RSS

Daily Archives: Apr 7, 2008

സര്‍വ്വശക്തനായ ദൈവം!

ദൈവം സര്‍വ്വശക്തനാണെന്നും, മനുഷ്യനു് സ്വതന്ത്ര ഇച്ഛാശക്തി (free will) ഉണ്ടെന്നും ചില മതപണ്ഡിതര്‍ ഒരേ വായ്കൊണ്ടു് പറയുന്നതിലെ വൈരുദ്ധ്യത്തിലേക്കു് വിരല്‍ ചൂണ്ടുകയാണു് ഈ ലേഖനത്തിന്റെ ലക്‍ഷ്യം.

ദൈവത്തിന്റെ സര്‍വ്വശക്തിയിലാണു് എല്ലാ മതങ്ങളും പണിതുയര്‍ത്തിയിരിക്കുന്നതു്. സര്‍വ്വശക്തന്‍ എന്നതിനു് എന്താണര്‍ത്ഥം? എല്ലാം തികഞ്ഞവന്‍, എല്ലാം അറിയുന്നവന്‍, നന്മ നിറഞ്ഞവന്‍, തിന്മ തൊട്ടു് തീണ്ടിയിട്ടില്ലാത്തവന്‍ എന്നൊക്കെയല്ലേ? അതായതു് മനുഷ്യന്റെ അളവുകോലിന്റെ അടിസ്ഥാനത്തില്‍, തെറ്റോ, കുറ്റമോ, കഴിവുകേടോ, ബലഹീനതയോ ഉണ്ടാവാന്‍ പാടില്ലാത്ത എന്തോ ഒന്നു്. പക്ഷേ, ആ എന്തോ ഒന്നിനെ അവന്‍ എന്നോ, അവള്‍ എന്നോ, അതു് എന്നോ വിളിക്കാന്‍ നിര്‍ബന്ധിതരാകുന്നതുവഴി മാത്രം എന്തോ ഒന്നായ ആ ദൈവത്തില്‍ മാനുഷികത്വത്തിന്റെ അംശം കലര്‍ത്തുകയല്ലേ നമ്മള്‍ ചെയ്യുന്നതു്? മാനുഷികഭാഷയോടുള്ള ദൈവത്തിന്റെ വിധേയത്വമല്ലേ അതു് കാണിക്കുന്നതു്? ദൈവത്തിനു് ലിംഗം ഉണ്ടോ ഇല്ലയോ എന്നോ, ദൈവം എന്താണു് എന്നോ ഉള്ള യാതൊരു വിവരവും മനുഷ്യനില്ല എന്ന വസ്തുത ഒരു വശത്തു്. എന്നിട്ടും, ദൈവത്തിന്റെ ലിംഗം സൂചിപ്പിക്കാന്‍ കഴിയുന്ന മൂന്നു് സാദ്ധ്യതകളില്‍ പുരുഷലിംഗം എന്ന സാദ്ധ്യത സ്വീകരിക്കാനാണു് മനുഷ്യര്‍ക്കിഷ്ടം. ദൈവത്തെ സര്‍വ്വശക്തന്‍ എന്നു് വിളിച്ചു് ഒരു പുരുഷന്‍ ആക്കുന്നതിന്റെ മാനദണ്ഡം പൊതുവേ പുരുഷവര്‍ഗ്ഗം പ്രദര്‍ശിപ്പിക്കുന്ന മാംസപേശികളില്‍ അധിഷ്ഠിതമായ ശാരീരികശക്തിയല്ലാതെ മറ്റെന്താണു്? ദൈവത്തെ സര്‍വ്വശക്തനായി മാത്രം കാണാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നതിന്റെ കാരണം മനുഷ്യന്റെ സ്വന്തം ശക്തിഹീനതയെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റെന്താണു്?

ഈ യാഥാര്‍ത്ഥ്യമാണു്, മറ്റൊരു ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചതുപോലെ, പ്രസിദ്ധമായ ദൈവനിര്‍വചനത്തിലേക്കു് ലുഡ്വിഗ് ഫൊയര്‍ബാഹിനെ നയിച്ച അടിസ്ഥാനചിന്ത. “ദൈവം മനുഷ്യനു് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും, ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും, അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായ കാര്യങ്ങളുടെ പ്രത്യക്ഷീകരണമാണു്.” എത്ര മനോഹരമായി ഒരു വലിയ സത്യം അദ്ദേഹം പറഞ്ഞിരിക്കുന്നു! അതും വേണമെങ്കില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയില്‍. പക്ഷേ ഫൊയര്‍ബാഹിനെ ആര്‍ക്കുവേണം? മനുഷ്യനു് വേണ്ടതു് വെളിപാടുകളാണു്, അത്ഭുതങ്ങളാണു്, രക്തമൊഴുക്കുന്ന പ്രതിമകളും പടങ്ങളുമാണു്‌.

സര്‍വ്വശക്തനായ ഒരു ദൈവം സര്‍വ്വജ്ഞാനിയും, മനുഷ്യന്റേയും സകല പ്രപഞ്ചത്തിന്റേയും ഭാവി അറിയുന്നവനും ആവണം. അതായതു്, ഒരു മനുഷ്യന്‍ നാളെ എന്തു് ചെയ്യും എന്നു് ദൈവത്തിനു് ദൈവോത്ഭവം മുതല്‍ വ്യക്തമായ അറിവുണ്ടാവണം. ഭാവിയിലെ തന്റെ ഓരോ പ്രവൃത്തിയും ദൈവത്താല്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നു് സാരം. “കാശിനു് രണ്ടു് എന്ന നിരക്കില്‍ വില്‍ക്കപ്പെടുന്ന കുരികില്‍ പോലും പിതാവായ ദൈവം സമ്മതിക്കാതെ നിലത്തു് വീഴുകയില്ല” എന്നാണല്ലോ യേശുവും പറഞ്ഞതു്. മറ്റു് വാക്കുകളില്‍, നമ്മുടെ ഭാവി അറിയുന്ന സര്‍വ്വജ്ഞാനിയായ ഒരു ദൈവമുണ്ടു് എന്നു് പറയുന്നതിനു്, സംഭവിക്കാനിരിക്കുന്ന നമ്മുടെ ഓരോ ചിന്തകളും പ്രവൃത്തികളും നിശ്ചയിക്കപ്പെട്ടിരിക്കുന്നതും, പ്രവചിക്കാവുന്നതും, മാറ്റാനാവാത്തതുമാണു് എന്ന ഒരര്‍ത്ഥമേ നല്‍കാന്‍ കഴിയൂ. ആ സ്ഥിതിക്കു്, നേര്‍ച്ചയോ, കാഴ്ച്ചയോ, പ്രാര്‍ത്ഥനയോ വഴി ഭാവിയെ മാറ്റിയെടുക്കാമെന്നു് അവകാശപ്പെടുന്നതു് ദൈവത്തിന്റെ സര്‍വ്വജ്ഞാനത്തേയും ഇന്റെഗ്രിറ്റിയെ തന്നെയും ചോദ്യം ചെയ്യുന്നതിനു് തുല്യമായിരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്റെ പ്രപഞ്ചത്തെ വേണമെങ്കില്‍ ന്യൂട്ടോണിയന്‍ ഫിസിക്സില്‍ അധിഷ്ഠിതമായ ഒരു പ്രപഞ്ചത്തിനോടു് ഉപമിക്കാം. ഒരു നിശ്ചിത സമയത്തെ വസ്തുക്കളുടെ പിണ്ഡവും, സ്ഥാനവും, വേഗതയും അറിയാമെങ്കില്‍ അണു മുതല്‍ നക്ഷത്രങ്ങള്‍ വരെയുള്ള സകല വസ്തുക്കളുടെയും മറ്റേതൊരു സമയത്തേയും സ്ഥാനം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്ന ഒരുതരം ഘടികാരപ്രപഞ്ചമായിരിക്കുമതു്. ഈ സങ്കല്‍പത്തില്‍ നിന്നും പക്ഷേ ശാസ്ത്രലോകം വളരെ മുന്നോട്ടു് പോയി കഴിഞ്ഞു. ഒപ്പം എത്താന്‍ കഴിയാതിരുന്നതു് മതനേതാക്കള്‍ക്കും, അവര്‍ പുറകോട്ടു് പിടിച്ചുവലിച്ചു് നിര്‍ത്തിയതുമൂലം ട്രെയിനില്‍ കയറിപ്പറ്റാന്‍ കഴിയാതെ പ്ലാറ്റ് ഫോമില്‍ നിന്നുപോയ അവരുടെ ഏറാന്‍ മൂളികള്‍ക്കും മാത്രം.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, സര്‍വ്വശക്തനായ ഒരു ദൈവം നിയന്ത്രിക്കുന്ന പ്രപഞ്ചത്തില്‍ മനുഷ്യനു് സ്വതന്ത്ര ഇച്ഛാശക്തി ഇല്ല. അഥവാ, മനുഷ്യന്‍ എന്തു് തീരുമാനിച്ചാലും, വരേണ്ടതെന്നു്‌ അനാദികാലത്തുതന്നെ ദൈവം നിശ്ചയിച്ചു്‌ ഉറപ്പിച്ചിട്ടുള്ളതുപോലെയേ വരൂ. അതുപോലൊരു ലോകത്തില്‍ വരുന്നതു് വരുന്നതുപോലെ സ്വീകരിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേ മനുഷ്യനുള്ളു എന്നു് ചുരുക്കം. നാളെ എന്തുചെയ്യണമെന്നു് പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ഒരുത്തനു് നാളെ തീരുമാനിക്കാന്‍ കഴിയുമെങ്കില്‍, അവന്‍ എന്താണു് തീരുമാനിക്കാന്‍ പോകുന്നതു് എന്നു് ഒരു ദൈവിക ശക്തിക്കും മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെങ്കില്‍, എങ്കില്‍ മാത്രമേ തീരുമാനസ്വാതന്ത്ര്യം എന്ന വാക്കിനു് എന്തെങ്കിലും അര്‍ത്ഥമുള്ളു. അവിടെ ദൈവത്തിന്റെ സര്‍വ്വശക്തിക്കു് ഒരു അര്‍ത്ഥവുമില്ല. അതായതു്, ഒന്നുകില്‍ ദൈവം സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും, മനുഷ്യന്‍ ആ ദൈവത്തിന്റെ വെറുമൊരു പാവയും അടിമയുമാണു്‌. അല്ലെങ്കില്‍ മനുഷ്യനു് എന്തു് തീരുമാനിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടു്, ദൈവത്തിനു് അവനെ നിയന്ത്രിക്കാന്‍ മതിയായ യാതൊരുവിധ ശക്തിയുമില്ല. അപ്പോള്‍ മനുഷ്യന്‍ ദൈവത്തേക്കാള്‍ ശക്തനാണെന്നു് വരും. ഇതിനു് രണ്ടിനും ഇടയിലുള്ള ഒരു നിലപാടു് യുക്തിസഹമല്ല. (തലച്ചോറിലെ ഒട്ടോമാറ്റിസത്തിന്റെ അടിസ്ഥാനത്തിലെ അസ്വാതന്ത്ര്യമല്ല ഇവിടെ ഉദ്ദേശിക്കുന്നതു്‌.)

അങ്ങനെ മനുഷ്യന്റെ സകല ഭാവിയും അറിഞ്ഞുകൊണ്ടു്, അവനു് എന്തു് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നു് പ്രഖ്യാപിച്ചു്‌ അവനെ ഇരുട്ടില്‍ തപ്പിത്തടയാന്‍ വിട്ടു്‌ കഷ്ടപ്പെടുത്തുന്ന എന്തോ ഒന്നാണു് ദൈവമെങ്കില്‍, ഏറ്റവും ലഘുവായ ഭാഷയില്‍ പറഞ്ഞാല്‍, പറക്കമുറ്റാത്ത മക്കളെ പീഡിപ്പിച്ചു് ആനന്ദിക്കുന്ന പിതാവിനു് തുല്യനും, ക്രൂരനുമായ ഒരു സാഡിസ്റ്റ് മാത്രമായിരിക്കും അത്തരമൊരു ദൈവം. ആ ചിത്രം ദൈവത്തിനല്ല, ആ ദൈവത്തെ പ്രതിനിധീകരിച്ചു്, സര്‍വ്വജ്ഞാനി ചമഞ്ഞു്‌, മനുഷ്യരെ നരകം കാണിച്ചു്‌ ഭയപ്പെടുത്തി, സ്വര്‍ഗ്ഗം കാണിച്ചു്‌ മോഹിപ്പിച്ചു് ഉപജീവനം തരപ്പെടുത്തുന്ന പുരോഹിതന്മാര്‍ക്കാവും കൂടുതല്‍ ചേരുക. ഏതെങ്കിലും ഒരു ഈശ്വരനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടല്ലാതെ, ആ ഈശ്വരനോടുള്ള പ്രാര്‍ത്ഥനയോടെയല്ലാതെ, വൈദ്യുതവിളക്കുകളുടെ പ്രഭാപൂരത്തിലും നിലവിളക്കു്‌ കൊളുത്തി ആ ഈശ്വരന്റെ അനുഗ്രഹം തേടിക്കൊണ്ടല്ലാതെ ഏതെങ്കിലും ഒരു കര്‍മ്മം ചെയ്യാന്‍ മനുഷ്യന്‍ ധൈര്യപ്പെടാതിരിക്കുന്ന കാലത്തോളം ഈ ചൂഷണം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കും. താന്‍ ചൂഷണം ചെയ്യപ്പെടുകയാണെന്നു്‌ മനസ്സിലാക്കാന്‍ ചൂഷിതനു്‌ കഴിയാത്തിടത്തോളം, തന്റെ മുന്നില്‍ വിശ്വസ്തന്റെ കപടവേഷം കെട്ടിയാടുന്ന ചൂഷകനെ തിരിച്ചറിയാന്‍ ചൂഷിതനു്‌ കഴിയാത്തിടത്തോളം അവന്‍ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.

എല്ലാം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന ഒരു ദൈവത്തിനു് വിധവയുടെ ചില്ലിക്കാശുപോലെ എന്തെങ്കിലും നല്‍കിയാല്‍ അദ്ദേഹം തന്റെ തീരുമാനം പുനപരിശോധിക്കുമെങ്കില്‍ കാര്യങ്ങള്‍ എത്ര എളുപ്പമായിരുന്നു! ദൈവത്തിനു് നല്‍കാന്‍ നിധിയില്ല എന്നൊരു പരാതി മതങ്ങള്‍ക്കോ, ആള്‍ദൈവങ്ങള്‍ക്കോ ഒട്ടില്ലതാനും. ദൈവത്തിനു് അല്‍പം കൈക്കൂലി നല്‍കി ലോകത്തിലെ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ നേരെയാക്കുവാന്‍ എന്നിട്ടും മതങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും കഴിയാത്തതിനേക്കാള്‍ വലിയ ഒരു തെളിവു്‌ അവര്‍ കെട്ടിയാടുന്നതു്‌ കപടവേഷങ്ങളാണെന്നതിനു്‌ ആവശ്യമില്ല.

ദൈവത്തെ സര്‍വ്വശക്തനും, മനുഷ്യവിധിയുടെ നാഥനുമാക്കുന്ന മതങ്ങളുടെ പ്രഖ്യാപനങ്ങളിലെ വൈരുദ്ധ്യങ്ങളുടെ പാരമ്യതയാണു് വരാനിരിക്കുന്ന ഒരു വിധിദിനം എന്നതു്. മനുഷ്യരുടെ തീരുമാനങ്ങള്‍ ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍, മനുഷ്യരുടെ ഭാവി എന്തെന്നു് കൃത്യമായി ദൈവത്തിനു് അറിയാമായിരുന്നെങ്കില്‍, മനുഷ്യര്‍ എന്തു് തീരുമാനിച്ചാലും, എന്തു് ചെയ്താലും ദൈവം മുന്‍കൂട്ടി നിശ്ചയിച്ചതേ നടക്കുമായിരുന്നുള്ളൂ എന്നതിനാല്‍, മനുഷ്യര്‍ക്കു് അവരുടെ വഴി സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ യാതൊരു സാദ്ധ്യതയുമില്ലായിരുന്നു എന്നതിനാല്‍, ഇതെല്ലാം അനുഭവിച്ചതിനും, സഹിച്ചതിനും ശേഷം മരിച്ചു് ദൈവസന്നിധിയില്‍ എത്തുന്ന മനുഷ്യരെ വിചാരണ ചെയ്തു് “പാപവും പുണ്യവും” തരം തിരിച്ചു് നരകവും സ്വര്‍ഗ്ഗവും നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ദൈവത്തേക്കാള്‍ നീതിബോധമില്ലാത്ത, പരിഹാസ്യമായ ഒരു ദൈവരൂപത്തെ സങ്കല്‍പിക്കാന്‍ കഴിയുമോ?

പാപം ചെയ്ത ആദിമനുഷ്യരെ ദൈവം പറുദീസയില്‍ നിന്നും പുറത്താക്കി. അതിനുകാരണം അവര്‍ ആ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലവുംകൂടി പറിച്ചുതിന്നു് നിത്യജീവന്‍ നേടി എന്നാളും ജീവിക്കാതിരിക്കാന്‍ വേണ്ടിക്കൂടി ആയിരുന്നു. പിന്നീടു് അതേ ദൈവം തന്റെ ഏകജാതനായ പുത്രനെ കുരിശുമരണത്തിനേല്‍പ്പിക്കുന്നു. മനുഷ്യനു് നിത്യജീവന്‍ നേടിക്കൊടുക്കുക എന്നതായിരുന്നത്രെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റേയും ലക്‍ഷ്യം! എങ്കില്‍ പിന്നെ അന്നേതന്നെ ആ മനുഷ്യരെ തോട്ടത്തിലെ നിത്യജീവന്റെ വൃക്ഷത്തിന്റെ ഫലം തിന്നാന്‍ അനുവദിച്ചാല്‍ പോരായിരുന്നോ? നീ നിന്റെ സഹോദരനുള്ളതു് യാതൊന്നും ആഗ്രഹിക്കരുതെന്നാണു് കല്‍പ്പന. പക്ഷേ, സ്വന്തമകനെ ഭൂമിയില്‍ ജനിപ്പിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നതു് മറ്റൊരുവനു് വിവാഹനിശ്ചയം ചെയ്തിരുന്ന സ്ത്രീയെ! പരസ്യമായി പ്രസംഗിച്ചുനടന്നിരുന്ന യേശുവിനെ ഒരു യൂദാസ്‌ ഒറ്റിക്കൊടുത്തിട്ടുവേണമോ പുരോഹിതന്മാര്‍ക്കു് പിടികൂടുവാന്‍? പക്ഷേ, തിരക്കഥ അങ്ങനെ ആയിപ്പോയാല്‍ യേശുവിനു്‌ എന്തു്‌ ചെയ്യാന്‍ പറ്റും? അതുകൊണ്ടാണു്‌ എല്ലാം അറിയുന്ന ദൈവത്തിന്റെ സ്വന്തം പുത്രനായ യേശു യൂദാസ് എന്ന തന്റെ ഒറ്റുകാരനെ കൂട്ടത്തില്‍ കൊണ്ടുനടന്നതു്‌. പിതാവു്‌ അനാദികാലത്തെന്നോ കൈക്കൊണ്ട ഒരു തീരുമാനത്തിനു്‌ മുന്നില്‍ സ്വന്തം മകന്റെ സ്വതന്ത്ര ഇച്ഛാശക്തിക്കു്‌ പുല്ലുവിലയാണെങ്കില്‍ മനുഷ്യരുടെ സ്വതന്ത്ര ഇച്ഛാശക്തിയുടെ കാര്യം പറയാതിരിക്കുന്നതല്ലേ ഭേദം?

ഇതിനേക്കാള്‍ ഒക്കെ മഹാത്ഭുതം ദൈവത്തിന്റെ ഇത്തരം രഹസ്യചിന്തകള്‍ എല്ലാം ചോര്‍ത്താന്‍ കഴിയുന്ന, പൊരുള്‍ തിരിക്കാന്‍ കഴിയുന്ന ചില മനുഷ്യര്‍ ഉണ്ടെന്നതാണു്. അക്കാര്യത്തില്‍ അവര്‍ ചെകുത്താനെപ്പോലെയാണു്. ചെകുത്താന്‍ ഉറങ്ങുന്നില്ല, അവരും ഉറങ്ങുന്നില്ല. എങ്ങനെയാണു് ഇക്കൂട്ടര്‍ ദൈവരഹസ്യങ്ങള്‍ ചോര്‍ത്തുന്നതു് എന്നല്ലേ? ശ്രദ്ധിക്കൂ: “അവന്‍ അവിടം വിട്ടു് പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും, അവന്റെ വായില്‍നിന്നു് വല്ലതും പിടിക്കാമോ എന്നുവച്ചു് അവന്നായി പതിയിരുന്നുകൊണ്ടു് പലതിനേയും കുറിച്ചു് കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.” (ലൂക്കോസ്‌ 11: 53,54) ഇങ്ങനെയാണു് അവര്‍ മനുഷ്യരുടെ മാത്രമല്ല, ദൈവത്തിന്റെവരെ മനസ്സിലിരുപ്പു് തന്മയത്വത്തോടെ ചോര്‍ത്തി എടുക്കുന്നതു്‌. അന്നത്തെ ശാസ്ത്രിമാരും പരീശന്മാരും ഇന്നു്‌ “അക്ഷരമെതിയന്മാരായ” മതപണ്ഡിതരും വ്യാഖ്യാതാക്കളുമായി വേഷം മാറിയാണു്‌ പതിയിരിക്കുന്നതു്‌ എന്ന വ്യത്യാസമേയുള്ളു.

 
26 Comments

Posted by on Apr 7, 2008 in മതം, ലേഖനം

 

Tags: , ,