ഏതുതരം രക്ഷാവാഗ്ദാനങ്ങളും മനുഷ്യര്‍ക്കു് ആകര്‍ഷണീയമായി തോന്നുന്നവയാണു്. അവ കൂടുതല്‍ ചിന്തയുടെയൊന്നും ആവശ്യമില്ലാത്തവിധത്തിലും അവതരിപ്പിക്കപ്പെടാന്‍ കഴിയുന്നവയാണെങ്കില്‍ പ്രത്യേകിച്ചും. സ്വര്‍ഗ്ഗത്തിലേക്കു് പോയ യേശു പാപികള്‍ക്കു് നരകത്തിലേക്കും പാപമില്ലാത്തവര്‍ക്കു് സ്വര്‍ഗ്ഗത്തിലേക്കും വിസ നല്‍കാനായി മേഘത്തില്‍ കയറി ഇന്നോ നാളെയോ മടങ്ങിവരും എന്നു് രണ്ടായിരം വര്‍ഷങ്ങളിലൂടെ വിശ്വസിച്ചാലും മടുപ്പില്ലാതെ പിന്നെയും അതിനായി കാത്തിരിക്കുന്നവരാണു് മനുഷ്യര്‍. ഒരിക്കല്‍ വിപ്ലവങ്ങളുടെ വിപ്ലവമായ ഒരു മഹാവിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം ലോകാധികാരം പിടിച്ചുപറ്റുമെന്നും അപ്പോള്‍ “നമ്മള്‍ കൊയ്യുന്ന വയലെല്ലാം നമ്മുടെതാകുമെന്നും” മറ്റുമുള്ള വാഗ്ദാനങ്ങള്‍ ചെറുമികള്‍ക്കും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയല്ല. അതിനാല്‍, അതുപോലൊരു സുവര്‍ണ്ണകാലത്തിനുവേണ്ടി കാത്തിരിക്കുക എന്നതു് അവര്‍ക്കു് അത്ര ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കാനും വഴിയില്ല.
മാര്‍ക്സിന്റെ കാലത്തെ ഇന്‍ഡസ്റ്റ്റിയല്‍ പ്രോലെറ്റേറിയറ്റില്‍ നിന്നും വ്യത്യസ്തമായി, ഭാരതം പോലുള്ള ഒരു കാര്‍ഷികരാജ്യത്തില്‍ നാലുമൂടു് കപ്പയും ഇത്തിരി പച്ചക്കറികളുമൊക്കെ നട്ടു് ജീവന്‍ നിലനിര്‍ത്താന്‍ മാത്രമല്ല, അതു് സാദ്ധ്യമാക്കിയതിനു് ഈശ്വരനോടു് നന്ദിപറയാനും ഭൂരിപക്ഷം ജനങ്ങള്‍ക്കും കഴിയും, കഴിയുന്നുണ്ടു്. നേരേമറിച്ചു്, ഒരു ജോലിയില്ലാതെ വീട്ടുവാടക നല്‍കാനും, നിത്യാഹാരമായ റൊട്ടി വാങ്ങാനുമൊക്കെ നാലു് ഭിത്തികള്‍ക്കുള്ളില്‍ ജീവന്‍ നിലനിര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ ഇന്‍ഡസ്റ്റ്റിയല്‍ പ്രോലെറ്റേറിയറ്റിനു് കഴിയുമായിരുന്നില്ല. ഇന്നു്, ചുരുങ്ങിയപക്ഷം (കമ്മ്യൂണിസം ഒരിക്കലും അധികാരത്തില്‍ വന്നിട്ടില്ലാത്ത) പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളിലെങ്കിലും, മനുഷ്യര്‍ക്കു് തൊഴിലില്ലായ്മാവേതനം, സോഷ്യല്‍ ഹെല്പ് മുതലായ സാമൂഹികമായ സുരക്ഷിതത്വം നിയമപരമായി ലഭ്യമാണു്. പ്രത്യയശാസ്ത്രം തങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമേകും എന്ന സോഷ്യലിസ്റ്റ് സ്വപ്നവുമായി കാത്തിരിക്കാതെ മനുഷ്യാദ്ധ്വാനത്തിലൂടെ സമ്പദ്സമൃദ്ധി കൈവരിച്ച രാജ്യങ്ങള്‍. മാര്‍ക്സിന്റെ കാലത്തെ ക്യാപ്പിറ്റലിസമോ, ഇന്‍ഡസ്റ്റ്റിയല്‍ പ്രോലെറ്റേറിയറ്റോ ഇന്നു് പശ്ചിമയൂറോപ്യന്‍ രാജ്യങ്ങളില്‍ ഇല്ല. വിദ്യാഭ്യാസമോ തൊഴില്‍ പരിശീലനമോ ഇല്ലാതെ യാന്ത്രികമായി ജോലി ചെയ്തിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ തൊഴിലാളിവര്‍ഗ്ഗം ഇന്നു് എഞ്ചിനിയേഴ്സിനും, ടെക്നീഷ്യന്‍സിനും, തിയറി സഹിതമുള്ള തൊഴില്‍ പരിശീലനം ലഭിച്ച മറ്റെത്രയോ തൊഴിലാളിവിഭാഗങ്ങള്‍ക്കും വേണ്ടി വഴിമാറിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന ഏതാനും മാര്‍ക്സിസ്റ്റുകളുടെ തലയിലല്ലാതെ, പശ്ചിമയൂറോപ്പില്‍ ഇന്നു് ഏതു് മേഖലയിലാണു് മുതലാളി തൊഴിലാളി എന്ന വ്യത്യാസം ദര്‍ശിക്കാന്‍ കഴിയുന്നതു്? ആഹാരരീതികളില്‍? വസ്ത്രധാരണത്തില്‍? വ്യക്തികളും സമൂഹവും തമ്മിലുള്ള ഇന്ററാക്ഷനുകളില്‍? മാര്‍ക്സിന്റെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ടു്, പശ്ചിമയൂറോപ്പിലെ പഴയ പ്രോലെറ്റേറിയറ്റ് ദുരിതങ്ങളുടെ നടുക്കടലിലേക്കു് വീണ്ടും വീണ്ടും താഴുകയായിരുന്നില്ല, അവര്‍ സമൂഹത്തിന്റെ മദ്ധ്യത്തിലേയ്ക്കു് ഇന്റഗ്രേറ്റ് ചെയ്യപ്പെടുകയായിരുന്നു.
മാര്‍ക്സിന്റെ കാഴ്ചപ്പാടില്‍ അതായിരുന്നു വിപ്ലവങ്ങളുടെ വിപ്ലവമായ തൊഴിലാളിവിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിനുള്ള മുന്‍ നിബന്ധന: കൂടുതല്‍ ലാഭത്തിനു് വേണ്ടിയുള്ള ചൂഷണത്തിനിടയില്‍ പ്രതിസന്ധികള്‍ പെരുകി ആന്തരികമായി സ്വയം നശിക്കുന്ന ക്യാപ്പിറ്റലിസം ഒരുവശത്തു്, ദുരിതങ്ങള്‍ പെരുകിപ്പെരുകി ഇനിയൊട്ടും പെരുകാനില്ലാത്ത അവസ്ഥയിലെത്തുമ്പോള്‍ ഒരു പ്രകൃതിനിയമം പോലെ അനിവാര്യമായ സോഷ്യലിസ്റ്റ് വിപ്ലവത്തിനു് ഇറങ്ങിപ്പുറപ്പെട്ടു് വിജയശ്രീലാളിതരാവുന്ന സര്‍വ്വലോകതൊഴിലാളിവര്‍ഗ്ഗം മറുവശത്തു്! രണ്ടുവര്‍ഗ്ഗത്തിന്റെയും പ്രവൃത്തി – ക്യാപ്പിറ്റലിസ്റ്റ് പ്രോലെറ്റേറിയറ്റിനെ അടിമയാക്കുന്നതും, പ്രോലെറ്റേറിയറ്റ് സഹികെട്ടു് ഇനി സഹികെടാന്‍ സഹിയില്ലാത്ത അവസ്ഥയിലെത്തുമ്പോള്‍ അന്തിമമായ വര്‍ഗ്ഗസമരത്തിനു് കാഹളമൂതുന്നതും – നാച്ചുറല്‍ സയന്‍സിന്റെ മാതൃകയില്‍, ഉരുക്കുനിയമങ്ങളാല്‍ നയിക്കപ്പെടുന്ന പ്രകൃതിസഹജമായ അനിവാര്യതയാണു്! ഈ അനിവാര്യതയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളും മുതലാളികളും തമ്മില്‍ നിലനില്‍ക്കുന്നതു് നിത്യമായ ശത്രുതയും വെറുപ്പും മാത്രം! ഈ ശത്രുതയ്ക്കും വെറുപ്പിനുമിടയില്‍ സമാധാനത്തിനോ നവീകരണങ്ങള്‍ക്കോ സ്ഥാനമൊന്നുമില്ല – ചുരുങ്ങിയതു്, ചരിത്രഗതിയുടെ മാര്‍ക്സിയന്‍ ശാസ്ത്രീയവീക്ഷണം അങ്ങനെയാണു് നമ്മളെ പഠിപ്പിക്കുന്നതു്!
മാര്‍ക്സിന്റെ കാലത്തുതന്നെ ട്രെയ്ഡ് യൂണിയനുകളുടെ മാതൃരാജ്യമായ ഇംഗ്ലണ്ടില്‍ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു് വേണ്ടിയുള്ള നിയമനിര്‍മ്മാണങ്ങള്‍ ആരംഭിച്ചു് കഴിഞ്ഞിരുന്നു. പക്ഷേ, ലണ്ടനില്‍ ജീവിച്ചിരുന്നിട്ടും മാര്‍ക്സിനു് അതൊന്നും കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. ‘യന്ത്രങ്ങള്‍ പെരുകുമ്പോള്‍ ലാഭം കുറയും’ എന്ന തന്റെ ‘ഉരുക്കുനിയമം’ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല എന്നു് സ്വയം മനസ്സിലാക്കിയിട്ടും അതു് തിരുത്തുന്നതിനെക്കാള്‍ അതില്‍ത്തന്നെ മുറുകെപ്പിടിക്കാനായിരുന്നു മാര്‍ക്സിനിഷ്ടം.
ക്യാന്‍സര്‍ രോഗം ബാധിച്ച സിനിമാനടന്‍ ഇന്നസന്റിനു് തന്നെ കൊണ്ടുപോയി വില്‍ക്കണം എന്ന ദൂതു് അറിയിക്കാനായി യേശു ഒരു ദിവസം രാത്രി പത്തരയ്ക്കു് ഒരു സുവിശേഷഘോഷകനു് പ്രത്യക്ഷപ്പെട്ടത്രെ! രോഗങ്ങളും ദുരിതങ്ങളും പരിഹരിക്കാനായി ദൈവങ്ങള്‍ പ്രത്യക്ഷപ്പെടും. ദൈവങ്ങള്‍ മനുഷ്യര്‍ക്കു് കഷ്ടപ്പാടുകള്‍ വരുത്തുന്നതുതന്നെ അങ്ങനെ പ്രത്യക്ഷപ്പെട്ടു് മനുഷ്യരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലാണു്. ഇല്ലാത്ത കഷ്ടപ്പാടുകള്‍ പരിഹരിക്കാനാവില്ലല്ലോ. ഈ ദൂതുമായി ഇന്നസന്റിനെ സമീപിച്ചപ്പോഴാണു് രാത്രി ഒമ്പതരയ്ക്ക് അതേ യേശു ഇന്നസെന്റിന്റെ വീട്ടിലും ചെന്നിരുന്നെന്നും പന്ത്രണ്ടരയ്ക്കാണു് തിരിച്ചുപോയതെന്നുമുള്ള വിവരം സുവിശേഷകന്‍ അറിയുന്നതു്. അതോടെ അയാള്‍ സ്ഥലം വിട്ടുപോലും! ഒരേസമയത്തു് പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയുന്നവനാണു് യേശു എന്നൊരു നംബര്‍ ഘോഷകന്‍ എന്തുകൊണ്ടു് ഇറക്കിയില്ല എന്നെനിക്കറിയില്ല. ഓവറാക്കണ്ട എന്നു് കരുതിക്കാണും.
ലോകത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു് തോന്നിയാല്‍ അവയുടെ പരിഹാരത്തിനു് ദൈവങ്ങള്‍ പ്രത്യക്ഷപ്പെടും, ദൈവങ്ങള്‍ അവതരിക്കും, ദൈവങ്ങള്‍ക്കു് സമയത്തിരക്കുണ്ടെങ്കില്‍ പ്രവാചകന്മാരെ അയക്കും, അതാണു് നാട്ടുനടപ്പു്. അതുപോലെ, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാവി സുരഭിലമാക്കുന്നതിനുവേണ്ടി അവതാരമെടുത്തവനാവണം മാര്‍ക്സ്. ഇതു് ഞാന്‍ ഒരു അടിസ്ഥാനവുമില്ലാതെ പറയുന്നതല്ല. കാരണം, സാധാരണഗതിയില്‍, തീസിസ്, ആന്റിതെസിസ്, സിന്തെസിസ് എന്ന രീതിയിലുള്ള ലോകചരിത്രത്തിന്റെ ഹേഗെലിയന്‍ മാതൃകയിലുള്ള ഗതി, സിന്തെസിസില്‍ നിന്നും രൂപം കൊള്ളുന്ന മറ്റൊരു ആന്റിതെസിസിലൂടെ വീണ്ടും പുതിയൊരു സിന്തെസിസിലേക്കും അവിടെനിന്നു് വീണ്ടും മറ്റൊരു ആന്റിതെസിസിലേക്കും … അങ്ങനെ സംഭവിക്കുന്ന ഒരു തുടര്‍പ്രവൃത്തിയാണെന്നാണു് കേട്ടിരിക്കുന്നതു്. ചലനാത്മകമായ ഒരു ലോകത്തില്‍ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചാല്‍ അതു് അബദ്ധവുമായിരിക്കും. ചരിത്രഗതി സ്റ്റാഗ്നേഷനില്‍ എത്തിയാല്‍ പിന്നെ എന്തു് ചരിത്രം, എന്തു് ലോകം? പക്ഷേ, മാര്‍ക്സിന്റെ ഡയലെക്റ്റിക്കല്‍ മറ്റീരിയലിസത്തില്‍ അന്തിമവിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗ്ഗം അധികാരം സ്ഥാപിക്കുന്നതോടെ പിന്നെയൊരു ആന്റിതെസിസ് ആവശ്യമില്ലാത്തവിധം ഒരു നവ സോഷ്യലിസ്റ്റ് ചരിത്രം രൂപമെടുക്കുമെന്നാണു് കേള്‍ക്കുന്നതു്. അതുപോലൊരു ലോകത്തില്‍ ഇതുവരെയുള്ള പ്രകൃതിനിയമങ്ങള്‍ അസാധുവാകും. പ്രകൃതിനിയമങ്ങളെ അസാധുവാക്കാന്‍ കഴിയുന്ന ശക്തിയെ ദൈവമെന്നോ, ചുരുങ്ങിയപക്ഷം പ്രവാചകന്‍ എന്നോ എങ്കിലും വിശേഷിപ്പിക്കേണ്ടതുണ്ടു്. സൂര്യനെ പിടിച്ചു് നിര്‍ത്തുക, ഒറ്റരാത്രികൊണ്ടു് സ്വര്‍ഗ്ഗത്തില്‍ പോയിവരിക മുതലായ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ ദൈവമോ ദൈവത്തിന്റെ പ്രവാചകനോ ഒക്കെ ആയാലേ പറ്റൂ.
ഒരുപക്ഷേ, മാര്‍ക്സും ഒരവതാരമായിരിക്കാം. മാര്‍ക്സ് ലോകത്തിനു് നല്‍കിയ വാഗ്ദാനങ്ങള്‍ ഈ നിഗമനത്തെ സാധൂകരിക്കുന്നവയാണു്. ഭാഗ്യത്തിനു്, ആ വാഗ്ദാനങ്ങളുടെ തത്വചിന്താപരവും ‘ശാസ്ത്രീയവും’ ആയ ന്യായീകരണങ്ങള്‍ കുറിച്ചുവച്ചിരിക്കുന്ന ‘ദസ് കാപ്പിറ്റലുകള്‍’ വായിച്ചു് അവശരാവേണ്ട യാതൊരു ആവശ്യവും നോര്‍മല്‍ മോര്‍ട്ടലുകളായ മനുഷ്യര്‍ക്കില്ല. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഭഗവദ്ഗീതയും ബൈബിളും ഖുര്‍ആനുമെല്ലാം വായിക്കുന്ന കാര്യവും അതുപോലെതന്നെ. ഇത്തരം ‘കാപ്പിറ്റലുകള്‍’ വായിക്കുന്നതിനെപ്പറ്റി ഡസിന്‍സ്കി പറയുന്നതില്‍ കൂടുതല്‍ എന്തെങ്കിലും ഈ വിഷയത്തില്‍ പറയേണ്ടതുണ്ടെന്നു് തോന്നുന്നില്ല.
“Capital is a tough nut to crack, opined Ignacy Daszyński, one of the best known socialist “people’s tribunes” around the turn of the 20th century, but anyhow he had not read it. But, he said, Karl Kautsky had read it, and written a popular summary of the first volume. He hadn’t read this either, but Kazimierz Kelles-Krauz, the party theoretician, had read Kautsky’s pamphlet and summarised it. He also had not read Kelles-Krauz’s text, but the financial expert of the party, Hermann Diamand, had read it and had told him, i.e. Daszynski, everything about it”. (wikipedia)
അതുപോലെതന്നെയാണു്, മാര്‍ക്സിന്റെയും ഏംഗല്‍സിന്റെയും ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം എന്ന ‘മതവും’:
“… …Benjamin suggested that, despite Marx’s claims to scientific objectivity, historical materialism was actually quasi-religious. Like the Turk, wrote Benjamin, “[t]he puppet called ‘historical materialism’ is always supposed to win. It can do this with no further ado against any opponent, so long as it employs the services of theology, which as everyone knows is small and ugly and must be kept out of sight. Benjamin’s friend and colleague Gershom Scholem would argue that Benjamin’s critique of historical materialism was so definitive that, as Mark Lilla would write, “nothing remains of historical materialism […] but the term itself.” – (wikipedia)
അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിവര്‍ഗ്ഗത്തെ സഹായിക്കാനുള്ള മാര്‍ക്സിന്റെ അടങ്ങാത്ത ആഗ്രഹത്തെപ്പറ്റിയും, മനുഷ്യനെയും അവന്റെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠയെപ്പറ്റിയുമൊക്കെ ലോകപ്രശസ്തരായ തത്വചിന്തകരും സാഹിത്യകാരന്മാരും വരെ എഴുതിയിട്ടുണ്ടു്. പക്ഷേ, മാര്‍ക്സും എംഗല്‍സും അതൊക്കെ വായിച്ചാല്‍ അവര്‍ തലകുത്തിനിന്നു് ചിരിക്കുമെന്നറിയാന്‍, അവര്‍ തമ്മില്‍ വ്യക്തിപരമായി നടത്തിയ എഴുത്തുകുത്തുകള്‍ പരിശോധിച്ചാല്‍ മതി. കൂറകള്‍, വൃത്തികെട്ട പട്ടികള്‍, കന്നുകാലികള്‍ തുടങ്ങിയ ‘പദവി’കളാണു് തൊഴിലാളിവര്‍ഗ്ഗത്തെ വിശേഷിപ്പിക്കാനായി അവയില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നതു്. ഹേഗെലിന്റെ ‘ഫിലോസഫി ഓഫ് ലോ’യുടെ വിമര്‍ശനത്തിന്റെ ആമുഖത്തില്‍ നിന്ദ്യരും, അപമാനിക്കപ്പെട്ടവരും, അടിമകളാക്കപ്പെട്ടവരും, ഉപേക്ഷിക്കപ്പെട്ടവരുമൊക്കെയായ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മോചനത്തിനുവേണ്ടി സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്ന അതേ മാര്‍ക്സ്!
അല്പം മൃദുത്വവും സാഹോദര്യവുമൊക്കെ ആവശ്യപ്പെട്ട തൊഴിലാളികളെ മാര്‍ക്സിന്റെ ആഹ്വാനപ്രകാരം മുഖത്തടിച്ചപോലെ അവഹേളിച്ചതിനെപ്പറ്റി അഭിമാനപൂര്‍വ്വമാണു് എംഗല്‍സ് മാര്‍ക്സിനു് എഴുതുന്നതു്! “ഞാന്‍ അവരെ നല്ലപോലെ പപ്പുപറിച്ചു. ഓരോ വൈകുന്നേരങ്ങളിലും എതിര്‍പ്പു് പ്രകടിപ്പിച്ചവരായ അഞ്ചു്, ആറു്, ഏഴു് റാസ്കലുകളെയാണു് ഞാന്‍ നിശബ്ദരാക്കിക്കൊണ്ടിരുന്നതു് (ആരംഭത്തില്‍ അത്തരം ഒരു കൂട്ടം തന്നെ എനിക്കെതിരായി ഉണ്ടായിരുന്നു)”. നിങ്ങള്‍ക്കു് വേണ്ടതു് കമ്മ്യൂണിസമോ അതോ മനുഷ്യവര്‍ഗ്ഗത്തിന്റെ ക്ഷേമമോ എന്നായിരുന്നത്രേ എംഗല്‍സ് അവരോടു് ചോദിച്ചതു്!
1851-ന്റെ ആദ്യത്തില്‍, തമ്മില്‍ത്തമ്മില്‍ ‘തിരുത്താനാവാത്ത മൃഗങ്ങള്‍’ എന്നു് മാര്‍ക്സും എംഗല്‍സും വിശേഷിപ്പിച്ചിരുന്ന കുറെ തൊഴിലാളികള്‍ പാര്‍ട്ടി വിട്ടുപോയപ്പോള്‍ തങ്ങളുടെ ശ്രേഷ്ഠതാവികാരത്തിനു് പറ്റിയ പരിക്കില്‍ നിന്നും മോചനം നേടാനെന്നോണം എംഗല്‍സ് 1851 ഫെബ്രുവരി 13-നു് മാര്‍ക്സിനെഴുതുന്നു:
“… … How can people like us, who shun official appointments like the plague, fit into a ‘party’? And what have we, who spit on popularity, who don’t know what to make of ourselves if we show signs of growing popular, to do with a ‘party’, i.e. a herd of jackasses who swear by us because they think we’re of the same kidney as they? Truly, it is no loss if we are no longer held to be the ‘right and adequate expression’ of the ignorant curs with whom we have been thrown together over the past few years.”
അനുയായികളെ നേടുന്നതിനു് തടസ്സം വരാതിരിക്കാന്‍, തങ്ങളുടെ റാഡിക്കലായ ലക്ഷ്യങ്ങള്‍ തൊഴിലാളികളോടു് ഒരിക്കലും തുറന്നു് പറയാതിരിക്കാന്‍ അവര്‍ രണ്ടുപേരും ശ്രദ്ധിച്ചിരുന്നു. പാരീസിലെ തൊഴിലാളികള്‍ “കമ്മ്യൂണിസമോ അതോ മനുഷ്യവര്‍ഗ്ഗത്തിന്റെ ക്ഷേമമോ തങ്ങള്‍ക്കു് വേണ്ടതെന്നു്” തീരുമാനിക്കുന്നതിനായി എന്താണു് യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസം എന്നൊന്നു് വിശദമാക്കാമോ എന്നു് എംഗല്‍സിനൊടു് ചോദിച്ചപ്പോള്‍ താന്‍ നല്‍കിയ മറുപടിയെപ്പറ്റി 1846 ഒക്ടോബര്‍ 23-നു് ഏംഗല്‍സ് മാര്‍ക്സിനു് എഴുതുന്നു:
“… … Moreover, they first wanted to know what communism really was (these curs, who for years have called themselves communists and only deserted out of fear of Grün and Eisermann, these two last having used communism as a pretext for worming their way in among them!). Of course I did not allow myself to be caught by their amiable request to tell them, ignorant as they were, in 2 or 3 words what communism was. I gave them a highly simple definition which went as far as and no further than the foregoing points at issue, … …”
1864-ല്‍ ലണ്ടനില്‍ വച്ചു് നടന്ന First International (International Workingmen’s Association)-ല്‍ ഉദ്ഘാടനപ്രസംഗം ചെയ്യാന്‍ ദീര്‍ഘനാളത്തെ ഒറ്റപ്പെടലിനു് ശേഷം അവസരം ലഭിച്ച മാര്‍ക്സ് അവിടെ കമ്മ്യൂണിസവും, ക്യാപിറ്റലിസവും, വിപ്ലവവുമൊക്കെ ഒഴിവാക്കി, “പ്രൊഡക്ഷന്‍ മീന്‍സ്, സോഴ്സ് ഓഫ് ലൈഫ്, അന്തിമലക്ഷ്യമായ ഇകൊണോമിക് ഇമാന്‍സിപ്പേഷന്‍ മുതലായ ‘ഫ്രെയ്സുകള്‍’ നിരുപദ്രവകരമായ വിധത്തില്‍ വാരി വിതറുക മാത്രമാണു് ചെയ്യുന്നതു്! ജനാധിപത്യവാദികള്‍, കമ്മ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍, മോണര്‍ക്കിസ്റ്റുകള്‍, മതവിശ്വാസികള്‍, നിരീശ്വരവാദികള്‍, മുതലായ വിവിധതരക്കാര്‍ പങ്കെടുത്ത ആ മീറ്റിംഗില്‍ ഏതു് മുഖംമൂടി ധരിക്കണമെന്നു് മാര്‍ക്സിനു് കൃത്യമായി അറിയാമായിരുന്നു. പക്ഷേ, എംഗല്‍സിനു് അതിനെപ്പറ്റി എഴുതുമ്പോള്‍ മാര്‍ക്സിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നു. “വര്‍ക്കേഴ്സ് മൂവ്മെന്റ് ഇപ്പൊള്‍ എത്തിനില്‍ക്കുന്ന അവസ്ഥക്കു് നമ്മുടെ കാഴ്ചപ്പാടു് സ്വീകാര്യമായ വിധത്തില്‍ ആ കാര്യം (പ്രസംഗം) അവതരിപ്പിക്കുക എന്നതു് വളരെ പ്രയാസമുള്ളതായിരുന്നു. ഉണര്‍ന്നെഴുന്നേറ്റ വര്‍ക്കേഴ്സ് മൂവ്മെന്റ് ഭാഷാപരമായ (നമ്മുടെ) പഴയ ധാര്‍ഷ്‌ട്യം അനുവദിക്കാന്‍ ഇനിയും സമയമെടുക്കും. … … സ്റ്റാറ്റ്യൂട്ടുകളുടെ പ്രിയാംബലില്‍ ഡ്യൂട്ടി, റൈറ്റ് എന്ന രണ്ടു് ഫ്രെയ്സുകളും, അതുപോലെതന്നെ, ട്രൂത്ത്, മൊറാലിറ്റി, ജസ്റ്റീസ് എന്നിവയും ഉള്‍ക്കൊള്ളിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. പക്ഷേ, അവയെ അതുപോലുള്ള സ്ഥാനങ്ങളില്‍ ആണു് പ്രതിഷ്ഠിച്ചിരിക്കുന്നതു് എന്നതിനാല്‍, അതുവഴി നമുക്കു് ദോഷമൊന്നും ഉണ്ടാവില്ല.”
ചരിത്രമെന്നതു് ‘ലീനിയര്‍’ ആയ ഒരു പ്രതിഭാസമല്ല. അതു് അനന്യമായ ഒന്നാണു്. ഒരു നിമിഷത്തിലെ ലോകമല്ല അതിനടുത്ത നിമിഷത്തിലേതു്. ഒരേ പുഴയില്‍ രണ്ടുപ്രാവശ്യം ഇറങ്ങാനാവില്ല എന്ന ഹെറക്ലൈറ്റസിന്റെ ഏകദേശം 2500 വര്‍ഷങ്ങള്‍ പഴക്കമുള്ള, ഇന്നും വലിഡിറ്റി നഷ്ടപ്പെട്ടിട്ടില്ലാത്ത വാചകം ലോകത്തിന്റെ ഈ ചലനാത്മകതയാണു് വെളിപ്പെടുത്തുന്നതു്. പ്രവചിക്കാന്‍ ആവുന്നതല്ല ചരിത്രം. ഇന്നത്തെ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തില്‍, വേണ്ടത്ര ഡാറ്റ ലഭ്യമാണെങ്കില്‍, അനുയോജ്യമായ മേഖലകളില്‍, സ്റ്റാറ്റിസ്റ്റിക്കലായ ചില ശാസ്ത്രീയ ‘പ്രവചനങ്ങള്‍’ സാദ്ധ്യമാവുമെന്നല്ലാതെ, ഹസ്തരേഖാശാസ്ത്രത്തിന്റെയും ഗൗളിശാസ്ത്രത്തിന്റെയും മാതൃകയിലുള്ള പ്രവചനം പ്രകൃതിശാസ്ത്രത്തിന്റെ ലോകത്തിനു് അന്യമാണു്. പ്രവചനാതീതമായ, എണ്ണമറ്റ ഘടകങ്ങളുടെ ഇന്ററാക്ഷന്‍ വഴി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണു് ചരിത്രം. അല്ലാതെ, മാര്‍ക്സ് കരുതിയതുപോലെ ഇക്കോണമി എന്ന ഒരേയൊരു ഘടകത്തിന്റെ അടിസ്ഥാനത്തില്‍ യാന്ത്രികമായി, നേര്‍രേഖയില്‍ സംഭവിക്കുന്ന, ഏതെങ്കിലും ഒരു ‘സിദ്ധാന്തം’ ഉപയോഗിച്ചു് അന്തിമമായി പ്രവചിക്കാവുന്ന ഒന്നല്ല ലോകചരിത്രഗതി.
വേണമെന്നുള്ളവര്‍ക്കു്, മാര്‍ക്സും എംഗല്‍സും കൈമാറിയ ആയിരത്തിഅഞ്ഞൂറിലേറെ കത്തുകള്‍ വായിച്ചു് അവയില്‍ ചിതറിക്കിടക്കുന്ന അവരുടെ തൊഴിലാളിവര്‍ഗ്ഗസ്നേഹത്തിന്റെയും മനുഷ്യവര്‍ഗ്ഗസ്നേഹത്തിന്റെയും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാവുന്നതാണു്.
ഒരുകാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഞാനൊരു ക്യാപിറ്റലിസ്റ്റല്ല, മാര്‍ക്സിസ്റ്റുമല്ല, ഒരിക്കലും ആയിരുന്നിട്ടുമില്ല. സാമൂഹികസമ്പദ്ഘടനയുടെ മിക്കവാറും പൂര്‍ണ്ണമായ നിയന്ത്രണം കമ്പോളശക്തികളുടെ കൈകളിലേയ്ക്കു് ഏല്പിച്ചുകൊടുക്കുന്ന ക്യാപിറ്റലിസവും, വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള സന്ധിയില്ലാസമരത്തിലൂടെ ഒരു വര്‍ഗ്ഗരഹിതസമൂഹം കെട്ടിപ്പടുക്കാം എന്നു് വ്യാമോഹിക്കുന്ന മാര്‍ക്സിസവും ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിനില്‍ക്കുന്ന ഇന്നത്തെ ലോകത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനു് അനുയോജ്യമല്ലെന്നു് വിശ്വസിക്കുന്നവനാണു് ഞാന്‍. ആദ്യത്തേതില്‍ കമ്പോളശക്തി എന്നതു് തത്വത്തില്‍ അനിയന്ത്രിതമായതിനാല്‍ കമ്പോളസഹജമായ അത്യാര്‍ത്തിയുടെ കൈകളിലെ ഒരു കളിപ്പന്തായി സമൂഹം മാറുമെന്നതിനാലും, രണ്ടാമത്തേതില്‍ വര്‍ഗ്ഗസമരം ഫലത്തില്‍ സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുന്നതു് ഒരു ന്യൂനപക്ഷം പാര്‍ട്ടിഭാരവാഹികളുടെ അനിയന്ത്രിതമായ സ്വേച്ഛാധിപത്യത്തിന്റെ കീഴില്‍ ആയിരിക്കുമെന്നതിനാലും ഈ രണ്ടു് വ്യവസ്ഥിതികളും സമൂഹത്തെ നയിക്കുന്നതു്, പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു് വിലയിരുത്തിയാല്‍, അരക്ഷിതാവസ്ഥയിലേക്കായിരിക്കും. കഴിഞ്ഞ നൂറ്റന്‍പതു് വര്‍ഷങ്ങളിലെ ക്യാപിറ്റലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഗതി ഈ നിഗമനത്തിന്റെ സാധുത്വത്തിനു് സാക്ഷ്യം വഹിക്കുന്നുണ്ടു്.