യാതൊരുവിധ ഭാവനാശേഷിക്കും സങ്കൽപിക്കാനാവാത്തവിധം, ദൈവമൊഴികെ മറ്റൊന്നുമില്ലാത്തവിധം, എല്ലാ അർത്ഥത്തിലും ശൂന്യമായ ഒരവസ്ഥയിൽ നിന്നുമാണു് ദൈവം സകലപ്രപഞ്ചത്തേയും സൃഷ്ടിക്കുന്നതു്. അതുപോലൊരു ശൂന്യതയിൽ ഇരുന്നു് കൽപിക്കുകയും മണ്ണു് കുഴക്കുകയും ചെയ്യുന്ന മനുഷ്യരൂപിയായ ഒരു മൂത്താശാരി ആണു് സെമിറ്റിക് മതഗ്രന്ഥങ്ങൾ വരച്ചുകാണിക്കുന്ന ദൈവം. ആ മതങ്ങളിലെ ഒരു വിശ്വാസി അവന്റെ ദൈവസങ്കൽപത്തിലേക്കു്, അവന്റെ സ്വന്തം മനസ്സിലേക്കു് ഒന്നു് തിരിഞ്ഞുനോക്കിയാൽ കാണുന്നതും അതുപോലൊരു സ്യൂപ്പർ മനുഷ്യനെ ആയിരിക്കും. വത്തിക്കാൻ സിറ്റിയിലെ സിസ്റ്റീൻ ചാപ്പലിന്റെ മേൽത്തട്ടിൽ ബൈബിളിലെ സൃഷ്ടിചരിതം ചിത്രങ്ങളായി ആവിഷ്കരിച്ച മൈക്കലാഞ്ചലോയുടെ ഭാവനയിൽപ്പോലും ദൈവം നരച്ച താടിയുള്ള ഒരു മനുഷ്യരൂപിയാണു്. അരൂപി, അനാമി എന്നെല്ലാം ആരെല്ലാം എത്ര വിശേഷിപ്പിച്ചാലും, സംസാരിക്കുകയും, മണ്ണു് കുഴക്കുകയും, ആദാമിന്റെ വാരിയെല്ലു് ഊരിയെടുക്കുകയും, വെയിലാറുമ്പോൾ ഏദൻ തോട്ടത്തിൽ നടക്കാനിറങ്ങുകയും – അങ്ങനെ എല്ലാവിധത്തിലും ഒരു മനുഷ്യനെപ്പോലെ പെരുമാറുന്നവനായി ബൈബിളിൽ വർണ്ണിക്കപ്പെടുന്ന ഒരു ദൈവം ആരംഭത്തിൽ സങ്കൽപിക്കപ്പെട്ടതും, ഇന്നും എല്ലാ വിശ്വസികളുടേയും ചിന്തകളിൽ വാഴുന്നതും, മനുഷ്യരൂപി ആയി മാത്രമാണെന്നതാണു് സത്യം. അല്ലെന്നു് പറയുന്നവൻ അവന്റെ വേദഗ്രന്ഥത്തേയും, അതിൽ പറയുന്ന അവന്റെ ദൈവത്തേയും, സർവ്വോപരി അവനെത്തന്നെയും വഞ്ചിക്കുകയാണു് ചെയ്യുന്നതു്.
കഷ്ടി മുപ്പതു് വാക്യങ്ങളിൽ ഒതുങ്ങുന്നതാണു് ബൈബിളിലെ പ്രപഞ്ചസൃഷ്ടി. എത്ര അബദ്ധജടിലവും, സാമാന്യയുക്തിക്കു് നിരക്കാത്തതുമാണു് അതിലെ ഓരോ വർണ്ണനകളുമെന്നു് കഴിഞ്ഞ പോസ്റ്റിൽ നമ്മൾ കാണുകയും ചെയ്തു. പ്രപഞ്ചാരംഭത്തെപ്പറ്റി ആധുനികശാസ്ത്രം പോസ്റ്റ്യുലേയ്റ്റ് ചെയ്യുന്ന ബിഗ്-ബാംഗിനും പിന്നിൽ ഇരുന്നു് ഓന്തിനേയും, അരണയേയും, പിന്നെ മണ്ണുകുഴച്ചു് മനുഷ്യനേയും സൃഷ്ടിക്കുന്ന ദൈവം എന്നൊരു മൂത്താശാരി! എങ്ങനെയുണ്ടു് സൃഷ്ടിവാദത്തിന്റെ ബൗദ്ധികവും ചിന്താപരവുമായ അടിത്തറ? ഇതുപോലൊരു ദൈവത്തിനാണു് ഒരു കാരണം ആവശ്യമില്ല എന്നു് കുറെ സൃഷ്ടിവാദികൾ അവകാശപ്പെടുന്നതു്! പ്രപഞ്ചസൃഷ്ടിയെ സംബന്ധിച്ച വെറും മുപ്പതു് വാക്യങ്ങളിൽ ഒതുങ്ങുന്ന ഒരു സൃഷ്ടിവാദകഥാപ്രസംഗത്തിലെ പകൽവെളിച്ചം പോലെ വ്യക്തമായ വൈരുദ്ധ്യങ്ങൾ പല മനുഷ്യർ പലവട്ടം ചൂണ്ടിക്കാണിച്ചാൽ പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത കുറെ ചീവീടുകളിൽ നിന്നും അതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതാണു് തെറ്റു്. ഇത്തരം കുറെ “ദൈവാളന്മാർ” തമ്പേറടിച്ചതുകൊണ്ടു് “അതതുതരം” പുല്ലും മരങ്ങളും കാട്ടുജന്തുക്കളും ദൈവകൽപനവഴി ഉണ്ടായിവന്നു എന്ന “ശാസ്ത്രീയസൃഷ്ടിവാദം” യുക്തിസഹമോ, ന്യായീകരണയോഗ്യമോ, അംഗീകാരാർഹമോ ആവുന്നില്ല. അതേസമയം, സകല മനുഷ്യഭാവനയ്ക്കും അതീതമായ പ്രപഞ്ചാരംഭത്തിലെ ഊർജ്ജാവസ്ഥയെ പശു ചാണകമിടുന്നതിനോടും മറ്റും താരതമ്യം ചെയ്യുന്ന പണ്ഡിതന്മാരെ തൃപ്തിപ്പെടുത്താൻ അതിന്റെപോലും ആവശ്യവുമില്ല. പ്രപഞ്ചാരംഭത്തിലെ അവസ്ഥയെ വർണ്ണിക്കാൻ സൃഷ്ടിവാദികൾ ഉപയോഗിക്കുന്ന ഉപമകളും ഉൽപ്രേക്ഷകളും കേട്ടാൽ മരിച്ചവർ പോലും ഉയിർത്തെഴുന്നേൽക്കും. അത്രമാത്രം പൊരുത്തമില്ലാത്തവയാണവ. സ്വന്തം വിശ്വാസത്തിൽ വിശ്വസിക്കുന്നതിനു് തടസ്സമാവാത്ത ഏതു് വിശദീകരണവും – സുബോധമുള്ള മനുഷ്യരുടെ ദൃഷ്ടിയിൽ അതെത്രതന്നെ പരിഹാസ്യമായതായാലും – അത്തരക്കാർക്കു് അതു് സ്വീകാര്യമായിരിക്കും. ഡോക്കിൻസിനെപ്പോലെയുള്ള ശാസ്ത്രജ്ഞർ ശ്രമിക്കുന്നതു്, ഇതുപോലുള്ള സൃഷ്ടിവാദങ്ങൾ സത്യമെന്നു് വിശ്വസിക്കുകയും, അതോടൊപ്പം ഏതു് ശാസ്ത്രീയ വിഷയത്തിലും അഭിപ്രായം പ്രകടിപ്പിക്കാൻ തങ്ങൾ യോഗ്യർ എന്നു് സ്വയം കരുതുകയും ചെയ്യുന്ന അത്തരം വിടുവായന്മാരെ ബോധവത്കരിക്കാനല്ല, ഇക്കൂട്ടരുടെ വലയിൽ പെടാതിരിക്കാൻ മതിയായ ശാസ്ത്രബോധം ബുദ്ധി പണയം വച്ചിട്ടില്ലാത്ത മറ്റു് മനുഷ്യരിൽ വളർത്തിയെടുക്കാനാണു്.
ബൈബിളിനെ അടിസ്ഥാനമാക്കി സൃഷ്ടിവാദത്തിന്റെ പൊള്ളത്തരം തുറന്നു് കാണിക്കുമ്പോൾ അതു് ഖുർആനു് ബാധകമല്ലെന്നും, അതിൽ എല്ലാം ശാസ്ത്രീയമാണു്, അതു് വിശുദ്ധമാണു്, അതു് മദ്ധ്യസ്ഥർ ആരുമില്ലാതെ അല്ലാഹു നേരിട്ടു് നൽകിയ വചനങ്ങളാണു് എന്നെല്ലാമാണു് ഇസ്ലാമികസൃഷ്ടിവാദികൾ അവകാശപ്പെടാറുള്ളതു്. അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ ഒരു പ്രവാചകൻ എന്ന നിലയിൽ മനുഷ്യനായ മുഹമ്മദ് നിശ്ശബ്ദം അവരോധിക്കപ്പെടുന്നതു് ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത വാസ്തവമായി അംഗീകരിക്കുന്നവരുടെ ഇടയിൽ ഈ അവകാശവാദം ശരിയുമായിരിക്കാം. “നമ്മുടെ ദാസനു് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന്റേതു് പോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിനു് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതാണല്ലോ വേണ്ടതു്)” (2: 23) എന്നു് ഖുർആൻ തന്നെ ഖുർആനെ പുകഴ്ത്തുന്നതു് അതിൽത്തന്നെ ഇല്ലോജിക്കൽ ആണെന്നു് മനസ്സിലാക്കാൻ കഴിവില്ലാത്തവർ ഖുർആൻ സമാനതകളില്ലാത്തതും ലോകാവസാനത്തോളം വലിഡിറ്റി ഉള്ളതുമായ ഒരു ഗ്രന്ഥമാണെന്നു് കരുതുന്നതിൽ അവരെ കുറ്റം പറയാനാവില്ല. സ്പെസിഫിക്കലി ഖുർആൻ വിമർശനം ലക്ഷ്യമാക്കി തുടങ്ങിയ പല ബ്ലോഗുകൾ ഇപ്പോഴും സജീവമായി ഉണ്ടെന്നതിനാൽ ഞാൻ ഖുർആനിലെ പൊരുത്തക്കേടുകളിലേക്കു് വിശദമായി കടക്കേണ്ട ആവശ്യമില്ല. എങ്കിലും ഇസ്ലാമിനെ പ്രതിനിധീകരിച്ചു് ബ്ലോഗിൽ ആക്റ്റീവ് ആയി ചർച്ചകൾ നടത്തുന്നവരിൽനിന്നുവരെ ഇസ്ലാമിന്റെ ദൈവമായ അല്ലാഹുവും യഹൂദരുടെയും ക്രൈസ്തവരുടെയും ദൈവമായ യഹോവയും രണ്ടു് വ്യത്യസ്ത ദൈവങ്ങളാണെന്നു് (അത്ഭുതപ്പെടേണ്ട, ആ നിലവാരത്തിലുള്ളതാണു് എല്ലാ “മതപണ്ഡിതരുടേയും” വാദങ്ങൾ!) എന്റെ ബ്ലോഗ് ജീവിതത്തിന്റെ ആരംഭകാലത്തു് നേരിട്ടു് കേൾക്കേണ്ടിവന്നിട്ടുള്ളതുകൊണ്ടു് ഇവർ രണ്ടുപേരും വ്യത്യസ്തദൈവങ്ങളല്ല, ഒന്നുതന്നെയാണെന്നതിനു് തെളിവായി ചില കാര്യങ്ങൾ (വീണ്ടും) ചൂണ്ടിക്കാണിക്കേണ്ടി വരുന്നു.
സാഹിത്യപരമായി നോക്കിയാൽ, ബൈബിളും ഖുർആനും തമ്മിലുള്ള വ്യത്യാസം ഏറെക്കുറെ ഇതുപോലൊരു താരതമ്യത്തിൽ ഒതുക്കാമെന്നു് തോന്നുന്നു: ബൈബിൾ ഒരു അപ്പമാണെങ്കിൽ, ആ അപ്പത്തെ ചെറുകഷണങ്ങളാക്കി അൽപം അറേബ്യൻ മസാലയും ചേർത്തു് പാകപ്പെടുത്തിയ ഒരുതരം മിക്സ്ചറാണു് ഖുർആൻ. ഈ വൈചിത്ര്യം ഈ രണ്ടു് ഗ്രന്ഥങ്ങളും തമ്മിലുള്ള കൊമ്പാക്റ്റ് ആയ ഒരു താരതമ്യം പ്രയാസമേറിയതാക്കുന്നു. ബൈബിളിൽ ഒരു ആശയത്തിന്റെ പൂർണ്ണമായ വിവരണം ഒരിടത്തുനിന്നു് ലഭിക്കുമ്പോൾ, ഖുർആനിൽ അതേ ആശയം പലയിടത്തായി ചിതറിക്കിടക്കുകയാണു്. ഈ രണ്ടു് മതവിശ്വാസങ്ങളുടെയും കണ്ണട വയ്ക്കാത്ത ആർക്കും ആ രണ്ടു് ഗ്രന്ഥങ്ങളും വായിച്ചാൽ ഇതു് മനസ്സിലാക്കാവുന്നതേയുള്ളു. ഇതിലൊന്നുപോലും വായിക്കാത്തവരാണു് ബ്ലോഗിൽ മതപരമായ വിഷയങ്ങളിൽ ചർച്ചക്കു് വരുന്ന വിശ്വാസികളിൽ അധികപങ്കും. ഓരോ വാക്യത്തിനും വിപരീതമായതു് മറുപുറത്തുതന്നെ എഴുതി വച്ചിരിക്കുന്ന മതഗ്രന്ഥങ്ങളുടെ ചുവടുപിടിച്ചു് അർത്ഥപൂർണ്ണമായ ഒരു സംവാദം നടത്തി എതിരാളിയെ ബോദ്ധ്യപ്പെടുത്താൻ ഒരിക്കലും സാദ്ധ്യമാവില്ല എന്നറിയാവുന്നതുകൊണ്ടാവാം അവരിൽ അധികം പേരും വ്യാജ ഐഡികളിൽ അരങ്ങേറ്റം നടത്തുന്നതു്. വ്യാജ ഐഡിയും “നിർവ്യാജ” ഐഡിയുമൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, ദൈവവിഷയത്തിൽ തന്റെ നിലപാടുകൾ വസ്തുനിഷ്ഠമായി പ്രകടിപ്പിക്കാൻ ഒരു വിശ്വാസിക്കു് വ്യാജ ഐഡിയുടെ ആവശ്യമുണ്ടെന്നു് വരുന്നതിൽ എന്തോ പൊരുത്തക്കേടുള്ളതായി എനിക്കു് തോന്നുന്നു. അതുപോലൊരു ദൈവവിശ്വാസത്തെ സത്യസന്ധം എന്നു് വിശേഷിപ്പിക്കാനാവുമോ എന്നതാണു് പ്രശ്നം. അതുപോലുള്ളവരാണോ ദൈവരാജ്യത്തിനു് അർഹരാവാനുള്ള യോഗ്യതയുള്ളവർ? അതു് എന്തുതരം സ്വർഗ്ഗരാജ്യമായിരിക്കും?
ബൈബിളുമായുള്ള ഒരു താരതമ്യത്തിനുവേണ്ടി ഖുർആനിലെ രണ്ടാം അദ്ധ്യായത്തിൽ നിന്നും മാത്രം എടുത്ത ചില വാക്യങ്ങൾ (ബ്രാക്കറ്റിലുള്ളതു് അദ്ധ്യായം, വാക്യം എന്നിവയുടെ നമ്പറുകൾ):
“അവനാണു് നിങ്ങൾക്കുവേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നതു്. പുറമെ ഏഴു് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ടു് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണു്. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (2: 29)
“ആദമേ, നീയും നിന്റെ ഇണയും സ്വർഗ്ഗത്തിൽ താമസിക്കുകയും അതിൽ നിങ്ങൾ ഇച്ഛിക്കുന്നിടത്തുനിന്നു് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ചുപോകരുതു്. എങ്കിൽ നിങ്ങൾ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു് നാം ആജ്ഞാപിച്ചു”. (2: 35)
ബൈബിളിൽ ദൈവം ആദാമിനേയും ഹവ്വായേയും നിരോധിക്കുന്നതു് ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്നാണു്. ആദാമിന്റെ സൃഷ്ടി മണ്ണിൽ നിന്നായിരുന്നെങ്കിലും, ഖുർആൻ പ്രകാരം അവർ വസിക്കുന്നതു് സ്വർഗ്ഗത്തിലാണു്. “ഈ വൃക്ഷത്തെ” സമീപിക്കാൻ പാടില്ല! ഏതു് വൃക്ഷത്തെ? അതു് ദൈവം ചൂണ്ടിക്കാണിച്ചിട്ടുണ്ടാവും എന്ന ഉത്തരം മതിയോ മനുഷ്യബുദ്ധിയെ തൃപ്തിപ്പെടുത്താൻ? സ്വർഗ്ഗത്തിലുമുണ്ടു് നല്ലതും ചീത്തയുമായ മരങ്ങൾ! എവിടെയാണു് മരങ്ങൾ വളരുന്ന ഈ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നതു്? സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തിലോ, അതോ അതിനും വെളിയിലുള്ള മറ്റേതെങ്കിലും ഗ്രഹത്തിലോ? അതോ ഇതും പ്രതീകാത്മകമാണോ?
തൊട്ടടുത്ത വാക്യം: “എന്നാൽ പിശാചു് അവരെ അതിൽ നിന്നും വ്യതിചലിപ്പിച്ചു. അവർ ഇരുവരും അനുഭവിച്ചിരുന്നതിൽ (സൗഭാഗ്യം) നിന്നു് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോടു്) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്കു് ശത്രുക്കളാകുന്നു. നിങ്ങൾക്കു് ഭൂമിയിൽ ഒരു നിശ്ചിതകാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും”. (2: 36)
സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് “ഇറങ്ങിപ്പോകുക” എന്നതു് അക്കാലത്തു് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല എന്നേ ഇതിൽ നിന്നും ഊഹിക്കാനാവൂ. ഇറങ്ങിപ്പോകുന്നതു് വെറും രണ്ടുപേർ. അവരിൽ ചിലർ ചിലർക്കു് ശത്രുക്കളും! ആദാമും ഹവ്വായും പരസ്പരം ശത്രുക്കൾ എന്നാവുമോ അല്ലാഹു ഉദ്ദേശിച്ചതു്? എങ്കിൽ അതു് നേരെ അങ്ങു് പറയുന്നതിനു് എന്തു് തടസ്സം? അതോ പിൽക്കാലത്തെ വ്യാഖ്യാതാക്കൾ പണിയില്ലാതെ പട്ടിണി കിടക്കാതിരിക്കാനുള്ള ഒരു മുൻകരുതലോ?
“കടൽ പിളർന്നു് നിങ്ങളെ കൊണ്ടുപോയി നാം രക്ഷപെടുത്തുകയും, നിങ്ങൾ കണ്ടുകൊണ്ടിരിക്കെ ഫിർഔന്റെ കൂട്ടരെ നാം മുക്കിക്കൊല്ലുകയും ചെയ്ത സന്ദർഭവും (ഓർമ്മിക്കുക)”. (2: 50)
ആദാമിനെ പുറത്താക്കുന്നതു് എഴുതിയിരിക്കുന്നതിന്റെ ഏതാനും വാക്യങ്ങൾ താഴെയാണു് മോശെ (മൂസ) ഇസ്രായേല്യരെ ഈജിപ്റ്റിൽ നിന്നും കടൽ കടത്തി രക്ഷപെടുത്തുന്ന ഈ ഭാഗം ഖുർആനിൽ നമ്മൾ വായിക്കുന്നതു്. ആ രണ്ടു് സംഭവങ്ങളും തമ്മിൽ നീണ്ട ഒരു കാലഘട്ടത്തിന്റെ അകൽച്ചയുണ്ടു്. ആദാമിന്റെ കാലമേതു്, മോശെയുടെ കാലമേതു്? അതുകൊണ്ടാണു് ഞാൻ മുകളിൽ ബൈബിളും ഖുർആനും തമ്മിലുള്ള താരതമ്യം ഒരു “മിക്സ്ചറിനു്” സമമാണെന്നു് പറഞ്ഞതു്. ബൈബിളിലെ വാക്യങ്ങൾ മുറിച്ചെടുത്തു് വാരിവിതറിയശേഷം അതിനിടയിൽ അക്കാലത്തെ കുറേ അറേബ്യൻ ഗോത്രനിയമങ്ങൾ കൂടി കലർത്തിയാൽ ഖുർആനായി. ഫറവോന്റെ അടിമത്തത്തിൽ നിന്നും മോശെ യിസ്രായേൽ ജനത്തെ മോചിപ്പിച്ചു് കനാൻ ദേശത്തേക്കു് നയിക്കുന്നതു് ബൈബിളിൽ പുറപ്പാടു് പുസ്തകത്തിന്റെ ആകെ ഉള്ളടക്കമാണു്. പോരെങ്കിൽ, ആ ചരിതം അടുത്ത പുസ്തകങ്ങളിലേക്കും വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. അതിൽനിന്നും കടലിനെ വേർപിരിച്ച ഭാഗം മാത്രം വേർപെടുത്തി ഖുർആനിൽ രണ്ടാം അദ്ധ്യായത്തിലെ ഒരു വാക്യമാക്കിയിരിക്കുകയാണു്. അതുകൊണ്ടു് മൂസയും ഈജിപ്റ്റിൽ നിന്നുള്ള യഹൂദരുടെ എക്സൊഡസും ഖുർആനിൽ മറ്റെങ്ങും പരാമർശിക്കപ്പെടുന്നില്ല എന്നു് കരുതിയാൽ തെറ്റി. അതിന്റെ വിവരങ്ങൾ കഷണം കഷണമായി, പല അദ്ധ്യായങ്ങളിൽ അവിടെയും ഇവിടെയുമായി ചിതറിത്തെറിച്ചു് കിടക്കുന്നുണ്ടു്. “ഖുർആന്റേതുപോലുള്ള ഒരദ്ധ്യായമെങ്കിലും കൊണ്ടുവരൂ” എന്ന മുകളിൽ സൂചിപ്പിച്ച വെല്ലുവിളി ഇതിന്റെ വെളിച്ചത്തിൽ ഒന്നു് കണ്ടുനോക്കൂ.
“മൂസായ്ക്കു് നാം ഗ്രന്ഥം നൽകി. അദ്ദേഹത്തിനു് ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മർയമിന്റെ മകനായ ഈസാക്കു് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിനു് നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. …” (2: 87 )
“നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്നു് ഞങ്ങൾക്കു് അവതരിപ്പിച്ചു് കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്‌ഹാക്കിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിച്ചു് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്കു് നൽകപ്പെട്ടതിലും സർവ്വപ്രവാചകന്മാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്നു് നൽകപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അവനു് (അല്ലാഹുവിനു്) കീഴ്പെട്ടു് ജീവിക്കുന്നവരുമാകുന്നു.” (2: 136)
സാഹിത്യപരമായ എല്ലാ പരിമിതികളേയും മാറ്റി നിർത്തിക്കൊണ്ടുതന്നെ, ഈ വാക്യങ്ങൾ വെളിപ്പെടുത്തുന്ന വസ്തുതകളുടെ അടിത്തറയിൽ ബൈബിളിലെ ദൈവവും ഖുർആനിലെ ദൈവവും രണ്ടുപേരാണു് എന്നു് ഒരുവൻ പറയണമെങ്കിൽ ഒന്നുകിൽ അവൻ ഈ വാക്യങ്ങൾ വായിച്ചിട്ടില്ല, അല്ലെങ്കിൽ അവയിൽ സൂചിപ്പിക്കുന്ന നാമങ്ങൾ കൂടുതൽ വ്യക്തമായും പരസ്പരബന്ധത്തോടെയും ബൈബിളിൽ വർണ്ണിച്ചിട്ടുള്ള കഥാപാത്രങ്ങളാണെന്നു് അവനറിയില്ല. ആദവും മൂസയും (മോശെ) ഈസായും (യേശു) ഇബ്രാഹീമും (അബ്രാഹാം) ഇസ്മാഈലും (യിശ്മായേൽ) ഇസ്‌ഹാക്കും (യിസ്‌ഹാക്കു്) യഅ്ഖൂബും (യാക്കോബു്) എല്ലാം ബൈബിളിലെ കേന്ദ്രകഥാപാത്രങ്ങളാണു്. യാക്കോബിന്റെ ഭാര്യമാരായിരുന്ന ലേയാ, റാഹേൽ എന്നീ സഹോദരികളിൽ നിന്നും, അവരുടെ ദാസികളിൽ നിന്നും ജനിച്ചവരാണു് യിസ്രായേലിലെ പന്ത്രണ്ടു് ഗോത്രപിതാക്കൾ. എന്നിട്ടും ഖുർആൻ മുഹമ്മദിനു് അല്ലാഹു വെളിപ്പെടുത്തിക്കൊടുത്ത ഒരു സ്വതന്ത്ര ദൈവികസൃഷ്ടിയാണെന്നു് ആരെങ്കിലും അവകാശപ്പെട്ടാൽ അതിനെ ഇഗ്നോറൻസ് എന്നെ വിശേഷിപ്പിക്കാൻ പറ്റൂ. ഇബ്രാഹീമിനേയും അവനു് ഈജിപ്ഷ്യൻ ദാസിയായ ഹാഗാറിൽ നിന്നും ജനിച്ച ഇസ്മാഈലിനേയും മാത്രം നിലനിർത്തിക്കൊണ്ടും, ബൈബിളുമായി ബന്ധമുള്ള അതിലെ ബാക്കി എല്ലാ കഥാപാത്രങ്ങളേയും ഒഴിവാക്കിക്കൊണ്ടുമുള്ള ഒരു ഖുർആനു് ഒരു വേദഗ്രന്ഥം എന്ന നിലയിൽ നിലനിൽക്കാനാവില്ല എന്നതാണു് സത്യം. ആ രണ്ടു് ഗ്രന്ഥങ്ങളും വായിച്ചിട്ടുള്ള ഒരാൾക്കു് ഈ വസ്തുത നിഷേധിക്കാനാവില്ല.
“നിങ്ങളുടെ പക്കലുള്ള വേദഗ്രന്ഥങ്ങളെ ശരിവച്ചുകൊണ്ടു് ഞാൻ അവതരിപ്പിച്ച സന്ദേശത്തിൽ (ഖുർആനിൽ) നിങ്ങൾ വിശ്വസിക്കൂ. അതിനെ ആദ്യമായിത്തന്നെ നിഷേധിക്കുന്നവർ നിങ്ങളാകരുതു്.” (2: 41)
മറ്റു് വേദഗ്രന്ഥങ്ങൾ ശരിയായവയാണു്. അഥവാ, അവയും ദൈവം നൽകിയവയാണു്. പിന്നെയെന്തിനു് മറ്റൊരു ഗ്രന്ഥം? ദൈവവചനങ്ങൾ പുതുക്കപ്പെടേണ്ടവയാണോ? ഇനി ആണെങ്കിൽത്തന്നെ പഴയതിനെ ഒന്നു് തിരുത്തിയെഴുതിയാൽ തീരുമായിരുന്നില്ലേ ആ പ്രശ്നം? (വിശ്വാസിയുടെ പോക്കറ്റിലെ ദൈവം എന്ന എന്റെ ഒരു പഴയപോസ്റ്റിലെ ഫൈസൽ കൊണ്ടോട്ടിക്കു് നൽകിയ കമന്റുകളിൽ ബൈബിൾ-ഖുർആൻ താരതമ്യം കുറച്ചുകൂടി വിശദമായി നൽകിയിട്ടുണ്ടു്.)
ഇസ്ലാമികലോകത്തിലെ സൃഷ്ടിവാദികളിൽ പ്രമുഖനാണു് Harun Yahya എന്ന തൂലികാനാമത്തിൽ എഴുതുന്ന Adnan Oktar. 1956-ൽ അങ്കാറയിൽ ജനിച്ച അദ്നാൻ ഒക്താർ ഇന്റീരിയർ ഡിസൈൻ പഠിച്ചെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ദൈവം ഒരു “ഡിസൈനർ” ആണെന്ന അദ്നാന്റെ സൃഷ്ടിവാദചിന്തക്കു് ഈ പഠനം ഒരു പ്രചോദനമായിട്ടുണ്ടോ എന്നെനിക്കറിയില്ല. പഠനം നിർത്തി ഈസ്റ്റാംബൂളിലെ അപ്പർ ക്ലാസിലെ യുവജനങ്ങളെ പ്രബോധിപ്പിക്കാൻ തുടങ്ങിയ ഈ മാന്യദേഹം അനുയായികളായ സ്ത്രീകളോടു് ഹെഡ്സ്കാർഫ് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്യുകയും, അഞ്ചുനേരത്തെ നിസ്കാരം മൂന്നുനേരമാക്കി ചുരുക്കുകയുമൊക്കെ ചെയ്തതോടെ ടർക്കിയിലെ യാഥാസ്ഥിതിക മുസ്ലീമുകളുടെ അനിഷ്ടത്തിനു് പാത്രമായി. 2008-ൽ ക്രിമിനൽ ഓർഗനൈസേഷൻ രൂപീകരിച്ചു എന്ന കുറ്റം ചുമത്തി മൂന്നുവർഷത്തെ ശിക്ഷക്കു് വിധിക്കപ്പെട്ടു. പക്ഷേ, നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി മേൽക്കോടതി ആ ശിക്ഷ റദ്ദുചെയ്തതിനാൽ, കേസ് ഇനിയും പുനരാരംഭിക്കേണ്ടി വരും. ചുരുങ്ങിയ പക്ഷം 2000 വരെയെങ്കിലും അവനൊരു Holocaust നിഷേധി ആയിരുന്നു. അദ്നാൻ ഒക്താറിന്റെ ലോകയുദ്ധചരിത്രജ്ഞാനവും ഇസ്രായേൽ വിരോധവും ഇതിൽ നിന്നും വായിച്ചെടുക്കാം.
പഴയ നിയമപ്രകാരം “വിക്കനും തടിച്ച നാവുള്ളവനും” ആയിരുന്ന മോശെയുടെ “വായായിരിക്കാൻ” യഹോവ തിരഞ്ഞെടുത്ത അഹറോന്റെയും (പുറപ്പാടു് 4: 10 – 17), യേശുവിനെ സ്നാനം കഴിപ്പിച്ചവനായി പുതിയനിയമത്തിൽ പ്രതിപാദിക്കപ്പെടുന്ന യോഹന്നാന്റെയും (മത്തായി 3: 1 – 17) പേരുകളെ സമന്വയിപ്പിച്ചാണു് അദ്നാൻ ഒക്താർ “ഹാറുൺ യാഹ്യ” എന്ന തന്റെ തൂലികാനാമം സൃഷ്ടിച്ചതു്. അതായതു്, മലയാളത്തിലെ “അഹറോൻ യോഹന്നാൻ” ആണു് ട്യുർക്കിഷിൽ ഹാറുൺ യാഹ്യ ആയി മാറിയതു്. ഷിയാവിഭാഗത്തിന്റെയും സുന്നിവിഭാഗത്തിന്റെയും എസ്ക്കറ്റോളജിയിൽ വിധിദിനത്തിനു് മുൻപായി ഏഴോ, ഒൻപതോ, പത്തൊൻപതോ വർഷങ്ങൾ (വ്യത്യസ്ത വ്യാഖ്യാനങ്ങൾ) ഭൂമിയിൽ കഴിയുകയും, യേശുവിനോടൊപ്പം നന്മതിന്മകൾക്കനുസരിച്ചു് മനുഷ്യരെ വേർതിരിക്കുകയും ചെയ്യേണ്ടവനാണു് Mahdi. നമ്മുടെ അദ്നാൻ ഒക്താർ ചില ഇന്റർവ്യൂകളിൽ വരാനിരിക്കുന്ന ഈ “മശിഹായുമായി” തനിക്കു് സാമ്യമുണ്ടെന്നു് സൂചിപ്പിക്കാൻ മടിക്കാറില്ല. പുരികക്കൊടി, വീതിയുള്ള നെറ്റിയും അതിലെ ചുളിവുകളും, മുടിയുടെ നിറം, താടി, നേരെയുള്ള പല്ലുകൾ, മറുകു് മുതലായവ ഈ നിഗമനത്തെ ന്യായീകരിക്കുന്നുണ്ടത്രെ! മുഹമ്മദിന്റെ പിൻഗാമിത്വം, അദ്നാൻ എന്ന പേരു്, അവന്റെ ജന്മവർഷമായ 1956-നു് അന്ത്യകാലവുമായുള്ള ബന്ധം, ഡാർവിനിസത്തെ നിലംപരിശാക്കാനായി “മശിഹാ” ഈസ്താംബൂളിലെത്തും മുതലായ കാര്യങ്ങളെല്ലാം ഈ സാമ്യത്തിനു് തെളിവുകളായി അദ്നാൻ നിരത്താറുണ്ടു്. “എങ്കിലും വരാനിരിക്കുന്ന Mahdi ഞാനാണെന്നു് ഞാനൊരിക്കലും അവകാശപ്പെടുകയില്ല”. ഈ ചങ്ങാതി ഒരു മഹാനുഭാവനല്ലെങ്കിൽ, ചുരുങ്ങിയപക്ഷം ഒരു എക്സെന്ട്രിക് എങ്കിലുമാണു് എന്ന കാര്യത്തിൽ അവന്റെ അനുയായികളൊഴികെ മറ്റാർക്കെങ്കിലും സംശയമുണ്ടാവാൻ വഴിയില്ല.
അദ്നാന്റെ ക്രിയേഷനിസം അമേരിക്കൻ ക്രിയേഷനിസവുമായി ബന്ധപ്പെട്ടു് കിടക്കുന്നതാണു്. ഇടക്കാലത്തു് Duane Gish-ന്റെ Institute for Creation Research-മായി സഹകരിച്ചിരുന്ന അദ്നാനു് ഇപ്പോൾ അധികവും “ഇന്റെലിജെന്റ് ഡിസൈൻ” പ്രസ്ഥാനത്തിന്റെ നേതാവായ Michael Behe-യുമായാണു് കൂടുതൽ സഹകരണം. എങ്കിലും ഇന്റെലിജെന്റ് ഡിസൈൻ എന്ന ആശയത്തെപ്പറ്റി അദ്നാൻ പ്രകടിപ്പിച്ച ഒരഭിപ്രായം ഇങ്ങനെയാണു്: “ഇന്റെലിജെന്റ് ഡിസൈൻ എന്ന ആശയം അത്ര സത്യസന്ധമല്ല എന്നാണെന്റെ അഭിപ്രായം. സത്യസന്ധമായി അല്ലാഹുവിൽ വിശ്വസിക്കുകയും, ഇസ്ലാമായാലും ക്രിസ്തുമതമായാലും മതത്തിനുവേണ്ടി പ്രവർത്തിക്കുകയുമാണു് നമ്മൾ ചെയ്യേണ്ടതു്. വസ്തുക്കൾ എങ്ങനെയോ സൃഷ്ടിക്കപ്പെട്ടു എന്നല്ലാതെ, ആരാൽ സൃഷ്ടിക്കപ്പെട്ടു എന്നു് ഇന്റെലിജെന്റ് ഡിസൈൻ എന്ന ആശയം പറയുന്നില്ല. അതു് അല്ലാഹു ആയിരുന്നു എന്നു് വ്യക്തമായി പറയുകയാണു് വേണ്ടതു്”.
അദ്നാന്റെ അഭിപ്രായത്തിൽ എവൊല്യൂഷൻ ഒരു വഞ്ചനയാണു്. ഡാർവിനിസമാണു് ലോകത്തിൽ ഇതുവരെ സംഭവിച്ച എല്ലാ കാട്ടാളത്തത്തിനും കാരണം. ലോകമഹായുദ്ധങ്ങളും, ഫാഷിസവും, റേസിസവും, കമ്മ്യൂണിസവും, ടെററിസവും – എല്ലാറ്റിനും കാരണം ഡാർവിനിസമാണു്. ഉള്ളിയുടെ വില കൂടുന്നതും ഡാർവിനിസം മൂലമാണെന്നു് ആ ചങ്ങാതിക്കു് തോന്നാത്തതു് ഒരുപക്ഷേ ടർക്കിയിൽ ഉള്ളിവില ഇതുവരെ കൂടാത്തതുകൊണ്ടായിരിക്കാം. മലയാളിക്കു് ചുക്കില്ലാത്ത കഷായമാണു് ഇല്ലാത്തതെങ്കിൽ തുർക്കിയ്ക്കു് ഇല്ലാത്തതു് വെളുത്തുള്ളിയില്ലാത്ത ആഹാരമാണു്. വെളുത്തുള്ളിക്കു് വില കൂടിയാൽ ടർക്കിയിൽ വിപ്ലവം പോലും ഉണ്ടായിക്കൂടെന്നില്ല.
ഹാറൂൺ യാഹ്യ 2006-ൽ പ്രസിദ്ധീകരിച്ച The Atlas of Creation എന്ന പുസ്തകത്തിന്റെ പതിനായിരക്കണക്കിനു് കോപ്പികൾ അമേരിക്കയിലേയും യൂറോപ്പിലേയും സ്കൂളുകൾക്കും, ശാസ്ത്രജ്ഞർക്കും, ഗവേഷണസ്ഥാപനങ്ങൾക്കും അവർ ആവശ്യപ്പെടാതെതന്നെ സൗജന്യമായി വിതരണം ചെയ്യപ്പെട്ടു. റിച്ചാർഡ് ഡോക്കിൻസും അതിന്റെ കോപ്പി ലഭിച്ച “ഭാഗ്യവാന്മാരിൽ” പെടുന്നു. ഭൂമിയിൽ ഇന്നുള്ള ജീവജാലങ്ങളിൽ ദശലക്ഷക്കണക്കിനു് വർഷങ്ങളിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു് സ്ഥാപിക്കാനാണു് ആ പുസ്തകത്തിൽ അദ്നാൻ ശ്രമിക്കുന്നതു്. അതിൽ വിവരിച്ചിരിക്കുന്ന മണ്ടത്തരങ്ങൾ കുറെയൊക്കെ ഡോക്കിൻസ് അനാവരണം ചെയ്യുന്നുമുണ്ടു്. രണ്ടു് വ്യത്യസ്ത ഫാമിലിയിൽ പെടുന്ന ജീവികളായ Starfish, Brittle star എന്നിവയെ ഒന്നാക്കുന്നതു്, Whitefish-നെ Trout ആക്കുന്നതു്, Ostreidae എന്നുപറഞ്ഞു് Pectinidae-യുടെ ചിത്രം കൊടുത്തിരിക്കുന്നതു് മുതലായവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.
ഹാറുൺ യാഹ്യയുടെ അഭിപ്രായത്തിൽ സായണിസവും റേസിസമാണു്. അതിന്റെയും കാരണം ഡാർവിനിസമാണത്രെ! ഈ നിലപാടു് സ്ഥാപിക്കാൻ അവൻ ആധാരമാക്കുന്നതു് തീവ്ര വലതുപക്ഷക്കാരനും, ഹോളൊക്കോസ്റ്റിനെ നിഷേധിക്കുന്നവനും, അതിന്റെയൊക്കെ പേരിൽ ശിക്ഷക്കു് വിധിക്കപ്പെട്ടവനുമായ ഫ്രഞ്ചുകാരൻ Roger Garaudy-യെ ആണു്. ലോകാവസാനത്തിനു് മുൻപു് അവതരിക്കേണ്ട “മശിഹാ” താനാണു് എന്നു് കണ്ണാടിയിൽ നോക്കിയപ്പോൾ തനിക്കു് മനസ്സിലായി എന്നും മറ്റുമുള്ള അവകാശവാദങ്ങളുമായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരുത്തൻ മനുഷ്യരാശിക്കു് മുന്നിൽ ചാടിക്കളിക്കുന്നുവെങ്കിൽ അവൻ എവിടെ പാർപ്പിക്കപ്പെടേണ്ടവനാണെന്നു് ചിന്തിച്ചാൽ മതി. കൂടുതൽ എന്തെങ്കിലും ശ്രീമാൻ അഹറോൻ യോഹന്നാനെപ്പറ്റി പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല. ഹലൂസിനേഷൻ മതവിശ്വാസത്തിൽ മാത്രമേ ഭ്രാന്തല്ലാതിരിക്കുന്നുള്ളു.
ആരംഭകാലത്തു് എവൊല്യൂഷൻ തിയറിയെ പൂർണ്ണമായി പിന്തുണച്ചിരുന്ന Michael Behe-യെപ്പോലെ അപൂർവ്വം ചില ശാസ്ത്രജ്ഞർ എന്തുകൊണ്ടാണു് പിൽക്കാലത്തു് ശാസ്ത്രത്തെ ഭാഗികമായെങ്കിലും ഉപേക്ഷിച്ചു് ഇന്റെലിജെന്റ് ഡിസൈൻ പോലുള്ള സൃഷ്ടിവാദത്തിലേക്കു് ചേക്കേറുന്നതു്? അവരിൽ ചിലരെങ്കിലും ശാസ്ത്രത്തിന്റെ മൂടി തുറന്നപ്പോൾ പുറത്തുവന്ന “ഭൂതത്തിന്റെ” ഭീമാകാരതയിൽ ധൈര്യം നഷ്ടപ്പെട്ടു് ദൈവത്തിന്റെ മടിയിൽ അഭയം തേടുന്നവരായിക്കൂടെന്നില്ല. അതേസമയം, സ്വന്തം നിലപാടുകൾ ബൗദ്ധികലോകം അംഗീകരിക്കണമെങ്കിൽ അവ ശാസ്ത്രീയമായിരിക്കണം എന്ന ബോധവും അവർക്കുണ്ടു്. തങ്ങളുടെ വിശ്വാസം ശാസ്ത്രീയം എന്നു് വരുത്തിയില്ലെങ്കിൽ മതങ്ങൾക്കുപോലും ഉറക്കം വരാത്ത രീതിയിൽ ശാസ്ത്രം ഇതിനോടകം വളർന്നുകഴിഞ്ഞിട്ടുമുണ്ടല്ലോ. Michael Behe-യുടെ Irreducible complexity പോലുള്ള pseudoscience-കൾ അങ്ങനെ രൂപമെടുക്കുന്നവയാണു്. നാച്യുറൽ സെലക്ഷന്റെ അടിസ്ഥാനത്തിലെ എവൊല്യൂഷന്റെ വെളിച്ചത്തിൽ ശാസ്ത്രീയമായി എന്തെങ്കിലും വില അത്തരം സ്യൂഡോസയൻസുകൾക്കു് നൽകേണ്ടതുണ്ടോ? ഡോക്കിൻസ് ഈ വിഷയം എങ്ങനെ കാണുന്നു?
(തുടരും)