(വോൾട്ടയറിന്റെ Les oreilles du comte de Chesterfield et le chapelain Goudman-ന്റെ സ്വതന്ത്ര പരിഭാഷ)
അദ്ധ്യായം – 5
അതിനടുത്തദിവസം ആ മൂന്നു് ചിന്തകരും ഒരുമിച്ചു് മിസ്റ്റർ സിഡ്രാക്കിന്റെ വീട്ടിൽ ഉച്ചഭക്ഷണം കഴിച്ചു. തത്വചിന്തകരുടെ ഇടയിൽ പതിവാണെന്നു് കേൾക്കുന്നപോലെ, ഭക്ഷണത്തിന്റെ അന്ത്യഘട്ടത്തോടടുത്തു് കാര്യങ്ങൾ ഇത്തിരി ഉത്സാഹഭരിതമായപ്പോൾ ഓസ്റ്റ്രേലിയ മുതൽ ഉത്തരധ്രുവം വരെയും, ലിമ മുതൽ മെക്ക വരെയും മനുഷ്യൻ എന്ന ജീവി സഹിക്കേണ്ടിവരുന്ന പ്രയാസങ്ങളേയും, വിഡ്ഢിത്തങ്ങളേയും, ഭയാകുലതകളേയും കുറിച്ചു് അവർ അത്യന്തം ആഹ്ലാദകരമായ സംഭാഷണത്തിൽ ഏർപ്പെട്ടു. തീർച്ചയായും ഇത്തരം നിർഭാഗ്യങ്ങളുടെ നാനാമുഖത്വം വളരെ രസകരവും ആനന്ദദായകവുമാണെങ്കിലും, വീട്ടിനകത്തു് തപസിരിക്കുന്നവർക്കും, പള്ളിമുഖവാരത്തിന്റെ അറ്റംവരെ മാത്രം അറിഞ്ഞിട്ടുള്ളവരും, ബാക്കി പ്രപഞ്ചം എന്നതു് ലണ്ടണിലെ എക്സ്ചേയ്ഞ്ച് തെരുവുപോലെയോ, പാരീസിലെ റ്യു ഡെലയുഷെറ്റ് പോലെയോ ആണെന്നു് വിശ്വസിക്കുന്നവരുമായ ഇടവകവികാരികൾക്കും ഈ വിനോദം അജ്ഞാതമായ ഒരു കാര്യമാണു്.
ഡോക്ടർ ഗ്രൗ പറഞ്ഞു: നമ്മുടെ ഈ ഭൂഗോളത്തിൽ എണ്ണമറ്റ വ്യത്യസ്തതകൾ കാണാനാവുമെങ്കിലും, എനിക്കു് വീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളിടത്തോളം, എല്ലാ മനുഷ്യരും, – അവർ കറുത്തവരോ, വെള്ളോടിന്റെ നിറമുള്ളവരോ, ചുവന്നവരോ, തവിട്ടുനിറക്കാരോ, വെള്ളനിറമുള്ളവരോ ആവട്ടെ, – ഓരോരുത്തരും മറ്റുള്ളവരെപ്പോലെതന്നെ, തലയില്ലാത്ത പുരുഷന്മാരെയും, ഒറ്റക്കണ്ണന്മാരെയും, ഒറ്റക്കാലന്മാരേയും താൻ നേരിൽ കണ്ടിട്ടുണ്ടെന്നു് വിശുദ്ധ അഗസ്റ്റിൻ തന്റെ മുപ്പത്തേഴാമത്തെ മതപ്രഭാഷണത്തിൽ ഈ വിഷയത്തിൽ നൽകിയ ഉറപ്പിനു് വിപരീതമായി, രണ്ടു് കാലുകളും, രണ്ടു് കണ്ണുകളും, തോളുകളിൽ ഒരു തലയും ഉള്ളവരാണു്. എന്നിരുന്നാലും, മനുഷ്യരെ തിന്നുന്നവരും ധാരാളമുണ്ടെന്നും, പുരാതനകാലങ്ങളിൽ എല്ലാ മനുഷ്യരും മനുഷ്യരെ തിന്നുന്നവരായിരുന്നുവെന്നും സമ്മതിക്കാതിരിക്കാൻ എനിക്കു് നിവൃത്തിയില്ല.
ഇന്നത്തെ ലോകത്തിലെ എല്ലാ പ്രാകൃതരിലും വച്ചു് ഏറ്റവും പ്രാകൃതരായ ന്യൂസീലാന്റിലെ ജനങ്ങൾ മാമോദീസ മുങ്ങിയവരാണോ എന്നു് എന്നോടു് പലരും പലപ്പോഴും ചോദിച്ചിട്ടുണ്ടു്. അപ്പോഴെല്ലാം, അതിനെസംബന്ധിച്ചു് എനിക്കൊന്നുമറിയില്ലെന്നും, പക്ഷേ, അവരേക്കാൾ പ്രാകൃതരായ യഹൂദന്മാർ ഒന്നല്ല, രണ്ടു് മാമോദീസകൾ, ഒന്നു് ഔദ്യോഗികമായും, മറ്റൊന്നു് അനൗദ്യോഗികമായി വീട്ടിൽ വച്ചും, മുങ്ങിയിരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നുമാണു് ഞാൻ മറുപടി പറഞ്ഞിട്ടുള്ളതു്.
അപ്പോൾ മിസ്റ്റർ ഗോഡ്‌മാൻ വ്യക്തമാക്കി: സ്വാഭാവികമായും, അതെനിക്കറിയാം. മാത്രവുമല്ല, നമ്മളാണു് മാമോദീസ കണ്ടുപിടിച്ചതെന്നു് വിശ്വസിക്കുന്ന ഒട്ടേറെപ്പേരുമായി അതിന്റെ പേരിൽ എനിക്കു് തീക്ഷ്ണമായ വാദപ്രതിവാദങ്ങളിൽ ഏർപ്പേടേണ്ടിവരികയും ചെയ്തിട്ടുണ്ടു്. അല്ല, ജെന്റിൽമെൻ, നമ്മൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല, നവീകരണങ്ങൾ നടപ്പിൽ വരുത്തി എന്നതൊഴികെ മറ്റൊന്നും നമ്മൾ ചെയ്തിട്ടില്ല. എന്നിരുന്നാലും, മിസ്റ്റർ ഗ്രൗ, നിങ്ങളുടെ ലോകം ചുറ്റലിൽ നിങ്ങൾ പരിചയപ്പെട്ടതായ എൺപതോ നൂറോ മതങ്ങളിൽ ഏതു് മതമാണു് ഏറ്റവും ആശ്വാസദായകമായി നിങ്ങൾക്കു് അനുഭവപ്പെട്ടതു്, സീലാന്റന്മാരുടേതോ അതോ ഹൊട്ടൻ-ടൊട്ടന്മാരുടേതോ?
ഗ്രൗ: അതെന്തുകൊണ്ടും റ്റഹീറ്റി ദ്വീപിലെ മതമാണു് . ഭൂമിയുടെ രണ്ടു് അർദ്ധഗോളങ്ങളും ഞാൻ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, റ്റഹീറ്റിക്കും അവിടത്തെ ഭക്തയായ രാജ്ഞിക്കും തുല്യമായ മറ്റൊന്നും മറ്റെവിടെയെങ്കിലും കാണാൻ എനിക്കു് കഴിഞ്ഞിട്ടില്ല. റ്റഹീറ്റിയിൽ പ്രകൃതി കഴിയുന്നതു് സ്വന്തം വീട്ടിൽ ആയാലെന്നപോലെയാണു്. മറ്റെല്ലായിടത്തും ഞാൻ കണ്ടതു് കപടന്മാരെയും, പൊട്ടന്മാരായ മനുഷ്യരെ കബളിപ്പിക്കുന്ന ചതിയന്മാരേയും, സമൂഹത്തിൽ ഉയർന്ന പദവി നേടാനായി നല്ല അയൽക്കാരുടെ പണം അപഹരിക്കുന്നവരോ, അല്ലെങ്കിൽ, ശിക്ഷക്കു് വിധിക്കപ്പെടാതെ അന്യരുടെ പണം സ്വന്തമാക്കാനായി വളഞ്ഞ വഴികളിലൂടെ ഉയർന്ന പദവികളിൽ എത്തിച്ചേരുന്ന പണ്ഡിതവേഷധാരികളോ ആയവരെ മാത്രമാണു്. അവർ ജീവിച്ചിരിക്കുമ്പോൾ അവർക്കു് നിങ്ങൾ പ്രതിഫലം നൽകുന്നതിനുവേണ്ടി, നിങ്ങൾ ഭൂമിയിൽ ഇല്ലാതാവുമ്പോൾ നിങ്ങൾക്കു് ലഭിക്കാനിരിക്കുന്ന നിധികളും സന്തോഷങ്ങളും അവർ വാഗ്ദാനം ചെയ്യുന്നു.
സത്യമായും – റ്റഹീറ്റിയിൽ അതുപോലെ ഒന്നുമില്ല. ആ ദ്വീപു് സീലാന്റിനേക്കാളും, കാഫിറുകളുടെ നാടിനേക്കാളും വളരെ സംസ്കൃതമാണു്, അതേ, പ്രകൃതിദത്തമായി ഫലഭൂയിഷ്ടമായ മണ്ണിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് റ്റഹീറ്റി ഇംഗ്ലണ്ടിനേക്കാൾ സംസ്കൃതമാണെന്നുപോലും ഞാൻ പറയും. തെക്കൻ പസിഫിക്കിലെ ചുരുക്കം ചില ദ്വീപുകൾക്കു് മാത്രം ലഭിച്ച ഭാഗ്യവും, പ്രയോജനപ്രദവും അത്ഭുതകരവുമായ ‘അപ്പമരത്തെ’ (Adansonia) സമ്മാനമായി നൽകി പ്രകൃതി ഈ ദ്വീപിനെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൂടാതെ, റ്റഹീറ്റിക്കു് ധാരാളം വളർത്തുപക്ഷികളും, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉണ്ടു്. അതുപോലൊരു നാട്ടിൽ മനുഷ്യനു് വിശപ്പുമാറ്റാൻ തന്റെ അയൽക്കാരനെ പിടിച്ചുതിന്നേണ്ട ആവശ്യമില്ല. ഇതിന്റെയെല്ലാം മകുടമെന്നോണം, പ്രകൃതിസഹജവും മധുരതരവും പൊതുവായതുമായ ഒരു മാനുഷികദാഹത്തിന്റെ തൃപ്തിപ്പെടുത്തൽ റ്റഹീറ്റിയിലെ മതം ഔദ്യോഗികമായി അംഗീകരിച്ചു് ജനങ്ങൾക്കു് അനുവദിച്ചു് നൽകിയിരിക്കുന്നു. അതു് മതപരമായ എല്ലാ മാമൂലുകളെയും അപേക്ഷിച്ചു് സംശയരഹിതമായും ഏറ്റവും ആദരണീയമായതാണെന്നു് പറയാതെ വയ്യ. ഞാൻ മാത്രമല്ല, ഞങ്ങളുടെ കപ്പലിലെ മുഴുവൻ അംഗങ്ങളും അതിനു് സാക്ഷികളായിരുന്നു. ഞാനിപ്പറയുന്നതു് ബഹുമാന്യരായ ജെസുവിറ്റുകളുടെ ‘ഉൽകൃഷ്ടവും ശ്രദ്ധാർഹവുമായ വർണ്ണനകളിൽ’ ഇടയ്ക്കിടെ കാണാൻ കഴിയുന്ന തരത്തിലുള്ള മിഷനറിമാരുടെ കെട്ടുകഥകളല്ല. തെക്കൻ ഹെമിസ്ഫിയറിൽ ഞങ്ങൾ നടത്തിയ കണ്ടെത്തലുകളുടെ പ്രിന്റിംഗ് സംബന്ധമായ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണു് ഈ നിമിഷത്തിൽ ഡോക്ടർ ജോൺ ഹോക്സ്‌വർത്ത്. അന്റാർക്ടിക്ക് പ്രദേശത്തു് പ്രകൃതിസംബന്ധമായ പഠനങ്ങൾ നടത്താൻ സമയവും പണവും ബലികഴിച്ച മാന്യയുവാവായ മിസ്റ്റർ ബാങ്ക്സിന്റെ സ്ഥിരം സഹയാത്രികനായിരുന്നു ഞാൻ. പാൽമൈറയിലെയും ബാൽബക്കിലെയും അവശിഷ്ടങ്ങളുടെ അടിയിൽ നിന്നും സ്മാരകശിൽപങ്ങൾ മാന്തിയെടുക്കലായിരുന്നു മിസ്റ്റർ ഡോക്കിൻസിന്റെയും മിസ്റ്റർ വുഡിന്റെയും ജോലി. അതേസമയം മിസ്റ്റർ ഹാമിൽടൺ ചെയ്തിരുന്നതു്, അത്ഭുതം മൂലം വായും പിളർന്നു് നിന്നിരുന്ന നിയപ്പോളിറ്റന്മാരോടു് അവരുടെ മൗണ്ട് വെസുവിയസിന്റെ ചരിത്രം പ്രസംഗിക്കുക എന്ന കൃത്യമായിരുന്നു. ഞാൻ ഇപ്പോൾ നിങ്ങളോടു് പറയാൻ പോകുന്നതു് ശ്രീമാന്മാർ ബാങ്ക്സിനും, സൊലാൻഡർക്കും, കുക്കിനും നൂറു് മറ്റുള്ളവർക്കുമൊപ്പം ഞാൻ നേരിട്ടു് കണ്ട കാര്യങ്ങളാണു്:
“റ്റഹീറ്റി ദ്വീപിലെ രാജ്ഞിയായ രാജകുമാരി ഒബൈര…”
മിസ്റ്റർ ഗ്രൗ ഇത്രയും പറഞ്ഞപ്പോഴേക്കും കാപ്പി എത്തി. അതിനാൽ കാപ്പികുടി കഴിഞ്ഞശേഷം ഗ്രൗ തന്റെ റിപ്പോർട്ട് തുടർന്നു.
അദ്ധ്യായം – 6
ഇംഗ്ലണ്ടിലെ രാജ്ഞിക്കു് ഒപ്പം നിൽക്കുന്ന വിധത്തിൽ ഞങ്ങളെ സമ്മാനങ്ങൾ കൊണ്ടു് പൊതിഞ്ഞശേഷം, ആകാംക്ഷയാൽ പ്രേരിപ്പിക്കപ്പെട്ടു് ഒരുദിവസം ഞങ്ങളുടെ ആംഗ്ലിക്കൻ കുർബ്ബാന കാണണമെന്ന ആഗ്രഹം രാജകുമാരി ഒബൈര പ്രകടിപ്പിച്ചു. ഞങ്ങൾ ആവുന്നത്ര മുഴുവൻ ആഡംബരത്തോടെയും കൂടി അവളുടെ മുന്നിൽ വിശുദ്ധ കുർബ്ബാന ആഘോഷിച്ചു. ആഹാരത്തിനുശേഷം അവൾ ഞങ്ങളെ അവളുടെ ആരാധനാക്രമം കാണാൻ ക്ഷണിച്ചു. അതു് 1769 മെയ്മാസം പതിനാലാം തീയതിയായിരുന്നു. രണ്ടു് ലിംഗത്തിലും പെട്ട ഏകദേശം ആയിരം പേർ ബഹുമാനപുരസരമായ നിശബ്ദതയോടെ അർദ്ധവൃത്താകൃതിയിൽ അവൾക്കു് ചുറ്റും നിന്നിരുന്നു. യുവസൗന്ദര്യം തുളുമ്പുന്ന ഒരു പെൺകുട്ടി നേരിയ ഒരു വസ്ത്രത്തിൽ പൊതിഞ്ഞു് ബലിയർപ്പണം നടത്തേണ്ടുന്ന അൾത്താരയായ ഒരു തട്ടിൽ കിടന്നിരുന്നു. ഏകദേശം ഇരുപതു് വയസ്സു് പ്രായം വരുന്ന സുന്ദരനായ ഒരു യുവാവിനോടു് ബലികർമ്മം പൂർത്തിയാക്കാൻ രാജ്ഞി ഒബൈര ആവശ്യപ്പെട്ടു. ഒരു പ്രാർത്ഥനപോലെ തോന്നിയ എന്തോ പിറുപിറുത്തുകൊണ്ടു് അവൻ ബലിത്തട്ടിൽ കയറി. ബലിയർപ്പിക്കേണ്ടവരായ അവർ രണ്ടുപേരും അർദ്ധനഗ്നരായിരുന്നു. രാജകീയമായ അംഗവിക്ഷേപങ്ങളോടെ ഒബൈര രാജ്ഞി ഇതുപോലൊരു ബലി എങ്ങനെ ഏറ്റവും ഭംഗിയാക്കാമെന്നു് അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. മുഴുവൻ റ്റഹീറ്റിക്കാരും വളരെ ശ്രദ്ധാലുക്കളും ഭക്തിനിറഞ്ഞവരുമായിരുന്നതിനാൽ ഞങ്ങളിലെ ഒരു നാവികനും അപമര്യാദയായ രീതിയിൽ ചിരിച്ചുകാണിച്ചു് ആ ചടങ്ങിനെ അപകീർത്തിപ്പെടുത്താൻ ധൈര്യപ്പെട്ടില്ല. അതു് ഞാൻ എന്റെ രണ്ടു് കണ്ണുകൾ കൊണ്ടു് കണ്ടതാണു്, അതുപോലെതന്നെ ഞങ്ങളുടെ മുഴുവൻ കപ്പൽ ടീമും ആ കാഴ്ച കണ്ടു. തുടർന്നുള്ള കാര്യങ്ങൾ നിങ്ങൾ സ്വയം അനുമാനിച്ചാൽ മതി.
അപ്പോൾ ഡോക്ടർ ഗോഡ്‌മാൻ ഇടപെട്ടു: റ്റഹീറ്റിയിലെ ഈ അഭിഷേകോത്സവം എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മനുഷ്യവർഗ്ഗം ഏറ്റവും ആദ്യം ആഘോഷിച്ച ഉത്സവം ഇതായിരുന്നു എന്നും എനിക്കു് ഉത്തമബോദ്ധ്യമുണ്ടു്. നമ്മുടെ ശരീരത്തിനു് ആവശ്യമായ ആഹാരം കഴിക്കാൻ തുടങ്ങുന്നതിനുമുൻപു് ഓരോ പ്രാവശ്യവും നമ്മൾ ദൈവത്തോടു് പ്രാർത്ഥിക്കുന്നുണ്ടെന്നിരിക്കെ, ദൈവത്തിന്റെ തനിസ്വരൂപത്തിൽ ഒരു സൃഷ്ടി നടത്താൻ മനുഷ്യൻ ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടു് ദൈവത്തോടു് പ്രാർത്ഥിച്ചുകൂടാ എന്നു് എനിക്കു് മനസ്സിലാവുന്നില്ല. ആത്മബോധത്താൽ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിയെ ഈ ഭൂമിയിലേക്കു് ജനിപ്പിക്കുക എന്ന ജോലി അത്യന്തം ഉൽകൃഷ്ടവും വിശുദ്ധവുമായ ഒരു പ്രവൃത്തിയാണു്. പ്രത്യുത്പാദനത്തിന്റെ പ്രതീകമായ ലിംഗത്തെ ആരാധിച്ചിരുന്ന ആദ്യത്തെ ഇൻഡ്യാക്കാരും അങ്ങനെയാണു് ചിന്തിച്ചിരുന്നതു്, പ്രദക്ഷിണങ്ങളിൽ പുരുഷലിംഗം (phallus) ചുമന്നുകൊണ്ടു് നടന്നിരുന്ന പണ്ടത്തെ ഈജിപ്തുകാരും, പ്രയാപ്പസിനു് (Priapus) അമ്പലം പണിത ഗ്രീക്കുകാരും ചിന്തിച്ചിരുന്നതും അതുപോലെതന്നെ. തങ്ങളുടെ അയൽക്കാരെ മുഴുവൻ കൊഴുക്കെ അനുകരിക്കുന്നവരും കരുണാർഹരുമായ ചെറിയ യഹൂദ രാജ്യത്തെ ജനങ്ങളെ പരാമര്‍ശിക്കാൻ അനുവാദമുണ്ടെങ്കിൽ, അവരും പ്രയാപ്പസിനെ ആരാധിച്ചിരുന്നതായും, യഹൂദരാജാവായ ആസയുടെ അമ്മരാജ്ഞി അവന്റെ ഒരു പുരോഹിത ആയിരുന്നതായും അവരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (1. രാജാക്കന്മാർ 15: 13, 14 -ലേക്കു് വോൾട്ടയർ നടത്തുന്ന പരോക്ഷസൂചന)
അതെങ്ങനെയുമാവട്ടെ, ഒരു ജനവിഭാഗവും ഏതെങ്കിലും ഒരു ആരാധനാസമ്പ്രദായം ചപലമായ കാരണങ്ങൾകൊണ്ടു് ഇതുവരെ നടപ്പിൽ വരുത്തിയിട്ടില്ല, വരുത്താൻ മിക്കവാറും കഴിയുകയുമില്ല. കാലക്രമേണ ഇടയ്ക്കിടെ അമിതാസക്തിയുടെ നുഴഞ്ഞുകയറ്റം ഉണ്ടാവാമെങ്കിലും, സ്ഥാപനം അതിൽത്തന്നെ കുറ്റമറ്റതും ശുദ്ധവുമാണു്. കുമാരീകുമാരന്മാർ വളരെ ഒതുക്കത്തോടെയും സങ്കോചത്തോടെയും പരസ്പരം ചുണ്ടുകളിൽ ചുംബിച്ചിരുന്ന നമ്മുടെ ആദ്യകാലത്തെ പ്രണയാഘോഷങ്ങൾ വളരെ താമസിച്ചാണു് റോണ്ടേവ്യൂ ആയും പാതിവ്രത്യമില്ലായ്മയായും പരിണമിച്ചതു്. ദൈവം അനുഗ്രഹിച്ചിരുന്നെങ്കിൽ എനിക്കും ഒബൈര രാജ്ഞിയുടെ സന്നിധിയിൽ മിസ് ഫിഡ്ലറുമായി എല്ലാ ബഹുമാനത്തോടെയുംകൂടി ബലി അർപ്പിക്കാൻ കഴിഞ്ഞേനെ. അതായിരുന്നേനെ തീർച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും ഏറ്റവും നല്ല പ്രവൃത്തിയും.
ഗോഡ്മാനും ഗ്രൗവും നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നതിനാൽ അതുവരെ നിശബ്ദത പാലിക്കേണ്ടിവന്ന മിസ്റ്റർ സിഡ്രാക് അവസാനം സംയമനം ഉപേക്ഷിച്ചുകൊണ്ടു് പറഞ്ഞു: ഞാൻ ഈ കേട്ടതെല്ലാം എന്നെ അത്ഭുതം കൊണ്ടു് നിറയ്ക്കുന്നു. ദക്ഷിണ ഹെമിസ്ഫിയറിലെ ഏറ്റവും പ്രമുഖയായ വ്യക്തിയാണു് രാജ്ഞി ഒബൈര എന്നെനിക്കു് തോന്നുന്നു, രണ്ടു് ഹെമിസ്ഫിയറിലേയും എന്നു് പറയാൻ ഏതായാലും ഞാൻ ധൈര്യപ്പെടുന്നില്ല. എങ്കിലും ഇത്രമാത്രം കീർത്തിക്കും പരമാനന്ദത്തിനുമിടയിലും എന്നെ ഞെട്ടിക്കുന്ന ഒരു കാര്യമുണ്ടു്. മിസ്റ്റർ ഗോഡ്മാൻ അതിനെപ്പറ്റി സൂചിപ്പിക്കുകയും നിങ്ങൾ അതിലേക്കു് കടക്കുകയും ചെയ്തിരുന്നു. മിസ്റ്റർ ഗ്രൗ, നമുക്കും മുൻപേ ഭാഗ്യമുള്ള ആ ദ്വീപിൽ എത്തിയ ക്യാപ്റ്റൻ വാലിസ് ആണു് സിഫിലിസ് (syphilis) എന്ന, മനുഷ്യരാശിയുടെ ഏറ്റവും വലിയ വിപത്തുകളിൽ ഒന്നായ, ഭയാനകരോഗം അവിടെക്കു് എത്തിച്ചതു് എന്നതു് സത്യമാണോ? അതിനു് മറുപടിയായി ഗ്രൗ പറഞ്ഞു: കഷ്ടം തന്നെയെങ്കിലും, അതു് സത്യമാണു്. ഫ്രഞ്ചുകാർ അതിനു് നമ്മളെ ഉത്തരവാദികളാക്കുന്നു, നമ്മൾ അവരെയും. മിസ്റ്റർ ബൂഗൻവിൽ പറയുന്നതു് ശപിക്കപ്പെട്ട ഇംഗ്ലീഷുകാരാണു് ഒബൈര രാജ്ഞിക്കു് ഈ രോഗം പകർന്നുകൊടുത്തതു് എന്നാണു്; മിസ്റ്റർ കുക്ക് പറയുന്നതു് ഒബൈര രാജ്ഞിക്കു് ഈ ഭീകരരോഗം മിസ്റ്റർ ബൂഗൻവില്ലിൽ നിന്നും നേരിട്ടു് കിട്ടിയതാണെന്നും. അതു് എങ്ങിനെ ആയിരുന്നാൽത്തന്നെയും, സിഫിലിസ് എന്ന രോഗം ഏറ്റവും മനോഹരമായ കലകൾക്കു് തുല്യമാണു്. അതു് എവിടെനിന്നു് വരുന്നുവെന്നു് ആർക്കുമറിയില്ല. പക്ഷെ, പതിയെപ്പതിയെ ആ രോഗം അതിന്റെ തേരോട്ടം യൂറോപ്പിലേക്കും ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു.
സിഡാക് തുടർന്നു: ഞാൻ ഒരു ശസ്ത്രക്രിയാവിദഗ്ദ്ധന്റെ തൊഴിൽ ചെയ്യാൻ തുടങ്ങിയിട്ടു് ഏറെ നാളുകളായി. എന്റെ സമ്പത്തിന്റെ നല്ലൊരംശത്തിനും സിഫിലിസിനോടാണു് ഞാൻ നന്ദി പറയേണ്ടതു്. അതുകൊണ്ടു് ആ രോഗത്തിനോടുള്ള എന്റെ വെറുപ്പു് ഒട്ടും കുറയുന്നുമില്ല. വിവാഹരാത്രിയിൽത്തന്നെ എന്റെ ഭാര്യ എനിക്കു് സിഫിലിസ് പകർന്നുതന്നു. ആഭിജാത്യപരമായ എല്ലാ കാര്യങ്ങളിലും അവൾ വളരെ സെൻസിറ്റീവ് ആയതിനാൽ, തനിക്കു് അശുദ്ധരോഗമായ സിഫിലിസ് ഉണ്ടെന്നതു് ശരിയാണെങ്കിൽത്തന്നെയും, ഒരു പഴയ കുടുംബദൗർഭാഗ്യമായ ആ രോഗത്തെ ലോകത്തിനു് കാഴ്ചവച്ചതു് താനാണെന്നു് അവൾ ലണ്ടനിലെ എല്ലാ ദിനപ്പത്രങ്ങളിലും ആഘോഷപൂർവ്വം പ്രസിദ്ധപ്പെടുത്തി.
ജീവന്റെ ഉറവയിലേക്കു് ഈ മാരകവിഷം കോരിയൊഴിച്ചപ്പോൾ ‘പ്രകൃതി’ എന്ന സംഗതി എന്താണാവോ ചിന്തിച്ചതു്? പണ്ടേ പറഞ്ഞുകഴിഞ്ഞതാണെങ്കിലും ഞാൻ അതു് വീണ്ടും ആവർത്തിക്കുന്നു: നിഷ്ഠൂരവും നിന്ദ്യവുമായ ഒരു വൈരുദ്ധ്യമാണതു്. മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെടുകയായിരുന്നത്രെ! finxit in effigiem moderantum cuncta deorum എന്നാണു് പറയുന്നതു് ([മനുഷ്യരെ] അവൻ [പ്രൊമിത്യൂസ്] സകലതും നിയന്ത്രിക്കുന്ന ദൈവങ്ങളുടെ ആകൃതിയിൽ രൂപപ്പെടുത്തി: Metamorphoses – Ovid). അതോടൊപ്പം ആ സൃഷ്ടിയുടെ ബീജസഞ്ചിയിൽ വേദനയും സാംക്രമികരോഗങ്ങളും മരണവും കുത്തിനിറയ്ക്കുകയും ചെയ്തു. മിലോർഡ് റോചെസ്റ്ററിന്റെ സുന്ദരമായ ഈ വരികൾ ഇവിടെ ശ്രദ്ധേയം: “നിരീശ്വരവാദികൾ ദൈവസ്തുതി പാടുന്നിടത്തേക്കു് പ്രണയം മനുഷ്യരെ കൊണ്ടുചെന്നെത്തിക്കുന്നു.”
അതുകേട്ട ഡോക്ടർ ഗോഡ്മാൻ പറഞ്ഞു: ആഹ്, ഒരുപക്ഷേ എന്റെ കാമുകിയായ മിസ് ഫിഡ്ലറെ കല്യാണം കഴിക്കാൻ എനിക്കു് കഴിയാതെ പോയതിനു് ഈശ്വരേച്ഛയോടു് നന്ദിപറയാനാണു് ഞാൻ കടപ്പെട്ടിരിക്കുന്നതെന്നു് തോന്നുന്നു. അതിന്റെ പരിണതഫലങ്ങൾ എന്തായിരുന്നേനെ എന്നാർക്കറിയാം? ഈ ലോകത്തിൽ മനുഷ്യനു് ഒന്നിനും ഒരു ഉറപ്പുമില്ല. അതെന്തായാലും, മിസ്റ്റർ സിഡ്രാക്, എന്റെ മൂത്രസഞ്ചിക്കു് സംഭവിക്കാവുന്ന എല്ലാ ഭാഗ്യദോഷങ്ങളിലും വാഗ്ദാനപ്രകാരം നിങ്ങൾ എന്നെ സഹായിക്കുമെന്നു് കരുതുന്നു.
മിസ്റ്റർ സിഡ്രാക് അവനെ ആശ്വസിപ്പിച്ചു: സേവനസന്നദ്ധനായി ഞാൻ നിങ്ങളോടൊപ്പമുണ്ടു്. എങ്കിലും അത്തരം ചീത്ത ചിന്തകളെ നമ്മൾ മനസ്സിൽനിന്നും തുരത്തണം.
ഈ സംസാരം കേട്ട ഗോഡ്മാനു് തന്റെ വിധി മുൻകൂട്ടി കാണാൻ കഴിയുന്നപോലെ തോന്നി.
അദ്ധ്യായം – 7
അടുത്തദിവസം ആ മൂന്നു് ചിന്തകരും പരിശോധനാവിധേയമാക്കിയ വിഷയം ഇതായിരുന്നു: “മാനുഷികമായ പ്രവൃത്തികളുടെ ആദ്യത്തെ കാരണം എന്തു്?”
എപ്പോഴും തനിക്കു് നഷ്ടപ്പെട്ട ഉദ്യോഗത്തേയും തന്റെ കാമുകിയേയും പറ്റി മാത്രം ഓർത്തിരുന്ന ഗോഡ്മാന്റെ അഭിപ്രായത്തിൽ, എല്ലാറ്റിന്റേയും കാരണം പ്രണയവും തീവ്രമായ ഉൽക്കർഷേച്ഛയുമായിരുന്നു. ലോകത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടവനായ ഗ്രൗ പറഞ്ഞതു് പണമാണു് എല്ലാറ്റിനും കാരണമെന്നാണു്. മഹാനായൊരു ശരീരശാസ്ത്രജ്ഞനായിരുന്ന സിഡ്രാക്കു് അതേസമയം, സ്റ്റൂളിലാണു് (night-stool) എല്ലാറ്റിന്റെയും അടിസ്ഥാനകാരണം കണ്ടെത്തിയതു്. ഇതുകേട്ട അവന്റെ രണ്ടു് അതിഥികളുടെയും അത്ഭുതം അപാരമായിരുന്നു. പണ്ഡിതനായ സിഡ്രാക് തന്റെ ഹൈപ്പോത്തെസിസ് ഇങ്ങനെ ഫോര്‍മുലെയ്റ്റ് ചെയ്തു:
ഈ ലോകത്തിലുള്ള എല്ലാ കാര്യങ്ങളും ഒരു പ്രധാനവ്യക്തിയുടെ – അതു് ഒരു രാജാവാവട്ടെ, ഒരു പ്രധാനമന്ത്രിയാവട്ടെ, ഒരു ഉന്നത ഉദ്യോഗസ്ഥനാവട്ടെ – അഭിപ്രായത്തേയും ഇച്ഛയേയും ആശ്രയിച്ചിരിക്കുന്ന കാര്യമാണെന്നു് എല്ലായ്പോഴും വീക്ഷിക്കാൻ എനിക്കു് കഴിഞ്ഞിട്ടുണ്ടു്. ഈ അഭിപ്രായങ്ങളും ഇച്ഛകളും ഇന്ദ്രിയപരമായ അനുഭവങ്ങൾ അനുമസ്തിഷ്കത്തിലേക്കും അവിടെനിന്നും സുഷുമ്നാകാണ്ഡത്തിലേക്കും ഒഴുകുന്നതു് എങ്ങനെയെന്നതിന്റെ പ്രത്യക്ഷമായ പരിണതഫലമാണു്. ഇന്ദ്രിയപരമായ അനുഭവങ്ങൾ രക്തചംക്രമണത്തെ ആശ്രയിച്ചിരിക്കുന്നു, രക്തം അതേസമയം ചൈൽ (chyle) രൂപമെടുക്കലുമായും. ചൈലിന്റെ മാന്യുഫാക്ചറിംഗ് ചെറുകുടൽമടക്കുകളിൽ സംഭവിക്കുന്നു. കുടൽ, അങ്ങനെ പറയാൻ അനുവാദമുണ്ടെങ്കിൽ, തീട്ടം കൊണ്ടാണു് നിറയ്ക്കപ്പെടുന്നതു്. കുടലിനെ മൂന്നു് ശക്തമായ ചർമ്മങ്ങൾ പൊതിയുന്നുണ്ടെങ്കിലും, അവ ഒരു അരിപ്പപോലെ നിറയെ ചെറിയ തുളകൾ ഉള്ളതാണു്. പ്രകൃതിയിൽ ഉള്ളതെല്ലാം തുറന്നതാണു്, ഒരു ചെറിയ മണൽത്തരിപോലും, അതിൽ അഞ്ചൂറു് ദ്വാരങ്ങൾ ഉണ്ടാവാൻ പാടില്ലാത്തത്ര ചെറുതല്ല. വേണ്ടത്ര നേരിയതും, ശക്തിയുള്ളവയുമാണെങ്കിൽ, ആയിരം സൂചികൾ ഒരു പീരങ്കിയുണ്ടയിൽക്കൂടി കടത്തിവിടാനാവും.
മലബന്ധം അനുഭവിക്കുന്ന ഒരു മനുഷ്യനു് എന്താണു് സംഭവിക്കുന്നതു്? അവന്റെ മലത്തിലെ നേർത്തതും ലോലമായതുമായ ഘടകങ്ങൾ അസെല്ലിയസ് നാഡികളിൽ വച്ചു് ചൈലുമായി കൂടിച്ചേർന്നു് ഹെപാറ്റിക് പോർട്ടൽ വെയിനിലും പെക്വെ റെസെർവ്വ്‌വായിലും എത്തുകയും തുടർന്നു് സബ്ക്ലേവിയൻ വെയിനിലൂടെ ഏറ്റവും കാമവിലാസിനിയായ സ്ത്രീയുടേയും, ഏറ്റവും കോമളരൂപനായ പുരുഷന്റേയും പോലും ഹൃദയത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഒരു ചെറിയ തുള്ളി വിഷമായ ഈ സാധനം അവിടെനിന്നും ശരീരമാകെ വിതരണം ചെയ്യപ്പെടുന്നു. ഈ വിഷത്തിലൊരംശം ദുർമ്മുഖനായ ഒരു മനുഷ്യന്റെ പരെൻകമയിൽ, ഞരമ്പുകളിൽ, ഗ്രന്ഥികളിൽ കടന്നുകൂടുമ്പോൾ, അവന്റെ ചീത്തയായ മാനസികാവസ്ഥ അന്ധമായ ഉഗ്രകോപമായി പരിണമിക്കുന്നു. അവന്റെ കണ്ണിന്റെ വെള്ള ചുവന്നു് ജ്വലിക്കുന്നു, ചുണ്ടുകൾ പരസ്പരം ഇറുകി മുറുകുന്നു, മുഖത്തിന്റെ നിറം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അവൻ നിങ്ങളെ ഭീഷണിപ്പെടുത്താൻ ആഗ്രഹിക്കുന്നതുപോലെ കാണപ്പെടുന്നു. ആ അവസ്ഥയിൽ അവനിൽ നിന്നും എത്രയും അകന്നു് നിൽക്കാനാണു് നിങ്ങൾ ശ്രമിക്കേണ്ടതു്, ഇനി, അവനെങ്ങാനും ഒരു മന്ത്രിയാണെങ്കിൽ, ആ സമയത്തു് പൂരിപ്പിച്ച അപേക്ഷാഫോറങ്ങളൊന്നും അവനു് കൈമാറാതിരിക്കുക, കാരണം, ആ സമയത്തു് ഏതു് കടലാസും, ലജ്ജാവഹമായ പഴയ യൂറോപ്യൻ രീതിയനുസരിച്ചുള്ള ഒരു സഹായവസ്തുവായിട്ടു് മാത്രം കാണാനും തദനുസരണം ഉപയോഗിക്കാനും അവൻ മടിക്കില്ല. അതുപോലുള്ള സാഹചര്യങ്ങളിൽ, ‘ഹിസ് എക്സെലൻസിക്കു്’ രാവിലെ മലശോധന ഉണ്ടായിരുന്നോ എന്നു് വളരെ ശ്രദ്ധാപൂർവ്വവും തന്മയത്വമായും അവന്റെ ഭൃത്യന്റെയടുത്തു് അന്വേഷിക്കുക.
നമ്മൾ ഒരുപക്ഷേ കരുതുന്നതിനേക്കാളും വളരെയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണതു്. മലബന്ധം ചരിത്രത്തിൽ പലപ്പോഴും രക്തരൂഷിതമായ കടുംകൈകൾക്കു് കാരണമായി ഭവിച്ചിട്ടുണ്ടു്. നൂറുവയസ്സുണ്ടായിരുന്ന എന്റെ പിതാമഹൻ ക്രോംവെല്ലിന്റെ (Oliver Cromwell) അപ്പോത്തിക്കിരി (Apotheker = Pharmacist) ആയിരുന്നു. അവൻ എന്നോടു് പലവട്ടം പറഞ്ഞിട്ടുള്ള ഒരു കാര്യമാണു്, തന്റെ രാജാവിന്റെ തല വെട്ടാൻ കൂട്ടുനിന്ന ക്രോംവെല്ലിനു് അതിനുമുൻപത്തെ എട്ടു് ദിവസത്തേക്കു് മലശോധന ഉണ്ടായിരുന്നില്ല എന്നതു്.
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ കാര്യങ്ങളിൽ അൽപം വിവരം ശേഖരിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണു്, വിന്ററിൽ വടക്കുകിഴക്കൻ കാറ്റു് വീശുമ്പോൾ ഹെൻറി മൂന്നാമനെ (Henry III of France) ദ്വേഷ്യം പിടിപ്പിക്കരുതെന്നു് മറ്റെല്ലാവരെയുംപോലെതന്നെ ഗ്വീസിലെ പ്രഭുവിനെയും പലരും പല പ്രാവശ്യം താക്കീതു് ചെയ്തിട്ടുണ്ടു് എന്ന കാര്യം. ആ രാജാവു് ആ സമയത്തു് കനത്ത മലബന്ധം അനുഭവിക്കാൻ വിധിക്കപ്പെട്ടവനായിരുന്നു. ആ കാലാവസ്ഥയിൽ മലം അവന്റെ തലവരെ കയറിയിരുന്നതിനാൽ, അപ്പോൾ അവൻ എന്തു് ക്രൂരപ്രവൃത്തി ചെയ്യാനും മടിക്കുമായിരുന്നില്ല. ഗ്വീസിലെ പ്രഭു അവനു് ലഭിച്ച താക്കീതുകൾ മുഖവിലയ്ക്കെടുക്കേണ്ടതിനു് പകരം അതൊക്കെ കണ്ണടച്ചു് അവഗണിച്ചു. എന്നിട്ടു് അവനെന്താ സംഭവിച്ചതു്? അവനും അവന്റെ സഹോദരനും, രണ്ടുപേരും നിഷ്കരുണം കൊലചെയ്യപ്പെട്ടു.
അവന്റെ മുൻഗാമിയായിരുന്ന ചാൾസ് ഒൻപതാമൻ (Charles IX of France) അവന്റെ രാജ്യത്തിലെ ഏറ്റവും കൂടുതൽ മലബന്ധം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു. അവന്റെ വൻകുടലും ചെറുകുടലും മലം കൊണ്ടു് നിറഞ്ഞു് അവസാനം അവൻ രക്തം വിയർക്കുകയായിരുന്നു. അവന്റെ ക്ഷിപ്രകോപമാണു് ബാർത്തൊലോമ്യൂസ് രാത്രി എന്നറിയപ്പെടുന്ന കൂട്ടക്കൊലയുടെ പ്രധാന കാരണങ്ങളിൽ ഒന്നെന്നു് ആർക്കാണറിയാത്തതു്?
ഇക്കൂട്ടർക്കു് നേരേ വിപരീതമായ വിഭാഗമാണു് ഒരുമാതിരി ഇളം മെഴുപ്പുള്ളവരും, വെൽവെറ്റ് പോലുള്ള ദഹനേന്ദ്രിയങ്ങളും, തടസ്സമില്ലാതെ ഒഴുകുന്ന പിത്തരസവും, അനായാസവും ക്രമാനുഗതവുമായ പെരിസ്റ്റൾടിക് ചലനങ്ങളോടുകൂടിയവരും, രാവിലെ ഒന്നു് തുപ്പുന്നത്ര ലഘുവായ രീതിയിൽ മലശോധനയുള്ളവരുമായവർ. പ്രകൃതിതന്നെ പ്രഥമഗണന നൽകുന്ന ഇത്തരം മനുഷ്യർ സൗമ്യരും, സൗഹാർദ്ദതയുള്ളവരും, മര്യാദയുള്ളവരും, ഉപചാരശീലരും, സഹതാപമുള്ളവരും, സൗമനസ്യമുള്ളവരുമായിരിക്കും. അവരുടെ വായിൽ നിന്നും വരുന്ന ഒരു ‘ഇല്ല’, മലബന്ധമുള്ളവരുടെ വായിൽനിന്നും വരുന്ന ഒരു ‘ഉവ്വു്’ എന്നതിനേക്കാൾ സൗഹൃദപരമായിരിക്കും. ഒരു അതിസാരത്തിനു് മനുഷ്യരെ ഭീരുക്കളാക്കി മാറ്റാൻ മാത്രമുള്ള ശക്തിയുണ്ടു്. ഡിസെന്ററി ധൈര്യത്തെ കെടുത്തുന്നു. ഉറക്കമില്ലായ്മയും, നുഴഞ്ഞുകയറുന്ന പനിയും, അൻപതുവട്ടം സംഭവിച്ച നാറുന്ന വയറിളക്കവും വഴി ക്ഷീണിതനായ ഒരു മനുഷ്യനോടു് പട്ടാപ്പകൽ ഒരു കോട്ടയെ ആക്രമിക്കാൻ ഒരിക്കലും ആവശ്യപ്പെടരുതു്. അതുകൊണ്ടു്, നമ്മുടെ സൈന്യത്തിനു് അസാങ്കൂർ യുദ്ധത്തിൽ ഡിസെന്ററി ബാധിച്ചിരുന്നുവെന്നും, അവർ ബട്ടൺസ് തുറന്ന പാന്റ്‌സുമായാണു് അതിൽ വിജയം നേടിയതെന്നുമുള്ള അവകാശവാദം വിശ്വസനീയമായി എനിക്കു് തോന്നുന്നില്ല. വഴിയിൽ കണ്ട മൂക്കാത്ത മുന്തിരിങ്ങ മുഴുവൻ പറിച്ചുതിന്നു് വയറുനിറച്ചതിനാൽ അവരിൽ ഏതാനും പട്ടാളക്കാർക്കു് വയറിളക്കം ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ചരിത്രകാരന്മാർ അതിനെ പെരുപ്പിച്ചു് മുഴുവൻ പട്ടാളക്കാർക്കും ഡിസെന്ററി ആയിരുന്നെന്നു് വരുത്തി. അവർ നഗ്നമായ ചന്തികളും കൊണ്ടാണു് വിജയം വെട്ടിപ്പിടിച്ചതെന്ന കാര്യം, ജെസുവിറ്റ് ആയ ദാനിയേൽ ‘പറക്കുന്ന പതാകയിൽ’ പ്രസ്താവിച്ചതുപോലെ, യുവസുന്ദരന്മാരായ ഫ്രഞ്ച് പട്ടാളക്കാരോടുള്ള സഹതാപപൂർവ്വമുള്ള പരിഗണനയുടെ പേരിൽ തിരുത്തപ്പെടുകയായിരുന്നു.
ഇതിൽനിന്നും എങ്ങനെയാണു് ചരിത്രം എഴുതപ്പെടുന്നതെന്നു് നമുക്കു് മനസ്സിലാക്കാം.
അതുപോലെതന്നെ, മഹാനായ നമ്മുടെ എഡ്വേഡ് മൂന്നാമൻ (Edward III of England), തൂക്കിക്കൊല്ലുന്നതിനുവേണ്ടി, കലേയിൽ നിന്നും ആറു് പൗരന്മാരെ, അവർ ധൈര്യപൂർവ്വം അവന്റെ ഉപരോധത്തെ ചെറുത്തുനിന്നതിനാൽ, കഴുത്തിൽ കുടുക്കുമായി തന്റെ മുന്നിൽ ഹാജരാക്കുവാൻ ആവശ്യപ്പെട്ടുവെന്നു് എല്ലാ ഫ്രഞ്ചുകാരും ഒരുവനുപുറകെ മറ്റൊരുവൻ എന്നോണം വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ടു്. എങ്കിലും, അവസാനം അവന്റെ ഭാര്യ ഏറെ കണ്ണുനീരൊഴുക്കി അവരുടെ സ്വാതന്ത്ര്യം വീണ്ടെടുത്തുവത്രെ! പ്രാകൃതമായിരുന്ന അക്കാലത്തു്, ഉപരോധികളുടെ നേതാവിനെ, സ്വാഭാവികമായും ശോച്യമായിരുന്ന കോട്ടയ്ക്കു് ചുറ്റും ഒരുപാടു് ദിവസങ്ങൾ കാത്തുനിൽക്കാൻ ഇടവരുത്തുന്ന വിധം കോട്ടയ്ക്കുള്ളിൽ പിടിച്ചുനിന്നിരുന്ന ശത്രുക്കളെ കഴുത്തിൽ കുരുക്കുമായി നേതാവിന്റെ മുന്നിൽ കൊണ്ടുവരുന്നതു് ഒരു ആചാരമായിരുന്നുവെന്നു് ഈ നോവലെഴുത്തുകാർ അറിയുന്നില്ല. തീർച്ചയായും, മഹാനുഭാവനായ എഡ്വേഡ് മൂന്നാമനു്, അവൻ സമ്മാനങ്ങളും പദവികളും നൽകി ബഹുമാനിച്ച ഈ ആറു് തടവുകാരുടെ കഴുത്തിലെ കുരുക്കു് മുറുക്കുന്നതിനേക്കാൾ സന്തോഷകരമായ മറ്റൊരു കാര്യവും ഉണ്ടായിരുന്നിരിക്കാൻ വഴിയില്ല. ചരിത്രകാരന്മാർ എന്നു് വിളിക്കപ്പെടുന്ന എത്രയോപേർ അവരുടെ പുസ്തകങ്ങളിൽ കുത്തിനിറച്ചിരിക്കുന്ന ഇതുപോലുള്ള മുഴുവൻ ബാലിശപ്രസ്താവങ്ങളും തെറ്റായ യുദ്ധവർണ്ണനകളും വായിച്ചു് എനിക്കു് മടുത്തു. അതുപോലെതന്നെ ഞാൻ മുഖവിലയ്ക്കെടുക്കുന്ന ഒരു യുദ്ധചരിതമാണു്, ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിൽ വർണ്ണിച്ചിരിക്കുന്നതു്. മുന്നൂറു് കുടങ്ങൾ ഉപയോഗിച്ചാണത്രെ ഗിദെയോൻ മിദ്യാന്യരോടുള്ള യുദ്ധം ജയിച്ചതു്! (ന്യായാധിപന്മാർ 7: 15 – 25 കാണുക). എന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ഞാൻ പ്രകൃതിചരിത്രങ്ങളെ വായിക്കാറുള്ളു. പക്ഷേ, അതിനൊരു നിബന്ധനയുള്ളതു്, അവ ബര്‍ണറ്റിന്റെയും (Thomas Burnet), വിസ്റ്റൺറ്റെയും (William Whiston), വുഡ്‌വേഡിന്റെയും (John Woodward) ഒക്കെ പുസ്തകങ്ങളിലെപ്പോലെ അയോഗ്യമായ വ്യവസ്ഥകൾകൊണ്ടു് എന്നെ ബോറഡിപ്പിക്കാത്തവയും, അല്ലെങ്കിൽ മയ്യെ (Benoit de Maillet) അവകാശപ്പെടുന്നപോലെ, ഐറിഷ് സീ ആണു് കൗക്കസസിനു് ജന്മം നൽകിയതെന്നും, നമ്മുടെ ഭൂമി ഗ്ലാസുകൊണ്ടുള്ളതാണെന്നും, അതുമല്ലെങ്കിൽ, ഏതെങ്കിലും ഷാർലറ്റനുകൾ അവരുടെ സ്വപ്നങ്ങളും വെളിപാടുകളും നിത്യനിതാന്തപരമസത്യങ്ങളായി മനുഷ്യവർഗ്ഗത്തിനു് വിളമ്പാൻ ധൈര്യപ്പെടുന്നതുമൊന്നും ആയിരിക്കരുതു് എന്നുമാത്രമാണു്. എന്റെ മാനസികാവസ്ഥയെ സമതുലിതാവസ്ഥയിൽ നിലനിർത്താൻ ഉതകുന്ന ആഹാരവും, തടസ്സമൊന്നുമില്ലാത്തവിധം സംഭവിക്കുന്ന ദഹനവും, നല്ല ഉറക്കവുമാണു് എന്നെസംബന്ധിച്ചു് കൂടുതൽ വിലപ്പെട്ടതു്. തണുത്തു് മരവിക്കുമ്പോൾ ചൂടുള്ള പാനീയങ്ങൾ, ചുട്ടുപൊരിയുമ്പോൾ തണുത്തവ; എല്ലാ സാഹചര്യത്തിലും മിതത്വം. ദഹനം, ഉറക്കം, വിനോദോപാധികൾ, അതിനപ്പുറമുള്ളവയെ ഒന്നിനെയും നിങ്ങളെ ശല്യം ചെയ്യാൻ അനുവദിക്കാതിരിക്കുക.
അദ്ധ്യായം – 8
മിസ്റ്റർ സിഡ്രാക് ഈ ജ്ഞാനോപദേശം നൽകിക്കഴിഞ്ഞ ഉടനെ ഒരു ഭൃത്യൻ ഗോഡ്മാനെ തേടി വന്നു. യശശ്ശരീരനായ മിലോർഡ് ചെസ്റ്റർഫീൽഡിന്റെ സെക്രട്ടറി താഴെ വാഹനത്തിൽ കാത്തിരിക്കുകയാണെന്നും, ഡോക്ടർ ഗോഡ്മാനുമായി ഒരു അത്യാവശ്യവിഷയം സംസാരിക്കാൻ അവൻ ആഗ്രഹിക്കുന്നുവെന്നും അവൻ അറിയിച്ചു. ഗോഡ്മാൻ ഉടനെ താഴേക്കു് ചെന്നു് അവനെ അഭിവാദ്യം ചെയ്തു. അവനെ വാഹനത്തിലേക്കു് ക്ഷണിച്ചശേഷം സെക്രട്ടറി പറഞ്ഞു: “മിസ്റ്റർ ഗോഡ്മാൻ, മിസ്റ്റർ ആൻഡ് മിസ്സിസ് സിഡ്രാകിനു് വിവാഹരാത്രിയിൽ സംഭവിച്ചതെന്തെന്നു് നിങ്ങൾക്കറിയാമോ?”
“ഉവ്വു്, ആ ദമ്പതികൾക്കുണ്ടായ ചെറിയ അനുഭവത്തെപ്പറ്റി അൽപം മുൻപു് അവൻ പറഞ്ഞിരുന്നു.”
“ശ്രദ്ധിക്കൂ! അതേ അനുഭവം തന്നെ സുന്ദരിയായ മിസ് ഫിഡ്ലറിനും അവളുടെ ഭർത്താവായ മിസ്റ്റർ പാതിരിക്കും സംഭവിച്ചു. അടുത്തദിവസം അവർ പരസ്പരം പൊതിരെ തല്ലുകൂടി. അതിന്റെ പിറ്റേതിന്റെ പിറ്റേന്നു് അവർ തമ്മിൽ വേര്‍പെടുകയും, ആ പാതിരിക്കു് അവന്റെ ജോലി നഷ്ടപ്പെടുകയും ചെയ്തു. ഞാൻ മിസ് ഫിഡ്ലറെ സ്നേഹിക്കുന്നു. അവൾ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നും, അതോടൊപ്പം എന്നെ വെറുക്കുന്നില്ലെന്നും എനിക്കറിയാം. ഡിവോഴ്സിന്റെ കാരണമായ ആ ചെറിയ ദൂഷ്യം എനിക്കൊരു പ്രശ്നമല്ല. ഞാൻ പ്രണയപരവശനാണു്, എനിക്കു് ഒന്നിനെയും ഭയമില്ല. നിങ്ങൾ മിസ് ഫിഡ്ലറെ എനിക്കു് വിട്ടുതരിക, പകരമായി ഞാൻ നിങ്ങൾക്കു് നൂറ്റൻപതു് ഗിനി വരുമാനമുള്ള ഇടവകവികാരിസ്ഥാനം വാങ്ങിത്തരും. പക്ഷേ, നിങ്ങൾ പത്തു് മിനുട്ടിനുള്ളിൽ തീരുമാനിക്കണം.”
“മിസ്റ്റർ സെക്രട്ടറി, നിങ്ങളുടെ നിർദ്ദേശം തികച്ചും അസാധാരണമായ ഒന്നാണു്. ഈ വിഷയം എന്റെ തത്വചിന്തകരായ ഗ്രൗവും സിഡ്രാകുമായി ആലോചിച്ചശേഷം ഞാൻ ഉടനെ മടങ്ങിവരാം.”
ആ രണ്ടു് ഉപദേഷ്ടാക്കളുടെ അടുത്തേക്കു് ഓടിച്ചെന്നശേഷം അവൻ പറഞ്ഞു: “എനിക്കു് തോന്നുന്നതു്, ഈ ലോകത്തിലെ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതു് മലശോധനയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, പ്രണയവും, ഉൽക്കർഷേച്ഛയും, പണവും അതിനോടു് തുല്യമായ ഒരു പങ്കു് വഹിക്കുന്നുണ്ടെന്നാണു്.” ഇതുപറഞ്ഞശേഷം അവൻ കാര്യം അവരുടെ മുന്നിൽ അവതരിപ്പിക്കുകയും, തനിക്കൊരു പണ്ഡിതോപദേശം നൽകണമെന്നു് അപേക്ഷിക്കുകയും ചെയ്തു. നൂറ്റൻപതു് ഗിനി വരുമാനമുള്ള ഒരു പാതിരിക്കു് അവന്റെ ഇടവകയിലെ ഏതു് പെൺകുട്ടിയെയും ലഭിക്കാൻ കഴിയുമെന്നും, വേണമെങ്കിൽ മിസ് ഫിഡ്ലറെ അതിനുപുറമേയും കണക്കിടാമെന്നും അവർ രണ്ടുപേരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു.
ഈ തീരുമാനം വളരെ ബുദ്ധിപൂർവ്വകമാണെന്നു് ഗോഡ്മാൻ മനസ്സിലാക്കി. അവനു് ആ ഇടവക ലഭിച്ചു, മിസ് ഫിഡ്ലറെ രഹസ്യമായി അവൻ പ്രാപിച്ചുകൊണ്ടുമിരുന്നു. അവളെ സ്ഥിരം ഭാര്യയായി വച്ചുകൊണ്ടിരിക്കുന്നതിനേക്കാൾ കൂടുതൽ ആസ്വാദ്യകരമാണു് അതെന്നു് അവനു് സാവകാശം മനസ്സിലായി. മിസ്റ്റർ സിഡ്രാക് ഇടയ്ക്കിടെ അവന്റെ സേവനം ഗോഡ്മാനു് നൽകിക്കൊണ്ടിരുന്നു. ഗോഡ്മാൻ ഇംഗ്ലണ്ടിലെ ഏറ്റവും ഉത്സുകരായ പാതിരിമാരിൽ ഒരുവനായിത്തീർന്നു. ലോകത്തിലെ എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നതു് ഈശ്വരേച്ഛയാണെന്നു് മുൻപത്തേതിലും കൂടുതലായി അവനു് ബോദ്ധ്യമായി.