാദ്ധ്യമാണെന്നതിനു് അവരേക്കാൾ എത്രയോ ഐശ്വര്യപൂർണ്ണമായി ജീവിക്കുന്ന അനേകം സമൂഹങ്ങൾ തെളിവു് നൽകുന്നുണ്ടു്. പക്ഷേ, കപ്പൽ കയറിയാൽ കാലൻ പോത്തുമായി വന്നു് കൂട്ടിക്കൊണ്ടു് പോകുമെന്നു് പഠിപ്പിച്ചിട്ടുള്ളവർ അതൊക്കെ എങ്ങനെ കാണാൻ? ഇനി കണ്ടാലും, തനിക്കു് വേണ്ടതു് മാത്രം കാണാനും കേൾക്കാനും കഴിയുന്ന ഒരു ജീവിയാണു് മനുഷ്യൻ എന്നതിനാൽ, അതിൽ അവർ കാണുന്നതു്, പണ്ടൊരിക്കൽ അമേരിക്കയിലോ യൂറോപ്പിലോ മറ്റോ പോയ ഒരു മന്ത്രിശ്രേഷ്ഠൻ കണ്ടറിഞ്ഞതുപോലെ, “ചായകുടി” പോലുള്ള ഉദാത്തതകൾ മാത്രമായിരിക്കും താനും.
പിന്നീടുള്ളതു് പ്രത്യയശാസ്ത്രറ്റ്യൂമറുകളാണു്. ഇന്നല്ലെങ്കിൽ നാളെ മലിഗ്നന്റ് ആകുമെന്ന കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ലാത്ത പൊളിറ്റിക്കൽ റ്റ്യൂമറുകൾ! സമത്വസുന്ദരപറുദീസയിലെ നല്ല നാളെകളെ, (എന്തെന്നു് മൊയ്ലാളിക്കും തൊയ്ലാളിക്കും വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത) വിശ്വാസപ്രമാണശാസ്ത്രങ്ങളുടെ അച്ചൂടും മുച്ചൂടുമുള്ള അവലോകനങ്ങളിലൂടെ ന്യായീകരിച്ചു് ശത്രുപക്ഷത്തെ നിശബ്ദരാക്കേണ്ടുന്ന നല്ല ഇന്നുകൾ അണികളുടെയിടയിൽ കണ്ഡീഷനിങ്ങിലൂടെ രൂപപ്പെട്ടു് കഴിഞ്ഞാൽ ആ രാഷ്ട്രീയക്യാൻസർ സാമൂഹികശരീരത്തിലെ ഓരോ കോണുകളിലേക്കും പടർന്നു് പന്തലിക്കാനുള്ള ശ്രമം തുടങ്ങും. സമൂഹത്തിൽ ശാസ്ത്രചിന്തക്കു് സ്വാധീനം ഉണ്ടാവുന്നു എന്നു് തോന്നിയാൽ ശാസ്ത്രജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമഞ്ഞു് ശാസ്ത്രചിന്തകരുടെ ഇടയിലേക്കു്, സമൂഹത്തിനു് യുക്തിവാദത്തിലേക്കു് ഒരു ചായ്വുണ്ടാവുന്നു എന്നു് തോന്നിയാൽ യുക്തിവാദി എന്നൊരു പ്രൊഫൈൽ പിക്ചറോ, മറ്റിനം മുഖംമൂടികളോ ആയി അവർക്കിടയിലേക്കു്, സമൂഹം ഫെമിനിസത്തോടു് താത്പര്യം പ്രദർശിപ്പിക്കുന്നു എന്നു് തോന്നിയാൽ ഫെമിനിസത്തിന്റെ ആട്ടിൻതോൽ വാരിച്ചുറ്റി അക്കൂട്ടത്തിലേക്കു്, എന്നുവേണ്ട, സമൂഹത്തിനു് ജീവൻ പകരാൻ പര്യാപ്തമായേക്കാമെന്നു് തോന്നുന്ന ഓരോ മുളകളിലേക്കും ഐഡിയോളജിക്കൽ റ്റ്യൂമർ അതിന്റെ റ്റെന്റക്കിൾസ് നീട്ടി ഗ്രൂപ്പുകളോ ബ്രാഞ്ച് ഓഫീസുകളോ സ്ഥാപിച്ചു് അവയിൽ പിടിമുറുക്കും. ശാസ്ത്രജ്ഞാനി ഗ്രൂപ്പിനു് ശാസ്ത്രം എന്നാൽ എന്തെന്നോ, യുക്തിവാദി ഗ്രൂപ്പിനു് യുക്തി എന്നാൽ എന്തെന്നോ, ഫെമിനിസ്റ്റ് ഗ്രൂപ്പിനു് ഫെമിനിസം എന്നാൽ എന്തെന്നോ അറിയില്ല എന്നതൊഴിച്ചാൽ, എല്ലാം സ്വർഗ്ഗത്തിലേപ്പോലെതന്നെ ഭൂമിയിലും! അമ്മായിഅമ്മയേയും മരുമകളേയും തോൽപ്പിക്കുന്ന വിധം ശൃംഗാരം, രൗദ്രം, ബീഭത്സം എല്ലാം ആവോളം! ലക്ഷ്യം ഒന്നേയുള്ളു: അവരുടെ പ്രത്യയശാസ്ത്രക്കുടയുടെ കീഴിൽ ഒതുങ്ങാത്ത എല്ലാ സാമൂഹിക ചലനങ്ങളെയും അതിനുള്ളിൽ പുഴുക്കളേപ്പോലെ നുഴഞ്ഞുകയറി വിഷം കുത്തിവച്ചു് നശിപ്പിക്കുക. ജനത്തിനു് ബോധവും വെളിവുമുണ്ടായാൽ രക്ഷകരെ പൃഷ്ഠം കാണിച്ചിട്ടു് അവർ അവരുടെ പാടുനോക്കും. അതിനാൽ, നിങ്ങൾക്കു് വേണ്ടതെല്ലാം ഞങ്ങളുടെ കിത്താബിലുണ്ടു് എന്ന തോന്നലിൽ ജനത്തെ പിടിച്ചുനിർത്തേണ്ടതു് മതശാസ്ത്രികളുടെയും പ്രത്യയശാസ്ത്രികളുടെയും സുഖജീവിതം തടസ്സമില്ലാതെ മുന്നോട്ടു് പോകാൻ ആവശ്യമാണു്. അതിനുവേണ്ടിയുള്ള മുൻകരുതലുകളാണിവയെല്ലാം. ആ കെണികളിൽ പോയി വീഴുന്ന അണികൾ എന്ന ഈയാംപാറ്റക്കൂട്ടങ്ങൾ!
കേരളരാഷ്ട്രീയം എന്ന നീരാളി ഇപ്പോൾ പിടി മുറുക്കാൻ ശ്രമിക്കുന്നതു് വിദേശമലയാളികൾ എന്ന വെള്ളാനകളിലാണു്. താപ്പാനകളും വെള്ളാനകളും കൈകോർക്കുന്ന മധുരമനോജ്ഞ “സോഷ്യൽ എക്കോണമി”! പൂരം, മേളം, മാമാങ്കം തുടങ്ങിയവ എക്കാലവും മലയാളിയുടെ ജീവാത്മാവും പരമാത്മാവും ആയിരുന്നല്ലോ! ജീവിതം പണത്തിനു് വേണ്ടിയാവരുതു് എന്നു് അമൃതാനന്ദമയിക്കു് ജനങ്ങളോടു് ആഹ്വാനം ചെയ്യാമെങ്കിൽ, കേരളത്തിൽ മൂലധനം മുടക്കി വ്യവസായസംരംഭങ്ങൾ തുടങ്ങണമെന്നു് മാർക്സിസ്റ്റ്പാർട്ടി നയിക്കുന്ന കേരള ഗവണ്മെന്റിനു് എന്തുകൊണ്ടു് വിദേശമലയാളികളോടു് ആഹ്വാനം ചെയ്തുകൂടാ? പുതിയ പുതിയ വ്യവസായസ്ഥാപനങ്ങൾ ഉണ്ടായാലേ പുതിയ സമരമുഖങ്ങൾ തുറക്കാനാവൂ. പുതിയ സമരമുഖങ്ങൾ വന്നാലേ അണികൾക്കു് ഇങ്കിലാ സിന്താവാ വിളിച്ചു് അവയെ പൂട്ടിക്കെട്ടിക്കാനാവൂ. ഭാവിയിൽ വരാനിരിക്കുന്ന ലോകമഹാകമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേക്കുള്ള ചെറിയ ചെറിയ ചുവടു് വയ്പുകളാണു് ഓരോ കമ്പനി പൂട്ടിക്കൽ സമരവും എന്നോർത്താൽ ഇതു് മനസ്സിലാക്കാവുന്നതേയുള്ളു. അതെന്തായാലും, ബക്കറ്റുമായുള്ള ഭിക്ഷാടനത്തിനേക്കാൾ ലുക്രേറ്റീവ് ആയിരിക്കും “സഭാ കേരള ലോകം” എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ പുതിയ ഇടപാടിനെ എന്തുകൊണ്ടു് “ഭൂമി മലയാള മഹാസഭ” എന്നു് പേരു് ചൊല്ലി വിളിച്ചില്ല എന്നേ എനിക്കു് മനസ്സിലാവാതുള്ളു. കേരളത്തിൽ കവികുലം അറ്റുപോയി എന്നുണ്ടോ?