“യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു – കമ്മ്യൂണിസത്തിന്റെ ഭൂതം. ഈ ഭൂതത്തെ ആട്ടിപ്പുറത്താക്കാൻ വേണ്ടി യൂറോപ്പിലെ പഴമയുടെ ശക്തികളെല്ലാം – പോപ്പും, റ്റ്സാറും, മെറ്റർനിക്കും, ജ്യുസോട്ടും, ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം – ഒരു പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കുകയാണു്” – ഇതാണു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കം. (ആദ്യപ്രസിദ്ധീകരണം 21. 02. 1848).
ഒഴിപ്പിക്കേണ്ട ഒന്നായിട്ടാണു് പുരാതനകാലം മുതലേ മനുഷ്യർ ഭൂതബാധയെ കണ്ടിരുന്നതു്. ഭൂതബാധയെ “ആബ്ര കദാബ്ര” ചൊല്ലി ഒഴിപ്പിക്കുന്ന ചികിത്സാ രീതി ആർഷഭാരതത്തിൽ, ഏറ്റവും ചുരുങ്ങിയപക്ഷം ആയുർവ്വേദത്തിനും ഹോമിയോക്കും തുല്യമായതോ, പലപ്പോഴും അതിലും ഫലപ്രദമായതോ ആയി ഇന്നും പൊതുവേ അംഗീകരിക്കപ്പെടുന്ന ഒന്നാണു്. ഒരു രണ്ടായിരം വർഷം പുറകിലേക്കു് മാറിനിന്നു് ചിന്തിച്ചാൽ, ഭൂതങ്ങളെ ഒഴിപ്പിക്കാനുള്ള കഴിവു് ഇല്ലാത്തവനായിരുന്നു യേശുവെങ്കിൽ അവനെ ദൈവപുത്രനായി മനുഷ്യർ അംഗീകരിക്കുമായിരുന്നോ എന്നുപോലും സംശയിക്കേണ്ടിവരും. മനുഷ്യരുടെ ഇടയിൽ ഭൂതബാധ ഒരു നിസ്സാരകാര്യമല്ല. ഭൂതബാധ ഒരു നത്തോലിയല്ല എന്നു് സിൽമാഭാഷ. മതങ്ങളിലും രാഷ്ട്രീയത്തിലും ഒരിക്കലും വേരറ്റു് പോകാത്ത ഒരിനമാണു് ഭൂതങ്ങളും പ്രേതങ്ങളുമെങ്കിലും, അവയെ ഒഴിപ്പിക്കാൻ ദൈവപുത്രന്മാർ എന്തുകൊണ്ടോ യുഗേ യുഗേ അല്ലാതെ പതിവായി ജനിക്കാറില്ല. അതുകൊണ്ടാവാം, യൂറോപ്പിനെ ബാധിച്ച കമ്മ്യൂണിസത്തിന്റെ ഭൂതത്തെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യപുത്രന്മാർക്കു് നേരിട്ടു് ഒഴിപ്പിക്കേണ്ടിവന്നതു്. മാർക്സിനു് മുൻപും പിൻപും എന്തിനും ഏതിനും യുദ്ധം എന്ന ഒരേയൊരു പരിഹാരവുമായി കാലങ്ങൾ പിന്നിട്ട യൂറോപ്പിൽ തന്റെ വാഗ്ദാനചപ്പടാച്ചികൾ പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നു് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റ് ഭൂതത്തിനു് സ്വയം ഒഴിവായിപ്പോവുകയല്ലാതെ മറ്റു് മാർഗ്ഗമൊന്നും ഇല്ലായിരുന്നു എന്നതിനാൽ മനുഷ്യപുത്രന്മാരുടെ ജോലി ലഘൂകരിക്കപ്പെട്ടു എന്നതും ഒരു സത്യമാണു്. അങ്ങനെ മാനിഫെസ്റ്റോക്കു് ഏകദേശം നൂറ്റമ്പതു് വർഷങ്ങൾക്കു് ശേഷം കൊടിയ കമ്മ്യൂണിസ്റ്റ് ഭൂതം യൂറോപ്പിൽ നിന്നും കെട്ടുകെട്ടി. എങ്കിലും ലോകത്തിൽ അവിടെയും ഇവിടെയുമൊക്കെ നിത്യഇന്നലെകളും ചെങ്കൊടിയേന്തിയവരുമായ ഏതാനും ഛോട്ടാ പ്രേതങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ടു്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്നതിനാൽ, വിപ്ലവം വരാനുള്ള സാദ്ധ്യതയൊന്നും ഇല്ലെന്നു് മാർക്സ് തന്നെ മുൻകൂറായി പ്രസ്താവിച്ച തരത്തിൽപെട്ട രാജ്യങ്ങളാണു് അവയെന്നതാണു് ഇതിലെ രസകരമായ കാര്യം. (വ്യാവസായികമായി പിന്നാക്കം നിന്നിരുന്ന റഷ്യയിലാണു്, മാർക്സിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടു്, ആദ്യം കമ്മ്യൂണിസ്റ്റ് വിപ്ലവം വന്നതെന്ന വസ്തുത നമുക്കു് തത്കാലം മറക്കാം).
സമകാലികയൂറോപ്പിനെപ്പറ്റിയുള്ള തന്റെ വിലയിരുത്തലുകൾ പോലെ തന്നെ, യൂറോപ്പിനെ ബാധിച്ച ഒരു ഭൂതമാണു് കമ്മ്യൂണിസം എന്ന മാർക്സിന്റെ കണ്ടെത്തലും അക്ഷരംപ്രതി ശരിയായിരുന്നു. (കൗണ്ടർപ്രൊഡക്റ്റീവ് ആയതിനാൽ ഒഴിവാക്കപ്പെടേണ്ട ഒന്നാണു് ഭൂതബാധയെന്ന വസ്തുത അദ്ദേഹം ഒരുപക്ഷേ ആവേശത്തിനിടയിൽ മറന്നതാവാം). ആ ‘ശരി’കൾക്കിടയിൽ, പാന്റ്സിലേക്കു് ചോർന്ന വയറ്റിളക്കം പോലെ, വരാനിരിക്കുന്ന സോഷ്യലിസ്റ്റ് സ്വർഗ്ഗത്തെപ്പറ്റിയുള്ള മാർക്സിന്റെ പ്രവചനങ്ങൾ മാത്രം പാളിപ്പോയി. ന്യൂട്ടോണിയൻ ശാസ്ത്രീയതയുടെ കാലത്തു് പ്രബലമായിരുന്ന ഡിറ്റർമിനിസ്റ്റിക് ലോകവീക്ഷണത്തിന്റെ അടിത്തറയിൽ തന്റെ സോഷ്യലിസ്റ്റ്താത്വികഗോപുരം പടുത്തുയർത്തിയ മാർക്സ്, ലോകചരിത്രത്തിന്റെ ഗതിയും ശാസ്ത്രീയമായ പെർഫെക്ഷനോടെ പ്രവചിക്കാവുന്നതാണെന്നു് കരുതിയിരുന്നില്ലെങ്കിലേ അത്ഭുതത്തിനു് വകയുള്ളു. മാർക്സിയൻ ചിന്തകൾ ഉപയോഗിക്കുന്ന ഭാഷയും, മാർക്സിസ്റ്റുകൾ എന്ന പേരിൽ ഇന്നു് അവശേഷിക്കുന്നവർ പ്രയോഗിക്കുന്ന ഭാഷയും ശ്രദ്ധിച്ചാൽ മറ്റൊരു മാർക്സിയൻ ‘ശരി’ കൂടി വ്യക്തമാവും: മാർക്സ് പറഞ്ഞതുപോലെ, മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമല്ല, മാർക്സിയൻ ഭാഷയും മാറ്റമില്ലാത്തതാണു്. നൂറ്റമ്പതു് വർഷങ്ങളൊന്നും അവിടെ ഒരു പ്രശ്നമേയല്ല. ലോകാവസാനത്തോളം മനുഷ്യർ എങ്ങനെ ജീവിക്കണമെന്നു് 1400 വർഷങ്ങൾക്കു് മുൻപേ, ബ്ലാക്ക്ഹോളും ഡാർക്ക്എനർജിയും അടക്കമുള്ള സകല പ്രപഞ്ചത്തെയും സൃഷ്ടിച്ച ഒരു ഒറ്റയാൻ ദൈവം, അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന ഒരു അറബിയോടു് അരുളിച്ചെയ്തിട്ടുണ്ടെന്നു് വിശ്വസിക്കുകയും, അതു് അംഗീകരിക്കാത്തവരെ, തങ്ങളുടെ ദൈവം വലിയവനാണെന്നും, അതിലും വലിയൊരു ദൈവമില്ലെന്നും, തങ്ങളുടേതു് സമാധാനത്തിന്റെ മതമാണെന്നും അലറി വിളിച്ചുകൊണ്ടു്, അതേ ദൈവത്തിനു് അവൻതന്നെ കല്പിച്ചപ്രകാരം ആടുമാടുകളേയും ഒട്ടകങ്ങളേയും കഴുത്തറുത്തു് ബലിയർപ്പിക്കുന്ന അതേ ലാഘവത്തോടെ അറുകൊല ചെയ്യുകയും ചെയ്യുന്നവർ ജീവിക്കുന്ന ഈ ഭൂമിയിൽ, നൂറ്റമ്പതു് വർഷം പഴക്കമുള്ള ഒരു പ്രത്യയശാസ്ത്രം പുരോഗതിയിലേക്കുള്ള ഒറ്റമൂലിയാണെന്നു് വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് യാഥാസ്ഥിതികത്വത്തിനു് തീർച്ചയായും അഭിമാനിക്കാൻ വകയുണ്ടു്.
കടുവയേക്കാൾ വലിയ കിടുവ ഉള്ളിടത്തു് കടുവക്കു് കാലുറപ്പിക്കാൻ കഴിയില്ലാത്തതിനാലാവാം, രക്തദാഹികളായ അനേകം ദൈവങ്ങളും ഭൂതങ്ങളും അരങ്ങു് വാഴുന്ന ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് ഭൂതത്തിന്റെ പിടി കാര്യമായി മുറുകാതെ പോകുന്നതു്. ഒരു കമ്മ്യൂണിസ്റ്റിന്റെ ദൃഷ്ടിയിൽ ഒരു ക്യാപ്പിറ്റലിസ്റ്റ് വെറുപ്പു് മാത്രം അർഹിക്കുന്ന ഒരു വർഗ്ഗശത്രു ആയിരിക്കേണ്ടതുണ്ടെങ്കിലും, ആരോഗ്യകരമായ മത്സരങ്ങളുടെ ഫലമായി ക്യാപ്പിറ്റലിസം കൈവരിക്കുന്ന നേട്ടങ്ങളുടെ മായാജാലങ്ങൾ കണ്ണഞ്ചിപ്പിക്കുന്നവയായതിനാൽ, അതിൽ മയങ്ങിവീഴാതിരിക്കാൻ ഒരുമാതിരി കമ്മ്യൂണിസ്റ്റുകൾക്കൊന്നും കഴിയാറില്ല. “ചക്കരക്കുടം കണ്ടാൽ, എന്റെ സാറേ, കൈ അറിയാതെ അങ്ങോട്ടു് നീളും”. ഭേദമാക്കാൻ കഴിയാത്ത വിധത്തിൽ ഐഡിയോളജികളുടെ ഭൂതബാധ ഏൽക്കുന്ന ചുരുക്കം ചില മനുഷ്യർ ഇല്ലെന്നല്ല. ഏതു് പ്രസ്ഥാനത്തിനും രക്തസാക്ഷികൾ എന്ന ‘വർഗ്ഗത്തെ’ (മറക്കാതിരിക്കുക: മനുഷ്യർ എന്നാൽ പലതരം വർഗ്ഗങ്ങളാണു്!) ദാനം ചെയ്യുന്നതു് ഈ വിഭാഗമായിരിക്കും! സർവ്വരാജ്യതൊഴിലാളികളെ മുഴുവനും സംഘടിപ്പിച്ചു്, ഏകോപിപ്പിച്ചു് സർവ്വലോകവും പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി മാർക്സ് തുടങ്ങിവച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നു്, “എവിടെ കമ്മ്യൂണിസമുണ്ടോ, അവിടെ അരക്ഷിതാവസ്ഥയും സ്വേച്ഛാധിപത്യവുമുണ്ടു്” എന്ന നിലയിലേക്കു് പടവലങ്ങ പോലെ വളർന്നുകഴിഞ്ഞു. ഉറവിടപരമായിത്തന്നെ സ്വയം അധികപ്പറ്റാക്കി മാറ്റാനല്ലാതെ മറ്റു് ഗതിയൊന്നുമില്ലാത്ത മാർക്സിയൻ പ്രത്യയശാസ്ത്രം! കേരളത്തിൽ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നതു് ഓൺലൈൻ കമ്മ്യൂണിസ്റ്റുകളാണെന്നു് തോന്നുന്നു. ഔദ്യോഗികമായി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) എന്നറിയപ്പെടുന്ന പാർട്ടിയുടെ ഓൺലൈൻ പ്രതിനിധികൾ. പ്രധാനമായും കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്നവരാണവർ. C. P. I. (M)-നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള (മാർക്സിസ്റ്റ്) എന്നോ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കണ്ണൂർ (മാർക്സിസ്റ്റ്) എന്നോ ഒക്കെ വിളിക്കാവുന്ന നിലയിലേക്കു് എത്തിക്കാൻ അത്യദ്ധ്വാനം ചെയ്യുന്നവരായ യുവാക്കൾ എന്ന നിലയിൽ ഈ ഓൺലൈൻ ഘടകത്തെ K. S. P. (കമ്മ്യൂണിസവും സ്വല്പം പിള്ളേരും) എന്നു് വിളിച്ചാലും തെറ്റൊന്നുമില്ലെന്നു് തോന്നുന്നു. സ്ഥാപകനേതാവായ മാർക്സ്‌തന്നെ വ്യക്തമാക്കിയതുപോലെ, കമ്മ്യൂണിസം സാമൂഹികമായ ഒരു ഭൂതബാധ ആയതിനാൽ ആ ബാധയെ, നശിക്കാൻ ആഗ്രഹിക്കാത്ത ഏതൊരു സമൂഹത്തിൽ നിന്നും എന്നതുപോലെതന്നെ, ഭാരതത്തിൽ നിന്നും ഒഴിച്ചു് നിർത്തേണ്ടതുണ്ടു് എന്ന കാര്യത്തിൽ സുബോധമുള്ള ആർക്കും സംശയമുണ്ടാവാൻ വഴിയില്ല. ആ നിലക്കു്, കേരളത്തിൽ നിന്നു് (ഫലത്തിൽ ഇൻഡ്യയിൽ നിന്നും!) കമ്മ്യൂണിസത്തിന്റെ ഭൂതത്തെ ആട്ടിപ്പുറത്താക്കാൻ ശ്രമിക്കുന്ന “K. S. P. ഘടകം”, പണ്ടത്തെ യൂറോപ്പിലെ “പോപ്പും, റ്റ്സാറും, മെറ്റർനിക്കും, ജ്യുസോട്ടും, ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും, ജർമ്മൻ പോലീസ് ചാരന്മാരുമെല്ലാം” അടങ്ങുന്ന പഴമയുടെ ശക്തികളുടെ പാവനസഖ്യത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു് പറയാതെ വയ്യ. അതുകൊണ്ടു് ഓൺലൈൻ സഖാക്കളേ, നിങ്ങൾ പൊരുതൽ നിർത്തരുതു്. കേരളരാഷ്ട്രീയവും അതിലെ ഗോത്രമൂപ്പന്മാരും കടൽക്കിഴവന്മാരും അർഹിക്കുന്ന തട്ടകം ഏതെന്നു് നിങ്ങൾ വഴി ജനം മനസ്സിലാക്കും. അന്തിമവിജയം നിങ്ങളുടേതാണു്. പൊളപ്പൻ വിപ്ലവാഭിവാദ്യങ്ങൾ!