ഗൂഗിൾ ബ്ലോഗറിലൂടെ മലയാളം സോഷ്യൽ മീഡിയയിൽ ഞാൻ തുടക്കം കുറിച്ചിട്ടു് പന്ത്രണ്ടു് വർഷങ്ങൾ കഴിഞ്ഞു (15. 07. 2007). വഴിയെ പോയിരുന്ന സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തലവച്ചിരുന്ന, അത്ര നീണ്ടതല്ലെങ്കിലും ഒട്ടും കുറിയതുമല്ലാത്ത ഒരു കാലഘട്ടത്തിനുശേഷം, “കുറവാണു് കൂടുതൽ” എന്ന ബോധോദയമുണ്ടായപ്പോഴാണു്, സോഷ്യൽ മീഡിയയിലെ എന്റെ സാന്നിദ്ധ്യം വേർഡ്പ്രസ്സിലും ഫെയ്സ്ബുക്കിലും മാത്രമായി ചുരുക്കാൻ ഞാൻ തീരുമാനിച്ചതു്. ഫെയ്സ്ബുക്കിലും ഗൂഗിൾ ബ്ലോഗറിലും മറ്റും എഴുതിയവയിൽ റെലെവൻസ് നഷ്ടപ്പെട്ടിട്ടില്ലെന്നു് തോന്നിയ പോസ്റ്റുകളെയെല്ലാം വേർഡ്പ്രസ്സിലെ എന്റെ വെബ്സൈറ്റിലേക്കു് (ckbabu.com) കെട്ടിയെടുത്തിട്ടുണ്ടു് എന്നതിനാൽ, സോഷ്യൽ മീഡിയയിലെ പുരാവസ്തുഗവേഷകർക്കു് ആർക്കിയൊളോജിക്കൽ ഇൻവെന്ററി തേടി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഓടി നടന്നു് ഖനനം ചെയ്യേണ്ട ആവശ്യമില്ല. ഒരേയൊരു സൈറ്റ് കേന്ദ്രീകരിച്ചുള്ള ഖനനവും മനനവും വഴി അവർക്കു് അതുപോലൊരു എക്സ്കവേഷൻ അർത്ഥപൂർണ്ണമോ അർത്ഥശൂന്യമോ എന്ന തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയും. ഒരുതരം “റാഷണലൈസേഷൻ ഇൻ സോഷ്യൽ മീഡിയ എക്സ്കവേഷൻ”.
ഏകദേശം അൻപതു് അറുപതു് പേർ ദിവസേന എന്റെ വേർഡ്പ്രസ്സ് ബ്ലോഗ് സന്ദർശിക്കാറും, നൂറോ, നൂറ്റൻപതോ, ചിലപ്പോൾ അതിലല്പം കൂടുതലോ, മറ്റു് ചിലപ്പോൾ അതിലല്പം കറവോ ഒക്കെ പോസ്റ്റുകൾ വായിക്കാറുമുണ്ടെന്നു് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. വായിക്കാൻ വേണ്ടിയല്ലാതെ ഒരാൾ എന്തിനെഴുതണം എന്നെനിക്കറിയില്ലാത്തതിനാൽ, ആരെങ്കിലുമൊക്കെ എന്നെ വായിക്കുന്നുണ്ടു് എന്നറിയുന്നതിൽ സന്തോഷിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണു്. എന്നിരിക്കിലും, 09. 09. 2019 തിങ്കളാഴ്ച 54 സന്ദർശകർ വന്നതായും, അവർ സ്ഥാവരമായും ജംഗമമായും 678 വായനകൾ നടത്തിയതായും സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തിയപ്പോൾ, സത്യം പറഞ്ഞാൽ, അതിന്റെ ഗുട്ടൻസ് എനിക്കു് പിടി കിട്ടിയില്ല. എഴുതിയ എനിക്കുപോലും കഴിയാത്തത്ര സ്പീഡിൽ എന്റെ പോസ്റ്റുകൾ വായിക്കുന്ന “സ്പീഡി ഗോൺസാലസുകൾ” ഉണ്ടെന്നറിഞ്ഞതു് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നീടു് സമയംപോലെ വായിക്കാനായി പോസ്റ്റുകൾ കോപ്പി-പേസ്റ്റ് ചെയ്തു് വച്ചതാവാനും മതി. ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ നമ്മൾ അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും ചിന്തിച്ചിരിക്കണമല്ലോ. വെബ്സൈറ്റിന്റെ സൈഡിൽ കൊടുത്തിട്ടുള്ള പോസ്റ്റുകളുടെ ലിങ്കുകളിലൊന്നിൽ (ഞാനൊഴികെ) ആരെങ്കിലും ക്ലിക്ക് ചെയ്താൽ “ദാ വന്നു” എന്നല്ലാതെ, പോസ്റ്റിൽ നിന്നും പുറത്തു് പോകുമ്പോൾ “ദാ പോയി” എന്നു് പറയുന്ന സ്വഭാവം ഞാനുപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആപ്പിനില്ല. പോസ്റ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത വ്യക്തി ആ പോസ്റ്റ് വായിച്ചോ ഇല്ലയോ എന്നു് അറിയേണ്ട കാര്യം എനിക്കില്ല എന്നാണു് അതിനെപ്പറ്റി ചോദിച്ചാൽ ആപ്പിന്റെ നിലപാടു്. ആ നിലപാടിൽ ഒരല്പം കാര്യമില്ലാതില്ല. അങ്ങനെ, പോസ്റ്റിൽ കയറുന്നവരെല്ലാം അതു് വായിക്കണമെന്നില്ലെന്ന തിരിച്ചറിവു് ആപ്പുവഴി ഉണ്ടായതിനു് ശേഷം അധികം അഹങ്കരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടു്. മുൻപു് ഞാൻ ഗൂഗിൾ ബ്ലോഗറിൽ എഴുതിക്കൊണ്ടിരുന്നപ്പോൾ (ഒരു ദിവസം മാത്രം) ഇതുപോലൊരു “വായനാസുനാമി” നടന്നതായി അക്കാലത്തെ ആപ്പ് കാണിച്ചിരുന്നു. എട്ടോ പത്തോ സന്ദർശകർ വന്നു എന്നും, ആയിരത്തിലേറെ ക്ലിക്കുകൾ സംഭവിച്ചു എന്നുമായിരുന്നു ആ ദിവസം എനിക്കു് ലഭിച്ച സ്റ്റാറ്റിസ്റ്റിക്സ് എന്നാണോർമ്മ.
ഗുണവും ദോഷവും, നന്മയും തിന്മയും ഏകോദരസഹോദരങ്ങളെപ്പോലെ ഒരു പാത്രത്തിലുണ്ടു്, ഒരു പായിലുറങ്ങി കഴിയുന്നയിടമാണു് സോഷ്യൽ മീഡിയ. ഒരുദാഹരണം പറഞ്ഞാൽ, കുഞ്ഞുങ്ങളുടെ ഫോട്ടോകൾ അവരെ സ്നേഹിക്കുന്ന മാതാപിതാക്കളും ബന്ധുമിത്രാദികളും കാണുന്ന അതേ വികാരത്തോടെയല്ല, പീഡോഫൈലുകൾ കാണുന്നതു്. ചികിത്സപോലും അങ്ങേയറ്റം ദുഷ്ക്കരവും പലപ്പോഴും ഫലശൂന്യവുമായ അത്തരം രോഗികൾ അന്യമനുഷ്യരിൽ മാത്രമേ ഉണ്ടാവൂ എന്നതൊരു തെറ്റിദ്ധാരണയാണു്. പുരോഹിതരിലും, സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവരിലും, കുഞ്ഞുങ്ങളുമായി അടുത്തിടപഴകാൻ “അധികാരമുള്ള” വിശ്വസ്തരെന്നു് കരുതപ്പെടുന്ന മറ്റിനം വേണ്ടപ്പെട്ടവരിലുമെല്ലാം പീഡോഫൈലുകളുടെ എണ്ണം നമുക്കു് സങ്കല്പിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണെന്നതൊരു യാഥാർത്ഥ്യമാണു്. ശീഘ്രവിശ്വാസികളായ മനുഷ്യരെ സാമ്പത്തികമായും, വൈകാരികമായ പ്രലോഭനങ്ങളിലൂടെ ശാരീരികമായും ചൂഷണം ചെയ്യാനായി തക്കം പാർത്തു് സോഷ്യൽ മീഡിയയിൽ ഉറക്കമിളച്ചു് കാത്തിരിക്കുന്നവരുടെയെണ്ണം അതിലും എത്രയോ മടങ്ങു് കൂടുതലാണു്.
ജർമ്മൻ പാർലമെന്റിൽ അംഗമായിരുന്ന, അപ്പൻവഴി മലയാളിയും അമ്മവഴി ജർമ്മനുമായ ഒരു വ്യക്തിക്കു് തന്റെ സ്ഥാനം ഒഴിയേണ്ടിവന്നതു് എവിടെനിന്നൊക്കെയോ ശേഖരിച്ചു് ഒഫീഷ്യൽ കമ്പ്യൂട്ടറിൽ അങ്ങേർ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോകൾ കണ്ടുപിടിക്കപ്പെട്ടതിന്റെ പേരിലായിരുന്നു. ഇതു് കേൾക്കുമ്പോൾ, ഏതു് കുറ്റകൃത്യം ചെയ്താലും അധികാരക്കസേരയിൽ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കാൻ തടസ്സമൊന്നുമില്ലാത്ത കേരളത്തിലെ മന്ത്രിമാരും MLA-മാരും ചിരിച്ചുചിരിച്ചു് വളി വിടാൻ സാദ്ധ്യതയുണ്ടു്. പുരോഗമനം, നവോത്ഥാനം, ദുരിതാശ്വാസം തുടങ്ങിയ ഓരോരോ പേരുകളിൽ പൊതുമുതൽ ധൂർത്തടിച്ചു് ജനങ്ങളെ കടത്തിൽ മുക്കിയശേഷം കുടുംബസഹിതം ഉലകം ചുറ്റും വാലിബനാകുന്നതിനേക്കാൾ ഭേദം സ്വന്തം അടുക്കളയിലിരുന്നു് തൂറിയശേഷം തിരിഞ്ഞിരുന്നു് വാരിത്തിന്നുന്നതാണെന്നു് അറിയാത്തവരോടു് എന്തു് പറഞ്ഞിട്ടെന്തു് കാര്യം? ആസനത്തിൽ ആലു് മുളച്ചില്ലെങ്കിൽ, നട്ടു് വളർത്തി തണലുണ്ടാക്കുന്ന ബുദ്ധിവളിയന്മാരായിരുന്നു തൊഴിലാളിവർഗ്ഗവിമോചകരായും സാധുജനസംരക്ഷകരായും അവതാരമെടുത്ത എക്കാലത്തെയും പ്രത്യയശാസ്ത്രജ്ഞർ! – സ്റ്റാലിൻ, മാവോ, കാസ്ട്രോ, ഹൊ, ചെ, പോട്ട്, … …
പന്ത്രണ്ടു് വർഷങ്ങൾ നീണ്ട ഒരു കാലഘട്ടമാണു്. എഞ്ചിനിയറിങ്ങിൽ ഒരു ബിരുദമെടുക്കാൻ സാധാരണഗതിയിൽ നാലു് വർഷങ്ങൾ മതി. അഡ്മിഷൻ ലഭിക്കാൻ വേണ്ട മിനിമം യോഗ്യതകൾ വിദ്യാർത്ഥികൾ മുൻകൂറായി നേടിയിരിക്കണമെന്നേയുള്ളു. കേരളത്തിൽ ഒരു മന്ത്രിയാകാൻ വേണ്ട മിനിമം യോഗ്യതകളിൽ നിന്നും സാരവത്തായ വ്യത്യസ്തതകളാണവ എന്നതിനാലാണു് മുൻകൂർ യോഗ്യതകളുടെ കാര്യം പ്രത്യേകം പറയുന്നതു്. എവൊല്യൂഷൻ ഒരു യാഥാർത്ഥ്യമാണെന്നറിയാൻ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യജീവിക്കു് പന്ത്രണ്ടു് വർഷങ്ങളുടെ ആവശ്യമില്ല. ദൈവങ്ങളും മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യന്റെ സൃഷ്ടി മാത്രമാണെന്നറിയാനും ഒരു വ്യാഴവട്ടത്തിന്റെ ആവശ്യം സാധാരണഗതിയിലില്ല. അസാധാരണഗതിയിൽ ഗമിക്കുന്നവരാണു് ഭൂരിഭാഗം മല്ലുക്കളും എന്നു് ഞാൻ മനസ്സിലാക്കിയതു് സോഷ്യൽ മീഡിയ വഴിയാണു്. കമ്മ്യൂണിസം ജനാധിപത്യമല്ലെന്നും, ചൈനയിൽ ഇപ്പോൾ നിലവിലിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തികവ്യവസ്ഥിതി മാവോയിസമല്ലെന്നും, ഭൂമി പരന്നതല്ലെന്നും ഗോളാകൃതിയാണെന്നും, ബിഗ്-ബാങ്ങിനെപ്പറ്റി ഖുർആനിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും, പ്രപഞ്ചം ഉണ്ടായതു് ആറായിരം വർഷങ്ങൾക്കു് മുൻപല്ലെന്നും, യഹോവ മറിയയിൽനിന്നും യേശുവിനെ ജനിപ്പിക്കുകയോ, മരിച്ച യേശു ഉയിർക്കുകയോ, സ്വർഗ്ഗത്തിലേക്കു് കരേറിപ്പോകുകയോ, വീണ്ടും ഭൂമിയിലേക്കു് ഇറങ്ങിവരുമെന്നു് വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുംപോലുള്ള എത്രയോ കാര്യങ്ങളിൽ മല്ലുക്കൾ പുലർത്തുന്ന “ഇടിച്ചാൽ പൊട്ടാത്ത” ധാരണകൾ വിഡ്ഢിത്തത്തോടടുക്കുന്ന അബദ്ധങ്ങളാണെന്നു്, ലോകജ്ഞാനത്തിന്റെ വളരെ ചെറിയതെങ്കിലും ഒരു പതിപ്പു് സ്മാർട്ട് ഫോണിന്റെ രൂപത്തിൽ പോക്കറ്റിൽ കൊണ്ടുനടക്കാൻ കഴിയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിട്ടും അറിയാൻ ഒരുവനു് കഴിയുന്നില്ലെങ്കിൽ അവൻ അസാധാരണഗതിയിൽ ഗമിക്കുന്നവനാകാനേ തരമുള്ളു.
അതൊന്നും അറിയാതിരിക്കാനും, (അവരുടെ അഭിപ്രായത്തിൽ) യുക്ത്യധിഷ്ഠിതമായ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുമുള്ള സ്വാതന്ത്ര്യം തീർച്ചയായും അത്തരം മനുഷ്യർക്കുണ്ടു്. പക്ഷേ, അവരിൽ ചിലർ അവരുടേതിൽനിന്നും നേർവിപരീതമായ നിലപാടുകാരനായ എന്നെ ഒന്നോ രണ്ടോ അല്ല, പന്ത്രണ്ടു് വർഷങ്ങളായി വായിക്കുന്നതു് എന്തിനാണെന്നു് മാത്രം എനിക്കു് മനസ്സിലാകുന്നില്ല. കോടിക്കണക്കിനു് മനുഷ്യർ ദിനംപ്രതി അഞ്ചുനേരം “നീങ്ങ അക്ബറാണു്” എന്നു് എത്രയോ നൂറ്റാണ്ടുകളിലൂടെ നിന്നും കിടന്നും തലകുത്തിയും ഉച്ചഭാഷിണിയിലൂടെയുമെല്ലാം വിളിച്ചുപറഞ്ഞിട്ടും താനൊരു ചില്ലറ പുള്ളിയല്ലെന്നും, സമ്പൂർണ്ണ അക്ബറാണെന്നും ഇന്നു്, ഈ നിമിഷംവരെ, പിടികിട്ടിയിട്ടില്ലാത്ത (ലോകാവസാനം വരെ പിടികിട്ടാൻ സാദ്ധ്യതയുമില്ലാത്ത) സാക്ഷാൽ അല്ലാഹുവിന്റെ മാതൃകയിൽ ഏകദൈവമായിത്തീരാനുള്ള ആഗ്രഹമാണോ അവരെ അതുപോലൊരു കടിച്ചുതൂങ്ങലിനു് പ്രേരിപ്പിക്കുന്നതെന്നു് എനിക്കറിയില്ല.
തന്റെ ഐഡലിനെ അനുകരിക്കാനുള്ള ആഗ്രഹം മനുഷ്യസഹജമാണു്. അതറിയാവുന്നതുകൊണ്ടാണു് കേരളത്തിലെ യുവജനങ്ങൾ അവരുടെ ഐഡലുകളായി വാഴിച്ചിരിക്കുന്ന മന്ത്രിമാർ തങ്ങളുടെ യുവത്വത്തിൽ വാഴക്കുല കട്ടതും, ചോരപ്പുഴ നീന്തിക്കയറിയതും, നിവർത്തിപ്പിടിച്ച മുറുക്കാൻകത്തികളുടെ മുനകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് മുദ്രാവാക്യം വിളിച്ചു് മുന്നേറിയതുമായ “വെടക്കൻ” വീരഗാഥകൾ അവസരം കിട്ടുമ്പോഴെല്ലാം ആരാധകവൃന്ദത്തെ പാടിക്കേൾപ്പിക്കാൻ (എയറിലേക്കു് വിടാൻ എന്നു് മാർക്സിയൻ ശ്രേഷ്ഠഭാഷ) തത്രപ്പെടുന്നതു്. വേണ്ടത്ര കുലവെട്ടികളും, തലവെട്ടികളും, നങ്ങേലി മോഡൽ മുലവെട്ടികളും ഇല്ലാത്തതാണു് ഇന്നത്തെ ഇടതുപക്ഷനവോത്ഥാനകേരളത്തിന്റെ പുരോഗമനത്തിനു് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങളിൽ “No.1” എന്നു് ആർക്കാണറിയാത്തതു്?
അത്ര നിരുപദ്രവകരമല്ലാത്ത ഒരു മാദ്ധ്യമമെന്ന നിലയിൽ, സോഷ്യൽ മീഡിയയെ പൂർണ്ണമായും ഒഴിവാക്കുന്നതിനെപ്പറ്റി ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ടെങ്കിലും, അതു് വേണ്ടെന്നു് വച്ചതു് എന്റെ ഫ്രണ്ട് ലിസ്റ്റിന്റെ പ്രത്യേകത മൂലമാണു്. ഞാനെഴുതുന്നതു് വായിക്കാൻ ഇഷ്ടപ്പെടുന്നവരെക്കാൾ ഇഷ്ടപ്പെടാത്തവരാണു് അധികവും എന്ന കാര്യം എനിക്കു് തുടക്കംമുതലേ അറിയാമായിരുന്നു. എന്റെ കയ്യിലിരുപ്പു് ഞാനെങ്കിലും അറിയണമല്ലോ. അതുകൊണ്ടുതന്നെ, അറിഞ്ഞുകൊണ്ടു് ആർക്കും അങ്ങോട്ടു് ഫ്രണ്ട് റിക്വസ്റ്റ് അയക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ആരുടെയോ റെക്കമൻഡേഷൻ കണ്ടു് ക്ലിക്ക് ചെയ്തു് എന്റെ ഫ്രണ്ടായിത്തീർന്ന, ഒരിക്കൽ നേരിട്ടുകണ്ടു് പരിചയവും ഉണ്ടായിരുന്ന, സക്കറിയ ഒഴികെ, എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയച്ചവർ മാത്രമേ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളു. അവരോടു് എനിക്കു് തീർച്ചയായും നന്ദിയുമുണ്ടു്. ഒഴിവാക്കുന്നതാണു് നല്ലതെന്നു് പ്രഥമദൃഷ്ട്യാ ഊഹിക്കാൻ കഴിയുന്നവരുടേതൊഴികെയുള്ള റിക്വസ്റ്റുകൾ കിട്ടിയാൽ അധികം താമസിയാതെ അക്സെപ്റ്റ് ചെയ്യുന്നതാണു് എന്റെ രീതി. എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ അതു് ചെയ്യുന്നതു് എന്നെ വായിക്കാൻ വേണ്ടി മാത്രമാണെന്നോ, ഞാൻ ഒഴിവാക്കിയവർ മൊത്തം മോശക്കാരാണെന്നോ, ഞാൻ റിക്വസ്റ്റ് സ്വീകരിച്ചവരെല്ലാം ചില്ലുകൂട്ടിൽ പ്രതിഷ്ഠിച്ചു് ദീപാരാധന നടത്താൻ മാത്രം പരിശുദ്ധരാണെന്നോ ഒന്നും ഇപ്പറഞ്ഞതിനു് അർത്ഥമില്ല. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെ ഫോട്ടോ കളക്ഷൻ കൂടി ഒന്നു് നോക്കിയശേഷം അതക്സെപ്റ്റ് ചെയ്താൽ, ശംഖുചക്രം കൂതിയിൽ ആയിപ്പോയതിന്റെ പേരിൽ മാത്രം രാജാവാകാൻ കഴിയാതെ പോയ മഹാത്മാക്കളിൽ നിന്നും അകന്നുനിൽക്കാം. മനുഷ്യന്റെ നഗ്നത തീർച്ചയായും കലാപരമായി ആവിഷ്ക്കരിക്കാൻ കഴിയും. അതു് കൈകാര്യം ചെയ്യുന്നവൻ തന്റെ തൊഴിൽ അറിയാവുന്ന കലാകാരനായിരിക്കണം എന്നേയുള്ളു. ഒരു പുരുഷനോ സ്ത്രീയോ നഗ്നമായി കവച്ചാൽ എന്താണു് കാണാൻ കഴിയുക എന്നറിയാൻ വേണ്ടത്ര അനാട്ടമി ജ്ഞാനം ഉള്ളവരുടെ മുന്നിൽപ്പോയി കവച്ചു് ഇംപ്രഷൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ, അവരതിനെ കല എന്നതിനേക്കാൾ വളർത്തുദോഷമായി വിലയിരുത്തിക്കൂടെന്നില്ല. ഇതും എന്റെ അഭിപ്രായം മാത്രമാണു്. അത്തരം കലാപരമായ ചടങ്ങുകളിൽനിന്നും അകന്നുനിൽക്കാൻ എനിക്കു് സ്വാതന്ത്ര്യമുള്ളിടത്തോളം, ആരെങ്കിലും കവയെ കലയായി അവതരിപ്പിക്കുന്നതോ, മറ്റാരെങ്കിലും അതാസ്വദിക്കുന്നതോ എന്നെ അലട്ടുന്ന പ്രശ്നങ്ങളല്ല.
ഞാൻ ധാരാളം പേരെ പല കാരണങ്ങളാൽ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടു്. അവർക്കു് അതറിയണമെന്നില്ലെങ്കിലും, അവരുടെ സ്വന്തം നന്മയായിരുന്നു പലപ്പോഴും അതുവഴി ഞാൻ ലക്ഷ്യമാക്കിയിരുന്നതു്. സത്യത്തിൽ എന്നെ ഒഴിവാക്കുകയായിരുന്നു അവരിൽ അധികം പേരും ചെയ്യേണ്ടിയിരുന്നതു്. അവരതു് ചെയ്യാത്തതുകൊണ്ടാണു് ആ ജോലികൂടി എനിക്കു് ഏറ്റെടുക്കേണ്ടി വരുന്നതു്. സാർത്ഥവാഹകസംഘത്തെ എങ്ങനെയെങ്കിലും മുന്നോട്ടു് കൊണ്ടുപോകണമല്ലോ. ഉദാഹരണത്തിനു്, തന്റെ ഫ്രണ്ട് ലിസ്റ്റിൽ 5000 പേർ തികഞ്ഞു; അലവലാതികൾ ഒന്നൊഴിഞ്ഞുതന്നാൽ അഡ്മിഷൻ കാത്തു് അക്ഷമരായി കാത്തുനിൽക്കുന്ന അനേകം പടവലാദികളെ ലിസ്റ്റിൽ തിരുകാമായിരുന്നു എന്നൊരു വനരോദനം ഏതെങ്കിലുമൊരു പോസ്റ്റ് മുതലാളിയിൽ നിന്നും കേട്ടാൽ കൂടുതൽ അർഹതയുള്ള സ്ഥാനാർത്ഥികളുടെ പ്രവേശനം സാദ്ധ്യമാക്കാൻവേണ്ടി എത്രയും പെട്ടെന്നു് സ്ഥലം കാലിയാക്കി അവിടെനിന്നും ഒഴിഞ്ഞുപോരുന്നതാണു് എന്റെ രീതി. കേരളത്തിൽ നിലവിലിരിക്കുന്ന “പാർലമെന്ററി” രീതി ഉടുമ്പുരാഷ്ട്രീയമായതിനാൽ കേരളീയർക്കു് ഈ രീതി അത്ര പരിചിതമാകാൻ വഴിയില്ല.
ഫ്രണ്ട് ലിസ്റ്റിലും ഫോളോവേഴ്സ് ലിസ്റ്റിലുമായി ആകെയുള്ളവരിൽ അഞ്ചിലൊന്നു് ആളുകൾ വല്ലപ്പോഴുമെങ്കിലും എന്റെ പോസ്റ്റുകൾ നോക്കുന്നുണ്ടെന്നും, അവരിൽ പകുതിയെങ്കിലും അവ പതിവായി വായിക്കാറുണ്ടെന്നും, അവരിൽ പകുതിപ്പേരെങ്കിലും അവയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും കരുതിയാൽ, അവരുടെ എണ്ണം ഏകദേശം 250-ലേറെ വരും. രണ്ടാം ലോകയുദ്ധകാലത്തു് പോളണ്ടിൽ ജീവിച്ചിരുന്ന യഹൂദരിലെ എഴുത്തുകാരിൽ ചിലർ അവരുടെ കുറിപ്പുകൾ വായിക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ ഭാഗ്യമെന്നു് കരുതിയവരായിരുന്നു. ആ നിലയ്ക്കു് 250 പേർക്കുവേണ്ടി എഴുതാൻ കഴിയുന്നതൊരു ഭാഗ്യമാണു്. അതിൽ കൂടുതലായുള്ള വായനക്കാർ ബോണസ്!