സ്വന്തം ഭൂതകാലസംസ്കാരത്തെ വിലമതിക്കാനുള്ള എത്രമാത്രം ബാദ്ധ്യത ഒരു സമൂഹത്തിനുണ്ടു് എന്നതു് അതുവഴി അംഗങ്ങള്‍ക്കു് കൈവരിക്കാന്‍ കഴിയുന്ന നേട്ടങ്ങളും, അതിനായി സഹിക്കേണ്ടിവരുന്ന കോട്ടങ്ങളും ആ സമൂഹത്തിന്റെ ലോകത്തിലെ അന്തസ്സുറ്റ നിലനില്‍പ്പിനെ എത്രത്തോളം അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കും എന്നതില്‍ അധിഷ്ഠിതമായിരിക്കണമെന്നാണു് എനിക്കു് തോന്നുന്നതു്. അതിന്റെ വിലയിരുത്തല്‍ മനുഷ്യന് ഇന്നോളം നേടിയെടുത്തതും, ബൗദ്ധികലോകം പൊതുവേ അംഗീകരിക്കുന്നതുമായ അറിവുകളുടെ വെളിച്ചത്തില്‍ ആയിരുന്നാലേ അതിനു് യുക്തിസഹമായ നീതീകരണം നല്കാന് കഴിയുകയുള്ളു.
സേതുസമുദ്ര-കപ്പല്ച്ചാല്-പദ്ധതി നടപ്പാക്കിയാല്‍ ഇന്ധനലാഭം വഴി നേടാന്‍ കഴിയുന്നതു് വര്‍ഷം തോറും 21 കോടി രൂപയാണു് (കേരളകൗമുദി 09. 04. 2007). അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഇന്ധനശേഖരം ഇനി ഏതാനും ദശാബ്ദങ്ങളിലേക്കു് മാത്രമേ തികയൂ എന്ന ശാസ്ത്രനിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ധനം ലാഭിക്കേണ്ടതിന്റെ ആവശ്യം തീര്‍ച്ചയായും വ്യക്തമാണു്. പരിസ്ഥിതിയെ സംരക്ഷിക്കാനുതകുന്ന വിധത്തില്‍ പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍ തേടേണ്ടതു് അസ്തിത്വപ്രാധാന്യമര്ഹിക്കുന്ന വിഷയവുമാണു്. അനതിവിദൂരഭാവിയില്‍ അന്ത്യം കാണേണ്ടിവരുന്ന എണ്ണ ലാഭിക്കാനായി പ്രകൃതിയിലെ അമൂല്യതകളെ എന്നേക്കുമായി നശിപ്പിക്കണമോ എന്നതാണു് തന്മൂലം ചിന്തിക്കപ്പെടേണ്ട പ്രശ്നം. തിരുത്താനാവാത്ത ശസ്ത്രക്രിയകള്ക്കു് പ്രകൃതിയെ വിധേയമാക്കിയാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നതു് പിന്തലമുറകളായിരിക്കും. ഭൂമി നമുക്കു് പൈതൃകമായി ലഭിച്ചതല്ല, നമ്മള് മക്കളില്‍ നിന്നും കടമെടുത്തതാണു് എന്നൊരു ചൊല്ലു് നേറ്റീവ് അമേരിക്കന്‍സിന്റെ ഇടയിലുണ്ടു്. അതു് ചുരുങ്ങിയപക്ഷം പരിക്കുകളില്ലാതെയെങ്കിലും മക്കള്‍ക്കു് തിരിച്ചുകൊടുക്കാനുള്ള ബാദ്ധ്യത മനുഷ്യര്‍ക്കുണ്ടു്.
പരിസ്ഥിതിസംബന്ധമായി ഇന്നു് മനുഷ്യന് നേരിടുന്ന പ്രശ്നങ്ങളില്‍ ഏറിയപങ്കും മനുഷ്യന് തന്നെ സൃഷ്ടിച്ചവയാണു്. വ്യത്യസ്തമായ മരങ്ങളും ചെടികളും നിറഞ്ഞുനിന്നിരുന്ന കേരളത്തിലെ മനോഹരങ്ങളായ വനങ്ങള്‍ നിശ്ശേഷം വെട്ടിനശിപ്പിച്ചു് തേക്കുപോലുള്ള വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച “മോണോ കള്‍ച്ചര്‍ വിപ്ലവം” ഒരുദാഹരണം മാത്രം. ചില തെറ്റുകള്‍ തിരുത്താവുന്നവയാണു്. പക്ഷേ, മറ്റു് ചിലതില്‍നിന്നും മോചനം നേടാന്‍ മരണം വഴിയല്ലാതെ മനുഷ്യനു് കഴിയുകയില്ല. സങ്കുചിതമായ താല്പര്യങ്ങള് സംരക്ഷിക്കാന്‍ വിവിധ സാമൂഹികസ്ഥാപനങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍ കൈക്കൊണ്ട പല നടപടികളും സമൂഹത്തിന്റെ സ്വയം നശീകരണത്തിനു് വഴിമരുന്നായി തീരുകയായിരുന്നു. അജ്ഞത മൂലമോ അപ്രമാദിത്വം മൂലമോ അന്നു് അവര്‍ക്കതറിയാന്‍ കഴിയാതെ പോയെങ്കിലും, ഇന്നത്തെ മനുഷ്യനു് അതിനു് അനുവാദമില്ല. കാരണം, നമ്മള് ജീവിച്ചിരിക്കുന്ന യുഗം അറിവിന്റെ യുഗമാണു്. അറിയണമെന്ന ആഗ്രഹമുണ്ടെങ്കില്‍ വസ്തുതകള്‍ യഥാര്‍ത്ഥവെളിച്ചത്തില്‍ കാണാനുള്ള സാദ്ധ്യത ഇന്നു് ലോകത്തിലുണ്ടു്. ഭൂമി എന്ന, നമ്മള് വസിക്കുന്ന കൊമ്പു് മുറിക്കാതിരിക്കാന്‍ വേണമെങ്കില്‍ മനുഷ്യനു് ഇന്നു് കഴിയുമെന്നു് ചുരുക്കം. ജീവന്റെ നിലനില്‍പ്പിനു് അനുപേക്ഷണീയമായ സാഹചര്യങ്ങള്‍ നശിപ്പിക്കപ്പെടരുതെന്നും, ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങള്‍ നിഷേധിക്കപ്പെടരുതെന്നുമുള്ള സാമാന്യസത്യം അംഗീകരിക്കാന്‍ വലിയ അറിവിന്റെ ആവശ്യമൊന്നും ഇല്ല. ഭൂമിക്കു് നമ്മെയല്ല, നമുക്കു് ഭൂമിയെയാണു് ആവശ്യം.
80 ശതമാനം മനുഷ്യര്‍ അവരുടെ ജീവിതച്ചിലവു് ഒരുദിവസം രണ്ടു് ഡോളറില്‍ താഴെയും, 35 ശതമാനം പേര് വെറും ഒരു ഡോളറില്‍ താഴെയും ഒതുക്കി തൃപ്തിപ്പെടേണ്ടിവരുന്ന ഭാരതത്തിലെ സാധാരണജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഇന്ധനലാഭം വഴി ഓരോ വര്‍ഷവും നേടാന്‍ കഴിഞ്ഞേക്കാവുന്ന 21 കോടി രൂപ വിനിയോഗിക്കപ്പെടുകയില്ലെന്നു് മാത്രമല്ല, അതിനതു് പര്യാപ്തമാവുകയുമില്ല. അതിലുപരി, പരിസ്ഥിതിമലിനീകരണത്തിന്റെ ദുഷ്ഫലങ്ങളില്‍ ആദ്യവും അധികവും മുങ്ങിക്കുളിക്കേണ്ടതു് സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണുതാനും. സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ എറ്റവും കൂടുതല്‍ ബാധിക്കുന്ന സമൂഹനിരകളെ ശ്രദ്ധിച്ചാല്‍ ഇതു് മനസ്സിലാവും. രാമസേതുവിനെസംബന്ധിച്ചു് നിലവിലിരിക്കുന്ന പുരാണാധിഷ്ഠിതകഥകള് ശരിയായാലും തെറ്റായാലും, രാമസേതുവും അതിന്റെ പരിസരങ്ങള്‍ പരിവാസത്തിനു് പ്രയോജനപ്പെടുത്തുന്ന ജലസസ്യങ്ങളും, പവിഴപ്പുറ്റുകളും യാഥാര്‍ത്ഥ്യങ്ങളാണു്, അമൂല്യമാണു്. അവയെ സംരക്ഷിക്കാന്‍ ഒരു പൈസയുടെപോലും ചെലവുമില്ല. അവയെ വെറുതെവിട്ടാല്‍ മതി. അതേസമയം, കപ്പല്ച്ചാല് നിര്‍മ്മിക്കാനായി അവയെ നശിപ്പിക്കുന്നതുവഴി നേടാന്‍ കഴിയുന്നതു് ഓരോ വര്‍ഷവും 21 കോടി രൂപ എന്ന കണക്കില്‍, നൂറു് വര്‍ഷംകൊണ്ടു് 2100 കോടി രൂപയാണു്. അതായതു്, അതുവഴി നൂറു് വര്‍ഷംകൊണ്ടു് നേടാന്‍ കഴിയുന്നതു് ഭാരതത്തിന്റെ ഒരു വര്‍ഷത്തെ ഗ്രോസ് നാഷണല്‍ പ്രോഡക്റ്റിന്റെ ഏകദേശം ആറു് ശതമാനം മാത്രമാണു്. (ഉറവിടം: UN Statistics, World Bank Statistics)
ചുരുക്കത്തില്‍ , സേതുസമുദ്ര-കപ്പല്ച്ചാല് പദ്ധതിയില്‍ ഒരു ദീര്‍ഘവീക്ഷണവുമില്ല. സ്ഥാപിതമായ ഏതോ താല്പര്യങ്ങളുടെ താത്കാലികലാഭം മാത്രമാണു് അതിന്റെ ലക്ഷ്യം. സമ്പത്തികമോ, പരിസ്ഥിതിപരമോ ആയ എന്തെങ്കിലും നേട്ടം സാമന്യജനങ്ങള്ക്കു് അതുവഴി ഉണ്ടാവുകയില്ല എന്നിരിക്കെ, എന്തിനുവേണ്ടി അവര്‍ അതിനെ പിന്താങ്ങണം എന്നെനിക്കറിയില്ല. സര്‍വ്വോപരി, ഭാരതീയന്റെ സാമൂഹികപ്പുരോഗതിക്കു് പ്രധാന തടസ്സമായി നില്ക്കുന്നതു് 21 കോടി രൂപയുടെ കുറവല്ല, സ്ഥാപിതതാല്പര്യങ്ങള് നൂറ്റാണ്ടുകളിലൂടെ അവനില്‍ വളര്‍ത്തിയെടുത്ത ആന്തര അടിമത്തമാണു്. ഈ സത്യം അറിയാന്‍ അവനു് അവകാശമില്ലെന്നു് അവന് തന്നെ അടിയുറച്ചു് വിശ്വസിക്കുന്നു, തിരുത്താനാവാത്തവിധം!