എനിക്കു് ജീവിതത്തിൽ ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഒരു മാർപ്പാപ്പയാവുക എന്നതായിരുന്നു അതു്. എന്തെന്തു് ത്യാഗങ്ങൾ ഞാൻ അതിനുവേണ്ടി സഹിച്ചില്ല, എത്രയെത്ര നോമ്പുകൾ ഞാൻ നോറ്റില്ല? ഏതു് തത്തമ്മക്കും മാർപ്പാപ്പയാവാൻ കഴിയും എന്ന അനുഭവജ്ഞാനമാണു് സത്യത്തിൽ ആ തൊഴിൽ തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചതു്. മാർപ്പാപ്പ ഒരോ വർഷത്തിലേയും വിശേഷദിവസങ്ങളിൽ വത്തിക്കാൻ കൊട്ടാരത്തിന്റെ ജനാലയ്ക്കൽ, Cuckoo clock-ൽ ഓരോ മണിക്കൂറിലും പ്രത്യക്ഷപ്പെട്ടു്, എത്ര മണിയായോ അത്രവട്ടം കൂവുന്ന കിളിയെപ്പോലെ, Urbi et Orbi എന്നും മറ്റും അരുളിച്ചെയ്യുന്ന പരിപാടി ടിവിയിൽ ആദ്യമായി കണ്ട ആ നിമിഷത്തിൽത്തന്നെ ഞാൻ തീരുമാനിച്ചതാണു്: ഞാൻ എന്നെങ്കിലും എന്തെങ്കിലും ആകുന്നുണ്ടെങ്കിൽ അതൊരു മാർപ്പാപ്പയായിരിക്കും. എല്ലാം പ്രണയത്തിന്റെ യൂണിറ്റിൽ അളക്കുന്നവരുടെ ഭാഷയിൽ പറഞ്ഞാൽ, പാപ്പത്തൊഴിലിനോടു് തോന്നിയ ദിവ്യമായ ഒരുതരം ആദ്യാനുരാഗമായിരുന്നു അതു്. പക്ഷേ, ഇനി എത്ര പറഞ്ഞിട്ടെന്തു് കാര്യം? എല്ലാം പാഴും ശൂന്യവുമായിപ്പോയി. “കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്ക കൊത്തിപ്പോയി, അയ്യോ കാക്കച്ചി കൊത്തിപ്പോയി” എന്ന സിൽമാഗാനം പോലെയായി കാര്യങ്ങൾ. മലയാളം ബ്ലോഗോസ്ഫിയറിലെ ദൈവത്തിന്റെ കാവൽപ്പടയാളികൾ എനിക്കു് മാർപ്പാപ്പയാവാനുള്ള യോഗ്യതയില്ല എന്നു് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു! ഞാൻ മൂലത്തിലോ കുംഭത്തിലോ പാടേണ്ടതിനു് പകരം ഭരണിയിലാണു് പാടുന്നതത്രേ! കണ്ട ഭോഷന്മാർ പറയുന്നതിലൊക്കെ എന്തു് കാര്യം എന്നു് ഒരുപക്ഷേ നിങ്ങൾക്കു് തോന്നുന്നുണ്ടാവാം. അതു് നിങ്ങളുടെ തെറ്റിദ്ധാരണയാണു്; ആത്മീയമായ കാര്യങ്ങളിൽ ഭോഷന്മാർ പറയുന്നതു് മാത്രമാണു് ദൈവതിരുമുൻപിൽ കണക്കിടപ്പെടുന്ന ഒരേയൊരു കാര്യം. മദ്ധ്യസ്ഥപ്രാർത്ഥനയുടെ ചീട്ടിന്റെ വിലയല്ലാതെ, അതിനു് ദൈവം നൽകുന്ന മറ്റേവില അറിയാത്തതുകൊണ്ടാണു് നിങ്ങൾക്കു് കാര്യത്തിന്റെ ഗൗരവം പിടികിട്ടാത്തതു്. പരിണാമസിദ്ധാന്തത്തെ കണ്ടിച്ചു് കഷണിച്ചു്, ഉപ്പും മുളകും പുരട്ടി പൊരിച്ചു് തിന്നുന്ന ബ്ലോഗിലെ സൃഷ്ടിവാദികളുടെ അതിഗഹനമായ ശാസ്ത്രീയ വിശകലനങ്ങൾ കണ്ടിട്ടുള്ളവർക്കു് – അവർ സൃഷ്ടിവാദികളല്ലെങ്കിൽ – ഭോഷത്വത്തിന്റെ വില മനസ്സിലാവാതിരിക്കില്ല.
“മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലായി” എന്ന പോലെ, അസ്തിത്വസംബന്ധിയായ സംശയങ്ങൾ പരിഹാരമില്ലാതെ തുറിച്ചുനോക്കുമ്പോൾ നിങ്ങൾ സമീപിക്കേണ്ടതു് വേദഗ്രന്ഥങ്ങളെയാണു്. ഉദാഹരണത്തിനു്, ഭോഷത്വസംബന്ധമായ ചോദ്യങ്ങളുടെ ഉത്തരത്തിനു് ബൈബിളിലെ പൗലോസിന്റെ ഒന്നാം കൊരിന്ത്യർ ലേഖനമാണു് നിങ്ങൾ വായിക്കേണ്ടതു്. “ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” എന്ന വിശുദ്ധ പൗലോസിന്റെ വാക്യത്തിലെ ജ്ഞാനത്തിന്റെ അർത്ഥവ്യാപ്തി ഭോഷത്വസംബന്ധമായ നിങ്ങളുടെ സംശയങ്ങളെ ദൂരീകരിക്കും. “ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കി” എന്നു് പറയുന്നതിലൂടെ, ലോകത്തിന്റെ ഭോഷത്വത്തെ ദൈവം ജ്ഞാനമാക്കി എന്നാണു് പൗലോസ് സംശയത്തിനു് ഇടനൽകാതെ സ്ഥാപിക്കുന്നതു്. പൗലോസിന്റെ ജ്ഞാനം ലോകത്തിന്റെ ജ്ഞാനമല്ല, അതു് ലോകത്തിന്റെ ഭോഷത്വമാണെന്നും, ആ ഭോഷത്വത്തെയാണു് ദൈവം ജ്ഞാനമാക്കി മാറ്റിയതെന്നും പൗലോസ് തന്നെ ലോകത്തിലെ വിശ്വാസികളായ ഭോഷന്മാരോടു് പറയുകയാണിവിടെ. ഇത്തരം പൗലോസിയൻ ഡയലെക്ടിക്കിനെയാണു് നമ്മൾ യഥാർത്ഥത്തിൽ യുക്തിഭദ്രമായ ആര്‍ഗ്യുമെന്‍റ് എന്നു് വിളിക്കുന്നതുതന്നെ! ഒരു ദൈവവിശ്വാസിയുടെ ഈഗോസെൻട്രിസം അവനെ ദൈവത്തിനൊപ്പം പൊക്കിപ്പിടിക്കുന്നതിൽപ്പോലും ലജ്ജിക്കാത്ത ഭ്രാന്തിലേക്കു് നയിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണു് പൗലോസ്. “അഹം ബ്രഹ്മം” എന്ന മഹദ്വചനത്തെ ചുറ്റിപ്പറ്റി മാത്രം വ്യവഹരിക്കുന്ന മലയാളിക്കു് ഈഗോസെൻട്രിസം പുത്തരിയാവാൻ വഴിയുമില്ല. സാക്ഷാൽ പൗലോസിനേയും കടത്തിവെട്ടുന്ന ഒരു വിഭാഗമാണു് പരിണാമസിദ്ധാന്തമെന്നാൽ ഡാർവിനിസം മാത്രമാണെന്നും, അതിനെ “കണ്ടിക്കാൻ” ഡോക്കിൻസിനെ കണ്ടിച്ചാൽ മതിയെന്നും, ഡോക്കിൻസിനെ കണ്ടിക്കാൻ “നാസ്തികനായ ദൈവത്തെ” കണ്ടിച്ചാൽ മതിയെന്നും, നാസ്തികനായ ദൈവത്തെ കണ്ടിക്കാൻ എവൊല്യൂഷനെപ്പറ്റി കുറെ സൃഷ്ടിവാദികൾ അമേരിക്കൻ ഡോളറിന്റേയും ഓയിൽ ഡോളറിന്റേയും പിൻബലത്തിൽ ശാസ്ത്രം എന്ന പേരിൽ പടച്ചുവിടുന്ന കുറേ നോവലുകളിലെ മുക്കും മൂലയും ചൂണ്ടിക്കാണിച്ചു് ആധുനികശാസ്ത്രമേ മണ്ടത്തരമാണെന്നു് ഏതാനും ചിയർ ഗേൾസിന്റെ സഹായത്തോടെ ആർപ്പുവിളിച്ചാൽ മതിയെന്നും കരുതുന്ന മലയാളം ബ്ലോഗുലോകത്തിലെ “മതശാസ്ത്രപണ്ഡിതർ”. അവരുടെ കാഴ്ചപ്പാടിൽ bright, Jack Rabbit, KP, Mi, അപ്പൂട്ടൻ, കാളിദാസൻ, ബാബുരാജ്, ചിത്രഭാനു, മുതലായവരെല്ലാം വിവരദോഷികൾ, സുശീൽകുമാറും, സി. കെ. ബാബുവും ഭരണിയിൽ പാടുന്നവർ, ഇ. എ. ജബ്ബാർ പണ്ടേതന്നെ നരകത്തിലെ വറചട്ടിയ്ക്കു് മാത്രം യോഗ്യൻ! പിന്നെ ആരാണു് എല്ലാം തികഞ്ഞ യോഗ്യന്മാർ? സംശയമെന്തു്? ആറാം നൂറ്റാണ്ടിലെ ദൈവ-ശാസ്ത്രജ്ഞാനം വിളമ്പുന്ന സി. കെ. ലത്തീഫ്, ചിന്തകൻ, കാട്ടിപ്പരുത്തി, എൻ.എം. ഹുസൈൻ, “സത്യാ”ന്വേഷി, നാജ്, സുബൈർ ഇത്യാദി ജനുസ്സുകളും അവരുടെ കൂട്ടത്തിൽ കൂലിയ്ക്കോ കൂലിയില്ലാതെയോ കൂവാനല്ലാതെ, വിഷയത്തിനെ സംബന്ധിച്ച ABC പോലുമറിയാത്ത, അധികപങ്കും സ്വന്തമായി ഒരു പ്രൊഫെയിൽ പോലുമില്ലാത്ത കുറേ ചിയർ ഗേൾസുമാണു് അറിവുള്ളവർ, മതപണ്ഡിതർ, ശാസ്ത്രജ്ഞാനികൾ! അഡ്രസ്സുള്ള മേൽപടിയാന്മാർ പറയുന്നതുതന്നെ കിടിലൻ പാണ്ഡിത്യമാവുമ്പോൾ പിന്നെ അഡ്രസ്സില്ലാത്ത (അതിൽ മിക്കവരും അഡ്രസ്സുള്ളവരുടെതന്നെ വ്യാജ ID-കൾ തന്നെ!) ചിയർഗേൾസിൽ നിന്നും അതിലും കിടിലോൽക്കിടിലമായ പാണ്ഡിത്യമല്ലേ പ്രതീക്ഷിക്കേണ്ടതുള്ളു. വിഷപ്പാമ്പുകളെ നേരിടേണ്ടതു് ഡിപ്ലോമസികൊണ്ടല്ല, വേലിപ്പത്തൽകൊണ്ടാണു് എന്നതിനാൽ, ഇപ്പറഞ്ഞവരുമായി യുക്തിഭദ്രവും ശാസ്ത്രീയവുമായ ഒരു ചർച്ചക്കു് പോകുന്നവരോടു് സഹതപിക്കാനേ നിവൃത്തിയുള്ളു. ആസനത്തിലെ ആൽമരത്തിനെ തണൽമരമായി ആഘോഷിക്കുന്നവർക്കാണോ ആറാം നൂറ്റാണ്ടിലെ പ്രാകൃതത്വത്തെ കൊട്ടിഘോഷിച്ചുകൊണ്ടു് പത്തൊൻപതാം നൂറ്റാണ്ടിലെ ഡാർവിനിസത്തെ വിമർശിക്കാനും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മോഡേൺ എവൊല്യൂഷനറി സിന്തസിസ് കണ്ടില്ലെന്നു് നടിക്കാനും ബുദ്ധിമുട്ടു്? പോരെങ്കിൽ, സൃഷ്ടിവാദികളുടെ ചക്കു് വളരെ പതുക്കെ ആടുന്നതാണു്. പരന്ന ഭൂമിയെ ഉരുട്ടിയെടുക്കാനുള്ള ശ്രമം ചിലർ ഇപ്പോഴും തുടരുന്നതു് നമ്മൾ കാണുന്നുണ്ടല്ലോ. ഒരു പത്തുനൂറു് കൊല്ലം ക്ഷമിച്ചാൽ അവർ മോഡേൺ എവൊല്യൂഷനറി സിന്തസിസിനെ വിമർശിക്കാൻ തുടങ്ങുന്നതു് ഒരുപക്ഷേ കാണാം. ശാസ്ത്രം അപ്പോഴേക്കും അവിടെനിന്നും വളരെദൂരം പോയിട്ടുണ്ടായിരിക്കുമെന്നതു് മറ്റൊരു കാര്യം.
“ലോകത്തിന്റെ ഭോഷത്വം” എന്നതു് ബിഗ്‌ബാംഗിനും, ഇതുവരെ ആർക്കുമറിയാത്ത അതിലും വലിയ സകല “ബാംഗുകൾക്കും” അപ്പുറത്തുനിന്നും വരുന്ന സാക്ഷാൽ ദൈവജ്ഞാനമാണു് എന്നു് വിശ്വസിക്കുന്നവർക്കു് ചത്തശേഷം നൽകാനായി റിസർവ്വ് ചെയ്തിരിക്കുന്ന ട്രോഫികളാണു് സ്വർഗ്ഗരാജ്യവും അതിലെ ഇതിനോടകം പരസ്യമായിക്കഴിഞ്ഞ പലയിനം ചൂടാറാത്ത സ്പെഷ്യൽ സർവ്വീസുകളും. ദൈവം രാവിലെ ഉറക്കമുണർന്നാൽ ആദ്യം നോക്കുന്നതു്, ഇൻബോക്സിൽ ലോകഭോഷന്മാരുടെ പുതിയ ഇ-മെയിലുകൾ വല്ലതും എത്തിയിട്ടുണ്ടോ എന്നാണു്. തനിക്കു് നേർച്ചയിടാനായി ദൈവം തിരഞ്ഞെടുത്തതും, തന്റെ സ്വന്തവുമായ വിശ്വാസികൾ എന്ന വിശുദ്ധജനം ആവശ്യപ്പെടുന്നതല്ലാതെ മറ്റൊന്നും ദൈവം ഇതുവരെ ചെയ്തിട്ടില്ല, ഇനിയൊട്ടു് ചെയ്യുകയുമില്ല. ഉദാഹരണത്തിനു്, എന്നെ മാർപ്പാപ്പയാക്കരുതു് എന്നു് ഒരു ലോകഭോഷൻ (= ദൈവജ്ഞാനി) ദൈവത്തോടു് പറഞ്ഞാൽ അതിനു് പിന്നെ അപ്പീലൊന്നുമില്ല. മാർപ്പാപ്പയാവാൻ വച്ച വെള്ളം അടുപ്പത്തുനിന്നും താഴെയിറക്കി ആ വെള്ളം കൊണ്ടുതന്നെ അടുപ്പിലെ തീ കെടുത്തുകയല്ലാതെ എനിക്കു് ഗത്യന്തരമൊന്നുമില്ല. രണ്ടു് ഇടതുകൈകളും, അവ രണ്ടും കൂടിയാലത്ര നീളമുള്ള ഒരു നാക്കുമായി ഈ ഭൂമിയിലേക്കു് അവതരിക്കുന്ന ഇടതുകയ്യരല്ലാത്ത എല്ലാവരും ചെയ്യുന്ന തൊഴിലായ ദൈവവേല ചെയ്തു് സുഖമായി ജീവിക്കാൻ എനിക്കും കഴിയുമെന്ന ഉത്തമവിശ്വാസം മൂലം മറ്റൊരു തൊഴിലും ഞാൻ പഠിച്ചുമില്ല. അതിനാൽ, ഇനി, പട്ടിണി കൂടാതെ കഴിയണമെങ്കിൽ വല്ല ധ്യാനകേന്ദ്രവും തുടങ്ങുകയേ രക്ഷയുള്ളു. അവിടെയും രക്ഷയില്ലെങ്കിൽ ഡോക്കിൻസിനെ കണ്ടിച്ചുകൊണ്ടു് ഒരഞ്ചാറു് പുസ്തകമെഴുതണം.
ജീവിതത്തിൽ ആരായിത്തീരണം എന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിന്റെ കാര്യത്തിൽ എന്നേക്കാൾ കൂടുതൽ ഭാഗ്യമുള്ളവനായിരുന്നു തോമാസ് അക്വീനാസ്. പൗലോസിന്റെ തത്വത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, ലോകത്തിന്റെ ഭോഷത്വം ദൈവം ജ്ഞാനമാക്കി മാറ്റുന്നതിന്റെ മറ്റൊരു ഉദാഹരണമാണു് അക്വീനാസ്. ഓർക്കുക, ഈ അക്വീനാസാണു് ഒരു മജീഷ്യൻ തന്റെ തൊപ്പിയിൽ നിന്നും മുയലിനെ പുറത്തെടുക്കുന്നപോലെ, തള്ളപ്പൂച്ച കുഞ്ഞിനെയെന്ന മാതൃകയിൽ, സ്വർഗ്ഗത്തിലെ ദൈവത്തിനെ കഴുത്തിനു് പിടിച്ചു് തൂക്കിയെടുത്തു് “സഹലമാന” ലോകത്തിനും കാണിച്ചുകൊടുത്തു എന്നു് ചാവേർ ഗേൾസിനെ ആവേശഭരിതരാക്കിക്കൊണ്ടു് ഹുസൈൻ വീണ്ടും വീണ്ടും വിളിച്ചുപറയുന്നതു്. എല്ലാ മനുഷ്യരും കാണാതെ പഠിക്കുക: അക്വീനാസ് = ദൈവാസ്തിത്വം തെളിയിച്ചവൻ! “എനിക്കൊരു ഡൊമിനിക്കൻ സന്യാസി ആയാൽ മതി, ചത്താലും ഞാനൊരു ബെനെഡിക്റ്റിൻ സന്യാസി ആവില്ല” എന്ന കട്ടായമായ തീരുമാനം തന്റെ പത്തൊൻപതാമത്തെ വയസ്സിൽ കൈക്കൊണ്ട തോമാസ് അക്വീനാസിന്റെ മനസ്സുമാറ്റാനായി അവന്റെ രണ്ടു് സഹോദരന്മാർ ഒരുദിവസം ഒരു വേശ്യയെ വാടകക്കെടുത്തു് അവന്റെ മുറിയിൽ നിക്ഷേപിച്ചത്രേ! അക്വീനാസിനോടാണു് തങ്ങളുടെ കളി എന്നവർ ഓർത്തില്ല. അവൻ സാധാരണ ആയുധങ്ങളായ ചൂരലോ ചാട്ടയോ, ഡ്രാക്കുളയെപ്പോലും പിൻതിരിപ്പിക്കാൻ പോന്ന കുരിശോ വെളുത്തുള്ളിയോ ഒന്നും എടുക്കാൻ പോകാതെ, നല്ല ഒന്നാംതരം ഒരു തീക്കൊള്ളിയുമായി അവളുടെ പുറകെയെത്തി. തീക്കൊള്ളികൊണ്ടു് എന്തു് പ്രയോഗമാണു് അവൻ ലക്ഷ്യമാക്കുന്നതെന്നറിയാത്തതിനാലാവാം, ഒരുമാതിരിപ്പെട്ട Sado-Maso (BDSM) കളികളിലെല്ലാം എൿസ്പെർട്ട് ആയിരുന്നിട്ടും അവൾ ജീവനും കൊണ്ടു് ഓടി രക്ഷപെടുകയായിരുന്നു എന്നു് സഭാചരിത്രം. അവൾ പിന്നെ തിരിച്ചു് ചെന്നില്ലെങ്കിലും, അന്നുരാത്രി അവൻ ഉറങ്ങുകയായിരുന്നപ്പോൾ, രണ്ടു് മാലാഖമാർ അടുത്തു് വന്നിരുന്നു്, അവന്റെ തീരുമാനം ശരിയായിരുന്നു എന്നു് ഉറപ്പുനൽകുകയും, അവന്റെ “മലയെ മാറ്റുന്ന” ജനുസ്സിൽ പെട്ട ഉറച്ചവിശ്വാസത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു എന്നൊരു കഥയുമുണ്ടു്. മതങ്ങൾ ഇന്നോളം പറഞ്ഞുപിടിപ്പിച്ചതു് മുഴുവൻ കഥകളാവുമ്പോൾ ഒന്നോ രണ്ടോ കഥകൾ കൂടിയാലെന്തു്, കുറഞ്ഞാലെന്തു്? ഇതിൽ നിന്നും വെളിപ്പെടുന്ന മറ്റൊരു കാര്യം: അക്കാലത്തു് ഒരു ബെനെഡിക്റ്റിൻ സന്യാസി ആവാൻ ഒരുത്തന്റെ വേശ്യാസഹശയനം ഒരു തടസ്സമായിരുന്നില്ല. ഇന്നും കാര്യങ്ങൾക്കു് വലിയ മാറ്റമൊന്നും വന്നിട്ടില്ല. സഹശയനവാർത്തകൾ പുറത്തു് വരരുതെന്നേയുള്ളു. വ്യഭിചരിക്കാം, മദ്യപിക്കാം, ബാലികാബാലന്മാരെവരെ പീഡിപ്പിക്കാം… – പക്ഷേ, സംഗതി രഹസ്യമായിരിക്കണം, അത്രേയുള്ളു. നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ സദാചാരി ലേബലിൽ കറ പിടിപ്പിക്കരുതു്. “നാലാളു് കേട്ടാൽ” എന്തുകരുതും? എപ്പോഴും ഓർമ്മിക്കുക: നമ്മൾ ജീവിക്കുന്നതു് നമുക്കു് വേണ്ടിയല്ല, നാലാൾക്കു് വേണ്ടിയാണു്!
പണ്ടൊക്കെ സദാചാരപരമായ കാര്യങ്ങൾ അത്ര കർശനമായിരുന്നില്ല. അക്വീനാസിനു് മുൻപും അവനു് ശേഷം ഇന്നുവരെയും സഭയുടെ നെടുംതൂണായ വിശുദ്ധ അഗസ്റ്റിൻതന്നെ ലൗകികജീവിതത്തിൽ പിശാചിനോടു് കൂട്ടുകൂടി കളിയെത്ര കളിച്ചശേഷമാണു് ആത്മീയജീവിതത്തിലേക്കു് തിരിഞ്ഞതു് എന്നു് ചരിത്രം അറിയാവുന്നവർക്കൊക്കെ അറിയാം. മുഹമ്മദ് തന്നെ എത്ര പെണ്ണുങ്ങളെ ലൈംഗികമായി അമ്മാനമാടിയില്ല? ഒരർത്ഥത്തിൽ മുഹമ്മദിനെ കുറ്റം പറയാനാവില്ല. ദൈവകൽപന അനുസരിക്കാനായി അയൽനാട്ടുകാരോടെല്ലാം യുദ്ധം ചെയ്തു് പുരുഷവംശം എണ്ണത്തിൽ ചുരുങ്ങിയപ്പോൾ വംശം നശിക്കാതിരിക്കാൻ മുഹമ്മദ് തന്നാലാവുന്നതു് ചെയ്തെന്നേയുള്ളു. നമ്മൾ നേരിട്ടു് ചെയ്താൽ മാത്രം ശരിയാവുന്ന ചില കാര്യങ്ങളുണ്ടു്. അതു് നമ്മൾ മറ്റുള്ളവരെ ഏൽപിക്കരുതു്. കക്കൂസിൽ പോക്കു് ഒരുദാഹരണമാണു്. വംശം നശിക്കാതിരിക്കാൻ ലോത്തിന്റെ രണ്ടു് പെണ്മക്കൾ അപ്പനിൽനിന്നുപോലും ഗർഭം ധരിക്കാൻ മടികാണിച്ചില്ല എന്നു് നമ്മൾ മറക്കരുതു്. (ഇതാണു് നിരീശ്വരവാദിയും യുക്തിവാദിയുമൊക്കെ ആയാലുള്ള ഒരു തകരാറു്. ഒരു വിശുദ്ധകാര്യം കേട്ടാൽപ്പോലും അതിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമെല്ലാം ചുഴിഞ്ഞെടുത്തു് അവർ വിളിച്ചുപറയും. വിശ്വാസി ആയാൽ അങ്ങനെയൊരു തകരാറില്ല. കേൾക്കുന്നതു് ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ, അതു് ഒറ്റനോട്ടത്തിൽത്തന്നെ പച്ചക്കള്ളം എന്നു് തിരിച്ചറിയാവുന്നതായാലും ശരി, പറഞ്ഞു – കേട്ടു – വിശ്വസിച്ചു – ഏറ്റെടുത്തു – അനുഷ്ഠിച്ചു – അതാണു് വിശ്വാസി. അവിടെ പിന്നെ വലിയ സംശയത്തിനോ ചോദ്യത്തിനോ ഒന്നും ഒരു സ്ഥാനവുമില്ല. വിരലുകളിൽ എണ്ണാവുന്നതിൽ കൂടുതൽ കാര്യങ്ങൾ ഒറ്റയടിക്കു് പറയരുതെന്ന ഒറ്റ നിബന്ധനയേയുള്ളു. ഒത്തിരി കാര്യങ്ങൾ ഒരുമിച്ചു് വിശ്വാസിയുടെ തലയിൽ ഒതുങ്ങില്ല.) ഒരു മാർപ്പാപ്പയാവുക എന്ന എന്റെ സുചിന്തിത തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി സാത്താന്റെ പ്രലോഭനത്താൽ എന്നെ സമീപിച്ച സ്വർഗ്ഗത്തിലെ ഹൂറികൾ പോലുള്ള അനേകം യുവകന്യകമാരെ, അക്വീനാസിനെ മാതൃകയാക്കി, ഞാനും ആളുന്ന തീക്കൊള്ളിയും, കയ്യെത്താവുന്ന ദൂരത്തിലുണ്ടായിരുന്ന മറ്റു് പലതരം കൊള്ളികളുമൊക്കെ കാണിച്ചു് ഭയപ്പെടുത്തി ഓടിച്ചിട്ടുണ്ടു്. പക്ഷേ, ഡൊമിനിക്കൻ ആവാനുള്ള അക്വീനാസിന്റെ ആഗ്രഹത്തിൽ നിന്നും വിരുദ്ധമായി മാർപ്പാപ്പ ആവാനുള്ള എന്റെ സ്വപ്നം ബ്ലോഗ് ഉപദേശിമാരുടെ ഒരൊറ്റ സർട്ടിഫിക്കറ്റോടെ പാഴായിപ്പോയി. ഞാൻ പാതിരിമാരെപ്പോലെ വീഞ്ഞുമാത്രമല്ല, വിസ്കിയും കുടിക്കുമെന്ന വാർത്ത വിക്കിലീക്സ് വഴി ഇതിനോടകം പുറത്തുവന്നതിനാൽ, മാർപ്പാപ്പ പോയിട്ടു് ഒരു ബിഷപ്പുപോലും ആവാൻ ഇനിയിപ്പോൾ പറ്റുമെന്നു് തോന്നുന്നില്ല. ഇപ്പോൾ ഇവിടെ ബാക്ക് ഗ്രൗണ്ടിൽ മണികെട്ടിയ ഒരു ഭരണിപ്പാട്ടു് അലയടിക്കുന്നതായി നിങ്ങൾക്കു് തോന്നുന്നുണ്ടെങ്കിൽ അതു് യാദൃച്ഛികമല്ല.
എവൊല്യൂഷനെപ്പറ്റിയുള്ള സൃഷ്ടിവാദികളുടെ ഉമ്മാക്കിക്കഥകൾ നിങ്ങൾക്കു് കേൾക്കണോ? ഉമ്മാക്കിക്കഥകൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തി മര്യാദക്കാരാക്കുക എന്ന ലക്ഷ്യം നേടാനായി, അതൊരു പ്രാകൃത രീതിയാണെന്നറിയാൻ കഴിയാതിരുന്ന പുരാതനകാലങ്ങളിൽ മനുഷ്യരുടെ ഭാവനയിൽ രൂപമെടുത്തവയാണു്. ചില മതങ്ങളിൽ പണ്ടാരോ പറഞ്ഞ ചില ഉമ്മാക്കിക്കഥകൾ അക്ഷരംപ്രതി കേട്ടനുസരിച്ചില്ലെങ്കിൽ കുഴിമാടത്തിൽ നിന്നും മനുഷ്യരുടെ ആത്മാവു് നേരിട്ടു് നരകത്തിലെ ഭീമൻ അടുക്കളയിലെ വറചട്ടിയിൽ എത്തുമെന്നും അതിൽ കിടന്നു് പപ്പടം പോലെ പൊരിയേണ്ടിവരുമെന്നുമൊക്കെ കേൾക്കുമ്പോൾ ഭയന്നു് മൂത്രം പോവുന്ന മുതിർന്ന കുഞ്ഞുങ്ങൾ ലോകത്തിലെ പല ഭാഗങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ടു്. ഉമ്മാക്കിക്കഥകൾ കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്ന പഴയ കാലഘട്ടത്തിലെ അത്രപോലും മാനസികവളർച്ചയെത്താത്ത ഏകതാനബുദ്ധികളാണവർ! മിന്നാമിനുങ്ങിനെ വിറകിനടിയിൽ വച്ചു് ഊതിയാൽ തീയുണ്ടാവുമെന്നു് ഉറച്ചു് വിശ്വസിക്കുന്നവരെ ഉപദേശിക്കരുതു്, അവരോടു് സഹതപിക്കരുതു് – അതവരെ ദുഃഖിതരും അതിലുപരി കോപാകുലരുമാക്കും. അതെന്തായാലും, അതിനു് നേരെ വിപരീതമായി, ഒരു മഹാഭാഗ്യമെന്നോണം, ലോകത്തിലെ മറ്റുചില ഭാഗങ്ങളിൽ അത്തരം ഉമ്മാക്കിക്കഥകൾ കേട്ടാൽ അതു് തികഞ്ഞ വിഡ്ഢിത്തമാണെന്നു് മനസ്സിലാക്കാനുള്ള ബൗദ്ധികശേഷി ബാല്യത്തിലേ കൈവരിക്കുന്ന യഥാർത്ഥ കുഞ്ഞുങ്ങളും ജീവിക്കുന്നുണ്ടു്. ലോകം പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല.
യഹോവ ആറു് ദിവസങ്ങൾ കൊണ്ടു് സൃഷ്ടിച്ചതാണു് ഈ പ്രപഞ്ചം എന്നു് വിശ്വസിക്കുന്നവരാണു് ക്രിസ്തീയ സൃഷ്ടിവാദികൾ. ബൈബിളാണു് അവരുടെ ആധാരം. അതിൻപ്രകാരം, ഏതു് സെക്റ്റാണു്, ബൈബിളിലെ ഏതേതു് വാക്യങ്ങളുടെ അടിസ്ഥാനത്തിലാണു് കണക്കുകൂട്ടുന്നതു് എന്നൊക്കെ അനുസരിച്ചു് പല നിഗമനങ്ങൾ നിലവിലുണ്ടു്. ഏതു് തത്വം എന്നതിന്റെ വെളിച്ചത്തിൽ, ഏകദേശം അയ്യായിരം മുതൽ പതിമൂവായിരം വർഷങ്ങൾ വരെ നീളാവുന്നതാണു് സൃഷ്ടിവാദികളുടെ പ്രപഞ്ചത്തിന്റെ പ്രായം. ഇതിൽ, ഉൽപത്തിപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്ന രീതി വളരെ എളുപ്പമാണു്. ആദ്യമനുഷ്യനായിരുന്ന ആദാം മുതലുള്ളവരുടെ ജീവിതദൈർഘ്യം ബൈബിളിൽ വർണ്ണിച്ചിട്ടുള്ളതിനാൽ, കടലാസും പെൻസിലുമായി ഏതാനും ദിവസങ്ങൾ കുത്തിയിരുന്നു് ആകെയൊന്നു് കൂട്ടിയെടുത്താൽ മതി. അങ്ങനെ പലരും ഇതിനോടകം കൂട്ടിയെടുത്തിട്ടുണ്ടു്. ഹീബ്രൂ കലണ്ടർ പ്രകാരം പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിട്ടു് 5770 വർഷങ്ങളേ ആയിട്ടുള്ളു. ബിസാന്റിൻ കണക്കുപ്രകാരം 7519 വർഷങ്ങൾ, മായൻ സംസ്കാരപ്രകാരം 5124 വർഷങ്ങൾ, ഹൈന്ദവ പുരാണം അനുസരിച്ചു് 158.7 ട്രില്ല്യൺ വർഷങ്ങൾ. മതങ്ങളിലും സംസ്കാരങ്ങളിലും അധിഷ്ഠിതമായി ഇതുപോലെ മറ്റു് പല കണക്കുകൂട്ടലുകളും പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ചു് നിലവിലുണ്ടു്. ഇതിൽ രസകരമായ ഒന്നു്, ഒരു ക്രൈസ്തവ റേഡിയോ ബ്രോഡ്കാസ്റ്റർ ആയ ഹരോൾഡ് ക്യാമ്പിംഗ് കണക്കുകൂട്ടിയ പ്രായമായ 13023 വർഷങ്ങളാണു്. ഈ ക്യാമ്പിംഗ് തന്നെയാണു് യേശുവിന്റെ രണ്ടാമത്തെ വരവു് 1994-ൽ ആയിരിക്കുമെന്നു് പ്രവചിച്ചതു്. അതു് പാളിപ്പോയെങ്കിലും ക്യാമ്പിംഗ് നിരാശനാവാതെ വീണ്ടും പ്രവചിച്ചു: 2011 മേയ് മാസത്തിൽ യേശു കാഹളനാദവുമായി മേഘത്തിൽ വരും. 89 വയസ്സു് പ്രായമുള്ള ക്യാമ്പിംഗ് ഇപ്പോൾ മുട്ടിപ്പായി ദൈവത്തോടു് പ്രാർത്ഥിക്കുന്നതു് 2011 ഏപ്രിൽ മാസാവസാനത്തിനു് മുൻപു് തട്ടിപ്പോവാൻ അനുഗ്രഹിക്കണമേ എന്നാണോ എന്നെനിക്കറിയില്ല. ഇവന്റെയൊക്കെ പുറകെ നടക്കുന്നവരെ പറഞ്ഞാൽ മതി. അടുത്ത പ്രദേശങ്ങളിൽ എവിടെയെങ്കിലും സുവിശേഷപ്രസംഗം ഉണ്ടെങ്കിൽ അവിടെയൊക്കെ ചെന്നു് ഹാജർ വയ്ക്കുന്ന വിധവയായ ഒരു ചേട്ടത്തിയെ എനിക്കറിയാം. മക്കളിൽ ചിലർ വിദേശത്തായതുകൊണ്ടു് ചേട്ടത്തിയുടെ മടിശീല ബോറഡിച്ചു് കോട്ടുവാ വിടേണ്ട കാര്യവുമില്ല. എന്തിനാണിങ്ങനെ ഷട്ടിൽ സർവ്വീസ് നടത്തുന്നതെന്നു് ചോദിക്കുന്നവരോടു് ചേട്ടത്തിയുടെ സ്ഥിരം കമന്റ് ഇതാണു്: “ഉപദേശിമാർ പറയുന്നതു് തെറ്റും തെറിയുമൊന്നുമല്ലല്ലോ, ദൈവത്തിന്റെ കാര്യമല്ലേ”. മിന്നാമിനുങ്ങിനെ ഊതി തീയുണ്ടാക്കാൻ ശ്രമിക്കുന്ന ബിഗ്-ബാംഗ് പൊട്ടിത്തെറിപ്പണ്ഡിതരുടെ ഇടയിലെ മറ്റൊരു മണിമുത്തു്!
ഇനി, ശാസ്ത്രത്തിലേക്കു് വന്നാൽ, പ്രപഞ്ചം എന്നും ഉണ്ടായിരുന്നു എന്നും അതിനാൽ പ്രപഞ്ചത്തിന്റെ പ്രായം എന്നതു് അപ്രസക്തമാണെന്നും, അതേസമയം, ഭൂമി സൂര്യൻ മുതലായവകൾക്കു് ഉത്ഭവവും അതുകൊണ്ടു് പ്രായവുമുണ്ടെന്നുമാണു് steady state തത്വം പറയുന്നതു്. ബിഗ്-ബാംഗ് തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വർഷങ്ങളും ഭൂമിയുടേതു് 454 കോടി വർഷങ്ങളുമാണു്. ബിഗ്-ബാംഗ് സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ചത്തിന്റെ പ്രായനിർണ്ണയം വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെയുള്ള കണക്കുകൂട്ടലുകളെ വലിയ വൈരുദ്ധ്യമില്ലാതെ തൃപ്തിപ്പെടുത്തുന്നു എന്നതിനാലാണു് അതു് ഇന്നത്തെ ശാസ്ത്രീയ കാഴ്ചപ്പാടിൽ ഏറ്റവും പ്ലോസിബിൾ എന്നു് അംഗീകരിക്കപ്പെടുന്നതു്. ഇതുവരെ തെളിയിക്കപ്പെട്ട ശാസ്ത്രസത്യങ്ങളെ വിശദീകരിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു നൂതനതത്വം രൂപമെടുത്താൽ സ്വാഭാവികമായും ബിഗ്-ബാംഗ് സിദ്ധാന്തത്തെ ശാസ്ത്രലോകം പിൻതള്ളും. തങ്ങളുടെ കിത്താബിലും ബിഗ്-ബാംഗ് സൂചിപ്പിച്ചിട്ടുണ്ടു് എന്നു് സ്ഥാപിക്കാൻ കഷ്ടപ്പെടുന്നവർ ഈ വസ്തുത മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! വിശ്വാസികൾക്കു് ഉളുപ്പു് എന്നൊന്നില്ലാത്തതുകൊണ്ടു് ബിഗ്-ബാംഗ് സിദ്ധാന്തം തെറ്റായിരുന്നു എന്നു് എന്നെങ്കിലുമൊരിക്കൽ തെളിയിക്കപ്പെട്ടാൽ, അപ്പോഴും എന്തെങ്കിലും മുട്ടായുക്തിയും വ്യാഖ്യാനവുമായി അവർ രംഗപ്രവേശം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
ഏതാനും ആയിരം വർഷങ്ങൾ മാത്രമാണു് പ്രപഞ്ചത്തിന്റെ പ്രായം എന്ന വിഡ്ഢിത്തം, ശാസ്ത്രീയമായ അന്വേഷണങ്ങളുടെയും അളവുകളുടെയും ഫലമായി എത്തിച്ചേരുന്ന പുതിയ അറിവുകൾക്കു് അനുയോജ്യമായി വ്യാഖ്യാനിച്ചു് ഒപ്പിക്കുന്ന സൃഷ്ടിവാദികളുടെ രീതിയെ സാഹിത്യത്തിൽ സാധാരണമായിരുന്ന, ഇപ്പോൾ വിരളമായിക്കൊണ്ടിരിക്കുന്ന സമസ്യാപൂരണത്തിനോടേ ഉപമിക്കാനാവൂ. ഉത്തരത്തിനു് യോജിക്കുന്ന ചോദ്യം ചെത്തിമിനുക്കുക എന്ന, അത്ര മോശമല്ലാത്ത എന്റർട്ടെയിൻമന്റ് വാല്യു ഉള്ള അത്തരം തമാശകളെ ശാസ്ത്രീയം എന്നു് വിളിക്കാമെങ്കിൽ, ഏറ്റവും വലിയ ശാസ്ത്രം ഗൗളിശാസ്ത്രമായിരിക്കും. മാങ്ങാ ഉപ്പിലിടുന്നതിനെ ശാസ്ത്രമെന്നു് വിളിക്കാൻ ഹസ്തരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതിനെ ശാസ്ത്രം എന്നു് വിളിക്കുന്നത്ര ലജ്ജിക്കേണ്ട ആവശ്യം തീർച്ചയായുമില്ല. മാങ്ങ ഉപ്പിലിടുക, കൂടുകുത്തി മീൻ പിടിക്കുക മുതലായ “ശാസ്ത്രങ്ങൾ” പ്രായോഗികമാക്കിയിരുന്ന പുരാതന മനുഷ്യരും ഏതെങ്കിലുമൊക്കെ അർത്ഥത്തിൽ സൃഷ്ടിവാദികളായിരുന്നു. അതിൽ നിന്നും സൃഷ്ടിവാദികൾ എന്തു് മനസ്സിലാക്കുന്നു? ശാസ്ത്രത്തിനു് ജന്മം നൽകിയതു് സൃഷ്ടിവാദികളാണു്! എത്ര സുന്ദരമായ നിഗമനം! സൃഷ്ടിവാദിയുടേയോ, ഹിന്ദുവിന്റേയൊ, മുസ്ലീമിന്റേയോ, ക്രിസ്ത്യാനിയുടെയോ സൃഷ്ടിയല്ല ശാസ്ത്രം. അതു് ജാതിമതഭേദമെന്യേ, മനുഷ്യബുദ്ധിയുടെ വളർച്ചയുടെ തെളിവും നേട്ടവുമാണു്. മനുഷ്യബുദ്ധിയെ ആയിരത്തിനാനൂറും രണ്ടായിരവും വർഷങ്ങൾ പുറകിൽ കൊണ്ടുപോയി കെട്ടിയിടാൻ ശ്രമിക്കുന്ന സൃഷ്ടിവാദികൾ തന്നെ വേണം ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാർ എന്നു് വീമ്പിളക്കാൻ. അതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം, മുകളിൽ സൂചിപ്പിച്ചപോലെ, ഉളുപ്പു് എന്നൊന്നു് ഇക്കൂട്ടർക്കു് പണ്ടേ ഇല്ല, പറയുന്നതെന്തെന്നു് നിശ്ചയമില്ല, അതും പോരെങ്കിൽ, ഇന്നലെ പറഞ്ഞതെന്തെന്നു് ഇന്നേക്കു് ഓർമ്മയുമില്ല. കഴിഞ്ഞ കമന്റിൽ പറഞ്ഞതെന്തെന്നു് അടുത്ത കമന്റെഴുതുമ്പോഴേക്കും മറക്കുന്ന “ഡോക്കിൻസ് കണ്ടകരുടെ” ലോകത്തിൽ അതിലൊക്കെ എന്തത്ഭുതം? ദൈവം കൽപിച്ചതാണെന്നു് ആരോ പറഞ്ഞുകേട്ടതിന്റെ പേരിൽ, ഇക്കൂട്ടർ മുറതെറ്റാതെ അനുഷ്ഠിക്കുന്നതും, സാമാന്യബോധമുള്ള ആരിലും അറപ്പുളവാക്കുന്നതുമായ ഭ്രാന്തുകൾ മാത്രം കണ്ടാൽ മതി, അവരുടേതുപോലൊരു ദൈവം ഈ പ്രപഞ്ചം പോയിട്ടു് ഒരു മീൻകൂടുപോലും സൃഷ്ടിക്കാൻ കഴിയുന്നവനല്ല എന്നു് മനസ്സിലാക്കാൻ.
ഇനി, പ്രപഞ്ചത്തിന്റെ പ്രായം ആറായിരം വർഷമാണെന്ന ക്രിസ്തീയ സൃഷ്ടിവാദികളുടെ അവകാശവാദം ഇസ്ലാം താർക്കികരോടു് പറഞ്ഞാലോ? പ്രപഞ്ചത്തിന്റെ പ്രായം ആറായിരം വർഷമാണെന്നു് ഖുർആനിൽ എങ്ങും പറഞ്ഞിട്ടില്ല എന്നാവും അവരുടെ പ്രതികരണം. സ്വന്തം മതഗ്രന്ഥത്തിന്റെ അടിത്തറയിലെ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത തെളിയിക്കാൻ ആഗ്രഹിക്കുന്നവർ അൽപമെങ്കിലും സത്യസന്ധതയുള്ളവരാണെങ്കിൽ അവർ ചെയ്യേണ്ടതു്, അവരുടെ ഗ്രന്ഥത്തിൽ പ്രപഞ്ചത്തിന്റെ പ്രായം എത്രയെന്നാണു് പറഞ്ഞിരിക്കുന്നതെന്നും, ഏതു് ശാസ്ത്രീയ മാർഗ്ഗത്തിലൂടെയാണു് ആ പ്രസ്താവനയുടെ സാധുത്വം തെളിയിക്കപ്പെടുന്നതെന്നും വളച്ചുകെട്ടില്ലാതെ, വ്യക്തമാക്കുകയാണു്. ഒരുവൻ അവനോടുതന്നെയെങ്കിലും സത്യസന്ധത പുലർത്തണമല്ലോ. ഇസ്ലാമിലെ മതതാർക്കികരുടെ ബൗദ്ധികനിലവാരം അത്ര പിടിയില്ലാതിരുന്നതിന്റെ ഗതികേടുമൂലം ആരംഭകാലത്തു് ബ്ലോഗിൽ നടത്തിയ ചില “ചർച്ചകളിൽ” ഇസ്ലാമിന്റെ ദൈവമായ അല്ലാഹുവും, യഹൂദ-ക്രൈസ്തവവിഭാഗങ്ങളുടെ ദൈവമായ യഹോവയും ഒന്നല്ല എന്നുവരെ പ്രഖ്യാപിച്ചുകളഞ്ഞ ഇസ്ലാമികപണ്ഡിതരെ എനിക്കു് കാണേണ്ടി വന്നിട്ടുണ്ടു്. എന്താണു് പറയുന്നതെന്നറിയാതെ, എന്തെങ്കിലും പറയുന്നതാണു് “ചർച്ച” എന്നു് ധരിച്ചുവച്ചിരിക്കുന്ന ഏതാനും വിചിത്ര ജന്മങ്ങൾ! ബൈബിളിൽ നിന്നും ആദാം മുതൽ യേശുവരെയുള്ളവരെ മുഴുവൻ അറബിനാമങ്ങൾ നൽകി “പ്രവാചകരായി” ഏറ്റെടുത്തിരിക്കുന്ന ഗ്രന്ഥമായ ഖുർആനിൽ വിശ്വസിച്ചുകൊണ്ടു് അല്ലാഹു യഹോവയല്ല എന്നൊരുവൻ അഭിപ്രായപ്പെടുന്നുവെങ്കിൽ അവൻ ഏതു് ലോകത്തിലാണു് ജീവിക്കുന്നതെന്നോ, അവനുമായി ഒരു ചർച്ചയിൽ ഏർപ്പെടുന്നതു് എന്തു് നേടാനാണെന്നോ എനിക്കറിയില്ല.
ലോകത്തിലെ ശാസ്ത്രജ്ഞരിൽത്തന്നെ ഏറിയാൽ ഏതാനും ആയിരം പേർക്കു് മാത്രം വേണ്ടവിധം മനസ്സിലായിട്ടുള്ള അതിസങ്കീർണ്ണമായ ശാസ്ത്രീയതകളെ മാത്രമേ അവർക്കു് ഖണ്ഡിക്കേണ്ടതുള്ളു! അതിൽ കുറഞ്ഞതൊന്നും വേണ്ട. ബിഗ്-ബാംഗ്, നിയോ-ഡാർവിനിയൻ സിന്തെസിസ് മുതലായവയെല്ലാം വെറും ചവറാണെന്നു് സ്ഥാപിക്കാനാണു് പരക്കം പാച്ചിൽ. അവയൊക്കെ വെറും ചവറാണെന്നു് യോഗ്യതയുള്ളവർ ആരെങ്കിലും തെളിയിക്കുന്നതിനു് ശാസ്ത്രലോകത്തിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമുണ്ടാവാനും വഴിയില്ല. പക്ഷേ, അതിനു് ഡാർവിൻ പറഞ്ഞതിനെപ്പറ്റി പൊപ്പർ പറഞ്ഞതിനേപ്പറ്റി ഞാൻ ഊഹിക്കുന്നതിങ്ങനെയാണു് എന്ന ഇളിഭ്യത്തരം വിളിച്ചുപറയുകയല്ല, അവയെല്ലാം തെറ്റാണെന്നു് കാര്യകാരണസഹിതം തെളിയിക്കാനുതകുന്ന ഒരു തീസിസ് തയ്യാറാക്കി ശാസ്ത്രം എന്നാൽ എന്തെന്നറിയാവുന്ന ഏതെങ്കിലും ജേർണ്ണലുകൾക്കു് അയച്ചുകൊടുക്കുകയാണു് ചെയ്യേണ്ടതു്. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ആ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ അതുപോലൊരു പണ്ഡിതശിരോമണിയെ വൈജ്ഞാനികലോകം ഒന്നടങ്കം ആവേശത്തോടെ സ്വീകരിക്കുകയും നോബൽ പ്രൈസ് അടക്കമുള്ള സമ്മാനങ്ങൾ കൊണ്ടു് പൊതിയുകയും ചെയ്യുമായിരുന്നു. അതിനുപകരം, ഏതു് സന്തോഷ് മാധവനും ദൈവമാവാൻ കഴിയുന്ന ഒരു നാട്ടിൽ, സ്ഥാപിതതാത്പര്യത്തിനു് അനുകൂലമെന്നു് തോന്നുന്ന ഏതു് കമ്പോസ്റ്റും ചന്തയിൽ എത്തിക്കാൻ മടിക്കാത്ത പ്രസിദ്ധീകരണശാലകൾ വഴി ശാസ്ത്രം എന്ന പേരിൽ ദുർഗ്ഗന്ധം വമിക്കുന്ന കുറേ മാലിന്യം സമൂഹത്തിൽ എത്തിച്ചു് മനുഷ്യബുദ്ധിയെ ബലാൽസംഗം ചെയ്യുന്നതിനെ “അനുമോദിക്കാൻ” യോജിച്ച ഭരണിപ്പാട്ടുകൾ ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു. സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കണമെങ്കിൽ സൃഷ്ടിവാദത്തെ ശാസ്ത്രീയമാക്കുകയാണു് വേണ്ടതു്. അതല്ലാതെ വേറെ വഴിയില്ല. പക്ഷേ, കാക്ക കുളിച്ചാൽ കൊക്കാവാത്തതുപോലെ, ശാസ്ത്രീയമല്ലാത്തതിനെ ശാസ്ത്രീയമാക്കാനാവില്ല. ശാസ്ത്രത്തിന്റേയും, യുക്തിയുക്തമായി സംവദിക്കാൻ വരുന്നവരുടേയും നേരെ കൊടിച്ചികളുടെ മാതൃകയിൽ കുരച്ചുകാണിച്ചതുകൊണ്ടോ, വ്യക്തിപരമായി അവഹേളിച്ചതുകൊണ്ടോ സൃഷ്ടിവാദം ശാസ്ത്രീയമാവില്ല. കുരച്ചുകാണിക്കൽ ഏതു് തെരുവുനായ്ക്കും, ഏതു് ചിയർ ഗേളിനുമാവും. ഒരു വസ്തുത തെറ്റെന്നു് തെളിയിക്കാനാണെങ്കിലും, ശരിയെന്നു് തെളിയിക്കാനാണെങ്കിലും, അതിനൊരു മെഥഡോളജി ഉണ്ടായിരിക്കണം. നിഴലുകളുടെ നേരെ നോക്കി കുരയ്ക്കൽ ഒരു മെഥഡോളജി അല്ല. റിച്ചാർഡ് ഡോക്കിൻസിനെ ഖണ്ഡിക്കുക എന്നാൽ ഡോക്കിൻസിന്റെ കയ്യോ കാലോ അഗ്രചർമ്മമോ കണ്ടിക്കലോ, അവനെ തേജോവധം ചെയ്യലോ അല്ല, അവൻ പറയുന്ന കാര്യങ്ങളെ സിസ്റ്റമാറ്റിക് ആയി, കാര്യകാരണസഹിതം ഖണ്ഡിക്കുക എന്നാണു് സാധാരണഗതിയിൽ മനുഷ്യർ മനസ്സിലാക്കുന്ന അർത്ഥം. “ദൈവമുണ്ടു്, അതുകൊണ്ടു് ദൈവമുണ്ടു്” എന്നു് പറയുന്നതു് ദൈവാസ്തിത്വത്തിനു് മതിയായ തെളിവായി കരുതുന്നവരുണ്ടാവാം. എന്തും വിശ്വസിക്കുന്ന വിഡ്ഢികൾക്കു് ഈ ലോകത്തിൽ പഞ്ഞമൊന്നുമില്ല. അതുപോലെതന്നെയാണു്, സൃഷ്ടിവാദം പരീക്ഷണപരമായി തെളിയിക്കാവുന്നതും തെളിയിക്കപ്പെട്ടതുമാണെന്നു് ഞാൻ സമർത്ഥിച്ചു എന്നൊരു സൃഷ്ടിവാദി അവകാശപ്പെടുന്നതും. ആരു് എവിടെ തെളിയിച്ചു? ഒരുവൻ പറയുന്ന കാര്യങ്ങൾ അവന്റെ തലച്ചോറിന്റെ സൃഷ്ടിയാണു്. ആ കാര്യങ്ങൾ ശരിയോ തെറ്റോ എന്നറിയണമെങ്കിൽ അവ റാറ്റിഫൈ ചെയ്യപ്പെടണം. റാറ്റിഫൈ ചെയ്യേണ്ടതു് അവനോ, അവന്റെ ചിയർ ഗേൾസോ അല്ല, ആ വിഷയത്തിൽ അവഗാഹമുള്ളവരാണു്. ചെയ്യാത്തകാര്യം ചെയ്തു എന്നവകാശപ്പെടുന്നവന്റെ റാറ്റിഫിക്കേഷനു് എന്തു് വില? വെളിച്ചപ്പാടന്മാർ വിളിച്ചുപറയുന്ന ഭ്രാന്തു് ദൈവവചനമാണെന്നു് മനുഷ്യർ നിരുപാധികം വിശ്വസിച്ചിരുന്ന കാലഘട്ടത്തിൽ ഇന്നും ജീവിക്കുന്നവർക്കു് സ്വന്തം ഊഹങ്ങൾ സത്യങ്ങളെന്നു് സ്വയം സർട്ടിഫൈ ചെയ്യുന്നതിലെ യുക്തിഹീനത മനസ്സിലാവുകയുമില്ല. ശാസ്ത്രത്തെയോ ശാസ്ത്രജ്ഞരെയോ ചെളിവാരി എറിഞ്ഞതുകൊണ്ടു് സൃഷ്ടിവാദം സ്ഥാപിക്കാനാവുമെന്നു് കരുതുന്നതു് മൗഢ്യമാണു്. അതിനു് ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും പുറകെ നടക്കുന്നതു് അതിലേറെ ലജ്ജാവഹവുമാണു്. വല്ലവന്റേയും “കക്കൂസിൽ” അവൻ ആവശ്യപ്പെടാതെ ചെന്നു് കയറിയിട്ടു് അതിൽ നാറ്റമാണു് എന്നു് ഘോഷിക്കുന്നപോലുള്ള നാറിത്തരമാണതു്.
(തുടരും)