ഡെയ്റ്റ അനലൈസ് ചെയ്യുന്ന ഒരു കമ്പനിയുടെ കയ്യിൽ കുറെ മനുഷ്യരുടെ ഡെയ്റ്റ കിട്ടിയാൽ അതുകൊണ്ടു് അവർക്കു് എന്താണു് ചെയ്യാൻ കഴിയുന്നതു്? അതു് ആ ഡെയ്റ്റ കിട്ടുന്ന കമ്പനിയുടെ കയ്യിലിരിപ്പു് പോലിരിക്കും.
കുശവന്റെ കയ്യിൽ കളിമണ്ണു് കിട്ടിയാൽ അവൻ അതുകൊണ്ടു് ചട്ടിയും കലവും നിർമ്മിക്കും. യഹോവയായ ദൈവത്തിന്റെ കയ്യിലാണു് കിട്ടുന്നതെങ്കിൽ അവൻ അതുകൊണ്ടു് ശ്രീമാൻ മനുഷ്യനെ സൃഷ്ടിച്ചു് മൂക്കിലൂടെ, സർവ്വവ്യാപിയും സർവ്വവും ഉൾക്കൊള്ളുന്നവനുമാകയാൽ, കൊറോണ വൈറസിനെയും ഉൾക്കൊള്ളുന്ന തന്റെ ശ്വാസമൂതിക്കയറ്റി ജീവൻ നൽകും. അതിനുശേഷം ശ്രീമാൻ മനുഷ്യൻ ഉറങ്ങുന്ന തക്കം പാർത്തിരുന്നു് അവന്റെ വാരിയെല്ലു് വലിച്ചൂരി ശ്രീമതി മനുഷ്യയേയും സൃഷ്ടിക്കും.
പാശ്ചാത്യസ്ത്രീയുടെ വിരലിൽ സിന്ദൂരം പറ്റിയാൽ അവൾ അതു് കഴുകിക്കളയും. ഇന്ത്യൻ സ്ത്രീയുടെ വിരലിൽ സിന്ദൂരം പറ്റിയാൽ അവൾ അതുകൊണ്ടു് നെറ്റിയിൽ പല രൂപങ്ങളിലുള്ള പൊട്ടുകൾ തൊടും – വൃത്തം, ത്രിഭുജം, ചതുർഭുജം, പെന്റഗൺ, ആശ്ചര്യചിഹ്നം, ചോദ്യചിഹ്നം ഇത്യാദി ആകൃതികളിലുള്ള പൊട്ടുകൾ. ബോധിവൃക്ഷച്ചുവട്ടിൽ വച്ചു് തലയിൽ കാക്ക തൂറിയാൽ, ജ്യോതിഷശാസ്‌ത്രപ്രകാരം പെട്ടെന്നുണ്ടാകാവുന്ന ബോധോദയത്തിനനുസൃതമായി, അരിവാൾ-ചുറ്റിക-നക്ഷത്രം, കുരിശു്, സ്വസ്തിക മുതലായ ചിഹ്നങ്ങളും സാദ്ധ്യമാണു്. ചാരക്കുരിശുചിഹ്നം മുന്നേ ഗമിച്ചിട്ടുണ്ടു്. മറ്റു് ചിഹ്നങ്ങൾക്കു് പിന്നേ പോവുക എന്നൊരു ചുമതലയേയുള്ളു.
പൂക്കൾ കിട്ടിയാൽ സ്ത്രീകൾ അതു് മുടിയിൽ ചൂടും. പൂക്കൾ കിട്ടിയാൽ പൂജാരി അതു് വിഗ്രഹത്തിൽ ചാർത്തും. ചാരം ചിലർ ചെടികൾക്കു് വളമായി ഉപയോഗിക്കും. മറ്റു് ചിലർ അതുകൊണ്ടു് ദേഹം മുഴുവൻ “സീബ്രാ ക്രോസിങ്” വരയ്ക്കും.
ചില ഭരണാധികാരികൾക്കു് അധികാരം കിട്ടിയാൽ അവർ ജനസേവകരായി മാറും. മറ്റു് ചില ഭരണാധികാരികൾക്കു് അധികാരം കിട്ടിയാൽ അവർ കയ്യിൽ പൂമാലകിട്ടിയ കുരങ്ങനെപ്പോലെയാകും. അങ്ങനെയൊക്കെയാണു് കാര്യങ്ങളുടെ ഗതിവിഗതികൾ. ഒന്നിനും ഒരു നിജമോ നിശ്ചയമോ ഇല്ല. ഡെയ്റ്റയുടെ കാര്യവും അതുപോലെതന്നെ.
ഫെയ്‌സ്ബുക്കിൽ നിന്നും 87 മില്യൺ യൂസർ ഡെയ്റ്റ ചോർത്തിയ “കേംബ്രിഡ്ജ് അനലിറ്റിക്ക” എന്ന കമ്പനിക്കു് അതുപയോഗിച്ചു് ഡൊണാൾഡ് ട്രംപിനെ അമേരിക്കയുടെ പ്രസിഡന്റാക്കാൻ കഴിഞ്ഞു! നൈജീരിയയിലെ 2007-ലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റാലികൾ സംഘടിപ്പിച്ചതിന്റെ ചുക്കാൻ പിടിച്ചതു് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മാതൃസംഘടനയായ SCL Group ആയിരുന്നു.
ഇപ്പറഞ്ഞതിനു്, എല്ലാ ഡെയ്റ്റ ചോർത്തൽകാരും SCL ഗ്രൂപ്പിന്റെയോ, കേംബ്രിഡ്ജ് അനലിറ്റിക്കയുടെയോ ക്യാലിബറുള്ള ഡെയ്റ്റ അനലൈസിങ് കമ്പനികളാണെന്നർത്ഥമില്ല. ഗൂഗിളിൽ നിന്നും മറ്റും ഇമെയിൽ അഡ്രസ്സ് ചോർത്തുന്ന ചില “ലുട്ടാപ്പികൾ” അതുപയോഗിച്ചു് പ്രണയവല വീശി, സ്ത്രീ-പുരുഷന്മാരിൽ നിന്നും പണം പിടുങ്ങാൻ ശ്രമിക്കാറും, ആ ശ്രമത്തിൽ പലപ്പോഴും വിജയിക്കാറുമുണ്ടു്. ഈ ഇന്റർനെറ്റ്സന്ദേശകലയിൽ സ്‌പെഷലൈസ് ചെയ്തവരുടെ മുൻപന്തിയിൽ നൈജീരിയക്കാരാണെന്നു് കേൾക്കുന്നു. മേഘസന്ദേശം, ഉണ്ണുനീലിസന്ദേശം മുതലായ പ്രേമസന്ദേശകാവ്യങ്ങളാൽ പൂരിതമായ സ്വപ്നജീവി സമൂഹങ്ങൾ ഇക്കൂട്ടരുടെ എൽഡൊറാഡോ ആകുന്നതിൽ അത്ഭുതം വേണ്ട. ഒരു നിമിഷത്തെ അശ്രദ്ധമതി, പ്രണയപരവശർ ലുട്ടാപ്പികൾ വീശിയ വലയിൽ വീണിരിക്കും.
ഇന്ത്യയിൽ ചിലർ വ്യാജമായി ഫിൻഗർപ്രിന്റ് വരെ നിർമ്മിച്ചു് ഗവണ്മെന്റിൽ നിന്നും മറ്റുള്ളവർക്കു് ലഭിക്കേണ്ടുന്ന ഗോതമ്പും അരിയും പണവുമെല്ലാം സ്വന്തമാക്കാറുണ്ടു്. ഡെയ്റ്റ ചോർത്തുന്നവരുണ്ടു്, പണം നൽകി വാങ്ങുന്നവരുണ്ടു്, വാങ്ങിയ ഡെയ്റ്റ കൂടുതൽ പണം നല്കുന്നവർക്കു് മറിച്ചു് വില്ക്കുന്നവരുമുണ്ടു്. ഡെയ്റ്റ ഉപയോഗിച്ചുള്ള ഈ ബിസ്നസ്സിനു് ഒരു ജനാധിപത്യവ്യവസ്ഥിതിയെ എത്രത്തോളം തകിടം മറിക്കാൻ കഴിയുമെന്നതിനെപ്പറ്റി ഒരു ഏകദേശരൂപം ലഭിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മേൽനോട്ടത്തിൽ നടന്ന ട്രമ്പിന്റെ തിരഞ്ഞെടുപ്പു് പ്രചാരണത്തിന്റെ പിന്നാമ്പുറക്കഥകൾ ശ്രദ്ധിച്ചാൽ മതി.
അതിലേക്കു് വരുന്നതിനു് മുൻപു് ഡെയ്റ്റയെപ്പറ്റിയും വോട്ടേഴ്‌സിന്റെ സൈക്കോളജിയെപ്പറ്റിയും അല്പം അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. മനുഷ്യരെ സൈക്കോളജിക്കൽ ടെസ്റ്റുകൾക്കു് സമ്മതിപ്പിച്ചു്, അതുവഴി ലഭിക്കുന്ന ഫലം, മുൻപേതന്നെ നിലവിലുള്ള വിവരങ്ങളുമായി തട്ടിച്ചുനോക്കി അവരുടെ “ആധികളും വ്യാധികളും” മനസ്സിലാക്കാൻ കഴിഞ്ഞാൽ, അതുവഴി അവരുടെ വോട്ടിങ് ബിഹേവിയറിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ സാങ്കേതികത്വം ഉപയോഗിക്കുന്ന വൈജ്ഞാനികശാഖയാണു് സൈക്കൊളോജിക്കൽ മെഷർമെന്റ്, അഥവാ സൈക്കോമെട്രിക്സ്. മനുഷ്യരുടെ സ്വഭാവവിശേഷങ്ങൾ അറിയുന്നതിനുള്ള ഒരു ടെസ്റ്റാണു് “OCEAN” (Openness, Conscientiousness, Extroversion, Agreeableness, and Neuroticism). വെബ്‌സൈറ്റുകളിലും മറ്റും നിരുപദ്രവകരം എന്നു് തോന്നിപ്പിക്കുന്ന ചോദ്യാവലികൾക്കു് മറുപടി പറയിക്കുക എന്നതാണു് രീതീ. “നീ എത്രമാത്രം നല്ലതാണു്/ചീത്തയാണു്?”, “നീ എത്രമാത്രം സർക്കാസ്റ്റിക്കാണു്?”, “ഏതു് സൂപ്പർ ഹീറോയാണു് നീ?” “ഏതു് മൂവിയാണു് നീ?” എന്ന മാതൃകയിലായിരിക്കും ചോദ്യങ്ങൾ. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോമെട്രിക്സ് പ്രൊഫസ്സർ മിഹാൽ കോസിൻസ്കി അതിന്റെ ഉപജ്ഞാതാക്കളിലൊരുവനാണു്. ഫെയ്‌സ്ബുക്കിനുവേണ്ടി 2008-ൽ “My Personality” എന്ന ടെസ്റ്റ് തയ്യാറാക്കിയതു് മിഹാൽ കോസിൻസ്കിയാണു്. പങ്കെടുക്കുന്നവർക്കു് അവരെപ്പറ്റിത്തന്നെ കൂടുതൽ അറിയാൻ കഴിയുമെന്നായിരുന്നു വാഗ്ദാനം. 600 ലക്ഷത്തിലേറെ ഫെയ്‌സ്ബുക്ക് യൂസേഴ്സാണു് ആ ചോദ്യാവലി പൂരിപ്പിച്ചതു്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒരു അൽഗൊറിഥം ഉപയോഗിച്ചു്, കൃത്യമായ പ്രൊഫൈൽസ് നിർമ്മിക്കാൻ കഴിയും.
ചോദ്യാവലികൾ ഉപയോഗിച്ചു് ചിന്തകളെയും വികാരങ്ങളെയും അനുഭവങ്ങളെയും ഭൂതകാലപെരുമാറ്റങ്ങളെയും കുറിച്ചുചോദിച്ചു് മനുഷ്യരെ മനസ്സിലാക്കുന്നതിനു് പകരം, അവരുടെ “ഡിജിറ്റൽ ഫുട്ട്പ്രിന്റ്” മാത്രം നോക്കിയും മനുഷ്യരെ മനസ്സിലാക്കാം. ഉദാഹരണത്തിനു്, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ലൈക്കുകളുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ രാഷ്ട്രീയനിലപാടു്, മതപരമായ നിലപാടു്, പേഴ്‌സണാലിറ്റി, ഇന്റലിജൻസ്, സെക്ഷ്വൽ ഓറിയെന്റേഷൻ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായും കൃത്യമായും മനസ്സിലാക്കാൻ കഴിയും. കോസിൻസ്കിയുടെ അഭിപ്രായപ്രകാരം, ഒരുവന്റെ 10 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ ഒരു അൽഗോറിഥത്തിനു് അവന്റെ സഹപ്രവർത്തകരേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും. അവന്റെ 100 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ ആ അൽഗോറിഥത്തിനു് അവന്റെ കുടുംബാംഗങ്ങളേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും. അവന്റെ 230 ഫെയ്‌സ്ബുക്ക് ലൈക്കുകൾ അനലൈസ് ചെയ്താൽ അതിനു് അവന്റെ ജീവിതപങ്കാളിയേക്കാൾ നന്നായി അവനെ മനസ്സിലാക്കാൻ കഴിയും.
ഫെയ്‌സ്ബുക്കും, സോഷ്യൽ മീഡിയയും, സ്മാർട്ട് ഫോണുമെല്ലാം ഉപയോഗിക്കുമ്പോൾ നമ്മൾ ഇന്റർനെറ്റിൽ പതിപ്പിക്കുന്ന ഡിജിറ്റൽ ഫുട്ട്പ്രിന്റ്സിന്റെ വ്യാപ്തി നമുക്കു് ഊഹിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണു്. ഡിജിറ്റൽ ഫുട്ട്പ്രിന്റ്സ് വഴി, നമ്മുടെ അടുത്ത ബന്ധുക്കളും മിത്രങ്ങളും നമ്മെ മനസ്സിലാക്കിയിട്ടുള്ളതിനേക്കാൾ കൂടുതൽ “ഉൾക്കാഴ്ച” നമ്മുടെ കംപ്യൂട്ടറിനു് നമ്മെപ്പറ്റി ഉണ്ടാക്കാൻ കഴിയുന്നതു് അതുകൊണ്ടാണു്.
ഈ മെതഡ് ഉപയോഗിച്ചാണു് കേംബ്രിഡ്ജ് അനലിറ്റിക്ക അമേരിക്കൻ പൗരസമൂഹതത്തെസംബന്ധിച്ച മിക്കവാറും മുഴുവൻ കാര്യങ്ങളും ചോർത്തിയെടുത്തതു്. കേംബ്രിഡ്ജ് അനലിറ്റിക്കയിൽ ജോലി ചെയ്തിരുന്ന ക്രിസ്റ്റൊഫർ വൈലി എന്ന വിസിൽബ്ലോവർ വഴി മാർച്ച് 2018-ലാണു് ലോകം ആ വിവരം അറിഞ്ഞതു്. ഈ വിഷയത്തിൽ ക്രിസ്റ്റൊഫർ വൈലി കേംബ്രിഡ്ജ് അനലിറ്റിക്കയെ മാത്രമല്ല, ഫെയ്‌സ്ബുക്കിനെയും പ്രതിക്കൂട്ടിൽ കയറ്റി. 2014-ൽ മൂന്നു് ലക്ഷം ഫെയ്‌സ്ബുക്ക് യൂസേഴ്സിനെ ഉപയോഗിച്ചു് കേംബ്രിഡ്ജ് അനലിറ്റിക്കയും ഒരു പേഴ്‌സണാലിറ്റി ടെസ്റ്റ് നടത്തിയിരുന്നു. യൂസേഴ്സിന്റെ അനുവാദത്തോടെയും, അതിനവർക്കു് പ്രതിഫലം നല്കിയുമായിരുന്നു ആ ടെസ്റ്റ് നടത്തിയതു്. പക്ഷേ, ആ യൂസേഴ്സിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ പ്രൊഫൈലുകളിലേക്കുകൂടി കടന്നുകയറാൻ ഫെയ്‌സ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയെ അനുവദിച്ചതുമൂലം ആ ഉദ്യമം കൈവിട്ടു് പോയി. എങ്കിലും, കേംബ്രിഡ്ജ് അനലിറ്റിക്ക അതുവഴി ശേഖരിച്ചതു് 870 ലക്ഷം ഫെയ്‌സ്ബുക്ക് യൂസേഴ്‌സിന്റെ ഡെയ്റ്റ ആയിരുന്നു! ഒരു സ്‌പെഷൽ APP വഴി നേടിയ ആ ഫെയ്‌സ്ബുക്ക് ഡെയ്റ്റയായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയുടെ അടിത്തറ. അതിനായി ആ കമ്പനി ഏറ്റവും ചുരുങ്ങിയപക്ഷം പത്തു് ലക്ഷം ഡോളറെങ്കിലും ചിലവഴിച്ചിട്ടുണ്ടെന്നു് വൈലി. കമ്പനിയുടെ ലക്ഷ്യം നേടുന്നതിനുള്ള അൽഗോറിഥം ഡെവലപ്പ് ചെയ്യപ്പെട്ടതു് പണം നൽകി വാങ്ങിയതും, ചോർത്തിയെടുത്തതുമായ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളുടെ ഡെയ്റ്റയെ ബേസ് ചെയ്തായിരുന്നു.
ലണ്ടൻ ആസ്ഥാനമായ SCL Group-ന്റെ അമേരിക്കയിലെ സബ്സിഡിയറിയാണു് കേംബ്രിഡ്ജ് അനലിറ്റിക്ക. മനുഷ്യരുടെ ഡെയ്റ്റ ശേഖരിക്കലാണു് SCL Group-ന്റെ പ്രധാന ജോലി. ഈ ഡെയ്റ്റ ശേഖരിക്കലിനു് ഒരു ലക്ഷ്യമേയുള്ളു: മനുഷ്യരുടെ പെരുമാറ്റരീതികൾ മനസ്സിലാക്കി അവരെ സ്വന്തം ക്ലയന്റ്സിനു് നേട്ടമുണ്ടാക്കാൻ കഴിയുന്ന വിധത്തിൽ സ്വാധീനിക്കുക! മിലിറ്ററി, കൊമേഴ്സ്യൽ, ഇലക്ഷൻ, അനലിറ്റിക്സ് എന്നീ ഡിപ്പാർട്ട്മെന്റുകളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു് മനഃശാസ്‌ത്രത്തിലാണു്. മിലിറ്ററിയിൽ നിന്നും വരുന്ന സൈക്കോളജിക്കൽ ഓപ്പറേഷൻസിലാണു് (PSYOP) അവരുടെ സ്പെഷലൈസേഷൻ. തങ്ങളുടെ ഒരു പ്രശ്നത്തെ ഇൻഫ്ലുവൻസ് വഴി പരിഹരിക്കാൻ ആഗ്രഹിക്കുന്ന ക്ലയന്റ്സിനു് അനുയോജ്യമായ ബിഹേവിയറൽ ഇൻഫ്ലുവൻസും, പ്ലാനിങ്ങും, ഇവാല്യൂവേഷനുമാണു് SCL Group അവരുടെ ബാനറിലൂടെ വാഗ്ദാനം ചെയ്യുന്നതു്. NATO, ബ്രിട്ടീഷ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, US ഡിഫൻസ് ഡിപ്പാർട്ട്മെന്റ്, NSA മുതലായവ ആ കമ്പനിയുടെ ക്ലയന്റ്സാണു്.
അഫ്‌ഗാനിസ്ഥാനിലെ “അഭിപ്രായനിർമ്മാതാക്കളെ” തിരിച്ചറിഞ്ഞു് അമേരിക്കൻ പട്ടാളത്തിന്റെ അവിടത്തെ ഇടപെടൽ ലഘൂകരിക്കാൻ SCL Group സഹായിച്ചിരുന്നു. ജനങ്ങളെ അവരറിയാതെ മാനിപ്യുലെയ്റ്റ് ചെയ്യാൻ ഒഥോറിറ്റേറിയൻ ഗവണ്മെന്റുകൾ ഇവരുടെ സഹായം തേടാറുണ്ടു്. ഘാനയിലെ ഒരു ഇമ്മ്യുണൈസേഷൻ ക്യാംപെയ്‌ന്റെ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി ഓർഗനൈസ് ചെയ്തതും അവരാണു്. സെന്റ് വിൻസന്റ് എന്ന കരീബിയൻ ദ്വീപിലെ ഒരു തിരഞ്ഞെടുപ്പിൽ അവരുടെ കക്ഷിയെ സഹായിക്കാൻ SCL Group സ്വീകരിച്ചതു് വിചിത്രമായ ഒരു രീതിയായിരുന്നു. ഗ്രാഫിറ്റി പ്രശ്നത്തിനു് പരിഹാരം എന്ന ലക്ഷ്യവുമായി ഇലക്ഷൻ നേരിട്ട സ്ഥാനാര്‍ത്ഥിക്കു് വോട്ടു് നേടിക്കൊടുക്കാൻ SCL Group സ്പ്രെയേഴ്‌സിനെ ഏർപ്പാടാക്കി ഗ്രാഫിറ്റി സ്പ്രേ ചെയ്യിച്ചു! തിരഞ്ഞെടുപ്പിനു് മുൻപു് ഒരു പ്രശ്നം കൃത്രിമമായി ഊതിവീർപ്പിച്ചു് ആ പ്രശ്നത്തിനു് പരിഹാരം കാണുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന സ്ഥാനാര്‍ത്ഥിക്കു് വോട്ടു് ചെയ്യാൻ പ്രേരിപ്പിച്ചു് ജനങ്ങളെ സ്വാധീനിക്കുക! മനുഷ്യരെ ഒരു പ്രത്യേക ദിശയിലേക്കു് ഉന്തി, ഉദ്ദിഷ്ടഫലം ക്ലയന്റ്സിനു് അനുകൂലമായി മാറ്റിയെടുക്കുകയാണു് SCL Group-ന്റെ ജോലി. ടാർഗെറ്റഡ് ഇൻഫ്ലുവെൻസ് സ്ട്രാറ്റജി!
(arte റ്റിവിയിൽ വന്ന ഒരു റിപ്പോർട്ട് ഈ ലേഖനത്തിനു് സഹായകമായിട്ടുണ്ടു്.)
(ശേഷം അടുത്തതിൽ)