1979-ല്‍ മെക്കയിലെ ഗ്രാന്‍ഡ് മോസ്ക് പിടിച്ചടക്കാന്‍ ശ്രമിച്ച വിമതരുടെ നേതാവായിരുന്ന Juhayman al-Otaibi സഹോദരര്‍ എന്നര്‍ത്ഥമുള്ള ‘ikhwan’ എന്ന പേരില്‍ 1912-ല്‍ സൗദി രാജാവു് സംഘടിപ്പിച്ച ഒരു മൗലിക ഇസ്ലാം സൈന്യവിഭാഗത്തിന്റെ പിന്തുടര്‍ച്ചക്കാരനായിരുന്നു. സൗദി രാജകുടുംബം അഴിമതിക്കാരാണെന്നും, അവര്‍ അവിശ്വാസികളോടു് കൂട്ടുപിടിക്കുകയും അവരെ രാജ്യത്തില്‍ വച്ചുപൊറുപ്പിക്കുകയും ചെയ്യുന്നു എന്നും, രാജകുടുംബത്തിനു് വിശ്വാസികളായ ജനങ്ങളുടെ പിന്‍തുണ നഷ്ടപ്പെട്ടു എന്നുമൊക്കെ ആയിരുന്നു അവര്‍ ഉയര്‍ത്തിയ പ്രധാന കുറ്റാരോപണങ്ങള്‍. 1920-കളുടെ അവസാനഘട്ടത്തില്‍ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണു് അന്നത്തെ ‘ഇഖ്‌വാന്‍’ പടയാളികള്‍ സൗദി രാജാവിനു് എതിരായി യുദ്ധം ചെയ്തതു്. മൂന്നാം സൗദിസാമ്രാജ്യത്തിന്റെ സ്ഥാപകനായ അബ്ദല്‍ അസീസ് (ഇബ്‌ന്‍ സൗദ്) രാജാവു് ആരംഭകാലങ്ങളില്‍ നേരിട്ടു് വളര്‍ത്തിയെടുത്ത ‘ഇഖ്‌വാന്‍’ സൗദിരാജകുടുംബത്തിനെതിരെ തിരിഞ്ഞതു് എങ്ങനെ എന്നറിയാന്‍ അല്‍പം സൗദി ചരിത്രം:
മുസ്ലീമുകളെ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആദര്‍ശങ്ങളിലേക്കു് തിരിച്ചുകൊണ്ടുവരുവാന്‍ ശ്രമിച്ച വഹാബി മൂവ്മെന്റിന്റെ സ്ഥാപകന്‍ അബ്ദല്‍ വഹാബിന്റെ ‘വിപ്ലവകരമായിരുന്ന’ മതമൗലിക ആശയങ്ങള്‍ക്കു് തുടക്കത്തില്‍ അവന്റെ നാട്ടിലെ ഭരണകര്‍ത്താവിന്റെ പിന്തുണ ലഭിച്ചു. എങ്കിലും വഹാബിസത്തിന്റെ എതിര്‍പക്ഷം കൂടുതല്‍ ശക്തമായിരുന്നു. വഹാബിനെ കൊല ചെയ്തില്ലെങ്കില്‍ തനിക്കുതന്നെ അപകടം സംഭവിക്കും എന്ന എതിര്‍പക്ഷത്തിന്റെ ഭീഷണിമൂലം അവന്‍ വഹാബിനെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അബ്ദല്‍ വഹാബ് ‘അദ്-ദിരിയാ’യില്‍ എത്തിച്ചേരുന്നു. അവിടെ 1726 മുതല്‍ ഭരണാധികാരി ആയിരുന്ന മുഹമ്മദ് ഇബ്‌ന്‍ സൗദ് അബ്ദല്‍ വഹാബിനു് ആശ്രയം നല്‍കി. രാജകുമാരനായ ഇബ്‌ന്‍ സൗദും മതപണ്ഡിതനായ വഹാബും തമ്മില്‍ വളര്‍ന്ന സൗഹൃദം യുദ്ധങ്ങളിലൂടെ നേടിയ രാജ്യാതിര്‍ത്തിയുടെ വികസനം വഴി കൂടുതല്‍ ദൃഢതരമായി. വഹാബി ആശയങ്ങളില്‍ അധിഷ്ഠിതമായി രൂപമെടുത്ത ഈ ഒന്നാം സൗദിസാമ്രാജ്യം ഈജിപ്ഷ്യന്‍ വൈസ്രോയി ആയിരുന്ന മുഹമ്മദ് അലിപാഷയുടെ മകനായ ഇബ്രാഹിം പാഷയുമായുള്ള 1818-ലെ യുദ്ധത്തില്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടു. വഹാബി കേന്ദ്രമായിരുന്ന അദ്-ദിരിയ നിലംപരിശാക്കപ്പെട്ടു.
1824-ല്‍ മുഹമ്മദ് ഇബ്‌ന്‍ സൗദിന്റെ പൗത്രന്‍ ‘Turki’ റിയാദ് കീഴടക്കി രണ്ടാം സൗദിഭരണം ആരംഭിച്ചു. രണ്ടാം സൗദിസാമ്രാജ്യം വളരെ ബലഹീനവും സഹോദരങ്ങള്‍ തമ്മിലുള്ള അധികാരമത്സരങ്ങളില്‍ മുഴുകിയതുമായിരുന്നു. 1891-ല്‍ അപ്പോഴേക്കും ഒട്ടോമാന്‍ സുല്‍ത്താന്റെ പിന്‍തുണയോടെ ശക്തിയാര്‍ജ്ജിച്ചുകഴിഞ്ഞിരുന്ന റഷീദികള്‍ സൗദികളെ തോല്‍പിച്ചതോടെ രണ്ടാമത്തെ വഹാബി-സൗദ് സാമ്രാജ്യവും നാമാവശേഷമായി. സൗദി രാജാവു് അബ്ദര്‍ റഹ്മാന്‍ കുവൈറ്റിലേക്കു് രക്ഷപെട്ടു.
മൂന്നാമത്തെ സൗദി സാമ്രാജ്യമായ ഇന്നത്തെ സൗദി അറേബ്യയുടെ സ്ഥാപകനും, അബ്ദര്‍ റഹ്മാന്റെ മകനുമായ അബ്ദല്‍ അസീസ് 1901-ല്‍ കുവൈറ്റില്‍ നിന്നും നാല്‍പതു് ഒട്ടകപ്പടയാളികളുമായി റിയാദില്‍ എത്തി റഷീദി ഗവര്‍ണറെ സൂത്രത്തില്‍ കൊന്നു് അവിടത്തെ അധികാരം പിടിച്ചെടുത്തു. പഴയ വഹാബി അനുയായികളുടെ ആവേശകരമായ പിന്തുണയോടെ അടുത്ത രണ്ടു് വര്‍ഷം കൊണ്ടു് അബ്ദല്‍ അസീസ് മദ്ധ്യ അറേബ്യയുടെ പകുതിയും പിടിച്ചടക്കി. റഷീദികളുടെ അപേക്ഷപ്രകാരം ഒട്ടോമാന്‍ സുല്‍ത്താന്‍ സൈന്യത്തെ അയച്ചെങ്കിലും, അവസാനം പിടിച്ചുനില്‍ക്കാനാവാതെ അവര്‍ക്കു് പിന്മാറേണ്ടിവന്നു. (1922-ല്‍ മാത്രം അവസാനം കണ്ടതും, അറുന്നൂറു് വര്‍ഷങ്ങളോളം നീണ്ടുനിന്നതും, 15, 16 നൂറ്റാണ്ടുകളില്‍ വളര്‍ച്ചയുടെ പാരമ്യതയില്‍ എത്തി, മെഡിറ്ററേനിയന്‍ പ്രദേശങ്ങളും അറേബ്യയും അധീനത്തിലാക്കിയതുമായ ടര്‍ക്കികളുടെ സാമ്രാജ്യമാണു് ഒട്ടോമാന്‍. സ്ഥാപകനായ Osman-I-ല്‍ നിന്നും ഈ പേരു്). അടിയുറച്ച ഒരു ഇസ്ലാം വിശ്വാസി ആയിരുന്നതുകൊണ്ടു് മാത്രമല്ല, മതമൗലികത തന്റെ രാഷ്ട്രീയലക്‍ഷ്യങ്ങള്‍ നേടിയെടുക്കാന്‍ നല്ലൊരു ഉപാധിയാണെന്നു് മനസ്സിലാക്കിയതുകൊണ്ടുകൂടിയാണു് അബ്ദല്‍ അസീസ് വഹാബിസത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ തീരുമാനിക്കുന്നതു്. അങ്ങനെ, 1912-ല്‍ ഇഖ്‌വാന്‍ എന്ന ‘മതമൗലിക-മിലിറ്ററി’ പ്രസ്ഥാനത്തിനു് അദ്ദേഹം രൂപം കൊടുക്കുന്നു . ദേശാന്തരഗമനം ചെയ്തു് ജീവിച്ചിരുന്ന അറബിഗോത്രങ്ങള്‍ ‘കിണറുകള്‍ക്കു്’ സമീപം സ്ഥിരവാസമാക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടു. ദൈവത്തിനോടും രാജാവിനോടും മാത്രം പ്രതിബദ്ധതയുള്ള ഒരു സമരാസക്തവിഭാഗത്തിന്റെ നൂറോളം കോളനികള്‍ (hijrahs) അബ്ദല്‍ അസീസ് അങ്ങനെ ഒരു ദശാബ്ദം കൊണ്ടു് വളര്‍ത്തിയെടുത്തു. അതിനു് വഹാബി മതപണ്ഡിതരുടെ പൂര്‍ണ്ണപിന്‍തുണയും ഉണ്ടായിരുന്നു.
ഒട്ടോമാന്‍ സുല്‍ത്താന്‍ സഹായിച്ചിരുന്ന റഷീദികളെയും, കാലക്രമേണ ഒട്ടോമാനെത്തന്നെയും ഇഖ്‌വാന്റെ സഹായത്തോടെ അബ്ദല്‍ അസീസ് പരാജയപ്പെടുത്തി. പക്ഷേ ഒട്ടോമാന്‍ സുല്‍ത്താനെ ആക്രമിക്കുന്നതുവരെ അവരുടെ മേല്‍ക്കോയ്മ തന്ത്രപൂര്‍വ്വം അംഗീകരിക്കുവാനും, അതിനുവേണ്ടി ഇംഗ്ലണ്ടുമായുള്ള സൗഹൃദം ഉപയോഗപ്പെടുത്തുവാനും അദ്ദേഹം ശ്രദ്ധിച്ചു. ‘ഇബ്‌ന്‍ സൗദ്’ എന്ന പേരു് സ്വീകരിച്ച അബ്ദല്‍ അസീസ് മെക്കയും മെദീനയുമടക്കമുള്ള അറേബ്യ വീണ്ടും വഹാബി അധീനത്തിലാക്കി. ‘Treaty of Jiddah’ വഴി ഇംഗ്ലണ്ടു് സൗദി അറേബ്യയുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായി അംഗീകരിച്ചു. പക്ഷേ, ഇരുപതുകളുടെ രണ്ടാം പകുതി ആയപ്പോഴേക്കും ഇഖ്‌വാന്‍ നിയന്ത്രണാതീതമായിക്കഴിഞ്ഞിരുന്നു. ഇബ്‌ന്‍ സൗദ് നാട്ടില്‍ ടെലഫോണും ടെലിഗ്രാഫും യാന്ത്രികവാഹനങ്ങളും ഒക്കെ അനുവദിച്ചതിനെ അവര്‍ എതിര്‍ത്തു. ഈ എതിര്‍പ്പുകള്‍ അവസാനം ഇഖ്‌വാനും ഇബ്‌ന്‍ സൗദുമായുള്ള യുദ്ധത്തില്‍ എത്തിച്ചേര്‍ന്നു. ക്രിസ്ത്യാനികളുമായി കൂട്ടുചേരുന്നു, ഇംഗ്ലണ്ടിന്റെ സംരക്ഷണത്തിലായിരുന്ന ഇറാക്കിലേയും, യോര്‍ദ്ദാനു് അക്കരെയുള്ള പ്രദേശത്തേയും ഭരണകൂടങ്ങളോടു് ദാക്ഷിണ്യശീലം പ്രകടിപ്പിക്കുന്നു, വഹാബി മൗലികതക്കു് വിരുദ്ധമായ വിധത്തില്‍ സാമൂഹികനവീകരണത്തിനു് തയ്യാറാവുന്നു ഇതൊക്കെ ആയിരുന്നു അവരുടെ കുറ്റാരോപണങ്ങള്‍. മതപണ്ഡിതരായ ulema-യും, ജനങ്ങളില്‍ അധികപങ്കും രാജാവിന്റെ പക്ഷത്തായിരുന്നതിനാലും, ഇഗ്ലണ്ടിന്റെ സഹായമുണ്ടായിരുന്നതിനാലും 1930-ല്‍ ഇഖ്‌വാന്‍ വിമതര്‍ തോല്‍പിക്കപ്പെട്ടു. 1832-ല്‍ അതുവരെ രണ്ടു് ഭാഗങ്ങളായി നിലനിന്നിരുന്ന സൗദി അറേബ്യ സംയോജിപ്പിക്കപ്പെട്ടു.
ഖുമൈനിയും ഷായും
സൗദികളുടെ ഈ ലഘുചരിത്രത്തില്‍ നിന്നും വീണ്ടും തിരിച്ചു് 1979-ലെ സൗദി അറേബ്യയിലേക്കു്: പള്ളി തിരിച്ചുപിടിച്ചശേഷം സൗദിജീവിതം ബാഹ്യമായി സാധാരണത്വത്തിലേക്കു് തിരിച്ചുപോയി എങ്കിലും സൗദി രാജകുടുംബം അസ്വസ്ഥമായിരുന്നു. 1979-ലെ ഇറാന്‍ വിപ്ലവം ഷിയാ മുസ്ലീം മൗലികവാദിയായിരുന്ന ഖുമൈനിയുടെ (Ayatollah Ruhollah Khomeini) വിജയത്തിലും, ഇറാന്‍ ചക്രവര്‍ത്തി ആയിരുന്ന ഷായുടെ (Mohammed Reza Pahlavi) പരാജയത്തിലും അവസാനിച്ചതു് സൗദി രാജകുടുംബത്തെ അസ്വസ്ഥമാക്കി. ഷായുടെ അതേ അവസ്ഥ തങ്ങള്‍ക്കും സംഭവിച്ചേക്കാം എന്നവര്‍ സംശയിച്ചു. ഖുമൈനി കിട്ടിയ അവസരങ്ങളിലെല്ലാം സൗദി രാജകുടുംബത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. പശ്ചാത്യരോടും ഇസ്രായേലിനോടുമുള്ള ഷായുടെ അനുകൂലമനോഭാവവും, ദേശവത്കരണം, ഭൂപരിഷ്കരണം, സ്ത്രീകള്‍ക്കു് വോട്ടവകാശം മുതലായ നടപടികളിലൂടെ ഇറാന്‍ സമൂഹത്തെ നവീകരിക്കാനുള്ള ശ്രമങ്ങളും ഷിയാ മുസ്ലീം നേതാക്കളുടെ അതൃപ്തി വിളിച്ചുവരുത്തി. ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ‘Tudeh’ പാര്‍ട്ടി നിരോധിച്ചതും, എതിര്‍പ്പുകളെ നേരിടാന്‍ ഷാ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത മാര്‍ഗ്ഗങ്ങളുമെല്ലാം പ്രക്ഷോഭണങ്ങളിലും, അതുവഴി ഖുമൈനിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രൂപമെടുക്കലിലും അവസാനിച്ചു. 37 വര്‍ഷത്തെ ഭരണത്തിനുശേഷം ഇറാന്‍ വിടുവാന്‍ ഷാ നിര്‍ബന്ധിതനായി. അങ്ങനെ 2500 വര്‍ഷത്തിലേറെ നീണ്ടുനിന്ന ഇറാനിലെ ചക്രവര്‍ത്തിഭരണം അവസാനിച്ചു. മെക്കയിലെ പള്ളിയില്‍ നടന്ന സംഭവങ്ങള്‍ പാശ്ചാത്യസ്വഭാവമുള്ള ഒരു സാമൂഹികനവീകരണം യാതൊരു കാരണവശാലും വഹാബി മൗലികവാദികള്‍ അനുവദിക്കുകയില്ല എന്നതിനു് തെളിവായിരുന്നു. അതുവഴി, സൗദി അറേബ്യയുടെ സാമൂഹികനവീകരണം കര്‍ശനമായ ഇസ്ലാം കീഴ്‌വഴക്കങ്ങളില്‍ അയവുവരുത്തി നേടാന്‍ ശ്രമിക്കുന്നതിനു് പകരം, ആധുനികീകരണത്തിലൂടെ കൂടുതല്‍ കര്‍ശനമാക്കുവാന്‍ സൗദി രാജകുടുംബം നിര്‍ബന്ധിതമായി. വനിതാകോളേജുകളിലും, പൊതുസ്ഥലങ്ങളിലും വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചുകൊണ്ടു് ഇസ്ലാമിനു് വിരുദ്ധമായി പെരുമാറുന്നു എന്നു് തോന്നുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും അവര്‍ തീക്ഷ്ണത കാണിച്ചു. പ്രാര്‍ത്ഥനാസമയങ്ങളില്‍ കടതുറക്കുന്നതും, (പട്ടി അശുദ്ധജീവി ആയതിനാല്‍) പട്ടിത്തീറ്റ വില്‍ക്കുന്നതും, പത്രങ്ങളില്‍ സ്ത്രീകളുടെ ‘ഇസ്ലാംവിരുദ്ധ’ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമെല്ലാം കൃത്യമായി കണ്ടുപിടിച്ചു് ശിക്ഷിക്കപ്പെട്ടു.
അഫ്ഘാനിസ്ഥാന്‍ യുദ്ധം
1979 ഡിസംബര്‍ അവസാനത്തില്‍ റഷ്യന്‍ സൈന്യം അഫ്ഘാനിസ്ഥാനില്‍ അധിനിവേശിക്കുന്നു. 1978-ല്‍ അഫ്ഘാനിസ്ഥാനില്‍ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിനവരെ ക്ഷണിച്ചു എന്നതായിരുന്നു റഷ്യന്‍ വിശദീകരണം. പഴയ ചൂഷകശക്തികളെ നശിപ്പിക്കാനും, മതേതരത്വം സ്ഥാപിക്കാനും, അതുവഴി സമൂഹത്തെ നവീകരിക്കാനും പുതിയ ഗവണ്‍മന്റ് നടത്തിയ ശ്രമങ്ങള്‍ സ്വാഭാവികമായും യാഥാസ്ഥിതികശക്തികളുടെ എതിര്‍പ്പു് നേരിടേണ്ടിവന്നു. റഷ്യന്‍ സാന്നിദ്ധ്യത്തിനെതിരായി മുപ്പതോളം മുജാഹിദിന്‍ സംഘങ്ങള്‍ രൂപമെടുത്തു. അതിനു് C.I.A-യുടെ സഹായസഹകരണങ്ങളും ഉണ്ടായിരുന്നു. ‘കമ്മ്യൂണിസത്തിനെതിരെ’ എന്ന പൊതു ലക്‍ഷ്യം ഒഴിവാക്കിയാല്‍ ഈ മുജാഹിദിന്‍ സംഘങ്ങള്‍ പരസ്പരം ഭിന്നതയിലായിരുന്നു കഴിഞ്ഞിരുന്നതു്. സൗദി അറേബ്യയില്‍ നിന്നും ആയിരക്കണക്കിനു് യുവാക്കള്‍ അഫ്ഘാനിസ്ഥാനിലേക്കു് പോകാന്‍ തയ്യാറായി. സൗദി രാജാവിനെ സംബന്ധിച്ചു് അതു് രണ്ടു് കാരണങ്ങള്‍ കൊണ്ടു് സ്വാഗതാര്‍ഹവുമായിരുന്നു. പ്രധാനമായും കമ്മ്യൂണിസത്തെ നശിപ്പിക്കുക എന്ന ലക്‍ഷ്യം. രണ്ടാമത്തേതു് കൂടുതലും സൗദികളുടെ ആഭ്യന്തരപ്രശ്നമായിരുന്നു. ബിരുദധാരികളായ സൗദിയിലെ ധാരാളം ചെറുപ്പക്കാര്‍ മതവിഷയങ്ങളില്‍ പ്രാവീണ്യം ഉള്ളവരായിരുന്നെങ്കിലും അവരെ ഉള്‍ക്കൊണ്ടതുകൊണ്ടു് സാമ്പത്തികമേഖലയ്ക്കു് വലിയ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ല. ഇത്തരക്കാരെ അഫ്ഘാനിസ്ഥാനിലേക്കു് അയക്കുന്നതുവഴി അല്‍പം സാമൂഹികസമ്മര്‍ദ്ദം കുറയ്ക്കാനാവുമെന്നു് സൗദിരാജാവു് കരുതി. പക്ഷേ അതു് ഭാവിയില്‍ സ്ഫോടനാത്മകമായ ഒരു സാഹചര്യം സൃഷ്ടിച്ചേക്കാം എന്ന വസ്തുത വിസ്മരിക്കപ്പെട്ടു. ഏകദേശം പത്തു് വര്‍ഷത്തോളം അഫ്ഘാനിസ്ഥാനിലേക്കു് ഒഴുകിയ ഈ യുവസൗദികളില്‍ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു ഒസാമ ബിന്‍ ലാദന്‍.
ഇറാക്കും സദാം ഹുസൈനും
1982-ല്‍ ഖാലിദ് രാജാവിന്റെ മരണത്തോടെ, സൗദി അറേബ്യയുടെ സാമൂഹികനവീകരണത്തിന്റെ പ്രതിനിധി ആയിരുന്ന ഫാഹ്‌ദ് ഔദ്യോഗികമായി രാജാവായി. 1980 മുതല്‍ 1988 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാക്ക് യുദ്ധത്തില്‍ സൗദി രാജകുടുംബം സദാം ഹുസൈന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹായിയുമായിരുന്നു. സൗദികള്‍ സദാമിനു് യുദ്ധത്തിനായി നല്‍കിയ സാമ്പത്തിക സഹായം കോടിക്കണക്കിനായിരുന്നു. (ആ യുദ്ധത്തില്‍ സദാം ഹുസൈനെ സഹായിച്ചവരുടെ കൂട്ടത്തില്‍ പില്‍ക്കാലത്തു് സദാമിനെ സ്ഥാനഭ്രഷ്ടനാക്കി വധിച്ച അമേരിക്കയും പെടും!) രണ്ടു് വര്‍ഷങ്ങള്‍ക്കു് ശേഷം അതേ സദാം ഹുസൈന്‍ 1990-ല്‍ കുവൈറ്റിനെ ആക്രമിക്കുമ്പോള്‍ സൗദി അറേബ്യയേയും നോട്ടമിടുമെന്നും, അങ്ങനെ തങ്ങള്‍ ചതിക്കപ്പെടുമെന്നും ഫാഹ്‌ദ് രാജാവിനു് സങ്കല്‍പിക്കാന്‍ പോലും ആവുമായിരുന്നില്ല. ഇറാക്കിന്റെ ടാങ്കുകള്‍ സൗദി അറേബ്യയുടെ അതിര്‍ത്തിയിലേക്കു് നീങ്ങിയപ്പോള്‍ മാത്രമാണു് സദാമിന്റെ ‘മുസ്ലീം സാഹോദര്യത്തിനു്’ ഇങ്ങനെയും ഒരു വശമുണ്ടെന്നു് ഫാഹ്‌ദ് തിരിച്ചറിഞ്ഞതു്. യുദ്ധത്തില്‍ പരിചയസമ്പന്നരായ ഇറാക്ക് സൈന്യവുമായി ഏറ്റുമുട്ടാനുള്ള ശേഷി സൗദി സൈന്യത്തിനില്ല എന്നതും വ്യക്തമായിരുന്നു. നാലഞ്ചു് ദശകങ്ങള്‍ എണ്ണമറ്റ കോടികള്‍ ആയുധങ്ങള്‍ വാങ്ങാനും, പട്ടാളത്തിന്റെ വിദ്യാഭ്യാസത്തിനും, അവരെ ‘തീറ്റിവളര്‍ത്താനും’ വിനിയോഗിച്ച സൗദി അറേബ്യക്കു് ഒരു വിദേശീയ ആക്രമണത്തെ നേരിടാനാവുന്നില്ല എന്നതു് ലജ്ജാവഹമായിരുന്നെങ്കിലും സദാമിന്റെ ആക്രമണത്തെ അതിജീവിക്കണമെങ്കില്‍ അമേരിക്കയുടെ സഹായമല്ലാതെ തത്കാലം മറ്റു് മാര്‍ഗ്ഗമൊന്നുമില്ല എന്നു് ഫാഹ്‌ദ് മനസ്സിലാക്കി.
അഫ്ഘാനിസ്ഥാനില്‍ നിന്നും 1988-ല്‍ ആരംഭിച്ച റഷ്യന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലും, റഷ്യയിലേയും യൂറോപ്പിലേയും കമ്മ്യൂണിസത്തിന്റെ അധഃപതനവും സൗദി മുജാഹിദിനുകളുടെ അഫ്ഘാനിസ്ഥാനിലെ തുടര്‍ന്നുള്ള ഇടപെടല്‍ അര്‍ത്ഥശൂന്യമാക്കിയിരുന്നു. അങ്ങനെ സൗദി മുജാഹിദിനുകള്‍ക്കു് അഫ്ഘാനിസ്ഥാനില്‍ ‘തൊഴിലില്ലാതായ’ ഒരു സന്ദര്‍ഭമായിരുന്നു അതു്. അതിനാല്‍, ഈ സമയത്തു് ബിന്‍ ലാദന്‍ ചില സൗദി വക്താക്കളെ സമീപിച്ചു് സദാമിനെതിരായ യുദ്ധത്തില്‍ തന്റെ മുജാഹിദിന്‍ ‘സൈന്യത്തിന്റെ’ സഹായം വാഗ്ദാനം ചെയ്യുന്നു. സ്വാഭാവികമായും ഒരു വിഡ്ഢിത്തമായിരുന്ന ഈ ‘ഓഫര്‍’ സൗദി രാജാവു് ‘ബഹുമാനപൂര്‍വ്വം’ നിരാകരിക്കുന്നു.
അമേരിക്കന്‍ സൈന്യം സദാമിനെതിരായ യുദ്ധത്തിനു് സഹായിക്കണമെങ്കില്‍ അവര്‍ അതിനായി ക്ഷണിക്കപ്പെടണം. പക്ഷേ അതിനു് മറ്റെല്ലാ രാഷ്ട്രീയ തീരുമാനങ്ങളിലുമെന്നപോലെ ഇവിടെയും ulema-യുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കേണ്ടതു് രാജാവിന്റെ ബാദ്ധ്യതയായിരുന്നു. സൗദി അറേബ്യയില്‍ സാമൂഹികനിയമങ്ങള്‍ മനുഷ്യര്‍ നിര്‍മ്മിക്കുകയല്ല, ദൈവം വെളിപ്പെടുത്തുകയാണു്! ഒരു മുസ്ലീം രാജ്യമായ ഇറാക്കിനെ ആക്രമിക്കാന്‍ അമുസ്ലീമുകളും അശുദ്ധരുമായ അമേരിക്കക്കാരെ സൗദിയിലേക്കു് ക്ഷണിക്കുന്നതു് ഇസ്ലാം നിയമപ്രകാരം അനുവദനീയമോ എന്നതായിരുന്നു പ്രശ്നം. ഏതായാലും മതപണ്ഡിതര്‍ രാജാവിന്റെ നിലപാടിനു് അനുകൂലമായ തീരുമാനമെടുക്കുന്നു. സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമല്ലെങ്കില്‍, യുദ്ധത്തെ നേരിടുകയേ നിവൃത്തിയുള്ളു എന്നും, അതിനു് ‘അവിശ്വാസികളുടെ’ സഹായം മൂലമേ കഴിയൂ എന്നുണ്ടെങ്കില്‍ അങ്ങനെ ആവാമെന്നുമായിരുന്നു ulema-യുടെ തീരുമാനം. സദാമുമായി സമാധാനപരമായ ഒരു പരിഹാരത്തിലെത്തുക എന്നതു്, ബിന്‍ ലാദന്‍ തന്റെ ‘പട്ടാളത്തിന്റെ’ സഹായം വാഗ്ദാനം ചെയ്തപോലെതന്നെ അസംബന്ധമായ ഒരു കാര്യമായിരുന്നു. പക്ഷേ അമേരിക്കന്‍ അവിശ്വാസികളെക്കൊണ്ടു് ‘വിശുദ്ധനാടു്’ അശുദ്ധമാക്കുന്നതു് വിശ്വാസികളുടെ ദൃഷ്ടിയില്‍ സ്വാഭാവികമായും ഇസ്ലാം വിരുദ്ധമായിരുന്നതിനാല്‍, അധികപങ്കും യാഥാസ്ഥിതികരായ സൗദിസമൂഹത്തില്‍ ഈ ‘ഫത്വ’ അഭിപ്രായഭിന്നതകള്‍ക്കു് കാരണമായി. ulema-യുടെ ലെജിറ്റിമസി വരെ ചോദ്യം ചെയ്യാന്‍ മതമൗലികര്‍ മടിച്ചില്ല. ഭാവിയിലെ അല്‍ഖാഇദ തീവ്രവാദത്തിന്റെയും ആക്രമണങ്ങളുടെയും അടിത്തറ അതുവഴി രൂപമെടുക്കുകയായിരുന്നു.
അങ്ങനെ, സദാമിന്റെ കുവൈറ്റ് അധിനിവേശത്തിനു് നാലു് ദിവസങ്ങള്‍ക്കു് ശേഷം (06. 08. 1990) അമേരിക്കന്‍ പ്രതിരോധമന്ത്രിയും സംഘവും സൗദി അറേബ്യയിലെത്തി. അവരുടെ പക്കല്‍ സദാം ഹുസൈന്‍ സൗദി അതിര്‍ത്തി ലംഘിച്ചു എന്നു് തെളിയിക്കുന്നതിനുള്ള സാറ്റലൈറ്റ് ഫോട്ടോകളുമുണ്ടായിരുന്നു. പ്രത്യാക്രമണത്തിനു് അമേരിക്കയെ അനുവദിച്ചുകൊണ്ടുള്ള സൗദി തീരുമാനത്തിനു് പിന്നീടു് വലിയ താമസം വന്നില്ല. ‘Operation Dessert Storm’-നു് വേണ്ടി പിറ്റേദിവസം മുതല്‍ സൗദിയിലേക്കുള്ള അമേരിക്കയുടെ സേനാവിന്യാസം ആരംഭിച്ചു. ഈ സാഹചര്യം മതമൗലികവാദികള്‍ വിശ്വാസികളുടെ വികാരം ഇളക്കിവിടുവാനായി ദുരുപയോഗം ചെയ്തു. അമേരിക്കന്‍ പട്ടാളത്തിന്റെ സാന്നിദ്ധ്യം സൗദി സംസ്കാരത്തെ നശിപ്പിക്കുമെന്നും, ജനങ്ങള്‍ ഇസ്ലാം വിശ്വാസത്തെത്തന്നെ സംശയിക്കാന്‍ ഇടവരുത്തുമെന്നും അവര്‍ പള്ളികള്‍ തോറും പ്രസംഗിച്ചു.
അതേസമയം, സദാമിനെതിരായ യുദ്ധം പുരോഗമിച്ചതിനനുസരിച്ചു് സൗദി അറേബ്യ സാമ്പത്തികമായി തകരുകയായിരുന്നു. അമേരിക്കയ്ക്കു് പണം നല്‍കുന്നതു് കൂടാതെ യുദ്ധവിമാനങ്ങള്‍ക്കു് വേണ്ട ഇന്ധനം നല്‍കേണ്ടതടക്കമുള്ള മറ്റു് പല ചുമതലകളും സൗദികള്‍ വഹിക്കേണ്ടിയിരുന്നു. ഈ സമയത്തു് സൗദി അറേബ്യ ഏറ്റവും വലിയ വിമാനഇന്ധന ഇമ്പോര്‍ട്ടേഴ്സ് ആയിരുന്നു എന്നതു് ഈ പ്രശ്നത്തിന്റെ ഗൗരവമാണു് കാണിക്കുന്നതു്. ഒരു ദിവസം രണ്ടായിരം വിമാനപ്പറക്കലുകള്‍ (sorties) വരെ അമേരിക്കന്‍ പട്ടാളം നടത്തിയിരുന്നത്രെ! സൗദികള്‍ നല്‍കേണ്ട പണം എത്രയെന്നു് അമേരിക്ക പലപ്പോഴും ഏകപക്ഷീയവും, സ്വതന്ത്രവുമായി തട്ടിക്കൂട്ടുകയായിരുന്നു! നല്‍കേണ്ടതില്‍ എത്രയോ കൂടുതല്‍ പണം സൗദികള്‍ അമേരിക്കയ്ക്കു് നല്‍കേണ്ടി വന്നു. “ഇതുപോലൊരു സാഹചര്യത്തില്‍ സുഹൃത്തുക്കളുടെ ഇടയില്‍ പണത്തിനു് എന്തു് വില?” എന്നായിരുന്നത്രേ ഫാഹ്‌ദ് രാജാവു് യുദ്ധാരംഭത്തില്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രി ജെയിംസ് ബേക്കറിനോടു് ചോദിച്ചതു്! ഇത്തരമൊരു അയഞ്ഞ സമീപനം വഴി, യുദ്ധം തുടങ്ങുമ്പോള്‍ ദേശീയകടം ഒന്നുമില്ലാതിരുന്ന സൗദി അറേബ്യ യുദ്ധാവസാനത്തോടെ കടത്തില്‍ മുങ്ങേണ്ടിവന്നു. പണത്തിന്റെ അതിപ്രസരം വിളക്കിച്ചേര്‍ത്തിരുന്ന സൗദി സമൂഹത്തില്‍ സാമ്പത്തികമാന്ദ്യം സമ്മര്‍ദ്ദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി. സൗദി രാജകുടുംബത്തെയും, അവരെ സഹായിക്കുന്ന അമേരിക്കയെയും ഈ മുഴുവന്‍ പ്രശ്നങ്ങളുടെയും ഉത്തരവാദികളാക്കിയ റാഡിക്കല്‍ മുസ്ലീമുകള്‍ ഒസാമ ബിന്‍ ലാദനില്‍ തങ്ങളുടെ ‘ആരാധനാവിഗ്രഹത്തെ’ കണ്ടെത്തി.
ബിന്‍ ലാദനും അമേരിക്കയും
1995 നവംബര്‍ 13-നു് സൗദി തലസ്ഥാനമായ റിയാദില്‍ ഒരു ബോബു് സ്ഫോടനം സംഭവിക്കുന്നു. 1996 ജുണില്‍ ദഹ്രാനു് സമീപം മറ്റൊരു സ്ഫോടനവും. രണ്ടിന്റേയും ലക്‍ഷ്യം അമേരിക്കന്‍ സ്ഥാപനങ്ങളും, ഉത്തരവാദി ഒസാമ ബിന്‍ ലാദനും ആയിരുന്നു. (1993-ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ മറ്റു് മുസ്ലീം തീവ്രവാദികളായിരുന്നു.) ബിന്‍ ലാദനു് അതുവഴി സൗദി പൗരത്വം നഷ്ടപ്പെടുന്നു. ബിന്‍ ലാദന്റെ ആക്രമണങ്ങള്‍ അമേരിക്കയ്ക്കു് എതിരെ ആയിരുന്നെങ്കിലും അവയുടെ അടിസ്ഥാനലക്‍ഷ്യം സൗദി രാജകുടുംബത്തെ താഴെയിറക്കുക എന്നതായിരുന്നു. സൗദി രാജകുടുംബത്തെ സഹായിക്കുന്നതു് അമേരിക്ക ആണെന്നതിനാല്‍, എളുപ്പം ലോകശ്രദ്ധ പിടിച്ചുപറ്റാനും, അങ്ങനെ കൂടുതല്‍ ഫലപ്രദമായി തന്റെ ലക്‍ഷ്യം നേടാനും അമേരിക്കയെ ആക്രമിക്കുക എന്ന തന്ത്രം ബിന്‍ ലാദന്‍ പിന്‍തുടരുകയായിരുന്നു. നിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ ഫാഹ്‌ദ് രാജാവിനു് 1995-ല്‍ സ്ട്രോക്ക് ഉണ്ടാവുകയും ഭരണച്ചുമതലകള്‍ പ്രിന്‍സ് അബ്ദുള്ള ഏറ്റെടുക്കുകയും ചെയ്യുന്നു. 2005 ഓഗസ്റ്റ് ഒന്നിനു് കിംഗ് ഫാഹ്‌ദ് മരണമടഞ്ഞു.
2000 ജനുവരിയില്‍ ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ പ്രസിഡന്റാവുമ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം കൂടുതല്‍ വഷളാവാതിരിക്കാന്‍ അമേരിക്കയുടെ തീവ്രമായ ഇടപെടലിനു് വേണ്ടി സൗദി അറേബ്യ ശ്രമിക്കുന്നു. അറബി രാജ്യങ്ങളിലെ പ്രശ്നങ്ങളുടെ പ്രധാന കാരണം പാലസ്തീന്‍ പ്രശ്നമാണെന്നതിനാല്‍ അതിനു് പരിഹാരം കാണേണ്ടതു് ആ പ്രദേശത്തെ സമാധാനത്തിനു് ആവശ്യമാണെന്ന സൗദി നിലപാടു് ബുഷ് ആദ്യം അംഗീകരിച്ചു. പക്ഷേ, ഇസ്രായേലില്‍ Ariel Sharon അധികാരത്തില്‍ വരികയും, പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവുകയും ചെയ്തപ്പോള്‍, ബുഷ് ഷരോണിന്റെ പക്ഷം ചേര്‍ന്നു. ക്ഷുഭിതനായ സൗദി രാജാവു് അമേരിക്കന്‍ നിലപാടിലുള്ള തന്റെ അതൃപ്തി ബുഷിനെ അറിയിക്കുന്നു. സ്വാഭാവികമായും ഒരു പരമാധികാരരാജ്യമായ അമേരിക്കയ്ക്കു് സ്വന്തം തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും, അതു് സൗദികളുടെ താത്പര്യങ്ങള്‍ക്കു് വിരുദ്ധമാവുന്ന സാഹചര്യത്തില്‍, അമേരിക്കയുമായുള്ള കഴിഞ്ഞ അറുപതു് വര്‍ഷത്തെ സൗഹൃദബന്ധങ്ങളെ അവഗണിച്ചുകൊണ്ടു് സ്വന്തതാത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്ന തീരുമാനങ്ങള്‍ എടുക്കാന്‍ സൗദി അറേബ്യയും നിര്‍ബന്ധിതമാവും എന്നതായിരുന്നു സൗദി നിലപാടു്. അതിന്റെ വെളിച്ചത്തില്‍, പാലസ്തീന്‍- ഇസ്രായേല്‍ പ്രശ്നത്തെ സംബന്ധിച്ചു് തന്റെ നിലപാടു് വ്യക്തമാക്കിക്കൊണ്ടുള്ള ബുഷിന്റെ മറുപടിയും അധികം താമസിച്ചില്ല: രണ്ടു് രാഷ്ട്രങ്ങള്‍, ഭാഗിക്കപ്പെട്ട ജെറുസലേം, അഭയാര്‍ത്ഥിപ്രശ്നത്തിന്റെ പരിഹാരം. പക്ഷേ, അവ കൈവരിക്കണമെങ്കില്‍ പാലസ്തീനികള്‍ ആദ്യം അക്രമം അവസാനിപ്പിക്കണം ഇവയായിരുന്നു ബുഷിന്റെ നിര്‍ദ്ദേശങ്ങള്‍. ഈ പദ്ധതികളുമായി മുന്നോട്ടു് പോകാന്‍ രണ്ടു് രാജ്യങ്ങളും തീരുമാനിക്കുന്നു.
മൂന്നു് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2001 സെപ്റ്റംബര്‍ 11-നു് ബിന്‍ ലാദന്‍ തന്റെ പത്തൊന്‍പതു് അനുയായികളെ തട്ടിയെടുത്ത നാലു് വിമാനങ്ങളുമായി ന്യൂ യോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കാന്‍ അയക്കുന്നു! അതോടെ സമാധാന ശ്രമങ്ങള്‍ അവസാനിച്ചു. ഭീകരരില്‍ 15 പേരും സൗദികള്‍ ആയിരുന്നു എന്നതു് സൗദികളെ അമേരിക്ക അന്നുമുതല്‍ ശത്രുക്കളായി വീക്ഷിക്കാന്‍ കാരണമായി. അതായിരുന്നു ബിന്‍ ലാദന്റെ ലക്‍ഷ്യവും! അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിനു് അങ്ങനെ കാര്യമായ ഉലച്ചില്‍ തട്ടി. ഇന്നു് സൗദികള്‍ക്കു് എണ്ണയല്ലാതെ കാര്യമായി മറ്റൊന്നും ബാക്കിയില്ല. സാമൂഹികപ്രശ്നങ്ങള്‍ക്കു് കുറവുമില്ല. അഴിമതി, പിടിപ്പുകേടു്, മൗലികവാദം! സൗദി രാജകുടുംബത്തിന്റെ ഭാവി അവര്‍ ഈ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതേസമയം, അമേരിക്കയ്ക്കു് സൗദിസൗഹൃദം ഇന്നു് അത്ര വലിയ ഒരു പ്രശ്നമല്ല. ഓയിലിന്റെ കാര്യത്തിനു് അവര്‍ക്കു് സദാം ഹുസൈനില്‍ നിന്നും മോചിപ്പിച്ചെടുത്ത ഇറാക്കുണ്ടല്ലോ.
അന്തര്‍ദേശീയ ഭീകരതയുടെ കാര്യത്തില്‍ അമേരിക്കയുടെ കുറ്റങ്ങളും പങ്കുകളും അംഗീകരിച്ചുകൊണ്ടുതന്നെ, നമ്മള്‍ മറക്കരുതാത്ത ഒരു വസ്തുതയാണു് അറബിവംശജരുടെ അടിസ്ഥാനപരമായ ഭിന്നതാമനോഭാവം. അറബി രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ മുഴുവന്‍ തന്നെയും അറബികള്‍ സ്വയം സൃഷ്ടിച്ചിട്ടുള്ളതാണു് എന്നതൊരു സത്യമാണു്. പാശ്ചാത്യരാജ്യങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ അവരുടെ ഈ ഭിന്നത കൃത്യമായി കണക്കുകൂട്ടി മുതലെടുക്കുകയായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ പ്രായപൂര്‍ത്തിയായ മനുഷ്യരെപ്പോലെ ഉഭയകക്ഷിസംഭാഷണങ്ങളിലൂടെ പരിഹരിക്കുന്നതിനു് പകരം ആയിരവും ആയിരത്തഞ്ഞൂറും വര്‍ഷങ്ങളായി രാജ്യങ്ങളും ഗോത്രങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കൊതിക്കെറുവുകളും, കുടിപ്പകകളും, ‘അണ്ടിയോ മാവോ മൂത്തതു്’ എന്ന, അധികാരത്തിനും, പണത്തിനും വേണ്ടി വിശ്വാസത്തിന്റെ മുഖംമൂടി അണിഞ്ഞുകൊണ്ടു് നടത്തുന്ന ബാലിശമായ തര്‍ക്കങ്ങളുമൊക്കെ ഊതിപ്പെരുപ്പിച്ചു് അവര്‍ സ്വന്തം നാശത്തിലേക്കു് വഴിതെളിക്കുകയായിരുന്നു.
ഇന്നും അവസ്ഥയ്ക്കു് വലിയ മാറ്റമൊന്നുമില്ല. സൗദിയില്‍ വിമര്‍ശനം ചെറിയ തോതില്‍ അനുവദിക്കുന്നുണ്ടെങ്കിലും, നൂറ്റാണ്ടുകള്‍ സ്വതന്ത്രചിന്ത നിരോധിക്കപ്പെട്ട ഒരു ജനവിഭാഗത്തിനു് അതു് സാമൂഹികപുരോഗതിക്കു് അനുയോജ്യമായ വിധത്തില്‍ തിരിച്ചുവിടാന്‍ ആവുന്നില്ല. സൗദി രാജകുടുംബം അതുവഴി നേടുന്നതു് സമയം മാത്രം. പട്ടിക്കു് കടിച്ചു് കളിക്കാന്‍ എല്ല് എന്നപോലെ, സാമൂഹികവിഷയങ്ങളെസംബന്ധിച്ചു് സംഘം തിരിഞ്ഞു് കുരയ്ക്കുകയല്ലാതെ, പ്രായോഗികവും കാലാനുസൃതവും ആയ പരിഹാരങ്ങളിലേക്കു് ചര്‍ച്ചകള്‍ പുരോഗമിക്കുന്നില്ല. ഒന്നര സഹസ്രാബ്ദത്തോളം അന്യചിന്തകളെ പരസ്യമായി തൂക്കിലിട്ടു് പ്രതികരിച്ച ഒരു സമൂഹത്തിനു്, അഭിപ്രായസ്വാതന്ത്ര്യം ലഭിച്ചാല്‍ തന്നെ, സ്വതന്ത്രചിന്ത എന്നാല്‍ എന്തെന്നു് മനസ്സിലാക്കാന്‍ അതിനനുസൃതമായ കാലദൈര്‍ഘ്യം വേണ്ടിവരും. അതാണു് സത്യം എന്നിരിക്കെ, രൂപമെടുത്ത കാലം മുതല്‍ ഇന്നുവരെ നിയമവും, സംസ്കാരവും, ചരിത്രവും മതത്തില്‍ മാത്രം അധിഷ്ഠിതമായി വളര്‍ത്തപ്പെട്ട ഒരു സമൂഹം, അതില്‍ അഭിമാനിക്കുക മാത്രമല്ല, അഹങ്കരിക്കുക കൂടി ചെയ്യുന്ന ഒരു ജനവിഭാഗം, വ്യക്തിസ്വാതന്ത്ര്യത്തിനു് വിലകല്‍പിക്കുന്ന ഒരു സ്വതന്ത്രജനാധിപത്യലോകത്തിന്റെ ഭാഗമായിത്തീരുക എന്നതു് അത്ര എളുപ്പമായ കാര്യമായിരിക്കുകയില്ല. കാലഹരണപ്പെട്ട നീതിശാസ്ത്രങ്ങള്‍ക്കു് വ്യാഖ്യാനശാസ്ത്രത്തിന്റെ പ്ലാസ്റ്റിക് സര്‍ജ്ജറി കൊണ്ടു് കലാകാലം നിത്യയൗവനം നേടിക്കൊടുക്കാനാവില്ല എന്നു് തിരിച്ചറിയണമെങ്കിലും അല്‍പം തിരിച്ചറിവു് ഇല്ലാതെ കഴിയില്ല. യാഥാസ്ഥിതികരുടെ പല വാദമുഖങ്ങളും, നിഷ്പക്ഷരുടെ ദൃഷ്ടിയില്‍, അവയില്‍ത്തന്നെ വൈരുദ്ധ്യങ്ങളാണു്. അവകൊണ്ടു് ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അതു് യാഥാസ്ഥിതികര്‍ക്കു് മാത്രമാണു്. ഭൂരിപക്ഷം ജനങ്ങള്‍ക്കും അതുകൊണ്ടു് ഒരു പ്രയോജനവുമില്ല. അര്‍ത്ഥപൂര്‍ണ്ണമായ ഒരു സംഭാഷണം സാദ്ധ്യമാവണമെങ്കില്‍ ആദ്യം എതിര്‍പക്ഷങ്ങള്‍ പരസ്പരം ബഹുമാനിക്കാന്‍ ശീലിക്കണം. അതിനു് മനുഷ്യന്‍ മാനസികമായി വളര്‍ന്നാലേ കഴിയൂ. പക്ഷേ, ഏതെല്ലാമാണോ മനുഷ്യന്റെ മാനസികവളര്‍ച്ചയ്ക്കു് അനുകൂലമായ ഘടകങ്ങള്‍, കൃത്യമായി അതേ ഘടകങ്ങളെ നിരുത്സാഹപ്പെടുത്തുന്നവയും തടയുന്നവയുമാണു് ആ പ്രദേശങ്ങളില്‍ നിലവിലിരിക്കുന്ന മതവിശ്വാസങ്ങളും നിയമങ്ങളും പഠിപ്പിക്കലുകളും!
ഈ അവസരത്തില്‍, സൗദി അറേബ്യയെ ജനാധിപത്യപരമായി പരിഷ്കൃതലോകത്തിലേക്കു് ‘തുറക്കുക’ എന്ന വിഫലമായ ആഗ്രഹം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഫാഹ്‌ദ് രാജാവിന്റെ ഒരു വാചകം വളരെ ശ്രദ്ധാര്‍ഹമാണെന്നു് തോന്നുന്നു: “ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു് പാശ്ചാത്യരീതിയിലുള്ള ഒരു ജനാധിപത്യം ഗ്രഹിക്കുന്നതിനുള്ള യോഗ്യതയില്ല”.