ഇ. എ. ജബ്ബാറിന്റെ ബ്ലോഗ് ഞാൻ വായിക്കാറുള്ള ചുരുക്കം ബ്ലോഗുകളിൽ ഒന്നാണു്. ചില നിത്യഇന്നലെകളെ തിരുത്താൻ ആവില്ലെങ്കിലും ചിന്താശേഷി പൂർണ്ണമായും മതവിശ്വാസത്തിനു് അടിയറവച്ചിട്ടില്ലാത്തവരെ അവരുടെ നിലപാടുകൾ ഒരു പുനർവിചിന്തനത്തിനു് വിധേയമാക്കാൻ പ്രേരിപ്പിച്ചേക്കാം എന്നതാണു് ആ ബ്ലോഗിന്റെ പ്രസക്തി. അവിടത്തെ ചർച്ചകളിൽ ഞാൻ പൊതുവേ പങ്കെടുക്കാറില്ല. പറയാൻ അഭിപ്രായമൊന്നും ഇല്ലാത്തതല്ല അതിനു് കാരണം. സാമാന്യവിദ്യാഭ്യാസമെങ്കിലുമുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം “നാൽക്കവലവാദപ്രതിവാദങ്ങളിൽ” തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ. ചോദിക്കാൻ വേണ്ടി മാത്രമായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾക്കു് മറുപടി പറയാൻ ശ്രമിച്ചാൽ പറഞ്ഞുപറഞ്ഞു് ഊർജ്ജം നഷ്ടപ്പെടുത്തി ക്ഷീണിക്കാമെന്നല്ലാതെ മറ്റെന്തു് പ്രയോജനം? ചോദ്യങ്ങൾ അപ്പോഴും അതിസാരം പോലെ ഒരു ദൈവികനിയന്ത്രണത്തിനും പിടികൊടുക്കാതെ നിരന്തരമായി അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. അതുപോലെതന്നെ, എന്തു് മറുപടി ലഭിക്കുമെന്നു് അറിയാമെങ്കിൽ എന്തിനു് വെറുതെ ചോദിച്ചു് സമയം കളയണം? എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.
ആർക്കും എന്തും എഴുതാവുന്ന ബ്ലോഗ് ലോകത്തിൽ ഇപ്പോൾ ദൈവങ്ങളും അവതരിച്ചു് ആക്റ്റീവ് ആവുന്നതു് എന്തായാലും നല്ല കാര്യമാണു്. പണ്ടൊക്കെ ദൈവത്തിന്റെ തനിരൂപം കാണണമെങ്കിൽ സ്വർഗ്ഗാരോഹണം ചെയ്യണമായിരുന്നു. അതു് എല്ലാവർക്കും പറഞ്ഞിട്ടുള്ള കാര്യവുമല്ല. “അവൻ ഉദ്ദേശിക്കുന്നവരോടു് അവൻ പ്രത്യേക കരുണ കാണിക്കുന്നു” എന്നാണല്ലോ മുഹമ്മദ് നബിയും പറഞ്ഞതു്. – (ഖുർആൻ 3: 74) പക്ഷേ, ഇപ്പോൾ ദൈവത്തെ നേരിൽ കാണാൻ “കത്തോലിക്കാസഭയുടെ ജ്വരം മുഴുക്കുന്നു”, “ABCD-വക്രത” മുതലായ ആത്മീയബ്ലോഗുകളിൽ സത്യത്തിന്റെ ധൂപക്കുറ്റിയിൽ നിന്നും “ഖുമുഖുമാ” സ്വർഗ്ഗത്തിലേക്കുയരുന്ന കുന്തുരുക്കത്തിന്റെ പുകമറക്കിടയിലൂടെ സൂക്ഷിച്ചു് നോക്കിയാൽ മതി. “പണ്ടു് ദൈവം പിന്നെപ്പിന്നെ, ഇപ്പോൾ ദൈവം ബ്ലോഗിൽബ്ലോഗിൽ” എന്നാണല്ലോ പുതിയ പഴഞ്ചൊല്ല്! ദൈവികസ്നേഹം മനുഷ്യരിൽ എത്തിക്കുവാൻ ദൈവം തനിയെ വിചാരിച്ചാൽ അത്ര ശരിയാവില്ല എന്നതിനാൽ ദൈവത്തിന്റെ പ്രതിനിധിപ്പട്ടം കെട്ടിയ ചില ആത്മീയർ അവരുടെ വേദഗ്രന്ഥങ്ങളിലെ ആയിരക്കണക്കിനു് വാക്യങ്ങളിൽ നിന്നു് കേട്ടറിവുമൂലം തങ്ങൾക്കു് വേണ്ടപ്പെട്ടതെന്നു് മനസ്സിലാക്കിയിട്ടുള്ള മൂന്നേമുക്കാൽ വാക്യങ്ങൾ അവരുടെ ആത്മീയബ്ലോഗുകളിൽ ഛർദ്ദിച്ചുവയ്ക്കുന്നു. അങ്ങനെ അവർ പൊക്കിപ്പിടിക്കുന്ന വാക്യങ്ങൾ എഴുതിയിരിക്കുന്ന വേദഗ്രന്ഥത്തിലെ പേജിന്റെ മറുപുറത്തു് അതിന്റെ വിപരീതവും എഴുതി വച്ചിട്ടുണ്ടു് എന്നതാണു് മറ്റൊരു യാഥാർത്ഥ്യം. പക്ഷേ, അതറിയാൻ ആ ബ്ലോഗുകൾ മാത്രം വായിച്ചാൽ പോരാ, അവരുടെ വേദഗ്രന്ഥങ്ങൾ മനസ്സിരുത്തി വായിക്കുകയും, വായിക്കുന്നതു് ഉൾക്കൊള്ളാൻ വേണ്ട ബുദ്ധിയും സ്വതന്ത്ര ചിന്താശേഷിയും വായിക്കുന്നവനു് ഉണ്ടായിരിക്കുകയും വേണം. ഒരു മതഗ്രന്ഥവും ഇതിനൊരു അപവാദമല്ല. ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ് പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി “സ്വന്തം” ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന “ദൃഷ്ടാന്തങ്ങൾ” വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ! “തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകൾ മാറിമാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്കു് പല ദൃഷ്ടാന്തങ്ങളുമുണ്ടു്.” (ഖുർആൻ 3: 190)
ഒരു വിശുദ്ധഗ്രന്ഥം എന്ന ഒരു മുൻവിധിയോടുകൂടിയല്ലാതെ വേദഗ്രന്ഥങ്ങൾ വായിച്ചിട്ടുള്ളവരും, ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തിയ മനുഷ്യബുദ്ധിയുടെ ശരാശരി അറിവു് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുള്ളവരുമായ ആർക്കും ഒരിക്കലും അവ ഒരു പ്രപഞ്ചസ്രഷ്ടാവിൽ നിന്നും ലഭിച്ചതാണെന്നോ, അല്ലെങ്കിൽ അതു് അതീന്ദ്രിയജ്ഞാനം എന്ന ദൈവികമോ അമാനുഷികമോ, വിശുദ്ധമോ ആയ ഏതോ സൂത്രം വഴി മനുഷ്യൻ ഒപ്പിച്ചതാണെന്നോ പറയാനാവില്ല. ദൈവത്തെ ഒരു പ്രപഞ്ചനിയന്ത്രകശക്തി ആയി അവരോധിക്കുന്ന ഏതൊരു വ്യക്തിയും താഴെപ്പറയുന്ന ചില വസ്തുതകൾ നിരുപാധികം അംഗീകരിക്കാൻ ബാദ്ധ്യസ്ഥനാണു്. കാരണം ആ അടിത്തറകളിലാണു് ഏതൊരു ദൈവവിശ്വാസവും സ്ഥാപിക്കപ്പെട്ടിരിക്കുന്നതുതന്നെ.
1. കുറ്റമോ കുറവോ, ബലഹീനതയോ, നെഗറ്റീവ് ആയ മറ്റേതെങ്കിലും ഗുണങ്ങളോ സങ്കൽപിക്കാൻ പോലും കഴിയാത്ത രൂപത്തിൽ മഹത്വമുള്ളവനായി വർണ്ണിക്കപ്പെടുന്ന ഒരു ദൈവത്തിന്റെ സൃഷ്ടികളിൽ – അവ വസ്തുക്കളായാലും, ജീവജാലങ്ങളായാലും, ലിഖിതങ്ങളായാലും – ഏതെങ്കിലും വിധത്തിലുള്ള ഒരു ന്യൂനത ഉണ്ടാവുക എന്നതു് ആ ദൈവത്തിന്റെ അന്യൂനതയെ സംശയാസ്പദമാക്കുകയാണു് ചെയ്യുന്നതു്. സർവ്വശക്തനായ, സർവ്വവ്യാപിയായ, സർവ്വജ്ഞാനിയായ, സർവ്വംപൊരുളായ, ആദിയും അന്തവും ഇല്ലാത്തവനായ, അവനിലുപരിയായി മറ്റെന്തെങ്കിലുമൊന്നു് ചിന്തിക്കാൻ പോലും കഴിയാത്തവിധം “അല്ലാഹു അക്ബർ” ആയ ഒരു ദൈവത്തിന്റെ “കൈ”-വേലയാണു് പ്രപഞ്ചവും അതിലെ സകലവും എന്ന മതങ്ങളുടെ വാദം ശരിയെങ്കിൽ പ്രപഞ്ചത്തിൽ കാണുന്ന തെറ്റുകളുടെയും കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദി ആ ദൈവം തന്നെയല്ലാതെ മറ്റാരാണു്? എങ്കിൽ പിന്നെ മേൽപറഞ്ഞ ദൈവിക വിശേഷണങ്ങൾക്കു് എന്തർത്ഥം? മനഃപൂർവ്വം അംഗവൈകല്യമുള്ളവരോ മന്ദബുദ്ധികളോ ആയ മക്കളെ ജനിപ്പിക്കുന്നവനാണു് ഒരു പിതാവെങ്കിൽ അവൻ “ചങ്ങലയിലും തടിയിലും” ഇടേണ്ട ടൈപ്പല്ലേ?
2. “പ്രപഞ്ചനാഥൻ” എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം പ്രപഞ്ചം എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം. “നമ്മുടെ” പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല. ആകെ അറിയാവുന്ന ബാക്കി അഞ്ചു് ശതമാനം തന്നെ വിവിധ വിഭാഗങ്ങളിലായി പരന്നുകിടക്കുകയുമാണു്. ജിയോളജിയെപ്പറ്റി അറിയാവുന്നവനു് മെഡിസിനെപ്പറ്റി ഒന്നും അറിയണമെന്നില്ല. അറിയുന്നെങ്കിൽത്തന്നെ അതു് അപൂർണ്ണവുമായിരിക്കും. അസ്ട്രോണമിയെപ്പറ്റി അറിയുന്നവനു് കെമിസ്ട്രിയെപ്പറ്റി കാര്യമായി ഒന്നും അറിയണമെന്നില്ല. ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ അറിവുള്ള ചില അപൂർവ്വപ്രതിഭകൾ ഉണ്ടാവാമെങ്കിലും അവർക്കും എല്ലാ വിഷയങ്ങളിലും അറിവുണ്ടാവുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. പ്രപഞ്ചത്തെസംബന്ധിച്ചു് നമുക്കു് കാര്യമായ ഒരു “മാങ്ങാത്തൊലിയും” അറിയില്ല എന്നു് മനുഷ്യർ ശാസ്ത്രീയപഠനങ്ങളും അന്വേഷണങ്ങളും വഴി സ്വയം മനസ്സിലാക്കുകയായിരുന്നു, അല്ലാതെ ഏതെങ്കിലും ഗുഹയിൽ അല്ലാഹുവോ ഇബ്‌ലീസോ മറ്റേതെങ്കിലും അത്ഭുതജീവികളോ ആർക്കെങ്കിലും പകൽസ്വപ്നത്തിലോ രാത്രിസ്വപ്നത്തിലോ പ്രത്യക്ഷപ്പെട്ടു് വെളിപ്പെടുത്തുകയായിരുന്നില്ല.
എല്ലാം അറിയാമെന്നു് ഭാവിക്കുന്നതിൽ ലജ്ജിക്കാത്ത ഒരു വിഭാഗമേ ഉള്ളു – സർവ്വജ്ഞനായ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന കാരണത്താൽ തങ്ങളും സർവ്വജ്ഞരാണെന്നു് ഉറപ്പായും കരുതുന്ന വിശ്വാസിസമൂഹം! ദൈവവും സ്വർഗ്ഗനരകങ്ങളും മുതൽ ഭൂമിമലയാളവും പെൺവർഗ്ഗത്തിന്റെ ആർത്തവവും വരെയുള്ള ഏതു് “ശാസ്ത്രീയ” വിഷയങ്ങളിലും അവർ കയറി കൈവച്ചുകളയും! നബി തന്നെ മാതൃക കാണിച്ചിട്ടുമുണ്ടു്: “ആർത്തവത്തെപ്പറ്റി അവർ നിന്നോടു് ചോദിക്കുന്നു, പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്നു് അകന്നു് നിൽക്കേണ്ടതാണു്. അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു് കഴിഞ്ഞാൽ അല്ലാഹു നിങ്ങളോടു് കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്തു് ചെന്നുകൊള്ളുക.” – (ഖുർആൻ 2: 222) സ്ത്രീകളുടെ അടുത്തു് ചെല്ലാനായി അല്ലാഹു കൽപിച്ച “വിധം” എങ്ങനെ എന്നു് അറിയാത്ത അറബികൾക്കായി തൊട്ടുതാഴെ: “നിങ്ങളുടെ ഭാര്യമാർ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാൽ നിങ്ങൾ ഇച്ഛിക്കും വിധം നിങ്ങൾക്കു് നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണു്.” – (ഖുർആൻ 2: 223)
(ഈ കൽപന ലഭിച്ചശേഷം ചില അറബികൾ ആർത്തവം കഴിഞ്ഞു് ശുചിയായ ഭാര്യമാരെ തൂമ്പയും മൺവെട്ടിയും, നേഞ്ചലും നുകവുമായി മാത്രമേ സമീപിക്കാറുണ്ടായിരുന്നുള്ളൂ എന്നാണു് കേൾവി. തിരുവായ്ക്കു് എതിർവായില്ല.)
അതിലെല്ലാമുപരി, നമ്മുടെ പ്രപഞ്ചം എന്നതു് മറ്റൊരു വലിയ പ്രപഞ്ചത്തിനുള്ളിലെ പല കൊച്ചുകൊച്ചു “പ്രപഞ്ചകുമിളകളുടെ” ഇടയിലെ ഒരു ചെറിയ കുമിള മാത്രമാവാം. നമ്മുടെ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്ന ആ വലിയ പ്രപഞ്ചം അതിലും വലിയ മറ്റേതോ പ്രപഞ്ചത്തിനുള്ളിലെ ഒരു നുറുങ്ങാവാം. (അങ്ങനെ വലിയ പ്രപഞ്ചങ്ങളെ ഉൾക്കൊള്ളുന്ന എത്ര സൂപ്പർ പ്രപഞ്ചങ്ങളെ വേണമെങ്കിലും അനന്തമായി പുറകോട്ടു് ചിന്തിക്കാം.) നമ്മുടെ ഈ “ചെറിയ” പ്രപഞ്ചത്തിന്റെ തൊണ്ണൂറ്റഞ്ചു് ശതമാനത്തെപ്പറ്റിയും നമുക്കു് ഒരു “ചുക്കും” അറിയില്ലെന്നിരിക്കെ, ഈ പ്രപഞ്ചത്തെ ഒന്നിനുമീതെ ഒന്നു് എന്ന രീതിയിൽ ഉൾക്കൊള്ളുന്ന മറ്റെത്രയോ കോടി പ്രപഞ്ചങ്ങളുടെ സാദ്ധ്യത നമുക്കു് കണ്ണുമടച്ചു് തള്ളിക്കളയാനും ആവില്ല. parallel universes എന്ന മറ്റൊരു ശാസ്ത്രീയസങ്കൽപം വേറെയും! ഒരു ദൈവം യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ ആ ദൈവം അത്തരം പ്രപഞ്ചങ്ങളുടെ മുഴുവൻ “അധിപതി” ആയിരിക്കണം, വേണ്ടേ? അതുപോലുള്ള പ്രപഞ്ചങ്ങളുടെ എല്ലാം നാഥൻ ആയിരിക്കേണ്ട ഒരു ദൈവത്തെപ്പറ്റി അവനു് (ദൈവത്തിനു്) അനുകൂലമായോ പ്രതികൂലമായോ ഒരു വാക്കു് മിണ്ടാനുള്ള അർഹതയുണ്ടോ മനുഷ്യനു്? (പ്രത്യേകം ശ്രദ്ധിക്കുക: “അവനു്” എന്നാണു്, “അവൾക്കു്” എന്നോ “അതിനു്” എന്നോ അല്ല പ്രയോഗം. പരോക്ഷാർത്ഥം: ദൈവകഥാകാഥികന്റെ അഭിപ്രായത്തിൽ, ദൈവം ഒരു അവനാണു്, അഥവാ ഒരു പുരുഷനാണു്!)
അധിപതിയും, നാഥനും, നിയന്ത്രകനും, വലുതും, ചെറുതുമൊക്കെ മനുഷ്യൻ കണ്ടുപിടിച്ച വാക്കുകളാണു്. കാണലും, കേൾക്കലും, മണക്കലും, രുചിക്കലും, സൃഷ്ടിക്കലും, കൽപലകകളിൽ കൽപനകൾ കൊത്തലുമെല്ലാം കണ്ണും, ചെവിയും, മൂക്കും, നാക്കും, കൈകളും, ചിന്താശേഷിയുമുള്ള ജീവികളുടെ ലോകത്തിലെ കാര്യങ്ങളാണു്. തന്റെ ദൈവത്തെ അത്തരം പ്രപഞ്ചങ്ങളുടെ എല്ലാം ഭരണാധികാരി ആയോ, നിയന്ത്രകൻ ആയോ, സിംഹാസനത്തിൽ ഇരിക്കുന്നതോ കിടക്കുന്നതോ ശീർഷാസനം ചെയ്യുന്നതോ ആയോ സങ്കൽപിക്കുന്ന ഒരു ദൈവവിശ്വാസി പ്രപഞ്ചം എന്ന വാക്കുകൊണ്ടു് എന്താണു് ഉദ്ദേശിക്കുന്നതു്? ഇത്തിരി വലിയ ഏതോ കോഴിക്കോടോ? അതോ അതിലും വലിയൊരു കോഴിക്കൂടു് തന്നെയോ? ദൈവം എന്ന വാക്കുകൊണ്ടു് എന്താണു് അവൻ ഉദ്ദേശിക്കുന്നതു്? ഒരു ലോക്കൽ പ്രഭുവോ? അതോ കിരീടവും ചെങ്കോലും ധരിച്ചു് ഭൂമിയും ഏഴു് സ്വർഗ്ഗങ്ങളും വാഴുന്ന ഒരു കിടിലൻ ചക്രവർത്തിയോ? “അവനാണു് നിങ്ങൾക്കു് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചുതന്നതു്. പുറമെ ഏഴു് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ടു് ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണു്.” (ഖുർആൻ 2: 29)
3. ഒരു വേദഗ്രന്ഥത്തിലെ വാക്യങ്ങൾ പരസ്പരവിരുദ്ധമാണെങ്കിൽ, അവ ഇന്നു് ലോകത്തിൽ പൊതുവേ അംഗീകരിക്കപ്പെടുന്നതും പലവട്ടം തെളിയിക്കപ്പെട്ടതുമായ സാമാന്യസത്യങ്ങൾക്കു് കടകവിരുദ്ധമാണെങ്കിൽ, അവ വർണ്ണിക്കുന്ന കഥകൾ ഇന്നത്തെ മനുഷ്യരുടെ സാമാന്യബോധത്തിനു് നിരക്കാത്തവയാണെങ്കിൽ അവ തെറ്റോ നുണയോ ആണെന്നും അതുപോലൊരു ഗ്രന്ഥം അവതരിപ്പിച്ചതു് ഒരിക്കലും ഭൂത-വർത്തമാന-ഭാവികാലങ്ങൾ അറിയേണ്ടവനായ ഒരു ദൈവം ആവാൻ കഴിയില്ലെന്നും, അങ്ങനെയെങ്കിൽ അതു് മനുഷ്യരുടെ സൃഷ്ടി മാത്രമേ ആവാൻ കഴിയുകയുള്ളുവെന്നും അംഗീകരിക്കുവാനുള്ള മിനിമം ചുമതല ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു്. അവ സത്യത്തിൽ ഒരു ദൈവത്തിന്റെ വാക്യങ്ങൾ ആയിരുന്നെങ്കിൽ അവ നുണകളോ പരസ്പരവിരുദ്ധങ്ങളോ കെട്ടുകഥകളോ ആവുകയില്ലായിരുന്നു. ആവാൻ പാടില്ലായിരുന്നു. കാരണം, ദൈവം എന്ന ആശയം നിർവചനപ്രകാരം ഒരിക്കലും തെറ്റു് പറ്റാൻ കഴിയാത്ത ഒന്നാണു്.
ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ ‘ഒന്നാം ദിവസം’ ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!) എന്ന ദൈവം “പകൽ വാഴേണ്ടതിനു് വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു് വലിപ്പം കുറഞ്ഞ വെളിച്ചവുമായി” സൂര്യനേയും ചന്ദ്രനേയും അതോടൊപ്പം നക്ഷത്രങ്ങളേയും സൃഷ്ടിച്ചതു് നാലാം ദിവസം മാത്രം! വാനഗോളങ്ങളെപ്പറ്റി ഇന്നു് മനുഷ്യനു് അറിയാവുന്ന വസ്തുതകളുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല ഈ വർണ്ണനകൾ. ആദിമനുഷ്യനായി ദൈവം ആദാമിനെ സൃഷ്ടിക്കുകയായിരുന്നു എന്നതു് സംശയരഹിതമായ ഒരു നുണയാണെന്നതു് സത്യം സത്യമായി നുണ എന്ന എന്റെ കഴിഞ്ഞപോസ്റ്റിൽ ഞാൻ ബൈബിളിന്റെ തന്നെ അടിസ്ഥാനത്തിൽ വ്യക്തമാക്കിയിരുന്നു. വേദഗ്രന്ഥങ്ങളിലെ ഇതുപോലുള്ള എത്രയോ വർണ്ണനകൾ ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ തള്ളിക്കളയാനാവാത്ത നുണകളും കെട്ടുകഥകളുമാണെന്നു് അവയിലെതന്നെ വാക്യങ്ങൾ ഉപയോഗിച്ചു് തെളിയിക്കപ്പെടുമ്പോൾ അതു് കണ്ടില്ലെന്നു് നടിക്കുകയോ, ശ്രദ്ധ തിരിച്ചുവിടാനായി വിഷയത്തിൽ നിന്നും വ്യതിചലിക്കുകയോ അല്ല, ആ വസ്തുതകൾക്കു് യുക്തിക്കു് നിരക്കുന്ന വിശദീകരണങ്ങൾ നൽകുകയാണു് ആത്മാർത്ഥമായ ഒരു ചർച്ച ആഗ്രഹിക്കുന്ന, സ്വന്തം നിലപാടാണു് ശരി എന്നു് തെളിയിക്കാൻ ആഗ്രഹിക്കുന്ന ഏതു് വിശ്വാസിയും ചെയ്യേണ്ടതു്.
എഴുതാനോ വായിക്കാനോ അറിയാതെ, ജനനം മുതൽ ആരോ ചൊല്ലിപ്പഠിപ്പിച്ച പ്രാർത്ഥനകൾ ഉരുവിട്ടു്, ആവർത്തനം വഴി ശീലിപ്പിച്ച ചടങ്ങുകൾ നിരന്തരം നിറവേറ്റി മോക്ഷം നേടാൻ ശ്രമിക്കുന്ന അൽപപ്രാണികളോടല്ല ഞാനിതു് പറയുന്നതു്. അവരെ ഇതൊക്കെ മനസ്സിലാക്കാൻ ശ്രമിക്കുന്നതു് അവരെ സഹായിക്കലല്ല, ദ്രോഹിക്കലേ ആവൂ. ഒരുവനു് ചുമക്കാൻ കഴിയാത്ത ഭാരം അവന്റെ തലയിൽ വച്ചുകൊടുക്കരുതു്. അവരെ അവരുടെ വഴിയെ വിടുകയാണു് സാമാന്യമര്യാദയുടെ പേരിൽ വെളിവുള്ള ആരും ചെയ്യേണ്ടതു്. മുൻപേ പോകുന്ന പശു നാളെ എതിർദിശയിലേക്കു് തിരിഞ്ഞാൽ അതിനു് പുറകേ പോകാൻ മാത്രം കഴിയുന്നവരാണവർ. മനുഷ്യരുടെ വഴികാട്ടികളായി മുൻപേ പോകാൻ യോഗ്യർ എന്നു് സ്വയം കരുതുന്നതരം “അൽപപ്രാണികൾ” ആണു് കഴിയുമെങ്കിൽ ഇതു് മനസ്സിലാക്കേണ്ടതു്. ശാസ്ത്രത്തിനു് ഇന്നു് അറിയാവുന്നതും, അതിലൊക്കെ വളരെ കൂടുതലും, പ്രപഞ്ചസൃഷ്ടിക്കും മുൻപേ തന്റെ ദൈവത്തിനു് അറിയാമായിരുന്നു എന്നു് വീമ്പിളക്കുകയും, അതോടൊപ്പംതന്നെ അതുപോലൊരു ദൈവത്തിനു് ഈ ലോകത്തിലെ മനുഷ്യരുടെ ഇടയിൽ വിലയിടിയാതെ നിലനിൽക്കാൻ (ജീവിക്കാൻ) കഴിയണമെങ്കിൽ തങ്ങളുടെ സഹായം വേണമെന്നു് കരുതുകയും ചെയ്യുന്നതുവഴി, (അല്ലായിരുന്നെങ്കിൽ ആ ദൈവത്തിനുവേണ്ടി വാദിക്കാൻ അവർ ഒരുങ്ങിപ്പുറപ്പെടുകയില്ലായിരുന്നല്ലോ!) തങ്ങൾ ആ ദൈവത്തേക്കാൾ വലിയ “ഉടയതമ്പുരാക്കന്മാരായി” ചമയുകയാണെന്നു് എന്തുകൊണ്ടോ മനസ്സിലാക്കാൻ കഴിയാത്ത “മതപണ്ഡിതന്മാർ” പ്രപഞ്ചനിയന്ത്രകനേപ്പറ്റിയോ ശാസ്ത്രത്തെപ്പറ്റിയോ അല്ല, മനുഷ്യബുദ്ധിക്കു് ഒരുവിധത്തിലും അറിയാൻ കഴിയാത്ത ഒരു പ്രപഞ്ചനാഥൻ പറഞ്ഞുകൊടുത്തതെന്നു് ആരോ പറഞ്ഞുകേട്ട ഏതെങ്കിലും ഗ്രന്ഥത്തിന്റെ കൂട്ടുപിടിച്ചു്, മനുഷ്യരെ സദാചാരം പഠിപ്പിക്കാൻ തങ്ങൾ യോഗ്യർ എന്നു് സ്വപ്നം കാണുന്നതിലെ സ്വന്തം വിഡ്ഢിത്തത്തെപ്പറ്റിയാണു് സാവകാശം ചിന്തിക്കാൻ തുടങ്ങേണ്ടതു്.
മനുഷ്യർക്കു് വേണ്ട നിയമങ്ങൾ ഉണ്ടാക്കാനും അവ കാലാനുസൃതമായി, മാറിമാറിവരുന്ന സാമൂഹികഘടനകൾക്കു് അനുസൃതമായി നവീകരിക്കാനുമുള്ള കഴിവു് മനുഷ്യനു് സ്വന്തമായുണ്ടു്. ഏതോ ഒറ്റപ്പെട്ട മനുഷ്യനു് മരുഭൂമിയിൽ മറ്റാരും കാണാതെ ഒളിച്ചു് പ്രത്യക്ഷപ്പെടുകയും, അപ്പോൾ തന്റെ വിശുദ്ധിക്കു് കളങ്കമേൽക്കാതിരിക്കാൻ “നീ നിൽക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽ നിന്നും ചെരിപ്പു് അഴിച്ചു് മാറ്റൂ” എന്നു് അവനോടു് “കൽപിക്കുകയും” ചെയ്യുന്ന (ബൈബിൾ: പുറപ്പാടു് 3: 5) ഒരു വിചിത്രദൈവത്തിന്റെ സഹായം സമൂഹത്തിനു് അനുയോജ്യമായ നിയമങ്ങൾ നിർമ്മിക്കാൻ ഇന്നത്തെ മനുഷ്യനു് തീർച്ചയായും ആവശ്യമില്ല.
ഏതൊരു വിശ്വാസിയെ സംബന്ധിച്ചും അവന്റെ വേദഗ്രന്ഥം ആരും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര വിശുദ്ധമാണു്. തന്റെ വേദഗ്രന്ഥം പ്രപഞ്ചസ്രഷ്ടാവും നിയന്ത്രകനുമായ ഒരു ദൈവം നേരിട്ടു് വെളിപ്പെടുത്തിക്കൊടുത്തതോ, അല്ലെങ്കിൽ, മറ്റു് അമാനുഷികമോ ദിവ്യമോ ആയ മാർഗ്ഗങ്ങളിലൂടെ ലഭിച്ചതോ ആയ വിശുദ്ധവചനങ്ങളുടെ സമാഹാരമാണെന്നു് മുൻപിൻ നോക്കാതെ വിശ്വസിക്കുന്നതിനാലാണു് അതുപോലൊരു വ്യക്തിയുമായി റീസണബിൾ ആയ, അഥവാ യുക്തിബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ചർച്ച സാദ്ധ്യമാവാത്തതു്. പ്രപഞ്ചരഹസ്യങ്ങൾ (കഴിവതും) വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ മനുഷ്യബുദ്ധിക്കു് ആകെയുള്ള പണിയായുധമാണു് യുക്തിപരമായി ചിന്തിക്കാനുള്ള ശേഷി. യുക്തിചിന്ത എന്നാൽ നെഗറ്റീവ് ആയ, അല്ലെങ്കിൽ കഴിയുന്നത്ര അകറ്റി നിർത്തേണ്ടതായ പിശാചിന്റെ സൂത്രമാണെന്നു് ധരിച്ചുവശായിരിക്കുന്നവരാണു് പൊതുവേ മതവിശ്വാസികൾ. ഈ മുൻവിധി മൂലം വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കങ്ങൾ യുക്തിപൂർവ്വമായ വിമർശനത്തിനു് വിധേയമാക്കപ്പെടുമ്പോൾ, സാമാന്യബുദ്ധിക്കുപോലും നിഷേധിക്കാനാവാത്തവിധം അവയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ, ഒന്നുകിൽ അവ അംഗീകരിക്കുകയോ, അല്ലെങ്കിൽ അവയ്ക്കു് കൃത്യവും വ്യക്തവുമായ എതിർമറുപടികൾ നൽകുകയോ ചെയ്യുന്നതിനു് പകരം മലവെള്ളം പോലെ കുറെ വ്യാഖ്യാനങ്ങൾ പകർത്തിവച്ചു് ചർച്ചയെ കാടുകയറ്റാനോ അല്ലെങ്കിൽ വഴിതെറ്റിക്കാനോ അവർ ശ്രമിക്കുന്നു.
അത്തരമൊരു ദിവ്യത്വം വേദഗ്രന്ഥങ്ങൾക്കു് നൽകുന്നതു് അടിസ്ഥാനരഹിതമാണെന്നും, തന്മൂലം അർത്ഥശൂന്യമാണെന്നും (വേണമെങ്കിൽ) മനസ്സിലാക്കാൻ മുകളിൽ വിവരിച്ച കാര്യങ്ങൾ ധാരാളം മതി. എന്നിട്ടും അതു് വേണ്ടാത്തവർക്കു് തീർച്ചയായും അതു് തള്ളിക്കളയാം. പക്ഷേ, തന്റെ വേദഗ്രന്ഥം നിത്യസത്യമായി മറ്റുള്ളവരെല്ലാം അംഗീകരിക്കണം എന്നു് പിടിവാശി പിടിക്കുന്നവർ അതു് വായിക്കാനും സ്വന്തം അഭിപ്രായം രൂപീകരിക്കാനും മറ്റുള്ളവരെ അനുവദിക്കുകയും, അവരുടെ ന്യായമായ സംശയങ്ങളും വിമർശനങ്ങളും സഹിഷ്ണുതയോടെ കേൾക്കാൻ തയ്യാറാവുകയും വേണം. ഏതെങ്കിലും ഒരു ദൈവം ഞാൻ അനുസരിക്കേണ്ടതായ നിയമങ്ങളും കൽപനകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നു് എന്നേപ്പോലെതന്നെയുള്ള മറ്റൊരു മനുഷ്യൻ എന്നോടു് പറയുമ്പോൾ, എന്തിനു് ഞാൻ അതൊക്കെ അനുസരിക്കണമെന്നും, എന്നോടു് അതു് കൽപിക്കുന്ന ദൈവം ആരെന്നും, അതു് കൽപിക്കുവാനുള്ള അവന്റെ ലെജിറ്റിമേഷൻ എന്തെന്നും എനിക്കറിയണം. (ഞാൻ ചെയ്യാത്ത) എന്റെ പാപത്തിൽ നിന്നും എന്നെ മോചിപ്പിക്കാനായി മറ്റാരെങ്കിലും ക്രൂശിക്കപ്പെടുന്നതു് എനിക്കിഷ്ടമില്ല. “ജന്മപാപം” എന്ന വിശേഷണം നൽകി, മനുഷ്യൻ ജനിച്ചതുതന്നെ ഒരു പാപമാണെന്നു് പഠിപ്പിക്കുന്ന ഒരു വിഡ്ഢി എന്നെ പാപി എന്നു് വിളിക്കുന്നതും എനിക്കിഷ്ടമില്ല. അഥവാ ഞാൻ ഒരു പാപിയെങ്കിൽ അതിന്റെ ഫലം സ്വയം അനുഭവിക്കുന്നതാണു് എനിക്കിഷ്ടം. ഞാൻ അനുസരിക്കേണ്ടുന്ന നിയമങ്ങളുടെ നിർമ്മാണത്തിൽ തത്വത്തിലെങ്കിലും എനിക്കുകൂടി പങ്കെടുക്കാൻ അവകാശമുള്ള ഒരു നിയമസംഹിതക്കു് കീഴ്പെടുന്നതാണു്, കാണാനോ കേൾക്കാനോ അറിയാനോ കഴിയാത്ത, ഏതോ എന്തോ ആയ ഒരു ദൈവം ആർക്കോ എവിടെയോ എപ്പോഴോ നൽകിയതെന്നു് പറയപ്പെടുന്നതും, ആ ദൈവത്തിന്റെ നീതിനിർവ്വഹണക്കാരായ പത്തു് താടിക്കാരന്മാർക്കു് പതിനഞ്ചു് വിധത്തിൽ വ്യാഖ്യാനിക്കാൻ കഴിയുന്നതും, ഇഷ്ടാനുസരണം വീണ്ടും വീണ്ടും വളച്ചൊടിക്കാൻ കഴിയുന്നതും, എന്റെ ദൃഷ്ടിയിൽ കാടത്തമെങ്കിലും എനിക്കു് ചോദ്യം ചെയ്യാൻ യാതൊരു അവകാശമില്ലാത്തതുമായ കുറെ അറുപഴഞ്ചൻ “നിയമസംഹിതകൾക്കു്” കീഴ്പെടുന്നതിനേക്കാൾ എനിക്കു് കൂടുതലിഷ്ടം.