നീ സ്വയം ഒന്നാലോചിച്ചുനോക്കൂ: നിന്റെ ഏറ്റവും അടുത്ത പരിചിതരുടെ കാര്യത്തില്‍ പോലും എത്ര വ്യത്യസ്തമാണു് ധാരണകള്‍, എത്ര വിഭിന്നമാണു് അഭിപ്രായങ്ങള്‍! ഒരേ അഭിപ്രായത്തിനുതന്നെ നിന്റെ സുഹൃത്തുക്കളുടെ മനസ്സില്‍ നിന്റേതിനേക്കാള്‍ എത്ര വ്യത്യസ്തമായ സ്ഥാനവും വിലയുമാണു്! തെറ്റിദ്ധാരണകള്‍ക്കും, ശത്രുതാപരമായ പരസ്പര അകല്‍ചയ്ക്കും നൂറുകണക്കിനു് അവസരങ്ങള്‍! അതിന്റെ എല്ലാം ഫലമായി നീ നിന്നോടുതന്നെ പറഞ്ഞേക്കാം: നമ്മുടെ എല്ലാ കൂട്ടുകെട്ടുകളും സൗഹൃദങ്ങളും എത്ര ഉറപ്പില്ലാത്ത തറയിലാണു് നില്‍ക്കുന്നതു്; എത്ര അടുത്താണു് തണുത്ത മഴകള്‍, കലുഷിതമായ കാലാവസ്ഥകള്‍, എത്ര ഏകാന്തനാണു് ഓരോ മനുഷ്യനും!
ഒരുവന്‍ ഈ വസ്തുതയോടൊപ്പം, എല്ലാ അഭിപ്രായങ്ങളുടെയും പ്രവൃത്തികളുടെയും രീതിയും കരുത്തും അവന്റെ സഹമനുഷ്യര്‍ക്കു് എത്ര അത്യാവശ്യവും, ഉത്തരവാദിത്വം ഏല്‍ക്കാനാവാത്തതുമാണെന്നും തിരിച്ചറിഞ്ഞാല്‍, സ്വഭാവത്തിന്റേയും, തൊഴിലിന്റേയും, കഴിവിന്റെയും, ചുറ്റുപാടുകളുടെയും വേര്‍പെടുത്താനാവാത്ത കെട്ടുപിണയലുകളില്‍നിന്നും ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങളുടെ പിന്നിലെ ആന്തരികനിര്‍ബന്ധം മനസ്സിലാക്കാനുതകുന്നൊരു ദൃഷ്ടി നേടിയെടുക്കുവാന്‍ അവനു് കഴിഞ്ഞേക്കാം. ഒരുപക്ഷേ അതുവഴി അവനു് “സുഹൃത്തുക്കളേ, സുഹൃത്തുക്കളായി ആരുമില്ല” എന്നു് വിലപിച്ച ജ്ഞാനിയുടെ അനുഭവതീവ്രതയുടെ കയ്പുരസം ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. അതിലുപരി, ചിലപ്പോള്‍ അവന്‍ സമ്മതിച്ചേക്കാം: അതേ, സുഹൃത്തുക്കളുണ്ടു്; പക്ഷേ, അബദ്ധവും, നിന്നെപ്പറ്റിയുള്ള തെറ്റിദ്ധാരണയുമാണു് അവരെ നിന്നിലേക്കടുപ്പിച്ചതു്. നിന്റെ സുഹൃത്തുക്കളായി തുടരാന്‍ അവര്‍ നിശ്ശബ്ദത പാലിക്കാന്‍ പഠിച്ചവരായിരിക്കണം. കാരണം, മിക്കവാറും എല്ലായ്പോഴും അതുപോലുള്ള മാനുഷികബന്ധങ്ങള്‍ നിലനില്‍ക്കുന്നതു് ഏതാനും ചില കാര്യങ്ങള്‍ ഒരിക്കലും പറയപ്പെടാതിരിക്കുന്നതിലൂടെ, അവയെ ഒരിക്കലും സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലൂടെ മാത്രമാണു്: അത്തരം കല്ലുകള്‍ ഉരുളാന്‍ തുടങ്ങിയാല്‍ അവയെ പിന്തുടര്‍ന്നു് ആ സൗഹൃദങ്ങളും തകരും! തന്നെപ്പറ്റി തന്റെ ആത്മസുഹൃത്തുക്കള്‍ക്കു് അറിയാവുന്ന അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിയേണ്ടിവന്നാല്‍ മരണകരമായി വ്രണപ്പെടേണ്ടിവരാത്ത മനുഷ്യരുണ്ടോ?
നമ്മള്‍ നമ്മളെത്തന്നെ തിരിച്ചറിയുന്നതിലൂടെ, നമ്മുടെ സ്വത്വവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന അഭിപ്രായങ്ങളുടെയും മാനസികാവസ്ഥകളുടെയും ഒരു മണ്ഡലം മാത്രമാണെന്നു് മനസ്സിലാക്കുന്നതിലൂടെ, അങ്ങനെ സ്വയം അല്‍പം വിലകുറച്ചു് കാണാന്‍ ശീലിക്കുന്നതിലൂടെ നമുക്കു് മറ്റുള്ളവരുമായി ഒരു സന്തുലിതാവസ്ഥ സ്ഥാപിക്കുവാന്‍ കഴിഞ്ഞേക്കാം. നമ്മുടെ പരിചയക്കാര്‍ക്കു്, അവര്‍ ഏറ്റവും വലിയവര്‍ ആയാല്‍ പോലും, വില കല്‍പിക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്നതു് സത്യമാണു്. പക്ഷേ, അത്രയും തന്നെ കാരണങ്ങള്‍ അതേ പരിഗണനകള്‍ നമ്മുടെ നേരെ തിരിക്കാനും ഉണ്ടു്. അങ്ങനെ നമുക്കു് സ്വയം സഹിക്കുന്നതുപോലെ പരസ്പരവും സഹിക്കാന്‍ ശ്രമിക്കാം! അതുവഴി ചിലപ്പോള്‍ ഓരോരുത്തനും ഒരിക്കല്‍ സന്തോഷത്തിന്റെ നാഴിക വരികയും, “സുഹൃത്തുക്കളേ, സുഹൃത്തുക്കളായി ആരുമില്ല!” എന്നു് മരിക്കുന്ന ജ്ഞാനി വിലപിച്ചതുപോലെ, “ശത്രുക്കളേ, ശത്രുവായി ആരുമില്ല!” എന്നു് ജീവിക്കുന്ന വിഡ്ഢിയായ ഞാന്‍ പറയുന്നു എന്നു് വിളിച്ചുപറയാന്‍ കഴിയുകയും ചെയ്തേക്കാം.