RSS

Daily Archives: Aug 26, 2012

ജീവാത്മാവിന്റെ വലിപ്പം

“അവിനാശി തു തദ്വിദ്ധി യേന സര്‍വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത്കര്‍തുമര്‍ഹതി” (ഭഗവദ്ഗീത 2: 17)

ഏതൊന്നിനാല്‍ സര്‍വ്വതും വ്യാപ്തമായിരിക്കുന്നുവോ അതു്‌ (ആത്മാവു്‌) നശിപ്പിക്കപ്പെടാനാവാത്തതാണെന്നറിയുക. നാശമില്ലാത്ത അതിനെ (ആത്മാവിനെ) നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. (ശ്രദ്ധിക്കുക: ജീവികള്‍ക്കു്‌ മാത്രമല്ല, സൂര്യനും ചന്ദ്രനുമൊക്കെ ആത്മാവുണ്ടു്‌).

മുഴുവന്‍ ശരീരത്തിലും  വ്യാപിച്ചുകിടക്കുന്ന ആത്മാവിന്റെ യഥാര്‍ത്ഥരൂപം വര്‍ണ്ണിക്കുകയാണു്‌ ഗീതാകാരന്‍. അതാണു് പ്രജ്ഞ അഥവാ, അന്തര്‍ബോധം. ശരീരം മുഴുവനുമോ, അല്ലെങ്കില്‍ ഒരിടത്തു്‌ മാത്രമോ ഉള്ള വേദനയും സന്തോഷവുമെല്ലാം നമുക്കു്‌ അറിയാന്‍ കഴിയുന്നതു്‌ ഈ അന്തര്‍ബോധം മൂലമാണു്‌. അതേസമയം മറ്റുള്ളവരുടെ ഈവക കാര്യങ്ങള്‍ അറിയാന്‍ നമുക്കു്‌ കഴിയുകയുമില്ല. ഇതില്‍ നിന്നുമാണു്‌ ഭഗവാന്‍ ഒരോ ആത്മാവും ഓരോ വ്യക്തിത്വമാണെന്ന നിഗമനത്തില്‍ എത്തുന്നതു്‌. ഈവിധം ‘വ്യക്തികളായ’ ആത്മാവുകള്‍ ശരീരം കൈവരിക്കുന്നതാണു്‌ ഓരോരോ ജീവികള്‍. ഈ ജീവാത്മാവില്‍ നിന്നും അങ്ങേയറ്റം വ്യത്യസ്തമാണു്‌ പ്രപഞ്ചം മുഴുവനും വ്യാപിച്ചു്‌ കിടക്കുന്ന പരമാത്മാവു്‌, അഥവാ വിഷ്ണുതത്വം എന്നും നമ്മള്‍ മറക്കാതിരിക്കുക.

ശ്വേതാശ്വതര ഉപനിഷത്തില്‍ (5: 9) ജീവാത്മാവിന്റെ കൃത്യമായ മെഷര്‍മെന്റും നല്‍കിയിട്ടുണ്ടു്‌:

ബാലാഗ്രശതഭാഗസ്യ ശതധാ കല്പിതസ്യ ച
ഭാഗോ ജീവഃ സ വിജ്ഞേയ: സ ചാനന്ത്യായ കല്പതേ

ഒരു മുടിയുടെ അഗ്രം നൂറു്‌ കഷണങ്ങളായും, അതോരോന്നും വീണ്ടും നൂറു്‌ കഷണങ്ങളായും വിഭജിക്കപ്പെട്ടാല്‍ അതുപോലൊരു കഷണത്തിന്റെ വലിപ്പമെത്രയാണോ, അത്രയുമാണു്‌ ഒരു ജീവാത്മാവിന്റെ അളവു്‌.

ഇത്തരം ഓരോ ‘കഷണങ്ങളും’ സ്വന്തമായ ഓരോ വ്യതിത്വങ്ങളാണു്‌. ഈ ആത്മാവു്‌ ശരീരം മുഴുവന്‍ വ്യാപിച്ചുകിടക്കുകയും അതിന്റെ ‘മിന്നല്‍’ അന്തര്‍ബോധമായി അനുഭവപ്പെടുകയും ചെയ്യുന്നു.

മുണ്ടകോപനിഷത്തിലും ഈ ‘അറ്റോമിക്ക്’ ആത്മാവിനെപ്പറ്റി പറയുന്നുണ്ടു്‌. “ജീവന്‍ അണുപോലെ ചെറുതാണു്‌. എങ്കിലും പൂര്‍ണ്ണമായ ബുദ്ധികൊണ്ടു്‌ അതിനെ മനുഷ്യര്‍ക്കു്‌ അനുഭവവേദ്യമാക്കാന്‍ കഴിയും. ഹൃദയത്തില്‍ സ്ഥിതി ചെയ്തുകൊണ്ടു്‌ മുഴുവന്‍ ശരീരത്തെയും സ്വാധീനിക്കുന്ന ആത്മാവു്‌ അഞ്ചുതരം വായുക്കള്‍ വഴി മലീമസമാക്കപ്പെടാം. അങ്ങനെ അണുജീവനെ വഷളാക്കാനായി അതിനെ ചുറ്റിത്തിരിയുന്ന വായുക്കളെ നിലയ്ക്കു്‌ നിര്‍ത്താന്‍ മനുഷ്യര്‍ക്കാവും. വായുക്കള്‍ വഴിയുള്ള മലിനീകരണത്തില്‍ നിന്നും ആത്മാവിനെ ശുദ്ധീകരിക്കുന്നതിനു്‌ ഹഠയോഗത്തില്‍ വ്യവസ്ഥയുണ്ടു്‌. അതിനു്‌ ആസനത്തെ പലരീതിയില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള പരിശീലനം ആവശ്യമാണു്‌. ആ പരിശീലനം ഒരു കാരണവശാലും ഭൗതികമായ എന്തെങ്കിലും നേട്ടത്തിന്റെ പേരില്‍ ആവാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നമ്മുടെ പ്രയത്നത്തിനു്‌ ഒരൊറ്റ ലക്ഷ്യമേയുള്ളു: അണുജീവനെ, അഥവാ ജീവാത്മാവിനെ അശുദ്ധ വായുക്കളുടെ പിടിയില്‍ അകപ്പെടാതെ രക്ഷപെടുത്തുക!

ഇനി, ഇപ്പറഞ്ഞതിന്റെ ‘ഗണിതശാസ്ത്രം’ വേണമെങ്കില്‍ അതിനും വ്യാഖ്യാനമുണ്ടു്‌. ജീവനുള്ള ഭൗതികശരീരം ന്യൂനം അന്തര്‍ബോധം സമം ചത്തശരീരം അധികം ജീവാത്മാവു്‌. അതിനാല്‍, അന്തര്‍ബോധം സമം ജീവാത്മാവു്‌.  ഭൗതികമായ പരിശ്രമങ്ങള്‍ കൊണ്ടു്‌ ചത്ത ശരീരത്തില്‍ ജീവന്‍ അഥവാ, ബോധം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണു്‌ ഇതിന്റെ തെളിവു്‌. വെള്ളത്തില്‍ വീണും മറ്റും ബോധം നഷ്ടപ്പെട്ടവരെ റീആനിമേറ്റ് ചെയ്തു്‌ ബോധവും ജീവനും വീണ്ടെടുക്കാന്‍ ആവുമെന്ന കാര്യം കുരുക്ഷേത്രയുദ്ധകാലത്തു്‌ ഭൂമിയില്‍ ജീവിച്ചിരുന്ന ഭഗവാനു്‌ അറിയാന്‍ കഴിയുമായിരുന്നില്ലല്ലോ.

നമുക്കു്‌ ഈ ജീവാത്മാവിന്റെ വലിപ്പത്തിനെപ്പറ്റി ഇത്തിരി ശാസ്ത്രീയമായി വല്ലതും മനസ്സിലാക്കാന്‍ പറ്റുമോ എന്നു്‌ നോക്കാം:

ബാല്യത്തിലെയോ പ്രായപൂര്‍ത്തിക്കു്‌ ശേഷമോ എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു മുടിയുടെ ഘനം ഏകദേശം 0.04 mm മുതല്‍ 0.12 mm വരെയാണു്‌. വിഭജിക്കാനായി നമുക്കു്‌ ബാല്യത്തിലെ മുടി തന്നെയെടുക്കാം. അതാവും ഗീതാകാരനും കൂടുതല്‍ ഇഷ്ടം. ഒരു കേശാഗ്രത്തെ ആദ്യം നൂറായും, അതിലൊന്നിനെ വീണ്ടും നൂറായും വിഭജിക്കുന്നതിനു്‌ തുല്യമായി, 0.04-നെ രണ്ടുവട്ടം നൂറുകൊണ്ടു്‌ ഹരിച്ചാല്‍ കിട്ടുന്നതു്‌ 0.000004 മില്ലിമീറ്റര്‍, അഥവാ, 0.000000004 മീറ്റര്‍ ആയിരിക്കും. അതു്‌ നാലു്‌ മീറ്ററിനെ ആയിരം മില്യണ്‍ കഷണങ്ങളാക്കിയാല്‍ കിട്ടുന്നതില്‍ ഒരു കഷണത്തിന്റെ അളവാണു്‌.

താരതമ്യത്തിനായി മറ്റു്‌ രണ്ടളവുകള്‍ കൂടി:

ഫിസിക്സില്‍ നീളത്തിനു്‌ Planck length എന്നൊരു അളവുണ്ടു്‌. ഏകദേശം ഒന്നരമീറ്ററിനെ ഒരു ലക്ഷം മില്യണ്‍ മില്യണ്‍ മില്യണ്‍ മില്യണ്‍ മില്യണ്‍ കഷണങ്ങളാക്കിയാല്‍ കിട്ടുന്ന നീളത്തിന്റെ അളവാണതു്‌ (1.616199 x 10^−35 m).

ഒരു പ്രോട്ടോണിന്റെ, ഡയമീറ്റര്‍ ഏകദേശം ഒന്നേമുക്കാല്‍ മീറ്ററിനെ ആയിരം മില്യണ്‍ മില്യണ്‍ ആയി ഭാഗിച്ചാല്‍ ലഭിക്കുന്നതാണു്‌  (1.75×10^−15 m). ഇതുതന്നെയാണു്‌ ഒരു ‘മോണാറ്റോമിക്’ ഹൈഡ്രജന്റെ ന്യൂക്ലിയസിന്റെ ഡയമീറ്ററും. ഒരു ഹൈഡ്രജന്‍ ന്യൂക്ലിയസിനെ വീണ്ടും നൂറു്‌ മില്യണ്‍ മില്യണ്‍ മില്യണ്‍ പ്ലാങ്ക് യൂണിറ്റുകളായി വിഭജിക്കാമെന്നു്‌ ചുരുക്കം.

ഈ വസ്തുതകളുടെ വെളിച്ചത്തില്‍, ഗീതയില്‍ പറയുന്ന ജീവാത്മാവു്‌ അത്ര ചെറിയ ഒരു സാധനമല്ല. ആ ആത്മാവിനു്‌ ചുരുങ്ങിയതു്‌ രണ്ടര മില്യണ്‍ (2,67×10^6) ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചേരുന്നത്ര വലിപ്പമെങ്കിലുമുണ്ടാവണം. ഒന്നിനു്‌ മറ്റൊന്നിനേക്കാള്‍ ഭൗതികമായി രണ്ടരമില്യണ്‍ മടങ്ങു്‌ വലിപ്പക്കൂടുതല്‍ എന്നതു്‌ അത്ര നിസ്സാരമായ ഒരു കാര്യമല്ല. (പ്ലാങ്ക് യൂണിറ്റുമായി താരതമ്യം ചെയ്താല്‍, ജീവാത്മാവിന്റെ വലിപ്പക്കൂടുതല്‍ ഇരുന്നൂറ്റിഅന്‍പതു്‌ മില്യണ്‍ മില്യണ്‍ മില്യണ്‍ മില്യണ്‍ മടങ്ങാണു്‌!) അതിനാല്‍, കണികകളെ (atom) വരെ വീക്ഷിക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കുന്ന ഫീല്‍ഡ് അയോണ്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ചു്‌ രണ്ടര മില്യണ്‍ ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചേര്‍ന്ന വലിപ്പമുള്ള ജീവാത്മാവിനെ കാണാന്‍ തത്വത്തില്‍ ഒരു പ്രയാസവും ഉണ്ടാവാന്‍ പാടില്ലാത്തതാണു്‌. ഒരു പ്രശ്നമുള്ളതു്‌, ‘ചെറിയ’ ജീവാത്മാവിനെ കാണാന്‍ ‘വലിയ’ പരമാത്മാവു്‌ സമ്മതിക്കുമോ എന്നതാണു്‌. ജീവനെ കാണാന്‍ കഴിയുന്ന ‘സ്കോപ്പിനു്‌’ പരമനെ കാണല്‍ വെറും പിള്ളകളി ആയിരിക്കുമെന്നു്‌ അറിയാമെങ്കില്‍ അങ്ങേര്‍ അതിനുള്ള അനുവാദം നിഷേധിച്ചുകൂടെന്നില്ല. അങ്ങേര്‍ ഇടങ്ങേരൊന്നുമുണ്ടാക്കാതിരുന്നാല്‍ ആര്‍ക്കുവേണമെങ്കിലും സ്വന്തം ജീവാത്മാവിനെ ഫീല്‍ഡ് അയോണ്‍ മൈക്രോസ്കോപ്പിലൂടെ മുഖാമുഖം കാണാനും കുശലാന്വേഷണങ്ങള്‍ നടത്താനും തടസ്സമൊന്നുമില്ല – ചുരുങ്ങിയപക്ഷം തത്വത്തിലെങ്കിലും.

 
8 Comments

Posted by on Aug 26, 2012 in മതം

 

Tags: , , ,