RSS

Face-Book 2017-19

January 2019

Jan 1, 2019, 6:20 PM

വനിതാമതിലിന്റെ ചിത്രങ്ങളും വീഡിയോകളും കണ്ടതിൽനിന്നും എനിക്കു് മനസ്സിലായതു്, അതിന്റെ ഏതു് ഭാഗമാണു് വീക്ഷിക്കുന്നതു് എന്നതിനനുസരിച്ചു്, മതിൽനിർമ്മാണം ഒരേസമയം മഹാവിജയവും വൻപരാജയവുമായിരുന്നു എന്നു് പറയുന്നതിൽ വൈരുദ്ധ്യമൊന്നുമില്ല എന്നാണു്. കാണാൻ ആഗ്രഹിക്കുന്നതു് മാത്രം കാണാൻ കഴിയുന്നവിധം കണ്ഡീഷൻ ചെയ്യപ്പെടുന്നവരാണു് മനുഷ്യർ. കാഴ്ചക്കാരന്റെ വീക്ഷണകോണിൽ അധിഷ്ഠിതമായിരിക്കും അവന്റെ ലോകചിത്രം. മതിലിലെ തിങ്ങലുകൾ കാണാനും, വിള്ളലുകൾ കാണാതിരിക്കാനും – നേരേ മറിച്ചും – മനുഷ്യർക്കു് കഴിയുന്നതു് അതുകൊണ്ടാണു്. വിശാലമായ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ടുപോലും കാണാൻ കഴിയാത്തവിധം സങ്കീർണ്ണമാണു് ലോകത്തിലെ പല കാര്യങ്ങളും. അതുകൊണ്ടുതന്നെ, വിശാലമായ ധാരാളം ചൂഷണസാദ്ധ്യതകളും അവയിൽ മറഞ്ഞിരിക്കുന്നുണ്ടു്. അതു് കൃത്യമായി മനസ്സിലാക്കിയിട്ടുള്ളവരാണു് രാഷ്ട്രീയക്കാർ, പള്ളിക്കാർ, പത്രമുത്തശികൾ തുടങ്ങിയവർ. ജനത്തെ അജ്ഞതയിൽ നിലനിർത്തണം എന്ന ഒരു നിബന്ധനയേയുള്ളു.

January 2018

Jan 2, 2018, 5:11 PM

ഇൻഡ്യയിൽ ഒരു പുതിയ ചികിത്സാരീതി തുടങ്ങിയെന്നോ, തുടങ്ങാൻ പോകുന്നു എന്നോ ഒരു വാർത്ത ഫെയ്സ്ബുക്കിൽ കണ്ടു. ചികിത്സാപദ്ധതികളുടെ അലകും പിടിയും മാറ്റുന്ന ഒരു സമൂലപരിവർത്തനമാണു് ഗവണ്മെന്റ് ലക്ഷ്യമിടുന്നതത്രെ! ഈ ചികിത്സാരീതിയുടെ തേരാളികൾ “Kid Doctors” എന്നറിയപ്പെടുന്ന ആറാംക്ലാസ്, ഏഴാംക്ലാസ് വിദ്യാർത്ഥികളാണു്. കഴുത്തിൽ സ്റ്റെതസ്കോപ്പും കയ്യിൽ മരുന്നുപെട്ടിയുമായി അവർ മറ്റു് വിദ്യാർത്ഥികളുടെ നെഞ്ചിൻകൂടു് പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യും. അവരുടെ പ്രായക്കുറവു് ഒരരികിലേക്കു് മാറ്റി വച്ചാൽ, സ്റ്റെതസ്കോപ്പ് കഴുത്തിൽ തൂക്കിയ ലാടഗുരുക്കൾ എന്നു് അവരെ വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. വായു ഗുളികളോടൊപ്പം പൊട്ടാസ്യം സയനൈഡ് ക്യാപ്സുളുകളും കൂടി അമൃതു് എന്ന ലേബലിൽ പെട്ടിയിൽ വച്ചാൽ വംശശുദ്ധി എന്ന ലക്ഷ്യം ഒരു പിള്ളേരുകളിപോലെ ലളിതമായി നേടാനാവും. ഹിറ്റ്ലർക്കുപോലും തോന്നാഞ്ഞ ആ കൂർമ്മബുദ്ധിയെ ഭാവിലോകചരിത്രകാരന്മാർ പാടിപ്പുകഴ്ത്തും. മത-ജാതി കലർപ്പുകൾ ഒന്നുമില്ലാത്ത ശ്രീ ശ്രീ ഭാരതീയരൊഴികെ ബാക്കി എല്ലാറ്റിനേയും ബാല്യത്തിലേ തന്നെ കാലപുരിയ്ക്കയക്കാൻ കിട്ടുന്ന ഈ സുവർണ്ണാവസരം പാഴാക്കുന്നതു് തികഞ്ഞ വിഡ്ഢിത്തമായിരിക്കുമെന്നു് ഓർത്താൽ നന്നു്.

ഗുജറാത്തിലാണെന്നു് തോന്നുന്നു ഈ “ബാൽ ഡോക്ടേഴ്സ്” കന്നിയങ്കം കുറിക്കുന്നതു്. ഹരിജനങ്ങൾ-ശ്രീശ്രീജനങ്ങൾ എന്നു് മനുഷ്യരെ വേർതിരിച്ച മഹാത്മാഗാന്ധിയുടെ സംസ്ഥാനം എന്ന നിലയിൽ അതു് ബുദ്ധിപൂർവ്വമായ ഒരു തിരഞ്ഞെടുപ്പാണെന്നു് പറയാതെ വയ്യ. ഭാരമുള്ളിടത്തു് തൂക്കം കൂടുമെന്നാണല്ലോ മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന ബ്ലോക്ക് ബസ്റ്ററിൽ മണവാളൻ ജോസഫും പറഞ്ഞതു്. മന്ത്രിയാവാൻ നാലാംക്ലാസ് പോലും പാസാകേണ്ട ആവശ്യമില്ലാത്ത നാട്ടിൽ “ബാൽ ഡോക്ടേഴ്സിന്റെ” വിദ്യാഭ്യാസയോഗ്യത ഒരു രണ്ടാംക്ലാസ്, ഏറിയാൽ മൂന്നാംക്ലാസ് അതിൽ കൂടേണ്ടിയിരുന്നോ എന്നൊരു സന്ദേഹം മാത്രമേ എനിക്കുള്ളു.

സ്റ്റെതസ്കോപ്പു് കഴുത്തിൽ തൂക്കി ഡോക്ടർ, ത്രിവർണ്ണകോണകം കഴുത്തിൽ തൂക്കി രാഷ്ട്രീയ നേതാവു്, കാവിചുറ്റി വാനപ്രസ്ഥൻ, അഥവാ കാട്ടുപ്രസ്ഥാനൻ മുതലായ യോഗ്യതകൾ അഭിനയിക്കൽ ലോകത്തിൽ പുതിയതല്ല. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ, ഒരു പുലി ആയിരുന്ന ഏലീയാപ്രവാചകനെ ദൈവം ഒരു ചുഴലിക്കാറ്റിൽ കയറ്റി സ്വർഗ്ഗത്തിലേക്കു് കൊണ്ടുപോയ പോക്കിനു് താഴെ വീണ പുതപ്പാണു് അവന്റെ ശിഷ്യനായിരുന്ന എലീശായേയും ഒരു ചെറിയ പുലിയാക്കിത്തീർത്തതു്. യോർദ്ദാൻ നദിയെ രണ്ടായി പിളർത്താൻ കഴിവുള്ള ഏലീയായുടെ പുതപ്പു്! പ്രവാചകന്മാരുടെ കാലത്തു് ചുഴലിക്കാറ്റുകൾ ഇന്നത്തെപ്പോലെ തോന്നിയിടത്തു് പോയി വീശുന്ന തോന്നിയവാസികൾ അല്ലായിരുന്നു. അന്നൊക്കെ, യഹോവ പറഞ്ഞാൽ മാത്രം അവ ഭൂമിയിലേക്കു് വരും, പറഞ്ഞില്ലെങ്കിൽ ചുമ്മാ ഓരോന്നു് ആലോചിച്ചുകൊണ്ടു് സ്വർഗ്ഗത്തിലെ ഏതെങ്കിലുമൊരു മൂലയിൽ അടങ്ങിയൊതുങ്ങിയിരിക്കും, അതായിരുന്നു രീതി.

ബാഹ്യാലങ്കാരങ്ങൾ കാഴ്ചക്കാരുടെ മനസ്സിലുണർത്തുന്ന വികാരവിചാരങ്ങൾ അങ്ങേയറ്റം വ്യത്യസ്തമാണു്. കഥകളിവേഷം ഇട്ടുകൊണ്ടു് ആരും ഗരുഡൻതൂക്കം കളിക്കാത്തതും, ഓട്ടൻ തുള്ളൽ വേഷത്തിൽ ആരും വിശുദ്ധ കുർബ്ബാന ചൊല്ലാത്തതും അതുകൊണ്ടാണു്. അതിലും അപകടം കുറഞ്ഞ കലാപരിപാടിയാണു് ഭാരതത്തിൽ സ്റ്റെതസ്കോപ്പിനുപകരം കലൈഡോസ്കോപ്പ് ഉപയോഗിക്കുന്നതു്.

Jan 7, 2018, 11:28 AM

മനഃക്ലേശം, ഉത്കണ്ഠ തുടങ്ങിയ മാനസികമായ ഘടകങ്ങൾ മൂലം ഉണ്ടാകാവുന്നതോ വർദ്ധിക്കാവുന്നതോ ആയ ശാരീരികരോഗങ്ങളെയാണു് സൈക്കോസൊമാറ്റിക് ഡിസോർഡർ എന്നു് പൊതുവേ വിളിക്കുന്നതു്. ശരീരം എന്ന അനുഭവം ഉണ്ടാവാൻ മനസ്സു് ഇല്ലാതെ കഴിയില്ലല്ലോ. “അത്യാവശ്യസർവ്വീസുകൾ” പ്രവർത്തനക്ഷമമാണെങ്കിൽ, “ചെറിയ” അബോധാവസ്ഥയിലും ശരീരത്തിനു് നിലനിൽക്കാൻ കഴിഞ്ഞേക്കാമെങ്കിലും, ശരീരം ഇല്ലാത്ത അവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്ന ഒന്നല്ല മനസ്സു്. ജീവിച്ചിരുന്നപ്പോൾ ഒരാൾ ചെയ്ത കാര്യങ്ങൾ വഴി സത്ഫലങ്ങൾ അനുഭവിക്കുന്നവർക്കു് അയാളെപ്പറ്റിയുള്ള ഓർമ്മകൾ ആഘോഷിക്കാമെന്നല്ലാതെ, അയാൾക്കോ, അയാളുടെ മനസ്സിനോ വേണ്ടി അയാൾ മരിച്ചശേഷം എന്തു് ചെയ്തിട്ടും കാര്യമൊന്നുമില്ല. മരണാനന്തരക്രിയകൾ വഴി ചെയ്ത നല്ല കാര്യങ്ങളേയും ചീത്ത കാര്യങ്ങളേയും ചെയ്യാത്തവയാക്കാനോ, ചെയ്യാത്തവയെ ചെയ്തവയാക്കാനോ കഴിയില്ല.

മനസ്സിനെ ആത്മാവു് എന്നു് പേരുമാറ്റി വിളിച്ചു്, സ്വയം നിലനില്പുള്ള ഒരു അസ്തിത്വം എന്നു് വരുത്തിയാൽ, ഒരുപക്ഷേ, മരണാനന്തരക്രിയകൾ കൊണ്ടു് പുരോഹിതന്മാർക്കോ കാക്കകൾക്കോ വല്ല പ്രയോജനവും ഉണ്ടായേക്കാം. ശരീരം-മനസ്സു് എന്ന യൂണിറ്റിനു് അപ്പുറം ഒരു ആത്മാവിനെക്കൂടി പ്രതിഷ്ഠിക്കുന്നതുവഴി ആർക്കെങ്കിലും നേട്ടമുണ്ടെങ്കിൽ അതവർക്കു് മാത്രമാണു്. മരിച്ചവരുടെ ആത്മാക്കൾക്കു് എന്ന പേരിൽ ആർക്കെങ്കിലും ആഹാരം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല. വിശപ്പുണ്ടെങ്കിലും, ആഹാരത്തിനു് വകയില്ലാത്തവർക്കാണു് കൊടുക്കുന്നതെങ്കിൽ ഒന്നുകൂടി നല്ലതു്. മനുഷ്യർ, കാക്കകൾ, പൂച്ചകൾ, നായ്ക്കൾ എല്ലാം വിശപ്പുള്ള ഇനങ്ങളാണു്. നന്ദി പ്രതീക്ഷിച്ചാണു് ആഹാരം കൊടുക്കുന്നതെങ്കിൽ നായ്ക്കൾക്കു് കൊടുക്കാൻ ശ്രദ്ധിച്ചാൽ നിരാശപ്പെടേണ്ടിവരില്ല.

മിക്കവാറും എല്ലാ രോഗങ്ങളിലും മനസ്സു് സജീവമായിത്തന്നെ പങ്കു് വഹിക്കുന്നുണ്ടു്. ഊതിയും, തുപ്പിയും, പറയാൻ കൊള്ളാവുന്നതും കൊള്ളാത്തതുമായ ശരീരഭാഗങ്ങളിൽ കയ്യും കാലും വച്ചുമെല്ലാം രോഗം മാറ്റിയെടുക്കാൻ രോഗിയും വൈദ്യനും ഒരുപോലെ ആവേശം കാണിക്കുന്നതിന്റെയും, പലപ്പോഴും ആ ശ്രമങ്ങൾ വിജയിക്കുന്നതിന്റെയും പിന്നിൽ പ്രവർത്തിക്കുന്നതു് ഈ രണ്ടു് വിഭാഗത്തിന്റെയും മനസ്സല്ലാതെ മറ്റൊന്നുമല്ല.

തന്റെ ആരാധനാപാത്രത്തെ ജീവൻ നൽകിയും സംരക്ഷിക്കാൻ ബാദ്ധ്യസ്ഥനെന്നു് കണ്ഡീഷൻ ചെയ്യപ്പെട്ടിട്ടുള്ള ഒരു വ്യക്തിക്കു് ആ വിഗ്രഹം ചോദ്യം ചെയ്യപ്പെടുന്നതു് കാണുമ്പോൾ ഉണ്ടാവുന്ന മാനസികസംഘർഷം ഒരു ശാരീരികാസ്വാസ്ഥ്യം എന്നപോലെ അനുഭവപ്പെടുന്നതും ഒരുതരം സൈക്കൊസൊമാറ്റിക് ഡിസോർഡർ ആയിരിക്കാമെന്നു് കരുതുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു. മതം, രാഷ്ട്രീയം എന്നീ മേഖലകളിലെ കണ്ഡീഷൻഡ് സ്വത്വങ്ങൾക്കു് മാനസികമായ ഈ ക്രമഭംഗം പിടിപെട്ടാൽ അതു് പലപ്പോഴും അംഗഛേദം, അറുകൊല, തെറിവിളി, പൊതുസ്വത്തിന്റെയും സ്വകാര്യസ്വത്തിന്റെയും നശീകരണം മുതലായ ഹീനനിലകളിലേക്കു് കൂപ്പുകുത്തുന്നതായി കാണാറുണ്ടു്. അതു് ആരോഗ്യത്തിന്റെ ലക്ഷണമായി കരുതാനാവുമോ? മാനസികരോഗങ്ങൾ മൂക്കുമ്പോൾ ദേഹോപദ്രവത്തിന്റെ ലെവലിലേക്കു് എത്തുന്നതു് അസാധാരണമല്ല. അതുകൊണ്ടു്, റിയൽ ലോകത്തിലായാലും, വിർച്വൽ ലോകത്തിലായാലും, ചികിത്സ സാദ്ധ്യമല്ലാത്ത സൈക്കൊസൊമാറ്റിക് ഡിസോർഡറുകളിൽ നിന്നും അല്പം അകന്നു് നിൽക്കുന്നതായിരിക്കും നോൺ-പാർട്ടിസിപ്പന്റ്സായ നാട്ടുകാർക്കു് നല്ലതു്.

Jan 9, 2018, 11:45 AM

ഒരു കേവലശാസ്ത്രീയസത്യം പത്തു് വർഷങ്ങൾ ആവർത്തിച്ചു് ചെവിയിൽ “ഓതിയിട്ടും” അതു് അംഗീകരിക്കാൻ തയ്യാറാവാതെ, അതിനു് കടകവിരുദ്ധമായ (മതപരമോ, രാഷ്ട്രീയമോ ആയ) ഒരു വിശ്വാസപ്രമാണത്തെ നിത്യസത്യം എന്നു് സ്വയം വിശ്വസിക്കുകയും, ഏതു് വളഞ്ഞവഴികളും ഉപയോഗിച്ചു് ആ ഒറ്റമൂലിസത്യത്തെ മറ്റു് മനുഷ്യരിൽക്കൂടി അടിച്ചേൽപ്പിക്കാൻ മടി കാണിക്കാതിരിക്കുകയും ചെയ്യുന്നവരുമായി യുക്തിഭദ്രമായ ഒരു സംവാദം സാദ്ധ്യമല്ല. ഇതു് അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. കാരണം, ഒരു മനുഷ്യജീവിതത്തിനു് ലഭ്യമായ മൊത്തം എനർജിയുടെ അളവു് – ഓരോ വ്യക്തിയിലും വ്യത്യസ്തമാണെങ്കിലും – പരിമിതമായതിനാൽ ഊർജ്ജപരമായ ഒരു അകാലപാപ്പരത്വം ഒഴിവാക്കാൻ അതു് സഹായിക്കും. നന്മ മാത്രമല്ല, കാണുന്നവർക്കെല്ലാം വാരിക്കോരി കൊടുക്കാൻ മാത്രം എനർജിയും ഈ ലോകത്തിലില്ല.

Jan 19, 2018, 10:20 AM

മേലാളന്മാരുടെ കാറുകളിൽ തിരിച്ചറിയൽ പ്ലേറ്റുകൾ ഫിറ്റ് ചെയ്യുക എന്ന ഭരണപരിഷ്കാരം ഗവണ്മെന്റ് നടപ്പിലാക്കിയിട്ടു് ഇപ്പോൾ രണ്ടു് വർഷമായെന്നു് ഫെയ്സ്ബുക്ക്. മേലാളന്മാരെ തിരിച്ചറിയാൻ കഴിയുക എന്നതു് പൊതുജനത്തെ സംബന്ധിച്ചു് ഒരു ഹൃദയാഭിലാഷമാണു്. ആരാധന അർഹിക്കുന്നവർക്കു് അതർപ്പിച്ചിരിക്കണമെന്നു് ജനത്തിനു് നിർബന്ധമുണ്ടു്. ആളെ തിരിച്ചറിഞ്ഞാലല്ലേ അതു് ചെയ്യാൻ പറ്റൂ? രാജഭരണകാലത്തു്, വേഷഭൂഷാദികൾ കണ്ടായിരുന്നു പൊതുജനം ഒരുവൻ രാജാവാണോ അല്ലയോ എന്നു് മനസ്സിലാക്കിയിരുന്നതു്. ആ രാജാപ്പാർട്ടിൽനിന്നും ഭൂഷകൾ ഒഴിവാക്കിയാൽ ഇന്നത്തെ ഇൻഡ്യൻ കോഫീഹൌസ് വെയ്റ്ററുടെ വേഷമായി. ജനാധിപത്യത്തിൽ ഉപഭോക്താവാണല്ലോ രാജാവു്! ഭൃത്യനെ ബഹുമാനിക്കുന്ന രാജാവിനെ ഭൃത്യൻ പോലും ബഹുമാനിക്കില്ല. അതാണു് ലോകഗതി. അതുകൊണ്ടാണു് ഭൂഷകൾ അണിയാനുള്ള അവകാശം ഭൃത്യൻസിനില്ലാത്തതു്. അതിൽ ഏറ്റവും സന്തോഷിക്കുന്നതു് ഭൃത്യൻസ് തന്നെയാണെന്നതു് രസകരമായി തോന്നിയേക്കാം. പക്ഷേ, അല്ല.

മേലാളന്മാരെ തിരിച്ചറിയാൻ ജനത്തിനുള്ള അത്രതന്നെയോ അതിൽ കൂടുതലോ ആഗ്രഹം ജനത്തെ തിരിച്ചറിയാൻ മേലാളന്മാർക്കുമുണ്ടു്. പ്രീണനം, പീഡനം, അവഗണന, വോട്ട് ബാങ്ക്, ഉന്മൂലനം തുടങ്ങിയ പല പരിഗണനകൾ ആ ആഗ്രഹത്തിനു് പിന്നിലുണ്ടാവാം. വ്യത്യസ്ത നിറങ്ങളിലുള്ള പാസ്പോർട്ട് (അങ്ങനെയൊരു പ്ലാനുണ്ടെങ്കിൽ) ആ ആഗ്രഹത്തിന്റെ നിറവേറ്റൽ മുന്നിൽ കണ്ടു് രൂപകല്പനം ചെയ്തതായിക്കൂടെന്നില്ല. പാസ്പോർട്ടിന്റെ പുറംചട്ട മാരിവിൽ വർണ്ണങ്ങളിൽ ആക്കിയാൽ, ഓരോരുത്തരെയും അവരുടെ ജാതി, മതം, പാർട്ടി, സെക്ഷ്വൽ ഓറിയെന്റേഷൻ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തിരിച്ചറിയാൻ കഴിയും. “നിന്റെ പാസ്പോർട്ട് കാണിക്കൂ, നീ ഏതു് ജാതിയെന്നു് ഞാൻ പറയാം” എന്ന നിലയിലേക്കു് ഭാരതത്തെ എത്രയും വേഗം പുരോഗമിപ്പിക്കണം എന്നാണെന്റെ അഭിപ്രായം. എലക്ട്രിക്കൽ എൻജിനിയറിങ്ങിലെ റെസിസ്റ്റർ കളർ കോഡ് പോലെ ഒരു പാസ്പോർട്ട് കളർ കോഡുകൂടി നിശ്ചയിച്ചു് ജനങ്ങളെ പഠിപ്പിച്ചാൽ സംഭവം എരമ്പും. മനുവിനു് ആശംസകൾ!

Jan 26, 2018, 8:42 AM

ഔദ്യോഗികജീവിതകാലത്തിലുടനീളം ആറടി മണ്ണിന്റെ മഹത്വം ഘോഷിച്ചവർക്കു് അവരുടെ ജീവിതം അതിന്റെ അന്ത്യഘട്ടത്തോടടുക്കുമ്പോൾ പദവികളും ബഹുമതികളും നൽകുന്നതു് അവരുടെ ജീവിതത്തിന്റെ ലക്ഷ്യത്തെത്തന്നെ അവഹേളിക്കുന്നതിനു് തുല്യമാണു്. ഇനി, കൊടുത്തേ തീരൂ എന്നുണ്ടെങ്കിൽ, ആറടി മണ്ണിനു് കൂടുതൽ അനുയോജ്യവും, ലൌകികവുമായ എന്തെങ്കിലും ബഹുമാനപുരസരം മുൻകൂറായി നൽകുന്നതിനേപ്പറ്റി ആലോചിക്കുന്നതു് ഉചിതമായിരിക്കും എന്നാണെന്റെ അഭിപ്രായം.

ധനികനെങ്കിലും വൃദ്ധനായി ആരോഗ്യം നശിച്ച അപ്പനു് ഒരു നേരത്തെ ആഹാരം നൽകാൻ തയ്യാറാവാതിരുന്ന മക്കൾ, അവൻ സംസാരശേഷി നശിച്ചു് മരണക്കിടക്കയിൽ കിടന്നപ്പോൾ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാണാനെത്തിയെന്നും, ആ വിഭവങ്ങൾ ഇനി അവിടെ വച്ചാൽ മതി എന്നു് സൂചിപ്പിക്കാൻ അവൻ തന്റെ ആസനത്തിലേക്കു് കൈ ചൂണ്ടിയെന്നും ഒരു കഥ കേട്ടിട്ടുണ്ടു്. ഇതു് മുകളിൽ പറഞ്ഞ “ഞാനാപീഠദാനധർമ്മങ്ങളുടെ” മറ്റൊരു വേർഷൻ!

ആ പേരു് തെറ്റില്ലാതെ ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ടാണു്. അല്ലെങ്കിൽ ഞാനൊരു Lamborghini കാർ വാങ്ങിയേനെ!

Jan 26, 2018, 10:03 AM

ദുബായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനെപ്പറ്റി ഇതുവരെ എനിക്കു് നല്ല അഭിപ്രായമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ഇക്കഴിഞ്ഞ ദിവസം അവർ ഒരു ഇൻഡ്യൻ പൗരന്റെ പേരിൽ ഇൻഡ്യൻ കോൺസുലെറ്റിനു് ഇഷ്യൂ ചെയ്ത ഒരു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കണ്ടതോടെ ആ അഭിപ്രായത്തിനു് സാരമായ പോറലേറ്റു. Indian consulate-നെ അവർ അതിൽ Indian Conslate ആക്കിക്കളഞ്ഞു! ഏതെങ്കിലും ഒരു സാധു ആടു് ജീവിതമല്ല, “ഗവണ്മെന്റ് ഓഫ് ദുബായി”, “ദുബായി പോലീസ്” എന്ന ലെറ്റർ ഹെഡിൽ P.C.C. ഇഷ്യൂ ചെയ്യാൻ അധികാരമുള്ള ഒരു ആക്ടിങ് ഡയറക്ടറാണു് ആ കടുംകൈ ചെയ്തിരിക്കുന്നതു്! അതു് എന്റെ ഇൻഡ്യൻ ഹൃദയത്തിനു് താങ്ങാവുന്നതിലും അപ്പുറമാണു്. അതുകൊണ്ടു്, ദുബായി പോലീസ് ഡിപ്പാർട്ട്മെന്റിനെ സംബന്ധിച്ചു് എനിക്കുണ്ടായിരുന്ന എല്ലാ നല്ല അഭിപ്രായങ്ങളും മുൻകാലപ്രാബല്യത്തോടെ റദ്ദു് ചെയ്തിരിക്കുന്നതായി സംബന്ധപ്പെട്ട സകലരേയും ഇതിനാൽ അറിയിച്ചു് കൊള്ളുന്നു.

Jan 29, 2018, 10:11 AM

ഇന്നു് വായിച്ച ഒരു കലക്കൻ ഒറ്റവരിയൻ: “ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നതു് ഭരണഘടനാവിരുദ്ധം”.

അപ്പോൾ, “ശാസ്ത്രങ്ങളുടെ ശാസ്ത്രമായ” മാർക്സിസം പ്രചരിപ്പിക്കലിൽ നിന്നുതന്നെ ഐശ്വര്യമായിട്ടു്, ചൈനയെ മനസ്സിൽ ധ്യാനിച്ചു് അങ്ങടു് തുടങ്ങിക്കോളിൻ. ഇൻഡ്യക്കെതിരെ ഒരു ശത്രുസംഹാരഹോമവും ആയിക്കോട്ടെ. ഈശ്വരാനുഗ്രഹം ഇല്ലാതെ പോയി എന്നു് വരരുതല്ലോ.

പൊതുറോഡിൽ അടുപ്പുകൂട്ടി അരിവച്ചു് പൊങ്കാലയിട്ടു് പൊതുജനത്തെ ദ്രോഹിച്ചാൽ അടുക്കളക്കുറ്റിയിലെ ഗ്യാസ് അസമയത്തു് അറ്റുപോകില്ലെന്നു് ഭദ്ര കാൾ മാക്സി പറഞ്ഞതും ഓർമ്മിക്കാവുന്നതാണു്.

February 2018

Feb 15, 2018, 12:07 PM

ഇമ്മാതിരി തെറ്റിദ്ധാരണകളായിരുന്നു ഞാൻ ഇതുവരെ വച്ചുപുലർത്തിയിരുന്നതു് എന്നറിയേണ്ടിവരുമ്പോൾ എനിക്കു് എന്നോടുതന്നെ അവജ്ഞയും അരിശവും തോന്നുന്നു. ഇതുവരെ ഞാൻ കരുതിയിരുന്നതു് അല്ലാഹു രൂപമോ ഭാവമോ, ആദിയോ അന്തമോ, ആകൃതിയോ പ്രകൃതിയോ തകൃതിയോ ഒന്നുമില്ലാതെ ജീവിക്കുന്ന ഏകദൈവമാണെന്നായിരുന്നു. അതുകൊണ്ടുതന്നെ, മുസ്ലീംഭക്തർ അച്ചങ്ങായിയെ എങ്ങനെ മനസ്സിൽ ദർശിക്കുന്നു എന്നും, ആ ദർശനത്തിൽ അങ്ങേരുടെ രൂപം എങ്ങനെയിരിക്കുമെന്നും ഞാൻ എപ്പോഴും അത്ഭുതപ്പെടുകയും ചെയ്തിരുന്നു. ഇല്ലാത്ത രൂപത്തെ ഉള്ളിൽത്തട്ടി കാണാൻ കഴിയുക എന്ന, എനിക്കു് ഒരിക്കലും സാധിക്കാത്ത അസാമാന്യകഴിവുള്ളവർ എന്ന നിലയിൽ, അരൂപികളെ മനസ്സിൽ കാണാൻ കഴിയുന്നവരോടു് പൊതുവേയും, മുസ്ലീമുകളോടു് പ്രത്യേകിച്ചും എനിക്കു് വളരെയേറെ ഭയഭക്തിബഹുമാനങ്ങൾ ഉണ്ടായിരുന്നു താനും. ഇപ്പോൾ കേൾക്കുന്നു, അല്ലാഹുവിനോടു് മനസ്സുനൊന്തു് പ്രാർത്ഥിക്കുന്ന മുസ്ലീമുകളുടെ മനസ്സിലേക്കു് ഏതോ ഒരു കൃഷിയിടം കയറിച്ചെല്ലുന്നു എന്നും, കൃഷിയിറക്കൂ, കൃഷിയിറക്കൂ എന്നു് നിർബന്ധിക്കുന്നു എന്നും, എത്ര ശ്രമിച്ചിട്ടും ഇറങ്ങിപ്പോകുന്നില്ല എന്നും!

എന്നാലും എന്റെ അല്ലാഹുവേ, ഇങ്ങനെ കാശിനു് കൊള്ളാത്ത ഒരു കൃഷിയിടത്തിനെ ഭക്തരുടെ ആത്മാവിൽ കടന്നുകൂടാൻ കഴിയാത്തവിധം തട ഇടാൻ കഴിയാത്ത ഒരുത്തനായിട്ടല്ലാർന്നൂട്ടോ ഞാനിങ്ങളെ ഇതുവരെ കരുതീരുന്നതു്.

Feb 23, 2018, 11:09 AM

വിശന്നപ്പോള്‍ ആഹാരം മോഷ്ടിച്ചതിന്റെ പേരില്‍ കുറേ സദാചാരപാലകര്‍ തല്ലിക്കൊന്ന ഒരു മധുവിന്റെ ചിത്രമാണു്‌ ഇന്നു്‌ സ്റ്റ്‌റീം നിറയെ. മനുഷ്യത്വത്തിന്റെ ഒരംശമെങ്കിലും അവശേഷിച്ചിട്ടുള്ള ആരു്‌ കണ്ടാലും ഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കാന്‍ മടി കാണിക്കുമെന്നു്‌ തോന്നുന്നില്ലാത്ത ഒരു സാധു മനുഷ്യന്‍. അവന്റെ ചുറ്റും കുറേ മനുഷ്യമൃഗങ്ങളും കൂടിയിട്ടുണ്ടു്‌. അളിഞ്ഞു്‌ നാറുന്ന ടിപ്പിക്കല്‍ മല്ലു വിശാല ഇളിയിലൂടെ അന്തസാരശൂന്യതയുടെ കാലിപ്പാട്ടകളാണു്‌ തങ്ങളെന്നു്‌ ലോകത്തോടു്‌ വിളിച്ചുപറയുന്ന കുറേ നികൃഷ്ടജന്മങ്ങള്‍! മോഷ്ടിക്കുന്നവരെ ശിക്ഷിക്കുന്നതിന്റെ ചുമതല അവര്‍ക്കാണെങ്കില്‍ അവര്‍ ആദ്യം ശിക്ഷിക്കേണ്ടതു്‌ തിന്നുതിന്നു്‌ ബലൂണ്‍ പോലെ വീര്‍ത്തിട്ടും ആര്‍ത്തി തീരാതെ സമൂഹത്തിന്റെ പൊതുമുതല്‍ തന്നെയും പിന്നെയും മോഷ്ടിക്കുന്നവരെയാണു്‌. മധുവിനെപ്പോലുള്ള സാധുക്കളെ സംരക്ഷിക്കാനായി ബെന്‍സിലും ഔഡിയിലും ഇന്നോവയിലും കൂപ്പറിലുമെല്ലാം കയറി സഞ്ചരിക്കുന്ന മത-രാഷ്ട്രീയ നേതാക്കളേയും അവരുടെ ശിങ്കിടികളേയുമാണു്‌. അവരില്‍ പലരും നാലു്‌ മധുമാരെ ഒരുമിച്ചു്‌ വിഴുങ്ങാന്‍പോന്ന വലിപ്പവും വയറും ഉള്ളവരായതിനാല്‍, കൊന്നാല്‍ കൊന്നു എന്നുണ്ടു്‌. ഒരു ഉറുമ്പിനെ ചവിട്ടി കൊല്ലുന്നതുപോലെയല്ലല്ലോ ഒരു ആനയെ ചവിട്ടിക്കൊല്ലുന്നതു്‌!

അന്യതൂവലുകള്‍കൊണ്ടു്‌ വാലും ചിറകുകളും അലങ്കരിക്കുന്ന, സമ്പൂര്‍ണ്ണസാക്ഷരര്‍ പ്രബുദ്ധര്‍ തുടങ്ങിയ സൂപ്പര്‍ പദവികള്‍ വാരിയണിയുന്ന ഇത്രയേറെ സ്വയംപൊങ്ങികളെ കേരളത്തിലല്ലാതെ ലോകത്തില്‍ മറ്റെവിടെയെങ്കിലും കാണാന്‍ കഴിയുമെന്നു്‌ തോന്നുന്നില്ല. തീപിടുത്തത്തെപ്പറ്റിയും, അഗ്നിശമനത്തെപ്പറ്റിയും എഴുതിയാല്‍ മതി, കേരള സാഹിത്യവിശാരദരില്‍ നിന്നും ഹാസ്യസാഹിതത്തിനുള്ള അവാര്‍ഡ് നേടിയെടുക്കാന്‍! ഉളുപ്പില്ലായ്മയുടെ ഉമ്മറപ്പടിയുടെ ലെവല്‍ അത്രത്തോളം താഴെയെത്തി! മന്ത്രിയുടെ കാറു്‌ വരുന്നതു്‌ കണ്ടാല്‍ അഗ്നിബാധയേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ആംബുലന്‍സ് സൈഡൊതുക്കി കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള മാര്ക്സിയന്‍ കാഴ്ചപ്പാടു്‌ ചോംസ്കിയുടെ ഭാഷയില്‍ അപഗ്രഥിക്കുക കൂടി ചെയ്താല്‍ ഞാനാപീഠം വരെ ലഭിച്ചു്‌ കൂടെന്നുമില്ല. ആസനത്തില്‍ ആലു്‌ മുളച്ചാല്‍ അതൊരു തണലായി കരുതുന്നവന്‍, അവനെ വിമര്‍ശിക്കുന്നവരെ നേരിടുന്നതു്‌, ലോ ലവന്റെ ആസനത്തില്‍ ആലു്‌ മുളക്കുകയും അവന്‍ അതൊരു തണലായി കരുതുകയും ചെയ്തപ്പോള്‍ നീയൊന്നും ഒരു വാക്കുപോലും മിണ്ടിക്കേട്ടില്ലല്ലോ എന്ന കിടു ചോദ്യം കൊണ്ടാവും.

മലയാളിസമൂഹം!!

Feb 28, 2018, 1:45 PM

കുറച്ചുനാള്‍ ഓണ്‍ലൈന്‍ ID-കളുടെ സ്റ്റാറ്റസുകള്‍ ശ്രദ്ധിച്ചാല്‍, ജീവിതത്തില്‍ അവര്‍ പ്രയോറിറ്റി കല്‍പ്പിക്കുന്നതു്‌ ഏതേതു്‌ കാര്യങ്ങള്‍ക്കാണു്‌ എന്നറിയാന്‍ കഴിയുമെന്നതാണു്‌ സോഷ്യല്‍ മീഡിയ കൊണ്ടുണ്ടായ പ്രധാന ഗുണങ്ങളില്‍ ഒന്നു്‌. മുന്‍പൊരിക്കലും ഇല്ലാതിരുന്നവിധത്തില്‍ ഒരുപാടു്‌ വ്യത്യസ്തയിനം മീനുകളെ ഒറ്റ വലയില്‍ കുരുക്കാന്‍ കഴിഞ്ഞതാണു്‌ ഫെയ്സ്ബുക്ക് ആന്‍ഡ് കോ കൈവരിച്ച നേട്ടം. ഓണ്‍ലൈന്‍ സമൂഹം പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദമായതിനാല്‍ ആ സ്റ്റാറ്റിസ്റ്റിക്സ് എക്സ്റ്റ്രാപൊളേറ്റ് ചെയ്താല്‍ പൊതുസമൂഹത്തിന്റെ പ്രയോറിറ്റികളെപ്പറ്റിയും സാമാന്യം തൃപ്തികരമായ ഒരു നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയും.

March 2018

Mar 1, 2018, 10:27 AM

സ്ലോട്ട് കാര്‍ റെയ്സിങ്ങും, അമ്മമാരുടെ മുലകളും കുഞ്ഞുങ്ങള്‍ക്കായി ആസൂത്രണം ചെയ്യപ്പെടുന്നവയാണെങ്കിലും, അപ്പന്മാരാണു്‌ അധികസമയവും അവകൊണ്ടു്‌ കളിക്കുന്നതു്‌.

എന്നു്‌, രണ്ടരവയസ്സുവരെ മുലകുടിച്ചവനും, അതിനുശേഷം ചേച്ചിയോടോപ്പം അയല്പക്കത്തെ ഒരമ്മയുടെ അടുത്തുപോയി മുലകുടി നിര്‍ത്താന്‍ അമ്മമാര്‍ മുലക്കണ്ണില്‍ തേച്ചു്‌ പിടിപ്പിക്കുന്ന ചെന്നിനായകം വാങ്ങിക്കൊണ്ടു്‌ വരാന്‍ അമ്മയാല്‍ പറഞ്ഞുവിടപ്പെട്ടവനുമായ (കര്‍മ്മണിപ്രയോഗം, അഥവാ കര്‍മ്മത്തിന്റെ ഇഗോയിസം) ഒരു മുന്‍കാലമുലകുടിയന്‍.

ദാഹനീര്‍ ചോദിക്കുന്നവനു്‌ കയ്പുനീര്‍ കൊടുക്കാന്‍ മടിക്കാത്ത രണ്ടു്‌ വിഭാഗങ്ങളേയുള്ളു. ഒന്നു്‌, യേശുവിനു്‌ കയ്പു്‌ കലര്‍ത്തിയ വീഞ്ഞു്‌ കൊടുത്ത യഹൂദന്മാര്‍; രണ്ടു്‌, മക്കളുടെ മുലകുടി നിര്‍ത്താന്‍ മുലപ്പാലില്‍ കയ്പു്‌ കലര്‍ത്തുന്ന അമ്മമാര്‍.

മലയാളിസമൂഹത്തിന്റെ അസ്തിവാരത്തെത്തന്നെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന മുലകുടിതേരോട്ടത്തില്‍ നിശബ്ദകാഴ്ചക്കാരനായി എന്ന പേരില്‍ സാമൂഹ്യവിരുദ്ധനായി മുദ്രകുത്തപ്പെടാതിരിക്കാന്‍ പറഞ്ഞെന്നെയുള്ളു.

Mar 3, 2018, 11:55 AM

CPI (M) എന്ന മാർക്സിസ്റ്റ് പാർട്ടി ദൈവത്തോടു് കണ്ടമാനം അടുക്കാൻ തുടങ്ങിയപ്പോഴേ എനിക്കിതു് തോന്നിയിരുന്നു. പിശാചിനെ കാണുന്നതുതന്നെ ചതുർത്ഥി ആയ ദൈവത്തോടു് ഒരുപാടു് അടുത്താൽ അങ്ങേർ നിഷ്ക്രിയനായി നോക്കിയിരിക്കുമെന്നു് കരുതിയോ? ഒരു ജർമ്മൻ ശൈലി കടമെടുത്തു് പറഞ്ഞാൽ, ഇനിയിപ്പോൾ കുറേനാളത്തേക്കു് വ്രണം നക്കിയങ്ങടു് കഴിയുക. ഒരുപക്ഷേ സുഖപ്പെടും. ഇല്ലെങ്കിൽ കേരളത്തിലും അധികം താമസിയാതെ അന്ത്യകൂദാശ കൈക്കൊള്ളാം.

ജന്മപാപവും കർമ്മഫലവും ഒന്നിച്ചിങ്ങടു് വന്നാൽ എന്താപ്പോ ചെയ്ക?

Mar 5, 2018, 11:30 AM

ഇരുപത്തഞ്ചു്‌ വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരക്കാരെ പണം വാങ്ങി വോട്ടു്‌ ചെയ്താലേ തങ്ങള്‍ക്കു്‌ രക്ഷയുള്ളു എന്ന ഗതികേടിലേക്കാണു്‌ എത്തിച്ചതെങ്കില്‍, ആ ഗതികേടിന്റെ കാരണം “മാര്‍ക്സിയന്‍ റീ-എജ്യൂക്കേഷനില്‍” അല്ലാതെ മറ്റെവിടെയാണു്‌ തേടേണ്ടതു്‌?

മാര്‍ക്സിസ്റ്റ് ന്യായീകരണത്തൊഴിലാളികളില്‍ നിന്നൊഴികെ മറ്റാരില്‍ നിന്നും തന്റെ കുലത്തൊഴിലിനു്‌ കാര്യമായ ഭീഷണി നേരിടേണ്ടി വരില്ല എന്നതാണു്‌ കീലേരി അച്ചുവിന്റെ ഏക ആശ്വാസം.

ചോരപ്പൂ, #തൂക്കുമരം, #നാറികള്‍, #പട്ടികള്‍, #പരട്ടകള്‍…

Mar 8, 2018, 9:52 AM

ഇന്‍ഡ്യയുടെ വടക്കു്‌ കിഴക്കേ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യയേക്കാള്‍ ചൈനയെ സ്നേഹിക്കുന്നവരുടേയും, വടക്കു്‌ പടിഞ്ഞാറേ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യയേക്കാള്‍ പാകിസ്ഥാനെ സ്നേഹിക്കുന്നവരുടേയും പാര്‍ട്ടികളെ ഭരണച്ചുമതല ഏല്പിച്ചാല്‍ എരമ്പും.

Mar 21, 2018, 3:37 PM

ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്രെ! അടുത്തപടി, പരീക്ഷാഫലത്തെ ഔദ്യോഗിക ഉണ്ടയായി പ്രഖ്യാപിക്കലായിരിക്കണം. മാണിക്യമലരായ പൂവിക്കും, അദ്ധ്യാപകനെ തുറിച്ചു് നോക്കി വിവശനാക്കുന്ന വത്തക്കകൾക്കും ശേഷം നിങ്ങളുടെ സ്വന്തം ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ അവതരിപ്പിക്കുന്ന പുതിയ കലാവിരുന്നുകൾ! സജീവമായി ഇടപെടുവിൻ, വിജയിപ്പിക്കുവിൻ!

Mar 29, 2018, 10:31 AM

മാലിന്യം റോഡിലേക്കു് വലിച്ചെറിയുന്നവരെ ശിക്ഷിക്കാനുള്ള നിയമങ്ങൾ ഉണ്ടാക്കലാണു് മാലിന്യം സംസ്കരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ഭരണകർത്താക്കൾക്കു് എളുപ്പം. ഇന്നു് മാലിന്യം റോഡിലേക്കു് വലിച്ചെറിയുന്നവർ നാളെ അതു് നിയമനിർമ്മാതാക്കളായ അധികാരികളുടെ വായിലേക്കു് തിരുകിവയ്ക്കാനും മടിക്കില്ല എന്നോർത്താൽ നന്നു്.

നേട്ടങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് ഉണ്ടാക്കലാണു് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ എളുപ്പം. കാരണം, ഏട്ടിലെ പശുവിനു് വേണ്ടി പശുപാലകർക്കു് പുല്ലു് മുറിക്കേണ്ടി വരാറില്ല. പക്ഷേ, ഏട്ടിലെ പശുവിനെ പുല്ലു് തീറ്റിച്ചിട്ടു് പോയാൽ മതി എന്നു് ജനം ഇന്നല്ലെങ്കിൽ നാളെ ആവശ്യപ്പെടുമ്പോൾ അത്ഭുതപ്പെടരുതു്.

ജാതിയും മതവും വേണ്ട എന്നു് പ്രസംഗിക്കലാണു് ജാതിയും മതവും ഇല്ലാതെ ജീവിക്കാൻ തടസ്സമില്ലാത്ത സാമൂഹികസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ, മനസ്സിണങ്ങുന്ന പെണ്ണിനേയും ആണിനേയും അവരുടെ ജീവിതം ജീവിക്കാൻ വിടുന്നതിനേക്കാൾ, ചാവുന്ന മനുഷ്യരെ ജാതിമതഭേദമില്ലാതെ കുഴിച്ചിടാനോ ദഹിപ്പിക്കാനോ മതിയായ പൊതുശ്മശാനങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ, ജാതിമതലിംഗഭേദമില്ലാതെ വിദ്യാഭ്യാസം നേടാനും തൊഴിൽ കണ്ടെത്താനും വേണ്ട അവസരസമത്വം സംജാതമാക്കുന്നതിനേക്കാൾ എല്ലാം എളുപ്പം. പക്ഷേ, സകല എട്ടുകാലി മമ്മൂഞ്ഞുകളേയും ജനം ഒരിക്കൽ സ്റ്റേജിൽ നിന്നും വലിച്ചിറക്കി കന്നിക്കൊയ്ത്തു് കഴിഞ്ഞ ചെളിക്കണ്ടങ്ങളിലൂടെ ഓടിക്കുമ്പോൾ – വിലകൂടിയ ഷൂസും കണ്ണടയും വെള്ളയൂണിഫോമുകളുമെല്ലാം ധരിച്ചുകൊണ്ടുള്ള ഓട്ടമാവുമ്പോൾ പ്രത്യേകിച്ചും – അതു് അത്രതന്നെ എളുപ്പമായിരിക്കില്ല എന്ന കാര്യം മറക്കരുതു് എന്നേയുള്ളു.

Mar 30, 2018, 9:52 AM

പതിവായി കുളിക്കുന്നവർ എന്ന നിലയിൽ ഇടയ്ക്കിടെ കാലു് കഴുകി സാമാന്യജനങ്ങളെ ശുദ്ധിയാക്കാം. പക്ഷേ, രാഷ്ട്രീയക്കാരിലെ അസാമാന്യരെ ശുദ്ധിയാക്കാൻ കാലും അരയും മുക്കാലും തലയും കഴുകിയിട്ടും വലിയ കാര്യമില്ല. അവർ ഒരുവിധം ശുദ്ധിയാവണമെങ്കിൽ വല്ല ഡെറ്റോളോ മറ്റോ കൊണ്ടു് വായ മിനിമം നൂറ്റൊന്നാവൃത്തിയെങ്കിലും കുലുക്കുഴിയിക്കേണ്ടി വരും. അമ്മാതിരി ദുർഗ്ഗന്ധവാഹികളായ ഉത്പന്നങ്ങളല്ലേ അതിലൂടെ വമിപ്പിക്കപ്പെടുന്നതു്!

April 2018

Apr 3, 2018, 1:29 PM

വനത്തിൽ ജീവിക്കേണ്ട ആനയെ നെറ്റിപ്പട്ടം ചാർത്തി അതിന്റെ പുറത്തു് കയറിയിരുന്നു് ആലവട്ടവും വെഞ്ചാമരവും വീശി, പഞ്ചവാദ്യം, ചെണ്ടകൊട്ടു്, വെടിക്കെട്ടു് ഇത്യാദികളുടെ അകമ്പടിയോടെ എഴുന്നള്ളിക്കുന്നവരുടേയും, അതെല്ലാം കണ്ടു് ആനന്ദനിർവൃതിയിൽ ആറാടാൻ തടിച്ചു് കൂടുന്ന മനുഷ്യരുടേയുമെല്ലാം മട്ടും മാതിരിയും ഭാവപ്രകടനങ്ങളും കാണേണ്ടിവരുന്ന ആനകൾ വിരണ്ടു് ഓടിയില്ലെങ്കിലേ അത്ഭുതമുള്ളു. മറ്റു് ജീവനുകളെ അപായപ്പെടുത്താൻ വേണ്ടിയല്ല, സ്വന്തം ജീവനും കൊണ്ടു് പഴയ കാട്ടിലേക്കു് രക്ഷപെടാൻ വേണ്ടിയാവണം അവയുടെ ഓട്ടം. സമാനമായ ഓട്ടങ്ങളാണു് ജോർജ്ജുകുട്ടീ വിട്ടോടാ എന്നു് വിളിച്ചുകൂവിക്കൊണ്ടു് മല്ലു ലോകത്തിലെ ഹീറോകൾ അരങ്ങേറുന്നതും. ആനകളാണെന്നു് കരുതി ജീവനിൽ കൊതി ഇല്ലാതിരിക്കുമോ? വനത്തിലെ ജീവിതത്തിൽ ഇമ്മാതിരി ഭ്രാന്തുകൾ കണ്ടോ കേട്ടോ അവ ശീലിച്ചിട്ടില്ലാത്തതാണു് പ്രശ്നം. പിന്നെ, ആനയോട്ടത്തിൽ സംഭവിക്കുന്ന അല്ലറ ചില്ലറ അപകടങ്ങൾ! അതിപ്പോൾ, ജീവൻ രക്ഷപെടുത്താനുള്ള ഓട്ടത്തിൽ തടസ്സം നേരിട്ടാൽ തന്നാലാവുന്ന കടുംകൈകളൊക്കെ ആരായാലും ചെയ്തുപോകും. അക്കാര്യത്തിൽ ആനയും മനുഷ്യനും തമ്മിൽ വ്യത്യാസമൊന്നുമില്ല. രണ്ടും ഒരേ തൊലിക്കട്ടിമൃഗങ്ങൾ! അതുകൊണ്ടു് ദേവപ്രശ്നം വയ്‌ക്കേണ്ടിവന്നാലും ശരി, ആനയെഴുന്നള്ളിപ്പു് ചടങ്ങുകൾ മുറതെറ്റാതെ തുടർന്നും നടത്തപ്പെടണം എന്നാണെന്റെ അഭിപ്രായം. ഇടയുന്ന ആനകളുടെ മനസ്സിലിരുപ്പും അതിനുള്ള പരിഹാരങ്ങളും ദേവന്മാർക്കറിയാതിരിക്കുമോ? പോരെങ്കിൽ, മാറ്റമില്ലാത്തതു് മാറ്റത്തിനും ആനയെഴുന്നള്ളിപ്പിനും മാത്രമായിരിക്കണമെന്നു് കാൾ മാർക്സും പറഞ്ഞിട്ടുണ്ടു്.

Apr 6, 2018, 10:55 AM

നിയമസഭയിലെ ജനപ്രതിനിധികളെപ്പറ്റി ജര്‍മ്മന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍:
“They shall be representatives of the whole people, not bound by orders or instructions, and responsible only to their conscience.”
പക്ഷേ, ഈ നിയമം കൊണ്ടു്‌ മനസ്സാക്ഷി എന്നാല്‍ എന്തെന്നു്‌ അറിയുന്നവരുടെയും, മനസ്സാക്ഷി ഉള്ളവരുടേയും ലോകത്തില്‍ മാത്രമേ എന്തെങ്കിലും പ്രയോജനമുണ്ടാവാന്‍ വഴിയുള്ളു. വീരാളി ശംഭുമാരും ശൂരാളി ഷാജുമാരും അവരുടെ കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം പരസ്പരം ചാര്‍ത്തിക്കൊടുക്കാന്‍ ഇമവെട്ടാതെ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ആ നിയമം കൊണ്ടു്‌ എന്തു്‌ പ്രയോജനമുണ്ടാവാന്‍? ഏറിയാല്‍, ഏതാനും ദിവസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ മറ്റൊരു വത്തക്ക കേസുകെട്ടു്‌, അത്രതന്നെ!

Apr 10, 2018, 11:55 AM

മഹാന്മാര്‍ പറയുന്ന ‌കാര്യങ്ങള്‍ക്കു്‌ ഉള്ളതില്‍ കൂടുതല്‍ വിലമതിക്കാനുള്ള ഒരു പ്രവണത മനുഷ്യര്‍ക്കുണ്ടു്‌. സ്വന്തം ആശയങ്ങളേയും വിശ്വാസപ്രമാണങ്ങളേയുമെല്ലാം പ്രചരിപ്പിക്കാനായോ, ജനത്തെ ചൂഷണം ചെയ്യാനായോ, വെറുതെ ഒരു തമാശക്കായോ എല്ലാം ചില മനുഷ്യര്‍ ആ പ്രവണതയെ ദുരുപയോഗം ചെയ്യാറുമുണ്ടു്‌. സ്വന്തം അഭിപ്രായത്തെയോ ഹലൂസിനേഷനുകളെയോ ദൈവത്തില്‍ നിന്നുള്ള വെളിപാടാക്കി അവതരിപ്പിക്കുന്ന പ്രവാചകന്മാര്‍, യേശുവിന്റെ ശിഷ്യന്മാരുടേതെന്ന പേരില്‍ സുവിശേഷങ്ങള്‍ പടച്ചുവിടുന്നവരും, അപ്പൊസ്തലന്‍ പൌലോസിന്റേതെന്ന പേരില്‍ ലേഖനങ്ങള്‍ തട്ടിക്കൂട്ടുന്നവരുമായ ക്രൈസ്തവഭക്തര്‍, ശാസ്ത്രജ്ഞരുടേതെന്ന പേരില്‍ ആത്മീയസൂക്തങ്ങള്‍ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ദൈവസംരക്ഷകര്‍ തുടങ്ങി, able was I ere I saw elba എന്ന പാലിന്‍ഡ്രോം (ഇടത്തോട്ടോ വലത്തോട്ടോ വായിച്ചാലും വ്യത്യസമൊന്നുമില്ലാത്ത വാക്കുകളോ വാക്യങ്ങളോ) നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വകയാണെന്നു്‌ പറഞ്ഞു്‌ പ്രചരിപ്പിക്കുന്നവര്‍, എന്തിനു്‌, മാറ്റമില്ലാത്തതു്‌ മാറ്റത്തിനും ആനയെഴുന്നള്ളിപ്പിനുമാണെന്ന വാക്യം മാര്‍ക്സിന്റേതാണെന്നുവരെ പറഞ്ഞു്‌ മനുഷ്യരെ പറ്റിക്കുന്ന ദ്രോഹികള്‍ വരെയുണ്ടു്‌ അക്കൂട്ടത്തില്‍.

ഇതേ ജാന്രയില്‍ പെടുത്താവുന്നതാണു്‌ കാളിദാസന്റേതെന്ന പേരില്‍ അലഞ്ഞു്‌ തിരിയുന്ന ഈ സമസ്യാപൂരണം: (ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു്‌ മുന്‍പു്‌ ഞാന്‍ ഗൂഗിള്‍ ബ്ലോഗില്‍ “രഹസ്യമായി” വായിച്ചതാണു്‌. വാക്കുകളുടെ പ്രയോഗത്തിന്റേയും അക്ഷരത്തെറ്റിന്റേയും മറ്റും പേരില്‍ ബ്ലോഗിലെ സംസ്കൃതപണ്ഡിതര്‍ തമ്മില്‍ ആ പോസ്റ്റില്‍ സജീവമായ ഒരു ചര്‍ച്ചയും നടന്നിരുന്നു.)

കാ ത്വം ബാലേ? കാഞ്ചനമാലാ
കസ്യാഃ പുത്രീ? കനകലതായാഃ
കിം വാ ഹസ്തേ? താലീപത്രം.
കാ വാ രേഖാ? ക ഖ ഗ ഘ.

മഹാനായ കാളിദാസന്റെ പേരിലും, ശ്ലോകരൂപത്തിലും, സര്‍വ്വോപരി സംസ്കൃതത്തിലും എഴുതപ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഭവം എക്സിസ്റ്റെന്‍ഷ്യല്‍ ഫിലോസഫി ആയോ, ട്രാന്‍സെന്‍ഡെന്റല്‍ തിലോപ്പിയ ആയോ, മെറ്റഫിസിക്കല്‍ എപിസ്റ്റെമോളജി ആയോ വിലയിരുത്തപ്പെടാന്‍ തടസ്സമൊന്നുമില്ല. ഏതെങ്കിലും വല്യകോയിത്തമ്പുരാനെക്കൊണ്ടു്‌ ഒന്നു്‌ പൊക്കിപ്പറയിക്കുകയും, സതെബീസില്‍ ലേലത്തിനു്‌ ഏല്പിക്കുകയും കൂടി ചെയ്താല്‍ പിക്കാസോയെ തോല്പിക്കുന്ന വിലക്കു്‌ വിറ്റഴിക്കപ്പെടുമെന്നും ഉറപ്പു്‌.
അതേസമയം, മലയാളത്തിലേക്കു്‌ മാറ്റിപ്പറഞ്ഞാല്‍ സംഭവം ഇത്രേയുള്ളു:

“നീ ആരാണു്‌ ബാലേ? കാഞ്ചനമാല. ആരുടെ മകളാണു്? കനകലതയുടെ. കയ്യിലെന്താണു്?പനയോല. എന്താണെഴുതിയിരിക്കുന്നതു്‌? ക ഖ ഗ ഘ.”
ഏറിയാല്‍, ഏതോ കഥയിലെയോ നോവലിലെയോ രണ്ടു്‌ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഒരു ഡയലോഗ് എന്നതില്‍ കവിഞ്ഞ പ്രത്യേകതയൊന്നും നല്‍കാനില്ലാത്ത ഏതാനും മലയാളം വരികള്‍.

സംസ്കൃതത്തിലും അറബിയിലുമെല്ലാം എഴുതിയതു്‌ വായിക്കുകയും പാടുകയുമെല്ലാം ചെയ്യുന്നതിനു്‌ ഒരു പ്രത്യേക ഐശ്വര്യമുണ്ടു്‌. കായിക്കഗായിക്കങാ, ചായിച്ചജായിച്ചഞായി‌ലൂടെ സാഹിത്യസപര്യ തുടങ്ങുന്നപോലത്തെ അളിഞ്ഞ ഏര്‍പ്പാടല്ല അതു്‌. അല്ലാഹു അക്ബര്‍ എന്നു്‌ വിളിക്കുമ്പോഴത്തെ ആ ഒരു ഉശിര്‍പ്പു്‌ ദൈവം മഹാന്‍ എന്നു്‌ വിളിച്ചാല്‍ കിട്ടുമോ? ഇങ്ക്വിലാബ് സിന്ദാബാദ് വിളിയുടെ ആ ഒരു “ശിമിര്‍പ്പു്‌” വിപ്ലവം ജയിക്കട്ടെ എന്നു്‌ എത്ര ഉച്ചത്തില്‍ വിളിച്ചാലും കിട്ടില്ല.

മതഗ്രന്ഥങ്ങള്‍ ഒറിജിനല്‍ ഭാഷയില്‍ പഠിച്ചിട്ടു്‌ വിമര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ വിമര്‍ശകരെ ആഹ്വാനം ചെയ്യുന്നതും, പ്രത്യയശാസ്ത്രപണ്ഡിതര്‍ അന്യഗ്രഹഭാഷയില്‍ രാഷ്ട്രീയം അപഗ്രഥിക്കുന്നതും, ജ്യോതിഷികള്‍ അവര്‍ക്കുപോലും മനസ്സിലാകാത്ത ഭാഷയില്‍ മനുഷ്യരുടെ ഭാവി പ്രവചിക്കാന്‍ കഷ്ടപ്പെടുന്നതുമെല്ലാം ഒന്നും കാണാതെയല്ല. അറിവില്ലാപ്പൈതങ്ങളായ മനുഷ്യരെ രക്ഷപെടുത്തുക എന്ന ഒരേയൊരു ലക്ഷ്യമാണു്‌ അതിന്റെയെല്ലാം അടിത്തറയിലെ അരമനരഹസ്യം.

ദോഷം പറയരുതല്ലോ, സമസ്യാപൂരണത്തിനും അക്ഷരശ്ലോകം ചൊല്ലലിനുമെല്ലാം അവയുടേതായ എന്റെര്‍ട്ടെയ്‌ന്‍മെന്റ് വാല്യൂ ഉണ്ടു്‌. ആസ്വാദകവൃന്ദത്തിനു്‌ വേണ്ടതും അതു്‌ മാത്രമാണു്‌. അല്ലാതെ, കാഞ്ചനമാല കനകലതയുടെ മകളോ കരുണാനിധിയുടെ മകളോ, ക ഖ ഗ ഘ എഴുതിയിരിക്കുന്നതു്‌ പനയോലയിലോ കടലാസ്സിലോ കല്പലകയിലോ എന്നതൊന്നും സമസ്യാസ്വാദകരെയോ അക്ഷരശ്ലോകാരാധകരെയോ അലട്ടുന്ന കാര്യങ്ങളല്ല. അത്യാവശ്യത്തിനു്‌, ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു കൊണ്ടുപോലും അവര്‍ തൃപ്തിപ്പെടും.

Apr 11, 2018, 12:36 PM

ജനിപ്പിച്ചാലേ മക്കൾ ജനിക്കൂ. ജനിക്കാത്ത മക്കൾക്കു് വിദ്യാഭ്യാസമോ, വിവാഹമോ, മരണമോ, മരണാനന്തരചടങ്ങുകളോ ഒന്നും ആവശ്യമില്ല. നിന്റെ മക്കൾക്കു് അതെല്ലാം വേണമോ വേണ്ടയോ എന്നതു് നിന്റെ മാത്രം തീരുമാനമാണു്. അവർക്കതു് നൽകാൻ നിനക്കു് കഴിയാത്തതിന്റെ കാരണം നിന്നിൽ മാത്രമാണു് കുടികൊള്ളുന്നതെങ്കിൽ നീ മക്കളെ ജനിപ്പിക്കാതിരിക്കുന്നതാണു് നിനക്കു് നല്ലതു്. അതല്ല, അവർക്കതു് നൽകാൻ നിനക്കു് കഴിയാത്തതിന്റെ കാരണം നീ ജീവിക്കുന്ന സാമൂഹികസാഹചര്യങ്ങളിലാണു് കുടികൊള്ളുന്നതെങ്കിൽ അതിനെതിരായി നീ നിന്റെ ജീവൻ നൽകിയും പോരാടേണ്ടതുണ്ടു്. അതിനുള്ള നിന്റെ ബാദ്ധ്യത മാർക്സിനോടോ, ലെനിനോടോ, മാവോയോടോ ഉള്ളതല്ല, നിന്റെ സ്വന്തം ജീവനോടുള്ളതാണു്. കാരണം, നീ പുലയനോ, പറയനോ, നായരോ, നമ്പൂതിരിയോ അല്ല, നീ നീയാണു്, നീ എന്ന മനുഷ്യൻ മാത്രമാണു്.

Apr 13, 2018, 4:30 PM

കുറേ മാനസികരോഗികൾ ചേർന്നു് ഒരു എട്ടുവയസ്സുകാരിയെ ബലാൽസംഗം ചെയ്തു് കൊന്നാൽ, കുറ്റവാളികളെ കണ്ടുപിടിച്ചു് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയാണു് മത-, മാഫിയാനീരാളികൾ കൈകടത്താത്ത, സ്വതന്ത്രനിയമവാഴ്ച നിലവിലിരിക്കുന്ന ഏതൊരു സമൂഹത്തിലും അതിന്റെ ഫലമായി സംഭവിക്കുക. ബലാൽസംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയാൽ അവൾ പോലീസുകാരാൽ വീണ്ടും ബലാൽസംഗം ചെയ്യപ്പെട്ടേക്കാവുന്ന ഒരു സമൂഹത്തിൽനിന്നും എന്തു് നിയമവാഴ്ചയാണു്, എന്തു് പൗരസംരക്ഷണമാണു്, എന്തു് ധാർമ്മികതയാണു് പ്രതീക്ഷിക്കാനാവുക? “ഞാൻ നമ്പർ വൺ” എന്നു് നെറ്റിയിൽ ഒട്ടിച്ചു് വയ്ക്കൽ പോലെ എളുപ്പമല്ല നമ്പർ വൺ ആകൽ. അതിനു് ലിസ്റ്റിൽ സ്ഥാനം വേണമെന്നുപോലുമില്ല. ഉളുപ്പു് എന്നൊന്നു് ഇല്ലാതിരുന്നാൽ മതി.

കൊല ചെയ്ത വ്യക്തിയെ സംരക്ഷിക്കാൻ അവന്റെ മതത്തിലും രാഷ്ട്രീയത്തിലും പെട്ടവർ ഒച്ചവയ്ക്കുകയും, “കുറ്റവാളി ശിക്ഷിക്കപ്പെടണം, പക്ഷേ…” എന്ന ഊള ആർഗ്യുമെന്റുമായി അവരുടെ പിന്നാലേ നടക്കുകയും ചെയ്യുന്ന വിഡ്ഢി കോടികൾ ജീവിക്കുന്ന ഒരു സമൂഹത്തിനു് നിയമരാഷ്ട്രമാവാൻ കഴിയില്ല. ബലാൽസംഗമായാലും, കൊലപാതകമായാലും, അഴിമതി ആയാലും അവയിൽ നിന്നെല്ലാം തന്റെ മതവിശ്വാസത്തിനും, രാഷ്ട്രീയനിലപാടിനും അനുകൂലമായ മുതലെടുപ്പുകൾ നടത്താൻ ശ്രമിക്കുന്ന ബുദ്ധിവളിയന്മാർ ജീവിക്കുന്ന ഒരു സമൂഹത്തിനും നിയമരാഷ്ട്രമാവാൻ കഴിയില്ല. മതഭ്രാന്തന്മാർ സമൂഹത്തിന്റെ ദിശ നിശ്ചയിക്കുന്നതു് മതവാഴ്ചയും, ക്രിമിനലുകൾ സമൂഹത്തിന്റെ ദിശ നിശ്ചയിക്കുന്നതു് മാഫിയാവാഴ്ചയുമാണു്; അല്ലാതെ ജനാധിപത്യമല്ല. ജനങ്ങൾ ജനങ്ങളെ ഭരിക്കുന്നതു് ജനാധിപത്യമാണെങ്കിൽ ഊളകൾ ഊളകളെ ഭരിക്കുന്നതിന്റെ പേരെന്തായിരിക്കണം?

ആസിഫ എന്നൊരു പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ പേരിൽ ഫെയ്സ് ബുക്കിൽ പൊട്ടിയൊഴുകുന്ന ധാർമ്മികരോഷങ്ങളുടെ സ്വഭാവം ശ്രദ്ധിച്ചാൽ, പ്രതികരിക്കുന്ന ധാർമ്മികരിൽ ഭൂരിഭാഗത്തേയും നയിക്കുന്ന മോട്ടീവ് ആ കുട്ടിയുടെ മരണത്തേക്കാൾ മറ്റു് ചില കൃത്യമായ കണക്കുകൂട്ടലുകളാണെന്നു് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. അതിന്റെ മുഴുവൻ കുറ്റവും ബിജെപിയിൽ കാണുന്നവർ, ബിജെപിയിൽ ഒരു കുറ്റവും കാണാത്തവർ, ദൈവത്തേയും മതത്തേയും കുറ്റപ്പെടുത്തുന്നവർ, ദൈവത്തേയും മതത്തേയും കുറ്റപ്പെടുത്തുന്നവരെ കുറ്റപ്പെടുത്തുന്നവർ, യുക്തിവാദികളേയും മതേതരരേയും തെറി വിളിക്കുന്നവർ, ഈ അവസരം വിനിയോഗിച്ചു് സാഹിത്യത്തിൽ ഒരു മാസ്റ്റർ പീസ് രചിക്കാൻ കഴിയുമോ എന്നു് നോക്കുന്നവർ അങ്ങനെ എത്രയെത്രയിനം ധാർമ്മിക രോഷങ്ങൾ! സ്വന്തം മനസ്സിന്റെ വിശ്വരൂപം മാത്രമാണു് അതുവഴി അവർ ലോകത്തിനു് മുന്നിൽ തുറന്നു് വയ്ക്കുന്നതെന്നേ അവർക്കറിയാതുള്ളു. ആസിഫ അവർക്കതിനൊരു നിമിത്തം മാത്രം!

എന്താണു് ഇവരെല്ലാം കരുതിയിരുന്നതു്? ദേവാലയങ്ങളിൽ ദൈവങ്ങൾ വാഴുന്നെന്നോ? സ്ത്രീകൾക്കു് പ്രവേശനമില്ലാത്ത ക്ഷേത്രത്തിൽ ഒരു സാധു ബാലിക ബലാൽസംഗം ചെയ്യപ്പെട്ടാൽ ദൈവം ഇടിത്തീയിറക്കി ആ ക്ഷേത്രത്തെ ദഹിപ്പിക്കുമെന്നോ? ലോകത്തിൽ ആദ്യം രൂപമെടുത്ത ഭ്രാന്തുകളായ ദൈവങ്ങളേയും മതങ്ങളേയും വിമർശിക്കാതിരുന്നാൽ ഭൂമിയിൽ നിന്നും പെഡോഫീലിയ പോലുള്ള കാമവൈകൃതങ്ങളും മറ്റിനം മാനസികരോഗങ്ങളും അപ്രത്യക്ഷമാകുമെന്നോ?

മനുഷ്യർ മുഴുവൻ പാപികളാണെന്നും, അവരെ രക്ഷപ്പെടുത്താനാണെന്നും കള്ളം പറഞ്ഞു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന ഒരു സ്ത്രീയെ ഗർഭം ധരിപ്പിച്ചു്, സ്വന്തം മകനെ ജനിപ്പിച്ചു്, കുരിശിൽ തറപ്പിച്ചു് കൊല്ലിച്ചതു് ഒരു പ്രപഞ്ചസ്രഷ്ടാവാണു്. (അങ്ങനെ പാപികൾ ഇല്ലാതായ ലോകത്തിലാണു് ഇന്നും ആസിഫകളെ കൊല്ലുന്നയിനം പാപമില്ലാത്തവർ ജനിക്കുന്നതും ജീവിക്കുന്നതും!). ഒൻപതു് വയസ്സുകാരിയെ അറുപതു് വയസ്സുകാരനു് കൂട്ടിക്കൊടുത്തതും ഒരു പ്രപഞ്ചസ്രഷ്ടാവാണു്. രക്ഷപെടാൻ ശ്രമിച്ച മകളെ അതിനു് സമ്മതിക്കാതെ അവളെ പ്രാപിച്ചവനും, പതിനാറായിരത്തെട്ടു് ഭാര്യമാരുള്ളവനും, സ്വന്തം മകന്റെ തല വെട്ടിയവനും ദൈവങ്ങളാണു്. ആ ദൈവങ്ങളുടെയെല്ലാം പേരിൽ കൊല്ലാനും ചാവാനും മടിയില്ലാത്ത ധാരാളമാളുകൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ജീവിച്ചിരിക്കുന്നുണ്ടു്.

വ്യക്തികളിൽ അപൂർവ്വമായ ഭ്രാന്തു് ഒരു കൂട്ടത്തെ മൊത്തമായി ബാധിക്കുന്നതാണു് മതം. കാലക്രമേണ നോർമൽ ആയി മാറുന്ന പൊതുഭ്രാന്തിനെ ഭ്രാന്തായി കാണാൻ ആ ഭ്രാന്തു് ബാധിച്ചവർക്കാവില്ല. അവരെ അതു് കൺവിൻസ് ചെയ്യിക്കാൻ ശ്രമിക്കുന്നവരായിരിക്കും അവരുടെ ദൃഷ്ടിയിൽ ഭ്രാന്തന്മാർ. അതുകൊണ്ടാവണം ആ “ഭ്രാന്തന്മാരുടെ” കയ്യും കാലും വെട്ടുന്നവരേയും, ക്ഷീണിക്കുന്നതുവരെ എണ്ണിയെണ്ണി വെട്ടിയും കുത്തിയും കൊല്ലുന്നവരേയും ന്യായീകരിക്കുന്നതിലും, അതിനുശേഷം ആസിഫയെ കൊന്നവരുടെ ക്രൂരതയെപ്പറ്റി വാചാലരാകുന്നതിലും, ശിക്ഷാവിധി നിർണ്ണയിക്കുന്നതിലും വൈരുദ്ധ്യമൊന്നും കാണാൻ അവർക്കു് കഴിയാത്തതു്.

Apr 16, 2018, 11:41 AM

ഹിന്ദുക്കളിലെ 31 ശതമാനം ചേര്‍ന്നു്‌ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു്‌ കൊന്നാല്‍ ആ 31 ശതമാനത്തില്‍ പെടാത്ത ആര്‍ക്കായാലും ആ കാപാലികരെ ഒന്നടങ്കം വെടിവച്ചു്‌ കൊന്നു്‌ ജനാധിപത്യം സംരക്ഷിക്കണമെന്നു്‌ ആഹ്വാനം ചെയ്യാന്‍ തോന്നിപ്പോകും. ആ ആഹ്വാനക്കാര്‍ നീതിമാന്മാരാണെന്ന കാര്യത്തില്‍ കാപാലികരല്ലാത്ത ബാക്കി 69 ശതമാനത്തിനും തെല്ലും സംശയമുണ്ടാവേണ്ട കാര്യമില്ലാത്തതിനാല്‍, നീതിനിഷ്ഠമായ ആ കര്‍മ്മം യഥാര്‍ത്ഥത്തില്‍ നടപ്പാക്കുന്നവരുടെ പിന്നില്‍ അവര്‍ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യും. കൊലപാതകികളായ വര്‍ഗ്ഗശത്രുക്കളുടെ രക്തത്തില്‍ ആ മാലാഖക്കൂട്ടം ആഹ്ലാദപൂര്‍വ്വം ഉറഞ്ഞുതുള്ളി ഐകകണ്ഠ്യേന സ്ഥാപിക്കുന്ന ഏകതാനഭരണമാണു്‌ ജനാധിപത്യം.

നാത്സികള്‍ നടപ്പാക്കിയ വംശനശീകരണത്തെ അപലപിച്ചുകൊണ്ടു്‌, കമ്മ്യൂണിസ്റ്റുകള്‍ നടപ്പാക്കിയ വര്‍ഗ്ഗനശീകരണത്തെ ന്യായീകരിക്കാന്‍ കഴിയുന്നതിന്റെ പിന്നില്‍ ഒരു DNA-യാണു്‌ പ്രവര്‍ത്തിക്കുന്നതു്‌ – “സ്റ്റാലിന്‍ DNA”

Apr 19, 2018, 11:59 AM

കണ്ടം വഴി ഓടേണ്ടി വരുമ്പോൾ ഞാൻ മാള അരവിന്ദനെയാണു് മാതൃകയാക്കാറു്. ഓട്ടത്തിന്റെ കാര്യത്തിൽ എന്റെ ഗുരുസ്ഥാനീയനായ മാളയുടെ പേരിൽ ഞാനൊരു ഫാൻ ക്ലബ്ബും തുടങ്ങിയിട്ടുണ്ടു്. തത്ക്കാലം ഞാൻ മാത്രമേ അതിൽ അംഗമായുള്ളു എങ്കിലും ഭാവിയിൽ ആ സ്ഥിതി മാറിക്കൂടെന്നില്ല.

നാലു് കാലും പറിച്ചു് ഓടുന്നതിനു് മുൻപു് ഒരു ഹെജെമണിക്കൽ ബൂർഷ്വാസിഫിക്കേഷൻ വഴി മാള എതിരാളികളെ തേച്ചൊട്ടിക്കും:
“ഞാനോടും. എനിക്കതൊന്നും ഒരു പ്രശ്നമല്ല. കിക്കിക്കിക്കിക്കീ. അയ് യോ”.

Apr 22, 2018, 3:45 PM

ഇടതിനു് കുത്തിയിട്ടോ, വലതിനു് കുത്തിയിട്ടോ ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയിലാണു് കേരളം ഇന്നു് എത്തിച്ചേർന്നിരിക്കുന്നതു്. രാഷ്ട്രീയപരമായി കേരളീയനു് ഇനി ആകെ ചെയ്യാൻ കഴിയുന്നതു് ഒന്നേയുള്ളു: തന്നെത്താൻ നെഞ്ചിൽത്തന്നെ കുത്തി ചാവുക! സാമൂഹിക ജീർണ്ണതയെ മഹത്വീകരിക്കുന്ന ഇടതു്-വലതു് കക്ഷങ്ങളുടെ നാറുന്ന ന്യായീകരണങ്ങളിൽനിന്നു് രക്ഷപെടാനെങ്കിലും അതുവഴി കഴിയും. അതൊരു ചെറിയ കാര്യമല്ല.

അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ചെളിക്കുണ്ടിൽ കിടന്നുരുളുന്നതിൽ പരമാനന്ദം അനുഭവിക്കുന്ന പന്നിക്കൂട്ടങ്ങളുടെ പരസ്പരസഹായസമിതികൾ വിളമ്പുന്ന ശുചിത്വശാസ്ത്രപ്രസംഗം എത്രനാളാണു് സുബോധമുള്ള മനുഷ്യജീവികൾക്കു് സമനിലതെറ്റാതെ കേട്ടുകൊണ്ടിരിക്കാനാവുക?

May 2018

May 1, 2018, 3:52 PM

സാധാരണഗതിയിൽ മനുഷ്യർക്കു് പഞ്ചേന്ദ്രിയങ്ങൾ കട്ടിൽക്കാലുകൾപോലെ മൂന്നാണെന്ന കാര്യത്തിൽ – ചുരുങ്ങിയപക്ഷം മലയാളികൾക്കെങ്കിലും – സംശയമുണ്ടാവാൻ വഴിയില്ല. ഭൂമിമലയാളത്തിലെ ഒരു നടപ്പുരീതി അനുസരിച്ചു് നഞ്ചു് പിടിച്ച മീനുകളേപ്പോലെയോ, ഭക്ത്യതിസാരം ബാധിച്ച മത-, രാഷ്ട്രീയഭക്തരെപ്പോലെയോ ഹരഹരോ ഹരഹരകളുടേയും, ഹാലേലുയ്യാകളുടേയും, അല്ലാഹു അക്ബറുകളുടേയും, ലാൽ സലാമുകളുടേയുമെല്ലാം ഗോഗ്വാ വിളികൾ ആവർത്തിച്ചുകൊണ്ടു് ഐഡിയോളജിക്കൽ പൊട്ടക്കിണറുകളിൽ കിടന്നു് നീന്തിത്തുടിക്കുന്നതിനു് പകരം, സാമാന്യം തൃപ്തികരമായ ഓറിയെന്റേഷനോടെ ഒരു ജീവിതം നയിക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്ന കഴിവുകളാണു് കാണൽ, കേൾക്കൽ, മണക്കൽ, രുചിക്കൽ, സ്പർശിക്കൽ എന്നീ ഗുണങ്ങൾ. ഒരർത്ഥത്തിൽ, ആരോഗ്യമുള്ള ഏതു് മനുഷ്യശരീരവും അലെർട്ട് സ്റ്റെയ്റ്റിൽ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കേണ്ടവയാണു് ഈ “പഞ്ചതൊഴിലുകൾ”. തൊഴിൽ ദിനമായി ആഘോഷിക്കപ്പെടുന്ന ഈ മേയ് ഒന്നിനു് അക്കാര്യം സൂചിപ്പിച്ചില്ലെങ്കിൽ എന്റെ മനസ്സാക്ഷി എന്നെ – അവർണ്ണനെ സവർണ്ണൻ എന്നപോലെ – വഴിയിലിട്ടു് തല്ലിക്കൊല്ലും. (സവർണ്ണർ എന്നാൽ ആരാണു്, എന്താണു് എന്നൊന്നും അറിയാത്തവർക്കായി: അത്തരക്കാരേപ്പറ്റിയാണു് “മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിൻമുഖം” എന്നും മറ്റും പാടി മലയാളക്കരയിലെ മഹാകവികൾ ചക്രം മേടിച്ചിരുന്നതു്.)

ഒരു മനുഷ്യനു് ഒറ്റക്കു് ചെയ്തു് തീർക്കാൻ കഴിയാത്ത സങ്കീർണ്ണതയിലേക്കു് തൊഴിലുകൾ വികസിക്കുമ്പോൾ തൊഴിൽവിഭജനം മനുഷ്യരുടെയിടയിൽ അനിവാര്യമാകുമെന്നു് മല്ലുക്കളിലെ രാഷ്ട്രീയജനുസ്സുകൾപോലും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടു്. തോട്ടികൾ, തൂപ്പുകാർ, സൈക്കിൾറിക്ഷാക്കാർ തുടങ്ങിയ പ്രോലെറ്റേറിയറ്റിനു് വേണ്ടി ഒഴുക്കപ്പെടുന്ന എയർകണ്ടീഷൻഡ് മുതലക്കണ്ണുനീരുകൾ അതിന്റെ തെളിവാണു്.

രണ്ടു് കണ്ണുകൾ, രണ്ടു് ചെവികൾ, ഒരു മൂക്കു്, ഒരു നാവു്, ശരീരം മൊത്തം മൂടുന്ന ഒരു തൊലി ഇവയാണു് തൊഴിൽവിഭജനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യശരീരത്തിലെ പെർസെപ്ഷണൽ തൊഴിൽശക്തികൾ. ആദ്യത്തെ മൂന്നു് പെർസെപ്ഷനുകൾക്കു് മോണോസിസ്റ്റത്തേക്കാൾ സ്റ്റീരിയോസിസ്റ്റമാണു് കൂടുതൽ എഫക്റ്റീവ് എന്നു് സ്രഷ്ടാവിനു് തുടക്കത്തിലേതന്നെ അറിയാമായിരുന്നിരിക്കണം. ഒരു മൂക്കിനു് രണ്ടു് തുളകൾ എന്ന ആശയം ദൈവികമായ ആ അറിവിൽ നിന്നും വരുന്നതാവാനേ വഴിയുള്ളു. ഒരു നാവു് വിചാരിച്ചാൽ ഒൻപതു് സ്റ്റീരിയോകളുടെ ഫലം ചെയ്യാനാവുമെന്നും, ഒരു പർദ്ദ ഒരുമ്പെട്ടിറങ്ങിയാൽ മൊത്തം മനുഷ്യചർമ്മത്തേയും നിഷ്പ്രഭമാക്കാൻ കഴിയുമെന്നുമുള്ള സർവ്വജ്ഞാനമാവണം അവസാനത്തെ രണ്ടു് പെർസെപ്ഷനുകൾക്കു് പ്രത്യേകം സ്റ്റീരിയോസിസ്റ്റങ്ങളുടെ ആവശ്യമില്ലെന്ന തീരുമാനത്തിലേക്കു് അദ്ദേഹത്തെ നയിച്ചതു്.

മനുഷ്യസൃഷ്ടിയിൽ അതിനേക്കാളെല്ലാം ഇൻജീനിയസായി എനിക്കു് തോന്നുന്നതു്, “വാസ്തുശാസ്ത്രപരമായ” കാഴ്ച്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, രണ്ടു് ചെവികളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥാനങ്ങളാണു്. ഒന്നിൽ നിന്നും മറ്റൊന്നിലേക്കു് ഏറ്റവും കുറഞ്ഞ സമയംകൊണ്ടു് എത്തിച്ചേരാൻ പറ്റുന്നവിധം നേർരേഖയിൽ വിപരീതമായ സ്ഥാനങ്ങളിൽ ചെവികളെ സ്ഥാപിക്കാൻ സ്രഷ്ടാവു് തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഗോഡ്സ് ഓൺ കണ്ട്രീസിന്റെ ജീവിതം തന്നെ അപകടത്തിലായേനെ! ഇടതടവില്ലാതെ അവർക്കു് കേൾക്കേണ്ടിവരുന്ന രാഷ്ട്രീയഉറപ്പുകളും ആത്മീയവാഗ്ദാനങ്ങളും കഥകളും കഥാപ്രസംഗങ്ങളും ഫെയ്ക്ക് ന്യൂസുകളുമെല്ലാം ഒരു ചെവിയിൽ നിന്നും മറ്റേ ചെവിയിലൂടെ എത്രയും വേഗം പുറത്തു് പോയില്ലെങ്കിൽ മനുഷ്യരുടെ സമനിലയോ ഗ്രഹനിലയോ ആദ്യം തെറ്റിയതെന്നു് ചോദിച്ചാൽ മതി.

ഉദാഹരണത്തിനു്, ഒരു ചെവി തലയുടെ ഇടതോ വലതോ പക്ഷത്തും, മറ്റേ ചെവി മലദ്വാരത്തിന്റെ വലതോ ഇടതോ പക്ഷത്തും ആയിരുന്നു സ്ഥാപിക്കപ്പെട്ടിരുന്നതെങ്കിൽ ഒരു ചെവിയിലൂടെ അകത്തു് കടക്കുന്ന ശബ്ദതരംഗങ്ങൾക്കു് മറുചെവിയിലൂടെ പുറത്തു് കടക്കാൻ തൊണ്ണൂറു് ഡിഗ്രി തിരിയേണ്ടി വരുമായിരുന്നു. ഫലം ശബ്ദയാത്രയുടെ ദൂരക്കൂടുതലും സമയനഷ്ടവും. ഒരു മട്ടത്രികോണത്തിൽ ഹൈപ്പോട്ടെന്യൂസിന്റെ നീളത്തേക്കാൾ കൂടുതലായിരിക്കും മറ്റു് രണ്ടു് വശങ്ങളുടെ നീളങ്ങളുടെ തുകയെന്നു് മുസ്സോളിനിയും പറഞ്ഞിട്ടുണ്ടല്ലോ. ശബ്ദതരംഗങ്ങളുടെ ലോകത്തിൽ കക്ഷിരാഷ്ട്രീയമോ മയിലെണ്ണയോ ഇല്ലാത്തതിനാൽ അവസരോചിതമുള്ള വളയലും തിരിയലും അവയ്ക്കു് അത്ര അനായാസം ചെയ്യാനാവുന്ന കലകളുമല്ല.

ഈ അർത്ഥത്തിൽ, എല്ലാ സുഹൃത്തുകൾക്കും മെയ്ദിനാശംസകൾ!

May 4, 2018, 3:47 PM

“തമസ്സോ മാ ജ്യോതിർഗമയാ” വലിയ തെറ്റില്ലാത്ത ഒരു മുദ്രാവാക്യമായി കരുതിയിരുന്ന ഒരു ബാല്യമായിരുന്നു എന്റേതു്. ആ നിലപാടിൽ പൊളിറ്റിക്കലി ആൻഡ് ഫിലോസഫിക്കലി റാഡിക്കലായ ഒരു മാറ്റം വേണമെന്ന ബോധം എന്നിലുദിച്ചതു് “വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം” എന്ന മുദ്രവാക്യം കേട്ടതിനു് ശേഷമാണു്. ഞാനതു് വായിച്ചിരുന്നതു് “വെളിച്ചം ദുഃഖ”മണ്ണുണ്ണീ” തമസ്സല്ലോ സുഖപ്രദം” എന്നായിരുന്നതിനാൽ, കുഞ്ഞുങ്ങൾ മണ്ണുണ്ണികളായി വളർത്തപ്പെടുന്ന കേരളത്തിന്റെ ഒരു ഉത്പന്നമാണു് ഞാനുമെന്നതിനാൽ, കവി അതെഴുതിയതു് സ്പെസിഫിക്കലി എന്നെ ബോധവത്ക്കരിക്കാനായിരുന്നു എന്ന ധാരണയായിരുന്നു എനിക്കു്. പോരെങ്കിൽ, മലയാളി എന്ന നിലയിൽ ഒരു ഈഗോമാനിയാക്ക് ആവാതിരിക്കാൻ എനിക്കു് ആവതുമില്ലല്ലോ.

അതുപോലെ, സ്വന്തമായി ഒരു മകനെ ജനിപ്പിച്ചു് അവനെ മറ്റു് മനുഷ്യരെക്കൊണ്ടു് പരമാവധി പീഡിപ്പിച്ച ശേഷം രണ്ടു് കള്ളന്മാർ തുങ്ങുന്ന മരക്കുരിശുകളുടെ നടുവിലെ മറ്റൊരു മരക്കുരിശിൽ തൂക്കിക്കൊന്നുകൊണ്ടല്ലാതെ ഭൂലോകത്തിലെ മനുഷ്യരെ അവർ അവരുടെ മാതാപിതാക്കളാൽ ജനിപ്പിക്കപ്പെട്ടു എന്ന “ആദ്യമഹാപാപം” അടക്കമുള്ള ആകെമൊത്തം ടോട്ടൽ പാപങ്ങളിൽ നിന്നും മോചിപ്പിക്കാൻ കഴിയില്ലെന്ന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഒരു ദൈവം സ്നേഹമാണെന്നു് കരുതിയിരുന്ന ഒരു കാലവും എനിക്കുണ്ടായിരുന്നു. ആദ്യം യേശുദാസെന്നും, ഇടക്കാലത്തു് അയ്യപ്പദാസെന്നും, പിന്നീടു് ഗാനഗന്ധർവനെന്നുമെല്ലാം അറിയാൻ തുടങ്ങിയ ദാസേട്ടനിലൂടെയാണു് സ്നേഹം ദൈവമല്ല, ശോകഗാനങ്ങളിലൂടെ പരിഹാരം കാണേണ്ട ഭയങ്കര അസ്തിത്വദുഃഖമാണെന്ന സത്യം ഞാൻ മനസ്സിലാക്കിയതു്. സത്യം പറഞ്ഞാൽ, പുരുഷനും കഴുതയും ഒരേ ജനുസ്സിൽ പെടുന്നവരാണെന്ന നിഗൂഢസത്യത്തിലേക്കു് ദാസേട്ടന്റെ ഹൃദയഭേദകമായ കണ്ണീർപ്പാട്ടുകളിലൂടെയാണു് ഞാൻ എത്തിച്ചേർന്നതു്.

മല്ലുസിൽമാലോകവും കഴുതലോകവും തമ്മിലുള്ള, ഫലത്തിൽ അത്ര ചെറുതല്ലാത്ത, ഒരു വ്യത്യാസം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ടു്. അപവാദങ്ങൾ ഇല്ലാതില്ലെങ്കിലും, മല്ലുസിൽമാലോകത്തിൽ ആദ്യം പുല്ലിംഗം കരയും, പിന്നെ സ്ത്രീലിംഗം കരയും, അവസാനം പുല്ലിംഗവും സ്ത്രീലിംഗവും ഇഴുകിച്ചേർന്നു് കെട്ടിപ്പിടിച്ചു് കരയും. കഴുതലോകത്തിലെ പ്രോട്ടോക്കോൾ അനുസരിച്ചു്, ആദ്യം പുല്ലിംഗം കരയും, അപ്പോൾ സ്ത്രീലിംഗം പുറംകാൽ പൊക്കി പിന്നിൽ നിന്നു് പാടുന്ന ഗാനഗന്ധർവ്വനെ ചറപറാ തൊഴിക്കും. കരച്ചിലിന്റേയും തൊഴിയുടേയും ക്വോട്ട അതിന്റെ പൂർണ്ണതയിൽ എത്തുന്നതുവരെ പിടിച്ചുനിൽക്കാൻ ഇരുപക്ഷത്തിനും കഴിഞ്ഞാൽമാത്രം കലാപരിപാടി യുഗ്മകത്തിന്റെ ക്ലൈമാക്സിലെത്തുകയും സൃഷ്ടിയുടെ നിവർത്തിപ്പിൽ സമംഗളം പര്യവസാനിക്കുകയും ചെയ്യും.

പറഞ്ഞുവന്നതു്, കേരളത്തിന്റെ യുവതലമുറകളെ അസ്തിത്വദുഃഖത്തിന്റെ കടാപ്പുറങ്ങളിൽ ചേളാകവും തൂക്കി അലഞ്ഞുതിരിഞ്ഞു് ബുദ്ധിജീവി ചമയാൻ പഠിപ്പിച്ച കേരളത്തിലെ സാംസ്കാരികനായകരുടെ മുൻനിരയിലെ ഒരു ചാരുകസേരക്കു് എന്നാളും അവകാശമുള്ള ദാസേട്ടനു് ഒരു അവാർഡ് കിട്ടിയാലെന്തു്, കിട്ടിയില്ലെങ്കിലെന്തു്? നെറ്റിപ്പട്ടം കെട്ടിയാലേ പാപ്പാനെ കുത്തിക്കൊല്ലൂ എന്നു് ആനക്കെന്തു് നിർബന്ധം? ദാസേട്ടൻ സെൽ ഫിഷ് അല്ലാത്തതിനാൽ, സ്വന്തകയ്യാൽ ഗാനഗന്ധർവ്വനു് ഒരു അവാർഡ് കൊടുത്തിട്ടേ ചാകൂ എന്നു് കീഴിലുള്ള മന്ത്രിമാർക്കോ പ്രസിഡന്റിനോ നിർബന്ധമുണ്ടെങ്കിൽ അവരുടെ മുൻപിൽ അദ്ദേഹം ഒന്നു് നിന്നു് കൊടുക്കും, അത്രതന്നെ! അതിനു് ഇമ്മാതിരി കൊലവെറി എന്തിനു്?

May 5, 2018, 10:51 AM

സ്മാർട്ട് ഫോണുകൾ വന്നതിനുശേഷം പിടക്കോഴികളുടെയിടയിലെ ഡിപ്രഷൻ വല്ലാതെ കൂടിയിട്ടുണ്ടു്. വളരെ ചെറിയ മുട്ടകൾ ഇടുന്നു എന്നു് മാത്രമല്ല, മുട്ടകളുടെ ആകൃതിയിലും പ്രകൃതിയിലും സംശയാസ്പദമായ ചില മാറ്റങ്ങളും പ്രകടമാണു്. മുൻപൊക്കെ, ഇന്നു് വരും മുല, നാളെ വരും മുല, മറ്റെന്നാൾ രാവിലെ ചാടി വരും മുല എന്ന താരാട്ടു് പാടിയാൽ കുടിക്കാൻ മുല തപ്പുന്ന കോഴിക്കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാൻ പിടകൾക്കു് കഴിയുമായിരുന്നു. മുട്ട വിരിഞ്ഞു് പുറത്തു് വന്നാൽ അധികം താമസിയാതെതന്നെ കൊത്തിത്തിന്നലിന്റെ തിരക്കു് തുടങ്ങുന്നതിനാൽ മുലവിഷയം അവറ്റകൾ മറക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ, തള്ളയുടെ ഓരോ വായ്ത്താളവും കോഴിക്കുഞ്ഞുങ്ങൾ സ്മാർട്ട് ഫോണിൽ റിക്കോർഡ് ചെയ്യുന്നതിനാൽ വാഗ്ദാനങ്ങൾ അവർ മറന്നുപൊയ്ക്കൊള്ളും എന്നു് കരുതി ഒരു പിടയ്ക്കും സ്വസ്ഥമായി ഇരിക്കാനാവില്ല. ചെകുത്താനും ഇന്റർനെറ്റും ഉറങ്ങുന്നില്ല, സ്ക്രീൻ ഷോട്ടും ക്ലൌഡ് സ്റ്റോറെജും മരിക്കുന്നില്ല എന്നാണു് പ്രമാണം. അതുപോലൊരു സാഹചര്യത്തിൽ അസ്വസ്ഥരാകുകയല്ലാതെ പിടക്കോഴികൾക്കു് വേറെ മാർഗ്ഗമില്ല. അസ്വസ്ഥതയിൽ നിന്നും ഒരു പൂച്ചച്ചാട്ടം മതി ഡിപ്രഷനിലെത്താൻ.

പിടക്കോഴികളുടെ മുലവാഗ്ദാനകല മാതൃകയാക്കി രക്ഷപെട്ടിരുന്ന രാഷ്ട്രീയക്കാരിലേക്കും ഈ സ്മാർട്ട് ഫോൺ അധിഷ്ഠിത ഡിപ്രഷൻ തരംഗം പടർന്നു് പിടിക്കുകയാണെന്നു് കേൾക്കുന്നു. വിഗ്രഹങ്ങളിലേക്കു് വ്യാധി പടർന്നു് കയറാതിരിക്കാൻ ന്യായീകരണചാവേറുകൾ അശ്രാന്തമായി പരിശ്രമിക്കുന്നുണ്ടെന്നതു് മാത്രമാണു് – എത്രനാൾ പിടിച്ചുനിൽക്കാനാവുമെന്നു് അറിയില്ലെങ്കിലും – അവർക്കു് അല്പമെങ്കിലുമൊരു ആശ്വാസം നൽകുന്നതു്.

സ്വന്തമായി ചാവേറുകളില്ലാത്ത പിടക്കോഴികൾക്കു് അങ്ങനെപോലും ഒരാശ്വാസമില്ല. സമ്പത്തു് കാലത്തു് പത്തു് ഭക്തരെ നട്ടു് വളർത്തിയാലേ ആപത്തു് കാലത്തു് പത്തു് ചാവേറുകളെ കിട്ടൂ എന്ന കാര്യം പ്രത്യയശാസ്ത്രപരമായി പിന്നാക്കം നിൽക്കുന്ന പാവം പിടക്കോഴികൾക്കു് അറിയാൻ കഴിയാതെ പോയതു് ഇപ്പോൾ അവയ്ക്കു് കണ്ഠകോടാലിയായി മാറി എന്നു് പറഞ്ഞാൽ മതി.

May 8, 2018, 10:48 AM

മതം, രാഷ്ട്രീയം, ശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ വല്ലതുമൊക്കെ എഴുതുമ്പോൾ അതിന്റെ ഗൗരവം നഷ്ടപ്പെടാതെ നോക്കണം എന്ന ആഗ്രഹം സോഷ്യൽ മീഡിയയിൽ മലയാളത്തിലെഴുതുന്ന മറ്റാരേയും പോലെ എനിക്കുമുണ്ടു്. മാക്സിമം ലൈക്കും ഷെയറും നേടുകയാണല്ലോ “സോ. മീ.” എഴുത്തിന്റെ ലക്ഷ്യംതന്നെ! അതിനാൽ, ഓരോരുത്തരും വളരെ ഗൗരവപൂർവ്വം വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കും. അതുക്കും മീതെയുള്ള ഗൗരവത്തിൽ പ്രശ്നം കൈകാര്യം ചെയ്തില്ലെങ്കിൽ, ലൈക്കോ ഷെയറോ കിട്ടില്ലെന്നു് മാത്രമല്ല, സോ. മീ. ജീവികളിൽ ഒരെണ്ണം ഒന്നു് തിരിഞ്ഞു് നോക്കുക പോലുമില്ല. ഓൺലൈൻ ഗ്ലാഡിയേറ്റേഴ്സിനെ സംബന്ധിച്ചു് അതു് ആത്മഹത്യാപരമായിരിക്കുമെന്നു് പറയേണ്ടതില്ലല്ലോ.

പക്ഷേ, ഈ “അതുക്കും മീതെ” എത്തൽ അത്ര എളുപ്പമല്ല. അതറിയാൻ മേല്പറഞ്ഞ വിഷയങ്ങൾ – പ്രത്യേകിച്ചും മതവും രാഷ്ട്രീയവും – കൈകാര്യം ചെയ്യുന്ന മഹാരഥന്മാർ പാലിക്കുന്ന വിഷയഗൗരവത്തിന്റെ ഉയരം ശ്രദ്ധിച്ചാൽ മതി. അതിനും മുകളിലേക്കു് ഉയരാൻ വല്ല അമാനവർക്കുമല്ലാതെ കേവലമാനവർ ആർക്കെങ്കിലും കഴിയുമെന്നു് തോന്നുന്നില്ല.

ഉദാഹരണത്തിനു്, ഇൻഡ്യയിൽ പുരാതന ഇസ്ലാമിലേതു് പോലെ ഷരിയ നിയമം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടി സ്വയം വിളിക്കുന്നതു് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡ്യ (SDPI) എന്നാണു്. ചിലർ ഈ കക്ഷികളെ വാത്സല്യപൂർവ്വം സുഡാപ്പികളെന്നും വിളിക്കാറുണ്ടു്. “ഷരിയ = സോഷ്യൽ ഡെമോക്രസി” എന്നു് കേൾക്കുന്ന കേവലമാനവർക്കു് അതൊരു തമാശയായി തോന്നിയേക്കാമെങ്കിലും “സുഡാപ്പികളെ” സംബന്ധിച്ചു് വളരെ ഗൗരവതരമായ ഒരു പാർട്ടിയാണതു്. അതുക്കും മേലെയൊരു ഗൗരവത്തിലേക്കു് എത്തിച്ചേരാൻ എത്ര ഭീകരമായ ഗൗരവത്തിൽ എഴുതിയാലാണെന്നു് ചിന്തിച്ചാൽ മതി.

അതുപോലെ, ദൈവത്തിന്റെ ഒരു “ജാരസന്തതി”, ദാ പോയി, ദാ വന്നു എന്നും പറഞ്ഞു് സ്വർഗ്ഗത്തിലേക്കു് ഒരു പോക്കു് പോയിട്ടു് ഇപ്പോൾ രണ്ടായിരത്തോളം വർഷങ്ങളായി. അതു് സംബന്ധിച്ച ഒരനക്കവും ഇതുവരെ സ്വർഗ്ഗത്തിൽ നിന്നുമില്ല. അതിനുംകൂടെ ചെവിതകർപ്പൻ കൊട്ടുകളും പാട്ടുകളുമായി ഇന്നും ചിലർ അവന്റെ വരവിനായി കാത്തിരിക്കുന്നുമുണ്ടു്. അവരിൽ പെടാത്ത കേവലമാനവർക്കു് അതൊരു “കളിതമാശ” ആയിട്ടേ തോന്നാൻ വഴിയുള്ളു എങ്കിലും, പ്രമുഖ ഇടയനും ഉടയോനുമായ ദൈവപുത്രൻ കുതിരപ്പുറത്തെന്നപോലെ മേഘപ്പുറത്തു് കയറി വരുന്ന ആ വരവിനു് വേണ്ടിയുള്ള കാത്തിരിപ്പു് ദൈവിക ഇടയന്റെ സ്വന്തം മൊതലുകളായ ആണാടുകൾക്കും പെണ്ണാടുകൾക്കും കുഞ്ഞാടുകൾക്കും തമാശയുടെ നേരിയ ലാഞ്ഛനം പോലുമില്ലാതെ ഗുരുതരമായ ഗൗരവത്തോടെയേ കാണാൻ കഴിയൂ. ഇവിടെയും, അതുക്കും മീതെയുള്ള ഒരു ഗൗരവലെവലിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുക എന്നൊക്കെ പറഞ്ഞാൽ അതു് മനുഷ്യസാദ്ധ്യമായ കാര്യമല്ല.

കടത്തി വെട്ടാൻ കഴിയാത്തത്ര ഗൗരവമുള്ള കാര്യങ്ങളേ കേരളത്തിലുള്ളൂ എന്നു് പറഞ്ഞാലും വലിയ തെറ്റില്ല: തൊഴിലൊഴികെ മറ്റെന്തു് ചെയ്യാനും മടിക്കാത്തവരുടെ തൊഴിലാളിപ്പാർട്ടികൾ; മാർക്സ് പ്രവചിച്ചപോലെ, അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചോര ഊറ്റിയൂറ്റിക്കുടിച്ചു് ദഹനക്കേടു് പിടിക്കുന്ന ലോകമുതലാളിവർഗ്ഗം മുഴുവൻ വയറു് പൊട്ടിയോ, തൊഴിലാളികളെ ചൂഷണം ചെയ്യാൻ വർക്ഷോപ്പ് തുടങ്ങുന്ന ബൂർഷ്വാസികളെല്ലാം പൊട്ടിപ്പാളീസായി കെട്ടിത്തൂങ്ങിയോ ചത്തു് കഴിയുമ്പോൾ, ചത്ത മുതലാളികളെ വീണ്ടും കൊല്ലുക എന്ന അനിവാര്യതയുടെ പേരിൽ സംഭവിക്കുന്ന സർവ്വലോകതൊഴിലാളിവിപ്ലവം; അതുവഴി ആദ്യം സ്ഥാപിക്കപ്പെടുന്ന തൊഴിലാളിവർഗ്ഗസർവ്വാധിപത്യം; അതിനു് ശേഷം സ്ഥാപിക്കപ്പെടുന്ന തൊഴിലാളിവർഗ്ഗജനാധിപത്യം; എന്നിട്ടും നേരം പോകുന്നില്ലെങ്കിൽ സ്ഥാപിക്കപ്പെടാവുന്ന തൊഴിലാളിവർഗ്ഗജാത്യാധിപത്യം; അവസാനം, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ മാർക്സിസത്തിനു് മുന്നിൽ അടിയറവു് പറഞ്ഞു് കിടന്നകിടപ്പു് കിടക്കാൻ തീരുമാനിക്കുന്ന ലോകചരിത്രഗതി. അങ്ങനെ എത്രയെത്ര ഗൗരവതരമായ കാര്യങ്ങൾ! സോഷ്യൽ മീഡിയയുടെ ഗോദയിലേക്കു് “സുമോ റെസ്ലർ”മാരെപ്പോലെ സംവാദം എന്ന ഗുസ്തിക്കായി ഇറങ്ങുന്ന ഒരു ഓൺലൈൻ പോരാളിക്കു് പൊളിച്ചടുക്കാനുള്ള വിഷയഗൌരവത്തിന്റെ മതിലുകൾ ഏറെ ഉയരമുള്ളവയാണു്.

ഈശ്വരൻ, മതം, മരണം, രാഷ്ട്രീയം എന്നീ ഏതാനും വിഷയങ്ങളിൽ മാത്രമായി വളരെ ഗൌരവത്തോടെ ചുറ്റിത്തിരിയുന്നതാണു് ഒരു ശരാശരി മലയാളിജീവിതം. അതുകൊണ്ടാവണം കേരളത്തിലെ “അനിവാര്യമായ” രാഷ്ട്രീയകൊലപാതകങ്ങൾക്കു് ലഭിക്കുന്നതിനേക്കാൾ ഗൗരവസ്വഭാവം രാഷ്ട്രീയക്കാർക്കു് നേരെയുള്ള ട്രോളുകൾക്കു് ലഭിക്കുന്നതു്. അതുകൊണ്ടാവണം അവിടെ ക്രിമിനലുകൾ V. I. P.-കളായി ആരാധിക്കപ്പെടുകയും, സാറ്ററിസ്റ്റുകൾ ക്രിമിനലുകളായി കുറ്റം വിധിക്കപ്പെടുകയും ചെയ്യുന്നതു്.

May 13, 2018, 11:34 AM

ഭരണം കയ്യാളുന്നതു് നീതിബോധമുള്ള മനുഷ്യരാണെന്ന തോന്നലാണു് ബാലികാപീഡനവും കൊലപാതകങ്ങളും അഴിമതിയുമെല്ലാം നിയമപരമായ അന്വേഷണത്തിനും, ശിക്ഷാനടപടികൾക്കും വിധേയമാക്കപ്പെടുമെന്നും തങ്ങൾക്കു് നീതി ലഭിക്കുമെന്നുമുള്ള ശുഭാപ്തിവിശ്വാസത്തിലേക്കു് ജനങ്ങളെ നയിക്കുന്നതു്. ഒരുകൂട്ടം മഫിയോസിയാണു് തങ്ങളെ ഭരിക്കുന്നതെന്ന യാഥാർത്ഥ്യബോധം ഉണ്ടായിവന്നാൽ ആ തെറ്റിദ്ധാരണ മാറാവുന്നതേയുള്ളു.

തറലെവലിൽ നിന്നും അല്പമെങ്കിലും ഉയർന്ന ലക്ഷ്യത്തിലേക്കേ വെടിവയ്ക്കാൻ കഴിയൂ. കേരളരാഷ്ട്രീയത്തേയും രാഷ്ട്രീയക്കാരേയുമെല്ലാം വിമർശിക്കാനുള്ള ശ്രമം തറലെവലിൽ നിന്നും താഴേക്കു് വെടിവയ്ക്കുന്നതിനു് തുല്യമാണു്. അതുവഴി ആ അധോലോകത്തിൽ സ്ഥിരവാസമാക്കിയിരിക്കുന്ന കക്ഷിരാഷ്ട്രീയാധിഷ്ഠിതന്യായീകരണം പ്രധാനതൊഴിലാക്കിയ കാക്കക്കൂട്ടത്തെ ഉണർത്താമെന്നല്ലാതെ മറ്റു് പ്രയോജനമൊന്നുമില്ല. യാതൊരു പ്രസക്തിയുമില്ലെങ്കിലും, ഏതു് രാഷ്ട്രീയവളികളോടും പ്രതികരിച്ചേ അടങ്ങൂ എന്ന വാശിയോടെ ഉറക്കമൊഴിഞ്ഞു് കാത്തിരിക്കുന്നവരെ പ്രത്യേകം വെടിവച്ചു് ഉണർത്തേണ്ട കാര്യമെന്തു്? ഏതു് കലവും അതിന്റെ അടപ്പിനെ കണ്ടെത്തും എന്ന ചൊല്ലുപോലെ, തനിക്കു് പടിയാൻ പറ്റിയ ചെളിക്കുഴികളെ കണ്ടെത്താൻ ഏതൊരു കക്ഷിരാഷ്ട്രീയക്കാരനും കഴിയും. അതിനവനു് പരസഹായം ആവശ്യമില്ല.

“പണ്ടാരമുക്കുറരത്നാകരം” എന്ന മഹാകാവ്യത്തിൽ ഒരു കാവ്യമീമാംസകൻ പണ്ടൊരിക്കൽ പാടി: “പണ്ടാരത്തെ പട്ടി കടിച്ചു, പണ്ടാരം രണ്ടട്ടഹസിച്ചു”.

ഇന്നാണെങ്കിൽ, ചുമ്മാ കിടന്നു് അട്ടഹസിക്കാതെ, ഒരു കൃപാസനം പത്രം വാങ്ങി തന്റെ കടിപ്രദേശം (ഈ പ്രയോഗത്തിനു് ബൈബിളിനോടു് കടപ്പാടു്) വിടവുകളില്ലാതെ ഭദ്രമായി പൊതിയേണ്ട കാര്യമേ ആ പണ്ടാരത്തിനു് ഉണ്ടായിരുന്നുള്ളു. സമാനമായ ഒരു സാഹചര്യം ഉണ്ടായാൽ ആ കാവ്യമീമാംസകനും ഇന്നു് കവിതയിലേക്കല്ല, കൃപാസനത്തിലേക്കേ അഭയം തേടാൻ സാദ്ധ്യതയുള്ളു. പക്ഷേ, അന്നു് കർത്താവായ യേശുമശിഹ കൃപാസനത്തിലൂടെ മനുഷ്യരിൽ മഹാത്ഭുതങ്ങൾ പ്രവർത്തിക്കാൻ തുടങ്ങിയിരുന്നില്ലാത്തതിനാൽ മഹാകാവ്യശീലുകളിൽ ശരണം പ്രാപിക്കുകയല്ലാതെ അദ്ദേഹത്തിനെന്നല്ല, ആർക്കും മറ്റു് മാർഗ്ഗമൊന്നുമുണ്ടായിരുന്നില്ല.

സകലലോകത്തിന്റേയും ആധിവ്യാധി-, ആദ്യപാപ-, ദുശ്ചിന്ത-, സമ്പൂർണ്ണവിമോചനത്തിനായി തന്റെ കൃപാസനം തുറന്നുതന്ന നമ്മുടെ കർത്താവേശുമശിഹാക്കു് സ്തുതിയും സ്തോത്രവും മഹത്വവും ഇന്നുമെന്നാളും കരേറുമാറാകട്ടെ, ആമീൻ.

May 15, 2018, 11:35 AM

ചെമ്മീനും നാരങ്ങയും ഒരുമിച്ചു് കഴിച്ചാലേ മനുഷ്യൻ തട്ടിപ്പോകൂ എന്നൊന്നുമില്ല. ചെമ്മീനും നാരങ്ങയും വെവ്വേറെ മാസങ്ങളിലോ വർഷങ്ങളിലോ കഴിച്ചാലും മനുഷ്യൻ തട്ടിപ്പോകാവുന്നതേയുള്ളു. ഏതു് നാട്ടിലെ ജലാശയങ്ങളിൽ നിന്നും പിടിച്ച ചെമ്മീൻ, ചെമ്മീൻ ഫ്രൈ ആരുടെ കലാസൃഷ്ടി തുടങ്ങിയ സാങ്കേതികമായ കാര്യങ്ങളാണു് മനുഷ്യൻ തട്ടിപ്പോകുന്നതിന്റെ പിന്നിലെ രഹസ്യം. – എന്നു് സാമ്പത്തികം അനുവദിക്കുന്ന സാഹചര്യങ്ങളിൽ (ചില ചെമ്മീനുകൾക്കു് എന്നേക്കാൾ വിലയുണ്ടു്!) അല്പം നാരങ്ങനീർ പിഴിഞ്ഞൊഴിച്ച ചെമ്മീൻ പൊരിച്ചതു് കഴിക്കാറുണ്ടെങ്കിലും ഇതുവരെ തട്ടിപ്പോകാത്ത ഒരു പെറ്റി ബൂർഷ്വാ.

ഇതുവരെ തട്ടിപ്പോകാത്തതുകൊണ്ടു് ഒരിക്കലും തട്ടിപ്പോകില്ല എന്നൊന്നും അർത്ഥമില്ല. ഞാൻ ചെമ്മീനും നാരങ്ങയും ഒരുമിച്ചു് കഴിക്കുന്നതടക്കമുള്ള എന്റെ മൊത്തം ചെയ്തികളും ഇമവെട്ടാതെ നോക്കിക്കൊണ്ടു്, എന്നെ ഏതു് നിമിഷവും തട്ടാൻ കെല്പുള്ള ഒരു “cctv” മുകളിലിരിക്കുന്നുണ്ടെന്ന കാര്യം ഞാൻ ഒരിക്കലും മറക്കാറില്ല. അങ്ങനെയൊരു ബിഗ് ബ്രദർകൂടി എനിക്കില്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ എന്റെ അഹംഭാവം? എന്റെ അഹംബ്രഹ്മഭാവം!?

ചെമ്മീനും നാരങ്ങയും ഒരുമിച്ചു് കഴിച്ചാൽ മനുഷ്യൻ കയ്യോടെ വടിയാകുന്ന നാടുകളുടെ ഒരു ഗുണം, അവിടെ മോഡേൺ മെഡിസിൻ കയ്യൊഴിഞ്ഞതടക്കമുള്ള സകലമാന ക്യാൻസർചികിത്സകളും ന്യായമായ വിലയ്ക്കു് “ഏറ്റെടുത്തു് നടത്തിക്കൊടുക്കപ്പെടുന്ന” അത്ഭുതചികിത്സകരും വളരെ ആക്ടീവാണെന്നതാണു്.

May 15, 2018, 1:21 PM

ജനത്തിനു് വേണ്ടതു് B. J. P. -യെ ആണെങ്കിൽ അവർ B. J. P. -ക്കു് വോട്ട് ചെയ്യും. ജനം B. J. P. -ക്കല്ല, മറ്റേതെങ്കിലും പാർട്ടിക്കാണു് വോട്ട് ചെയ്യേണ്ടതെങ്കിൽ, എന്തുകൊണ്ടു് അവരതു് ചെയ്യണം എന്നു് അവർക്കു് മനസ്സിലാകുന്ന ഭാഷയിൽ അവരെ അറിയിക്കുകയാണു് ജനാധിപത്യത്തിലെ രീതി. ജനത്തിന്റെ തലയിൽ ചാണകമായതുകൊണ്ടാണു് അവർ B. J. P. -ക്കു് വോട്ട് ചെയ്തതു് എന്നു് സ്ഥാപിച്ചു് ജനത്തിന്റെ മനസ്സു് മാറ്റാമെന്നു് കരുതുന്നതു് അബദ്ധമായിരിക്കും. പോരെങ്കിൽ, മറ്റുള്ളവരുടെ തലയിൽ ചാണകം മാത്രം കാണാൻ കഴിയുന്നതു് സ്വന്തം തല നിറയെ ചാണകം മാത്രമായതുകൊണ്ടാണോ എന്നതും ചിന്തിക്കേണ്ട കാര്യമാണു്. മഞ്ഞക്കണ്ണട ധരിക്കുന്നവനു് അങ്ങനെ തോന്നുന്നതുകൊണ്ടു്, ലോകത്തിലെ മനുഷ്യർ മുഴുവൻ മഞ്ഞപ്പിത്തം ബാധിച്ചവരാകുന്നില്ല.

ഒരു ഫാഷിസം എതിർക്കപ്പെടേണ്ടതു് അതിനേക്കാൾ വലിയ മറ്റൊരു ഫാഷിസം സ്ഥാപിക്കപ്പെടാൻ വേണ്ടി ആയാൽ, അതിന്റെ ഗുണഭോക്താക്കൾ പുതിയ വേറെ കുറേ ഫാഷിസ്റ്റുകളായിരിക്കും. ജനത്തെ സംബന്ധിച്ചു് ആ “വിപ്ലവം” കൂടുതൽ നഷ്ടം സഹിക്കേണ്ടിവരുന്ന ഒരു കച്ചവടം മാത്രമേ ആകൂ.

May 18, 2018, 11:30 AM

ഒരു നഗരത്തിൽ ഒരു അനീതി നടന്നാൽ സൂര്യാസ്തമയത്തിനു് മുൻപു് അവിടെ ഒരു കലാപമുണ്ടാവണം. ഇല്ലെങ്കിൽ, ഇരുട്ടും മുൻപു് ആ നഗരം കത്തിയെരിയണം എന്നു് പറഞ്ഞതു് ജർമ്മൻകാരൻ ബെർട്ടോൾട് ബ്രെഹ്റ്റാണു്. അതുകൊണ്ടു് ജർമ്മനിയിൽ പോലീസ് ഫോഴ്സ് ഇല്ല. ഒരു പട്ടണത്തിൽ ഒരനീതി നടന്നാൽ ഇരുട്ടുന്നതിനു് മുൻപു് അന്നേദിവസം അവധിയുള്ള ആരെങ്കിലും ഒരു പന്തവുമായിച്ചെന്നു് ആ പട്ടണത്തിനു് തീവയ്ക്കും. അതാണവരുടെ നീതിനിർവ്വഹണരീതി. സൂര്യാസ്തമയത്തിനു് മുൻപു് ആ പട്ടണത്തിൽ ഒരു കലാപമുണ്ടാക്കി നീതി നടപ്പാക്കുന്നതിനോടും അവർക്കു് എതിർപ്പൊന്നുമില്ല. പക്ഷേ, തൊഴിലില്ലായ്മ ഏകദേശം അഞ്ചു് ശതമാനം മാത്രമായതിനാൽ, കലാപിക്കാൻ മിനിമം വേണ്ടത്ര ആളുകളെ പകൽ സമയത്തു് കിട്ടാൻ പ്രയാസമായിരിക്കും. തീ വയ്ക്കാനാവുമ്പോൾ ഒന്നോ രണ്ടോ പേരിൽ കൂടുതൽ ആവശ്യമില്ലല്ലോ.

ഭൗതികസമ്പത്തിന്റെ കുതിരപ്പുറത്തിരുന്നുകൊണ്ടു് താഴെക്കിടയിലുള്ളവരോടു് ധാർമ്മികത പ്രസംഗിക്കുന്ന ബൂർഷ്വാസിയുടെ നേരെ “ആദ്യം തീറ്റ, പിന്നെ ധാർമ്മികത” എന്നൊരു കവണിയേറു് നടത്തിയതും ബ്രെഹ്റ്റാണു്. കേരളത്തിൽ അത്തരം “ബൂർഷ്വാസി” ഇല്ലാത്തതിനാലാവാം ബ്രെഹ്റ്റിന്റെ ഈ വചനത്തിനു് അവിടെ അധികം പ്രചാരം ലഭിക്കാതെ പോയതു്.

“സംസാരം കൊണ്ടു് തീരുമാനിക്കപ്പെടാൻ കഴിയാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കുന്ന ശീലം മനുഷ്യൻ മാറ്റിയെടുക്കണം”; “അനന്തമായ ജ്ഞാനത്തിലേക്കു് ഒരു വാതിൽ തുറക്കലല്ല, അനന്തമായ അബദ്ധത്തിനു് ഒരു പരിധി നിശ്ചയിക്കലാണു് ശാസ്ത്രത്തിന്റെ ലക്ഷ്യം”; “വിശ്വാസം ആയിരം വർഷങ്ങൾ ഇരുന്നിടത്താണു് ഇപ്പോൾ സന്ദേഹം ഇരിക്കുന്നതു്” തുടങ്ങിയ കാര്യങ്ങളും – കലാപത്തിനും തീവയ്പിനുമുള്ള “ആഹ്വാനത്തിനു്” പുറമേ – ബ്രെഹ്റ്റ് പറഞ്ഞവതന്നെ.

May 18, 2018, 11:32 AM

സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഭാരതത്തിൽ ഏകദേശം നൂറ്റിമുപ്പതു് കോടിയോളം ഫാഷിസ്റ്റുകളുണ്ടെങ്കിലും, പ്രതിനിധികളെ തിരഞ്ഞെടുക്കാനും മറ്റുമുള്ള സൗകര്യത്തിന്റെ പേരിൽ, ചുരുക്കം ചില ഫാഷിസ്റ്റ് കൂടുകളിലായിട്ടാണു് അവർ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതു്. അവയിൽത്തന്നെ, മുൻനിര അലങ്കരിക്കുന്ന ഫാഷിസങ്ങൾ മൂന്നാണു്: പശുവിനെ ദൈവത്തേപ്പോലെ ആരാധിക്കുന്നവരുടെ ഫാഷിസം, പന്നിയെ ശൈത്താനേപ്പോലെ വെറുക്കുന്നവരുടെ ഫാഷിസം, തങ്ങൾക്കു് സിന്താവാ വിളിക്കാനായിട്ടല്ലാതെ വാ തുറക്കാൻ മനുഷ്യരെ സമ്മതിക്കാത്തവരുടെ ഫാഷിസം! ചോയിസ് അധികമില്ലാത്തതിനാൽ, വലിയ തലവേദനയില്ലാതെ ഒരു ഫാഷിസം തിരഞ്ഞെടുക്കാൻ ആർക്കും കഴിയും. മുപ്പതു് തരം യോഗുർട്ടുകളിൽ നിന്നും ഏതു് തിരഞ്ഞെടുക്കണം എന്ന ആമാശയത്തിന്റെ പ്രശ്നത്തിനു് മുന്നിൽ ഇതികർത്തവ്യതാമൂഢരായി നിൽക്കേണ്ടിവരുന്ന ജർമ്മൻകാരെ അപേക്ഷിച്ചു്, മൂന്നു് ഫാഷിസത്തിൽ നിന്നും ഒന്നു് തിരഞ്ഞെടുത്തു് നേതാക്കളുടെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിച്ചു് കൊടുക്കാൻ കഴിയുന്ന ഭാരതീയർ തീർച്ചയായും ഭാഗ്യമുള്ളവരാണു്.

ഇതുവരെ സംഭവിച്ചതെല്ലാം നല്ലതിനു്, ഇനി എന്നെങ്കിലും വല്ലതും സംഭവിക്കാനിരിക്കുന്നുണ്ടെങ്കിൽ അതും നല്ലതിനു് എന്ന ആദ്ധ്യാത്മികനിലപാടിൽ നിന്നുകൊണ്ടു് കാര്യങ്ങളെ വീക്ഷിച്ചാൽ ഇത്തരം ലൗകികപ്രശ്നങ്ങളുടെ പരിഹാരം വളരെ എളുപ്പമാണു്.

കുറ്റം വടക്കാഞ്ചേരിയുടേതല്ല. അയാൾ തുപ്പുന്ന വാക്കുകൾ മുഖവിലക്കെടുത്തു്, അയാളൊരു രക്ഷകനാണെന്നു് വിശ്വസിച്ചു് അയാളുടെ പുറകെ നടക്കുന്ന വിഡ്ഢികളുടേതാണു്. രക്ഷിക്കൂ എന്നു് ആർത്തു് വിളിക്കുന്നവരെ ചൂഷണം ചെയ്യാതിരുന്നാൽ, രക്ഷകനെത്തന്നെ അവർ കല്ലെറിഞ്ഞു് കൊല്ലും. ജനക്കൂട്ടം അങ്ങനെയാണു്. അത്തരക്കാരെ മുതലെടുക്കാതിരിക്കുന്ന വടക്കാഞ്ചേരി ഒരു പമ്പരവിഡ്ഢിയായിരിക്കണം.

കുറ്റം മഡൂറോയുടേതല്ല. ഓയിൽസമൃദ്ധരാജ്യമായ വെനെസ്വേലയെ സോഷ്യലിസ്റ്റ് ഭരണത്തിലൂടെ 1400% ഇൻഫ്ലേഷനിൽ (!) കൊണ്ടെത്തിച്ചതിന്റെ പിന്നിൽ നിത്യശത്രുവായ അമേരിക്കയാണു് എന്നു് വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് അന്ധവിശ്വാസികളുടേതാണു്. സ്വന്തഭാവിയെ സംബന്ധിച്ചുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു് ആയിരക്കണക്കിനു് വെനെസ്വേലക്കാർ ദിവസേന ജന്മനാടു് വിടുന്ന കാഴ്ചക്കുപോലും തുറപ്പിക്കാൻ കഴിയുന്നതല്ല ഐഡിയോളജിക്കൽ അന്ധത ബാധിച്ചവരുടെ കണ്ണുകൾ. ആ തിമിരത്തിലൂടെ നോക്കുന്നവർക്കു് അവരുടെ രക്ഷകനെ മഡൂറോയിൽ മാത്രം കാണാനും അവനെ വീണ്ടും അധികാരത്താൽ എത്തിക്കാനുമേ കഴിയൂ. യൂറോപ്യൻ യൂണിയനും, തെക്കേ അമേരിക്കയിലെ പല രാജ്യങ്ങളും, കാനഡയുമെല്ലാം വെനെസ്വേലയിലെ തെരഞ്ഞെടുപ്പിനെ അംഗീകരിക്കാതിരിക്കുന്നതിന്റെ പിന്നിൽ സാമ്രാജ്യത്വഗൂഢാലോചനയാണെന്ന സോഷ്യലിസ്റ്റ് പ്രബുദ്ധതയുടെ ഉത്തമബോദ്ധ്യത്തെ തിരുത്തിയെടുക്കൽ മിക്കവാറും അസാദ്ധ്യമാണു്. അവരുടെ ഉത്തമബോദ്ധ്യങ്ങൾ അചഞ്ചലമാണു്. യുക്തിബോധം, ശാസ്ത്രബോധം, ഫാഷിസം, സ്വതന്ത്രചിന്ത തുടങ്ങിയവയേപ്പറ്റി അവർക്കു് അവരുടേതായ വ്യക്തമായ ധാരണകളുണ്ടു്. അതവർക്കു് സത്യം മാത്രം മനുഷ്യരെ അറിയിക്കാനായി കഷ്ടപ്പെടുന്ന അവരുടെ പത്രങ്ങളിലൂടെ ലഭിക്കുന്നതാണു്. അതെല്ലാം പ്രോപഗാൻഡയാണെന്ന നുണ സാമ്രാജ്യത്വശക്തികളുടെ കണ്ടെത്തലാണെന്ന കാര്യത്തിലും അവർക്കു് സംശയമൊന്നുമില്ല. മുണ്ടു് മുറുക്കി ഉടുത്തിട്ടായാലും, മുഴുപ്പട്ടിണി കിടന്നിട്ടായാലും സാമ്രാജ്യത്വത്തെ തോല്പിച്ചാൽ മതി എന്ന മുദ്രാവാക്യവും മുഴക്കിക്കൊണ്ടു് പിന്നാലേ നടക്കുന്ന സോഷ്യലിസ്റ്റ് കാലാൾപ്പടയെ പരമാവധി ചൂഷണം ചെയ്യാൻ മടിക്കുന്ന മഡൂറോ ഒരു തികഞ്ഞ മൂഢനായിരിക്കണം.

കുറ്റം അമൃതാനന്ദമയി അമ്മയുടേയോ, വട്ടായി അപ്പന്റെയോ, പ്രവാചകന്റേയോ, രക്ഷകന്റേയോ ഒന്നുമല്ല, അവരുടെയെല്ലാം പിന്നാലേ നടന്നു് ചങ്കിന്റേയും കരളിന്റേയും എണ്ണമെടുക്കുകയും നെഞ്ചിന്റെ വിരിവളക്കുകയും ചെയ്യുന്ന ഭാഗ്യാന്വേഷകരുടേതാണു്. കുണ്ടി നനയാതെ മീൻ പിടിക്കാൻ പറ്റുമോ എന്നു് നോക്കുന്ന കഠിനാദ്ധ്വാനികൾ.

പകർച്ചവ്യാധികളെ ശാസ്ത്രീയമായി എങ്ങനെ നേരിടാമെന്നു് പഠിപ്പിക്കുകയും, അതിനുവേണ്ട സാമഗ്രികളും സാഹചര്യവും ഒരുക്കുകയും ചെയ്യുന്നതിനേക്കാൾ, രോഗിയെ ശുശ്രൂഷിച്ചതിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടവർക്കു് മാലിനിയിലും പഞ്ചചാമരത്തിലും കവിതയെഴുതി മുതലക്കണ്ണീർ ഒഴുക്കുന്നതാണു് കൂടുതൽ പ്രയോജനപ്രദം എന്നു് കരുതുന്ന കാവ്യശില്പികളോടൊപ്പം, നഷ്ടപരിഹാരപ്രഖ്യാപനം, പൊതുഅവധിപ്രഖ്യാപനം, ധൈര്യംപകരൽപ്രഖ്യാപനം തുടങ്ങിയ പതിവു് പരിമളതൈലങ്ങളുമായി യുദ്ധം എന്നാൽ എന്തെന്നു് കേട്ടുകേൾവി പോലുമില്ലാത്ത മനുഷ്യർക്കു് മുന്നിൽ “യുദ്ധകാലാടിസ്ഥാനത്തിൽ” വാളും പരിചയും പടച്ചട്ടയുമായി പ്രത്യക്ഷപ്പെടുന്ന ജനാധിപത്യത്തിന്റെ തമ്പ്രാക്കളെക്കൂടി ചേർത്താൽ പകർച്ചവ്യാധി മണിപ്രവാളകാവ്യത്തിന്റെ ചിത്രം പൂർത്തിയായി.

May 29, 2018, 11:21 AM

മൊത്തം ജനങ്ങളും ഓർത്തോപീഡിക്സ് കൺസൽട്ടന്റുകളായി ജോലി ചെയ്യുന്ന ഒരു സമൂഹമേ ലോകത്തിലുള്ളു: മല്ലുസമൂഹം.

മടങ്ങാത്ത മുട്ടുകളെ എങ്ങനെ മടക്കിയെടുക്കാം, മടങ്ങുന്ന മുട്ടുകളെ എങ്ങനെ മടങ്ങാതെയാക്കാം, വാഴപ്പിണ്ടി നട്ടെല്ലുകളെ എങ്ങനെ “krupp steel” നട്ടെല്ലുകളാക്കാം, ക്രുപ്പ് സ്റ്റീൽ നട്ടെല്ലുകളെ എങ്ങനെ വാഴപ്പിണ്ടി നട്ടെല്ലുകളാക്കാം, എന്നുവേണ്ട, എല്ലു് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇന്റർനാഷണൽ ലെവലിൽ ഫ്രീ ആയി ഉപദേശം ലഭിക്കുന്ന നാടാണു് കേരളം. കസ്റ്റമർക്കു് നിർബന്ധമാണെങ്കിൽ നാലാളു് കേട്ടാൽ ദോഷം പറയാത്ത ഒരു പ്രതിഫലം നൽകുന്നതിലും തെറ്റില്ല. മൂന്നാളു് കേട്ടാൽ ദോഷം പറയാത്തതായാൽ പോരാ, മിനിമം നാലാളു്, അതാണു് പ്രോട്ടോക്കോൾ പ്രകാരം അതിന്റെയൊരു കണക്കു്.

ഞാനൊരു യാത്രയിലാണെങ്കിലും, രാവിലെയോ വൈകിട്ടോ സമയം പോലെ ഫെയ്സ്ബുക്കിനോടു് “ഹായ്” പറയാൻ ശ്രമിക്കാറുണ്ടു്. No. 1 കേരളത്തിൽ രാഷ്ട്രീയമോ സാമൂഹികമോ ആയ പുതിയ വല്ല സംഭവവികാസങ്ങളുമുണ്ടായോ, ബഹുരാഷ്ട്രകുത്തകകൾ എന്നാൽ സത്യത്തിൽ എന്തെന്നതിനേപ്പറ്റി MNC-കളിൽ ജോലി ചെയ്യുന്ന സിന്താവാഫിലോസഫേഴ്സ് കൂടുതൽ കൃത്യതയുള്ള വല്ല നിയോമാർക്സിയൻ നിർവചനങ്ങളും പടച്ചു് വിട്ടിട്ടുണ്ടോ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വഴി പ്രണയമേഖലയിൽ ദിവ്യാനുരാഗം അരക്കിട്ടുറപ്പിക്കാൻ പറ്റിയ അത്യന്താധുനികഡവലപ്മെന്റ്സ് വല്ലതും രൂപമെടുത്തിട്ടുണ്ടോ, സോളാർയുഗത്തിന്റെ സ്വാധീനം വത്തക്കയുടെ വളർച്ചക്കു് അനുകൂലമോ പ്രതികൂലമോ തുടങ്ങിയ മൗലികമായ കാര്യങ്ങളിൽ അപ്ഡേറ്റഡ് അല്ലാത്ത ഒരു മല്ലു നയിക്കുന്നതു് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലൊരു ജീവിതമായിരിക്കും. ഫലം, മരണമെത്തുന്ന നേരത്തു് മാത്രമല്ല, മരിച്ചു് ജീവിക്കുന്ന മുഴുവൻ സമയത്തും അരികിൽ ഇരിക്കാൻ ആളുകളുടെ തിരക്കായിരിക്കും.

No. 1 കേരളത്തിൽ ജാതിയുടെ പേരിൽ ഒരു ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ട വിവരം അറിയാൻ കഴിഞ്ഞതു് അങ്ങനെയാണു്. ചാതിയിൽ കൂടിയവർക്കു് അതല്ലാത്തവരെ കൊല്ലണം എന്നും മറ്റും തോന്നുന്ന മഹാവ്യാധി മാറ്റിയെടുക്കാൻ – സ്വർഗ്ഗ,-വർഗ്ഗാടിസ്ഥാനത്തിലെ മറ്റു് സകല പ്രവചനചികിത്സകളും ഫലിക്കാതെ വരുന്ന സ്ഥിതിക്കു് – ഒരു അറ്റകൈ കൂടി പരീക്ഷിച്ചു് നോക്കുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു: ചാതിയിൽ കൂടിയവർ എന്നു് സ്വയം തോന്നുന്നവർ നാലു് കാലിൽ, ആന പെടുക്കാൻ നിൽക്കുന്ന പോസിൽ, നിന്നുകൊണ്ടു് ഒരു കണ്ണാടിയിൽ സ്വന്തം പരമാനന്ദാസനവും അതിൽ വിരിഞ്ഞു് നിൽക്കുന്ന ചെവികളും വിശദമായി വീക്ഷിക്കുക. ആരും മയങ്ങിപ്പോകുന്ന ആ കൂതിസൗന്ദര്യത്തിൽ – സ്വന്തം കൂതിയായതിനാൽ പ്രത്യേകിച്ചും – മറ്റു് നികൃഷ്ട-, ശുംഭകൂതികളുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ചാതിയിൽ കൂടിയവരുടെ ജന്മസിദ്ധമായ ആവേശത്തിനു് അല്പമൊരു മയം അതുവഴി ഉണ്ടായിക്കൂടെന്നില്ല.

മനുഷ്യനു് സ്വതസിദ്ധമായ നാർസിസിസത്തെ അവന്റെതന്നെ കൂതിയിലേക്കു് തിരിച്ചു് വിട്ടു് പരിഹാരം കാണുകയാണു് ഈ ചികിത്സയുടെ അടിസ്ഥാനമെന്നതിനാൽ, തത്വത്തിൽ ഇതും ഒരു പ്രകൃതിചികിത്സതന്നെ.

June 2018

Jun 2, 2018, 1:55 PM

വീക്കുചെണ്ടയെ വീക്കുന്നപോലെ ഉടുക്കിനെ വീക്കരുതു് എന്നു് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അഥവാ ആരെങ്കിലും അങ്ങനെയോ, ആ രീതിയിലോ പറഞ്ഞിട്ടുണ്ടെങ്കിൽ അതു് ഓഷോ ആയിരിക്കാനേ വഴിയുള്ളു. ചിന്താപരമായ ചതുപ്പു് നിലങ്ങളിൽ ചലനമറ്റു് കെട്ടിക്കിടക്കുന്ന ദുഷിച്ച ആത്മാക്കളിൽ ഫെർമെന്റേഷൻ വഴി രൂപമെടുക്കുന്ന അശുദ്ധവായുക്കളെ, മോട്ടോർ വാഹനങ്ങളുടെ എക്സോസ്റ്റ് വായുക്കളെ ക്യാറ്റലിസ്റ്റുകൾ കൊണ്ടെന്നപോലെ, ശുദ്ധീകരിക്കാൻ ലൈംഗികതയിൽ സാമാന്യം നല്ല ഊന്നലുള്ള നിയോസന്ന്യാസത്തിനേ കഴിയൂ എന്ന കണ്ടെത്തലിനു് വേണ്ടി ആയ കാലത്തു് അന്തം വിട്ടു് വീക്കനടിച്ചിട്ടുള്ളവനാണു് ഓഷോ എന്ന, ഭഗവാൻ ശ്രീ രജനീഷ് എന്ന, ആചാര്യ രജനീഷ് എന്ന, ശ്രീമാൻ രജനീഷ് ചന്ദ്ര മോഹൻ ജൈൻ എന്ന വീക്കൽവീരഭഗവാൻ.

എന്റെ അറിവു് ശരിയാണെങ്കിൽ, “വീക്കനടി ഉടുക്കിനാകാ” എന്ന രീതിയിൽ വ്യാഖ്യാനിച്ചെടുക്കാവുന്ന ഒരു മഹദ്വചനം അദ്ദേഹത്തിന്റെ വകയായുണ്ടു്. “ചീട്ടുകളി വീട്ടിനാകാ, പകിടകളി പകലൂണിനാകാ” എന്ന കവിതാകഷണം, പ്രാസച്ചേർച്ചയുടെ പേരിൽ, ഓഷോയുടേതാണെന്നു് ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷേ, അതങ്ങനെയാവാൻ വഴിയില്ല. കാരണം, ഭഗവാൻ ഓഷോയുടെ താത്പര്യം അത്തരം നിസ്സാരമായ പദാർത്ഥങ്ങൾ കൊണ്ടുള്ള കളികളിൽ അല്ലാതിരുന്നതിനാൽ അവയെപ്പറ്റി ഒരു കവിത കവയ്ക്കേണ്ട കാര്യം ഓഷോയ്ക്കു് ഉണ്ടായിരുന്നെന്നു് തോന്നുന്നില്ല. വീക്കൻ ചെണ്ടകളെ വിശ്രമമില്ലാതെ വീക്കി നിർവാണാവസ്ഥ പ്രാപിക്കുന്നതെങ്ങനെ എന്ന പഠനത്തിലായിരുന്നു ശ്രീ രജനീഷ് ജീവിതകാലം മുഴുവൻ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതു്. നിർവാണം, മോക്ഷം, കാമസൂത്രം, സൂത്രത്തിൽ കാമം, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയവ തനതു് ഭാരതീയ കലാരൂപങ്ങളായതിനാൽ അതിൽ പ്രത്യേകിച്ചൊരു അത്ഭുതത്തിനു് വകയുമില്ല.

P. S. വീക്കുചെണ്ടയെ വീക്കുചെണ്ടയാക്കുന്നതു് അതിന്റെ തൊലിക്കട്ടിയാണു്.

Jun 4, 2018, 12:36 PM

കുരുടനും ഊമനുമായ ഒരു ഭൂതഗ്രസ്തനെ യേശു സുഖപ്പെടുത്തിയപ്പോൾ പരീശന്മാർ പരാതിപ്പെട്ടു: “ഇവൻ ഭൂതങ്ങളുടെ തലവനായ ബേത്സബൂബിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല.”

അതിനു് യേശുവിന്റെ മറുപടി: “ഒരു രാജ്യം അതിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; ഒരു പട്ടണമോ ഗൃഹമോ തന്നിൽത്തന്നെ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽത്തന്നെ ഛിദ്രിച്ചുപോയല്ലോ. പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും?”

ഈ അത്ഭുതപ്രവൃത്തിയും അതിനോടനുബന്ധിച്ചു് പരീശന്മാരും യേശുവും തമ്മിൽ നടന്ന സംഭാഷണങ്ങളും സംഭവിച്ചതായാലും അല്ലെങ്കിലും (അതൊരു ഭാവനാസൃഷ്ടിയാണെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല) അതു് മുന്നോട്ടു് വയ്ക്കുന്ന ആശയം പ്രസക്തമാണു്.

ഒരു മാഫിയാസിസ്റ്റത്തെ താങ്ങിനിർത്തുന്നവരുടെ കുറ്റകൃത്യങ്ങളെ ശിക്ഷാവിധികൾകൊണ്ടു് നേരിടാൻ അതിന്റെ ഗുണഭോക്താക്കളായ മാഫിയോസിക്കോ, ഒരു ക്രിമിനൽ വ്യവസ്ഥിതിയുടെ അടിത്തറ സുരക്ഷിതമാക്കുന്ന ഏകതാനജീവികളുടെ വിലക്ഷണതകളെ കർശനമായി നേരിടാൻ അതുകൊണ്ടു് സുഖജീവിതം നയിക്കുന്ന ക്രിമിനലുകൾക്കോ കഴിയില്ല. അങ്ങനെ ചെയ്യുന്നതു് അവരെ അവരാക്കി നിലനിർത്തുന്ന അവരുടെ സ്വന്തം “സിസ്റ്റത്തിന്റെ” അന്ത്യം കുറിക്കലാവും. അവർക്കു് ആകെ ചെയ്യാൻ കഴിയുന്നതു് മനുഷ്യരുടെ കണ്ണിൽ പൊടിയിടാനുതകുന്ന പ്രഖ്യാപനങ്ങളും, അതു് പോരാതെ വരുന്ന അവസരങ്ങളിൽ, ചതുരംഗത്തിലെന്നപോലെ, കാലാൾപ്പടയിൽ നിന്നും ഒന്നോ രണ്ടോ എണ്ണത്തെ കുരുതി കൊടുക്കലുമാണു്. പൊതുജനം കഴുത ആയിരിക്കുന്നിടത്തോളം അവർ അത്തരം കാലാൾബലികൾകൊണ്ടു് തൃപ്തിപ്പെടുകയും ചെയ്യും. കാരണം, പൊതുജനം എന്ന കൂട്ടം കഴുത ആയിരിക്കുന്നതു് അവരുടെ സ്വന്തം ദൃഷ്ടിയിലല്ല, ആ കൂട്ടത്തിനു് വെളിയിലുള്ള മറ്റു് മനുഷ്യരുടെ ദൃഷ്ടിയിലാണു്.

P.S.
കേരളത്തിലെ മലയാളം അദ്ധ്യാപകർ കൂട്ടആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്രെ! ഫെയ്സ് ബുക്കിലെ ഒരു പോസ്റ്റ് കണ്ടതോടെ ആത്മഹത്യയല്ലാതെ മറ്റൊരു പോംവഴിയും കാണാൻ കഴിയാത്തവിധത്തിലൊരു ജീവിതനൈരാശ്യം അവരെ ഒന്നടങ്കം പിടികൂടിയത്രെ!

പൊതുജനത്തെ ആകാംക്ഷയുടെ പൊരിവെയിലത്തു് നിർത്താതിരിക്കാൻ ആ പോസ്റ്റ് ബുദ്ധിമുട്ടി കഷ്ടപ്പെട്ടു് ഞാനിവിടെ പകർത്തിയെഴുതുന്നു:

Lasitha palakkal. കുട്ടിയെ എന്റെ ജീവിത്ത സഹി ആയി ഞാൻ കഷണിക്കുക ആണു. പ്ലീസ് അസ്കപ്റ്റ് മൈ റിക്വസ്റ്റ്. ഒരു ഹിന്ധുത്വ തീവ്രവാദിയും തള്ളി തരത്തുല്ല. സേഫ് ആയി പണി നടത്താം. (എനിക്ക് നാലു എണ്ണം വരെ ആകാം)<<<

ബഹുമാനപ്പെട്ട വൈദ്യുതമന്ത്രി ശ്രീ എം. എം. മണിയുടേയോ, ബഹുമാന്യനായ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റേയോ, തത്തുല്യരായ മറ്റേതെങ്കിലും ഭാഷാഭോഷകരുടേയോ സത്വരശ്രദ്ധ ഈ വിഷയത്തിൽ പതിയുമെന്നും, വിദ്യാലയവർഷം ആരംഭിച്ച ഈ വൈകിയ വേളയിൽ കേരളത്തിലെ മലയാളം അദ്ധ്യാപകരെ ഒരു കൂട്ടആത്മഹത്യയിൽ നിന്നും പിൻതിരിപ്പിച്ചു് അവരെയും വിദ്യാർത്ഥികളെയും രക്ഷപെടുത്തുമെന്നും നിപ്പ പ്രമാണിച്ചു് ഒളിവിൽ പോയിരിക്കുന്ന രൂപികളും അരൂപികളുമായ എല്ലാ ദൈവങ്ങളുടെയും നാമത്തിൽ പ്രത്യാശിക്കുന്നു.

Jun 9, 2018, 2:41 PM

“എല്ലാ തീരുമാനങ്ങളും ഏകകണ്ഠമാണു്.” – രാവണൻ

Jun 10, 2018, 1:49 PM

പണ്ടൊക്കെ കുണ്ടിൽ വീണ ചുണ്ടെലി ആയിരുന്നു. ഇപ്പോൾ കുഴിയിൽ വീണ ജോർജായി. കലികാലമെന്നല്ലാതെ എന്തു് പറയാൻ?

പത്തനംതിട്ടയിലെ റോഡുകൾ ഇപ്പോൾ സ്വിമ്മിങ് പൂളുകളുടെ അവസ്ഥയിലാണത്രെ! കേരളത്തിലെ പത്രവാർത്തകൾ സാധാരണഗതിയിൽ തെറ്റാവാൻ വഴിയില്ല. അതുകൊണ്ടു്, പൊതുജനത്തിനു് അതിനെതിരായി പ്രതികരിക്കേണ്ടതുണ്ടു്. കാരണം, ഭാരതീയർ ജീവിക്കുന്നതുതന്നെ പ്രതികരിക്കാനാണു്. തന്മൂലം, മരിക്കുന്നതിനു് മുൻപു് കാര്യമായി മറ്റെന്തെങ്കിലും ചെയ്യാൻ അവർക്കു് സമയം കിട്ടാറുമില്ല. പക്ഷേ, ഇപ്പോൾ പട്ടി ഒടുക്കത്തെ കടി കടിച്ചിരിക്കുന്നതു് മിണ്ടാൻ പാടില്ലാത്തിടത്താണു്!

ഈ പ്രശ്നത്തിനു് രണ്ടു് പോംവഴികളുണ്ടു്: ഒന്നു്, പത്തനംതിട്ടയിലെ റോഡുകളുടെ അവസ്ഥ ഈ നിലയിൽ തുടരുന്നിടത്തോളം ആ പ്രദേശങ്ങളിലെ മാതാപിതാക്കൾ പെൺമക്കൾക്കു് വീണ എന്നു് പേരിടാതിരിക്കുക. ചുരുങ്ങിയപക്ഷം സർനെയിമിനെയെങ്കിലും അതുവഴി റോഡിലെ കുഴികളിലെ വീഴ്ചയിൽ നിന്നും രക്ഷപെടുത്തിയെടുക്കാം. ഇനി അഥവാ വീണാലും വീണ എന്ന വിശേഷണം ഉപയോഗിക്കാൻ ആർക്കും കഴിയില്ലല്ലോ.

രണ്ടു്, പത്തനംതിട്ടയിലേക്കു് ഒരു കുളിച്ചു് താമസത്തിനായി ട്രമ്പിനെ ക്ഷണിക്കുക. വിൻഡോ ഡ്രസിങ്ങിനു് അപാരമായ വില കൽപ്പിക്കുന്നവരാണു് മലയാളികൾ. അമേരിക്കൻ പ്രസിഡന്റിന്റെ വരവു് പ്രമാണിച്ചു് പത്തനംതിട്ടയിലെ റോഡുകളെ അധികാരികൾ വളരെ പെട്ടെന്നു് രാജവീഥിപോലെ മനോഹരമാക്കി പരവതാനി വിരിക്കും. ട്രമ്പ് തിരിച്ചു് പോയാലും, മനുഷ്യർ റോഡിൽ മാലിന്യം നിക്ഷേപിക്കാൻ തുടങ്ങുന്നതുവരെയെങ്കിലും, ഒരുവിധം വൃത്തിയായി റോഡ് അവിടെത്തന്നെ കിടക്കും.

സമൃദ്ധമായി മുങ്ങിക്കുളിക്കാൻ പറ്റിയ പൊതുറോഡുകളുള്ള മറ്റു് ജില്ലകളിലേക്കുകൂടി ഈ രണ്ടാം പോംവഴി വ്യാപിപ്പിക്കാവുന്നതും, ന്യൂയോർക്കിലേയും ലണ്ഡനിലേയും പാരീസിലേയുമെല്ലാം റോഡുകളുടെ നിലവാരത്തിലേക്കു് അവിടങ്ങളിലെ റോഡുകളേയും ഉയർത്താവുന്നതുമാണു്.

Jun 11, 2018, 12:23 PM

“റംസാൻ മാസത്തിൽ അള്ളാഹുവിനെ പ്രീതിപ്പെടുത്താൻ നാലുവയസ്സുകാരിയെ ബലി നൽകി: പിതാവു് പിടിയിൽ” എന്നൊരു ഏഷ്യാനെറ്റ് വാർത്ത ഫെയ്സ്ബുക്ക് ഫ്രണ്ഡ്സിലാരോ ഷെയർ ചെയ്തതു് കാണാനിടയായി. വായനക്കാരിൽ ആ വാർത്ത വേണ്ടത്ര ഞെട്ടൽ ഉണ്ടാക്കാതിരുന്നാൽ, നിസ്വാർത്ഥമായ സാമൂഹികബോധവത്ക്കരണം എന്ന അടിസ്ഥാനലക്ഷ്യം നിറവേറ്റപ്പെടാതെ പോയാലോ എന്ന ഉത്ക്കണ്ഠ മൂലമാവാം, രക്തത്തിൽ മുങ്ങിയ, രക്തം ഇറ്റുവീണുകൊണ്ടിരിക്കുന്ന ഒരു കഠാരയുടെ ചിത്രവും ആ ന്യൂസിനോടൊപ്പം ഏഷ്യാനെറ്റ് ചേർത്തിട്ടുണ്ടായിരുന്നു. അതു് കണ്ടപ്പോൾ, സ്വപക്ഷമന്ത്രി ഔദാര്യപൂർവ്വം ആർക്കെങ്കിലും നൽകുന്ന നക്കാപ്പിച്ചയുടെ പേരിൽ, ഇതാണു് മന്ത്രി, ഇതാവണം മന്ത്രി എന്നും മറ്റും അംഗീകാരസർട്ടിഫിക്കറ്റ് നൽകുന്ന പാർട്ടി അപ്പോയിന്റഡ് ഒബ്ലിഗേറ്റൊറി ഡിഫെൻഡേഴ്സിനേപ്പോലെ, ഇതാണു് പത്രപ്രവർത്തനം, ഇതാവണം പത്രപ്രവർത്തനം എന്നു് എഴുന്നേറ്റു് നിന്നു് കയ്യടിച്ചു് “സ്റ്റാൻഡിങ് ഒവേഷൻ” അർപ്പിക്കാനാണു് തോന്നിയതു്. ഏഷ്യാനെറ്റിനു് അഭിനന്ദനങ്ങൾ!

മല്ലു ലോകത്തിൽ മദ്യപാനവും വാർത്താവിതരണവും ഒരുപോലെയാണു്: ശരിക്കുള്ള ഒരു “കിക്ക്” കിട്ടിയാലേ കസ്റ്റമേഴ്സ് കൊള്ളാം എന്ന അഭിപ്രായം പറയൂ. മല്ലു സിൽമകൾ കണ്ടുകണ്ടു് ഒരുമാതിരിയുള്ള വെട്ടും കുത്തും കൊലയും ബലാൽസംഗവുമൊന്നും ഏശാതായവരെപ്പോലും “ഞെട്ടിക്കുന്ന” ക്രൂരമായ ചിത്രങ്ങൾ വാർത്തകളിലും, തേരട്ടയും ബാറ്ററിയുമെല്ലാം പട്ടവാറ്റലിലും ചേർക്കേണ്ടിവരുന്നതു് അതുകൊണ്ടാണു്.

സത്യമേവ ജയതേ, തമസോമാ ജ്യോതിർഗമയാ, നേരു് നേരത്തും കാലത്തും അറിയാൻ, തുടങ്ങിയ കുറേ സ്ലോഗനുകൾ മാധ്യമങ്ങളിലും, “ഇൻഡ്യൻ സ്കോച്ച് വിസ്കി”, “കേരളാ ഗ്രാപ്പാ” തുടങ്ങിയ കുറേ ലേബലുകൾ പട്ടക്കുപ്പികളിലും പതിപ്പിക്കാൻ മറക്കരുതു്. പുറത്തു് സത്യവേദപുസ്തകം എന്നോ, നുണവേദപുസ്തകം എന്നോ എഴുതിയിരിക്കുന്നതു് എന്നേ ജനങ്ങൾക്കറിയേണ്ടതുള്ളു. ഉള്ളിൽ നുണയാണെങ്കിൽ പുറത്തു് ആരും സത്യവേദപുസ്തകം എന്നെഴുതിവയ്ക്കില്ല എന്നവർക്കറിയാം. ജനം എന്തിലും ഏതിലും വിശ്വസിക്കും. പക്ഷേ, വിശ്വസിക്കുന്നതു് സത്യമായിരിക്കണം എന്നൊരു നിർബന്ധം അവർക്കുണ്ടു്. ജനത്തിന്റെ യുക്തിയുക്തമായ ഈ വിശ്വാസസന്നദ്ധതയെ ചോദ്യം ചെയ്തുകൊണ്ടു് ഒരു വിശ്വസ്തസ്ഥാപനത്തിനും അധികനാൾ മാർക്കറ്റിൽ പിടിച്ചുനിൽക്കാനാവില്ല.

Jun 14, 2018, 9:13 AM

“നിങ്ങൾ മുടി വെട്ടില്ലേ? താടി വെട്ടില്ലേ? നഖം വെട്ടില്ലേ? പിന്നെയെന്തിനു് അഗ്രചർമ്മം വെട്ടുന്നതിനെ വിമർശിക്കുന്നു?”

ചേലാകർമ്മത്തെ വിമർശിക്കുന്നവരെ നേരിടാനായി അതിനെ ന്യായീകരിക്കുന്നവർ മുന്നോട്ടു് വയ്ക്കുന്ന ശക്തമായ ഒരു ആർഗ്യുമെന്റാണിതു്. ഒന്നാലോചിച്ചാൽ അതിൽ അല്പം ന്യായമില്ലാതില്ല. താടിയും മുടിയും നീളുന്നതുപോലെ നീണ്ടുനീണ്ടു് ജീവിതകാലം മുഴുവൻ തറയിലൂടെ ഇഴയുക എന്നതായിരുന്നു പുരുഷലിംഗാഗ്രചർമ്മത്തിന്റെ ഡെസ്റ്റിനിയെങ്കിൽ തീർച്ചയായും അതിനെ ഇടയ്ക്കിടെ ക്രോപ്പ് ചെയ്യേണ്ടിവരുമായിരുന്നു. പകരം, വേണമെങ്കിൽ, സ്ത്രീകൾ മുടി കെട്ടുന്നതുപോലെ ഉരുട്ടിക്കെട്ടി ഒരുണ്ടയാക്കി ഒരു റിബ്ബണും ചാർത്തി വലിയ ഒരു അണ്ടർവെയറിൽ ഒതുക്കാൻ ശ്രമിക്കാമെങ്കിലും, അതുവഴിയുള്ള മർദ്ദം വൃഷണങ്ങൾക്കു് വളരെ ആയാസകരമാവാൻ വഴിയുണ്ടു്. ആ സ്ഥിതിക്കു് ചേലാകർമ്മമാണു് കൂടുതൽ യോജിച്ച ഓപ്ഷൻ. പക്ഷേ, അതു് ഇപ്പോഴത്തെപ്പോലെ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്താൽ മതിയാവില്ല. രോമത്തെപ്പോലെതന്നെ, മുറിക്കുന്തോറും നീളുന്നതിനാൽ, നീളുന്തോറും മുറിക്കേണ്ടി വരും. വളർച്ചയുടെ തോതനുസരിച്ചു് പീരിയോഡിക്കലി ആവർത്തിച്ചു് ആഘോഷിക്കപ്പെടേണ്ടുന്ന ഒരു വിശുദ്ധകർമ്മമായിരിക്കുമതു്.

Jun 15, 2018, 1:08 PM

റഷ്യൻ മണ്ണിൽ തൊണ്ണൂറു് മിനുട്ടുകൾ ഓടിക്കൊള്ളാമെന്നൊരു നേർച്ച സൗദി ഫുട്ബോൾ ടീം നേർന്നിരുന്നതുപോലെ തോന്നുന്നു. തൊണ്ണൂറിനു് തൊണ്ണൂറ്റഞ്ചു് മിനുട്ടുകൾ തികച്ചും ഓടി അവർ അവരുടെ നേർച്ചക്കടം വിജയകരമായി വീട്ടി. “ഞാൻ നല്ല ഓട്ടം ഓടി, എന്റെ ഓട്ടം തികച്ചിരിക്കുന്നു. (ബാക്കി ഓട്ടം വല്ലതുമുണ്ടെങ്കിൽ അതു് ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ മടിയിൽ ചെന്നിട്ടു് ഓടിക്കൊള്ളാം)” എന്ന, വിശുദ്ധ പൌലോസിന്റെ അന്ത്യസമയത്തെ സ്വയംവെളിപാടു് പോലെ, ഓടിത്തീർക്കാൻ ബാക്കിയുള്ള ഓട്ടം, മത്സരമെല്ലാം കഴിഞ്ഞു്, സൗദി ഫുട്ബാൾ ടീം സൗദി അറേബ്യയിൽ മടങ്ങിയെത്തിയ ശേഷം ഓടിത്തീർക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട.

പലതരം നേർച്ചകൾ നേരുന്നവരാണു് മനുഷ്യർ. മെക്കയിൽ പോയി ശൈത്താനെ കല്ലെറിഞ്ഞുകൊള്ളാമെന്നു് നേരുന്നവർ, സംഘം ചേർന്നു് വലിയ ഒരു മരക്കുരിശും ചുമന്നുകൊണ്ടു് മലയാറ്റൂർ മല കയറിക്കൊള്ളാമെന്നു് നേരുന്നവർ, തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്തു് ഞാൻ ഞാനല്ല, ഞാൻ മറ്റാരോ ആണു് എന്നു് വരുത്തിക്കൊള്ളാമെന്നു് നേരുന്നവർ – അങ്ങനെ എത്രയെത്ര തരം നേർച്ചകൾ! പൊതുജനം പലവിധം!

മലയാളികൾ പൊതുവേ വികാരജീവികളാണു്. അതിനു് മന്ത്രി, തന്ത്രി എന്ന വ്യത്യാസമൊന്നുമില്ല. അതിപ്പോൾ ഫുട്ബോളിന്റെ കാര്യത്തിലായാലും അങ്ങനെതന്നെ. ഫുട്ബോൾ ചിലർക്കു് ഒരു ചങ്കിടിപ്പും, വേറെ ചിലർക്കു് ഒരു ചങ്കുറപ്പുമാവുമ്പോൾ മറ്റു് ചിലർക്കു് അതൊരു കിരുകിരുപ്പും തരുതരിപ്പുമാണു്. ഇനിയും വേറെ ചിലർക്കു് അതൊരു നെഞ്ചെരിച്ചലും ഗ്യാസ്ട്രബിളുമാണു്. പൊതുജനം പലവിധം!

സർക്കാസം പോലും മനസ്സിലാകാത്ത ഒരു സമൂഹത്തെ രക്ഷപെടുത്താനാവില്ലെന്നു് പറഞ്ഞതു് ഹിറ്റ്ലറുടെ സമകാലികനും നാത്സിവിരുദ്ധനുമായിരുന്ന ഒരു ജർമ്മൻ സാഹിത്യകാരനാണു്. സർക്കാസം, സറ്റയർ, ഐറണി എന്നൊക്കെപ്പറഞ്ഞാൽ എന്താണെന്നു് പോലും അറിയാത്ത ഒരു സമൂഹത്തെപ്പറ്റി അങ്ങേർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടാവാൻ വഴിയില്ല. കാരണം, അങ്ങേർ ജീവിച്ചിരുന്നതു് പതിനാലാം നൂറ്റാണ്ടിലായിരുന്നില്ലല്ലോ.

സർക്കാസം, സറ്റയർ, ഐറണി തുടങ്ങിയവ, ഭാഷാപരവും സാംസ്കാരികവുമായ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, പൈതലുകളാണു്. ഫെയ്ക് ന്യൂസുകളെയും, ഹെയ്റ്റ് സ്പീച്ചുകളെയും ഫിൽറ്റർ ചെയ്യാൻ പറ്റിയ ഒരു ആൽഗൊരിഥം ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുന്ന ഫെയ്സ്ബുക്ക്, ഗൂഗിൾ തുടങ്ങിയ സോഷ്യൽ നെറ്റ്വർക്കുകൾക്കു് ആ പ്രശ്നം ഇതുവരെ ഒരുവിധമെങ്കിലും തൃപ്തികരമായി പരിഹരിക്കാൻ കഴിയാത്തതും അതുകൊണ്ടുതന്നെ.

നാലു് വരികളുള്ള ഒരു സർക്കാസത്തെ കേവലം ആസ്വദിക്കുന്നതിനു് പകരം, അതിന്റെ പേരിൽ നാലു് പേജ് നീളമുള്ള അപഗ്രഥനങ്ങൾ എഴുതുന്നവരിലും, നാലു് പേജുകളുള്ള ഒരു ലേഖനത്തിൽ നിന്നും സ്വന്തം നിലപാടുകളെ “അരക്കിട്ടുറപ്പിക്കാൻ” അനുയോജ്യം എന്നു് അവർക്കു് തോന്നുന്ന ഒന്നോ രണ്ടോ വാക്കുകൾ പെറുക്കിയെടുത്തു് ”ഹാ ഹാ ഹാ” വച്ചു് “ആമോദം” കൊള്ളുന്നവരിലും, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്നു് ഒരുവൻ/ഒരുവൾ എഴുതുന്ന ഏതാനും വാചകങ്ങളിൽ നിന്നും അവന്റെ/അവളുടെ സമ്പൂർണ്ണസൈക്കോളജിയും അനലൈസ് ചെയ്യാൻ പ്രാപ്തിയുള്ളവരെന്നു് സ്വയം കരുതുന്ന “ഇസം” സ്പെഷലിസ്റ്റുകളിലും, ഒരു കേവലനർമ്മത്തെ തന്റേതായ ഭാഷയിലും രീതിയിലും വിശദീകരിച്ചു് കൊടുത്തില്ലെങ്കിൽ “ചണ്ഡാലജാതികൾക്കു്” അതു് മനസ്സിലാവില്ല എന്നു് ഉത്തമബോദ്ധ്യമുള്ള, അത്ര വലിയ “സവർണ്ണം” ഒന്നുമല്ലെങ്കിലും സവർണ്ണർ എന്നു് സ്വയം കരുതുന്ന, ഇപ്പറഞ്ഞ “pre-sarcastic” ഫിലോസഫേഴ്സിലുമെല്ലാം ഇതിനു് – മുഹമ്മദ് (സ)-യുടെ ഭാഷയിൽ പറഞ്ഞാൽ – മനുഷ്യർക്കു് ധാരാളം ദൃഷ്ടാന്തങ്ങളുണ്ടു്. അവർക്കു് നൽകാൻ എന്റെ പക്ഷം ഉയർത്തിപ്പിടിച്ച എന്റെ ഇടതുകയ്യിലെ നടുവിരലല്ലാതെ മറ്റൊന്നുമില്ലല്ലോ എന്നതു് മാത്രമാണെന്റെ ദുഃഖം.

Jun 20, 2018, 10:31 AM

ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാവുമെന്നു് മലയാള മനോരമയിലെ ഒരു എഡിറ്റർക്കു് വെളിപാടു്. – ഒന്നും കാണാതെ റപ്പായി ലങ്കോട്ടി ധരിക്കാറില്ല.

Jun 20, 2018, 1:32 PM

“കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാതട്ടിപ്പു് നടത്തിയ (സോറി, വായ്പകളിലെ ക്രമക്കേടു് കൃത്യസമയത്തു് ഒളിപ്പിക്കാൻ കഴിയാതെപോയ) അപ്പനച്ചൻ തോമസ് പീലിയാനിക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു.” – വാർത്ത

മുൻപൊക്കെ (18 വയസിൽ താഴെയുള്ളവർക്കു് വേണമെങ്കിൽ പണ്ടൊക്കെ എന്നും വായിക്കാം) അധികാരികളുടെ ദൃഷ്ടിയിൽ കുറ്റവാളികളായവരെ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലേക്കു് “നാടു് കടത്തുന്ന” ഒരു രീതിയുണ്ടായിരുന്നു. അന്നു് സമൂഹത്തിലെ “കുറ്റവാളികൾ” അതല്ലാത്തവരേക്കാൾ എണ്ണത്തിൽ പരിമിതമായിരുന്നതിനാൽ ആ പദ്ധതിക്കു് പ്രവർത്തനക്ഷമതയുടെ പേരിൽ പരാതിയൊന്നും നേരിടേണ്ടി വന്നിരിക്കാൻ വഴിയില്ല. പക്ഷേ, ഇന്നു് കാലവും കോലവും മാറി, കാര്യങ്ങൾ തലതിരിഞ്ഞു.

ഇന്നു്, കേരളത്തിലെ മതപരവും രാഷ്ടീയവുമായ ഒരവസ്ഥ വച്ചു് പറഞ്ഞാൽ, കുറ്റവാളികളെ നാടു് കടത്തുന്നതിനേക്കാൾ എളുപ്പവും നല്ലതും, പറ്റുന്ന ജോലി ചെയ്തു് സാമാന്യം നീതിനിഷ്ഠയോടെ ജീവിതം തള്ളിനീക്കുന്ന സാധാരണ മനുഷ്യരെ വല്ല ദ്വീപുകളിലേക്കും നാടുകടത്തിയ ശേഷം കേരളത്തിനു് ചുറ്റും ഒരു മതിൽ നിർമ്മിക്കുന്നതായിരിക്കും. മാടമ്പികേരളം – ഒരൊറ്റ ജനത, ഒരൊറ്റ ജയിൽ!

ഒരു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതുതന്നെ ലക്ഷ്വറി ആയ ജനലക്ഷങ്ങളുടെയിടയിലുടെ മോസ്റ്റ് മോഡേൺ SUV-കളിൽ, കര-നാവിക-വ്യോമസേനകളുടെ അകമ്പടിയോടെ “ചീറിപ്പായുന്ന” ജനപ്രതിനിധികളിൽ നിന്നും നാടു് കടത്തൽ വഴിയെങ്കിലും ഒരു മോചനം ലഭിക്കുന്നതു് ദരിദ്രനാരായണന്മാർക്കു് ഗുണമല്ലാതെ ദോഷം ചെയ്യാൻ വഴിയില്ല.

Jun 21, 2018, 10:03 PM

അർജന്റീന പതിവായി യോഗ ചെയ്യാൻ മറന്നുകാണണം. ഇതുപോലൊരു ഡിസാസ്റ്റർ സംഭവിക്കാൻ അതല്ലാതെ വേറെ കാരണമൊന്നും കാണുന്നില്ല.

Jun 22, 2018, 12:23 PM

ബൽജിയത്തിന്റെ ടീമിനെ ബൽജിയംകാരും, ഫ്രാൻസിന്റെ ടീമിനെ ഫ്രഞ്ചുകാരും സപ്പോർട്ട് ചെയ്യുന്നതിനാൽ ഒരു ഫുട്ബോൾ ടീമോ, മറ്റിനം ടീമുകളോ രൂപീകരിക്കാൻ അതുപോലുള്ള രാജ്യങ്ങൾക്കു് പ്രയാസമില്ല. പക്ഷേ, ഒരു രാജ്യത്തിലെ ജനങ്ങൾ സ്വന്തം രാജ്യത്തെക്കാൾ അന്യരാജ്യങ്ങളെ സപ്പോർട്ട് ചെയ്യുന്നവരായാൽ ആ രാജ്യത്തിനു് എങ്ങനെ കാര്യക്ഷമതയുള്ള ഒരു ടീമിനെ തട്ടിക്കൂട്ടാൻ കഴിയും? തട്ടിക്കൂട്ടിയാലും അതുകൊണ്ടു് എന്തു് ഫലം? ചൈനയെയും, പാകിസ്ഥാനെയും, സൗദി അറേബ്യയെയും, അമേരിക്കയെയുമെല്ലാം സപ്പോർട്ട് ചെയ്യാൻ ജീവിതംതന്നെ ഉഴിഞ്ഞു് വച്ചവരുടെ ഒരു കൂട്ടത്തിനു് “നാനാത്വത്തിൽ ഏകത്വത്തോടെ” ആ രാജ്യത്തിന്റെ ടീമിനെ സപ്പോർട്ട് ചെയ്യാൻ കഴിയുമെന്നു് വിശ്വസിക്കുന്നതു് യേശു എന്നൊരു “ദൈവപുത്രൻ” ഈ ലോകത്തിലെ സിസ്റ്റർ അഭയയെപ്പോലുള്ള പാപികളെയും, പീലിയാനിക്കൽ പിതാവിനെപ്പോലുള്ള പുണ്യാളന്മാരെയും വേർതിരിച്ചു്, ആദ്യവിഭാഗത്തിനു് നരകവും രണ്ടാമത്തെ വിഭാഗത്തിനു് സ്വർഗ്ഗവും എന്നെന്നേക്കുമായി കൈവശം വച്ചു് അനുഭവിക്കാൻ മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടു് പതിച്ചു് നൽകുമെന്നു് വിശ്വസിക്കുന്നതിനേക്കാൾ ആയിരം മടങ്ങു് കൂടിയ വിഡ്ഢിത്തമായിരിക്കും. ഇല്യൂഷനുകളിൽ വിശ്വസിക്കാൻ മനുഷ്യർക്കുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കാനുള്ള ശക്തി – ദു:ഖകരം എന്നേ പറയേണ്ടൂ – ഈ പ്രസ്താവനക്കില്ല.

P. S. ഇപ്പോഴത്തെ ഫുട്ബോളൊക്കെ എന്തു് ഫുട്ബോൾ? ചെ ഗുവേര, ഫിഡൽ കാസ്ട്രൊ, ഹോ ചി മിൻ, പോൾ പോട്ട് തുടങ്ങിയവരൊക്കെ കളിച്ച കളികളായിരുന്നു ഫുട്ബോൾ കളികൾ. കാലുകൾ കൊണ്ടു് കളിപ്പന്തിൽ വിപ്ലവകവിതകൾ രചിച്ചു് അവർ കോർട്ടിൽ നിറഞ്ഞാടുകയല്ലായിരുന്നോ? നിത്യഇന്നലെകൾ ജീവിക്കുന്ന ചുരുക്കം ചില ഏറിയകളിൽ ഇപ്പോഴും അതിന്റെ പുളിച്ചുതികട്ടലുകളുടെ അവശിഷ്ടദുർഗന്ധം പഴ്സീവ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിലും, ലോകത്തിൽ നിന്നും ഇങ്ങിനി വരാതെ എന്നേക്കുമായി മൺമറഞ്ഞ സമത്വസുന്ദരസുവർണ്ണഫുട്ബോൾകാലം!

Jun 24, 2018, 3:01 PM

കളിക്കാൻ അറിയില്ലെങ്കിലും ഇൻറർനാഷണൽ ലെവലിൽത്തന്നെ കളിക്കണമെന്നും, ഭരിക്കാൻ അറിയില്ലെങ്കിലും മന്ത്രിലെവലിൽത്തന്നെ ഭരിക്കണമെന്നുമെല്ലാം ചിലർ നിർബന്ധം പിടിക്കുകയും അവരുടെ നാട്ടുകാർ അതു് ആർപ്പുവിളിച്ചു് അംഗീകരിച്ചു് കൊടുക്കുകയും ചെയ്താൽ എന്താ ഇപ്പോ ചെയ്ക?

Jun 25, 2018, 10:42 AM

തവളകളെത്തമ്മിൽ കല്യാണം കഴിപ്പിക്കുന്നതൊക്കെക്കൊള്ളാം. പക്ഷേ, ഇരുപക്ഷത്തിന്റേയും ജാതകങ്ങൾ നല്ലൊരു ജ്യോത്സ്യനെക്കൊണ്ടു് വിശദമായി പരിശോധിപ്പിച്ചു്, ചൊവ്വാദോഷമോ മറ്റിനം ദോഷങ്ങൾ വല്ലതുമോ ഉണ്ടോ, വേണ്ടുവോളം യോനിപ്പൊരുത്തം ഉണ്ടോ തുടങ്ങിയ പ്രശ്നങ്ങളിൽ വ്യക്തത വരുത്തുന്ന കാര്യത്തിൽ അനാസ്ഥ ഉണ്ടാവരുതു്. വിവാഹംവഴി തവളദമ്പതികൾക്കു് ധനനഷ്ടം, മാനഹാനി, അമ്മമരണം, അപ്പൻമരണം, വൈധവ്യം തുടങ്ങിയ അനിഷ്ടതകളൊന്നും ഉണ്ടാവരുതല്ലോ. കൂടാതെ, ഇരുവരുടേയും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അയൽക്കാർ നാട്ടുകാർ മുതലായ സഹൃദയർവഴി മനസ്സിലാക്കി, ജാതി-മത-വർഗ്ഗ-വർണ്ണപരമായ ചേർച്ചക്കുറവുകൾ ഒന്നുമില്ല എന്നു് ഉറപ്പു് വരുത്താനും ശ്രദ്ധിക്കേണ്ടതുണ്ടു്.

പാർട്ടിയും, മതവും, ദൈവവും, യേശു മണവാളനും, ക്രിക്കറ്റും, ഫുട്ബോളുമെല്ലാമായി മനുഷ്യർക്കു്, മരണം അവരെ ആ ദിവ്യബന്ധത്തിൽ നിന്നും വേർപിരിക്കുന്നതുവരെ, ദാമ്പത്യസമാനമായ ജീവിതം നയിക്കാമെങ്കിൽ തവളകൾക്കും അതാവാൻ കഴിയണം. ഡിസ്ക്രിമിനേഷൻ തവളലോകത്തിലായാലും പാടില്ല.

ജാതകദോഷം മാറ്റാൻ ആദ്യം ഒരു പട്ടിയുടെ കഴുത്തിൽ താലികെട്ടി ജാതകദോഷത്തെ ഒരു അവൻപട്ടിയിൽ/അവൾപട്ടിയിൽ കുടിയിരുത്തി ദോഷവിമുക്തി പ്രാപിച്ചശേഷം രണ്ടാമതൊരു താലികെട്ടിലൂടെ ഒരു മനുഷ്യജീവി മറ്റൊരു മനുഷ്യജീവിയെ പങ്കാളിയാക്കുന്ന രീതിയും ഭാരതത്തിൽ നിലവിലുണ്ടു്. മനുഷ്യരുടെ പാപഭാരങ്ങൾ ഏറ്റെടുത്തു് കുരിശിൽ മരിച്ച യേശുവിന്റെ മാതൃകയിൽ, ഒരു അന്യമനുഷ്യന്റെ ജാതകദോഷഭാരം ഏറ്റെടുത്തതിന്റെ പേരിൽ സുഭിക്ഷമായ ഒരു കല്ലാണസദ്യ കിട്ടിയേക്കാമെങ്കിലും, മരണം വരെ ആ ഭാരവുമായി ജീവിക്കേണ്ടിവരുന്ന പ്രസ്തുത പട്ടിക്കു് ഭാവിയിൽ ദോഷമുള്ളതോ ഇല്ലാത്തതോ ആയ മറ്റൊരു പട്ടിയേയോ, ഒരു മനുഷ്യനെത്തന്നെയോ വിവാഹം കഴിച്ചു് ഒരു കുടുംബജീവിതം നയിക്കാൻ താന്ത്രികമായി അനുമതിയുണ്ടോ എന്നോ, പട്ടികളുടെ (ഇപ്പോൾ തവളകളുടെയും) അവകാശത്തിൽ മനുഷ്യർ നടത്തുന്ന ഈ കൈകടത്തലിനെപ്പറ്റി മൃഗാവകാശസംരക്ഷക എന്ന നിലയിൽ മനേക ഗാന്ധി ആധികാരികമായി വല്ലതും പറഞ്ഞിട്ടുണ്ടോ എന്നോ എനിക്കറിയില്ല.

ഇതുവരെ കെട്ടിയവരും, ഭാവിയിൽ കെട്ടാനിരിക്കുന്നവരുമായ എല്ലാ തവളദമ്പതികൾക്കും ഹൃദയംഗമമായ വിവാഹമംഗളാശംസകൾ!!

Jun 26, 2018, 1:41 PM

തവളകൾക്കു് പെറ്റു് പെരുകാൻ വേണ്ടിയല്ല ഇടവപ്പാതി. മഴയുടെയും തന്മൂലം വെള്ളത്തിന്റെയും സീസൺ ആയതുകൊണ്ടു് ഇതുതന്നെ തരമെന്നു് കരുതി ആ സമയത്തു് തവളസമൂഹത്തിലെ കുഞ്ഞന്നാമ്മകളിലും ജെൻഗിസ് ഖാനുകളിലും അനിയന്ത്രിതമെന്നോണം രൂപമെടുക്കുന്ന പ്രണയവാഞ്ഛയും, അതിൽ അന്തർലീനമായ അതിരസവും അവറ്റകൾ വംശവർദ്ധനവിനായി ഉപയോഗപ്പെടുത്തുന്നു എന്നേയുള്ളു. ഭാരതീയരിൽ ചിലരെങ്കിലും ഇക്കഥ മനസ്സിലാക്കിയിരിക്കുന്നതു് നേരെ തിരിച്ചാണെന്നു് ഫെയ്സ്ബുക്കിലൂടെ കാണേണ്ടി വന്നതുകൊണ്ടു് പറഞ്ഞെന്നേയുള്ളു. ഞങ്ങടെ പോലീസ് ഞങ്ങളെത്തല്ലിയാൽ നിങ്ങക്കെന്നാ കാങ്കരൂസേ എന്നും, ഞങ്ങ ഞങ്ങടെ പട്ട്യോളെക്കെട്ടിയാൽ നിങ്ങക്കെന്നാ പട്ടികളേ എന്നും, ഞങ്ങ ഞങ്ങടെ തവള്യോളെ കെട്ടിച്ചാൽ നിങ്ങക്കെന്നാ പന്നികളേ എന്നും മറ്റും ആക്രോശിക്കുന്ന പൊളിറ്റിക്കൽ ഫിലോസഫേഴ്സിനെയോ, കൾച്ചറൽ ജീന്യസുകളെയോ, റിലീജ്യസ് സയന്റിസ്റ്റുകളെയോ ഒരു പുനർവ്വിചാരത്തിനു് വിധേയമാക്കുക എന്നൊരു ലക്ഷ്യം, സരിതയാണേ സത്യം, ഇപ്പറഞ്ഞതിനില്ല. ആ ഭഗീരഥപ്രയത്നം മറ്റാരും ഏറ്റെടുക്കാൻ പാടില്ലെന്നു് ധ്വനിപ്പിക്കലും, മല്ലു സാഹിത്യനഭസ്സിലെ ലിറ്ററാറ്റികളാണേ സത്യം, ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നുമില്ല.

സൂര്യനെ ചുറ്റുന്നതിനോടൊപ്പം ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം ചുറ്റുന്നതു് മനുഷ്യർക്കു് വർഷങ്ങളും രാവുകളും പകലുകളും ഉണ്ടാക്കാൻ വേണ്ടിയല്ല. മനുഷ്യൻ ഉണ്ടാവുന്നതിനും ലക്ഷോപലക്ഷം വർഷങ്ങൾക്കു് മുൻപേ തുടങ്ങിയതാണു് ഭൂമിയുടെ ചുറ്റിത്തിരിയലുകൾ. സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ തിരിയൽ സംഭവിക്കുന്ന പ്രതലത്തിന്റെ (ecliptic plane) ലംബത്തിൽ നിന്നും ഏകദേശം 23.4 ഡിഗ്രി ചരിഞ്ഞാണു് ഭൂമി സ്വയം തിരിയുന്ന അച്ചുതണ്ടു് (“പിണ്ഡകേന്ദ്ര”ത്തിലൂടെ ഭൂമിയുടെ ഉത്തരധ്രുവത്തേയും ദക്ഷിണധ്രുവത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കല്പികരേഖ) സ്ഥിതിചെയ്യുന്നതു് എന്നതിനാലാണു് ഭൂമിയിൽ നാലു് ഋതുക്കൾ ഉണ്ടാവുന്നതു്. അല്ലാതെ, മഞ്ഞും മഴയും വസന്തവും വേനലുമെല്ലാം കാണുന്ന മനുഷ്യർക്കുവേണ്ടി വട്ടം ചുറ്റാതിരിക്കാൻ ഭൂമിക്കു് കഴിയാത്തതുകൊണ്ടല്ല ആ “കഷ്ടപ്പാടുകളെല്ലാം” സഹിക്കുന്നതു്. കുറച്ചുപേരോ കുറച്ചധികംപേരോ അങ്ങനെ കരുതിയതുകൊണ്ടു് അതിലൊന്നും ഒരു മാറ്റവും സംഭവിക്കാൻ പോകുന്നുമില്ല. (ഇന്നു് നട്ടുച്ചക്കു് ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു് 23.43687 ഡിഗ്രിയാണു്. അതു് മുപ്പതു് ദിവസം മുൻപത്തെ ചരിവിനേക്കാൾ 0.00001 ഡിഗ്രി കുറഞ്ഞ ചരിവാണു്. 🙂 )

ഇതുപോലുള്ള എത്രയോ മനോഹാരിതകൾ നിറഞ്ഞ ഈ ഭൂമിയിൽ, സ്റ്റാറ്റിസ്റ്റിക്കലായ കാഴ്ചപ്പാടിൽ, തികച്ചും യാദൃച്ഛികമായി ജനിക്കാനും ജീവിക്കാനും കഴിയുന്നതു് ഒരു മഹാഭാഗ്യമാണു്. ഭാഗ്യം എന്നാൽ ദൈവമാണെന്നു് കരുതുന്ന മനുഷ്യരുമുണ്ടു്. അവർ ആക്സിഡന്റിൽ പെട്ടു് വഴിയിൽ കിടക്കുമ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ സന്മനസ്സു് കാണിക്കുന്നവൻ അവർക്കു് ഒരു രാമനോ, ബീരാനോ, പൗലോസോ അല്ല, അവരുടെ രൂപത്തിൽ എത്തിയ ദൈവമാണു്. ഈ മൂവരിൽ ആരുടെ ദൈവമായിരുന്നു അതെന്നോ, ആ ദൈവം എന്തിനു് തങ്ങൾക്കു് ഈവിധമൊരു ആക്സിഡന്റ് വരുത്തിയെന്നോ അവർക്കും വലിയ നിശ്ചയമില്ല. പക്ഷേ, ഒരു ദൈവമാണു് രാമന്റെ/ബീരാന്റെ/പൗലോസിന്റെ രൂപത്തിൽ വന്നു് രക്ഷപെടുത്തിയതെന്ന കാര്യത്തിൽ അവർക്കു് സംശയമൊന്നുമില്ലതാനും. അവരുടെ അഭിപ്രായത്തിൽ, മനുഷ്യർക്കു് ജീവിതത്തിൽ നേരിടേണ്ടിവരുന്ന എല്ലാ തിന്മകളും ആ ദൈവത്തിന്റെ പരീക്ഷണങ്ങളും, അനുഭവിക്കാൻ കഴിയുന്ന എല്ലാ നന്മകളും അങ്ങേർ തന്നെ നൽകുന്ന ഭാഗ്യങ്ങളുമാണു്! ഈശ്വരാ ഭയങ്കരാ എന്നല്ലാതെ എന്തു് പറയാൻ?

പക്ഷേ, എന്തുകൊണ്ടെന്നറിയില്ല, ആപത്സമയത്തായാലും അല്ലെങ്കിലും, എന്റെ മുന്നിൽ നിൽക്കുന്ന ഒരുവനെ/ഒരുവളെ, രാമനോ, ബീരാനോ,പൗലോസോ/രമയോ, സഫിയയോ, സൂസന്നയോ ആയിട്ടല്ലാതെ, ദൈവമായോ പിശാചായോ കാണാൻ എനിക്കു് കഴിയാറില്ല. എന്നോടുള്ള പ്രവൃത്തികളിൽ നിന്നും വായിച്ചെടുക്കാൻ കഴിയുന്ന അവരുടെ സ്വഭാവത്തിനു് അനുസൃതമായി, പോസിറ്റീവോ നെഗറ്റീവോ ആയ ഒരു സ്ഥാനവില എന്റെ ജീവിതത്തിൽ അവർക്കു് നൽകാൻ, എന്റെ സ്വന്തം അസ്തിത്വസുരക്ഷിതത്വത്തെപ്രതി, ഞാൻ ശ്രദ്ധിക്കാറുമുണ്ടു്. അക്കാര്യത്തിൽ, മറ്റേതൊരു ജീവിയേയുംപോലെ ഞാനുമൊരു ഈഗോയിസ്റ്റാണു്. ഈ ഖണ്ഡികയിൽത്തന്നെ, ഒത്തിരി “ഞാൻ”, “എന്റെ” എല്ലാം കടന്നുവന്നതു് ആ ഈഗോയിസത്തിന്റെ തെളിവാണെന്നു് മറ്റാർക്കുമില്ലെങ്കിലും സോഷ്യൽ മീഡിയയിലെ മല്ലു സൈക്കോളജിസ്റ്റുകൾക്കെങ്കിലും മനസ്സിലായിട്ടുമുണ്ടാവുമെന്നു് കർത്താവിൽ പ്രത്യാശിക്കുന്നു.

Jun 27, 2018, 7:57 AM

അർജന്റീന ജയിച്ചതു് ലിയൊണെൽ മെസിയുടെയും മാർക്കോസ് റോഹോയുടെയും ഗോളുകൾ കൊണ്ടാണെങ്കിലും എനിക്കതു് ചെ ഗുവേര അടിച്ച ഗോളുകൾ പോലെയാണു്.

Jun 27, 2018, 12:12 PM

പുരാതനഗ്രീസിൽ യുദ്ധവും മറ്റും പോലെ പ്രധാനപ്പെട്ട കാര്യങ്ങൾക്കു് പുറപ്പെടുന്നതിനു് മുൻപു് അതിന്റെ ഫലം അറിയുവാൻ, ഓറക്കളിനെ സമീപിക്കുന്ന രീതിയുണ്ടായിരുന്നു. ഉന്നതമായ ഒരു ശക്തിയെ ക്ഷണിച്ചു് വരുത്തി, ആ ശക്തിയുടെ വെളിപാടിലൂടെ പ്രസ്തുത ഉദ്യമത്തിന്റെ ഭാവി പ്രവചിക്കുന്ന ഓറക്കളുകൾ പ്രവചനസമയത്തു് ഒരുതരം ഹലൂസിനേഷൻ അവസ്ഥയിലായാരിക്കും. അവർ പറയുന്നതു് എന്തെന്നു് ആർക്കും തിരിയാറില്ലെങ്കിലും, കേൾക്കുന്നവർ അതു് അവർക്കാവശ്യമായ വിധം വ്യാഖ്യാനിച്ചു് ഒപ്പിച്ചുകൊള്ളുമെന്നതിനാൽ ഇരുപക്ഷവും ആ ചടങ്ങിൽ ഹാപ്പിയായിരുന്നു.

കുന്തുരുക്കത്തിന്റേയും മറ്റും ധൂമപടലങ്ങളാൽ ആവൃതമായ ഇന്നത്തെ പല ദേവാലയങ്ങളുംപോലെതന്നെ ഓറക്കളിന്റെ വാസസ്ഥലവും പൊതുവേ പുകമയമായിരിക്കും. അവിടെ പുകയുന്നതു് കുന്തുരുക്കമേ ആകാവൂ എന്നു് ആരും നിർബന്ധം പിടിച്ചിരുന്നില്ല എന്നേ കാര്യങ്ങളുടെ കിടപ്പുവശം വച്ചു് ഊഹിക്കാനാവൂ. അതുകൊണ്ടു്, ഈ ഓറക്കൾ പരിപാടി കാലഹരണപ്പെട്ട ഏതോ പൗരാണികതയാണെന്ന തെറ്റിദ്ധാരണ വേണ്ട. “നേച്ചങ് ഓറക്കൾ” ദലായ് ലാമയുടെ എക്സൈൽ ഗവണ്മെന്റിന്റെ ഇപ്പോഴും പ്രസക്തിയുള്ള ഒരു ഓറക്കളാണു്. അതുപോലെ, ഇന്നും ആക്റ്റീവായ വേറെ പല ഓറക്കളുകളുമുണ്ടു്. ഭൗതികലോകത്തിലെ കാൾ മാർക്സ് ഓറക്കളിന്റെ പ്രവചനം കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ അഭിപ്രായത്തിൽ ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തവിധം പെർഫെക്റ്റ് ആയ ശാസ്ത്രങ്ങളുടെ ശാസ്ത്രമാണു്.

ഇത്രയും പറഞ്ഞതു്, ഇന്നലെ അർജന്റീനയും നൈജീരിയയും തമ്മിലുള്ള ഫുട്ബോൾകളി കാണാൻ എത്തിയിരുന്ന ഡിയെഗോ മരാഡൊണ്ണയുടെ ഭാവപ്പകർച്ചകൾ കണ്ടപ്പോൾ, ആ കളിയുടെ വിധി പ്രവചിക്കാനായി സ്വയം ഒരു ഓറക്കളാവാൻ വേണ്ട മുൻകരുതലുകളെല്ലാം കൈക്കൊണ്ടിട്ടായിരുന്നു അദ്ദേഹം അവിടെ എത്തിച്ചേർന്നതെന്നു് തോന്നിപ്പോയി എന്നു് സൂചിപ്പിക്കാനാണു്.

ലഹരിക്കു് അടിമപ്പെടുന്നതും, വിജയാഹ്ലാദത്തിൽ ആകാശത്തിലേക്കു് കൈകളുയർത്തി ഉന്നതശക്തിക്കു് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നതും, എന്തിനു്, സത്യത്തിൽ മനുഷ്യവർഗ്ഗം അഭിശപ്തം എന്നു് വിധിച്ചു് സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യേണ്ട പെഡോഫീലിയ വരെ അതിൽത്തന്നെ മനുഷ്യർക്കു് തെറ്റോ ശരിയോ ആകുന്നില്ല. ആരാണു് അതു് ചെയ്യുന്നതു്, ആരാണു് അതു് വീക്ഷിക്കുന്നതു്, ഏതു് ബൗദ്ധിക ലോകത്തിലാണു് അതു് വീക്ഷിക്കുന്നവർ ജീവിക്കുന്നതു് എന്നതിനെല്ലാമനുസരിച്ചു് അതു് തെറ്റോ ശരിയോ ആയി വിലയിരുത്തപ്പെടാം, ഏതറ്റം വരെയും പോയി അതു് ന്യായീകരിക്കപ്പെടാം, ആ ന്യായീകരണത്തെ അംഗീകരിക്കാത്തവർ ശാരീരികവും മാനസികവുമായി ആക്രമിക്കപ്പെട്ടെന്നും വരാം.

Jun 27, 2018, 12:50 PM

“AMMA” സിനിമാക്കാരുടെ ഒരു സംഘടനയാണു്. സിനിമ ആത്യന്തികമായി പടമാണു്. അത്രയും അറിഞ്ഞാൽത്തന്നെ ഒരുപാടറിഞ്ഞു.

Jun 27, 2018, 6:26 PM

ജർമ്മനിയിൽ ഹിറ്റ്ലറും, റഷ്യയിൽ സ്റ്റാലിനുമെല്ലാം ഇപ്പോഴും അധികാരത്തിൽ ഇരിക്കുന്നതു് ഫുട്ബോൾ വേൾഡ് കപ്പിനെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നതു്.

Jun 28, 2018, 9:41 AM

കേരളത്തിൽ ധാരാളം കോഴികൾ ഉണ്ടെന്നു് മുൻപേതന്നെ അറിയാമായിരുന്നെങ്കിലും, ഇത്രയേറെ കോഴികൾ മേച്ചിലില്ലാത്ത കൂടുകളിൽ നനഞ്ഞൊലിച്ചാണു് കഴിഞ്ഞിരുന്നതെന്നു് മനസ്സിലായതു് ഫുട്ബോൾ വേൾഡ് കപ്പു് തുടങ്ങിയ ശേഷമാണു്. കേരളത്തിലെ കോഴികളോടു് കനിവുതോന്നി കൂടുതൽ കൂടുകൾ മേയാൻ വേണ്ടത്ര ഫ്ലക്സുകളുള്ള ടീമുകൾ, കളിക്കാതെ ജയിക്കാൻ കഴിയുമോ എന്നു് പരീക്ഷിച്ചു് പരാജയപ്പെട്ട ജർമ്മനിയെ മാതൃകയാക്കി തോൽവിയെ സ്വയം വരിച്ചു് കോഴികളെ സഹായിക്കുമെന്നു് പ്രതീക്ഷിക്കുന്നു. കോഴികൾക്കു് ടീമുകളോടുള്ള സ്നേഹം ടീമുകൾക്കു് കോഴികളോടു് ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ കോഴിക്കൂടുകളുടെ പുറം മേച്ചിൽ പ്രശ്നം ടീമുകൾക്കു് നിസ്സാരമായി പരിഹാരിക്കാവുന്നതേയുള്ളു.

Jun 28, 2018, 11:35 AM

ഈ ലോകത്തിൽ ഏറ്റവും മനോഹരമായി എനിക്കു് അനുഭവപ്പെടുന്നതു് പിഞ്ചുകുഞ്ഞുങ്ങളുടെ ചിരിയാണു്. അതിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവൻ/ൾ ഒന്നുകിൽ ഒരു മാനസികരോഗി, അല്ലെങ്കിൽ സാക്ഷാൽ പിശാചു്.

Jun 30, 2018, 1:10 PM

ചെറുകിട പ്രശ്നങ്ങൾ അൺഫോളോ ചെയ്‌താൽ തീരും. ഇടത്തരം പ്രശ്നങ്ങൾ അൺഫ്രണ്ട് ചെയ്‌താലേ തീരൂ. “പ്രാർത്ഥനകൊണ്ടും ഉപവാസം കൊണ്ടുമല്ലാതെ ഈ ജാതി ഒഴിഞ്ഞുപോകയില്ല” എന്നു് “വിശുദ്ധ” ബൈബിളിലൂടെ യേശു കണ്ടെത്തിയെന്നു് “സെക്സ് ഒബ്സെസ്ഡ്” ആയ ചില കള്ളപ്പാതിരികൾ, ആട്ടിൻകാട്ടവും കൂർക്കക്കിഴങ്ങും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തത്ര സാധുക്കളായ മനുഷ്യരെ പറഞ്ഞു് പഠിപ്പിച്ചതിനേക്കാൾ (പറഞ്ഞു് പറ്റിച്ചതിനേക്കാൾ) ഗുരുതരമായ ചില കേസുകെട്ടുകളുണ്ടു്. ബ്ലോക്ക് ചെയ്താൽപ്പോലും ഒഴിഞ്ഞുപോകാത്തത്ര കടുത്തയിനം “ഇടതുകൾ”, “മനുഷ്യസ്നേഹികൾ”! അടുത്തദിവസംതന്നെ അവർ നിശ്ചയമായും വേലുത്തമ്പി തവള എന്നോ, മാർത്താണ്ഡ വർമ്മം എന്നോ മറ്റോ ഒരു ID-യും, ശ്രീനിവാസൻ മോഡൽ 70 mm ഇളിഭ്യച്ചിരിയൻ പ്രൊഫൈൽ പടവുമായി ഒരു ഫ്രണ്ട് റിക്വസ്ററ് അയച്ചിരിക്കും. അതിൽ എൺപതു് ശതമാനത്തേയും വലിയ ബുദ്ധിമുട്ടില്ലാതെ തിരിച്ചറിയാനും വീണ്ടും ബ്ലോക്ക് ചെയ്യാനും കഴിയുമെന്നതു് മറ്റൊരു കാര്യം.

ഇന്നു് ഫുട്ബോൾ വേൾഡ് കപ്പിലെ അന്ത്യപതിനാറുകളുടെ അടിയന്തിരം തുടങ്ങുന്നതിനാൽ ഈ മൂന്നു് മാരകായുധങ്ങളിൽ അനുയോജ്യമായ ഏതെങ്കിലും ഒന്നു് പ്രയോഗിച്ചുകൊണ്ടല്ലാതെ തുടർന്നുള്ള ഫുടബോൾ മാച്ചുകൾ സ്വൈരമായി കാണാൻ കഴിയുമെന്നു് തോന്നുന്നില്ല. കവടി നിരത്തിയും, തത്തയോടും പല്ലിയോടും കാക്കക്കാഷ്ഠത്തോടും ചോദിച്ചും മനുഷ്യരുടെ ഭാവി പ്രവചിക്കുന്നവർക്കും, ഫുട്ബോൾ കളിയേയും, മനുഷ്യവർഗ്ഗം വളർത്തിയെടുത്ത മറ്റെത്രയോ ഇനം കളികളേയും, കല, സംഗീതം, സാഹിത്യം, ശിൽപകല മുതലായ, മാനവസംസ്കാരത്തിന്റെ സമഗ്രഉദാത്തതകളേയും, എല്ലാ അർത്ഥത്തിലും വ്യക്തിപരമായിരിക്കേണ്ട മതപരമായ വിശ്വാസങ്ങളേയുമെല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതകളിൽ കൂടി മാത്രം കാണാൻ കഴിയുന്ന വിശ്വവിശാലമനസ്കർക്കുമെല്ലാം പകുത്തുനൽകാനായി എന്നിൽ ഇപ്പോൾ ഒന്നും അവശേഷിക്കുന്നില്ല.

തത്ത്വചിന്ത, ശാസ്ത്രം, ചരിത്രം തുടങ്ങിയ എത്രയോ വിഷയങ്ങളിൽ മനുഷ്യവർഗ്ഗം ഇതിനോടകം സമാഹരിച്ച അറിവുകൾ ഒരു മനുഷ്യജീവിതം മുഴുവൻ ഉപയോഗിച്ചാലും പഠിച്ചുതീർക്കാൻ കഴിയുന്നവയല്ല. ഫെയ്‌സ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്ന ഞാനടക്കമുള്ള ആർക്കെങ്കിലും അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല. എങ്കിലും, മെറ്റഫിസിക്സിലൂടെയും, ഫിസിക്സിലൂടെയും, സർവ്വോപരി, എനിക്കു് എന്നെയോ ഈ ലോകത്തെയോ പേഴ്സീവ് ചെയ്യാൻ കഴിയുമായിരുന്നില്ലാത്ത, സ്ഥലകാലത്തിന്റെ ഏതോ ഒരു സന്ദർഭത്തിൽ യാദൃച്‌ഛികമായി ലഭിച്ച ഈ ജീവിതത്തിലൂടെ നടത്തേണ്ടിവന്ന ഇതുവരെയുള്ള യാത്രയിലൂടെയും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞ ഒരു കാര്യം എന്റെ വായനക്കാരെ അറിയിക്കാൻ ഞാനാഗ്രഹിക്കുന്നു: കാപ്പയും തൊപ്പിയും കാവിയും ശുഭ്രവസ്ത്രങ്ങളും ധരിച്ചു് ഈ വിഷയങ്ങളിലോ, ദൈവികമോ മതപരമോ രാഷ്ട്രീയമോ ആയ മറ്റേതെങ്കിലുമൊരു വിഷയത്തിലോ നിത്യവും ആത്യന്തികവുമായ സത്യം പകർന്നുനൽകാമെന്ന വാഗ്ദാനവുമായി നിങ്ങളെ സമീപിക്കുന്നവർ – അതു് ഇപ്പറയുന്ന ഞാനായാൽത്തന്നെയും – വഞ്ചകരാണു്. ഈ വസ്തുത മനസ്സിലാക്കാൻ കഴിയാത്തവിധം മതപരമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയി ഇതിനോടകം നിങ്ങൾ ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ. നല്ലൊരു ഫുട്ബോൾ വേൾഡ് കപ്പ് ടൂർണ്ണമെന്റ് നിങ്ങൾക്കുള്ളതാണു്. Have fun!

July 2018

Jul 2, 2018, 10:04 AM

#Bishop Franco Mulakkal #Father Thomas Kottoor

ബിഷപ്പിനും അച്ചനുമെല്ലാം ഇതുപോലത്തെ പേരുകൾ ഇടാതിരിക്കാനോ, ഇട്ട പേരുകൾ തിരുത്താനോ സഭ ശ്രദ്ധിക്കേണ്ടതുണ്ടു്. വിനീതവിധേയയായ ഒരു കന്യാസ്ത്രീ “മുലയ്ക്കൽ ബിഷപ്പു് തിരുമേനീ”, “കോട്ടൂരച്ചോ” എന്നും മറ്റും ഭക്തിപൂർവ്വം നീട്ടിവിളിക്കുന്നതു് കേട്ടാൽ, പാതിരികൾ പൊതുവേ ഭക്ഷണപ്രിയരായതിനാൽ, അതു് തിരുഭക്ഷണം കഴിക്കാനുള്ള ഒരു ക്ഷണമായി തെറ്റിദ്ധരിച്ചു് മേല്പടിയാന്മാർ സ്വാഭാവികമായും തുടർനടപടികളിലേക്കു് കുതിക്കും. ഗോതമ്പപ്പത്തേയും വീഞ്ഞിനേയും യേശുവിന്റെ മാംസവും രക്തവുമായി കാണാൻ കുഞ്ഞാടുകളെ പഠിപ്പിക്കുന്ന മോറൽ തിയോളജി പ്രീച്ചേഴ്സ് എന്ന നിലയിൽ, വിളി കേൾക്കുന്ന പാതിരികൾക്കു് ഭക്ഷണപാനീയങ്ങൾ കന്യാസ്ത്രീകളുടെ മാംസവും മജ്ജയുമായിട്ടു് തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. അല്പം മേദസ്സുള്ള കന്യാസ്ത്രീകൾ ആണെങ്കിൽ ആ തോന്നൽ അപരിമേയം പോലുമായിരിക്കും – ദൈവത്തേപ്പോലെ! യഹോവയായ ദൈവം പ്രസാദിച്ചതും ആദ്യമനുഷ്യനായ ആദാമിന്റെ ഇളയമകൻ ഹാബേൽ “ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു്, അവയുടെ മേദസ്സിൽനിന്നു് തന്നേ” അർപ്പിച്ച വഴിപാടിലായിരുന്നു എന്നോർക്കുക. കന്യാസ്ത്രീകളെ സംബന്ധച്ചാണെങ്കിൽ, പണ്ടു് വിശുദ്ധ കന്യക മറിയം തന്റെ ഗർഭധാരണത്തിനു് തൊട്ടു് മുൻപു് ദൈവദൂതനോടു് പറഞ്ഞപോലെ, “ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു് ഭവിക്കട്ടെ” എന്നു് പറഞ്ഞു് കർത്താവിന്റെ ദാസന്മാർക്കു് സ്വയം ഏൽപിച്ചുകൊടുക്കുന്നതു് അവരുടെ ദൈവവിളിയുടെ ഒരു ഭാഗമാണുതാനും. കർത്താവും ഭർത്താവും ഒരാൾ തന്നെ എന്നു് തീരുമാനിച്ചതുകൊണ്ടാണല്ലോ ക്രൈസ്തവമഠങ്ങളിലെ കന്യാസ്ത്രീകൾ നിത്യമണവാട്ടികൾ എന്നു് അറിയപ്പെടുന്നതുതന്നെ!

Jul 2, 2018, 12:14 PM

കേരളത്തിൽ ഇന്നലെ ഒരു പത്തൊൻപതു് വയസ്സുകാരൻ കൊലചെയ്യപ്പെട്ടു എന്നു് കേട്ടു. രാഷ്ട്രീയ കൊലപാതകമാണത്രെ! അതിനാൽ, കൊലയാളികൾ ഊജ്ജ്വലകലാകാരന്മാരായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ടി.പി. വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ സന്ദർശിച്ച കേരളമുഖ്യമന്ത്രി കൊലയാളികളിൽ നിറഞ്ഞുതുളുമ്പുന്ന കലാവാസനകളെ വാനോളം പുകഴ്ത്തിയതായി ഒരു വാർത്ത കണ്ടിരുന്നു. മരിക്കുന്നതിനു് മുൻപേ മരണം റിപ്പോർട്ട് ചെയ്യുന്നവരുടെ നാടായതിനാൽ, വാർത്ത ശരിയോ, തെറ്റോ, “ശറ്റോ” ആകാം. എളുപ്പം പബ്ലിസിറ്റി കിട്ടണമെങ്കിൽ ന്യൂസ് സെൻസേഷണലായിരിക്കണം. നെഗറ്റീവ് പബ്ലിസിറ്റിയും ഒരു പബ്ലിസിറ്റിയാണു്. ഉളുപ്പു് എന്നൊന്നില്ലെങ്കിൽ പേരുദോഷത്തിലുടെയും മനുഷ്യനു് പേരെടുക്കാം. കേരളത്തിൽ അത്തരം “പ്രതിഭകൾ” ധാരാളമുണ്ടു്. പ്രത്യേകം പേരെടുത്തു് പറയുന്നില്ല. കാരണം, പുകഴ്ത്താനല്ലാതെ, ഇകഴ്ത്താനായി വ്യക്തികളെ പേരെടുത്തു് പരാമർശിക്കാതിരിക്കുന്നതാണു് ഞാൻ പഠിപ്പിക്കപ്പെട്ട രീതി. ആശയമാണു് പ്രധാനം, വ്യക്തികളല്ല.

കേരളത്തിനു് ധാരാളം കലാകാരന്മാരെ ആവശ്യമുണ്ടു്. ചുമരെഴുത്തു്, ഫ്ലക്സെഴുത്തു്, ഫ്ലക്സ് മൗണ്ടിങ്, ഫ്ലക്സ് ഡിസ്മൗണ്ടിങ്, ബാനർ എഴുത്തു്, പതാക തയ്ക്കൽ, ജാഥക്കു് നിക്കറും ഷർട്ടും തയ്ക്കൽ, ജാഥക്കാർക്കു് കഞ്ഞിയും കറിയും വയ്ക്കൽ, അങ്ങനെ എത്രയെത്ര കലാപരിപാടികൾ! അതുകൊണ്ടു്, നമ്മുടെ നിലനിൽപ്പിനെ സഹായിക്കുന്നവിധം കൊലപാതകങ്ങൾ ചെയ്യുന്ന കലാകാരന്മാരെ നമ്മൾ സർവ്വാത്മനാ പ്രോത്സാഹിപ്പിക്കണം. എന്നെങ്കിലും ആ ശുംഭന്മാർ ആശയപരമായെങ്കിലും നമുക്കെതിരായി തിരിഞ്ഞാൽ എന്തു് ചെയ്യണമെന്നു് പതിവായി സ്റ്റഡിക്ലാസ്സിൽ പോകുന്നവർക്കുവേണ്ടി ഞാൻ പ്രത്യേകം ഒരു ക്ലാസ്സെടുക്കേണ്ട ആവശ്യമുണ്ടെന്നു് തോന്നുന്നില്ല. സഖാക്കളേ, വീപ്ലവശീങ്കങ്ങളേ, ഒരു കാര്യം നിങ്ങൾ ഒരിക്കലും മറക്കരുതു്: നമ്മൾ പ്രതിനിധീകരിക്കുന്നതാണു് ജനാധിപത്യം. അതു് മാത്രമാണു് ജനാധിപത്യം.

ഇനി, ജനനേതാക്കൾക്കു് മാത്രമായി: നമ്മൾ ധനികരാണു്. അതേ, വിപ്ലവകാലത്തെ ഫ്രാൻസിലെയും റഷ്യയിലെയും ബൂർഷ്വാസിയുടെ അഞ്ചയലത്തു് വരില്ലെങ്കിലും, നമ്മളും തികഞ്ഞ ബൂർഷ്വാസിയാണു്. ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ കൂട്ടുകെട്ടു്! അതിലാണു് നമ്മുടെ യഥാർത്ഥ ഐഡന്റിറ്റി കുടികൊള്ളുന്നതു്. നമ്മുടെ വിശ്വരൂപം! അതാണു് നമ്മുടെ അന്തസ്സു്, അതാണു് നമ്മുടെ ധാർഷ്ട്യം. അനന്യമായ ആ ധാർഷ്ട്യമായിരിക്കണം, നമ്മൾ ചൊല്ലിക്കൊടുത്ത മുദ്രാവാക്യവളികൾ ചക്കക്കുരുവിന്റേതോ, ഗ്യാസ്ട്രബിളിന്റേതോ, വിപ്ലവവെടിക്കെട്ടിന്റേതോ എന്നറിയാതെ, താഴെ തെരുവിൽക്കിടന്നു് നമുക്കുവേണ്ടി ഏറ്റുപാടി തമ്മിൽത്തല്ലിച്ചാകുന്ന ദരിദ്രർ ദളിതർ തുടങ്ങിയ ദരിദ്രവാസികൾക്കുനേരെ നമ്മൾ പ്രകടിപ്പിക്കേണ്ട സ്ഥായിഭാവം. ഇങ്കിലാ സിന്താവാ!!

ഒരു “രാഷ്ട്രീയനേതാവു്” എന്ന നിലയിൽ ഞാൻ ഇന്നലെത്തന്നെ പ്രതികരിക്കേണ്ടതായിരുന്നു. എന്റെ ഈ പ്രതികരണം താമസിച്ചതിനു് ക്ഷമാപണം. ഉദ്ദിഷ്ടകാര്യത്തിനു് ഉപകാരസ്മരണയായി സെൻട്രൽ ജയിലിൽ അരുങ്കൊലകളുടെ പേരിൽ സുഖവാസമനുഷ്ഠിക്കുന്ന കലാകാരന്മാർക്കു് ജൂലൈ ഒന്നിനു് സമൃദ്ധമായി ഒരു പായസവിതരണം നടത്തിക്കൊള്ളാമെന്നൊരു നേർച്ചയുണ്ടായിരുന്നു.

Jul 2, 2018, 3:52 PM

ഒരു എച്ചിലിലയുടേയോ, ഒരു പെൺപട്ടിയുടെ പിൻഭാഗത്തിന്റേയോ, താൻ മൂത്രിച്ചു് വേർതിരിച്ച ചെറിയൊരു ഏരിയയുടേയോ പേരിൽ ആൺപട്ടികൾ തമ്മിലുള്ള കടിപിടികൾ സാധാരണമാണെങ്കിലും, കാലഹരണപ്പെട്ട ഏതെങ്കിലും രാഷ്ട്രീയത്തിന്റെയോ, പ്രത്യയശാസ്ത്രത്തിന്റെയോ പേരിൽ “ക്യാംപസ് യുദ്ധം” നടത്തി ചവാൻ മാത്രം ഭ്രാന്തോ വിഡ്ഢിത്തമോ അവ കാണിക്കാറില്ല. അതു് കാണാൻ പ്രബുദ്ധരെന്നു് അവകാശപ്പെടുന്നവരുടെ നാടായ കേരളത്തിലേക്കുതന്നെ നോക്കണം.

Jul 2, 2018, 6:52 PM

ഒരു കണ്ണിലൂടെ ബ്രസീൽ ജയത്തിന്റെ പേരിലുള്ള സന്തോഷാശ്രുക്കളും, മറുകണ്ണിലൂടെ അഭിമന്യു കൊലപാതകത്തിന്റെ പേരിലുള്ള സന്താപാശ്രുക്കളും ഒരേസമയം ഒഴുക്കാൻ കഴിയണമെങ്കിൽ മനുഷ്യർക്കു് പെർഫെക്റ്റായി കഥകളിക്കാൻ കഴിയണം. അല്ലെങ്കിൽത്തന്നെ, കേരളം പോലെ, സബ്സ്റ്റൻസ് കാര്യമായി ഇല്ലാത്ത സമൂഹങ്ങളിൽ (more shine than essence) നാട്യം അതിജീവനത്തിനു് നിർബന്ധമായും വേണ്ടതും, ധാരാളം മതിയായതുമായ ഒരു കലയാണു്.

Jul 3, 2018, 10:59 AM

ച്യാച്ചി: എന്താ കുശവാ ഈ ചട്ടിക്ക് വില?
കുശവൻ: എൺപത് പൈസ.
ച്യാച്ചി: കുശവൻ ഒന്നും പറയണ്ട. ചട്ടി ഞാനെടുക്കും. ഒരു രൂഫായങ്ങ് തരും.

Jul 3, 2018, 11:01 AM

തരികിട സാബു, ഇടവേള ബാബു, കൊടി സുനി, എന്നെല്ലാം കേൾക്കുന്നതു് ഒരു വികാരമാണു്. ആഡോൾഫ് ഹിറ്റ്ലർ, ജോസഫ് സ്റ്റാലിൻ, നീൽസ് ബോർ, ഡിയെഗോ അര്മാൻഡൊ മരാഡൊണ്ണ ഫ്രാങ്കൊ എന്നൊക്കെ കേൾക്കുമ്പോൾ തോന്നുന്ന അതേ വിഹാരം.

Jul 3, 2018, 11:21 AM

ഏതാനും “വൺ ടൂ ത്രീ” കൊലപാതകങ്ങൾ ഞാൻ നേരിട്ടും വാടകക്കൊലയാളികൾ വഴിയും നടത്തിയിട്ടുണ്ടു്. നാടിന്റെ പുരോഗമനം ലക്ഷ്യമാക്കി അല്പസ്വല്പം കോടികൾ ഒരു “ദാസ് കാപ്പിറ്റൽ” എന്ന നിലയിൽ ഞാൻ സമാഹരിച്ചിട്ടുണ്ടെന്നതും ശരിതന്നെ. പക്ഷേ, അതിന്റെ പേരിൽ ജനം ഇമ്മാതിരി മറിയാമ്മ നാടകങ്ങൾ അരങ്ങേറുന്നതെന്തിനെന്നു് മനസ്സിലാകുന്നില്ല. ആ കേസുകെട്ടുകൾ സമഗ്രമായി പരിശോധിച്ചു് അവയെ സംബന്ധിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന എന്റെ വിലയിരുത്തൽ ശരിയാണെന്നു് സ്ഥാപിക്കാൻ അതിനു് എല്ലാവിധ യോഗ്യതകളുള്ള എന്റെ അനന്തരവന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടു്. മേൽനോട്ടം ഏറ്റെടുത്തിരിക്കുന്നവർ എന്റെ അമ്മാവനും ചിറ്റപ്പനുമായതിനാൽ, ഏതെങ്കിലും വിധത്തിലുള്ള പാളിച്ചകൾ സംഭവിക്കും എന്ന ഭയം അസ്ഥാനത്താണു്. എല്ലാം നിയമപരവും സമ്പൂർണ്ണ കൺട്രോളിലുമാണു്. ഒന്നുമില്ലെങ്കിലും, നമ്മൾ ജീവിക്കുന്നതു് ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റെയ്റ്റിലല്ലേ?

Jul 3, 2018, 12:10 PM

സെൻസുള്ള എന്തെങ്കിലും ഫെയ്‌സ്ബുക്കിൽ എഴുതണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ഫെയ്‌സ്ബുക്കിൽ ഒരു മൂവായിരം ഫ്രണ്ട്സുണ്ടെങ്കിൽ, അതിൽ നിന്നും ഒരു രണ്ടായിരം എണ്ണത്തെ ഒരു സുപ്രഭാതത്തിൽ അൺഫ്രണ്ട് ചെയ്തോ, ബ്ലോക്ക് ചെയ്തോ, സ്ലോട്ടർ വെട്ടിയോ ഒഴിവാക്കിയതുകൊണ്ട്, നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലെ എണ്ണത്തിൽ അത്രയും കുറവ് വരുമെന്നതൊഴികെ, അവർക്കോ നിങ്ങൾക്കോ, ലൗകികമോ ആത്മീയമോ ബൗദ്ധികമോ മാനസികമോ സ്വർഗ്ഗീയമോ “നരകീയമോ” ആയ എന്തെങ്കിലുമൊരു ഗുണമോ ദോഷമോ സംഭവിക്കാനില്ല. ഫെയ്‌സ്ബുക്ക് ബന്ധങ്ങൾക്ക് അതിൽ കൂടിയ വില കല്പിക്കുന്നത് വിഡ്‌ഢിത്തമായിരിക്കും.

ഇത് ഭൗതികാധിഷ്ഠിതമായ എന്റെ വൈരുദ്ധ്യാത്മാവിന്റെ തികച്ചും സബ്ജക്റ്റീവായ ഒരു വിലയിരുത്തൽ മാത്രമാണ്. സർവ്വലോകതൊഴിലാളികൾക്ക് വേണ്ടി രചിക്കപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ പോലെ യൂണിവേഴ്സലല്ല എന്ന് സാരം.

Jul 5, 2018, 3:39 PM

കേരളത്തിലെ പോലീസ് എന്തുകൊണ്ടു് നന്നാവുന്നില്ല എന്നാണു് പരിവേദനങ്ങൾ. നന്നാവണമെന്നു് അവർക്കുകൂടി തോന്നണ്ടേ? ചെയ്യുന്നതു് മുഴുവൻ നല്ലതാണെന്നു് ഉത്തമബോദ്ധ്യമുള്ളവർ എങ്ങോട്ടു് നന്നാവാൻ? കേരളത്തെ സംബന്ധിച്ചു് അതു് പോലീസിനെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഏതെങ്കിലുമൊരു ഐഡിയോളജിയിലോ, മതത്തിലോ, പാർട്ടിയിലോ വിശ്വസിക്കുന്ന ആർക്കും ബാധകമാക്കാവുന്ന കാര്യമാണു്. തന്റെ നിലപാടു് നൂറുശതമാനം ശരിയാണെന്ന ഉത്തമബോദ്ധ്യം ഉള്ളതുകൊണ്ടാണു് അതിനുവേണ്ടി ജീവൻവരെ ബലിനൽകാൻ മനുഷ്യർ തയ്യാറാവുന്നതു്. അവർ ഇപ്പോൾത്തന്നെ നല്ലവരാണു്. അതിലും കൂടുതൽ നല്ലവരാവേണ്ട ആവശ്യം അവർക്കില്ല. ഹീറോകളിലും, ആൾദൈവങ്ങളിലും, മറ്റുതരം ദൈവതുല്യരിലും വിശ്വസിച്ചു് അവർക്കുവേണ്ടി കൊല്ലാനും ചാവാനും പുറപ്പെടുന്ന എല്ലാ വിനീതവിധേയരും അങ്ങനെതന്നെയാണു് ചിന്തിക്കുന്നതു്, അതുതന്നെയാണു് ചെയ്യുന്നതു്. പക്ഷേ, അവർ അതിലൂടെ അനുഭവിക്കുന്നതു് വിധേയത്വമല്ല, അപൂർവ്വമായി അവർക്കു് ലഭിച്ചതെന്നും, എന്തു് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതെന്നും അവർ വിശ്വസിക്കുന്ന പവിത്രമായ ഒരവകാശത്തിന്റെ അഭിമാനമാണു്. അവരിലെ കൊടിയഭക്തരിൽ പലരും സ്വയം വിശേഷിപ്പിക്കുന്നതു് “സ്വതന്ത്രചിന്തകർ” എന്നുപോലുമാണു്. കൽത്തുറുങ്കിന്റെ മതിലുകൾ പെഴ്സീവ് ചെയ്യാൻ കഴിയാത്ത തടവുകാർ അതിനുള്ളിൽ അനുഭവിക്കുന്നതും ഒരുതരം സ്വാതന്ത്ര്യമാണല്ലോ.

പത്തു് ആമീനും, അഞ്ചു് ലാൽ സലാമും ചൊല്ലാൻ പറഞ്ഞാൽ അതിനോടു് ഇരുപതു് ശതമാനം VAT കൂടി ചേർത്തു് പന്ത്രണ്ടു് ആ മീനും, ആറു് ഈ മീനും ചൊല്ലാൻ ക്യൂ നിൽക്കുന്നവരുടെ നാട്ടിലെ മനുഷ്യരോടു്, സ്വന്തം വ്യക്തിത്വം വല്ലവർക്കും പണയപ്പെടുത്തി അവർ വിളിച്ചുതരുന്ന ആമീനും ലാൽ സലാമും ഏറ്റുചൊല്ലി നാണംകെടാതെ എന്തുകൊണ്ടു് നിങ്ങൾക്കു് ആത്മാഭിമാനത്തോടെ ജീവിച്ചുകൂടാ എന്നു് ചോദിക്കുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവർ സ്വതന്ത്രവ്യക്തിത്വത്തിലെ ഉത്തരവാദിത്വത്തേക്കാൾ അടിമത്വത്തിലെ സുരക്ഷിതത്വത്തെ സ്വീകരിക്കാനാവും ഇഷ്ടപ്പെടുക. ഐഡിയോളജിയിലായാലും മതത്തിലായാലും, അടിസ്ഥാനഗ്രന്ഥങ്ങൾ പഠിച്ചതുകൊണ്ടല്ല, അവ പഠിക്കാത്തതുകൊണ്ടും, പഠിക്കാൻ ശ്രമിച്ചിട്ടും വലിയ കാര്യമൊന്നുമില്ലാത്തതുകൊണ്ടുമാണു് അവയെ കൂലങ്കഷമായി പഠിച്ചവർ എന്ന അവകാശവാദവുമായി വരുന്ന വ്യാജന്മാരുടെ പിന്നാലെ കുനിഞ്ഞ മുതുകുമായി റാൻ മൂളിക്കൊണ്ടു് നടക്കുകയല്ലാതെ മനുഷ്യർക്കു് വേറെ നിവൃത്തിയൊന്നുമില്ലാതാവുന്നതു്. ആ ഗതികേടിലാണു് പഠിച്ചിട്ടു് വിമർശിക്കൂ സുഹൃത്തേ എന്ന സ്നേഹോപദേശത്തിന്റെ നാരായവേരു്.

ഓരോരോ പ്രാദേശികതീർത്ഥാടനങ്ങൾക്കായി പോകുന്നസമയത്തു് നിശ്ചിതസമയങ്ങളിൽ മന്ത്രിമാരുടെയും മറ്റും പേരുകൾ ചാർത്തിയ മൈൽക്കുറ്റികളിലും, നാഥനില്ലാത്ത മരക്കുറ്റികളിലും, ഔന്നത്യത്തിൽ തന്നേക്കാൾ ഒത്തിരി താഴെയല്ലാത്ത കുറ്റിച്ചെടികളിലുമെല്ലാം സ്വമൂത്രമുദ്രകൾ ചാർത്തുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാത്ത നാടൻനായ്ക്കളുടെ ഏകദേശം അതേ അവസ്ഥയാണു് ഇക്കൂട്ടരുടേതും. നായ്ക്കൾക്കു് നന്നായി കാണാൻ കഴിയുമെങ്കിലും, അതിനേക്കാൾ നന്നായി മണക്കാൻ കഴിയും. അതുകൊണ്ടാവണം സ്വന്തം ജീവിതഗതിയിൽ ഈവിധമൂത്രിക്കൽ ഒരു സിസ്റ്റമായി നിജപ്പെടുത്താൻ അവ തീരുമാനിച്ചതു്. കാണലിനെ സിസ്റ്റമാക്കിയിരുന്നെങ്കിൽ ഓരോ യാത്രയിലും വഴിനീളെയുള്ള കുറ്റികളിലും ചുമരുകളിലുമെല്ലാം കേരളത്തിലെ കോളെജ് സ്റ്റുഡന്റ്സിനെപ്പോലെ ചായം തേച്ചുതേച്ചു് അവയുടെ ഊപ്പാടിളകിയേനെ! നിറം കണ്ടാൽ നിയന്ത്രണം വിടുന്നവരുടെ കണ്ണിൽ പെട്ടാൽ, ചായത്തിന്റെ നിറവും, ചായം പൂശിയവന്റെ ജാതിയുമനുസരിച്ചു് അവർ കുത്തിയും വെട്ടിയും കൊന്നു് മാസ്റ്റർ പെയ്ന്റേഴ്സിനെ രക്തസാക്ഷികളാക്കി മാറ്റിക്കൂടെന്നുമില്ല. “സിസ്റ്റം” മനുഷ്യരെ സ്വാധീനിക്കുന്നതു് ചെറുതായല്ല. ഓരോരുത്തർക്കും അവരുടേതായ സിസ്റ്റങ്ങളുണ്ടു്. ചിലർ വിൻഡോസ്, മറ്റു് ചിലർ ഉബുണ്ടു. സിസ്റ്റത്തിന്റെ കാര്യത്തിൽ നായ്ക്കളും അതുപോലെതന്നെ.

P. S. നായ്ക്കളുടെ ഘ്രാണശേഷി മൂലം അവയ്ക്കു് പോലീസ് ഡിപ്പാർട്ട്മെന്റിൽ നല്ല ഡിമാൻറുണ്ടു്. പി.എസ്.സി. വഴി അഡ്മിഷൻ കിട്ടിയേക്കാമെങ്കിലും പ്രമോഷൻ വേണമെങ്കിൽ മുകളിൽ നല്ല പിടുത്തമുണ്ടായിരിക്കണമെന്നു് തോന്നുന്നു. നായ്ക്കളിലുമുണ്ടല്ലോ ജാതിയും വർഗ്ഗവുമെല്ലാം!

Jul 6, 2018, 12:27 PM

കുറച്ചുനാളുകളായി ഫെയ്സ്ബുക്ക് സ്ട്രീമിലൂടെ ഓഷോ വക ഒരു സാരോപദേശം ആരൊക്കെയോ കഷ്ടപ്പെട്ടു് കയറ്റി അയക്കുന്നതായി കാണുന്നു: “മരിച്ചു് കഴിഞ്ഞാൽ പിന്നെ ജീവിതം ഉണ്ടോ എന്നതല്ല യഥാർത്ഥ ചോദ്യം, മരിക്കുന്നതിനു് മുൻപു് നാം ജീവിച്ചിരുന്നോ എന്നതാണു്”.

ഈ സാരോപദേശശല്യം ഒഴിവാക്കാൻ, അതു് കയറ്റുമതി ചെയ്യുന്നവരെ വേണമെങ്കിൽ അൺഫ്രണ്ടോ ബ്ലോക്കോ ചെയ്യാമെന്നല്ലാതെ, അവരോടു് അതിനെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടു് കാര്യമില്ല. മരിച്ചുപോയ ഓഷോയോടു് പറയാമെന്നാണെങ്കിൽ, അതിനു് വേണ്ട അതീന്ദ്രിയജ്ഞാനം തപസ്സിലൂടെ ഞാനിതുവരെ നേടിയെടുത്തിട്ടില്ലതാനും. അതുകൊണ്ടു്, രാജാവിനു് കഴുതച്ചെവികളാണെന്നു് ക്ഷൗരസമയത്തു് കാണേണ്ടിവന്ന ക്ഷുരകൻ, ആ സത്യം ആരോടെങ്കിലും പറയാതെ തനിക്കു് സ്വസ്ഥത കിട്ടില്ല എന്നു് വന്നപ്പോൾ, ഒരു വൻമരത്തിന്റെ പൊത്തിലേക്കു് അക്കാര്യം വിളിച്ചു പറഞ്ഞെന്നും, അന്നുമുതൽ – ആ മരം ഇതുവരെ ആരും മുറിച്ചു് മാറ്റിയിട്ടില്ലെങ്കിൽ – ഇന്നുവരെ ആ മരപ്പൊത്തിൽ നിന്നും പ്രസ്തുത ക്ഷുരകവചനങ്ങൾ പ്രതിധ്വനിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള പുരാണകഥപോലെ, ഫെയ്സ്ബുക്കിന്റെ പൊത്തിലേക്കു് ഈ ഓഷോവചനത്തെ സംബന്ധിച്ച എന്റെ അഭിപ്രായം വിളിച്ചു് പറഞ്ഞേക്കാമെമെന്നു് കരുതി.

ബഹുമാന്യനായ ശ്രീമാൻ ഓഷോ ഭഗവാനേ, ഈ “നാം” ഒരു പൂജകബഹുവചനം എന്ന നിലയിൽ അങ്ങു് അങ്ങയെപ്പറ്റിത്തന്നെ പറഞ്ഞതല്ല എന്ന നിഗമനത്തിൽ, ഈ വിഷയത്തിൽ എനിക്കു് തോന്നുന്ന ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ (“നാം” അല്ല) ആഗ്രഹിക്കുന്നു. ഇല്ല, ചങ്ങായീ. മരിച്ചു് കഴിഞ്ഞാൽ പിന്നെ ജീവിതം ഉണ്ടോ എന്ന, യഥാർത്ഥമോ അയഥാർത്ഥമോ ആയ, ഒരു ചോദ്യം എനിക്കില്ല. മരിച്ച എനിക്കു് “ജീവിതം” ഇല്ല എന്ന കാര്യത്തിൽ എനിക്കു് യാതൊരുവിധ സംശയവുമില്ല. മാത്രവുമല്ല, അതിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടനുമാണു്. അങ്ങയുടെ കാര്യം എങ്ങനെയെന്നു് എനിക്കറിയില്ല. അതെനിക്കൊരു പ്രശ്നവുമല്ല.

പിന്നെ, മരിക്കുന്നതിനു് മുൻപു് ഞാൻ (“നാം” അല്ല) ജീവിച്ചിരുന്നോ എന്ന ചോദ്യം. തീർച്ചയായും ജീവിച്ചിരുന്നു. ഇപ്പോഴും ജീവിക്കുന്നുണ്ടു്. അതും എമ്മാതിരി ജീവിതം! ദാണ്ടെ, ഇപ്പോൾത്തന്നെ ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്യാൻ വേണ്ടി ഈ പോസ്റ്റ് ഞാനെന്റെ ടാബ്ലെറ്റ് പിസിയിൽ, ചെറുപ്പത്തിൽ ഞാൻ മണലിൽ “കായിക്ക ഗായിക്ക” എഴുതി മലയാളം അക്ഷരമാല ശീലിച്ച അതേ രീതിയിൽത്തന്നെ, എഴുതിക്കൊണ്ടിരിക്കുകയാണു്. അതുകൊണ്ടു്, അങ്ങു് എന്നെ അധികം ശല്യം ചെയ്യാതെ ചെല്ലു്. ആശ്രമകന്യകകൾ കാത്തിരിക്കുന്നുണ്ടാവും. മരിക്കുന്നതിനു് മുൻപു്, അങ്ങയെപ്പോലെ യുവഭക്തകളോടൊപ്പവും റോൾസ് റോയ്സ് കാറുകളിലും ഒന്നുമല്ലെങ്കിലും, എന്റെ ഈ ചെറിയ ജീവിതം എനിക്കു് അഫോർഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഞാനുമൊന്നു് ജീവിച്ചു് തീർത്തോട്ടെ. അങ്ങയുടെ സദാചാരശീലുകൾ എന്റെ ജീവിതത്തിനു് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരാവശ്യമാണെന്നു് അതിനിടയിൽ എന്നെങ്കിലും തോന്നുന്നപക്ഷം ആ വിവരം ഞാൻ കയ്യോടെ അങ്ങയെ അറിയിക്കുന്നതായിരിക്കും.

Jul 6, 2018, 12:47 PM

കുഞ്ഞിത്തലകളിൽ മതത്തിന്റെ കുനട്ടു് കുത്തിവച്ചു് അവരെ സാമൂഹ്യവിരുദ്ധരാക്കാതിരിക്കാൻ ഇവിടെ ഓരോരുത്തർ രോഗിയായ കുതിരയോടു് സംസാരിക്കുന്നപോലെ ഫെയ്സ്ബുക്കിലും മറ്റും നീണ്ട ലേഖനങ്ങൾ എഴുതിയും, പൊതുവേദികളിൽ തീപ്പൊരിപ്രസംഗങ്ങൾ നടത്തിയുമെല്ലാം കഷ്ടപ്പെടുമ്പോൾ, ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ആ പ്രശ്നം വളരെ ലളിതമായി പരിഹരിച്ചു: അവൾ അവളുടെ നെറ്റിയിൽ ഒരു പൊട്ടുതൊട്ടു് ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചു! പിന്നെ ഒട്ടും താമസിച്ചില്ല, പൊട്ടു് തൊട്ടതിന്റെ പേരിൽ മതപണ്ഡിതർ അവളെ മദ്രസയിൽ നിന്നും പുറത്താക്കി.

മദ്രസയിൽനിന്നുള്ള മുസ്ലീം പെൺകുട്ടികളുടെ മോചനംനേടൽ ഇത്ര എളുപ്പമാണെന്നു് ആരറിഞ്ഞു? ഒരു പൊട്ടുകൊണ്ടു് മതഭ്രാന്തിൽ നിന്നും മോചനം നേടാൻ കഴിയുമെങ്കിൽ കൂടുതൽ കൂടുതൽ മുസ്ലീം പെൺകുട്ടികൾക്കു് പൊട്ടുതൊടാൻ തോന്നട്ടേയെന്നേ പറയാനുള്ളു. ഭാഗ്യത്തിനു്, ഒരു പൊട്ടു് തൊട്ടാൽ അറ്റുപോകുന്നതല്ല മനുഷ്യരുടെ തലയും കൈകാലുകളും. അതിനു് മതപഠനശാലകളിലൂടെ ദൈവത്തിന്റെ സാരോപദേശങ്ങൾ വ്യാഖ്യാനിക്കുന്ന സമാധാനദൂതന്മാരുടെ പിൻതുണതന്നെ വേണം.

Jul 6, 2018, 10:03 PM

കേരളത്തിലെ ചോർച്ചയുള്ള കോഴിക്കൂടുകളിൽ വസിക്കുന്ന കോഴികൾ ഭാഗ്യമുള്ളവ. അവയ്ക്കു് ദൈവാനുഗ്രഹമുണ്ടു്. ഉണങ്ങിയ കൂട്ടിൽ വസിപ്പിക്കാൻ വേണ്ടി ആദ്യം മൺസൂൺ മഴ നനയിപ്പിക്കുന്നവനാണു് ദൈവം.

Jul 7, 2018, 8:43 AM

“തിന്നാനുള്ള അവകാശം!”
“പറയാനുള്ള അവകാശം! ” കലക്കൻ മുദ്രാവാക്യങ്ങൾ

“കൊല്ലാനുള്ള അവകാശം” എന്നുകൂടി ചേർത്തിരുന്നെങ്കിൽ ഒരു പൂർണ്ണത കിട്ടിയേനെ!

Jul 7, 2018, 11:26 AM

(ഉദാഹരണത്തിനു്) ന്യൂട്ടന്റെ ചലനനിയമങ്ങൾ ലോകം അംഗീകരിക്കുന്നതും, അവയെ വിലമതിക്കുന്നതും അവ ഏതു് ഭാഷയിൽ എഴുതപ്പെട്ടു എന്നതിന്റെ പേരിലോ, അവ ഏതു് വൃത്തത്തിൽ എഴുതപ്പെട്ട കാവ്യമാണെന്നതിന്റെ പേരിലോ, അവ മനുഷ്യർക്കു് കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെടാൻ ഭാഷാപരമായ ഏതേതു് അലങ്കാരങ്ങൾ അവയുടെ അവതരണത്തിൽ ന്യൂട്ടൺ ഉപയോഗിച്ചു എന്നതിന്റെ പേരിലോ അല്ല. നമ്മുടെ ഈ പ്രപഞ്ചത്തെ, ഏതെങ്കിലും ദൈവത്തിന്റേയോ, അങ്ങേരുടെ നിലനില്പിനു് അനിവാര്യമായ ഏതെങ്കിലും പിശാചിന്റേയോ സഹായമില്ലാതെ മനസ്സിലാക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നവിധം അവ മുന്നോട്ടു് വയ്ക്കുന്ന ആശയം, അതിൽ അന്തർലീനമായ തത്വം, അതിന്റെ സബ്സ്റ്റൻസ്, അതിന്റെ പേരിലാണു്, അതിന്റെ മാത്രം പേരിലാണു് ലോകം അവയെ വിലമതിക്കുന്നതു്.

That is all for the present, your Honour.

Jul 7, 2018, 1:10 PM

അമേരിക്ക ഹിരോഷിമയേയും നാഗസാക്കിയേയും ബോബിട്ടു്‌ നശിപ്പിച്ചതു്, യഥാക്രമം, 1945 ഓഗസ്റ്റ് ആറിനും, ഒന്‍പതിനുമായിരുന്നു. പല്ലിചൊല്ലലിന്റേയും കാക്കതൂറലിന്റേയും അതിഗഹനമായ ശാസ്ത്രീയതയില്‍ വിശ്വസിക്കാന്‍ മാത്രം ബുദ്ധിമതികളായ ചില ഭാരതീയരുടെ ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍, മഹാഭാരതയുദ്ധത്തിൽ ഒരു ശിഖണ്ഡിയെ മുൻപിൽ നിർത്തി പാണ്ഡവര്‍ യുദ്ധം ജയിച്ചതുപോലെ, ഏതെങ്കിലും ഒരു ശിഖണ്ഡിയെ മുന്‍കൂറായി ഹിരോഷിമയിലും നാഗസാക്കിയിലും നിര്‍ത്താന്‍ ജപ്പാന്‍കാര്‍ക്കു് കഴിഞ്ഞിരുന്നെങ്കില്‍, അമേരിക്കയുടെ ആറ്റംബോംബുകള്‍ ഒരു പുഷ്പവൃഷ്ടി ആയാലെന്നപോലെയേ തദ്ദേശവാസികള്‍ക്കു് അനുഭവപ്പെടുമായിരുന്നുള്ളു!

ഒരു ഭാരതീയനേക്കാള്‍ ഊളയാവാന്‍ ലോകത്തിലെ മറ്റേതെങ്കിലും ഒരു സമൂഹത്തിലെ മനുഷ്യര്‍ക്കു് കഴിയുമെന്നു് സത്യമായും എനിക്ക് തോന്നുന്നില്ല.

Jul 10, 2018, 12:30 PM

മോഹൻലാലിന്റെ വിശദീകരണങ്ങൾ കേട്ട ചിലർ, ഒരേസമയം ദിലീപിനു് എങ്ങനെ AMMA- യുടെ അകത്തും പുറത്തും ആയിരിക്കാൻ കഴിയുമെന്നു് അത്ഭുതപ്പെടുന്നതു് കണ്ടു. ഓസ്ട്രിയൻ ഫിസിസിസ്റ്റ് എർവിൻ ഷ്റ്യോഡിങ്ങർ മുന്നോട്ടു് വച്ച ഒരു ചിന്താപരീക്ഷണത്തിലെ, ഒരേസമയം ജീവിച്ചിരിക്കുന്നതും മരിച്ചതുമായിരിക്കാവുന്ന “ക്വാണ്ടൻപൂച്ചയെ” പരിചയമുണ്ടായിരുന്നെങ്കിൽ അവർ അങ്ങനെ അത്ഭുതപ്പെടുമായിരുന്നു എന്നു് തോന്നുന്നില്ല. ക്വാണ്ടം മെക്കാനിക്സിന്റെ ലോകത്തിലെ സംജ്ഞകളെ, മാക്രോസ്കോപിക് ലോകത്തിലേക്കു് നേരിട്ടു് സ്ഥാനാന്തരപ്പെടുത്തിയാലത്തെ പ്രശ്നമാണു് അതിലൂടെ ഷ്റ്യോഡിങ്ങർ വരച്ചുകാണിക്കുന്നതു്. ക്വാണ്ടം മെക്കാനിക്സിന്റെ നിയമങ്ങൾ അനുസരിച്ചു് ഒരേ സമയം ജീവിച്ചിരിക്കുന്നതും മരിച്ചതുമായ അവസ്ഥയിൽ ആയിരിക്കാൻ കഴിയുന്ന ഒരു പൂച്ച, യഥാർത്ഥത്തിൽ ജീവിക്കുന്നതോ, മരിച്ചതോ എന്നു് ഒരു വീക്ഷണത്തിലൂടെയേ (മെഷർമെന്റിലൂടെയേ) മനസ്സിലാക്കാൻ കഴിയൂ. ഇതു് ദൈനംദിനജീവിതത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഒരു വിരോധാഭാസമാണു്.

പക്ഷേ, സിൽമാലോകം സാധാരണലോകമോ ദൈനംദിനജീവിതമോ ഒന്നുമല്ലാത്തതിനാൽ അവിടെ, ക്വാണ്ടംലോകത്തിൽ എന്നപോലെതന്നെ, കൃത്യമായ ഒരു വീക്ഷണത്തിലൂടെയല്ലാതെ കാര്യങ്ങളുടെ നിജസ്ഥിതി നിശ്ചയിക്കാൻ കഴിയില്ല. ആ ലോകത്തിൽ, കൃത്യമായി വീക്ഷിക്കപ്പെടുന്നതുവരെ, ദിലീപിനു് ഒരേ സമയം AMMA-യുടെ അകത്തും പുറത്തും ആയിരിക്കാൻ തടസ്സമൊന്നുമില്ലെന്നു് ചുരുക്കം.

കേരളത്തിൽ സിൽമാലോകം മാത്രമല്ല, വേറേയും ഒരുപാടു് ക്വാണ്ടം ലോകങ്ങളുണ്ടു്. രാഷ്ട്രീയത്തിൽ, മതങ്ങളിൽ, സംസ്കാരത്തിൽ, നിയമപരിപാലനത്തിൽ അങ്ങനെ സമൂഹത്തിലെ മിക്ക മേഖലകളിലും ക്വാണ്ടം ലോകത്തിന്റെ രീതിയിലുള്ള അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുണ്ടു്. ഉദാഹരണത്തിനു്, അവിടെ അമേരിക്കക്കു് ഒരേ സമയം ക്യാപ്പിറ്റലിസ്റ്റ് ശക്തിയും കമ്യൂണിസ്റ്റ് ശക്തിയും ആകാൻ കഴിയും. കൃത്യമായ രാഷ്ട്രീയവീക്ഷണത്തിലൂടെയേ ഏതു് എന്തു് എപ്പോൾ എന്നൊക്കെ അറിയാൻ കഴിയൂ. പാതിരികൾക്കു് ഒരേസമയം വികാരിയും വികാരനും ആകാൻ കഴിയും. അവിടെയും കൃത്യമായ വീക്ഷണത്തിലൂടെയേ ഉദ്ധരണിയോ ഉദ്ധാരണമോ എന്നെല്ലാം തീർച്ചപ്പെടുത്താനാവൂ. ഇവിടെ സാമൂഹിക പ്രത്യാഘാതം കൂടി ശ്രദ്ധിക്കേണ്ടതുണ്ടു്. അല്ലെങ്കിൽ, വോട്ടുബാങ്കിനു് പലിശയിനത്തിൽ വലിയ വില കൊടുക്കേണ്ടി വരും. അതു് കിടപ്പിടത്തിന്റെ ജപ്‌തിവരെ എത്തിക്കൂടെന്നുമില്ല. ഈ രീതിയിലുള്ള ഒരു സൂക്ഷ്മവീക്ഷണത്തിലൂടെയല്ലാതെ കേരളത്തിലെ ഒരു സാമൂഹികമേഖലയുടെയും കൃത്യമായ ഒരു വിലയിരുത്തൽ സാദ്ധ്യമല്ലതന്നെ!

എന്തും പറയുന്നവരോടു് എന്തു് പറഞ്ഞിട്ടും കാര്യമില്ലെങ്കിലും, വേണമെങ്കിൽ, രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ മൊത്തം മേഖലകളെയും ബാധിച്ചിരിക്കുന്ന ഒരുതരം സോഷ്യൽ സ്കിറ്റ്സോഫ്രേനിയ ആണു് ഇതെന്നു് പറയാം. രോഗം മാനസികവും (ആത്മീയമെന്നു് സംസ്കൃതം), സംഭവം ക്രോണിക്കും ആയതിനാൽ, ദീർഘകാലചികിത്സകൊണ്ടും മാറുമെന്നു് തോന്നുന്നില്ല. സ്റ്റുപ്പിഡിറ്റിയുടെ ഇൻസാനിറ്റി ഇൻക്യൂറബിൾ ആണെന്നു് ഏതോ ഒരു മഹാകവി പാടിയിട്ടുമുണ്ടല്ലോ.

Jul 13, 2018, 1:36 PM

Let’s call a spade a spade എന്നൊരു സായിപ്പൻപ്രയോഗം കേട്ടിട്ടുണ്ടു്. ട്രാക്ടർ പോലുള്ള യാന്ത്രിക മണ്ണിളക്കികൾ സൃഷ്ടിക്കപ്പെടുന്നതിനും മുൻപായിരുന്നിരിക്കണം ആ പ്രയോഗത്തിന്റെ ഉത്ഭവം. അല്ലെങ്കിൽ, Let’s call a tractor a tractor എന്നേ സായിപ്പ് പറയുമായിരുന്നുള്ളു എന്നാണെന്റെ ഒരു തോന്നൽ. സായിപ്പെന്നല്ല, മനുഷ്യർ പൊതുവേതന്നെ, കാലത്തിനൊത്തു് തന്റെ സംസാരങ്ങൾ സംസാരിച്ചുകൊണ്ടും, കർമ്മങ്ങൾ കർമ്മിച്ചുകൊണ്ടും ലോകത്തിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണു്.

ദൈവം കേരളത്തിൽ നിപ്പാ വൈറസിനെ ആക്റ്റിവേറ്റ് ചെയ്തു എന്ന വാർത്ത മലയാളം മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ, അതുവരെ, നാലു് പുത്തനുള്ള നല്ല മനുഷ്യരെ അനുഗ്രഹിച്ചു് നിർവാണാവസ്ഥയിൽ എത്തിക്കാനും, സത്നാം സിംഗിനേപ്പോലുള്ള തീയരെ (ഈഴവർ എന്ന അർത്ഥത്തിലല്ല, ഒരു ഗതിയും പരഗതിയും പരമ്പരാഗതഗതിയുമില്ലാത്ത വിധം ദുഷിച്ചുനാറിയ ചീത്ത മനുഷ്യർ എന്ന അർത്ഥത്തിൽ) ശപിച്ചു് കാലപുരിക്കു് അയക്കാനുമായി മനുഷ്യരെ തന്റെ മാമ്മത്തോടു് ചേർത്തു് കെട്ടിപ്പിടിക്കുന്ന ഏർപ്പാടു് താത്കാലികമായെങ്കിലും അമൃതാനന്ദമയി അമ്മയും നിർത്തിവച്ചില്ലേ? കാലത്തിനൊത്തു് ചലിക്കാൻ ശ്രദ്ധിക്കുകയാണു് അമ്മയും അതുവഴി ചെയ്തതു്. അതോടൊപ്പം, പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ല എന്ന മല്ലു ഫിലോസഫി സത്യമാണെന്നു് മക്കളെ ബോദ്ധ്യപ്പെടുത്താനും അമ്മക്കു് കഴിഞ്ഞു. മിന്നുന്നതെല്ലാം പൊന്നല്ല, മാമ്മമുള്ളതെല്ലാം അമ്മയല്ല എന്ന ഫിലോസഫിയും ഇതിനോടു് ചേർത്തു് വായിക്കാവുന്നതാണു്.

ഭക്തി എന്നതു് മായാലോകത്തിലെ ഒരുതരം മയക്കമാണു്. അതു് മനുഷ്യബുദ്ധിയിൽ മായം ചേർക്കലാണു്. ലാഭം കൂടുമെന്നുണ്ടെങ്കിൽ അല്പമോ അല്പം കൂടുതലോ മായം ചേർക്കാൻ മടിക്കുന്നവരല്ല മലയാളികൾ. അക്കാര്യത്തിൽ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം എന്നൊന്നുമുള്ള തരംതിരിവു് അവർ കാണിക്കാറില്ല. മായം ചേർക്കൽകൊണ്ടു് നേട്ടമുണ്ടു് എന്നു് തോന്നിയാൽ ദൈവത്തിന്റെ അവതാരമായ മത്സ്യത്തിൽപ്പോലും അവർ മായം ചേർക്കും. അതു് കാര്യം വേറെ. കാരണം, മായം ചേർക്കലിൽ മലയാളികൾ നിഷ്പക്ഷമതികളാണു്. നേട്ടമുണ്ടു് എന്നു് തോന്നിയാൽ, ചെ ഗുവേരയുടെ റ്റീ ഷർട്ടുമിട്ടു് മാർക്സിന്റെ പ്രതിമയുടെ ചുവട്ടിൽപ്പോയി ഭജനയിരുന്നു് രാമായണം വായിക്കാൻ മടിക്കാത്ത മലയാളികൾ പോലുമുണ്ടു്.

താനൊരു തൂമ്പയാണെന്ന ബോധം തൂമ്പയ്ക്കു് കൈമോശം വരാത്തിടത്തോളം, തൂമ്പ തന്റെ സ്വത്വമാണെന്നതിൽ തൂമ്പയക്കു് അഭിമാനമല്ലാതെ, അപമാനമൊന്നും തോന്നാത്തിടത്തോളം, തന്നെ ആരെങ്കിലും തൂമ്പ എന്നു് വിളിക്കുന്നതിനെതിരെ പ്രതിഷേധിക്കേണ്ട കാര്യം തൂമ്പയ്ക്കുണ്ടെന്നു് തോന്നുന്നില്ല. പക്ഷേ, താനൊരു ട്രാക്ടർ ആണെന്ന തോന്നൽ തൂമ്പയ്ക്കു് ഉണ്ടാവാൻ തുടങ്ങുന്ന അതേനിമിഷംമുതൽ തൂമ്പയെന്ന വിളി തുമ്പയെ കോപാകുലനാ(യാ)ക്കും. ഒന്നു് പറഞ്ഞു് രണ്ടാം വാക്കിനു് നെഞ്ചിൽ കത്തി താഴ്ത്തുന്നതു് പ്രബുദ്ധതയാണെന്നു് കരുതുന്നവരുടെ ലോകമാണു്. അതല്ലാത്ത ചിലരും അക്കൂട്ടത്തിലുണ്ടു്. അതിപ്പോൾ, ഒരു കുലയായാൽ ഒന്നോ രണ്ടോ പേട്ടുകൾ ഇല്ലാതിരിക്കുമോ? അതുകൊണ്ടു്, ട്രാക്ടറിന്റേതായ ഭാവഹാവാദികൾ തൂമ്പയിൽ ഇല്ലെന്നു് ഉറപ്പു് വരുത്തിയശേഷം മാത്രമേ തൂമ്പയെ തൂമ്പയെന്നു് വിളിക്കാവൂ. അല്ലെങ്കിൽ ചുമ്മാതെ ട്രാക്ടർ എന്നു് വിളിച്ചേക്കുക. ട്രാക്ടർ ആയി പ്രമോഷൻ കിട്ടിയതിൽ തൂമ്പക്കു് സന്തോഷം, സന്തോഷിക്കുന്ന ഒരു തൂമ്പ നമുക്കെതിരെ UAPA ചുമത്തി കേസ് കൊടുക്കാനുള്ള സാദ്ധ്യത വളരെ കറവായതിനാൽ നമുക്കും സന്തോഷം.

Jul 14, 2018, 10:29 AM

ജീവിതത്തിൽ പ്രശ്നങ്ങളോ നൈരാശ്യമോ ഉണ്ടാകുമ്പോൾ, കടൽത്തീരത്തെ ഏകാന്തതയിൽ പോയി ഇരിക്കാൻ മനുഷ്യർ ഇഷ്ടപ്പെടുന്നതിന്റെ കാരണം, ജീവന്റെ ഉത്ഭവം കടലിൽ ആയിരുന്നതിനാലും, കടലിന്റെ സാമീപ്യം – അബോധപൂർവ്വമായിട്ടാണെങ്കിലും – ആ ആദിമാതാവിന്റെ സാമീപ്യമായും, തന്മൂലം ഒരു സാന്ത്വനമായും അനുഭവിക്കാൻ അവർക്കു് കഴിയുന്നതിനാലും ആണെന്ന, ഹെർമാൻ ഹെസ്സെയുടെ ഒരു വിലയിരുത്തൽ പണ്ടൊരിക്കൽ വായിച്ചിട്ടുണ്ടു്.

അടുത്ത പ്രദേശത്തെങ്ങും കടലോ സമുദ്രമോ ഇല്ലാത്ത നാടുകളിലെ മനുഷ്യർ വല്ല പുഴക്കടവിലോ കുളക്കരയിലോ പോയി ജലസാന്നിദ്ധ്യം തേടാനാവും ഒരുപക്ഷേ തീരുമാനിക്കുക. കുഞ്ഞാടുകൾ ചൊല്ലുന്ന കള്ളക്കഥകളും കമ്പിക്കഥകളും കേൾക്കാൻ കുമ്പ മടിയിലൊതുക്കി കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന കത്തനാരുടെ തലയിലേക്കു് തന്റെ പാപഭാരങ്ങളും കുറ്റബോധങ്ങളും ഇറക്കിവച്ചു് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന മനുഷ്യരുമുണ്ടു്. ഭർത്താവിനെ/ഭാര്യയെ ഒരു പ്രാവശ്യം വഞ്ചിച്ചാൽ ആ പാപം തീരാൻ വഞ്ചക/ൻ ഒരു പ്രാവശ്യം കുമ്പസാരിച്ചാൽ മതി. അടുത്ത കുമ്പസാരത്തിനു് മുൻപു് അതേ പാപമോ, മറ്റിനം പാപങ്ങളോ എത്ര പ്രാവശ്യം ചെയ്താലും, കുമ്പസാരം ഒരു പ്രാവശ്യമേ വേണ്ടൂ. അതോടെ (ഏറ്റുപറയാൻ “മനഃപൂർവ്വം” വിട്ടുപോയവ ഉൾപ്പെടെ!) മുഴുവൻ പാപങ്ങളും മോചിക്കപ്പെടും. ഒരുതരം “ഫ്ലാറ്റ് റെയ്റ്റ്” പാപമോചനം! പാപമോചനത്തെ പരിപൂർണ്ണമാക്കാൻ ചെയ്തു് തീർക്കേണ്ട മുട്ടുകുത്തലുകളുടെയോ, ആവർത്തിച്ചു് ചൊല്ലേണ്ടതും, ബാല്യത്തിൽത്തന്നെ കാണാപ്പാഠം പഠിച്ചിരിക്കേണ്ടവയുമായ പ്രാർത്ഥനകളുടെയോ എണ്ണത്തിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം എന്നതൊഴികെ മറ്റു് വ്യത്യാസമൊന്നുമില്ലാതെ നൂറ്റാണ്ടുകളിലൂടെ ആവർത്തിച്ചു് ആചരിക്കപ്പെടുന്ന ഒരു ചടങ്ങു്. പക്ഷേ, ഭക്തിയുടെ ലോകത്തിൽ ആവർത്തനവിരസത എന്ന വാക്കിനു് വലിയ പ്രസക്തിയൊന്നുമില്ലാത്തതിനാൽ ആ പ്രശ്നം ഭക്തരെ ഒട്ടും അലട്ടാറില്ല. നിത്യേനയുള്ള പ്രാർത്ഥനകളും, ഞായറാഴ്ചകളിലെ കുർബ്ബാനയും തനിയാവർത്തനമല്ലാതെ മറ്റെന്താണു്? അതുകൊണ്ടു് ഭക്തർ അവ വേണ്ടന്നു് വയ്ക്കുന്നുണ്ടോ?

കുമ്പസാരം വഴിയുള്ള പാപമോചനം, ആവർത്തനം പോലെതന്നെ, ആർക്കും നിർവഹിക്കാൻ കഴിയുന്നവിധം ലളിതമാണു്. അല്ലെങ്കിൽത്തന്നെ, കോംപ്ലെക്സിറ്റിയെന്നതു് ഭക്തർ ഏതുവിധേനയും ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു മേഖലയാണു്. സങ്കീർണ്ണതകളെ ദൈവികരഹസ്യങ്ങളായിക്കരുതി, ചിന്തയുടെ വെളിച്ചം കടക്കാത്ത മനസ്സിന്റെ ഒരു ഇരുണ്ടമൂലയിലേക്കു് തള്ളിനീക്കി സ്വസ്ഥരാകുന്നതാണു് ഭക്തർക്കു് കൂടുതൽ ഇഷ്ടം. അതുകൊണ്ടു് അവർക്കൊരു വലിയ നേട്ടവുമുണ്ടു്: ഏതു് ചോദ്യത്തിനും ഒറ്റ മറുപടിയുടെ ആവശ്യമേയുള്ളു – ദൈവം!

മനുഷ്യർ സ്വന്തം പാപങ്ങൾ ഒരു പോത്തിന്റെ ചെവിയിൽ മന്ത്രിച്ചശേഷം അവനവന്റെ ദേശീയഗാനം പത്തുവട്ടം ആലപിക്കുകയും, അഞ്ചുവട്ടം തലകുത്തിമറിയുകയും ചെയ്താൽ അവർക്കു് അതുവരെ ചെയ്ത പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നൊരു വെളിപാടു് സ്വപ്നത്തിൽ തനിക്കുണ്ടായെന്നു് പറയാൻ നൂറ്റാണ്ടുകൾക്കു് മുൻപു് ഒരു സഭാപിതാവിനു് തോന്നിയിരുന്നെങ്കിൽ, ഇന്നു് അതായിരുന്നേനെ, ചുരുങ്ങിയപക്ഷം അങ്ങേരുടെ സഭാവിഭാഗത്തിലെ മനുഷ്യരെങ്കിലും, പാപപരിഹാരത്തിനായി അഭിനയിക്കുന്ന കുമ്പസാരനാടകം.

കുമ്പസാരിക്കുന്നവരിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടെങ്കിലും, കുമ്പസാരം കേൾക്കുന്നതു് എപ്പോഴും ഒരു പുരുഷനായിരിക്കും. അതുകൊണ്ടു്, (കുമ്പസാരിപ്പിക്കുന്ന വികാരിയച്ചൻ ഒരു സ്വവർഗ്ഗാനുരാഗി അല്ലാത്തിടത്തോളം), കുമ്പസാരിക്കുന്ന പുരുഷനു് നേരിടേണ്ടതില്ലാത്ത ചില ലൈംഗികാനുഭവങ്ങൾ കുമ്പസാരിക്കുന്ന സ്ത്രീകൾക്കു് ചെറുകഥയായോ നീണ്ടകഥയായോ നേരിടേണ്ടിവന്നുകൂടെന്നില്ല. കുമ്പസാരസംബന്ധിയായി രൂപംകൊള്ളുന്ന വെടിക്കെട്ടുകഥകളും കുറ്റാന്വേഷണകഥകളും മിക്കവാറും എല്ലായ്പോഴും ഇടയനേയും പെണ്ണാടുകളേയും ചുറ്റിപ്പറ്റി ആയിരിക്കുന്നതു് ഒരു കാരണവുമില്ലാതല്ല.

പെഡോഫീലിയയിൽ സ്പെഷലൈസ്ഡായ മതതത്വശാസ്ത്രികളുടെ ഇരകളാകേണ്ടിവരുന്നവരിൽ, ബാലികമാരുടേതിനേക്കാൾ ബാലന്മാരുടെ എണ്ണം കൂടുതലാണെന്നതിന്റെ കാരണം, യൂറോപ്പിലെ രീതി വച്ചു് പറഞ്ഞാൽ, “അൾത്താര സഹായി” ആയി മാതാപിതാക്കൾ “ബലിയർപ്പിക്കുന്നവരിൽ” ബാലികമാർ കുറവും ബാലന്മാർ കൂടുതലും ആയതിനാലാണു്. അടുത്തു് കിട്ടുന്ന കുരുന്നുകളുടെ കൂമ്പിനെയല്ലേ നുള്ളാൻ പറ്റൂ! പക്ഷേ, ബാലപീഡനം നികൃഷ്ടമായ മറ്റൊരു ഡിപ്പാർട്ട്മെന്റാണു്. പാപം ചെയ്യാത്തവരിലും, പാപമെന്തെന്നു് അറിയാത്തവരിലും കൈവച്ചു് കാമം തീർക്കുന്ന, സ്നേഹസ്വരൂപിയായ ത്രിയേകദൈവത്തിന്റെ പ്രതിനിധികൾ എന്നവകാശപ്പെടുന്നവർ കൈകാര്യം ചെയ്യുന്ന തിയോളജിക്കൽ ഡിപ്പാർട്ട്മെന്റ്! ഇവിടെ വിഷയം, ദൈവം പത്തു് കല്പനകൾ വഴി വിലക്കിയതെന്നു് അവർതന്നെ പഠിപ്പിക്കുന്ന വ്യഭിചാരം, അതേ പാപത്തിൽനിന്നും മോചനം നേടാനായി അവരെ സമീപിക്കുന്ന സ്ത്രീകളെ കുതന്ത്രങ്ങളും, വേണ്ടിവന്നാൽ ഭീഷണിയും വഴി സ്വാധീനിച്ചു് കീഴ്പ്പെടുത്തി വ്യഭിചരിക്കുന്ന ധർമ്മോപദേശികളും അവരുടെ മാഫിയാരീതികളുമാണു്.

ഒരു പ്രാവശ്യം ചാക്കോച്ചനോടൊത്തു് ചെയ്ത പാപങ്ങൾ ഏറ്റുപറയാനെത്തുന്ന പെണ്ണാടും, അവളെ കുമ്പസാരിപ്പിക്കുന്ന ഇടയനുമായി സ്വാഭാവികമായും സംഭവിക്കുന്ന ഡയലോഗിന്റെ അടിസ്ഥാനത്തിൽ, ചാക്കോച്ചനോടൊത്തു് ചെയ്ത പാപങ്ങൾ എന്തുകൊണ്ടു് ചില പ്രാവശ്യങ്ങൾ അച്ചനോടൊത്തും, പല പ്രാവശ്യങ്ങൾ ബിഷപ്പിനോടൊത്തും ചെയ്തുകൂടാ എന്നൊരു ചിന്ത പെണ്ണാടിന്റെ തലയിൽ മുളപൊട്ടിക്കൂടെന്നില്ല. ആദിയിൽ പാമ്പിന്റെ രൂപത്തിൽ വന്നു്, പഴം നല്ലൊരു പ്രലോഭനവസ്തുവാണെന്ന അറിവു് സ്ത്രീക്കു് പകർന്നുകൊടുത്ത ആ പഴയ സാത്താനും ഡയലോഗിലൂടെയാണു് തന്റെ ലക്ഷ്യം നിറവേറ്റിയതു്. അന്നു് സാത്താൻ പാമ്പിന്റെ രൂപത്തിൽ വന്നു് മരത്തിലിരുന്നു് പഴംതീറ്റവചനങ്ങൾ പ്രഘോഷിച്ചു,, ഇന്നു് സാത്താൻ പാതിരികളുടെ വേഷത്തിൽ വന്നു് കുമ്പസാരക്കൂടുകളിൽ ഇരുന്നു് വിത്തുകാളവചനങ്ങൾ പ്രഘോഷിക്കുന്നു! തത്വത്തിൽ രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല.

ഒരു പുരോഹിതൻ തിയോളജിക്കലായി കാര്യങ്ങളുടെ കിടപ്പുവശം വിശദീകരിച്ചു് കൊടുക്കുമ്പോൾ, അതിൽ പരവശയാകാതിരിക്കാനോ, തളർന്നുപോകാതിരിക്കാനോ ദൈവഭയമുള്ള ഒരു പെണ്ണാടിനു് സഭാപരമായോ, കാനോനികമായോ യാതൊരുവിധ അർഹതയോ, അനുവാദമോ ഇല്ലതന്നെ!

Jul 15, 2018, 4:01 PM

ഫെയ്സ്ബുക്കിൽ ഇപ്പോൾ കണ്ടതു്:
“… … ഇസ്‌ലാമിൽ തുടരാൻ താല്പര്യമില്ല എന്നത് ശരി തന്നെ. എന്നാൽ ഇസ്‌ലാം വിട്ടു വന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് എന്ന് ആകുലപ്പെട്ടുകൊണ്ടുള്ള ഫേസ്‌ബുക്ക് ആങ്ങളമാരുടെ ‘ആധി”യോടെയുള്ള സ്നേഹം എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഈ കരുതലിനു പകരം തരാൻ ഹിദായത്തില്ലാത്ത ഈ പെങ്ങന്മാരുടെ കയ്യിൽ ഒന്നുമില്ല. … …” – ഇർഫാന

ഫെയ്സ്ബുക്കിലൂടെ സ്വാനുഭവം പങ്കുവക്കുന്നവരുടെ പോസ്റ്റിലേക്കു്, താനായിരുന്നെങ്കിൽ എങ്ങനെ “ഒണ്ടാക്കിയേനെ” എന്നു് ബോധവത്ക്കരിക്കാൻ ഊത്ത കയറുന്നപോലെ, ലോകപരിഷ്കർത്താക്കളായ സദാചാരആങ്ങളമാർ

നുഴഞ്ഞുകയറുന്നതു് ഒരു പുതിയ പ്രതിഭാസമല്ല. സത്യം പറയാമല്ലോ, മുൻപൊക്കെ അത്തരം സഹൃദയരുടെ “സ്നേഹപൂർവ്വമുള്ള” ആധി കാണുമ്പോൾ എന്റെ കണ്ണുകളും ഉള്ളി അരിയുന്ന സമയത്തെന്നപോലെ ഈറനണിയുമായിരുന്നു. ഇന്നു്, സദാചാരികളുടെ ഫിലോസഫി കേൾക്കുമ്പോൾ മൂക്കിനുള്ളിൽ ഒരു ചെറിയ തരുതരിപ്പു് തോന്നും, അത്രതന്നെ. നല്ലപോലെ ഒന്നു് തുമ്മിയാൽ അതങ്ങു് മാറുകയും ചെയ്യും.

ഏതുതരം മതവും മദമാണു്, ഭ്രാന്താണു്. ഭ്രാന്തു് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ രണ്ടു് പെൺകുട്ടികൾക്കും ഭാവുകാശംസകൾ!

Jul 15, 2018, 6:29 PM

ക്രൊയേഷ്യയിൽ 88 % കത്തോലിക്കരും 4 % ഓർത്തഡോക്സുകളുമാണു്. കുമ്പസാരിക്കുന്ന ജീവികളാണു് ബഹുഭൂരിപക്ഷവുമെന്നു് സാരം. ക്രൊയേഷ്യ വേൾഡ് കപ്പെടുക്കുമോ ഇല്ലയോ എന്നതു്, പ്രസിഡന്റ് “കൊലിൻഡ ഗ്രാബർ-കിറ്ററൊവിച്ച്” കുമ്പസാരിച്ചോ, കുമ്പസാരിച്ചെങ്കിൽ, മുഴുവൻ പാപങ്ങളും പാതിരിയോടു് ഏറ്റുപറഞ്ഞോ എന്നതിനനുസരിച്ചിരിക്കുന്ന കാര്യമാണു്.

ഫ്രാൻസിനെ സംബന്ധിച്ചാണെങ്കിൽ, ഫ്രഞ്ച് വിപ്ലവത്തോടനുബന്ധിച്ച ബാസ്റ്റിൽ ആക്രമണം നടന്നിട്ടു് ഇന്നലെ 229 വർഷങ്ങൾ തികഞ്ഞു. അതൊക്കെ ഒരു കാലം! അന്നത്തെ ആ ചൂടോ ചുണയോ വംശശുദ്ധിയോ വല്ലതും ഇന്നു് കളിക്കുന്ന ഫ്രഞ്ച് പയ്യന്മാർക്കുണ്ടോ? ഉള്ളതുതന്നെ മുഴുവൻ കറമ്പന്മാരല്ലേ? ആ ഗ്രീസ്മാൻ ചെക്കൻപോലും അപ്പൻവഴി ജർമ്മനും അമ്മവഴി പോർട്ടുഗീസുമാണു്. അതുകൊണ്ടു്, ഫ്രാൻസ് ജയിച്ചാൽ ഒരു ഗുണം, ഫ്രാൻസിനും ജർമ്മനിക്കും പോർട്ടുഗലിനും ആഫ്രിക്കക്കുമെല്ലാം ഞങ്ങളാണു്, ഞങ്ങളാണു് ജയിച്ചതു് എന്നു് എട്ടുകാലി മമ്മൂഞ്ഞു് ചമഞ്ഞു് ഫെയ്സ്ബുക്കിൽ സ്റ്റാറ്റസിടാമെന്നതാണു്.

ഇപ്പോൾ, ഈ അറുപത്തിഎട്ടാം മിനുട്ടിൽ, കാണുന്നതു് ഫ്രാൻസ്-ക്രൊയേഷ്യ 4:2 എന്നാണു്. കൊലിൻഡ ചതിയിൽ വഞ്ചന കാണിച്ചിരിക്കാനുള്ള എല്ലാ സാദ്ധ്യതകളും കാണുന്നുണ്ടു്. ഇനി രക്ഷ ഡിങ്കനിൽ മാത്രം!

Jul 20, 2018, 2:00 PM

“ചക്കരയൊക്കുമ്പോൾ തവിടൊക്കില്ല; തവിടൊക്കുമ്പോൾ ചക്കരയൊക്കില്ല; ചക്കരയും തവിടും ഒക്കുമ്പോൾ ഞാനക്കരെയാ” എന്നൊരു ചൊല്ലു് ചെറുപ്പത്തിൽ അമ്മ പറഞ്ഞു് കേട്ടിട്ടുണ്ടു്. തവിടട തിന്നാനുള്ള കൊതിയായിരുന്നോ, അതോ, രണ്ടു് കാര്യങ്ങൾ ഒത്തുവന്നാൽ സാദ്ധ്യമാകുമായിരുന്ന ഏതോ ഇഷ്ടകാര്യം, അവ രണ്ടും ഒത്തുവന്നപ്പോൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെപ്പോലെ അവിടേക്കു് കടന്നുവന്ന മൂന്നാമതൊരു കാര്യം മൂലം നിറവേറ്റപ്പെടാതെ പോയതിന്റെ “അസ്തിത്വദുഃഖം”, തവിടടയെ രൂപകമാക്കി “പണ്ടുള്ളോർ” ആലപിച്ച ഒരു കദനഗാഥയെ കവിതാപാരായണം എന്ന പള്ളിക്കൂടകലാരൂപത്തിൽ അവതരിപ്പിച്ചേക്കാം എന്ന തോന്നലായിരുന്നോ അമ്മയുടെ ഈ ചൊല്ലിന്റെ പിന്നിലെ ചേതോവികാരം എന്നെനിക്കറിയില്ല. അവർണ്യത്തോടു് വർണ്യത്തിന്നഭേദം ചൊൽകയാണു് രൂപകം എന്നും മറ്റുമുള്ള ഗഹനമായ കാര്യങ്ങൾ അന്നു് ശിശു ആയിരുന്ന ഞാൻ എങ്ങനെ അറിയാൻ? എന്റെ ബാല്യത്തിലേതന്നെ അമ്മ മരിച്ചുപോയതിനാൽ ആ വിഷയത്തിൽ ഞാൻ പ്രോസിക്യൂട്ടർ ആയി നടക്കേണ്ടിയിരുന്ന ഒരു മുഖാമുഖവിചാരണ നടക്കാതെയും പോയി.

നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, വളരെ പിന്നീടു് ഒരിക്കൽ സാക്ഷാൽ തവിടടയെ അടുത്തു് കണ്ടറിയാനും തിന്നറിയാനും വാസ്തവത്തിൽ എനിക്കു് കഴിഞ്ഞു. തവിടടയോടുള്ള എല്ലാ ബഹുമാനത്തോടെയുംകൂടി പറയട്ടെ, വീണ്ടും കാണാനോ തിന്നാനോ ഉള്ള ഒരു അഭിനിവേശം എന്നിൽ ജനിപ്പിക്കാൻ ആ തവിടടക്കു് കഴിഞ്ഞില്ല. എല്ലാ മനുഷ്യർക്കും അങ്ങനെ തോന്നുമെന്നോ, തോന്നണമെന്നോ, എല്ലാ തവിടടകളുടേയും രുചി ഞാൻ തിന്നതിന്റേതുപോലെ ആയിരിക്കുമെന്നോ ഒരർത്ഥം ഇപ്പറഞ്ഞതിനില്ല. ബഹുജനവും തവിടടയും ദേവാലയങ്ങളും പലവിധം.

“ദേവാലയങ്ങൾ” നാമമാത്രമായതിനാൽ, അഥവാ പേരിൽ മാത്രം ദൈവങ്ങളുടെ ആലയങ്ങളും, സത്തയിലും സ്വത്വത്തിലും, ആത്മാവിലും തേന്മാവിലുമെല്ലാം മനുഷ്യരുടെ മാത്രം ആലയങ്ങളുമായതിനാൽ, അവിടെ നന്മയേക്കാൾ തിന്മയും, സ്വർഗ്ഗത്തേക്കാൾ നരകവുമാണു് പിടി മുറുക്കിയിരിക്കുന്നതു്. ദേവാലയങ്ങളെ ഭക്തിയോടെയല്ലാതെ സമീപിക്കാൻ കഴിയാത്തവർക്കു് ഇതു് കാണാനോ മനസ്സിലാക്കാനോ കഴിയണമെന്നില്ല. കാരണം, ഭക്തി മയക്കമാണു്. മയക്കത്തിൽ മനുഷ്യനു് കാഴ്ചശേഷി ഇല്ല.

മനുഷ്യർക്കു് മരണാനന്തരജീവിതം നയിക്കാൻ കഴിയുന്ന സ്വർഗ്ഗം എന്നൊന്നുണ്ടെങ്കിൽ അവിടത്തെ അന്തേവാസികൾ ഒരിക്കൽ മരിച്ചവരായ മനുഷ്യർ ആയിരിക്കണം എന്ന കാര്യം ഉറപ്പാണല്ലോ. ച്ചാൽ, ദൈവഭക്തരായ രാമൻ നായരും, വീരാൻ കാക്കയും അന്തോണി മാപ്ലയുമെല്ലാമായിരിക്കും സ്വർഗ്ഗത്തിലെ ചായക്കടകളിൽ കാലിച്ചായയും കുടിച്ചിരുന്നു് രാമന്റെ മോൾ വീരാന്റെ മോന്റെ കൂടെ ഒളിച്ചോടിയതിനെപ്പറ്റിയും, മോദിയേയും ട്രമ്പിനേയും പുട്ടിനേപ്പറ്റിയുമെല്ലാം ആവേശപൂർവ്വം തർക്കിക്കുന്നതു്. ജീവിച്ചിരുന്നപ്പോൾ ഇവരെല്ലാം കൂടി ഭൂമിയിൽ ഏതു് തരം സ്വർഗ്ഗമാണോ സൃഷ്ടിച്ചതു്, അതിലും ഒരുപടി കുറഞ്ഞതല്ലാതെ, അല്പമെങ്കിലും കൂടിയ ഒരു സ്വർഗ്ഗം ചത്തശേഷം സൃഷ്ടിക്കാൻ കഴിയുമെന്നു് വിശ്വസിക്കുന്നതിൽ കവിഞ്ഞ ഒരു അബദ്ധമുണ്ടെന്നു് തോന്നുന്നില്ല. ഇരുപത്തഞ്ചു് വയസ്സുമുതൽ നാല്പത്തഞ്ചു് വയസ്സുവരെയുള്ള മനുഷ്യജീവിതത്തിലെ ഇരുപതു് വർഷങ്ങൾ, നിർമ്മാണാത്മകതയുടെ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ, അവന്റെതന്നെ നാല്പത്തഞ്ചു് വയസ്സുമുതൽ അറുപത്തഞ്ചു് വയസ്സുവരെയുള്ള ഇരുപതു് വർഷങ്ങളേക്കാൾ ഫലത്തിൽ കുറവായിരിക്കും. അതിനേക്കാൾ കഷ്ടമാണു് മനുഷ്യരുടെ മരിച്ച ശേഷമുള്ള ജീവിതം. ഒരു മനുഷ്യൻ ജീവിച്ചിരുന്നതു് എത്ര വർഷങ്ങളായാലും, മരിച്ചശേഷം അവൻ ജീവിക്കുന്ന വർഷങ്ങൾ പൂജ്യമായിരിക്കും. പൂജ്യത്തെ എത്ര വലിയ സംഖ്യകൊണ്ടു് ഗുണിച്ചാലും ഫലം പൂജ്യമേ ആയിരിക്കൂ. മനുഷ്യരെ വിശ്വസിക്കുന്നതിനേക്കാൾ ഉറപ്പായി കണക്കിനെ വിശ്വസിക്കാം.

പുറമെ സ്നേഹം ഘോഷിച്ചുകൊണ്ടു് മനുഷ്യമനസ്സിൽ വെറുപ്പു് വിതക്കുന്നവയാണു് ആരാധനാലയങ്ങൾ. അങ്ങനെയേ അവയ്ക്കു് നിലനിൽക്കാനാവൂ. അവയുടേതായ ശരികൾ, തെറ്റുകൾ, നിയന്ത്രണങ്ങൾ, വിലക്കുകൾ, ശിക്ഷകൾ! അവയിലെല്ലാം ലോജിക്കും റീസണും തേടുന്നതു് അസംബന്ധമായിരിക്കും. മുന്നിൽ നിൽക്കുന്നതു് പുരുഷനോ സ്ത്രീയോ, അവൻ വസ്ത്രം ധരിച്ചിട്ടുണ്ടോ ഇല്ലയോ, അവൾ ആർത്തവപ്രായത്തിനു് ഉള്ളിലോ പുറത്തോ, അവർ ചെരിപ്പു് ധരിച്ചിട്ടുണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങൾ ഒരു മതഗ്രന്ഥത്തേയോ വിഗ്രഹത്തേയോ, കുരിശിനേയോ, ഒരു ദൈവമുണ്ടെങ്കിൽ ആ ദൈവത്തേയോ ഒരു വിധത്തിലും അലട്ടുന്ന കാര്യങ്ങളല്ല. അതെല്ലാം അലട്ടുന്നതു് മനുഷ്യരെയാണു്. അതുകൊണ്ടു് ജീവിക്കുന്ന മനുഷ്യരെയാണു്, അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നു് പഠിപ്പിക്കപ്പെട്ട മനുഷ്യരെ മാത്രമാണു് അതെല്ലാം അലട്ടുന്നതു്. ഉദാഹരണത്തിനു്, യൂറോപ്യൻ യേശുവിന്റെ ചുമതലക്കാർക്കു് ഭക്തർ പള്ളിയിൽ ചെരിപ്പിട്ടു് കയറുന്നതിനോടു് എതിർപ്പൊന്നുമില്ല. പക്ഷേ, കേരളയേശുവിന്റെ അധികാരികൾക്കു് അതു് അലർജിയാണു്. യഹോവ മോശെക്കു് പ്രത്യക്ഷപ്പെട്ടതു് യൂറോപ്പിലെ വിന്ററിലായിരുന്നെങ്കിൽ തീർച്ചയായും അവന്റെ കാലിൽ നിന്നും ചെരിപ്പു് ഊരി മാറ്റാൻ യഹോവ മോശയോടു് ആവശ്യപ്പെടുമായിരുന്നില്ല. ദൈവവും മതവുമെല്ലാം ഭൂമിശാസ്ത്രത്തിൽ അധിഷ്ഠിതമാണു്. ഇൻഡ്യയിൽ ജനിച്ചാൽ (മിക്കവാറും) ഹിന്ദുക്കൾ, (മുഹമ്മദിനു് ശേഷം) മെക്കയിൽ ജനിച്ചാൽ മുസ്ലീമുകൾ!

സ്ത്രീകളുടെ ശബരിമലയിലെ ആരാധനാ സ്വാതന്ത്ര്യത്തെസംബന്ധിക്കുന്ന ഒരു വിധി സുപ്രീം കോടതി പ്രസ്താവിച്ചത്രെ! ശബരിമല പൊതുആരാധനാലയമാണെങ്കിൽ അവിടെ സ്ത്രീകൾക്കും പ്രവേശിക്കാമെന്നേ സുപ്രീം കോടതി വിധിച്ചിരിക്കാൻ വഴിയുള്ളു. ഇനി, എന്തെങ്കിലും കാരണവശാൽ, അവിടെ സ്ത്രീകളും പ്രവേശിക്കണമെന്നാണു് വിധിയെങ്കിൽ, എല്ലാ സ്ത്രീകളേയും ശബരിമലയിൽ എത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ഉടനടി ചെയ്യണമെന്നാണെന്റെ അഭിപ്രായം. നിയമത്തെ നമ്മൾ അനുസരിക്കണമല്ലോ. എതിർപ്പു് പ്രകടിപ്പിക്കാൻ ധൈര്യപ്പെടുന്ന സ്ത്രീകളെ ശ്രീ അയ്യപ്പൻ ഇരിക്കുന്ന പോസിൽ ഇരുത്തി കൂച്ചിക്കെട്ടി ശബരിമലയിലേക്കു് ട്രാൻസ്പോർട്ട് ചെയ്യുകയും, സന്നിധാനത്തിൽ നിന്നും അനുഗ്രഹം ലഭിച്ചു എന്നു് ഉറപ്പു് വരുത്തിയ ശേഷം തിരിച്ചു് വീട്ടിൽ എത്തിക്കുകയും ചെയ്യണം. ശബരിമലയിൽ ഹിറ്റ്ലറുടെ കാലത്തെ ജർമ്മനിയിൽ എന്നപോലെ, വേണ്ടത്ര കോൺസെൻട്രേഷൻ ക്യാമ്പുകൾ നിർമ്മിച്ചു് പ്രവർത്തനക്ഷമമാക്കിയാൽ, സ്ത്രീകളുടെ റിട്ടേൺ ട്രാൻസ്പോർട്ടിനുള്ള ചിലവു് ലാഭിക്കുകയുമാവാം.

ആരാധനാസ്വാതന്ത്ര്യം ആരാധനാനിർബന്ധമല്ല. ആദ്യത്തേതു് മനുഷ്യാവകാശവും രണ്ടാമത്തേതു് ഫാഷിസവുമാണു്. അഭിപ്രായസ്വാതന്ത്ര്യം അഭിപ്രായനിർബന്ധമല്ല. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഏതു് മനുഷ്യനും അർഹതപ്പെട്ട ഒരു ജനാധിപത്യമൂല്യമാണു്. അതേസമയം, ഏതഭിപ്രായം എവിടെ, എപ്പോൾ, എങ്ങനെ പറയണമെന്നതു് മറ്റൊരു കാര്യമാണു്. അതു് ഒരു വ്യക്തിയുടെ സംസ്കാരത്തിലും തിരിച്ചറിവിലും അധിഷ്ഠിതമാണു്, അതവന്റെ/അവളുടെ ഐഡന്റിറ്റിയുടെ, വ്യക്തിത്വത്തിന്റെ ഭാഗമാണു്.

Jul 29, 2018, 11:51 AM

ഹുമയൂൺ ഭരണഭാരം ചുമന്നിരുന്ന കാലത്തു് കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ആപത്തോ ആധിയോ നിപ്പയോ വെള്ളപ്പൊക്കമോ ഒന്നും എള്ളോളം പോലും നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വയറിങ്ങിന്റെ ചുമതല വഹിക്കാൻ മന്ത്രിയുടെയോ, സോഷ്യൽ മീഡിയ ഇല്ലാതിരുന്നതിനാൽ നല്ലാങ്ങളമാരെ നേരിടാൻ സൈബർ സെല്ലിന്റെയോ ആവശ്യം വന്നിരുന്നില്ല. നാട്ടിലെ ചില പ്രദേശങ്ങളിൽ വല്ല കള്ളപ്പറയോ ചെറുനാഴിയോ മറ്റോ പ്രത്യക്ഷപ്പെട്ടു എന്ന ദൂതുകൾ വല്ലപ്പോഴും രാജാവിന്റെ ചെവിയിലെത്തും, അത്രതന്നെ. അപ്പോൾ രാജാവു്, അഥവാ ഹുമയൂൺ പ്രോട്ടോക്കോൾ പ്രകാരം “ആരവിടെ” എന്നാക്രോശിക്കും, ഒരു ഭടൻ വാളുമായി പ്രവേശിക്കും, അവനെ ഹുമയൂൺ കള്ളപ്പറകളും ചെറുനാഴികളും കയ്യോടെ കണ്ടുകെട്ടാനുള്ള ചുമതലയേൽപിക്കും. അടുത്ത ദൂതു് ചെവിയിലെത്തുംവരെ രാജാവിനു് വീണ്ടും സ്വസ്ഥം ഗൃഹഭരണം! ഹുമയൂണിന്റെ കാലത്തു് മാത്രമല്ല, ബാബറിന്റെയും, ടിപ്പു സുൽത്താന്റെയും, വേലുത്തമ്പി ദളവയുടെയും, ഝാൻസി റാണിയുടെയുമെല്ലാം കാലത്തും ഭരണച്ചുമതലയെന്നാൽ ഇത്രമാത്രമായിരുന്നു. നാടുവാഴികളായ തമ്പ്രാക്കൾ അതാതു് സമയത്തെ തോന്നലിനനുസരിച്ചു് പുറപ്പെടുവിക്കുന്ന “ad hoc” ആക്രോശങ്ങളിൽ ഒതുങ്ങുന്നതായിരുന്നു അക്കാലങ്ങളിലെ നിയമവാഴ്ച എന്നു് ചുരുക്കം.

ആ രീതിയിലൊരു ഭരണമല്ലേ കേരളത്തിൽ നിലവിലിരിക്കുന്നതും എന്ന സംശയം ചിലർക്കെങ്കിലും ഇപ്പോൾ തോന്നിയേക്കാം. ആ സംശയം അത്ര അസ്ഥാനത്തല്ല. അതുകൊണ്ടല്ലേ ഭരണവിമർശനം ജലരേഖയാകുന്നതു്? ഭരണം ഉണ്ടെങ്കിലല്ലേ ഭരണത്തെ വിമർശിക്കാനാവൂ? ഇല്ലാത്ത ദൈവത്തെ പുകഴ്ത്തുകയും വിശ്വസിക്കുകയും ചെയ്യാം. അതിൽ കാര്യമുണ്ടു്. പക്ഷേ, ഇല്ലാത്ത ഭരണത്തെ, നിയമവാഴ്ചയെ പുകഴ്ത്താൻ കഴിഞ്ഞേക്കാമെന്നല്ലാതെ, വിമർശിക്കാൻ കഴിയില്ല. വിമർശിച്ചിട്ടു് കാര്യമില്ലെന്നതുതന്നെ കാരണം. ചില പ്രജകളുടെ കുറ്റകൃത്യങ്ങൾക്കെതിരെ ഇൻസ്റ്റന്റ് നടപടി കൈക്കൊള്ളുകയും മറ്റു് ചില പ്രജകളുടെ അതേതരം കുറ്റകൃത്യങ്ങൾക്കെതിരെ ഒന്നുകിൽ മെല്ലെപ്പോക്കു് നയമോ, അല്ലെങ്കിൽ കണ്ണടയ്ക്കൽ നയമോ സ്വീകരിക്കുകയും ചെയ്യുന്നിടത്തു് നിലനിൽക്കുന്നതു് നിയമവാഴ്ചയല്ല, ആർബിട്രറി ജസ്റ്റീസാണു്. ഈ “തോന്നിയവാഴ്ച” ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണു് “ഞങ്ങടെ ഭരണം നമ്പർ വണ്ണാം ക്ലാസ്, ഞങ്ങടെ നാടുവാഴൽ പഷ്ടാം ക്ലാസ്” എന്നു് അലമുറയിടാൻ കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയും, പോരെങ്കിൽ, ഗൾഫ് രാജ്യങ്ങളിലും ബൂർഷ്വാ രാജ്യങ്ങളിലുമെല്ലാം കക്ഷിരാഷ്ട്രീയനീരാളികളെ വളവും വെള്ളവും കൊടുത്തു് വളർത്തി നിരനിരയായി നിരത്തിനിർത്തിയിരിക്കുന്നതു്.

P. S. കശാപ്പുകാരുടെ കൊലക്കത്തികളിൽ നിന്നും രക്ഷപെട്ടതിനെപ്പറ്റി നാലുവാക്കു് നല്ലവാക്കു് സംസാരിക്കാൻ മഹിഷമഹാസമ്മേളനത്തിന്റെ സ്റ്റേജിലേക്കു് ഓടിക്കയറുന്ന ഒരു പോത്തിനെ “മേഷാസുരനായാലും” മഹിഷാസുരനായാലും ബഹുമാനിക്കണമെന്നു് പറഞ്ഞാൽ അതു് മനസ്സിലാക്കാം. അതേസമയം, വാതോരാതെ ജനാധിപത്യം പ്രസംഗിക്കുന്ന ഒരു രാഷ്ട്രീയക്കാരനു് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നീട്ടിപ്പിടിച്ച കൊലക്കത്തികളുടെ നടുവിൽ എന്താണു് തേടാനും നേടാനുമുള്ളതെന്നു് എനിക്കു് മനസ്സിലാകുന്നില്ല.

Jul 29, 2018, 11:53 AM

ശശി തരൂർ അമൃതാനന്ദമയിഅമ്മയെ സന്ദർശിച്ചതിന്റെ ഒരു പോട്ടം കണ്ടിരുന്നു. അമ്മയുമായുള്ള ശശി തരൂരിന്റെ ഡയലോഗ് ഓക്സ്ഫോർഡ് ഇംഗ്ലീഷിൽ ആയിരുന്നിരിക്കുമെന്നു് കർത്താവിൽ പ്രത്യാശിക്കുന്നു. അല്ലെങ്കിൽ UN ജനറൽ സെക്രട്ടറിയും മറ്റു് UN ഭാരവാഹികളുമെല്ലാം ആ സന്ദർശനത്തിന്റെ പോട്ടം കാണുമ്പോൾ എന്തു് വിചാരിക്കും? ഞങ്ങടെ സ്വന്തം ശശി ഭാഷാപരമായി ഇങ്ങനെയൊരു “മോശക്കേടു്” ഞങ്ങൾക്കുണ്ടാക്കിയല്ലോ എന്നോർത്തു് മൂക്കത്തു് വിരൽ വയ്ക്കേണ്ട ഗതികേടു് അവർക്കുണ്ടാവരുതല്ലോ.

Jul 29, 2018, 1:53 PM

ഒരു നല്ല അധ്യാപകൻ അവന്റെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതു് അവനെ ബഹുമാനിക്കാനാവില്ല, അവൻ പഠിപ്പിക്കുന്ന കാര്യങ്ങൾ അവയുടെ സത്തയിൽ ഉൾക്കൊള്ളാനായിരിക്കും. വിദ്യാർത്ഥികളാൽ ബഹുമാനിക്കപ്പെടേണ്ടവനാണു് താനെന്ന തോന്നൽ/ഭ്രാന്തു് തന്നിൽ ചുമന്നുകൊണ്ടു് നടക്കുന്ന ഒരുവൻ ഒരു അധ്യാപകൻ എന്ന പേരിനു് അർഹനല്ലതന്നെ. അധ്യാപകൻ വിദ്യ പകരുന്നതിനുള്ള ഒരു മാദ്ധ്യമം മാത്രമാണു്. അധ്യാപകന്റെ മൂല്യം വിദ്യയേക്കാൾ വലിയതായി വിലമതിക്കപ്പെടുന്നിടത്തു് അധ്യാപനവും, സ്വാഭാവികമായും അതോടൊപ്പം വിദ്യയും നിർബന്ധമായും പരാജയപ്പെടും.

Jul 31, 2018, 2:23 PM

നീ ധരിക്കുന്നതരം വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു് നിന്നോടു് പറഞ്ഞാൽ നിനക്കു് മനസ്സിലാകാത്തതരം ഒരറിവും ഈ ലോകത്തിലില്ല. അവ നിന്നെ മനസ്സിലാക്കാൻ കാപ്പയോ ളോഹയോ കൂമ്പൻതൊപ്പിയോ കാവിയോ മറ്റിനം അസാധാരണവസ്ത്രങ്ങളോ ധരിക്കേണ്ട യാതൊരു ആവശ്യവുമില്ല എന്നു് സാരം.

അതോ, ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷത്തിൽ വിവരിക്കുന്ന പോലെ, “യേശു ഒരു ഖണ്ഡം വറുത്ത മീനും തേൻകട്ടയും തിന്നശേഷം സ്വർഗ്ഗത്തിലേക്കു് പൊങ്ങിപ്പറന്നുപോയി” എന്നു് കസവു് പൊതിഞ്ഞ കാപ്പ ധരിച്ചുകൊണ്ടു് ഒരു കത്തനാർ പറഞ്ഞാലേ നിനക്കതു് മനസ്സിലാവൂ എന്നുണ്ടോ? അല്ലെങ്കിൽ, “അതു് നീ തന്നെ, ഇതു് ഞാൻ തന്നെ, മറ്റേതു് ശാർങ്ഗധരനും” എന്ന “യൂണിവേഴ്സൽ ട്രൂത്ത്” ശ്രീ ശ്രീ ആന്ത്രവായുവേഷത്തിലോ, ശ്രീ ശൃംഗാരാനന്ദസ്വാമി മാതൃകയിൽ കാവിയിൽ പൊതിഞ്ഞോ, അതുമല്ലെങ്കിൽ “ഡിങ്കോൾഫി ഡിങ്കോൾഫൗ ഡിങ്കോൾഫം ഡിങ്കോൾഫഹഃ” എന്ന “സനാതനസത്യം” പാന്റ്സിനു് മുകളിൽ ചുവന്ന ജട്ടി വലിച്ചു് കയറ്റിയോ പറഞ്ഞില്ലെങ്കിൽ കാര്യമെന്തെന്നു് നിനക്കു് പിടികിട്ടില്ലെന്നുണ്ടോ? ഒരു ദിഗംബരൻ (ഉടുക്കാക്കുണ്ടി എന്നു് മലയാളം) വന്നു് പറഞ്ഞാൽപ്പോലും ഈവകകൾ മനസ്സിലാക്കാൻ ആർക്കും കഴിയണം. അതിനുപോലും കഴിയാത്തവർ NTS (ന്യായീകരണത്തൊഴിലാളി സിൻഡ്രം) ബാധിച്ചവരായിരിക്കും. ആ രോഗത്തിനു് ചികിത്സയില്ല. അമേരിക്കയിലെ വല്ല “മെയോണെയ്സ്” ക്ലിനിക്കിലും ഉണ്ടോ എന്നറിയില്ല.

ഇപ്പറഞ്ഞതിനു്, ആർക്കും ഏതു് തരം അറിവും എല്ലാത്തരം മനുഷ്യർക്കും പകർന്നുകൊടുക്കാൻ കഴിയുമെന്നു് അർത്ഥമില്ല. അഭൗതികമോ, അതിഭൗതികമോ ആയ അറിവു് എന്നൊന്നില്ല. അത്തരം അറിവുകൾ മസ്തിഷ്കഭൂതങ്ങൾ മാത്രമാണു്. ഭൗതികമായ അറിവുകളേയുള്ളു. അങ്ങേയറ്റം വ്യത്യസ്തങ്ങളായ അത്തരം അറിവുകൾ ഉൾക്കൊള്ളാൻ മനുഷ്യൻ എത്തിച്ചേർന്നിരിക്കേണ്ട ബൗദ്ധികവും മാനസികവുമായ ചില മിനിമം ലെവലുകളുണ്ടു്, അതിനു് ചില നിബന്ധനകളുണ്ടു്. എൻജിനിയറിങ്ങിലോ, മെഡിസിനിലോ, വൈജ്ഞാനികമോ തൊഴിൽപരമോ ആയ മറ്റനവധി ശാഖകളിലോ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അതിനു് മുൻപു് അവയുടെ പഠനത്തിനു് അനിവാര്യമായ ചില മിനിമം യോഗ്യതകൾ നേടിയിരിക്കണമെന്നു് നിബന്ധനകൾ ഉള്ളതുപോലെ. അതുപോലെതന്നെ, ഒരു ജോലിയുടെ പ്രൊഫഷണലായ നിറവേറ്റലിനു് ആവശ്യമായ വസ്ത്രങ്ങൾ ധരിക്കുന്നതു് അനാവശ്യമാണെന്നൊരർത്ഥവും ഇപ്പറഞ്ഞതിനില്ല.

പിന്നെയെന്തിനാണു് അനാവശ്യമായ വേഷം കെട്ടലുകളും കൂമ്പൻതൊപ്പികളുമെല്ലാം എന്നല്ലേ? അവ ധരിക്കുന്നവർ പറയുന്ന കാര്യങ്ങൾ ആധികാരികവും വിലപിടിപ്പുള്ളവയുമാണെന്ന “തോന്നൽ”, അഥവാ മിഥ്യാബോധം, അവരേക്കാൾ അജ്ഞരായ അവരുടെ കാഴ്ചക്കാരിലും കേൾവിക്കാരിലും സൃഷ്ടിക്കുക എന്നതാണു് അവയുടെ ലക്ഷ്യം. എത്രയോ തലമുറകളിലൂടെ, മനുഷ്യജ്ഞാനത്തിൽ അധിഷ്ഠിതമായി ചൂഷകർ വളർത്തിയെടുത്ത, ഇന്നും ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു ചൂഷണതന്ത്രം. മീൻ പിടിക്കാൻ ചൂണ്ടയിൽ ഏതു് ഇര കൊത്തണം എന്ന അറിവുപോലുള്ള ഒരുതരം പ്രായോഗികജ്ഞാനം. ചൂഷിതരെക്കൊണ്ടു് ചൂഷകർക്കുവേണ്ടി പ്രാർത്ഥിപ്പിക്കുന്ന വിശുദ്ധതന്ത്രം. അതിൽ കവിഞ്ഞ ഒരു മൂല്യമോ വൈജ്ഞാനികതയോ അത്തരം “തെയ്യങ്ങളിൽ”നിന്നും പ്രതീക്ഷിക്കുന്നതു് വിഡ്ഢിത്തമായിരിക്കും.

ഓരോ പ്രദേശത്തേയും കാലാവസ്ഥകൾക്കനുസരിച്ചു് അവിടങ്ങളിലെ മനുഷ്യർ ധരിക്കുന്നതും, തന്മൂലം അവരെസംബന്ധിച്ചു് സാധാരണവുമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു്, തനിക്കു് പറയാനുള്ള കാര്യങ്ങൾ അവരെ പറഞ്ഞു് മനസ്സിലാക്കാൻ ഒരുവനു് കഴിയുന്നില്ലെങ്കിൽ അവനു് ആ കാര്യങ്ങളെപ്പറ്റി യഥാർത്ഥത്തിൽ “ഒരു ചുക്കും” അറിയില്ല എന്നേ മനസ്സിലാക്കേണ്ടതുള്ളു.

August 20108

Aug 1, 2018, 12:02 PM

മണ്ണും പെണ്ണും നന്നാക്കിയാൽ നന്നാവുമെന്നു് ഞാനെന്റെ ബാല്യകാലം ചിലവഴിച്ച പ്രദേശത്തെ മുതിർന്നവരിൽ ചിലർ പറഞ്ഞു് കേട്ടിട്ടുണ്ടു്. പക്ഷെ, ആ നന്നാക്കൽ മണ്ണിനെയെന്നപോലെ പെണ്ണിനെയും ഉഴുതുമറിച്ചുള്ള നന്നാക്കലാണെന്നൊരു ധാരണ, സത്യം പറഞ്ഞാൽ, എനിക്കന്നുണ്ടായിരുന്നില്ല. എങ്ങനെ ഉണ്ടാവാൻ? പെണ്ണിനെ കൃഷിയിടത്തോടുപമിച്ച ഏകദൈവമായ അല്ലാഹുവിന്റെ കാവ്യഭാവനയായ ഖുർആൻ ഞാനന്നു് വായിച്ചിട്ടുണ്ടായിരുന്നില്ലല്ലോ.

പെണ്ണിനെ നന്നാക്കൽ മണ്ണുഴുകുന്ന കലപ്പകൊണ്ടല്ല, സ്നേഹംകൊണ്ടാണെന്നു് മനസ്സിലാക്കാൻ എനിക്കു് കഴിഞ്ഞതു് “പൊതുനിരത്തിൽകിടന്നു് പരസ്യമായി മക്കളെ ജനിപ്പിക്കുന്ന” കാഫിറുകൾ ജീവിക്കുന്ന യൂറോപ്പിൽ എത്തിയശേഷമാണു്.

Aug 3, 2018, 11:00 AM

എപ്പോഴെങ്കിലും ഉണരാൻ കഴിയുമെന്ന ആശ്വാസം മൂലമാണു് മനുഷ്യൻ ധൈര്യപൂർവ്വം ഉറങ്ങാൻ കിടക്കുന്നതു്. അതിലും എളുപ്പം ഉണരാൻ കഴിയുന്ന നിദ്രാവസ്ഥയാണു് സ്വപ്നത്തിലേതു്. കാരണം, മനുഷ്യർ സ്വപ്നങ്ങൾ കാണുന്നതു് പാതിയുറക്കത്തിലാണു്. ഉണർന്നിരിക്കുമ്പോൾ സ്വപ്നങ്ങൾ കാണുന്നവരുമുണ്ടു്. തുറന്ന കണ്ണുകളോടെ, ചുറ്റുപാടുകളെ പൂർണ്ണമായും മറന്നുകൊണ്ടു് സ്വപ്നം കാണാൻ അത്തരക്കാർക്കു് കഴിയും.

മരണവും ഒരുതരം ഉറക്കമാണു്. ഒരിക്കലും ഉണരേണ്ട ആവശ്യമില്ലാത്തതിനാൽ, അലാറം വയ്ക്കാതെ ഉറങ്ങാൻ കഴിയുമെന്നതാണു് ഈ ഉറക്കത്തിന്റെ പ്രധാനഗുണം. ഇത്രയും സ്വസ്ഥവും സുഖകരവുമായ ഒരു നിദ്ര വേറെയില്ല. കർത്താവിൽ നിദ്ര പ്രാപിക്കൽ, മൂസ്സതിൽ നിര്യാണമടയൽ, (ഗ്രീൻ)പീസിൽ റെസ്റ്റെടുക്കൽ എന്നും മറ്റും ഉണർന്നിരിക്കുന്നവർ വിശേഷിപ്പിക്കുന്ന അനന്തമായ ഉറക്കം! മരണവും, അതിനു് ശേഷം എന്തു് എന്നതും വലിയ കച്ചവടസാദ്ധ്യതയുള്ള വിഷയങ്ങളാണു്. അവപോലും ജീവിച്ചിരിക്കുന്നവരെ മാത്രമേ ബാധിക്കൂ. മരിച്ചവർക്കു് അതൊന്നും അറിയേണ്ട കാര്യമില്ല. ഉറങ്ങുക, ഉറങ്ങിക്കൊണ്ടേയിരിക്കുക എന്ന ഒരുത്തരവാദിത്വമേ അവർക്കുള്ളു.

ഈവകയിലൊന്നും പെടാത്ത ഒരു പ്രത്യേകതരം ഉറക്കക്കാരുണ്ടു്. കിടന്നും ഇരുന്നും മാത്രമല്ല, നടന്നുകൊണ്ടും സ്വപ്നം കാണാൻ കഴിയുന്ന നിദ്രാടനക്കാർ. അതുകൊണ്ടു് ഉറക്കമോ ഉണർവ്വോ എന്നു് തീർത്തു് പറയാൻ കഴിയാത്ത ഒരവസ്ഥയാണു് ഇക്കൂട്ടരുടേതു്. നഞ്ചു് പിടിച്ച മീനുകളെപ്പോലെ പലതരം ഭക്തിനഞ്ചുകൾ തലക്കു് പിടിച്ചു് ഒരുതരം ഐഡിയോളജിക്കൽ ഡെലിറിയത്തിൽ കഴിഞ്ഞുകൂടുന്നവർ. വ്യക്തിഭക്തി, പാർട്ടിഭക്തി, മതഭക്തി, ദൈവഭക്തി തുടങ്ങിയ എത്രയോ ഇനം ഭക്തികൾവഴി ഉന്മാദാവസ്ഥയിൽ എത്തിച്ചേരുന്നവർ. ഭക്തി അതിന്റെ മൂർദ്ധന്യത്തിൽ എത്തിയാൽ, സാധാരണമനുഷ്യർക്കു് സങ്കല്പിക്കാൻ പോലും കഴിയാത്തത്ര ഭീകരമായ ഭ്രാന്തൻ കർമ്മങ്ങളും, കുറ്റകൃത്യങ്ങളും ചെയ്യാൻ ഇക്കൂട്ടർ മടിക്കാറില്ല.

അവരുടെ പ്രവൃത്തികളെ പുച്ഛിക്കാനോ തിരുത്താനോ ശ്രമിച്ചാൽ, ആ പ്രവൃത്തികൾ പതിന്മടങ്ങു് തീവ്രതയോടെ ചെയ്യാനും, അതിനു് ശ്രമിച്ചവരോടു് കൂടുതൽ വയലന്റ് ആകാനുമല്ലാതെ, സ്വന്തനിലപാടുകളെപ്പറ്റി വകതിരിവോടെയുള്ള ഒരു വിലയിരുത്തലിനു് അവർ തയ്യാറാവില്ല. ഒരുവിധ തിരുത്തലിന്റെയും ആവശ്യമില്ലാത്തവിധം സമ്പൂർണ്ണമായ ഒരേയൊരു ആശയസംഹിത തങ്ങളുടേതു് മാത്രമാണെന്ന ഉത്തമബോദ്ധ്യംമൂലം സ്വന്തം വിശ്വാസപ്രമാണങ്ങളുടെ വിമർശനം കാറ്റഗോറിക്കലി നിഷേധിക്കുന്നവരാണു് ഈവക സോംനാംബുലിസ്റ്റുകൾ.

അവരുടെ ഉത്തമബോദ്ധ്യത്തിൽ, ചിന്തിക്കാൻ തയ്യാറാവേണ്ടതു് എപ്പോഴും മറ്റുള്ളവരാണു്. പക്ഷേ, കഷ്ടകാലത്തിനു്, ഭക്തർക്കുള്ള അത്രതന്നെ ഒരു ചിന്താശേഷിയും ശാസ്ത്രാവബോധവും അഭക്തർക്കും വിഭക്തർക്കുമൊന്നും ഇല്ലല്ലോ. പിന്നെ അവർ എങ്ങനെ ചിന്തിക്കാൻ? ചിന്തിക്കാതെ അവർ എങ്ങനെ ഭക്തരുടെ നിത്യസത്യങ്ങൾ മനസ്സിലാക്കും? അതുകൊണ്ടു്, ആദ്യം ഭക്തിമാർഗ്ഗത്തിലേക്കു് തിരിയുക. എന്നിട്ടു് ഭക്തി മൂത്തു് ഭജന പാടി ഭ്രാന്തു് പിടിച്ച ഗുരുക്കൾ പറയുന്നതു് കണ്ണുമടച്ചു് വിശ്വസിക്കുക, അതിനുശേഷം താൻ വിശ്വസിക്കുന്നതു് മുഴുവൻ നിത്യസത്യങ്ങളാണെന്നു് കാണാപ്പാഠമാക്കാൻ “ചിന്തിച്ചുചിന്തിച്ചു്” തല പുണ്ണാ(ക്കാ)ക്കുക. അതാണു് ഭക്തിച്ചെളിയിലൂടെയുള്ള ജ്ഞാനമാർഗ്ഗസഞ്ചാരം.

Aug 3, 2018, 1:31 PM

ഞാൻ ഒന്നുമല്ല, എനിക്കെല്ലാമാവണം എന്ന രീതിയിൽ മനസ്സിലാക്കാവുന്ന ഒരാഗ്രഹം മാർക്സ് പുലർത്തിയിരുന്നതായി അദ്ദേഹത്തിന്റെ സ്കൂൾ കാലഘട്ടത്തിലെ ചില രചനകളിൽ നിന്നും വായിച്ചെടുക്കാം.

അതുകൊണ്ടു്, ഞാനൊന്നുമല്ല, എനിക്കെല്ലാമാവണം എന്ന ആഗ്രഹവുമായി നടക്കുന്നവർക്കു് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോകം നല്ലൊരു സെലക്ഷൻ ആയിരിക്കും. ബുദ്ധിയുടെ കാര്യത്തിലാണെങ്കിൽ അവരെ അവിടെ ഒരു “എലിഫന്റ്-ഹെഡ്-സർക്കിൾ” കാത്തിരിക്കുന്നുമുണ്ടു്.

“ഞാനൊരു മാർക്സിസ്റ്റല്ല” എന്നു് മാർക്സ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും, മാർക്സിസം പൈതൃകമായാലെന്നോണം ഏറ്റെടുത്തിരിക്കുന്നവരെയാണല്ലോ ലോകം മാർക്സിസ്റ്റുകൾ എന്നു് വിളിക്കുന്നതു്.

ഈ കളിയും കളിയല്ല, ഈ ചിരിയും ചിരിയല്ല, (യഥാർത്ഥചിരി പുയ്യാപ്ലയോടൊത്തുള്ള ആദ്യരാത്രിയിലെ പൊട്ടിച്ചിരിയല്ലേ) എന്ന, പഴയൊരു മല്ലുസിൽമയിലെ ഒപ്പനപ്പാട്ടുപോലെ, ഈ കമ്മൂണിഷമൊന്നും കമ്മൂണിഷമല്ല, തോക്കിൻകുഴലിലൂടെയുള്ള ബീപ്ലവത്തിനു് ശേഷം വരുന്ന കമ്മൂണിഷമല്ലേ യഥാർത്ഥ കമ്മൂണിഷം എന്നു് ഒപ്പന പാടുന്ന തുത്തുകുണുക്കിപ്പക്ഷികളുടെ ലോകം, എല്ലാമാവാൻ ആഗ്രഹിക്കുന്നവർക്കു് ഒരു നല്ല ചോയ്സ് ആണെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരല്പം ഭാഗ്യമുണ്ടെങ്കിൽ രക്തസാക്ഷി എന്ന അത്യുന്നതപദവിവരെ ലഭിച്ചുകൂടെന്നില്ല.

Aug 5, 2018, 1:30 PM

ഫ്രണ്ഡ്ഷിപ്പ് ഡേ പ്രമാണിച്ചു് ഉഗ്രനൊരു മുദ്രാവാക്യം സ്റ്റാറ്റസായി ഇടണമെന്നുണ്ടായിരുന്നു. സാക്ഷാൽ ഓഷോയും ന്യൂജൻ പിള്ളേരുമൊക്കെ ചവറുപോലെ വാരിവിതറുന്ന തരത്തിൽപ്പെട്ട ഒരു ആദർശസൂക്തം. പക്ഷേ, കൊള്ളാവുന്നതൊന്നും മനസ്സിൽ ഉദിച്ചില്ല. ഇടിവെട്ടിയവനെ പാമ്പും പേപ്പട്ടിയും ഒരുമിച്ചു് കടിച്ചപോലുള്ള ചിലതു് മുഖം കാണിച്ചെങ്കിലും, കൊമേഴ്സ്യൽ സിൽമകളുടെ ആരാധകരായ മലയാളികൾക്കു് അതെല്ലാം തണുത്ത കാപ്പിയായിരിക്കുമെന്നതിനാൽ വേണ്ടെന്നു് വച്ചു. എന്തിനും ഒരു ത്രിൽ വേണമല്ലോ.

Aug 5, 2018, 2:58 PM

എന്തുകൊണ്ടു് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ അറസ്റ്റുചെയ്യപ്പെടുന്നില്ല? ഇപ്പോഴത്തെ വൺ മില്യൺ ഡോളർ ചോദ്യം! ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും നിന്നെസംബന്ധിച്ചു് ആഘോഷത്തിനുള്ള ഒരു കാരണം എന്നതിൽ കവിഞ്ഞു് മറ്റൊന്നും അല്ലാത്തതുകൊണ്ടു്. നീ ഒരു തികഞ്ഞ ഊളയാണെന്നു് നിന്നെ നയിക്കുന്നവരും, നീതി നടപ്പാക്കേണ്ടവരുമായവർ പണ്ടേതന്നെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടു്. അതുകൊണ്ടാണു് ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെടാത്തതു്.

സത്നാം സിങ്ങും ജിഷയും നിനക്കു് ആഘോഷമായിരുന്നു. വനം കയ്യേറ്റവും പാടം നികത്തലും നിനക്കു് ആഘോഷമായിരുന്നു. ചാണ്ടിയും സരിതയും നിനക്കു് ആഘോഷമായിരുന്നു. അഴിമതിയും പീഡനവും നിനക്കു് ആഘോഷമായിരുന്നു. നിപ്പയും വെള്ളപ്പൊക്കവും നിനക്കു് ആഘോഷമായിരുന്നു. അവയിലെല്ലാം നീ തേടിയതു് നിന്റെ ഇസവും നിന്റെ മതവും നിന്റെ നിലപാടുമാണു് ശരിയെന്നു് സ്ഥാപിക്കാൻ വല്ല പഴുതുകളും ഉണ്ടോ എന്നായിരുന്നു.

അനീതിയും ആപത്തും സംഭവിക്കുന്ന ഓരോ അവസരങ്ങളിലും ഉയരുന്ന നിന്റെ മുറവിളികൾ യഥാർത്ഥ നീതിക്കു് വേണ്ടിയുള്ളതല്ല, മറ്റൊരു വിഷയമോ കാരണമോ ലഭിക്കുന്നതുവരെ മാത്രം ജീവനുള്ള താത്കാലികമായ നിന്റെ ആവേശത്തിന്റേതാണു്. നീതി, നിന്നെസംബന്ധിച്ചു്, നിന്റെ പാർട്ടിക്കു്, നിന്റെ മതത്തിനു്, നിന്റെ ഗ്രൂപ്പിനു് മാത്രമായി ലഭിക്കേണ്ടതാണു്. എല്ലാവർക്കും ഒരുപോലെ അർഹതപ്പെട്ടതല്ല നിനക്കു് നീതി. എല്ലാ മനുഷ്യർക്കും നീതി ലഭ്യമാക്കുന്നതു് നിന്റെ ദൃഷ്ടിയിൽ അനീതി പോലുമായിരിക്കും.

നിന്റെ കുരകളെ ഉദ്ദേശിച്ചാണു്, “പട്ടിച്ചി കുരച്ചാൽ പടി തുറക്കുമോ” എന്നു് നിന്റെ തമ്പ്രാക്കൾ ചോദിച്ചതു്. അതുകൊണ്ടു്, അർത്ഥശൂന്യമായ കുരകൾ അക്ഷീണം തുടരുക. നിനക്കു് യോജിച്ച എല്ലിൻകഷണങ്ങൾ തുടർന്നും നിന്റെ മുന്നിലേക്കു് എറിയപ്പെട്ടുകൊണ്ടിരിക്കും.

Aug 14, 2018, 4:09 PM

ഒരു ബിഷപ്പോ അച്ചനോ കോഴിയായതുകൊണ്ടു് സകലമാന ബിഷപ്പന്മാരും അച്ചന്മാരും കോഴികളാണെന്നൊരു ധാരണ ചില മനുഷ്യർ വച്ചുപുലർത്തുന്നുണ്ടു്. അതത്ര ശരിയല്ല. സൂക്ഷിച്ചു് നോക്കിയാൽ അവരുടെയിടയിൽ മുയലുകൾ, മുട്ടനാടുകൾ, അണ്ണാൻസ് തുടങ്ങിയ സ്പീഷീസിൽപ്പെട്ട ധാരാളം സ്പീഡി ഗോൺസാലസുകളെയും കാണാൻ കഴിയും.

അന്നമ്മ വേറെ, തുണി വേറെ!

Aug 17, 2018, 11:37 AM

വെള്ളപ്പൊക്കം മൂലമുള്ള ദുരിതങ്ങൾക്കു് പരിഹാരം കാണാൻ കേരളത്തിലെ ജനങ്ങൾ സ്വയം മറന്നു് നടത്തുന്ന പരിശ്രമങ്ങൾ അഭിനന്ദനാർഹമാണു്. ഈ വ്യാപ്തിയിലുള്ള ഒരു പ്രകൃതിദുരന്തം നേരിടാൻ വേണ്ടത്ര വിഭവസമ്പത്തോ അനുഭവസമ്പത്തോ ഇല്ലാത്ത ഒരു ചെറിയ സമൂഹം പ്രകടിപ്പിക്കുന്ന അർപ്പണമനോഭാവം എത്ര പുകഴ്ത്തിയാലും മതിയാവുന്നതല്ല. അത്യാഹിതങ്ങളിൽ മനുഷ്യരെ സഹായിക്കാൻ മനുഷ്യർക്കേ കഴിയൂ, ഇതുവരെ കഴിഞ്ഞിട്ടുള്ളു. ഒതുങ്ങിയ ഏതെങ്കിലും ഒരു മൂലയിലിരുന്നു് കരഞ്ഞു് പ്രാർത്ഥിച്ചാൽ അത്യാഹിതം ഒഴിഞ്ഞുപോകുമെന്നു് കരുതുന്ന വ്യാകുലപിതാക്കൾക്കോ മാതാക്കൾക്കോ പറഞ്ഞിട്ടുള്ള കാര്യമല്ല ക്രിയാത്മകമായ ഇടപെടലുകൾ അനിവാര്യമായ ദുരിതാശ്വാസപ്രവർത്തനങ്ങൾ. ദൈവങ്ങളും മനുഷ്യരും ഒന്നും ചെയ്യാതെ വെറുതെ നോക്കിയിരുന്നാലും, ഇന്നല്ലെങ്കിൽ നാളെ മഴ നിലയ്ക്കും, ജലനിരപ്പു് താഴും. പക്ഷേ, അപ്പോഴേക്കും “പെട്ടകത്തിനുള്ളിൽ” ജീവിക്കാൻ ഭാഗ്യം ലഭിച്ചവരൊഴികെയുള്ള മനുഷ്യരും ജീവജാലങ്ങളും ഈ ലോകത്തോടു് യാത്ര പറഞ്ഞിരിക്കും. ദുരിതങ്ങളും മരണസംഖ്യയും കഴിയുന്നത്ര വേഗത്തിൽ പരിമിതപ്പെടുത്തുകയാണു് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ലക്ഷ്യം. അതു് വേണ്ടെങ്കിൽ, “പൊട്ടിച്ചിരിച്ചുകൊണ്ടോമനേ ഞാനെന്റെ വീഴ്ചകൾ സമ്മതിക്കാം” എന്നോ മറ്റോ വല്ല മല്ലുസിൽമാപ്പാട്ടും പാടി കാത്തിരുന്നാൽ മതി.

എന്നോർത്തു്, കേരളത്തിലെ പാപികളായ മനുഷ്യരെ കീഴ്പ്പെടുത്തി മര്യാദ പഠിപ്പിക്കാൻ ഏതോ നിർഗ്ഗുണപരബ്രഹ്മം നടത്തുന്ന അശ്വമേധമോ, ഏതോ വ്യഭിചാരിയെ ആരോ വ്യഭിചാരി എന്നു് വിളിച്ചതിന്റെ പേരിൽ ആ വ്യഭിചാരിയുടെ ദൈവം കേരളത്തിൽ ജീവിക്കുന്ന മലയാളികളിലും ബംഗാളികളിലും മറ്റു് ജനവിഭാഗങ്ങളിലും നടപ്പാക്കുന്ന പ്രതികാരമോ ആണു് വെള്ളപ്പൊക്കമെന്ന കാര്യത്തിൽ സംശയമേതുമില്ലാത്ത പ്രാർത്ഥനാകർമ്മികൾ അവരുടെ പ്രാർത്ഥനാലാപനങ്ങൾ അവസാനിപ്പിക്കരുതു്. സാധാരണ ശ്വാസോച്ഛ്വാസത്തിൽ എന്നതിനേക്കാൾ കൂടുതലായി, പ്രാർത്ഥനാലമുറകളോടൊപ്പം വായിലൂടെ പുറത്തുവരുന്ന കാർബൺ ഡയോക്സൈഡ് ഗ്യാസ് ഫോട്ടോസിന്തസിസിനു് വളമായതിനാൽ വെള്ളത്തിനു് മുകളിൽ ഇല കാണിക്കാൻ കഴിയുന്ന ചെടികളും മരങ്ങളും നിങ്ങളോടു് അതിനു് നന്ദി പ്രകടിപ്പിക്കും. ഇനി, ഒരു “തീക്കളിയജ്ഞം” നടത്തിയാലേ മഴ മാറൂ എന്നു് പുരപ്പുറത്തിരിക്കുമ്പോൾ വെളിപാടുണ്ടാവുകയോ, ദേവപ്രശ്നത്തിൽ കാണുകയോ, മഷിയിൽ തെളിയുകയോ, അതിനായി വല്ല ഹോമകുണ്ഡവും ഒരുക്കേണ്ടിവരികയോ ചെയ്താൽ തീ ആളിക്കത്താൻ വേണ്ട ഓക്സിജൻ നൽകിയും അവ സഹായിക്കും. പ്രതിഫലം നൽകാതെ കിട്ടുന്നതെല്ലാം വാങ്ങിക്കൂട്ടാൻ അവ ദൈവങ്ങളല്ല.

Aug 18, 2018, 1:18 PM

പത്തു് ദിവസങ്ങളായി തുടരുന്ന കേരളത്തിലെ വെള്ളപ്പൊക്കത്തിൽ മുന്നൂറ്റിഇരുപതിലേറെ മനുഷ്യർ മരണപ്പെട്ടതായി ഇന്നലെ ജർമ്മൻ റ്റി.വി.യിൽ വാർത്ത വന്നിരുന്നു. ജർമ്മൻ പബ്ലിക് സർവ്വീസ് ടെലിവിഷൻ അതിന്റെ പ്രൈം ടൈമിലെ വാർത്തയ്ക്കു് അനുവദിച്ചിട്ടുള്ള പതിനഞ്ചു് മിനുട്ടുകളിൽ നിന്നും കുറച്ചു് സമയം വളരെയകലെ സ്ഥിതിചെയ്യുന്ന കൊച്ചുകേരളത്തിലെ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാനായി മാറ്റിവച്ചു എന്നതുതന്നെ ആ ദുരന്തത്തിന്റെ ഗൌരവസ്വഭാവം വെളിപ്പെടുത്തുന്നുണ്ടു്.

പക്ഷേ, ഫെയ്സ്ബുക്കിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നിടത്തോളം, കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയഊളകൾ കൂടുതൽ തലപുകയ്ക്കുന്നതു് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു് പുരോഗമിപ്പിക്കുന്നതിനേക്കാൾ, സംസ്ഥാനത്തിന്റെ അണ്ടിയോ, കേന്ദ്രത്തിന്റെ മാവോ മൂത്തതു് എന്ന “ജൂറിസ്ഡിക്ഷണൽ ഇഷ്യൂ” പരിഹരിക്കാനാണെന്നു് തോന്നുന്നു. ജോലി ചെയ്യാൻ അറിയാവുന്നവരെ ഏൽപിച്ചാലേ അതു് പ്രൊഫെഷണലായി ചെയ്തു് തീർക്കാനാവൂ. പക്ഷേ, നോക്കുകൂലിയുടെ ഉപജ്ഞാതാക്കൾക്കും, ദുരിതാശ്വാസത്തിനു് പട്ടാളം വന്നാൽ സംസ്ഥാനഭരണം കൈവിട്ടുപോകുമെന്നു് ഭയപ്പെടുന്ന പാർട്ടി സ്ട്രാറ്റെജിസ്റ്റിനും, ഏതു് നയം സ്വീകരിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ നാലു് വോട്ടു് കൂടുതൽ കിട്ടുമെന്ന വ്യഥയുമായി നടക്കുന്ന രാഷ്ട്രീയ കുറുക്കന്മാർക്കുമെല്ലാം തൻകാര്യം നേടുക എന്നതിൽ കവിഞ്ഞ എന്തു് പ്രൊഫെഷണാലിറ്റി? മരണത്തോടു് മല്ലടിക്കുന്ന മനുഷ്യജീവനുകളെവച്ചു് കക്ഷിരാഷ്ട്രീയം കളിക്കാൻ മടിയില്ലാത്ത ശവംതീനികൾക്കു് പ്രകൃതിദുരന്തങ്ങളെപ്പോലും ബ്ലാങ്ക് ചെക്കുകളായി മാത്രമേ കാണാൻ കഴിയൂ.

Aug 19, 2018, 10:22 AM

ഹെലികോപ്റ്റർ ഉപയോഗിച്ചു് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോടു് ഒരപേക്ഷയുണ്ടു്: എട്ടുകാലിമമ്മൂഞ്ഞു് എന്നൊരുവൻ പുരപ്പുറത്തോ ഗോപുരങ്ങളുടെ മുകളിലോ മറ്റോ രക്ഷപെടാനാവാതെ അള്ളിപ്പിടിച്ചിരിക്കുന്നതു് കണ്ടാൽ, അവിടെത്തന്നെ ഇരിക്കാൻ വിട്ടേക്കുക. പ്രളയോത്തരകേരളം അതിനു് നിങ്ങളോടു് എന്നാളും നന്ദിയുള്ളവരായിരിക്കും.

Aug 19, 2018, 10:26 AM

പ്രളയകാലത്തെ കവിത:

നാണംകെട്ടും വോട്ടു് നേടിക്കൊണ്ടാൽ
നാണക്കേടാവോട്ടു് തീർത്തുകൊള്ളും;
കീശയിൽ കാശു് നിറച്ചുകൊള്ളും;
ഊളകൾ കീജേ വിളിച്ചുകൊള്ളും;
വഞ്ചിയിലേറ്റി ആഞ്ഞുന്തിക്കൊള്ളും.

Aug 19, 2018, 12:06 PM

ഫാദർ സേവ്യർ (ഷാരുഖ്) ഖാൻ വട്ടായിൽ (ഇത്തിരി സില്മാസ്റ്റൈൽ ആയിക്കോട്ടെ!) കേരളത്തിലെ മഴക്കേടു് നീക്കുവാനായി കണ്ടെത്തിയ ഒരു ജപം. ഫെയ്‌സ്ബുക്കിൽ നിന്നും ഇപ്പോൾ കിട്ടിയതാണു്. ഒരു ജീവകാരുണ്യപ്രവൃത്തി എന്ന നിലയിൽ ചൂടോടെ പങ്കുവയ്ക്കുന്നു. മുട്ടാടുകളും പെണ്ണാടുകളും കുഞ്ഞാടുകളും താഴാഴ്മയോടെ മുട്ടുകുത്തിനിന്നു് ക്ഷീണിക്കുന്നതുവരെ ജപിച്ചാൽ ഫലം സുനിശ്ചിതം.

“നിന്റെ ഈ അടിയാൽ” എന്നതിനു് പകരം, അമേരിക്കയിലെയുംമറ്റും പീഡോഫീലിയാക് പുരോഹിതരുടെ മാതൃകയിൽ, “നിന്റെ ഈ കുണ്ടനടിയാൽ” എന്നായിരുന്നെങ്കിൽ ഒന്നുകൂടി എരമ്പിയേനെ എന്നേ പറയാനുള്ളു.

A prayer for the situation in kerala
ദൈവ കൃപ: ‎Fr. Xavier Khan Vattayil
മഴക്കേടു നീക്കുവാൻ വേണ്ടിയുള്ള ജപം..
മഹാ കൃപയും നീതിയും നിറഞ്ഞ കർത്താവേ..! പൂർവ്വികത്തിൽ, മനുഷ്യരുടെ പാപം നിമിത്തം, എട്ടുപേർ ഒഴികെ, ലോകം മുഴുവനും ജലപ്രളയത്താൽ നാശമാക്കിയതിനു ശേഷം, ഇനി ഇപ്രകാരമായി ഭൂമിയെ ഒരിക്കലും നശിപ്പിക്കുകയില്ലായെന്ന് അങ്ങ് വാഗ്ദത്തം ചെയ്തരുളിയിരിക്കുന്നുവല്ലൊ .. ഇപ്പോൾ ഞങ്ങളുടെ അക്രമങ്ങൾ നിമിത്തം, കേടുമഴ – വെള്ളങ്ങളാലേ ശിക്ഷിക്കപ്പെടുന്നതിന് ഞങ്ങൾ പാത്രമായിരിക്കുന്നുവെങ്കിലും, ഞങ്ങൾ സത്യമായി അനുതാപപ്പെട്ടിരിക്കയാൽ, അങ്ങുന്ന് അതിനെ നിറുത്തി, ഭൂമിയുടെ ഫലങ്ങൾ, നല്ല കാലത്തിൽ ഞങ്ങൾക്കുണ്ടാകുവാൻ തക്ക വെയിലിനെ കല്പിച്ച് തന്നരുളണമെന്നും, നിന്റെ ഈ അടിയാൽ ഞങ്ങളുടെ നടപ്പിനെ നന്നാക്കുവാനും, നിന്റെ അനുഗ്രഹത്തെ പ്രതി നിന്നെ സ്തുതിച്ച് കൊണ്ടാടുവാനും, ജാഗ്രത വരുത്തിയരുളേണമെന്നും ഞങ്ങളുടെ കർത്താവായ ഈശോ മിശിഹായെക്കുറിച്ച്, എത്രയും എളിമയോടുകൂടെനിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു ..
ആമ്മേനീശോ ..
ഇന്ന് രാത്രി ഓരോരുത്തരും അഞ്ചു തവണ വീതം ഒരുമിച്ചോ, ഒറ്റക്കായോ ഈ പ്രാർത്ഥന ചൊല്ലാം.. നാടിനെ രക്ഷിക്കുവാൻ, നാടിന്റെ സംരക്ഷിതരാകുവാൻ എല്ലാവർക്കും ഇത് അയച്ചു കൊടുക്കാം…

Aug 20, 2018, 9:06 AM

എട്ടുകാലി മമ്മൂഞ്ഞുകളെ രക്ഷപെടുത്തരുതു് എന്നു് പറഞ്ഞിട്ടു് ഹെലികോപ്റ്ററിലെ രക്ഷാപ്രവർത്തകർ കേട്ടില്ലെന്നു് തോന്നുന്നു. അതെങ്ങനെ? വല്ലപ്പോഴുമെങ്കിലും ബൈബിൾ വായിച്ചാലല്ലേ “അനുസരണ ബലിയേക്കാൾ നല്ലതാകുന്നു” എന്ന അതിസാരസൂക്തം അറിയാൻ കഴിയൂ.

രക്ഷാപ്രവർത്തനങ്ങൾ മുഴുവൻ തീർന്നില്ല. അപ്പോഴേക്കും രാഷ്ട്രീയ മുതലെടുപ്പുമായി മമ്മൂഞ്ഞുകൾ ഇറങ്ങിക്കഴിഞ്ഞു. വട്ടായിൽ അച്ചൻവരെ ഒരു ജപവുമായി മുൻപിൽത്തന്നെ സീറ്റ് പിടിച്ചിട്ടുണ്ടു്. തല പുറത്തുവരാൻ തുടങ്ങിയപ്പോഴേക്കും കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ തിരക്കു് കൂട്ടുന്ന എട്ടുകാലി മമ്മൂഞ്ഞുകൾ!

വെള്ളപ്പൊക്കദുരിതനിവാരണം സാദ്ധ്യമാക്കിയവരുടെ മുൻനിരയിലുള്ള മത്സ്യത്തൊഴിലാളികളും, സേനാവിഭാഗങ്ങളും, കേരളത്തിലെ സാധാരണക്കാരും അധികപങ്കും യുവാക്കളുമായ ജനങ്ങളുമൊഴികെ, ബാക്കിയെല്ലാത്തരം കെടുകാര്യസ്ഥതകളുടെയും “കൈകാര്യസ്ഥുകൾ” അവകാശവാദവുമായി എത്തിയിട്ടുണ്ടു്.

അതുകൊണ്ടു്, കേരളീയർ വെള്ളപ്പൊക്കത്തിൽ ചളികയറിയ വീടുകൾ ശുചീകരിക്കുന്നതിനൊപ്പം ഞാനും എന്റെ ഫെയ്സ്ബുക്ക്‌ ഫ്രണ്ഡ് ലിസ്റ്റ് ശുചീകരിക്കാൻ തുടങ്ങി. പ്രോപഗാൻഡയിലൂടെ കുത്തിവയ്ക്കപ്പെടുന്ന “അറിവിൽ” എനിക്കു് പണ്ടുമുതലേ വലിയ വിശ്വാസമില്ല.

“ഒളിവുകാലത്തെ പ്രണയം” എന്ന വിഷയത്തിൽ വി.ടി. ബൽറാം എഴുതിയ ഒരു തീസിസിൽ എ.കെ. ഗോപാലന്റെ പിൽക്കാലഭാര്യയുടെ പ്രണയകാലത്തെ പ്രായം എന്ന ഖണ്ഡികയിൽ വന്ന ഒരു പരാമർശം ഫെയ്സ്ബുക്കിൽ വലിയ കോളിളക്കം സൃഷ്ടിച്ച കാലത്തു്, രാവിലെതന്നെ ആരൊക്കെയോ ആരെയൊക്കെയോ തെറികൾ വിളിച്ചുകൊണ്ടിരുന്ന സമയത്തു്, ആ ശ്രേഷ്ഠഭാഷകൾ വായിച്ചു് മടുത്തു്, സ്റ്റാലിന്റെ കാലത്തെ “ഗ്രേറ്റ് പർജ്” പോലെ, 250-ലേറെ “ഫ്രണ്ഡ്സിനെ” “ഉന്മൂലനം” ചെയ്തതിനു് ശേഷം വൻതോതിലുള്ള ഒരു ശുചീകരണം വേണ്ടിവന്നിട്ടില്ല. ജർമ്മൻകാരെപ്പോലെ പതിവായിട്ടല്ലെങ്കിലും, വല്ലപ്പോഴുമൊക്കെ വീടും പരിസരവും വൃത്തിയാക്കുന്നതു് ഉണർവ്വിനും ഉന്മേഷത്തിനും നല്ലതാണു്.

മുൻപൊരു പോസ്റ്റിൽ പറഞ്ഞപോലെ, ഫ്രണ്ഡ് ലിസ്റ്റിൽ ഉള്ളതിന്റെ മൂന്നിലൊന്നു്‌ ഫ്രണ്ഡ്സിന്റെ ആവശ്യമേ സത്യത്തിൽ ഉള്ളു. അതേസമയം, അലക്കു്, കുളി, ജപം, ധ്യാനം, യോഗ, വായു, തറവടി, തറതുട തുടങ്ങിയ വിഷയങ്ങളിൽ ജനത്തിനു് ഫെയ്സ്ബുക്കിലൂടെ പ്രായോഗികജ്ഞാനം പകർന്നു് നൽകാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയോ, അതല്ലെങ്കിൽ, പോപ് സ്റ്റാർ, ഫിലിം സ്റ്റാർ തുടങ്ങിയ വകയിൽപെട്ട ഒരു സെലിബ്രിട്ടിയോ ആണു് നിങ്ങളെങ്കിൽ, ഫ്രണ്ഡ്സിന്റെ എണ്ണം എത്ര കൂടിയിരിക്കുന്നുവോ അത്രയും നല്ലതായിരിക്കും താനും.

Aug 20, 2018, 9:13 AM

അവകാശവാദങ്ങളുടെ ഡെസിബെൽ യൂണിറ്റ് അടിസ്ഥാനത്തിലായിരുന്നു മനുഷ്യരുടെ പ്രൊഡക്റ്റിവിറ്റി അളക്കപ്പെട്ടിരുന്നതെങ്കിൽ കേരളത്തിനു് ഇൻഡ്യയിലെയെന്നല്ല, ലോകത്തിലെതന്നെ “നമ്പർ വൺ” ആകാമായിരുന്നു.

Aug 21, 2018, 11:23 AM

“അവസ്ഥ അറിയാത്ത നായരേ, അത്താഴമുണ്ണാൻ വാ എന്നു് പറഞ്ഞപോലെ” എന്നൊരു താരതമ്യമുണ്ടെന്നു് ചെറുപ്പത്തിൽ അമ്മ പറഞ്ഞു് തരാതിരുന്നെങ്കിൽ, ദുരിതനിവാരണസന്ദേശങ്ങളുടെ ധാരാളിത്തം കൊണ്ടു് പ്രളയകാലകേരളത്തെ ഞാൻ സമ്പന്നമാക്കിയേനെ!

ഉദാഹരണത്തിനു്, വെള്ളപ്പൊക്കത്തിനു് നേരെയുള്ള അതിശക്തമായ ചെറുത്തുനില്പു് എന്ന രീതിയിൽ സംസ്ഥാനവ്യാപകമോ രാജ്യവ്യാപകമോ ആയ ഹർത്താലുകൾ. പ്രതിരോധസന്നദ്ധമായ സംസ്ഥാനസേനയുടെ വലിപ്പവും സ്ട്രൈക് കെയ്പ്പബിലിറ്റിയും പ്രദർശിപ്പിച്ചു് മഴയുടെ മുണ്ടാട്ടം മുട്ടിക്കാൻ (വെള്ളം തോർന്നു് റോഡുകൾ ഉണങ്ങിയ ശേഷം) കേരളത്തിന്റെ സ്വന്തം “റെഡ് വാളണ്ടിയർ ബ്രിഗെയ്ഡ്” അവതരിപ്പിക്കുന്ന ഒരു മാർച്ച് പാസ്റ്റ്. വ്യക്തിക്കോ കൂട്ടത്തിനോ പ്രാദേശികമായി സംഘടിപ്പിക്കാവുന്ന, ആഹാരമോ നിരാഹാരമോ ആയ കുത്തിയിരുപ്പു് സത്യാഗ്രഹങ്ങൾ. പൂമൂടലുകൾ. ചുംബനസമരങ്ങൾ. പ്രതിഷേധ മഹാമഹങ്ങൾ. അങ്ങനെ എത്രയെത്ര ബ്രില്യന്റ് ഐഡിയാസ്!

പക്ഷേ, പറഞ്ഞിട്ടു് കാര്യമില്ല. എല്ലാം കൊളമാക്കി എന്നു് പറഞ്ഞാൽ മതി. ആ അമ്മത്തള്ള ഒരുത്തിയാണു് എല്ലാം നശിപ്പിച്ചതു്.

Aug 21, 2018, 12:01 PM

വിഷയം ഏതായാലും, വാതുറന്നാൽ അളിഞ്ഞ കക്ഷിരാഷ്ട്രീയത്തിലൂടെയല്ലാതെ അതിനെപ്പറ്റി ഒന്നും പറയാനില്ലാത്ത, ഒന്നും പറയാനറിയാത്ത ഇന്നത്തെ നാറുന്ന തലമുറയുടെ അന്ത്യത്തോടെയല്ലാതെ കേരളത്തിൽ/ഭാരതത്തിൽ പോസിറ്റീവായ, ശാശ്വതമായ എന്തെങ്കിലുമൊരു മാറ്റം ഉണ്ടാവില്ല. അതും, ആ മാരകവിഷം പുതിയ തലമുറകളിലേക്കു് വ്യാപിക്കാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിച്ചാൽ മാത്രം.

Aug 21, 2018, 7:00 PM

For dirty power politics, disinformation has always been a successful way to confuse the people. Targeted fake news is a good propaganda instrument, especially in this internet era. As everybody knows, in murky water is fishing easier.

Aug 22, 2018, 8:56 AM

അൽഫോൻസ് കണ്ണന്താനത്തിന്റെ ഉറക്കത്തിന്റെ പടമാണു് സ്ട്രീം നിറയെ. മറ്റു് മന്ത്രിമാരെപ്പോലെ കസേരയിൽ ഇരുന്നു് ഉറങ്ങാത്തതിനാലാവും രസച്ചരടു് വലിക്കപ്പെട്ടതു് എന്നു് തോന്നുന്നു. എന്റെ അഭിപ്രായത്തിൽ, മന്ത്രിമാർ ഉണർന്നിരുന്നു് പിച്ചും പേയും പറയുന്നതിലും ഭേദമാണു് ഉറങ്ങുന്നതു്. കണ്ണന്താനം കിടന്നുറങ്ങുന്നതിൽ നിന്നും കിടന്നുമുള്ളൽ പ്രായം കഴിഞ്ഞിട്ടുണ്ടാവുമെന്നു് കരുതാം. അതാണെങ്കിൽ, മന്ത്രിമാരെ സംബന്ധിച്ചു് സെൽഫ് എവിഡന്റ് ആയ ഒരു കാര്യവുമല്ല.

Aug 24, 2018, 12:35 PM

ചിലരുടെ തൊഴിൽ ഷട്ടർ അടയ്ക്കലും തുറക്കലുമാണെങ്കിൽ വേറെ ചിലരുടേതു് കഴുത്തു് വെട്ടലും അറുക്കലുമാണു്. കഴിഞ്ഞ കാലങ്ങളിലുള്ള ശീല അഴിക്കുമോ മാനവനുള്ള കാലം എന്നു് കവി ചോദിച്ചതുപോലെ, കഴിഞ്ഞ കാലങ്ങളിലെ ജോലി മറക്കുന്ന സ്വഭാവം മനുഷ്യരിൽ എന്നും കമ്മി ആയിരുന്നതിനാൽ, അർഹതയില്ലാത്ത അധികാരസ്ഥാനങ്ങളിലേക്കു് മനുഷ്യർ എത്തിച്ചേർന്നാൽ, അറവുകാരൻ തുറക്കു് എന്നതിനു് പകരം അറുക്കു് എന്നും, തുറവുകാരൻ അറുക്കു് എന്നതിനു് പകരം തുറക്കു് എന്നും ഉത്തരവിറക്കിയാൽ അതിൽ അത്ഭുതത്തിനു് വകയില്ല. വനംകയ്യേറ്റം ഒഴിപ്പിക്കലിന്റെ കാലത്തു് ഒരു “പ്രമുഖ” നേതാവു് പറഞ്ഞതായി പറഞ്ഞു് കേട്ടിട്ടുള്ള ഒരു അതിസാരവാക്യംപോലെ, എലിയുടെ നിറം എന്തായാലും പൂച്ചയുടെ വിശപ്പു് മാറികിട്ടിയാൽ മതി എന്നതിനാൽ, കഴുത്തറുത്തു് കൊന്നാലെന്തു്, വെള്ളപ്പൊക്കത്തിൽ മുക്കിക്കൊന്നാലെന്തു്, മനുഷ്യർ ചത്തു് കിട്ടിയാൽ മതിയല്ലോ.

എല്ലാവരും എൻജിനിയേഴ്‌സ് ആവുന്നിടത്തു് “വർക്ക്” ചെയ്യാൻ ആരെങ്കിലും വേണമെന്നതിനാലാവാം, മുൻപൊക്കെ KSEB-യിൽ ഇലക്ട്രിസിറ്റി വർക്കേഴ്സ് എന്നൊരു വിഭാഗമുണ്ടായിരുന്നു. മാർക്സിയൻ ടെർമിനോളജിയിൽ പറഞ്ഞാൽ, ഒരുതരം ഇലക്ട്രിക്കൽ പ്രോളറ്റേറിയറ്റ്സ്. അവരൊക്കെ ഇപ്പോഴുമുണ്ടോ ആവോ.

പരാതിക്കാരനില്ലാത്തിടത്തു് ജഡ്ജിയില്ല, ജഡ്ജിയില്ലാത്തിടത്തു് ആരാച്ചാരുമില്ല.

ബൗദ്ധികപാപ്പരത്തവും സാംസ്കാരികനീചത്വവും സമൂഹത്തിന്റെ അധികാരം ഏറ്റെടുക്കുന്ന വ്യവസ്ഥിതിയാണു് കമ്മ്യൂണിസം. അതു് തിരിച്ചറിയാൻ വേണ്ട ബൗദ്ധികത ജനം കൈവരിക്കുമ്പോൾ ഇന്നത്തെ കിഴക്കൻ യൂറോപ്പ് ജനിക്കും. ജനത്തിനു് അതു് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏതാനും നേതാക്കൾക്കെങ്കിലും നേരം വെളുക്കാൻ തുടങ്ങിയാൽ, കഴുതയുടെ മുന്നിലെ ക്യാരറ്റ് എന്നപോലെ, ചുവന്ന കൊടികളുടെ വർണ്ണപ്രളയത്താൽ ജനങ്ങളിൽ കമ്മ്യൂണിസം എന്ന മിഥ്യാബോധം സൃഷ്ടിച്ചു് കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ചൈന ജനിക്കും. മാർക്സിന്റെ ഭാഷയിൽ, “യൂറോപ്പിനെ പിടികൂടിയ കമ്മ്യൂണിസം എന്ന ഭൂതത്തെ” തിരിച്ചറിയാൻ ജനത്തിനോ, നേതാക്കൾക്കോ കഴിയാതിരിക്കുകയും, അതേസമയം, ഒരു “സുപ്രീം ഊളയുടെ” നേതൃത്വത്തെ നിരുപാധികം അംഗീകരിക്കാനും ന്യായീകരിക്കാനും വിലയ്ക്കെടുക്കപ്പെട്ടവരും നാണംകെട്ടവരുമായ കുറെയേറെ ന്യായീകരണത്തൊഴിലാളികളും ചാവേറുകളും സർവ്വാത്മനാ സന്നദ്ധമായിരിക്കുകയും ചെയ്യുന്നിടത്തു് ഇന്നത്തെ വെനെസ്വേല ജനിക്കും.

Aug 25, 2018, 9:29 AM

എന്റെ ഫ്രണ്ട് അല്ലാത്ത ഒരാൾ ഷെയർ ചെയ്ത “The Wire” എന്ന ഇന്ത്യൻ വെബ് പബ്ലിക്കേഷന്റെ ഒരു ലേഖനം, കമ്മ്യൂണിസ്ററ് വൃത്തങ്ങളുടെ കാരക്റ്ററിസ്റ്റിക് ആയ കൂട്ടുത്തരവാദിത്തത്തിന്റെ പേരിലാവാം, ഒരു ഫെയ്‌സ്‌ബുക്ക്‌ ഫ്രണ്ട് ഷെയർ ചെയ്തിരിക്കുന്നതാണു് രാവിലെ ഫെയ്‌സ്ബുക്ക് തുറന്നപ്പോൾ കണികണ്ടതു്.

തലക്കെട്ടു്: “Debunked: Eight Malicious Myths About the Kerala Floods”.

ഇൻഗ്‌ളീഷിൽ ആയതിനാൽ ലേഖനം വായിച്ചില്ല. ഞാൻ പഠിച്ച കാലത്തെ ഇൻഗ്‌ളീഷൊന്നുമല്ല ഇപ്പോഴത്തെ ഇൻഗ്‌ളീഷ്. വായിച്ചാൽ ഒരു കുന്തവും മനസ്സിലാകില്ല. അന്നൊക്കെ ഇൻഗ്‌ളീഷ് വർത്തമാനത്തിൽ ഏകവചനത്തിന്റെയും ബഹുവചനത്തിന്റെയും ക്രിയകൾക്കു് പ്രത്യേകം പ്രത്യേകം പദവികളുണ്ടായിരുന്നു. ഇന്നു് വർത്തമാനത്തിലെന്നല്ല, ഭാവിയിലേക്കു് പോലും ക്ഷണക്കത്തില്ലാതെ ഭൂതം കയറിവരുന്നതു് സ്വാഭാവികമായ കാര്യമാണു്. അതിലാർക്കും അപാകതയൊന്നും തോന്നാറില്ല. മാറ്റത്തിനു് ഒരിക്കലും മാറ്റമില്ലെങ്കിലും കാലം മാറുമ്പോൾ ഭാഷയുടെയും മനുഷ്യരുടെ വസ്ത്രങ്ങളുടെയുമെല്ലാം കോലം മാറും.

എങ്കിലും, കഷ്ടപ്പെട്ടു് ഒരുവിധം ലേഖനത്തിനു് ആ സുഹൃത്തു് നൽകിയിരിക്കുന്ന അവതരണഗാനം വായിച്ചു. അതിൽനിന്നും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞതു്, ആരുടെയൊക്കെയോ പ്രോപഗാൻഡയിൽ വീണു് വെള്ളപ്പൊക്കസംബന്ധമായ ഒരുപാടു് വ്യാജവാർത്തകൾ തലയിൽ ചുമന്നുകൊണ്ടുനടന്നിരുന്ന ഒരു സഹപ്രവർത്തകനു് കാര്യങ്ങളുടെ യാഥാർത്ഥ “കുടികിടപ്പുവശം” വിശദീകരിച്ചു് കൊടുക്കാൻ അദ്ദേഹത്തിനു് അവനോടൊപ്പമിരുന്നു് ഒരു അഞ്ചു് വയസ്സുകാരനോടു് സംസാരിക്കുന്നപോലെ സംസാരിക്കേണ്ടി വന്നു എന്നാണു്. അവൻ അവന്റെ ജ്ഞാനം മറ്റുള്ളവരിലേക്കു് പരത്തുകയില്ല എന്നും അദ്ദേഹം “സിൻസിയറായി” ആശിക്കുന്നുണ്ടു്. പകർന്നു് നല്കരുതെന്നു് അദ്ദേഹം ഉദ്ദേശിച്ചതു് താൻ അവനു് പകർന്നു് നൽകിയ കമ്മ്യൂണിസത്തിൽ അധിഷ്ഠിതമായ വെള്ളപ്പൊക്കജ്ഞാനമല്ലെന്നും, അവന്റെ പഴയ പ്രോപഗാൻഡ ജ്ഞാനമാണെന്നും ഞാനും “സിൻസിയറായി” ആശിക്കുന്നു. കമ്മ്യൂണിസ്റ്റുകൾ പണ്ടേതന്നെ പ്രോപഗാൻഡയിൽ വിശ്വസിക്കുന്നവരല്ല.

മുന്നൂറിലേറെ മനുഷ്യരുടെ ജീവൻ അപഹരിച്ച ഒരു വെള്ളപ്പൊക്കദുരന്തത്തിന്റെ കാരണം, നിഷ്പക്ഷരായ പ്രൊഫെഷണല്സിന്റെ സൂക്ഷ്മമായ ഒരു പരിശോധനയിലൂടെയല്ലാതെ, ഭൂമിശാസ്ത്രപരമായി വിദൂരമായ ഏതോ ഒരു ഓൺലൈൻ പത്രത്തിന്റെ ഓഫീസിലിരുന്നു് അനലൈസ് ചെയ്തു്, യാഥാർത്ഥകാരണം കണ്ടെത്തി മറ്റെല്ലാ സാദ്ധ്യതകളെയും “പൊളിച്ചടുക്കി കയ്യിൽ കൊടുക്കണമെങ്കിൽ” ചില്ലറ കഴിവൊന്നും ഉണ്ടായാൽ പോരാ. അഞ്ചു് വയസ്സുകാരനു് അണക്കെട്ടും, ഷട്ടർ തുറക്കലും, മൺസൂണും, വെള്ളപ്പൊക്കവുമെല്ലാം വിശദീകരിച്ചു് കൊടുക്കാൻ കഴിവുള്ളവരുടെ ലോകമല്ലേ? ഉണ്ടായിക്കൂടെന്നുമില്ല.

(“നിച്പച്ചരായ” എക്സ്പെർട്സോ? അതെന്തു് സംഭവം?)

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഒന്നേ പറയാനുള്ളു: ആവക ജ്ഞാനങ്ങൾ അഞ്ചു് വയസ്സുകാരനു് വിശദീകരിച്ചു് കൊടുക്കാൻ കഴിവുള്ളവർ അവയെല്ലാം കാലത്തും നേരത്തും അഞ്ചാം ക്ലാസ്സുകാർക്കുകൂടി ഒന്നു് വിശദീകരിച്ചു് കൊടുക്കാനുള്ള സന്മനസ്സു് കാണിച്ചിരുന്നെങ്കിൽ ഒരുപാടു് ദുരിതങ്ങൾ ഒഴിവാക്കാമായിരുന്നു.

Aug 25, 2018, 12:25 PM

യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒരു ദിവസം ഏകദേശം 3.5 മില്യൺ ബാരൽ ഓയിൽ കോരുന്നു എന്നും, ഒരു ബാരലിന്റെ വില 75 ഡോളർ എന്നും കരുതിയാൽ, UAE-യുടെ ദിനംപ്രതിയുള്ള വരുമാനം 262.5 മില്യൺ അമേരിക്കൻ ഡോളർ. വാർഷികവരുമാനം 95812,50 ബില്യൺ. ഡോളറിനു് 70 രൂപ നിരക്കിൽ 670687500 കോടി ഇന്ത്യൻ രൂപ. അതിൽനിന്നും കേരളത്തിനു് ദുരിതാശ്വാസമായി 700 കോടി രൂപ നൽകുമെന്നും നൽകില്ലെന്നും ഫെയ്‌സ്ബുക്ക് മല്ലുരാഷ്ട്രീയകുരുക്ഷേത്രത്തിൽ രാഷ്ട്രീയമീമാംസകരുടെ പാണ്ഡവകൗരവയുദ്ധം.

(പത്തിക്കയ്യൻ പോക്കറുമാമ്മ ചിട്ടിക്കാരിപ്പാത്തുമ്മാനെ തോണ്ടീന്നും തോണ്ടീല്ലാന്നും ബയീലു് ബച്ചൊരു ബിസ്താരം).

GDP UAE 2017: 40752 billion $ Population: 9.5 million
GDP INDIA 2017: 2848 trillion $ Population: 1356 million

one million = 1,000,000
one billion = 1,000,000,000
one trillion = 1,000,000,000,000

ഒരവസരം വന്നപ്പോൾ പറഞ്ഞെന്നേയുള്ളു.

Aug 26, 2018, 4:00 PM

വെള്ളപ്പൊക്കത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങൾ സമൂഹം ചർച്ചക്കെടുക്കാതിരിക്കാൻ എത്ര തരത്തിലും നിറത്തിലുമുള്ള ശ്രദ്ധ തിരിക്കൽ പ്രമേയങ്ങൾ വേണമെങ്കിലും അവതരിപ്പിക്കാൻ ഞങ്ങൾ തയ്യാർ!

Aug 26, 2018, 5:45 PM

“This group is shameless. It’s the most shameless bunch of Indians I have ever seen. They’ve gone around spreading the lies religiously.”

അർണബ് ഗോസ്വാമിയുടെ ഈ വാചകങ്ങളിൽ നിന്നും എനിക്കു് മനസ്സിലായതു്, മതനിഷ്ഠയോടെ ചുറ്റിത്തിരിഞ്ഞു് നുണ പ്രചരിപ്പിക്കുന്ന ഏതോ ഒരു ഗ്രൂപ്പിനു് നാണമില്ലെന്നും, താൻ കണ്ടിട്ടുള്ളതിൽ വച്ചു് ഏറ്റവും നാണംകെട്ട ഇൻഡ്യാക്കാരുടെ ഒരു ഗ്രൂപ്പാണു് അതെന്നും പറയാനാണു് അയാൾ ശ്രമിക്കുന്നതെന്നാണു്.

മൊത്തം മലയാളികളെയാണു് അയാൾ ശകാരിച്ചതു് എന്നെനിക്കു് തോന്നുന്നില്ല. കാരണം, സാധാരണ ഗതിയിൽ, കേരളമെന്നു് കേട്ടാൽ എന്റെ ഞരമ്പുകളിൽ ചോര വളരെ തീക്ഷ്ണമായി തിളയ്ക്കാറുള്ളതാണു്. പക്ഷേ, ഇത്തവണ ഹെയർ ഡ്രയർ മാക്സിമത്തിൽ വച്ചു് ശരീരം മുഴുവൻ ചൂടാക്കിയിട്ടും ചോര അല്പം പോലും തിളയ്ക്കാൻ കൂട്ടാക്കിയില്ല.

എനിക്കെന്നല്ല, അർണബിന്റെ ചിലയ്ക്കൽ കേട്ടതുകൊണ്ടു്, വെള്ളപ്പൊക്കദുരിതത്തിൽപ്പെട്ട മനുഷ്യരെ രക്ഷപെടുത്താൻ സെൽഫികൾക്കോ മറ്റു് നേട്ടങ്ങൾക്കോ വേണ്ടിയല്ലാതെ, ജീവൻ പണയപ്പെടുത്തിയും അദ്ധ്വാനിക്കാൻ തയ്യാറായ, മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു് മനുഷ്യർക്കും ഞരമ്പിലെ ചോര തിളയ്ക്കുമെന്നു് തോന്നുന്നില്ല. എന്തിനോ വേണ്ടി തിളയ്ക്കാൻ അവരുടെ ഞരമ്പുകളിലെ ചോര സാമ്പാറല്ല – ചില പ്രത്യയശാസ്ത്രങ്ങൾ മനുഷ്യരക്തത്തിനു് സാമ്പാറിന്റെ വിലപോലും നൽകാറില്ലെങ്കിലും! മാത്രവുമല്ല, ജോലി ചെയ്താൽ മാത്രം ജീവിക്കാൻ കഴിയുന്നവർക്കു് ചുറ്റിനടന്നു് നുണ പ്രചരിപ്പിക്കാൻ എവിടെ നേരം?

ഇനി, അർണബ് ഗോസ്വാമി വല്ല മല്ലു കമ്മ്യൂണിസ്റ്റുകളെയുമാണോ ആവോ ഉദ്ദേശിച്ചതു്? എങ്കിൽ അയാളും ചങ്ങമ്പുഴയുടെ ടൈപ്പ് തന്നെ. സംശയം വേണ്ട.

Aug 27, 2018, 10:24 AM

മിനിമം ബാലൻസ്​ ഇല്ലാത്തതിന്​ പിഴ ഈടാക്കുന്ന ബാങ്കുകളുമായി സംസ്ഥാന സർക്കാർ ഇടപാടുകൾ നിർത്തുമെന്നു് ധനമന്ത്രി തോമസ് ഐസക് പ്രസ്താവിച്ചതായ ഒരു പോസ്റ്റ് ഇന്നു് സ്ട്രീമിൽ കണ്ടു. നോക്കിയപ്പോൾ അതിന്റെ ഡെയ്റ്റ് 2018 ജനുവരി 7.

അതിനും ഒരുദിവസം മുൻപു്, അതായതു് 2018 ജനുവരി 6-നു് “Che Guevara Fans” പ്രസിദ്ധീകരിച്ച ഇതേ പോസ്റ്റ് 2200 പേർ ഷെയർ ചെയ്തു് ഭൂമിമലയാളം മുഴുവൻ പരത്തിയിരുന്നു. പ്രസ്തുത ഇടപാടുകൾ നിർത്താൻ സർക്കാരിനു് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണോ അതേ പോസ്റ്റ് വീണ്ടും ഷെയർ ചെയ്യേണ്ടിവന്നതു് എന്നറിയില്ല.

ഏതാനും നാൾ മുൻപു് ആരോ ഷെയർ ചെയ്തു് കിട്ടിയ ഒരു കുഞ്ഞിന്റെ ഫോട്ടോ സഹിതമുള്ള ഒരു പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നതു് ആ പോസ്റ്റ് എത്രയും വേഗം ഷെയർ ചെയ്തു് പരമാവധി ആളുകളിൽ എത്തിച്ചു് ഒറ്റപ്പെട്ടുപോയ ആ കുഞ്ഞിനെ അതിന്റെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കണം എന്നായിരുന്നു. ഒറിജിനൽ പോസ്ററ് 2014-ലേതും! സ്വാഭാവികമായും വളരെ അർജന്റായി ചെയ്യേണ്ടകാര്യം തന്നെ. 2016-ലെ അത്തരം വേറെ രണ്ടു് പോസ്റ്റുകളും ഈ കഴിഞ്ഞയിട സ്ട്രീമിൽ കണ്ടിരുന്നു. ഇത്ര ശ്രദ്ധാപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർകൂടി ഉൾപ്പെടുന്നതാണു് രാഷ്ട്രീയവും ശാസ്ത്രവും മതവും ദൈവവും യുക്തിയുമെല്ലാം കൂലങ്കഷമായി ചർച്ച ചെയ്യപ്പെടുന്ന ഓൺലൈൻ മല്ലു ലോകം എന്നറിഞ്ഞിരിക്കുന്നതു് നല്ലതാണു്.

ഏതായാലും, കേരളത്തിന്റെ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന വീണ്ടും കാണാൻ ഇടവന്ന ഇന്നത്തെ തീയതി ഒന്നു് നോട്ട് ചെയ്തേക്കാം. “27.08.2018”. മറ്റൊന്നിനുമല്ല, മിനിമം ബാലൻസ്​ ഇല്ലാത്തതിനു്​ പിഴ ഈടാക്കുന്ന ബാങ്കുകളുമായുള്ള ഇടപാടുകൾ സംസ്ഥാന സർക്കാർ എന്നാണു് നിർത്തിയതു് എന്നറിയുന്ന മുറയ്ക്ക്, കേരളമന്ത്രിമാരുടെ പ്രസ്താവനകൾക്കും പ്രവൃത്തികൾക്കുമിടയിൽ എത്ര ദിനരാത്രങ്ങൾ വരെ കടന്നുപോകാം എന്നതിനെപ്പറ്റി ഒരു ഏകദേശധാരണ ഉണ്ടാക്കാമല്ലോ എന്നു് കരുതി.

വെള്ളപ്പൊക്കം, അതിന്റെ കാരണങ്ങൾ, അതിനോടനുബന്ധിച്ച ദുരിതനിവാരണപ്രവർത്തനങ്ങൾ, സാമ്പത്തികസമാഹരണങ്ങൾ, നഷ്ടപരിഹാര”ദാനധർമ്മങ്ങൾ” തുടങ്ങിയ കാര്യങ്ങളിൽ പ്രസ്താവനകളും വാഗ്ദാനങ്ങളും ഉറപ്പുനൽകലുകളുമെല്ലാം കുമിഞ്ഞുകൂടുന്ന ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അല്പമൊരു ഓറിയെന്റേഷൻ ഉണ്ടായിരിക്കുന്നതു് കണ്ണു് വെട്ടിക്കപ്പെടാതിരിക്കാൻ സഹായിക്കും.

Aug 27, 2018, 1:05 PM

കാണാൻ ആഗ്രഹിക്കുന്നതു് മാത്രം കാണാനും കേൾക്കാൻ ആഗ്രഹിക്കുന്നതു് മാത്രം കേൾക്കാനും കഴിയുന്ന ഒരു ജീവിയാണു് മനുഷ്യൻ എന്നാണല്ലോ വയ്പു്.

ദുബായ് രാജാവിന്റേതായി ഇപ്പോൾ ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്നതും, ചീത്ത ഭരണാധികാരിയും നല്ല ഭരണാധികാരിയും എങ്ങനെ ആയിരിക്കണമെന്നു് വിവരിക്കുന്നതുമായ രണ്ടു് ട്വീറ്റുകളുടെ വെളിച്ചത്തിൽ, സമകാലികലോകരാഷ്ട്രീയത്തിലെ ഒരാളെ നല്ലതോ, മറ്റൊരാളെ ചീത്തയോ ആയി പ്രഖ്യാപിക്കേണ്ട ഒരാഗ്രഹമോ, അതിന്റെ ഒരാവശ്യമോ ഇന്നത്തെ എന്റെ ജീവിതത്തിനില്ല. എങ്കിലും, അവ കണ്ടപ്പോൾ എന്റെ മനസ്സിൽ പ്രത്യക്ഷപ്പെട്ട രണ്ടു് ഭരണാധികാരികളുണ്ടു്: ഒന്നു്, വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ, രണ്ടു്, അൽബേനിയൻ പ്രൈം മിനിസ്റ്റർ എഡി രാമ. ആദ്യത്തെ ചങ്ങായി പണ്ടു് ഇന്ത്യയിൽ വന്നു് സായി ബാബയിൽ നിന്നും അനുഗ്രഹമൊക്കെ വാങ്ങിയിട്ടുള്ള ആളാണു്. രണ്ടാമത്തെ കക്ഷി ഒരു കലാകാരനും, പേരു് സൂചിപ്പിക്കുന്നപോലെ, വകയിൽ ശ്രീരാമന്റെയോ ചുരുങ്ങിയപക്ഷം പരശുരാമന്റെയെങ്കിലുമോ കുലത്തിൽ പിറന്നതാവാൻ വഴിയുള്ളവനുമാണു്. രണ്ടുപേരും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇന്ത്യയുമായി ബന്ധമുള്ളവരാണെന്നു് സാരം. പാർട്ടി അടിസ്ഥാനത്തിൽ പറഞ്ഞാൽ രണ്ടുപേരും സോഷ്യലിസ്റ്റുകൾ.

ദുബായി രാജാവിന്റെ നന്മ-തിന്മ തരംതിരിവിലെ ഏതു് ഗ്രൂപ്പിലാണു് ഇവരുടെ സ്ഥാനം എന്നറിയാൻ ഇവരിൽ ഒരാളെയെങ്കിലും അറിയുന്നവർക്കു് ബുദ്ധിമുട്ടുണ്ടാവാൻ വഴിയില്ല.

Aug 29, 2018, 9:16 AM

തന്നെ തിരഞ്ഞെടുത്താൽ ഓരോരുത്തർത്തർക്കും 15 ലക്ഷം രൂപാവീതം നല്കുമെന്നു് മോഡി പറഞ്ഞിരുന്നെന്നും, ആ ചക്രം ഇതുവരെ കിട്ടിയില്ലെന്നുമുള്ള ധാരാളം രോദനങ്ങൾ കുറെ നാളുകളായി ഫെയ്സ്ബുക്കിലൂടെ കേൾക്കുന്നു. സത്യത്തിൽ അങ്ങേർ അങ്ങനെ പറഞ്ഞിരുന്നോ എന്നെനിക്കറിയില്ല. അഥവാ മോദി അങ്ങനെ പറയുകയും, അതു് വിശ്വസിച്ചു്, അതിന്റെ പേരിൽ മാത്രം, ആരെങ്കിലും അങ്ങേർക്കു് വോട്ടു് നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ അതയാളുടെ ക്ലെവെർനെസും വോട്ടു് ചെയ്തവന്റെ ഫൂളിഷ്നെസും എന്നേ പറയേണ്ടതുള്ളു.

ക്ലെവെർനെസും ഇന്റലിജൻസും തമ്മിൽ അത്ര ചെറുതല്ലാത്ത ഒരു വ്യത്യാസമുണ്ടു്. ഇങ്കിലാ സിന്താവാ വിളിച്ചു് ജാഥ നടത്തിയാൽ നാളെ, ഏറിയാൽ മറ്റെന്നാൾ, വിപ്ലവം വഴി ഫ്രാൻസിൽ എന്നപോലെ, സമൂഹത്തിൽ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഒരുപാടു് സമ്പത്തും സമൃദ്ധിയും ഉണ്ടാവുമെന്നു് മനുഷ്യരെ പറഞ്ഞു് വിശ്വസിപ്പിക്കാൻ ഒരുത്തനു് കഴിയുന്നതു് ക്ലെവെർനെസും, അതൊരു പമ്പരവിഡ്‌ഢിത്തമാണെന്നു് സ്വയമോ, മറ്റാരെങ്കിലും പറഞ്ഞുകൊടുത്താലെങ്കിലുമോ മനസ്സിലാക്കാൻ കഴിയുന്നതു് ഇന്റലിജൻസുമാണെന്നു് വേണമെങ്കിൽ ലളിതമായി പറയാം. ആ അർത്ഥത്തിൽ, രാഷ്ട്രീയക്കാർ, ധ്യാനഗുരുക്കൾ, വായുഗുരുക്കൾ, ലാടഗുരുക്കൾ തുടങ്ങിയവരെ “ക്ലെവറുകൾ” എന്നും, അവരുടെ പിന്നാലെ കുനിഞ്ഞ മുതുകുമായി നടക്കുന്നവരെ “ചവറുകൾ” എന്നും വിളിക്കുന്നതിൽ തെറ്റില്ല. സൂപ്പർ ചവറുകളുമുണ്ടു്. സ്വന്തം സ്വപ്നാടനങ്ങളെ എന്തു് വിലകൊടുത്തും ന്യായീകരിക്കാൻ മടിയില്ലാത്തവരാണവർ. അതിനുവേണ്ടി മറ്റുള്ളവരുടെ മാത്രമല്ല, സ്വന്തജീവൻ വരെ ബലികഴിക്കാൻ മടിയില്ലാത്ത ഇക്കൂട്ടരോടു് സൂക്ഷിച്ചു് ഇടപെട്ടില്ലെങ്കിൽ ധനനഷ്‌ടം, മാനഹാനി, ജീവഹാനി തുടങ്ങിയ അനിഷ്ടങ്ങൾ സംഭവിച്ചുകൂടെന്നില്ല.

130 കോടിയിലേറെ മനുഷ്യർ വസിക്കുന്ന ഒരു ഉപഭൂഖണ്ഡത്തിൽ, 15 ലക്ഷം രൂപ കിട്ടുമെന്നു് കരുതി ഒരുവനെ ജയിപ്പിച്ചു് വിട്ട “ബുദ്ധിമതികൾക്കു്” ഇനി ഒന്നേ ചെയ്യാനുള്ളു: ഒന്നുകിൽ അതു് നീയുമല്ല, ഇതു് ഞാനുമല്ല എന്ന ആദ്ധ്യാത്മികതയിൽ അഭയം തേടി മിണ്ടാതിരിക്കുക, അല്ലെങ്കിൽ സൈക്കിളിൽ നിന്നും വീഴുമ്പോൾ മറിയം മൺറോകൾ ചെയ്യുന്നപോലെ, ചുറ്റുമുള്ളവരെ നോക്കി വിശദമായി നാലും കൂട്ടി ഒരു ചിരി പാസാക്കിയേക്കുക! ചിരി ആരോഗ്യത്തിനും നല്ലതാണു്. പുരുഷന്മാരെ അപേക്ഷിച്ചു് സ്ത്രീകൾ ആരോഗ്യത്തോടെയും ദീർഘകാലവും ജീവിച്ചിരിക്കുന്നതിന്റെ രഹസ്യം അനായാസമായി ചിരിക്കാനുള്ള അവരുടെ കഴിവിലാണു് കുടികൊള്ളുന്നതു്.

ഇനി, എന്തെങ്കിലും മിണ്ടിയേ അടങ്ങൂ എന്നാണെങ്കിൽ, വെള്ളപ്പൊക്കദുരിതാശ്വാസനിധിയിലേക്കു് നിശ്ശബ്ദം നിക്ഷേപിക്കുന്നതിനു് പകരം പക്ഷേകളും ചോദ്യങ്ങളുമായി മനുഷ്യനു് സ്വൈരം തരാതെ തലവേദനയുണ്ടാക്കുന്ന കക്ഷികളോടു് മിണ്ടാതിരിക്കാൻ ആഹ്വാനം ചെയ്യാം. ഒരുത്തിയേയും ഒരുത്തനെയും വാതുറക്കാൻ സമ്മതിക്കരുതു്. പ്രാതിനിധ്യമില്ലാതെ നികുതിചുമത്താൻ പാടില്ല എന്നും മറ്റും കാണുന്നവനെല്ലാം വിളിച്ചു് കൂവാൻ ഇതെന്താ ബോസ്റ്റൺ ടീ പാർട്ടിയോ?

Aug 31, 2018, 1:57 PM

വെള്ളപ്പൊക്കസംബന്ധമായ ഏതോ ചർച്ചകളിലാണെന്നു് തോന്നുന്നു, വല്ല ധാരണയോടുകൂടിയുമാണോ സംസാരിക്കുന്നതെന്നു് കേരളമുഖ്യമന്ത്രി ഒരെമ്മെല്ലേയോടു് ചോദിച്ചതായി ഫെയ്‌സ്ബുക്കിൽ കാണാനിടയായി. കേരളത്തിലെ എമ്മെല്ലെമാർക്കും, മന്ത്രിമാർക്കും, ജനത്തിനു് തന്നെയും കാര്യമായ ധാരണകളൊന്നുമില്ലെന്നു് സത്യസന്ധതയുടെ പേരിൽ സമ്മതിക്കേണ്ടിവരുമെങ്കിലും, യാതൊരുവിധ ധാരണയുമില്ലെന്നു് പറയുന്നതു് അല്പം കടുത്ത കയ്യായിരിക്കും. അവനവനിസത്തിൽ അത്യാവശ്യബിരുദങ്ങൾ നേടാത്തവർ തഴയപ്പെടുന്ന ഒരു വ്യവസ്ഥിതി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നവർക്കു് സ്വന്തം നേട്ടങ്ങളെപ്പറ്റി സാമാന്യം നല്ല ധാരണയുണ്ടാവാതെ തരമില്ല. വാചകമടിക്കാനുള്ള ശേഷിയിൽ കവിഞ്ഞൊരു കഴിവിന്റെ ആവശ്യമില്ലാത്ത ഒരു “കൃഷി” എന്ന നിലയിൽ രാഷ്ട്രീയം ഒരു തൊഴിലായി മനുഷ്യർ സ്വീകരിക്കുന്നതുതന്നെ വില തുച്ഛം, ഫലം മെച്ചം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണു്. ഏറ്റവും ചുരുങ്ങിയപക്ഷം, മനുഷ്യൻ അവനവനോടുതന്നെയെങ്കിലും സത്യസന്ധത പുലർത്താൻ ബാദ്ധ്യസ്ഥനാണു്. പക്ഷെ, അങ്ങനെയൊരു ധാർമ്മികബോധമോ, അതുവഴിയുള്ള മനസ്സാക്ഷിക്കുത്തോ ഇല്ലാത്തിടത്തോളം, അഥവാ ഉണ്ടെങ്കിൽത്തന്നെ അതു് തന്മയത്വത്തോടെ മറച്ചു് പിടിക്കാൻ കഴിയുന്നിടത്തോളം, “ജീവൻടോൺ” കഴിക്കുന്നതിനു് ശേഷമുള്ളതല്ലാതെ, അതിനു് മുൻപുള്ള തന്റെ ഒറിജിനൽ കോലം മനുഷ്യനെ അലട്ടുകയില്ല.

വൈദ്യുതിനിർമ്മാണം ലക്ഷ്യമാക്കുന്ന 23 അണക്കെട്ടുകളുള്ള കേരളസംസ്ഥാനത്തിൽ, ഒരഞ്ചാംക്ലാസുകാരനെ വൈദ്യുതവകുപ്പിന്റെ ചുമതല ഏല്പിച്ചതു് എന്തു് “ധാരണ” ഉണ്ടായിട്ടാണു് എന്നു് ചോദിക്കാൻ വേണ്ടത്ര “ധാരണ” ജനങ്ങൾക്കു് ഇല്ലാത്തിടത്തോളം, നേതാക്കളുടെ ഏതു് ധാരണയില്ലായ്മയും പാർട്ടിയധിഷ്ഠിതമായ ന്യായീകരണമുറവിളികൾ കൊണ്ടു് മൂടാൻ കേരളത്തിലുടനീളവും വിദേശങ്ങളിലും അണികളുടെ ആന്റിനകളെയും മെഗഫോണുകളെയും ഒരുക്കിനിർത്താൻ മതിയായ സാമ്പത്തികശേഷി ആ പാർട്ടിക്കു് ഉള്ളിടത്തോളം, കേരളത്തിലെ അണക്കെട്ടുകൾ “പത്രക്കാരെ തൃപ്തിപ്പെടുത്താൻ വേണ്ടി തുറക്കില്ല” എന്നോ, “ഇട്ടിക്കാലൻ തോട്ടം വെട്ടുന്നപോലെ”, തോന്നുമ്പോൾ ഷട്ടറുകൾ തുറന്നുവിട്ടു് നൂറുകണക്കിനു് മനുഷ്യരുടെ ജീവനും സ്വത്തും നശിപ്പിച്ചശേഷം, “എന്തു് കോപ്പു് അന്വേഷിക്കാൻ” എന്നോ, “വല്ല ധാരണയുമുണ്ടോ” എന്നോ, അതിൽ കൂടുതലോ ഒക്കെ ചോദിക്കാം. തദനുസരണമാണു് പ്രേക്ഷകരുടെ നിലവാരം!

വരട്ടുചൊറി നക്കി ഭേദമാക്കുന്ന വൈദ്യന്മാരെയും, ചുട്ട കോഴിയെ പറപ്പിക്കാൻ കഴിയുന്ന ദിവ്യപുരുഷന്മാരെയും, ചുട്ട മറുപടി നൽകാൻ കഴിയുന്ന ഓറൽ ഗ്ലാഡിയേറ്റേഴ്‌സിനെയും ആരാധിക്കുന്ന ഭക്തരുടെ ലോകമാണു്! അത്തരം അത്ഭുതപ്രവൃത്തികൾ കണ്ടു് ആഘോഷപൂർവ്വം ആർപ്പിടാനായി ടിക്കറ്റെടുത്തു് ഗാലറിയിൽ അക്ഷമരായി കാത്തിരിക്കുന്ന നേരംപോക്കു്തത്പരർ മാത്രമായ ഊളകൾക്കു് ഡാമുകൾ തുറന്നാലെന്തു്, അടച്ചാലെന്തു്, മനുഷ്യർ മരിച്ചാലെന്തു്, വസ്തുവകകൾ നശിച്ചാലെന്തു്, ആഹാരം അടക്കമുള്ള ദുരിതാശ്വാസവസ്തുക്കൾ ആരെങ്കിലും മോഷ്ടിച്ചാലെന്തു്? ഏതെങ്കിലുമൊരു നേതാവിന്റെ ഉപരിപ്ലവം മാത്രമായ ഒരു പ്രസംഗമോ, ഓഷോയിൽ നിന്നോ മറ്റോ കടമെടുത്ത ഒരു കിടിലൻ ഫ്രേയ്‌സോ ധാരാളം മതി വെള്ളപ്പൊക്കകെടുതിയിലും എന്റർടൈന്മെന്റ് തേടുന്ന “നമ്പർ വൺ” മല്ലു ചിരിച്ചുചിരിച്ചു് മണ്ണുകപ്പിക്കൊള്ളും.

സമൂഹനന്മയെപ്പറ്റി എന്തെങ്കിലും ധാരണയുള്ളവർക്കേ രാഷ്ട്രീയത്തിൽ സ്ഥാനമുണ്ടായിരുന്നുള്ളു എങ്കിൽ, കേരളത്തിലെ നിയമനിർമ്മാണസഭ ആദിയിലെ ഭൂമിയുടെ അവസ്ഥപോലെ പാഴും ശൂന്യവും ആയിരുന്നേനെ! എങ്കിൽ ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപത്തെ ഏതോ സായാഹ്നങ്ങളിൽ ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന ശാസ്ത്രപ്രചാരകർ, സ്വതന്ത്രചിന്തകർ, കുതന്ത്രചിന്തകർ, യുക്തിവാദികൾ, യുക്തിപ്രതികൾ, ന്യൂറോൺസ്, ന്യൂട്രോൺസ് തുടങ്ങിയ ജീവബിന്ദുക്കള്‍ക്കും നിർജ്ജീവബിന്ദുക്കൾക്കുമെല്ലാം അവിടെ അവരുടേതായ ഗ്രൂപ്പുകൾ ഉണ്ടാക്കി മണ്ണപ്പം ചുട്ടു് കളിക്കാമായിരുന്നു!

September 2018

Sep 2, 2018, 11:18 AM

ഒരു രാജ്യത്തെ ജനസംഖ്യ 130 കോടിയും, മൊത്തം വരുമാനം 130 കോടി പൈസയുമാണെന്നു് കരുതിയാൽ, ശുദ്ധഗണിതപ്രകാരം, ഓരോ തലയുടെയും വരുമാനം (income per capita) ഒരു മുഴുവൻ പൈസയായിരിക്കും. ജനസംഖ്യ വെറും നൂറ്റിമുപ്പതും, വരുമാനം നൂറ്റിമുപ്പതു് കോടിയുമെങ്കിൽ തലവരുമാനം ഒരു കോടി പൈസയായിരിക്കും – ഒരുലക്ഷം രൂഫാ! കൊള്ളാമെന്നു് തോന്നിയേക്കാമെങ്കിലും അതു് ആ നൂറ്റിമുപ്പതിൽ പെട്ട ഓരോരുത്തർക്കും കിട്ടിക്കൊള്ളണമെന്നില്ല. അവരിൽ കോടികൾ ഉള്ളവരും ഒന്നുമില്ലാത്തവരും ഉണ്ടാവാം. അതിനാണെങ്കിൽ ജനസംഖ്യ കൂടുതലോ കുറവോ എന്നതു് ബാധകവുമല്ല.

ജനസംഖ്യ എത്ര കൂടിയിരിക്കുന്നോ അത്ര എളുപ്പമായും കുറഞ്ഞ കൂലിക്കും തൊഴിൽദാതാവിനു് തൊഴിലാളികളെ കണ്ടെത്താൻ കഴിയും. ലോകത്തിൽ എന്നും മുതലാളികളുടെ എണ്ണം കുറവും തൊഴിലാളികളുടേതു് കൂടുതലുമായിരുന്നു. ഒരു അദാനി മുതലാളി, ഒരുപാടു് തുറമുഖത്തൊഴിലാളികൾ. ഒരു പാർട്ടി മുതലാളി, ഒരുപാടു് റെഡ് വാളണ്ടിയേഴ്‌സ്. ഒരു ഇടയൻ മുതലാളി , ഒരുപാടു് കുഞ്ഞാടുകൾ. അങ്ങനെയങ്ങനെ. 130 പേരിൽ നിന്നും ഒരു ജാഥക്കോ മഹാസമ്മേളനത്തിനോ ആളുകളെ സംഘടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ എളുപ്പത്തിൽ 130 കോടിയിൽ നിന്നും ആളുകളെ അതിനായി കൂലിക്കെടുക്കാൻ കഴിയും. അതേസമയം, നിയമനിർമ്മാണം വഴി, 130 കോടികൊണ്ടു് 130 പേരുടെയിടയിലെ സാമ്പത്തികമായ ഏറ്റക്കുറച്ചിലുകൾ ലഘൂകരിക്കുന്നതാണു് 130 കോടി കൊണ്ടു് 130 കോടി ജനങ്ങളുടെയിടയിലെ സാമ്പത്തിക അസമത്വങ്ങൾ കുറയ്ക്കുന്നതിനേക്കാൾ എളുപ്പവും പ്രായോഗികവും.

തന്മൂലം, നിയമനിർമ്മാണം വഴി ജനസംഖ്യ 130 കോടിയിൽ നിന്നും കുറെ കോടികൾ വെട്ടിക്കുറയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതൊരു നല്ല കാര്യമായിരുന്നേനെ! പക്ഷെ, ഒരു വീടു്, ഒരു കുഞ്ഞു് എന്നും മറ്റും നിയമമുണ്ടാക്കാനും അതു് ജനങ്ങളിൽ അടിച്ചേല്പിക്കാനും എല്ലാ രാജ്യങ്ങളും ചൈനയോ അവിടെ നിലനിൽക്കുന്ന വ്യവസ്ഥിതി “മാവോയിസ്ററ് കമ്മ്യൂണിസമോ” ഒന്നുമല്ലല്ലോ. ഇന്ത്യയിൽ അതുപോലൊരു നിയമം വന്നാൽ അതിനെതിരായി ജാഥ നയിക്കാൻ 130 കോടിയാണു് അവരുടേതായ കാരണങ്ങളെഴുതിയ ബാനറുകളുമായി കാത്തു് നിൽക്കുന്നതു് – കത്താൻ റെഡിയായി ഇന്ത്യയും!

Sep 4, 2018, 11:54 AM

ജേക്കബ് വടക്കാഞ്ചേരിക്കെതിരെ നിയമനടപടികൾ കൈക്കൊള്ളാൻ ആരോഗ്യമന്ത്രി ഡി.ജി.പി.യോടു് “കർശനമായി” നിർദ്ദേശിച്ചു. – വാർത്ത.

മന്ത്രിയുടെ ചെവിനിറയെ എന്റെ വക അനുമോദനത്തിന്റെ ചെമ്പരത്തിപ്പൂവുകൾ!

മന്ത്രിവാഗ്ദാനങ്ങൾ എന്റെ ചെവിയിൽ എന്നും ദൈവവചനങ്ങളായിരുന്നു.

Sep 4, 2018, 12:57 PM

“വെടിത്തറകൾ ന്യായീകരിക്കപ്പെടാനാണു് അടിത്തറകൾ രൂപീകരിക്കപ്പെടുന്നതു്.” – കാൾ മാർക്സ്

Sep 5, 2018, 4:45 PM

“മനുഷ്യര്‍ക്കുണ്ടാകുന്ന തെറ്റു് പാര്‍ട്ടിക്കാര്‍ക്കുമുണ്ടാകുന്നുണ്ടു്.” – ഫെയ്സ്ബുക്കിൽ കാണാനിടയായ, വനിത കമ്മീഷന്റെ വക ഒരു മൂല്യനിർണ്ണയം!

പാർട്ടിക്കാർ ചുമ്മാ വെറും സാമാന്യമനുഷ്യരല്ല എന്ന കേവലസത്യം വനിതക്കമ്മീഷൻ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നു് തോന്നുന്നു. ഭാഗ്യത്തിനു്, അക്കാര്യത്തിൽ താൻ കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഒരു ഏകാന്തപഥികയാണെന്ന നിരാശയുടെ ആവശ്യം കമ്മീഷനില്ല. അവരുടെ ഐഡിയോളജിക്കലി ഫെമിനിസ്റ്റിക് എക്സ്പെഡീഷനിൽ അവരോടൊപ്പംനിന്നു്, പണ്ടെന്നോ വോൾഗാനദിയുടെ തീരങ്ങളിൽ അലയടിച്ചിരുന്ന വിപ്ലവഗീതങ്ങൾ പാടിക്കൊണ്ടു് പൊരുതിമുന്നേറാൻ സർവ്വാത്മനാ സന്നദ്ധരായ ധാരാളം പേരുടെ – സർട്ടിഫിക്കറ്റ് പ്രകാരം ഉന്നത ബിരുദധാരികളായ ശാസ്ത്രജ്ഞരുടെയും, ബുദ്ധിജീവികളുടെയും വരെ – കമ്പനി അവർക്കു് പ്രതീക്ഷിക്കാം.

നൊസ്റ്റാൾജിയയുടെ സന്തോഷം, അതൊന്നു് വേറെതന്നെ! അതിനെ കവച്ചുവയ്ക്കാൻ പോന്ന ഒരു സന്തോഷമേയുള്ളു: പാർട്ടി സ്പോൺസർ ചെയ്യുന്ന പീഡനസന്തോഷം!

Sep 6, 2018, 10:08 AM

വിദ്യാഭ്യാസപരവും സാംസ്കാരികവുമായി ഗണനീയമായ വളർച്ച ഉണ്ടായാൽ മാത്രമേ സമൂഹത്തിൽ നിലവിലിരിക്കുന്ന ലിംഗ-, ജാതി-, വർഗ്ഗ-, വർണ്ണ-, മതപരമായതും, എന്നോ കാലഹരണപ്പെട്ടു് ചിതലരിച്ചതുമായ ധാർമ്മികവ്യവസ്ഥകളെയും സദാചാരസങ്കല്പങ്ങളെയും തിരിച്ചറിയാനും നിയമം മൂലം ഇല്ലായ്മ ചെയ്യാനും കഴിയൂ. പക്ഷെ, അതുവഴി രായ്ക്കുരാമാനം തകർന്നു് വീഴാൻ മാത്രം ബലഹീനമല്ല മനുഷ്യന്റെ തലകളിൽ അവ തലമുറകളിലൂടെ പണിതുയർത്തിയ കോൺക്രീറ്റ് മതിലുകൾ. ലക്ഷ്യബോധത്തോടെയുള്ള ദീർഘകാലത്തെ ബോധവത്കരണത്തിലൂടെ, അതും ഒരു പരിധിവരെ മാത്രം, നേടിയെടുക്കാൻ കഴിയുന്ന ഒരു പ്രയത്നമായിരിക്കുമതു്. ലക്ഷ്യബോധമോ, പലപ്പോഴും സുബോധം പോലുമോ ഇല്ലാതെ “കമ്മീഷൻ” ലക്ഷ്യമാക്കി പ്രയത്നിക്കുന്നവർ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല അതു്.

നിയന്ത്രിക്കുന്നവരെ ആരു് നിയന്ത്രിക്കും, പഠിപ്പിക്കുന്നവരെ ആരു് പഠിപ്പിക്കും എന്ന രീതിയിലുള്ള ചോദ്യങ്ങൾ പുരാതന റോമിൽത്തന്നെ മനുഷ്യർ ചോദിക്കാൻ തുടങ്ങിയിരുന്നു. ഇന്നു്, ആവിധ ചോദ്യങ്ങൾ ഒരു പ്രശ്നമേയല്ലാത്തവരും, ചോദിക്കുന്നവരെ വെട്ടുക്കിളി ആക്രമണങ്ങൾ വഴി നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്ന (പു)രോഗമനക്കാരും സുലഭമായ സമൂഹങ്ങളിൽ, നയിക്കേണ്ടവർ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങൾ അവയുടെ ഗുണഭോക്താക്കളായ കൂട്ടുകൃഷിസംഘത്താൽ മൂടിവയ്ക്കപ്പെടും. അതിനു് കഴിയാതെവന്നാൽ, ഫെയ്ക് ന്യൂസുകൾകൊണ്ടു് ജനശ്രദ്ധ തിരിച്ചുവിടാൻ അടിത്തറകൾ സദാ സന്നദ്ധരുമായിരിക്കും.

# Section 377

Sep 14, 2018, 4:39 PM

രാഷ്ട്രീയം എന്നതു് എന്നും, പ്രത്യേകിച്ചും ഈ ആധുനികലോകത്തിൽ, വളരെ കോംപ്ലക്സ് ആയ ഒരു കാര്യമാണു്. ആ കോംപ്ലെക്‌സിറ്റിയെ വൺ, ടൂ, ത്രീ എന്ന “മറ്റേടത്തെ” പണിയിലേക്കു് റെഡ്യൂസ് ചെയ്താൽ കമ്മ്യൂണിസ്റ്റ് കേരളത്തിലെ രാഷ്ട്രീയമായി.

Sep 22, 2018, 12:40 PM

ഭൂമിയിൽ ജീവൻ നിലനിൽക്കാൻ അത്യാവശ്യമായ ഒരു നക്ഷത്രമാണു് സൂര്യൻ. പക്ഷെ, ആ സൂര്യനിൽ നിന്നുതന്നെ പുറപ്പെടുന്ന അൾട്രാവയലറ്റ് രശ്മികൾ മനുഷ്യനേത്രങ്ങളെ തകരാറിലാക്കാൻ പര്യാപ്തമായ ഊർജ്ജം വഹിക്കുന്നവയാണു്. കൂളിങ് ഗ്ലാസ് ഉപയോഗിച്ചാൽ ഒരു പരിധിവരെ ആ അപകടത്തിൽ നിന്നും മനുഷ്യനു് രക്ഷപെടാൻ കഴിയും. അക്കാര്യത്തിലെങ്കിലും, വാ കീറിയ ദൈവം “ഞണ്ണാനും” തരും എന്ന മല്ലു മഹദ്‌വചനം പോലെ, കണ്ണുകൾ നൽകിയ ദൈവം കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യും എന്ന ഊളത്തരത്തിൽ വിശ്വസിച്ചു് പ്രാർത്ഥനാഗീതങ്ങൾ ചൊല്ലി ചൊറികുത്തുന്നതിനേക്കാൾ ഭേദമായിരിക്കും, വെയിലത്തു് നടക്കേണ്ടി വരുമ്പോൾ ഒരു കൂളിങ് ഗ്ലാസ് ധരിക്കുന്നതു്.

പക്ഷേ, സമ്പൂർണ്ണസാക്ഷരർ എന്നഭിമാനിക്കുന്ന മല്ലുക്കൾ ചാണകപ്പുഴുക്കളെപ്പോലെ ഞുളയുന്ന ഫെയ്‌സ്ബുക്കിലും മറ്റും കൂളിങ് ഗ്ലാസ് വച്ച ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാൻ, “കണ്ണുകൾ പഴുത്തു് ചീഞ്ഞിരിക്കുകയാണു് സാറേ” എന്നോ മറ്റോ, സില്മാമോഡലിൽ ഒരു ക്ഷമാപണം കൂടി ചേർത്തില്ലെങ്കിൽ, മല്ലുസംസ്കാരത്തിന്റെ മുൻഷിസ്വത്വത്തിൽ അധിഷ്ഠിതമായ പീറസദാചാരബോധം സടകുടഞ്ഞെഴുന്നേൽക്കും.

അതുപോലൊരു പ്രാകൃതസമൂഹത്തിലേക്കാണു്, ഇടയനാവേണ്ട ബിഷപ്പ് ബലാൽസംഗം ചെയ്തതിന്റെ പേരിൽ നീതി ലഭിക്കാൻ, ലിഖിതമായ ഒരു നീതിന്യായവ്യവസ്ഥ നിലവിലിരിക്കുന്ന ഇന്ത്യൻറിപ്പബ്ലിക്കിൽ മറ്റൊരു മാർഗ്ഗവും ഇല്ലാഞ്ഞാലെന്നപോലെ, സമരം ചെയ്യേണ്ടിവന്ന “പെണ്ണാടുകളായ” ഏതാനും കന്യാസ്ത്രീകൾ ഇറങ്ങിച്ചെല്ലുന്നതു്. അതിനെപ്പറ്റി, (“ഈച്ചര”വാരിയരെപ്പോലും രക്ഷിക്കാൻ കഴിയാതെ പോയ “ഈശ്വര”നോടു്) “ഈശ്വരോ” രക്ഷതു എന്നോ, സഭയെ രക്ഷിക്കൂ എന്നോ, മതവിശ്വാസികളെ സംരക്ഷിക്കൂ എന്നോ, “ഫ്രാൻ കോക്കിനു്” വേണ്ടി ഇരുമുലയ്ക്കലും തിരുമുലയ്ക്കലും തിരികൊളുത്തി പ്രാർത്ഥിക്കൂ എന്നോ ഒക്കെ ആഹ്വാനം ചെയ്യുകയല്ലാതെ മറ്റെന്തു് പറയാൻ?

Sep 27, 2018, 12:01 PM

ഞാനൊരു കമ്മ്യൂണിസ്റ്റാണു് അതുകൊണ്ടു് ഞാനൊരു റാഷണലിസ്റ്റാണെന്നു് പറയുന്നതു് ഞാനൊരു പെന്തെക്കൊസ്‌താണു്, അതുകൊണ്ടു് ഞാനൊരു സ്വതന്ത്രചിന്തകനാണെന്നു് പറയുന്നതു് പോലെയേയുള്ളു. ഞാനൊരു ഇസ്‌ലാമിസ്റ്റാണു് അതുകൊണ്ടു് ഞാനൊരു സോഷ്യൽ ഡെമോക്രാറ്റാണു് എന്നതൊരു അശ്ലീലമാണെന്നു് തിരിച്ചറിയാൻ കഴിയാത്ത പ്രബുദ്ധർ ജീവിക്കുന്ന രാഷ്ട്രീയകേരളത്തിൽ അതുപോലുള്ള വൈരുദ്ധ്യങ്ങൾ വിറ്റഴിക്കാൻ കഴിയുന്നതിൽ അത്ഭുതമില്ല. മാർക്സിസം എന്തെന്നോ ശാസ്ത്രം എന്തെന്നോ അറിയാത്തിടത്തോളം, മാർക്സിസം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണു് എന്നു് കേട്ടാൽ മനുഷ്യനു് ഓക്കാനം വരേണ്ട കാര്യമില്ലല്ലോ.

മതങ്ങൾ പോലെതന്നെ കമ്മ്യൂണിസവും “അവശരും ആർത്തരും ആലംബഹീനരും” ആയവരുടെ നന്മക്കുവേണ്ടി എന്ന ലേബലുമായാണു് ആരംഭത്തിൽ സമൂഹത്തിലെ അജ്ഞരായ മനുഷ്യരുടെയിടയിൽ വേരുറപ്പിക്കുന്നതു്. മരണശേഷം ലഭിക്കാനിരിക്കുന്ന സ്വർഗ്ഗീയജീവിതം, വരാനിരിക്കുന്ന നല്ല നാളെ തുടങ്ങിയവ സാമാന്യമനുഷ്യരിൽ ഉണർത്തുന്ന പ്രലോഭനം അവിശ്വസനീയമായവിധം ഭയങ്കരമാണു്. ടീനേജ് പെൺപിള്ളേർ കാമുകന്റെ സ്വരരാഗസുധയിലും മധുരവാഗ്ദാനങ്ങളിലും മയങ്ങുന്നതുപോലെയോ, ഈയാംപാറ്റകൾ തിരിനാളത്തിൽ ആകൃഷ്ടരാകുന്നതുപോലെയോ ഉള്ള ഒരു പ്രതിഭാസമാണതു്. ഒരിക്കൽ വാഗ്ദാനവലയിൽ വീണാൽ പിന്നീടൊരു മോചനം മിക്കവാറും അസാദ്ധ്യമായിരിക്കും. ഏതു് സെക്റ്റും അതിന്റെ അനുയായികളിൽ നിന്നും ആവശ്യപ്പെടുന്നതു് നിരുപാധികമായ വിധേയത്വമാണു്. തന്റെ വലയിൽ വീഴുന്ന ജീവികളെ ചിലന്തി അതിന്റെ നൂലുകൊണ്ടു് രക്ഷപെടാനാവാത്തവിധം വരിഞ്ഞുമുറുക്കിയശേഷം ഭുജിക്കുന്നപോലെ, സെക്റ്റിന്റെ വലയിൽ പെട്ടുപോകുന്ന മനുഷ്യർ ബ്രെയിൻ വാഷിങ് മുതൽ സൈക്കൊളോജിക്കൽ ടെറർ വരെയുള്ള “റീ എജ്യുക്കേഷൻ മെഷറുകളിലൂടെ” കൂട്ടിലൊതുക്കി ചൂഷണം ചെയ്യപ്പെടുന്നു. ആവിധത്തിലുള്ള ചികിത്സകൾ ഫലിക്കുന്നില്ലെന്നു് വന്നാൽ പിന്നീടുള്ള കാര്യങ്ങളുടെ ചുമതല വാടകക്കൊലയാളികൾ ഏറ്റെടുക്കും.

ഇലക്കഷണങ്ങൾ ചുമന്നുകൊണ്ടു് ഉറുമ്പുകൾ ജാഥയായി കൂട്ടിലേക്കു് പോകുന്നതു് സ്വന്തം ജീവിതത്തിനു് ആ കഷണങ്ങൾ ആവശ്യമാണെന്ന യാഥാർത്ഥ്യബോധം ഇൻസ്റ്റിങ്ക്റ്റീവായി അവയ്ക്കുള്ളതുകൊണ്ടാണു്. ആയിരക്കണക്കിനു് “രക്തവർണ്ണ”ക്കൊടികൾ ചുമന്നും, തൊണ്ട പൊട്ടുമാറ് മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചുംകൊണ്ടു് ഏതെങ്കിലും സമ്മേളനനഗരിയിൽ, ഉള്ളുപൊള്ളയെങ്കിലും തത്തമ്മയെപ്പോലെ വാചകമടിക്കാൻ സാമർത്ഥ്യമുള്ള പ്രാസംഗികരുടെ കള്ളക്കഥകളും വ്യാജവാഗ്ദാനങ്ങളും കേട്ടു് പുളകം കൊള്ളാനായി മാർച്ച് ചെയ്യുന്ന മനുഷ്യർ ആ ഉറുമ്പുകളുടെ അത്രയെങ്കിലും “റാഷണലിസ്റ്റുകൾ” ആയിരുന്നെങ്കിൽ അവർ ആ പരിപാടി ഉപേക്ഷിച്ചേനെ!

കേരളസമൂഹത്തെ നോക്കുകൂലിക്കാരുടെയും, റൗഡികളുടെയും, മാടമ്പികളുടെയും, മാഫിയാകളുടെയും കേളീപ്രദേശമാക്കി മാറ്റിയവർ, നിരപരാധികൾ മർദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയുമെല്ലാം ചെയ്യുമ്പോൾ (അതു് ചെയ്തവർ ഞമ്മന്റെ പരസ്യമോ രഹസ്യമോ ആയ കൂട്ടുകെട്ടിൽ പെടാത്തവരാണെങ്കിൽ മാത്രം!) മുതലക്കണ്ണീർ ഒഴുക്കുന്നതു് കാണാൻ നല്ല ചേലുണ്ടു്. പി. സി. ജോർജ്ജിനെ കുറ്റം പറഞ്ഞുകൊണ്ടു് എം. എം. മണിയുടെ പിന്നാലെ നടക്കുന്നവർ, രാജ്‌മോഹന്‍ ഉണ്ണിത്താനെ തെറി വിളിച്ചുകൊണ്ടു് ഫ്രാങ്കോ മുളയ്ക്കലിന്റെ പിന്നാലെ നടക്കുന്നവർ!

പട്ടാളച്ചിട്ടയിൽ വളരെ ടൈറ്റായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, നല്ല ക്യാപ്പിറ്റലുള്ള ഒരു സ്ഥാപനമാണു് കേരളത്തിലെ കമ്മ്യൂണിസ്ററ് പാർട്ടി. ലാൽ സലാമുകൾ, സിന്താവാകൾ, ചാവേറുകൾ, ന്യായീകരണത്തൊഴിലാളികൾ, ബക്കറ്റ് പിരിവുകാർ, ബ്രാഞ്ച് കമ്മിറ്റി, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി, ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, കേന്ദ്ര കമ്മിറ്റി എന്നിങ്ങനെ ആകെമൊത്തം അങ്ങേയറ്റം സങ്കീർണ്ണമാണു് സംഭവം. മാർക്സിസം എന്ന ആശയത്തിനു് ഏതെങ്കിലുമൊരു സമൂഹത്തിൽ നേരിയ തോതിലെങ്കിലും വിജയസാദ്ധ്യതയുള്ളതുകൊണ്ടല്ല, അതിന്റെ വിശ്വരൂപം തിരിച്ചറിയാൻ നല്ലൊരു പങ്കു് ജനങ്ങൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണു് അതുപോലൊരു പ്രാകൃത ഐഡിയോളജിക്കു് ഇന്നും കേരളത്തിലോ മറ്റെവിടെയെങ്കിലുമോ അനുയായികളെ കിട്ടുന്നതു്. സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ആരുമായും കൂട്ടുകൃഷി നടത്താൻ ലജ്ജയില്ലാത്ത നേതാക്കളാൽ നയിക്കപ്പെടുന്ന മറ്റു് ഡെക്കഡന്റ് പാർട്ടികൾ അവരുടെ പങ്കു് അതിലേക്കു് സംഭാവന ചെയ്യുകയും ചെയ്യുന്നു.

സഖാവു് മണ്ണത്തൂർ വിത്സൺ ഉള്ളതുകൊണ്ടുമാത്രം ഛിന്നഭിന്നമായി നിലംപതിക്കാതെ നിലനിൽക്കുന്ന ഒരു പ്രസ്ഥാനമാണു് കേരളത്തിലെ ഇന്നത്തെ കമ്മ്യൂണിസ്ററ് പാർട്ടി എന്നുകൂടി പറഞ്ഞാലേ ഈ കുറിപ്പു് പൂർണ്ണമാകൂ.

Sep 29, 2018, 11:42 AM

യുവതികളോ യുവാക്കളോ, വൃദ്ധകളോ വൃദ്ധന്മാരോ ശ്രീ അയ്യപ്പൻ വസിക്കുന്ന ശബരിമലയിലോ മറ്റേതെങ്കിലും ആരാധനാലയങ്ങളിലോ പോവുകയോ പോവാതിരിക്കുകയോ ചെയ്തതുകൊണ്ടു് ഭൂമിയുടെ ഭ്രമണപഥത്തിനോ, സൗരയൂഥത്തിനോ, അവയെയെല്ലാം ഉൾക്കൊള്ളുന്ന ആകമാന പ്രപഞ്ചത്തിന്റെ അവസ്ഥക്കോ എന്തെങ്കിലും മാറ്റം വരാൻ പോകുന്നില്ല എന്നതാണു് ഒരാശ്വാസം. സൂര്യനും ചന്ദ്രനും അടക്കമുള്ള “നവഗ്രഹങ്ങളെ” ഒരല്പം സൈഡൊതുക്കി സഞ്ചരിപ്പിച്ചാൽ തന്റെ കല്യാണദോഷം മാറിക്കിട്ടിയേനെയെന്നോ, തന്റെ ചാകൽ കുറച്ചുകൂടി നീട്ടിക്കിട്ടിയേനെയെന്നോ സർവ്വശക്തരായ ദൈവങ്ങളെ ഓർമ്മിപ്പിക്കാനായി ചില യുവതീയുവാക്കളും, “കണ്ണിലെപ്പീലികൾ പോലും നരച്ചുള്ള നരന്മാരും നാരികളും” അവിടങ്ങളിൽ പോകുന്നുണ്ടെന്നല്ലാതെ, ഗ്രഹങ്ങൾക്കോ നക്ഷത്രങ്ങൾക്കോ അവയുടെ ഗതിവിഗതികൾക്കോ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കണമെന്നോ സംഭവിക്കുമെന്നോ അവർ പോലും ചിന്തിക്കുന്നുണ്ടാവില്ല. ഇരിക്കുന്ന കൊമ്പു് മുറിച്ചാൽ എന്ന പോലത്തെ ചെറിയ പ്രത്യാഘാതമാവില്ല ഭൂമിയുടെയും നവഗ്രഹങ്ങളുടെയും പാളം തെറ്റിച്ചാൽ സംഭവിക്കുന്നതെന്ന കാര്യത്തെപ്പറ്റി തികഞ്ഞ ബോധമുള്ളവരും, പ്രാർത്ഥനയുടെ മാരകശക്തി അറിയാവുന്നവരും, ദീർഘവീക്ഷണമുള്ളവരുമായ ദൈവമക്കളാണവർ!

മനസ്സുവച്ചാൽ സൂര്യനെ പിടിച്ചു് നിർത്താൻവരെ അത്തരക്കാർക്കു് കഴിയും. യഹോവ എന്ന ദൈവത്തിനു് വേണ്ടപ്പെട്ടവനായിരുന്ന യോശുവ, യിസ്രായേൽ ജനതയ്ക്കു് അവരുടെ ശത്രുക്കളോടു് പ്രതികാരം ചെയ്തു് തീർക്കാനുള്ള സമയം ലഭിക്കാനായി സൂര്യനെയും ചന്ദ്രനെയും ഒരു ദിവസം മുഴുവൻ അനക്കമില്ലാതെ നിർത്തിയിട്ടുണ്ടു്. “സൂര്യാ, നീ ഗിബെയോനിലും, ചന്ദ്രാ, നീ അയ്യാലോൻ താഴ്വരയിലും നിൽക്ക” എന്നാണു് യോശുവ ആ “ഗ്രഹങ്ങളോടു്” കട്ടായമായി പറഞ്ഞതു്! അവ യോശുവയുടെ കല്പന അക്ഷരംപ്രതി അനുസരിക്കയും ചെയ്തു. അതല്ലാതെ അവയ്ക്കു് വേറെ വഴിയില്ലല്ലോ! സൂര്യൻ നിൽക്കുകയായിരുന്നോ, അതോ ഭൂമി അതിന്റെ കറക്കം നിർത്തിയതുകൊണ്ടു് സൂര്യൻ “നിശ്ചലം ചലം ചലം” നിൽക്കുന്നതുപോലെ യോശുവയ്ക്കും കൂട്ടത്തിനും തോന്നുകയായിരുന്നോ എന്നെനിക്കറിയില്ല. പറയുന്നതു് ബൈബിൾ ആയതുകൊണ്ടു് സംഭവം സത്യമാണെന്നു് മാത്രമറിയാം. (യോശുവ 10: 13)

തന്റെയും തന്റെ കുടുംബത്തിന്റെയും സൗഖ്യം, സന്തോഷം, ഒത്താൽ ഒന്നോ രണ്ടോ ശത്രുക്കളുടെ സംഹാരം തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണു് ഭക്തരിൽ അധികം പേരും. അഭൗതികമായ ഒരു ശക്തിക്കു് നിഷ്പ്രയാസം കഴിയുമെങ്കിലും, സ്വന്തശക്തി മാത്രം ഉപയോഗിച്ചു് നേടാൻ കഴിയാത്തതും, കഴിയുമായിരുന്നെങ്കിൽ താൻതന്നെ ചെയ്യുമായിരുന്നതുമായ കാര്യങ്ങൾ സാധിച്ചുകിട്ടാനാണു് ഭക്തർ ആരാധനാലയങ്ങൾ തേടിയെത്തുന്നതു്. ഭാഗ്യത്തിനു്, ഭക്തരുടെ പോക്കറ്റിൽ ഒതുങ്ങുന്ന ചെറിയ ചെറിയ കൈമടക്കുകളോ, കണ്ടുകാഴ്ചകളോ, ഉരുണ്ടുനേർച്ച പോലുള്ള സ്വയം പീഡനങ്ങളോ കണ്ടാൽ വളയുന്നവരാണു് ദൈവങ്ങൾ. കോഴിയെ കണ്ടാൽ നാവിൽ വെള്ളമൂറാത്ത കുറുക്കന്മാരുണ്ടോ? എന്തൊരു ഊളൻ താരതമ്യമെന്നു് ഇപ്പോൾ ചിലർക്കെങ്കിലും തോന്നിയേക്കാം: കുറുക്കനും ദൈവവും! കോഴിയും നേർച്ചയും! പക്ഷേ, ദൈവം, ആത്മാവു്, പുനരുത്ഥാനം തുടങ്ങിയ പ്രതിഭാസങ്ങളുടെ കാര്യം അങ്ങനെയാണു്. എത്ര അർത്ഥശൂന്യമായ താരതമ്യവും ഭക്തിയുടെ ലോകത്തിൽ മറുചോദ്യമില്ലാതെ അംഗീകരിക്കപ്പെടും. പുനർജ്ജന്മത്തെ തുണി മാറുന്നതുപോലെ നിസ്സാരമായ ഒരു കർമ്മത്തോടുപമിച്ചു് തടിതപ്പുന്ന വ്യാഖ്യാതാക്കൾ അവിടെ ചവറുപോലെയുണ്ടു്.

ചുരുക്കത്തിൽ, ഏതു് പ്രശ്നത്തിനും വലിയ ചിലവില്ലാതെ സൂത്രത്തിൽ പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയാണു് മനുഷ്യരെ ദൈവസന്നിധിയിലേക്കു് ആകർഷിക്കുന്നതു്. ആ പ്രതീക്ഷ അത്ര അടിസ്ഥാനരഹിതമല്ലതാനും. വിശ്വാസംവഴി ഹീലിങ് പ്രോസസ് ത്വരിതപ്പെടുത്താനാവുമെന്നു് ന്യൂറോ സയൻസ് കണ്ടെത്തിയിട്ടുണ്ടു്. പക്ഷേ, രോഗി കരുതിയേക്കാവുന്നപോലെ, രോഗശാന്തി ദൈവത്തിന്റെ പ്രവൃത്തിയല്ല, ദൈവസഹായത്തിലുള്ള വിശ്വാസംവഴി രോഗിയുടെ തലച്ചോറിൽ രൂപമെടുക്കുന്ന ബയോകെമിക്കൽ മാറ്റങ്ങളുടെ സ്വാധീനത്തിലൂടെ ശരീരത്തിൽ രൂപമെടുക്കുന്ന പരസ്പരപ്രവർത്തനങ്ങളുടെ ഫലമായി സംഭവിക്കുന്നതാണു്. രോഗശാന്തി ഏതെങ്കിലുമൊരു പ്രത്യേക ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യർക്കു് മാത്രം ലഭിക്കുന്ന പ്രിവിലേജല്ല എന്നതുതന്നെ ദൈവങ്ങൾക്കു് അതിൽ നേരിട്ടു് പങ്കൊന്നുമില്ലെന്നതിന്റെ തെളിവാണു്. ഒരർത്ഥത്തിൽ അതു് നല്ലതുമാണു്. കാരണം, ഹിന്ദുമതത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങൾ എട്ടുകാലി മമ്മൂഞ്ഞു് ചമഞ്ഞു് രോഗശാന്തിയുടെ പിതൃത്വം ഏറ്റെടുക്കാൻ തമ്മിലടി തുടങ്ങിയാൽ പിന്നെ അവരെ പിടിച്ചു് മാറ്റേണ്ട ജോലി കൂടി രോഗം മാറിയവൻ ഏറ്റെടുക്കേണ്ടി വരും.

ദൈവങ്ങളെത്തേടി പോകാതെ, ആത്മവിശ്വാസത്തോടെ (തന്നിൽത്തന്നെ വിശ്വസിച്ചു്) രോഗത്തെ നേരിടാൻ തീരുമാനിക്കുന്നവർക്കും രോഗശാന്തി ലഭിച്ചുകൂടെന്നില്ല. എന്നിരുന്നാലും, തന്നിലൂടെ തന്നെ സംഭവിക്കുന്ന രോഗശാന്തി തന്റെ ദൈവത്തിലൂടെ സംഭവിച്ചതാണെന്നു് വിശ്വസിക്കാനുള്ള അവകാശം രോഗികൾക്കു് നിഷേധിക്കുന്നതിനോടു് ഞാൻ യോജിക്കുന്നില്ല. രോഗികളോ, അതു് നിഷേധിക്കുന്നവരോ അതുവഴി ഒന്നും നേടുന്നില്ല എന്നതുതന്നെ കാരണം. പക്ഷേ, ദൈവത്തിന്റെ ചുമതലക്കാരായി ഭാവിക്കുന്നവർ സ്വന്തം ബിസ്നസ് വളർത്താനായി ഇത്തരം രോഗശാന്തികളെ “അത്ഭുതങ്ങളായി” അവതരിപ്പിച്ചു് സാമാന്യജനങ്ങളെ ചൂഷണം ചെയ്യുമെന്ന ഒരു പ്രശ്നമുണ്ടു്. യേശു പറഞ്ഞപോലെ, ശവമുള്ളിടത്തു് കഴുകന്മാർ കൂടും. കഴുകന്മാർ ഉള്ളിടത്തു് കഴുകന്മാരെ ന്യായീകരിക്കുന്നവരും കൂടാതിരിക്കില്ല. മല്ലുരാഷ്ട്രീയക്കാരിലൂടെ അക്കാര്യം മലയാളികളും കുറേശ്ശെ മനസ്സിലാക്കി വരുന്നുണ്ടെന്നതു് ആശ്വാസകരമാണു്.

വിശ്വസിച്ചാൽ മലയും മാറിപ്പോകും എന്നു് ബൈബിളും പറയുന്നുണ്ടു്. വിശ്വാസികൾ കയ്യേറിയ മലകളിൽ ഉരുൾപൊട്ടലുകൾ സംഭവിക്കുന്നതല്ലാതെ മലകൾ ചുവടുവച്ചു് നീങ്ങുന്നതു് കാണാൻ ഇതുവരെ ആർക്കും കഴിയാത്തതു് ഡാൻസ് ചെയ്യുന്നതു് മലകൾക്കു് ഇഷ്ടമല്ലാത്തതുകൊണ്ടല്ല, ആരും മലകളുടെ ഡാൻസിൽ വിശ്വസിക്കാത്തതുകൊണ്ടാണു്. മനുഷ്യർ വിശ്വസിക്കാതിരുന്നാൽ മലകൾ എങ്ങനെ ഡാൻസ് ചെയ്യാൻ? പ്ലെയ്റ്റ് ടെക്ടോണിക്സിൽ പങ്കെടുക്കുമെന്നല്ലാതെ, “Zorba The Greek”-ൽ Anthony Quinn ഭ്രാന്തു് പിടിച്ചു് ഡാൻസ് ചെയ്യുന്നപോലെ, സ്വമേധയാ ഡാൻസ് ചെയ്യുന്ന രീതി മലകളുടെയിടയിൽ നിലവിലില്ല. (പഴയതെങ്കിലും, ആ ഫിലിം കണ്ടിട്ടില്ലാത്തവർ കാണുന്നതു് നല്ലതാണു്. എന്റെ അഭിപ്രായത്തിൽ, മനുഷ്യപ്രകൃതിയുടെ ഇരുണ്ട മൂലകളിലേക്കു് വെളിച്ചം പകരുന്നതും, ഭംഗിയായി ചെയ്തിട്ടുള്ളതുമായ ഒരു ഫിലിമാണതു്.)

ക്ഷേത്രങ്ങളും പള്ളികളും മോസ്ക്കുകളും ഉള്ളിടത്തോളം, അവിടങ്ങളിൽ പ്രശ്നപരിഹാരാർത്ഥം, ദർശനത്തിനും പ്രാർത്ഥനയ്ക്കുമായി മനുഷ്യർ പോകും. കഷ്ടകാലത്തിനു്, ജീവിതപ്രശ്നങ്ങൾ പുരുഷന്മാരുടെ മാത്രം തലവേദനയല്ല, പുരുഷന്മാരെപ്പോലെതന്നെ, പലപ്പോഴും അവരേക്കാൾ കൂടുതലായി, സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണതു്. ദൈവങ്ങൾ ആരാധനാലയങ്ങളിൽ കുത്തിയിരിക്കുന്നതു് മനുഷ്യരെ സഹായിക്കാനാണെങ്കിൽ, മനുഷ്യർ എന്നു് വിളിക്കപ്പെടാനുള്ള അർഹത സ്ത്രീകൾക്കു് നിഷേധിക്കപ്പെടാൻ പാടില്ലാത്ത ഒരു മനുഷ്യാവകാശമാണെങ്കിൽ, എന്തിനു് വേണ്ടിയാണോ പുരുഷന്മാർ ദേവാലയങ്ങളിൽ പോകുന്നതു്, അതേ കാരണങ്ങളുടെ പേരിൽ സ്ത്രീകൾക്കും, സാമാന്യബുദ്ധിക്കു് നിരക്കാത്ത വിലക്കുകളൊന്നുമില്ലാതെ, അവിടെ പ്രവേശിക്കാൻ നിയമപരമായി അനുവാദം നൽകേണ്ടതുണ്ടു്. പുരാതന ക്ഷേത്രങ്ങളും ദേവാലയങ്ങളുമെല്ലാം മനുഷ്യന്റെ കൈവേലകളുടെ മാനിഫെസ്റ്റേഷനുകളാണു്. ദേവാലയസന്ദർശനം തികഞ്ഞ ഊളത്തരമാണെന്നു് എല്ലാ മനുഷ്യരും തിരിച്ചറിയുന്ന ഒരു കാലം വന്നാലും, നശിച്ചുപോകാതെ, എന്തു് വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ട, മാനവരാശിക്കു് പൈതൃകമായി ലഭിച്ച മൂല്യങ്ങൾ!

ഒന്നുകിൽ മനുഷ്യരെല്ലാം ഒന്നാണെന്നും എല്ലാവരും ദൈവസൃഷ്ടിയാണെന്നും വിളിച്ചുകൂവാതിരിക്കണം. വിളിച്ചുകൂവിയാൽ, ആ കൂവലിന്റെ പേരിൽത്തന്നെ, സ്ത്രീയെയും പുരുഷനെയും പുലയനേയും പറയനേയും ബ്രാഹ്മണനെയുമെല്ലാം തുല്യ അവകാശങ്ങളുള്ള മനുഷ്യരും, ദൈവസൃഷ്ടികളുമായി അംഗീകരിക്കാൻ നിങ്ങൾ തയ്യാറാവണം. അതല്ലെങ്കിൽ, അമിനോ ആസിഡുകളിൽനിന്നും ഏകകോശജീവികളിലൂടെ ബഹുകോശജീവികളിലേക്കു് സംഭവിച്ച പരിണാമശൃംഖലയിലെ ഒരു കണ്ണി മാത്രമാണു് മനുഷ്യരെന്നും, മലവും മൂത്രവും ആർത്തവരക്തം അടക്കമുള്ള ശാരീരികദ്രവങ്ങളുമെല്ലാം മനുഷ്യരുടെ നിലനില്പിന്റെ അനിവാര്യതകളാണെന്നും, അവയൊന്നും നിങ്ങൾ കുടിയിരുത്തിയിരിക്കുന്ന മിണ്ടാദൈവങ്ങളെ സമീപിക്കാൻ അവരെ അയോഗ്യരാക്കുന്ന കാര്യങ്ങളല്ലെന്നും തുറന്നു് സമ്മതിക്കാൻ മടിക്കാതിരിക്കണം.

പുരോഹിതരോടും അവരുടെ ശിങ്കിടികളോടും വ്യക്തിപരമായി എനിക്കു് ഇത്രയേ പറയാനുള്ളു: എനിക്കു് നിങ്ങളുടെ ഒരുവിധ ദൈവങ്ങളെയും ആവശ്യമില്ല. പക്ഷേ, ഒറ്റദൈവമോ, ഒരുപാടു് ദൈവങ്ങളോ ഇല്ലാതെ ഈ ഭൂമിയിൽ ജീവിക്കാൻ മനുഷ്യനു് കഴിയില്ലെന്നു് നിങ്ങൾതന്നെ പഠിപ്പിച്ചു് വച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരെ ആ ദൈവങ്ങളെ സന്ദർശിക്കുന്നതിൽ നിന്നും തടയാൻ ഒരു നിയമരാഷ്ട്രത്തിൽ നിങ്ങൾക്കു് യാതൊരുവിധ അവകാശമോ അധികാരമോ ഇല്ല. അതിനു് ശ്രമിച്ചാൽ, അന്തിമമായ പരാജയം നിങ്ങളുടേതു് മാത്രമായിരിക്കും.

Sep 30, 2018, 12:37 PM

ചെന്നി തലയും, ഉമ്മൻ ചാണ്ടിയും, മൾട്ടി സുധാകരൻസും, ദ്വന്ദ്വ രാഹുൽസും, ഒറ്റ ഗോർജ്യസും, മറ്റേ മണിയൻസും, കുരിശു് കക്ഷീസും, ശ്രീശ്രീ സ്വാമീസും, ജയജയ രാജൻസുമെല്ലാം ഒന്നിലേറെ പന്തുകളുമായി എത്രയൊക്കെയോ ഗോൾ പോസ്റ്റുകളിലേക്കു് പാഞ്ഞടുക്കുന്നതിനെപ്പറ്റി പരിണതപ്രജ്ഞരായ പത്രപ്രവർത്തകരിൽ ആരെങ്കിലും ഒരു റണിങ് കമന്ററി നടത്തിയിരുന്നെങ്കിൽ മനുഷ്യനു് വട്ടു് പിടിക്കാതിരുന്നേനെ! പണ്ടേതന്നെ കോഴികളായതുങ്ങളെ നിലാവെട്ടത്തിലേക്കു് അഴിച്ചു് വിടുകകൂടി ചെയ്താലെന്നപോലെയാണു് ഇപ്പോൾ മല്ലു ഫെയ്സ്ബുക്ക് സ്ട്രീമിന്റെ അവസ്ഥ.

October 2018

Oct 4, 2018, 5:00 PM

“ത്രികോണങ്ങൾക്കു് ഒരു ദൈവമുണ്ടായിരുന്നെങ്കിൽ, അവ ആ ദൈവത്തിനു് മൂന്നു് വശങ്ങൾ നൽകുമായിരുന്നു .” – മോണ്ടെസ്ക്യൂ (https://en.wikipedia.org/wiki/Montesquieu)

സാരി ചുറ്റിയ കൊടിമരത്തെ കണ്ടാൽ നിയന്ത്രണം നഷ്ടപ്പെടുന്നവരുടെ ലോകം ബ്രഹ്മചാരിയായ ഒരു ദൈവത്തെ സൃഷ്ടിക്കുമ്പോൾ, ആ ദൈവത്തെ കാണാൻ യുവസ്ത്രീകൾക്കു് അനുവാദം നൽകാതിരിക്കുന്നതിൽ അത്ഭുതം വേണ്ട. അതു് “മോണ്ടെസ്ക്യൂ കൺഫോം” ആണു്.

ശബരിമല അയ്യപ്പൻ യാഥാർത്ഥത്തിൽ ഒരു ബ്രഹ്മചാരി ആണെങ്കിൽ, അവിടെ ദർശനത്തിനു് പോകുന്ന സ്ത്രീകളുടെ പ്രായം അയ്യപ്പനു് ഒരു പ്രശ്നമാകേണ്ട കാര്യമില്ല. മഹാത്മാ ഗാന്ധിയെപ്പോലെ, തന്റെ ലിംഗസംബന്ധമായ കാര്യങ്ങളുടെ സംപൂർണ്ണകൺട്രോൾ തനിക്കുണ്ടെന്നു് തെളിയിക്കാൻ യുവതികളോടൊപ്പം കിടന്നു് നോക്കേണ്ട ആവശ്യമൊന്നും സാക്ഷാൽ താരക ബ്രഹ്മമായ ശ്രീ അയ്യപ്പനുണ്ടെന്നു് തോന്നുന്നില്ല. മനുഷ്യർക്കില്ലാത്ത കഴിവുകൾ ഉള്ളതുകൊണ്ടാണല്ലോ ദൈവങ്ങൾ ദൈവങ്ങളും മൂർത്തികൾ മൂർത്തികളുമെല്ലാം ആയിരിക്കുന്നതുതന്നെ. പ്രശ്‍നം അയ്യപ്പന്റേതല്ല, യുവതികൾ വന്നു് ദേഹത്തു് മുട്ടിയാലും ലിംഗനിയന്ത്രണം നഷ്ടപ്പെടുന്നവരല്ല തങ്ങളെന്നു് തെളിയിക്കാൻ തയ്യാറല്ലാത്ത, മലചവിട്ടാൻ പോകുന്ന അയ്യപ്പഭക്തരായ പുരുഷൻമാരുടേതാണു്. നോമ്പെടുത്തു് മല കയറുന്ന പുരുഷന്മാരെ കണ്ടാൽ ഉടനെ വന്നൊന്നു് മുട്ടിയുരുമ്മണം എന്നൊരു നിർബന്ധം പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കുണ്ടുതാനും! 41 ദിവസം വ്രതമൊക്കെയെടുത്തു് പോകുന്ന ഭക്തിനിർഭരമായ ചടങ്ങല്ലേ? നിയന്ത്രണം തെറ്റിയാൽ പിന്നത്തെ അവസ്ഥ തൂറാത്തവൻ തൂറുന്നതു് പോലെയോ, മുല്ലപ്പെരിയാർ ഡാം പൊട്ടുന്നപോലെയോ ഒക്കെ ആയിരിക്കും.

പാവം പുരുഷന്മാർ! “ആരോടു് പറയാൻ? ആരു് കേൾക്കാൻ?”

“പൊള്ളയായ തലയിൽ ഒരു ആശയം കടന്നുകൂടിയാൽ അതു് അതിനെ പൂർണ്ണമായും നിറയ്ക്കും, കാരണം, അതിന്റെ പദവിയെ എതിരിടാൻ ആ തലയിൽ മറ്റൊന്നുമില്ല”, “മനുഷ്യന്റെ ജന്മസമയത്താണു്, മരണസമയത്തല്ല കരയേണ്ടതു്” തുടങ്ങിയ കാര്യങ്ങൾ പറഞ്ഞതും മോണ്ടെസ്ക്യൂ തന്നെയാണു്. പക്ഷെ, രണ്ടാമത്തെ അഭിപ്രായത്തോടു് എനിക്കത്ര യോജിപ്പില്ല. ഇന്ത്യയിലെ ജനനനിരക്കു് വച്ചു് നോക്കുമ്പോൾ നിത്യമായ ഒരു കൂട്ടക്കരച്ചിലായിരിക്കും അതനുസരിച്ചാലത്തെ ഫലം. അമ്പലത്തിൽ നിന്നും, പള്ളിയിൽ നിന്നും, മോസ്‌കിൽ നിന്നും സ്വർഗ്ഗത്തിലെ ദൈവങ്ങളുടെ സന്നിധിയിലേക്കു് ഉച്ചഭാഷിണിയിലൂടെ ദിനംപ്രതി മുടക്കമില്ലാതെ അയക്കപ്പെടുന്ന പ്രാർത്ഥനാവിലാപങ്ങൾക്കു് പുറമെയാണു് ഈ ജന്മസമയരോദനങ്ങൾ എന്നോർക്കണം. സമയാസമയങ്ങളിലെ വെടിക്കെട്ടുകൾ വേറെയും! അതിനെല്ലാം പുറമെ, നേതാക്കളുടെ പ്രസംഗങ്ങൾ ശ്രദ്ധയോടെ കേൾക്കണമെന്ന ചുമതലയും ജനങ്ങൾക്കുണ്ടു്. ജന്മസമയത്തെ കരച്ചിൽ കൂടി തുടങ്ങിയാൽ ജനം താങ്ങില്ല.

P.S. മോണ്ടെസ്ക്യൂ ഒരു പൊളിറ്റിക്കൽ ഫിലോസഫറായി അറിയപ്പെടുന്നതു് ഇതുപോലുള്ള ഒറ്റവരിയനുകളും ഇരട്ടവരിയനുകളും ഉരുവിട്ടു് ലോകത്തെ ധന്യമാക്കിയതിന്റെ പേരിൽ മാത്രമല്ല. അങ്ങനെയെങ്കിൽ, ദിവസേനയെന്നോണം “ട്വീറ്റ്” ചെയ്യുന്ന അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് എത്രമാത്രം ഉഗ്രനായ ഒരു പൊളിറ്റിക്കൽ ഫിലോസറായിരുന്നേനെ!

Oct 10, 2018, 1:47 PM

“ദൈവം വലിയവനാണു്!”

ദൈവവിശ്വാസികളായ മനുഷ്യർക്കു്, അവർ ഏതു് മതത്തിൽ പെടുന്നു എന്ന വ്യത്യാസമില്ലാതെ, ഒരു കാര്യത്തിൽ ഒരുമയുണ്ടെങ്കിൽ അതു് ഇതിലാണു്: (അവരുടെ) ദൈവം വലിയവനാണു്! പോളിതീയിസത്തിലെ ദൈവങ്ങളുടെയിടയിൽ ഒരുതരം ഹയറാർക്കി നിലവിലുണ്ടെങ്കിലും, അതുവഴി അവർ വലിയവരല്ലാതാകുന്നില്ല. ലോകത്തിലെ കോടിക്കണക്കിനു് മുസ്ലീമുകൾ ഓരോ ദിവസവും ഏറ്റവും കുറഞ്ഞപക്ഷം അഞ്ചു് പ്രാവശ്യമെങ്കിലും “അല്ലാഹു അക്ബർ” എന്നു് ആവർത്തിക്കാറുണ്ടു്. ആരെക്കാൾ, അല്ലെങ്കിൽ എന്തിനേക്കാൾ വലിയവനാണു് ദൈവം എന്നു് പറയാത്തിടത്തോളം യാതൊരു അർത്ഥവും നൽകാൻ കഴിയാത്ത ഒരു വാചകമാണതു്.

എത്രമാത്രം വലിയവനാണു് ഒരുവന്റെ ദൈവം? ആ വാക്യം പറയുന്നവനെക്കാൾ വലുതു്? ഈ ഭൂമിയെക്കാൾ വലുതു്? സൗരയൂഥത്തെക്കാൾ? സൗരയൂഥം ഉൾപ്പെടുന്ന ഗാലക്സിയെക്കാൾ? അതുപോലുള്ള കോടാനുകോടി ഗാലക്സികളെ ഉൾക്കൊള്ളുന്ന “നമ്മുടെ” പ്രപഞ്ചത്തേക്കാൾ? ആ പ്രപഞ്ചത്തിനു് സമാന്തരമായി ഉണ്ടായിക്കൂടെന്നില്ലാത്ത കോടാനുകോടി മറ്റു് പ്രപഞ്ചങ്ങളുടെ മൊത്തത്തെക്കാൾ? ആ പ്രപഞ്ചങ്ങളെയെല്ലാം അപ്പാടെ ഉൾക്കൊള്ളാൻ കഴിയുന്ന മറ്റൊരു വലിയ പ്രപഞ്ചത്തെക്കാൾ? എത്രകോടി പ്രാവശ്യം വേണമെങ്കിലും ഇതുപോലെ “ഇൻഫിനിറ്റ് റിഗ്രെസ്” ആയി ചിന്തിക്കപ്പെടാൻ കഴിയുന്ന എത്രയെത്രയോ പ്രപഞ്ചങ്ങളെക്കാളും വലിയവൻ?

ഒരു റഫറൻസ് ഫ്രെയിമിൽ ഉൾപ്പെടുത്തപ്പെടാൻ കഴിയാത്ത പ്രസ്താവനകൾക്കു് എന്തെങ്കിലും അർത്ഥം നൽകാൻ കഴിയില്ല. “നീൽസ് ബോർ വലിയ ഒരു ഫിസിസിസ്റ്റാണു്” എന്ന പ്രസ്താവന സ്വാഭാവികമായും “ഫിസിസിസ്റ്റുകൾ” എന്ന, സ്വതഃസിദ്ധമായ ഒരു റഫറൻസ് ഫ്രെയിം മുന്നോട്ടു് വയ്ക്കുന്നുണ്ടു്. ആ “പരാമർശചട്ടക്കൂടു്” ഉള്ളതുകൊണ്ടാണു് ആ വാചകത്തിനു് ഒരർത്ഥം ഉണ്ടാകുന്നതു്. അതുകൊണ്ടാണു് നീൽസ് ബോറിനെ “ജിയോളജിസ്റ്റുകൾ” എന്ന, തികച്ചും വ്യത്യസ്തമായ, ഒരു ഫ്രെയിം ഓഫ് റഫറൻസിൽ ഉൾപ്പെടുത്തി ചിന്തിക്കാതിരിക്കാൻ മനുഷ്യർക്കു് കഴിയുന്നതു്. അതേസമയം, നീൽസ് ബോർ വലിയവനാണു് എന്ന, “കാലിയായ” ഒരു പ്രസ്താവന കേട്ടാൽ, ഫിസിക്സ് എന്തെന്നോ ശാസ്ത്രം എന്തെന്നോ അറിയാത്ത ഒരു സമൂഹത്തിൽ, ഏറിയാൽ, നല്ല പൊക്കവും തടിയും തൂക്കവുമുള്ള ഒരു മനുഷ്യൻ എന്നതിൽ കവിഞ്ഞ വലിയ ധാരണകളൊന്നും ആർക്കും ഉണ്ടാവാൻ വഴിയില്ല. എന്തിനു്, “മഹാഭാരതം” എന്നൊരു സാഹിത്യസൃഷ്ടിയെപ്പറ്റി കേട്ടിട്ടുപോലുമില്ലാത്തവർക്കു് “വലിയവനായ” നീൽസ് ബോറിനെ “ഭീമാകാരനായ” ഒരു മനുഷ്യനായിപ്പോലും സങ്കല്പിക്കാൻ കഴിയില്ല. അവരുടെ വോക്യാബ്യുലറിയിൽ “ഭീമൻ” എന്നൊരു പദം ഉണ്ടാവാൻ സാദ്ധ്യതയില്ല എന്നതുതന്നെ കാരണം. മൂന്നു് (സത്യത്തിൽ നാലു്!) മക്കൾക്കു് അമ്മയായ കുന്തിയും, നൂറ്റൊന്നു് മക്കൾക്കു് അമ്മയായ ഗാന്ധാരിയും അവർക്കു് അജ്ഞാതമായിരിക്കുമല്ലോ. (ഗാന്ധാരിക്കു് മക്കൾ നൂറ്റൊന്നു് എങ്കിലും, ധൃതരാഷ്ട്രർക്കു് മക്കൾ നൂറ്റിരണ്ടാണു്!) (ബൈബിൾ പ്രകാരം) ആദിയിൽ ദൈവത്തിന്റെ ആത്മാവു് വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നപോലെ, മഹാഭാരതകാലത്തു് ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന്റെ ആത്മാവു് ധൃതരാഷ്ട്രർ അടക്കമുള്ള പുരുഷന്മാരുടെ മീതെയും, നിത്യമണവാളനുവേണ്ടി സ്വന്തം കന്യാചർമ്മം പോറലൊന്നും പറ്റാതെ കാത്തു് സൂക്ഷിക്കുന്ന ഇക്കാലത്തെ ക്രൈസ്തവകന്യാസ്ത്രീകളുടെ ആത്മാവു് കുന്തിയുടെ മീതെയും പരിവർത്തിച്ചുകൊണ്ടിരുന്നു എന്നു് വേണം ഊഹിക്കാൻ.

ഇതുപോലൊരു കിടിലൻ പുസ്തകം ഞാൻ വായിച്ചിട്ടില്ല, ഇതുപോലൊരു കലക്കൻ സിനിമ ഞാൻ കണ്ടിട്ടില്ല, ഇതുപോലൊരു എരമ്പൻ പ്രസംഗം ഞാൻ കേട്ടിട്ടില്ല, ഇതുപോലൊരു ഇരട്ടച്ചങ്കൻ നേതാവിനെ ഞാൻ കണ്ടിട്ടില്ല തുടങ്ങിയ ആത്മനിഷ്‌ഠമായ പ്രസ്താവനകളുടെ കാര്യവും ഏകദേശം ഇതുപോലെതന്നെയാണു്. ആ പ്രസ്താവനകൾ നടത്തുന്നവർ സ്വായത്തമാക്കിയിട്ടുള്ള റെഫറൻസ് ഫ്രെയിമുകളെപ്പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിലേ അവയുടെ അർത്ഥപൂർണ്ണമായ ഒരു വിലയിരുത്തൽ സാദ്ധ്യമാവൂ. അതുകൊണ്ടു്, അവരെ കേൾക്കുന്നവർ ആർജ്ജിച്ചിട്ടുള്ള റെഫറൻസ് ഫ്രെയിമിന്റെ അടിസ്ഥാനത്തിൽ, ഒന്നുകിൽ പറയുന്നതു് പൂർണ്ണമായോ ഭാഗികമായോ വസ്തുതാപരമാണെന്നോ, അല്ലെങ്കിൽ അതു് മൊത്തം തികഞ്ഞ വിഡ്‌ഢിത്തമാണെന്നോ തിരിച്ചറിയാൻ അവർക്കു് കഴിയും.

കോപ്പുകളുടെയും, കാപ്പകളുടെയും, പേരിനു് പിന്നിൽ ചേർക്കുന്ന അക്കാഡമിക് ടൈറ്റിലുകളുടെയുമെല്ലാം ലക്ഷ്യം, പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സ്വതവേതന്നെ കഴിവില്ലാത്ത മനുഷ്യരുടെയിടയിൽ ഒരു “ഇമ്പ്രഷൻ” ഉണ്ടാക്കിയെടുക്കുക എന്നതാണു്. അതിന്റെ മറ്റൊരു വകഭേദമാണു്, ഉള്ളടക്കത്തെപ്പറ്റി “എലഗന്റായ” നിശബ്ദത പാലിച്ചുകൊണ്ടു് പുസ്തകക്കവറുകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ആഹ്വാനം ചെയ്യുന്നതു്. അതുവഴി, അത്തരം ഫോട്ടോകൾ “ഞാൻ” പോസ്റ്റ് ചെയ്യുന്നതിനെ ജസ്റ്റിഫൈ ചെയ്യാൻ എനിക്കു് കഴിയും. ആ പുസ്തകങ്ങളുടെ ഉള്ളിൽ എഴുതിയിരിക്കുന്നതു് എന്താണെന്നു് ആരെങ്കിലും ചോദിക്കും എന്ന ഭയവും വേണ്ട. ചുരുക്കിപ്പറഞ്ഞാൽ, മലയാളി, ഡാ!

അതുകൊണ്ടാണു്, പ്രപഞ്ചസ്രഷ്ടാവും, നീ വ്യഭിചരിക്കരുതു് എന്നൊരു കല്പന മനുഷ്യർക്കു് നല്കിയവനുമെന്നു് ബൈബിൾ വിശേഷിപ്പിക്കുന്ന യഹോവ എന്ന “വലിയവനായ” ദൈവം, മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്യപ്പെട്ട ഒരു സ്ത്രീയെ വ്യഭിചരിച്ചു് യേശു എന്നൊരു മകനെ ജനിപ്പിച്ചു എന്നു് പറഞ്ഞു് – അതേ ബൈബിൾതന്നെ – മനുഷ്യരെ “ബുദ്ധിമാന്മാരാക്കാൻ” ശ്രമിക്കുമ്പോൾ, ദൈവമക്കളെന്നു് സ്വയം കരുതുന്ന ചിലരുടെ ഫ്രെയിം ഓഫ് റഫറൻസിൽ അതു് പരമമായ സത്യമായും, റീസൺ ഉപയോഗിച്ചു് ചിന്തിക്കാൻ ശീലിച്ചിട്ടുള്ള മറ്റു് ചിലരുടേതിൽ അതു് സമാനതകളില്ലാത്ത ഒരു നുണയും, തികഞ്ഞ ഊളത്തരമായും തോന്നുന്നതു്. അതുകൊണ്ടാണു്, മറ്റൊരുവന്റെ ഭാര്യയെ സ്വന്തമാക്കാൻ മുഹമ്മദ് നബിക്കു് അല്ലാഹു വെളിപാടു് ഇറക്കിക്കൊടുത്തു എന്നു് വായിക്കുമ്പോൾ അതു് വിശ്വസിക്കാൻ ചിലർക്കും, അതു് അറപ്പുളവാക്കുന്ന ഒരു കെട്ടുകഥ മാത്രമാണെന്നു് വലിയ പരീക്ഷണനിരീക്ഷണങ്ങളുടെ ആവശ്യമൊന്നുമില്ലാതെ മനസ്സിലാക്കാൻ മറ്റു് ചിലർക്കും കഴിയുന്നതു്.

അതുകൊണ്ടാണു്, തന്റെ മുഖത്തു് നിന്നും കൈയിൽ നിന്നും തുടയിൽ നിന്നും പാദത്തിൽ നിന്നും യഥാക്രമം, ബ്രാഹ്മണരെയും ക്ഷത്രീയരെയും വൈശ്യരെയും ശൂദ്രരെയും, തന്റെ ശരീരഭാഗങ്ങളിൽ നിന്നല്ലാതെ – ദൈവമെന്ന നിലയിൽ തന്നിൽ മാലിന്യമൊന്നുമില്ലാത്തതിനാൽ – തന്റെതന്നെ സൃഷ്ടികളിൽ നിന്നും മലം മൂത്രം കഫം “ആർത്തവരക്തം” തുടങ്ങിയ “മാലിന്യങ്ങൾ” കഷ്ടപ്പെട്ടു് ശേഖരിച്ചു് അവകൊണ്ടു് ആദ്യത്തെ നാലു് വിഭാഗങ്ങൾക്കുമുള്ള അതേ മാനുഷികഗുണങ്ങളും ദോഷങ്ങളുമുള്ള, അതേ സൃഷ്ടി-സ്ഥിതി-സംഹാരനടപടിക്രമങ്ങളുള്ള, അതേ ജീവശാസ്ത്രവും ശരീരശാസ്ത്രവും അനുസരിക്കുന്ന വേറെ കുറെ മനുഷ്യരെ “ഹീന ജാതികൾ” എന്ന പേരിൽ സൃഷ്ടിച്ചവനാണു് ബ്രഹ്മാവെന്നും, സ്വന്തമകന്റെ തല വെട്ടിമാറ്റുകയും, അബദ്ധം തിരിച്ചറിഞ്ഞപ്പോൾ അവന്റെ സ്വന്തം തലയ്ക്കു് പകരം (വട്ടം തികഞ്ഞ) ഒരു ആനത്തല വച്ചുപിടിപ്പിച്ചു് തടിതപ്പേണ്ട ഗതികേടു് വന്നവനാണു് പരമശിവനെന്നുമെല്ലാം വിശ്വസിക്കാൻ ഭക്തരായ ചിലർക്കും, അവയെല്ലാം കഞ്ചാവോ മാജിക് മഷ്‌റൂമുകളോ പോലുള്ള ഹാലുസിനോജെനിക്കുകളുടെ സ്വാധീനത്തിൽ എഴുതപ്പെട്ട ദൈവകഥാകഥനങ്ങളും, തന്മൂലം യാഥാർത്ഥ്യങ്ങളുമായി ബന്ധമൊന്നുമുണ്ടാവേണ്ട കാര്യമില്ലാത്ത ഭാവനാസൃഷ്ടികളുമാണെന്ന നിഗമനത്തിൽ, സൈക്കഡലിക്കുകൾ മനുഷ്യന്റെ തലച്ചോറിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ ശാസ്ത്രാധിഷ്ഠിതമായി മനസ്സിലാക്കിയിട്ടുള്ള മറ്റു് ചിലർക്കും നിസ്സംശയം എത്തിച്ചേരാൻ കഴിയുന്നതു്.

കഞ്ചാവടിച്ചു് എഴുതപ്പെടുന്ന കവിതകളോ കഥകളോ നോവലുകളോ ആസ്വാദ്യമാകാതിരിക്കണമെന്നില്ല എന്നു് മലയാളികളോടു് പ്രത്യേകം പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല. യാതൊരു അർത്ഥവുമില്ലാതെ, വെറുതെ വാക്കുകൾ കൂട്ടിയിണക്കിയും കവിതയെഴുതാം. സില്മാക്കാരെ ഏൽപ്പിച്ചാൽ അതൊരു “ഹിറ്റ് സോങ്” ആയി രൂപാന്തരപ്പെടുകപോലും ചെയ്യാം. മാർക്സിസം, മാവോയിസം, ഇസ്‌ലാമിസം, ഹിന്ദുത്വ, “ക്രിസ്തുത്വ”, തുടങ്ങിയ എല്ലാവിധ ഐഡിയോളജികളുടെയും, അവയുടെ താത്വികാവലോകനങ്ങളുടെയും അടിത്തറ അർത്ഥശൂന്യതയുടെ അപാരതയിലാണു് പണിതുയർത്തപ്പെട്ടിരിക്കുന്നതു്!

ഓരോ വ്യക്തിക്കും അവന്റേതായ ഭൗതികവും മാനസികവുമായ ലോകങ്ങളുണ്ടു്. അവയാൽ നിശ്ചയിക്കപ്പെടുന്നവയാണു് അവന്റെ ബോദ്ധ്യങ്ങളും, വീക്ഷണകോണങ്ങളും, റെഫറൻസ് ഫ്രെയിമുകളുമെല്ലാം. ഒരു പരിധി വരെയല്ലാതെ, ആർക്കും പൂർണ്ണമായി അറിയാൻ കഴിയുന്നവയല്ല മറ്റു് മനുഷ്യരുടെ ലോകങ്ങൾ. “തന്നതില്ലപരനുള്ളുകാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍” എന്നു് ആശാനും, അതോടൊപ്പം മഹാകവിയുമായ കുമാരന്‍ പണ്ടേ പാടിയിട്ടുണ്ടു്. ഉള്ളുകാട്ടുവാനുള്ള ഉപായങ്ങളെന്നല്ല, എന്തെങ്കിലും കാട്ടുവാനുള്ള ഉപായങ്ങൾ ഈശ്വരൻ എന്നെങ്കിലും നരനോ, “നരിക്കോ” നൽകിയിട്ടില്ല, ഇനിയെന്നെങ്കിലും നല്കുകയുമില്ല. എന്തെങ്കിലും “ഉപായങ്ങൾ” മനുഷ്യർക്കു് ലഭിച്ചിട്ടുണ്ടെങ്കിൽ, അവ പ്രകൃതിയിൽ നിന്നും ലഭിച്ചിട്ടുള്ളവയാണു്. അക്കാര്യത്തിലാണെങ്കിൽ, മനുഷ്യർക്കു് നൽകാതിരുന്ന ചില പ്രത്യേക “ഉപായങ്ങൾ” മനുഷ്യർ അല്ലാത്ത ഒരുപാടു് ജീവജാലങ്ങൾക്കു് ലഭ്യമാക്കുന്ന കാര്യത്തിൽ പിശുക്കു് കാട്ടാതിരിക്കാൻ പ്രകൃതി ശ്രദ്ധിച്ചിട്ടുമുണ്ടു്. (ഞാൻ നിലനിൽക്കുന്നില്ല, ഒരിക്കലും നിലനിന്നിട്ടുമില്ല എന്ന ക്ഷമാപണത്തോടെ, പ്രപഞ്ചാരംഭത്തിനും ഒത്തിരിയൊത്തിരി മുൻപേതന്നെ ഈശ്വരൻ തലമൊട്ടയടിച്ചു് ശിഷ്ടകാലം പരാന്നഭോജിയായി കാശിയിൽ ചിലവഴിക്കാനായി തന്റെ ഭാണ്ഡം മുറുക്കിയിരുന്നു എന്ന, നിരാശാജനകവും ഹൃദയഭേദകവുമായ വാർത്ത സത്യസന്ധതയുടെ പേരിൽ എന്റെ വായനക്കാരെ അറിയിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണു്.)

വളരെ ഭയപ്പാടോടെയാണു് ഞാനിതു് പറയുന്നതു്. കാരണം, നാളെ, “പ്രകൃതിദൈവത്തിന്റെ ചാവേറുകൾ” എന്ന പുതിയൊരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ എന്നെ ആരോ “add” ചെയ്തതായുള്ള ഒരു “നോട്ടിഫിക്കേഷൻ” എനിക്കു് കിട്ടാനും, അതിൽനിന്നും എത്രയും വേഗം എന്നേക്കുമായി ഓടി രക്ഷപെടേണ്ട ഗതികേടു് എനിക്കു് ഉണ്ടാവാനും ഇടയാക്കുന്നതിനുള്ള വഴിമരുന്നാണു് ഇതുവഴി ഞാൻ ഇടുന്നതു് എന്ന പൂർണ്ണബോദ്ധ്യം എനിക്കുണ്ടു്. ഇതുവരെ നാല്പതോ അൻപതോ ഗ്രൂപ്പുകളിൽ നിന്നും എനിക്കു് രക്ഷപെടേണ്ടി വന്നിട്ടുണ്ടു്. അവയിൽ അധികപങ്കും പരിഷ്കൃതം എന്നു് തോന്നിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് ഐഡികളുടെ മറവിൽ കമ്മ്യൂണിസ്ററ് പ്രൊപഗാണ്ട നടത്തുന്ന മെഗാഫോണുകളായിരുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളെ സോർട്ട് ചെയ്യാനും കാറ്റഗൊറൈസ് ചെയ്യാനുമെല്ലാം വേണ്ടത്ര സമയം എനിക്കില്ലാത്തതിനാൽ, എല്ലാ ഗ്രൂപ്പുകളെയും ഒഴിവാക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. കേരളസമൂഹത്തിന്റെ സമസ്ത ജീർണ്ണതക്കും പ്രധാനകാരണമായ ഒരു പ്രാകൃതഐഡിയോളജിയെ മനുഷ്യരുടെ തലയിലേക്കു് വെർബൽ ഡയറിയ വഴി ഒളിച്ചു് കടത്താൻ ശ്രമിക്കുന്ന, ഇന്നും കേരളീയസംസ്കാരത്തിന്റെ ഏതൊക്കെയോ മുലക്കച്ചകളിൽ രക്ഷപെടാനാവാത്തവിധം കുരുങ്ങിക്കിടക്കുന്ന എട്ടുകാലിമമ്മൂഞ്ഞുകൾ!

Oct 28, 2018, 12:05 PM

മിന്നാമിനുങ്ങിനെ കരിയിലകളുടെ അടിയിൽ തിരുകി ആഞ്ഞൂതിയാൽ തീയുണ്ടാവുമെന്നു് വിശ്വസിക്കുന്നവരാണു് കുരങ്ങന്മാർ. വിശ്വസിക്കുക മാത്രമല്ല, തണുത്ത വെളുപ്പാൻ കാലങ്ങളിൽ ആ വിശ്വാസപ്രകാരം തീയുണ്ടാക്കാനായി കരിയിലച്ചോട്ടിലെ മിന്നാമിനുങ്ങുകളെ ഊതിയൂതി അവ തളരാറുമുണ്ടു്. അപ്പോഴേക്കും സൂര്യൻ ഉദിക്കുകയും തണുപ്പു് അകലുകയും ചെയ്യാറുള്ളതിനാൽ ഊത്തലിന്റെ ആയാസം അവ വളരെ പെട്ടെന്നു് മറക്കും. അതാണു് അവയ്ക്കു് ശീലവും, പതിവും, ആചാരവും. അതിലൊരു മാറ്റം ആരെങ്കിലും വരുത്തുന്നതു് അവയ്ക്കു് ഇഷ്ടമല്ലതന്നെ! അതിനു് ശ്രമിക്കുന്നവരെ അവർ വച്ചു് പൊറുപ്പിക്കില്ല.

മുടക്കമില്ലാതെ പരോപകാരി ആയിരുന്നുകൊള്ളാമെന്നു് വ്രതമെടുത്ത ഒരു സൂചിമുഖിപ്പക്ഷിക്കു് ഒരിക്കൽ കുരങ്ങന്മാരുടെ ഈ ഊത്തു് യജ്‌ഞം കാണേണ്ട ഗതികേടുണ്ടായി. അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ആ സമയം നക്ഷത്രഫലപ്രകാരം സൂചിമുഖിപക്ഷി അതിന്റെ ശനിദശയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. ലഗ്നാലും, ചന്ദ്രാലും, ആസനത്തിലെ ആലാലും നോക്കിയാൽ, ലഗ്നം കണ്ടകരാശികളിലും, “കുളിയൻ ആതിയിലും” നിൽക്കുന്ന ശനിദശയിൽ മനുഷ്യരായാലും പക്ഷികളായാലും കാണരുതാത്തതു് കാണും, കേൾക്കരുതാത്തതു് കേൾക്കും, വേണ്ടാത്തിടത്തു് ചെന്നു് ഊരാനാവാത്തവിധം തലയിടും. അതാണതിന്റെയൊരു ജ്യോതിഷാധിഷ്ഠിതവിധി. അതിനെതിരായി എന്തെങ്കിലും ചെയ്യാൻ ദേവപ്രശ്നത്തിനുപോലും കഴിയില്ല. വ്രതാടിസ്ഥാനത്തിലും മനസ്സാക്ഷിപ്രകാരവും, തണുത്തുവിറയ്ക്കുന്ന കുരങ്ങന്മാരെ സഹായിക്കാൻ തനിക്കു് ബാദ്ധ്യതയുണ്ടെന്നു് മനസ്സിലാക്കിയ സൂചിമുഖിപ്പക്ഷി ഒട്ടും താമസിയാതെ സംഭവത്തിന്റെ കിടപ്പുവശം അവറ്റകളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. മിന്നാമിനുങ്ങുകളിൽ നിന്നും വെളിച്ചം വരുന്നതു് എങ്ങനെ, അതുവഴി തീയുണ്ടാക്കാൻ എന്തുകൊണ്ടു് കഴിയില്ല തുടങ്ങിയ സാങ്കേതികവിഷയങ്ങൾ ഒരു സൗഹൃദസംഭാഷണത്തിലൂടെ ശാസ്ത്രീയമായി വിശദീകരിക്കുക എന്നതായിരുന്നു പക്ഷിയുടെ പ്ലാൻ A. രാഹുൽകാലം മൂലമോ മറ്റോ പ്ലാൻ A പരാജയപ്പെടുന്നപക്ഷം പ്രയോഗിക്കാനായി ഒരു പ്ലാൻ B-യും, പ്ലാൻ C-യും പക്ഷി മനസ്സിൽ കണ്ടിരുന്നു. പക്ഷെ, അതിന്റെ ആവശ്യം വന്നില്ല. സംഭാഷണത്തിന്റെ തുടക്കത്തിൽത്തന്നെ കുരങ്ങന്മാർ സൂചിമുഖിപ്പക്ഷിയെ പിടികൂടി തല്ലികൊന്നുകളഞ്ഞു. വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദപ്രതിവാദപ്രകാരം, കുരങ്ങുവർഗ്ഗത്തെ ഉപദേശിക്കാൻമാത്രം സൂചിമുഖിവർഗ്ഗം വളർന്നിട്ടില്ല എന്ന ആർഗ്യുമെന്റിന്റെ അടിസ്ഥാനത്തിലായിരുന്നു വധശിക്ഷ.

മരംചാട്ടത്തിലൂടെ ലോകവീക്ഷണം നടത്തുന്നവരെ വിഹഗവീക്ഷണത്തിലൂടെ ലഭിക്കുന്ന ലോകചിത്രത്തെ ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നു് കരുതിയതാണു് സൂചിമുഖിപ്പക്ഷിക്കു് പറ്റിയ തെറ്റു്. ഗരുഡൻതൂക്കക്കാർക്കു് ഗരുഡവീക്ഷണവും ഉണ്ടാവുമെന്നതു് ഒരു തെറ്റിദ്ധാരണയാണെന്നു് മനസ്സിലാക്കാൻ ആ പക്ഷിക്കു് കഴിയാതെപോയി. അതുകൊണ്ടു് ജീവനും പോയി. എന്തും സംഭവിക്കാമായിരുന്ന ശനിദശയിൽ മരണമല്ലേ സംഭവിച്ചുള്ളു എന്നു് ആശ്വസിക്കാം. ദൈവത്തിനു് സ്തുതി!

P. S. മിന്നാമിനുങ്ങിൽ നിന്നും തീയുണ്ടാക്കാൻ ശ്രമിക്കുന്ന കുരങ്ങന്മാരെ ബോധവത്കരിക്കാൻ സൂചിമുഖിപ്പക്ഷിക്കു് അവകാശമില്ലാത്തതുപോലെ, അജ്ഞതയിൽ അർമ്മാദിക്കാനുള്ള ഭക്തരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ യുക്തിവാദികൾക്കും അവകാശമില്ല. വളരെ പെട്ടെന്നു് പൊട്ടി ചലമൊഴുകുന്ന ഒരുപാടു് വികാരവ്രണങ്ങൾ ചുമക്കുന്നവരാണു് മതം, രാഷ്ട്രീയം, യുക്തിവാദം തുടങ്ങിയ എല്ലായിനത്തിലും പെട്ട ഭക്തർ. ഇന്ത്യയിലെ നാഷണൽ ഹൈവേകളിൽ യഥേഷ്ടം അലഞ്ഞുതിരിയാനുള്ള അമ്പലക്കാളകളുടെയും അമ്മപ്പശുക്കളുടെയും സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ലാമ്പോർഗീനി ഡ്രൈവേഴ്സിനു്, അവർ രാഷ്ട്രീയ നേതാക്കളോ, മതാധികാരികളോ ഒന്നുമല്ലാത്തിടത്തോളം, അവകാശമുണ്ടോ? അത്രേയുള്ളു കാര്യം.

ഒബ്ലിഗേറ്റൊറി എക്സ്ക്യൂസ്‌ നോട്ട് (മല്ലു വേർഷൻ): ഞാനൊരു യുക്തിവാദിയല്ല.

November 2018

Nov 9, 2018, 10:33 AM

സുഹൃദ്വലയങ്ങളിൽ കുഞ്ഞാൺമക്കളുടെ വീരശൂരബുദ്ധിവിശേഷങ്ങൾ വിളമ്പുന്നതു് അപ്പന്മാർക്കു് ഒരു ഹരമാണു്. താൻ സൃഷ്ടിച്ചെടുത്തതു് വെറുമൊരു കിഴങ്ങിനെയല്ല, തന്നെപ്പോലെതന്നെ ബുദ്ധിയും ശക്തിയും സൗന്ദര്യവും തികഞ്ഞ ഒരു “കുഞ്ഞപ്പനെ” ആണെന്ന സത്യം സന്തോഷപൂർവ്വം തന്റെ സുഹൃത്തുക്കളെ അറിയിക്കുക എന്ന നിരുപദ്രവകരമായ ഒരു ലക്ഷ്യമേ ആ വിളമ്പലിനുള്ളു. നാലുകെട്ടിലമ്മമാരുടെ നാട്ടുവിശേഷസദസ്സുകളിൽ, അവർ ജന്മം നൽകിയ “കുഞ്ഞമ്മമാരും” പാടിപ്പുകഴ്ത്തപ്പെടാറുണ്ടായിരിക്കണം. പക്ഷെ, “കൊട്ടിയമ്പലത്തിനു് അപ്പുറത്തേക്കു് ചാടാൻ” കെട്ടിലമ്മമാർക്കു് അനുവാദമില്ലാത്തൊരു പേട്രിയാർക്കൽ സമൂഹത്തിൽ അതിനത്ര പ്രചാരം കിട്ടാതിരിക്കുന്നതു് സ്വാഭാവികം. എങ്കിലും, മാർക്സിസത്തിൽ അധിഷ്ഠിതമായ കേരളഫെമിനിസത്തിന്റെ അശ്രാന്തപരിശ്രമം വഴി, അടുക്കളക്കരിപിടിച്ച ബ്ലാക്ക് ആൻഡ് വൈറ്റു് ലോകത്തിൽ നിന്നും പരസ്യചുംബനമേളകളുടെ വർണ്ണശബളിമയിലേക്കു് സ്ത്രീകൾ മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ, മേട്രിയാർക്കിക് സമൂഹത്തിലേക്കുള്ള റാഡിക്കലായ ഒരു മാറ്റം താമസിയാതെ ഉണ്ടാവുമെന്നു് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. ടീച്ചറമ്മമാർ പോളിറ്റ് ബ്യൂറോയിലിരുന്നു് അന്യഭാഷകളിൽ വിപ്ലവാഹ്വാനം നടത്തുകയും, പുരുഷകേസരികൾ വീട്ടിലിരുന്നു് പൂച്ചക്കവിതകൾ രചിക്കുകയും ചെയ്യുന്ന, മാർക്സിയൻ ഫെമിനിസത്തിന്റെ നല്ല “നാളെകഴിഞ്ഞുകൾ”!

പഴയൊരു വെടിവട്ടത്തിൽ ഒരു സഹപ്രവർത്തകൻ തന്റെ മൂന്നോ നാലോ വയസ്സുള്ള ഒറ്റമകനെപ്പറ്റി അതുപോലൊരു വടക്കൻവീരഗാഥ ചൊല്ലിയതു് ഓർമ്മവരുന്നു: അവന്റെ ആരോമലുണ്ണിക്കു് ചെറിയൊരു വയറുവേദന വന്നു. “പലരോടും നിനയാതെ ഒരു കാര്യം തുടങ്ങൊല്ല” എന്ന, ലോകാരംഭം മുതൽ കേരളത്തിൽ പ്രാബല്യത്തിലിരിക്കുന്ന ആചാരക്രമം അനുസരിച്ചു്, പലരോടും നിനഞ്ഞു്, കുഞ്ഞുങ്ങളുടെ വയറുവേദനക്കു് ലോകത്തിൽ ലഭ്യമായതിൽവച്ചു് ഏറ്റവും നല്ല ചികിത്സ കുഞ്ഞിനു് അല്പം ചെറുതേൻ കൊടുക്കലാണെന്ന രഹസ്യം അവൻ മനസ്സിലാക്കി. ഒരു വീട്ടിൽ എന്തെല്ലാം സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു് ആ വീട്ടുകാരേക്കാൾ കൃത്യമായി അയൽവാസികൾക്കു് അറിയാവുന്ന ലോകത്തിലെ ഏക നാടു് എന്ന നിലയിൽ, ഈദൃശ ഉപദേശങ്ങൾ നൽകി സഹായിക്കൽ കേരളീയർക്കു് പ്രയാസമുള്ള കാര്യമല്ല. സുഹൃത്തിന്റെ വീട്ടിൽ ആവണക്കെണ്ണ ഉണ്ടാവാതിരുന്നതു് ആ കുഞ്ഞിന്റെ ഭാഗ്യം!

അയൽവാസികൾ പറയും, നമ്മൾ ചെയ്യും! പറഞ്ഞു, ചെയ്തു. കുഞ്ഞിനു് ചെറുതേൻ കൊടുത്തു, വയറുവേദന മാറുകയും ചെയ്തു. വയറുവേദന മാറിയതു് തേൻ കൊണ്ടാണോ, കുടലറിഞ്ഞു് നാലു് വളിയോ, വയററിഞ്ഞു് നാലു് ഏമ്പക്കമോ വിട്ടാൽ മാറുമായിരുന്ന വേദനയായിരുന്നോ കുഞ്ഞിന്റേതു് തുടങ്ങിയ കാര്യങ്ങളുടെ പുറകെ നടന്നു് ഗവേഷണം നടത്തുന്ന രീതി കേരളത്തിൽ പതിവില്ല. ഏതു് കമ്മ്യൂണിസ്ററ് പച്ച അരച്ചു് കുടിച്ചിട്ടായാലും, രോഗം മാറിയാൽ ബന്ധപ്പെട്ട എല്ലാ കക്ഷികളും ഹാപ്പി! രോഗം മാറാതിരിക്കുകയോ, രോഗി തട്ടിപ്പോവുകയോ ചെയ്താൽ അതു് വാരഫലം അനുകൂലമല്ലാതിരുന്നതിനാലോ, പഥ്യം തെറ്റിച്ചതിനാലോ, അരിയെത്തിയതിനാലോ, ദൈവം (ഫോൺ)വിളിച്ചാൽ പോകാതിരിക്കാൻ മനുഷ്യർക്കു് പറ്റാത്തതിനാലോ മറ്റോ ആണെന്നു് ഗോത്രത്തിലെ ലോക്കൽ കമ്മിറ്റി വിധി പ്രസ്താവിക്കും, അത്രതന്നെ! അതുപോലുള്ള നഷ്ടങ്ങളുടെ വിടവുകളിൽ തിരുകി തൃപ്തിയടയാൻ വേണ്ടിയാണു്, “വരാനുള്ളതു് വഴിയിൽ തങ്ങില്ല”, “ദൈവം തന്നു, ദൈവം എടുത്തു”, “നല്ലവരെ ദൈവം പെട്ടെന്നു് വിളിക്കും” തുടങ്ങിയ സാരവാക്യങ്ങൾ ഗുരുക്കളും ലഘുക്കളും, വല്യുണ്ണികളും കുഞ്ഞുണ്ണികളും, വല്യകോഴിത്തമ്പ്രാക്കളും, കുഞ്ഞുകോഴിദാസന്മാരുമെല്ലാം ചേർന്നു് പനയോലക്കെട്ടുകളിൽ ഭദ്രമായി കുറിച്ചു് വച്ചിരിക്കുന്നതു്. കടുവയെ ദേശീയമൃഗമായും, മയിലിനെ ദേശീയപക്ഷിയായും പ്രഖ്യാപിച്ചിരിക്കുന്ന വിശുദ്ധപശുക്കളുടെയും ഞരമ്പുകോഴികളുടെയും രാജ്യമാണു് ഭാരതം എന്നു് പറയുന്നതിൽ തെറ്റില്ല. ആലാണു് ഭാരതീയരുടെ ദേശീയ മരം. പക്ഷെ, ആലിനു് മുളയ്ക്കാനും വളരാനും തനിക്കൊരു തണലാവാനും കഴിയുന്നൊരു വളഭൂമിയാവാൻ മത്സരിച്ചുകൊണ്ടിരിക്കുന്ന മലയാളികളോടു് അതു് പ്രത്യേകം പറയേണ്ട കാര്യമുണ്ടെന്നു് തോന്നുന്നില്ല.

ജീവിതത്തിൽ ആദ്യമായി കഴിച്ച ചെറുതേൻ അത്ര ചെറിയ തേനല്ല എന്ന രഹസ്യം കഥാനായകനായ ആരോമലുണ്ണിക്കു് പിടികിട്ടി. അതിനു് ശേഷം പതിവായി ഉണ്ണിക്കു് വയറുവേദന വരാനും, ചെറുതേൻ കഴിച്ചാൽ അതു് മാറുമെന്ന നിർദ്ദേശം ഒരു ചികിത്സാവിധി എന്ന രീതിയിൽ ഉണ്ണിതന്നെ കുടുംബസദസ്സിൽ മുന്നോട്ടു് വയ്ക്കാനും തുടങ്ങിയത്രെ! ഇവിടെ, “മക്കൾവീരഗാഥ” ആലപിക്കുന്നവർ ശ്രോതാക്കളിൽനിന്നും, “മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ”, “അപ്പന്റെയല്ലേ മോൻ” തുടങ്ങിയ, എത്ര ആവർത്തിച്ചാലും വിരസത അനുഭവപ്പെടാത്ത, അല്ലാഹു അക്ബറിനേക്കാൾ പുണ്യപുരാതനമായ കമന്റുകൾ പ്രതീക്ഷിക്കുന്നുണ്ടു്. നല്ലവരായ സുഹൃത്തുക്കൾ ആ പ്രതീക്ഷക്കൊപ്പം വളരാറുമുണ്ടു്. സുഹൃത്തുക്കളെയും, തനിയെ ഒരു കുട നിവർത്താനോ പിടിക്കാനോ പോലും ശേഷിയില്ലെങ്കിലും, രാജ്യഭരണം അച്ചട്ടായി നിർവ്വഹിക്കുന്ന നാടുവാഴികളെയുമെല്ലാം മഴയത്തോ വെയിലത്തോ നിർത്താതിരിക്കാനുള്ള ബാദ്ധ്യത നല്ല മനുഷ്യർക്കുണ്ടു്. അഥവാ, പനയോലവചനം അനുസരിച്ചു് അത്തരം മനുഷ്യർക്കേ നല്ല മനുഷ്യർ എന്ന വിശേഷണത്തിനു് അർഹതയുള്ളു.

കയ്പുള്ള കഷായം കുടിക്കേണ്ടിവരുമ്പോൾ, വായിലെ കയ്പുരസം പോയിക്കിട്ടാൻ, പഥ്യം അനുവദിക്കുന്ന പക്ഷം, തേനോ കൽക്കണ്ടമോ മറ്റോ കുഞ്ഞുങ്ങളുടെ നാവിൽ വച്ചുകൊടുക്കുന്ന ഒരു രീതിയുണ്ടു്. അതുവഴി, കഷായമല്ല, കൽക്കണ്ടമാണു് രോഗശാന്തിക്കു് കാരണമാവുന്നതു് എന്ന തെറ്റായ നിഗമനത്തിലേക്കു് കുഞ്ഞുങ്ങൾ എത്തിച്ചേർന്നുകൂടെന്നില്ല. ശ്രോതാക്കൾക്കു് അരോചകമായി തോന്നാതിരിക്കാനായി, തത്വചിന്ത, ശാസ്ത്രം തുടങ്ങിയ “തിക്തക”വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ അവയിൽ ഹ്യൂമറിന്റെ കൽക്കണ്ടങ്ങൾ ചേർക്കാറുണ്ടു്. അവധാനപൂർവ്വം ചെയ്തില്ലെങ്കിൽ അടപടലേ പാളിപ്പോകാവുന്ന ഒരു ഏർപ്പാടാണതു്. “യുക്തിവാദമല്ല നിരീശ്വരവാദം” എന്നും മറ്റുമുള്ള കേവലപ്രസ്താവനകൾ ശാസ്ത്രാധിഷ്ഠിതതത്വചിന്തയുടെ മൂര്‍ദ്ധന്യദശയിലെ വെളിപാടുകളാണെന്ന ഉത്തമബോദ്ധ്യമുള്ള അഡ്വെഞ്ചറേഴ്സ് ചുറ്റിത്തിരിയുന്ന ഓൺലൈൻ ലോകത്തിൽ ഇക്കാര്യത്തിൽ എത്ര ശ്രദ്ധിച്ചാലും അതു് കൂടുതലാവില്ല. വിഗ്രഹത്തിനു് പൂമാല ചാർത്തുന്നതും, കുരങ്ങിനു് പൂമാല നൽകുന്നതും തമ്മിൽ “അജഗജാന്തരവ്യത്യാസം” ഉണ്ടു്: ആദ്യത്തേതു് അജവും, രണ്ടാമത്തേതു് ഗജവുമാണു്. മറിച്ചായാൽ ശരിയാവില്ല. ഭക്തിയുടെ ലോകം എസ്സെൻസിന്റേതല്ല, ഫോമിന്റെയും ഫോർമാലിറ്റികളുടേതുമാണു്. നെറ്റിയിൽ “എസ്സെൻസ്” എന്നു് എഴുതിവയ്ക്കാൻ തലയ്ക്കുള്ളിൽ സെൻസ് വേണമെന്നില്ല എന്നു് ചുരുക്കം. മാത്രവുമല്ല, സെൻസില്ലായ്മയും ഉളുപ്പില്ലായ്മയും കോംപ്ലെമെന്ററിയുമാണു്.

വാൽക്കഷണം:

ഇൻഡ്യൻ കോൺസ്റ്റിറ്റ്യൂഷൻ അനുശാസിക്കുന്നതനുസരിച്ചു്, അയ്യപ്പഭക്തർക്കു് ലിംഗ-, പ്രായഭേദമെന്യേ ശബരിമലയിലെ അയ്യപ്പസന്നിധാനം സന്ദർശിക്കാൻ കഴിയണം. അതിനെ നിഷേധിക്കുന്ന ഏതു് നിലപാടും റിയാക്ഷനറിയാണു്. അതിൽ കൂടുതലെന്തെങ്കിലും സുപ്രീം കോർട്ട് പറഞ്ഞെന്നോ, പറയുമെന്നോ എനിക്കു് തോന്നുന്നില്ല. ചൈനയും തുർക്കിയും പോളണ്ടുമെല്ലാം നടപ്പിലാക്കുന്നതും നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതുമായ നീതിനിർവഹണരീതി ഏറ്റെടുക്കാൻ ഇന്ത്യ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണെന്റെ അറിവു്. എങ്കിലും, എവിടെ മതമുണ്ടോ അവിടെ അതിന്റെ കൊണവുമുണ്ടാവുമെന്നതിനാൽ, ഭാവിയിൽ മതമോ കമ്മ്യൂണിസമോ ഇന്ത്യയിൽ ശക്തി പ്രാപിക്കുന്ന പക്ഷം, പള്ളിയിൽ പോകലും, സ്വേച്ഛാപരമായി ശമ്പളം പിടിച്ചുപറിക്കലും പോലുള്ള കാര്യങ്ങളിൽ, സർവ്വാധിപത്യശക്തികളെ തൃപ്തിപ്പെടുത്തുന്നതരം തീരുമാനങ്ങൾ കൈക്കൊള്ളാൻ കോടതികൾ നിർബന്ധിതരാക്കപ്പെട്ടുകൂടെന്നില്ല.

ശബരിമലയിലെന്നല്ല, മറ്റുമലകളിലും കയറാൻ ഇഷ്ടപ്പെടുന്ന ധാരാളം മനുഷ്യരുണ്ടു്. അവരതു് ചെയ്യുന്നതു് 41 ദിവസം വ്രതമെടുത്തോ, കറുത്ത വസ്ത്രം ധരിച്ചുകൊണ്ടോ അല്ല. അതിനു് അവർക്കു് വേണ്ടതു് ഓരോ മലയുടെയും സാഹചര്യങ്ങൾക്കും കാലാവസ്ഥക്കും അനുസരിച്ച വസ്ത്രങ്ങളും, പാദരക്ഷകളും, വഴിയാഹാരത്തിനുള്ള മുൻകരുതലുകളുമാണു്. അതിനായി കെട്ടുകൾ അവർക്കും ആവശ്യമുണ്ടു്. അവ ഒരുമുടിയോ ഇരുമുടിയോ മുമ്മുടിയോ എന്നതിനേക്കാൾ, ആവശ്യമുള്ള വസ്തുക്കളെ ഉൾക്കൊള്ളാനുള്ള വലിപ്പം അവയ്ക്കുണ്ടോ എന്നതിനാണു് പ്രധാന്യം. അതിനാവശ്യം, വ്രതമെടുത്തു് ശരീരം ക്ഷയിപ്പിക്കുന്നതിനേക്കാൾ നല്ല ആഹാരം കഴിച്ചു് മല കയറാനുള്ള ആരോഗ്യം നിലനിർത്തലാണു്. സ്ത്രീകളെ സംബന്ധിച്ചാണെങ്കിൽ, ആർത്തവകാലത്തിനു് മുൻപുള്ള ബാല്യകാലമോ, ആരോഗ്യം ക്ഷയിക്കാൻ തുടങ്ങുന്ന വാർദ്ധക്യകാലമോ അല്ല, ആർത്തവവും ആരോഗ്യവും ഉള്ള കാലം തന്നെയാണു് അതിനു് യോജിച്ചതു്. മലകൾക്കു് ഭക്തരെപ്പോലെ ഭ്രാന്തില്ലാത്തതിനാൽ, ആർത്തവമുള്ള സ്ത്രീകൾ മല കയറിയാൽ തങ്ങളുടെ നൈഷ്ഠികമോ, മറ്റിനങ്ങളിൽ പെട്ടതോ ആയ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നതിന്റെ പേരിൽ അവ കളക്റ്റീവായി കൂട്ടവിലാപം നടത്തി സ്ത്രീകളെ പിന്തിരിപ്പിക്കുമെന്ന ഭയവും വേണ്ട.

അയ്യപ്പനെ കാണാൻ ആഗ്രഹിക്കുന്ന ഭക്തകളെ തടയുന്നവരിൽ നിന്നും അവർ സംരക്ഷിക്കപ്പെടണം. അതിനു് കഴിവില്ലെങ്കിൽ, അതു് ചെയ്യുമെന്ന പ്രഖ്യാപനങ്ങൾ വലിയ വായിൽ നടത്താതിരിക്കുകയെങ്കിലും ചെയ്യണം. ശബരിമലയിൽ യുവതികളായ ഭക്തകൾക്കും പ്രവേശിക്കാമെന്നുള്ള കോടതിവിധി അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ അതിനെതിരായി സമരം ചെയ്യുന്നതിൽ അന്യായമായി ഒന്നുമില്ല. പക്ഷെ, അതു് നിരീശ്വരരോ, യുക്തിവാദികളോ ആയ യുവതികൾ അയ്യപ്പന്റെ മുന്നിൽപ്പോയി – തന്ത്രിരരും, സൂത്രശരരും, രാജവംശരരും ചേർന്നു് അയ്യപ്പനെ ഇരുത്തിയിരിക്കുന്നതുപോലെ – കവച്ചു് കുത്തിയിരുന്നു്, അതിന്റെ സെല്ഫിയെടുത്തു് സോഷ്യൽ മീഡിയകളിൽ പരസ്യപ്പെടുത്തി തന്റെ ഈർപ്പപ്രദേശത്തിന്റെ മഹത്വം സകല ലോകത്തെയും കാണിക്കുന്നതിലൂടെയാവണമെന്നില്ല. ഉള്ളതേ കാണിക്കാൻ പറ്റൂ എന്നതു് ശരിതന്നെ. പക്ഷെ, അതിനു് ഉള്ളതെല്ലാം എവിടെയും തുറന്നു് കാണിക്കണമെന്നു് അർത്ഥമില്ല.

യുവസ്ത്രീകളെ പിടിച്ചുകെട്ടി പോലീസ് അകമ്പടിയോടെ ശബരിമലയിൽ എത്തിച്ചു് അയ്യപ്പനെക്കൊണ്ടു് അനുഗ്രഹിപ്പിക്കണമെന്നു് സുപ്രീം കോർട്ട് എന്നല്ല, സുബോധമുള്ള ഏതെങ്കിലുമൊരു വ്യക്തിയോ ഏജൻസിയോ പറയുമെന്നു് കരുതാൻ മാത്രം ഞാനൊരു ഐഡിയോളജി അടിമയല്ല. ഇന്ത്യയിലെ ജഡ്ജിമാർ ശുംഭന്മാരാണെന്ന അഭിപ്രായം ഞാനിതുവരെ പ്രകടിപ്പിച്ചിട്ടില്ലാത്തതിനാൽ, വേണ്ടവരെയും വേണ്ടാത്തവരെയും ശബരിമലയിൽ എത്തിച്ചു് ഇന്ത്യൻ നിയമസംഹിതയെ മാനിക്കുന്ന ഒരു മാന്യവ്യക്തിയാണു് ഞാനെന്ന തിരുത്തിയ തോന്നൽ മനുഷ്യരിൽ ജനിപ്പിക്കേണ്ട ആവശ്യവും എനിക്കില്ല. വാടകക്കൊലയാളികൾക്കു് ക്വൊട്ടേഷൻ കൊടുക്കുന്നതരം കാട്ടാളത്തത്തിന്റെ പ്രതിനിധി എന്ന കുപ്രസിദ്ധി ഞാൻ നേടിയിട്ടില്ല. അതുകൊണ്ടു്, കാണുന്നവരോടെല്ലാം, എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്നു് തോന്നുമോ എന്നു് ചോദിക്കേണ്ട ഗതികേടുമില്ല.

Nov 14, 2018, 11:49 AM

ആരാപ്പോ ജയിച്ചേ? കീഴൂരിടത്തിലെ ഉണിക്കോനാരോ മേലൂരിടത്തിലെ ഉണിച്ചന്ത്രാരോ? ആരാ മൂസ്സതു്? ആരാ ഇളയതു്? ഞാനാർക്കാ വോട്ടു് ചെയ്യേണ്ടതു്? ദേശാഭിമാനിയിലെ ആ “ഹോട്ട് ഡോഗ് ട്രാൻസ്ലേറ്റർ” എന്തെങ്കിലുമൊന്നു് ഉരിയാടിയിരുന്നെങ്കിൽ കാര്യത്തിനു് ഒരു തീർച്ചയും തീരുമാനവും ഉണ്ടായേനെ! അയാൾ എവിടെപ്പോയി കിടക്കുകയാണോ ആവോ. കന്നിമൂലയിലെ എലക്ട്രിക് “പോസ്റ്റ് കാലിനു്” സ്റ്റേ ഇല്ലെന്ന കോടതിവിധിയും പോസ്റ്റിന്റെ സ്റ്റാറ്റസ് ക്വൊയും ശബരിമലയിലെ യുവസ്വാമിനികളുടെ മലചവിട്ടലിലേക്കു് എങ്ങനെ എക്സ്ട്രാപൊളേറ്റ് ചെയ്യാമെന്നു് ജനം ടി.വി.ക്കു് ക്ലാസെടുക്കുകയാവും. പുതിയ കോടതിവിധികൾ വന്നാൽപ്പിന്നെ അയാൾക്കു് ഭയങ്കര തിരക്കാണു്. വിധിയുടെ വിശദാംശങ്ങൾ മനസ്സിലാക്കാൻ സകല മാമാ മാദ്ധ്യമങ്ങൾക്കും അയാളെ വേണം. ഇനിയിപ്പോ, കവി പഠിപ്പിച്ചപോലെ, “ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ വിധി വന്നപോലെ പോം” എന്ന ഭജന പാടി കുത്തിയിരിക്കുകയേ നിവൃത്തിയുള്ളു. ചുമ്മാ കുത്തിയിരിക്കുന്നതിലുമുണ്ടു് ഒരു സത്യാഗ്രഹമെന്നു് മഹാത്മാഗാന്ധിയും പറഞ്ഞിട്ടുണ്ടു്.

ഇപ്പൊ മറന്നേനെ! മരിച്ച ആ വൃദ്ധക്രിസ്ത്യാനിയുടെ ശരീരം അടക്കം ചെയ്തെന്നു് കേട്ടു. പത്തു് പതിനൊന്നു് ദിവസം കാത്തിരുന്നിട്ടും ഉയിർത്തെഴുന്നേൽക്കാത്തതുകൊണ്ടാവും അടക്കിയേക്കാം എന്നു് കരുതിയതു്. എങ്കിലും കുറച്ചുനാൾ കൂടി കാത്തിരിക്കാമായിരുന്നു എന്നാണെന്റെപക്ഷം. റോം “നശിപ്പിക്കപ്പെട്ടതും” ഒറ്റ ദിവസം കൊണ്ടല്ല. അക്കാര്യം മറക്കാതിരിക്കാനുള്ള കടമ മറ്റാർക്കുമില്ലെങ്കിലും നസ്രാണികൾക്കുണ്ടാവണം. യേശുവിന്റെ ലോകവും അത്ഭുതങ്ങളുടെയും മാജിക്കുകളുടെയുമായിരുന്നു. സുഖപ്പെടുത്താൻ മുറിപ്പെടുത്തുന്ന, ചികിത്സിക്കാതെ രോഗം മാറ്റുന്ന, അന്തിമമായ മറ്റൊരു മരണത്തിലേക്കു് നയിക്കാനായി മരിച്ചവരെ ഉയിർപ്പിക്കുന്ന, വിശ്വാസികൾക്കുവേണ്ടി മലകളെവരെ തള്ളി മാറ്റാൻ മടിയില്ലാത്തവിധം മനുഷ്യരെ “സ്നേഹിക്കുന്ന” ദൈവത്തിന്റെ അത്ഭുതലോകം! വിശുദ്ധ ധൂപക്കുറ്റികളേ! ഇക്കൂട്ടർ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണു് എനിക്കു് മനസ്സിലാകാത്തതു്.

അപ്പോൾ പറഞ്ഞു വന്നതു്, നവോത്ഥാനകാലാനന്തരനവകേരളസൃഷ്ടിയെ “വെള്ളപ്പൊക്കപിമ്പു്” മാർക്സിയൻ കാഴ്ചപ്പാടിലെ മനുസ്മൃതിയധിഷ്ഠിത ജാതിചിന്തയിലൂടെ വിലയിരുത്തുമ്പോൾ, ദീപസ്തംഭം മഹാശ്ചര്യം നമുക്കും തട്ടണം ശബരിമലയിലെ ഭക്തി വിറ്റ പണം എന്ന ക്യാപിറ്റലിസ്റ്റ് ചൂഷണതന്ത്രങ്ങളെ കമ്മ്യൂണിസ്റ്റ് പോക്കറ്റുകളിലേക്കു് വഴിതിരിച്ചുവിടാൻ ഭക്തരായ ദളിതുകളെ ബലിയാടുകളാക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തെറ്റൊന്നുമില്ല. ഉണ്ടെന്നു് കരുതുന്നവർക്കു് കേരളനവോത്ഥാനത്തെപ്പറ്റി ഒരു ചുക്കും അറിയില്ലെന്നേ കരുതേണ്ടതുള്ളു. മലയാളികളുടെ നിത്യഹരിത സൂപ്പർസ്റ്റാറുകളായ മമ്മൂക്കയും ലാലേട്ടനുമെല്ലാം പറന്നു് ചെന്നു് വില്ലന്റെ പിടലിക്കു് ചവിട്ടി തറപറ്റിക്കുന്നപോലെ, പൗരന്മാർ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ ചാടിച്ചവിട്ടി മറിച്ചിടുന്ന കേരളത്തിലെ പോലീസിനെയും, അവരുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസുകളെയുമെല്ലാം ശ്രദ്ധിച്ചിട്ടുള്ളവർക്കറിയാം, പൊതുവാളുകൾ ഊരിപ്പിടിച്ച എത്രയെത്ര കൊടുവാളുകൾക്കിടയിലൂടെ നെഞ്ചു് വിരിച്ചു് നടന്നാലാണു് ഒരിത്തിരി നവോത്ഥാനം മായം ചേർക്കാതെ വാറ്റിയെടുത്തു്, “ഫോറിൻ ലിക്കർ” എന്ന ലേബലിൽ കുലീനരായ പാമ്പുകൾക്കു് വിറ്റു് അരിക്കാശുണ്ടാക്കാൻ കഴിയുന്നതെന്നു്! അതുപോലെ സമത്വസുന്ദരമായ ഒരു സോഷ്യലിസ്റ്റ് ലോകത്തേക്കാണു് ചിത്രലേഖ എന്ന ദളിതൊരുത്തി ഓട്ടോറിക്ഷ ഓടിച്ചു് ജീവിക്കണം എന്നും പറഞ്ഞു് കയറിവരുന്നതു്! ധിക്കാരത്തിനുമില്ലേ ഒരു പരിധി? കേരളമെന്താ വെനെസ്വേലൻ മോഡൽ ബനാന റിപ്പബ്ലിക്കോ?

Nov 21, 2018, 10:40 AM

ഇൻഡ്യൻ സുപ്രീംകോർട്ടിലും ഡൽഹി ഹൈക്കോർട്ടിലും അംഗമായ ഒരു അഡ്വക്കേറ്റിനു് മോഷ്ടിക്കാൻ തോന്നുന്നത്ര വിലപിടിപ്പുള്ളവയാണു് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ എന്നറിയുന്നതു് ആർക്കായാലും അഭിമാനകരമായിരിക്കും. തത്വത്തിൽ, ഭാവിയിൽ ചീഫ് ജസ്റ്റീസൊക്കെ ആകാൻ സാദ്ധ്യതയുള്ളവരാണു് അഡ്വക്കേറ്റ്സ്. ഇപ്പോഴത്തെ നിലയനുസരിച്ചു് , ഭാവിയിൽ ഇൻഡ്യയിൽ മൊത്തം കമ്മ്യൂണിസ്റ്റ് ഭരണം (ച്ചാൽ, കറതീർന്ന ജനാധിപത്യഭരണം) വന്നുകൂടെന്നുമില്ല. സ്വന്തം പാർട്ടിക്കോ മതത്തിനോ വേണ്ടി ഉറക്കമൊഴിഞ്ഞു് കൂലിയെഴുത്തു് നടത്തുന്ന വിവരദോഷികളായ വീരാളി ശംഭുക്കളെപ്പോലെ നിരുത്തരവാദപരമായി പെരുമാറുന്നവരല്ല സുപ്രീം കോർട്ട് പോലൊരു ഉന്നത അഥോറിറ്റിയിൽ ജോലിചെയ്യുന്ന അഡ്വക്കേറ്റ്സ്. അന്യരുടെ ഇന്റലക്ച്വൽ പ്രോപ്പർട്ടി നന്ദിയോ കടപ്പാടോ പ്രകടിപ്പിക്കാതെ ഏറ്റെടുത്തു് സ്വന്തമാക്കുന്നതു് മോഷണവും, തന്മൂലം കുറ്റകൃത്യവുമാണെന്നു് അറിയുന്ന അവർക്കുപോലും അതുപോലൊരു പ്രലോഭനത്തിനു് വഴങ്ങേണ്ടിവരുന്നെങ്കിൽ, അതിനു് കാരണഭൂതമായ “ഒബ്ജെക്റ്റ് ഓഫ് ഡിസയർ” അത്ര മോശമായിരിക്കാൻ വഴിയില്ല. എനിക്കിന്നലെ എന്നെപ്പറ്റിത്തന്നെ അഭിമാനം തോന്നിയതും അതുകൊണ്ടാണു്.

യാദൃച്ഛികമായാണു് ഇന്നലെ ഒരു ഫെയ്‌സ്ബുക്ക് ഫ്രണ്ട് ഷെയർ ചെയ്ത ഒരു പോസ്റ്റ് കണ്ടതു്. കണ്ടപ്പോഴേതന്നെ അതൊരു വ്യാജനാണെന്നു് തോന്നിയതിനാൽ പോസ്റ്റിന്റെ ഒറിജിനൽ സ്രഷ്ടാവിനെ ഒന്നറിഞ്ഞിരിക്കാമെന്നു് കരുതി പ്രോഫൈൽ നോക്കി. അപ്പോഴാണു് ആ പോസ്റ്റിനു് തൊട്ടു് താഴെ എന്റേതെന്നു് തോന്നിക്കുന്ന ചില വാക്കുകളിൽ തുടങ്ങുന്ന മറ്റൊരു പോസ്റ്റ് കണ്ടതും, വായിച്ചതും, അതുതാനല്ലയോ ഇതു് എന്ന ബോധോദയം ഉണ്ടായതും. എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ സുപ്രീം കോർട്ടുവരെ ചെല്ലുന്നുണ്ടു് എന്നറിഞ്ഞപ്പോൾ, പരിശുദ്ധാത്മാവിന്റെ വെളിപാടുണ്ടാവുമ്പോൾ പെന്തെക്കൊസ്തുകാർക്കു് എന്നപോലെ, സന്തോഷംകൊണ്ടു് എനിക്കു് ഇരിക്കപ്പൊറുതിയില്ലാതായി എന്നു് പറഞ്ഞാൽ മതി. എന്റെ സ്ഥാനത്തു് ബൈബിൾ വിശ്വാസികളുടെ പിതാവായ അബ്രാഹാമായിരുന്നെങ്കിൽ, മൂന്നിടങ്ങഴി മാവു് എടുത്തു് കുഴച്ചു് അപ്പവും, ഒരു കാളക്കുട്ടിയെ അറുത്തു് കറിയും പാകം ചെയ്തു് വെണ്ണയും പാലും സഹിതം വഴിപോക്കരെ പിടിച്ചിരുത്തി തീറ്റിച്ചേനെ! ഒരു ആശ അടക്കിയാൽ ഒരു പാപം മോചിക്കപ്പെടുമെന്നു് ഫ്രാങ്കോ പിതാവു് പറഞ്ഞിട്ടുള്ളതിനാൽ, ഞാൻ ആ ആശ ഉള്ളിലൊതുക്കി “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാർത്ഥന പത്തു് പ്രാവശ്യം ചൊല്ലി പാപമോചിതനായി.

സെപ്റ്റംബർ 29-ലെ എന്റെ പോസ്റ്റിനു് ഇതുവരെ കിട്ടിയതു് 30 ലൈക്കും ഒരു ഇമോജിയും 4 ഷെയേഴ്‌സും! അഡ്വക്കേറ്റ് അതിൽ നിന്നും കോപ്പിയടിച്ചു് ഇന്നലെയിട്ട ഒരു ഖണ്ഡികക്കു് ഇതുവരെ മൊത്തം കിട്ടിയതു് 125 ലൈക്കുകൾ, ഇമോജികൾ, കുമ്മോജികൾ, 10 ഷെയേഴ്സ്, 18 കമന്റുകൾ!

ഈ ലോകം ശരിയല്ല. 😉

ഹൃദയഭേദകമായിത്തോന്നിയതു്, അതു് വായിച്ച ഒരാൾക്കു് പോസ്റ്റ്മാനെ കെട്ടിപ്പിടിച്ചു് ഒരുമ്മ കൊടുക്കാൻ തോന്നി എന്നു് കണ്ടപ്പോഴാണു്. അതു് മാത്രമായിരുന്നെങ്കിലും വേണ്ടില്ലായിരുന്നു. പക്ഷെ, പണ്ടൊരിക്കൽ അതേ പോസ്റ്റ് മറ്റൊരു സഹൃദയ എഴുതിയപ്പോൾ ആരൊക്കെയോ വരിവരിയായി ചെന്നു് ആ സ്ത്രീയെ തെറി വിളിച്ചു എന്നുകൂടി കേട്ടപ്പോൾ, എന്റെ സാറേ, എന്റെ ഇടനെഞ്ചു് പൊട്ടിപ്പോയി. നന്മ നിറഞ്ഞ മനുഷ്യരുടെ ലോകം ഒരുവശത്തു്, തിന്മ നിറഞ്ഞ മനുഷ്യരുടെ ലോകം മറുവശത്തു്! രണ്ടാമത്തെ കൂട്ടരെ ഉന്മൂലനം ചെയ്യാനാണു് കമ്മ്യൂണിസം വരുന്നതു്. കമ്മ്യൂണിസത്തിനല്ലാതെ മറ്റൊന്നിനും ഈ ലോകത്തെ രക്ഷപെടുത്താനാവില്ല. അതുകൊണ്ടു് ഞാൻ ഇന്നുമുതൽ കമ്മ്യൂണിസ്റ്റാവാനും, അതുവഴി നല്ലവനാവാനും തീരുമാനിച്ചു.

ആ പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/sreejith.perumana/posts/10157219926472590

എന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്: https://www.facebook.com/permalink.php?story_fbid=2415453745148007&id=100000502159847
അതിലെ എട്ടാമത്തെ ഖണ്ഡിക (സെക്കൻഡ് ലാസ്റ്റ്) കാണുക.

Nov 26, 2018, 10:15 AM

ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ഉൾപ്പെട്ടിരുന്ന പഴയ നാടുവാഴിവ്യവസ്ഥിതിയല്ല, തിരഞ്ഞെടുക്കപ്പെട്ടവരും തിരഞ്ഞെടുത്തവരുമായ ജനങ്ങൾ ഉൾപ്പെടുന്ന സാമൂഹികവ്യവസ്ഥിതിയാണു് ജനാധിപത്യം.

Nov 26, 2018, 12:48 PM

മതങ്ങളും, മാർക്സിയൻ കമ്മ്യൂണിസവുമെല്ലാം ഇന്നും ലോകത്തിൽ അവിടവിടെയായി നിലനിൽക്കുന്നതു് അവ ഏതെങ്കിലും തരത്തിലുള്ള ഒരു സത്യം ഉൾക്കൊള്ളുന്നതുകൊണ്ടല്ല, അവയിൽ ഒരുവിധ സത്യവും അടങ്ങിയിട്ടില്ല എന്നു് മനസ്സിലാക്കാൻ വേണ്ടത്ര ബൗദ്ധികവും മാനസികവുമായ വളർച്ച കൈവരിക്കാൻ അവയെ പിന്തുടരുന്നവർക്കു് ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടാണു്. അതുകൊണ്ടാണു് ബലാൽസംഗക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം വച്ചു് കലണ്ടർ ഇറക്കാൻ കേരളത്തിലെ കത്തോലിക്കാസഭക്കും, പാർട്ടി നേതാക്കളുടെ സ്ത്രീപീഡനകേസുകൾ സ്വയം അന്വേഷിക്കാനും, അന്വേഷണാനന്തരം, തുടർന്നുള്ള സ്ത്രീപീഡനങ്ങൾക്കു് ആറുമാസത്തേക്കു് മൊററ്റോറിയം അനുവദിക്കാനുമെല്ലാം മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കഴിയുന്നതു്. താമരക്കു് ചെളിയിൽ മുളച്ചു് വളർന്നു് പുഷ്പിച്ചു് വിരാജിക്കാൻ കഴിയുന്നതുപോലെ, മതങ്ങൾക്കും, ഐഡിയോളജികൾക്കും, വ്യാജചികിത്സകർക്കുമെല്ലാം അകമഴിഞ്ഞാടാൻ കഴിയുന്ന ഹ്യൂമസാണു് ഊളകളായ ജനങ്ങൾ വസിക്കുന്ന സമൂഹങ്ങൾ.

“കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണു് അവൾക്കു് രണ്ടു് വോയിൽ സാരി കൊടുക്കുക. അല്പം ബുദ്ധിമുട്ടിലാണു്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നു് കടം തീർത്തുകൊള്ളാം” എന്ന ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടിന്റെ വാക്കുകൾ തീർച്ചയായും ദയനീയവും സഹാനുഭൂതി അർഹിക്കുന്നതുമാണു്. പക്ഷെ, മാർക്സ് വിഭാവനം ചെയ്യുന്ന കമ്മ്യൂണിസത്തെ നെഞ്ചിലേറ്റാൻ അതു് മതിയായ കാരണമല്ല – പലരും അങ്ങനെ ചെയ്യുന്നുണ്ടെങ്കിലും! അന്നു് ഇ. എം. എസിന്റെ മകൾക്കു് രണ്ടു് വോയിൽ സാരി കിട്ടിക്കാണുമെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല.

അതേസമയം, “കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാതുവാണു്. അവൾക്കു് ഒരു പൊതി ചോറു് കൊടുക്കുക. പനി പിടിച്ചു് കിടപ്പിലാണു്. പനി മാറി പണിക്കു് പോകാറായാൽ കടം തീർത്തുകൊള്ളാം” എന്നൊരു കത്തുമായി, “ബ്രാഹ്മണർകൾ ശാപ്പിടും സ്ഥലത്തു്” ചെല്ലുന്ന, ആഹാരം കഴിച്ചിട്ടു് ഒരാഴ്ചയായ മലയപ്പുലയന്റെ മകൾ മാതുവിനു് പൊതിച്ചോറു് കിട്ടുമായിരുന്നോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പുമില്ല. തന്റെ മകൾക്കു് ചോറു് കിട്ടിയില്ലെങ്കിലും വേണ്ടില്ല, നമ്പൂരിശ്ശന്റെ മകൾക്കു് സാരി കിട്ടിയാൽ മതി എന്ന ചിന്താഗതിക്കാരാണു് മലയപ്പുലയന്മാരെങ്കിൽ, പിന്നെ എന്തു് പറഞ്ഞിട്ടും ചെയ്തിട്ടും വലിയ കാര്യവുമില്ല.

അതുപോലെതന്നെയാണു് തല്ലു് കൊള്ളലും കൊടുക്കലുമാണു് രാഷ്ട്രീയം എന്ന നിലപാടുകാരുടെ കാര്യവും. എ. കെ. ഗോപാലനോ, മറ്റു് നേതാക്കൾക്കോ പോലീസിന്റെ തല്ലു് ഏറ്റു് വാങ്ങേണ്ടി വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും കഷ്ടം തന്നെ. പക്ഷെ, തല്ലുകൊള്ളലും സോഷ്യൽ എഞ്ചിനിയറിങ്ങും തമ്മിൽ ബന്ധമൊന്നുമില്ല. തല്ലു് കൊള്ളുന്നതാണു് സാമൂഹിക പ്രശ്നങ്ങൾക്കു് പരിഹാരം കാണാനുള്ള മാനദണ്ഡമെങ്കിൽ, ചെണ്ടയെയോ ഉടുക്കിനെയോ പിടിച്ചു് മന്ത്രിപദം ഏല്പിക്കുന്നതാവും കൂടുതൽ ഇഫക്റ്റീവ്. ഇനി, ചുണയുണ്ടെങ്കിൽ നേരിട്ടുവന്നു് മുട്ടെടാ എന്നും മറ്റും ആക്രോശിക്കുന്നവരുടെ കാഴ്ചപ്പാടുപോലെ, തല്ലു് കൊടുക്കുന്നതാണു് സോഷ്യൽ എഞ്ചിനിയറിങ്ങെങ്കിൽ, അതിന്റെ ചുമതല ചെണ്ടകൊട്ടുകാരെയോ, പൊലീസിലെ വല്ല ഉരുട്ടൽ വിദഗ്ദ്ധരെയോ മറ്റോ ഏല്പിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണു്.

Nov 27, 2018, 5:36 PM

ആവിഷ്കാരസ്വാതന്ത്ര്യം ഒരു മനുഷ്യാവകാശമാണു്. മൗലികമായ ആ അവകാശം മനുഷ്യൻ നേടിയെടുത്തിട്ടു് അധികകാലം ആയിട്ടില്ല. ആ നേട്ടത്തിന്റെ മൊണോപൊളി അവകാശപ്പെടാനുള്ള അർഹത കമ്മ്യൂണിസ്റ്റുകൾക്കോ, ക്യാപ്പിറ്റലിസ്റ്റുകൾക്കോ, ഏതെങ്കിലും പ്രത്യേക മതത്തിന്റെ വക്താക്കൾക്കോ അല്ല. തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന വിവേചനബുദ്ധിയുടെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗം കൈവരിച്ച നേട്ടമാണതു്.

ആവിഷ്കാരസ്വാതന്ത്ര്യത്തിനും വളരെ മുൻപേതന്നെ മനുഷ്യരിൽ ഉണ്ടായിരുന്ന ഒരു ഗുണമാണു് വിവേചനബുദ്ധി. ഭൂമിയിലെ തന്റെ നിലനിൽപ്പിനു് ഏറ്റവും അനുയോജ്യമായതെന്തെന്നു് തിരിച്ചറിയാനുള്ള ബുദ്ധി മൃഗങ്ങൾക്കും, ചെടികൾക്കും പോലുമുണ്ടു്. എന്നിരിക്കെ, അവയുടെ പിൻതുടർച്ചക്കാരായ മനുഷ്യർക്കു് അതിനുള്ള ശേഷി കൈമോശം വരുന്നെങ്കിൽ, അതിനു് പ്ലോസിബിളായ ഒരു കാരണമേ തോന്നുന്നുള്ളു: ചെടികളിലും മൃഗങ്ങളിലും കാണാൻ കഴിയാത്ത വിധത്തിൽ, മതത്തിന്റെയും ഐഡിയോളജികളുടെയും അടിസ്ഥാനത്തിലുള്ള മസ്തിഷ്കപ്രക്ഷാളനങ്ങൾക്കു് മനുഷ്യർ മാത്രമേ ബുദ്ധിയുറയ്ക്കാത്ത ചെറുപ്രായത്തിലേതന്നെ വിധേയരാക്കപ്പെടാറുള്ളു.

ശബരിമലയിൽ പോയി ശ്രീ അയ്യപ്പനെ കാണാനും തൊഴാനുമുള്ള സ്വാതന്ത്ര്യം യുവതികളായ സ്ത്രീകൾക്കും ലഭിക്കേണ്ടുന്ന മൗലികമായ ഒരു അവകാശമാണെന്നു് സുപ്രീം കോടതി വിധിച്ചാൽ, പിറ്റേന്നു് മുതൽ യുവതികളെല്ലാം കൂട്ടം കൂട്ടമായി ശബരിമലയിലേക്കു് ഒഴുകുമെന്നു് ഭയപ്പെടുന്നതും, അവരെ അങ്ങനെ ഒഴുക്കിയില്ലെങ്കിൽ കോടതി വഴക്കു് പറയുമെന്നു് കരുതി, “യുദ്ധകാലാടിസ്ഥാനത്തിൽ” ശബരിമലയിൽ പോലീസിനെയും പട്ടാളത്തെയും, പോരെങ്കിൽ കുറേ ഗൂർഖകളെയും, മൊത്തം റെഡ് വാളണ്ടിയേഴ്സിനെയും വിന്യസിക്കാൻ തീരുമാനിക്കുന്നതുമെല്ലാം ഒന്നുകിൽ വിവേചനബുദ്ധിയില്ലായ്മയോ, അല്ലെങ്കിൽ ചില അജണ്ടകൾ നടപ്പാക്കാനുള്ള നീക്കമോ ആയി മാത്രമേ വിലയിരുത്താനാവൂ.

ശബരിമലയിൽ തൊഴുതു് നിൽക്കുന്ന സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള ഭക്തരുടെ മുഖഭാവം ശ്രദ്ധിച്ചാൽ, ആ സമയത്തു് അവർ സ്ഥിതിചെയ്യുന്നതു് ഈ ലോകത്തിലല്ല, നന്മതിന്മകൾക്കപ്പുറമുള്ള മറ്റേതോ ലോകത്തിലാണെന്നു് മനസ്സിലാക്കാൻ കഴിയും. യുക്തിക്കു് പ്രവേശനം നിഷേധിക്കപ്പെടുന്ന, വികാരത്താൽ നിയന്ത്രിക്കപ്പെടുന്ന അതുപോലൊരു ലോകത്തിന്റെ നിയമങ്ങൾ പാലിക്കപ്പെടാൻ തലമുറകളായി കണ്ടീഷൻ ചെയ്യപ്പെട്ട മനുഷ്യരെ പരസ്യചുംബനസമരത്തിന്റെ ശൈലിയിൽ നേരിടാൻ ശ്രമിക്കുന്നതു് വിവേചനബുദ്ധി ഒട്ടുമില്ലെന്നതിന്റെ മാത്രമല്ല, നല്ലൊരളവു് വിഡ്ഢിത്തം ഉണ്ടെന്നതിന്റെ കൂടിയും തെളിവാണു്.

ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവ നേടിയെടുക്കാൻ മനുഷ്യർ സമരം ചെയ്യാറുണ്ടു്. സ്ത്രീകളുമായി ബന്ധപ്പെട്ട അത്തരം സമരങ്ങളുടെ ഭാഗമായി യൂറോപ്പിൽ ചില സ്ത്രീകൾ മേൽഭാഗം നഗ്നമാക്കിയും, കീഴ്ഭാഗം നഗ്നമാക്കിയും, മേലും കീഴും ഒരുപോലെ നഗ്നമാക്കിയുമെല്ലാം തെരുവിലൂടെ ഓടാറുണ്ടു്. മനുഷ്യന്റെ നഗ്നത അത്ര വലിയ ഒരു ആനക്കാര്യമൊന്നുമല്ലാത്ത നാടുകളിൽ സ്ത്രീകൾ നഗ്നയോട്ടം നടത്തുന്നതും, കാൾ മാർക്സിന്റെ അപ്പനപ്പൂപ്പന്മാർ ജനിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്കു് മുൻപത്തെ യൂറോപ്പിൽ പോലും ഇല്ലാതിരുന്ന തരത്തിലുള്ള മോറൽ ധാരണകളുമായി ജീവിക്കുന്ന ഭാരതം പോലൊരു സമൂഹത്തിൽ (യുവ)സ്ത്രീകൾ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടു് ഓടുകയോ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണു്. തുണിയുടുത്ത ഒരു പോൺസ്റ്റാർ വരുന്നു എന്നു് കേട്ടാൽ, അമ്പലങ്ങളിലെ ആനയെഴുന്നള്ളത്തുകൾക്കോ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രകടനജാഥകൾക്കോ കൂടുന്നതിനേക്കാൾ കൂടുതൽ പുല്ലിംഗങ്ങൾ തടിച്ചു് കൂടുന്ന കേരളത്തിൽ തുണിയുടുക്കാതെ ഒരു “ആർത്തവക്കാരി” ഓടിയാലത്തെ സ്ഥിതി ആലോചിച്ചാൽ മതി.

ഒരിടത്തു് ശരിയായതുകൊണ്ടു് അതേ കാര്യം മറ്റൊരിടത്തു് ശരിയായിക്കൊള്ളണമെന്നില്ല. അതുപോലുള്ള കാര്യങ്ങൾ തിരിച്ചറിയാനാണു് മനുഷ്യനു് വിവേചനബുദ്ധിയുള്ളതു്. ഭക്തരുടെ ഭാഷയിൽ പറഞ്ഞാൽ, അതിനാണു് ദൈവം ചെടികൾക്കും മൃഗങ്ങൾക്കുമെന്നപോലെതന്നെ, മനുഷ്യർക്കും വിവേചനബുദ്ധി നൽകി അനുഗ്രഹിച്ചിരിക്കുന്നതു്. എന്തു് നൽകുമ്പോഴും ബോണസായി അല്പം അനുഗ്രഹം കൂടി നൽകുന്ന കരുണാനിധിയാണു് ദൈവം. അങ്ങേരെ നാണം കെടുത്തരുതു്.

Nov 30, 2018, 10:22 AM

സ്ട്രീം നിറയെ ദീപ ടീച്ചറും കവിതമോഷണവുമാണു്. ഇത്ര ഇന്റെൻസീവായ ആക്രമണങ്ങൾ സാധാരണഗതിയിൽ ഓൺലൈൻ സഖാക്കളാണു് നടത്തിക്കണ്ടിട്ടുള്ളതു്. അവരുടെയത്ര ലോകവ്യാപകമായി ഓർഗനൈസ്ഡല്ല മറ്റു് രാഷ്ട്രീയ-, മതവിഭാഗങ്ങളിലെ ഓൺലൈൻ പോരാളികൾ. സഖാക്കൾ ഉപയോഗിക്കുന്ന ഭാഷയ്ക്കുമുണ്ടു് ഒരുതരം അനന്യമായ ശ്രേഷ്ഠത. എ.കെ.ജി.യുടെ ഒളിവുകാലപ്രണയവിഷയത്തിൽ ബൽറാമിനു് അതുപോലൊരു ആക്രമണം നേരിടേണ്ടിവന്നിരുന്നു. രാവിലെ ഫെയ്‌സ്ബുക്ക് തുറക്കുമ്പോൾ ഭാഷ-വിഷബാധയേറ്റു് മരണപ്പെടാതിരിക്കാൻ ഇരുന്നൂറ്റൻപതോളം പോരാളികളെ ഞാനന്നു് അൺഫ്രണ്ട് ചെയ്തു. അതേ കാരണത്താൽത്തന്നെ, ശബരിമല വിഷയത്തോടനുബന്ധിച്ചു് പലയിനത്തിൽ പെട്ട അറുന്നൂറു് പേരെയാണു് എനിക്കു് ഒഴിവാക്കേണ്ടിവന്നതു്. അതുകൊണ്ടെന്തുപറ്റി? ഫെയ്‌സ്ബുക്കിലെ “B. P. L.” – കാരുടെ മാജിക്ക് നമ്പറായ 5000-ൽ എത്താൻ കഴിയാതെ പോയി. അതിരാവിലെ പൂരപ്പാട്ടു് കേൾക്കുന്നതു് അത്ര മോശം കാര്യമാണെന്ന അഭിപ്രായം എനിക്കില്ല. നമുക്കതു് ശീലമായിരിക്കണമെന്നേയുള്ളു. കവിതാരൂപത്തിൽ പറഞ്ഞാൽ, “ചെറുപ്പകാലങ്ങളിലുള്ള ശീല അലക്കുമോ മാനുഷനുള്ള കാലം”? മോഷണമല്ല, ഉദ്ധരണിയുണ്ടു്.

ഒരു കമ്മ്യൂണിസ്റ്റായ ദീപ ടീച്ചർ ഇതുപോലൊരു സില്ലി പ്രശ്നത്തിന്റെ പേരിൽ നിരാശയാവേണ്ട കാര്യമില്ലെന്നേ എനിക്കു് പറയാനുള്ളു. അടുത്ത ഇലക്ഷനിൽ നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ചുമ്മാ മത്സരിച്ചേക്കുക. കെജ്‌റിവാളിന്റെ ഡൽഹിയിലെ ജനങ്ങളെപ്പോലെയല്ല പൊന്നരിവാളിന്റെ കേരളത്തിലെ ജനങ്ങൾ. നിങ്ങൾ മറ്റേതു് പാർട്ടിക്കെതിരായി മത്സരിച്ചാലും കമ്മ്യൂണിസ്റ്റുകൾ നിങ്ങളെ ജയിപ്പിച്ചിരിക്കും. പൊതുവേതന്നെ, ഒരിക്കൽ കിടന്നിടത്തുനിന്നും എന്തു് സംഭവിച്ചാലും മാറിക്കിടക്കുന്ന സ്വഭാവക്കാരല്ല പ്രബുദ്ധരായ മലയാളികൾ. കാരണം, അവർ ഉത്പതിഷ്ണുക്കളാണു്.

Dec 2, 2018, 10:53 AM

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതകൾ അണിനിരന്നു്, ചൈനയിലെ വൻമതിലിന്റെ മാതൃകയിൽ, ജനുവരി ഒന്നിനു് ഒരു മനുഷ്യമതിൽ നിർമ്മിക്കാൻ തീരുമാനമായെന്നു് കേൾക്കുന്നു. സ്ത്രീകളോടു് വിവേചനം കാണിക്കുന്ന ഒരു നീക്കവും അനുവദിക്കാൻ പാടില്ലാത്തതിനാലാവണം, മീറ്റിങ്ങിൽ സ്ത്രീകളെ ആരെയും പങ്കെടുപ്പിച്ചില്ല. അതുപോലെതന്നെ, സ്ത്രീകളോടുള്ള വിവേചനം ഒഴിവാക്കാനായി മനുഷ്യമതിൽ നിർമ്മിതിയുടെ മുഴുവൻ ചുമതലയും സ്ത്രീകളിൽ മാത്രം നിക്ഷിപ്തമായിരിക്കാനും സാദ്ധ്യതയുണ്ടു് .

കേരളസമൂഹത്തെ ഇരുണ്ടകാലത്തേക്കു് ആർക്കും തള്ളിവിടാനാവില്ല എന്ന പ്രഖ്യാപനം അന്നേദിവസം കേരളമെമ്പാടും മുഴങ്ങണമെന്നും അറിയിപ്പുണ്ടു്. ഇരുണ്ടകാലത്തേക്കു് തള്ളിവിടാൻ ആദ്യം ഇരുണ്ടകാലത്തിൽ നിന്നും പുറത്തു് വരാതെ എങ്ങനെ സാധിക്കും എന്നറിയില്ല. ജനുവരി ഒന്നിലേക്കു് ഇനി കഷ്ടി ഒരു മാസമല്ലേയുള്ളു? വെള്ളപ്പൊക്കദുരിതാശ്വാസം, ശബരിമലയിലെ പെൺപ്രവേശം തുടങ്ങിയ എത്രയെത്ര പ്രശ്നങ്ങളാണു് അർജന്റ് പരിഹാരങ്ങൾക്കായി കാത്തുകിടക്കുന്നതു്? നവോത്ഥാനതള്ളൽ ഇരുട്ടിൽ കിടന്നു് ഇരുട്ടിലേക്കുള്ള തള്ളലായതുകൊണ്ടു് വലിയ കുഴപ്പമില്ല. പൂച്ചയുടെ മാതൃകയിൽ കണ്ണടച്ചു് കൃത്രിമമായി ഇരുട്ടുണ്ടാക്കേണ്ട കാര്യമില്ലല്ലോ.

വിദ്യാഭ്യാസകാലത്തു് നവോത്ഥാനം പഠിപ്പിച്ച ലെക്ച്ചറർ അലറിയ വാക്കുകളുടെ മുഴക്കം ഇതുവരെ ചെവിയിൽ നിന്നും പോയിട്ടില്ല: “മനുഷ്യൻ അലറി. ദിഗന്തങ്ങളെ ഭേദിക്കുമാറു് അവന്റെ ശബ്ദം മാറ്റൊലിക്കൊണ്ടു. അതാണു് റിനൈസൻസ്!” ആ ലെക്ച്ചററുടെ നിർവചനപ്രകാരം കേരളം പണ്ടേ നവോത്ഥാനത്തിൽ മുങ്ങിച്ചാകേണ്ടതായിരുന്നു. കാരണം, കേരളം മുഴക്കങ്ങളുടെ നാടാണു്, മുഴക്കം നവോത്ഥാനമാണു്! മുദ്രാവാക്യമുഴക്കങ്ങൾ, പ്രാർത്ഥനാമുഴക്കങ്ങൾ, പ്രസംഗമുഴക്കങ്ങൾ, പ്രസ്താവനാമുഴക്കങ്ങൾ, ഇപ്പോഴിതാ പുതുവർഷാരംഭത്തിനുതന്നെ ഇരുണ്ടകാലത്തിൽ നിന്നുള്ള നവോത്ഥാനതള്ളലിന്റെ പ്രഖ്യാപനമുഴക്കവും! ഇതുപോലുള്ള എത്രയെത്ര മുഴക്കങ്ങൾ എറ്റുവാങ്ങിയാലാണു് മലയാളിക്കു് അവന്റെ ജീവിതം ഒന്നു് കയ്ച്ചിലാക്കാൻ പറ്റുക?

Dec 9, 2018, 8:20 AM

കേരളത്തിന്റെ ഭാവി കുട്ടികൾ തീരുമാനിക്കട്ടെ എന്ന മുദ്രാവാക്യവുമായി അവർക്കു് നവോത്ഥാന ചരിത്രവും ഭരണഘടനയും പകർന്നു് നൽകാൻ വിദ്യാഭ്യാസവകുപ്പു് ഒരുങ്ങുന്നു എന്നൊരു വാർത്ത കുറച്ചു് ദിവസങ്ങൾക്കു് മുൻപു് കണ്ടിരുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ സംസ്ഥാനത്തു് ധ്രുവീകരണം നടക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണത്രെ ആ തീരുമാനം! കുട്ടികളെ നവോത്ഥാന”ചാരിത്രവും” ഭരണഘടനയുമെല്ലാം അഭ്യസിപ്പിക്കാൻ ചുമതലപ്പെട്ടവരെ കൂട്ടത്തോടെ പിടിച്ചുകെട്ടി ക്ലാസ്സിലിരുത്തി, കുട്ടികളെക്കൊണ്ടു് അവർക്കു് ക്ലാസ്സെടുപ്പിക്കുകയായിരുന്നേനെ കൂടുതൽ അർത്ഥപൂർണ്ണം. കണ്ടാമിനേറ്റഡായ മെഗഫോണുകൾ തുപ്പുന്ന വെറുപ്പിന്റെ വിഷമേറ്റു് കുട്ടികളുടെ മനസ്സിലെ വെള്ളക്കടലാസുകൾ ഒരിക്കലും തിരുത്താനാവാത്തവിധം കരിഞ്ഞു് ഉപയോഗശൂന്യമാകാതിരിക്കാൻ അതു് സഹായകമായിരുന്നേനെ!

ആരംഭശൂരത്വത്തിനു് പേരു് കേട്ടവരാണു് മലയാളികൾ. കേട്ടാൽ ഞെട്ടുന്ന, ഇടിവെട്ടു് മോഡൽ പേരുകളും, വർണ്ണശബളമായി അലങ്കരിച്ച സ്റ്റേജുകൾ കെട്ടിപ്പൊക്കിയുള്ള ഉദ്ഘാടനങ്ങളുമില്ലാത്ത ഒരു പദ്ധതി അവർക്കു് സങ്കല്പിക്കാനാവുന്ന കാര്യമല്ല. സ്വാഭാവികമായും ഈ പദ്ധതിക്കുമുണ്ടു് അത്യന്തം ആധുനികമായ ഒരു പേരു്: “നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം”. പദ്ധതിയുടെ ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ലെങ്കിൽ, പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല എന്നേ കരുതേണ്ടതുള്ളു. ആർഭാടപൂർവ്വമായ ഒരു ഉദ്ഘാടനത്തിനു് ശേഷമല്ലാതെ, “ചറ പറ” എഴുതി സാക്ഷരപട്ടം നേടി, കീഴ്വഴക്കങ്ങളെയും ആചാരങ്ങളെയും തകർത്തു് ദൈവകോപം വിളിച്ചു് വരുത്താൻ വിദ്യാരംഭം കുറിക്കുന്ന കേരളത്തിലെ വന്ദ്യവയോധികർപോലും ധൈര്യപ്പെടാറില്ല. നല്ല ദൈവഭയം ഉള്ളവരാണു് മലയാളികൾ. ദൈവഭയം ഇല്ലാത്ത ഒരു താന്തോന്നിക്കു് “താൻ നൊന്തുപെറ്റ മകളെ” കെട്ടിച്ചു് കൊടുക്കാൻ സുബോധമുള്ള ഒരു മലയാളിയമ്മയും തയ്യാറാവില്ല. അത്ര ആഴത്തിലാണു് മലയാളിമങ്കമാരുടെ മനസ്സിൽ ദൈവഭയത്തിന്റെ വേരുകൾ പടർന്നു് പന്തലിച്ചിരിക്കുന്നതു്!

പുറത്തു് കാണിക്കാൻ കൊള്ളാവുന്നതായി ഉള്ളിൽ ഒന്നുമില്ലാതിരിക്കുകയോ, ഉള്ളിലുള്ളതു് ആരെയും കാണിക്കാൻ കൊള്ളാത്തതായിരിക്കുകയോ ചെയ്താൽ അവ സമൂഹത്തിൽ നിന്നും ഒളിച്ചു് വയ്ക്കപ്പെടേണ്ടതുണ്ടു്. ശവക്കല്ലറകളെ വെള്ള പൂശേണ്ടിവരുന്നതു് അതുകൊണ്ടാണു്. പുറം പൂച്ചു്! മുസ്ലീമുകൾ നെറ്റിയിൽ സൃഷ്ടിക്കുന്ന നിസ്ക്കാരത്തഴമ്പു്, നസ്രാണികൾ നെറ്റിയിൽ ചാർത്തുന്ന ചാരക്കുരിശു്, ചരടിൽ തൂക്കുന്ന വെന്തിങ്ങ, മാലയിൽ തൂക്കുന്ന സ്വർണ്ണക്കുരിശു്, ഹിന്ദുക്കൾ നെറ്റിയിൽ ഫിറ്റ് ചെയ്യുന്ന “ഹോട്ട് സ്പോട്ട്”, ശരീരത്തിൽ വരയ്ക്കുന്ന ഗ്രാഫുകൾ തുടങ്ങിയവയെല്ലാം സമൂഹം തന്നെ ആരായി കാണാനാണു് താൻ ആഗ്രഹിക്കുന്നതെന്ന ആ വ്യക്തിയുടെ പ്രഖ്യാപനങ്ങളാണു്. ബുദ്ധമതക്കാർക്കു് തല മൊട്ടയടിയോടാണു് കൂടുതൽ പ്രതിപത്തി. അവരും മുട്ടുകുത്തി പ്രാർത്ഥിക്കാറുണ്ടു്. പക്ഷേ, അവരുടെ നെറ്റിയിൽ തഴമ്പു് വീഴുന്നതായി കണ്ടിട്ടില്ല. മുട്ടുകുത്തി തറയിലേക്കു് വീഴുമ്പോൾ പരിക്കോ ആഘാതമോ ഒന്നും ഏൽക്കാതെയും, അതുവഴി പാടോ തഴമ്പോ ഒന്നും വീഴാതെയും അവരുടെ തിരുനെറ്റിയെ അവർ എങ്ങനെയാണാവോ സംരക്ഷിക്കുന്നതു്? ഒരുപക്ഷേ, അല്ലാഹു അക്ബർ എന്നതിനു് പകരം, നെറ്റിയുടെ സംരക്ഷണത്തിനു് പറ്റിയ വല്ല സൂക്തവും ചൊല്ലിക്കൊണ്ടാവും അവർ വീഴുന്നതു്. എന്തായാലും, സംഭവം ഫലപ്രദമാണു്. കർഷകവീട്ടിൽ വിരുന്നു് വന്നാൽ കോഴിക്കു് രക്ഷയില്ലെന്നപോലെ, മതബാധ ഏറ്റാൽ രക്ഷയില്ലാതാവുന്നതു് മനുഷ്യരുടെ നെറ്റിയ്ക്കാണു്. ഈവിധ അടയാളങ്ങൾ ആ വ്യക്തിയുടെ ഉള്ളിലിരുപ്പിന്റെ വ്യാജമോ സത്യസന്ധമോ ആകാവുന്ന പ്രകടനങ്ങളാണു്. എക്സിബിഷനിസത്തിന്റെ ഒരു ലൈറ്റ് വേർഷൻ എന്നോ, വകഭേദമെന്നോ, സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ചു്, വേണമെങ്കിൽ വേർതിരിക്കാവുന്ന പ്രകടനങ്ങൾ, വിൻഡോ ഡ്രസ്സിങ്ങുകൾ! ധൂപക്കുറ്റിയുമായി പള്ളിയകത്തു് റോന്തു് ചുറ്റുന്ന കപ്യാരെപ്പോലെ, ഝലഝലാരവങ്ങളും ആടയാഭരണങ്ങളും ദേഹമാസകലം മൈലാഞ്ചിയും ചന്ദനലേപവുമെല്ലാമായി പബ്ലിക് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു് രാജകീയമായി ഞെളിഞ്ഞു് നീങ്ങുന്ന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലെ ലോറികളെ മാത്രമേ പുറം പൂച്ചിന്റെ കാര്യത്തിൽ മലയാളികൾക്കു് ഭയപ്പെടേണ്ടതായിട്ടുള്ളു.

രാജ്യത്തിന്റെ ഭരണം കുട്ടികളെ ഏല്പിക്കുകയാണു് വേണ്ടതെന്നു് ഏകദേശം രണ്ടായിരത്തി അഞ്ഞൂറു് വർഷങ്ങൾക്കു് മുൻപു് ഗ്രീക്ക് തത്വചിന്തകനായ ഹെറാക്ലൈറ്റസിനും പറയേണ്ടി വന്നിട്ടുണ്ടു്. അതിനോടൊപ്പം, എഫേസസിലെ ആ സമയത്തെ ഭരണാധികാരികൾ ഒന്നടങ്കം തൂങ്ങിച്ചാവുകയാണു് വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. അന്യസംസ്കാരങ്ങളിലും അന്യമനുഷ്യരിലും കാണാൻ കഴിയുന്നവയും തങ്ങളിൽ ഇല്ലാത്തവയുമായ നന്മകൾ ഏറ്റെടുത്തും, അന്യമായവയിൽ ഇല്ലാത്തതും തങ്ങളിൽ വേരുറച്ചവയുമായ തിന്മകൾ പിഴുതെറിഞ്ഞുമെല്ലാമാണു് സമൂഹങ്ങൾ വളരുന്നതു്. ഏറ്റെടുത്തവയുടെ യഥാർത്ഥ പിതൃത്വത്തിനു് അവകാശവാദം ഉന്നയിക്കാത്തിടത്തോളം അതിൽ തെറ്റൊന്നുമില്ല. ക്രിസ്തുവിനു് 1400 വർഷങ്ങൾക്കു് മുൻപു് ജീവിച്ചിരുന്ന സിസിഫസിനു് ഓരോ വട്ടവും പരാജയപ്പെടാനായി കുന്നിൻമുകളിലേക്കു് കല്ലുരുട്ടിക്കയറ്റേണ്ടിവന്നതു്, ഹോമർ പറയുന്ന പ്രകാരം, ശിക്ഷാവിധിയുടെ ഫലമായിട്ടായിരുന്നു. ആ സ്ഥിതിക്കു്, ശിക്ഷാവിധിയൊന്നും നേരിടേണ്ട ആവശ്യമില്ലാതിരുന്ന നാറാണത്തു് ഭ്രാന്തനു് അതേ കഷ്ടപ്പാടു് സ്വമേധയാ ഏറ്റെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല. പക്ഷേ, കല്ലുരുട്ടിക്കൊണ്ടു് വീണ്ടും വീണ്ടും മല കയറിയേ താനടങ്ങൂ എന്നാണു് നാറാണത്തിന്റെ തീരുമാനമെങ്കിൽ അവനെ അതിനു് വിടുന്നതാണു് ഭംഗി. അങ്ങനെയെങ്കിലും അവനൊരടക്കം കിട്ടിയാൽ അത്രയുമായി. അതിനു് പകരം, അവനെ പിടിച്ചു് മന്ത്രിയാക്കി, കേരളത്തെ “ഇട്ടിക്കാലനെ തോട്ടം വെട്ടാൻ ഏല്പിച്ച” അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുന്നതിലും ഭേദമായിരിക്കുമതു്.

മനുഷ്യരെ പുരോഗതിയിലേക്കു് നയിക്കാനുതകുന്നതരം ബൌദ്ധികവും സാംസ്കാരികവുമായ ഏറ്റെടുക്കലുകളും, പങ്കു് വയ്ക്കലുകളും മനുഷ്യരുടെയിടയിലുണ്ടു്. അതിൽനിന്നും വ്യത്യസ്തമായി, കാര്യമെന്തെന്നറിയാതെ, കുരങ്ങുകളുടെ മാതൃകയിലുള്ള അന്ധമായ അനുകരണങ്ങളും കോപ്പിയടികളും നടത്താനും മടിക്കുന്നവരല്ല മനുഷ്യർ. മാവിലിരിക്കുന്ന കുരങ്ങിനെ കല്ലെറിഞ്ഞാൽ, കുരങ്ങു് തിരിച്ചു് മാങ്ങയെറിയും. കുരങ്ങിന്റെ നേരെ ചിരിച്ചാൽ, കുരങ്ങു് തിരിച്ചു് പല്ലിളിക്കും. ഒരു പാർട്ടി ചെയ്ത ചൂടാറാത്ത കൊലപാതകം ചൂണ്ടിക്കാണിക്കപ്പെട്ടാൽ, എതിർപാർട്ടി പണ്ടെന്നോ ചെയ്ത കൊലപാതകം “റിയൽ റ്റൈമിൽ” ചൂണ്ടിക്കാണിക്കുന്ന കക്ഷിരാഷ്ട്രീയക്കാരൻ ചെയ്യുന്നതും ഈ “കുരങ്ങൽ” അല്ലാതെ മറ്റൊന്നുമല്ല. ആ ചുമതല നിറവേറ്റുക എന്ന ഒരേയൊരു ലക്ഷ്യവുമായി ഓൺലൈനിൽ കുടിപാർക്കുന്ന ധാരാളം പാർട്ടിഭക്തരുണ്ടു്. കേട്ടുപഴകി ദുർഗന്ധം വമിക്കുന്ന കക്ഷിരാഷ്ട്രീയശീലുകളൊഴികെ, ഏതെങ്കിലുമൊരു വിഷയത്തിൽ മനുഷ്യനു് പ്രയോജനമുള്ള ഒരു വാക്കു് ഉച്ചരിക്കാൻ കഴിവില്ലാത്ത, പാർട്ടിഅടിമകളായ സാധുക്കൾ. കുരങ്ങുകളെപ്പോലെ അന്തസ്സാരശൂന്യമായി അനുകരിക്കുന്നതിനു് ജർമ്മൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും വാക്കുകളുണ്ടു്. “കുരങ്ങു് കളിപ്പിക്കുക” എന്നപോലെ, “കുരങ്ങുക” എന്നൊരു വാക്കു് മലയാളത്തിനും ആകാമായിരുന്നു. കുരങ്ങുക എന്ന ക്രിയാപദം സൃഷ്ടിക്കപ്പെട്ടാൽ അതിന്റെ മറ്റു് രൂപങ്ങൾ സ്വാഭാവികമായും ക്രമേണ രൂപമെടുക്കുകയും ചെയ്യുമായിരുന്നു. രൂപത്തിൽ കുരങ്ങെങ്കിലും, സത്യത്തിൽ ദൈവമായ ഹനുമാൻ കോപിച്ചാലോ എന്ന ഭയം മൂലമാവും മലയാളി ആ വാക്കു് വേണ്ടെന്നു് തീരുമാനിച്ചതു്.

കേരളത്തിലെ കുട്ടികളുടെ ഭാവി തീരുമാനിക്കാനുള്ള അവകാശാധികാരങ്ങൾ കുറേ ക്രിമിനലുകളുടെ കയ്യിൽ ആയിരിക്കുന്നിടത്തോളം, ആ കുട്ടികളാൽ തീരുമാനിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി എങ്ങനെ ഇരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളു. ബലാൽസംഗവീരന്മാരായ പാർട്ടിശിങ്കങ്ങൾ, കോപ്പിയടിവിദദ്ധരായ നവോത്ഥാനനായകർ, ബാലപീഡകരായ ഓത്തു് വാദ്ധ്യാന്മാർ, സദാചാരസംരക്ഷകരായ ബിഷപ്പന്മാർ, അച്ചന്മാർ, തന്ത്രികൾ, മന്ത്രികൾ! അവരുടെയെല്ലാം പുറകെ, സ്വന്തം കക്ഷിയുടെ കുറ്റകൃത്യങ്ങൾ കഴുകി വെളുപ്പിക്കാനും, അന്യകക്ഷികളുടെ അതേ കുറ്റങ്ങൾ ഊതിവീർപ്പിച്ചു് പരമാവധി പെരുപ്പിച്ചു് കാണിക്കാനും സദാ സന്നദ്ധരായി നടക്കുന്ന, എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത, എത്ര കൊണ്ടാലും ഉളുപ്പോ മടുപ്പോ ഇല്ലാത്ത പോരാളിവീരന്മാരും ന്യായീകരണത്തൊഴിലാളികളും! ഈ അവസ്ഥയിൽ നിന്നുകൊണ്ടാണു് ഞങ്ങൾ സാക്ഷരമലയാളികൾ അനീതിക്കെതിരായി പോരാടുന്നതും, “നീതിയില്ലെങ്കിൽ നീ തീയ്യാവണം” എന്നും മറ്റും വലിയ വായിൽ ഫിലോസഫിക്കുന്നതും! തങ്ങളെ മേയ്ക്കാൻ ആടുകൾ ആദ്യം കുറേ ചെന്നായ്ക്കളെ തിരഞ്ഞെടുക്കും. അതിനു് ശേഷം ആടുകൾ നേരിടുന്ന അനീതികൾ അവസാനിപ്പിക്കാൻ ചെന്നായ്ക്കളോടു് കരഞ്ഞുവിളിച്ചു് അപേക്ഷിക്കും. ഞങ്ങളുടെ ഇഷ്ടവിനോദമായ ഈ “ആടു്-ചെന്നായ” കളിയെ പ്രബുദ്ധരാക്ഷസരായ ഞങ്ങൾ മലയാളികൾ രാഷ്ട്രീയമെന്നു് വിളിക്കും.

ഹെറാക്ലൈറ്റസിന്റെ അഭിപ്രായം ഏറ്റെടുത്തു് കേരളത്തിന്റെ ഭാവി കുട്ടികളെ ഏല്പിക്കുമ്പോൾ, എഫേസസിലെ ഭരണാധികാരികൾ ചെയ്യേണ്ടതായി അങ്ങേർ നിർദ്ദേശിച്ച നടപടിക്രമം കൂടി കേരളത്തിലെ ഭരണാധികാരികൾ പ്രോട്ടോക്കോൾ തെറ്റിക്കാതെ നടപ്പാക്കിയാൽ നന്നായിരിക്കും.

January + February 2017

Jan 1, 2017, 12:19 AM

പ്ലസീബയെപ്പോലെതന്നെ കണികാണുന്നതിനും, കൈനീട്ടത്തിനും, പുതുവർഷത്തിനുമെല്ലാം അവയുടേതായ മൂല്യങ്ങളുണ്ടെന്ന കാര്യത്തിൽ എനിക്കു് സംശയമൊന്നുമില്ല. ആ അർത്ഥത്തിൽ എല്ലാ സുഹൃത്തുക്കൾക്കും നവവത്സരാംശസകൾ!

ഇന്നുമുതൽ ഞാൻ യൂറോപ്പിലൂടെ ഒരു ദീർഘകാലയാത്രയിലാണു്. എങ്കിലും, സമയവും സൌകര്യവും പോലെ ഫെയ്സ്ബുക്കിൽ ഉണ്ടാവാൻ ശ്രമിക്കും. ഞാൻ ഇല്ലാതിരിക്കുന്നതാണു് നല്ലതു് എന്നു് കരുതുന്നവരോടു് അങ്ങനെയല്ലാതെ എങ്ങനെ നന്ദി പറയാൻ കഴിയും എന്നെനിക്കറിയില്ല.

Feb 2, 2017, 7:13 PM

എനിക്കു് തമിഴരോടു് കമ്മൂണിഷ്ടുകൾക്കു് അവരുടെ ആചാര്യപ്രഥമൻ മാർക്സിനോടു് ഉള്ളതിനേക്കാൾ ഭയങ്കരമായ ബഹുമാനമുണ്ടു്. ആചാര്യപ്രഥമൻ എന്നാൽ അടപ്രഥമനേക്കാൾ ഒട്ടും മോശമല്ലാത്ത ഒരു പദവിയാണെന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടെന്നു് തോന്നുന്നില്ല. ആചാര്യപ്രഥമൻ എന്ന വാക്കു് കേൾക്കുമ്പോൾ, അല്ലാഹു അക്ബർ എന്ന പഴകി അഴുകിയ ശീൽ ചൊല്ലുമ്പോൾ ഭയഭക്തി-അർദ്ധനിമീലിതനയന-ജപമാലബഹുമാനങ്ങളോടെ, ആകാശത്തിലെ സിംഹാസനത്തിൽ വാണരുളുന്ന അല്ലാഹുവിന്റെ ആസനത്തെ ലക്ഷ്യമാക്കി നിരനിരയായി കുത്തിനിർത്തിയിരിക്കുന്ന പീരങ്കികളെ അനുസ്മരിപ്പിച്ചുകൊണ്ടു് തൽക്ഷണം മുട്ടുകുത്തി സ്വന്തം ആസനങ്ങളെ സിങ്ക്രണൈസ് ചെയ്യുന്ന മുസ്ലീമുകളെപ്പോലെ, മുട്ടുകുത്താം, കുത്താതിരിക്കാം. അങ്ങനെ ചെയ്താലും ചെയ്തില്ലെങ്കിലും സംഭവിക്കുന്നതു് “രോമം” മാത്രമായിരിക്കും എന്നേയുള്ളു.

ഞാൻ ഒരു തമിഴൻ ആയിരുന്നെങ്കിൽ രോമം എന്നതിനേക്കാൾ മനോഹരമായ ഒരു വാക്കു് ഉപയോഗിക്കാൻ എനിക്കു് കഴിയുമായിരുന്നു. അതിന്റെ പേരിലാണു് ഞാൻ തമിഴരെ ബഹുമാനിക്കുന്നതു്. ഉള്ളിൽ ബോധമുണ്ടെങ്കിലും ഉരിയാടാൻ വയ്യെങ്കിൽ അവിടെ തീർന്നില്ലേ കഥയും കവിതയും?

ഈ അല്ലാഹുവിനു് അർശസ്സ്, കഷണ്ടി, നര, decubitus തുടങ്ങിയ വാർദ്ധക്യകാല ബോണസുകളൊക്കെ ലഭിക്കുന്നുണ്ടോ ആവോ? അല്ല, കാലം കുറെ ആയില്ലേ സ്വര്‍ഗ്ഗീയസിംഹാസനത്തിലെ ഇരുപ്പു് തുടങ്ങിയിട്ടു്. അതുകൊണ്ടു് ചോദിച്ചെന്നേയുള്ളു. ആളാണെങ്കില്‍ ചെറിയതൊന്നുമല്ലല്ലോ, വളരെ വലിയ ഒരു ഉരുവല്ലേ? അതിനൊപ്പം നല്ല തൂക്കവും കാണും. ഇടയ്ക്കിടെ ശരീരഭാരം ചന്തിയുടെ ഇടതുപക്ഷത്തിൽ നിന്നും വലതുപക്ഷത്തിലേക്കും, നേരേതിരിച്ചും മാറിമാറി പ്രതിഷ്ഠിച്ചു് അങ്ങേർ സംതുലനം ചെയ്യുന്നുണ്ടാവണം. എത്ര പതുപതുത്ത സിംഹാസനമായാലും, ഇരിക്കുന്നവന്റെ ചന്തി വ്രണമായാൽ പിന്നെ ഇരിപ്പിനൊരു സുഖമുണ്ടാവില്ല. അല്ലാഹു – അക്കാര്യത്തിനു് എല്ലാ ദൈവങ്ങളും – സ്വന്തം ഭക്തരെ കടത്തിവെട്ടുന്ന ഒരു സ്റ്റ്യുപ്പിഡ് ആണെന്നതിനു് ലോകചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ രാഷ്ട്രീയക്കാരെ തോല്പിക്കുന്നത്ര സ്റ്റ്യുപ്പിഡിറ്റി അങ്ങേർക്കു് ഉണ്ടാവുമെന്നും, ഇരുന്ന ഇരുപ്പിരുന്നു്‌ സ്വന്തം ചന്തി വ്രണപ്പെടുത്തുമെന്നും ഞാൻ കരുതുന്നില്ല.

സിങ്ക്രണൈസേഷൻ എന്നാൽ എന്തെന്നു് അറിയാത്തവർക്കു് അതറിയണം എന്നുണ്ടെങ്കിൽ, ഇലക്ട്രിസിറ്റി ബോർഡിലെ “അന്തസ്സുള്ള” ഏതെങ്കിലും സബ്സ്റ്റേഷനുകളിൽ അന്വേഷിച്ചാൽ മതി. ലോഡ് ഷെയറിംഗിനുവേണ്ടി ജനറേറ്റിങ് സ്റ്റേഷനുകളെ തമ്മിൽത്തമ്മിൽ സിങ്ക്രണൈസ് ചെയ്യേണ്ടി വരുന്നവരാണവർ.

ഇതു് കേൾക്കുമ്പോൾ, തമിഴർ പറയുന്നതു് മല്ലുക്കൾ പറയാറില്ല എന്നാണോ ഹേ നിങ്ങൾ പറഞ്ഞു് വരുന്നതു് എന്നു് ചില ശുദ്ധമനസ്കർ ചോദിച്ചേക്കാം. ശരിയാണു്. പല മല്ലുക്കളും തമിഴു് പറയാറുണ്ടു്. പക്ഷേ, ഇതുവരെ അവരിൽ ആര്‍ക്കെങ്കിലും ഒരു പത്മവിഭോഷൻ ലഭിച്ചിട്ടുണ്ടോ എന്നൊരു മറുചോദ്യം എനിക്കു് അവരോടു് തിരിച്ചും ചോദിക്കേണ്ടിവരും.

ഇതു് വായിക്കുന്നവരിൽ ചിലരെങ്കിലും ഇതിനോടകം ശ്രദ്ധിച്ചിട്ടുണ്ടായിരിക്കണം: നനഞ്ഞൊട്ടിയ ഒറ്റത്തുണി ചുറ്റിയ സ്ത്രീകളുടെ ശരീരത്തിലെ നിമ്നോന്നതങ്ങളും, പുരുഷന്മാരുടെ നെഞ്ചത്തെ രോമങ്ങളും (ഞാനൊരു തമിഴൻ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന ഏമ്പക്കം ഇവിടെ ഒരിക്കൽ കൂടി വിടേണ്ടി വരുന്നതിൽ ക്ഷമിക്കുക) കണ്ടാൽ മാത്രം കനിഞ്ഞനുഗ്രഹിക്കാൻ തോന്നുന്ന ദൈവങ്ങൾ വാഴുന്ന നാടാണു് ഭാരതം. ഒരു പുരുഷനെ സംബന്ധിച്ചു് സ്വന്തം നെഞ്ചത്തെ രോമങ്ങൾ ഈശ്വരനു് മുന്നിൽ പ്രദർശിപ്പിക്കാൻ കഴിയുക എന്നതൊരു ബഹുമതിയാണെന്നു്‌ ചുരുക്കം. ദൈവാനുഗ്രഹം രോമത്തിലൂടെ! രോമത്തെ ബഹുമാനിക്കുന്നവൻ ദൈവത്തെ ബഹുമാനിക്കുന്നു. അതുകൊണ്ടു്, ഇന്നല്ലെങ്കിൽ നാളെ ഒരു പത്മഭോഷൻ പദവി ലഭിക്കും എന്ന നേരിയ പ്രതീക്ഷയെങ്കിലും വച്ചുപുലർത്തന്ന ഒരു സാമൂഹിക-സാംസ്കാരിക- ഓത്തുപള്ളിക്കൂടപരിഷ്ക്കർത്താവാണു് നിങ്ങളെങ്കിൽ, ഈ ഒരു കാര്യം നിങ്ങൾ മറക്കാതെ നിത്യേന സ്വയം ധാര കോരിക്കൊണ്ടിരിക്കണം: സഹജീവികളുമായി ഇടപെടുമ്പോൾ, പ്രത്യേകിച്ചും അവർ സമൂഹത്തിന്റെ പൊതുമുതലിന്റെ നിയമാനുസൃതമായ ശേഖരണത്തിന്റെയും വിതരണത്തിന്റെയും ചുമതലക്കാരായി അഭിനയിക്കുന്നവരാണെങ്കിൽ, ഒരു കാരണവശാലും രോമം എന്ന വാക്കിനെ അവർ കേൾക്കെ തമിഴിലേക്കു് തർജ്ജമ ചെയ്യാൻ തുനിയരുതു്. അതു് രോമത്തോടുള്ള അപമര്യാദയായി തെറ്റിദ്ധരിക്കപ്പെടാം. നിസ്സാരമെന്നു് കരുതി അവഗണിക്കാവുന്ന ഒരു കാര്യമല്ല ട്രാൻസ്ലേഷൻ. “Lost in translation” എന്നു് നിങ്ങളും കേട്ടിട്ടുണ്ടാവുമല്ലോ.

നവമലയാളപണ്ഡിതർ/കവികൾ/അക്ഷരത്തെറ്റു് റാഞ്ചികൾ/വ്യാകരണപ്രാപ്പിടിയർ തുടങ്ങിയവർ കേൾക്കെയാണു് നിങ്ങൾ ഇതു് വായിക്കുന്നതെങ്കിൽ തർജ്ജുമ എന്നു് വായിക്കുന്നതാണു് ദേഹോപദ്രവം ഏൽക്കാതിരിക്കാൻ നല്ലതു്. തർജ്ജമ എന്നു് കേട്ടാൽ നിങ്ങൾ ഉപ്പേരിയെക്കുറിച്ചാണു് സംസാരിക്കുന്നതെന്നു് അവർ സംശയിച്ചുകൂടെന്നില്ല.

ജീവിതത്തിൽ ഒരുവനു്/ഒരുത്തിക്കു് നേരിടേണ്ടിവരുന്ന നൂറു് മനുഷ്യരിൽ, ഏറ്റവും ചുരുങ്ങിയാൽ, തൊണ്ണൂറ്റിഅഞ്ചു് പേരെങ്കിലും, അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ അവരുടെ മുഖത്തു് നോക്കി രോമത്തെ തമിഴിലേക്കു് വിവർത്തനം ചെയ്യുകയല്ലാതെ മറ്റൊരു ഓപ്ഷൻ അനുവദിക്കുന്നവരല്ല. ആ “പ്രലോഭനത്തിൽ” വീണുപോയാൽ അതിനു് നിങ്ങൾ കൊടുക്കേണ്ടി വരുന്നതു് നിങ്ങൾക്കു് ലഭിക്കാനിരിക്കുന്ന പത്മഭോഷൻ എന്ന വലിയ വിലയായിരിക്കും എന്നോർത്താൽ നിങ്ങൾക്കു് നല്ലതു്. ഭാവിയിലൊരിക്കൽ, ആപത്തു് കാലത്തു് വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ, ധാര്‍മ്മികരോഷത്തിന്റെ പേരിലുള്ള ഒരു പ്രതിഷേധം എന്ന നിലയില്‍, കിട്ടിയ ചട്ടി തിരിച്ചുകൊടുക്കുകയല്ലാതെ മറ്റു് ഗത്യന്തരമൊന്നും ഇല്ലാത്ത ഒരു ജീവിതസാഹചര്യം ഉണ്ടായിക്കൂടെന്നില്ലെന്നുംകൂടി ഓര്‍ത്തോളൂ.

Feb 9, 2017, 11:09 AM

മനുഷ്യരെയും ആശയങ്ങളെയും മാത്രമല്ല, സംസ്കാരത്തെയും, മനുഷ്യാവകാശങ്ങൾ നേടാനും സംരക്ഷിക്കാനുമുള്ള ലെജിറ്റിമെറ്റ് മാർഗ്ഗങ്ങളിൽ ഒന്നായ സമരത്തെയും വ്യഭിചരിക്കാൻ കഴിവുള്ളവരാണു് മനുഷ്യർ. ആർഷഭാരതസംസ്കാരത്തെ വ്യഭിചരിച്ചാൽ ആഭാസമാകും, ജനകീയമായിരിക്കേണ്ട സമരങ്ങളെ വ്യഭിചരിച്ചാൽ സമരാഭാസങ്ങളാകും. ഇവ രണ്ടിന്റെയും കൂടിയാട്ടങ്ങൾ കണ്ടു് കല്ലു് താഴേക്കു് ഉരുളുന്നതു് കാണുന്ന നാറാണത്തു് ഭ്രാന്തനെപ്പോലെ കൈകൊട്ടി ചിരിച്ചു് തള്ളിക്കൊണ്ടിരുന്നാലേ ഇന്നു് മലയാളിസമൂഹത്തിന്റെ സമയം നീങ്ങൂ.

പണ്ടൊക്കെ ആരെങ്കിലും ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്നോ, കുടു കുക്കുടു കുക്കുടു എന്നോ പറയുകയും, മറ്റെല്ലാവരും അതിന്റെ പുറത്തു് കയറ്റി വക്കാൻ പറ്റുന്ന ഏതാനും വരികൾക്കുവേണ്ടി പരക്കം പായുകയും ചെയ്യുന്നതായിരുന്നു രീതി. അതിനിടെയെന്നോ ആണു് സ്വർഗ്ഗത്തിലേക്കുള്ള ഒടുക്കത്തെ യാത്ര തുടങ്ങുന്നതുവരെ, ബോധമില്ലാത്തപോലെ പിച്ചും പേയും പറഞ്ഞു് യൂണിവേഴ്‌സലായി ചുമ്മാ ചിരിച്ചുകൊണ്ടിരിക്കുന്നതാണു് ആയാസരഹിതം എന്ന ബോധോദയം മലയാളികൾക്കുണ്ടായതും അവർ അതനുസരണം എന്നും എപ്പോഴും എവിടെയും ചിരിച്ചുകൊണ്ടു് ജീവിക്കാൻ തുടങ്ങിയതും.

Feb 11, 2017, 10:43 AM

തലച്ചോറിൽ “ഡിലീറ്റ് ബട്ടൺ” ഇല്ല. ഇതു് ഞാൻ പറയുന്നതല്ല, ആധുനിക ന്യൂറോസയൻസ് പറയുന്നതാണു്. അതുകൊണ്ടു് ഒരിക്കൽ തലയിൽ കയറിക്കൂടിയ “ഇസഭക്തിയെ” അത്ര എളുപ്പം അവിടെ നിന്നും ഇറക്കി വിടാൻ കഴിയില്ല. ഒരു പരിധി വരെയെങ്കിലും “നിച്പച്ചം” ആയ സാമാന്യബുദ്ധിക്കുപോലും അനായാസം വിഡ്ഢിത്തമെന്നു് തിരിച്ചറിയാൻ കഴിയുന്ന ഡോഗ്മകൾ “പക്ഷവാതം” പിടിപെട്ട തലകളിൽ പോത്തട്ട പോലെ കടിച്ചുപിടിച്ചിരിക്കും. വാൽ വേർപെടുത്തിയാൽ തല കടി മുറുക്കും, തല വേർപെടുത്തിയാൽ വാൽ പിടി മുറുക്കും. വാലും തലയും ഒരുമിച്ചും വെവ്വേറെയും ഉപയോഗിച്ചു് സിനാപ്സുകളിൽ ഒട്ടിപ്പിടിച്ചിരിക്കാൻ കഴിവുള്ളയിനം രക്തമൂറ്റിയാണു് സിദ്ധാന്തഭക്തി. എത്ര കുറവാണോ സിദ്ധാന്തത്തെപ്പറ്റിയുള്ള അറിവു്, അത്ര കൂടുതലായിരിക്കും അതിന്റെ അനുയായികൾക്കു് അതിനോടുള്ള ഭക്തി.

അതുകൊണ്ടു്, സ്വന്തം ജീവിതത്തിന്റെ “ആൽഫയും ഒമേഗയും” ആക്കി പ്രതിഷ്ഠിച്ചിരിക്കുന്ന വിശ്വാസപ്രമാണങ്ങളെ എന്തു് വില കൊടുത്തും സംരക്ഷിക്കേണ്ടതു് തന്റെ ബാദ്ധ്യതയായി കരുതുന്ന ന്യായീകരണത്തൊഴിലാളികളെ കുറ്റപ്പെടുത്തരുതു്. സ്വന്തം നിലപാടുകളുടെ ന്യായീകരണം അവർക്കു് ഒരു തൊഴിൽ മാത്രമല്ല, നിലനിൽപിന്റെ അടിത്തറ തന്നെയാണു് (എന്നവർ വിശ്വസിക്കുന്നു). ഏതു് വിഡ്ഢിവേഷവും കെട്ടി, ഏതു് വിഡ്ഢിവാദവും ഉന്നയിച്ചു് ഡോഗ്മാവിശ്വാസത്തിന്റെ പേരിൽ അരങ്ങേറുന്ന നീചമായ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ ഒരു വ്യക്തിക്കു് മടിയോ അറപ്പോ തോന്നാതിരിക്കണമെങ്കിൽ അവൻ/അവൾ എത്രമാത്രം ആ ഡോഗ്മക്കു് അടിമയായിരിക്കും എന്നു് ചിന്തിക്കാവുന്നതേയുള്ളു.

Feb 15, 2017, 11:46 AM

“യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.” – ബൈബിൾ.

അക്കാര്യത്തിൽ എനിക്കത്ര ഉറപ്പു് തോന്നുന്നില്ല. ചുറ്റുപാടുകളിൽ നിന്നും എനിക്കു് മനസ്സിലാക്കാൻ കഴിഞ്ഞിടത്തോളം, ദൈവഭക്തി ജ്ഞാനപ്പടക്കത്തിനു് തീ കൊളുത്തുന്നതിനേക്കാൾ കൂടുതൽ സാദ്ധ്യത കാണുന്നതു് ഓസ്റ്റിയോപൊറോസിസിനു് (അസ്ഥിക്ഷയം) വഴിമരുന്നു് ഇടാനാണു്. ദൈവഭക്തി, യജമാനഭക്തി, പ്രമാണഭക്തി, എന്നുവേണ്ട, ഭക്തികൾ പൊതുവേതന്നെ എല്ലിന്റെ, പ്രത്യേകിച്ചും നട്ടെല്ലിന്റെ, ബലം കുറയ്ക്കുകയും വളയ്ക്കുകയും, അതോടൊപ്പം നാവിന്റെ ബലം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായാണു് പൊതുവേ കണ്ടുവരുന്നതു്. നിന്റെയൊക്കെ നട്ടെല്ലു് വാഴപ്പിണ്ടിയാണോടാ എന്നൊരു ആക്രോശം തറ ലെവലിൽ നിന്നും ഉയരുന്നതു് കേട്ടാൽ ഉറപ്പിക്കാം: ഭക്തിയാൽ കുനിഞ്ഞ മുതുകുമായി തറയിൽ മൂക്കുകൊണ്ടു് അക്ഷരമാല എഴുതിപ്പഠിക്കുന്ന ആരുടെയോ കണ്ഠനാളമായിരിക്കും “ആണത്തത്തിന്റെ” തന്റേടം വഴിഞ്ഞൊഴുകുന്ന ആ അലർച്ചയുടെ ഉറവിടം.

(ഓസ്റ്റിയോപൊറോസിസ് ബാധിച്ച രോഗികളെ പരിഹസിക്കലല്ല ഇവിടെ എന്റെ ലക്ഷ്യം. മനുഷ്യന്റെ കുറ്റം കൊണ്ടു് പിടിപെടുന്ന രോഗങ്ങൾ ഉണ്ടെങ്കിലും, എല്ലാ രോഗങ്ങളും നിർബന്ധമായും മനുഷ്യന്റെ കുറ്റം കൊണ്ടു് പിടിപെടുന്നവയല്ല. ഓസ്റ്റിയോപൊറോസിസ് അതുപോലൊന്നാണു്. അതേസമയം, പിടിപെട്ട രോഗത്തെ പിടികൂടാൻ മനുഷ്യൻതന്നെ വിചാരിക്കുകയും വേണം. അതിനു് ദൈവം വിചാരിക്കില്ല, വിചാരിച്ചിട്ടു് കാര്യവുമില്ല).

ദൈവഭക്തി വഴി ആരംഭിച്ചതും ശരിക്കും മൂത്തതുമായ ജ്ഞാനം നേരിട്ടു് കണ്ടും കേട്ടും ബോദ്ധ്യപ്പെടണം എന്നുണ്ടെങ്കിൽ, ഭൂമി പരന്നതാണെന്നു് പ്രസംഗിക്കുന്ന മുസ്ലീം പണ്ഡിതരെയും, കൈവച്ചു് രോഗങ്ങൾ മാറ്റുകയും, ചത്തവരെ ഉയിർപ്പിക്കുകയും ചെയ്യുന്ന പാസ്റ്റർമാരെയും, നല്ല നാളെകൾ വാഗ്ദാനം ചെയ്യുന്ന പ്രത്യയശാസ്ത്രജ്ഞാനികളെയും അവരെല്ലാം സ്റ്റേജിൽ അവതരിപ്പിക്കുന്ന വാചകക്കസർത്തുകളും അത്ഭുതപ്രവൃത്തികളും കാണാൻ തടിച്ചു് കൂടുന്ന ജനകോടികളെയുമെല്ലാം അല്പസമയം ശ്രദ്ധിച്ചാൽ മതി.

എന്തുകൊണ്ടു് ജനം ഇക്കൂട്ടരുടെ പുറകെ പോകുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം ലളിതമാണു്: തുളയൻ കാലണകളെ അപേക്ഷിച്ചു് നയാ പൈസകൾ ആധുനികരാണു്. അതിനാൽ നയാ പൈസകളുടെ സ്റ്റഡി ക്ലാസ്സുകൾ നഷ്ടപ്പെടുത്തി പഴഞ്ചൻ എന്ന പേരുദോഷം വരുത്തി വയ്ക്കാൻ ഒരു തുളയൻ കാലണയും ഇഷ്ടപ്പെടുന്നില്ല. സർവ്വോപരി, ഈ ലോകത്തിലെ എത്ര ഗുരുതരമായ പ്രശ്നങ്ങൾക്കും സമഗ്രവും ലളിതവുമായ പരിഹാരങ്ങൾ മുന്നോട്ടു് വയ്ക്കുന്നവരാണു് നയാ പൈസകൾ. ഒരല്പം ചൂർണ്ണം, എള്ളോളം കുഴമ്പു്, ഇത്തിരി നസ്യം – തീർന്നു. പരിഹാരം റെഡി!

(ചൊല്ലിക്കൊടുക്കുന്നവരെ) നിശ്ചയമായും വിജയത്തിലേക്കു് നയിക്കാവുന്ന ചില മാതൃകാഒറ്റമൂലികൾ: യെസ് വി ക്യാൻ, മെയ്ക്ക് അമേറിക്ക ഗ്രേറ്റ് എഗെയ്ൻ, ബ്രെക്സിറ്റ്, ലാൽ സലാം, … …

നിങ്ങൾ ഞങ്ങൾക്കു് ഏറ്റു് പാടാൻ പറ്റിയ മുദ്രാവാക്യങ്ങൾ നൽകൂ, ഞങ്ങൾ നിങ്ങൾക്കു് ഞങ്ങളുടെ വോട്ടുകൾ നൽകാം!

Feb 17, 2017, 2:08 PM

ക്യാറ്റഗൊറികളിൽ “ചിന്തിക്കുക” എന്നതു് മൃഗങ്ങൾക്കും കഴിയുന്ന കാര്യമാണു്. കുരങ്ങുകൾ, പന്നികൾ, കാക്കകൾ തുടങ്ങിയ ജീവികളിൽ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങൾ അക്കാര്യം സ്ഥിരീകരിക്കുന്നുണ്ടു്. ഒരർത്ഥത്തിൽ അതിൽ വലിയ കാര്യമൊന്നുമില്ല. തട്ടമിട്ടവർ, തട്ടമിടാത്തവർ എന്നിങ്ങനെയുള്ള ക്യാറ്റഗൊറികളിൽ ചിന്തിക്കാൻ മലയാളികൾക്കും കഴിയുന്നുണ്ടല്ലോ.

ഇടതു്, വലതു്, ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി, യുക്തിവാദി, പുരോഗമനവാദി, വായുനിയന്ത്രണവാദി, തുടങ്ങിയ ജനറൽ ക്യാറ്റഗൊറികൾക്കും അവയുടെ എണ്ണമറ്റ അവാന്തര വിഭാഗങ്ങൾക്കും ഉള്ളിലോ വെളിയിലോ നിന്നുകൊണ്ടു് പരസ്പരം പുകഴ്ത്തലുകളും ഇകഴ്ത്തലുകളും നടത്തുന്നവർ ഇതറിഞ്ഞിരിക്കുന്നതു് നല്ലതാണു്. മൃഗങ്ങളേക്കാൾ ഒട്ടും മോശമല്ല തങ്ങൾ എന്ന അറിവു് ആത്മവിശ്വാസവും തദ്വാരാ സാംസ്കാരികമായ ഔന്നത്യവും വർദ്ധിപ്പിക്കാൻ സഹായിക്കും.

Feb 20, 2017, 2:05 PM

“A Beautiful Mind” എന്ന ചിത്രത്തിൽ പ്രൊഫ. നാഷിനെ കോളെജ് കാലത്തെ റൂം മേറ്റ് ചാൾസ് സഹോദരീപുത്രിയുമായി സന്ദർശിക്കുന്ന സന്ദർഭത്തിൽ സഹോദരീഭർത്താവിനു് ആക്സിഡന്റ് സംഭവിച്ചതിന്റെ കാരണം പറയുന്നതു് ഏകദേശം ഇങ്ങനെ: “മത്തു് പിടിച്ചു എന്നു് അറിയാൻ കഴിയാത്ത വിധം മത്തു് പിടിച്ചായിരുന്നു അവൻ ഡ്രൈവ് ചെയ്തിരുന്നതു്”.

വൈനും ബിയറും മാത്രമല്ല, വിസ്കിയും ബ്രാണ്ഡിയും ജിന്നുമൊന്നും സ്വയമേവ അപകടകാരികളല്ല. അളവാണു് കാര്യം. അതേസമയം, വീര്യം കൂട്ടാൻ ബാറ്ററിയും തേരട്ടയും പഴുതാരയുമെല്ലാമിട്ടു് വാറ്റിയെടുക്കുന്ന മെയ്ഡ് ഇൻ കേരളകൾ അവയിൽത്തന്നെ വിഷമാണുതാനും. അളവുമായി അതിനു് വലിയ ബന്ധമൊന്നുമില്ല. “സൗന്ദര്യവർദ്ധനവസ്തുക്കൾ” ചേർത്തു് നിർമ്മിക്കുന്ന കേരള മെയ്ഡ് മുളകു് പൊടികളും മറ്റിനം പൊടികളും അച്ചാറുകളുമെല്ലാം പോലെതന്നെ. മദ്യനിരോധനത്തിനു് വേണ്ടി വാദിക്കുന്നവർ അമേരിക്കയിലെ മദ്യനിരോധനചരിത്രം പഠിക്കുന്നതു് നല്ലതാണു്.

നിർമ്മിക്കേണ്ട വിധത്തിൽ നിർമ്മിക്കപ്പെട്ട മദ്യം അല്പസ്വല്പം സേവിക്കുന്നതുകൊണ്ടു് വലിയ ദോഷമൊന്നും വരാനില്ല. അല്പം കൂടി സേവിച്ചാൽ, മനുഷ്യർക്കു്, പ്രത്യേകിച്ചും പുരുഷന്മാർക്കു് പിടിപെടുന്ന അസ്തിത്വദുഃഖം എന്ന സംഭവത്തെ സാഹിത്യപരമായി നേരിടാൻ വേണ്ടത്ര തമാശകൾ അതുവഴി ലഭിച്ചുകൂടെന്നുമില്ല. അതിലും കൂടുതലായാൽ പാമ്പോ പഴുതാരയോ ഒക്കെയാവാം. ഇങ്ങനെയെല്ലാമാണു് കാര്യങ്ങളെങ്കിലും, അർജ്ജുനന്റെ അമ്പുകൾ പോലെ, ഒന്നിൽ തുടങ്ങിയാലും ഒരുപാടിലേ അവസാനിക്കൂ എന്നൊരു സ്വഭാവദൂഷ്യം മദ്യത്തിനുള്ളതിനാൽ, തനിക്കു് വേണ്ടതെന്തെന്നും, താൻ ചെയ്യുന്നതെന്തെന്നും അറിയാൻ മാത്രമുള്ള സ്വയം നിർണ്ണയശേഷി ഇല്ലാത്തവർ മദ്യത്തെയെന്നല്ല, ഏതിനം ലഹരിയേയും ഒഴിവാക്കുന്നതാണു് നല്ലതു്.

സ്വഭാവം കൊണ്ടു് സ്റ്റ്യുപ്പിഡിറ്റിയും മദ്യപാനം പോലെ തന്നെയാണു്. അല്പം സ്റ്റ്യുപ്പിഡിറ്റി രസകരമാണു്. മറിലിൻ മൺറോയും ചാർലി ചാപ്ലിനുമെല്ലാം വെള്ളിത്തിരയിൽ അവതരിപ്പിച്ചു് വിജയിച്ച തരം സ്റ്റ്യുപ്പിഡിറ്റി. പക്ഷേ, സ്റ്റ്യുപ്പിഡാണെന്നു് അറിയാൻ കഴിയാത്തവിധം സ്റ്റ്യുപ്പിഡായാൽ തനിക്കും നിരപരാധികളായ മറ്റുള്ളവർക്കും അപകടങ്ങൾ വരുത്തി വയ്ക്കുകയാവും അതിന്റെ ഫലം.

ഇപ്പോൾ, ആരാണു് സ്റ്റ്യുപ്പിഡ്? നീ സ്റ്റ്യുപ്പിഡല്ലേ എന്നു് ചിലരെങ്കിലും ചോദിച്ചേക്കാം. ജീവിതത്തിൽ ഒട്ടേറെ സ്റ്റ്യുപ്പിഡിറ്റികൾ എനിക്കും സംഭവിച്ചിട്ടുണ്ടു്. അതുകൊണ്ടു് ഇന്നു് കൂടുതൽ ശ്രദ്ധിക്കാറുമുണ്ടു്. ലോജിക്കലായ ഒരു വിശദീകരണം നൽകാൻ എനിക്കു് കഴിയാത്ത കാര്യങ്ങൾ സ്വയം വിശ്വസിക്കാനോ, മറ്റുള്ളവരെ വിശ്വസിപ്പിക്കാനോ, ഞാൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നു് അവകാശപ്പെട്ടു് മറ്റുള്ളവരുടെ മുന്നിൽ തിളങ്ങി ശ്രദ്ധ പിടിച്ചുപറ്റാനോ ഞാൻ ശ്രമിക്കാറില്ല. അതു് ഇപ്പറഞ്ഞ ശ്രദ്ധയുടെ ഒരു ഭാഗമാണു്.

സ്റ്റ്യുപ്പിഡിറ്റികൾക്കു് ഒരു പഞ്ഞവും ഇല്ലാത്ത നാടാണു് ഭാരതം. എന്റെ അഭിപ്രായത്തിൽ, പുരുഷനെ അറിയാതെ മറിയ ഗർഭം ധരിച്ചു എന്നും, പച്ചയായ ഒരു മനുഷ്യൻ മരിച്ചശേഷം ഉയിർത്തു എന്നും, അവൻ “മത്തായി ഇതാ സ്വർഗ്ഗത്തിലേക്കു് പോകുന്നു” എന്നു് പറഞ്ഞു് കൈകൾ ആകാശത്തിലേക്കു് ഉയർത്തി ശൂന്യാകാശം ലക്ഷ്യമാക്കി പറന്നു എന്നുമെല്ലാം വിശ്വസിക്കുന്നതു് സ്റ്റ്യുപ്പിഡിറ്റിയാണു്. മാമൂദീസ, അഥവാ ജ്ഞാനസ്നാനം എന്ന പേരിൽ മനുഷ്യനെ പുഴയിൽ മുക്കുകയോ, അവന്റെ തലയിൽ അല്പം വെള്ളം കോരി ഒഴിക്കുകയോ ചെയ്താൽ ഈ നുണക്കഥകൾ മുഴുവൻ സത്യവും ജ്ഞാനവും ആകുമെന്നു് വിശ്വസിക്കുന്നതു്, എന്റെ ദൃഷ്ടിയിൽ, അതിനേക്കാൾ മൂത്ത സ്റ്റ്യുപ്പിഡിറ്റിയാണു്. അതുപോലെ തന്നെ, ഒരു മനുഷ്യൻ ഒരു “പറക്കും കുതിരയുടെ” പുറത്തു് കയറി ഒറ്റ രാത്രി കൊണ്ടു് സ്വർഗ്ഗത്തിൽ പോയി പണ്ടെന്നോ മരിച്ചുപോയ ബൈബിൾ കഥാപാത്രങ്ങളിൽ ചിലരെ കണ്ടു് ചില കുശലാന്വേഷണങ്ങളെല്ലാം നടത്തിയ ശേഷം മടങ്ങി വന്നു എന്നു് വിശ്വസിക്കുന്നതു് ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ സ്റ്റ്യുപ്പിഡിറ്റിയുടെ പരമോന്നതി അല്ലാതെ മറ്റൊന്നുമല്ല.

ത്രേതായുഗത്തിൽ വിമാനമുണ്ടായിരുന്നു എന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ കണ്ടെത്തലാണു് ഏറ്റവും പുതിയതായി കേരളത്തിൽ നിന്നും കേട്ട സ്റ്റ്യുപ്പിഡിറ്റി. കേരളക്കരയിൽ നിന്നുള്ള വാർത്തകൾ വളരെ ജാഗ്രതയോടെ ആസ്വദിച്ചില്ലെങ്കിൽ തീട്ടത്തിൽ ചവിട്ടിയതു് പോലെയാവും പിന്നത്തെ അവസ്ഥ. ഇവിടെ ആ നേതാവിന്റെ പക്ഷക്കാർ തന്നെ അങ്ങേരെ പരിഹസിക്കുന്നതും വിമർശിക്കുന്നതും കണ്ടതുകൊണ്ടു് വാർത്ത തൊണ്ണൂറു് ശതമാനവും ശരിയായിരിക്കാനാണു് സാദ്ധ്യത. എതിർപക്ഷത്തുനിന്നും മാത്രമാണു് കരച്ചിൽ കേൾക്കുന്നതെങ്കിൽ ഒരു വാർത്ത തൊണ്ണൂറു് ശതമാനവും തെറ്റായിരിക്കും എന്നു് കരുതുന്നതാണു് ഉത്തമം. കേരളത്തിൽ നിന്നുള്ള വാർത്തകളിലെ സത്യത്തിന്റെ അളവു് നിശ്ചയിക്കാൻ ഇതാണു് സാധാരണ ഞാൻ ഉപയോഗിക്കാറുള്ള മാനദണ്ഡം.

“ബ്രിട്ടണിലെ ചില വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ജോർജ്ജ് ഓർവെൽ എഴുതിയ അനിമൽ ഫാം എന്ന പുസ്തകം ചില്ലറ എഡിറ്റിങ്ങുകൾ മാത്രം വരുത്തി ഒന്നാന്തരം ആന്റി കമ്മ്യൂണിസ്റ്റ് വില്പനച്ചരക്കാക്കി …” എന്നും മറ്റും തട്ടിവിടാൻ ഉളുപ്പില്ലാത്ത വിപ്ലവമഹാകവികളും, കത്തോലിക്കാ സഭയിലെ അമലോത്ഭവ വിശ്വാസത്തിനു് നൂറു് വർഷത്തിൽ താഴെയേ പഴക്കമുള്ളു എന്നും മറ്റും ആധികാരികമെന്നോണം പ്രസ്താവിക്കാൻ മടിയില്ലാത്ത ഭക്തനസ്രാണികളും അരങ്ങു് വാഴുന്ന സമ്പൂർണ്ണസാക്ഷരരുടെ നാടല്ലേ? അല്പമൊന്നും ജാഗ്രത പുലർത്തിയാൽ പോര. ദൈവത്തിന്റെ സ്വന്തം നാടായ ഭൂമിമലയാളത്തിനു് വെളിയിലും ലോകമുണ്ടെന്നു് മറക്കാതിരുന്നാൽ, ഇതുപോലുള്ള അത്ഭുതജ്ഞാനവിഡ്ഢിത്തങ്ങൾ കേട്ടു് പഠിച്ചശേഷം അവിടങ്ങളിൽ ചെന്നു് ഇടിച്ചാൽ പൊട്ടാത്ത സത്യം എന്ന രീതിയിൽ വിളമ്പി നാണം കെടാതിരിക്കാം.

Feb 20, 2017, 4:32 PM

സുഹൃത്തുക്കളിൽ നിന്നും എനിക്കു് മെസഞ്ജറിൽ പത്തും ഇരുപതും മെസ്സേജുകൾ വരുന്നതായി കാണുന്നു. എന്റെയൊരു രീതി വച്ചു് അതൊരു ചെറിയ സംഖ്യയല്ല. അതുകൊണ്ടു് അതു് അയക്കുന്നവരുടെ അറിവിനായി ഇതു് പറയേണ്ടതുണ്ടു്: ഞാൻ മെസഞ്ജർ ഇൻസ്റ്റാൾ ചെയ്തിട്ടില്ല. ഇൻസ്റ്റാൾ ചെയ്യൂ, ഇൻസ്റ്റാൾ ചെയ്യൂ എന്നു് ഫെയ്സ് ബുക്ക് പേർത്തും പേർത്തും ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും തത്ക്കാലം അതു് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ടെററിസ്റ്റുകൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതു് മെസഞ്ജറിലൂടെ ആണത്രെ! അവരെ സഹായിക്കുന്നതല്ല, അവരെങ്ങാനും പിടിക്കപ്പെട്ടാൽ സാക്ഷി പറയാൻ പോകേണ്ടി വരുമല്ലോ എന്നതാണു് എന്നെ അലട്ടുന്ന പ്രശ്നം. സമയക്കുറവുണ്ടേ!

ഇപ്പറഞ്ഞതിനു് എനിക്കു് മെസ്സേജ് അയക്കുന്ന സുഹൃത്തുക്കളെല്ലാം ടെററിസ്റ്റുകളാണു് എന്നർത്ഥമില്ല. അതല്ലാത്ത ഒന്നുരണ്ടുപേർ അക്കൂട്ടത്തിൽ ഉണ്ടാവുമെന്നു് തീർച്ചയായും എനിക്കറിയാം.

മെസ്സേജ് അയക്കുന്നവരിലെ ബന്ധുജനങ്ങളോടു്:

എനിക്കു് സുഖം തന്നെ. അവിടെയും അപ്രകാരം തന്നെ എന്നു് കർത്താവിൽ പ്രത്യാശിക്കുന്നു.

കുഞ്ഞമ്മായിക്കു് ചെറുപ്പത്തിലെ കൊടിഞ്ഞി ശല്യം തന്നെ ഇപ്പോഴും. കുഞ്ഞമ്മാവന്റെ ആന്ത്രവായു അടുത്തിടയൊന്നും കുടിയൊഴിയുമെന്നു് തോന്നുന്നില്ല. വല്യമ്മാവൻ കിടന്ന കിടപ്പിൽ നിന്നും ഇതുവരെ എഴുന്നേറ്റിട്ടില്ല. വല്യമ്മായി പത്തു് വർഷം മുൻപു് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഇതിനോടകം നിങ്ങൾ അറിഞ്ഞുകാണുമല്ലോ. പറയത്തക്കതായ പുതിയ വിശേഷങ്ങൾ മറ്റൊന്നും തന്നെയില്ല.

കർത്താവിന്റെയും കർമ്മത്തിന്റെയും കരുണയും കൃപയും നമ്മുടെ എല്ലാ ക്രിയകളിലും ഉണ്ടാവാൻ മുട്ടിപ്പായി പാർത്തിക്കുന്നു. ആമീൻ.

Feb 23, 2017, 8:39 AM

കമ്മി-സംഘി ഓൺലൈൻ-ലോകമഹായുദ്ധം

കമ്മിപ്പോരാളി മജിസ്റ്റീറിയലായി:
നീ മാർക്‌സെന്നോ, ലെനിനെന്നോ, സ്റ്റാലിനെന്നോ കേട്ടിട്ടുണ്ടോ? നീ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചിട്ടുണ്ടോ?

സംഘിപ്പോരാളി:
ഇല്ല. പക്ഷേ ഞാൻ വിജയനെന്നും, സുധാകരനെന്നും, മണിയെന്നും കേട്ടിട്ടുണ്ടു്. പൂച്ചക്കവിത വായിച്ചിട്ടുമുണ്ടു്.

Feb 24, 2017, 2:15 PM

അന്നു് എല്ലാം മായയായിരുന്നു – ബൈബിളിൽ എന്ന പോലെ തന്നെ ഭാരതത്തിലും. ലോകം മായ, ദേവി മായ, ദേവൻ മായ, ഞാൻ മായ, നീ മായ, സകലതും മായ! അമ്മായി അമ്മയുടെ അർബുദം മാറ്റാൻ ഒടംകൊല്ലി വൈദ്യൻ നിന്നെ പറ്റിച്ചു് ഒരു ലക്ഷം റുപ്യ “ധന്യൻ” ആയതും, നിന്റെ പോക്കറ്റ് അത്രയും കാലിയായതും, എന്നിട്ടും അമ്മായി അമ്മയെ പോത്തിന്റെ പുറത്തു് കയറ്റി കാലൻ തെക്കോട്ടു് കൊണ്ടുപോയതും എല്ലാം മായ മാത്രം. നിന്റെ വെറും തോന്നൽ.

ആ മായ – ചുരുങ്ങിയ പക്ഷം ഭാരതത്തിലെങ്കിലും – ഇന്നും മായ തന്നെ. മായയോടു് മായവും മറിമായവും കൂട്ടുചേർന്നു എന്നതൊഴിച്ചാൽ, തോന്നലുകൾക്കു് ഇന്നും തെല്ലും മാറ്റം സംഭവിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ മായം, രാഷ്ട്രീയക്കാരിൽ മായം, ആഹാരത്തിൽ മായം, മരുന്നിൽ മായം, പള്ളിയിൽ മായം, പട്ടക്കാരിൽ മായം, കർത്താവായ യേശു മശിഹായുടെ വിശുദ്ധ പച്ച മാംസത്തിലും വിശുദ്ധ റോസ്റ്റിലും പോലും മായം! വിദ്യയിൽ മായം, വിദ്യാഭ്യാസത്തിൽ മായം, കലയിൽ മായം, സാഹിത്യത്തിൽ മായം, കള്ളനും പോലീസും കളിയിൽ മായം, വാർത്താവിതരണത്തിൽ മായം, എന്നുവേണ്ട, ജീവിതത്തിന്റെ സമസ്ത മേഖലകളിലേയും വസ്തുക്കളിലും, വാക്കുകളിലും, പ്രവൃത്തികളിലും മായം. പക്ഷേ, ഒരിക്കലും മനം പിരട്ടൽ തോന്നുകയോ, ഛർദ്ദിക്കുകയോ ചെയ്യരുതു്. എല്ലാം വെറും തോന്നൽ മാത്രം. എന്തിനും ഏതിനും ന്യായീകരണത്തൊഴിലാളികളുടെ കയ്യിൽ ഒരു വിശദീകരണമുണ്ടെന്ന യാഥാർത്ഥ്യം മറക്കാതിരിക്കുക. ജനം ചായ കുടിച്ചുകൊണ്ടു് അവർക്കു് ചെവി കൊടുക്കുക മാത്രം ചെയ്താൽ മതി, എല്ലാം ദേശീയ ഗാനത്തോടെ സമംഗളം പര്യവസാനിക്കും.

പ്രത്യാശ ഒരിക്കലും കൈവെടിയാതിരിക്കുക. ഏറ്റവും ഒടുക്കം, അതായതു്, ഏറ്റവും അവസാനത്തെ വായു പുറത്തേക്കു് തള്ളുന്നതിന് ഒരു സെക്കൻഡ് മുൻപുമാത്രം അവസാനിക്കുന്ന ഒരു തരം ബോധോദയമാണു് പ്രത്യാശ. നീറ്റ്സ്ഷെയുടെ വാക്കുകളിൽ പറഞ്ഞാൽ, എല്ലാ തിന്മകളും പുറത്തായ ശേഷം മാത്രം അടയ്ക്കാൻ കഴിഞ്ഞ പൻഡോറയുടെ ചെപ്പിൽ അവശേഷിച്ച പ്രത്യാശ എന്ന ദുരന്തം. മനുഷ്യദുരിതങ്ങളെ വലിച്ചു് നീട്ടുന്നതിനാൽ, തിന്മകളിൽ വച്ചു് ഏറ്റവും വലിയ തിന്മയായ പ്രത്യാശ. ദുരിതങ്ങൾ ലഘൂകരിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിവില്ലാത്ത മതങ്ങളും, നല്ല നാളെ എന്ന മധുരവാഗ്ദാനമല്ലാതെ, മാന്ത്രികച്ചെപ്പിൽ സബ്സ്റ്റാൻഷ്യൽ ആയി ഒന്നുമില്ലാത്ത പ്രത്യയശാസ്ത്രപ്രവാചകരും, തലമുറകൾ തലമുറകളായി ഏകതാനജീവികളായ മനുഷ്യർക്കു് വിറ്റു് കാശാക്കി തിന്നു് വീർത്തുകൊണ്ടിരിക്കുന്ന, വിശ്വവിഖ്യാതമായ ആ പഴയ പ്രത്യാശ!

Feb 25, 2017, 11:14 AM

ഫാഷിസം എതിർക്കപ്പെടണം. ഫാഷിസം മാത്രമല്ല, സമൂഹത്തിലെ എല്ലാത്തരം അനീതികളും ചോദ്യം ചെയ്യപ്പെടണം. അക്കാര്യത്തിൽ തർക്കമൊന്നുമില്ല. പക്ഷേ, ഒരു ഫാഷിസത്തെ ചോദ്യം ചെയ്യാൻ അതിനേക്കാൾ പത്തിരട്ടി വിഷം മജ്ജയിലും മാംസത്തിലും പേറുന്ന മറ്റൊരു ഫാഷിസത്തിനു് എന്തർഹത? നിരോധിക്കപ്പെട്ടിട്ടില്ലാത്ത ഒരു രാഷ്ട്രീയപ്പാർട്ടിയിൽ വിശ്വസിക്കാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു ജനാധിപത്യരാഷ്ട്രത്തിൽ ഏതൊരു പൗരന്റെയും അവകാശമാണു്. ഏകപാർട്ടി സർവ്വാധിപത്യഭരണക്രമത്തിൽ വിശ്വസിക്കുന്നവർക്കു് അതു് മനസ്സിലായിക്കൊള്ളണമെന്നില്ല.

ദളിതരുടെ പ്രശ്‌നങ്ങൾ അഡ്രസ് ചെയ്യാൻ ഒരു ദളിത് സ്ത്രീയെ ജോലി ചെയ്തു് ജീവിക്കാൻ അനുവദിക്കാത്ത സാമൂഹ്യവിരുദ്ധർക്കും, അവരെ വെള്ള പൂശാൻ നടക്കുന്ന നാണം കെട്ടവർക്കും എന്തവകാശം? സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഒരു സ്ത്രീവിദ്വേഷി ഇടപെട്ടാൽ എങ്ങനെയിരിക്കും? എന്തു് പരിഹാരങ്ങളാവും അവൻ അവർക്കു് നേടിക്കൊടുക്കുക? ഒരു ഇസ്ലാമിസ്റ്റിനു് ജനാധിപത്യവുമായി എന്തു് ബന്ധം? കമ്മ്യൂണിസത്തിന്റെ ചുവന്ന പുകമറയിലൂടെയല്ലാതെ ലോകത്തെയോ മനുഷ്യരെയോ പറ്റി ചിന്തിക്കാൻ കഴിയാത്ത ഒരു കമ്മ്യൂണിസ്റ്റിനു് എങ്ങനെ “സ്വതന്ത്രചിന്തകൻ” ആവാൻ കഴിയും? വാരി വിതറുന്നതു് വിരുദ്ധോക്തികൾ ആണെന്നു് പോലും അറിയാത്ത ഇത്തരം മൊറോണുകളാണു് ഭാരതത്തിൽ നിന്നും ഫാഷിസത്തെ തുരത്താൻ ഇറങ്ങിത്തിരിച്ചിരിക്കുന്നതു്!

ഒരു ഹിറ്റ്ലറോ, ഒരു മുസ്സോളിനിയോ, ഒരു സ്റ്റാലിനോ അല്ല, അവരെ താങ്ങിനിർത്തുന്ന കഴുതപ്പുലികളാണു് സത്യത്തിൽ അതാതിനം ഫാഷിസങ്ങളെ വളർത്തിയിട്ടുള്ളതു്. കൂട്ടം ചേർന്നുള്ള ആക്രമണമാണു് കഴുതപ്പുലികളുടെ വിജയരഹസ്യം. കൊന്നുതിന്നുക എന്നതിൽ കവിഞ്ഞ ദീർഘവീക്ഷണമൊന്നും അവയുടെ തലയിൽ ഒതുങ്ങില്ല. വ്യക്തിത്വത്തിനു് കളക്ടീവിൽ സ്ഥാനമില്ല. വ്യക്തിത്വത്തിനു് സ്വന്തമായി ചിന്തിക്കാനുള്ള ശേഷിയുണ്ടു്. അതുകൊണ്ടു് അതു് പ്രതിലോമകരമാണു്. വ്യക്തിത്വം നശിപ്പിക്കപ്പെടണം. സാംസ്കാരിക വിപ്ലവങ്ങൾ, ലേബർ ക്യാമ്പുകൾ, റീഎജ്യുക്കേഷൻ ക്യാമ്പുകൾ, കൂട്ടക്കൊലകൾ… ! കല്പന കേട്ടാൽ ഒരുപോലെ മുദ്രാവാക്യം മുഴക്കുകയും ചാടുകയും ഓടുകയും ചെയ്യുന്ന, ഒരച്ചിൽ ഉണ്ടാക്കിയ തരം പാവകളാണു് “അനിമൽ ഫാമിന്റെ” ചുക്കാൻ പിടിക്കുന്നവർക്കു് ആവശ്യം.

കളക്ടീവിന്റെ അഭിപ്രായം ഏറ്റു് പാടാനുള്ള ബാദ്ധ്യതയിലേക്കു് സ്വതന്ത്രമാക്കപ്പെടുന്നതാണു് കഴുതപ്പുലികളുടെ ലോകത്തിൽ വ്യക്തിസ്വാതന്ത്ര്യം. ഫാഷിസത്തിനെതിരെ എന്ന പേരിൽ നടത്തപ്പെടുന്ന സമരങ്ങൾ നേടിത്തരുന്നതു് അതാണെങ്കിൽ, അതു് സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമാണു്. എന്റെ അഭിപ്രായത്തിൽ, അതുപോലൊരു “മോചനം” ഇല്ലാതിരിക്കുന്നതാണു് മനുഷ്യവർഗ്ഗത്തിന്റെ വളർച്ചക്കു് കൂടുതൽ നല്ലതു്.

Feb 27, 2017, 12:11 PM

“പ്രസവിച്ച സ്ത്രീയാണു് അമ്മ”.

എല്ലാവർക്കും അറിയാവുന്ന ഒരു സാമാന്യോക്തിയാണതെങ്കിലും അതും ഒരുതരം അറിവാണു്. എടുത്തു് പറഞ്ഞതുകൊണ്ടു് എന്തെങ്കിലും പ്രയോജനമോ, പറയാതിരുന്നതുകൊണ്ടു് പ്രത്യേകമൊരു ദോഷമോ സംഭവിക്കാനില്ലാത്ത സ്വതസിദ്ധമായ ഒരു അറിവു്. സ്ത്രീ എന്നും പ്രസവം എന്നും കേട്ടിട്ടുണ്ടാവുകയും, അതേസമയം അമ്മ എന്ന വാക്കു് കേട്ടിട്ടില്ലാതിരിക്കുകയും ചെയ്യുന്ന ഒരു അന്യഗ്രഹവാസിക്കു് അമ്മ എന്നാൽ എന്താണെന്നു് മനസ്സിലാക്കാൻ ഒരുപക്ഷേ സഹായിച്ചേക്കാവുന്ന ഒരു കേവലസത്യം. സോഷ്യൽ മീഡിയകളിലെ ഒരു സ്ഥിരസാന്നിദ്ധ്യമാണു് ഈയിനം ട്രൂയിസങ്ങൾ.

ഏതു് കോട്ടിട്ടു് അവതരിപ്പിച്ചാലും ഒരു സാമാന്യസത്യം അതിൽ ഒട്ടും കൂടിയതോ കുറഞ്ഞതോ ആയി രൂപാന്തരപ്പെടാൻ പോകുന്നില്ല. അമ്മയാവലിലേക്കുള്ള നിർണ്ണായകമായ ചുവടുവയ്പാണു് പ്രസവമെന്നോ, പ്രസവം എന്ന അഗ്നിപരീക്ഷണത്തിലൂടെയാണു് സ്ത്രീത്വം മാതൃത്വമാവുന്നതെന്നോ, പ്രസവിക്കാത്ത സ്ത്രീ അമ്മയല്ലെന്നോ, പറയുന്നവന്റെ നാവിന്റെ നീളം പോലെ മറ്റു് പലതുമോ തിരിച്ചും മറിച്ചും പറഞ്ഞതുകൊണ്ടോ, ഇപ്പറഞ്ഞതെല്ലാം ഇംഗ്ലീഷിലോ, അറബിയിലോ, സംസ്കൃതത്തിലോ, സുറിയാനിയിലോ അവതരിപ്പിച്ചതുകൊണ്ടോ, അവിടെയും ഇവിടെയും കുറെ ഹെജെമണികൾ കെട്ടിത്തൂക്കിയതുകൊണ്ടോ പ്രസവിച്ച സ്ത്രീ അമ്മയല്ലാതാവുകയോ, പ്രസവിക്കാത്ത സ്ത്രീ അമ്മയാവുകയോ ചെയ്യുന്നില്ല.

(പ്രസവിക്കാത്ത മുതിർന്ന കന്യാസ്ത്രീയെ അമ്മയെന്നും, ഗർഭധാരണത്തിനു് വിത്തു് പാകാത്ത പുരോഹിതനെ പിതാവെന്നുമെല്ലാം വിളിക്കുന്ന ലോകങ്ങളുമുണ്ടു്. പക്ഷേ, ആ ലോകങ്ങൾ പ്രപഞ്ചനിയമങ്ങളെവരെ നുള്ളിഫൈ ചെയ്യാൻ കഴിവുള്ളവയാണു്. അവിടെ സ്ത്രീ പുരുഷനെ അറിയാതെ ഗർഭം ധരിക്കും, പ്രസവിക്കും, മരിച്ചവർ ഉയിർക്കും, വെള്ളം വീഞ്ഞാവും, വീഞ്ഞു് രക്തമാവും, ഗോതമ്പപ്പം മനുഷ്യമാംസമാവും. അതെല്ലാം ആ ലോകങ്ങളിൽ തികച്ചും നോർമൽ!)

പക്ഷേ, ഈവക സാമാന്യസത്യങ്ങളിലും അപാരമായ വികസനസാദ്ധ്യതകൾ കണ്ടെത്തുന്ന “ദാർശനികരാണു്” തർക്കത്തൊഴിലാളികൾ. സമസ്യാപൂരണങ്ങളുടെ ഊരിപ്പിടിച്ച ഇരുതലവാളുകൾക്കിടയിലൂടെ കടന്നു് വന്നവരാണവർ. ഒരു സിനിമാനടിയിലൊന്നും ചുരുങ്ങുന്നതല്ല അവരുടെ ഭാവന. ഏതു് വിഷയത്തേയും ശവത്തെ കഴുകന്മാർ എന്നപോലെ, നിമിഷം കൊണ്ടു് കൊത്തിപ്പറിച്ചു് അസ്ഥിപഞ്ജരമാക്കി മാറ്റുന്ന കലയിൽ സ്പെഷലൈസ് ചെയ്ത തർക്കോവ്സ്കികൾ. അവർ കേൾക്കുന്നതു് ശത്രുവിനെയോ മിത്രത്തിനെയോ എന്നതിനനുസരിച്ചു് അവരിൽ ഓട്ടോമാറ്റിക്കായി അതിന്റേതായ ഒരു പ്രോഗ്രാം ആക്റ്റീവ് ആകും. അതോടെ, ഏതാനും ലൈനുകളിൽ ഒതുങ്ങുന്ന ഒരു ആൾഗൊരിഥം പ്രവർത്തനം ആരംഭിക്കും. തുടങ്ങിയാൽ അത്ര എളുപ്പം ഒരു നിർത്തൽ പ്രതീക്ഷിക്കേണ്ടതില്ലാത്ത ഒരു ഇൻഫിനിറ്റ് ലൂപ്പാവും അതിന്റെ ഫലം.

ഉദാഹരണത്തിനു്, അമ്മ വിഷയത്തിന്റെ അപാരമായ അപഗ്രഥനസാദ്ധ്യതകൾ കാണണമെന്നുണ്ടെങ്കിൽ അതു് ഇത്തരം താർക്കികരുടെ മുന്നിലേക്കു് ഇട്ടുകൊടുത്താൽ മതി. അലസിപ്പോയ ഗർഭങ്ങളും, അലസിപ്പിച്ച ഗർഭങ്ങളും, ചാപിള്ളപ്രസവങ്ങളും, കുഞ്ഞിനെ ഉപേക്ഷിക്കലും കൊല്ലലും, എന്നുവേണ്ട, ഗർഭവും പ്രസവവും അമ്മയാവലും സംബന്ധിച്ചു് കണ്ടെത്താൻ കഴിയുന്ന മുഴുവൻ വിഴുപ്പുകളും അവർ വലിച്ചിഴച്ചു് ഇഴകീറി പരിശോധിക്കുന്നതു് കണ്ടു് സായൂജ്യമടയാം.

എന്തിനു് ഇമ്മാതിരിയുള്ള ഓഷോ മോഡൽ ട്രൂയിസങ്ങളിൽ മുഴുകാൻ മനുഷ്യർ ഇത്ര ആവേശം കാണിക്കുന്നു എന്നെനിക്കറിയില്ല. പ്രൊഡക്റ്റിവിറ്റിയോ രാജ്യത്തിന്റെ ഗ്രോസ് നാഷണൽ പ്രൊഡക്റ്റോ വർദ്ധിപ്പിക്കാനാണെന്നു് തോന്നുന്നില്ല എന്തായാലും ഈ കഷ്ടപ്പാടു്. ഗൂഗിൾ പ്ലസിൽ ഉണ്ടായിരുന്ന കാലത്തു് ഒരു “ച്യാച്ചി” പറഞ്ഞുകേട്ടിട്ടുണ്ടു്: സമയം പോകണ്ടേ സേട്ടാ!? അതുതന്നെയാവണം സ്വതസിദ്ധമായിരിക്കേണ്ട അറിവുകളെ അത്യുന്നതമായ തത്വചിന്തകൾ എന്ന രീതിയിൽ അവതരിപ്പിച്ചു് ലോകത്തെ നന്നാക്കാൻ മനുഷ്യർ ബദ്ധപ്പെടുന്നതിന്റെ കാരണം. അതുവഴി ലോകം നന്നായില്ലെങ്കിലും സമയമെങ്കിലും പോയിക്കിട്ടുമല്ലോ.

March 2017

Mar 19, 2017, 6:39 PM

ആത്മീയമായതായാലും ഭൗതീകമായതായാലും, വരാനിരിക്കുന്ന സ്വർഗ്ഗലോകം കണ്ടാമൃഗങ്ങളുടേതോ ഒട്ടകങ്ങളുടേതോ ഒന്നുമല്ല, മനുഷ്യരുടേതായിരിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ടല്ലോ. അതിനാൽ, അവിടെ കണ്ടാമൃഗങ്ങളോ ഒട്ടകങ്ങളോ മരക്കാവികളോ ഒന്നുമില്ലെന്നു് വന്നാലും മനുഷ്യൻ എന്ന വർഗ്ഗം ഉണ്ടായേ പറ്റൂ. ആ ഒറ്റക്കാരണം മതി അതൊരു സ്വർഗ്ഗലോകമല്ലാതാവാൻ.

സായിപ്പിന്റെ അഭിപ്രായത്തിൽ മനുഷ്യൻ മനുഷ്യനു് ഒരു ചെന്നായയാണു്. പക്ഷേ,ഭക്തരുടെ ലോകത്തിൽ മനുഷ്യൻ മനുഷ്യനു് ഒരു പിശാചാണു്, ഒരു സാത്താൻ, സാക്ഷാൽ ബേത്സബൂബ്!

പിന്നെ എന്തിനു് ഈ കൊട്ടും പാട്ടും ബാൻഡ് മേളവും എന്നു് ചോദിച്ചാൽ: “അപ്പൻ ചോറു്, അമ്മ കഞ്ഞി, മക്കളൊക്കെ പഴങ്കഞ്ഞി ഉപ്പുചാള ചുട്ടുകൂട്ടി കുടിച്ചോ പുത്രാ!” എന്നും മറ്റും “വല്യ വല്യ ആളുകൾ” മുന്നിൽ നിന്നു് ചൊല്ലിത്തരുമ്പോൾ ആമീൻ എന്നോ, അല്ലാഹു അക്ബർ എന്നോ, നിറവും മണവും രുചിയും അനുസരിച്ചു്, ചെവിയിൽ കടുകു് വാരിയിട്ട അറവു് പോത്തു് “എന്നെകൊല്ലാൻ ഞാൻ തമ്മയിച്ചു്” എന്നു് തലകുലുക്കി മനസമ്മതം നൽകുന്നപോലെ, അങ്ങനെതന്നെ സിന്താവായെന്നു് ഏറ്റു് ചൊല്ലുന്നതു് ഒരു രസമല്ലേ സേട്ടാ!

Mar 26, 2017, 12:08 PM

മറ്റുള്ളവർ തുപ്പുന്നതും തൂറുന്നതും രഹസ്യമായി ചോർത്തി മണത്തും രുചിച്ചും നോക്കുന്നതു് ദിവ്യമായ ഒരു കർമ്മമാണു്. കാരണം, കോടാനുകോടി മനുഷ്യരുടെ മുടി കൊഴിച്ചിലും തല നരയ്ക്കലും വളിയും കുളിയുമെല്ലാം രാപകലില്ലാതെ വീക്ഷിക്കുന്ന, പ്രപഞ്ചസ്രഷ്ടാവായ ദൈവം ചെയ്യുന്നതും അതേ കർമ്മങ്ങൾ തന്നെയാണു്. “പാപം” ചെയ്യാൻ സ്വാതന്ത്ര്യം കൊടുക്കുക, എന്നിട്ടു് ചെയ്യുന്നുണ്ടോ എന്നു് മിഴി പൂട്ടാതെ നോക്കിക്കൊണ്ടിരിക്കുക, ചെയ്താൽ നരകത്തിലേക്കു് നാടു് കടത്തുക!

അക്കാര്യത്തിൽ കാളകൾ ദൈവത്തേക്കാൾ ഒരു പടികൂടി മുന്നിലാണു്. അവ പശുവിന്റെ പുറകെ നടന്നു് പിൻഭാഗം മണത്തും രുചിച്ചും നോക്കിയാൽ, ആണത്തത്തോടെ തലയുയർത്തി വെളുക്കെ ചിരിച്ചുകൊണ്ടു് അതെത്ര രസകരമായിരുന്നു എന്ന വിവരം സകല ലോകത്തേയും അറിയിക്കുകയാണു് ചെയ്യാറു്.

സ്വതവേ തന്നെ സൂപ്പർലറ്റീവുകളെ ഇഷ്ടപ്പെടുന്നവരായതിനാലാവാം, കേരളത്തിലെ രാഷ്ട്രീയക്കാർ പ്രതിയോഗികളെ കൈകാര്യം ചെയ്തു് നിശബ്ദരാക്കാൻ കാളകളുടെ “ആണത്ത” മാർഗ്ഗമാണു് സ്വീകരിച്ചു് കാണുന്നതു്. അതിൽ തെറ്റൊന്നും ഉണ്ടെന്നു് തോന്നുന്നില്ല. കാരണം, അഭിപ്രായസ്വാതന്ത്ര്യം, രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളിലെ സ്വയം നിർണ്ണയാവകാശം മുതലായ വ്യക്തിസ്വാതന്ത്ര്യങ്ങളെ കൂട്ടം ചേർന്നു് ആക്രമിച്ചു് ഉന്മൂലനം ചെയ്യുന്നതാണല്ലോ സമ്പൂർണ്ണ സാക്ഷര കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധരുടെ “ജനാധിപത്യ”രാഷ്ട്രീയത്തിൽ ഫാഷിസത്തിനെതിരായ പോരാട്ടം എന്നറിയപ്പെടുന്നതു്!

ഒരു സംശയമേയുള്ളു: രാഷ്ട്രത്തോടു് ഒരുവിധ പ്രതിബദ്ധതയുമില്ലാതെ കാഷ്ഠത്തിൽ കിടന്നു് ഉരുളുന്നതിനെ രാഷ്ട്രീയമെന്നോ, അതോ കാഷ്ഠീയമെന്നോ വിളിക്കേണ്ടതു്?

Mar 27, 2017, 12:40 PM

രോഗികളോടു് സംസാരിക്കുമ്പോൾ എന്തു് പറയണമെന്നും, എന്തു് പറയരുതെന്നും, പറയുന്നതുതന്നെ എങ്ങനെ പറയണമെന്നും വളരെയേറെ ശ്രദ്ധിക്കേണ്ടി വരുന്നവരാണു് സൈക്കിയാട്രിസ്റ്റുകൾ. രോഗി വാക്കുകൾ വിപരീതാർത്ഥത്തിൽ മനസ്സിലാക്കുകയും അതനുസരിച്ചു് അപ്രതീക്ഷിതമായ പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യാമെന്നതിനാലാണു് അവർക്കു് ഓരോ വാക്കും അളന്നുതൂക്കി മാത്രം ഉപയോഗിക്കേണ്ടി വരുന്നതു്. രോഗികൾ ടീൻ എയ്ജേഴ്സാണെങ്കിൽ ഈ ശ്രദ്ധയെ ഒന്നുകൂടി ഫൈനായി ട്യൂൺ ചെയ്യണമെന്നും അല്ലെങ്കിൽ രോഗിയുടെ ചികിത്സക്കായി വാരിച്ചാർത്തിയ മെയ്ക്കപ്പ് അഴിച്ചുവയ്ക്കുന്നതാണു് നല്ലതെന്നും അവർക്കറിയാം.

വരാനിരിക്കുന്ന നല്ല ലോകങ്ങൾ എന്ന സുന്ദരവാഗ്ദാനങ്ങളിൽ മയക്കി, മനുഷ്യമനസ്സുകളെ തെളിഞ്ഞ ചിന്തകൾക്കു് ശേഷിയില്ലാതാക്കിത്തീർക്കുന്ന മതങ്ങളും ഐഡിയോളജികളും ചെയ്യുന്നതും മനുഷ്യരെ മാനസിക രോഗികളാക്കി മാറ്റുക എന്ന ജോലിയാണു്. പക്ഷേ, അത്തരം അഡിക്ഷനുകൾ കളക്ടീവ് ആയിരിക്കുമെന്നതിനാൽ അവ മാനസികരോഗങ്ങളായി തിരിച്ചറിയപ്പെടുന്നില്ലെന്നേയുള്ളു. ഉപദേശികളും രോഗികളും ഒരേ വഞ്ചിയിലെ യാത്രക്കാരായാലത്തെ ഗുണം.

കള്ളും കഞ്ചാവും കറുപ്പുമൊന്നും ഉപയോഗിക്കാതെ ജീവിക്കാൻ കഴിയാത്തവർ അവയ്ക്കു് അഡിക്റ്റുകളാണു്. മദ്യം തലക്കു് പിടിച്ചു് തറയിൽ കിടക്കുന്നവർ “ശ്രേഷ്ഠരായ” മനുഷ്യരുടെ ദൃഷ്ടിയിൽ പാമ്പുകളാണു്. പക്ഷേ, മതം തലക്കു് പിടിച്ചു് തറയിൽ കിടന്നു് ഉരുളുന്നവനെ അഡിക്റ്റെന്നോ, ഉരുളൻപാമ്പെന്നോ, പുളയൻപഴുതാരയെന്നോ ഒന്നുമല്ല, രാഹുൽജി, ഹാജി എന്നെല്ലാമുള്ള വിശിഷ്ടപദവികൾ പോലെ, ഭക്തിപുരസരം, ഉരുളൽജി എന്നോ പുളയൽജി എന്നോ മറ്റോ മാത്രമേ ജനം വിളിക്കാറുള്ളു.

ഞാൻ ജനിച്ചു് വളർന്ന സമൂഹത്തിൽ, സമുദായത്തിൽ, വ്യവസ്ഥിതിയിൽ ഉൾപ്പെടുന്ന അവനും, അവളും, അവരുമെല്ലാം പിറുപിറുക്കുന്നുണ്ടു്, കുമ്പിടുന്നുണ്ടു്, വട്ടം ചുറ്റുന്നുണ്ടു്, ഉരുളുന്നുണ്ടു്, ധ്യാനിക്കുന്നുണ്ടു്, കൊടിപിടിച്ചോടുന്നുണ്ടു്, ശത്രുവിനെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നുണ്ടു്, കൊല്ലുന്നുണ്ടു്, കൊലയാളികൾ സ്വപക്ഷക്കാർ ആണെങ്കിൽ എത്ര നാണംകെട്ടും അവരെ രക്ഷപെടുത്തുന്നുമുണ്ടു്. അതുകൊണ്ടു് ഞാനും അതൊക്കെ ചെയ്തുകൊണ്ടു് അവരോടൊപ്പം ഓടാൻ ബാദ്ധ്യസ്ഥനാണു്. അല്ലെങ്കിൽ ഞാൻ ഔട്ട്കാസ്റ്റാവും. ഗോത്രീയതയിൽ നിന്നും മോചനം പ്രാപിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ മനുഷ്യൻ സ്വന്തജീവിതം ജീവിക്കുകയല്ല, ഗോത്രമൂപ്പന്മാരോ, മൂപ്പത്തികളോ അനുവദിച്ചു് തരുന്ന ജീവിതത്തിനൊത്തു് ഒഴുകുക മാത്രമാണു് ചെയ്യുന്നതു്. ഒഴുക്കിനൊത്തു് ഒഴുകൽ വളരെ എളുപ്പമാണു് താനും. അതിനു് ജീവൻ വേണമെന്നുപോലും നിർബന്ധമില്ല.

എല്ലാ പിടകളും കൊക്കിക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥിതിയിൽ ഒരു പിടയ്ക്കു് മാത്രമായി കൊക്കാതിരിക്കാൻ അവകാശമില്ല. അല്ലെങ്കിൽ ആ പിട ആ വ്യവസ്ഥിതിയിൽ വല്ല പാപ്പയോ ബിഷപ്പോ മുഖ്യമന്ത്രിയോ മറ്റോ ആയിരിക്കണം. തിരുവായ്ക്കു് എതിർവായില്ലാത്ത അത്തരം പദവികൾക്കു് ബാധകമായ പാട്ടു് നിബന്ധനകൾ സൈക്കിയാട്രിസ്റ്റുകളുടേതല്ല, കോതകളുടേതാണെന്നതു് ആ പിടയുടെ മറ്റൊരു ഭാഗ്യം.

Mar 30, 2017, 4:45 PM

കുരങ്ങുകൾക്കു് പഞ്ചസാര കൊടുക്കൂ എന്നൊരു ചൊല്ലുണ്ടു്. ഓരോ ജനുസ്സുകൾക്കും വേണ്ടതു് കൊടുത്തു് തൃപ്തിപ്പെടുത്തലാണു് അവരെ ചൂഷണം ചെയ്യാൻ പറ്റിയ എളുപ്പമാർഗ്ഗം. ചൂഷണത്തിനു് വേണ്ടിയേ ആകാവൂ എന്നില്ല, സ്വൈര്യം കിട്ടാനായും മനുഷ്യർക്കു് സ്വീകരിക്കാവുന്ന ഒരു മാർഗ്ഗമാണതു്. ചൂഷകന്റെ ലക്ഷ്യം ഏറ്റവും കുറഞ്ഞ മുതൽ മുടക്കിലൂടെ ഏറ്റവും കൂടുതൽ ലാഭം കൊയ്യുക എന്നതാണെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. (പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലാത്ത കാര്യങ്ങൾ എന്നിട്ടും പറയേണ്ടി വരുന്നതിന്റെ കുറ്റം പറയുന്നവന്റേതല്ല, ഭാഷയിലെ ശൈലിയുടേതാണു്). വട്ടോൻ ഇട്ടാലേ വാള പിടിക്കാൻ പറ്റൂ. ഒന്നു് വച്ചാൽ രണ്ടു്, രണ്ടു് വച്ചാൽ നാലു്! ഒന്നുമല്ലാത്തവനിൽ അവൻ എല്ലാമാണെന്നുള്ള തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന ഏതു് വിടുവായൻ തവളയ്ക്കും നേട്ടം കൊയ്യാൻ കഴിയുമെന്നു് മാർക്സും പഠിപ്പിച്ചിട്ടുണ്ടു്. ശാശ്വതമായ ഒരു നേട്ടമായിരിക്കില്ല അതെന്നു് ലോകചരിത്രവും കാണിച്ചു് തന്നിട്ടുണ്ടു്. പക്ഷേ, എനിക്കു് ശേഷം പ്രളയമോ തീമഴയോ എന്നതു് എന്നെ അലട്ടുന്ന കാര്യമല്ല. അതാണു് എന്റെ ദീർഘവീക്ഷണം!

കഷ്ടം എന്നു് തോന്നിയേക്കാമെങ്കിലും, സിംഹാസനസ്ഥരും കൊട്ടാരവാസികളുമായ ചൂഷകർക്കു് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്ത പട്ടിണിപ്പാവങ്ങളായ ധാരാളം മനുഷ്യരുണ്ടു് ഈ ഭൂമിയിൽ. അവർ അനുഭവിക്കേണ്ടിവരുന്ന അനീതികൾക്കെതിരായി അവരെ ബോധവത്കരിക്കാനും, അതുവഴി അവരെ സഹായിക്കാനും ശ്രമിക്കുന്ന നിഷ്കാമകർമ്മികളായ മനുഷ്യരെവരെ “പഠിപ്പു് തികയാത്ത പാവങ്ങൾ” എന്നു് പരിഹസിക്കാൻ മടിയില്ലാത്തവിധം മൂഢന്മാരാക്കപ്പെട്ട സാധുക്കളാണവർ. ആരാണു് യഥാർത്ഥത്തിൽ പാവങ്ങൾ, ആരാണു് യഥാർത്ഥത്തിൽ ചൂഷണം ചെയ്യപ്പെടുന്നവർ എന്നൊന്നും അവർക്കറിയില്ല, അറിയാനൊട്ടു് ആഗ്രഹവുമില്ല.

താനൊരു മൂഢനാണെന്നു് സ്വയം അംഗീകരിക്കാൻ ജീവികളെ പ്രേരിപ്പിക്കുന്ന വിധത്തില്ല, നേരെ വിപരീതമായാണു് എവൊല്യൂഷൻ പ്രവർത്തിക്കുന്നതു്. ഈ ഭൂമിയിൽ നിലനിൽക്കാൻ നിന്നേക്കാൾ യോഗ്യത എനിക്കാണു് എന്നു് തെളിയിക്കാനാണു് ഓരോ ജീവിയും പ്രോഗ്രാം ചെയ്യപ്പെടുന്നതും ശ്രമിക്കുന്നതും. തന്നെ പിൻതുടരുന്ന കടുവയെ ഓട്ടത്തിൽ തോല്പിക്കാൻ ശ്രമിക്കുന്ന മാൻകുട്ടി ചെയ്യുന്നതും മറ്റൊന്നല്ല. ഞാൻ പറയുന്ന ഐഡിയോളജിയെ നീ പിൻതുടർന്നാൽ നീയും രക്ഷപെടും എന്നതു് ആ ശ്രമത്തിന്റെ ഒരു വകഭേദം മാത്രമാണു്. ഇന്നേവരെ അതുവഴി ഞാനല്ലാതെ “നീ” രക്ഷപെട്ടിട്ടില്ല. നിന്റെ രക്തസാക്ഷിത്വം പോലും എന്റെ നേട്ടത്തിലേക്കുള്ള മുതൽക്കൂട്ടായിരുന്നു. നീ ഒരു വിഡ്ഢി ആയതുകൊണ്ടു് നിനക്കു് അതറിയാൻ കഴിയില്ല. “ഞാൻ” നിന്നേപ്പോലെ ഒരു വിഡ്ഢി അല്ലാത്തതുകൊണ്ടു് നീ അതു് അറിയരുതെന്നു് എനിക്കുമറിയാം. ഐഡിയോളജിയിൽ വിശ്വസിക്കുന്ന കോഴിക്കുഞ്ഞുങ്ങളാണു്, മുകളിൽ വട്ടമിട്ടു് പറക്കുന്ന പരുന്തിനെ കാണുമ്പോൾ തള്ളയുടെ ചിറകിൻകീഴിൽ ഒളിക്കേണ്ടതിനു് പകരം കുന്നിൻ മുകളിൽ കയറി നിന്നു് ഇങ്ക്വിലാബ് സിന്ദാബാദ് വിളിക്കുന്നതു്! Survival of the fittest! അപ്പോൾ ശരി. രക്തസാക്ഷികൾ സിന്ദാബാദ്!

പ്രപഞ്ചഗതിയിലെ (ജീവിവർഗ്ഗത്തിന്റെ ഗതിയിലെ മാത്രമല്ല, പ്രപഞ്ചത്തിന്റെ മൊത്തം ഗതിയിലെ) എവൊല്യൂഷന്റെ പങ്കു് കണ്ടെത്തിയതു് ശാസ്ത്രമാണു്. പക്ഷേ, എവൊല്യൂഷൻ അതിൽത്തന്നെ “ശാസ്ത്രീയം” അല്ല. കൃത്യമായി ഭൂമിയിൽ വന്നു് പതിക്കണം എന്നതു് ഒരു കോമെറ്റിന്റെയും ലക്ഷ്യമല്ല. ഒരു കോമെറ്റും ശാസ്ത്രീയമായി കണക്കുകൂട്ടി കണ്ടെത്തുന്നതല്ല ശൂന്യാകാശത്തിലൂടെയുള്ള അതിന്റെ ഗതി. അതു് ചലനനിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു എന്നതു് ശരിയാണു്. പക്ഷേ, കോമെറ്റുകൾ ചലനനിയമങ്ങൾ പഠിക്കാറില്ല. ആ കോമെറ്റിന്റെ ചലനഗതിയും അതു് ഭുമിയിൽ പതിക്കാനുള്ള സാദ്ധ്യതയും മുൻകൂട്ടി മനസ്സിലാക്കി അതിനെ ദിശ തിരിച്ചുവിട്ടോ, നശിപ്പിച്ചോ ഭൂവാസികളായ മനുഷ്യരെയും, ഭൂമിയിലെ വനങ്ങളെയും, “മന്ത്രിമാർ” അടക്കമുള്ള മറ്റിനം ജീവിവർഗ്ഗങ്ങളെയും എങ്ങനെ രക്ഷപെടുത്താൻ കഴിയുമെന്നു് പഠിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നതാണു് ശാസ്ത്രം. മനുഷ്യരാണു് അതെല്ലാം ചെയ്യുന്നതു്. അതുകൊണ്ടാണു് ശാസ്ത്രം ദൈവത്തിന്റേതോ, പ്രകൃതിയുടേതു് പോലുമോ ആകാതെ മനുഷ്യന്റേതു് മാത്രമാകുന്നതു്.

താൻ വിചാരിച്ചാൽ ഒഴിവാക്കാൻ കഴിയുമായിരുന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ മനുഷ്യരെ അനുവദിച്ചശേഷം അതിന്റെ പേരിൽ അവരെ “അപ്പീലില്ലാത്ത അന്ത്യവിധിക്കു്” വിധേയമാക്കുന്ന ദൈവികമായ ഭ്രാന്തു് ഒരിക്കലും ഒരു ശാസ്ത്രത്തിന്റേതല്ല, അതൊരു ദൈവത്തിന്റേതു് പോലുമല്ല. അതു് ആ ദൈവത്തെ പ്രസംഗിക്കുന്ന പ്രതിനിധികളുടേതോ, ആ ദൈവത്തിന്റെ പ്രവാചകന്മാരുടേതോ മാത്രമാണു്.

ഏതെങ്കിലും ഒരു ദൈവമാണു് ഒരു കോമെറ്റിനെ ഭൂമിയെ ലക്ഷ്യമാക്കി അയക്കുന്നതെങ്കിൽ, അങ്ങേർക്കു് അതിനേക്കാൾ കൂടുതൽ യോജിച്ച പണി കേരളത്തിലെ ഏതെങ്കിലും മാദ്ധ്യമത്തിന്റെ ചുമതല ഏറ്റെടുക്കുന്നതായിരിക്കും. “മ”-യിൽ തുടങ്ങുന്ന പേരുള്ള മാദ്ധ്യമം തന്നെ ആയിരിക്കണം അതെന്നു് നിർബന്ധമൊന്നുമില്ല. അ മുതൽ ക്ഷ വരെയുള്ള ഏതു് അക്ഷരത്തിൽ തുടങ്ങുന്ന പേരിലുള്ളതായാലും, അങ്ങേർക്കു് അതിൽ ഇരുന്നുകൊണ്ടു് ഭുമി മലയാളം മുഴുവൻ സൂര്യനെപ്പോലെ പ്രകാശം പരത്താൻ കഴിയും.

മുൻപേ ഗമിക്കുന്ന പശുവിന്റെ പിൻപേ ഗമിക്കുന്നതിനേക്കാൾ അങ്ങേയറ്റം ദുർഘടമായതാണു് അതിൽ നിന്നും വ്യത്യസ്തമായ ദിശകളിൽ ഗമിക്കുന്നതു്. അനുചിന്തനത്തിലൂടെ നേടുന്ന അറിവല്ല മനുഷ്യനെ പിൻഗമനത്തിനു് പ്രേരിപ്പിക്കുന്നതു്. നൈസർഗ്ഗികമായി ലഭിക്കുന്ന ഒരു ബോധമാണതു്. മാർക്സിനെയും, മുഹമ്മദിനെയും, (പൌലോസ് വരച്ചുകാണിച്ചതും, മൈക്കലാഞ്ചലൊ പോലെയുള്ളവർ അന്ധമായി ഏറ്റെടുത്തു് മോടി പിടിപ്പിച്ചതുമായ) യേശുവിനെയും, മറ്റിനം ഗുരുക്കളെയും പ്രവാചകരെയും അനുഗമിക്കുന്നവരുടെ പിന്നാലെ കൂടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതു് ആ ഇൻസ്റ്റിങ്ക്റ്റല്ലാതെ മറ്റൊന്നുമല്ല.

ദീർഘദൂരം കാൽനടയായി പിന്നിടേണ്ടി വരുമ്പോൾ ഉണ്ടാവാൻ ഇടയുള്ള മുഷിപ്പു് ഒഴിവാക്കാൻ ചിലർ വായിൽ ശർക്കരയോ പുകയിലയോ തിരുകും. മറ്റു് ചിലർ ഐലസ വിളികളോ, ജപമാലയിലെ മണികളോ എണ്ണിക്കൊണ്ടിരിക്കും. രണ്ടാമത്തെ വിഭാഗത്തിന്റെ കാര്യത്തിൽ, എണ്ണിത്തീരുന്നതിനു് മുൻപു് ശ്വാസം തീരുന്നതായാണു് കണ്ടുവരുന്നതു്.

അതുകൊണ്ടു്, പഞ്ചസാരയെങ്കിൽ പഞ്ചസാര, ജപമാലയെങ്കിൽ ജപമാല. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നു് വരുന്നതിനേക്കാൾ ഭേദമായിരിക്കുമതു്. ഉത്തരത്തിൽ ചിലന്തിവല പോലുമില്ലാത്ത സ്ഥിതിക്കു് അവിടെ കട്ടിയായതു് എന്തോ ഉണ്ടെന്ന ധാരണയിൽ തപ്പാൻ കൈപൊക്കി കക്ഷത്തിൽ ഉള്ളതുകൂടി താഴെ വീണു് പട്ടി നക്കിപ്പോകേണ്ടി വരുന്നതു് മഹാ കഷ്ടമല്ലേ?

April 2017

Apr 23, 2017, 5:00 PM

പൗരോഹിത്യത്തിന്റെ എല്ലാ കാപട്യങ്ങളും അതിന്റെ പൂർണ്ണതയിൽ സ്വന്തമാക്കിയിരുന്ന, “ആത്മകഥാകഥനങ്ങൾ” വഴി പൗലൂസ് ആയി സ്വയം രൂപാന്തരപ്പെടുത്തിയ ശൌലൂസ് എന്ന കള്ളനാണയത്തിലൂടെ ആദ്യം റോമൻ സാമ്രാജ്യത്തിന്റെ അധികാരപരിധികളിൽ പെട്ടിരുന്ന മെഡിറ്ററേനിയൻ ഉൾനാടൻ പ്രദേശങ്ങളിലെ സാമാന്യമനുഷ്യരുടെയിടയിലും, അതിനെത്തുടർന്നു്, ശീഘ്രവിശ്വാസികളും, ലക്ഷ്യം നേടാൻ ഏതു് കുറ്റകൃത്യവും, ഏതു് വളഞ്ഞ വഴിയും സ്വീകരിക്കാൻ മടിയില്ലാത്തവരും, ഭാവനാസമ്പന്നരുമായിരുന്ന അനുയായികളുടെ അവിശ്രാന്തപരിശ്രമങ്ങളുടെ ഫലമായി റോം അടക്കമുള്ള യൂറോപ്യൻ പ്രദേശങ്ങളിലെ ഉന്നതർ ഉൾപ്പെടെയുള്ള മനുഷ്യരുടെയിടയിലും, അവസാനം യൂറോപ്യൻ കൊളോണിയലൈസേഷൻ വഴി ലോകം മുഴുവൻ തന്നെയും എത്തിപ്പെട്ട യേശുചരിതങ്ങൾ ശരിയാണെങ്കിൽ – അവ അക്ഷരം പ്രതി തെറ്റാണെന്ന കാര്യത്തിൽ എനിക്കു് ഒരു കടുകുമണിയോളം പോലും സംശയമില്ലാത്തതിന്റെ പേരിൽ – ഒരു മതചിഹ്നം എന്ന നിലയിൽ മരക്കുരിശിനെ ഈ ലോകത്തിൽ നിന്നും എന്നേക്കുമായി അപ്രത്യക്ഷമാക്കാൻ കഴിഞ്ഞാൽ, അതായിരിക്കും മനുഷ്യരാശിക്കു് യേശുവിനോടു് – പൗലോസ് വരച്ചുകാണിച്ച സ്നേഹസ്വരൂപനായ ഒരു യേശു യഥാർത്ഥത്തിൽ ഈ ലോകത്തിൽ ജീവിച്ചിരുന്നെങ്കിൽ, ആ യേശുവിനോടു് – ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ മനുഷ്യകാരുണ്യപ്രവൃത്തി.

റോം സന്ദർശിച്ചു എന്നതിനു് ചരിത്രപരമായ ഒരു തെളിവും ഇല്ലാത്ത പത്രോസിന്റെ പിൻഗാമികൾക്കു് ബുദ്ധിയും ശക്തിയും കൊണ്ടു് റോമിനെ ഒരു ലോകസാമ്രാജ്യമാക്കി വളർത്തിയ റോമൻ സീസർസിംഹാസനത്തിൽ പത്രോസിന്റെ പിൻഗാമികൾ എന്ന പേരിൽ കയറിയിരുന്നു് അജീർണ്ണതയുടെ ദുർഗന്ധവാഹികളായ വളികൾ വിട്ടുകൊണ്ടു് ദരിദ്രർക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കി ഇഹലോകത്തിന്റെയും പരലോകത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തു് തിന്നു് മെഴുത്തു് വായ്ത്താരികളൊഴുക്കാൻ, റോം കത്തിയെരിഞ്ഞുകൊണ്ടിരുന്നപ്പോൾ നീറോ ഹാർപ് വായിച്ച കഥകൾ പ്രചരിപ്പിക്കേണ്ടിയിരുന്നു. അതിൽ അവർ വിജയിച്ചു എന്നതിനു് ഇന്നുവരെയുള്ള ലോകചരിത്രം തെളിവു്. മറ്റേതൊരു റോമൻ സീസറിനേക്കാളും ഒട്ടും കൂടിയതോ കുറഞ്ഞതോ ആയ ഒരു ക്രൂരനായിരുന്നില്ല നീറോയും എന്നാണു് ആധുനിക ചരിത്രഗവേഷകരുടെ കണ്ടെത്തൽ.

അടുത്ത പ്രാവശ്യം നീറോ “വീണ” വായിച്ച കഥ എഴുതുമ്പോൾ ഇക്കാര്യം ഓർത്തിരിക്കുന്നതു് നല്ലതാണു്. വിജയികൾ എഴുതുന്നതല്ലാത്ത ഒരു ചരിത്രം ഈ ലോകത്തിനുണ്ടു്. അതു് കേൾക്കാനുള്ള ചെവികളും കാണാനുള്ള കണ്ണുകളും വളർത്തിയെടുക്കാൻ മനുഷ്യരെ പ്രാപ്തരാക്കുന്നതായിരിക്കണം വിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടത്തിലെ പഠനം മാത്രമല്ല വിദ്യാഭ്യാസം. തൊഴുത്തിലെ “മണി” കെട്ടിയ പശുക്കൾക്കു് ദിവസേന പുല്ലും വൈക്കോലും കാടിയും കൊടുക്കുന്നതും ഒരുതരം വിദ്യാഭ്യാസമാണു്. വിദ്യാഭ്യാസമല്ലെങ്കിൽ അനുഭവസമ്പന്നതയെങ്കിലുമാണു്. പക്ഷേ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഒരു രാജ്യമോ, ഒരു സംസ്ഥാനമോ ഒരു പഞ്ചായത്തു് പോലുമോ ഭരിക്കാൻ ആ സമ്പന്നത മതിയാവില്ല. മതിയെന്നു് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അവർ ജീവിക്കുന്നതു് വെണ്ണ ഉറിയിൽ തൂക്കി സൂക്ഷിക്കേണ്ട ഗതികേടു് ഉണ്ടായിരുന്ന അമ്മമാരുടെയും അതു് കട്ടുതിന്നു് വിശപ്പു് മാറ്റാൻ ശ്രമിച്ചു് “പണി പാളി” ഉറിയിൽ തൂങ്ങിയാടേണ്ട ഗതികേടു് ഉണ്ടായിരുന്ന ഉണ്ണിക്കൃഷ്ണന്മാരുടെയും കാലത്തിലും ലോകത്തിലും ആണെന്നേ അതിനർത്ഥമുള്ളു. കേരളത്തിൽ ഉറികൾ ഇന്നു് മിക്കവാറും കാലഹരണപ്പെട്ടു എന്നു് തോന്നുന്നു. പക്ഷേ, മഹത്തുക്കളുടെ മനം അത്ര പെട്ടെന്നു് ഇളകുന്നതോ കാലഹരണപ്പെടുന്നതോ അല്ല. ഇളകലിന്റെ കാര്യത്തിലാണെങ്കിൽ മനം മാത്രമല്ലതാനും. “മലകളിളകിലും മഹാജനാനാം മലമിളക” എന്ന കവിവചനം ശ്രദ്ധേയം.

മുൻപും ഒന്നുരണ്ടുവട്ടം പറഞ്ഞിട്ടുള്ളതാണെങ്കിലും ഒരിക്കൽ കൂടി നീറ്റ്സ്ഷെയെ ക്വോട്ട് ചെയ്യുന്നു: “ഒരു മതവും ഇന്നുവരെ, പ്രത്യക്ഷമായോ പരോക്ഷമായോ, ഡോഗ്മകളായോ ഉപമകളായോ ഏതെങ്കിലുമൊരു സത്യത്തെ പ്രതിനിധീകരിച്ചിട്ടില്ല”.

മറ്റേതു് മതത്തിനും ഒപ്പത്തിനൊപ്പം നിൽക്കാൻ ഒരുവിധ വൈക്ലബ്യവും തോന്നേണ്ട കാര്യമില്ലാത്ത മറ്റൊരു മതമാണു് മാർക്സിസവും. നീറ്റ്സ്ഷെ മതങ്ങളെപ്പറ്റി ഇങ്ങനെയൊരു വിലയിരുത്തൽ നടത്തിയ കാലഘട്ടത്തിൽ മാർക്സിസവും, ആദ്യകാല ക്രിസ്തുമതം പോലെതന്നെ, ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ മേധാവിത്വത്തെ തെറി വിളിച്ചുകൊണ്ടു് അഗതികളും അശരണരും, ഉൾക്കാഴ്ച്ച എന്നതു് ഒരു അന്യഭാഷാപദമായാലെന്നപോലെ അജ്ഞാതമായിരുന്ന കേവലമനുഷ്യരുമായിരുന്ന തൊഴിലാളികളുടെയിടയിൽ വേരുറപ്പിക്കാൻ ശ്രമിക്കുകയായിരുന്നല്ലോ. അതേ ജന്മി-മുതലാളി-പൗരോഹിത്യ-ബൂർഷ്വാ മേധാവിത്വത്തിന്റെ ഒരു അവിഭാജ്യഘടകമായി കമ്മ്യൂണിസം രൂപാന്തരം പ്രാപിച്ചതെല്ലാം പിൽക്കാല ചരിത്രമല്ലേ? 25.08.1900-ൽ ഇഹലോകവാസം വെടിഞ്ഞ നീറ്റ്സ്ഷെ ആ കഥകളൊക്കെ എങ്ങനെ അറിയാൻ? അതുകൊണ്ടാണു് ആ വിലയിരുത്തലിനു് ഇങ്ങനെയൊരു കൂട്ടിച്ചേർക്കൽ വേണ്ടി വന്നതു്. അർഹിക്കുന്ന പദവി ആർക്കും, അതിപ്പോൾ മാർക്സിസത്തിനായാലും, നിഷേധിക്കരുതു് എന്നാണെന്റെ പക്ഷം.

Apr 27, 2017, 12:35 PM

“It is paradoxical, yet true, to say, that the more we know, the more ignorant we become in the absolute sense, for it is only through enlightenment that we become conscious of our limitations. Precisely one of the most gratifying results of intellectual evolution is the continuous opening up of new and greater prospects.” – Nikolas Tesla

Apr 28, 2017, 6:05 PM

ഫെയ്സ്ബുക്ക് ഫ്രണ്ഡ്ലിസ്റ്റ് ക്രമേണ ട്രിം ചെയ്യാൻ തീരുമാനിച്ചു. ഞാൻ എടുത്താൽ പൊങ്ങാത്ത പോസ്റ്റുകളിടുന്ന സുഹൃത്തുക്കളുടെ എണ്ണം ഒരു പരിധിയിൽ കൂടുതലായാൽ അതു് എനിക്കു് താങ്ങാനാവില്ല.

“താങ്ങൽ” എന്ന വാക്കു് നാടൻ ഭാഷയിലല്ല ഉപയോഗിച്ചതു്. കേരളത്തിൽ എന്നും ഉണ്ടായിരുന്നതെങ്കിലും, ഇപ്പോൾ കൂടുതൽ ചൂടുപിടിച്ചിരിക്കുന്ന ശ്രേഷ്ഠരാഷ്ട്രീയഭാഷാസാഹചര്യത്തിൽ ഇതു് പ്രത്യേകം സൂചിപ്പിക്കേണ്ടതുണ്ടു്. തെറ്റിദ്ധാരണകൾ ഉണ്ടാവരുതല്ലോ. വിവിധയിനം ഭാരങ്ങളെ താഴെ വീഴാത്ത വിധം തലയിലോ തോളിലോ വഹിച്ചു് നട്ടെല്ലിനെ ആയാസപ്പെടുത്തുന്ന, സാധാരണ ഗതിയിൽ “കൂലിപ്പണിക്കാരുടെ” ജോലിയായ ചുമടു് ചുമക്കൽ കർമ്മം മാത്രമാണു് താങ്ങൽ എന്ന പദം കൊണ്ടു് ഇവിടെ ഉദ്ദേശിച്ചതു്. ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർക്കായി: മറ്റാരെയും ആശ്രയിക്കാതെ, സ്വന്തം രോമങ്ങൾ പറിച്ചും സ്വന്തം വിസർജ്ജ്യങ്ങൾ വാരിയും തിന്നു് ജീവിക്കാനുള്ള ഭാഗ്യം ഇല്ലാത്ത മനുഷ്യരാണു് കൂലിക്കു് ജോലി ചെയ്യേണ്ടിവരുന്നവർ, അഥവാ കൂലിപ്പണിക്കാർ.

എഴുതാനുള്ള സ്വാതന്ത്ര്യവും അതു് വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും കോംപ്ലിമെന്ററിയാണു്. രണ്ടും ചേർന്നാൽ മാത്രം പൂർണ്ണത കൈവരിക്കാനാവുന്ന ഒരു ജോടി. നോർത്ത് കൊറിയയിലും സൗദി അറേബ്യയിലുമെല്ലാം നിലവിലിരിക്കുന്ന വ്യവസ്ഥിതികളിൽ നിന്നും വ്യത്യസ്തമായി, ജനാധിപത്യവ്യവസ്ഥിതിയിൽ മറ്റു് പല സ്വാതന്ത്ര്യങ്ങളോടുമൊപ്പം ഈ ദ്വന്ദ്വവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. ഉപയോഗപ്പെടുത്താൻ മന്ത്രിമാരുടെയോ, അവരുടെ ശിങ്കിടികളായ വല്യേട്ടന്മാരുടെയോ, കൊച്ചേട്ടന്മാരുടെയോ, ബ്യൂറോക്രാറ്റുകളുടെയോ അനുവാദത്തിനായി കാത്തുകെട്ടി കിടക്കേണ്ട ആവശ്യം ജനങ്ങൾക്കില്ലാത്ത വ്യക്തിസ്വാതന്ത്ര്യം.

Apr 30, 2017, 12:32 PM

കട്ടപ്പ ബാഹുബലിയെ എന്തിനു് കൊന്നു?

ആ വൺ മില്യൺ ഡോളർ ചോദ്യം ചോദിക്കുന്ന സകലത്തിനെയും ഒന്നിച്ചു് കൊല്ലാൻ പാകത്തിനു് അടുത്തു് കിട്ടാത്തതിന്റെ അരിശം തീർത്തതു്, അല്ലാതെന്തിനു്?

May 2017

May 1, 2017, 12:57 PM

ഭൂമിമലയാളത്തൊഴിലാളിപ്പാർട്ടികളേ സംഘടിക്കുവിൻ! നിങ്ങൾക്കു് നഷ്ടപ്പെടുന്നതു് കയ്യേറ്റഭൂമികൾ!!

അതിജീവനത്തിനായി സ്വന്തം നോട്ടം പോലും പണയപ്പെടുത്തേണ്ടി വരുന്ന അവശരായ തൊഴിലാളിവർഗ്ഗത്തിനു്, ജോലി ചെയ്തു് ജീവിക്കുന്ന മനുഷ്യരുടെ ചങ്കു് പിളർന്ന ചോരയിൽ കുതിർത്തിയെടുത്ത മെയ്ദിനാശംസകൾ!!!

May 3, 2017, 11:26 AM

മല്ലു കമ്മ്യൂണിസ്റ്റുകൾ മാർക്സിസം പഠിപ്പിക്കാൻ ശ്രമിക്കുന്നതു് മരംകൊത്തികൾ കാർപ്പെന്റ്റി പഠിപ്പിക്കാൻ ശ്രമിക്കുന്നതു് പോലെയാണു്.

ഇനിയുള്ള കാലം മാർക്സിന്റെ വൈരുദ്ധ്യാത്മകഭൌതികവാദസിദ്ധാന്തത്തിനോടൊപ്പം മാണിയുടെ അദ്ധ്വാനവർഗ്ഗസിദ്ധാന്തവും കൂടി പഠിപ്പിച്ചു് മരംകൊത്തികളെ തോല്പിക്കാനാണത്രെ അവരുടെ പ്ലാൻ! കൊത്തിക്കൊത്തി അപ്രന്റീസുകളുടെ ഊപ്പാടിളകും. പക്ഷേ, അവർക്കതൊരു പ്രശ്നമല്ല. കാരണം, “നല്ല നാളെ” എന്നതു് ഒട്ടും കഷ്ടപ്പാടില്ലാതെ സൂത്രത്തിൽ ലഭിക്കുന്ന ഒരു സക്കാത്തല്ല എന്നു് അവർക്കറിയാം.

May 5, 2017, 3:54 PM

മച്ചിയുടെ ഗർഭപാത്രം നിറയ്ക്കാനാവില്ലെന്നു് ബൈബിൾ. അത്തരം ഭാഷ ഇന്നു് അത്ര പൊളിറ്റിക്കലി കറക്റ്റ് അല്ല. ദൈവം തന്റെ കല്പനകൾ സ്വന്തം കൈകൾ കൊണ്ടു് അക്ഷരം അക്ഷരമായി കല്ലിൽ കൊത്തി മനുഷ്യരെ ഏല്പിച്ചിരുന്ന ഒരു കാലത്തുനിന്നും വരുന്നതാണു് പഴയനിയമം. ഇന്നു് അതല്ല സ്ഥിതി. സ്റ്റാറ്റിക് ആയ ദൈവവും ആ ദൈവത്തിന്റെ ഭാഷയും നിന്നിടത്തു് തന്നെ നിന്നു് മരവിച്ചപ്പോൾ, ഡൈനാമിക് ആയ മനുഷ്യനും അവന്റെ ഭാഷയും തിരുത്തലും പുതുക്കലുമായി വളരുകയായിരുന്നു. അതുവഴി പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ പല പഴയ ഭാഷാപ്രയോഗങ്ങളും ഉപേക്ഷിക്കപ്പെട്ടു. മുൻപില്ലാതിരുന്ന പലതും മുള പൊട്ടുകയും ചെയ്തു.

അതുപോലെ, മച്ചിപ്പശുവിനെ തൊഴുത്തു് മാറ്റി കെട്ടിയാൽ പെറില്ല എന്നൊരു “നാടൻ” ഭാഷയുണ്ടു്. പറയുന്ന മനുഷ്യനും കേൾക്കുന്ന മനുഷ്യനും ഏതു് വിഭാഗത്തിനൊപ്പം നിൽക്കുന്നു എന്നതിനനുസരിച്ചു് അതു് പൊളിറ്റിക്കലി കറക്റ്റോ ഇൻകറക്റ്റോ ആയി വ്യാഖ്യാനിക്കപ്പെടാം.

ആശയപരമായി ഒന്നുതന്നെയായ ഈ രണ്ടു് പ്രയോഗങ്ങൾക്കും തുല്യമായ ഒരു തത്വം ഗണിതശാസ്ത്രത്തിലുമുണ്ടു്: പൂജ്യത്തെ എത്ര വലിയ സംഖ്യ കൊണ്ടു് ഗുണിച്ചാലും ഫലം പൂജ്യമായിരിക്കും.

ശാസ്ത്രം “നിച്പച്ചം” ആയതിനാൽ മതപരമോ രാഷ്ട്രീയമോ ആയ “ഒബ്ലിഗേറ്ററി ഇടപെടലുകൾ” ഒന്നും ഉണ്ടാവാൻ സാദ്ധ്യതയില്ലാത്ത, ഇടപെട്ടിട്ടും പ്രയോജനമൊന്നും ഇല്ലാത്ത ഈ വസ്തുത നേരത്തേ ശ്രദ്ധിച്ചാൽ തീട്ടത്തിൽ ചവിട്ടി പൂജ്യരായി നാറാതിരിക്കാം. പൂജ്യത്തെ ഗുണിച്ചാലും, പൂജ്യം കൊണ്ടു് ഗുണിച്ചാലും ഫലം പൂജ്യമേ ആയിരിക്കൂ. അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും ഇതറിയാം. പക്ഷേ, ആരെങ്കിലും പറഞ്ഞു് കൊടുത്തില്ലെങ്കിൽ ഗോതമ്പാഹാരം മാത്രം കഴിച്ചു് ജീവിക്കുന്ന ഉപദേഷ്ടാക്കൾ അത്തരം കാര്യങ്ങൾ എങ്ങനെ അറിയാൻ?

മുഴുവൻ ലോകമനുഷ്യരുടെയുമല്ലാതെ, യഹൂദരുടെ മാത്രം പാപങ്ങൾ തലയിലേറ്റിയാണു് കർത്താവു് കുരിശിൽ മരിച്ചിരുന്നതെങ്കിൽ സകല റോബിനച്ചന്മാർക്കും ഇന്നും പാപപാശത്തിൽ കഴുത്തു് കുരുങ്ങി കിടക്കേണ്ടി വരുമായിരുന്നില്ലേ? ചിന്തിക്കുന്നവർക്കുള്ളതാണു് ദൃഷ്ടാന്തം. അല്ലാതെ ചന്തയ്ക്കു് പോകുന്നവർക്കുള്ളതല്ല.

May 18, 2017, 8:44 AM

ശ്രീമാൻ ബാലകൃഷ്ണപിള്ള വല്ല സഖാവിനെയും തല്ലിയോ കുത്തിയോ കൊന്നതിന്റെ പേരിലായിരുന്നു ജയിലിൽ കിടന്നു് ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നതെങ്കിൽ അങ്ങേർ എപ്പോൾ പുറത്തിറങ്ങുന്നു എന്നു് കാത്തിരുന്നു് തക്കം നോക്കി വെട്ടി നുറുക്കുകയല്ലാതെ മനുഷ്യസ്നേഹികൾക്കു് വേറെ നിവൃത്തിയൊന്നുമില്ലായിരുന്നു. “കാവ്യനീതി” നടപ്പാക്കേണ്ട ചുമതല വഹിക്കുന്നവരാണു് പാരലൽ നിയമപാലകരായ കമ്മ്യൂണിസ്റ്റുകൾ! ഇവിടെ അവർക്കു് അങ്ങനെയുള്ള ബാദ്ധ്യതകളൊന്നുമില്ല.

മല്ലുരാഷ്ട്രീയത്തിന്റെ കീഴ്വഴക്കപ്രകാരം തികച്ചും സ്വാഭാവികവും ജനാധിപത്യപരവുമായിരുന്ന ഒരു സില്ലി മാറ്ററിന്റെ പേരിൽ, ബൂർഷ്വാകോടതിയിലിരുന്നു് പ്രകാശം പരത്തുന്ന ദുഷ്ടരിൽ ആരോ കരുതിക്കൂട്ടി അടിച്ചേൽപ്പിച്ച ശിക്ഷാവിധിക്കു് കുറച്ചുനാൾ, ഒരു അപവാദം എന്നോണം, അങ്ങേർക്കു് കീഴ്പ്പെടേണ്ടി വന്നു. അത്ര വലിയ ഇശ്യു ആക്കേണ്ട കാര്യമൊന്നും അതിലില്ല എന്നാണെന്റെ പക്ഷം.

ജനത്തിനുവേണ്ടി കുരിശിലേറി മരിച്ചവർ പോലും സ്വയം ഉയിർത്തെഴുന്നേറ്റു് സ്വന്തക്കാർക്കു് പ്രത്യക്ഷപ്പെട്ടു് മുറിവിൽ ഒട്ടിക്കാൻ പ്ലാസ്റ്ററുണ്ടോ എന്നു് ചോദിച്ചിട്ടുള്ളതായാണു് ലോകചരിത്രഫിക്ഷൻ മനുഷ്യരെ പഠിപ്പിക്കുന്നതു്. അതുകൊണ്ടു് സ്വന്തശക്തിയാൽ ഉയിർക്കാനും പ്ലാസ്റ്റർ തേടി പൊങ്ങിപ്പറക്കാനും കഴിയാത്തവരുടെ ആസനത്തിൽ വല്ല പ്രൊപ്പെല്ലറോ, ജറ്റോ മറ്റോ ഫിറ്റ് ചെയ്തു് അവരെ സ്വർഗ്ഗീയ മഹത്വത്തിലേക്കു് പൊക്കി വിടേണ്ടതു് ഏതൊരു ജനാധിപത്യവിശ്വാസിയുടെയും കടമയായിരിക്കണം. യൂറോപ്പിലേക്കു് അവിലും അച്ചാറും, കാനഡയിലേക്കു് ഹൈഡ്രോ എലക്ട്രിക് എക്വിപ്മെന്റ്സുമെല്ലാം കയറ്റി അയക്കുന്ന കേരളത്തിനു് ജറ്റ് ടെക്നോളജിയോ റോക്കറ്റ് സയൻസോ ഒന്നും ഒരു പ്രശ്നമാവാനും വഴിയില്ല.

മനുഷ്യസ്നേഹികൾ എന്ന പദവി അലങ്കരിക്കുകയും അതോടൊപ്പം ലോകചരിത്രത്തോടു് നീതി പുലർത്താതിരിക്കുകയും ചെയ്യുന്നവരോടു് ഭാവിതലമുറകൾ ക്ഷമിക്കില്ല. ഈ ലോകം ശരിയാക്കപ്പെടണമോ വേണ്ടയോ എന്ന ഗുരുതരമായ പ്രശ്നമാണു് മനുഷ്യരാശി ഇവിടെ നേരിടുന്നതു്! അതു് കണ്ടില്ലെന്നു് നടിക്കാൻ ഒരു ജനാധിപത്യ വിശ്വാസിക്കു് അവകാശമില്ല. മൂന്നാർ ഭൂമി കയ്യേറ്റം പോലെ പെട്ടെന്നു് മറക്കാവുന്ന, മറക്കേണ്ടുന്ന, ഒരു നിസ്സാര കാര്യമല്ല അതു്.

ഹാഷ്ടാഗ്

ഹാഷ്ടാഗ് ബാലൻ, ഹാഷ്ടാഗ് കൃഷ്ണൻ, ഹാഷ്ടാഗ് പിള്ള, ഹാഷ്ടാഗ് നീതി, ഹാഷ്ടാഗ് നവാധിവാസം, ഹാഷ്ടാഗ് പിന്നാക്കപ്രഹസനം, ഹാഷ്ടാഗ് മുന്നാക്കവികസനം, ഹാഷ്ടാഗ് മാർക്സിസം, ഹാഷ്ടാഗ് … …

May 20, 2017, 10:25 AM

പ്രഭാതഭക്ഷണം എന്തായാലും എനിക്കു് പ്രശ്നമൊന്നുമില്ല, എപ്പോഴും അതു് ഒന്നുതന്നെ ആയിരിക്കണമെന്നേയുള്ളു എന്നു് ഓസ്ട്രിയൻ-ബ്രിട്ടീഷ് ഫിലോസഫർ ലുഡ്വിഗ് വിറ്റ്ഗെൻസ്റ്റൈൻ.

പ്രഫ്രൻസിന്റെ കാര്യത്തിൽ മലയാളികൾ കുറച്ചുകൂടി ലിബറലാണു്. “പ്രഭാതവാർത്തകൾ” എന്തായാലും അവർക്കു് പ്രശ്നമൊന്നുമില്ല. അളിഞ്ഞ കക്ഷിരാഷ്ട്രീയമോ, ഇളിഞ്ഞ ലൈംഗികകഥകളോ, രണ്ടും ചേർന്ന “ഹരംമസാലകളോ” നിത്യേന മുന്നിലെത്തിയിരിക്കണം എന്നേയുള്ളു.

May 21, 2017, 9:40 AM

ആ കുമ്മനം രാജശേഖരൻ ഒറ്റയൊരുത്തൻ മൂലമാണു് ആ പാവം സ്വാമിജിക്കു് ഈവിധം ഛിന്നഭിന്നമാകേണ്ടി വന്നതു്. അങ്ങേരുടെ കൂടെയുള്ള സ്വാമിജിയുടെ നടത്തം കണ്ടപ്പോഴേ ഈ പോക്കു് പോയാൽ അന്തവും കുന്തവും കാണില്ല എന്നെനിക്കു് തോന്നിയിരുന്നു. ഒരേ നിറത്തിലുള്ള നിക്കറും ഷർട്ടുമിട്ട ലക്ഷങ്ങൾ പങ്കെടുത്ത ഒരു മഹാറാലിയിൽ അക്കാര്യം ഞാൻ പ്രസംഗിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഹാഷ്ടാഗ് ഇടാൻ മറന്നു് പോയതുകൊണ്ടാണോ എന്തോ, ആരും അന്നതത്ര കാര്യമായി എടുത്തില്ല. അല്ലെങ്കിൽത്തന്നെ, ന മല്ലു പ്രസംഗമർഹതി എന്നാണല്ലോ മനുവചനം. അതിനുശേഷം ഞാൻ റാലികളിൽ പ്രസംഗിക്കാറില്ല. മൂക്കില്ലാത്തിടത്തു് കസ്തൂരി വിതറിയിട്ടെന്തു് കാര്യം?

Apropos മല്ലൂസ്, ഒരു മല്ലുവിനെയും ഒരു മലയാളിയെയും തമ്മിൽ എങ്ങനെ തിരിച്ചറിയാം? ആരെങ്കിലും മല്ലു എന്നു് പറയുന്നതു് കേട്ടാൽ ഒരു മലയാളിക്കു് സ്വയം ചൊറിച്ചിൽ എടുക്കുകയോ, പറഞ്ഞവനെ മാന്തിയാൽ തന്റെ ചൊറിച്ചിൽ മാറുമെന്നു് തോന്നുകയോ ചെയ്യില്ല.

പാഠം 2 മൈന – ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.

P. S. കോഴി മോഷ്ടിച്ചവൻ ഫുൾ കഷണ്ടി ആയതുകൊണ്ടു് പിടിക്കപ്പെടാതിരിക്കണമെന്നില്ല.

May 22, 2017, 7:32 AM

ഒരൊറ്റ പ്രൊഫൈൽ പിക്ചർ കൊണ്ടു് താനൊരു പെർവെർട്ട് ആണെന്നും, ഒരൊറ്റ കമന്റുകൊണ്ടു് താനൊരു തറയാണെന്നും വ്യക്തമാക്കാൻ കഴിയുന്ന മനുഷ്യരുണ്ടു്.

ബീഡി വലിച്ചു് മൂക്കിൽ കൂടി പുക വിടാൻ കഴിയുന്ന അഞ്ചു് വയസ്സുകാരൻ മകനിൽ അഭിമാനിക്കുന്ന തന്തമാരുടെയും, മനുഷ്യർക്കു് നീതി നിഷേധിക്കുന്ന നീതിപാലകരുടെയും, കുറ്റകൃത്യങ്ങളുടെ ന്യായാന്യായങ്ങൾ വോട്ട് ബാങ്കിന്റെ വലിപ്പം നോക്കി വിലയിരുത്തുന്ന അധികാരികളുടെയും അനുയായികളുടെയുമെല്ലാം നാടല്ലേ? അവിടെ ഇരകൾക്കു് നിയമം കയ്യിലെടുക്കേണ്ടി വരുന്നതിൽ അത്ഭുതപ്പെട്ടിട്ടു് കാര്യമില്ല.

May 23, 2017, 10:41 AM

“Verarschen kann ich mich selber” എന്നൊരു പ്രയോഗം ജർമ്മൻ സംസാരഭാഷയിലുണ്ടു്. “എന്നെ വിഡ്ഢി കളിപ്പിക്കാൻ എനിക്കു് സ്വയം കഴിയും” എന്നു് വേണമെങ്കിൽ അതിനെ മിതമായ ഭാഷയിൽ മലയാളത്തിലേക്കു് മൊഴി മാറ്റം നടത്താം. (Arsch = arse)

തന്റെ വിശ്വാസത്തിലെ ഏതു് ജീർണ്ണതയും ന്യായീകരിക്കാൻ മടിയില്ലാത്തവിധം അതിനു് കീഴ്പ്പെട്ടു് അടിമകളായിത്തീർന്ന ഭക്തജനങ്ങൾ അവരുടെ നിലപാടുകൾ മാത്രമാണു് ശരിയെന്നു് സ്ഥാപിക്കാൻ ഓൺലൈൻ-ഓഫ്ലൈൻ പ്രൊപഗാൻഡകൾ വഴി കഷ്ടപ്പെടുന്നതു് കാണുമ്പോൾ, സ്വന്തം ചിന്താശേഷി മറ്റാർക്കും പണയം വച്ചിട്ടില്ലാത്ത ആർക്കും പറയാൻ കഴിയേണ്ട ഒരു കിടിലൻ പ്രയോഗമാണതു്. അതിനുള്ള തന്റേടം കാണിച്ചാൽ സ്വന്തം വ്യക്തിത്വവും മനുഷ്യാന്തസ്സും അതിനു് നന്ദി പറയും.

Article 1 of German Basic Law: “Human dignity is inviolable. To respect and protect it is an obligation of all state power”.

മനുഷ്യാന്തസ്സിനെ “അന്തസ്സു് വേണമെടാ, അന്തസ്സു്” എന്ന സിൽമാഡയലോഗിന്റെ അടിസ്ഥാനത്തിൽ നിർവ്വചിക്കുന്ന “ഇങ്കിലാ സിന്താവാ”കൾക്കു് ജർമ്മൻ കോൺസ്റ്റിറ്റ്യൂഷൻ പോയിട്ടു് അതിന്റെ പ്രിയാംബിൾ പോലും മനസ്സിലാവണമെന്നില്ല. അവർക്കു് യോജിച്ചതു് കഥാപ്രസംഗമാതൃകയിൽ ചപ്ലാക്കട്ടയുടെ അകമ്പടിയോടെ നീട്ടിപ്പരത്തിപ്പറയപ്പെടുന്ന സ്വാമിയുടെ അണ്ടിചെത്തു് കഥകളോ, മാക്രോഭാരതമോ മൈക്രോഭാരതമോ ഒക്കെയായിരിക്കും.

May 23, 2017, 11:28 AM

ഇപ്പോൾ കിട്ടിയതു്:

“വെടികളടികളിടികളൊക്കെ
വന്നു മേത്ത് കൊള്ളുകില്‍
പൊടിതുടച്ചു ചിരിചിരിച്ചു
മാറ് കാട്ടി നില്‍ക്കണം
എന്നാണു കേരളം പാടിപ്പഠിച്ചിട്ടുള്ളത്.”

കാണിക്കാൻ മാറല്ലാതെ മറ്റൊന്നുമില്ലെങ്കിൽ എന്തു് ചെയ്യാൻ? ഉള്ളതു് കാണിക്കുന്നതു് തന്നെ ഉചിതം. കൊണ്ടിടം കൊണ്ടു് തടുക്കുക എന്നും പറയാം.

May 23, 2017, 2:27 PM

വിവരമുള്ളവർ പറയുന്നതു് കേൾക്കൂ എന്നു് ഒരുവൻ നിങ്ങളോടു് ആവശ്യപ്പെട്ടാൽ, അതു് നിരുപാധികം അനുസരിക്കുന്നതിനു് മുൻപു്, അതു് പറയുന്ന വൻ എന്തു് “വിവരത്തിന്റെ” അടിസ്ഥാനത്തിലാണു് അതു് പറയുന്നതെന്നു് നിങ്ങൾ അറിഞ്ഞിരിക്കണം.

പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ടു്:
ഉദാഹരണത്തിനു്, മാർക്സിസം എന്നാൽ എന്താണു് എന്നതിനെപ്പറ്റി ഒരു മിനിമം ഗ്രാഹ്യം പോലും നിങ്ങൾക്കു് ഇല്ലെങ്കിൽ, ഒരു ലെനിനോ, ഒരു സ്റ്റാലിനോ, ഒരു ഇ. എം. എസ്സോ, ഒരു എ. കെ. ജിയോ, മറ്റാരു് തന്നെയോ മാർക്സിസത്തെപ്പറ്റി നിങ്ങളോടു് എന്തു് പറഞ്ഞാലും അതു് മുഖവിലക്കെടുക്കുകയല്ലാതെ നിങ്ങൾക്കു് മറ്റു് പോംവഴി ഒന്നുമില്ല.

ഏതൊരു വിഷയത്തെപ്പറ്റിയും വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലിനു് വില കല്പിക്കുന്ന ഒരു വ്യക്തിയാണു് നിങ്ങളെങ്കിൽ, ഒന്നുകിൽ ആ വിഷയത്തെ വിമർശനാത്മകമായി പഠിച്ചിട്ടുള്ള ആരെയെങ്കിലും (സ്വാഭാവികമായും വിമർശനാത്മകമായിത്തന്നെ) നിങ്ങൾ പഠിച്ചിരിക്കണം (“വായന” മാത്രം മതിയാവില്ല), അല്ലെങ്കിൽ, പരസഹായമില്ലാതെ ആ വിഷയത്തെ അപഗ്രഥിക്കാനുള്ള ബൌദ്ധികശേഷി അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെയും, തെറ്റുകൾ കാണാനും തിരുത്താനും മതിയായ – കാലാധിഷ്ഠിതമായ – അനുഭവസമ്പത്തിലൂടെയും നിങ്ങൾ ആർജ്ജിച്ചിരിക്കണം. ഒരു ഹ്യൂമോ, ഒരു കാന്റോ, ഒരു നീറ്റ്സ്ഷെയോ പോലെ, ലക്ഷങ്ങളിൽ ഒരുവനോ ഒരുവളോ ആകാനുള്ള യോഗ്യത നിങ്ങൾക്കില്ലെന്നു് ഒരു കാരണവശാലും ഇപ്പറഞ്ഞതിനു് അർത്ഥമില്ല. അന്യമായ നിലപാടു്‌ പുലർത്തുന്നവരെ എണ്ണിയെണ്ണി വെട്ടിക്കൊല്ലുന്ന ഒരു സമൂഹത്തിൽ ജീവിക്കേണ്ട ഗതികേടു് നിങ്ങൾക്കു് ഇല്ലെങ്കിൽ, നിങ്ങൾ ആരായിത്തീരണം എന്നു് തീരുമാനിക്കുന്നതു് നിങ്ങൾ തന്നെയാണു്.

ആശയപരമായി ഞാൻ നിങ്ങളുമായി പങ്കുവയ്ക്കുന്ന ഒരു വിഷയത്തെ, വ്യക്തിനിഷ്ഠമായ എന്റെ കാഴ്ച്ചപ്പാടുകളേയും, വ്യക്തിനിഷ്ഠമായ നിങ്ങളുടെ കാഴ്ച്ചപ്പാടുകളേയും എത്രത്തോളം അകറ്റി നിർത്താൻ കഴിയുന്നുവോ, അത്രത്തോളം അകറ്റി നിർത്തി – നിഷ്പക്ഷമായ ഒരു ആശയപരിസരത്തിലേക്കു് മാറ്റി നിർത്തി – പരിശോധിച്ചുകൊണ്ടല്ലാതെ നെല്ലും പതിരും, സത്യവും മിഥ്യയും, വസ്തുതയും കാപട്യവും, യാഥാർത്ഥ്യവും സ്വപ്നവും തമ്മിൽ വേർതിരിക്കാനാവില്ല എന്നു് രത്നച്ചുരുക്കം.

May 25, 2017, 9:45 AM

ഇന്നു് ഫാദേഴ്സ് ഡേ ആണത്രെ! തന്തയില്ലാത്തവർക്കു് (പിതാവു് മരിച്ചുപോയവർക്കു്) എന്തു് ഫാദേഴ്സ് ഡേ എന്നു് ക്രിട്ടിക്കലും ലോജിക്കലുമായി ചിന്തിക്കുന്ന മലയാളികൾക്കു് തോന്നിയേക്കാം. പക്ഷേ, തന്തയില്ലാത്തവർ തന്തദിനം ആചരിക്കുകയും, ശുംഭന്മാർ പ്രകാശം പരത്തുകയും ചെയ്യുന്ന നാളിൽ നമുക്കു് കൂമുള്ളിൻ കാട്ടിലേക്കു് ഓടിപ്പോകാം, അവിടെ വച്ചു് ഞാൻ നിനക്കെന്റെ പ്രേമം തരും എന്നു് ബൈബിളിലെ ഉത്തമഗീതങ്ങളിൽ ശലോമോൻ പാടിയിട്ടുള്ളതിനാൽ, പ്രേമഗായകരായ ഞങ്ങൾ കവികൾക്കു് ആ ദിനത്തിന്റെ ഓർമ്മ പുതുക്കാതിരിക്കാനോ പൂക്കാതിരിക്കാനോ ആവതില്ല.

ഞങ്ങൾ എന്നാൽ, ശലോമോൻ, ഹോമർ, വ്യാസൻ, വല്യവല്യ കോഴിത്തമ്പ്രാക്കന്മാർ, കുന്ദേര, ഞാൻ തുടങ്ങിയവർ. അവരിൽ മുഖ്യൻ ഞാൻതന്നെയാണെങ്കിലും, തറവാടികൾക്കു് ജന്മസിദ്ധമായ ഭവ്യതയും, എലീറ്റ് സ്കൂളുകളിലെ വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ എറ്റിക്കെറ്റ്സും മൂലം പോസിറ്റീവ് ആയ ഗുണഗണങ്ങൾ വർണ്ണിക്കുമ്പോൾ ആദ്യമേതന്നെ എന്റെ പേരു് പറഞ്ഞാൽ എനിക്കു് ഒരുതരം ഉളുപ്പു് തോന്നും. അതുകൊണ്ടാണു് എന്റെ പേരു് അവസാനമാക്കിയതു്. അല്ലാതെ അതെനിക്കു് ഇഷ്ടമായതുകൊണ്ടല്ല.

May 27, 2017, 10:54 AM മാംസാഹാരി ആയിരിക്കണമോ, സസ്യാഹാരി ആയിരിക്കണമോ, മിശ്രാഹാരി ആയിരിക്കണമോ എന്നതെല്ലാം ഓരോരുത്തർ സ്വന്തമായി തീരുമാനിക്കേണ്ട കാര്യങ്ങളാണു്. എങ്കിലും, പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ, “ഇക്കൊഫ്രണ്ഡ്ലി” ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ ഗോമാംസം ഉപേക്ഷിക്കുകയോ, ചുരുങ്ങിയപക്ഷം, പരിമിതപ്പെടുത്തുകയെങ്കിലുമോ ചെയ്യുന്നതു് നന്നായിരിക്കും.

ഒരു പഠനപ്രകാരം, വൻതോതിലുള്ള കാലിവളർത്തലിലൂടെ ഒരു കിലോ പശുമാംസം ഉത്പാദിപ്പിക്കാൻ 15000 ലിറ്റർ വെള്ളം വേണ്ടി വരുമ്പോൾ, ഒരു കിലോ കോഴിയിറച്ചിക്കു് 5000 ലിറ്ററും ഒരു കിലോ ഉരുളക്കിഴങ്ങിനു് 100 ലിറ്ററും വെള്ളമേ ആവശ്യമായി വരുന്നുള്ളു.

അതുപോലെ, ഒരു കിലോ ബീഫ് ഉത്പാദിപ്പിക്കാൻ 27 മുതൽ 49 സ്ക്വയർ മീറ്റർ വരെ ഭൂമി വേണ്ടി വരുമ്പോൾ, ഒരു കിലോ ഉരുളക്കിഴങ്ങു് നാലിലൊന്നു് ചതുരശ്രമീറ്ററിൽ നട്ടു് വളർത്താൻ കഴിയും. പശുക്കൂട്ടത്തെ പുറത്തു് മേയിക്കുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കാൾ കുറഞ്ഞ ഭൂവിസ്തീർണ്ണമേ കൃത്രിമാഹാരം കൂടി നൽകി വളർത്തപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിലെ പശുവളർത്തലിനു് ആവശ്യം വരൂ എന്നതിനാലാണു് ഈ വ്യത്യാസം.

ഒരു കിലോ ഗോമാംസം ഉത്പാദിപ്പിക്കപ്പെടുമ്പോൾ “ക്ലൈമറ്റ് കില്ലർ” ആയ 27 കിലോഗ്രാം “ഗ്രീൻഹൌസ് ഗ്യാസുകൾ” കൂടി രൂപമെടുക്കുന്നുണ്ടു്. അതു് പന്നിമാംസത്തിലേതിന്റെ ഇരട്ടിയും, ഉരുളക്കിഴങ്ങു് കൃഷിയിലേതിന്റെ പത്തിരട്ടിയുമാണു്.

അതുകൊണ്ടു് പരിസ്ഥിതി തകരാറിലാക്കുന്നതു് പശുക്കളാണു് എന്നർത്ഥമില്ല. വളം ചേർക്കാത്ത പുൽപ്രദേശങ്ങളിൽ മാത്രം മേയാൻ പശുക്കളെ അനുവദിച്ചാൽ അവ വിസർജ്ജിക്കുന്ന ഗ്രീൻഹൌസ് ഗ്യാസുകൾ അതേ അളവിൽ വലിച്ചെടുത്തു് ശേഖരിക്കാനും, അതുവഴി പരിസ്ഥിതിയെ സംരക്ഷിക്കാനും ആ പുൽപ്രദേശങ്ങൾക്കുതന്നെ കഴിയും. പക്ഷേ, ഗോമാംസത്തിനോടു് മനുഷ്യർക്കു് ഇപ്പോഴുള്ള “ആർത്തിയെ” തൃപ്തിപ്പെടുത്താൻ അതുവഴി സാദ്ധ്യമാവില്ല.

May 28, 2017, 12:18 PM

മഹാരാജാസ് കോളെജ് എന്നല്ലാതെ, മഹാഭൃത്യൻസ് കോളെജെന്നോ, മഹാദാസൻസ് കോളെജെന്നോ കേട്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. സ്വന്തം മകനു് ദാസൻ എന്നു് പേരിട്ടു് ജനിക്കുമ്പോൾ തന്നെ ഭാവിയിലേക്കുള്ള അവന്റെ പാത ടാറിട്ടു് വയ്ക്കുന്നവരുണ്ടു്. (പറയുമ്പോൾ എൻസൈക്ലൊപ്പീഡിയയിൽ ഉള്ളതു് എല്ലാം പറയണമല്ലോ). ഒരു കോളെജിനു് ബ്രണ്ണൻ കോളെജ് എന്നല്ലാതെ ബ്ലണ്ഡർ കോളെജ് എന്നു് ആരെങ്കിലും പേരിടുമോ? സാക്ഷരരായ നാട്ടുകാർ എന്തു് വിചാരിക്കും?

അതുപോലെ, ഒരു പുരോഹിതനെ മഹാപുരോഹിതൻ എന്നു് വിളിച്ചാൽ ആ പുരോഹിതനടക്കം ആർക്കും അതിൽ പ്രതിഷേധമോ ആക്ഷേപമോ ഒന്നും തോന്നില്ല. പക്ഷേ, ഒരു കപ്യാരെ മഹാകപ്യാർ എന്നോ, ഒരു പള്ളി തൂപ്പുകാരനെ മഹാതൂപ്പുകാരൻ എന്നോ വിളിച്ചാൽ പണി പാളും. പ്രധാന എതിർപ്പു് അവരിൽ നിന്നുതന്നെ ആയിരിക്കും. മുൻപു് എനിക്കതറിയില്ലായിരുന്നു. അതിനാൽ ഒരിക്കൽ പുലിവാൽ പിടിക്കേണ്ടിയും വന്നിട്ടുണ്ടു്. കഥ ഇങ്ങനെ (ഈ കഥ സത്യം എന്നതിനു് ഈ കഥയും ഞാനും സാക്ഷി). മദ്ധ്യവേനൽ അവധിക്കു് വീട്ടിലെത്താൻ ഒന്നാം ഘട്ടമായ അഞ്ചു് കിലോമീറ്റർ ബസ് യാത്രക്കു് ശേഷം പിന്നിടേണ്ട രണ്ടാം ഘട്ടമായ പത്തു് കിലോമീറ്റർ നടരാജയാത്രയിലേക്കു് ഞാൻ പ്രവേശിച്ച മുഹൂർത്തത്തിലാണു് എതിരെ വരുന്ന കപ്യാരു് ചേട്ടനെ കണ്ടതു്. കോളെജ് ജീവിതം മൂലം എനിക്കുണ്ടായ സജ്ജനപരിചയം കപ്യാരും ഒന്നു് അറിഞ്ഞിരുന്നോട്ടെ എന്നു് കരുതി ഞാൻ ഇപ്രകാരം മൊഴിഞ്ഞു: “മഹാകപ്യാരെ, അങ്ങേയ്ക്കും, കുലസ്ത്രീയായ അങ്ങയുടെ പ്രിയ പത്നിക്കും, യുവകോമളയായ അങ്ങയുടെ മകൾക്കും സുഖം തന്നെയോ?”

അതിന്റെ പേരിൽ അങ്ങേർ എന്നെ തെറി പറഞ്ഞു് കണ്ണു് പൊട്ടിച്ചു എന്നു് പറഞ്ഞാൽ മതിയല്ലോ. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ശരിക്കും ശശിയായി. പക്ഷേ, അക്കാലത്തു് ശശി ഒരു സെലിബ്രിറ്റി ആയിട്ടുണ്ടായിരുന്നില്ല. എന്റെ ഭാഗ്യത്തിനു് അന്നു് അഖില കേരള കപ്യാർ യൂണിയനും (A. K. K. U.) രൂപമെടുത്തിരുന്നില്ല. അല്ലെങ്കിൽ അവർ എന്നെ ഘെരാവോ ചെയ്തു് നട്ടുച്ചവെയിലിൽ നിർത്തിപ്പൊരിച്ചേനെ!

മറ്റുള്ളവർ നന്നാവുന്നതിൽ കണ്ണുകടിയുള്ള മനുഷ്യർ എന്നും ലോകത്തിൽ ഉണ്ടായിരുന്നു. പക്ഷേ, തന്നെ മഹത്വീകരിക്കാൻ ശ്രമിക്കുന്നവരെ തെറിവിളിക്കുന്നർ ഉണ്ടെന്നു് അന്നാണു് ഞാൻ ആദ്യമായി മനസ്സിലാക്കിയതു്. അതും വിശുദ്ധസ്ഥലത്തു് നിന്നു് ദൈവത്തിനു് ധൂപക്കുറ്റി വീശുന്ന ഒരു കപ്യാരിൽ നിന്നും!

സോഷ്യൽ മീഡിയ വന്നതോടെ കാര്യങ്ങൾക്കു് ഒരുപാടു് മാറ്റം വന്നു. ഇന്നു് മഹാന്മാരല്ലാത്തവരെ കാണാൻ തന്നെയില്ല. താനൊരു മഹാനാണെന്നു് തെളിയിക്കൽ ഇന്നൊരു കുട്ടിക്കളിയാണു്. ഒരു ഉവാച: കമന്റ്, ഏറിയാൽ ഒരു ഫോട്ടോകമന്റ് ഈ വകകൾ മാറി മാറി ഇട്ടുകൊണ്ടിരുന്നാൽ മതി, സോഷ്യൽ മീഡിയയിലെ Hall of Fame-ൽ സ്ഥാനം ഉറപ്പു്.

May 28, 2017, 1:29 PM

ആരോ ഒരു ക്ഷേത്രത്തിൽ കയറി വിഗ്രഹങ്ങൾ നശിപ്പിച്ചത്രേ!

അതിപ്പോൾ, വല്ല പൂമൂടലിനോ, ശത്രുസംഹാരപൂജക്കോ ഒക്കെ ആയിട്ടല്ലാതെ ആരെങ്കിലും ക്ഷേത്രത്തിൽ കയറിയാൽ എനിക്കായാലും ദേഷ്യം വരും.

May 28, 2017, 2:47 PM

ഈ യൂത്ത് കോൺഗ്രസുകാർ ഇത്ര നയീവാണെന്നു് ഞാൻ കരുതിയില്ല. കൊലപാതകം, അതിപ്പോൾ മൃഗത്തെ ആയാലും, മനുഷ്യനെ ആയാലും, ഔട്ട്സോഴ്സ് ചെയ്തില്ലെങ്കിൽ സ്വന്തം വെള്ളക്കോളറിൽ രക്തക്കറ വീഴും എന്നു് മനസ്സിലാക്കാൻ മാത്രം പോലും പഠിപ്പു് തികയാത്ത കെഴങ്ങന്മാർ! എല്ലാറ്റിനേയും കൂട്ടിയടിച്ചു് മാർക്സിസ്റ്റ് പാർട്ടിയുടെ സ്റ്റഡി ക്ലാസ്സുകളിൽ കൊണ്ടുപോയി ഇരുത്തണം. ഫോർ ഫർതർ എജ്യുക്കേഷൻ.

June 2017

Jun 2, 2017, 12:00 PM

മകാരത്തിനു് മലയാളത്തിൽ അസാമാന്യമായ സ്ഥാനവിലയും സ്വാധീനവുമുണ്ടു്. മയിൽ, മതം, മദം, മദ്യം, മന്ത്രം, മന്ത്രി, മരത്തവള, മണി, മാണി, മത്തായി, മർക്കടമുഷ്ടി, മനോരമ, മാതൃഭൂമി … …

തന്മൂലം, ഹരിശ്രീ ഗണപതായേ നമഃ എന്നു് ബലാൽക്കാരമായി പിള്ളേരുടെ കൈപിടിച്ചെഴുതിച്ചു് വിദ്യകൾക്കു് തുടക്കം കുറിക്കുന്നതിനു് പകരം, “മയിൽശ്രീ മുരുകായേ നമഃ” എന്നെഴുതി വിദ്യാരംഭം തുടങ്ങിവയ്ക്കുന്നതു് നന്നായിരിക്കുമെന്നു് തോന്നുന്നു.

മുരുകന്റെ ജന്മലക്ഷ്യം തന്നെ കൊലപാതകമായിരുന്നല്ലോ. വിദ്യാഭ്യാസം കഴിഞ്ഞു് “രാഷ്ട്രനിർമ്മാതാക്കളായി” പുറത്തു് വരേണ്ടുന്നവരിൽ ഒരു ലക്ഷ്യബോധം വളർത്തിയെടുക്കേണ്ടതു് സമൂഹത്തിന്റെ വളർച്ചക്കു് ആവശ്യമാണു്. കേരളത്തിൽ വിദ്യാഭ്യാസമെന്നാൽ പ്രധാനമായും കക്ഷിരാഷ്ട്രീയവും, കക്ഷിരാഷ്ട്രീയമെന്നാൽ ഒരു നല്ല പങ്കു് കൊലപാതകവും ആയതിനാൽ, ഏതു് വിദ്യയുടെ അഭ്യാസമായാലും, അതു് കക്ഷിരാഷ്ട്രീയവും കൊലപാതകവുമായി കൊംപാറ്റിബിൾ ആയിരിക്കണം. ചേരുംപടിയല്ലേ ചേർക്കാൻ പറ്റൂ?

കൊലയും തീറ്റയും സമൂഹത്തിൽ ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളാണു്. കൊലദേവനുള്ളതു് കൊലദേവനു്, തീറ്റദേവനുള്ളതു് തീറ്റദേവനു്! തീറ്റ മാത്രമായിരുന്നെങ്കിൽ ഗണപതായേ നമഃ എന്നായാലും മതിയായിരുന്നു എന്നു് ചുരുക്കം.

മയിൽ എന്നാൽ മയിൽ എന്നേ അർത്ഥമുള്ളു, മലർ എന്നുപോലും അർത്ഥമില്ല എന്നതാണു് മയിൽശ്രീ മുരുകായേ നമഃ എന്ന തുടക്കമുദ്രാവാക്യത്തിനു് അനുകൂലമായി ഉന്നയിക്കാവുന്ന മറ്റൊരു ആർഗ്യുമെന്റ്. അതേസമയം, ഹരി എന്നാൽ എത്ര അർത്ഥമുണ്ടെന്നു് ഡിക്ഷണറി നോക്കാതെ പറയാൻ ഹരിക്കു് പോലും കഴിയുമെന്നു് തോന്നുന്നില്ല. എന്തു്, ഏതു് എന്നൊന്നും അറിയാതെ കണ്ട അണ്ടനോടും അടകോടനോടുമൊക്കെ ശ്രീ കൂട്ടിച്ചേർക്കുന്നതു് അശ്രീകരമാണു്. അതുകൊണ്ടു് ഹരിശ്രീയേക്കാൾ ഭേദം മയിൽശ്രീ തന്നെ. അതാവുമ്പോൾ പിടിച്ചിരിക്കുന്നതു് എവിടെയാണെന്നെങ്കിലും അറിയാം.

Jun 3, 2017, 12:17 PM

കളർ ബാക്ഗ്രൗണ്ഡുകളുമായി അവതരിക്കുന്ന ഒറ്റവരിയൻ സ്റ്റാറ്റസുകളുടെ അടിയിൽ “try this background in your post”, “try it” എന്നെല്ലാം ഫെയ്സ്ബുക്ക് ആവർത്തിച്ചു് ആഹ്വാനം ചെയ്യുന്നതു് കാണുമ്പോൾ അതുപോലൊന്നു് തട്ടിക്കൂട്ടിയാലോ എന്നു് എനിക്കു് തോന്നാറുണ്ടു്. പക്ഷേ, ഉദാഹരണത്തിനു്, “സംഘികൾ ഊളകളാണു്” എന്നൊരു ഒറ്റവരിയൻ ഞാൻ എഴുതുകയും അതു് അക്ഷരപ്പിശാശു് മൂലം “സഖികൾ ഊളകളാണു്” എന്നെങ്ങാൻ ആയിപ്പോവുകയും ചെയ്താൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ടു് കാര്യമുണ്ടോ? സഖികളോടു് ചോദിച്ചാണു് ഞാൻ പല കാര്യങ്ങളും മനസ്സിലാക്കാറുള്ളതു്. ഇവിടെ എന്റെ പ്രിയ സഖി ശകുന്തളയെ പ്രത്യേകം എടുത്തു് പറയേണ്ടതുണ്ടു്. ചെറിയ ചെറിയ കാര്യങ്ങൾ അറിയാൻ “മക്കളോടു്” ചോദിച്ചാൽ മതിയെങ്കിലും, അതിഗഹനമായ രാഷ്ട്രീയവിഷയങ്ങളിൽ എന്റെ സംശയങ്ങൾക്കു് നിവൃത്തി വരുത്താൻ ശകുന്തളയ്ക്കു് മാത്രമേ കഴിയൂ. “സഖികൾ ഊളകളാണു്” എന്ന എന്റെ “ബാനർ സ്റ്റാറ്റസ്” ശകുന്തളയുടെ ദൃഷ്ടിയിലെങ്ങാനും പെട്ടാൽ, തന്റെ ചന്തിയിൽ ആരോ ഇരുമ്പു് പഴുപ്പിച്ചുവച്ചു് വാതം കോച്ചിയപോലെയേ അവൾക്കു് തോന്നൂ. അതാണു് ഞങ്ങൾ തമ്മിലുള്ള ഇരുപ്പുവശം. കൊളമാക്കപ്പെട്ട ഒരു ആത്മബന്ധം പുതുമണ്ണിട്ടു് നികത്തിയെടുക്കൽ ഒട്ടും എളുപ്പമല്ല. അതുകൊണ്ടു്, അക്ഷരത്തെറ്റില്ലാതെ എഴുതാൻ ശീലിച്ച ശേഷം മാത്രമേ ബാനർ സ്റ്റാറ്റസ് ഇടൂ എന്ന ഉറച്ച തീരുമാനത്തിലാണു് ഞാൻ. ബാനർ സ്റ്റാറ്റസുകൾക്കുള്ള മേന്മകൾ വച്ചു് നോക്കുമ്പോൾ ഗംപ്ലീറ്റ് ഒഴിവാക്കുന്നതും അത്ര ശരിയായിരിക്കില്ല.

റാലികളുടെ മുന്നിൽ സന്നദ്ധസേവകർ വലിച്ചു് പിടിക്കുന്ന ബാനറുകളിൽ നിന്നു് എന്നപോലെ, സാരോപദേശങ്ങൾ, വിജ്ഞാനശകലങ്ങൾ, കുശുമ്പു്, കുന്നായ്മ മുതലായ ഇനങ്ങളെ വലിയ അക്ഷരങ്ങളിൽ “ഈസ്റ്റ്മാൻ കളർ” ബാക്ക്ഗ്രൌണ്ഡിൽ നിന്നു് തുറിച്ചു് നോക്കിക്കുന്നതാണു്, ബ്ലാക്ക്‌ ആൻഡ് വൈറ്റായി ചെറിയ അക്ഷരങ്ങളിൽ എഴുതപ്പെടുന്ന നീണ്ട ലേഖനങ്ങളേക്കാൾ മനുഷ്യരുടെ ശ്രദ്ധ പിടിച്ചു് പറ്റാൻ നല്ലതു്.

“ഫാസ്റ്റ് മൂവിങ് – ഫാസ്റ്റ് ഫുഡ്” – അതാണു് ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രതന്നെ. പരസ്പരസഹായസഹകരണസംഘങ്ങൾ, സമാനമനസ്കരുടെ ഓൺലൈൻ ഗ്രൂപ്പുകൾ തുടങ്ങിയവ രൂപീകരിച്ചു് ഈ പ്രശ്നത്തിനു് പരിഹാരം കാണാൻ ശ്രമിക്കുന്നവരുണ്ടു്. പക്ഷേ, ഒരു ലേഖനത്തിനു് ലൈക്ക് അടിക്കാനോ, അനുകൂലമായ ഒരു കമന്റ് എഴുതാനോ ആ ലേഖനം വായിച്ചാലേ പറ്റൂ എന്നൊന്നുമില്ല. അതെഴുതിയവനെ തെറി വിളിക്കാൻ അതിലെ ഒരു വാക്കോ, വാചകമോ ധാരാളം മതി എന്നതു് അതിനേക്കാൾ കഷ്ടം.

അതുകൊണ്ടാവണം, ഉള്ളിലുള്ള കളികളും കാര്യങ്ങളും കഴിവതും “ബാനർ സ്റ്റാറ്റസുകൾ” ആയി അവതരിപ്പിക്കാൻ എഴുത്തുകാർ ശ്രമിക്കുന്നതു്. അതുകൊണ്ടു്, ബാനർ സ്റ്റാറ്റസുകൾ ആരിട്ടാലും പൊതുജനം അതെല്ലാം രണ്ടു് കയ്യും നീട്ടി സ്വീകരിക്കുമെന്ന വ്യാമോഹമൊന്നും വേണ്ട. “എഴുത്തുകളുടെ കൊള്ളലും തള്ളലും” എന്ന വിഷയം സംബന്ധിച്ചു്, ഒരു “റൂൾ ഓഫ് തമ്പ്” എന്ന നിലയിൽ പറഞ്ഞാൽ, തന്റെ ലോകവീക്ഷണത്തിനു് ഒരു തിരുത്തൽ ആവശ്യമാണു് എന്ന – മനുഷ്യർ ഒരിക്കലും ഇഷ്ടപ്പെടാത്ത – ചിന്ത അവരിൽ ജനിപ്പിക്കാത്ത എഴുത്തുകളുടെ നേരെ അവർ സാധാരണ ഗതിയിൽ അസഹിഷ്ണുക്കൾ ആവാറില്ല. ഹിറ്റ്ലറുടെ ഷൂ സൈസ്, ട്രമ്പിന്റെ പ്രഭാതഭക്ഷണം, സൂപ്പർ സ്റ്റാറിന്റെ കൂളിങ് ഗ്ലാസുകളുടെ എണ്ണം, ഒരു നാഴിക എത്ര വിനാഴിക തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്കു് അവർ ആക്രമിക്കപ്പെടും എന്ന ഭയം വേണ്ട. പക്ഷേ, ഞങ്ങൾക്കു് അനുകൂലമല്ലാത്തവർ ഞങ്ങളുടെ ശത്രുക്കൾ എന്ന, ബ്ലാക്ക് ആൻഡ് വൈറ്റ് കാഴ്ചപ്പാടു് പുലർത്തുന്ന, (പക്ഷേ, സ്ഥിരമായി മനുഷ്യത്വവും, സ്നേഹവും, സമാധാനവും, സാഹോദര്യവും പ്രസംഗിക്കുന്ന), മതങ്ങളുടെയും, രാഷ്ട്രീയ ഐഡിയോളജികളുടെയും ലോകങ്ങളിൽ എത്ര ശ്രദ്ധിച്ചാലും തല പോയിക്കൂടെന്നുമില്ല. ആത്മനിഷ്ഠതകൾ വസ്തുനിഷ്ഠതകളായി തെറ്റിദ്ധരിക്കപ്പെടുന്ന ലോകങ്ങൾ വീണ്ടുവിചാരങ്ങളുടേതല്ല, അപകടങ്ങൾ പതിയിരിക്കുന്ന അന്ധകാരത്തിന്റേതാണു്. പക്ഷേ, ചൂടുപിടിച്ച തർക്കങ്ങൾക്കു് അതൊരു തടസ്സമാവണമെന്നില്ല. കാരണം, ലോജിക്കൽ ആയതെല്ലാം റീസണബിൾ ആയിരിക്കണമെന്നോ, ഭക്തജനങ്ങൾക്കു് അതു് മനസ്സിലായിക്കൊള്ളണമെന്നോ നിർബന്ധമില്ല.

Jun 4, 2017, 1:09 PM

“ഞങ്ങൾ ഇങ്ങനെയൊക്കെയാണു്. എന്നും ഇങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.”

ഇതാണു്, ഇതായിരിക്കണം ഷുഹൃത്തുക്കളേ യാഥാർത്ഥത്തിൽ മുദ്രാവാക്യം! നിന്നിടത്തുതന്നെ വേരിറങ്ങിയപോലെ ഉറച്ചു് നിൽക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന, പുരോഗമനത്തിന്റെ പട്ടു് കുപ്പായങ്ങൾ പുതച്ച യാഥാസ്ഥിതികത്വത്തിന്റെ തനതു് മുദ്രാവാക്യം!!

Jun 5, 2017, 9:02 AM

മരം നടൽ വിഷയവുമായി ബന്ധപ്പെട്ട ധാരാളം ഫോട്ടോകളും പോസ്റ്റുകളും സ്റ്റ്രീമിൽ കാണുന്നതു് രണ്ടു് വിധത്തിൽ സന്തോഷം നൽകുന്നുണ്ടു്. പ്രധാനമായും, പരിസ്ഥിതി സംരക്ഷണത്തിൽ മലയാളി സമൂഹം പ്രദർശിപ്പിക്കുന്ന താല്പര്യം മൂലം. രണ്ടാമതായി, വെറുപ്പിന്റെ രാഷ്ട്രീയം വിതയ്ക്കാനായി മാത്രം സ്റ്റ്രീമിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ അതുവഴി വരുന്ന ആനുപാതികമായ കുറവു് മൂലവും.

Jun 5, 2017, 12:36 PM

യഹൂദ-, ക്രൈസ്തവ-, ഇസ്ലാം മതഗ്രന്ഥങ്ങൾ അനുസരിച്ചു് ആകാശവും, ഭൂമിയും, ഡാർക്ക് മാറ്ററും, ഡാർക്ക് എനർജിയും ഉൾപ്പെടുന്ന ഈ പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ച ശേഷം ആണും പെണ്ണുമായി ആദമിനെയും ഹവ്വയെയും ഈ ഭൂമിയിലേക്കു് പടച്ചു് വിട്ടതു് ദൈവമാണു്. ദൈവമെന്നാൽ യഹോവ, അല്ലെങ്കിൽ അല്ലാഹു. രണ്ടിനും രൂപമൊന്നും ഇല്ലെങ്കിലും (അരൂപികൾ ആണെങ്കിലും), ഗുണത്തിലോ, മണത്തിലോ, രുചിയിലോ (രണ്ടിനും ബീഫ് ഫ്രൈ പെരുത്തു് ഇഷ്ടമാണു്!) വ്യത്യാസമൊന്നുമില്ല – സുബ്രഹ്മണ്യനും വേൽമുരുകനും പോലെ; അല്ലെങ്കിൽ, വിഷ്ണുവും കൃഷ്ണനും പോലെ. അക്കാര്യത്തിൽ ഒരു ഉൽപ്രേക്ഷയുടെ ആവശ്യമില്ല. അതായതു്, അതുതാനല്ലയോ ഇതു് എന്ന ഒരു ആശങ്ക വേണ്ട, അതു തന്നെ ഇതു് എന്ന കാര്യം ഉറപ്പു്.

ഈ മതക്കാരുടെ വിശ്വാസപ്രകാരം അവർ ഇരുവരിൽ നിന്നും ഉരുത്തിരിഞ്ഞതാണു് ഇന്നത്തെ മനുഷ്യവർഗ്ഗം മുഴുവൻ. കറുത്തവർ വെളുത്തവർ, കുറിയവർ നീണ്ടവർ, കുഞ്ഞിക്കണ്ണർ മത്തക്കണ്ണർ, സുന്നികൾ ഷിയാകൾ, കത്തോലിക്കർ കാതോലിക്കർ, നായാടി നമ്പൂരി തുടങ്ങിയ സകല ജനുസ്സുകളും ആദമും ഹവ്വയും അന്നു് ശരിക്കും “ഗ്യാസ് കൊടുത്തു്” ഉത്സാഹിച്ചതിന്റെ തുടർഫലമായിട്ടാണു് ഈ ഭൂമിയിൽ രൂപം കൊണ്ടതു്.

ഈ വസ്തുതകളെല്ലാം മനസ്സിൽ വച്ചുകൊണ്ടു് “ലണ്ഡൻ ബ്രിഡ്ജിൽ” നിന്നു് തെംസിനെ വീക്ഷിക്കുന്ന ഒരു നാസ്തികൻ ആലോചിക്കുന്നതു് ഇതായിരിക്കും:
സകല മനുഷ്യരെയും സൃഷ്ടിച്ച ഒരു ദൈവത്തിൽ വിശ്വസിച്ചുകൊണ്ടു് ആ ദൈവംതന്നെ സൃഷ്ടിച്ച മനുഷ്യരെ, അവരിൽ നിന്നും യാതൊരുവിധ പ്രകോപനവും ഉണ്ടാവാതിരുന്നിട്ടും, തികച്ചും അപ്രതീക്ഷിതമായ ഒരു മുഹൂർത്തത്തിൽ കൊല ചെയ്യുന്നതിൽ കവിഞ്ഞ ഒരു ദൈവനിന്ദ സുബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു മനുഷ്യജീവിക്കു് സങ്കല്പിക്കാനാവുമോ?

Jun 8, 2017, 10:12 AM

ഭാരതം കത്തുന്നു എന്ന സ്റ്റാറ്റസുകൾ കണ്ടു് കൃതകൃത്യനാവാം എന്നു് കരുതിയാണു് രാവിലെ ഫെയ്സ്ബുക്ക് തുറന്നതു്. പക്ഷേ, നിരാശനാവേണ്ടി വന്നു. ജനം ഇത്ര നിഷ്ക്രിയരായാൽ ആ നാട്ടിൽ എങ്ങനെ വിപ്ലവം വരുമെന്നു് എനിക്കറിയില്ല. വിപ്ലവം വരാതെ ഒരു നാടിനെ എങ്ങനെ രക്ഷപെടുത്താനാവും? ഉഷ്ണം ഉഷ്ണേന ശാന്തി എന്നും മറ്റും വിശ്വസിച്ചിരുന്ന ഒരു ജനതയാണു്! ഇപ്പോൾ ഫാഷിസം ഫാഷിസേന ശാന്തി എന്നു് പറഞ്ഞാൽ അതു് കേൾക്കാൻ പോലും അവരെ കിട്ടുന്നില്ല!

ജനം ഈശ്വരചിന്തയുള്ളവരായി, നിർഗ്ഗുണരായി, പരബ്രഹ്മങ്ങളായി മാറിയതാവുമോ അവരുടെ ഈ വിപ്ലവവൈമുഖ്യത്തിന്റെ കാരണം? അതോ, ഉച്ചഭാഷിണികൾ സ്ഥിരം ചവച്ചു് തുപ്പുന്ന പാട്ടു് കുർബ്ബാനകളും ഭജനകളും ഭക്തിഗാനങ്ങളും മുദ്രാവാക്യങ്ങളും മോഹനവാഗ്ദാനങ്ങളും കേട്ടു് കേട്ടു് ഇയർഡ്രം അടിച്ചു് പോയതോ? പോരെങ്കിൽ, അടിച്ചു് പൊളിക്കലും, പൊളിച്ചു് അടുക്കലും, തേച്ചു് ഒട്ടിക്കലുമെല്ലാം കണ്ടും കേട്ടും നിർവൃതിയടയാൻ ജനത്തിനു് ചാനലിൽ നിന്നും ചാനലിലേക്കു് കുരങ്ങുചാട്ടം ചാടിക്കൊണ്ടിരിക്കേണ്ടതുമുണ്ടല്ലോ. എല്ലാം ചെയ്യാൻ ആ “ഒരൊറ്റ ജനത” തന്നെയല്ലേ ഉള്ളൂ? അതിനെല്ലാമിടയിൽ, കൺവെയർ ബെൽറ്റിലൂടെയെന്നോണം ഇടതടവില്ലാതെ ഒഴുകി വരുന്ന രാഷ്ട്രീയമീമാംസകരുടെ വിപ്ലവമണിപ്രവാളങ്ങൾക്കു് കൂടി ചെവി കൊടുക്കണം, പ്രതികരിക്കണം എന്നെല്ലാം പറഞ്ഞാൽ, പണ്ടേതന്നെ അവശതയിൽ കഴിയുന്ന ജനം കിടപ്പിലായിപ്പോവുകയേയുള്ളു. അവരെ ആരും മഞ്ചലിൽ ചുമന്നു് കൊണ്ടുനടക്കുകയോ, ഇടത്തും വലത്തും യുവതുർക്കികളെ നിർത്തി വേച്ചു് പോകാതെ താങ്ങിപ്പിടിപ്പിക്കുകയോ ചെയ്യില്ല. നേതാക്കളല്ലാത്തവർക്കു് കിടപ്പിലാവാൻ പോയിട്ടു് വയസ്സാവാൻ പോലും അർഹതയില്ലാത്ത നാടാണെന്നോർക്കണം!

ഞാൺ ഒരു പരിധിയിൽ കൂടുതൽ വലിച്ചു് കെട്ടാൻ നോക്കിയാൽ വില്ലു് ഒടിയുകയാവും ഫലം. അതു് വില്ലാളരുടെ മോന്തയിൽത്തന്നെ വന്നു് അടിച്ചുകൂടെന്നുമില്ല.

Jun 8, 2017, 11:35 AM

ഒരു വാഴ നടുന്നതായിരുന്നു ഇതിൽ ഭേദം എന്നു് തന്നോടു് ആരെങ്കിലും പറഞ്ഞാൽ, കയ്യോടെ തന്റെ വാഴത്തോട്ടത്തിന്റെ പോട്ടമിട്ടു് അതു് പറഞ്ഞവനെ ടാഗ് ചെയ്യുന്ന ഫെയ്സ് ബുക്ക് യൂസേഴ്സുണ്ടു്. ഒതളങ്ങ കൊണ്ടു് അമ്മാനമാടുന്ന ലാഘവത്തിൽ മതം, രാഷ്ടീയം, തത്വചിന്ത, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അതികായർ.

Jun 9, 2017, 11:23 AM

കാറ്റുള്ളപ്പോൾ തൂറ്റിയിരിക്കണം എന്നതു് ശരി തന്നെ. അതുകൊണ്ടാണല്ലോ സമൂഹത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ തിരയിളക്കങ്ങളും സർവ്വനാശിയായ സുനാമിയാണെന്നു് വരുത്തിത്തീർത്തു് മുതലെടുക്കാൻ രാഷ്ട്രീയപ്പാർട്ടികൾ അനുയായികളെ ഇളക്കിവിട്ടു് വലിയകൂട്ടമിടീക്കുന്നതു്!

പക്ഷേ, തൂറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽത്തന്നെ കാറ്റിന്റെ ഗതി മാറി മറിയാം. ബ്രെക്സിറ്റ് കാലത്തെ കാറ്റിന്റെ ഗതി ആവണമെന്നില്ല ലണ്ഡൺ ബ്രിഡ്ജ് ടെറർ കാലത്തെ കാറ്റിന്റെ ഗതി. കണക്കു് കൂട്ടലുകളെയെല്ലാം തെറ്റിച്ചു് അതു് നേരെ മുഖത്തേക്കു് തന്നെ ആഞ്ഞടിച്ചു് കൂടെന്നില്ല. തെരേസ മെയ്ക്കു് സംഭവിച്ചതും അതുതന്നെ. ച്ചാൽ, കാലാവസ്ഥയും കാറ്റിന്റെ ഗതിയുമൊക്കെ പ്രവചിക്കാൻ തെരേസ മെയ് മിറ്റിയൊരോളജി പഠിച്ചിട്ടില്ലല്ലോ. കഷ്ടകാലത്തിനു്, പഠിച്ച ആരെയും ഉപദേഷ്ടാക്കളായി അവർ നിയമിക്കുകയും ചെയ്തില്ല. ഇനിയിപ്പോൾ ഇലക്ഷൻകാറ്റു് ദേഹം മുഴുവൻ വാരി വിതച്ചിട്ടു് പോയ ദുർഗന്ധം ഒഴിവാക്കാൻ ശരിക്കും വിശദമായി ഇഞ്ചതേച്ചു് ഒരു മുങ്ങിക്കുളിതന്നെ ശരണം.

സെപ്ടിക് ടാങ്കിൽ വീണ നേതാവിനെ വിനീതവിധേയരായ അനുയായികൾ “ഇവിടെ കാറ്റിനു് സുഗന്ധം” എന്നും മറ്റുമുള്ള സിൽമാപ്പാട്ടുകൾ പാടിപ്പാടി സുഗന്ധപൂരിതമാക്കുന്ന സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ സമത്വസുന്ദരതയിലേക്കു് ഗ്രേറ്റ് ബ്രിട്ടൺ ഇതുവരെ വളർന്നിട്ടില്ല. എങ്കിലും ബ്രിട്ടൺ നിരാശപ്പെടേണ്ട കാര്യമില്ല. സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുകളുടെ മികച്ച മാതൃകകളായിരുന്ന ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങൾ അവയുടെ മാതൃകാസ്ഥാനം വലിച്ചെറിഞ്ഞിട്ടു് കാൽനൂറ്റാണ്ടിലേറെ ആയെങ്കിലും, സൗത്ത് അമേരിക്കയിൽ ഇന്നുമുണ്ടു് അനുകരണീയമായ ഒട്ടേറെ മാതൃകാറിപ്പബ്ലിക്കുകൾ.

ഡിങ്കമതവിശ്വാസികളുടെ അസഹിഷ്ണുത ലോകപ്രസിദ്ധമാണല്ലോ. “ഡിങ്കനൊരു പെരുച്ചാഴിയാണു്. ഡിങ്കനല്ലാതെ ഡിങ്കനില്ല” എന്നാണു് അവരുടെ മുദ്രാവാക്യം. ഡിങ്കനിൽ വിശ്വസിക്കാത്ത സകലത്തിനെയും – അവ ചുണ്ടെലികളായാലും പന്നിയെലികളായാലും – കാണുന്നിടത്തെല്ലാം എലിക്കത്രിക കെണിച്ചുവച്ചു് കൊന്നൊടുക്കുന്നതു് ഒരു പുണ്യകർമ്മമായിട്ടാണു് അവർ കരുതുന്നതു്. ഡിങ്കനെപ്പറ്റി തമാശ പറയുന്നവരെ അവർ തത്ക്ഷണം തട്ടിക്കളയും. ഒരു തമാശ മനസ്സിലാക്കാൻ മനുഷ്യനു് അത്യാവശ്യമായും ഉണ്ടായിരിക്കേണ്ട മൂള അവർക്കു് ഇല്ലാത്തതുകൊണ്ടല്ല അവർ അങ്ങനെ ചെയ്യുന്നതു്. ഗഹനമായ ഗ്രന്ഥജ്ഞാനം മൂലം അങ്ങനെ ചെയ്യാതിരിക്കാൻ അവർക്കാവതില്ല. തമാശക്കാരെ കയ്യോടെ തട്ടിയിരിക്കണം എന്നൊരു കല്പന മൂഷികോപനിഷത്തിലൂടെ ഡിങ്കൻ അവർക്കു് നൽകിയിട്ടുണ്ടു്.

പകരമില്ലാത്ത ദൈവങ്ങളെയോ, ആ ദൈവങ്ങളുടെ പ്രമാണങ്ങളെയോ ഒരിക്കലും ചോദ്യം ചെയ്യരുതു്, അവയിൽ വിശ്വസിക്കുന്നവരെ വിമർശിക്കുകയോ പുച്ഛിക്കുകയോ ചെയ്യരുതു്.

ചോദ്യം ചെയ്യാനോ, വിമർശിക്കാനോ, പുച്ഛിക്കാനോ പാടില്ലാത്ത ഒരു ഡിങ്കമതവിശ്വാസസത്യം ഉദാഹരണത്തിനു്:

ഡിങ്കന്റെ ഇഷ്ടഭോജനമായ ചീസ് ആണു് ചന്ദ്രൻ. തിന്നുതീരുന്നതിനു് അനുസരിച്ചു് ഡിങ്കന്റെ അമ്മ പുതിയതൊന്നു് ഉണ്ടാക്കിവക്കും. എപ്പോഴും ഒരെണ്ണം മാത്രം. സ്വത്തു് ധൂർത്തടിക്കുന്നതും, ഡിങ്കൻ അനിയന്ത്രിതമായി തിന്നു് വീർക്കുന്നതും ഡിങ്കന്റെ അമ്മയ്ക്കു് ഇഷ്ടമല്ല. അവർക്കു് മറ്റു് പലതിലും എന്നപോലെതന്നെ ഡൊമസ്റ്റിക് മാനേജ്മെന്റിലും ന്യുട്രീഷണൽ സയൻസിലും ഡോക്ടറേറ്റുണ്ടു്. അജ്ഞാനികൾക്കു് ഇതൊക്കെ തമാശയാണെന്നു് തോന്നിയേക്കാം. പക്ഷേ, സംഗതി വളരെ ഗൗരവതരമാണു്. അതുകൊണ്ടാണു് അതിൽ വിശ്വസിക്കാത്തവരെയും, അതെല്ലാം തമാശയാണെന്നു് കരുതുന്നവരെയും ഡിങ്കമതവിശ്വാസികൾക്കു് തട്ടിക്കളയേണ്ടി വരുന്നതു്. പകിട കളിക്കുകയോ, തമാശ പറയുകയോ ചെയ്യുന്നവനല്ല സർവ്വശക്തനായ ഡിങ്കൻ. – എന്തുകൊണ്ടു് ഡിങ്കൻ പകരമില്ലാത്ത ദൈവമാകുന്നു എന്ന വിശുദ്ധരഹസ്യത്തിലേക്കു് ഒരു ഒളിഞ്ഞുനോട്ടം.

Jun 12, 2017, 12:07 PM

മോദി ഹിന്ദുമതത്തിനു് എതിരായോ, അല്ലെങ്കിൽ വ്യാഖ്യാനിച്ചു് അങ്ങനെ ആക്കിയെടുക്കാവുന്നതോ ആയ എന്തെങ്കിലും ഒന്നു് പറഞ്ഞു് കിട്ടിയിരുന്നെങ്കിൽ, ഹിന്ദുക്കളെ അങ്ങേർക്കെതിരായി ഇളക്കി വിടാമായിരുന്നു. എനിക്കാണെങ്കിൽ മറ്റു് കലകളൊന്നും അറിയുകയുമില്ല.

Jun 13, 2017, 12:08 PM

ഗുജറാത്തിലെ രണ്ടു് മന്ത്രിമാർ വേദിയിലിരുന്നു് ഒരു ബാധ ഒഴിപ്പിക്കൽ ചടങ്ങു് വീക്ഷിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടെന്നും, മന്ത്രിമാരുടെ ഇത്തരം നടപടികൾ ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിലേക്കു് പായിക്കുമെന്നും വാർത്ത.

അക്കാര്യത്തിൽ തർക്കമൊന്നുമില്ല. തന്നിലെ ബാധകളെ ഒഴിപ്പിക്കാനും, തന്റെ ശത്രുക്കളെ സംഹരിക്കാനും മന്ത്രിമാർ അവരുടേതായ പൂജകളും പൂമൂടലുകളും നടത്തിയാലല്ലാതെ, വല്ലവരും സ്വന്തം കാര്യസാദ്ധ്യങ്ങൾക്കായി നടത്തുന്ന ചടങ്ങുകൾ വെറുതെ സ്റ്റേജിലിരുന്നു് വീക്ഷിച്ചുകൊണ്ടിരുന്നാൽ ഇന്ത്യ എങ്ങനെ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്കു് പായും? പായുന്നവരുടെ ബാധ ഒഴിഞ്ഞതുകൊണ്ടു് പായിക്കേണ്ടവരുടെ ബാധ ഒഴിയുമോ? അധികവും ഒഴിയാബാധകളാണെന്നന്നിരിക്കെ പ്രത്യേകിച്ചും? പ്രാർത്ഥന കൊണ്ടും ഉപവാസം കൊണ്ടുമല്ലാതെ ഈ ജാതി ഒഴിഞ്ഞു് പോകയില്ല എന്നു് ബൈബിളും പറയുന്നുണ്ടു്.

ചെയ്യുന്നതു് മകളോ മരുമകളോ എന്നതിനനുസരിച്ചാണു് ഒരു പ്രവൃത്തി അമ്മായിഅമ്മയുടെ ദൃഷ്ടിയിൽ ശരിയോ തെറ്റോ ആകുന്നതു്. ചായക്കടക്കാരൻ പ്രധാനമന്ത്രി ആകുന്നതും, ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആകുന്നതും ഒരേ മാനദണ്ഡം കൊണ്ടു് അളക്കാൻ പാടില്ലാത്തതു് അതുകൊണ്ടാണു്.

Jun 13, 2017, 12:52 PM

ആരും കാണുന്നില്ലെന്ന ഉത്തമബോദ്ധ്യത്തിൽ കണ്ണടച്ചു് പാലു് കുടിച്ചുകൊണ്ടിരിക്കുന്ന പൂച്ചയെ മുട്ടി വിളിച്ചു് കണ്ണു് തുറപ്പിക്കുന്നവരെ തെറി പറഞ്ഞു് വൈക്ലബ്യം മാറ്റുകയല്ലാതെ പൂച്ച മറ്റെന്തു് ചെയ്യാൻ?

Jun 13, 2017, 2:45 PM

ഏതാനും വർഷങ്ങൾക്കു് മുൻപു് ഏതോ ഒരു വേദിയിൽ മുഖ്യ ക്ണാപ്പനായി എത്തിയ ശ്രീമാൻ എ. കെ. ആന്റണി അവിടെ, ദേഹം മുഴുവൻ സ്വർണ്ണാഭരണങ്ങൾ പൊതിഞ്ഞ വധുവിനും, വായ് നിറയെ സ്വർണ്ണപ്പല്ലുകളുള്ള വരനും വേണ്ടിയെന്നോണം തയ്യാറാക്കിയിരുന്ന രണ്ടു് “രാജകീയ സിംഹാസനങ്ങൾ” എടുത്തു് മാറ്റാൻ ആവശ്യപ്പെട്ടു എന്നു് എവിടെയോ വായിച്ചതായി ഒരു ഓർമ്മ.

പറ്റിയ ഒരവസരം വന്നതുകൊണ്ടു് പറഞ്ഞെന്നേയുള്ളു.

Jun 17, 2017, 2:20 PM

കാലത്തിനൊപ്പം ഓടിയില്ലെങ്കിൽ ലോകം മനുഷ്യനെ പഴഞ്ചൻ എന്നു് മുദ്ര കുത്തും. ഇന്നത്തെ ലെവലിൽ, കൊച്ചിൻ മെട്രോയിൽ യാത്ര ചെയ്യാത്തവരെ കൺട്രികളെന്നു് ചാപ്പയടിച്ചു് സമൂഹം എപ്പോൾ കുപ്പക്കുഴിയിലിട്ടു എന്നു് ചോദിച്ചാൽ മതി.

സമൂഹത്തിൽ ഒരു പേരുദോഷം ഉണ്ടാവാതിരിക്കാൻ ഒരു കൊച്ചി മെട്രോ യാത്ര ഞാനും പ്ലാൻ ചെയ്തിട്ടുണ്ടു്. യാത്രാമദ്ധ്യേയുള്ള വായനയ്ക്കായി ഓർഡർ ചെയ്ത ബോബനും-മോളിയും ഇതിഹാസം എത്തിച്ചേരേണ്ട താമസമേയുള്ളു. കമ്പനിപ്പടി മുതൽ പുളിഞ്ചോടു് വരെയുള്ള ഒരു യാത്രയാണു് ഞാൻ പ്ലാൻ ചെയ്തിരിക്കുന്നതു്.

Jun 20, 2017, 9:13 AM

മക്കളുടെ ഉത്ക്കർഷം ആഗ്രഹിക്കാത്ത മാതാപിതാക്കൾ വിരളമായിരിക്കും. അതിൽ അടിസ്ഥാനപരമായി തെറ്റൊന്നുമില്ല. പക്ഷേ, പലരുടേയും ഈ ഉത്ക്കർഷേച്ഛ മക്കൾ ജനിക്കുമ്പോഴേതന്നെ തുടങ്ങുമെന്നതിനാൽ, അവർ പിള്ളത്തൊട്ടിലിൽ കിടത്തി താരാട്ടു് പാടുന്നതും, കൂട്ടത്തിലിരുന്നു് കളിക്കുന്നതും, കഥ പറഞ്ഞു് കൊടുക്കുന്നതുമെല്ലാം സ്വന്തം കുഞ്ഞിനല്ല, സ്റ്റേറ്റ് പ്രസിഡന്റിനോ, ചീഫ് എൻജിനിയർക്കോ ഒക്കെയായിരിക്കും. ഫലം, ബാല്യം എന്നാൽ എന്തെന്നറിയാതെ വളരേണ്ടിവരുന്ന കുഞ്ഞുങ്ങളും!

ഒരു യഹൂദനർമ്മകഥയിൽ മക്കൾക്കെത്ര വയസ്സായി എന്ന ചോദ്യത്തിനു് ഒരമ്മ നൽകുന്ന മറുപടി ഇതാണു്: “ജഡ്ജിക്കു് ഈ വരുന്ന മാസം മൂന്നു് വയസ്സാകും, ഡോക്ടർ അടുത്ത വർഷം മുതൽ സ്കൂളിൽ പോയിത്തുടങ്ങും”.

Jun 22, 2017, 11:26 AM

തിരുവാതിര ഞാറ്റുവേല തുടങ്ങിയിട്ടും കേരളത്തിൽ കാലവർഷം കനക്കുന്നില്ലെന്നു് ചില സ്റ്റാറ്റസുകൾ കണ്ടു. പക്ഷേ, മൺസൂൺ മാക്രികളുടെ തുടികൊട്ടിപ്പാട്ടുകൾ പതിവുപോലെ തകർക്കുന്നുണ്ടെന്നു് മറ്റു് ചില സ്റ്റാറ്റസുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നതിനാൽ നിരാശപ്പെടേണ്ട കാര്യമില്ല. മഴ വരും, ശക്തമായിത്തന്നെ വരും. കാരണം, മൺസൂൺ വരുന്നതുകൊണ്ടു് മാക്രികൾ പാടുകയല്ല, പ്രത്യുത, മാക്രികൾ പാടുന്നതുകൊണ്ടു് മൺസൂൺ വരികയാണു് ചെയ്യുന്നതു്. മാക്രികൾ പാടിവിളിച്ചാൽ വരാതിരിക്കാൻ മൺസൂൺ കാലവർഷത്തിനു് ആവതില്ല. സംശയമുള്ളവർ മാർക്സിന്റെ വാക്കുകൾ ശ്രദ്ധിക്കുക:

“It is not the consciousness of the people that determines their being, but, on the contrary, their social being, that determines their consciousness”.

ബോധം അസ്തിത്വത്തെയല്ല, സാമൂഹികാസ്തിത്വം ബോധത്തെയാണു് നിശ്ചയിക്കുന്നതെന്നു് മാർക്സ്! ബോധമില്ലാത്ത അസ്തിത്വക്കൂട്ടങ്ങൾ ബോധമുള്ള അസ്തിത്വങ്ങളെ നിയന്ത്രിക്കുന്നു എന്നും പറയാം.

തല നിറയെ എമ്പതിയുടെ മിറർ ന്യൂറോസിസുമായി, സോറി, മിറർ ന്യൂറോൺസുമായി ജീവിച്ചു് മരിച്ച മാർക്സ് പറഞ്ഞാൽ പറഞ്ഞതാണു്. അതിലൊരു തിരുത്തലിന്റെയോ പുതുക്കലിന്റെയോ ആവശ്യമില്ല. അല്ലാഹുവിന്റെ വചനങ്ങൾ പോലെ അച്ചട്ടാണവ.

Jun 23, 2017, 2:14 PM

ഒരു ദളിതൻ ഇൻഡ്യൻ പ്രസിഡന്റ് ആയി നോമിനേറ്റ് ചെയ്യപ്പെട്ടു എന്നു് കേട്ടപ്പോൾ അങ്ങേരെ ഒന്നു് കണ്ടിരുന്നേക്കാം എന്നു് കരുതിയാണു് ഞാൻ നെറ്റിൽ പരതിയതു്. അതുവഴി ഞാൻ കണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു എന്നു് പറഞ്ഞാൽ പോരാ, ആകെമൊത്തം തകർത്തുകളഞ്ഞു! ഒരു തോർത്തോ, ഏറിയാൽ ഒരു ലുങ്കിയോ ഉടുത്തു് പഞ്ചപുച്ഛമടക്കി നിൽക്കുന്ന ഒരു ദളിതനു് പകരം ഞാൻ കണ്ടതു് പാന്റ്സും ജാക്കറ്റും ഇട്ടു് നിവർന്നു് നിൽക്കുന്ന ഒരു മനുഷ്യനെയാണു്! ഭാരതം ഈ പോക്കു് പോയാൽ എവിടെ എത്തുമെന്നു് എനിക്കറിയില്ല. ഒരു ദളിതൻ ഇൻഡ്യൻ പ്രസിഡന്റ് ആകണമെന്നു് ജനത്തിനു് നിർബന്ധമാണെങ്കിൽ ആയിക്കോട്ടെ. ഞാനായിട്ടു് അതിനു് എതിരൊന്നും നിൽക്കുന്നില്ല. പക്ഷേ, ഈ മാതിരി വേഷം കെട്ടൊന്നും വേണ്ട. അതു് ശരിയാവില്ല. അരയിൽ ഒരു ലുങ്കി, അല്ലെങ്കിൽ ത്രിവർണ്ണക്കരയുള്ള ഒരു ഒറ്റമുണ്ടു്, അതു് മതി. വേണോച്ചാൽ, ഒരു പാളത്തൊപ്പിയും ആയിക്കോട്ടെ. കൂടുതലൊന്നും വേണ്ട. ജാതിവ്യവസ്ഥ എന്ന അത്യുന്നത ഭാരതീയസംസ്കാരം അനുകരണീയമായ ഒരു മാതൃകയാണെന്നു് ലോകരാഷ്ട്രങ്ങൾക്കു് മനസ്സിലാക്കിക്കൊടുക്കാനുള്ള ബാദ്ധ്യത, സവർണ്ണരെന്നൊക്കെ പറയുമെങ്കിലും, ഇരുണ്ടവർണ്ണരായ ഭാരതീയർക്കുണ്ടു്.

ഇപ്പോൾ കേൾക്കുന്നു, സി. കെ. ജാനു സ്വന്തമായി ഒരു കാറു് വാങ്ങി ഓടിക്കാൻ തുടങ്ങിയെന്നു്! എന്താ ഇതിനൊക്കെ മറുപടി പറയുക? ജാനുക്കളെ നെട്ടോട്ടം ഓടിച്ചിട്ടുള്ളതല്ലാതെ, കാറും, ഓട്ടോറിക്ഷയുമൊന്നും ഓടിക്കാൻ അവരെ അനുവദിച്ച ചരിത്രം ഇന്നുവരെ ഭാരതീയർക്കില്ല. ജാനു കേൾക്കുന്നുണ്ടല്ലോ? കമ്പിളിപ്പുതപ്പാണു് വിഷയം.

ലോകാവസാനത്തിനു് ഇനി അധികനാൾ ഇല്ലെന്നു് തോന്നുന്നു. അതിന്റെ ലക്ഷണമാണു് ഇതെല്ലാം. അടുത്ത ഞായറാഴ്ച രാവിലെ ഏഴു് മുപ്പതിനു് യേശു മേഘത്തിൽ വന്നു് കുഞ്ഞാണ്ടി ഉപദേശിയേയും ഇടിക്കുള പാസ്റ്ററേയും കയറ്റി സ്വർഗ്ഗത്തിലേക്കു് പോകുന്നതു് കണ്ടാൽ ആരും ഞൊട്ടണ്ട. ലോകാവസാനത്തിനോ, ഇൻഡ്യൻ പ്രസിഡന്റിനോ, ജാനുവിന്റെ കാറിനോ അതുവഴി വലിയ മാറ്റമൊന്നും വരുമെന്നു് തോന്നുന്നില്ല. അതുകൊണ്ടു് ലോകത്തെ ചുമ്മാ അവസാനിക്കാൻ വിട്ടേക്കുക. ഞരമ്പിനു് ഒരുപാടു് ആയാസം ഉണ്ടായി നെർവസ് ബ്രേക്ക്ഡൌൺ സംഭവിക്കാതിരിക്കാൻ അതു് സഹായിക്കും.

Jun 28, 2017, 4:24 PM

കൂലി വാങ്ങാതെ പണി ചെയ്യുന്നവരെയും, പണി ചെയ്യാതെ കൂലി വാങ്ങുന്നവരെയും കൂലിപ്പണിക്കാർ എന്നു് വിളിക്കുന്നതു് ഭാഷാപരമായി ശരിയല്ലെന്നു് കേട്ടിട്ടുണ്ടു്. മുഹമ്മദ്‌ നബിയാണോ, മാർക്സാണോ, എം. കൃഷ്ണൻ നായരാണോ അതു് പറഞ്ഞതെന്നു് കൃത്യമായി ഓർമ്മയില്ലെങ്കിലും, വിഷയം സാർവ്വലൌകികമായതിനാൽ, അവർ മൂവരിൽ ആരെങ്കിലും ആയിരിക്കാനേ സാദ്ധ്യതയുള്ളു.

നോക്കുകൂലി വാങ്ങി മാനം മര്യാദയായി കുടുംബം പോറ്റുന്ന ഒരു സഖാവിനെ കൂലിപ്പണിക്കാരൻ എന്നു് വിളിച്ചാൽ അവനെന്നല്ല, അവന്റെ കളക്ടീവിൽ പെട്ട ഏതു് സഖാവിനായാലും ദേഷ്യം വരും. രക്തം രക്തത്തെ തിരിച്ചറിയും. ഇളമാനു് ചാട്ടം അറിയില്ലെങ്കിലും ഡ്രാക്കുളയ്ക്കു് രക്തഗന്ധമറിയും. പുകയില, മദ്യം, മയക്കുമരുന്നു്, ലൈംഗികാസക്തി ഇവയ്ക്കൊക്കെ എന്നപോലെതന്നെ രക്തത്തിന്റെ ഗന്ധത്തിനും രുചിക്കും അഡിക്റ്റാവാൻ കഴിവുള്ള ഒരു മൃഗമാണു് മനുഷ്യൻ. ഇതിനു് തെളിവോ ദൃഷ്ടാന്തമോ വേണമെന്നുള്ളവർ ISIS-ന്റെയോ, മറ്റിനം തീവ്രവാദികളുടെയോ മനുഷ്യകാരുണ്യപ്രവൃത്തികൾ ശ്രദ്ധിക്കുക.

എന്തെങ്കിലുമൊക്കെ ജോലികൾ ചെയ്തു് ജീവിക്കുന്നവരെ നായിന്റെ മോൻ, തീട്ടംകോരി, ശുംഭൻ, പരനാറി, നികൃഷ്ടജീവി എന്നെല്ലാം വിളിക്കുന്നതു് രാഷ്ട്രീയ സംസ്കാരത്തിന്റെ ഒരു ഭാഗം പോലുമായി കരുതുന്ന കേരളീയരുണ്ടു്. മെയ്യനങ്ങി ജോലി ചെയ്തു് ജീവിക്കാൻ അവർ തീരുമാനിച്ചതുതന്നെ അതുപോലുള്ള പേരുകൾ അവർ അർഹിക്കുന്നതുകൊണ്ടാണെന്നാണു് അവരുടെ വാദം! പാസ്റ്ററും ആസാമിയും സിദ്ധവൈദ്യനുമെല്ലാം സംപൂജ്യരായി അല്ലലറിയാതെ ജീവിക്കുന്ന ഒരു സമൂഹത്തിൽ ആ വാദം അത്ര അസ്ഥാനത്തുമല്ല. ഒരു ജോലിയും ചെയ്യാതെ സുഖജീവിതം നയിക്കുന്നവർക്കു്, ജോലി ചെയ്തു് തങ്ങളെ തീറ്റിപ്പോറ്റുന്നവരെ തോന്നിയ പേരു് ചൊല്ലി വിളിക്കാൻ അനുവാദമുള്ള ഒരു നാടാണു് ഭാരതം. അവിടെ അതൊരു സോഷ്യൽ ഹെറിറ്റേജ് ആയി മാറിയതിനാലാവാം, വിളിക്കുന്നവൻ അതു് തന്റെ അവകാശമായും, വിളിക്കപ്പെടുന്നവൻ അതു് തനിക്കൊരു അഭിമാനമായുമാണു് കാണുന്നതു്.

ഏതാനും വർഷങ്ങൾക്കു് മുൻപു്, ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് സർവ്വാധിപത്യം സ്ഥാപിക്കാനായി കാനഡയിൽ കിടന്നു് പൊരുതി കഷ്ടപ്പെടുന്ന ഒരു മാന്യദേഹത്തിന്റെ ക്ലിക്കിൽ പെട്ട ആരെയോ ഞാൻ താൻ എന്നു് വിളിച്ചതിന്റെ പേരിൽ എനിക്കു് ചില്ലറ പേരുദോഷമൊന്നുമല്ല ഉണ്ടായതു്. അതിനുശേഷം എന്റെ ശത്രുക്കളെപ്പോലും ഞാൻ താൻ എന്നു് വിളിക്കാറില്ല. അനുസരണം ബലിയേക്കാൾ നല്ലതു് എന്നാണല്ലോ യഹോവ ആയാലും അരുളിച്ചെയ്തതു്! അതുകൊണ്ടു് ശത്രു മലയാളിയാണെങ്കിൽ അങ്ങത്തയെന്നോ, ഹിന്ദിക്കാരനെങ്കിൽ ആപ്പെന്നോ മാത്രമേ ഞാൻ വിളിക്കൂ. ഇതുവരെ വലിയ കുഴപ്പമൊന്നുമില്ലാതെ പോകുന്നുണ്ടു്.

July 2017

Jul 2, 2017, 2:18 PM

മൂന്നു് കല്ലുകൾ ചേർത്തു് വച്ച അടുപ്പും, വിരലിൽ എണ്ണാവുന്നത്ര മൺകലങ്ങളും ചട്ടികളുമുള്ള ഒരു ഒറ്റമുറി ഓലപ്പുരയാണെന്റെ വസതി. എങ്കിലും, പോട്ടം പിടിക്കുന്ന പത്രപ്രതിനിധികളുമായി എലക്ഷൻസമയത്തു് എന്റെ കൂരയിൽ വരുന്ന എല്ലാ രാഷ്ട്രീയതമ്പ്രാക്കൾക്കും കടം വാങ്ങിയായാലും കഴിയുന്നത്ര വിഭവസമൃദ്ധമായ സദ്യയൊരുക്കി സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ടു്. കാരണം, “അതിഥി ദേവോ ഭവഃ” എന്നാണു് ഞാൻ പഠിപ്പിക്കപ്പെട്ടതു്. പക്ഷേ, സത്യം പറഞ്ഞാൽ, അവർ എന്നെ സന്ദർശിക്കുന്നതിനേക്കാൾ, അവരെ സന്ദർശിക്കാനും, അവരുടെ ഡൈനിങ് റൂമിൽ അവർ കഴിക്കുന്ന ആഹാരങ്ങൾ കഴിച്ചു് കുറച്ചുനാൾ ജീവിക്കാനും എനിക്കു് കഴിഞ്ഞിരുന്നെങ്കിൽ അതായിരുന്നേനെ എനിക്കു് കൂടുതൽ ഇഷ്ടം.

എന്നെ സംബന്ധിച്ചു് അതു് അവരെപ്പോലെ ആയിത്തീരാനുള്ള ആഗ്രഹത്തിന്റെ പേരിലല്ല, അവർ വാഗ്ദാനം ചെയ്യുന്ന ജീവിതം എനിക്കു് ലഭിച്ചാൽ അതെങ്ങനെ ആയിരിക്കും എന്നറിയാനുള്ള, തികച്ചും മനുഷ്യസഹജമായ ജിജ്ഞാസയുടെ പേരിൽ മാത്രം.

Jul 3, 2017, 1:53 PM

കർഷകർക്കു് കൌപീനം വിതരണം ചെയ്യണം എന്നൊരു തീരുമാനം മന്ത്രിസഭ കൈക്കൊണ്ടാൽ ആദ്യം വേണ്ടത്ര കൌപീനങ്ങൾ ശേഖരിക്കുക, അതിനുശേഷം വർണ്ണശബളമായി അലങ്കരിച്ചതും, നേതൃസാന്ദ്രവുമായ ഒരു സ്റ്റേജിലെ കൌപീനദാനചടങ്ങിൽ വച്ചു് അർഹരായ കർഷകർക്കു് അവ വീതിച്ചു് കൊടുക്കുക! ഉദ്ദേശ്യവിളംബരങ്ങളുടെ ഉറക്കുപാട്ടുകളേക്കാൾ അതായിരിക്കും കർഷകർക്കു് കൂടുതൽ പ്രയോജനം ചെയ്യുക.

കൌപീനത്തിനു് ഓർഡർ പോലും കൊടുക്കാതെ, എല്ലാറ്റിനേയും കോണകമുടുപ്പിക്കും എന്നു് പെരുമ്പറ കൊട്ടിയാൽ കർഷകർക്കു് നാണം മറയ്ക്കാൻ കൌപീനം കിട്ടുകയില്ലെന്നു് മാത്രമല്ല, പേരുദോഷം മൂലം അവർ കൂടുതൽ നാണം കെടുകയും ചെയ്യും. അതോ, ഇതുവരെ കർഷകർ നടന്നിരുന്നതു് കോണകമില്ലാതെ ആയിരുന്നു എന്നു് ലോകത്തെ മുഴുവൻ ചെണ്ട കൊട്ടി അറിയിച്ചാൽ അവർക്കു് കിട്ടുന്നതു് പേരുദോഷമല്ല, പദ്മശ്രീ ആയിരിക്കുമെന്നാണോ?

ഇന്നുവരും മുല, നാളെവരും മുല, മറ്റെന്നാൾ രാവിലെ ചാടിവരും മുല എന്നും മറ്റും, കോഴിക്കുഞ്ഞുങ്ങളെ ആവേശഭരിതരാക്കി കീ ജേ വിളിപ്പിച്ചു് പുറകെ നടത്താൻ പഴയ കോഴിത്തലമുറകൾ പാടിയിരുന്ന ഉട്ടോപ്യൻ വിപ്ലവഗീതങ്ങൾ ഇപ്പോഴത്തെ പിടക്കോഴികളിൽ അധികമാരും പാടാറില്ലത്രെ! അതിൽ അത്ഭുതമൊന്നുമില്ല. പാഴ്വാഗ്ദാനങ്ങൾ വിറ്റഴിക്കലാണു് ഈ ഇന്റർനെറ്റ് യുഗത്തിൽ ഏറ്റവും ദുർഘടമായ ഏർപ്പാടു്. മുൻപു് മാതാവും പിതാവും ഗുരുവും ദൈവവും ചേർന്നു് കൈകാര്യം ചെയ്തിരുന്ന പോർട്ട്ഫോളിയോകൾ മുഴുവൻ ഇപ്പോൾ ഗൂഗിൾ ഒറ്റയ്ക്കാണു് കൈകാര്യം ചെയ്യുന്നതു്. അതും, കൂടുതൽ കാര്യക്ഷമമായും വസ്തുനിഷ്ഠമായും! ഇന്നു് ഏതു് കോഴിക്കുഞ്ഞിനുമുണ്ടു് പോക്കറ്റിൽ ഒരു സ്മാർട്ട് ഫോൺ. അതുകൊണ്ടു് പറഞ്ഞു് പറ്റിക്കൽ പഴയത്ര എളുപ്പമല്ല.

ചിന്തിക്കുന്നവർക്കു് ഇതിലെല്ലാം കണ്ടമാനം ദൃഷ്ടാന്തങ്ങളുണ്ടു്. നല്ലപോലെ ധൈര്യപ്പെട്ടു് ചിന്തിക്കണം എന്നേയുള്ളു. ഏകാന്തതയുടെ പാരമില്ലായ്മയിൽ, ധ്യാനമൂകതയുടെ ഭാരമില്ലായ്മയിൽ, നിലം തൊടാതെ പ്ലവിക്കുന്ന ജ്ഞാനസ്വരൂപർക്കുമാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു ശാശ്വതസത്യമുണ്ടു്: ഈ സ്മാർട്ട്ഫോൺ എന്ന ജീവി ഒരു അവതാരമാണു് – ഒടുക്കത്തെ അവരാതമായ കൽക്കിയവതാരം. സർവ്വലോകപോക്കറ്റുകളിൽ ദൈവത്തെപ്പോലെ വ്യാപിച്ചിരിക്കുന്ന സ്മാർട്ട് ഫോൺ മൗലികമായി ഒരു കാൽക്കുലേറ്ററാണു് എന്നറിയുന്ന ജ്ഞാതാത്മാക്കൾക്കറിയാം: കാൽക്കുലേറ്റർ ചുരുങ്ങിയാണു് കൽക്കിയവതാരം സ്മാർട്ട് ഫോൺ എന്ന ഐഡിയിൽ ജന്മമെടുക്കുന്നതു്.

Jul 10, 2017, 9:54 AM

ഹോമോ സാപിയൻസിന്റെ ഇന്റലിജൻസ് അവർ പുറത്തു് വിടുന്ന ശബ്ദങ്ങളുടെ അക്കുസ്റ്റിക് ലെവലുമായി ഇൻവേഴ്സ്ലി പ്രൊപ്പോർഷണലായിരിക്കും. ആദ്യത്തേതു് കൂടുമ്പോൾ രണ്ടാമത്തേതു് കുറയും; നേരേ മറിച്ചും. ഇതിനു് മുൻപു് ഈ “ശാസ്ത്രരഹസ്യം” ആരെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കിൽ ആർക്കും അതു് കണ്ടുപിടിക്കാൻ ലഭിക്കുന്ന ഒരു സുവർണ്ണാവസരമാണിതു്.

ഇതിനു് തെളിവു് വേണമെങ്കിൽ റ്റീ ഷോപ്പ് പെഡഗോഗുകൾ, തീപ്പൊരി പ്രാസംഗികർ, ശൂന്യാകാശഗവേഷകർ, അതിസൂക്ഷ്മദർശിനികൾ ഉപയോഗിച്ചു് മൈക്രോ വേൾഡുകളെ പഠിക്കുന്നവർ തുടങ്ങിയ ഹോമോ സാപിയൻസിന്റെ സംസാരത്തിന്റെ സൌണ്ഡ് ലെവൽ ശ്രദ്ധിച്ചാൽ മതി.

Jul 21, 2017, 6:58 AM

വെള്ളിക്കാശിനെ മനുഷ്യൻ അണ്ഡർ എസ്റ്റിമേറ്റ് ചെയ്യരുതു്. വെള്ളിക്കാശുകൾക്കു് കീഴ്പ്പെടുത്താൻ കഴിയാത്ത ശക്തിയൊന്നും ഇന്നുവരെ ധാർമ്മികമൂല്യങ്ങൾക്കോ ഗുരു-ശിഷ്യബന്ധങ്ങൾക്കോ ഉണ്ടായിരുന്നിട്ടില്ല. മുപ്പതു് വെള്ളിക്കാശു് കൊടുത്താൽ മതി, ദൈവത്തിന്റെ സ്വന്തം പുത്രനും, പാപരഹിതനും, തന്റെ ഗുരുവുമായ ഒരുവനെ ഒറ്റിക്കൊടുക്കാൻ മടിയില്ലാത്ത ഒരു ശിഷ്യൻ യൂദായെ കിട്ടാൻ. ആരും വെള്ളിയിൽ വീഴാം. ആർക്കും വെള്ളി വീഴാം. ഭക്തൻ യുക്തൻ, മന്ത്രി തന്ത്രി, ബൂർഷ്വാ പ്രോലെറ്റേറിയറ്റ്, കമ്മി തൊമ്മി, എന്നൊന്നുമുള്ള വ്യത്യാസം അക്കാര്യത്തിലില്ല. വെള്ളി കണ്ടാൽ ലോകാരംഭത്തിനും മുൻപേ കൈക്കൊണ്ട സ്വന്തം തീരുമാനങ്ങൾ തിരുത്താൻ ദൈവങ്ങൾ വരെ തയ്യാറാവും! പിന്നെ മനുഷ്യരുടെ കാര്യം പ്രത്യേകം പറയണോ? വല്ല വ്യത്യാസവും ഉണ്ടെങ്കിൽ അതു് വ്യക്തിപരതയുടെ തലങ്ങളിൽ മാത്രം.

സ്വന്തപുത്രനെ മഹാപാപികൾ കുരിശിൽ തറച്ചു് കൊന്നാലും, ഒറ്റിയതിൽ കുറ്റബോധം തോന്നി ശിഷ്യൻ യൂദാ തൂങ്ങിച്ചത്താലും സ്വർഗ്ഗസ്ഥനായ ദൈവപിതാവിനു് മനസ്സാക്ഷിക്കുത്തൊന്നും തോന്നേണ്ട കാര്യമില്ല. ഒരു ഇന്റലിജന്റ് ഡിസൈനറും, സൂപ്പർ പ്ലാനറുമായ ദൈവത്തിനു്, പ്രപഞ്ചത്തിന്റെ സൃഷ്ടിക്കും മുൻപേതന്നെ താൻ പ്ലാൻ ചെയ്തു് വച്ചിരിക്കുന്ന കാര്യങ്ങൾ അക്ഷരംപ്രതി ലോകത്തിൽ സംഭവിക്കുന്നതു് കാണുമ്പോൾ മനസ്സാക്ഷിക്കുത്തിന്റെ ആവശ്യമെന്തു്? തങ്ങളുടെ പ്ലാൻ അനുസരിച്ചു് പേടകം പ്ലാനറ്റിൽ പതിക്കുന്നതു് കാണുമ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു് ആഹ്ലാദം പ്രകടിപ്പിക്കുന്ന കണ്ട്രോൾ റൂമിലെ ശാസ്ത്രജ്ഞരെപ്പോലെ, തന്റെ പ്ലാൻ അനുസരിച്ചു് ലോകത്തിലെ മനുഷ്യരെ മുഴുവൻ, അവരെ അവരുടെ മാതാപിതാക്കൾ ജനിപ്പിച്ചു എന്ന, ആദ്യപാപമായ മഹാപാപത്തിൽ നിന്നും മോചിപ്പിക്കാനായി കുരിശിൽ തൂങ്ങി ചത്തു് കിടക്കുന്ന സ്വന്തം മകനെ കാണുമ്പോൾ, മാലാഖമാരെ മാറിമാറി കെട്ടിപ്പിടിച്ചു് bingo! എന്നു് ആർപ്പിടുകയല്ലാതെ, സങ്കടപ്പെടേണ്ട കാര്യമെന്തു്? ഉദ്ദിഷ്ടകാര്യത്തിനു് ഉപകാരസ്മരണ എന്ന നിലയിൽ വേണമെങ്കിൽ യൂദായ്ക്കും കൊടുക്കാം ഒരു ആത്മഹത്യാനന്തര ബഹുമതി. അതു് ഇനി ആയാലും ചെയ്യാവുന്നതേയുള്ളു. താമസിച്ചതിനു് ക്ഷമാപണം എന്നൊരു ക്ലോസ് കൂടി ഉപകാരസ്മരണയുടെ പത്രപ്പരസ്യത്തിനോടൊപ്പം എഴുതിച്ചേർക്കണമെന്നേയുള്ളു.

മനുഷ്യൻ വെള്ളി കാണുന്നതിനും മുന്നേ വെള്ളിക്കാശു് കണ്ടിട്ടുള്ളവനാണു് ദൈവം! ആ ദൈവത്തിന്റെ മകനെ വെള്ളിക്കാശുകൊണ്ടു് എറിഞ്ഞുവീഴ്ത്തി വിറ്റു് കൂടുതൽ വെള്ളിക്കാശു് ഉണ്ടാക്കാൻ കഴിവുള്ളവരാണു് പള്ളീലച്ചന്മാർ. ദൈവത്തിന്റെ “അച്ഛന്മാർ” എന്നായിരുന്നേനെ കൂടുതൽ ശരി. മുപ്പതു് വെള്ളിക്കാശുകൊടുത്തു് യേശുവിനെ വിലയ്ക്കു് വാങ്ങി, അവൻ ദൈവപുത്രനാണെന്നു് അവകാശപ്പെട്ടു എന്ന മാരകകുറ്റം ചുമത്തി കുരിശിൽ തൂക്കിക്കൊന്നിട്ടു്, അതേ “ദൈവനിന്ദകനെ” കുരിശുസഹിതം ഓടിലും വെള്ളിയിലും പൊന്നിലും കല്ലിലും മരത്തിലും പ്ലാസ്റ്റർ ഓഫ് പാരീസിലുമെല്ലാം കവലകളിൽ കുത്തിനിർത്താനും, ഭക്തർക്കു് കഴുത്തിൽ തൂക്കിയിട്ടു് ആട്ടാനും പറ്റിയ വ്യത്യസ്ത വലിപ്പങ്ങളിൽ വാർത്തെടുത്തു് ഉളുപ്പില്ലാതെ വിറ്റു് കാശാക്കാൻ കഴിവുള്ളവരല്ലാതെ മറ്റാരാവണം ദൈവത്തിന്റെ/ദൈവങ്ങളുടെ അച്ഛന്മാർ!?

Jul 27, 2017, 9:38 AM

കൊതുകുകൾക്കു് വോട്ടവകാശം ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ എതിർപക്ഷത്തെ വോട്ടർമാരെ തിരഞ്ഞുപിടിച്ചു് കുത്തി രോഗബാധിതരാക്കി എലിമിനേറ്റ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന അനോഫലീസ് മാർ ക്യൂലക്സുകൾക്കും ഈഡിപ്പസ് ഈജിപ്പോവ്സ്കായകൾക്കുമെല്ലാം സബ്സിഡി നൽകി പ്രോത്സാഹിപ്പിച്ചേനെ! എതിർപക്ഷത്തെ ഉന്മൂലനം ചെയ്യലാണല്ലോ മല്ലുവീക്ഷണത്തിൽ ജനാധിപത്യത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്തൽ മറ്റൊരു ലക്ഷ്യം! A

August 2017

Aug 6, 2017, 12:40 PM

ഈ ഫെയ്സ് ബുക്ക് ഒരു മോശം ബുക്കല്ല. മുങ്ങിത്തപ്പിയാൽ ചില നിധികൾ അതിൽ നിന്നും ലഭിക്കും. അങ്ങനെ കിട്ടുന്ന മുത്തുകളും പവിഴങ്ങളുമെല്ലാം പുകച്ചോ, പുഴുങ്ങിയോ, പൊരിച്ചോ തിന്നേണ്ടതു് എന്ന രഹസ്യം കൂടി മനസ്സിലാക്കുകയും അതനുസരിച്ചു് പ്രവർത്തിക്കുകയും ചെയ്താൽ നിർവാണത്തിൽ വരെ എത്താൻ കഴിയുമത്രെ!

അത്തരമൊരു ആശയമുത്തു് ഇക്കഴിഞ്ഞ ദിവസം എനിക്കു് കിട്ടി. ഒരു കത്തോലിക്കാപ്പുരോഹിതൻ ഒരു കൊമ്പനാനയെ വെഞ്ചരിക്കുന്നതിന്റെ പോട്ടം കണ്ടപ്പോഴാണു് ഒരു വെളിപാടു് പോലെ മരണശേഷമുള്ള എന്റെ നരകജീവിതവുമായി ബന്ധപ്പെട്ട ഒരു ആശയം എന്നിൽ ഉദിച്ചതു്. എല്ലാം ഓരോരോ നിമിത്തങ്ങളാണല്ലോ! പൊതുവേ പറഞ്ഞാൽ, ദൈവികമായ വെളിപാടുകൾ ഉണ്ടാവുന്നതു് വല്ല ഗുഹയിലോ മലയിലോ മറ്റോ ഒറ്റയ്ക്കിരിക്കുന്ന മനുഷ്യർക്കാണു്. മോണിറ്ററിനു് മുന്നിൽ ഞാനും ഒറ്റയ്ക്കായിരുന്നു ഇരുന്നിരുന്നതു്!

ഒറ്റയാന്മാർക്കു് വെളിപ്പെട്ടാൽ, പറഞ്ഞവനും കേട്ടവനുമൊഴികെ മൂന്നാമതൊരു സാക്ഷിയില്ല എന്നൊരു ഗുണമുണ്ടു്. സാദാമനുഷ്യരോടു് ദൈവം ഒരുതരം “വായില്ലാക്കുന്നിലപ്പൻ” നയമാണു് സ്വീകരിക്കുന്നതു് എന്നതിനാൽ, സാക്ഷിയെന്ന നിലയിൽ അങ്ങേരെക്കൊണ്ടു് പ്രയോജനമൊന്നുമില്ല. ഫലമോ, തനിക്കു് ദൈവവെളിപാടുണ്ടായി എന്നതിനു് തെളിവായി ആകെയുള്ള ഒരു സാക്ഷി ആ അവകാശവാദം ഉന്നയിക്കുന്നവൻ മാത്രവും!

സാക്ഷികൾ ഒരുപാടായാലും പ്രശ്നമാണു്. മനുഷ്യർ പലതരക്കാരാണു്. മാക്രി, ഗോക്രി, പോക്രി തുടങ്ങിയ എത്രയെത്ര ഇനങ്ങൾ! ഒരുത്തൻ നൽകുന്നതിനു് കടകവിരുദ്ധമായ സത്യവാങ്മൂലമാവും മറ്റൊരുവൻ നൽകുന്നതു്! ദൈവികമായ അമ്മാതിരി സത്യങ്ങൾ കൊണ്ടു് നിബിഡമായ ഒരു പെരുംകാട്ടിൽ ദൈവത്തിനു് പോലും വഴിതെറ്റും. കാടുകയറി കാലടിപ്പാടുകൾ പോലും കാണാനില്ലാത്തവിധം അപ്രത്യക്ഷരായ ദൈവങ്ങൾ ലോകചരിത്രത്തിൽ ധാരാളമുണ്ടു്. അതുകൊണ്ടാണു് ത്രികാലജ്ഞാനി ആയ “ഒറിജിനൽ” ജഗദീശ്വരൻ തനിക്കു് മനുഷ്യരോടു് പറയാനുള്ള കാര്യങ്ങൾ മറ്റാരും കേൾക്കാതെ ഒറ്റയാന്മാരോടു് രഹസ്യമായി പറഞ്ഞു് പരസ്യമാക്കുന്നതു്.

“അങ്ങനെ എഴുതപ്പെട്ടിരിക്കുന്നു” എന്ന ഒരു പ്രസ്താവനയിൽ കവിഞ്ഞ ഒരു അഫിഡേവിറ്റ് ഭക്തർക്കു് വേണ്ട. അങ്ങനെയാണു് അവർ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നതു്. അവരുടെ അഭിപ്രായത്തിൽ, ഒരു ഇന്റെലിജന്റ് ഡിസൈനറായ അവരുടെ സ്വന്തം ദൈവത്തിന്റെ കൈവേലയുടെ മഹത്വം.

വെളിപാടിൽ നിന്നും വീണ്ടും വെഞ്ചെരിപ്പിലേക്കു്: പുര വെഞ്ചെരിക്കൽ, മനുഷ്യരുടെ തലകളിൽ ആനാംവെള്ളം തളിച്ചു് വെഞ്ചെരിക്കൽ തുടങ്ങിയ പലയിനം ക്രൈസ്തവ കൂദാശകളെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആനക്കൂത്യാശയെപ്പറ്റി ഞാൻ കേൾക്കുന്നതു് ഇതാദ്യമാണു്. ആനയെയോ കുഴിയാനയെയോ വെഞ്ചെരിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നല്ല, ശരി ഉണ്ടുതാനും. മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ആശീർവദിക്കാൻ അധികാരമുള്ളവനാണു് ദൈവം. ആ അധികാരം നടപ്പാക്കാനുള്ള അവകാശം ദൈവം പതിച്ചു് നൽകിയിരിക്കുന്നതു് പുരോഹിത വർഗ്ഗത്തിനാണു്. അവർ ഭൂമിയിൽ കെട്ടിയാൽ ദൈവം സ്വർഗ്ഗത്തിൽ കെട്ടും. അവർ ഭൂമിയിൽ അഴിച്ചാൽ ദൈവം സ്വർഗ്ഗത്തിൽ അഴിക്കും. എല്ലാം ഓരോരോ നിമിത്തങ്ങളാണു് എന്നോർക്കുക!

ബൈബിളിന്റെയും ഖുർആന്റെയും അടിസ്ഥാനത്തിൽ പറഞ്ഞാൽ, നസ്രാണിയുടെ മരണാനന്തരജീവിതവും മുസൽമാന്റെ മരണാനന്തരജീവിതവും തമ്മിലുള്ള പ്രധാന വ്യത്യാസം, ആദ്യത്തേതിൽ ഹൂറികൾ നരകത്തിലും, രണ്ടാമത്തേതിൽ ഹൂറികൾ സ്വർഗ്ഗത്തിലും ആയിരിക്കുമെന്നതാണു്. ഹൂറികളുടെ എണ്ണം രണ്ടിലും ഒന്നുതന്നെ. നരകവാസി/സ്വർഗ്ഗവാസി ഒന്നുക്കു് 72 ഹൂറികൾ. പക്ഷേ, നസ്രാണിനരകത്തിൽ ഒരു പ്രശ്നമുണ്ടു്. ഭൂമിയിലെ സ്ത്രീകൾ ഹൂറികളല്ല. എത്ര പുരുഷന്മാരുണ്ടോ, ഏറിയോ കുറഞ്ഞോ, അത്രതന്നെ സ്ത്രീകളും ഉണ്ടായിരിക്കുന്നതാണു് ഭൂമിയിലെ ഒരു രീതി. പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകളും ജനിക്കും, ഒച്ച വയ്ക്കും, മരിക്കും, ശരീരത്തിന്റെ ഘടകപദാർത്ഥങ്ങളിലേക്കു് എന്നേക്കുമായി ഡിസിന്റഗ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

ചില മതങ്ങളുടെ പഠിപ്പിക്കൽ പ്രകാരം മരിച്ച മനുഷ്യർ ഒന്നുകിൽ സ്വർഗ്ഗത്തിൽ അല്ലെങ്കിൽ നരകത്തിൽ എത്തിപ്പെടും. അവർ ആ രണ്ടിൽ എവിടെ എത്തിപ്പെടുമെന്നതു് ജീവിച്ചിരിക്കുമ്പോൾ അവർ പള്ളിക്കും പട്ടക്കാരനും നൽകുന്ന ഫീസിനനുസരിച്ചിരിക്കും. പിഴ ഒടുക്കാതെ ചത്തുപോയവരെ ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്കു് വേണമെങ്കിൽ മതിയായ ഫീസൊടുക്കി വീണ്ടെടുക്കാം. അതിനു് വകുപ്പുണ്ടു്. പെയ്മെന്റ് ലോക്കൽ കറൻസിയിൽ ആയിരിക്കണം. ഭൂമിയിലെ കറൻസികൊണ്ടു് സ്വർഗ്ഗത്തിലോ നരകത്തിലോ ചെന്നിട്ടു് കാര്യമില്ല. അവിടെ കറൻസി കൺവെർഷൻ ഫെസിലിറ്റിയില്ല.

“സ്ത്രീയെ തൊടാതിരിക്കുന്നതു് മനുഷ്യനു് നല്ലതു്” എന്നാണു് വിശുദ്ധനായ പൌലോസ് ബൈബിളിലൂടെ നസ്രാണികളെ പഠിപ്പിച്ചതു്. അതുകൊണ്ടു് വിശുദ്ധരായ നസ്രാണികൾ മാത്രം വസിക്കേണ്ടുന്ന സ്വർഗ്ഗത്തിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവായിരിക്കാനേ വഴിയുള്ളു. വല്ല കന്യാസ്ത്രീത്തള്ളമാരും എത്തിപ്പെട്ടാലായി. ബാക്കി മുഴുവൻ സ്ത്രീകളും നരകത്തിൽ ഉണ്ടാവും. അതൊരു ചെറിയ പ്രശ്നമല്ല. നസ്രാണിനരകത്തിലെ പുരുഷന്മാർ ശരിക്കും അദ്ധ്വാനിക്കേണ്ടി വരും. എല്ലാ പുരുഷന്മാരും ശ്രീകൃഷ്ണന്മാരോ കോഴിപ്പൂവന്മാരോ അല്ല എന്നോർക്കുക. സ്ത്രീജനത്തിനു് സാമാന്യം തൃപ്തികരമായ റെസിപ്രൊക്കേഷൻ അനുഭവം ഉണ്ടാവണമെങ്കിൽ പുരുഷജനം അന്തം വിട്ടു് ഓസിലേറ്റ് ചെയ്യേണ്ടി വരും. ജന്മം വഴി ഒരു മല്ലുവും, മാമൂദീസാ വഴി ഒരു നസ്രാണിയും ആയ എനിക്കു് ജോലി, അദ്ധ്വാനം എന്നൊക്കെ കേൾക്കുന്നതേ അല്ലർജിയാണു്. ദേഹം മുഴുവൻ ചൊറിഞ്ഞു് തടിക്കും. ഇങ്കിലാ സിന്താവാ വിളിയൊന്നും നരകത്തിലെ സാത്താന്റെ മുന്നിൽ വിലപ്പോകുമെന്നു് തോന്നുന്നില്ല.

തന്മൂലം, സത്യം പറഞ്ഞാൽ, ആനയെ വരെ വെഞ്ചരിക്കുന്ന അച്ചന്മാരുണ്ടെന്നു് കേട്ടപ്പോൾ എനിക്കുണ്ടായ ആശ്വാസവും സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. ചത്താൽ എനിക്കു് നസ്രാണിനരകത്തിലേ സീറ്റ് കിട്ടൂ. ദൈവത്തിന്റെ തൈലാഭിഷേകം തലയിൽ ഏറ്റുവാങ്ങിയ എന്റെ കയ്യിലിരുപ്പും അത്തരമാണെന്നു് കൂട്ടിക്കോളൂ. മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൽ, നരകത്തിലെ എന്റെ ജീവിതം കൂടുതൽ നരകതുല്യമാകാതിരിക്കാൻ ചാവുന്നതിനു് മുൻപു് എനിക്കു് റോബിനച്ചനെക്കൊണ്ടു് എന്റെ അണ്ടി ഒന്നു് വെഞ്ചരിപ്പിക്കണം. ആനയെ ആയാലും അണ്ടിയെ ആയാലും ദുട്ടു് കൊടുക്കാതെ അച്ചന്മാർ വെഞ്ചെരിക്കുമെന്നു് തോന്നുന്നില്ല. അല്ലെങ്കിൽ തെരുവിൽ അലഞ്ഞുതിരിയുന്ന പേപ്പട്ടികളെ അവർ വെഞ്ചെരിച്ചു് ശുദ്ധീകരിക്കുമായിരുന്നല്ലോ. ഞാനൊരു ലോട്ടറി ടിക്കറ്റ് എടുത്തിട്ടുണ്ടു്. അതു് അടിച്ചാൽ പിന്നെ കാലതാമസമൊന്നുമില്ല.

ഇതു് തുറന്നു് പറഞ്ഞതിന്റെ പേരിൽ ആരും എന്നെ പുച്ഛിക്കരുതെന്നു് അപേക്ഷിക്കുന്നു. എന്റെ അണ്ടിവികാരം വ്രണപ്പെടും.

Aug 8, 2017, 11:09 AM

എഴുന്നേറ്റു് നിന്നു് മുടന്തു് കാണിക്കരുതെന്നാണു് നാടൻ ചൊല്ലു്. പക്ഷേ, മുടന്തനു് അവൻ യുസൈൻ ബോൾട്ടാണെന്നു് തോന്നാൻ തുടങ്ങിയാൽ എന്തു് ചെയ്യാൻ? അവന്റെ ഓട്ടം കാണുമ്പോൾ ദേഹത്തിലൂടെ ഒച്ചു് ഇഴയുന്നതുപോലുള്ള ഇറിറ്റേറ്റിങ് അനുഭവം ചിലർക്കെങ്കിലും ഉണ്ടായിക്കൂടെന്നില്ല. എനിക്കൊന്നും കാണുകയും വേണ്ട കേൾക്കുകയും വേണ്ട എന്ന മട്ടിൽ ഒട്ടകപ്പക്ഷിയെപ്പോലെ തല മണലിൽ പൂഴ്ത്തി വേണമെങ്കിൽ രക്ഷപെടാം. പക്ഷേ, ചില ഡൊണാൾഡ് ട്രമ്പുകളും, കിം ജോങ് ഉന്നുകളുമെല്ലാമായി തലയും ഉടലും സ്ഥിരമായി മണലിൽ കുഴിച്ചിടുന്നതാണു് ഭേദം എന്ന അവസ്ഥയിലേക്കു് മനുഷ്യരെ എത്തിച്ചിട്ടുണ്ടു്.

മുൻപൊക്കെ “ഇറ്റാലിയൻ അവസ്ഥ” എന്നതുകൊണ്ടു് സൂചിപ്പിച്ചിരുന്നതു് മറ്റു് യൂറോപ്യൻ രാജ്യങ്ങളിലെ കയോസ് രാഷ്ട്രീയത്തെ ആയിരുന്നെങ്കിൽ, ഇന്നു്, ഇനി ഒട്ടും താഴേക്കു് പോകാൻ കഴിയാത്ത വിധം അധഃപതിച്ച ലോകരാജ്യങ്ങളിലെ രാഷ്ട്രീയത്തെ സൂചിപ്പിക്കാൻ “അമേരിക്കൻ അവസ്ഥ” എന്നു് പറയേണ്ടിവരുന്ന നിലയിലാണു് കാര്യങ്ങൾ.

Aug 9, 2017, 7:28 PM

സ്വയം പുകഴ്ത്തൽ നാറുമെന്നൊരു ജർമ്മൻ പഴമൊഴിയുണ്ടു്. (Eigenlob stinkt.)

അവരങ്ങനെയൊക്കെപ്പറയും. പക്ഷേ, എനിക്കെന്നെ പുകഴ്ത്താതിരിക്കാനാവുമോ? സമസ്ത മേഖലകളിലും ഞാൻ കൈവരിച്ചതും കൈവരിച്ചുകൊണ്ടിരിക്കുന്നതുമായ നേട്ടങ്ങൾ മറ്റാരും കാണുന്നില്ലെങ്കിലും ഞാൻ ദിനം പ്രതി കാണുന്നതല്ലേ?

മറ്റാരുമില്ലാത്തവനു് ദൈവമാശ്രയം. മറ്റാരും പുകഴ്ത്താത്തവനു് അവൻ തന്നെ ആശ്രയം.

Gulliver in Lilliput. Big in Japan.

Aug 14, 2017, 10:41 AM

“ഇക്കാലത്തു് ഒരു സത്യം പറയാൻ ആഗ്രഹിക്കുന്ന മനുഷ്യനു്, അതൊരു കയ്പു് ഗുളിക ആയാലെന്നപോലെ, പലപ്പോഴും ഹ്യൂമറസോ സറ്റീറിക്കലോ ഐറോണിക്കലോ ആയ വിധത്തിൽ അതിനെ മധുരീകരിക്കേണ്ടതു് ഒരു അനിവാര്യതയായി തോന്നുന്നതു് എന്തുകൊണ്ടാണു്?” – ഫ്യൊഡോർ ഡൊസ്റ്റോയെവ്സ്കി

  • വാക്കുകളെ നേരിടാൻ വാളല്ലാതെ മറ്റൊന്നും കൈമുതലായിട്ടു് ഇല്ലാതിരുന്ന “സത്യാന്വേഷികൾ” ഡൊസ്റ്റോയെവ്സ്കിയുടെ കാലത്തും ഉണ്ടായിരുന്നു എന്നേ ഇതിൽ നിന്നും അനുമാനിക്കാനാവൂ. അന്തിമമായ സത്യത്തെ കണ്ടെത്തി എന്നു് അഹങ്കരിക്കുമ്പോഴും സത്യത്തെ തേടിത്തേടി വിശ്രമമില്ലാതെ അലഞ്ഞുകൊണ്ടിരിക്കുന്ന സത്യാന്വേഷികൾ!

ഇന്നത്തേതു് ക്ലിക്റ്റിവിസ്റ്റുകളുടെ ലോകമാണു്. പേരു് കേൾക്കുമ്പോൾ അത്യന്താധുനികം എന്നു് തോന്നിയേക്കാമെങ്കിലും ഇക്കൂട്ടരുടെ കർമ്മമേഖല ഇപ്പോഴും വള്ളിനിക്കറും ബർമൂഡയും തമ്മിലുള്ള ആ പഴയ വർഗ്ഗസമരം തന്നെ. അത്യാഹിതം മൂലമോ പട്ടിണി മൂലമോ രാജ്യത്തു് ശിശുമരണങ്ങൾ സംഭവിച്ചാൽ, അതിനു് കാരണഭൂതമായ അവസ്ഥകൾക്കു് പരിഹാരം തേടുന്നതിനു് തന്നാലാവുന്ന സഹായങ്ങൾ നൽകി സഹകരിക്കുന്നതിനേക്കാൾ, അതു് സംഭവിച്ച സംസ്ഥാനം ഭരിക്കുന്നതു് ചെ ഗുവേരയോ ആദിത്യനാഥോ എന്നതിനനുസരിച്ചു് അനുകൂലമായോ പ്രതികൂലമായോ വിലയിരുത്തി ക്ലിക്കിച്ചാവുന്നതിനു് മുൻഗണന നൽകുന്ന സാമൂഹ്യപരിഷ്ക്കർത്താക്കൾ!

Aug 18, 2017, 10:20 AM

കൂട്ടമായി ജീവിക്കുന്ന മിക്കവാറും എല്ലാ മൃഗങ്ങളെയും പോലെ തന്നെ മനുഷ്യരും നയിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണു്. മുമ്പേ ഗമിച്ചീടിന ഗോവുതന്റെ പിമ്പേ ഗമിക്കും ബഹുമൂരികളെല്ലാം എന്നു് ദീർഘദർശിയായ ഒരു കവി പാടിയ പോലെ. പക്ഷേ, വല്ല അണ്ടനും അടകോടനും നയിക്കുന്നതല്ല, അവരെ പ്രതിനിധീകരിക്കുന്നവർ തന്നെ നയിക്കുന്നതാണു് ജനത്തിനിഷ്ടം. ആ സ്ഥിതിക്കു്, തെറി പറയുന്ന ജനത്തെ നയിക്കാൻ തെറി പറയുന്ന പി. സി. ജോർജിനെനെക്കാൾ യോഗ്യതയുള്ള ഒരു ജനപ്രതിനിധി എവിടെയിരിക്കുന്നു?

മലയാടുകൾ കൊമ്പുകോർത്തു് നേതൃത്വം ഉറപ്പിക്കുന്നു; മലയാളികൾ തെറി വിളിച്ചു് നേതൃത്വം സ്ഥിരപ്പെടുത്തുന്നു.

Aug 21, 2017, 3:50 PM

അധികാരത്തിന്റെ ചില്ലുകൂടുകളിൽ കയറിപ്പറ്റി അവിടത്തെ സുഖസൗകര്യങ്ങൾ ആസ്വദിച്ചു് സ്വൈരജീവിതം നയിക്കുന്നവർ പരസ്പരം കല്ലെറിയാറില്ല. അങ്ങനെയൊരു തോന്നൽ അവരാൽ ഷണ്ഡീകരിക്കപ്പെട്ട അവരുടെ അനുയായികളിൽ സൃഷ്ടിക്കാനായി അവർ മത്സരിച്ചെന്നോണം തത്രപ്പെടാറും, മിക്കവാറും എല്ലായ്പ്പോഴും ആ ശ്രമം വിജയിക്കാറും ഉണ്ടെങ്കിലും.

അടിമകൾക്കു് എപ്പോൾ ചക്കരയപ്പവും എപ്പോൾ ചാട്ടയടിയും നൽകണമെന്നു് അറിയാനുള്ള കഴിവുള്ളതുകൊണ്ടു് തമ്പ്രാക്കൾ എന്നും തമ്പ്രാക്കളും, തമ്പ്രാക്കളുടെ ഈവിധ കണക്കുകൂട്ടലുകളും തനിനിറവും തിരിച്ചറിയാനുള്ള കഴിവില്ലായ്മ മൂലം അടിമകൾ എന്നും അടിമകളും ആയിരിക്കുന്നു.

അതുകൊണ്ടു്, ഭരണപക്ഷത്തിരിക്കുന്നവരുടെ അഴിമതികളുടെ നേരെ ശബ്ദമുയർത്താൻ പ്രതിപക്ഷത്തിരിക്കുന്നവർ എന്തുകൊണ്ടു് തയ്യാറാകുന്നില്ല എന്നും മറ്റും അത്ഭുതപ്പെട്ടിട്ടു് കാര്യമൊന്നുമില്ല. നാമമാത്രജനാധിപത്യത്തിൽ ഭരണമെന്നാൽ പക്ഷങ്ങളുടെ കൂട്ടുകൃഷിയാണു്. എപ്പോഴും ജനത്തിനു് മാത്രം നഷ്ടം സംഭവിക്കുന്ന ഒരുതരം കൂട്ടുകൃഷി. പക്ഷങ്ങൾ തമ്മിലുള്ള ഈ ഒത്തുകളിയെ വിമർശിക്കുന്ന നായ്ക്കളുടെ മുന്നിലേക്കു് എറിഞ്ഞുകൊടുത്തു് സ്ഥിരം കടിപിടി കൂട്ടിക്കാൻ വേണ്ടതിൽ കൂടുതൽ എല്ലും മാംസവും അവരുടെ ശ്മശാനഗുഹകളിൽ ഇരുപക്ഷവും ശേഖരിച്ചിട്ടുണ്ടു്. തങ്ങൾക്കുള്ളതു് തങ്ങൾക്കു്; നായ്ക്കൾക്കുള്ളതു് നായ്ക്കൾക്കു്! അതാണു് മോട്ടോ.

Aug 24, 2017, 11:13 AM

ഭരണഘടനാവിരുദ്ധമായതിനാൽ മുത്വലാഖിനെ എടുത്തു് സുപ്രീം കോടതി ചവറ്റുകുട്ടയിൽ ഇട്ടത്രെ! അങ്ങനെ എത്രയെത്ര മുത്തവല്ലിച്ചട്ടങ്ങൾ കാലത്തിന്റെ കുത്തിയൊഴുക്കിൽ ഇനിയും ചവറ്റുകുട്ടകളിൽ വീഴാനിരിക്കുന്നു!!

ചലനാത്മകമായ ഈ ലോകത്തിൽ പരിവർത്തനങ്ങൾക്കു് വിധേയരായി ജീവിക്കുന്ന മനുഷ്യർ നയിക്കപ്പെടേണ്ടതു് അതേ മനുഷ്യരാൽ അതാതു് കാലങ്ങളിലും സമൂഹങ്ങളിലും മാറിമാറി വരുന്ന സാഹചര്യങ്ങൾക്കനുസരിച്ചു് നിർമ്മിക്കപ്പെടുന്നതും, തിരുത്തലും പുതുക്കലും മായ്ക്കലും ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്തതുമായ നിയമങ്ങൾ കൊണ്ടായിരിക്കണം. അല്ലാതെ, മനുഷ്യൻ സൃഷ്ടിച്ചതും, സ്ഥിരസ്ഥിതൻ, സമ്പൂർണ്ണൻ, അനന്തൻ തുടങ്ങിയ, അടിസ്ഥാനപരമായി അർത്ഥമൊന്നുമില്ലാത്ത പദങ്ങൾ കൊണ്ടു് അലങ്കരിച്ചു് “വിശുദ്ധസ്ഥലങ്ങളിൽ” വാഴിച്ചിരിക്കുന്നതുമായ ഏതെങ്കിലും ദൈവങ്ങളുടെ പേരിൽ അവൻ തന്നെ നിർമ്മിച്ചു് വച്ചിരിക്കുന്ന വ്യാജരേഖകളിലെ കല്പനകളും നിയമങ്ങളും കൊണ്ടായിരിക്കരുതു്.

“എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമത്തിന്റെ അടയാളം” എന്ന പേരിൽ പുരുഷപ്രജയൊക്കെയും അവരുടെ അണ്ടിയുടെ അറ്റം മുറിക്കണം എന്നു് കല്പിച്ച ഒരു ദൈവം അക്കൂട്ടത്തിലൊരുവനാണു്. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ബൈബിളിലെ ഉല്പത്തിപ്പുസ്തകം പതിനേഴാം അദ്ധ്യായം വായിക്കുക. അവിടെ പറഞ്ഞിരിക്കുന്നതു് അഗ്രചർമ്മം പരിച്ഛേദന ചെയ്യുക എന്നാണെങ്കിലും, ഞാനതു് അണ്ടിയുടെ അറ്റം എന്നാക്കിയെന്നേയുള്ളു. ഏതു് അഗ്രത്തിന്റെ ചർമ്മമാണു് മുറിച്ചെറിയേണ്ടതെന്നു് കൃത്യമായി പറഞ്ഞില്ലെങ്കിൽ മനുഷ്യർ മൂക്കോ നാക്കോ ഒക്കെപ്പോലെ അഗ്രമുള്ള മറ്റേതെങ്കിലും ശരീരഭാഗത്തെ ചർമ്മം മുറിച്ചു് മാറ്റിയാലോ!? പണ്ടു്, പരീശന്മാരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു് യേശു ധ്വനിപ്പിച്ചപ്പോൾ, തങ്ങൾ അപ്പം എടുക്കാൻ മറന്നുപോയതിനെയാണു് ദൈവപുത്രൻ അതുവഴി ധ്വനിപ്പിച്ചതെന്നാണു് പിൽക്കാലത്തു് വിശുദ്ധരായിത്തീരേണ്ടിയിരുന്ന ശിഷ്യന്മാർ പോലും കരുതിയതു്! ചക്കയും ചക്കക്കുരുവും കശുവണ്ടിയുമെല്ലാം തിന്നു് ജീവിക്കുന്ന മനുഷ്യരോടു് സംസാരിക്കുമ്പോൾ ധ്വനിപ്പിക്കാതിരിക്കുന്നതാണു് നല്ലതു്. താനൊരു മഹാ സംഭവമാണെന്ന തോന്നൽ കേൾവിക്കാരിൽ സൃഷ്ടിക്കലാണു് ലക്ഷ്യമെങ്കിൽ ധ്വനിപ്പിക്കാൻ മറക്കുകയുമരുതു്.

ഈവഹ ദൈവങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്ന നിയമങ്ങളാണു് ലോകാവസാനത്തോളം മനുഷ്യരാശി പാലിക്കേണ്ടവയെന്നു് അതാതു് ദൈവങ്ങളുടെ സംരക്ഷകർ ഓരിയിടുന്നതും, അതിന്റെ പേരിൽ മനുഷ്യരെ കൊലയും കൊല്ലാക്കൊലയും ചെയ്യുന്നതും.

ദാമ്പത്യത്തിനുള്ളിൽ ജീവിച്ചാൽ ആകെയുള്ള ഒരു ജീവിതം നഷ്ടപ്പെടുമെന്ന ബോദ്ധ്യം വന്നാൽ സ്ത്രീക്കോ പുരുഷനോ ആ ദാമ്പത്യബന്ധം വേർപെടുത്തുന്നതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ടായിരിക്കണം. പക്ഷേ, അതു് ഏതെങ്കിലും കാടൻ മതനിയമങ്ങളുടെ അടിസ്ഥാനത്തിലാവരുതു്. ഏതൊരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റിലും അതിനു് നിയമങ്ങളുണ്ടു്. പല പരിഷ്കൃത രാജ്യങ്ങളും രജിസ്റ്റർ ചെയ്താൽ മാത്രമേ വിവാഹബന്ധം നിയമപരമായി അംഗീകരിക്കൂ. കുടുംബത്തിനു് അനുവദിച്ചിട്ടുള്ള നികുതിയിളവു് പോലുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ അതു് കൂടിയേ തീരൂ. അതിനു് മുൻപോ ശേഷമോ, കൊട്ടും കുരവയും പട്ടും പളപളപ്പുമായി പള്ളിയിലോ അമ്പലത്തിലോ പോയി കെട്ടിപ്പൂട്ടണമോ വേണ്ടയോ എന്നതെല്ലാം വ്യക്തികളുടെ ഇഷ്ടം, സ്വാതന്ത്ര്യം. സ്റ്റേറ്റിനു് അതുമായി ബന്ധമൊന്നുമില്ല.

മുസ്ലീം സമുദായത്തിനു് അല്പം വെളിച്ചം പകരുന്ന മുത്വലാഖ് നിരോധനവിധിയിലൂടെ സുപ്രീം കോർട്ട് ജഡ്ജിമാർ പ്രകാശം പരത്തിയതു് നന്നായി. അല്ലായിരുന്നെങ്കിൽ ചിലരെങ്കിലും അവരെ ശുംഭന്മാർ എന്നു് വിളിച്ചു് ബഹുമാനിച്ചേനെ! വിധി എനിക്കു് അനുകൂലമോ പ്രതികൂലമോ എന്നതിനനുസരിച്ചേ ഞാനായാലും ജുഡീഷ്യറിക്കു് സ്വഭാവസർട്ടിഫിക്കറ്റ് നൽകാറുള്ളു.

Aug 26, 2017, 9:16 AM

ജീവാത്മാവു് പരമാത്മാവു് എന്നീ രണ്ടു് ആത്മാക്കളെ കൂടാതെ മൂന്നാമതൊരു ആത്മാവുകൂടി ആദ്ധ്യാത്മികലോകത്തിലുണ്ടു്: “പണമാത്മാവു്”! പക്ഷേ, ഈ സത്യം ഗുരുക്കൾ ഒരിക്കലും അവരുടെ പുറകെ നടക്കുന്ന ലഘുക്കൾക്കു് വെളിപ്പെടുത്തി കൊടുക്കാറില്ല. കാരണം, ആത്മഹത്യാപരമായ അത്തരം നടപടികളിലൂടെ സുഖകരമായ ഇഹലോകവാസം വെടിയാനല്ല, ഈ ലോകത്തിലെ ജീവിതം കഴിയുന്നത്ര ആസ്വദിച്ചതിനുശേഷം സമാധാനപൂർവ്വമായ ഒരു സമാധി അടയലിലൂടെ, അല്പം കൂടിയാലും ഒട്ടും കുറവുണ്ടാവാൻ പാടില്ലാത്ത സുഖസൗകര്യങ്ങളോടുകൂടിയ ഒരു പരലോകവാസം കൂടി തരപ്പെടുത്താനാണു് അവർ ശ്രമിക്കുന്നതു്.

വിവരാവകാശത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്കു് പുരുഷന്മാരോടുള്ള നിലപാടും, ഗുരുക്കൾക്കു് ലഘുക്കളോടുള്ള നിലപാടും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല:

പുരുഷന്മാരെ എന്തും തീറ്റിക്കാം, പക്ഷേ, എല്ലാം അറിയിക്കരുതു് – സ്ത്രീകൾ.

ലഘുക്കളെ എന്തും ഏറ്റു് വിളിപ്പിക്കാം, പക്ഷേ എല്ലാം അറിയിക്കരുതു് – ഗുരുക്കൾ.

അർഹതയില്ലാത്തവർക്കു് വിവരാവകാശം നൽകുന്നതും, തീവ്രവാദിയുടെ കയ്യിൽ ബോംബ് കൺസ്ട്രക്ഷൻ മാന്വൽ നൽകുന്നതും തമ്മിൽ വ്യത്യാസമൊന്നുമില്ല. ഫലത്തിൽ, പൊട്ടനും ദുഷ്ടനും ഇന്റർചെയ്ഞ്ജബിളാണെന്നു് ചുരുക്കം.

P. S. “പണമാത്മാവു്” ഒരു യൂണിവേഴ്സൽ എന്റിറ്റിയാണു്. ആദ്ധ്യാത്മികലോകങ്ങളെയും പ്രത്യയശാസ്ത്രലോകങ്ങളെയും ഒരുപോലെ നിയന്ത്രിച്ചുകൊണ്ടു് വാഴുന്ന “വേൾട്ട് ഗൈസ്റ്റ്”!

Aug 28, 2017, 2:23 PM

ഭാവിയിലെങ്കിലും, കാണാനാവുന്ന ആൺ-പെൺദൈവങ്ങളുടെ വലയിൽ ചെന്നു് വീഴാതിരിക്കാൻ അജ്ഞരായ മനുഷ്യരെ പ്രാപ്തരാക്കണമേ എന്നു്, ഭ്രാന്തുള്ളവരൊഴികെ മറ്റാരും ഇതുവരെ കണ്ടിട്ടില്ലാത്ത ജഗദീശ്വരകേസരികളുടെ വലകളിലെ ഊരാക്കുടുക്കുകളിൽ കുരുങ്ങിക്കിടന്നുകൊണ്ടു് ഉള്ളം കലങ്ങി “പാർത്ഥിക്കുന്ന” ഭക്തകളും ഭക്തന്മാരുമാണു് ശ്രീ ശ്രീ ഗുരുമീതേ റാം റഹിം സിംഹത്തിന്റെ ശിക്ഷാവിധിയുടെ ആഫ്റ്റർമാഥിലെ ഹൈലൈറ്റ്!

Aug 29, 2017, 11:47 AM

അഗ്രചർമ്മം മുറിച്ചു് മാറ്റേണ്ടതു് ഒരാവശ്യമായി കരുതുന്നവർ “സ്റ്റഫിങ് ബോക്സ്” എന്നാൽ എന്താണെന്നും, എന്തിനാണെന്നും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. ഒരു പുനർവിചിന്തനത്തിനു് അതു് സഹായകമായിക്കൂടെന്നില്ല. അതെന്താണെന്നു് അറിയാത്തവർക്കു് ഒന്നുകിൽ മുട്ടിപ്പായ പ്രാർത്ഥന ടൈം ടേബിളിന്റെ ഭാഗമല്ലാത്ത ഏതെങ്കിലും മെക്കാനിക്കൽ എഞ്ജിനിയറോടു് ചോദിക്കുകയോ, അല്ലെങ്കിൽ, stuffing box എന്നു് ടൈപ്പ് ചെയ്തു് ഗൂഗിളിനോടു് വിവരഭിക്ഷ യാചിക്കുകയോ ചെയ്യാം.

“സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്തു്?” എന്നു് യേശു പണ്ടു് “മറിയാമ്മയോടു്” ചോദിച്ചപോലെ, സ്റ്റഫിങ് ബോക്സും അഗ്രചർമ്മവും തമ്മിലെന്തു് എന്നാണു് ചോദ്യമെങ്കിൽ, സ്റ്റഫിങ് ബോക്സിനെ അപേക്ഷിച്ചു്, അഗ്രചർമ്മത്തിനു് യാന്ത്രികതയ്ക്കും ഐകരൂപ്യത്തിനും ഉപരിയായി ഒരു ഇമോഷണൽ ആസ്പെക്റ്റ് കൂടി ഉള്ള കാര്യം വിശദീകരിക്കേണ്ടി വരും. പക്ഷേ, ഒരു പുരുഷൻ എന്ന നിലയിൽ, എനിക്കു് കഴിയുന്നതിനേക്കാൾ ഭംഗിയായും ആധികാരികമായും അതിനെപ്പറ്റി വിശദീകരിക്കാൻ കഴിയുന്നതു് വിഷയത്തിൽ “ജ്ഞാനിണി”കളും അനുഭവത്തിൽ സമ്പന്നകളുമായ സ്ത്രീകൾക്കായിരിക്കും. അതുകൊണ്ടു് ഇക്കാര്യത്തിലെ അക്കാദമികമോ വൈകാരികമോ ആയ സംശയങ്ങൾ ദൂരീകരിക്കണം എന്നാഗ്രഹിക്കുന്നവർ അഗ്രചർമ്മത്തിന്റെ “ഉണ്മയും ഇൽമയും” സ്വാനുഭവങ്ങളിലൂടെ തിരിച്ചറിയാൻ ഭാഗ്യമുണ്ടായിട്ടുള്ള ഏതെങ്കിലും സ്ത്രീകളെ സമീപിക്കുന്നതാണു് കൂടുതൽ ഫലപ്രദം. അതുപോലൊരു ബോധവത്കരണം വഴി, മൺമറഞ്ഞ അഗ്രചർമ്മങ്ങളെ മുഴുവൻ വീണ്ടെടുത്തു് യഥാസ്ഥാനങ്ങളിൽ പുനഃപ്രതിഷ്ഠിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഭാവി അഗ്രചർമ്മങ്ങൾക്കു് അകാലമരണം സംഭവിക്കാതിരിക്കാൻ ഒരു പക്ഷേ അതു് സഹായിച്ചേക്കാം.

ഇനി, പ്രൊഫിലാക്ടിക്കായാണു് അഗ്രചർമ്മം മുറിച്ചു് മാറ്റേണ്ടതെങ്കിൽ, വല്ല രോമാഗ്രങ്ങളോ നഖാഗ്രങ്ങളോ ഒഴികെ, മുറിച്ചു് മാറ്റേണ്ടവയല്ലാത്തതായ ഭാഗങ്ങൾ മനുഷ്യശരീരത്തിൽ കാര്യമായി ഒന്നും തന്നെയില്ല. മിക്കവാറും എല്ലാ ശരീരഭാഗങ്ങളും രോഗം വരാൻ സാദ്ധ്യതയുള്ളവയാണു്. പരിക്കു് പറ്റാനുള്ള സാദ്ധ്യതകളുടെ കാര്യം വേറെ. അതുപോലെ, ഉപയോഗമില്ലാത്തതിന്റെ പേരിലാണു് അഗ്രചർമ്മം ഛേദിച്ചു് കളയാൻ ദൈവൻ കല്പിച്ചതെങ്കിൽ, ചേലാകർമ്മച്ചടങ്ങിനോടൊപ്പം തലച്ചോറുകൂടി ഛേദിച്ചു് കളയാവുന്നതേയുള്ളു. അതുകൊണ്ടു് ഏതെങ്കിലും വിധത്തിലുള്ള ഒരു ദോഷം സംഭവിക്കുമെന്ന ഭയവും വേണ്ട. എന്തിനു് വെറുതെ ഒരു പ്രയോജനവുമില്ലാത്ത ഭാരങ്ങൾ ജീവിതകാലം മുഴുവൻ മനുഷ്യൻ ചുമന്നുകൊണ്ടു് നടക്കണം?

September 2017

Sep 1, 2017, 11:22 AM

ബാദ്ധ്യതകളൊന്നുമില്ലാതെ “ഫ്രീ” ആയി ആർക്കും ലഭിക്കുന്ന ഒന്നല്ല വ്യക്തിസ്വാതന്ത്ര്യം. സമൂഹത്തിലെ മറ്റു് വ്യക്തികൾക്കു് ഒരു കാര്യത്തിലുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാത്തിടത്തോളം മാത്രമേ അതേ കാര്യത്തിൽ ഒരു വ്യക്തിക്കുള്ള സ്വാതന്ത്ര്യത്തിനു് നിലനിൽപുള്ളു. വ്യക്തിസ്വാതന്ത്ര്യം ”ഫ്രീ ബിയർ” അല്ലെന്നു് ചുരുക്കം. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെയും, വിശാലമായ അർത്ഥത്തിൽ ലോകത്തിന്റെ തന്നെയും, സുരക്ഷിതത്വത്തിനു് ഹാനികരമായേക്കാവുന്ന “വ്യക്തിസ്വാതന്ത്ര്യം” വ്യക്തികൾക്കു് സാഹചര്യാനുസരണം ഹ്രസ്വമോ ദീർഘമോ ആയ സമയത്തേക്കു് നിഷേധിക്കാൻ സ്റ്റേറ്റിനു് അവകാശവും അധികാരവും മാത്രമല്ല, ബാദ്ധ്യത പോലുമുണ്ടു്. ഒരു വ്യക്തിയിൽ നിന്നോ, വ്യക്തികളിൽ നിന്നോ നേരിടാൻ സാദ്ധ്യതയുള്ള അപകടത്തിൽ നിന്നു് സമൂഹത്തേയും, സമൂഹത്തിൽ നിന്നും നേരിടാൻ സാദ്ധ്യതയുള്ള അപകടത്തിൽ നിന്നു് വ്യക്തികളേയും സംരക്ഷിക്കേണ്ടതു് ഏതൊരു നിയമരാഷ്ട്രത്തിന്റെയും ചുമതലയാണു്. അതിനു്, പാരീസ് ഭീകരാക്രമണത്തിനു് ശേഷം ഫ്രാൻസിൽ നടപ്പിലാക്കിയതുപോലെ രാജ്യവ്യാപകമായി എല്ലാ വ്യക്തികളെയും ബാധിക്കുന്ന വിധത്തിലോ, സമൂഹത്തിനു് അപകടകാരികൾ ആയേക്കാവുന്ന ക്രിമിനലുകളെയും, ആക്രമികളായ മാനസികരോഗികളെയുമെല്ലാം ജീവപര്യന്തമോ, അപകടസാദ്ധ്യത ഇല്ലെന്നു് ബോദ്ധ്യം വരുന്ന സമയം വരേയോ തടവിലാക്കുന്നതുപോലെ അതാതു് വ്യക്തികളെ മാത്രം ബാധിക്കുന്ന വിധത്തിലോ വ്യക്തികളുടെ സ്വാതന്ത്ര്യം സ്റ്റേറ്റിനു് പരിമിതപ്പെടുത്തേണ്ടി വരും.

പരിവർത്തനം എന്നാൽ മതപരിവർത്തനമാണെന്നും, ജനാധിപത്യം എന്നാൽ സ്വേച്ഛാധിപത്യമാണെന്നും, സോഷ്യൽ ഡെമോക്രസി എന്നാൽ ഷരിയയിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥിതിയാണെന്നും മറ്റും മനസ്സിലാക്കി വച്ചിരിക്കുന്നവരുടെ കാഴ്ചപ്പാടിൽ അത്തരം നടപടികൾ വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ സ്റ്റേറ്റ് നടത്തുന്ന അനധികൃതമായ കൈകടത്തലായി തോന്നിയാൽ അതിൽ അത്ഭുതമൊന്നുമില്ല. ആത്മാവു് എന്ന മെറ്റഫിസിക്കൽ ഭൂതത്തെ തള്ളിക്കളയുന്ന നിരീശ്വരവാദികൾക്കു് “ആത്മ”കഥ എഴുതാൻ എന്തവകാശം എന്നും മറ്റും ചോദിക്കുന്ന സാഹിത്യവിശാരദരുടെ ലോകമല്ലേ?

ഉദാഹരണത്തിനു്, (ഭൂമിയിൽ മദ്യപാനം ഒരു മഹാപാപമാണെങ്കിലും!) മരിച്ചു് സ്വർഗ്ഗത്തിലെത്തിയാൽ അവിടെ മൂക്കറ്റം മദ്യം കുടിച്ചു് പാമ്പാവാൻ വേണ്ടുവോളം മദ്യപ്പുഴകളും, അവയിൽ നിന്നും മദ്യം വെള്ളം തേവുന്നപോലെ തേവിത്തേവിക്കുടിക്കാൻ പുഴയുടെ തീരങ്ങൾ നീളെ സ്വർണ്ണത്തേവുകുട്ടകളും, ജിഹാദിയുടെ ഇഷ്ടാനുസരണം മാരത്തോൺഭോഗത്തിനോ, റിലേഭോഗത്തിനോ ആവശ്യമായ എല്ലാ ബയോളജിക്കൽ എക്വിപ്മെന്റ്സും റെഡിയാക്കി വച്ചു് ചാണകക്കുഴിയിലെ ചെള്ളുപുഴുക്കളെപ്പോലെ വെളുത്തു് തുടുത്തു് സ്വർണ്ണമഞ്ചങ്ങളിൽ കാത്തിരിക്കുന്ന മദിരാക്ഷികളും ഉണ്ടെന്നുമെല്ലാം വിശ്വസിക്കുന്നതു് തന്റെ വ്യക്തിസ്വാതന്ത്ര്യമാണെന്ന നിലപാടു് ഒരുവനു് സ്വീകരിക്കാം. പക്ഷേ, അവിശ്വാസികളെ കൊല്ലലും, അന്യവിശ്വാസികളെ മതം മാറ്റി ചാവേർ പരിശീലനം നൽകലുമെല്ലാം അതിനുള്ള ഒരു എളുപ്പവഴിയായി അവനു് തോന്നാനും, അവനതു് പ്രാവർത്തികമാക്കാനും തുടങ്ങിയാൽ, ആ വിധത്തിൽ സമൂഹത്തിന്റെ നെഞ്ചത്തേക്കു് കയറുന്നതിൽ നിന്നും ഏതു് വിധേനയും അവനെ തടയുകയല്ലാതെ ഒരു കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റിനു് വേറെ പോംവഴിയൊന്നുമില്ല. നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെങ്കിൽ പുതിയ നിയമങ്ങൾ നിർമ്മിച്ചിട്ടായാലും നടപ്പിലാക്കേണ്ടത്ര ഗുരുതരമായ ഒരു അനിവാര്യതയാണതു്. കാരണം, മനുഷ്യജീവൻ വച്ചാണു് അവിടത്തെ പന്തുകളി!

Sep 1, 2017, 2:17 PM

മുസ്ലീമുകൾ ഇപ്പോൾ ആഘോഷിക്കുന്ന ബലിപെരുന്നാൾ ഖുർആൻ പ്രകാരം ഇബ്രാഹിം നബി തന്റെ മകനായ ഇശ്മായീലിനെ ആടിനെയും കോഴിയെയുമെല്ലാം ദേവീ-ദേവന്മാർക്കു് കുരുതി കഴിക്കുന്നപോലെ കഴുത്തറുത്തു് കൊന്നു് അല്ലാഹുവിനു് ബലി അർപ്പിക്കാൻ കൊണ്ടുപോയതിന്റെ ഓർമ്മപ്പെരുന്നാളാണു്. ഇശ്മാഈലിന്റെ കഴുത്തിൽ കത്തിവയ്ക്കുന്നതിനു് തൊട്ടുമുൻപു് അല്ലാഹു എസ്ക്കെയ്പ്പ് ബട്ടൺ അമർത്തിയതുകൊണ്ടു് പയ്യൻ രക്ഷപെട്ടു. ഭാഗ്യം!

അതേ സമയം, ബൈബിൾ പ്രകാരം ഇബ്രാഹിം നബി തന്റെ മറ്റൊരു മകനായ ഇസ്ഹാഖിനെയാണു് ആടിനെയും കോഴിയെയുമെല്ലാമെന്നപോലെ കഴുത്തറുത്തു് കൊന്നു് അല്ലാഹുവിനു് ബലി അർപ്പിക്കാൻ കൊണ്ടുപോയതു്. അവിടെയും ദൈവം കൃത്യസമയത്തു് എസ്ക്കെയ്പ്പ് ബട്ടൺ അമർത്തിയതിനാൽ ആ പയ്യനും രക്ഷപെടുകയാണുണ്ടായതു്!

ഈ കഥകൾ സത്യാന്വേഷികൾക്കു് സത്യം കണ്ടെത്താൻ പറ്റിയ ഒരു സുവർണ്ണാവസരമാണു്. തന്റെ ദാസിയിൽ ജനിച്ചവനും ആദ്യത്തെ മകനുമായ ഇശ്മാഈലിനെയോ, അതോ തന്റെ ഒറിജിനൽ ഭാര്യയിൽ ജനിച്ചവനും രണ്ടാമത്തെ മകനുമായ ഇസ്ഹാഖിനെയോ ഇബ്രാഹിം ദൈവത്തിനു് ബലിയർപ്പിക്കാൻ കൊണ്ടുപോയതു്? അതോ, രണ്ടു് സന്ദർഭങ്ങളിലായി രണ്ടുപേരേയും ബലിയർപ്പിക്കാനായി കൊണ്ടുപോവുകയും രണ്ടു വട്ടവും ദൈവം അവരെ കൃത്യസമയത്തു് രക്ഷപെടുത്തുകയുമായിരുന്നോ?

ഏതായാലും ബലിപെരുന്നാൾ ചടങ്ങുകൾക്കു് ഇതൊരു തടസ്സമാവണ്ട. ആഘോഷങ്ങൾ നടക്കട്ടെ!

Sep 6, 2017, 11:41 AM

പ്രേമവും വെറുപ്പും അന്ധമല്ല, സ്വയം ഉള്ളിൽ പേറുന്ന അഗ്നി മൂലം അന്ധമാക്കപ്പെടുകയാണു് എന്നു് പറഞ്ഞതു് നീറ്റ്സ്ഷെയാണു്. പ്രേമത്തിനു് കണ്ണില്ലാത്തതിനാലല്ല, പ്രേമം പ്രണയികളുടെ മനസ്സിൽ, ചുരുങ്ങിയ പക്ഷം പ്രേമത്തിന്റെ ആരംഭഘട്ടങ്ങളിലെങ്കിലും, ജനിപ്പിക്കുന്ന അമിതമായ സുഖസന്തോഷങ്ങളുടെ തീജ്വാലയിൽ കണ്ണുകൾ അഞ്ചിപ്പോകുന്നതിനാലാണു് കാഴ്ചപ്പാടുകൾക്കു് തെളിമ ഇല്ലാതെ പോകുന്നതു്.

പ്രേമവും വെറുപ്പും പോലെതന്നെ, ദൈവഭക്തി, മതഭക്തി, പാർട്ടിഭക്തി തുടങ്ങിയ ഭക്തികളുടെ വിവിധ ഇനങ്ങൾക്കും കാര്യങ്ങളെ നിർവ്വികാരതയോടെ നോക്കിക്കാണാനുള്ള മനുഷ്യന്റെ കഴിവിനെ നശിപ്പിക്കാൻ കഴിയും. അതിൽ അത്ഭുതവുമില്ല. സ്വന്തമായതിനോടു് സ്നേഹവും അന്യമായതിനോടു് വെറുപ്പും പ്രകടിപ്പിക്കലാണല്ലോ ഭക്തിയുടെ അടിസ്ഥാനസ്വഭാവം തന്നെ!

റോഹിൻഗ്യൻ മുസ്ലീമുകൾ കൊല ചെയ്യപ്പെടുമ്പോൾ അതിനെതിരെ രോഷം കൊള്ളാനും, റോഹിൻഗ്യൻ മുസ്ലീമുകൾ കൊല ചെയ്യുമ്പോൾ അതിനെ അനുകൂലിച്ചു് ന്യായീകരണങ്ങൾ ചമയ്ക്കാനും ഒരുവനു് കഴിയുന്നുണ്ടെങ്കിൽ അതു് വിരൽ ചൂണ്ടുന്നതു് “സ്വന്തം-അന്യം” എന്ന ദ്വന്ദ്വത്തിൽ അധിഷ്ഠിതമായല്ലാതെ ചിന്തിക്കാനുള്ള അവന്റെ കഴിവില്ലായ്മയിലേക്കാണു്.

ജീവിക്കാനുള്ള മനുഷ്യന്റെ മൗലികമായ അവകാശം നിഷേധിക്കപ്പെടുന്നതു് ഏതു് രാജ്യത്തിലായാലും ഏതു് ഐഡിയോളജികളുടെ അടിസ്ഥാനത്തിലായാലും അംഗീകരിക്കാനാവുന്ന കാര്യമല്ല. അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നവൻ അതുവഴി അവന്റെ നീചത്വത്തിനു് അടിവരയിടുക മാത്രമാണു് ചെയ്യുന്നതു്.

ഇറാഷണാലിറ്റിയും ഇമോഷണാലിറ്റിയുമാണു് ഭക്തി ലോകങ്ങളുടെ സ്വഭാവം തന്നെ. റീസൺ, ലോജിക് തുടങ്ങിയ ശാസ്ത്രലോകത്തിന്റെ പണിയായുധങ്ങൾ കൊണ്ടു് ആ ലോകത്തിലെ മണ്ണിൽ തടമെടുക്കാനോ ബൗദ്ധികമായ മുന്തിരിവള്ളികൾ നട്ടു് നനച്ചു് വളർത്തി വിളയിക്കാനോ (ബൈബിളിനോടു് കടപ്പാടു്) ആവില്ല. സ്രഷ്ടാവു് സൃഷ്ടിക്കാത്ത ഒന്നും ഇല്ലാത്ത ഈ പ്രപഞ്ചത്തിനു് ഒരു സ്രഷ്ടാവിനെ സൃഷ്ടിച്ചു് വച്ചിരിക്കുന്ന തരം ബുദ്ധിരാക്ഷസരുടെ ലോകമല്ലേ?

തങ്ങൾ നിൽക്കുന്ന തറയിലെ മണ്ണു് കാലിനടിയിൽ നിന്നും ഒലിച്ചുപോകുന്നു എന്നറിയുമ്പോൾ അങ്കലാപ്പു് പിടിക്കുന്ന മതപരമോ, ആശയപരമോ ആയ ഇമോഷണൽ, ഇറാഷണൽ മോൺസ്റ്ററുകളുടെ ആദ്യത്തേയോ അവസാനത്തേയോ ഇരയല്ല ഗൗരി ലങ്കേഷ്. വ്യക്തികളെ നശിപ്പിക്കാമെന്നല്ലാതെ, ആശയങ്ങളെ നശിപ്പിക്കാനാവില്ല. എത്ര തല്ലിക്കെടുത്താൻ ശ്രമിച്ചാലും, ആ ആശയങ്ങളുടെ ആത്മാവിൽ യുക്തിഭദ്രതയുടെ, മനുഷ്യരുടെ സമാധാനപരമായ സഹവർത്തിത്വത്തിന്റെ, മനുഷ്യവർഗ്ഗനന്മയുടെ കനലുകളുണ്ടെങ്കിൽ, ഇന്നല്ലെങ്കിൽ നാളെ ആർക്കും കെടുത്താനാവാത്ത വിധം ഒരു മഹാജ്വാലയായി അതു് ആളിക്കത്തുകതന്നെ ചെയ്യും. കൊടുക്കുന്തോറും ഏറിവരുന്ന വിദ്യാധനം പോലെതന്നെ.

Sep 6, 2017, 2:11 PM

മുഴുത്ത കുറച്ചു് ഇഡ്ഡലിപ്പാത്രങ്ങളും ഏതാനും പുട്ടുകുറ്റികളും ഒന്നുരണ്ടു് ചാർജിങ് കേബിളുകളും കിട്ടിയിരുന്നെങ്കിൽ ഒരു ഹൈഡ്രജൻ ബോംബുണ്ടാക്കാമായിരുന്നു.

Sep 26, 2017, 11:54 AM

അല്ലാഹു ബുദ്ധിമാനും സമാധാനകാംക്ഷിയും ദീർഘദൃഷ്ടിയുള്ളവനുമാവാനേ വഴിയുള്ളു. അല്ലെങ്കിൽ മനുഷ്യർ മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കുന്നതു് നിരോധിക്കണമെന്നു് അദ്ദേഹത്തിനു് തോന്നുമായിരുന്നില്ല എന്നാണു് എനിക്കു് തോന്നുന്നതു്.

ഒന്നാലോചിച്ചാൽ, ചിത്രമായാലും സിൽമയായാലും എല്ലാം ഒരുതരം പടമാണെങ്കിലും, ഒന്നു് വ്യാഖ്യാനിച്ചാൽ അതു് അങ്ങനെയല്ല എന്നു് വരുത്തിത്തീർക്കാവുന്നതേയുള്ളു. ചിത്രം വരയ്ക്കാൻ അനുവാദമില്ലാത്തതു് സിൽമ പിടിക്കാൻ ഒരു തടസ്സമല്ല എന്നു് വരുത്തിത്തീർക്കൽ അത്ര ദുഷ്കരമായ ഒരു കാര്യമല്ലെന്നു് മറ്റാർക്കും അറിയില്ലെങ്കിലും അല്ലാഹുവിനു് അറിയാതിരിക്കുമോ?

അതുവഴിയാവണം, സിൽമ ദൈനംദിനജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായ കേരളത്തിൽ ആർക്കെങ്കിലും – യേശുവിന്റെ ജീവിതത്തെപ്പറ്റിയൊക്കെ സിൽമകൾ ഉള്ളതുകൊണ്ടു് പ്രത്യേകിച്ചും – മുഹമ്മദ് നബിയുടെ ജീവിതത്തെപ്പറ്റിയും ഒരു സിൽമ പിടിക്കണമെന്നു് തോന്നിക്കൂടായ്കയില്ല എന്ന നിഗമനത്തിലേക്കു് അല്ലാഹു എത്തിച്ചേർന്നതു്.

അങ്ങനെയൊരു സിൽമയിൽ ഒരു സൂപ്പർസ്റ്റാറിൽ താഴെയുള്ള ആരെക്കൊണ്ടെങ്കിലും മുഹമ്മദ് നബിയെ അവതരിപ്പിക്കാൻ സാധാരണഗതിയിൽ ഏതെങ്കിലും ഒരു സംവിധായകൻ തയ്യാറാവുമെന്നു് തോന്നുന്നില്ല. ബോക്സോഫീസ് ഒരു ചെറിയ ഓഫീസല്ല. അൻപതറുപതു് വയസ്സിൽ താഴെയുള്ള സൂപ്പർ സ്റ്റാറുകൾ കേരളത്തിൽ ദുർലഭചരക്കായതിനാൽ, വൃദ്ധനായ മുഹമ്മദിന്റെ ഭാര്യയായി അഭിനയിക്കാൻ ഒൻപതു് വയസ്സുകാരിയായ അയിഷയും, നാല്പതു് വയസ്സുകാരിയായ ഖദീജയുടെ ഭർത്താവായി അഭിനയിക്കാൻ താൻ നിത്യഇരുപത്തഞ്ചുകാരനായ യുവതുർക്കനാണെന്നു് ഉത്തമബോദ്ധ്യമുള്ളതിനാൽ സൂപ്പർ സ്റ്റാറും വിസമ്മതിക്കുമെന്നുറപ്പു്.

വിവിധയിനം ഫാൻ ക്ലബ്ബുകൾ പഴയ ചോറ്റു് ക്ലബ്ബുകളുടെ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ അതു് ധാരാളം മതി കേരളം (ചുരുങ്ങിയ പക്ഷം ഫ്ലക്സ് ബോർഡുകളെങ്കിലും) നിന്നും കിടന്നും കത്താൻ! അതുപോലൊരു മഹാദുരന്തം ഒഴിവാക്കാനാവണം കരുണാനിധിയും സമാധാനിയും ദീർഘദർശിയുമായ അല്ലാഹു പഴയ ലോകത്തിൽ മുഹമ്മദ് നബിയുടെ ചിത്രം വരയ്ക്കലും അതിന്റെ മറ്റൊരു വേർഷനായ ചിത്രം പിടിക്കൽ ആധുനിക ലോകത്തിലും നിരോധിച്ചതു്.

Sep 26, 2017, 11:56 AM

ഉഷ്ണം ഉഷ്ണേന ശാന്തി എന്ന തത്വം നിസ്സാരമെന്നു് കരുതി തള്ളിക്കളയാവുന്ന വെറുമൊരു കുറുമൊഴിയല്ല. ഭൂമദ്ധ്യരേഖയോടുള്ള അടുപ്പം മൂലം ശാരീരികമായും, ആദ്ധ്യാത്മികതയോടുള്ള അടുപ്പം മൂലം ആത്മീയമായും ചുട്ടുപൊള്ളി ജീവിക്കേണ്ടി വരുന്ന അനേകം ചൂടൻ ജന്മങ്ങളുടെ ദീർഘകാലത്തെ ജീവിതാനുഭവങ്ങൾ കടഞ്ഞെടുത്ത ഒരു പൊതുവിജ്ഞാനമാണതു്.

ഉഷ്ണത്തിൽ നിന്നുള്ള മോചനത്തിനു് മാത്രമല്ല, ദുരിതങ്ങളിൽ നിന്നുള്ള ആശ്വാസത്തിനും ഈ തത്വം ബാധകമാണു്: ദുരിതം ദുരിതേന ശാന്തി! അതുപോലെതന്നെ, ചില രാജ്യങ്ങളിലെ ഭരണകർത്താക്കളെ ശ്രദ്ധിച്ചാൽ, സമാനമായ തത്വങ്ങൾ ഉപയോഗിച്ചാണു് അവിടങ്ങളിൽ ജനം അവരെ ഭരിക്കേണ്ടവരെ തിരഞ്ഞെടുക്കുന്നതെന്നും മനസ്സിലാക്കാൻ കഴിയും: ദുരന്തം ദുരന്തേന ശാന്തി!

Sep 30, 2017, 1:44 PM

വിജയദശമിനാളിൽ കേരളത്തിലെ കുഞ്ഞുങ്ങളുടെ നാവിൽ സ്വർണ്ണം കൊണ്ടു് ഹരിശ്രീ എന്നെഴുതി വേണം വിദ്യാരംഭം കുറിക്കാൻ എന്നു് കാൾ മാർക്സാചാര്യൻ പറഞ്ഞിട്ടുണ്ടു്. ഭാവിജീവിതത്തിൽ, പ്രത്യേകിച്ചും രാഷ്ട്രീയത്തിൽ, അഴിമതിയും, തീവെട്ടിക്കൊള്ളയും, മാഫിയാമാതൃകയിലുള്ള മറ്റു് സർവ്വമാന കള്ളത്തരങ്ങളും വഴി സ്വരൂപിക്കുന്ന സ്വത്തുവകകൾ ശവക്കല്ലറകളെ വെള്ളപൂശുന്നതു പോലെ സ്വർണ്ണംപൂശി മിനുക്കാനും ഫാൻ ക്ലബ്ബ് അംഗങ്ങളുടെ കണ്ണിൽ പൊടിയിട്ടു് ആവേശഭരിതരാക്കി എന്നാളും പുറകെ നടത്താനും അതു് സഹായിക്കുമത്രെ!

അതുപോലെ, കുഞ്ഞിനെക്കൊണ്ടു് “ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ” എന്നു് അരിയിലും മണലിലുമെല്ലാം എഴുതിക്കുമ്പോൾ ഒറ്റവിരൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചിട്ടുണ്ടു്. ഭാവിയിൽ മുറുമുറുക്കാനുമായി ഇടപെടേണ്ടി വരുന്നകാലത്തു് വെറ്റിലയിൽ ചുണ്ണാമ്പു് തേയ്ക്കൽ, സ്മാർട്ട് ഫോൺ സ്വന്തമാവുമ്പോൾ അതിലൂടെ വിരൽ കൊണ്ടുള്ള തോണ്ടൽ, മറ്റു് വിവിധയിനം തോണ്ടലുകൾ, തേപ്പുകൾ, തേച്ചൊട്ടിക്കലുകൾ തുടങ്ങിയ വൈകാരികവിഷയജ്ഞാനങ്ങൾ വിദ്യാരംഭത്തിലേതന്നെ മനസ്സിൽ പതിപ്പിക്കാൻ അതു് കുഞ്ഞുങ്ങളെ സഹായിക്കുമെന്നു് മാർക്സ്.

ഒറ്റവിരൽ (ചൂണ്ടുവിരലിനു് പകരം നടുവിരലായാൽ ഒന്നുകൂടി മെച്ചം!) ഉപയോഗിച്ചു് എഴുതിയാൽ മറ്റൊരു ഗുണം കൂടിയുണ്ടു്. വിദ്യാഭ്യാസം വഴി കുഞ്ഞിനു് കൈവരിക്കാൻ കഴിയുന്ന പരമാവധി IQ എത്രയാണെന്നു് അറിയാൻ മറ്റൊരു ടെസ്റ്റിന്റെ ആവശ്യമില്ല: IQ = 1.

ഐൻസ്റ്റൈൻ, നീൽസ് ബോർ, ഹൈസൻബെർഗ് തുടങ്ങിയ എത്രയോ ശാസ്ത്രജ്ഞരെ “നിലത്തെഴുത്തിനു്” ഇരുത്തിയപ്പോൾ ഇടതുകയ്യിലെ നടുവിരൽ കൊണ്ടു് ഹരിശ്രീ എഴുതണമെന്നു് അവരുടെ മാതാപിതാക്കൾ നിർബന്ധം പിടിച്ചതു് ശാസ്ത്രലോകത്തിന്റെ ഭാഗ്യം എന്നല്ലാതെ എന്തു് പറയാൻ?

ഇങ്ങനെയൊക്കെയാണെങ്കിലും, ഡിങ്കമതവിശ്വാസികൾ അവരുടെ മക്കളുടെ വിദ്യാരംഭത്തിനു് തികച്ചും വ്യത്യസ്തമായ ഒരു രീതിയാണു് സ്വീകരിച്ചു് കാണുന്നതു്! പരാജയദശമിനാളിൽ വിദ്യ ആരംഭിക്കേണ്ട കുഞ്ഞുങ്ങൾക്കു് ചുറ്റുമിരുന്നു് അവർ “ഡിങ്കോൾഫി ഡിങ്കോൾഫൗ ഡിങ്കോൾഫം ഡിങ്കോൾഫഹഃ” എന്ന മൃത്യുജ്ജയശ്ലോകം പെന്തക്കൊസ്തുകാരുടെ മാതൃകയിൽ തമ്പേറു് കൊട്ടി പാടും; കുഞ്ഞുങ്ങൾ അതു് കേട്ടു് തലയാട്ടി മധുരക്കപ്പമിട്ടായി നുണഞ്ഞുകൊണ്ടിരിക്കും.

“വഴി ഏതായാലും കുഴിയിൽ വീണാൽ മതി” എന്നു് മഹദ്വചനം.

October 2017

Oct 11, 2017, 11:17 AM

രാഷ്ട്രീയം വെറുമൊരു പിള്ളേരു് കളിയാണെന്നു് കരുതുന്നവരല്ല മലയാളികൾ. അക്കാര്യത്തിൽ ഇടതുപക്ഷം വലതുപക്ഷം എന്ന വ്യത്യാസമൊന്നും അവർക്കില്ല. സ്വന്തം പാർട്ടി, ആസന്നമായ ഇലക്ഷൻ തുടങ്ങിയ വ്യക്തിനിഷ്ഠമോ, സങ്കുചിതമോ ആയ താത്പര്യങ്ങളെ മുൻനിർത്തിയല്ല, “പരംതീർന്ന” വസ്തുനിഷ്ഠതയുടെ അടിസ്ഥാനത്തിലാണു് അവർ ഓരോ കാര്യങ്ങളിലും തീരുമാനങ്ങൾ കൈക്കൊള്ളുന്നതു്. സരിത വിഷയം പ്രമാണിച്ചു് എന്റെ ഫെയ്സ് ബുക്ക് സ്ട്രീമിൽ സുനാമിപോലെ ഇരച്ചുകയറുന്ന സ്റ്റാറ്റസുകളുടെ ഗൗരവസ്വഭാവം വീക്ഷിച്ചുകൊണ്ടു് മറ്റൊരു നിഗമനത്തിൽ എത്തിച്ചേരാൻ എനിക്കാവതില്ല.

Oct 11, 2017, 11:21 AM

പൊട്ടിത്തെറിച്ചു് സുവർക്കത്തിലേക്കു് കെട്ടിയെടുക്കപ്പെടുന്ന ചാവേറുകൾക്കു് 72 ഹൂറികളെ ലഭിക്കുമെന്നതു് കേട്ടെഴുത്തിൽ പിണഞ്ഞ ഒരു പിഴവാണു്. 72 എന്നതു് ഹൂറികളുടെ എണ്ണമല്ല, കിട്ടാൻ പോകുന്ന ഹൂറിയുടെ പ്രായമാണു്. എങ്കിലും, സ്ത്രീകളുടെ ബാഹ്യസൗന്ദര്യത്തെ അവഗണിക്കുകയും, അവരുടെ ആന്തരസൗന്ദര്യത്തിനു് മാത്രം വിലകല്പിക്കുകയും ചെയ്യുന്നവർ എന്ന നിലയിൽ ചാവേറുകൾ നിരാശരാകേണ്ട കാര്യമില്ല. സുവർക്കത്തിൽ അവർക്കായി പതിച്ചു് വച്ചിരിക്കുന്ന കൃഷിസ്ഥലങ്ങളായ ഹൂറികൾ ധരിക്കുന്നതു് ശരീരം ആകെമൊത്തം (കണ്ണുകൾ ഉൾപ്പെടെ) മൂടുന്ന ഹിജാബുകളാണു്. അല്ലാഹു ചാനലിൽ നിന്നും കിട്ടിയ ബ്രേക്കിങ് ന്യൂസ്!

Oct 14, 2017, 12:08 PM

“ബലാൽ സംഗിക്കാൻ” വരുന്ന കെ. പി. ഉമ്മറിൽ നിന്നും രക്ഷപെടാൻ പ്രേംനസീറിന്റെ അടുത്തേക്കു് ഓടുന്നതിനിടയിൽ ബാലൻ കെ. നായരുടെ മുന്നിൽ ചെന്നു് പെടുന്ന മല്ലുസിൽമാനായികയുടെ അതേ അവസ്ഥയാണു് ഓരോ അഞ്ചു് വർഷം കൂടുമ്പോഴും വലത്തുനിന്നു് ഇടത്തോട്ടും, ഇടത്തുനിന്നും വലത്തോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കേണ്ടി വരുന്ന രാഷ്ട്രീയകേരളമണവാ(ലാ)ട്ടിയുടേതും.

അഞ്ഞൂറിലേറെ സിൽമകളിൽ “ഇരുട്ടിന്റെ ആത്മാവായി” അഭിനയിച്ചു് അഭിനയകലയുടെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കിയ പ്രേംനസീർ, ബലാൽസംഗസീനുകളിലൂടെ ആൺപെൺഭേദമില്ലാതെ മല്ലു സിൽമാപ്രേക്ഷകരിൽ സെക്ഷ്വൽ ഹോർമോണുകളുടെ ഉരുൾപൊട്ടലുകൾ സംഭവിപ്പിച്ചിരുന്ന കെ.പി. ഉമ്മർ, ബാലൻ കെ. നായർ!! (ഇതു് എന്റെ കാഴ്ചപ്പാടാണു് – തികച്ചും സബ്ജക്റ്റീവ്.)

അതൊക്കെ പഴയകാലം. പഴഞ്ചൻസിനെ സംബന്ധിച്ചു് നൊസ്റ്റാൾജിയ. ഇന്നു് കാലം മാറി. ഇന്നു്, നാട്യം, ബലാൽസംഗം തുടങ്ങിയ ലളിതകലാമേഖലകൾ പിടിച്ചടക്കാൻ സിൽമാലോകവും രാഷ്ട്രീയലോകവും മതലോകവും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണു് നടക്കുന്നതു്. പണ്ടു്, ഏതോ ഉണിക്കോനാരും ഉണിച്ചന്ത്രാരും തമ്മിലുള്ള മൂപ്പിളവു് തർക്കത്തിനു് ഒരു തീരുമാനം ഉണ്ടാക്കാനായി രണ്ടു് ചാവേറുകൾ (ആരോമൽ, അരിങ്ങോടർ) വെട്ടിയും കുത്തിയും ചാവുന്നതു് കണ്ടു് കുളിരണിഞ്ഞ മലയാളിക്കണ്ണുകൾക്കു് കൈവന്ന ഒരു നവസൗഭാഗ്യം! അതുകൊണ്ടാവാം, ഇന്നു്, ബലാൽസംഗത്തെ “ഹലാൽസംഗം” ആക്കാൻ മാത്രമല്ല, പീഡോഫൈലുകളെ ദിവ്യരും ആരാദ്ധ്യരുമാക്കി മാറ്റാൻ പോലുമുള്ള ശ്രമങ്ങളും കൊണ്ടുപിടിച്ചു് പുരോഗമിക്കുന്നതു്. വള്ളിക്കളസം -> ബർമൂഡ!

മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്നാണല്ലോ മാർക്‌സച്ചായനും പറഞ്ഞതു്. അതുകൊണ്ടു് സർബത്തിലും മാറ്റങ്ങൾ സംഭവിക്കേണ്ടതുണ്ടു്. ആരു് കണ്ടു? ബാർബർ ഷോപ്പാണെന്നു് കരുതി ഹോട്ടലിൽ ചെന്നു് കയറിയ വൃദ്ധനെ കറിവേപ്പിലപോലെ എടുത്തുകളഞ്ഞു്, അവന്റെ സ്ഥാനം, എൻജിനിയറിംഗ് കോളെജാണെന്നു് കരുതി ആർട്ട്സ് കോളെജിൽ ചെന്നു് കയറിയവൻ ഇന്നല്ലെങ്കിൽ നാളെ കയ്യടക്കിക്കൂടെന്നില്ല.

കേരളത്തിലെ രാഷ്ട്രീയ കീഴ്വഴക്കം അനുസരിച്ചു്, വിദ്യാഭ്യാസം എന്നതു് തെരുവിൽ സംഭവിക്കേണ്ട ഒരു ചടങ്ങായതിനാൽ ഏതു് കോളെജ് എന്നതു് തികച്ചും അപ്രസക്തമായ ഒരു കാര്യമാണുതാനും. വെടിക്കെട്ടുകാരുടെയും ഉടുക്കുകൊട്ടുകാരുടെയും ലോകത്തിൽ വെടിയ്ക്കും, കെട്ടിനും, ഉടുക്കിനും മാത്രമേ എന്തെങ്കിലും പ്രസക്തി ഉണ്ടാവേണ്ട കാര്യമുളളു.

Oct 16, 2017, 12:05 PM

“കൊല്ലാം, പക്ഷേ, തിന്നാനാവില്ല.”

(അഘോരികൾ അകലം പാലിക്കുക!)

Oct 19, 2017, 11:23 AM

ടോളെമെയിക് കോസ്മോളജിയുടെ അടിസ്ഥാനത്തിൽ നിലനിന്നിരുന്ന ജിയോ സെൻട്രിക് വേൾഡ് വ്യൂവിൽ നിന്നും (ഭൂമിയെ “ലോകത്തിന്റെ” കേന്ദ്രമായി സങ്കല്പിക്കുന്ന വിശ്വദർശനം) കോപ്പർനിക്കൻ കോസ്മോളജിയുടെ അടിസ്ഥാനത്തിലുള്ള ഹീലിയോസെൻട്രിക് വേൾഡ് വ്യൂവിലേക്കു് (സൂര്യനെ “പ്രപഞ്ചത്തിന്റെ” കേന്ദ്രമായി സങ്കല്പിക്കുന്ന ലോകദർശനം) ഓക്സിഡെന്റൽ മനുഷ്യരുടെയിടയിൽ സംഭവിച്ച മാറ്റത്തെ സൂചിപ്പിക്കാനാണു് “കോപ്പർനിക്കൻ റെവൊല്യൂഷൻ” എന്ന പ്രയോഗം സാധാരണയായി ഉപയോഗിക്കപ്പെടുന്നതു്. കോപ്പർനിക്കസ് കോസ്മോളജിയിലും, യൂക്ലിഡ് ജിയോമെട്രിയിലും എന്നപോലെ, ഫിലോസഫിയിലും ചിന്താരീതിയിൽ ഒരു പരിവർത്തനം ആവശ്യമാണെന്നു് “ക്രിട്ടിക് ഓഫ് പ്യുവർ റീസൺ” എന്ന തന്റെ ഗ്രന്ഥത്തിൽ ഇമ്മാന്വേൽ കാന്റും പറഞ്ഞിട്ടുള്ളതുകൊണ്ടാവാം, ആ പ്രയോഗത്തെ കാൻറുമായി പലരും ബന്ധിപ്പിക്കാറുണ്ടു് – അതിന്റെ ഉപജ്ഞാതാവു് കാന്റല്ലെങ്കിലും.

വാനഗോളങ്ങൾ പ്രദർശിപ്പിക്കുന്ന പ്രതിഭാസങ്ങളെ വിശദീകരിക്കാൻ നിലവിലിരിക്കുന്ന പ്രമാണങ്ങൾക്കു് കഴിയാതെ വന്നപ്പോൾ, (വിപരീതമായ) മറ്റൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് അവയെ വീക്ഷിച്ചു് പ്രതിസന്ധിക്കു് പരിഹാരം കാണുകയായിരുന്നു കോപ്പർനിക്കസ്.

പറഞ്ഞുതുടങ്ങിയതു് ആനയെപ്പറ്റി ആണെങ്കിലും, പറയാൻ ഉദ്ദേശിച്ചതു് കുഴിയാനയെപ്പറ്റിയാണു്. അതിത്രയേയുള്ളു: “ഞാൻ മനസ്സിലാക്കിയ കമ്മ്യൂണിസം ഇങ്ങനെയല്ല”, “ഞാൻ മനസ്സിലാക്കിയ ഇസ്ലാം ഇങ്ങനെയല്ല” എന്നെല്ലാം ദുഃഖിക്കേണ്ടിവരുന്നവർക്കും പ്രയോഗിച്ചു് നോക്കാവുന്ന ഒരു മോഡുസ് ഓപ്പറാൻഡിയാണു് ഈ “കോപ്പർനിക്കൻ റെവൊല്യൂഷൻ”. കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും “ഞാൻ” മനസ്സിലാക്കിയ കമ്മ്യൂണിസത്തിനും ഇസ്ലാമിസത്തിനും വിപരീതമെന്നോണം പ്രവർത്തിക്കുന്നതു് കാണുമ്പോൾ, അവയെ മറ്റൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടു് വീക്ഷിക്കാൻ ശ്രമിച്ചാൽ, വീക്ഷകന്റെ മുന്നറിവു് അതിനു് പര്യാപ്തമാണെങ്കിൽ, ഒരുപക്ഷേ, തന്റെ മനസ്സിലാക്കലിൽ നിന്നും വഴുതിപ്പോയ അവയുടെ യഥാർത്ഥരൂപം പിടികിട്ടിക്കൂടെന്നില്ല.

“മറ്റു് ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ കാളൻ നെല്ലാവുന്നതുപോലെ” ഈ സ്ട്രാറ്റെജി “എന്റെ” മനസ്സിലാക്കലുകളെ പരാജയപ്പെടുത്തുന്ന എല്ലായിനം ഐഡിയോളജികൾക്കും ഡോക്ട്രിനുകൾക്കും ബാധകമാക്കാവുന്നതാണു്.

“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു് ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു് നിങ്ങൾ അറിയുന്നുവല്ലോ” എന്നു് യേശു ബൈബിളിൽ പറയുന്നപോലെ, വൈരുദ്ധ്യാത്മകഭൗതികവാദികൾ ദേവാലയങ്ങൾക്കു് മുന്നിൽ തലകുത്തി നിൽക്കുന്നതു് കാണുമ്പോൾ അറിഞ്ഞുകൊൾക: ആത്മീയാധിഷ്ഠിതവൈരുദ്ധ്യവാദത്തിലേക്കു് ട്രാൻസ്-സബ്സ്റ്റാൻഷ്യേഷൻ സംഭവിച്ചു് ഭക്തിമാർഗ്ഗത്തിലേക്കു് തിരിഞ്ഞുനടക്കുന്ന വൈരുദ്ധ്യാധിഷ്ഠിതഭൗതികവാദം അന്ത്യകൂദാശ സ്വീകരിക്കാൻ അതിന്റെ ജന്മശത്രുക്കളുടെ അടുത്തുതന്നെ അഭയം തേടിയിരിക്കുന്ന കാഴ്ചയാണു് നിങ്ങൾ അവിടെ കാണുന്നതു്.

Oct 19, 2017, 11:33 AM

As seen on Facebook:

“Why is the state of Kerala is targetted?
Because, it is the state that champions the values, that strengthen secularism, democracy & socialism”

  • How many mistakes are treated as aesthetically pleasing, politically correct, and linguistically elite in two sentences of a political propaganda?

Oct 21, 2017, 1:09 PM

ഒരു പാർക്കിംഗ് ഏറിയയിൽ വരച്ചിട്ടിരിക്കുന്ന 6 എന്ന അടയാളം അതിനെ എവിടെ നിന്നാണു് നോക്കുന്നതു് എന്നതിനനുസരിച്ചു് ആറു് എന്ന അക്കമായോ, ഒൻപതു് എന്ന അക്കമായോ മനസ്സിലാക്കപ്പെടാം. ഇടത്തോട്ടോ വലത്തോട്ടോ നോക്കാൻ കഴിയാത്തവിധം ആ രണ്ടു് “സങ്കുചിത”സ്ഥാനങ്ങളിൽ നിന്നുകൊണ്ടു് അതിനെ വീക്ഷിക്കുന്ന രണ്ടുപേർക്കു് ജീവിതകാലം മുഴുവൻ അതു് 6 ആണെന്നും, അല്ല 9 ആണെന്നും തർക്കിച്ചുകൊണ്ടിരിക്കാം. അവരുടേതായ കാഴ്ചപ്പാടുകളിൽ നിന്നു് നോക്കുന്ന ആർക്കും അതിൽ തെറ്റോ അയുക്തമോ ആയി ഒന്നും കാണാനുമാവില്ല. അതേസമയം, മുകളിലേക്കും താഴേക്കുമെന്നപോലെതന്നെ, ഇടത്തോട്ടും വലത്തോട്ടും സ്വതന്ത്രമായി കാണാനാവുന്ന ഒരു സ്ഥാനത്തേക്കു് അവരെ രണ്ടുപേരേയും ഉയർത്തി നിർത്താനായാൽ, ആ അടയാളം ഒന്നുകിൽ, …4, 5, 6, 7, 8… എന്നോ, അല്ലെങ്കിൽ, …7, 8, 9, 10… എന്നോ ഉള്ള പാർക്കിങ് നമ്പരുകളുടെ ഒരു ഭാഗമാണെന്നു് കാണാനും, അതുവഴി ആറോ ഒൻപതോ ശരി എന്നു് തീരുമാനിക്കാനും കഴിയും.

പക്ഷേ, പറയുന്നത്ര എളുപ്പമല്ല ഈ “ഉയർത്തൽ” എന്ന പരിപാടി. മരിച്ചഴുകി മണ്ണിനോടു് ചേർന്നവരുടെ ഉയിർത്തെഴുന്നേല്പിലും മറ്റും വിശ്വസിക്കുന്ന മനുഷ്യരെ അവർ ജീവിച്ചിരിക്കുമ്പോൾതന്നെ പിടിച്ചുയർത്തുക എന്നൊക്കെ പറഞ്ഞാൽ അതൊരു സിസിഫിയൻ ടാസ്ക്കായിരിക്കും. ആ നേരംകൊണ്ടു് മോദിയുടെ കോട്ടിനേയോ മുൻഭാര്യയേയോ മറ്റോ പറ്റി ഫെയ്സ്ബുക്കിൽ മിനിമം പത്തു് സ്റ്റാറ്റസുകളെങ്കിലുമിടാം. കുറഞ്ഞതു്, ഒരു നൂറു് ലൈക്കും, “കിടുവേ”, “ഒട്ടിച്ചു് തേച്ചവൻ മച്ചാൻ” എന്നും മറ്റുമുള്ള “അയ്മ്പതു്” കമന്റുകളും ഉറപ്പു്.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ, മണി വീലിനെ (mani-chos-‘khor) കയ്യിൽ പിടിച്ചു് clockwise-anticlockwise ദിശകളിൽ നിരന്തരം തിരിച്ചുകൊണ്ടു് അതിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന പ്രാർത്ഥനാമന്ത്രത്തെ “കുടുകുടു” ശബ്ദതരംഗങ്ങളായി ട്രാൻസ്ഫോം ചെയ്തു് ശാസ്ത്രീയമായിത്തന്നെ ഈശ്വരസന്നിധിയിലേക്കു് എത്തിക്കാൻ ശ്രമിക്കുന്ന ടിബറ്റൻ ബുദ്ധിസ്റ്റുകളെ (അധികപങ്കും സ്ത്രീകൾ) ഒരു കാരണവശാലും പിടിച്ചുയർത്താൻ ശ്രമിക്കരുതു്. ഭക്തരുടെ, പ്രത്യേകിച്ചും അവരിലെ വൃദ്ധരായ മനുഷ്യരുടെ ആത്മീയഭാഗ്യാനുഭൂതികളെ തല്ലിത്തകർക്കാനുള്ള അവകാശം ചാത്രജ്ഞർക്കില്ല. വേണമെങ്കിൽ, കാര്യങ്ങളുടെ കിടപ്പുവശം അത്രതന്നെ “എക്സോസ്റ്റഡ്” അല്ലാത്ത അവരുടെ മക്കളോടോ, മക്കളുടെ മക്കളോടോ മറ്റോ അധികം ഒച്ചപ്പാടുണ്ടാക്കാതെ പറഞ്ഞു് മനസ്സിലാക്കാൻ ശ്രമിക്കാമെന്നേയുള്ളൂ.

മരണാനന്തരജീവിതം, നല്ല നാളെ തുടങ്ങിയ ഡിങ്കോൾഫികൾ അവയിൽ വിശ്വസിക്കുന്ന ഭക്തരുടെ വെറും അഭിപ്രായങ്ങളാണെന്നു് തെറ്റിദ്ധരിക്കരുതു്, അവരെ സംബന്ധിച്ചു് അവ എന്തു് വിലകൊടുത്തും സംരക്ഷിക്കേണ്ടതും ഗംപ്ലീറ്റ് ശാസ്ത്രീയവുമായ നിലപാടുകളാണു്. അതുകൊണ്ടാണു് നിലപാടുതറയിലെ കളിമണ്ണു് തോണ്ടിക്കളയാൻ ഒരു മണ്ണുമാന്തിക്കപ്പലിനേയും അവർ അനുവദിക്കാത്തതു്.

Oct 26, 2017, 10:22 AM

കോളണിവാഴ്ചക്കാലത്തു് സായിപ്പന്മാർക്കെതിരായി കാര്യമായ ദ്രോഹങ്ങളൊന്നും ചെയ്യാൻ കഴിയാതെ പോയതിൽ വളരെ ദുഃഖിക്കുന്നവരാണു് കേരളീയർ. വടക്കു് കേന്ദ്രീകരിച്ചായിരുന്നല്ലോ സായിപ്പന്മാരുടെ ചവിട്ടുനാടകങ്ങൾ അധികവും അരങ്ങേറിയിരുന്നതു്. ഇടയ്ക്കിടെ അവർ പെരുമ്പാവൂർ- കോതമംഗലം-നേര്യമംഗലം വഴി കണ്ണൻദേവനിൽ തേയില നുള്ളാൻ പോകാറുണ്ടായിരുന്നിരിക്കാമെങ്കിലും, സമസ്യാപൂരണത്തിനായി ഊട്ടുപുരയിലിരുന്നു് ഗുളുഗുഗ്ഗുളുഗുഗ്ഗുളുവിന്റെ നാനാർത്ഥങ്ങൾ തേടി തല പുകച്ചുകൊണ്ടിരുന്ന ലൈംഗികവിപ്ലവകവികളുടെ കണ്ണിൽ അവർ പെട്ടിരുന്നില്ല എന്നു് വേണം കരുതാൻ. ഭൗതികവിപ്ലവൻ മാർക്സ് സായിപ്പു് മതം മാറി നമ്പൂരിശ്ശൻ ആയി വന്നപ്പോഴേക്കും മറ്റു് സായിപ്പുമാർ ഇൻഡ്യ വിടുകയും ചെയ്തു!

അവരോടു് നേരിട്ടു് ചെയ്യാൻ കഴിയാതെപോയ കുലദ്രോഹങ്ങൾ അവരുടെ ഭാഷയോടെങ്കിലും ചെയ്യാനുള്ള ബാദ്ധ്യത മല്യാളികൾക്കുണ്ടെന്നാണു് എന്റെയും അഭിപ്രായം. “പക വീട്ടാനുള്ളതാണു്” എന്ന മല്ലുമാർക്സിയൻ മാക്സിം കണ്ടില്ലെന്നു് നടിക്കാനുള്ള അവകാശം തൊഴിലാളിക്കുമില്ല, മല്യാളിക്കുമില്ല. അതുകൊണ്ടു്, ഇങ്ഗ്ലീഷ് ഭാഷയെ കഴുത്തുഞെരിച്ചു് കൊല്ലുന്ന വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിയാപ്പീസിന്റെ നടപടി മാതൃകാപരമാണെന്നു് പറയാതെ വയ്യ. ഒരുപാടു് ഉപദേഷ്ടാക്കളുടെ ദീർഘവീക്ഷണമാവണം ആ തീരുമാനത്തിനു് പിന്നിൽ. അല്ലാതെ, മാതൃഭാഷയായ മലയാളംതന്നെ തെറ്റുകൂടാതെ എഴുതാനും, വിക്കുകൂടാതെ പറയാനും കഴിയാത്ത പ്രജകൾ വായിച്ചു് മനസ്സിലാക്കാനായി ആരെങ്കിലും ഇങ്ഗ്ലീഷിൽ വിജ്ഞാപനങ്ങൾ ഇറക്കുമോ? ഇതു് സായിപ്പന്മാരെ അടിയറവു് പറയിപ്പിക്കാനുള്ള സൂത്രം തന്നെ, സംശയമില്ല.

Oct 27, 2017, 1:03 PM

പഴനിയിൽ പോയിവന്ന ഹിന്ദുഭക്തന്റെ തലപോലെ, മകരക്കൊയ്ത്തു് കഴിഞ്ഞു് പാഴും ശൂന്യവുമായിക്കിടക്കുന്ന മ്യാൽക്കണ്ടങ്ങളിലായിരുന്നു ചെറുപ്പത്തിൽ ഞാൻ ജീവിച്ചിരുന്ന പ്രദേശത്തു് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളിവിപ്ലവങ്ങൾ അരങ്ങേറിയിരുന്നതു്. ചുവന്ന കൊടിതോരണങ്ങളും, പിണ്ടിലൈറ്റുകളും, ഉച്ചഭാഷിണിക്കോളാമ്പികളും, പെട്ടിപ്പാട്ടുമെല്ലാമായി അലങ്കരിക്കപ്പെട്ടിരുന്ന മ്യാൽക്കണ്ടങ്ങൾ. ബാൻഡ് മേളക്കാരോ പൂസ്ലൈഡ്-കുപ്പിവള-പീപ്പി-പക്കാവടക്കച്ചവടക്കാരോ ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ (അതുകൊണ്ടുതന്നെ സ്ത്രീകളും പീക്കിരിപ്പിള്ളേരും കുറവുമായിരുന്നു) ശരിക്കും പള്ളിപ്പെരുന്നാൾ പോലെ തന്നെ ആളുകൾ കൂടിയിരുന്ന ഒരു ആഘോഷമായിരുന്നു അതു്. പോക്കറ്റിൽ അത്യാവശ്യം ചില്ലറ ഉള്ള ബൂർഷ്വാസികൾക്കു് കട്ടൻ ചായയും പരിപ്പുവടയും വാങ്ങി കഴിക്കാനുള്ള സൗകര്യമൊക്കെ ഉണ്ടായിരുന്നു താനും. പള്ളിപ്പെരുന്നാളുകളുടെ ആർഭാടത്തിൽനിന്നും ഒട്ടും കുറയാതെ വേണം വിപ്ലവം നടത്താനെന്നു് നിർബന്ധം പിടിച്ചു് പ്രതിലോമകാരി എന്നു് മുദ്ര കുത്തപ്പെടാൻ അന്നാരും ഇഷ്ടപ്പെട്ടിരുന്നില്ലെന്നു് തോന്നുന്നു.

തീപ്പൊരി പ്രാസംഗികരായിരുന്നു മ്യാൽക്കണ്ടവിപ്ലവങ്ങളുടെ ലോക്കൊമോട്ടീവുകൾ. മൈക്കിന്റെ കഴുത്തിൽ പിടി കിട്ടിയാൽ പിന്നെ അവരെ ആന പിടിച്ചാലും കിട്ടില്ല. പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിൽ നിന്നും വരുന്ന മാർക്സിയൻ വാചാലതയുടെ, മൺസൂൺ കാലത്തെ തൊമ്മൻകുത്തു് വെള്ളച്ചാട്ടം പോലുള്ള ഒരു കുത്തിയൊഴുക്കായിരിക്കും പിന്നെ. ഒറ്റമുണ്ടും തോർത്തുമായി ജീവിക്കുന്ന കേരളത്തിലെ “ജന്മി-മുതലാളി-പൌരോഹിത്യ-ബൂർഷ്വാ” മേധാവിത്വത്തെ, ലുങ്കിയും തോർത്തുമായി ജീവിക്കുന്ന തൊഴിലാളിവർഗ്ഗം അണിചേർന്നു് നശിപ്പിക്കണമെന്ന വിപ്ലവാഹ്വാനങ്ങൾ! “ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിമൂന്നു് ജനുവരിമാസം ഇരുപത്തിമൂന്നാംതീയതി വൈകിട്ടു് ആറുമണിക്കു് വോൾഗാ നദിയുടെ തീരങ്ങളിൽ എന്തു് സംഭവിച്ചു എന്നും മറ്റും അവർ അലറി വിളിക്കുമ്പോൾ, പിളർന്ന വായോടെ സ്റ്റേജിലേക്കു് നോക്കി മ്യാൽക്കണ്ടത്തിൽ ഇരിക്കുന്ന കാലാൾപ്പട വിപ്ലവാവേശത്താൽ അന്തം വിടുമായിരുന്നു.

ചരിത്രസംബന്ധിയായ അത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴെല്ലാം, സത്യത്തിൽ അന്നു് അവിടെ എന്തു് സംഭവിച്ചു എന്നറിയാനുള്ള ആഗ്രഹം എനിക്കും ഉണ്ടായിട്ടുണ്ടെങ്കിലും, ഒരിക്കൽ പോലും പ്രാസംഗികനോ, കേൾവിക്കാരിൽ ആരെങ്കിലുമോ ആ ചോദ്യത്തിനു് വ്യക്തമായ ഒരു മറുപടി പറഞ്ഞതായി എനിക്കു് അനുഭവമില്ല. ദിനാന്ത്യങ്ങളിലെ പതിവുപോലെ, അന്നും വല്ല കാട്ടുതാറാവുകളും ഒടുക്കത്തെ തൂറലും തൂറി വോൾഗയുടെ തീരങ്ങളിൽ ഉറങ്ങാൻ പോയതായിരിക്കാം പ്രാസംഗികൻ സൂചിപ്പിച്ച സംഭവം എന്നു് സ്വയം ആശ്വസിപ്പിക്കുകയേ എനിക്കന്നു് നിവൃത്തിയുണ്ടായിരുന്നുള്ളു.

ചിന്താ ജെറോമിന്റേതായി ഫെയ്‌സ്ബുക്ക് സ്ട്രീമിൽ കഴിഞ്ഞ ദിവസം ആരോ ഷെയർ ചെയ്ത ഒരു കഷണം പ്രസംഗവും അന്നത്തെ മ്യാൽക്കണ്ടതീപ്പൊരിപ്രസംഗങ്ങളുടെ ഒരു ഏകദേശപാറ്റേണിലായിരുന്നു. ആ പ്രസംഗത്തിന്റെ പേരിൽ ആ സ്ത്രീയെ സോഷ്യൽ മീഡിയ കണ്ടമാനം ട്രോൾ ചെയ്തത്രെ! കഴിഞ്ഞ എട്ടുപത്തു് വർഷത്തെ സോഷ്യൽ മീഡിയയിലെ എന്റെ “പൊളിറ്റിക്കൽ എക്സ്പീരിയൻസ്” വച്ചു് പറഞ്ഞാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അനേകം പിറ്റ് ബുൾ ടെറിയറുകളുടെ ഇടയിലെ ഒരു ബൊളോങ്കാ സ്വെറ്റ്ന മാത്രമാണു് ചിന്താ ജെറോം. വെറുമൊരു കൂട്ടുപട്ടിസഖാവാകാതെ, ശരിക്കുമൊരു വേട്ടപ്പട്ടിസഖാവാകാതിരുന്നതാണു് ചിന്താ ജെറോമിനു് പറ്റിയ പിഴവെന്നു് തോന്നുന്നു. അതാണെങ്കിൽ അത്ര പ്രയാസമുള്ള ഒരു കാര്യവുമല്ല. പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുമ്പോൾ ധാരാളമായി ഹെജെമണികൾ കെട്ടിത്തൂക്കുക, പറ്റുന്നിടത്തെല്ലാം ഫാഷിസം, ഗ്രാംഷി, ചോംസ്കി, അനാക്രി തുടങ്ങിയ വാക്കുകൾ കുത്തിത്തിരുകുക, സാങ്കേതിക പദങ്ങൾ വേണ്ടുവോളം വാരി വിതറുക (മുൻകൂറായി അവ കാണാതെ പഠിച്ചുവയ്ക്കാൻ മറക്കരുതു്!), സ്വന്തമായി ആഹാരം കഴിക്കാനോ ശ്വസിക്കാൻ പോലുമോ കഴിവില്ലാത്ത ഊളകളാണു് താനൊഴികെ ലോകത്തിലുള്ള സകല മനുഷ്യരും എന്നു് സ്വയം വിശ്വസിപ്പിക്കുക, നിനക്കൊന്നും ഒരു ചുക്കും അറിയില്ല എന്ന സ്ഥായിഭാവം മുഖത്തു് വരുത്തുക. ഇത്രയൊക്കെ ഒപ്പിച്ചാൽ മതി, താനൊരു മാർക്സിയൻ റോട്ട് വൈലർ ആണെന്ന തോന്നൽ ചുറ്റും കൂടിയിട്ടുള്ള സാധുക്കളിൽ ജനിപ്പിക്കാൻ. മോദിയുടെ മലവും മൂത്രവും “ഡയലക്റ്റിക്കലായി” പരിശോധിച്ചു് തരം തിരിച്ചു് വഴി പോക്കരുടെ മുഖത്തേക്കു് വാരി എറിയലും റോട്ട് വൈലർ പട്ടം കെട്ടിയ പലരും പയറ്റി വിജയിക്കുന്നതു് കണ്ടിട്ടുള്ളതിനാൽ അതും ശ്രമിച്ചുനോക്കാവുന്നതാണു്.

(റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പൊതുവെയും, സ്റ്റാലിന്റെ കാലത്തു് പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റു് നേതാവിന്റെ കാവൽ നായ്ക്കൾക്കുണ്ടായിരുന്ന വില അറിയണമെന്നുള്ളവർ ഒന്നുകിൽ റഷ്യൻ ചരിത്രം പഠിക്കുക, അല്ലെങ്കിൽ ജോർജ്ജ് ഓർവെലിന്റെ അനിമൽ ഫാം വായിക്കുക.)

November 2017

Nov 14, 2017, 10:41 AM

പള്ളിവാളും കാൽച്ചിലമ്പും അരമണിയുമെല്ലാമണിഞ്ഞ ഒരു കോമരം “ഒഴിഞ്ഞുപോ ഒഴിഞ്ഞുപോ” എന്നലറിവിളിച്ചു് ഉറഞ്ഞുതുള്ളിയാലല്ലാതെ ഒരുമാതിരി ഒഴിയാബാധകളൊന്നും ഒഴിഞ്ഞുപോകില്ല.

പോയിട്ടില്ല, പോയിട്ടില്ല, പോയ ചരിത്രം കേട്ടിട്ടില്ല എന്നു് മഹദ്വചനം.

കാൽച്ചിലമ്പിനും അരമണിക്കും പള്ളിവാളിനും പകരം അരച്ചിലമ്പും മുക്കാൽമണിയും മുഴുവാളും ഉപയോഗിച്ചാൽ ശരിക്കും തട്ടു് തകർക്കും. അപ്പോൾ ഭൂതവും പ്രേതവും ഏതു് കണ്ടംവഴി ഓടിയാണു് ഒഴിഞ്ഞുപോയതെന്നു് ചോദിച്ചാൽ മതി.

Nov 19, 2017, 2:29 PM

നേതാക്കളുടെ വചനങ്ങളിലെ പാളിച്ചകൾ തിരിച്ചറിയപ്പെട്ടാൽ, അവ വിമർശിക്കപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്താൽ, തത്ക്ഷണം സ്ഥലത്തെത്തി അവരെ സംരക്ഷിക്കേണ്ടതു് തങ്ങളുടെ അനിവാര്യമായ ചുമതലയായി കരുതുന്നവരാണു് ഭക്തർ. അവരെസംബന്ധിച്ചു് അതു് നീതിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു സത്യസ്ഥിതി വെളിപ്പെടുത്തലല്ല, ഏതൊരു അടിമയും തന്റെ യജമാനനോടു് നിരുപാധികമായി പ്രദർശിപ്പിച്ചിരിക്കേണ്ട വിധേയത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുതരം ന്യായീകരണചാവേർ ഏർപ്പാടാണു്. സബ് കളക്ടർക്കു് വട്ടാണെന്നോ, സാമ്പത്തികസംവരണം വഴി തലമുറതലമുറകളായി ജാതിവ്യവസ്ഥ നിലവിലിരിക്കുന്ന ഒരു സമൂഹത്തിൽനിന്നും അസമത്വങ്ങൾ തുടച്ചു മാറ്റി “സ്ഥിതിസമത്വം” സ്ഥാപിക്കാനാവുമെന്നോ എല്ലാം വചനപ്രസവങ്ങൾ നടത്തുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ സംരക്ഷിക്കാൻ, അയാളെയൊക്കെ കമ്മ്യൂണിസ്റ്റ് എന്നു് തെറ്റിദ്ധരിച്ചു് പൊതുവിൽ കമ്യൂണിസ്റ്റുകാരെ വിമർശിക്കരുതെന്നോ, അനല്പം “ഡെൻസായ” ഒരുത്തൻ പറയുന്നതു് കേട്ടു് പാർട്ടിയിലെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവുമോ എന്നോ ഒക്കെയുള്ള മറുവചനങ്ങളാവും സംരക്ഷണപട്ടം കെട്ടിയ “സാൽവേഷൻ ആർമി” അടിമകളുടെ പ്രതികരണം. “പ്രതികരണം” എന്നു് തോന്നിക്കുന്ന എന്തെങ്കിലും വിളിച്ചുപറയാൻ പരാമർശിക്കപ്പെട്ട വിഷയത്തിൽ യാതൊരു ഗ്രാഹ്യവും ആവശ്യമില്ല എന്നതിനാൽ, നാൽക്കവലയിൽ നിന്നു് അത്യാവശ്യം നാട്ടുവർത്തമാനം പറയാൻ ശീലിച്ചിട്ടുള്ള ആർക്കും എണ്ണമറ്റ മറുവചനങ്ങൾ കണ്ടെത്താൻ പ്രയാസവുമില്ല.

(ദോഷം പറയരുതല്ലോ, ജനങ്ങൾക്കു് ജീവിക്കാൻ മതിയായ വരുമാനം ജോലി ചെയ്തു് ഉണ്ടാക്കാൻ പറ്റിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു് സമൂഹത്തിലെ സാമ്പത്തികമായ അസമത്വങ്ങൾ പരിഹരിക്കുന്നതിനേക്കാൾ വളരെ എളുപ്പമാണു് സ്വന്തം സമൂഹത്തിലെ തൊഴിൽശക്തിയെ അന്യദേശങ്ങൾക്കു് വിറ്റു് കിട്ടുന്ന കാശു് സാമ്പത്തികസംവരണം എന്ന പേരിലോ, വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താനും, കേന്ദ്രത്തിനെ സോപ്പിട്ടു് നിർത്താനും യോജിച്ച മറ്റെന്തെങ്കിലും കിടിലൻ പേരിലോ ആർക്കെങ്കിലുമൊക്കെ വീതിച്ചു് നൽകുന്നതു്. പോരെങ്കിൽ, മനുഷ്യന്റെയെന്നല്ല, പ്രപഞ്ചത്തിന്റെതന്നെ മിടിപ്പും കിതപ്പും സാമ്പത്തികത്തിലാണെന്നോ മറ്റോ മാർക്സും പറഞ്ഞിട്ടുണ്ടല്ലോ.)

താൻ എന്തിനെയാണു് പിൻതുടരുന്നതെന്നു് യുക്തിഭദ്രമായ ഒരു സെൽഫ്-റിഫ്ലക്ഷനിലൂടെ തിരിച്ചറിയാൻ ശ്രമിക്കാതെയോ, അല്ലെങ്കിൽ അതിനുള്ള കഴിവോ ധൈര്യമോ ഇല്ലാത്തതിനാലോ, രാഷട്രീയമോ മതപരമോ ആയ ആശയസംഹിതകളെയും വിശ്വാസപ്രമാണങ്ങളെയുമെല്ലാം അന്ധമായി പിൻതുടരുന്നവർക്കു് അവർ വിമർശിക്കുകയോ, വിമർശിക്കപ്പെടുകയോ ചെയ്യുമ്പോഴും കണ്ണു് കാണാതാവുമെന്നു് സോഷ്യൽ മീഡിയ മുടങ്ങാതെ കാണിച്ചു് തരുന്നുമുണ്ടു്. ആർഗ്യുമെന്റുകളാണു് യുക്തിയുടെ പണിയായുധം. ആർഗ്യുമെന്റുകൾ ഇല്ലാത്തവരുടേതു് മാരകായുധങ്ങളും!

P. S. പെണ്ണിനെന്നല്ല, ആണിനും ചാവേണ്ടതുണ്ടു്. കൂടാതെ, നരകത്തിലെന്നല്ല, സ്വർഗ്ഗത്തിലുമില്ല പള്ളിക്കൂടങ്ങൾ. അതുകൊണ്ടു് പഠിക്കാൻ ആർക്കെങ്കിലും വല്ല പ്ലാനുമുണ്ടെങ്കിൽ അതു് ഈ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ ആവുന്നതാണു് നല്ലതു്. അതുകൊണ്ടു് മറ്റൊരു ഗുണവുമുണ്ടു്: പഠിക്കാതെ വിമർശിച്ചു എന്നൊരു പരാതി കണ്ട കള്ളക്കാഫിറുകളിൽ നിന്നും കേൾക്കേണ്ടി വരില്ല.

Nov 21, 2017, 9:58 AM

ശ്രീ അയ്യപ്പനു് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിൽ, ശബരിമലയിൽ എത്തുന്ന സ്ത്രീകളോടു്, നിങ്ങൾ ഭയപ്പെടേണ്ടതു് എന്നെയല്ല, എന്നെ കാണാൻ വരുന്ന സ്വാമികളുടെ ഇടയിലെ ആസാമികളെയാണു് എന്നു് പറയുമായിരുന്നു എന്നാണെനിക്കു് തോന്നുന്നതു്.

പുരുഷദൈവങ്ങൾ പൊതുവേ സ്ത്രീകളോടു് അല്പമൊരു സോഫ്റ്റ് കോർണറുള്ളവരാണു്. സ്ത്രീദൈവങ്ങളുടെ കാര്യത്തിൽ അതത്ര ഉറപ്പായി പറയാനാവില്ല. തല്ലും തുപ്പുമേറ്റു്, തന്നേക്കാൾ വലിയ ഒരു കുരിശും ചുമന്നു് “തലയോട്ടിമലയിലേക്കു്” പോകുന്നതിനിടയിലും, തന്റെ പിന്നാലെ വിലപിച്ചുകൊണ്ടു് വരുന്ന സ്ത്രീകളെ നോക്കി, “യേരുശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ” എന്നൊരു നല്ല വാക്കു് പറയാനുള്ള ബാദ്ധ്യത തനിക്കുണ്ടെന്നു് മറക്കാതിരുന്ന ദൈവപുത്രനായ യേശുവിൽ പ്രവർത്തിക്കുന്നതു് ആ സോഫ്റ്റ് കോർണറല്ലെങ്കിൽ പിന്നെയെന്താണു്?

അതേസമയം, അണലികളേ, സർപ്പസന്തതികളേ, വെള്ളതേച്ച ശവക്കല്ലറകളേ എന്നൊക്കെയാണു് അച്ചങ്ങായി പുരോഹിതന്മാരെ വിളിച്ചിരുന്നതു്! ഒരു പട്ടിക്കു് മറ്റൊരു പട്ടിയെ കണ്ടുകൂടാ എന്ന തിയറിയുടെ അടിസ്ഥാനത്തിലാണു് യേശു ആ അസഭ്യവാക്കുകൾ ഉപയോഗിച്ചതെന്നു് ഞാൻ കരുതുന്നില്ല. ആരാണു് പറയുന്നതെന്നു് നോക്കിയാവണമല്ലോ നമ്മൾ ഒരാൾ പറയുന്നതിനെ വിലയിരുത്തേണ്ടതു്! അതുകൊണ്ടു്, ആ അസഭ്യവാക്കുകൾ ശബ്ദതരംഗങ്ങളായി വായിൽനിന്നും പുറത്തുവരത്തക്കവിധത്തിൽ യേശുവിന്റെ നാവിനെ വളച്ചതും തിരിച്ചതും ദൈവികമായ ഒരു ചോദനമായിരിക്കാനേ വഴിയുള്ളു.

മിക്കവാറും എല്ലാ മതങ്ങളിലും എന്നപോലെതന്നെ, യഹൂദമതത്തിലും പൌരോഹിത്യത്തിന്റെ ചുമതല വഹിക്കാനുള്ള അവകാശം പുരുഷന്മാർക്കേയുള്ളു. ആരാധിക്കപ്പെടേണ്ടുന്ന ദൈവം ആണോ പെണ്ണോ എന്ന വ്യത്യാസമൊന്നും അക്കാര്യത്തിലില്ല. പുരാതന ഗ്രീസിൽ എന്നപോലെ ചില അപവാദങ്ങൾ ഇല്ലാതെയുമില്ല. യോഹാന്നാ എന്നൊരു “മാർപ്പാപ്പിണി” കുറച്ചുനാൾ പത്രോസിന്റെ സിംഹാസനത്തിൽ വാണരുളിയിരുന്നത്രെ! കൈപ്പിഴ വന്നാൽ ഗ്രഹപ്പിഴയും വരുമെന്നൊരു പ്രമാണം കേരളത്തിലുണ്ടു്. പക്ഷേ, കൈപ്പിഴയുടെ കാര്യത്തിൽ സ്ത്രീകൾ കുറച്ചുകൂടി നിർഭാഗ്യവതികളാണു്. ഒരു പ്രായംമുതൽ ഒരു പ്രായംവരെ അവർക്കു് ഗ്രഹപ്പിഴയുടെ കൂടെ ഗർഭധാരണവും കയറിവന്നുകൂടെന്നില്ല. യോഹാന്നായ്ക്കു് സംഭവിച്ചതും അതാണത്രെ! ആ രീതിയിലൊരു “ഗ്രഹപ്പിഴ” രണ്ടായിരം വർഷങ്ങൾക്കു് മുൻപു് മറിയയ്ക്കും സംഭവിച്ചെങ്കിലും, ക്രൈസ്തവ പൌരോഹിത്യം ആ “അനർത്ഥത്തെ” അർത്ഥമാക്കി മാറ്റി, മറിയയെ ദൈവമാതാവും എത്ര പ്രസവിച്ചാലും കന്യകാത്വം വിട്ടുമാറാത്തവളുമാക്കി മാറ്റി ഇന്നും മനുഷ്യരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന കഥ മിക്കവാറും എല്ലാവർക്കും അറിവുള്ളതാണല്ലോ. വിഷയം സ്വന്തം ഭക്തി ആയിരിക്കുന്നിടത്തോളം, ഭക്തനു് അവന്റെ ഡിക്ഷണറിയിൽ ചൂഷണം എന്ന വാക്കു് കാണാൻ കഴിയില്ല. അതൊരു യൂണിവേഴ്സൽ ട്രൂത്താണു് എന്നുപോലും വേണമെങ്കിൽ പറയാം.

സ്ത്രീകൾക്കു് ദൈവത്തോടു് പ്രാർത്ഥിക്കാനും, ഭക്തിഗീതങ്ങൾ ആലപിക്കാനും, കുരിശിന്റെ പിന്നാലെ നടന്നു് വിലപിക്കാനും, (മറിയയെപ്പോലെ) ദേവാലയത്തിലെ മഹാപുരോഹിതനു് ശുശ്രൂഷ ചെയ്യാനുമെല്ലാമുള്ള അവകാശം നൽകപ്പെട്ടിട്ടുണ്ടു്. പക്ഷേ, കൊക്കിക്കൊക്കി ദൈവത്തിന്റെ മുറത്തിൽ കയറി കൊക്കാനുള്ള അവകാശം ഒരു മഹാപുരോഹിതനും സ്ത്രീകൾക്കു് നൽകിയിട്ടില്ല. മുറത്തിൽ കൊത്താൻ ആർക്കെങ്കിലും അവകാശമുണ്ടെങ്കിൽ അതു് മഹാപുരോഹിതനു് മാത്രം! ദൈവങ്ങളും അവരുടെ മഹാപുരോഹിതന്മാരും തമ്മിലുള്ള വ്യത്യാസവും അതു തന്നെ. ദൈവങ്ങൾ പൊതുവെ ലിബറലുകൾ ആയിരിക്കുമ്പോൾ, മഹാപുരോഹിതർ കടുത്ത സ്വേച്ഛാധിപതികളാണു്. കാരണം, മനുഷ്യരെപ്പോലെ ദൈവങ്ങൾക്കു് വിശപ്പോ ദാഹമോ ഇല്ല.

December 2017

Dec 1, 2017, 10:04 AM

സൈക്ലോൺ “ockhi” ശാസ്ത്രജ്ഞരെ കുരങ്ങു് കളിപ്പിച്ചതിനെപ്പറ്റി കൊച്ചിൻ സർവ്വകലാശാലയിലെ ഒരു കാലാവസ്ഥാശാസ്ത്രജ്ഞന്റെ വിശദീകരണം. ഒരു ഫെയ്സ്ബുക്ക് സ്റ്റാറ്റസിൽ കണ്ടതു്:

“ശ്രീലങ്കക്കു് സമീപം ഒരു ന്യൂനമർദ്ദമേഖല കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടെങ്കിലും അതു് സൈക്ലോണായി മാറുമെന്നു് കാലാവസ്ഥാ വിദഗ്ദ്ധർ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇന്നു് രാവിലെ അതൊരു ശക്തിയേറിയ സൈക്ലോണായി മാറി എന്ന കാര്യം അറിയുന്നതു് വരെ! അതാണു് മുന്നറിയിപ്പു് നൽകാനാവാത്ത സ്ഥിതിയിൽ എത്തിയതു്.”

ഇതിനെയാണു് നമ്മൾ സയന്റിഫിക് എക്സ്പ്ലനേഷൻ എന്നൊക്കെ പറയുന്നതു്. സൈക്ലോണായി മാറിയിട്ടും അതൊരു സൈക്ലോണാണെന്നു് അറിയാൻ കഴിയാതെ പോയിരുന്നെങ്കിൽ അതു് തികച്ചും അശാസ്ത്രീയവും മഹാമോശവുമായിരുന്നേനെ! ഇതിപ്പോൾ അങ്ങനെയൊന്നും സംഭവിച്ചില്ലല്ലോ. ദൈവാനുഗ്രഹം! സാധാരണഗതിയിൽ ഇന്നത്തെ കുളി നാലു് ദിവസം മുന്നേതന്നെ കുളിച്ചു് സ്വസ്ഥമാകുന്നവരാണു് മലയാളികൾ. പക്ഷേ, ചതിയിൽ വഞ്ചന പാടില്ലെന്നും, വെട്ടുമ്പോൾ പറഞ്ഞുവെട്ടി, എതിരാളിക്കു് ഒഴിഞ്ഞു് മാറാനുള്ള അവസരം നൽകണമെന്നുമൊന്നും, സമ്പൂർണ്ണസാക്ഷരത കൈവരിച്ചിട്ടില്ലാത്തതിനാൽ, ന്യൂനമർദ്ദമേഖലയ്ക്കു് അറിയില്ലല്ലോ.

ജീവിതകാലം മുഴുവൻ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ശ്വാസം വലിക്കുന്നവനായിരുന്നു അയാൾ. കട്ടിലിൽ കിടന്നു് അയാൾ വലിക്കുന്നതു് അയാളുടെ അന്ത്യശ്വാസമായി മാറുമെന്നു് ആരും പ്രതീക്ഷിച്ചില്ലെങ്കിലും, മരിച്ചശേഷം അക്കാര്യത്തിൽ ആർക്കും ഒരുവിധ സംശയവും ഉണ്ടായിരുന്നില്ല.

കേരളം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണെന്നു് മറ്റൊരു സ്റ്റാറ്റസിൽ കണ്ടു. അതു് അത്ര വലിയ ഒരു പ്രശ്നമായി കാണേണ്ടതില്ല എന്നാണു് എനിക്കു് തോന്നുന്നതു്. ദുരാരംഭമായി തുടങ്ങിയ ഒന്നു് ദുരന്തത്തിൽ ഒടുങ്ങുന്നതിൽ എന്തിനു് അത്ഭുതപ്പെടണം? മഴു എറിഞ്ഞു് സൃഷ്ടിക്കപ്പെട്ട ഒരു തുണ്ടു് ഭൂമിയാണു് കേരളം. അവിടെ കണ്ഠകോടാലികളല്ലാതെ മറ്റെന്തു് ഉരുത്തിരിയാൻ? “കശാപ്പിന്റെ ഇതിഹാസം” ശുഭപര്യവസായി ആയാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളു?

Dec 2, 2017, 11:34 AM

ഒരു ഇടത്താവളം എന്ന നിലയിൽ കുറച്ചു് വർഷങ്ങൾ ഭൂമിയിൽ ജീവിക്കേണ്ടതുണ്ടെങ്കിലും, മനുഷ്യജീവിതത്തിന്റെ യഥാർത്ഥലക്ഷ്യം മരണശേഷം സ്വർഗ്ഗത്തിൽ എത്തിച്ചേരലാണെന്നു് അറിയാത്ത ആരാണുള്ളതു്? അതറിയാത്തവനെ കഥയറിയാതെ ആട്ടം കാണുന്നവൻ എന്നോ, പഠിക്കാതെ വിമർശിക്കുന്നവൻ എന്നോ മറ്റോ വിളിച്ചു് ആദരിക്കാമെന്നല്ലാതെ, അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ ദൈവത്തെയും മരണാനന്തരജീവിതത്തെയുമെല്ലാം മനസ്സിലാക്കി, നന്മതിന്മകൾക്കു് അപ്പുറമെത്തി, സർവ്വസംഗപരിത്യാഗികളായി ജീവിക്കുന്ന നമ്മൾ ദൈവമക്കൾക്കു് മറ്റെന്തു് ചെയ്യാനാവും? വേണമെങ്കിൽ, മര്യാദയുടെ പേരിലോ, അല്ലെങ്കിൽ ഒരു രസത്തിനോ, നിനക്കൊന്നും ചാവേണ്ടേ സുഹൃത്തേ എന്നു് ചോദിക്കുകയും, ഒരല്പം മാറിനിന്നു് ആ ചോദ്യംവഴി അവനിൽ വല്ല മാനസാന്തരവും സംഭവിക്കുന്നുണ്ടോ എന്നു് ശ്രദ്ധിക്കുകയും ചെയ്യാമെങ്കിലും, “ഞാൻ മാനസാന്തരിപ്പിച്ചാലല്ലാതെ നീ മാനസാന്തരിക്കില്ല” എന്നു് റബ്ബുൽ ആലമീനായ തമ്പുരാൻ മനുഷ്യാരംഭത്തിനും ലോകാരംഭത്തിനും മുന്നേതന്നെ കട്ടായമായി കല്പിച്ചിട്ടുള്ളതിനാൽ, ഏതൊരു അവിശ്വാസിയും ഒരു പോക്കു് കേസാണെന്ന കാര്യത്തിലും, അവൻ ഒരു കാലത്തും സത്യവിശ്വാസത്തിലേക്കു് തിരിച്ചുവരില്ലെന്ന കാര്യത്തിലും നമുക്കു് സംശയം തോന്നാൻ പാടില്ല. തോന്നിയാൽ അതു് ദൈവനിന്ദയാണു്. കാരണം, മാനസാന്തരപ്പെടാൻ അർഹതയുള്ളവനായിരുന്നെങ്കിൽ അവനെ റബ്ബ് തന്നെ മാനസാന്തരിപ്പിക്കുമായിരുന്നു. അതിൽ ഒരു സംശയം വേണ്ട. ഡപ്പിയിൽ ഉണ്ടയുണ്ടെങ്കിൽ ഉണ്ടയുണ്ടു്, ഉണ്ടയില്ലെങ്കിൽ ഉണ്ടയില്ല എന്നാണല്ലോ മല്ലുസിൽമയും നമ്മെ പഠിപ്പിച്ചതു്. അതുപോലെതന്നെ കൃത്യവും മാറ്റമില്ലാത്തതുമാണു് ദൈവത്തിന്റെ ഓരോ വചനങ്ങളും. ദൈവംപോലും മടുത്തു് ഉപേക്ഷിച്ച ഒരവിശ്വാസിയെ നമ്മളായിട്ടു് മാനസാന്തരപ്പെടുത്താൻ ശ്രമിച്ചാൽ ആ ശ്രമത്തിൽ നമ്മൾ വിജയിക്കില്ലെന്നു് മാത്രമല്ല, ഞാൻ മാനസാന്തരിപ്പിക്കാത്തവനെ മാനസാന്തരിപ്പിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടാ എന്നു് അന്ത്യനാളിൽ റബ്ബുൽ ആലമിൻ നമ്മോടു് ചോദിക്കുമ്പോൾ നമുക്കു് മിണ്ടാട്ടം മുട്ടിപ്പോവുകയും ചെയ്യും.

അല്ലെങ്കിൽത്തന്നെ, മദ്യപാനികളെയും വിഷയാസക്തരെയുമെല്ലാം മാനസാന്തരിപ്പിച്ചു് സ്വർഗ്ഗത്തിലെത്തിച്ചു് അവരോരോരുത്തർക്കും മദ്യം വിളമ്പാനും സ്വന്തം ശരീരം കാഴ്ചവയ്ക്കാനുമായി നിത്യഹരിതകൃഷിയിടങ്ങളായ പത്തെഴുപത്തിരണ്ടു് ഹൂറികളെ ചട്ടം കെട്ടാൻ റബ്ബുൽആലമീനായ തമ്പുരാനെന്താ വട്ടുണ്ടോ? തമ്പുരാനു് വട്ടോ പൊട്ടോ നെറ്റിയിൽ തഴമ്പോ ഒന്നുമില്ലെന്നു് മാത്രമല്ല, വായിൽ തോന്നിയതു് നാടൻ ഭാഷയിൽ വിളിച്ചുപറയുന്ന ലോക്കൽ പൊളിറ്റീഷ്യൻസിനെപ്പോലെ അങ്ങേർ വെറുമൊരു ഇരട്ടത്താപ്പുകാരനുമല്ല. വാക്കിൽ നിജം പാലിക്കണമെന്നു് നിർബന്ധമുള്ളവരുടെ കൂട്ടത്തിലാണു് റബ്ബുൽ ആലമിനെ മൂഡീസ് റെയ്റ്റിങ് ഏജൻസിപോലും പെടുത്തിയിരിക്കുന്നതു്. അതൊന്നുമില്ലെങ്കിലും ദൈവം എന്ന ഔദ്യോഗികപദവിയോടു് നീതി പുലർത്തേണ്ട ചുമതല തനിക്കുണ്ടെന്ന ബോധം ഗവർണറിൽ നിന്നും സത്യപ്രതിജ്ഞ ഏറ്റുചൊല്ലിയ കരുണാനിധി എന്ന നിലയിൽ അദ്ദേഹത്തിനു് ഉണ്ടാവാതിരിക്കുമോ? അല്ലെങ്കിൽ നാട്ടാരും ശൈത്താൻസും എന്തു് വിചാരിക്കും? അവർ ആരെ ആശ്രയിക്കും?

അതുകൊണ്ടു്, കാഫിറുകളായ അന്യമതസ്ഥരെ മാനസാന്തരപ്പെടുത്തി മതം മാറ്റാനോ, മതം മാറ്റി മാനസാന്തരപ്പെടുത്താനോ ശ്രമിക്കുന്ന മുസ്ലീം സഹോദരങ്ങളോടു് എനിക്കു് ഇതേ പറയാനുള്ളു: നിങ്ങൾ വേണ്ടാത്ത പണിക്കു് പോയി ദൈവകോപം വരുത്തിവയ്ക്കരുതു്. ദേഷ്യം കയറിയാൽ പിന്നെ റബ്ബിനു് കണ്ണുമില്ല മൂക്കുമില്ല എന്നു് ഞാൻ പറയാതെതന്നെ നിങ്ങൾക്കറിയാമല്ലോ.

P. S. ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ, “പോലീസോ”, മന്ത്രിയോ ആയതിന്റെ പേരിൽ മാത്രം ആരും നല്ലവരോ ചീത്തകളോ ആകുന്നില്ല. ഒരു സമൂഹം എത്രമാത്രം ബോധവത്കരിക്കപ്പെട്ടതായാലും അവിടെ ക്രിമിനലുകളോ പീഡോഫൈലുകളോ ഒന്നും ഉണ്ടാവാതിരിക്കണമെന്നുമില്ല. ജനങ്ങളിൽ ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തിയെടുക്കേണ്ടതു് അവശ്യമെങ്കിലും, സാമൂഹികജീവിതം സുഗമമാക്കുന്നതിനു് അത്യന്താപേക്ഷിതമായ പെരുമാറ്റമര്യാദകൾ പഠിപ്പിക്കപ്പെടുകയോ പാലിക്കപ്പെടുകയോ ചെയ്യാത്ത ഒരു സമൂഹത്തിനു് അതുവഴി കാര്യമായ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കാനാവുമെന്നു് തോന്നുന്നില്ല. ഒരു ആജീവനാന്തപ്രക്രിയ ആയിരിക്കേണ്ട വിദ്യാഭ്യാസം ബാല്യത്തിൽ വീട്ടിൽ നിന്നുതന്നെ തുടങ്ങേണ്ടതാണെങ്കിലും, കേരളത്തിൽ ഇന്നു് നിലവിലിരിക്കുന്ന സാമൂഹികവും സാംസ്കാരികവും നീതിന്യായപരിപാലനപരവുമായ പ്രത്യേക സാഹചര്യങ്ങളിൽ അതു് താത്കാലികമായെങ്കിലും പോലീസ് സ്റ്റേഷനുകളിൽ നിന്നും മന്ത്രിക്കസേരകളിൽ നിന്നും തുടങ്ങിയാൽ വളരെ നന്നായിരിക്കും.

അല്പം വ്യക്തിപരം: ഞാൻ ദർബാനിൽ വക്കീലായിരുന്നപ്പോൾ, സോറി, അതു് പണ്ടു് മഹാത്മാഗാന്ധി എഴുതിയതാണു്, ഞാൻ നാട്ടിൽ പെണ്ണു് കെട്ടിയപ്പോൾ, ആ ചടങ്ങിൽ ബന്ധുക്കളോടൊപ്പം “അന്യനായി” ആകെ ഉണ്ടായിരുന്ന എന്റെ സുഹൃത്തു് ഒരു മുസ്ലീമായിരുന്നു. പാർട്ടി കൂടുമ്പോൾ മദ്യപിക്കില്ലെങ്കിലും വേണ്ടവർക്കു് മദ്യം ഒഴിച്ചുകൊടുക്കാനും, പുകവലിക്കില്ലെങ്കിലും വലിക്കുന്നവർക്കു് വേണ്ടി പോക്കറ്റിൽ സ്ഥിരം ഒരു സിഗററ്റ് ലൈറ്റർ കരുതാനും ശ്രദ്ധിച്ചിരുന്ന ഒരു നല്ല സുഹൃത്തു്. ഏതു് മതത്തിൽ പെട്ടവരായാലും ബഹുഭൂരിപക്ഷം മനുഷ്യരും അത്തരക്കാരാണെന്നതു് ഒരു ഭാഗ്യമാണു്. പക്ഷേ, ദൈവത്തെ രക്ഷിക്കാൻ എന്ന പേരിൽ അരയിൽ ബോംബുമായി നടക്കുന്ന കുറച്ചു് നഞ്ചു് മതി കുടിവെള്ളത്തെ മുഴുവൻ വിഷലിപ്തമാക്കാൻ. സ്വയം രക്ഷിക്കാൻ കഴിയാത്ത സ്വന്തം ദൈവത്തിന്റെ സംരക്ഷണപ്പടയാളികളായി ചമയുന്ന, തലച്ചോറു് നിശ്ശേഷം കത്തിപ്പോയ സാമൂഹ്യവിരുദ്ധർ! തിരുത്താനാവാത്ത അക്കൂട്ടരെ ഒറ്റപ്പെടുത്തുക എന്നതല്ലാതെ ഈ ആധുനിക ലോകത്തിലെ ഒരു സിവിൽ സൊസൈറ്റിക്കു് വേറെ പോംവഴിയൊന്നുമില്ല.

Dec 4, 2017, 1:17 PM

പൊതുവായ ഒരു പൂർവ്വികവർഗ്ഗം പരിണമിച്ചുണ്ടായതാണു് മനുഷ്യരും ഗൊറില്ലകളും എന്നാണല്ലോ പരിണാമസിദ്ധാന്തം പറയുന്നതു്. അതിൽ തെറ്റുണ്ടെന്നു് തോന്നുന്നില്ല. അതുകൊണ്ടുതന്നെ, മനുഷ്യരൂപം കൈവരിക്കുകയും, പ്രപഞ്ചത്തിൽ കാണുന്നവയിലെ പിടികിട്ടാത്ത മുഴുവൻ ഇനങ്ങളും ദൈവങ്ങളാണെന്ന തോന്നലിൽ ആരംഭിച്ചു്, താൻ ചത്താലും ജീവിക്കുന്ന ഒരു ആത്മാവു് തന്നിലുണ്ടെന്ന ഹാലുസിനേഷനിലേക്കു് ആ തോന്നൽ മെറ്റാസ്റ്റസൈസ് ചെയ്യുകയും ചെയ്യുന്നതിനിടയിലും മനുഷ്യരിലെ പരിണാമത്തിന്റെ ഗതി തുടർന്നുകൊണ്ടിരുന്നു എന്നു് വേണം അനുമാനിക്കാൻ. മുടക്കമില്ലാതെ നടന്നുകൊണ്ടിരുന്ന ആ എവൊല്യൂഷനറി ഡെവലപ്മെന്റിൽ പുരുഷന്മാരിലും സ്ത്രീകളിലും സ്വഭാവപരമായി ഗുരുതരമായ ചില ഏറ്റക്കുറച്ചിലുകൾ വന്നുഭവിച്ചില്ലേ എന്നൊരു സംശയം. ഗാലറിയിലായാലും, ഒറ്റയ്ക്കു് ടിവിയുടെ മുന്നിലായാലും, കയ്യിലൊരു ബിയർ കുപ്പിയുമായിരുന്നു് ഫുട്ബോൾ കളി കാണുന്ന “റ്റാറ്റൂയോദ്ധാക്കളുടെ”, ഗൊറില്ലയെ തോല്പിക്കുന്നതരം ചേഷ്ടകൾ കാണുകയും, ആക്രോശങ്ങൾ കേൾക്കുകയും ചെയ്യുന്ന ആർക്കും തോന്നാവുന്ന ന്യായമായ ഒരു സംശയമാണതു്. ഫുട്ബോൾ കളി കാണുന്ന സ്ത്രീകളിൽ (അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽത്തന്നെ) ഭുരിഭാഗവും അതിന്റെ ഒരംശം പോലും ആക്രമസ്വഭാവമോ ആക്രാന്തമോ കാണിക്കുന്നതായി കണ്ടിട്ടില്ല. തന്മൂലം, എവൊല്യൂഷന്റെ പാതയിൽ പുരുഷനു് മുൻപേതന്നെ സ്ത്രീ തന്നിലെ “ഗൊറില്ലാത്വം” ഊരിയെറിഞ്ഞു എന്നു് കരുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല.

ഫുട്ബോൾ കളിയിൽ മാത്രമല്ല, കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ എല്ലാ മേഖലകളിലും പുരുഷവർഗ്ഗവും സ്ത്രീവർഗ്ഗവും തമ്മിലുള്ള പരിണാമപരമായ ഈ “ഗൊറില്ല-മനുഷ്യൻ” സ്വഭാവവ്യത്യാസം കാണാം. തന്റെ ആന്തരഗൊറില്ലയെ നിയന്ത്രിക്കാൻ സ്ത്രീകൾക്കു് കഴിയുന്നത്ര അനായാസം പുരുഷന്മാർക്കു് കഴിയാറില്ലെന്നു് മാത്രമല്ല, ഒരു ആന്തരഗൊറില്ല തന്റെ മിക്കവാറും എല്ലാ പ്രവൃത്തികളിലും സജീവമാണെന്ന ബോധം പോലും അവരിൽ പലർക്കുമില്ല എന്ന പോലെയാണു് കാര്യങ്ങളുടെ പോക്കു്. ചില മലയാളിമന്ത്രിണികൾ ഇതിനു് ഒരപവാദമാവാൻ കിണഞ്ഞു് പരിശ്രമിക്കുന്നുണ്ടെന്ന കാര്യം മറക്കുന്നുമില്ല.

കഴിഞ്ഞ ദിവസം മലപ്പുറത്തെ ഒരു കവലയിൽ ഡാൻസ് കളിക്കാൻ രണ്ടുമൂന്നു് പെൺകുട്ടികൾക്കു് തോന്നിയതും, അതിന്റെ പേരിൽ അവർക്കെതിരെ ദംഷ്ട്ര കാണിച്ചുകൊണ്ടു് കുരച്ചു് ചാടാൻ അവരുടെ മൂത്ത സഹോദരന്മാരോ, അപ്പന്മാരോ, അപ്പന്മാരുടെ അപ്പന്മാരോ ആകാൻ പ്രായമുള്ള കുറേ “പരിണതപ്രജ്ഞർക്കു്” തോന്നിയതും ശ്രദ്ധിച്ചാൽ, മനുഷ്യരിലേക്കുള്ള വളർച്ചയുടെ വഴിയിലൂടെ യാത്രചെയ്യുന്ന സ്ത്രീയേയും, ആ വഴിയിലേക്കു് ഒരു കാരണവശാലും പ്രവേശിക്കാതിരാക്കാൻ ഗൊറില്ലയുടെ ലെവലിൽ മനഃപൂർവ്വം ഉറഞ്ഞുനിൽക്കുന്ന പുരുഷനേയും നേർക്കുനേർ കണ്ടു് വിലയിരുത്താൻ സാധിക്കും.

ഇനിയും “ദൃഷ്ടാന്തം” വേണമെന്നുള്ളവർക്കു് സൈക്ലോൺ “ockhi” ബാധിച്ചു് ദുരിതം അനുഭവിക്കുന്ന സാധുക്കളെ സമാശ്വസിപ്പിക്കാൻ പ്രത്യയശാസ്ത്രപാചകവിദഗ്ദ്ധർ ഉൾപ്പെടെയുള്ള പുരുഷകേസരികൾ ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ നയവും ഭാഷയും, നിർമ്മല സീതാരാമൻ എന്ന സ്ത്രീ അതിനായി സ്വീകരിച്ച രീതിയും താരതമ്യം ചെയ്യാവുന്നതാണു്.

Dec 8, 2017, 10:10 AM

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ഭരണച്ചുമതല വഹിച്ചിരുന്നവർ അവിടത്തെ വിദ്യാർത്ഥികൾക്കു് പഠിക്കാനായി നിർദ്ദേശിച്ചിരുന്ന ഒരു പുസ്തകത്തിൽ പി. റ്റി. കുഞ്ഞുമൊഹമ്മദ് എന്നൊരു മുസ്ലീം എഴുതിയിട്ടുള്ളതിൽ നിന്നും ഒരു ഭാഗം പരീക്ഷയുടെ ചോദ്യപ്പേപ്പറിലേക്കു് പകർത്തിയെഴുതി എന്ന മഹാകുറ്റത്തിന്റെ പേരിൽ റ്റി. ജെ. ജോസഫ് എന്നൊരു അദ്ധ്യാപകന്റെ കൈ വെട്ടിയവരെ ന്യായീകരിക്കുന്ന മുസ്ലീമുകൾ ഒരു ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലീമിനെ വെട്ടി നുറുക്കി “ലൈവായി” കത്തിച്ചു് കൊന്നതിന്റെ പേരിൽ ഹിന്ദുക്കളെ ഫാഷിസ്റ്റുകളായി മുദ്രകുത്തുന്നു! ഒരു രാഷ്ട്രീയ പ്രതിയോഗിയെ 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയിട്ടും തീരാത്ത രാഷ്ട്രീയ പ്രതികാരം അവന്റെ ചിത്രത്തിൽ കരിഓയിൽ കോരി ഒഴിച്ചു് തീർക്കാനാവുമോ എന്നു് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റുകൾ ആറെസെസുകാർ കൊല ചെയ്തു് രക്തസാക്ഷികളാക്കിയ സഖാക്കളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നു! കൊലചെയ്യപ്പെട്ട അനുയായികളുടെ പേരിൽ പരസ്പരം പ്രതികാരം ചെയ്യാൻ ഹിന്ദുക്കളും മുസ്ലീമുകളും കമ്മ്യൂണിസ്റ്റുകളും തക്കം പാർക്കുന്ന പുണ്യപുരാതനഭാരതഭൂമി! ഇതിനിടയിൽ, ഏതു് “ഓഖി” വന്നാലും, എത്ര പേർ ചത്താലും, ആരു് ആരെ കൊന്നാലും അതിൽനിന്നെല്ലാം നമുക്കെന്തു് തടയും എന്ന ഏക ചിന്തയും, ചങ്കുപൊട്ടുന്ന ഈശ്വരപ്രാർത്ഥനയുമായി നടക്കുന്ന കുറേ വിശുദ്ധരൂപങ്ങൾ വേറേയും! തങ്ങൾക്കുവേണ്ടി കൊല ചെയ്തവർ പിടിക്കപ്പെടാതിരിക്കാൻ, പിടിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടാതിരിക്കാൻ, ശിക്ഷിക്കപ്പെട്ടാൽ ജയിൽവാസം പരമാവധി സുഖപ്രദമാക്കാൻ കഴിവുള്ള നേതാക്കളാൽ നയിക്കപ്പെടുന്ന ഭാരതീയർ! അവിടെ ആരാണു് ഫാഷിസ്റ്റ്? ആരാണു് തീവ്രവാദി? ആരാണു് ഡെമോക്രാറ്റ്? സംശയം വേണ്ട. ഓരോ ഭ്രാന്തൻ കൂട്ടത്തിന്റെയും കാഴ്ചപ്പാടിൽ അവർ തികഞ്ഞ ലിബറൽ ഡെമോക്രാറ്റുകളാണു്, മറ്റുള്ളവർ മുഴുവൻ തീവ്രവാദികളും, ഫാഷിസ്റ്റുകളും! സെലക്ടീവ് അംനേഷ്യയും ഹെമിപരേസിസും ബാധിച്ച മത-, രാഷ്ട്രീയഭക്തർ പരസ്പരം കുറ്റപ്പെടുത്തിയും ചളി വാരി എറിഞ്ഞും സ്വയം ശുദ്ധീകരിക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ അറപ്പുളവാക്കുന്ന ഭാരതീയകാഴ്ചകൾ!

ഇഞ്ചക്കാട്ടിൽ നിന്നും കൂമുള്ളിൻകാട്ടിലേക്കും, അവിടെനിന്നു് തിരിച്ചും തങ്ങളെ മാറ്റിമാറ്റിക്കിടത്താൻ വോട്ട് നൽകി അധിപതികളെ അധികാരത്തിൽ എത്തിക്കുന്നതാണു് ജനാധിപത്യമെന്നും, അതിനായി ലഭിക്കുന്ന വോട്ടവകാശം തങ്ങൾക്കു് കിട്ടാവുന്നതിൽ വച്ചു് ഏറ്റവും വലിയ “വികാര”മാണെന്നും കരുതുന്ന ഭാരതീയജനത! മതങ്ങൾ അവരുടെ നഞ്ചും, പാർട്ടികൾ അവരുടെ നഞ്ചും കുത്തിവച്ചു് ബോധം കെടുത്തി, ഉൾക്കാഴ്ചയും പ്രതികരണശേഷിയും നശിപ്പിക്കപ്പെട്ട ഭാരതീയജന്മങ്ങൾ! സങ്കുചിതമായ കൂടുകളിൽ പുറത്തിറങ്ങാനാവാത്ത വിധം സ്വയം ഉൾപ്പെടുകയോ, ഉൾപ്പെടുത്തപ്പെടുകയോ ചെയ്തു് അങ്ങോട്ടുമിങ്ങോട്ടും പേപ്പട്ടികളേപ്പോലെ നുരയൊഴുക്കി കുരച്ചു് ജീവിതകാലം തള്ളിനീക്കാൻ വിധിക്കപ്പെട്ട ജനകോടികൾ! ഹിന്ദുവിന്റെ, മുസ്ലീമിന്റെ, കൃസ്ത്യാനിയുടെ, കമ്മിയുടെ, സംഘിയുടെ, സുഡാപ്പിയുടെ, സവർണ്ണന്റെ, അവർണ്ണന്റെ, ദളിതന്റെ, യുക്തിവാദിയുടെ, നിരീശ്വരവാദിയുടെ, മറ്റു് കാക്കത്തൊള്ളായിരം വാദികളുടേയും, പ്രതികളുടേയുമെല്ലാം കൂടുകൾ, കൊട്ടകൾ, ചാക്കുകൾ, തടവറകൾ!

സ്വതന്ത്രചിന്ത, വ്യക്തിസ്വാതന്ത്ര്യം, ശാസ്ത്രബോധം, യുക്തിബോധം എന്നിവയെല്ലാം വില മതിക്കപ്പെടേണ്ട ഗുണങ്ങളാണെന്നു് ഭാരതീയനു് പണ്ടേ തന്നെ അറിയാം. പക്ഷേ, അതെല്ലാം സ്വന്തപക്ഷത്തിന്റെ നിലപാടുകളെ അവ പ്രതികൂലമായി ബാധിക്കാത്തിടത്തോളം മാത്രം! ഉദാഹരണത്തിനു്, പോലീസ് ഫോഴ്സിനു് ആധുനികരീതിയിലുള്ള പഠനവും പരിശീലനവും നൽകി സ്വതന്ത്രമായ കൃത്യനിർവ്വഹണത്തിനു് പ്രാപ്തരാക്കുന്നതിനേക്കാൾ, അവരെ മാറിമാറി വരുന്ന ഭരണകക്ഷിയുടെ താളത്തിനു് തുള്ളിക്കുന്നതും, നിറം മാറുന്ന കല്പനകൾ അനുസരിപ്പിക്കുന്നതുമാണു് ഭാരതീയനു് കൂടുതലിഷ്ടം. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളിൽ പോലും മതത്തിന്റെയും പാർട്ടിയുടെയും നിറങ്ങൾ ചാലിച്ചുചേർക്കാനും, അതുവഴി പോലീസിനെ സ്വാധീനിച്ചു് നിഷ്ക്രിയമാക്കാനോ, കുറ്റാന്വേഷണം വഴിതിരിച്ചു് വിടാനോ, നിരപരാധികളെ അഴിക്കുള്ളിലാക്കി യഥാർത്ഥ പ്രതികളെ രക്ഷപെടുത്താനോ ഒക്കെ അതാണു് കൂടുതൽ സഹായകം.

“സിസ്റ്റം” എന്നാളും നിലനിൽക്കണമെങ്കിൽ നമ്മൾ സിസ്റ്റത്തിനെതിരെ എന്ന രീതിയിൽ കാണ്ഡംകാണ്ഡമായി തീസിസുകൾ എഴുതി ജനത്തെ വട്ടു് പിടിപ്പിച്ചുകൊണ്ടിരിക്കണം. “നിയമരാഷ്ട്രം” എന്ന വിശേഷണം പേരിൽ മാത്രമല്ലാത്ത സമൂഹങ്ങളിൽ “സിസ്റ്റം” എന്ന ഭൂതത്തെ ഇപ്പോൾ വല്ല സറ്റീറിക്കൽ ഷോകളിലോ മറ്റോ മാത്രമേ കാണാറുള്ളു. കാരണം, മനുഷ്യർ രാജ്യത്തിനും തനിക്കും വേണ്ടി ഉത്തരവാദിത്വബോധത്തോടെ ജോലി ചെയ്തു് ജീവിക്കുന്ന ആധുനികസമൂഹങ്ങളിൽ വിശ്രമവേളകളിലെ ഒരു വിനോദോപാധി എന്നതിൽ കവിഞ്ഞ വിലയൊന്നും സിസ്റ്റത്തിനോ സിസ്റ്റം വിമർശനത്തിനോ ആരും നൽകാറില്ല. പോരെങ്കിൽ, സിസ്റ്റത്തെ ബലാൽക്കാരമായി മാറ്റിയ രാജ്യങ്ങളിൽ രായ്ക്കു് രാമാനം പറുദീസ സംജാതമായതും, ഇന്നും അവിടങ്ങൾ പറുദീസയായി അഭംഗുരം തുടരുന്നതും കണ്ണുള്ളവർ കാണുന്നുമുണ്ടല്ലോ.

Dec 12, 2017, 10:39 AM

ഖുർആനിലെ അലഖ് എന്ന അദ്ധ്യായത്തിലെ “വായിക്കുക” എന്നു് തുടങ്ങുന്ന ആദ്യത്തെ അഞ്ചു് സൂക്തങ്ങളാണു് ജിബ്രീൽ മാലാഖ മുഖേന ആദ്യമായി മുഹമ്മദിനു് (A.D. 57l – 632) ലഭിച്ചതെന്നാണു് മുസ്ലിംകളുടെ വിശ്വാസം. (അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ!) വാമൊഴിയായി ലഭിച്ചു്, മനഃപാഠമാക്കപ്പെട്ടു്, നിശ്ചിത എഴുത്തുകാരാൽ എഴുതപ്പെട്ടു്, ഒന്നാം ഖലീഫ അബുബക്റിന്റെ കാലത്തു് (573 – 634) ക്രോഡീകരിക്കപ്പെട്ട ഖുർആനു് മൂന്നാം ഖലീഫ ആയിരുന്ന ഉസ്മാന്റെ (579 – 656) കാലത്താണു് ഇന്നത്തെ പുസ്തകരൂപം ലഭിച്ചതു്. 114 അദ്ധ്യായങ്ങളിലായി 6236 സൂക്തങ്ങളാണു് ഖുർആനിലുള്ളതു്. കാര്യമായ മറ്റു് കാര്യങ്ങളൊന്നും തലയിൽ ഇല്ലെങ്കിൽ, അവ മൊത്തം മനഃപാഠമാക്കി ഏതാനും വർഷങ്ങൾ തലയിൽ സൂക്ഷിച്ചു് വയ്ക്കാനും, തെറ്റില്ലാതെ ആർക്കെങ്കിലും പറഞ്ഞുകൊടുക്കാനും ബുദ്ധിമുട്ടൊന്നുമില്ല.

എഴുതിയാലേ വായിക്കാൻ കഴിയൂ. എഴുതാൻ ഏതെങ്കിലും തരത്തിൽപെട്ട ഒരു ലിപി കൂടാതെ കഴിയില്ല. ഭാഗ്യത്തിനു്, എഴുതാൻ ഒരു ലിപിയില്ല എന്നൊരു ദുഃഖം മുഹമ്മദിന്റെ കാലത്തു് മനുഷ്യർക്കു് ഉണ്ടായിരുന്നില്ല. കാരണം, B.C.E. പതിനൊന്നാം നൂറ്റാണ്ടിൽത്തന്നെ ഫൊണീഷ്യൻസ് ആൽഫബേറ്റ് കണ്ടുപിടിക്കുകയും, അതിനെത്തുടർന്നു് ഹെബ്രേയിക്, ഗ്രീക്ക്, അറബിക്, ലാറ്റിൻ അക്ഷരമാലകൾ രൂപമെടുക്കുകയും ചെയ്തിരുന്നു. ജിബ്രീൽ മാലാഖ വാമൊഴിയായി മുഹമ്മദിനു് ഖുർആൻ പകർന്നുകൊടുക്കുന്നതിനും അനേകം നൂറ്റാണ്ടുകൾക്കു് മുൻപേതന്നെ, അതുവരെ വാമൊഴികളായി മാത്രം തലമുറകളിൽ നിന്നും തലമുറകളിലേക്കു് പകർന്നു് കൊടുത്തുകൊണ്ടിരുന്ന വിവരങ്ങൾ വരമൊഴികളാക്കി സൂക്ഷിച്ചു് വയ്ക്കാൻ മനുഷ്യർക്കു് കഴിഞ്ഞിരുന്നു എന്നു് സാരം.

വരമൊഴിയുടെ നേട്ടങ്ങൾ ആദ്യകാലത്തു് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയതു് യഹൂദജനതയായിരുന്നു. ബാബിലോണിലേക്കുള്ള നാടുകടത്തലിലും, പിന്നീടു് ലോകം മുഴുവൻ ചിതറിയുള്ള ജീവിതത്തിലും അതുവരെ ജറുസലേം ദേവാലയം കേന്ദ്രീകരിച്ചു് സ്വന്തം ഏകദൈവവിശ്വാസം പരിപാലിച്ചു് പോന്നിരുന്ന യഹൂദർക്കു് അവരുടെ മതനിയമങ്ങളും ആചാരങ്ങളും നശിച്ചുപോകാതെ ലിഖിതരൂപത്തിലാക്കി സൂക്ഷിച്ചു് കൂടെ കൊണ്ടുനടക്കാൻ ലിപിയില്ലാതെ കഴിയുമായിരുന്നില്ല. എരിഞ്ഞുപോകാതെ കത്തുന്ന മുൾമരത്തിന്റെ രൂപത്തിൽ മോശെക്കു് പ്രത്യക്ഷപ്പെടുക, മോശെയുടെ പാമ്പിനെ വടിയാക്കുക, വടിയെ പാമ്പാക്കുക തുടങ്ങിയ ചില മാജിക്കുകളെല്ലാം കാണിച്ചു് അഷ്ടിക്കു് വക തേടിയിരുന്ന യഹോവ എന്ന ദൈവത്തോടു് കല്പലകകളിൽ കല്പനകൾ കൊത്താൻ മോശെ കല്പിച്ചപ്പോൾ, അതനുസരിക്കാൻ അങ്ങേർക്കും വേണമായിരുന്നല്ലോ ഒരു ലിപി! തന്റെ ജോലി തീർന്നപ്പോൾ ആ സൂത്രം കണ്ടെത്തിയ ഫൊണീഷ്യൻസിനു് യഹോവ തീർച്ചയായും ഹൃദയംഗമമായ നന്ദി ദൈവനാമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാവണം.

1439-ൽ യൊഹാന്നെസ് ഗുട്ടൻബർഗ് ആവിഷ്കരിച്ച പ്രിന്റിങ് പ്രസ് എഴുത്തു് കലയിൽ സൃഷ്ടിച്ചതു് മറ്റൊരു മഹാവിപ്ലവമായിരുന്നു. അതിവേഗത്തിലും വളരെ കുറഞ്ഞ ചിലവിലും ടെക്സ്റ്റുകളും ഗ്രന്ഥങ്ങളും അച്ചടിക്കാൻ കഴിയുമെന്നു് വന്നതോടെ, ലോകമെമ്പാടുമുള്ള അറിവിന്റെ വിതരണം അഭൂതപൂർവ്വമായ വിധം ശീഘ്രഗതിയിലായി. മാർട്ടിൻ ലൂഥർ 1517-ൽ “ദണ്ഡവിമോചനക്കച്ചവടം” ഉൾപ്പെടെയുള്ള റോമൻ കത്തോലിക്കാസഭയുടെ അനീതികൾക്കു് എതിരായി പ്രസിദ്ധീകരിച്ച 95 തീസീസ്, സാധാരണ മനുഷ്യർക്കും വായിച്ചു് മനസ്സിലാക്കാൻ വേണ്ടി ലൂഥർ തന്നെ ഗ്രീക്ക്, ലാറ്റിൻ ഭാഷകളിൽ അച്ചടിച്ച ബൈബിളുകളിൽ നിന്നും തയ്യാറാക്കിയ ജർമ്മൻ ട്രാൻസ്ലേഷൻ തുടങ്ങിയവയുടെ ദ്രുതഗതിയിലുള്ള വ്യാപനവും, അതിന്റെയെല്ലാം ഫലമായി സംഭവിച്ച റിഫർമേഷനും പ്രിന്റിങ് പ്രസിന്റെ സഹായമില്ലാതെ സാദ്ധ്യമാകുമായിരുന്നു എന്നു് കരുതുക വയ്യ.

ഓട്ടോമൻ സുൽത്താൻ മെഹ്മെറ്റ് II ഇന്നത്തെ ഇസ്റ്റാൻബൂളായ കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതു് 1453-ലായിരുന്നു. 1485-ൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭരണാധികാരം മെഹ്മെറ്റിന്റെ മകനും അതീവ ഭക്തനുമായിരുന്ന ബയാസിദ് ഏറ്റെടുത്തപ്പോൾ കൈക്കൊണ്ട ഒരു തീരുമാനമാണു് ലോക മുസ്ലീം സമുഹത്തെ ഇന്നത്തെ അവരുടെ ദുരവസ്ഥയിലേക്കു് നയിച്ചതിന്റെ ഒരു പ്രധാന കാരണം എന്നു് പറഞ്ഞാൽ അതു് തെറ്റാവുമെന്നു് തോന്നുന്നില്ല. ജർമ്മനിയുടെ പ്രിന്റിങ് പ്രസ് ഓട്ടോമൻ സാമ്രാജ്യത്തിലേക്കു് ഇറക്കുമതി ചെയ്യുന്നതിനുള്ള അനുവാദം തന്റെ ഉപദേഷ്ടാക്കളായിരുന്ന മതപണ്ഡിതരുടെ നിർദ്ദേശപ്രകാരം ബയാസിദ് നിഷേധിച്ചു.

ഖുർആന്റെ ഭാഷയായ അറബിയിൽ എഴുതുന്നതും പാരായണം ചെയ്യുന്നതും ഒരു വിശുദ്ധകർമ്മമായി പരിഗണിക്കപ്പെട്ടിരുന്നു. വർഷങ്ങൾ നീണ്ടു് നിൽക്കുന്ന പരിശീലനത്തിലൂടെ തങ്ങൾ നേടിയെടുക്കേണ്ടുന്ന അതുപോലൊരു പാവനവിദ്യ വിചിത്രമായ ഒരു യന്ത്രത്തിനെ ഏല്പിക്കുന്നതു് മതപണ്ഡിതർക്കു് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമായിരുന്നില്ല. അതിന്റെ വരുംവരായ്കകൾ ആരു് നിയന്ത്രിക്കും എന്നതിനേക്കാൾ, അതുവഴി തങ്ങൾക്കു് നഷ്ടമായേക്കാവുന്ന സ്ഥാനമാനങ്ങളും വരുമാനവും ആയിരുന്നു അവരുടെ എതിർപ്പിന്റെ യഥാർത്ഥ കാരണം. ട്രാക്ടറിനും കമ്പ്യൂട്ടറിനും എതിരേ ജാഥകൾ നടത്തുക, തിരുത്തൽ വാദികളെ അരിഞ്ഞുതള്ളുക തുടങ്ങിയ പഞ്ചവത്സരപദ്ധതികൾ മലയാളികൾക്കും അജ്ഞാതമല്ലല്ലോ.

ബയാസിദിന്റെ പിൻഗാമിയായി അധികാരമേറ്റ മകൻ സുൽത്താൻ സെലിം I 1515-ൽ അറബി അക്ഷരങ്ങളുടെ അച്ചടി മരണശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമായി പ്രഖാപിച്ചു് പിതാവിന്റെ പ്രിന്റിങ് പ്രസ് നയം സ്ഥിരപ്പെടുത്തി. മൊത്തം ഇസ്ലാമികലോകത്തിന്റെ സാംസ്കാരികമായ വളർച്ചയുടെ കൂമ്പു് നുള്ളുകയായിരുന്നു അതുവഴി അവൻ ചെയ്തതു്. “വായിക്കുക” എന്നല്ലാതെ, എന്തു് വായിക്കണം എന്നു് അല്ലാഹു ജിബ്രീൽ മാലാഖയിലൂടെ നൽകിയ ആദ്യകല്പന പറയുന്നില്ല. വായിച്ചതു് തന്നെ വായിക്കുന്നതും ഒരു തരം വായനയാണു്. കാണാപ്പാഠം പഠിക്കുന്നതു് എന്തോ തരം പഠനമായിരിക്കുന്നപോലെ തന്നെ.

മുഹമ്മദിന്റെ മരണശേഷം ഇസ്ലാം പരസ്പരം മത്സരിക്കുന്ന സുന്നി, ഷിയാ എന്നീ രണ്ടു് പ്രമുഖ വിഭാഗങ്ങളും മറ്റു് ചെറിയ വിഭാഗങ്ങളുമായി വിഭജിച്ചെങ്കിലും, അക്കാലത്തു് ലോകത്തിൽ ലഭ്യമായിരുന്ന സാംസ്കാരികവും ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകൾ ഏറ്റെടുത്തു് ധന്യമാവാൻ മുസ്ലീമുകൾക്കു് അതൊരു തടസ്സമായിരുന്നില്ല. യൂറോപ്പിൽ കത്തോലിക്കാസഭ ഇൻക്വിസിഷനും വിച്ച് ഹണ്ടിങ്ങുമായി അഴിഞ്ഞാടിയിരുന്ന കാലഘട്ടത്തിൽ, സഭയുടെ പിൻതുടരലിൽ നിന്നും രക്ഷപെടാൻ യഹൂദരും ക്രൈസ്തവരും ഓട്ടോമൻ സാമ്രാജ്യത്തിലേക്കു് കുടിയേറിയിരുന്നു എന്നതൊരു വസ്തുതയാണു്. പതിമൂന്നാം നൂറ്റാണ്ടിൽ മങ്ഗോളിയൻ പടയാളികളുടെ ആക്രമണത്തിനു് വിധേയമാകുന്നതുവരെയുള്ള ഏഴു് നൂറ്റാണ്ടുകൾ നീണ്ടുനിന്ന അറേബ്യൻ-മുസ്ലീം സംസ്കാരം സഹിഷ്ണുതയുടേയും ബൗദ്ധികതയുടേയുമായിരുന്നു. വിദ്യാഭ്യാസത്തിലും പാണ്ഡിത്യത്തിലും മുൻനിരയിലായിരുന്ന ബാഗ്ദാദ് പട്ടണം മങ്ഗോളിയൻസ് 1258-ൽ തകർത്തു. 1492-ൽ സ്പെയിനിലെ കത്തോലിക്കർ അൻഡാലൂഷ്യയിലെ ഖാലിഫേറ്റും കീഴടക്കി.

അറേബ്യൻ-മുസ്ലീം സംസ്കാരത്തിന്റെ സുവർണ്ണകാലം അതോടെ അവസാനിച്ചെങ്കിലും, നല്ലൊരു പങ്കു് മങ്ഗോളിയൻസും ഇസ്ലാം മതം സ്വീകരിച്ചതുവഴിയും, കച്ചവടക്കാരും മതപ്രബോധനസഞ്ചാരികൾ വഴിയും, സുൽത്താൻ മെഹ്മെറ്റ് II ഈസ്റ്റ് റോമൻ എംപയർ കീഴടക്കിയതുവഴിയുമെല്ലാം ഇസ്ലാമും അതിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ ശക്തിയും അറബികളല്ലാത്ത മറ്റു് ജനവിഭാഗങ്ങളിലേക്കു് തുടർന്നും വ്യാപിച്ചു് വളർന്നുകൊണ്ടിരുന്നു. ആ വളർച്ചയ്ക്കാണു് മതപണ്ഡിതരുടെ ആശിർവാദത്തോടെ സുൽത്താൻ ബയാസിദ് കൈക്കൊണ്ട അച്ചടിയന്ത്രനിരോധനനയം തടയിട്ടതു്. പ്രിന്റിങ് പ്രസുകൊണ്ടു് ലോകത്തിനു് എന്തു് നേട്ടമുണ്ടായി എന്ന ചോദ്യത്തിന്റെ മറുപടി ആ കണ്ടുപിടുത്തത്തിനു് ശേഷമുള്ള ലോകചരിത്രം തന്നെയാണു്. അതാണെങ്കിൽ, ഏതാനും വരികളിൽ ഒതുക്കാൻ കഴിയുന്നതുമല്ല.

Dec 23, 2017, 11:25 AM

ശക്തമായ കാറ്റിലും കോളിലും പെട്ടു് ഉളളു് കലുഷമാവുമ്പോൾ തീരത്തെ പാറക്കെട്ടിൽ പോയി അലതല്ലിക്കരഞ്ഞു് ആശ്വാസം കണ്ടെത്തുന്ന കടലിനേപ്പോലെയാണു് മനുഷ്യരുടെ കാര്യവും. വേണ്ടെന്നു് എത്ര കടുംപിടുത്തം പിടിച്ചാലും ജീവിതത്തിൽ മനുഷ്യർക്കു് ശാരീരികമോ, മാനസീകമോ, സാമ്പത്തികമോ, ഇവയെല്ലാം ഒത്തുചേർന്നതോ ആയ സംഘർഷങ്ങളും സന്താപങ്ങളുമെല്ലാം നേരിടേണ്ടി വരാറുണ്ടു്. അപ്പോൾ വല്ല പാറക്കെട്ടിലും ചെന്നു് തലതല്ലി കരഞ്ഞു് ചാവണമെന്നും മറ്റും മനുഷ്യർക്കും തോന്നാം. ഇപ്പറഞ്ഞതിനു്, കാലുഷ്യങ്ങൾ മാത്രമേ മനുഷ്യജീവിതത്തിലുള്ളു എന്നർത്ഥമില്ല. ചിലപ്പോഴെല്ലാം അല്ലറചില്ലറ സന്തോഷങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാവാറുണ്ടു്. അപ്പോൾ പാറക്കെട്ടിൽ ചെന്നു് തലതല്ലാനല്ല, പരിശുദ്ധാത്മാവു് കയറിക്കൂടിയ പെന്തക്കൊസ്തുകാരേപ്പോലെ, “സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലേ, ഞാനിപ്പോൾ സ്വർഗ്ഗത്തിലേക്കു് പറന്നുപോകും” എന്നും മറ്റും പാടാനോ, സിർച്ചു്സിർച്ചു് ചാവാനോ ആയിരിക്കും മനുഷ്യർക്കു് തോന്നുക എന്നേയുള്ളു.

കരിംപാറയിൽ നേരിട്ടല്ലെങ്കിലും, കരിങ്കൽഭിത്തിയുടെ അടുത്തുചെന്നു് തല ഭിത്തിയിൽ ഇടിച്ചു, ഇടിച്ചില്ല എന്നപോലെ അഭിനയിച്ചു് ദൈവത്തെ ഭീഷണിപ്പെടുത്തി പ്രാരബ്ധങ്ങൾക്കു് പരിഹാരം നേടിയെടുക്കുന്ന ഒരു രീതി യഹൂദരുടെ ഇടയിൽ നിലവിലുണ്ടു്. വേണ്ടിവന്നാൽ, പ്രശ്നങ്ങൾക്കു് പരിഹാരം നേടാൻ ദൈവത്തെ അഡ്രസ് ചെയ്തുകൊണ്ടുള്ള ഭീഷണിക്കത്തുകൾ കൽഭിത്തിയുടെ വിടവുകളിൽ തിരുകി വയ്ക്കാൻ പോലും അവർ മടിക്കാറില്ല. അതേസമയം, ദൈവങ്ങളിൽ നിന്നും ഓരോരോ കാര്യങ്ങൾ പിടിച്ചു് വാങ്ങാൻ ആർഷഭാരതത്തിലെ മനുഷ്യർ സ്വീകരിച്ചിരുന്ന സമരമാർഗ്ഗം തപസ്സായിരുന്നു. ഭസ്മാസുരനും മറ്റും ജീവിച്ചിരുന്ന ആ നല്ലകാലം! പക്ഷേ, മഹാത്മാഗാന്ധിക്കു് ശേഷം ആ സമരരീതി അവർ ഉപേക്ഷിച്ചു. ഇപ്പോൾ സത്യാഗ്രഹം, നിരാഹാരം, ഹർത്താൽ, ബക്കറ്റുകൾ നിറയെ ഭീഷണികളുമായി നടന്നുള്ള പണപ്പിരിവുകൾ മുതലായവയാണു് അവർ കൂടുതൽ ഇഷ്ടപ്പെടുന്ന സമരമാർഗ്ഗങ്ങൾ. മാർഗ്ഗങ്ങളിൽ മാത്രമല്ല, ലക്ഷ്യത്തിലും ഈയിടെയായി ശ്രദ്ധേയമായ മാറ്റം വന്നിട്ടുണ്ടു്. ദൈവങ്ങളെ ജയിപ്പിക്കലും മനുഷ്യരെ തോല്പിക്കലുമാണു് ഇപ്പോൾ ലക്ഷ്യങ്ങളിൽ പൊതുവേ കാണുന്ന ഒരു ട്രെൻഡ്. അഭിനവ ഭസ്മാസുരന്മാരും ഇല്ലാതില്ല. മറ്റുള്ളവരുടെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഒരു നന്ദിവാക്കുപോലും പറയാതെ പൂർണ്ണമായോ ഭാഗികമായോ അടിച്ചുമാറ്റുക, മറ്റുള്ളവർ ചവച്ചുതുപ്പുന്നതിലെ ഖരപദാർത്ഥങ്ങൾ പെറുക്കി ചവയ്ക്കുക തുടങ്ങിയവയാണു് അവരുടെ ഇഷ്ടവിനോദങ്ങൾ. മൊണോഗമി, പൊളീഗമി എന്നൊക്കെ പറയുന്നപോലെ, ഈ ബൌദ്ധികവ്യായാമത്തെ ച്യൂയിങ്ഗമി എന്നു് വിളിക്കുന്നതിൽ തെറ്റില്ലെന്നു് തോന്നുന്നു.

ഏതു് കോളിളക്കത്തിലും യാതൊരു ചാഞ്ചല്യവും ഇല്ലാതെ നിർവ്വികാരമായി നിൽക്കുന്ന കടൽത്തീരത്തെ പാറക്കെട്ടിന്റെ സ്ഥാനമാണു് മനുഷ്യരുടെ ജീവിതത്തിൽ ദൈവത്തിനും. ഭക്തരുടെ പരാതികൾ എന്തുതന്നെ ആയാലും (അമ്മായി ചത്തു, ഓൺലൈൻ കാമുകൻ ചാറ്റിങ് നിർത്തി, ഫെയ്സ് ബുക്കിൽ ലൈക്ക് കുറഞ്ഞു തുടങ്ങിയ ഹൃദയവേദനകൾ) ദൈവം – പാറക്കെട്ടു് പോലെ തന്നെ – ഒരൊറ്റ ഇരിപ്പായിരിക്കും. ചൈനീസ് കുടവയറൻ ബുദ്ധന്റെ മാതൃകയിൽ സനാതനമായ ഇളിയോടെയുള്ള ഒരേ ഇരിപ്പു്! അതേസമയം, പാറക്കെട്ടിൽ നിന്നു് കടലും, ദൈവത്തിൽ നിന്നു് മനുഷ്യനും പ്രതീക്ഷിക്കുന്നതു് അനുഗ്രഹങ്ങളും വരങ്ങളുമാണു് – പ്രശ്നപരിഹാരങ്ങൾക്കുള്ള ഒറ്റമൂലികൾ! കടലിനു് തിരമാലകൾ എന്താണോ അതാണു് മനുഷ്യനു് ദൈവത്തിനോടുള്ള പ്രാർത്ഥനകളും നേർച്ചകാഴ്ചകളും.

ദൈവം എന്ന ഊന്നുവടി ഇല്ലാതെ ഒരു ചുവടുപോലും ജീവിതത്തിൽ നടക്കാൻ കഴിയാത്ത മനുഷ്യരുണ്ടു്. ദൈവത്തെ തുടർന്നും മുറുകെ പിടിക്കുന്നതാണു് അവർക്കു് ഏറ്റവും നല്ലതു്. സമനില തെറ്റി താഴെവീണു് നടു ഒടിയുന്നതിനേക്കാൾ ഭേദം ക്രച്ചസിന്റെ സഹായത്തോടെ നടക്കുന്നതാണെന്ന കാര്യത്തിൽ തർക്കം വേണോ? അതേസമയം, ഏതെങ്കിലുമൊരു ദൈവത്തിലുള്ള വിശ്വാസം മനഃശാസ്ത്രപരമായ ചില ആശ്വാസങ്ങൾ മനുഷ്യർക്കു് നൽകിയേക്കാമെന്ന വസ്തുത അംഗീകരിക്കുമ്പോൾത്തന്നെ, ദൈവം എന്നതു് മനുഷ്യമനസ്സിൽ രൂപമെടുത്ത ഒരു ഭാവനാസൃഷ്ടിയാണെന്നു് ലോജിക്കിന്റെയും റീസണിന്റെയും ശാസ്ത്രജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള മനുഷ്യർക്കു് ഈ ലോകത്തിൽ ജീവിക്കാൻ മിഥ്യയായ ഒരു ഊന്നുവടിയുടെ ആവശ്യമില്ല. ഇല്ലാത്ത ഒരു ഊന്നുവടിയിൽ താങ്ങിയുള്ള നടപ്പു് ഒന്നാലോചിച്ചു് നോക്കൂ!

താൻ ഇതുവരെ തന്റെ ദുഃഖങ്ങൾ ഏറ്റുചൊല്ലുകയും, ആനന്ദം പങ്കു് വയ്ക്കുകയും, നേർച്ചകാഴ്ചകൾ അർപ്പിക്കുകയും ചെയ്തിരുന്നതു് ഒരു മിഥ്യയുടെ, ഒരു മസ്തിഷ്കഭൂതത്തിന്റെ മുന്നിലായിരുന്നു എന്നു് മനസ്സിലാക്കേണ്ടി വരുന്ന ഒരു ഭക്തന്റെ അവസ്ഥ എത്ര ഭയാനകമായിരിക്കുമെന്നു് ചിന്തിക്കാവുന്നതേയുള്ളൂ. ഓർമ്മവച്ചനാൾ മുതൽ താൻ ഭയഭക്തിബഹുമാനങ്ങളോടെ കെട്ടിപ്പൊക്കിയ സുവർണ്ണഗോപുരം ഒരു ചീട്ടുകൊട്ടാരമായിരുന്നെന്നും, അതിലെ ഒരേയൊരു ചീട്ടു് എടുത്തു് മാറ്റിയാൽ ആകെമൊത്തം ചീട്ടുകൾ ഒന്നൊഴിയാതെ നിലംപതിക്കുമെന്നും, അതിനെതിരെ എന്തെങ്കിലും ചെയ്യാൻ താൻ അപ്രാപ്തനാണെന്നും മനസ്സിലാക്കേണ്ടി വന്നാലത്തെ നിസ്സഹായാവസ്ഥ! തന്റെ കൺമുന്നിൽ മൂർത്തമായി നിൽക്കുന്ന എന്തോ ഒന്നിനോടു് എന്നപോലെ സംസാരിക്കുകയും, കുനിയൽ, നിവരൽ, ഉരുളൽ, ആംഗ്യങ്ങൾ കാണിക്കൽ തുടങ്ങിയ ഗോഷ്ടികൾ കാണിക്കുകയും ചെയ്യുന്ന ഒരുവന്റെ “അനുഭവസാക്ഷ്യങ്ങൾക്കു്”, അങ്ങനെയൊരു ദിവ്യരൂപത്തെ ആ ഭാഗത്തെങ്ങും കാണാൻ കഴിയാത്ത മറ്റൊരു വ്യക്തിക്കു് എന്തു് സീരിയസ്നസാണു് നൽകാൻ കഴിയുക?

ദൈവം സ്നേഹമാണെന്നും, ദൈവം പ്രകൃതിയാണെന്നും, ദൈവം ഒരു ശക്തിയാണെന്നും, ദൈവം നീ തന്നെയാണെന്നും മറ്റുമുള്ള “ഫിലോസഫികൾ” വിളമ്പുന്ന ഒരു ഭക്തനെ ശ്രദ്ധിച്ചാൽ മതി, തന്റെ പുന്നാര ദൈവത്തെ കൈവെടിയാനുള്ള അവന്റെ വൈമനസ്യം മനസ്സിലാക്കാൻ. സ്നേഹമുണ്ടു്, പ്രകൃതിയുണ്ടു്, ശക്തിയുണ്ടു്, നീയുണ്ടു്, ഞാനുണ്ടു്. എല്ലാം ശരി തന്നെ. പക്ഷേ, ഒരു ദൈവത്തിനു് അവയിലെല്ലാം എന്തു് കാര്യം? അവയിലേക്കു് ഒരു ദൈവം എന്തിനു് കടന്നുവരണം? ദൈവമെന്നൊരു “എട്ടുകാലി മമ്മൂഞ്ഞിനെ” ഊന്നുവടിയായി വേണമെന്നു് ഒരുവൻ ചിന്തിക്കുന്നതു് താനൊരു മുടന്തനാണെന്ന തോന്നൽ അവനുള്ളതുകൊണ്ടാണു്. ആ തോന്നൽ ഇല്ലാത്ത മനുഷ്യർ എന്തിനു് അങ്ങനെയൊരു മമ്മൂഞ്ഞിനെ താങ്ങുവടിയാക്കി സ്ഥിരം കൂട്ടത്തിൽ കൊണ്ടുനടന്നു് സംരക്ഷിക്കണം? എന്തിനു് ആ ഊന്നുവടിയുടെ പേരിൽ തമ്മിൽത്തല്ലി ചാവണം?

പ്രപഞ്ചത്തിൽ ഒന്നല്ല, ഇന്നത്തെ അറിവിൽ നാലു് അടിസ്ഥാനശക്തികളുണ്ടു്. അവയിൽ ഒന്നും ദൈവമല്ല. അഞ്ചാമത്തെ ഒരു അടിസ്ഥാനശക്തിയുടെ സാന്നിദ്ധ്യത്തെപ്പറ്റിയുള്ള പഠനത്തിലാണു് ഇന്നു് ശാസ്ത്രലോകം. ആ അഞ്ചാം ശക്തി, അല്ലെങ്കിൽ, അറിഞ്ഞതും അറിയാനിരിക്കുന്നതുമായ സകല ശക്തികളുടെയും നിയന്ത്രകശക്തി, തന്റെ എട്ടുകാലി മമ്മൂഞ്ഞാണു് എന്നു് ബോധ്യമുള്ള ഏതു് ഭക്തനും ആ പഠനത്തിൽ വേണമെങ്കിൽ ആക്ടീവ് ആയി ഇടപെട്ടു് അതിനെ ഒരു ശുഭപര്യവസായി ആക്കിത്തീർക്കാം. പ്രസവിച്ചു് കഴിയുമ്പോൾ പിതൃത്വം ഏറ്റെടുക്കാൻ ചെല്ലുന്നതിനേക്കാൾ എന്തുകൊണ്ടും ഭേദമായിരിക്കുമതു്.

Dec 28, 2017, 10:35 AM

സഹിക്കുക, ചുമക്കുക എന്നൊക്കെയല്ലാതെ കാര്യമായ മറ്റു് പോംവഴികളൊന്നുമില്ലാത്ത ജീവിതഭാരങ്ങൾ മനുഷ്യർക്കു് നേരിടേണ്ടി വരാറുണ്ടു്. മാതാപിതാക്കൾ, ഭാര്യ, ഭർത്താവു്, മക്കൾ എന്നിവരുടെ നഷ്ടം, അവരുടെയോ, തന്റെതന്നെയോ രോഗം, അത്യാഹിതം, തൊഴിൽനഷ്ടം തുടങ്ങിയവയെ അക്കൂട്ടത്തിൽ പെടുത്താം. അവയിൽത്തന്നെ, കഴിയുന്നത്ര വേഗത്തിൽ പിടലിയിൽ നിന്നും ഇറക്കിവച്ചു് സ്വതന്ത്രമായില്ലെങ്കിൽ ശ്വാസം മുട്ടി ചാകേണ്ടി വരുന്നതരം ഭാരങ്ങളുമുണ്ടു്. ഒരമ്മ നല്ലതായതുകൊണ്ടു് എല്ലാ അമ്മമാരും നല്ലതാണെന്നോ, ഒരപ്പൻ ചീത്തയായതുകൊണ്ടു് എല്ലാ അപ്പന്മാരും ചീത്തയാണെന്നോ അർത്ഥമില്ലല്ലോ. കമ്പോസ്റ്റ് കുഴിയിൽ ഇട്ടാൽ, അതിലെ ശിഷ്ടം വളത്തേയും കൂടി വിഷമയമാക്കുന്നയിനം മക്കളേയും, ഭാര്യാഭർത്താക്കന്മാരേയും മാതാപിതാക്കളേയുമെല്ലാം കാണാൻ കഴിയുന്ന ഒരു ലോകമാണിതു്. മനുഷ്യവർഗ്ഗത്തിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ആ ജനുസ്സുകൾ ലോകത്തിൽ വിരളമാണു്.

ഗണപതിയുടെ വാഹനമായ മൗസിലൂടെ വിർച്വൽ ലോകം മുഴുവൻ സഞ്ചരിച്ചു്, ഐസിസ് സമാധാനികൾ അന്യവിശ്വാസികളുടെ തല വെട്ടുന്നതിന്റെയും, അമ്പത്തൊന്നു് വെട്ടേറ്റും, ആക്സിഡന്റുകളിൽപെട്ടും ചോരയിൽ കുളിച്ചു് കിടക്കുന്ന മനുഷ്യശരീരങ്ങളുടെയും, സ്വന്തം കുഞ്ഞുമക്കളെ ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുന്ന മാതാപിതാക്കളുടെയുമെല്ലാം “സെൻസേഷണൽ” ചിത്രങ്ങളും വീഡിയോകളും ലോകത്തിനു് മുന്നിൽ അവതരിപ്പിക്കുന്ന “മനുഷ്യസ്നേഹികളെ” സ്വന്തം ഫെയ്സ്ബുക്ക്‌ ഫ്രണ്ഡ് ലിസ്റ്റിൽ ചേർത്തിട്ടുള്ളവർ ഈവിധ വാർത്താവിതരണങ്ങൾക്കുള്ള തെളിവുകൾ ചുരുങ്ങിയതു് ഒരു പ്രാവശ്യമെങ്കിലും സ്ട്രീമിൽ കണ്ടിട്ടുള്ളവരായിരിക്കും. മല്ലു സിൽമകൾ വഴി ദശാബ്ദങ്ങളിലൂടെ കണ്ഡീഷൻ ചെയ്യപ്പെട്ട പ്രബുദ്ധമലയാളികൾക്കു് അത്തരം സീനുകൾ കണ്ടാലേ ഒരു കിക്ക് കിട്ടൂ എന്നതിനാലാവാം, അവർ ഈവകകൾ പോസ്റ്റ് ചെയ്യുന്നതു്. “ചെംചോരയിൽ കുതിർന്ന ചെംകൊടികൾ” കണ്ടു് വളർന്നതും വളരുന്നതും മൂലം, മലയാളികൾക്കു് മനുഷ്യരക്തം കാണുന്നതു് ഒരു ഹരമാണു്. സെപ്റ്റിക് ടാങ്കിൽ കൊണ്ടുപോയി ഡിസ്പോസ് ചെയ്യേണ്ടുന്ന കുറേ പെർവെർട്ടുകളും അവരുടെ “കലാസൃഷ്ടികളും” എന്നല്ലാതെ എന്തു് പറയാൻ? ഒരു കുഞ്ഞിനെ ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുന്നവനോ, എത്രയും നേരത്തേ അതിൽ ഇടപെട്ടു് ആ പീഡനത്തിനു് ഒരറുതി വര