RSS

Daily Archives: Nov 6, 2010

ദൈവം എന്ന മിഥ്യാഭ്രമം

സത്യം തേടിയുള്ള അന്വേഷണങ്ങളിൽ ഒരു മനുഷ്യൻ എത്ര ദൂരം പോയാലും, ആ യാത്രയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അവൻ ‘ദൈവം’ എന്ന മറുപടിയിലാണു് എത്തിച്ചേരുന്നതെങ്കിൽ, ആ നിമിഷം അവന്റെ അതുവരെയുള്ള സത്യാന്വേഷണയാത്ര അർത്ഥശൂന്യമായിരുന്ന ഒരു അനാവശ്യമായി മാറുകയാണു് ചെയ്യുന്നതു്. കാരണം, ദൈവം എന്ന ‘സത്യത്തിൽ’ എത്താനായിരുന്നെങ്കിൽ ഒരു സത്യാന്വേഷണയാത്രയുടെ ആവശ്യമേ അവനുണ്ടായിരുന്നില്ല. ഈ ലോകത്തിൽ ഇന്നോളം മരിച്ചവരും ഇന്നു് ജീവിക്കുന്നവരുമായ കോടാനുകോടി മനുഷ്യരിലെ ബഹുഭൂരിപക്ഷവും ഒരു അന്വേഷണവുമില്ലാതെ തലമുറകളിൽ നിന്നും തലമുറകളിലേക്കു് ഏറ്റെടുത്ത ‘സത്യമാണു്’ പല രൂപത്തിലും ഭാവത്തിലുമുള്ള ‘ദൈവങ്ങൾ’ എന്നതു് ഇതിനു് തെളിവു്. മാനവചരിത്രത്തിലെ വിവിധഘട്ടങ്ങളിൽ രൂപമെടുത്ത ഏറെ പഴയ ദൈവങ്ങൾ മണ്മറഞ്ഞു. അവയുടെ സ്ഥാനത്തു് പുതിയ ദൈവങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. അവയോരോന്നും, ദൈവങ്ങളെക്കൊണ്ടു് ജീവിക്കുന്നവർ അവരുടെ ദൈവങ്ങളെ രക്ഷപെടുത്താനായി നിരന്തരം പണമിറക്കിക്കളിച്ചിട്ടും, ഒന്നിനുപുറകെ ഒന്നായി മണ്മറഞ്ഞുകൊണ്ടിരിക്കുന്നു. ഈജിപ്ഷ്യൻ ദൈവങ്ങൾ, ഗ്രീക്കു് ദൈവങ്ങൾ, അമേരിക്കയിലെ മായൻ ദൈവങ്ങൾ, ഇങ്കാ ദൈവങ്ങൾ … ഇവയെല്ലാം ഇന്നു് പുസ്തകത്താളുകളിൽ വിശ്രമിക്കുന്ന പഴയ കെട്ടുകഥകൾ മാത്രമാണു്. അതുപോലെ, ഇന്നത്തെ എല്ലാ ദൈവങ്ങളും കെട്ടുകഥകൾ എന്ന പദവിയിലേക്കു് ശാശ്വതമായി എന്നത്തേക്കു് ഉയർത്തപ്പെടുമെന്നതു്, ആകെമൊത്തം മാനവരാശിയുടെ ബൗദ്ധികവളർച്ചയിൽ അധിഷ്ഠിതമായിരിക്കുന്ന കാര്യമായതിനാൽ, സമയം അതിന്റെ ഒരു പ്രധാന ഘടകമായിരിക്കും. കാലിൽ മുള്ളുകൊള്ളുന്നതു് ചെരിപ്പിടാതെ കാട്ടിലൂടെ നടക്കുന്നതുകൊണ്ടല്ല, മുതുമുത്തച്ഛൻ ചെയ്ത ഏതൊക്കെയോ മഹാപാതകങ്ങളുടെ ഫലമായി ദൈവം വരുത്തുന്ന ശിക്ഷകളാണെന്നു് വിശ്വസിക്കുന്ന ഒരുപറ്റം എരിവേറിയ മന്ദബുദ്ധികൾ എന്നാളും ലോകത്തിൽ ഉണ്ടായിരിക്കുമെന്നതിനാൽ, ഏതാനും ദൈവങ്ങളുടെ പൊട്ടും പൊടിയും ‘ഗതികിട്ടാപ്രേതങ്ങൾ’ പോലെ നിത്യമായി ഭൂമിയിൽ അവിടെയും ഇവിടെയുമൊക്കെ നിലനിൽക്കാനാണു് സാദ്ധ്യത.

വിശ്വസിച്ചാൽ മാത്രം പോരാ, ദൈവത്തിന്റെ അസ്തിത്വം തെളിയിച്ചേ അടങ്ങൂ എന്നു് നിർബന്ധമുള്ളവർ, അതിനായി ഇറങ്ങിപ്പുറപ്പെടുന്നതിനു് മുൻപു് ഈ വിഷയത്തിൽ ഇതിനോടകം തത്വചിന്തകരും ശാസ്ത്രജ്ഞരുമൊക്കെ പഠിച്ചും ചിന്തിച്ചും എഴുതിയും ബൗദ്ധികലോകത്തെ ധന്യമാക്കിയ അറിവുകളെപ്പറ്റി ഒരു ഏകദേശ ധാരണയെങ്കിലും ഉണ്ടാക്കിയെടുക്കാൻ ബാദ്ധ്യസ്ഥരാണു്. അവരിൽ ചില വ്യക്തികളുടെയും അവർ കണ്ടെത്തിയ ആശയങ്ങളുടെയും തത്വങ്ങളുടെയും പേരുകൾ ഉരുവിടാൻ കഴിയുന്നവർ ധാരാളമുണ്ടു് ലോകത്തിൽ. ഒരു ചർച്ചയിൽ പാണ്ഡിത്യം ചമഞ്ഞു് വിഡ്ഢിവേഷം കെട്ടാൻ അതിന്റെ പോലും ആവശ്യവുമില്ല. ദൈവത്തെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്നവരേക്കാൾ ദൈവവിഷയം കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ളവർ നിരീശ്വരവാദികളാണെന്നതിനാലാണു് അവരുടെ വാദമുഖങ്ങൾക്കു് വിശ്വാസികളുടേതിനേക്കാൾ കൂടുതൽ തെളിമയും ആധികാരികതയും ഉണ്ടാവുന്നതു്. അതുകൊണ്ടാണു് പറയാനുള്ള കാര്യങ്ങൾ വളച്ചുകെട്ടില്ലാതെയും വ്യക്തമായും അതിനു് ആവശ്യമായ മിനിമം വാക്കുകൾ മാത്രം ഉപയോഗിച്ചു് സ്ഥാപിക്കാൻ അവർക്കു് കഴിയുന്നതും. അതേസമയം, വസ്തുനിഷ്ഠമല്ലാത്തവയെ വസ്തുനിഷ്ഠമെന്നു് സ്ഥാപിക്കാൻ, നുണയെ മാമോദീസ മുക്കി സത്യമാക്കാൻ, മതഗ്രന്ഥങ്ങളിൽ കണ്ണിൽ കുത്തുന്ന തരത്തിൽ തെളിഞ്ഞുനിൽക്കുന്ന വിഡ്ഢിത്തങ്ങളേയും വൈരുദ്ധ്യങ്ങളേയും അവ ദൈവം നൂലിൽ കെട്ടി ഇറക്കിയതും ലോകാവസാനത്തോളം വലിഡിറ്റിയുള്ളതുമായ ശാശ്വതസത്യങ്ങളാണെന്നു് വരുത്താൻ, ചുരുക്കത്തിൽ ആടിനെ പട്ടിയാക്കാൻ – അതിനെല്ലാം വാദഗതികളുടെ ബലൂണിൽ ഒരുപാടു് ചൂടുകാറ്റു് ഊതിക്കയറ്റേണ്ടിവരുമെന്നതിനാൽ വിശ്വാസിയുടെ തർക്കങ്ങൾ റബ്ബറുപോലെ നീണ്ടുപോവുന്നു. യുക്തിപരമായ ചിന്തയുടെ മൊട്ടുസൂചികൊണ്ടുള്ള ഒരു ചെറിയ കുത്തുമതി അത്തരം ബലൂണുകളെ പിന്നീടൊരിക്കലും ഊതിവീർപ്പിക്കാൻ കഴിയാത്ത വിധം തറപറ്റിക്കാൻ. പക്ഷേ പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നപോലെ, ഏറ്റവും അടുത്ത മുഹൂർത്തത്തിൽത്തന്നെ വിശ്വാസിയെ വീണ്ടും തർക്കാവേശത്തിന്റെ ദുർഭൂതം പിടികൂടും. വിശ്വാസിയുടെ ഈ അസ്വസ്ഥതയുടെ കാരണം മനസ്സിലാക്കാൻ സത്യത്തിൽ വലിയ ബുദ്ധിമുട്ടൊന്നുമില്ല: ഇതുപോലുള്ള കൊടികെട്ടിയ മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന മണികെട്ടിയ ഒരു വിഡ്ഢിക്കുശ്മാണ്ഡമാണു് താനെന്ന പരമാർത്ഥം ലോകം മനസ്സിലാക്കാതിരിക്കണമെങ്കിൽ തർക്കിച്ചുകൊണ്ടിരിക്കുകയല്ലാതെ അവനു് ഗത്യന്തരമൊന്നുമില്ല. എതിരാളി പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കാനും മറുപടി പറയാനുമുള്ള കഴിവുകേടുമൂലം ആ വാക്കിന്റെ വാച്യാർത്ഥവും ഈ വാക്കിന്റെ വ്യംഗ്യാർത്ഥവുമൊക്കെ തിരക്കി, അതുകൊണ്ടു് മതിയായില്ലെങ്കിൽ അവന്റെ കുടുംബക്കാരെവരെ വ്യക്തിഹത്യചെയ്തു് എതിരാളിയെ നിലമ്പരിശാക്കി എന്നു് സ്വയം വിശ്വസിപ്പിച്ചു് അവൻ ആനന്ദത്തിൽ ആറാടുന്നു. ഇത്തരക്കാരാണു് സ്വർഗ്ഗരാജ്യത്തിലേക്കു് ആനയും അമ്പാരിയുമായി സ്വീകരിക്കപ്പെടുന്നതെങ്കിൽ, അതുപോലൊരു സ്വർഗ്ഗം എന്നേക്കുമായി ഉപേക്ഷിക്കുന്നതാണു്, വ്യക്തിപരമായി പറഞ്ഞാൽ, എനിക്കു് കൂടുതൽ സന്തോഷകരമായ കാര്യം.

ദൈവം ഒരു യാഥാർത്ഥ്യമല്ല, മനുഷ്യഭാവനയിൽ വിരിഞ്ഞ ഒരു ആശയം മാത്രമാണതു്. ഈ സത്യം മനസ്സിലാക്കാൻ ആയിരക്കണക്കിനു് പുസ്തകത്താളുകൾ മറിക്കുകയോ, ശരീരം ചിതൽപ്പുറ്റു് കയറി മൂടുന്നതുവരെ വനാന്തരങ്ങളിൽ തപസ്സിരിക്കുകയോ ചെയ്യേണ്ട ആവശ്യമൊന്നും ഇന്നു് മനുഷ്യനില്ല. അതിനു് അവൻ ശാരീരികമായി എന്നപോലെതന്നെ മാനസികമായും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവനും, ഇന്ദ്രിയാനുഭവങ്ങളെ മുൻവിധിയില്ലാതെ വിലയിരുത്താൻ മതിയായ സ്വതന്ത്രബുദ്ധി ഉള്ളവനും ആയിരിക്കണമെന്നേയുള്ളു. മതങ്ങൾ ദൈവത്തിനു് നൽകുന്ന നിർവചനങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ടു് ഈ ലോകത്തിൽ നിലവിലിരിക്കുന്ന അവസ്ഥകളെ അതുപോലൊരു വ്യക്തി വിലയിരുത്തിയാൽ അവൻ എത്തിച്ചേരുന്നതു് പ്രപഞ്ചനിയന്ത്രകൻ എന്നൊരു റിയാലിറ്റി നിലനിൽക്കുന്നില്ല എന്ന ലളിതമായ സത്യത്തിലായിരിക്കും. വിശാലമായ ഒരു പശ്ചാത്തലത്തിൽ പ്രപഞ്ചത്തെ വീക്ഷിക്കാൻ ശേഷിയുള്ള ഒരു മനുഷ്യനു് പ്രപഞ്ചം ഒരു സ്റ്റാറ്റിസ്റ്റിക്കൽ ആഗ്രിഗേയ്റ്റ്‌ ആണെന്നും, ഒറ്റനോട്ടത്തിൽ കാര്യകാരണബന്ധം ഉള്ളതെന്നു് തോന്നുന്ന കാര്യങ്ങൾ പോലും, സൂക്ഷ്മമായ ഒരു പ്രത്യവലോകനത്തിൽ, ഭൂതകാലം മുതൽ ഭാവികാലം വരെ അനന്തമെന്നോണം നീണ്ടുകിടക്കുന്ന ഒരു കോസൽചെയിനിലെ ഓരോ കണ്ണികളാണെന്നും, ഭൂതകാലങ്ങളിൽ രൂപം കൊണ്ടതും, ഭാവിയിൽ രൂപം കൊള്ളാനുള്ളതുമായ അത്തരം ഓരോ കണ്ണികളും എണ്ണമറ്റ യാദൃച്ഛികസംഭവങ്ങളുടെ പരിണതഫലമാണെന്നും മനസ്സിലാക്കാൻ കഴിയേണ്ടതാണു്.

പ്രപഞ്ചത്തിലെ ഒരോ വ്യക്തിയും, ജീവജാലങ്ങളും, പ്രപഞ്ചം തന്നെയും ആരംഭം മുതൽ കടന്നുപോകേണ്ടിവരുന്ന നിലനിൽപിന്റെ ഒരോ ചെറിയ ഘട്ടങ്ങളും മൂർത്തീകരിക്കപ്പെടുന്നതു്, യാഥാർത്ഥ്യമായിത്തീരുന്നതു്, സങ്കീർണ്ണമായ എത്രയോ വിഭിന്നഘടകങ്ങളുടെ പരസ്പരപ്രവർത്തനഫലമായാണു്. ഓരോ സംഭവത്തിനും പിന്നിലെ ഇത്തരം അനന്തമായ സ്റ്റാറ്റിസ്റ്റിക്കൽ സാദ്ധ്യതകളിൽ നിന്നും ആകെ സാദ്ധ്യമായിരുന്ന ഒന്നു് മൂർത്തീകരിക്കപ്പെട്ടുകഴിഞ്ഞാൽ, മറ്റു് സാദ്ധ്യതകളെപ്പറ്റി ചിന്തിക്കുന്നതുതന്നെ അർത്ഥശൂന്യമാണു്, കാരണം, അതോടെ സാദ്ധ്യതകൾ എന്ന നിലയിൽ അവയുടെ നിലനിൽപു് വീണ്ടെടുക്കാനാവാത്തവിധം എന്നേക്കുമായി ഇല്ലാതായി. ‘അങ്ങനെ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നേനെ’ എന്ന രീതിയിലുള്ള അർത്ഥശൂന്യമായ ചിന്തകൾ വഴി, വേറെ യാതൊരു ജോലിയുമില്ലാത്തവർക്കു്, ഒന്നുകിൽ ‘മരിച്ച കുഞ്ഞിന്റെ ജാതകത്തിലെ രാജയോഗം വായിച്ചു് കോൾമയിർക്കൊള്ളുന്ന മാതാപിതാക്കളെപ്പോലെ’, വ്യത്യസ്ത സാദ്ധ്യതകൾ അബ്സർഡിറ്റി വരെ വലിച്ചുനീട്ടി പരിശോധിച്ചു് സമയത്തിന്റെ കഴുത്തു് ഞെരിക്കാം, അല്ലെങ്കിൽ, അവർ അത്യാവശ്യം ഭാവനാസമ്പന്നരാണെങ്കിൽ, ഫിക്ഷൻ എഴുതി ധനികരാവാൻ ശ്രമിക്കാം.

രസകരമായ ഒരു ഉദാഹരണം പറയട്ടെ: ഹിറ്റ്‌ലറിന്റെ ജന്മത്തിനു് ‘കാരണമായ’ ബീജസങ്കലനത്തിനു് ‘കാരണമായ’ അവന്റെ മാതാപിതാക്കളുടെ ലൈംഗികബന്ധം ഒരു മാസത്തിനു് മുൻപോ, അല്ലെങ്കിൽ ഒരു മാസത്തിനു് ശേഷമോ ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ മറ്റൊരു ബീജവും (ഇവിടെയും, സ്റ്റാറ്റിസ്റ്റിക്കലായി പറഞ്ഞാൽ, ലക്ഷക്കണക്കിനു് ബീജങ്ങളിൽ ഏതോ ഒന്നു്!) മറ്റൊരു അണ്ഡവുമായിട്ടായിരുന്നു സംയോജിച്ചിരിക്കുക എന്നതിനാൽ ലോകത്തിലേക്കുള്ള ക്ഷണക്കത്തു് ലഭിക്കുന്നതു് ഹിറ്റ്‌ലർ എന്ന ഭ്രൂണത്തിനാവുമായിരുന്നില്ല, മറ്റൊരുവന്റേതോ, മറ്റൊരുവളുടേതോ, ഒരുപക്ഷേ ഇരട്ടകളുടെതുപോലുമോ ആയ മറ്റു് ഭ്രൂണങ്ങൾക്കായിരുന്നേനെ. അതുപോലെതന്നെ, ഹിറ്റ്‌ലറിന്റെ ജനകനോ ജനയിത്രിയോ ജനിച്ചതും വളർന്നതും മറ്റിടങ്ങളിലായിരിക്കുകയും, അവർ തമ്മിൽ കാണാനും പരിചയപ്പെടാനുമുള്ള സാഹചര്യം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിലും, ഒരു ‘ഹിറ്റ്‌ലർ ജന്മം’ സാദ്ധ്യമാവുമായിരുന്നില്ല. സാങ്കൽപികമെങ്കിലും, സംഭവിക്കാൻ തത്വത്തിൽ തടസ്സമൊന്നുമില്ലാതിരുന്ന ഈവിധ സാദ്ധ്യതകൾ തികച്ചും വ്യത്യസ്തമായതും, ഒരു കാരണവശാലും പ്രവചിക്കാനാവാത്തതുമായ മറ്റു് വസ്തുതായാഥാർത്ഥ്യങ്ങളിലേക്കായിരുന്നു വഴി തുറന്നിട്ടുണ്ടായിരിക്കുക എന്നതിനാലും, ഈ വസ്തുത ലോകത്തിൽ ഇന്നോളം സംഭവിച്ച എല്ലാ കാര്യങ്ങൾക്കും ബാധകമാണെന്നതിനാലും, ലോകത്തിന്റെ ചരിത്രം തന്നെ മറ്റൊന്നായിരുന്നേനെ. ഒരു ഹിറ്റ്‌ലറിന്റെ ജന്മത്തിലേക്കു് നയിച്ച കാരണങ്ങളേക്കാൾ എത്രയോ കൂടുതൽ സാദ്ധ്യതകൾ ഒരു ഹിറ്റ്‌ലർ ജന്മം ഉണ്ടാവാതിരിക്കാനും ഉണ്ടായിരുന്നു എന്നു് ചുരുക്കം. സാമാന്യജീവിതത്തിൽ സംഭവിച്ചുകഴിഞ്ഞ കാര്യങ്ങളെ മുൻകാലപ്രാബല്യത്തോടെ സ്വാധീനിച്ചു് തിരുത്താനോ ഇല്ലാതാക്കാനോ മനുഷ്യനാവില്ല. കാരണം, മനുഷ്യനു് ത്രികാലജ്ഞാനം ഇല്ല. ഒരു കാലഘട്ടത്തിൽ മനുഷ്യനില്ലാതിരുന്ന ഒരു ജ്ഞാനവും ആ കാലഘട്ടത്തിലെ ദൈവങ്ങൾക്കും ഉണ്ടായിരുന്നില്ല. ഭാവി അറിയാൻ കഴിയാതിരിക്കുക എന്നതാണു് മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. അങ്ങനെയൊരു ഭാഗ്യം ഇല്ലായിരുന്നെങ്കിൽ, ജീവിതത്തിൽ ഒരു ലക്ഷ്യം നേടുന്നതിനുവേണ്ടി, അതു് കൃഷിയോ, വിദ്യാഭ്യാസമോ, സ്പോർട്ട്‌സ്‌ കല സാഹിത്യം മുതലായ മറ്റു് ഏതു് മേഖലയിലുള്ളവയോ ആവട്ടെ, നടത്തുന്ന ഓരോ ശ്രമങ്ങളും പരിശീലനങ്ങളും അർത്ഥശൂന്യമായിരുന്നേനെ, മനുഷ്യരുടെ നിലനിൽപു് തന്നെ അസാദ്ധ്യമായിരുന്നേനെ.

ചുരുക്കത്തിൽ, ഇന്നു് സംഭവിച്ച ഏതെങ്കിലും ഒരു കാര്യം ഒരു പ്രത്യേക കാരണത്തിന്റെ ഫലമായാണു് അങ്ങനെ സംഭവിച്ചതു് എന്നു് നമുക്കു് തോന്നാമെങ്കിലും, സൂക്ഷ്മവീക്ഷണത്തിൽ, ആ കാരണം അതിൽത്തന്നെ അനന്തകാലം മുതലുള്ള എത്രയോ യാദൃച്ഛിക കാരണങ്ങളുടെ ഫലമാണെന്നു്, മുകളിലെ ഉദാഹരണത്തിൽ സൂചിപ്പിച്ചതുപോലെ, ആർക്കും മനസ്സിലാക്കാനാവും. ആ സംഭവത്തിലേക്കു് നയിച്ച കാര്യകാരണബന്ധത്തിന്റെ ചങ്ങലയിലെ ഭൂതകാലത്തിലെ ഏതെങ്കിലും ഒരു കണ്ണി മറ്റൊന്നായിരുന്നെങ്കിൽ, തുടർന്നുള്ള കണ്ണികൾ, അഥവാ, സംഭവഗതികൾ അതിനനുസരിച്ചു് നിർബന്ധമായും വ്യത്യസ്തമായിരിക്കുമെന്നതിനാൽ, ഇന്നു് സംഭവിച്ച കാര്യത്തിന്റെ സ്ഥാനത്തു് മറ്റൊന്നായിരുന്നേനെ സംഭവിക്കുന്നതു്.

ഈ വസ്തുതയെ വിശ്വാസി എങ്ങനെ കാണുന്നു? മനുഷ്യജീവിതമടക്കമുള്ള പ്രപഞ്ചത്തിലെ എല്ലാ സംഭവങ്ങളും ഒന്നൊഴിയാതെ ദൈവനിശ്ചയം മാത്രമാണെന്നു് കരുതുന്നവനാണു് ഒരു വിശ്വാസി. അതിനാൽ, ഓരോ സംഭവത്തിന്റേയും പിന്നിലെ എണ്ണമറ്റ ഓരോ നിസ്സാര കാരണങ്ങളും, അവയുടെ ഒരോന്നിന്റേയും കാരണങ്ങളാവേണ്ട എണ്ണമറ്റ മറ്റോരോ കാരണങ്ങളും, അതുപോലെ, ഇപ്പറഞ്ഞവയുടെ ഓരോന്നിന്റേയും പിന്നിലേക്കു് അനന്തമായി പിൻതുടരാവുന്ന മറ്റു് കോടാനുകോടി കാരണങ്ങളും, എൿസ്പൊണെൻഷ്യൽ എന്നോണം പെരുകുന്ന അവയുടെ ഓരോന്നിന്റേയും വീണ്ടും അനന്തകോടി കാരണങ്ങളും ദൈവത്താൽ നിശ്ചയിക്കപ്പെടുന്നതാണെന്നാവും ഒരു വിശ്വാസി പറയുക. പക്ഷേ, അതുവഴി അവൻ അവകാശപ്പെടുന്നതു്, മനുഷ്യന്റെ എല്ലാ സങ്കൽപശേഷികൾക്കും അതീതമായവണ്ണം എണ്ണമറ്റതും അനന്തവുമായ സ്റ്റാറ്റിസ്റ്റിക്കൽ സാദ്ധ്യതകളിൽ നിന്നും ഏതൊന്നാണു് ഓരോ കാരണങ്ങളുടെ കാര്യത്തിലും യാഥാർത്ഥ്യമായിത്തീരേണ്ടതെന്നു് ദൈവം മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു എന്നാണു്. ഓരോ കാരണവും അനന്തമായ സാദ്ധ്യതകളിൽ നിന്നും ഉരുത്തിരിയുന്ന ഒരു യാഥാർത്ഥ്യമാണെന്നും, ഇത്തരം അനന്തമായ യാഥാർത്ഥ്യങ്ങളുടെ ആകെത്തുകയാണു് പ്രപഞ്ചമെന്നും പറയുന്നതിന്റെ അർത്ഥവ്യാപ്തിയെപ്പറ്റി നേരിയ ഗ്രാഹ്യമെങ്കിലുമുള്ള ആരും അതുപോലൊരു മണ്ടത്തരം പറയുകയില്ല എന്നതു് വേറൊരു കാര്യം. പക്ഷേ, ഒരു വിശ്വാസി കേൾക്കാൻ ആഗ്രഹിക്കുന്നതു് അതല്ലാത്തതുകൊണ്ടു് അവൻ ശ്വാസം പോയാലും ഈ സത്യം അംഗീകരിക്കുകയില്ല. അവൻ തുടർന്നും തർക്കിച്ചുകൊണ്ടിരിക്കും. അൽപമെങ്കിലും യുക്തിബോധമുള്ള ഏതൊരു മനുഷ്യബുദ്ധിയും അസാദ്ധ്യമെന്നു് തിരിച്ചറിയുന്ന ഇതുപോലൊരു അബ്സെർഡിറ്റി തന്റെ ദൈവത്തിനു് സാദ്ധ്യമാണെന്നു് അവൻ അവകാശപ്പെടും. അവന്റെ ദൈവമാണു് സകല പ്രപഞ്ചവും സൃഷ്ടിച്ചതെന്നതിനാൽ, ആ പ്രപഞ്ചത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആ ദൈവത്തിനു് നിയന്ത്രിക്കാനും കഴിയുമെന്നാണു് അവന്റെ വിശ്വാസം. പക്ഷേ, അതുവഴി അവൻ മനസ്സറിയാതെ ചെയ്യുന്നതു് അവന്റെ ദൈവത്തിനും അവന്റെ മതത്തിനും എന്നേക്കുമായി ശവക്കുഴി തോണ്ടുക മാത്രമാണു്. ഒന്നിനുപുറകെ മറ്റൊന്നായി ഓരോരോ മണ്ടത്തരങ്ങൾ വിളിച്ചുപറഞ്ഞു് അവൻ അവന്റെ ദൈവത്തെയും മതത്തേയും വൈരുദ്ധ്യങ്ങളുടെ വലയിൽ കുടുക്കുന്നു.

“തെറ്റായാലും ശരിയായാലും ഖുർആൻ പറയുന്നതു് മുഴുവൻ ശരിയാണെന്നു് വിശ്വസിക്കുന്നതിൽ ഒരു യുക്തിയുണ്ടു്” – ഒരു വിശ്വാസിയുടെ മഹദ്‌വചനമാണിതു്! നിങ്ങൾക്കു് പിടി കിട്ടിയോ? രാത്രിയായാലും പകലായാലും, അർദ്ധരാത്രിയാണെന്നു് പരീതു് പറയുന്നതു് വിശ്വസിക്കുന്നതിൽ ഒരു ‘യുക്തി’ ഉണ്ടെന്നു്! കാരണം, പരീതു് പറയുന്നതു് വിശ്വാസയോഗ്യമാണെന്നു് പരീതു് തന്നെ പറഞ്ഞതായി ഒരു വിശ്വാസം കാലാകാലങ്ങളായി നിലവിലുണ്ടെന്നു്! ഇങ്ങനെയൊക്കെ വിളിച്ചുപറയുന്നതിനെ, “പണ്ടേ ദുർബ്ബല, പിന്നെ ഗർഭിണിയും” എന്നപോലെ, “പണ്ടേ അജ്ഞൻ, പോരെങ്കിൽ മതഭ്രാന്തനും” എന്നല്ലാതെ മറ്റെന്തു് പറഞ്ഞാണു് വിശേഷിപ്പിക്കേണ്ടതു്?

ഈ പ്രപഞ്ചത്തിൽ സംഭവിക്കുന്നതെല്ലാം വള്ളിപുള്ളി വ്യത്യാസമില്ലാതെ ദൈവത്താൽ മുൻകൂട്ടി നിശ്ചയിച്ചു് ഉറപ്പിച്ചിട്ടുള്ള കാര്യമാണെങ്കിൽ, ഒരു വിശ്വാസി ഭക്തിയുടെ പേരിൽ കാണിക്കുന്ന എല്ലാ ചേഷ്ടകളും മാനസികവിഭ്രാന്തിയുടെ പരിധിയിൽ വരുന്നതാണു്. ബോധപൂർവ്വം അവിശ്വാസികളായ എല്ലാ മനുഷ്യർക്കും മനസ്സിലാവുന്ന ഒരു കാര്യമാണിതു്. യുക്തിഭദ്രമായ ചിന്ത ബോധപൂർവ്വമായ ഒരു പ്രവൃത്തിയാണു്. ചിന്താശേഷി ഇല്ലാത്ത ഒരുവനു് അവിശ്വാസി ആവുക സാദ്ധ്യമല്ല. അതേസമയം, വിശ്വാസം എന്നതു് വളർച്ചയെത്താത്ത മനസ്സിൽ കുത്തിവയ്ക്കപ്പെടുന്ന ഒരു ഞരമ്പുവിഷമായതിനാൽ അതു് മനുഷ്യന്റെ ചിന്താശേഷിയെ മരവിപ്പിക്കുന്നു. വിശ്വാസം മനുഷ്യരിൽ നിന്നും ബോധപൂർവ്വമായ പങ്കാളിത്തമോ, ചിന്താശേഷിയോ ആവശ്യപ്പെടുന്നില്ല – ഏതു് വിശ്വാസിയും അതും അതിലപ്പുറവും അവകാശപ്പെടുമെങ്കിലും.

ഒരുവൻ ദൈവത്തെ പുകഴ്ത്തുന്നതിനോ, ദൈവത്തിൽ നിന്നും എന്തെങ്കിലും കാര്യം സാധിച്ചെടുക്കുന്നതിനോ, സാധിച്ച കാര്യങ്ങൾ ദൈവസഹായത്താലാണു് സാധിച്ചതെന്ന വിശ്വാസം മൂലമുള്ള നന്ദിപ്രകടനമായോ നടത്തപ്പെടുന്ന പ്രാർത്ഥനകളും, മറ്റുതരത്തിലുള്ള അനുഷ്ഠാനങ്ങളും, ഓരോ നിസ്സാര കാരണങ്ങൾ വരെയും ലോകാരംഭം മുതൽ ദൈവത്താൽ നിശയിക്കപ്പെട്ടിരിക്കുന്നു എന്ന അർത്ഥത്തിൽ നോക്കുമ്പോൾ, അതു് ദൈവത്തെ അവഹേളിക്കുന്നതിനു് തുല്യമാണു്. ഒരു വിശ്വാസി നല്ലവനും കളങ്കമില്ലാത്തവനുമാണെങ്കിൽ അതിനുത്തരവാദി ദൈവമാണു്. ഒരു വിശ്വാസി തെമ്മാടിയാണെങ്കിൽ അതിനുത്തരവാദി ദൈവമാണു്. ഒരുവൻ വിശ്വാസിയല്ലെങ്കിൽ അതിനുത്തരവാദി ദൈവമാണു്. ഈ അവസ്ഥകൾക്കു് എന്നെങ്കിലും മാറ്റം വരുന്നുവെങ്കിൽ അതിനുത്തരവാദിയും ദൈവമാണു്. മാത്രവുമല്ല, അതോരോന്നും ദൈവം മുൻകൂട്ടി നിശ്ചയിച്ചു് ഉറപ്പിച്ചിട്ടുള്ള കാര്യങ്ങളുമാണു്. എല്ലാം ദൈവത്താൽ മുൻകൂട്ടി നിശ്ചയിച്ചു് ഉറപ്പിച്ചിട്ടുള്ള കാര്യങ്ങളാണെന്നു് പറയുന്നതു് യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല, വിശ്വാസി തന്നെയാണു്. ആ വിശ്വാസി തന്നെയാണു് പ്രാർത്ഥനയും ഉപവാസവുമൊക്കെ നടത്തുന്നതും! ദൈവത്തിന്റെ നിശ്ചയങ്ങൾ തിരുത്തപ്പെടാവുന്നതല്ലെങ്കിൽ അത്തരം ചേഷ്ടകൾ കൊണ്ടു് എന്തു് പ്രയോജനം? അതിനു് ഒരർത്ഥമേയുള്ളു: മനുഷ്യൻ ശ്രമിച്ചാൽ മാറ്റിയെടുക്കാവുന്നതാണു് ദൈവനിശ്ചയങ്ങൾ. ഇവിടെ ആരു് ആരുടെ നിയന്ത്രണത്തിലാണു്? ലോകാരംഭം മുതൽ നിശ്ചയിച്ചുറപ്പിക്കപ്പെട്ട കാര്യങ്ങൾ ദൈവത്തെക്കൊണ്ടു് തിരുത്തിക്കാനാവുന്ന മനുഷ്യൻ ദൈവത്തേക്കാൾ ഒരുപടി മുകളിലേ ആവൂ. വിശ്വാസിയൊഴികെ ആരും അതു് സമ്മതിക്കും. രോഗിയായ ഒരു മനുഷ്യൻ അതിന്റെ ഫലമായി താമസിയാതെ മരിക്കണമോ, അതിൽ നിന്നും മോചനം നേടണമോ എന്നതു് ഒരു ദൈവത്തിന്റേയും നിശ്ചയമല്ല. ഏതാനും വർഷങ്ങൾക്കു് മുൻപുവരെ മനുഷ്യനെ പിടികൂടിയാൽ മരിക്കുകയല്ലാതെ മറ്റു് മാർഗ്ഗങ്ങളൊന്നും ഇല്ലാതിരുന്ന എത്രയോ രോഗങ്ങൾക്കു് ഇന്നു് ചികിത്സയുണ്ടു്. പണ്ടു് രോഗബാധിതരായ നൂറിൽ തൊണ്ണൂറൂപേരും മരിച്ചിരുന്നതും, ഇന്നു് അതേ രോഗം ബാധിക്കുന്ന നൂറുപേരിൽ നൂറുപേരും സുഖം പ്രാപിക്കുന്നതും കണ്ടില്ലെന്നു് നടിക്കുന്ന ഒരുവനേ എല്ലാം ദൈവനിശ്ചയമാണെന്നു് പറയാൻ മാത്രം മണ്ടനാവൂ. രോഗം വരുന്നതു് ദൈവനിശ്ചയമാണെന്നു് പഠിപ്പിച്ചിരിക്കുന്നതിനാൽ, ചികിത്സ നിഷേധിക്കുന്ന ചില മതവിഭാഗങ്ങൾ ഇന്നും ഈ ലോകത്തിലുണ്ടു്. അത്രമാത്രം ആത്മഹത്യാപരമായ തീരുമാനങ്ങൾ എടുക്കാൻ ഒരു മനുഷ്യനു് കഴിയണമെങ്കിൽ അവൻ മാനസികവിഭ്രാന്തിയിൽ ആയിരിക്കണം. മൃഗങ്ങൾ പോലും തിരഞ്ഞെടുക്കുകയില്ലാത്ത സ്വയം നശീകരണത്തിന്റെ പാതയിലേക്കു് മനുഷ്യനെ നയിക്കുന്ന ഭ്രാന്തിന്റെ പേരാണു് മതം.

പ്രപഞ്ചരഹസ്യങ്ങളുടെ ഏകദേശം തൊണ്ണൂറ്റഞ്ചു് ശതമാനവും മനുഷ്യനു് അജ്ഞാതമാണെന്നു് ശാസ്ത്രം പറയുന്നു. വിശ്വാസിയും, നിരീശ്വരവാദിയും, യുക്തിവാദിയുമൊക്കെ അംഗീകരിക്കുന്ന ഒരു വസ്തുതയുമാണിതു്. ഇക്കാര്യം നമുക്കൊന്നു് ലളിതമാക്കി അവതരിപ്പിക്കാൻ ശ്രമിക്കാം. ഇതുവരെ അറിഞ്ഞതും അറിയാത്തതുമായ പ്രപഞ്ചരഹസ്യങ്ങളുടെ ആകെമൊത്തം എന്നതു് നൂറുമീറ്റർ വ്യാസമുള്ള ഒരു ഗോളമാണെന്നു് കരുതിയാൽ, മനുഷ്യർക്കു് ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെ ഇതുവരെ അറിയാൻ കഴിഞ്ഞ പ്രപഞ്ചരഹസ്യങ്ങൾ എല്ലാം കൂടി അഞ്ചു് മീറ്റർ വ്യാസമുള്ള ഒരു ചെറിയ ഗോളം മാത്രമായിരിക്കും. എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യജ്ഞാനം ഒതുങ്ങുന്ന ഈ ചെറിയ ഗോളം വലിയ ഗോളത്തിന്റെ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്നു എന്നുകൂടി സങ്കൽപിക്കുക. അജ്ഞതയുടെ വലിയ ഗോളത്തിൽ കുടുങ്ങിക്കിടക്കുന്ന അറിവിന്റെ ഒരു ചെറിയ ഗോളം. ഈ ചെറിയ ഗോളത്തിൽ കഴിഞ്ഞുകൊണ്ടാണു് വിശ്വാസിയും, നിരീശ്വരവാദിയും, യുക്തിവാദിയുമൊക്കെ അവരുടെ നിലപാടുകൾ വ്യക്തമാക്കാൻ ശ്രമിക്കുന്നതു്. ശാസ്ത്രജ്ഞരും അവരെ അംഗീകരിക്കുന്ന യുക്തിവാദികളും ഈ അഞ്ചു് മീറ്ററിനപ്പുറത്തുള്ള ഗോളത്തെപ്പറ്റി മനുഷ്യർക്കു് യാതൊന്നും അറിയില്ലെന്ന വസ്തുത പൂർണ്ണമനസ്സാലെ അംഗീകരിച്ചുകൊണ്ടു് അതിൽ നിന്നും കൂടുതലായി എന്തെങ്കിലും പഠിക്കാനോ മനസ്സിലാക്കാനോ ആവുമോ എന്നറിയാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവർക്കു് മുന്നേറാൻ കഴിയുന്ന ഓരോ മില്ലീമീറ്ററും അറിവിന്റെ ഗോളത്തിനു് സംഭവിക്കുന്ന വികാസവും, മാനവരാശിയുടെ വളർച്ചയുമാണു്. കണ്ണുതുറന്നു് നോക്കുന്ന ആർക്കും നിഷേധിക്കാനാവാത്ത ഒരു സത്യം. ശാസ്ത്രജ്ഞരുടെ ഈ പരിശ്രമത്തിൽ ഗണനീയം എന്നു് പറയാവുന്ന നേട്ടങ്ങൾ അവർ കൈവരിക്കാൻ തുടങ്ങിയിട്ടുതന്നെ ഏതാണ്ടു് മുന്നൂറു് വർഷങ്ങളേ ആയിട്ടുള്ളു. അതിനു് മുൻപു് കമ്പ്യൂട്ടർ എന്നോ ടെലിവിഷൻ എന്നോ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവനു് ഭൂതബാധയുണ്ടെന്നും അവനെ ചിതയിലെരിക്കണമെന്നും വിളിച്ചുകൂവുമായിരുന്നവരാണു് രണ്ടുകാലിൽ നടക്കുന്ന, മനുഷ്യർ എന്ന ദൈവസ്വരൂപികൾ! (മനുഷ്യർ ദൈവസ്വരൂപികളാണെങ്കിൽ, ദൈവത്തിനും കഴിഞ്ഞ ഏതാണ്ടു് മുപ്പതു് ലക്ഷം വർഷങ്ങൾക്കുള്ളിൽ കണ്ടാൽ തിരിച്ചറിയാത്ത വിധത്തിലുള്ള പരിണാമം സംഭവിച്ചിട്ടുണ്ടു് – ശിലായുഗമനുഷ്യരിൽ നിന്നും ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമം.)

ഇനി, ഈ അഞ്ചുമീറ്റർ ഗോളത്തിനുള്ളിൽത്തന്നെ കഴിയുന്ന തീവ്രവിശ്വാസികൾ എന്ന വിഭാഗം ചെയ്യുന്നതോ? അവരുടെ പ്രധാന ജോലി മാനവരാശിയുടെ വളർച്ചയെ തടയുക എന്നതാണു്. അതിനവർ ശത്രുചിത്രങ്ങൾ സൃഷ്ടിക്കുന്നു. പിശാചു് എന്നൊരു ശത്രുചിത്രം ഇല്ലാതെ അവരുടെ ദൈവത്തിനുപോലും നിലനിൽക്കാനാവില്ല. യുക്തിവാദികളും, ശാസ്ത്രജ്ഞരും, അവരുടെ പൊട്ടഗ്രന്ഥങ്ങളിൽ എഴുതിവച്ചിരിക്കുന്ന വിഡ്ഢിത്തങ്ങളെ വിഡ്ഢിത്തങ്ങൾ എന്നു് പേരുപറഞ്ഞു് വിളിക്കുന്ന എല്ലാവരും അവരുടെ ശത്രുക്കളാണു്. പോരെങ്കിൽ, ഒരു മതം മറ്റേതൊരു മതത്തിന്റേയും ശത്രുവാണു്. “ഞാനല്ലാതെ മറ്റൊരു ദൈവമില്ല” എന്നു് പഠിപ്പിക്കുന്ന ദൈവങ്ങളെ സൃഷ്ടിച്ചവർ മറ്റു് മതങ്ങളോടു് സഹിഷ്ണുത പ്രകടിപ്പിക്കുമെന്നു് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവൻ എത്രമാത്രം ശുദ്ധമനസ്കനായിരിക്കണം എന്നു് ചിന്തിച്ചാൽ മതി. ഹിന്ദുക്കൾ പൊതുവേ മറ്റു് മതങ്ങളുടെ നേരെ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയുടെ ഒരു പ്രധാന കാരണം അവരുടെ ബഹുദൈവവിശ്വാസമാണു്. പക്ഷേ, ഇവിടെ ഞാൻ സൂചിപ്പിക്കാൻ ഉദ്ദേശിക്കുന്നതു് മറ്റൊരു കാര്യമാണു്. പ്രപഞ്ചരഹസ്യങ്ങളെ സംബന്ധിച്ചു് മനുഷ്യർക്കു് അഞ്ചു് ശതമാനം അറിവുണ്ടു് എന്നു് പറയുന്നതു്, എല്ലാത്തരത്തിലും പെട്ട ഫാക്കൾട്ടികളുടെ മൊത്തമായ അറിവാണു്. സ്പെഷ്യലൈസേഷൻ മൂലം, ഒരു വ്യക്തിയുടെ അറിവു് എന്നതു്, അവൻ ഒരു ശാസ്ത്രജ്ഞനായാൽ പോലും, വളരെ പരിമിതമാണു്. ഒരു ന്യൂക്ലിയർ ഫിസിസിസ്റ്റിന്റെ മേഖലയല്ല ഒരു അറ്റ്‌മോസ്ഫറിക്‌ ഫിസിസിസ്റ്റിന്റേതു്. ഒരു കാർഡിയോളജിസ്റ്റിന്റെ മേഖലയല്ല ഒരു ഓർത്തോപീഡിസ്റ്റിന്റേതു്. അവരുടെയെല്ലാം പൊതുവിജ്ഞാനത്തിൽ മറ്റു് ശാസ്ത്രശാഖകളും കലയും സാഹിത്യവും രാഷ്ട്രീയവുമൊന്നുമുണ്ടാവില്ല എന്നല്ല ഇതിനർത്ഥം. ഈ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, ഏറ്റവും കുറഞ്ഞ അറിവുകൊണ്ടു് തടിതപ്പാൻ കഴിയുന്നവനാണു് മതപണ്ഡിതൻ എന്നു് നിഗളിക്കുന്ന ദൈവവിശ്വാസി. അതിനു് സ്വന്തം വേദഗ്രന്ഥം പോലും വായിക്കണമെന്നില്ല. വായിക്കാതിരിക്കുന്നതാണു് കൂടുതൽ നല്ലതും. കാരണം, മണ്ടത്തരം വിളിച്ചുപറയുമ്പോൾ ഉളുപ്പു് തോന്നാതിരിക്കാൻ അതു് സഹായിക്കും. അവനു് ആകെ കൈമുതലായി വേണ്ടതു് വാചകമടിക്കാനുള്ള ശേഷിയാണു്. ഈ ശേഷിയുണ്ടെങ്കിൽ ഏതു് പൂജ്യം പരിജ്ഞാനിക്കും അവനേക്കാൾ മണ്ടന്മാരായവരുടെ മുന്നിൽ സംപൂജ്യനായ പരിജ്ഞാനിയായി ചമയാം.

ഈ അഞ്ചുമീറ്റർ ഗോളത്തിനുള്ളിൽ നിന്നു് ശാസ്ത്രജ്ഞർ ഓരോ മില്ലീമീറ്റർ അറിവിനും വേണ്ടി പൊരുതുമ്പോൾ, ഒരു കിത്താബും കക്ഷത്തിൽ വച്ചു് കുറെ കോമാളികൾ, വെളിവുള്ള ഒരു മനുഷ്യനും സങ്കൽപിക്കാൻ പോലും കഴിയാത്ത അജ്ഞാത പ്രപഞ്ചത്തിന്റെയും കൂടി ചുമതലക്കാരനാവേണ്ട ഒരു ദൈവം ഏതോ മൂലയിൽ ആർക്കോ വെളിപ്പെട്ടു് സകല കാലത്തേക്കും മാറ്റമില്ലാത്തതും, സകലപ്രപഞ്ചത്തിനും ബാധകമായതുമായ എന്തൊക്കെയോ പറഞ്ഞുവെന്നു് പുലമ്പുന്നു. ഇവരിൽ ആരാണു് വിശ്വാസയോഗ്യർ? ശാസ്ത്രജ്ഞരോ അതോ ഇത്തരം വിടുവായന്മാരോ? എന്തുകൊണ്ടു് അവർ ശാസ്ത്രജ്ഞർ പരിഹരിക്കാൻ ശ്രമിക്കുന്ന പ്രശ്നങ്ങൾക്കു് അവരുടെ കിത്താബിൽ ദൈവം പണ്ടേ കുറിച്ചുവച്ചിട്ടുള്ള മറുപടികൾ കാണിച്ചുകൊടുക്കുന്നില്ല? ഒന്നരയും രണ്ടും അതിൽ കൂടുതലുമൊക്കെ സഹസ്രാബ്ദങ്ങളായി ഭൂമിയിൽ നിലനിൽക്കുന്നവയാണു് മതങ്ങൾ. മനുഷ്യർ സ്വായത്തമാക്കിയ ശാസ്ത്രീയ നേട്ടങ്ങൾ അവരവരുടെ മതഗ്രന്ഥങ്ങളിൽ പണ്ടേ ഉണ്ടായിരുന്നു എന്നു് സ്ഥാപിക്കുവാനുള്ള അരിച്ചുപെറുക്കലല്ലാതെ, ഞങ്ങൾ പറയുന്നതു് മറുചോദ്യമില്ലാതെ അനുസരിച്ചു് ജീവിച്ചാൽ മരിച്ചു് ചെല്ലുമ്പോൾ കുറേയധികം പുഴുങ്ങി വച്ചിട്ടുണ്ടെന്നുള്ള വീമ്പിളക്കലല്ലാതെ, മനുഷ്യരുടെ ഭൗതികമായ പുരോഗതിക്കുവേണ്ടി മതങ്ങൾ എന്താണു് ഇതുവരെ ചെയ്തതു്? ഭൂമിയിൽ ദുരിതവും പട്ടിണിയും കഷ്ടപ്പാടും അവസാനിക്കാതിരിക്കണമെന്നാണു് ഏതൊരു മതവും ആഗ്രഹിക്കുന്നതു്. കാരണം, അഗതികളേയും അജ്ഞരേയും കബളിപ്പിക്കുന്നതാണു് കൂടുതൽ എളുപ്പം. ദരിദ്ര രാജ്യങ്ങളിലാണു് ഏറ്റവും കൂടുതൽ വിശ്വാസികൾ എന്നതു് ഒരു യാദൃച്ഛികതയല്ല. മുന്നൂറു് വർഷങ്ങൾക്കു് മുൻപു് ഇന്നു് വ്യാഖ്യാനിച്ചു് സ്വയം നാണംകെടുന്ന ശാസ്ത്രീയതകൾ ഈ കിത്താബുകളിൽ ഉണ്ടായിരുന്നില്ല എന്നു് വരുമോ?

സർവ്വശക്തൻ, സർവ്വജ്ഞാനി, സർവ്വവ്യാപി, ആശ്രിതവത്സലൻ, കരുണാനിധി, ശത്രുസംഹാരി, … അങ്ങനെ മനുഷ്യർ ഉത്തമഗുണങ്ങൾ എന്നു് കരുതുന്ന എല്ലാ സ്വഭാവവിശേഷങ്ങളും ഉള്ള ഒരു സൂപ്പർജ്ജീവിയാണു് വിശ്വാസികളായ മനുഷ്യരുടെ മുന്നിൽ മതങ്ങൾ അവതരിപ്പിക്കുന്ന ദൈവം. അതുപോലൊരു ദൈവം ഒരു യാഥാർത്ഥ്യമായിരുന്നെങ്കിൽ, അവന്റെ കൈവേലയായിരുന്നു ഈ പ്രപഞ്ചവും മനുഷ്യരുമെങ്കിൽ, ഈ ലോകത്തിലെ മനുഷ്യരുടെ അവസ്ഥ മറ്റൊന്നായിരുന്നേനെ എന്നു് മനസ്സിലാക്കാൻ എന്തു് കാരണം കൊണ്ടായാലും കഴിവില്ലാത്തവർ വിശ്വാസികളായി തുടരുന്നതാണു് എന്റെ അഭിപ്രായത്തിൽ അവർക്കു് നല്ലതു്. യുക്തിചിന്തയെ പുലഭ്യം പറയുന്ന അതേ നാവുകൊണ്ടു് അടുത്തനിമിഷംതന്നെ എന്റെ വിശ്വാസവും യുക്തിപൂർവ്വമായതാണെന്നു് പറയുന്നവർക്കും, ശാസ്ത്രീയചിന്തയെ ദൈവനിഷേധമെന്നു് അവഹേളിച്ചുകൊണ്ടു് തന്റെ വേദഗ്രന്ഥം മുഴുവൻ ശാസ്ത്രസത്യങ്ങളുടെ മഹാസാഗരമാണെന്നു് വരുത്തിത്തീർക്കാൻ എത്ര പരിഹാസ്യമായ വാദഗതികളിലും അഭയം തേടാൻ മടിയില്ലാത്തവർക്കും, ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാനായി, വിശ്വാസികളുടെ അഭിപ്രായത്തിൽ, നരകത്തിലെ വിറകുകളാവാനല്ലാതെ മറ്റൊന്നിനും കൊള്ളാത്ത അഭിശപ്തരായ ശാസ്ത്രജ്ഞരുടെ വാക്കുകളെത്തന്നെ ഉദ്ധരിക്കുന്നതിലെ വിരോധാഭാസം കാണാൻ കണ്ണില്ലാത്തവർക്കുമൊന്നും (ദൈവം!) വിധിച്ചിട്ടുള്ളതല്ല സ്വതന്ത്രവും യുക്തിഭദ്രവുമായ ചിന്തകൾ. തന്റെ മതഗ്രന്ഥത്തിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്നു് സ്ഥാപിക്കാനായി ഒരുവൻ ഇത്തരം കേവലവൈരുദ്ധ്യങ്ങളെത്തന്നെ അവന്റെ വാദഗതികളുടെ അടിത്തറയാക്കുന്നുവെങ്കിൽ, അവനു് വൈരുദ്ധ്യം എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ല എന്നേ മനസ്സിലാക്കേണ്ടതുള്ളു. ഒരു ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതു് മുഴുവൻ അക്ഷരം പ്രതി സത്യമാണെന്നു് തെളിയിക്കാൻ അതേ ഗ്രന്ഥത്തിലെതന്നെ വാക്യങ്ങൾ ഉപയോഗിക്കുന്നത്ര അർത്ഥശൂന്യവും പരിഹാസ്യവുമാണു് അതുപോലുള്ള വാദഗതികൾ. അത്തരക്കാരുമായുള്ള ചർച്ചകൾ എവിടെയാവും എത്തിച്ചേരുക എന്നു് പ്രത്യേകം പറയേണ്ടതുണ്ടെന്നും തോന്നുന്നില്ല.

 
10 Comments

Posted by on Nov 6, 2010 in മതം

 

Tags: ,