(വോൾട്ടയറുടെ Jeannot et Colin-ന്റെ സ്വതന്ത്ര പരിഭാഷ)
എല്ലാറ്റിനും നമ്മൾ നന്ദി പറയേണ്ടതായ പ്രകൃതി അവനു് നൽകിയിരുന്ന ഒരു നൈപുണ്യം താമസിയാതെ അത്ഭുതകരമായി അവന്റെ വിജയത്തിലേക്കു് വികാസം പ്രാപിച്ചു: അവനു് വളരെ ഭംഗിയായി Gassenhauer പാടാൻ കഴിഞ്ഞു! മഹത്തരമായ ഈ കഴിവു് അവന്റെ യുവത്വത്തിന്റെ ഉത്തേജനവുമായി സമ്മേളിച്ചപ്പോൾ ഏറെ ശുഭപ്രതീക്ഷക്കു് വകനൽകുന്ന ഒരു ഭാവിവാഗ്ദാനമായി ആ യുവാവു് രൂപാന്തരപ്പെട്ടു. സ്ത്രീകൾ അവനെ സ്നേഹിക്കാൻ തുടങ്ങി. അവന്റെ തലയിൽ ആകമാനം പാട്ടുകൾ മൂളാൻ തുടങ്ങിയതിനാൽ തന്റെ കാമുകികൾക്കായും അവൻ ചില പാട്ടുകൾ എഴുതാൻ തുടങ്ങി. ഒരു മ്യൂസിക്കൽ കോമഡിയിൽ നിന്നും ‘ബാക്കസും ആമോറും’, രണ്ടാമതൊന്നിൽ നിന്നും ‘രാവും പകലും’, മൂന്നാമതൊന്നിൽ നിന്നും ‘സന്തോഷവും സഹനവും’ അവൻ മോഷ്ടിച്ചു. അവന്റെ ശീലുകളിൽ എപ്പോഴും ഏതാനും ചുവടുകൾ കൂടുതലോ കുറവോ ആയിരുന്നതിനാൽ, ഇരുപതു് ഫ്രാങ്കിനു് അവ അവൻ തിരുത്തിയെഴുതിച്ചു. അങ്ങനെ അവൻ ‘സാഹിത്യവാർഷികഗ്രന്ഥത്തിൽ’ മറ്റു് ശ്രേഷ്ഠകവികളോടൊപ്പം – ഉദാഹരണത്തിനു് La Fare, Chaulieu, Voiture – ഒരേ നിരയിൽ പ്രത്യക്ഷപ്പെട്ടു.
താൻ ഒരു സൗന്ദര്യാരാധകനായ കവിയുടെ മാതാവാണെന്നു് ശ്രീമതി പ്രഭു വിശ്വസിക്കാൻ തുടങ്ങിയതിനാൽ അവൾ പാരീസിലെ സൗന്ദര്യാരാധകരെ ഡിന്നറിനു് ക്ഷണിച്ചു. ആ ചെറുപ്പക്കാരന്റെ തല അധികം താമസിയാതെ ആകെ വട്ടം തിരിഞ്ഞുപോയി. പറയുന്നതിലെ ഒരക്ഷരം പോലും സ്വയം മനസ്സിലാവാതെതന്നെ പ്രസംഗിക്കാനുള്ള കല അവൻ ശീലിച്ചു. അങ്ങനെ, യഥാർത്ഥത്തിൽ ഒന്നിനും കൊള്ളാത്തവൻ എന്ന പദവിയിൽ ശീലം കൊണ്ടു് അവൻ പൂർണ്ണത കൈവരിച്ചു. അവന്റെ പിതാവു് അവനിലെ ഈ വചോവിലാസം ശ്രദ്ധിച്ചപ്പോൾ അവൻ ലാറ്റിൻ പഠിക്കാത്തതിനെപ്പറ്റിയോർത്തു് ഏറെ ദുഃഖിച്ചു. കാരണം, ലാറ്റിൻ കൂടെ അറിയാമായിരുന്നെങ്കിൽ തന്റെ മകനു് കോടതിയിൽ വളരെ ഉയർന്ന ഒരു സ്ഥാനം വിലക്കു് വാങ്ങാൻ അവനു് കഴിഞ്ഞേനെ. അവന്റെ അമ്മ അതിലും വിലയേറിയ സ്വപ്നങ്ങളായിരുന്നു അവനുവേണ്ടി കണ്ടിരുന്നതെന്നതിനാൽ, അവൾ അവനായി ഒരു റെജിമെന്റ് തന്നെ തരപ്പെടുത്തുക എന്ന ചുമതല ഏറ്റെടുത്തു – ഇതിനിടയിൽ മകൻ തന്റെ ജീവിതം പ്രണയത്തിനായി സമർപ്പിച്ചു. പ്രണയം ചിലപ്പോഴൊക്കെ ഒരു റെജിമെന്റിനേക്കാൾ വിലപിടിപ്പുള്ളതാവാമെന്നതിനാൽ അവൻ അതിനായി നല്ലൊരു തുക ചിലവഴിക്കേണ്ടിവന്നു. അതോടൊപ്പം, വലിയവരാണെന്നു് കാണിക്കാനായി അവന്റെ മാതാപിതാക്കൾ അതിലുമൊക്കെ വളരെ കൂടുതൽ പണം ധൂർത്തടിച്ചുകൊണ്ടിരുന്നു.
ചെറുപ്പക്കാരിയും തറവാടിയുമായിരുന്ന ഒരു വിധവ അവരുടെ അയൽപക്കത്തു് താമസിച്ചിരുന്നു. സാമ്പത്തികമായി ഒരു ഇടത്തരക്കാരി ആയിരുന്ന അവൾ മിസ്റ്റർ ആൻഡ് മിസിസ് ഡെ ല ഷെനൊറ്റ്യേര്‍മാരുടെ വിപുലമായ സമ്പത്തു് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിൽ അവരോടു് അടുത്തുകൂടി. ആ ബന്ധം അവൾ തന്ത്രപരമായി ശ്രീ പ്രഭുകുമാരനുമായുള്ള അവളുടെ വിവാഹത്തിൽ കൊണ്ടുചെന്നെത്തിച്ചു. അവനെ അവൾ അവളുടെ വീട്ടിലേക്കു് താമസം മാറ്റിപ്പിച്ചു, അവൾക്കു് താത്പര്യമില്ലാത്ത ഒരുവനല്ല അവൻ എന്ന തോന്നൽ അവനിൽ ജനിപ്പിച്ചു, അവളെ അവന്റെ ആരാധനാപാത്രമാക്കിത്തീർത്തു, സൂക്ഷ്മതയോടെ അവനെ നിയന്ത്രിച്ചു, അവനെ മയക്കി അനായാസം അവളുടെ അധീനതയിലാക്കി. ഒന്നുകിൽ അവനെ പുകഴ്ത്താൻ, അല്ലെങ്കിൽ അവനു് നല്ല ഉപദേശങ്ങൾ നൽകാൻ അവൾ മറന്നില്ലെന്നു് മാത്രമല്ല, അവന്റെ മാതാപിതാക്കളുടെ ഏറ്റവും നല്ല സുഹൃത്തുമായിത്തീർന്നു അവൾ. ഒരു പഴയ അയൽക്കാരി അവർ തമ്മിലുള്ള വിവാഹം നിർദ്ദേശിച്ചപ്പോൾ, അതുപോലൊരു ബന്ധത്തിന്റെ തിളക്കത്തിൽ കണ്ണഞ്ചി അവന്റെ മാതാപിതാക്കൾ സന്തോഷത്തോടെ വിവാഹാനുമതി നൽകി; അവരുടെ ഏറ്റവും നല്ല സുഹൃത്തായ സ്ത്രീക്കു് അവരുടെ ഒരേയൊരു മകനെ അവർ നൽകി, അത്രതന്നെ. യുവപ്രഭു അവൻ ആരാധിക്കുന്ന ഒരു സ്ത്രീയെ, അവനെ സ്നേഹിക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കണം എന്നായിരുന്നു തീരുമാനം. കുടുംബസുഹൃത്തുക്കൾ അവനു് വിവാഹമംഗളാശംസകൾ നേർന്നു. ഉടനെതന്നെ വിവാഹ ഉടമ്പടി പൂർത്തിയായി. അതിനിടയിൽ സ്ത്രീക്കു് ലഭിക്കേണ്ട ധനം, കല്യാണസമയത്തെ കവിതകൾ മുതലായ കാര്യങ്ങളുടെ പണികളും നടന്നുകൊണ്ടിരുന്നു.
സുന്ദരമായ ഒരു പ്രഭാതത്തിൽ തനിക്കു് സ്നേഹവും സൗഹൃദവും ശ്രദ്ധയും നൽകേണ്ടവളും അഴകുറ്റവളുമായ തന്റെ മണവാട്ടിയുടെ സമീപം ഇരിക്കുകയായിരുന്നു അവൻ. ലോലവും വികാരഭരിതവുമായ സംഭാഷണങ്ങളിലൂടെ അവർ അവരുടെ ഭാഗ്യത്തിന്റെ ആദ്യമുകുളങ്ങൾ ആസ്വദിക്കുകയും അത്ഭുതകരമായ ഒരു ഭാവിജീവിതം ഒരുമിച്ചു് നയിക്കുന്നതിനെപ്പറ്റി കണക്കുകൂട്ടലുകൾ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടെന്നു് അവന്റെ അമ്മയുടെ ഒരു ഭൃത്യൻ “പുതിയ വാർത്തകൾ!” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് അവരുടെ അടുത്തെത്തി. “ബഹുമാന്യനായ പ്രഭുവിന്റെയും ശ്രീമതി പ്രഭുവിന്റെയും വീടു് ജപ്തി ചെയ്യുന്നു. കടം കൊടുത്തവർ എല്ലാം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്യുമെന്നൊക്കെപ്പോലും കേൾക്കുന്നു. എന്റെ ശമ്പളം കിട്ടുന്നതിനുവേണ്ടി ഞാൻ എന്തായാലും ഉടനെതന്നെ കേസുകൊടുക്കാൻ പോവുകയാണു്.” അതുകേട്ട യുവപ്രഭു പറഞ്ഞു: “വിഡ്ഢിത്തം! കാര്യമെന്താണെന്നും അതിന്റെയൊക്കെ അർത്ഥമെന്തെന്നും ആദ്യം ഞാനൊന്നു് നോക്കട്ടെ.” അതുകേട്ട വിധവയുടെ മറുപടി: “അതാണു് ശരി. നിങ്ങൾ പെട്ടെന്നു് ചെന്നു് ആ തെമ്മാടികളെ വേണ്ടവിധം ശിക്ഷിക്കൂ, പെട്ടെന്നാവട്ടെ!” അവൻ വീട്ടിലേക്കു് കുതിച്ചു. അവന്റെ പിതാവു് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭൃത്യന്മാർ തലയിലേറ്റാവുന്നതെല്ലാം ചുമന്നുമാറ്റി സ്വന്തമാക്കിയശേഷം സ്ഥലം വിട്ടിരുന്നു, ആശ്വസിപ്പിക്കാനോ സഹായിക്കാനോ ആരുമില്ലാതെ അവന്റെ അമ്മ ഒറ്റക്കിരുന്നു് കരഞ്ഞുകൊണ്ടിരുന്നു. അവളുടെ സമ്പത്തിനെപ്പറ്റിയും സൗന്ദര്യത്തെപ്പറ്റിയും പാപങ്ങളെപ്പറ്റിയും എല്ലാത്തരം ധൂർത്തുകളെപ്പറ്റിയുമുള്ള ഓർമ്മകൾ ഒഴികെ മറ്റൊന്നും അവളുടേതായി അവശേഷിച്ചില്ല.
അമ്മയോടൊത്തു് ദീര്‍ഘനേരം കരഞ്ഞശേഷം അവൻ അവളോടു് പറഞ്ഞു: “നമ്മൾ ഒരിക്കലും നിരാശപ്പെടരുതു്. യുവതിയായ ആ വിധവ എന്നെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുന്നുണ്ടു്. സമ്പത്തിനേക്കാൾ അവൾ തറവാടിത്തമുള്ളവളാണെന്നതിനാൽ അവൾക്കുവേണ്ടി ഞാൻ ജാമ്യം നിൽക്കുന്നു. ഞാൻ ഉടനെ അവളുടെ അടുത്തുപോയി അവളെ ഇവിടേക്കു് കൊണ്ടുവരാം.”
അങ്ങനെ അവൻ അവന്റെ പ്രിയപത്നിയുടെ അടുത്തേക്കു് മടങ്ങിച്ചെന്നപ്പോൾ അവൾ പ്രണയസ്വരൂപനായ ഒരു യുവ ഓഫീസറുമായി ദൃഢബദ്ധസമ്മേളനത്തിൽ മുഴുകി ഇരിക്കുന്നതാണു് കണ്ടതു്. സ്വതസിദ്ധചാതുരിയോടെ അവൾ പറഞ്ഞു: “മിസ്റ്റർ ഡെ ല ഷെനൊറ്റ്യേർ, നിങ്ങളാണോ ഇതു്? എന്താണു് നിങ്ങൾക്കു് വേണ്ടതു്? സ്വന്തം അമ്മയെ ഇതുപോലൊരു അപകടസന്ധിയിൽ ആരെങ്കിലും ഒറ്റയ്ക്കാക്കുമോ? നിങ്ങൾ ആ പാവം സ്ത്രീയുടെ അടുത്തേക്കു് ചെന്നു് എനിക്കു് ഇപ്പോഴും അവളോടു് സ്നേഹമാണെന്നു് പറയൂ. എനിക്കു് ഒരു ഭൃത്യയുടെ ആവശ്യമുണ്ടു്. ആ ജോലിക്കു് ഞാൻ അവൾക്കു് മുൻഗണന നൽകാം.” അവളെ പിന്താങ്ങിക്കൊണ്ടു് ആ യുവ ഓഫീസർ അവനോടു് പറഞ്ഞു: “എന്റെ കുട്ടീ, നീ വേണ്ടത്ര വളർച്ചയുള്ളവനാണെന്നു് തോന്നുന്നു. എന്റെ കമ്പനിയിൽ ജോലിചെയ്യാൻ തയ്യാറാണെങ്കിൽ ഞാൻ നിനക്കു് ഒരു നല്ല സ്ഥാനം നൽകാം.”
വേദനയും കോപവും കൊണ്ടു് നിറഞ്ഞ മനസ്സുമായി ആ പ്രഭു തന്റെ പഴയ അധ്യാപകന്റെ അടുത്തുചെന്നു് അവന്റെ പ്രശ്നങ്ങൾ വിവരിച്ചശേഷം ഒരു ഉപദേശം തരണമെന്നു് അവനോടു് അപേക്ഷിച്ചു. അവനെപ്പോലെ ഒരു അധ്യാപകൻ ആവുക എന്നതായിരുന്നു അവനു് ആകെ നൽകാനുണ്ടായിരുന്ന ഉപദേശം. “ആഹ്, എനിക്കൊന്നും അറിയില്ല. ഞാൻ നിങ്ങളിൽ നിന്നും ഒന്നും പഠിച്ചിരുന്നില്ലല്ലോ. എന്റെ ഈ ദൗർഭാഗ്യത്തിന്റെ കാരണം നിങ്ങൾ മാത്രമാണു്” പ്രഭു ഷെനോ കരഞ്ഞുകൊണ്ടു് പരാതിപ്പെട്ടു. എന്തിനോ അവിടെ എത്തിയിരുന്ന സൗന്ദര്യാരാധകനായ പഴയ എഴുത്തുകാരൻ അവനെ ഉപദേശിച്ചു: “നിങ്ങൾ നോവലുകൾ എഴുതൂ. പാരീസിൽ അതൊരു നല്ല വരുമാനമാർഗ്ഗമാണു്.”
പഴയതിലും കൂടുതൽ നിരാശാഭരിതനായി ആ യുവാവു് അവന്റെ അമ്മയുടെ കുമ്പസാരപിതാവിനെ തേടിച്ചെന്നു. തീറ്റീൻസ് വിഭാഗത്തിൽപ്പെട്ട ആ പുരോഹിതൻ ഏറ്റവും നല്ല സമൂഹത്തിൽ നിന്നുള്ള സ്ത്രീകളുടെ മാത്രം ഉപദേഷ്ടാവായിരുന്നു. അവനെ കണ്ടതോടെ അയാൾ ഓടിവന്നു അവനോടു് ചോദിച്ചു: ” ഓ ദൈവമേ, ശ്രീ മർക്കീ, നിങ്ങളുടെ കുതിരവണ്ടി എവിടെ? ബഹുമാന്യയും നിങ്ങളുടെ മാതാവുമായ ശ്രീമതി മർക്കീസിനു് എന്തുണ്ടു് വിശേഷം?” ആ നിർഭാഗ്യവാൻ തന്റെ കുടുംബത്തിന്റെ കഷ്ടകാലം വിവരിക്കാൻ തുടങ്ങി. വിവരണം പുരോഗമിക്കുന്തോറും ആ പുരോഹിതന്റെ മുഖത്തു് ഗൗരവവും, ഉദാസീനതയും, ഉന്നതഭാവവും കൂടിക്കൂടിവന്നുകൊണ്ടിരുന്നു. “പ്രിയ പുത്രാ, അതു് ദൈവേഷ്ടമാണു്. സമ്പത്തു് ഹൃദയത്തെ നശിപ്പിക്കുകയേയുള്ളു. നിങ്ങളുടെ അമ്മയെ ഒരു ഭിക്ഷക്കാരി ആക്കിയതുവഴി ദൈവം തെളിയിച്ചിരിക്കുന്നതു് അവനു് അവളോടുള്ള കരുണയാണു്.” പ്രഭു ഷെനോ പറഞ്ഞു: “ശരിയാണു് പിതാവേ, അവളുടെ ആത്മാവു് രക്ഷിക്കപ്പെട്ടു എന്നു് അവൾക്കു് ഉറപ്പായും വിശ്വസിക്കാം. പക്ഷേ, ബഹുമാന്യനായ പിതാവേ, ഈ ലോകത്തിൽ മനുഷ്യർക്കു് സഹായം ലഭിക്കാനുള്ള യാതൊരു സാദ്ധ്യതയുമില്ലേ?” അതിനു് ആ പാതിരിയുടെ അക്ഷമയോടെയുള്ള മറുപടി: “ദൈവത്തിലൂടെ, പ്രിയ പുത്രാ, ഒരു ശ്രേഷ്ഠകുലജാത എന്നെ കാത്തിരിക്കുന്നു.”
അവനു് ബുദ്ധിഭ്രമം സംഭവിച്ചതുപോലെയായി. അവന്റെ സുഹൃത്തുക്കളിൽ നിന്നും ഇതുപോലെ തന്നെയുള്ള പ്രതികരണങ്ങളാണു് അവനു് ലഭിച്ചതു്. അങ്ങനെ ഒരു ദിവസത്തിന്റെ പകുതികൊണ്ടു് തന്റെ ബാക്കി മുഴുവൻ ജീവിതകാലത്തു് കഴിഞ്ഞതിനേക്കാളും കൂടുതലായി ലോകത്തെ അറിയാൻ അവനു് സാധിച്ചു.
ആകെത്തകർന്നു് അവശനും നിരാശാഭരിതനുമായി വഴിയരികിൽ നിന്നപ്പോൾ രണ്ടു് ചക്രങ്ങളുള്ള ഒരു ശകടം എന്നു് പറയാവുന്നത്ര പഴയ മോഡലിലുള്ള തോലുകൊണ്ടുള്ള കർട്ടനുകളിട്ട ഒരു കുതിരവണ്ടി ചടപടശബ്ദവുമായി വരുന്നതു് അവൻ കണ്ടു. അതിനുപിന്നിൽ ഫുൾ ലോഡുമായി വേറെ നാലു് വലിയ വണ്ടികളുമുണ്ടായിരുന്നു. ആ വാഹനത്തിൽ സൗഹൃദവും സന്തോഷവും പ്രസരിപ്പിക്കുന്ന വട്ടമുഖവുമായി ഉന്മേഷവാനായ ഒരു യുവാവു് കർഷകവേഷത്തിൽ ഇരുന്നിരുന്നു. ചെറിയവളും പൊതുവേ ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതക്കാരിയുമായ അവന്റെ ബ്രൂണറ്റ് ഭാര്യ അടുത്തു് വാഹനത്തിന്റെ ഉലച്ചിലുകൾക്കനുസരിച്ചു് ആടിക്കൊണ്ടിരുന്നു. ആ ശകടം അത്ര സ്പീഡിലായിരുന്നില്ല ഓടിയിരുന്നതു് എന്നതിനാൽ അകത്തിരിക്കുന്നവർക്കു് വഴിയരികിൽ ചലനമറ്റു് അതീവദുഃഖിതനായി നിലകൊണ്ടിരുന്ന പ്രഭുവിനെ കാണാൻ മതിയായ സമയമുണ്ടായിരുന്നു. “ഓ ദൈവമേ, അതു് ഷെനോ ആണെന്നാണു് എനിക്കു് തോന്നുന്നതു്.” ഈ സ്വരം കേട്ട ഷെനോ മുഖമുയർത്തി. വാഹനം നിന്നു. “അതേ, അതു് അവൻ തന്നെ! അതു് ഷെനോ തന്നെ!” ആ ചെറിയ മനുഷ്യൻ വാഹനത്തിൽ നിന്നും ചാടിയിറങ്ങി തന്റെ പഴയ സുഹൃത്തിനെ ആലിംഗനം ചെയ്തു. ഷെനോ കോളിനെ തിരിച്ചറിഞ്ഞു. ലജ്ജയും കണ്ണുനീരും അവന്റെ മുഖത്തെ പൊതിഞ്ഞു. കോളിൻ പറഞ്ഞു: “നീ എന്നെ വിട്ടുപോയി. നീ വേണമെങ്കിൽ എത്ര വലിയ മനുഷ്യനെങ്കിലും ആയിക്കൊള്ളൂ – പക്ഷേ ഞാൻ എന്നും നിന്റെ സുഹൃത്തായിരിക്കും. അസ്വസ്ഥനും വികാരഭരിതനുമായ ഷെനോ തന്റെ കഥയുടെ ഒരു ഭാഗം അവനോടു് പറഞ്ഞു. അതുകേട്ട കോളിൻ ആശ്വസിപ്പിച്ചു: “ഞങ്ങൾ വിശ്രമിക്കാൻ പോകുന്ന സത്രത്തിലേക്കു് ഞങ്ങളോടൊപ്പം വന്നു് ബാക്കിയും കൂടി പറയൂ. ഇതു് എന്റെ ഭാര്യയാണു്. അവളെ ആശ്ലേഷിക്കൂ. ഞങ്ങളോടൊപ്പം ലഞ്ചു് കഴിക്കാൻ ഞങ്ങൾ നിന്നെ ക്ഷണിക്കുന്നു.”
വാഹനങ്ങൾ പിന്നാലെ ആയി ബാക്കി വഴി അവർ മൂന്നുപേരും നടന്നാണു് പോയതു്. “ഈ ലഗേജിന്റെയൊക്കെ അർത്ഥമെന്താണു്. ഇതെല്ലാം നിന്റേതാണോ?” “അതേ, എന്റെ ഭാര്യയുടെയും എന്റെയും സ്വന്തമാണു് ഇതെല്ലാം. ഞങ്ങൾ ഉൾനാട്ടിൽ നിന്നുമാണു് വരുന്നതു്. ഞാൻ ചെമ്പിന്റെയും ഇരുമ്പിന്റെയും പലകകൾ ഉണ്ടാക്കുന്ന ഒരു നല്ല ഫാക്ടറിയുടെ ഉടമയാണു്. ചെറുതും വലുതുമായ ഉപഭോക്തൃസാധനങ്ങൾ വിൽക്കുന്ന ധനികനായ ഒരു കച്ചവടക്കാരന്റെ മകളാണു് എന്റെ ഭാര്യ. വളരെയേറെ ജോലിചെയ്യണമെങ്കിലും ദൈവാനുഗ്രഹം ഞങ്ങൾക്കുണ്ടു്.” നമ്മുടെ ബന്ധങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഭാഗ്യമുള്ളവരാണു്, സുഹൃത്തായ ഷെനോയെ പിന്താങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നീ ഇനിമുതൽ ഒരു പ്രഭു ആവേണ്ട. ഈ ലോകത്തിലെ സകല മഹത്വങ്ങളും ഒരു നല്ല സൗഹൃദത്തിനോടു് കിടപിടിക്കാൻ മാത്രം വലിയതല്ല. ഞങ്ങളോടൊപ്പം നാട്ടിലേക്കു് വരൂ. ഞാൻ നിന്നെ എന്റെ കൈത്തൊഴിൽ പഠിപ്പിക്കാം. അതു് അത്ര പ്രയാസമുള്ളതല്ല. നിന്നെ ഞാൻ എന്റെ പങ്കാളിയാക്കാം. അങ്ങനെ നമുക്കു് നമ്മൾ ജനിച്ച ആ ചെറിയ അംശം ഭൂമിയിൽ സന്തോഷമായി ജീവിക്കാം.”
ദുഃഖത്തിനും സന്തോഷത്തിനുമിടയിൽ, സ്നേഹത്തിനും ലജ്ജക്കുമിടയിൽ പീഡിതനായ ഷെനോ താഴ്‌ന്ന സ്വരത്തിൽ അവനോടുതന്നെ എന്നോണം പറഞ്ഞു: “കുലീനരുടെ കൂട്ടത്തിലെ എന്റെ എല്ലാ സുഹൃത്തുക്കളും എന്നെ തള്ളിപ്പറഞ്ഞു. ഞാൻ നിന്ദിച്ചവനായ കോളിൻ മാത്രം അവസാനം എന്റെ സഹായത്തിനെത്തി. എന്തൊരു പാഠം!” ലോകത്തിനു് നശിപ്പിക്കാൻ കഴിയാതെ ഷെനോയുടെ മനസ്സിൽ അവശേഷിച്ചിരുന്ന നന്മയുടെ നേരിയ തരിയെ നാമ്പിട്ടുവളരാൻ കോളിന്റെ ഹൃദയശുദ്ധി സഹായിച്ചു. തന്റെ മാതാപിതാക്കളെ കയ്യൊഴിയരുതെന്ന ബോധം അവനുണ്ടായി. “നിന്റെ അമ്മക്കു് വേണ്ടതു് തീർച്ചയായും ഞാൻ ചെയ്യാം. തടവിൽ കഴിയുന്ന നിന്റെ പിതാവിനെ സംബന്ധിച്ചാണെങ്കിൽ, ഇത്തരം കാര്യങ്ങളിൽ അൽപസ്വൽപം പരിചയം എനിക്കുണ്ടു്: അവനു് കാര്യമായി ഒന്നും ബാക്കിയില്ല എന്നറിയുമ്പോൾ കടം കൊടുത്തവർ ഉള്ളതുകൊണ്ടു് തൃപ്തിപ്പെടും. അക്കാര്യം ഞാൻ നോക്കിക്കൊള്ളാം.”
ഷെനോയുടെ പിതാവിനെ കടബാദ്ധ്യതയിൽ നിന്നും സ്വതന്ത്രനാക്കാൻ കോളിനു് കഴിഞ്ഞു. ഷെനോ മാതാപിതാക്കളുമായി നാട്ടിലേക്കു് മടങ്ങി. അവർ അവരുടെ പഴയ തൊഴിൽ വീണ്ടും ഏറ്റെടുത്തു. ഷെനോ കോളിന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചു. കോളിന്റെ അതേ മനോഭാവം ഉള്ളവളായിരുന്ന അവളോടൊത്തുള്ള ജീവിതത്തിൽ ഷെനോ വളരെ ഭാഗ്യവാനായിരുന്നു. പൊങ്ങച്ചത്തിലല്ല യഥാർത്ഥ ഭാഗ്യം സ്ഥിതിചെയ്യുന്നതെന്നു് അപ്പൻ ഷെനോയും അമ്മ ഷെനോയും മകൻ ഷെനോയും സ്വന്തം അനുഭവങ്ങളിലൂടെ മനസ്സിലാക്കി.