RSS

Category Archives: Uncategorized

കൊറോണ (COVID- 19)


സ്റ്റാറ്റ്യൂട്ടറി വാണിങ്, അഥവാ സത്യവാങ്മൂലം: എന്റെ മറ്റനവധി പോസ്റ്റുകളിൽ, എന്റെ ബോധപൂർവ്വമായ നിയന്ത്രണത്തെ വകവയ്ക്കാതെ കയറിക്കൂടാറുള്ള ഐറണിയോ, സർക്കാസമോ, സാറ്റയറോ ഈ പോസ്റ്റിൽ ഇല്ല. (ഇവിടെ ഞാൻ രണ്ടുപ്രാവശ്യം “എന്റെ” എന്നു് പറഞ്ഞു. ഭയങ്കരം! മനഃശാസ്ത്രപരമായി ഞാൻ ഒരു ഇഗോയിസ്റ്റ് ആയിരിക്കണം. ദേ, വീണ്ടും എന്റെ പ്രസ്താവത്തിൽ രണ്ടുപ്രാവശ്യം “ഞാൻ” എന്ന അശ്രീകരം കയറിക്കൂടിയിരിക്കുന്നു! എന്റെ കോക്ക്യൂണിൽ (cocoon) നിന്നും എനിക്കു് എന്നെങ്കിലും ശാപമോചനമുണ്ടെന്നു് തോന്നുന്നില്ല. അഹല്യേ, നീയെത്ര ഭാഗ്യവതി! നമുക്കു് തമ്മിൽത്തമ്മിൽ കല്യാണം കഴിച്ചാലോ? ശാപമോചനം ലഭിച്ചവൾ എന്ന നിലയിൽ ഭവതി എന്തു് പറയുന്നു?)
സ്പാനിഷ് ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവെൻസ പാൻഡെമിക് വഴി 1918 മുതൽ 1920 വരെയുള്ള മൂന്നു് വർഷങ്ങളിൽ മരണമടഞ്ഞതു്, ഏകദേശം 1000 ലക്ഷം മനുഷ്യരാണെന്നു് കണക്കാക്കപ്പെടുന്നു. 1914 മുതൽ 1918 വരെ നാലു് വർഷങ്ങൾ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞതു് 200 ലക്ഷം മനുഷ്യരാണു്. അതായതു്, ഒന്നാം ലോകമഹായുദ്ധത്തിൽ മൊത്തം മരിച്ച മനുഷ്യരേക്കാൾ അഞ്ചിരട്ടി മനുഷ്യരാണു് സ്പാനിഷ് ഫ്ലൂ വഴി മരണത്തിനു് കീഴ്‌പ്പെട്ടതു്.
ഒരു പകർച്ചവ്യാധിയിൽ മൂന്നു് പരാമീറ്ററുകൾ പ്രത്യേകം ശ്രദ്ധിക്കപെടേണ്ടതുണ്ടു്:
1. മരണനിരക്കു് (Lethality Rate) 2. അടയിരുപ്പു് കാലം (Incubation Period) 3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)
1. മരണനിരക്കു് (Lethality Rate)
സാധാരണ ഇൻഫ്ലുവെൻസയിലെ മരണനിരക്കു്, യൂറോപ്പിലെങ്കിലും, 0,1% വരെയാണു്. മനസ്സിലാക്കാനുള്ള എളുപ്പത്തിനു്: 0,1%, അഥവാ നൂറിൽ 0,1 പേർ മരിക്കുന്നു എന്നാൽ, ആയിരത്തിൽ ഒരാളും, പതിനായിരത്തിൽ പത്തുപേരും മരിക്കുന്നു എന്നർത്ഥം. സ്പാനിഷ് ഫ്ലൂവിലെ മരണനിരക്കു്, ഏറ്റവും ചുരുങ്ങിയപക്ഷം, 2,5 % ആയിരുന്നു. നൂറിൽ രണ്ടര മരണം. അതായതു്, രോഗം ബാധിച്ച ആയിരം പേരിൽ 25 പേരും മരിച്ചിരുന്നു എന്നർത്ഥം.
CORONA-19 വഴിയുള്ള ചൈനയിലെ മൊത്തം മരണനിരക്കു് 3,8%. വുഹാനിലെ മരണനിരക്കു് 4,9%. ചൈനയിലെ വുഹാനിൽ രോഗം ബാധിച്ച ആയിരം പേരിൽ 49 പേരും മരിക്കുകയായിരുന്നു എന്നർത്ഥം. കൂടാതെ, COVID-19 മൂലം ആശുപത്രിയിലായ ചൈനക്കാരിൽ 20 ശതമാനവും മരണമടയുകയായിരുന്നു. അവരിൽ മൂന്നിൽ രണ്ടുപേർ പുരുഷന്മാരായിരുന്നു. 99 പേർ മരിച്ചെങ്കിൽ, അതിൽ 66 പേരും പുരുഷന്മാരായിരുന്നു എന്നും, 33 പേർ മാത്രമേ സ്ത്രീകളായിരുന്നുള്ളു എന്നും പാണിനിമലയാളം. ഓർമ്മയിലേക്കു് വിളിച്ചുവരുത്താൻ: 2002-ൽ ചൈനയിൽ ആരംഭിച്ച SARS (Severe Acute Respiratory Syndrome – “SARS -CoV”) രോഗത്തിൽ മരണനിരക്കു് 9,6 % ആയിരുന്നു. രോഗം ബാധിച്ച ആയിരം പേരിൽ 96 പേരും മരിക്കുകയായിരുന്നു. ആ കാഴ്ചപ്പാടിൽ, SARS-നെ അപേക്ഷിച്ചു്, COVID-19 ഇതുവരെ പ്രദർശിപ്പിച്ച മുഖം അത്ര മാരകമല്ല. COVID -19 അതിനേക്കാൾ മാരകമാകുന്നതു് മറ്റൊരു കാഴ്ചപ്പാടിലാണു്. ഉദാഹരണം: അടയിരുപ്പു് കാലം.
2. അടയിരുപ്പു് കാലം (Incubation Period)
SARS രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം 2 ദിവസമാണു്. അതേസമയം, COVID -19 രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം പതിനാലു് നീണ്ട ദിവസങ്ങളാണു്. ഈ പ്രത്യേകതയിലാണു് COVID -19 രോഗവ്യാപനത്തിന്റെ പിന്നിലെ യഥാർത്ഥ പിശാചു് ഒളിച്ചിരിക്കുന്നതു്! തന്റെ ശരീരത്തിൽ എട്ടോ പത്തോ ദിവസങ്ങളായി COVID -19 രോഗത്തിന്റെ വൈറസുകളെ ചുമക്കുന്ന ഒരാൾ, സൂപ്പർ മാർക്കറ്റിലോ, ബിവറേജിലോ, ദേവാലയത്തിലോ, സ്കൂളിലോ, മനുഷ്യർ കൂട്ടം കൂടുന്ന മറ്റു് ഇടങ്ങളിലോ വച്ചു് വിശാലഹൃദയനായി പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ഒരു തുമ്മലോ ചുമയോ ചീറ്റലോ സമീപസ്ഥർക്കുകൂടി അവകാശപ്പെട്ട അന്തരീക്ഷത്തിലേക്കു് – മനഃപൂർവ്വമല്ലെങ്കിലും – വിതറിത്തെറുപ്പിക്കുന്നതു് COVID -19-നു് കാരണഭൂതമായ അനേകം വൈറസുകളെയാണു്! മനഃപൂർവ്വമല്ലാതെ വൈറസിനെ കൊടുത്തവർക്കും, അതിനെ മനഃപൂർവ്വമല്ലാതെ വാങ്ങിയവർക്കും ആ കൊടുക്കൽ വാങ്ങലിനെപ്പറ്റി യഥാസമയം ബോധവാന്മാരാകാൻ കഴിയില്ല എന്നതാണു് COVID -19 വൈറസിനെ, “Lethality Rate” എന്ന പരാമീറ്റർ പ്രകാരം സ്റ്റാറ്റിസ്റ്റിക്കലി കൂടുതൽ അപകടകാരിയായ SARS വൈറസിനേക്കാൾ അൺപ്രെഡിക്റ്റബിളായ വിധം പ്രാണനാശിനിയായ പിശാചാക്കി മാറ്റുന്നതു്. ഈ നിമിഷം ഇതെഴുതാൻ കഴിയുന്നു എന്നതു് എന്റെയോ, മറ്റൊരു നിമിഷം ഇതു് വായിക്കാൻ കഴിയുന്നു എന്നതു് നിങ്ങളുടെയോ, ശരീരത്തിൽ COVID -19 വൈറസ്‌ കയറിക്കൂടിയിട്ടില്ല എന്നതിന്റെ തെളിവല്ല എന്നു് സാരം.
3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)
സാധാരണ ഇൻഫ്ലുവെൻസ വൈറസിന്റെ അടിസ്ഥാന പുനരുത്പാദന നിരക്കു്, യൂറോപ്പിൽ, 1,4 മുതൽ 1,6 വരെയാണു്. അതായതു്, ഒരു രോഗിയിൽ നിന്നും രോഗം മറ്റു് 1,6 മനുഷ്യരിലേക്കു് പകരാം. പത്തു് രോഗികളിൽ നിന്നും രോഗം മറ്റു് 16 മനുഷ്യരിലേക്കു് പകരാമെന്നർത്ഥം. പക്ഷേ, ഇറ്റലിയെ മാനദണ്ഡമാക്കിയാൽ, COVID -19 വൈറസിനു് ഒരു രോഗിയിൽ നിന്നും പകരാൻ കഴിയുന്നതു് 2,8 മനുഷ്യരിലേക്കാണു്! അതായതു്, ഒരു രോഗിയിൽ നിന്നും ഏകദേശം മൂന്നു് പേർക്കുവരെ COVID -19 രോഗം പകരാം. (ശ്രദ്ധിക്കുക: അടിസ്ഥാന പുനരുത്പാദന നിരക്കു് കണക്കാക്കപ്പെടുന്നതു് ശതമാനമായിട്ടല്ല). 3 രോഗികൾക്കു് 9 പേരിലേക്കും, 9 രോഗികൾക്കു് 27 പേരിലേക്കും, 27 രോഗികൾക്കു് 81 പേരിലേക്കും പകരാൻ കഴിയുന്ന ഒരു രോഗമാണു് COVID -19. “എക്സ്പൊണെൻഷ്യൽ” ആയ വളർച്ച!
ഗണിതശാസ്ത്രജ്ഞർ അവരുടെ സുബോധാവസ്ഥയിൽ ഈ പ്രതിഭാസത്തെ “exponential series” എന്നറിയപ്പെടുന്ന ഒരു സൂത്രത്തിലൂടെ കണക്കുകൂട്ടി തിട്ടപ്പെടുത്താറുണ്ടു്. സാമാന്യജീവിതത്തിൽ, വീട്ടമ്മമാർ ഉറയൊഴിച്ചു് തൈരോ മോരോ ഒക്കെ ഉണ്ടാക്കുന്ന കലയിൽ മാത്രമല്ല, പ്രകൃതിയിലെ മറ്റനേകം പ്രതിഭാസങ്ങളിലും എക്സ്പൊണെൻഷ്യൽ ആയുള്ള പെരുകൽ കാണാൻ കഴിയും. തനിക്കനുയോജ്യമായ ഒരു മീഡിയത്തിൽ, പുഷ്പകവിമാനത്തിന്റെ വേഗതയിൽ പകർന്നുപകർന്നു്, കവർന്നുകവർന്നു്, സ്വാധീനിച്ചുസ്വാധീനിച്ചു്, പകരാനോ കവരാനോ സ്വാധീനിക്കാനോ സാദ്ധ്യതകളൊന്നുമില്ലാത്ത നിലയിൽ സാച്ചുറേറ്റഡ് ആയി, അതിന്റെ പീക്ക് വാല്യൂവിൽ എത്തിക്കഴിഞ്ഞാൽ, ബന്ധപ്പെട്ട ബാക്ടീരിയയും വൈറസുകളും, “ഇനി ആരെക്കൊണ്ടീപ്പാണൻ പാടും തമ്പ്രാ” എന്ന സില്മാപ്പാട്ടുപോലെ, ആദ്യം അല്പം സ്റ്റാറ്റസ് ക്വോ പാലിക്കുക, പിന്നെ സാവകാശം ജീർണ്ണിച്ചു് X-axis എന്നറിയപ്പെടുന്ന ഹൊറിസോണ്ടൽ ആക്സിസിലേക്കു് മടങ്ങി നിർവ്വാണമടയാൻ ശ്രമിക്കുക എന്നതാണു് പ്രകൃതിയിലെ എക്സ്പൊണെൻഷ്യൽ പ്രതിഭാസങ്ങളുടെ ഒരു പൊതുരീതി. ദിവസങ്ങളോ, മാസങ്ങളോ വർഷങ്ങളോ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ എടുത്തു് ജീർണ്ണിക്കുന്ന വിവിധയിനം പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടു്.
എവൊല്യൂഷൻ വഴി, എളുപ്പവഴിയെ ഒഴുകുക, അഥവാ കഴിയുന്നത്ര ലീനിയറായി ചിന്തിക്കുക എന്ന രീതി ശീലിച്ച മനുഷ്യന്റെ തലച്ചോറിനു് കൊറോണ വൈറസിന്റെ എക്സ്പൊണെൻഷ്യലായ വളർച്ച ഉൾക്കൊള്ളൽ അത്ര എളുപ്പമല്ല. എങ്കിലും, ചിന്താപരമായ മിക്കവാറും എല്ലാ കാര്യങ്ങളുമെന്നപോലെതന്നെ, ഇതും ശീലിക്കാവുന്നതേയുള്ളു. പക്ഷേ, അശ്രദ്ധ മൂലം, COVID -19 പിടികൂടി ചത്തുപോയാൽ അതിനായാലും പറ്റില്ല. ചത്തവർക്കു് അവരവരുടെ കയ്യിലിരിപ്പനുസരിച്ചു് സ്വർഗ്ഗത്തിലോ നരകത്തിലോ ത്രിശങ്കുസ്വർഗ്ഗത്തിലോ പോകാൻ കഴിയുമെങ്കിലും, എക്സ്പൊണെൻഷ്യലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ കഴിയില്ല.
എക്സ്പൊണെൻഷ്യലായ വളർച്ച എന്ന ഡിങ്കോൾഫിയെ സാമൂഹികപരിഷ്കരണത്തിനായി ഉപയോഗിച്ച ഒരു ബ്രാഹ്മണപ്പയ്യനെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ടു് ഇന്നത്തെ കഥാപ്രസംഗം അവസാനിപ്പിച്ചേക്കാം:
ഇൻഡ്യക്കാരനായ സിസ്സ എന്നൊരു ബ്രാഹ്മണപുത്രൻ A. D. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ കണ്ടുപിടിച്ചതാണു് ചതുരംഗക്കളി. സ്വേച്ഛാധിപതിയും ജനപീഡകനുമായിരുന്ന ഷിഹ്റാം എന്ന രാജാവിന്റെ ഭരണം വഴി മനുഷ്യർ ദുരിതത്തിലാണ്ടപ്പോൾ, രാജ്യത്തെ പ്രധാന വ്യക്തിയെങ്കിലും, കർഷകരുടെയും സമൂഹത്തിലെ മറ്റംഗങ്ങളുടെയും സഹായമില്ലെങ്കിൽ രാജാവു് ഒന്നുമല്ലെന്ന കേവലസത്യം ഷിഹ്റാമിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നു് ഐതിഹ്യം. ചതുരംഗത്തിൽ ആകൃഷ്ടനാവുകയും, കാര്യം മനസ്സിലാക്കി മര്യാദക്കാരനാവുകയും ചെയ്ത ഷിഹ്റാം, സിസ്സയ്ക്ക് എന്തു് പ്രതിഫലം വേണമെങ്കിലും നൽകാൻ തയ്യാറായി. പക്ഷേ, പ്രതിഫലമായി തനിക്കു് കുറച്ചു് അരിമണികൾ മതിയെന്നും, അവ ചതുരംഗപ്പലകയുടെ ഒന്നാമത്തെ കളത്തിൽ ഒരു അരിമണി, രണ്ടാമത്തെ കളത്തിൽ അതിന്റെ ഇരട്ടിയായ രണ്ടു് അരിമണികൾ, മൂന്നാമത്തെ കളത്തിൽ അതിന്റെയും ഇരട്ടിയായ നാലു് അരിമണികൾ എന്നിങ്ങനെ ഓരോ കളത്തിലും അതിനു് തൊട്ടുമുൻപത്തേതിന്റെ ഇരട്ടി എന്നനിലയിൽ, ചതുരംഗപ്പലകയുടെ മൊത്തം 64 കളങ്ങൾക്കുമൊപ്പിച്ചു് തന്നാൽ മതിയെന്നുമായിരുന്നു സിസ്സയുടെ അപേക്ഷ.
തന്നെപ്പോലെ സർവ്വശക്തനായ ഒരു രാജാവിനോടു് ഇത്ര നിസ്സാരമായ ഒരു പ്രതിഫലം ചോദിച്ചതു് , മറ്റേതൊരു മെഗലൊമാനിയാക്കിനെയും പോലെ, ഷിഹ്റാക്കും രസിച്ചില്ല. ഈ രാജകീയരസക്കേടിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, രാജ്യസഭാംഗത്വം അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് പഞ്ചായത്തംഗമായാൽ മതിയെന്നു് പറയുന്നതും, വനിതാകമ്മീഷൻ അദ്ധ്യക്ഷ എന്ന പദവി അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതിപ്രകാരം തെങ്ങുകളുടെ ചോടു് വകയുന്നവരുടെ അദ്ധ്യക്ഷ എന്ന പദവി മതിയെന്നു് പറയുന്നതും രാജദ്രോഹമാണു്, “lèse majesté” എന്ന കുറ്റകൃത്യമാണു്.
എങ്കിലും, കല്പനകൾ കല്ലിനെ പിളർക്കാൻ മാത്രമല്ല, അരിമണിയെ എണ്ണാനും പ്രാപ്തമായിരിക്കണം എന്നതിനാൽ, “നിന്റെ ആഗ്രഹം എനിക്കു് കല്പന” എന്ന തത്വപ്രകാരം, “അവന്റെ ഇഷ്ടപ്രകാരം അവനു് ഭവിക്കട്ടെ” എന്നു് ഷിഹ്റ കല്പന പുറപ്പെടുവിച്ചു. പതിവുപോലെ, രാജകല്പന കേട്ടപാതി കേൾക്കാത്ത പാതി, രാജധാനിയുടെ ക്രമപരമായ ചലനത്തിനു് ഉത്തരവാദികളായ ഉത്തോലകങ്ങൾ മൊത്തമായും ചില്ലറയായും തത്സമയം ആക്ടീവായി അരിമണികളെ ചതുരംഗക്കളങ്ങളിൽ ഗണിതാനുസൃതം ക്രമീകരിക്കാൻ തുടങ്ങി.
സിസ്സയുടെ ആഗ്രഹപ്രകാരം, 64 കളങ്ങൾ നിറയ്ക്കാൻ ആവശ്യമായ അരിമണികളുടെ എണ്ണം പതിനെട്ടിനോടു് പതിനെട്ടു് പൂജ്യങ്ങൾ ചേർത്താൽ കിട്ടുന്ന ഒരു സംഖ്യയാണു് (കൃത്യമായി: 18,446,744,073,709,551,615). ആയിരം അരിമണികൾക്കു് ഏകദേശം 40 ഗ്രാം തൂക്കം വരുമെന്നു് കരുതിയാൽ, ചതുരംഗപ്പലകയിൽ ഉണ്ടായിരിക്കേണ്ട മൊത്തം അരിമണികളുടെ തൂക്കം 730 ബില്യൺ ടൺ ആണു്. അതു് 2018 -19 “അരിവർഷത്തിൽ” ലോകത്തിൽ മൊത്തം ഉത്പാദിപ്പിക്കപ്പെട്ട അരിയുടെ തൂക്കത്തിന്റെ ഏകദേശം 1500 ഇരട്ടിയാണു്!
സിസ്സ കുഴിച്ച കുയ്യാനക്കുയിയിൽ വീണു് രാജാവു് മയ്യത്തായി തന്റെയും കുടുംബത്തിന്റെയും കഞ്ഞികുടി മുട്ടിപ്പോകാതിരിക്കാൻ രാജധാനിയിലെ ഗണിതമഹോപാദ്ധ്യായന്‍, സ്വതസിദ്ധമായ തന്റെ ബ്യുറോക്രാറ്റിക് ഇൻസ്റ്റിൻക്റ്റ്‌ ഉപയോഗിച്ചു്, ഷിഹ്റയെ ഇങ്ങനെ ഉപദേശിച്ചത്രെ!: കളങ്ങളിൽ അണിനിരത്തപ്പെടുന്ന അരിമണികളെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ സിസ്സയോടു് കർശനമായി കല്പിക്കുക! – ഐതിഹ്യമാല 02.
ഹാപ്പി മാലപൊട്ടിക്കൽ!!

 
Leave a comment

Posted by on Mar 20, 2020 in Uncategorized

 

ഫെയ്സ്ബുക്കും മുടിവെട്ടുംഫെയ്സ്ബുക്കിൽ എന്തെങ്കിലും കുറിച്ചിട്ടു് രണ്ടാഴ്ചയിലേറെയായി. ഇങ്ങനെ ഉത്തരവാദിത്വമോ ബോധമോ ഇല്ലാതെ ഹോളണ്ടിലും ജപ്പാനിലും വെള്ളം പൊങ്ങുന്നതും താഴുന്നതും കണ്ടു് കാള കളിച്ചു് നടന്നാൽ എന്റെ കഥ എവിടെച്ചെന്നു് അവസാനിക്കുമെന്നു് എനിക്കറിയില്ല. കാര്യങ്ങൾ അടപടലേ അവതാളത്തിൽ ആയി എന്റെ കാര്യം പോക്കാതിരിക്കണമെങ്കിൽ ഞാൻതന്നെ എനിക്കെതിരെ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടിയും – തന്റെ ഏതോ കേസിന്റെ വാദസംബന്ധമായി പിണറായി വിജയൻ ആരെയോ ഭീഷണിപ്പെടുത്തിയതായി എവിടെയോ വായിച്ചതുപോലെ – ഞാൻതന്നെ കോടതിയിൽ നേരിട്ടു് ഹാജരായി എനിക്കെതിരെ വാദമുഖങ്ങൾ നിരത്തേണ്ടിയും വരുമെന്നതാണു് ഇപ്പോഴത്തെ അവസ്ഥ. ഭീമമായ ഇത്തരം നാറ്റക്കേസുകൾ ഏറ്റെടുത്തു് വാദിക്കാൻ ഭീമന്മാരായ വക്കീലരെ തയ്യാറാകൂ. ഭീമന്മാരായ വക്കീലർ ഭീമമായ ഫീസും ആവശ്യപ്പെടുമെന്നതൊരു പ്രശ്നമാണു്. ഒന്നുകിൽ ബക്കറ്റു് പിരിവു്, അല്ലെങ്കിൽ എണ്ണപ്പണം, അതുമല്ലെങ്കിൽ സ്വയംവാദം. വേറെ വഴിയില്ല. എന്നെ സംബന്ധിച്ചു് ബക്കറ്റു് പിരിവും എണ്ണപ്പണവും പരിഗണനാർഹം പോലുമല്ലാത്ത കാര്യങ്ങളായതിനാൽ ഞാൻതന്നെ കേസ് കൊടുക്കുകയും ഞാൻതന്നെ എനിക്കെതിരായി വാദിക്കുകയും ചെയ്യുക എന്നൊരു ഓപ്ഷനേ ബാക്കിയുള്ളു.

സ്വന്തം നിലനില്പു് അപകടത്തിലാണെന്നു് തോന്നിയാൽ എന്തു് തീവെട്ടിക്കൊള്ളയും ചെയ്യാൻ മടിക്കുന്നവരല്ല മനുഷ്യർ. അക്കാര്യത്തിൽ നാച്ചുറൽ പേഴ്സൺസെന്നോ, സൂപ്പർനാച്ചുറൽ പേഴ്സൺസെന്നോ, വെരി വെരി “ഇംപൊട്ടെന്റ് ” പേഴ്സൺസെന്നോ ഉള്ള വ്യത്യാസങ്ങളൊന്നുമില്ല. രാഷ്ട്രീയത്തിൽ, പാർട്ടിയുടെയും അതുവഴി നേതാക്കളുടെയും നിലനില്പുമായി അവിഹിതബന്ധം, സോറി, അവിഭാജ്യബന്ധം പുലർത്തുന്ന “നംബർ വൺ” ഘടകമാണു് വോട്ടുബാങ്കു്. വോട്ടില്ലെങ്കിൽ പാർട്ടിയില്ല, പാർട്ടിയില്ലെങ്കിൽ രാജാപ്പാർട്ടുകളുമില്ല. വോട്ടിനുവേണ്ടി ഞങ്ങൾ ആരുടെയും തിണ്ണ നിരങ്ങില്ല എന്നു് പ്രസംഗിച്ചുകൊണ്ടു് ഏതു് തിണ്ണയും നിരങ്ങാൻ രാജാപ്പാർട്ടുകൾക്കു് നാടുനീളെ നെട്ടോട്ടമോടേണ്ടിവരുന്നതു് ഈ ഗതികേടു് മൂലമാണു്. അണികൾക്കു് മുന്നിൽ കടുവകളിയും, വോട്ടുബാങ്കിനു് മുന്നിൽ കുരങ്ങുകളിയുമായി മുടങ്ങാതെ ചാടിക്കളിച്ചുക്കൊണ്ടിരിക്കേണ്ടതു് രാജാപ്പാർട്ടുകളുടെ നിലനില്പിന്റെ പ്രശ്നമാണു്. പണത്തിനു് നാറ്റമില്ലാത്തതുപോലെ, അഥവാ ഉണ്ടെങ്കിൽത്തന്നെ, മൂക്കിനു് ആ നാറ്റം അനുഭവവേദ്യമാകാത്തതുപോലെ, വോട്ടുബാങ്കിനു് അയിത്തവുമില്ല. മതം, ജാതി, വർണ്ണം, വർഗ്ഗം, ലിംഗം, സ്ഫുലിംഗം തുടങ്ങിയ സനാതനവും സാംസ്കാരികവുമായ സംജ്ഞകൾക്കു് സാമൂഹികാംഗങ്ങൾ പോളിങ് ബൂത്തിനു് വെളിയിൽ നൽകുന്നത്ര പ്രാധാന്യമോ പ്രസക്തിയോ മനുഷ്യശൃംഖലയുടെയിടയിലോ ബൂത്തിന്റെയുള്ളിലോ ഇല്ല.

സ്വതസിദ്ധമായ കിലുക്കത്തിലൂടെ അടിമകളെയും ഭ്രാന്തരെയും തിരിച്ചറിയാനുള്ള ഐഡന്റിറ്റി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള ചങ്ങലകളെ മനുഷ്യർ പൊട്ടിച്ചോ കടിച്ചുപറിച്ചോ എറിയണമെന്നു് സഖാവു് കാൾ മാർക്സും, തുടിപ്പുറത്തു് കോലുവയ്ക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷയുടെ പേരിൽ മുറത്തിന്റെ വലിപ്പത്തിലുള്ള ഐഡന്റിറ്റി കാർഡുകൾ നെഞ്ചത്തു് തൂക്കിയിട്ടുനടക്കുന്നതു് അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളമാണെങ്കിലും, NRC, NPR തുടങ്ങിയവയുടെ പേരിൽ, മതമോ രാഷ്ട്രീയമോ ഇല്ലാത്തവരും, തന്മൂലം സർവ്വമാനമായ തന്ത്രങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയവരുമായ മനുഷ്യർ അവർ ആരെന്നു് ഐഡന്റിഫൈ ചെയ്യാൻ ആവശ്യമായ ആവക കാർഡുകളോ രേഖകളോ പോക്കറ്റിൽ സൂക്ഷിക്കുന്നതു്, ഭാരതത്തിൽ പത്തെഴുപതു് വർഷങ്ങളായി പൂത്തുലയുന്ന ഡെമോക്രസിയുടെ ചരമഗീതം പാടലാണെന്നതിനാൽ, മനുഷ്യർ “ശൃംഖലകങ്ങൾ” ആയി അതിനെതിരെ മുഷ്ടിചുരുട്ടി പ്രതികരിക്കണമെന്നു് മാർക്സിസ്റ്റുകളും ഇസ്ലാമിസ്റ്റുകളുമെല്ലാം ആഹ്വാനം ചെയ്യുന്നതും അവരുടെ സ്വന്തം വയറ്റിൽപിഴപ്പു് അപകടത്തിലായേക്കുമോ എന്ന ഭയം മണക്കുന്നതുകൊണ്ടാണു്.

മുഷ്ടി നിവർത്തിപ്പിടിച്ചു് നീട്ടിയാൽ അതു് “Hitler Gruß” ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതുകൊണ്ടാണു് ശൃംഖലക്കാർ മുഷ്ടി ചുരുട്ടിപ്പിടിച്ചു് നീട്ടുന്നതു്. ഫാഷിസത്തിനെതിരായി പൊരുതുന്നവർ ഫാഷിസത്തിന്റെ മുത്തപ്പന്മാരാണെന്ന തോന്നൽ കാഴ്ചക്കാരിൽ ഉണ്ടാവരുതല്ലോ. ശൃംഖലയിൽ കൊളുത്തിപ്പിടിച്ചു് കിടക്കുന്നവരിൽ ഭൂരിഭാഗവും NRC എന്തെന്നോ, NPR എന്തെന്നോ അറിയാൻ ആഗ്രഹമോ അതിനുള്ള കഴിവോ ഉളളവരല്ല. എഴുപതു് ലക്ഷത്തിൽ അത്തരം എഴുപതു് പേരെ കണ്ടെത്തിയാൽ ഭാഗ്യം. നമ്മളെ ഇൻഡ്യയിൽ നിന്നും ഓടിക്കാനുള്ള നിയമങ്ങളാണു് ABC, DEF, LMN തുടങ്ങിയവയെന്നും അതിനെതിരെ മനുഷ്യമതിൽ പണിയണമെന്നും, മനുഷ്യച്ചങ്ങല തീർക്കണമെന്നും വിപ്ലവനേതാക്കൾ പറഞ്ഞാൽ അവർ മനുഷ്യമതിൽ പണിതിരിക്കും, മനുഷ്യച്ചങ്ങല തീർത്തിരിക്കും. നേതാക്കൾ അവരുടെ സ്വന്തം ഭയം അണികളിലേക്കു് ഒളിച്ചുകടത്തിയാൽ മതി, ബാക്കി കലാപരിപാടികൾ അണികൾ ഏറ്റെടുത്തുകൊള്ളും. കൂവുക, കൊക്കുക, കൊല്ലുക, ചാവുക തുടങ്ങിയവ അണികളുടെ ചുമതലകളാണു്.

പുകമണമേറ്റാൽ തേനീച്ചകളും ഭയമണമേറ്റാൽ മനുഷ്യരും ഇളകും. ജനത്തെ ശത്രുചിത്രങ്ങൾ കാട്ടി ഭയപ്പെടുത്തുന്നതു് ലോകചരിത്രത്തിൽ എന്നും വിജയം കണ്ടിട്ടുള്ള ഒരു ചൂഷണോപാധിയാണു്. ജനം എത്ര അജ്ഞരാണോ അത്ര എളുപ്പം നടപ്പാക്കാൻ കഴിയുന്ന “നംബർ വൺ” ചൂഷണോപാധി! ഇൻഡ്യൻ പാർലമെന്റ് പാസ്സാക്കുന്ന ഒരു നിയമം ഇൻഡ്യാക്കാരെ പുറത്താക്കാനുള്ളതാണെങ്കിൽ അതിനെതിരായി മുൻനിരയിൽ അണിനിരക്കാൻ തയ്യാറുള്ള ജനകോടികളെ ശൃംഖലകളിലൂടെയും മുഷ്ടിചുരുട്ടലുകളിലൂടെയും ഭീഷണിപ്പെടുത്തി എതിരാളികളാക്കിമാറ്റി വെറുപ്പിക്കാൻ ചില്ലറ അജ്ഞതയൊന്നും ഉണ്ടായാൽ പോരാ.

പൂരിതലായനി പോലെയാണു് മനുഷ്യരുടെ അവസ്ഥ. ഉദാഹരണത്തിനു്, ഒരു നിശ്ചിത അളവു് വെള്ളത്തിൽ ലയിക്കാൻ കഴിയുന്ന കറിയുപ്പിന്റെ അളവിനു് പരിധിയുണ്ടു്. ആ പരമാവധി അളവെത്തി പൂരിതമായിത്തീർന്ന ലായനിയിലേക്കു് കൂടുതൽ ഉപ്പു് ചേർക്കാനുള്ള ശ്രമം സാധാരണ അന്തരീക്ഷമർദ്ദത്തിന്റെയും ഊഷ്മാവിന്റെയും അവസ്ഥയിൽ പരാജയപ്പെടുകയേയുള്ളു. ബാല്യത്തിലേതന്നെ ഐഡിയോളജികളോ വിശ്വാസപ്രമാണങ്ങളോ വഴി പൂരിതമാക്കപ്പെടുന്ന തലകളും ഏകദേശം അതുപോലെതന്നെയാണു്. അന്യമായ ചിന്താസരണികൾ സ്വന്തം തലയിലേക്കു് ഒരിക്കലും പ്രവേശിക്കാതിരിക്കാൻ മരണംവരെ പൊരുതുന്നവരായിരിക്കും അവർ. ഐഡിയോളജിക്കൽ സാച്ചുറേഷനെ എപ്പിസ്റ്റമൊളോജിക്കൽ പെർഫെക്ഷനായി തെറ്റിദ്ധരിക്കുന്നവരെ അവരുടെ ചിന്താപരമായ കർക്കശത്വത്തിൽ നിന്നും മോചിപ്പിക്കാനാവില്ല.

130 കോടി ജനങ്ങളിലും ഒരുവനു് വേണ്ടതു് തലച്ചോറു് കരിഞ്ഞുപോയ ഏതാനും വാണബി പണ്ഡിതരുടെ വായാടിത്തങ്ങളാണെങ്കിൽ ജീവിതകാലം മുഴുവൻ ആ വായ്നാറ്റങ്ങൾ തേടി തീർത്ഥാടനം ചെയ്തുകൊണ്ടിരിക്കാനേ അവനു് കഴിയൂ. അവന്റെ ഉത്തമബോദ്ധ്യത്തിൽ, അറിവിന്റെ പൂർണ്ണതയുടെ ലോകത്തിലാണു് അവൻ ചലിച്ചുകൊണ്ടിരിക്കുന്നതു് എന്നതിനാൽ അതിലൊരു വ്യതിചലനം വരുത്തുക എന്നതു് അവനെ സംബന്ധിച്ചു് അങ്ങേയറ്റം അബ്സേർഡ് ആയ കാര്യമായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

അജ്ഞതയിൽ നിന്നും മോചനം നേടാൻ കഴിഞ്ഞിടങ്ങളിലെല്ലാം, എക്സ്പെർട്ടുകളായി ചമയുന്നവർ “ഇപ്പൊ ശരിയാക്കിത്തരാം” എന്ന മോഹനവാഗ്ദാനവുമായി ജനങ്ങളിൽ നിന്നും വായ്പ വാങ്ങുന്ന ആ പഴയ ചെറിയ സ്പാനർ അവരെ പിടിച്ചുനിർത്തി തിരിച്ചുവാങ്ങാൻ ജനം മടിച്ചിട്ടില്ല. ഊരാളി ഷാജികളുടെ കണ്ണുകൾക്കു് കാണാൻ കഴിയാത്തവിധം നേതാക്കൾ മറച്ചുവച്ചിരിക്കുന്ന അവരുടെ “നംബർ ടൂകൾ” കാണാനുള്ള ശേഷി ജനം കൈവരിക്കുന്നതോടെ അവസാനിക്കുന്നവയാണു് രാഷ്ട്രീയവും മതപരവും സാംസ്കാരികവുമായ തലങ്ങളിലെ ചൂഷകനായകർ ആവർത്തിച്ചവതരിപ്പിച്ചു് ജനത്തെ പൊട്ടൻ കളിപ്പിക്കുന്ന, ചെറിയ സ്പാനർകൊണ്ടുള്ള അവരുടെ രക്ഷാമാർഗ്ഗകള്ളക്കളികൾ.

മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നും, പെട്ടാൽ പിടയ്ക്കണമെന്നും മറ്റുമുള്ള മൊഴിമുത്തുകൾ കേൾക്കാത്തവരുണ്ടാകില്ല. ഒരു മതവിശ്വാസത്തിനു് എതിരായ കോടതിവിധി നടപ്പാക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും, ഒരു മതവിശ്വാസത്തിനും എതിരല്ലാത്ത കോടതിവിധിയോ നിയമമോ നടപ്പാക്കാതിരിക്കാൻ “ശൃംഖലകങ്ങൾ” ആകുന്നതും തമ്മിൽ ഭൗതികാത്മകമായി വൈരുദ്ധ്യമുണ്ടെന്നു് പ്രഥമദൃഷ്ട്യാ തോന്നിയേക്കാമെങ്കിലും, അവ തമ്മിലുള്ള അന്തർധാര ഹാർമോണിയസായതിനാൽ അതൊരു വലിയ ഇഷ്യു ആക്കേണ്ട കാര്യമില്ല. അജണ്ടയും പ്രൊപഗാണ്ടയും പരസ്പരപൂരകങ്ങളായി പുരോഗമിച്ചാലേ ചൂഷണകലയ്ക്കു് അതിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരാൻ കഴിയൂ.

എന്തായിരുന്നു ഞാൻ പറഞ്ഞുതുടങ്ങിയതു്? അതേ, പെൻഡിങ്ങിലായിപ്പോയ ഫെയ്സ്ബുക്ക് കുറിപ്പുകൾ. രാവിലെ മെയിൽ ചെക്ക് ചെയ്യുന്നതിനോടൊപ്പം ഫെയ്സ്ബുക്ക് സ്ട്രീമിലും ഒന്നു് കണ്ണോടിക്കുക എന്നതു് എന്നെ സംബന്ധിച്ചു് ഒരാചാരമോ, ഒബ്ലിഗേറ്ററിയായ ഒരു ഡ്യൂട്ടിയോ പോലെ ആയിത്തീർന്നിട്ടുണ്ടു്. ഫെയ്സ്ബുക്കിൽ What’s on your mind? എന്ന, സുക്കർബർഗിന്റെ ആത്മാർത്ഥമായ ചോദ്യം കാണുമ്പോഴെല്ലാം ഞാൻ റ്റി. എൻ. ശേഷനെ ഓർമ്മിക്കാറുണ്ടു്. “A Heart Full of Burden” ആയിരുന്നു ശേഷനെ അലട്ടിയിരുന്ന അസ്തിത്വദുഃഖം. “A Head Full of Burden” ആണു് എന്നെ അലട്ടുന്ന അസ്തിത്വദുഃഖം. ശേഷനെ അലട്ടിയിരുന്നതു് ഹൃദയഭാരമായിരുന്നെങ്കിൽ, എന്നെ അലട്ടുന്നതു് മസ്തിഷ്കഭാരമാണു്.

അതിൽ അത്ഭുതമില്ല. ഞാൻ പ്രസവിക്കപ്പെട്ടപ്പോൾ എനിക്കു് ഇരട്ടത്തലയായിരുന്നെന്നും (തലയുടെ മുകളിലെ ഒരു ഭാഗം അതിക്രമമായി അല്പം മുഴച്ചിരുന്നു എന്നു് നോൺ-ഫിക്ഷൻ), സ്ത്രീസഹജമാകാൻ സാദ്ധ്യതയുള്ള ആയുർവ്വേദവിധിപ്രകാരം, അമ്മ കുളിപ്പിക്കൽസമയങ്ങളിൽ മുടക്കമില്ലാതെ തിരുമ്മിത്തിരുമ്മി എന്റെ തലയെ ഇന്നത്തെ അതിന്റെ ഭൗതികമായ ബാഹ്യാവസ്ഥയിൽ എത്തിക്കുകയായിരുന്നെന്നും, മുസ്ലീമും, ബെർബെറും, മൊറോക്കൻ സ്കോളറുമായിരുന്ന ജനാബ് ഇബ്ൻ ബത്തൂത്ത AD 1344-ൽ കോഴിക്കോടുനിന്നും കൊല്ലത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്രാമദ്ധ്യേ, എന്നെ പ്രസവമെടുത്ത വയറ്റാട്ടിയുമായി നടത്തിയ ഒരു ഇന്റർവ്യൂവഴി മനസ്സിലാക്കിയതായി പ്രസിദ്ധമായ തന്റെ കേരളയാത്രാവിവരണത്തിൽ വെളിപ്പെടുത്തുന്നുണ്ടു്. റ്റി. എൻ. ശേഷന്റെ ഹൃദയഭാരത്തിൽ നിന്നും വ്യത്യസ്തമായി, എന്റേതു് മസ്തിഷ്കഭാരമായിരിക്കുന്നതു് ചരിത്രപരമായ കാരണങ്ങളാലാണു്. അതെന്തായാലും, പുലയനാർ മണിയമ്മമാരും, പൂമുല്ലക്കാവിലമ്മമാരും, കലമാന്റെ മിഴിയുള്ള കല്ലിവല്ലികളും കണ്ടാൽ (“ഛെ! ഗുവാര” എന്നു് പറഞ്ഞു്) മുഖം തിരിക്കാത്ത പരുവത്തിൽ എന്റെ തലയെ മാറ്റിയെടുത്ത അമ്മക്കു് നന്ദി!

യാത്രാമദ്ധ്യേ താൻ നങ്ങേലിയെ സന്ദർശിച്ചതായും ജനാബ് ഇബ്ൻ ബത്തൂത്ത തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടു്. നങ്ങേലി തന്റെ മാറിടങ്ങളുടെ മദ്ധ്യബിന്ദുക്കളെ കേന്ദ്രബിന്ദുക്കളാക്കി ഡ്രോയിങ് കോമ്പസ്സുപയോഗിച്ചു് തുല്യവ്യാസമുള്ള വൃത്തങ്ങൾ വരച്ചുകൊണ്ടിരുന്നപ്പോഴാണു് അദ്ദേഹം അവളുടെ വീട്ടിലെത്തിയതു്. മുലകൾ ഇത്ര കൃത്യമായി അളന്നു് മുറിക്കേണ്ടതുണ്ടോ എന്ന ബത്തൂത്തയുടെ ജിജ്ഞാസക്കു് അവൾ ഇങ്ങനെയാണു് മറുപടി പറഞ്ഞതു്: “ഒരു കാലത്തു് പിണറായി വിജയൻ എന്ന അതിശക്തനായൊരു ഭരണാധികാരി കേരളം ഭരിക്കും. അക്കാലത്തു് കേരളത്തിലെ മാനുഷരെല്ലാരും മാവേലിയുടെ ഭരണകാലത്തെ തോല്പിക്കുന്നവിധം ഒന്നായിരിക്കും. കള്ളമോ ചതിയോ മറ്റിനം കള്ളത്തരങ്ങളോ ഒന്നുമില്ലാത്ത ആ സുവർണ്ണഭരണകാലത്തു് ജനം മനുഷ്യമതിലുകൾ പണിയും, മനുഷ്യശൃംഖലകൾ തീർക്കും, മരടുകൾ പൊളിയും, നവോത്ഥാനം വിരിയും. നവോത്ഥാനകലാകാരന്മാർ അവരുടെ ശ്രദ്ധ മുഴുവൻ ഞാൻ മുറിച്ചെറിഞ്ഞ എന്റെ മുലകളിലേക്കു് തിരിക്കുകയും എന്റെ മുലകളുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്യുമ്പോൾ അവ ഗണിതശാസ്ത്രപരമായ കൃത്യതയുള്ള വൃത്തദ്വന്ദ്വങ്ങൾ ആയിരിക്കേണ്ടതുണ്ടു്”.

ഇന്നലെ ഞാൻ എന്റെ മുടി വെട്ടി. വെറും വെട്ടലായിരുന്നില്ല, വെട്ടലും കത്രിക്കലും ചീകലും വടിക്കലുമെല്ലാം ചേർന്ന സമഗ്രമായ ഒരു കർമ്മമായിരുന്നു അതു്. എന്റെ കോളെജ് കാലത്തു് മുടിയും കൃതാവുമെല്ലാം നീട്ടുന്നതു് ഒരു ഫാഷനായിരുന്നു. മുടി ആരും നീട്ടുകയല്ല, സ്വയം നീളുകയാണു്. അതുകൊണ്ടാണു് നീളുക എന്നതു് അകർമ്മകക്രിയയും, നീട്ടുക എന്നതു് സകർമ്മകക്രിയയും ആകുന്നതു്. എവിടെയെങ്കിലും ഒരു ക്രിയ നടന്നാൽ ഉടനെതന്നെ കേരളപാണിനി അവിടെയെത്തി “ആരെ?” അല്ലെങ്കിൽ “എന്തിനെ?” എന്നു് ചോദിക്കും. ആ ചോദ്യത്തിനു് തൃപ്തികരമായ ഒരു മറുപടിയുണ്ടെങ്കിൽ ആ ക്രിയയെ സകർമ്മകമെന്നും ഇല്ലെങ്കിൽ അകർമ്മകമെന്നും വിധിയെഴുതിയശേഷം അങ്ങേർ അടുത്ത ക്രിയയെ തേടി പോകും. അവിടെയും നടപടിക്രമങ്ങൾ ഇതുതന്നെ. കേരളപാണിനിയുടെ വിധി അന്തിമമാണു്. അതിനെതിരെ അപ്പീൽ പോകാൻ ഇതുവരെ ആരും ധൈര്യപ്പെട്ടിട്ടില്ല. ജീവിച്ചിരിക്കുന്ന മനുഷ്യർ അവരുടെ മരിച്ചവർക്കുവേണ്ടി ചെയ്യേണ്ടുന്ന ഉദകക്രിയകളും, സ്കൂളിൽ ഗണിതശാസ്ത്രവിദ്യാർത്ഥികൾ ചെയ്യേണ്ടുന്ന ചിലയിനം ക്രിയകളുമുണ്ടു്. ആ വിഷയങ്ങൾ നമ്മൾ ലാസ്റ്റ് സെമസ്റ്ററിൽ പഠിക്കും.

മുടി സ്വയം നീളുന്നതുകൊണ്ടാണു് ഇടയ്ക്കിടെ സ്വയം വെട്ടുകയോ ആരെക്കൊണ്ടെങ്കിലും വെട്ടിക്കുകയോ ചെയ്യേണ്ടിവരുന്നതു്. മുടി മനുഷ്യർ ബോധപൂർവ്വം നീട്ടുകയായിരുന്നെങ്കിൽ, എന്റെ മുടി ഞാനിനി നീട്ടുന്നില്ല എന്നു് ഒരു മനുഷ്യൻ ബോധപൂർവ്വം തീരുമാനിച്ചാൽ പിന്നെ നീളാൻ മുടിക്കു് കഴിയുമായിരുന്നില്ല. നിരന്തരം നീളാനല്ലാതെ, നീളാതിരിക്കാൻ മുടിയ്ക്കു് ആവതില്ല. നീളൽ മടുക്കുമ്പോൾ എന്നേക്കുമായി കൊഴിഞ്ഞൊഴിഞ്ഞു് തലയോടു് വിട പറയുന്നതിനുള്ള സ്വാതന്ത്ര്യം മുടികൾക്കുണ്ടു്. അതു് നിയമവ്യവസ്ഥയിലെ മറ്റൊരു വകുപ്പാണു്.

പരസഹായമില്ലാതെ മുടി വെട്ടാനുള്ള തീരുമാനം കൈക്കൊണ്ടപ്പോൾ ഞാൻ രണ്ടാം വർഷം എൻജിനിയറിങ്ങിനു് പഠിക്കുകയായിരുന്നു. കത്രികയുമായി അധികം ആഴത്തിലേക്കു് പോകാതെ ഉപരിപ്ലവമായ ഒരു മിനുക്കൽ മാത്രം മതിയെങ്കിൽ “ഒന്നു് ഡ്രസ്സ് ചെയ്താൽമതി” എന്നു് ബാർബറോടു് പറയുന്നതായിരുന്നു രീതി. ഇന്നും അതുതന്നെയാണോ രീതി എന്നറിയില്ല. നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയശേഷം ഇതുവരെ ബാർബർ ഷോപ്പിൽ കയറിയിട്ടില്ലാത്ത ഞാൻ അതെങ്ങനെ അറിയാൻ? ഇന്നു് കട്ടിങ്ങും ഷേവിങ്ങും തരപ്പെടുത്താൻ ഹോട്ടലിൽ കയറിയാലും മതിയെന്നു് കേൾക്കുന്നു. ഒന്നു് ഡ്രസ്സ് ചെയ്യിച്ചേക്കാം എന്നു് കരുതിയാണു്, അതെന്റെ ജീവിതത്തിലെ അവസാനത്തെ ക്ഷൗരക്കട സന്ദർശനമാണെന്നറിയാതെ, ഞാനന്നു് ബാർബർ ഷോപ്പിൽ കയറിയതു്. പക്ഷേ, പറ്റെയോ മൊട്ടയോ എന്നു് കൃത്യമായി പറയാൻ കഴിയാത്ത ഒരു പ്രത്യേക അവസ്ഥയിലേക്കു് ആ ബാർബർ എന്റെ തലയെ കൊണ്ടെത്തിച്ചുകളഞ്ഞു! ബീറ്റിൽസിനോടും ഹിപ്പികളോടും തീർത്താൽ തീരാത്ത വിരോധമുള്ള ഒരുത്തനായിരുന്നിരിക്കണം അയാൾ. മുടി മൊട്ടയടിക്കുന്ന രീതി അന്നു് മുസ്ലീമുകളുടെയിടയിൽ നിലവിലുണ്ടായിരുന്നതിനാൽ, അല്പനേരം കൂടി ഞാൻ അവിടെ നിന്നിരുന്നെങ്കിൽ ഒരുപക്ഷേ, അയാൾ എന്റെ സുന്നത്ത് കല്യാണം കൂടി നടത്തിത്തന്നേനെ എന്നാണെന്റെ തോന്നൽ.

ഞാനെന്തിനാണിപ്പോൾ മുടിവെട്ടിന്റെ കാര്യം പറഞ്ഞതു്? അതുതന്നെ. ഫെയ്സ്ബുക്ക്. ഇടയ്ക്കിടെ മുടി വെട്ടിയൊതുക്കുന്നതു് തലയുടെ ഭാരം കുറയ്ക്കാൻ സഹായിക്കും. ഭാരസംബന്ധമായി ഒരു ഒഴിവുണ്ടായാൽ ആ ഒഴിവിലേക്കു് മറ്റു് ഭാരങ്ങൾ കയറിക്കൂടാൻ ശ്രമിക്കുന്നതു് സ്വാഭാവികം. അങ്ങനെയാണു് മുടി വെട്ടി മസ്തിഷ്കഭാരം നാലഞ്ചു് ഗ്രാം കുറഞ്ഞപ്പോൾ ആ കുറവിലേക്കു്, ഞാൻ ഫെയ്സ്ബുക്കിൽ വല്ലതും പോസ്റ്റ് ചെയ്തിട്ടു് രണ്ടാഴ്ചയിലേറെ ആയെന്നും, അതിനെതിരെ എന്റെ അടിയന്തിരശ്രദ്ധ പതിയേണ്ടതുണ്ടെന്നുമുള്ള ബോധം കയറിക്കൂടിയതും അതുവഴി എനിക്കു് ഉത്തരവാദിത്വഭാരം അനുഭവപ്പെട്ടതും.

 
3 Comments

Posted by on Jan 28, 2020 in Uncategorized

 

സോഷ്യൽ മീഡിയയും ഞാനും – ഒരു റെട്രോസ്പെക്ഷൻ

ഗൂഗിൾ ബ്ലോഗറിലൂടെ മലയാളം സോഷ്യൽ മീഡിയയിൽ ഞാൻ തുടക്കം കുറിച്ചിട്ടു് പന്ത്രണ്ടു് വർഷങ്ങൾ കഴിഞ്ഞു (15. 07. 2007). വഴിയെ പോയിരുന്ന സകല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും തലവച്ചിരുന്ന, അത്ര നീണ്ടതല്ലെങ്കിലും ഒട്ടും കുറിയതുമല്ലാത്ത ഒരു കാലഘട്ടത്തിനുശേഷം, “കുറവാണു് കൂടുതൽ” എന്ന ബോധോദയമുണ്ടായപ്പോഴാണു്, സോഷ്യൽ മീഡിയയിലെ എന്റെ സാന്നിദ്ധ്യം വേർഡ്പ്രസ്സിലും ഫെയ്സ്ബുക്കിലും മാത്രമായി ചുരുക്കാൻ ഞാൻ തീരുമാനിച്ചതു്. ഫെയ്സ്ബുക്കിലും ഗൂഗിൾ ബ്ലോഗറിലും മറ്റും എഴുതിയവയിൽ റെലെവൻസ് നഷ്ടപ്പെട്ടിട്ടില്ലെന്നു് തോന്നിയ പോസ്റ്റുകളെയെല്ലാം വേർഡ്പ്രസ്സിലെ എന്റെ വെബ്സൈറ്റിലേക്കു് (ckbabu.com) കെട്ടിയെടുത്തിട്ടുണ്ടു് എന്നതിനാൽ, സോഷ്യൽ മീഡിയയിലെ പുരാവസ്തുഗവേഷകർക്കു് ആർക്കിയൊളോജിക്കൽ ഇൻവെന്ററി തേടി വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഓടി നടന്നു് ഖനനം ചെയ്യേണ്ട ആവശ്യമില്ല. ഒരേയൊരു സൈറ്റ് കേന്ദ്രീകരിച്ചുള്ള ഖനനവും മനനവും വഴി അവർക്കു് അതുപോലൊരു എക്സ്കവേഷൻ അർത്ഥപൂർണ്ണമോ അർത്ഥശൂന്യമോ എന്ന തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയും. ഒരുതരം “റാഷണലൈസേഷൻ ഇൻ സോഷ്യൽ മീഡിയ എക്സ്കവേഷൻ”.

ഏകദേശം അൻപതു് അറുപതു് പേർ ദിവസേന എന്റെ വേർഡ്പ്രസ്സ് ബ്ലോഗ് സന്ദർശിക്കാറും, നൂറോ, നൂറ്റൻപതോ, ചിലപ്പോൾ അതിലല്പം കൂടുതലോ, മറ്റു് ചിലപ്പോൾ അതിലല്പം കറവോ ഒക്കെ പോസ്റ്റുകൾ വായിക്കാറുമുണ്ടെന്നു് സ്റ്റാറ്റിസ്റ്റിക്സ് പറയുന്നു. വായിക്കാൻ വേണ്ടിയല്ലാതെ ഒരാൾ എന്തിനെഴുതണം എന്നെനിക്കറിയില്ലാത്തതിനാൽ, ആരെങ്കിലുമൊക്കെ എന്നെ വായിക്കുന്നുണ്ടു് എന്നറിയുന്നതിൽ സന്തോഷിക്കാൻ ഞാൻ ബാദ്ധ്യസ്ഥനാണു്. എന്നിരിക്കിലും, 09. 09. 2019 തിങ്കളാഴ്ച 54 സന്ദർശകർ വന്നതായും, അവർ സ്ഥാവരമായും ജംഗമമായും 678 വായനകൾ നടത്തിയതായും സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തിയപ്പോൾ, സത്യം പറഞ്ഞാൽ, അതിന്റെ ഗുട്ടൻസ് എനിക്കു് പിടി കിട്ടിയില്ല. എഴുതിയ എനിക്കുപോലും കഴിയാത്തത്ര സ്പീഡിൽ എന്റെ പോസ്റ്റുകൾ വായിക്കുന്ന “സ്പീഡി ഗോൺസാലസുകൾ” ഉണ്ടെന്നറിഞ്ഞതു് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നീടു് സമയംപോലെ വായിക്കാനായി പോസ്റ്റുകൾ കോപ്പി-പേസ്റ്റ് ചെയ്തു് വച്ചതാവാനും മതി. ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ നമ്മൾ അതിന്റെ എല്ലാ വശങ്ങളെപ്പറ്റിയും ചിന്തിച്ചിരിക്കണമല്ലോ. വെബ്സൈറ്റിന്റെ സൈഡിൽ കൊടുത്തിട്ടുള്ള പോസ്റ്റുകളുടെ ലിങ്കുകളിലൊന്നിൽ (ഞാനൊഴികെ) ആരെങ്കിലും ക്ലിക്ക് ചെയ്താൽ “ദാ വന്നു” എന്നല്ലാതെ, പോസ്റ്റിൽ നിന്നും പുറത്തു് പോകുമ്പോൾ “ദാ പോയി” എന്നു് പറയുന്ന സ്വഭാവം ഞാനുപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് ആപ്പിനില്ല. പോസ്റ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്ത വ്യക്തി ആ പോസ്റ്റ് വായിച്ചോ ഇല്ലയോ എന്നു് അറിയേണ്ട കാര്യം എനിക്കില്ല എന്നാണു് അതിനെപ്പറ്റി ചോദിച്ചാൽ ആപ്പിന്റെ നിലപാടു്. ആ നിലപാടിൽ ഒരല്പം കാര്യമില്ലാതില്ല. അങ്ങനെ, പോസ്റ്റിൽ കയറുന്നവരെല്ലാം അതു് വായിക്കണമെന്നില്ലെന്ന തിരിച്ചറിവു് ആപ്പുവഴി ഉണ്ടായതിനു് ശേഷം അധികം അഹങ്കരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടു്. മുൻപു് ഞാൻ ഗൂഗിൾ ബ്ലോഗറിൽ എഴുതിക്കൊണ്ടിരുന്നപ്പോൾ (ഒരു ദിവസം മാത്രം) ഇതുപോലൊരു “വായനാസുനാമി” നടന്നതായി അക്കാലത്തെ ആപ്പ് കാണിച്ചിരുന്നു. എട്ടോ പത്തോ സന്ദർശകർ വന്നു എന്നും, ആയിരത്തിലേറെ ക്ലിക്കുകൾ സംഭവിച്ചു എന്നുമായിരുന്നു ആ ദിവസം എനിക്കു് ലഭിച്ച സ്റ്റാറ്റിസ്റ്റിക്സ് എന്നാണോർമ്മ.

ഗുണവും ദോഷവും, നന്മയും തിന്മയും ഏകോദരസഹോദരങ്ങളെപ്പോലെ ഒരു പാത്രത്തിലുണ്ടു്, ഒരു പായിലുറങ്ങി കഴിയുന്നയിടമാണു് സോഷ്യൽ മീഡിയ. ഒരുദാഹരണം പറഞ്ഞാൽ, കുഞ്ഞുങ്ങളുടെ ഫോട്ടോകൾ അവരെ സ്നേഹിക്കുന്ന മാതാപിതാക്കളും ബന്ധുമിത്രാദികളും കാണുന്ന അതേ വികാരത്തോടെയല്ല, പീഡോഫൈലുകൾ കാണുന്നതു്. ചികിത്സപോലും അങ്ങേയറ്റം ദുഷ്ക്കരവും പലപ്പോഴും ഫലശൂന്യവുമായ അത്തരം രോഗികൾ അന്യമനുഷ്യരിൽ മാത്രമേ ഉണ്ടാവൂ എന്നതൊരു തെറ്റിദ്ധാരണയാണു്. പുരോഹിതരിലും, സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ വഹിക്കുന്നവരിലും, കുഞ്ഞുങ്ങളുമായി അടുത്തിടപഴകാൻ “അധികാരമുള്ള” വിശ്വസ്തരെന്നു് കരുതപ്പെടുന്ന മറ്റിനം വേണ്ടപ്പെട്ടവരിലുമെല്ലാം പീഡോഫൈലുകളുടെ എണ്ണം നമുക്കു് സങ്കല്പിക്കാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണെന്നതൊരു യാഥാർത്ഥ്യമാണു്. ശീഘ്രവിശ്വാസികളായ മനുഷ്യരെ സാമ്പത്തികമായും, വൈകാരികമായ പ്രലോഭനങ്ങളിലൂടെ ശാരീരികമായും ചൂഷണം ചെയ്യാനായി തക്കം പാർത്തു് സോഷ്യൽ മീഡിയയിൽ ഉറക്കമിളച്ചു് കാത്തിരിക്കുന്നവരുടെയെണ്ണം അതിലും എത്രയോ മടങ്ങു് കൂടുതലാണു്.

ജർമ്മൻ പാർലമെന്റിൽ അംഗമായിരുന്ന, അപ്പൻവഴി മലയാളിയും അമ്മവഴി ജർമ്മനുമായ ഒരു വ്യക്തിക്കു് തന്റെ സ്ഥാനം ഒഴിയേണ്ടിവന്നതു് എവിടെനിന്നൊക്കെയോ ശേഖരിച്ചു് ഒഫീഷ്യൽ കമ്പ്യൂട്ടറിൽ അങ്ങേർ സൂക്ഷിച്ചിരുന്ന കുഞ്ഞുങ്ങളുടെ ഫോട്ടോകൾ കണ്ടുപിടിക്കപ്പെട്ടതിന്റെ പേരിലായിരുന്നു. ഇതു് കേൾക്കുമ്പോൾ, ഏതു് കുറ്റകൃത്യം ചെയ്താലും അധികാരക്കസേരയിൽ ഉടുമ്പിനെപ്പോലെ അള്ളിപ്പിടിച്ചിരിക്കാൻ തടസ്സമൊന്നുമില്ലാത്ത കേരളത്തിലെ മന്ത്രിമാരും MLA-മാരും ചിരിച്ചുചിരിച്ചു് വളി വിടാൻ സാദ്ധ്യതയുണ്ടു്. പുരോഗമനം, നവോത്ഥാനം, ദുരിതാശ്വാസം തുടങ്ങിയ ഓരോരോ പേരുകളിൽ പൊതുമുതൽ ധൂർത്തടിച്ചു് ജനങ്ങളെ കടത്തിൽ മുക്കിയശേഷം കുടുംബസഹിതം ഉലകം ചുറ്റും വാലിബനാകുന്നതിനേക്കാൾ ഭേദം സ്വന്തം അടുക്കളയിലിരുന്നു് തൂറിയശേഷം തിരിഞ്ഞിരുന്നു് വാരിത്തിന്നുന്നതാണെന്നു് അറിയാത്തവരോടു് എന്തു് പറഞ്ഞിട്ടെന്തു് കാര്യം? ആസനത്തിൽ ആലു് മുളച്ചില്ലെങ്കിൽ, നട്ടു് വളർത്തി തണലുണ്ടാക്കുന്ന ബുദ്ധിവളിയന്മാരായിരുന്നു തൊഴിലാളിവർഗ്ഗവിമോചകരായും സാധുജനസംരക്ഷകരായും അവതാരമെടുത്ത എക്കാലത്തെയും പ്രത്യയശാസ്ത്രജ്ഞർ! – സ്റ്റാലിൻ, മാവോ, കാസ്ട്രോ, ഹൊ, ചെ, പോട്ട്, … …

പന്ത്രണ്ടു് വർഷങ്ങൾ നീണ്ട ഒരു കാലഘട്ടമാണു്. എഞ്ചിനിയറിങ്ങിൽ ഒരു ബിരുദമെടുക്കാൻ സാധാരണഗതിയിൽ നാലു് വർഷങ്ങൾ മതി. അഡ്മിഷൻ ലഭിക്കാൻ വേണ്ട മിനിമം യോഗ്യതകൾ വിദ്യാർത്ഥികൾ മുൻകൂറായി നേടിയിരിക്കണമെന്നേയുള്ളു. കേരളത്തിൽ ഒരു മന്ത്രിയാകാൻ വേണ്ട മിനിമം യോഗ്യതകളിൽ നിന്നും സാരവത്തായ വ്യത്യസ്തതകളാണവ എന്നതിനാലാണു് മുൻകൂർ യോഗ്യതകളുടെ കാര്യം പ്രത്യേകം പറയുന്നതു്. എവൊല്യൂഷൻ ഒരു യാഥാർത്ഥ്യമാണെന്നറിയാൻ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യജീവിക്കു് പന്ത്രണ്ടു് വർഷങ്ങളുടെ ആവശ്യമില്ല. ദൈവങ്ങളും മതങ്ങളും മതഗ്രന്ഥങ്ങളും മനുഷ്യന്റെ സൃഷ്ടി മാത്രമാണെന്നറിയാനും ഒരു വ്യാഴവട്ടത്തിന്റെ ആവശ്യം സാധാരണഗതിയിലില്ല. അസാധാരണഗതിയിൽ ഗമിക്കുന്നവരാണു് ഭൂരിഭാഗം മല്ലുക്കളും എന്നു് ഞാൻ മനസ്സിലാക്കിയതു് സോഷ്യൽ മീഡിയ വഴിയാണു്. കമ്മ്യൂണിസം ജനാധിപത്യമല്ലെന്നും, ചൈനയിൽ ഇപ്പോൾ നിലവിലിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തികവ്യവസ്ഥിതി മാവോയിസമല്ലെന്നും, ഭൂമി പരന്നതല്ലെന്നും ഗോളാകൃതിയാണെന്നും, ബിഗ്-ബാങ്ങിനെപ്പറ്റി ഖുർആനിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും, പ്രപഞ്ചം ഉണ്ടായതു് ആറായിരം വർഷങ്ങൾക്കു് മുൻപല്ലെന്നും, യഹോവ മറിയയിൽനിന്നും യേശുവിനെ ജനിപ്പിക്കുകയോ, മരിച്ച യേശു ഉയിർക്കുകയോ, സ്വർഗ്ഗത്തിലേക്കു് കരേറിപ്പോകുകയോ, വീണ്ടും ഭൂമിയിലേക്കു് ഇറങ്ങിവരുമെന്നു് വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുംപോലുള്ള എത്രയോ കാര്യങ്ങളിൽ മല്ലുക്കൾ പുലർത്തുന്ന “ഇടിച്ചാൽ പൊട്ടാത്ത” ധാരണകൾ വിഡ്ഢിത്തത്തോടടുക്കുന്ന അബദ്ധങ്ങളാണെന്നു്, ലോകജ്ഞാനത്തിന്റെ വളരെ ചെറിയതെങ്കിലും ഒരു പതിപ്പു് സ്മാർട്ട് ഫോണിന്റെ രൂപത്തിൽ പോക്കറ്റിൽ കൊണ്ടുനടക്കാൻ കഴിയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിട്ടും അറിയാൻ ഒരുവനു് കഴിയുന്നില്ലെങ്കിൽ അവൻ അസാധാരണഗതിയിൽ ഗമിക്കുന്നവനാകാനേ തരമുള്ളു.

അതൊന്നും അറിയാതിരിക്കാനും, (അവരുടെ അഭിപ്രായത്തിൽ) യുക്ത്യധിഷ്ഠിതമായ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കാനുമുള്ള സ്വാതന്ത്ര്യം തീർച്ചയായും അത്തരം മനുഷ്യർക്കുണ്ടു്. പക്ഷേ, അവരിൽ ചിലർ അവരുടേതിൽനിന്നും നേർവിപരീതമായ നിലപാടുകാരനായ എന്നെ ഒന്നോ രണ്ടോ അല്ല, പന്ത്രണ്ടു് വർഷങ്ങളായി വായിക്കുന്നതു് എന്തിനാണെന്നു് മാത്രം എനിക്കു് മനസ്സിലാകുന്നില്ല. കോടിക്കണക്കിനു് മനുഷ്യർ ദിനംപ്രതി അഞ്ചുനേരം “നീങ്ങ അക്ബറാണു്” എന്നു് എത്രയോ നൂറ്റാണ്ടുകളിലൂടെ നിന്നും കിടന്നും തലകുത്തിയും ഉച്ചഭാഷിണിയിലൂടെയുമെല്ലാം വിളിച്ചുപറഞ്ഞിട്ടും താനൊരു ചില്ലറ പുള്ളിയല്ലെന്നും, സമ്പൂർണ്ണ അക്ബറാണെന്നും ഇന്നു്, ഈ നിമിഷംവരെ, പിടികിട്ടിയിട്ടില്ലാത്ത (ലോകാവസാനം വരെ പിടികിട്ടാൻ സാദ്ധ്യതയുമില്ലാത്ത) സാക്ഷാൽ അല്ലാഹുവിന്റെ മാതൃകയിൽ ഏകദൈവമായിത്തീരാനുള്ള ആഗ്രഹമാണോ അവരെ അതുപോലൊരു കടിച്ചുതൂങ്ങലിനു് പ്രേരിപ്പിക്കുന്നതെന്നു് എനിക്കറിയില്ല.

തന്റെ ഐഡലിനെ അനുകരിക്കാനുള്ള ആഗ്രഹം മനുഷ്യസഹജമാണു്. അതറിയാവുന്നതുകൊണ്ടാണു് കേരളത്തിലെ യുവജനങ്ങൾ അവരുടെ ഐഡലുകളായി വാഴിച്ചിരിക്കുന്ന മന്ത്രിമാർ തങ്ങളുടെ യുവത്വത്തിൽ വാഴക്കുല കട്ടതും, ചോരപ്പുഴ നീന്തിക്കയറിയതും, നിവർത്തിപ്പിടിച്ച മുറുക്കാൻകത്തികളുടെ മുനകൾക്കിടയിലൂടെ നെഞ്ചുവിരിച്ചു് മുദ്രാവാക്യം വിളിച്ചു് മുന്നേറിയതുമായ “വെടക്കൻ” വീരഗാഥകൾ അവസരം കിട്ടുമ്പോഴെല്ലാം ആരാധകവൃന്ദത്തെ പാടിക്കേൾപ്പിക്കാൻ (എയറിലേക്കു് വിടാൻ എന്നു് മാർക്സിയൻ ശ്രേഷ്ഠഭാഷ) തത്രപ്പെടുന്നതു്. വേണ്ടത്ര കുലവെട്ടികളും, തലവെട്ടികളും, നങ്ങേലി മോഡൽ മുലവെട്ടികളും ഇല്ലാത്തതാണു് ഇന്നത്തെ ഇടതുപക്ഷനവോത്ഥാനകേരളത്തിന്റെ പുരോഗമനത്തിനു് ഏറ്റവും കൂടുതൽ തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങളിൽ “No.1” എന്നു് ആർക്കാണറിയാത്തതു്?

അത്ര നിരുപദ്രവകരമല്ലാത്ത ഒരു മാദ്ധ്യമമെന്ന നിലയിൽ, സോഷ്യൽ മീഡിയയെ പൂർണ്ണമായും ഒഴിവാക്കുന്നതിനെപ്പറ്റി ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ടെങ്കിലും, അതു് വേണ്ടെന്നു് വച്ചതു് എന്റെ ഫ്രണ്ട് ലിസ്റ്റിന്റെ പ്രത്യേകത മൂലമാണു്. ഞാനെഴുതുന്നതു് വായിക്കാൻ ഇഷ്ടപ്പെടുന്നവരെക്കാൾ ഇഷ്ടപ്പെടാത്തവരാണു് അധികവും എന്ന കാര്യം എനിക്കു് തുടക്കംമുതലേ അറിയാമായിരുന്നു. എന്റെ കയ്യിലിരുപ്പു് ഞാനെങ്കിലും അറിയണമല്ലോ. അതുകൊണ്ടുതന്നെ, അറിഞ്ഞുകൊണ്ടു് ആർക്കും അങ്ങോട്ടു് ഫ്രണ്ട് റിക്വസ്റ്റ് അയക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ആരുടെയോ റെക്കമൻഡേഷൻ കണ്ടു് ക്ലിക്ക് ചെയ്തു് എന്റെ ഫ്രണ്ടായിത്തീർന്ന, ഒരിക്കൽ നേരിട്ടുകണ്ടു് പരിചയവും ഉണ്ടായിരുന്ന, സക്കറിയ ഒഴികെ, എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയച്ചവർ മാത്രമേ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളു. അവരോടു് എനിക്കു് തീർച്ചയായും നന്ദിയുമുണ്ടു്. ഒഴിവാക്കുന്നതാണു് നല്ലതെന്നു് പ്രഥമദൃഷ്ട്യാ ഊഹിക്കാൻ കഴിയുന്നവരുടേതൊഴികെയുള്ള റിക്വസ്റ്റുകൾ കിട്ടിയാൽ അധികം താമസിയാതെ അക്സെപ്റ്റ് ചെയ്യുന്നതാണു് എന്റെ രീതി. എനിക്കു് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവർ അതു് ചെയ്യുന്നതു് എന്നെ വായിക്കാൻ വേണ്ടി മാത്രമാണെന്നോ, ഞാൻ ഒഴിവാക്കിയവർ മൊത്തം മോശക്കാരാണെന്നോ, ഞാൻ റിക്വസ്റ്റ് സ്വീകരിച്ചവരെല്ലാം ചില്ലുകൂട്ടിൽ പ്രതിഷ്ഠിച്ചു് ദീപാരാധന നടത്താൻ മാത്രം പരിശുദ്ധരാണെന്നോ ഒന്നും ഇപ്പറഞ്ഞതിനു് അർത്ഥമില്ല. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെ ഫോട്ടോ കളക്ഷൻ കൂടി ഒന്നു് നോക്കിയശേഷം അതക്സെപ്റ്റ് ചെയ്താൽ, ശംഖുചക്രം കൂതിയിൽ ആയിപ്പോയതിന്റെ പേരിൽ മാത്രം രാജാവാകാൻ കഴിയാതെ പോയ മഹാത്മാക്കളിൽ നിന്നും അകന്നുനിൽക്കാം. മനുഷ്യന്റെ നഗ്നത തീർച്ചയായും കലാപരമായി ആവിഷ്ക്കരിക്കാൻ കഴിയും. അതു് കൈകാര്യം ചെയ്യുന്നവൻ തന്റെ തൊഴിൽ അറിയാവുന്ന കലാകാരനായിരിക്കണം എന്നേയുള്ളു. ഒരു പുരുഷനോ സ്ത്രീയോ നഗ്നമായി കവച്ചാൽ എന്താണു് കാണാൻ കഴിയുക എന്നറിയാൻ വേണ്ടത്ര അനാട്ടമി ജ്ഞാനം ഉള്ളവരുടെ മുന്നിൽപ്പോയി കവച്ചു് ഇംപ്രഷൻ ഉണ്ടാക്കാൻ ശ്രമിച്ചാൽ, അവരതിനെ കല എന്നതിനേക്കാൾ വളർത്തുദോഷമായി വിലയിരുത്തിക്കൂടെന്നില്ല. ഇതും എന്റെ അഭിപ്രായം മാത്രമാണു്. അത്തരം കലാപരമായ ചടങ്ങുകളിൽനിന്നും അകന്നുനിൽക്കാൻ എനിക്കു് സ്വാതന്ത്ര്യമുള്ളിടത്തോളം, ആരെങ്കിലും കവയെ കലയായി അവതരിപ്പിക്കുന്നതോ, മറ്റാരെങ്കിലും അതാസ്വദിക്കുന്നതോ എന്നെ അലട്ടുന്ന പ്രശ്നങ്ങളല്ല.

ഞാൻ ധാരാളം പേരെ പല കാരണങ്ങളാൽ എന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടു്. അവർക്കു് അതറിയണമെന്നില്ലെങ്കിലും, അവരുടെ സ്വന്തം നന്മയായിരുന്നു പലപ്പോഴും അതുവഴി ഞാൻ ലക്ഷ്യമാക്കിയിരുന്നതു്. സത്യത്തിൽ എന്നെ ഒഴിവാക്കുകയായിരുന്നു അവരിൽ അധികം പേരും ചെയ്യേണ്ടിയിരുന്നതു്. അവരതു് ചെയ്യാത്തതുകൊണ്ടാണു് ആ ജോലികൂടി എനിക്കു് ഏറ്റെടുക്കേണ്ടി വരുന്നതു്. സാർത്ഥവാഹകസംഘത്തെ എങ്ങനെയെങ്കിലും മുന്നോട്ടു് കൊണ്ടുപോകണമല്ലോ. ഉദാഹരണത്തിനു്, തന്റെ ഫ്രണ്ട് ലിസ്റ്റിൽ 5000 പേർ തികഞ്ഞു; അലവലാതികൾ ഒന്നൊഴിഞ്ഞുതന്നാൽ അഡ്മിഷൻ കാത്തു് അക്ഷമരായി കാത്തുനിൽക്കുന്ന അനേകം പടവലാദികളെ ലിസ്റ്റിൽ തിരുകാമായിരുന്നു എന്നൊരു വനരോദനം ഏതെങ്കിലുമൊരു പോസ്റ്റ് മുതലാളിയിൽ നിന്നും കേട്ടാൽ കൂടുതൽ അർഹതയുള്ള സ്ഥാനാർത്ഥികളുടെ പ്രവേശനം സാദ്ധ്യമാക്കാൻവേണ്ടി എത്രയും പെട്ടെന്നു് സ്ഥലം കാലിയാക്കി അവിടെനിന്നും ഒഴിഞ്ഞുപോരുന്നതാണു് എന്റെ രീതി. കേരളത്തിൽ നിലവിലിരിക്കുന്ന “പാർലമെന്ററി” രീതി ഉടുമ്പുരാഷ്ട്രീയമായതിനാൽ കേരളീയർക്കു് ഈ രീതി അത്ര പരിചിതമാകാൻ വഴിയില്ല.

ഫ്രണ്ട് ലിസ്റ്റിലും ഫോളോവേഴ്സ് ലിസ്റ്റിലുമായി ആകെയുള്ളവരിൽ അഞ്ചിലൊന്നു് ആളുകൾ വല്ലപ്പോഴുമെങ്കിലും എന്റെ പോസ്റ്റുകൾ നോക്കുന്നുണ്ടെന്നും, അവരിൽ പകുതിയെങ്കിലും അവ പതിവായി വായിക്കാറുണ്ടെന്നും, അവരിൽ പകുതിപ്പേരെങ്കിലും അവയെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്നും കരുതിയാൽ, അവരുടെ എണ്ണം ഏകദേശം 250-ലേറെ വരും. രണ്ടാം ലോകയുദ്ധകാലത്തു് പോളണ്ടിൽ ജീവിച്ചിരുന്ന യഹൂദരിലെ എഴുത്തുകാരിൽ ചിലർ അവരുടെ കുറിപ്പുകൾ വായിക്കാൻ ഒരാളെങ്കിലും ഉണ്ടായാൽ ഭാഗ്യമെന്നു് കരുതിയവരായിരുന്നു. ആ നിലയ്ക്കു് 250 പേർക്കുവേണ്ടി എഴുതാൻ കഴിയുന്നതൊരു ഭാഗ്യമാണു്. അതിൽ കൂടുതലായുള്ള വായനക്കാർ ബോണസ്!

 
Comments Off on സോഷ്യൽ മീഡിയയും ഞാനും – ഒരു റെട്രോസ്പെക്ഷൻ

Posted by on Nov 19, 2019 in Uncategorized

 

വിമർശനം കേരളത്തിൽ

ഒരു പ്രവൃത്തി വഴിയുള്ള നേട്ടത്തിലല്ല, അതിനു് പിന്നിലുള്ള ഉദ്ദേശ്യത്തിലാണു് ആ പ്രവൃത്തിക്കു് ധാർമ്മികമൂല്യം നല്കുന്ന ഏക സവിശേഷത കുടികൊള്ളുന്നതു് എന്ന ധർമ്മശാസ്ത്രപരമായ വാക്യം ഇമ്മാന്വേൽ കാന്റിന്റേതാണു്. തെറ്റുകൾ പിടിക്കപ്പെടുമ്പോൾ ദൈവത്തിനു് മുന്നിലും, സ്വന്തം മനസ്സാക്ഷിക്കു് മുന്നിലും താൻ നിരപരാധിയാണെന്നു് ആണയിടുന്ന നന്മമരങ്ങളെ വിലയിരുത്തേണ്ടതു് ആ നിലയിലായിരിക്കണം. തന്റെ നിലനില്പിനു് നേർച്ചപ്പെട്ടിയുമായി മനുഷ്യരെ സമീപിക്കാതെ നിവൃത്തിയില്ലാത്ത ഒരു ദൈവം നന്മമരങ്ങളുടെ ചുമതലകൂടി ഏറ്റെടുക്കുമെന്നു് കരുതുക വയ്യ. കാരണം, കഞ്ഞിക്കു് വകയില്ലെങ്കിലും ബുദ്ധിക്കു് ഒട്ടും കുറവില്ലാത്തവനാണു് ദൈവം എന്നാണു് വയ്പു്. പിന്നെ മനസ്സാക്ഷി! നന്മമരം തന്നെയാണു് നന്മമരത്തിന്റെ മനസ്സിൽ വാഴുന്ന സാക്ഷിയും! ഒരുതരം പരസ്പരസഹായസഹകരണസംഘം. ആ കൂട്ടുകെട്ടിൽനിന്നും ബഹിർഗ്ഗമിക്കുന്ന സത്യവാങ്മൂലങ്ങളുടെ വിശ്വാസയോഗ്യതയും അത്രതന്നെ. മുതലുണ്ടാക്കൽ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയപ്രവർത്തനം, വോട്ടുബാങ്കിൽ കണ്ണുവച്ചുള്ള ആതുരസേവനം, കീശയിൽ ആശവച്ചുള്ള ദീനദയാലുത്വം, സ്വയം പ്രമുഖനാക്കലിനായുള്ള സാംസ്കാരികചേഷ്ട തുടങ്ങിയ സാമൂഹികമായ പ്രവൃത്തികളെ ധാർമ്മികമെന്നു് വിളിക്കുന്നതു് സത്യത്തിൽ അശ്ലീലമാണു്. “ഉടയവരുടെ മേശയിൽ നിന്നു് വീഴുന്ന നുറുക്കുകൾ തിന്നു് നായ്ക്കുട്ടികൾ ജീവിക്കുന്നുണ്ടു്” (മത്തായി 15: 27) എന്ന ബൈബിൾവചനത്തിനു്, ഏറിയാൽ, നായ്ക്കുട്ടികൾ നുറുക്കുകൾകൊണ്ടു് തൃപ്തിപ്പെടുന്നവരാണു് എന്നല്ലാതെ, ഉടയവർ ധാർമ്മികതയുള്ളവരാണെന്നു് നിർബന്ധമായും അർത്ഥം വരുന്നില്ല.

ചിന്തയുടെ ലോകത്തെ സ്ഥായിയായി സ്വാധീനിച്ചവയാണു് കാന്റിന്റെ പ്രസിദ്ധമായ മൂന്നു് വിമർശനങ്ങൾ – Critique of Pure Reason, Critique of Practical Reason, Critique of Judgment. വിമർശനം ഒരർത്ഥത്തിൽ ഒരുതരം വിത്തുവിതയ്ക്കലാണു്. അനുയോജ്യമായ മണ്ണിലേ വിത്തിനു് മുളയ്ക്കാനും വളരാനും കഴിയൂ. വിത്തുവിതയ്ക്കുന്നവന്റെ ഉപമ ബൈബിളിലുമുണ്ടു്. വഴിയരികെയും, പാറസ്ഥലത്തും, മുള്ളിനിടയിലും, നല്ല നിലത്തും വീണ വിത്തുകളുടെ അവസ്ഥയാണു് ബൈബിളിലെ പരാമർശം (മത്തായി13: 3 – 9). ബൈബിൾവഴി യേശു വിതയ്ക്കുന്ന വിത്തുകൾ കെട്ടുകഥകളുടേതാണു്. കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരായിരുന്നു എന്നാളും കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെയുള്ള മനുഷ്യർ. റിയൽ ന്യൂസിനെക്കാൾ എളുപ്പം ഫെയ്ക്ക് ന്യൂസ് വിറ്റഴിക്കാൻ കഴിയുന്നതു് കാരണമില്ലാതെയല്ല. ചിന്തിച്ചു് തല പുകയ്ക്കുന്നതിനേക്കാൾ ചിരിച്ചു് ചാവാനാണു് മനുഷ്യർക്കിഷ്ടം. ശാസ്ത്രസത്യങ്ങളെക്കാൾ വിശുദ്ധഅത്ഭുതങ്ങളെ, ഈച്ച അമേധ്യത്തെ എന്നപോലെ, വാരിപ്പുണർന്നാൽ മാത്രം സായുജ്യമടയാൻ കഴിയുന്നവരാണവർ. ബൈബിൾവഴി യേശുവും, മഹാഭാരതത്തിലൂടെ വേദവ്യാസനും, ഖുർആനിലൂടെ മുഹമ്മദും വിതച്ച വിത്തുകളിൽ നിന്നും വ്യത്യസ്തമായി, ഇമ്മാന്വേൽ കാന്റിനെപ്പോലുള്ള ഫിലോസൊഫേഴ്സ് ലോകത്തിൽ പാകിയ വിത്തുകൾ കഥകളുടേതായിരുന്നില്ല. ആ വിത്തുകൾക്കു് ഇപ്പറഞ്ഞ എഴുത്തുകാരുടെ കഥകൾ വളരുന്ന മനസ്സുകളിലെ മണ്ണിൽ വളരാനാവില്ല.

വിമർശനം കവണിയേറുമാണു്. ഫലമുള്ള മാവിലേക്കാണു് എറിയുന്നതെങ്കിൽ, പ്രതിഫലമായി ഒന്നോ രണ്ടോ മാമ്പഴങ്ങൾ എറിയുന്നവനു് മാവു് നല്കിക്കൂടെന്നില്ല. കേരളരാഷ്ട്രീയം പോലെ, പന്നികൾ ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന, മൂക്കറ്റം മുങ്ങുന്ന ചെളിക്കുഴിയിലേക്കാണു് ഏറെങ്കിൽ, തദനുസരണം, പ്രതിഫലവും ചെളിവാരിയെറിയലാവും. തനിക്കുള്ളതല്ലാതെ മറ്റൊന്നു് മറ്റൊരുവനുമായി പങ്കുവയ്ക്കാൻ, പണം എന്ന മാദ്ധ്യമം ഉപയോഗിച്ചു് വസ്തുവകകളും സേവനങ്ങളും എക്സ്ചേഞ്ച് ചെയ്യാൻ തുടങ്ങുന്നതിനും വളരെ മുൻപു് നിലവിലുണ്ടായിരുന്ന ബാർട്ടർ സമ്പ്രദായത്തിന്റെ കാലഘട്ടത്തിൽ പോലും മനുഷ്യർക്കു് സാദ്ധ്യമായിരുന്നില്ല. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമല്ല. തന്റെ കൈവശം ഇല്ലാത്തതു് മറ്റൊരുവനു് കൊടുക്കാൻ കഴിയില്ല എന്ന കാര്യത്തിനും ഇതുവരെ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കേരളത്തിലെ ഒരു രീതി വച്ചു്, കെട്ടിത്തൂങ്ങിയാൽ പൊട്ടിവീഴില്ലെന്നു് ഉറപ്പുള്ള കയർ തമിഴ്‌നാട്ടിൽ നിന്നും മുൻകൂറായി വാങ്ങി കൂരയുടെ മൂലയിൽ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, ബ്ലെയ്ഡ് കമ്പനികളിൽ നിന്നും പണം കടം വാങ്ങി “കൈവശം” ആക്കിയശേഷം മറ്റാർക്കെങ്കിലും കൊടുക്കാം. ഉദാഹരണത്തിനു്, സാമൂഹികമായ ആചാരപ്രകാരം, മകളെ ഗർഭിണിയാക്കാൻ മണവാളനെ ഉത്തേജിപ്പിക്കാൻ മതിയായത്ര സ്വർണ്ണാഭരണങ്ങൾ വാങ്ങി മകളുടെ വേണ്ടിടത്തും വേണ്ടാത്തിടത്തും തോരണമാതൃകയിൽ കെട്ടിത്തൂക്കി, സർക്കസിലെ കുതിരകളെപ്പോലെ അണിയിച്ചൊരുക്കാൻ മാതാപിതാക്കൾ അന്യായപലിശക്കു് കടം വാങ്ങുന്ന പൊങ്ങച്ചപ്പണം. മാറ്റമില്ലാത്തതു് മാറ്റത്തിനു് മാത്രമാണെന്ന ശാശ്വതമുദ്രാവാക്യമെഴുതി ലോകത്തിലെ മൊത്തം തൊഴിലാളിവർഗ്ഗത്തെയും വിജൃംഭിപ്പിച്ച മാർക്സിനു് അക്കാര്യത്തിലെങ്കിലും “വീഴ്ച” പറ്റി എന്നു് പറയേണ്ടിവന്നതിൽ ഞാൻ അങ്ങെയറ്റം ദുഃഖിക്കുകയും എന്റെ മുതലക്കണ്ണീർ തുരുതുരെ ഇവിടെ ഒഴുക്കുകയും ചെയ്യുന്നു.

കേരളത്തിൽ പന്നികൾ ദ്വന്ദ്വയുദ്ധത്തിൽ ഏർപ്പെടുന്നതു് രാഷ്ട്രീയചെളിക്കുഴികളിൽ മാത്രമാണെന്ന തെറ്റിദ്ധാരണവേണ്ട. ബൗദ്ധികമായി ഒരു സമൂഹം എത്ര ഉയരത്തിലാണു് സ്ഥിതി ചെയ്യുന്നതെന്നതിന്റെ മാനദണ്ഡമാണു് ആ സമൂഹത്തിലെ തീവ്രവാദചെളിക്കുഴികളുടെ എണ്ണം: രാഷ്ട്രീയതീവ്രവാദചെളിക്കുഴികൾ, മതതീവ്രവാദചെളിക്കുഴികൾ, സാംസ്കാരികതീവ്രവാദചെളിക്കുഴികൾ, സാഹിത്യതീവ്രവാദചെളിക്കുഴികൾ, ഭാഷാതീവ്രവാദചെളിക്കുഴികൾ, വേഷതീവ്രവാദചെളിക്കുഴികൾ, തീറ്റത്തീവ്രവാദചെളിക്കുഴികൾ, “അലോപ്പൊതീ”തീവ്രവാദചെളിക്കുഴികൾ, ആയുർവേദതീവ്രവാദചെളിക്കുഴികൾ, ശാസ്ത്രവാദതീവ്രവാദചെളിക്കുഴികൾ, യുക്തിവാദതീവ്രവാദചെളിക്കുഴികൾ, … … … … … …

ബൗദ്ധികകേരളത്തിലെ സാമൂഹികദുരവസ്ഥകളെ വിമർശിക്കാൻ ശ്രമിക്കുന്നവർ ഇക്കാര്യം ശ്രദ്ധിച്ചാൽ വേണ്ടില്ല.

 
Comments Off on വിമർശനം കേരളത്തിൽ

Posted by on Sep 23, 2019 in Uncategorized

 

ബക്കറ്റ് എലിവേറ്റർ (ഏകാങ്കം)

കോടിയേരി ബാലകൃഷ്ണൻ പിരിവിനുള്ള ബക്കറ്റില്ലാതെ പാലായിലും മരടിലുമെല്ലാം ചുറ്റിത്തിരിയുന്നതായി CID റിപ്പോർട്ടിലൂടെ മനസ്സിലാക്കിയ പിണറായി വിജയന്റെ സംയമനശേഷിയുടെ അവസാനത്തെ തുള്ളികൂടി ആവിയായ പശ്ചാത്തലത്തിലാണു് ഏകാങ്കം അരങ്ങേറുന്നതു്. റെഡ് വാളണ്ടിയേഴ്‌സിന്റെ കമ്മാന്റർ- ഇൻ-ചീഫ് എന്ന നിലയിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന സമയത്തുൾപ്പെടെ, കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനസെക്രട്ടറിയുടെ കൈവശം എപ്പോഴും ഉണ്ടായിരിക്കേണ്ട ഒരു സാമാനമാണു് ബക്കറ്റ്. ഫ്രാങ്കോ ബിഷപ്പിനു് അംശവടി എന്താണോ, അതാണു് കോടിയേരി ബാലകൃഷ്ണനു് ബക്കറ്റ് – ഉത്തരവാദിത്വത്തിന്റെയും അധികാരത്തിന്റെയും പ്രതീകം! സംസ്ഥാനസെക്രട്ടറി തന്റെ ഉന്നതപദവിക്കു് കളങ്കം വരുത്തുന്ന രീതിയിൽ പെരുമാറിയാൽ, പോളിറ്റ് ബ്യൂറോ അംഗം, മുഖ്യമന്ത്രി എന്നീ നിലകളിൽ പിണറായി വിജയനും അതു് പേരുദോഷമുണ്ടാക്കുന്ന കാര്യമാണു്. കോമാളിത്തത്തിലെ വൈലക്ഷണ്യം ഒരു “കാദർ” പാർട്ടിക്കു് വച്ചുപൊറുപ്പിക്കാനാവില്ല. കുറ്റത്തിന്റെ തീക്ഷ്ണത അനുസരിച്ചു് വാക്കാൽ ശാസനയോ, കർമ്മാൽ ശിക്ഷയോ അനിവാര്യമായും അപരാധിക്കു് നൽകിയിരിക്കണം. ചുരുങ്ങിയതു്, എന്തോ നൽകിയിട്ടുണ്ടു് എന്നൊരു തോന്നൽ ന്യായീകരണവാൽനക്ഷത്രങ്ങളിൽ ജനിപ്പിക്കുകയെങ്കിലും ചെയ്തിരിക്കണം. പ്രശ്നം നിലനിൽപ്പിന്റേതാണു്.

അവതരണഗാനം വേണമെന്നുണ്ടെങ്കിൽ “വാറ്റുചാരായങ്ങളേ, ബലികുടീരങ്ങളേ” എന്ന സാമൂഹികസാമ്പത്തികവിപ്ലവഗാനമാവാം. കർട്ടൻ ഉയരുമ്പോൾ സിംഹാസനത്തിൽ അർശ്ശസ്സുള്ളവനെപ്പോലെ ഞെരിപിരികൊണ്ടു് അക്ഷമനായി ഇരിക്കുന്ന പിണറായി വിജയൻ. സൈഡിൽ നിന്നും ആദ്യം പാദം, പിന്നെ ഉദരം, അവസാനം തല എന്ന ക്രമത്തിൽ, ലംബത്തിൽ നിന്നും പത്തു് ഡിഗ്രി പിന്നോട്ടു് ചാഞ്ഞ പതിവു് ശൈലിയിൽ പ്രവേശിക്കുന്ന മനുഷ്യരൂപം കോടിയേരിയാണെന്നു് മനസ്സിലാക്കാൻ സദസ്യർക്കു് ബുദ്ധിമുട്ടില്ല.

പിൺറോയ്‌സ് വിജിലിൻസ്കി: ബക്കറ്റെവിട്രാ ബാലേഷ്‌ണാ?

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: (കഷണ്ടി മാന്തിക്കൊണ്ടു്) അതു്… ബ ബ്ബ ബ്ബ…

പിൺറോയ്‌സ് വിജിലിൻസ്കി: നീയെന്താണ്ട്രാ ഉമ്മാനോവ് ചാണ്ട്യേവിച്ചിനു് പഠിക്കുവാ? ബക്കറ്റില്ലാതെ പുറത്തിറങ്ങരുതെന്നു് നിന്നോടു് ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട്രാ ഹമുക്കേ? കണ്ണൂരിയൻ കമ്മ്യൂണിഷ്ട് പാർട്ടിയുടെ പൊഹ കാണാനുള്ള പുറപ്പാടാണെങ്കിൽ ഉപ്പിട്ടു് മൂടും ഞാൻ!

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ഇനി ആവർത്തിക്കില്ല ബോസ്.

പിൺറോയ്‌സ് വിജിലിൻസ്കി: ബക്കറ്റ്വാഹിയല്ലാത്ത നിന്നെക്കണ്ടു് ചെന്നിത്തല്ലിക്കൊൽക്കോവ് രമേശ്നോവ്സ്കി താനല്ലയോ ഇവാൻ ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി എന്നു് ജനത്തിനു് വർണ്ണ്യത്തിൽ മൂത്രശങ്ക തോന്നിയാൽ, പിന്നെ ചത്തേച്ചാൽ മതി. പാർട്ടിയുടെ കഥയും നമ്മുടെ കഞ്ഞികുടിയും അതോടെ തീരും.

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: അത്രയ്ക്കങ്ങടു് നിരീച്ചില്യ. വീഴ്ച പറ്റി.

പിൺറോയ്‌സ് വിജിലിൻസ്കി: വീഴ്ച പറ്റും. അതിൽ അത്ഭുതമില്ല. ചിന്താന്യോവ ജെറോമൊസ്കോവാ വല്ലതും മൊഴിഞ്ഞോ?

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: പോരാൾനിഷ്ക്കോവ് ഷാജ്യാന്യോവ് റിപ്പോർട്ട് ഒന്നും തന്നില്ല. മണിയാൻസ്കി ആശാന്യോവിച്ച് എന്തോ പുലമ്പിയെന്നു് വീണാങ്കാ ഗോർഗോവ്സ്കായ പറഞ്ഞു് കേട്ടു.

പിൺറോയ്‌സ് വിജിലിൻസ്കി: ചതിച്ചോ? എന്തായിരുന്നു പുലമ്പൽ വിഷയം?

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: സഖാവ്‌ ലംബോവ് ദുരോസ്‌കിയുടെ ഭൂപരിഷ്കരണനിയമമായിരുന്നത്രെ!

പിൺറോയ്‌സ് വിജിലിൻസ്കി: അതിനെ സംബന്ധിച്ചു് മണിയാൻസ്കിക്കു് വല്ലതും അറിയാമോ?

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ഇല്ല.

പിൺറോയ്‌സ് വിജിലിൻസ്കി: എനിക്കും നിനക്കും പാർട്ടിക്കും അതിനെ സംബന്ധിച്ചു് ഒരു ചുക്കും അറിയില്ല. മനസ്സിലായോ?

ബാൽയാൻ കൃഷ്‌ണോവിച്ച് കൊടിയേർസ്ക്കി: ആയി.

പിൺറോയ്‌സ് വിജിലിൻസ്കി: അപ്പോൾ ശരി. എല്ലാം പറഞ്ഞപോലെ. കടക്കു് പുറത്തു്!

(കർട്ടൻ)

 
Comments Off on ബക്കറ്റ് എലിവേറ്റർ (ഏകാങ്കം)

Posted by on Sep 21, 2019 in Uncategorized

 

ദൈവാസ്തിത്വം – തനിയാവർത്തനം

ദൈവമുണ്ടു് എന്നു് കുറെ മനുഷ്യർ ദിവസേന നൂറുവട്ടം ആണയിട്ടതുകൊണ്ടു് ദൈവം ഉണ്ടാവുകയില്ല. ദൈവമില്ല എന്നു് വേറെ കുറെ മനുഷ്യർ ദിനംപ്രതി പത്തുവട്ടം പ്രസംഗിച്ചതുകൊണ്ടു് ദൈവം ഇല്ലാതാവുകയുമില്ല. ദൈവം വലിയവനാണെന്നു് ഇനിയും വേറൊരു വിഭാഗം ദിവസേന അഞ്ചുവട്ടം ആവർത്തിച്ചതുകൊണ്ടു് ദൈവം വലിയവനാവുകയില്ല. അങ്ങനെ പറഞ്ഞില്ലെങ്കിൽ ദൈവം ചെറിയവനാവുകയുമില്ല. ദൈവം ഉണ്ടായിരിക്കുന്നതോ ഇല്ലാതിരിക്കുന്നതോ, വലിയവനായിരിക്കുന്നതോ ചെറിയവനായിരിക്കുന്നതോ അല്ല, ആ ദൈവത്തിന്റെയോ ദൈവങ്ങളുടെയോ പേരിൽ മനുഷ്യർ ചെയ്തുകൂട്ടുന്ന ചെറുതും വലുതുമായ ക്രൂരതകളും ചൂഷണങ്ങളുമാണു് എന്നും ലോകത്തിനു് നേരിടേണ്ടി വന്നിരുന്നതും, നേരിടേണ്ടി വരുന്നതുമായ പ്രശ്നം.

രോഗം വരാതെ നോക്കുന്നതാണു് രോഗം വരുത്തിവച്ചശേഷം ചികിത്സ തേടി നാടുനീളെ ഓടുന്നതു് എന്ന ലളിതസത്യം മറന്നതുകൊണ്ടോ എന്തോ, സർവ്വജ്ഞാനിയും സർവ്വശക്തനുമെന്ന നിലയിൽ, ക്രൂരതകളോ ചൂഷണങ്ങളോ ഒന്നുമില്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കാൻ കഴിയുമായിരുന്നിട്ടുകൂടി, ആ തിന്മകളെ ആവശ്യത്തിലേറെ കുത്തിനിറച്ച ഒരു ഭൂമിയാണു് സർവ്വവ്യാപിയായ ദൈവംതമ്പുരാൻ മനുഷ്യർക്കു് വരദാനമായി നൽകിയതു്. സെമിറ്റിക് മതങ്ങളിലെ വിശ്വാസപ്രകാരം, തന്റെ സ്വരൂപത്തിൽ, തന്നെപ്പോലെതന്നെ ശുദ്ധമായ ഹൃദയമുള്ളവരും സദാചാരികളും സർവ്വതന്ത്രസ്വതന്ത്രരുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യർക്കു് അതിനേക്കാൾ യോജിച്ച ഒരു ജന്മദിനസമ്മാനം നൽകാനാവുമോ? ജോസഫുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയയുമായുള്ള ഒളിസേവയിൽ സ്വന്തം മകനെ ജനിപ്പിച്ചുകൊണ്ടല്ലാതെ “ജന്മനാതന്നെ” പാപികളായ മനുഷ്യരെ പാപമോചിതരാക്കി നിത്യസ്വർഗ്ഗത്തിനു് അവകാശികളാക്കാൻ മറ്റു് മാർഗ്ഗങ്ങളൊന്നും കാണാതിരുന്ന കക്ഷിയാണു് സെമിറ്റിക് സങ്കല്പത്തിലെ ദൈവം!

മായം ചേരാത്ത ഒരു മകനെ സൃഷ്ടിക്കാൻ, ആദിയിൽ ആദമിൽ നിന്നും ഹവ്വയെ സൃഷ്ടിച്ച അതേ ബ്ലൂപ്രിന്റ് ഉപയോഗിച്ചു് തന്റെ സ്വന്തം ഇടതുവശത്തെ വാരിയെല്ലിൽ നിന്നും തനിക്കൊരു ഭാര്യയെയോ, അല്ലെങ്കിൽ, ഗർഭം ധരിപ്പിക്കൽ, ഗർഭം ധരിക്കൽ, ഗർഭം ചുമക്കൽ, ഗർഭം പ്രസവിക്കൽ തുടങ്ങിയ പൊല്ലാപ്പുകൾ ഒഴിവാക്കണമെന്നുണ്ടെങ്കിൽ, വലതുവശത്തെ വാരിയെല്ലിൽ നിന്നും നേരിട്ടു് ഒരു മകനെത്തന്നെയോ വേണമെങ്കിൽ ദൈവത്തിനു് സൃഷ്ടിക്കാമായിരുന്നു. പക്ഷെ, അപ്പോൾ “കൃഷിയിടങ്ങളുടെ” കാര്യത്തിൽ താനൊരു തികഞ്ഞ സദാചാരിയാണെന്ന പരമസത്യം എങ്ങനെ മനുഷ്യരെ ബോദ്ധ്യപ്പെടുത്തും? ഇതാണു് സെമിറ്റിക് മതങ്ങൾ വരച്ചുകാണിക്കുന്ന പ്രപഞ്ചസ്രഷ്ടാവിന്റെ രേഖാചിത്രം! ഇതിനോടു് നേർക്കുനേർ നിൽക്കാൻ ഒട്ടും ലജ്ജിക്കേണ്ട ആവശ്യമില്ലാത്ത വർണ്ണനകൾ സ്വന്തം രാജമാന്യരാജശ്രീ ദൈവങ്ങളെപ്പറ്റി മറ്റു് മതങ്ങളും കുറിച്ചു് വച്ചിട്ടുണ്ടു്. തുടയിൽ നിന്നും, കുടത്തിൽ നിന്നും, വേണ്ടിവന്നാൽ പ്ലീഹയിൽ നിന്നുപോലും മക്കളെയും മനുഷ്യരെയും ജനിപ്പിക്കുന്ന എന്തരോ മഹാനുഭാവുലുകൾ!

സകല പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും, ഓരോ മനുഷ്യന്റെയും ആഹരിക്കലും വിസർജ്ജിക്കലും ഇണചേരലും ഉറക്കവും ഉണരലും പോലുള്ള മുഴുവൻ പ്രവൃത്തികളെയും ഇമവെട്ടാതെ ഉറക്കമിളച്ചിരുന്നു് വീക്ഷിച്ചു്, അവയിലെ നന്മതിന്മകളെ വേർതിരിച്ചു്, കണക്കുപുസ്തകത്തിൽ സൂക്ഷ്മമായി കുറിച്ചുവച്ചു്, ചത്തുകഴിയുമ്പോൾ ഓരോരുത്തരുടെയും ബാലൻസ് ഷീറ്റ് നോക്കി, ശിഷ്ടജീവിതം നിത്യസ്വർഗ്ഗത്തിലോ നിത്യനരകത്തിലോ എന്നു് വിധി പ്രസ്താവിക്കാനായി കാത്തിരിക്കുന്നവനുമായ ദൈവം എന്ന പ്രതിഭാസം ആധുനികമനുഷ്യന്റെ ചിന്താശേഷിയുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല എന്ന തിരിച്ചറിവാണു് ആദ്യമുണ്ടാവേണ്ടതു്. ഓരോ വ്യക്തിയും സ്വയമായും ബോധപൂർവ്വമായും വളർത്തിയെടുക്കേണ്ട കാര്യമാണതു്. അതോടെ, ദൈവം ഉണ്ടു്, ദൈവം ഇല്ല, ദൈവം ഉണ്ടില്ല തുടങ്ങിയ എല്ലാ വാദങ്ങളും പ്രതിവാദങ്ങളും അർത്ഥശൂന്യവും തന്മൂലം അധികപ്പറ്റുമാവും.

പ്രപഞ്ചത്തിലെ പ്രതിഭാസങ്ങൾ കണ്ടു് അമ്പരന്ന പുരാതനമനുഷ്യർ മറുപടി കിട്ടാത്ത അവരുടെ ചോദ്യങ്ങളെ നേരിടാൻ കണ്ടെത്തിയതും, സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യമനസ്സിൽ വേരുറച്ചതുമായ ദൈവം എന്ന അന്നത്തെ താത്കാലികോപായത്തെ അങ്ങനെ മാത്രമേ ഇന്നത്തെ മനുഷ്യജീവിതത്തിലെ ഒരനാവശ്യമെന്ന നിലയിൽ ലോകത്തിൽ നിന്നും എന്നേക്കുമായി ഉന്മൂലനം ചെയ്യാൻ കഴിയൂ. പക്ഷെ, അതു് സംഭവിക്കേണ്ടതു് ഓരോ മനുഷ്യമനസ്സിലുമാണു്. തെറ്റെന്നു് എത്രവട്ടം തെളിയിക്കപ്പെട്ട കാര്യമായാലും, തനിക്കു് അതുകൊണ്ടു് പ്രയോജനമുണ്ടായേക്കാം എന്നു് തോന്നിയാൽ, അതിനെ വീണ്ടും വാരിപ്പുണരാൻ മടിക്കുന്നവരല്ല മനുഷ്യർ എന്നു് നീറ്റ്സ്ഷെ. നീറ്റ്സ്ഷെ പറഞ്ഞ കാര്യങ്ങളിൽ ചിലതെങ്കിലും ഇന്നത്തെ കാഴ്ചപ്പാടിൽ ശരിയാവണമെന്നില്ലെങ്കിലും, ഇപ്പറഞ്ഞതു് ശരിയാണെന്നു് മനസ്സിലാക്കാൻ മാർക്സിസമെന്നാൽ മനുഷ്യസ്നേഹമാണെന്നും, ആയുർവ്വേദമെന്നാൽ സർവ്വരോഗസംഹാരിയാണെന്നുമെല്ലാം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ചു് സുഖജീവിതം നയിക്കുന്ന, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മനുഷ്യരെ വീക്ഷിച്ചാൽ മതി. അതുകൊണ്ടു്, ദൈവത്തെ ലോകത്തിൽ നിന്നും പൂർണ്ണമായി ആട്ടിയോടിക്കാൻ കഴിയുമെന്നതു് നൂറ്റാണ്ടുകളോളം, ഒരുപക്ഷേ, ലോകാവസാനത്തോളംവരെ, ഒരു വ്യാമോഹമായി, മാർക്സിസം പോലൊരു യുട്ടോപ്പിയയായി അവശേഷിക്കാനേ വഴിയുള്ളു.

തൊണ്ണൂറ്റൊൻപതു് ആടുകളെയും കുറുക്കന്മാർക്കു് വിട്ടുകൊടുത്തിട്ടു് നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെ തേടിപ്പോകണം എന്നല്ലേ ബൈബിളാണെങ്കിലും മനുഷ്യരോടു് അരുളിച്ചെയ്യുന്നതു്? വായും തുറന്നിരിക്കുന്ന വിശുദ്ധ നേർച്ചപ്പെട്ടിയുടെ മഹത്വത്തിലേക്കു് കുഞ്ഞാടിനെ മടക്കിക്കൊണ്ടുവരിക എന്ന ഒരേയൊരു ലക്ഷ്യം നേടാൻ വേണ്ടിയാണു് ആട്ടും തുപ്പും സഹിച്ചുള്ള ഈ ദൈവാസ്തിത്വകുരിശുയാത്ര.

ലിപി ഇല്ലാതെ ഗ്രന്ഥങ്ങൾ എഴുതപ്പെടാനാവില്ല. മതഗ്രന്ഥങ്ങൾ വർണ്ണിക്കുന്നതു് ദൈവസംബന്ധമായ കാര്യങ്ങളായതുകൊണ്ടു് എഴുതാൻ ലിപി വേണ്ട എന്നു് സ്വർഗ്ഗാരോഹണത്തിൽ വിശ്വസിക്കുന്ന ദൈവഭക്തർ പോലും പറയാനിടയില്ല. (ഭക്തരുടെ കാര്യമായതുകൊണ്ടു് പറയില്ലെന്നു് തീർച്ചയുമില്ല). മതഗ്രന്ഥങ്ങൾ എഴുതപ്പെടാൻ തുടങ്ങുന്നതിനു് മുൻപു്, മറ്റെല്ലാ കഥകളും എന്നപോലെതന്നെ, ദൈവകഥകളും വാമൊഴിയായി തലമുറകളിൽ നിന്നും തലമുറകളിലേക്കു് പകർന്നുകൊടുക്കപ്പെട്ടിരുന്നു എന്നു് കരുതുന്നതിൽ അപാകതയൊന്നുമില്ല. പക്ഷേ, വാമൊഴിയായുള്ള പകർന്നുകൊടുക്കലിനും ഭാഷ ഒരനിവാര്യതയാണു്. ലിപിയും ഭാഷയും രൂപപ്പെടുന്നതിനു് മുൻപേ ലോകത്തിൽ പ്രാകൃതരായ മനുഷ്യർ ഉണ്ടായിരുന്നു. “ഭാഷ” ഇല്ലാതെ ആശയവിനിമയം നടത്തേണ്ടിയിരുന്ന മനുഷ്യർ! ഭൂമിയിൽ ഹോമോ സേപിയൻസ് രൂപമെടുത്തതു് ഏകദേശം 3 ലക്ഷം വർഷങ്ങൾക്കു് മുൻപു് മാത്രമാണു്. പക്ഷെ, ഭൂമി എന്ന ഗ്രഹം രൂപമെടുത്തിട്ടു് ഏകദേശം 45000 ലക്ഷം വർഷങ്ങളായി. അതേസമയം, ഭൂമി ഉൾപ്പെടുന്ന പ്രപഞ്ചം ഏകദേശം 138000 ലക്ഷം വർഷങ്ങൾക്കു് മുൻപേ തുടക്കം കുറിച്ചിരുന്നു. സുമേറിയൻസ് ആദ്യമായി ലിപി ഉപയോഗിച്ചതു് വെറും 6000 വർഷങ്ങൾക്കു് മുൻപു് മാത്രമാണെന്നോർക്കുമ്പോൾ, ലോകത്തിൽ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിനും 6000 വർഷങ്ങൾക്കു് അപ്പുറം പഴക്കം ഉണ്ടാവാൻ കഴിയില്ലെന്ന വസ്തുത അനിഷേദ്ധ്യമായി മാറുകയാണു് ചെയ്യുന്നതു്.

ഒരു ബൈബിൾ അപാരത: ആദിമനുഷ്യരെന്നു് ബൈബിൾ വിശേഷിപ്പിക്കുന്ന ആദമിന്റെയും ഹവ്വയുടെയും രണ്ടാമത്തെ മകനായ ഹാബെലിനെ കൊന്ന മൂത്തമകൻ കയീനെ ദൈവം ശിക്ഷിച്ചതുമൂലം അവൻ ഏദെൻ തോട്ടത്തിനു് കിഴക്കുള്ള നോദ് ദേശത്തേക്കു് പുറപ്പെട്ടുപോയി അവിടെനിന്നും ഒരു സ്ത്രീയെ കല്യാണം കഴിച്ചു് പട്ടണമൊക്കെ പണിതു് താമസിക്കുകയായിരുന്നല്ലോ. പൊന്നപ്പന്റെ മാതാപിതാക്കൾ പണിയുന്ന വീടിനു് “പൊന്നപ്പൻ വില്ല” എന്നും, തുഷാറിന്റെ മാതാപിതാക്കൾ പണിയുന്ന വീടിനു് “തുഷാർ വില്ല” എന്നും പേരിടുന്ന കേരളീയരീതി അന്നു് നോദ് ദേശത്തെ പട്ടണം പണിയുടെ കാര്യത്തിലും നിലവിലുണ്ടായിരുന്നതിനാൽ, താൻ പണിത പട്ടണത്തിനു് കയീനും തന്റെ മകന്റെ പേരാണു് ഇട്ടതു് – “ഹാനോക്”. ഹാനോക്കിന്റെ മകൻ ഈരാദ്, ഈരാദിന്റെ മകൻ മെഹൂയയേൽ, മെഹൂയയേലിന്റെ മകൻ മെഥൂശയേൽ, മെഥൂശയേലിന്റെ മകൻ ലാമെക്. ശ്രീമാൻ ലാമെക് ആദാ, സില്ലാ എന്ന രണ്ടു് ഭാര്യമാരെ എടുത്തു. ആദായുടെ ഒരു മകൻ യാബാൽ – കൂടാരവാസികളുടെയും പശുപാലന്മാരുടെയും പിതാവു്. രണ്ടാമത്തവൻ യൂബാൽ – കിന്നരവും വേണുവും (മക്കാരും മർക്കോസും) പ്രയോഗിക്കുന്ന എല്ലാവരുടെയും പിതാവു്. സില്ലായുടെ മകൻ തൂബൽകയീൻ. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങൾ നിർമ്മിക്കലായിരുന്നു അവന്റെ പണി. തൂബൽകയീനു് ഒരു പെങ്ങളുമുണ്ടായിരുന്നു – നയമാ. അവളുടെ പണി എന്തായിരുന്നു എന്നു് രേഖപ്പെടുത്തിയിട്ടില്ല. ഒറ്റയ്ക്കിരുന്നു് കുബൂസ് ഉണ്ടാക്കിത്തിന്നുകയായിരുന്നിരിക്കണം പ്രധാനമായും ചെയ്തിരുന്ന പണി. തൂബൽകയീന്റെ ആയുധനിർമ്മാണ-പണിവിപണിയിലേക്കു് എത്തിച്ചേരാനാണു് ഈ കുബൂസ് കഥകൾ മുഴുവൻ പറഞ്ഞതു്. ചെമ്പും ഇരുമ്പും ഉപയോഗിച്ചു് ആയുധങ്ങൾ നിർമ്മിക്കുന്നതിനെപ്പറ്റി ബൈബിളിൽ ഒരു പരാമർശം ഉണ്ടെന്നതിനർത്ഥം, മനുഷ്യർ ചെമ്പും ഇരുമ്പും ഉപയോഗിച്ചു് ആയുധങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ കാലത്തിനു് ശേഷമാണു് ആ ഗ്രന്ഥം എഴുതപ്പെട്ടതെന്നല്ലാതെ മറ്റെന്താണു്? ഏകദേശം 5000 BCE-ക്കും 3000 BCE-ക്കും ഇടയിലുള്ള കാലഘട്ടമാണു് “ചെമ്പുയുഗം” എന്നറിയപ്പെടുന്നതു്. മെറ്റലർജ്ജിയിൽ താത്പര്യമുള്ളവർക്കു് ബ്രോൺസ് യുഗത്തെപ്പറ്റി ഒരു തുടർഗവേഷണം നടത്താവുന്നതാണു്.

ബൈബിളോ, ഖുർആനോ, മറ്റു് വേദഗ്രന്ഥങ്ങളോ ഒരു കാരണവശാലും ദൈവസൃഷ്ടിയല്ലെന്നും, അവയിലെ വർണ്ണനകൾ ഏതെങ്കിലും വിധത്തിൽ ദൈവാസ്തിത്വത്തിനുള്ള തെളിവുകൾ നൽകാൻ പര്യാപ്തമല്ലെന്നും മനസ്സിലാക്കാൻ ഇതുപോലുള്ള ചരിത്രരേഖകളുമായി അവയെ താരതമ്യം ചെയ്താൽ മതി. ദൈവം ആദ്യമായി സൃഷ്ടിച്ച മനുഷ്യരായ ആദാമിന്റെയും ഹവ്വയുടെയും തത്കാലത്തെ ഏകമകനായ കയീനു് നോദ് എന്നൊരു ദേശത്തു് പോയി പെണ്ണുകെട്ടി താമസിക്കാൻ കഴിയുന്നുവെങ്കിൽ, ആ പെണ്ണിനെയും അവൾക്കു് അപ്പനമ്മമാർ ഉണ്ടായിരുന്നെങ്കിൽ അവരെയും സൃഷ്ടിച്ചതു് മറ്റൊരു ദൈവമാണെന്നോ മറ്റോ ആണോ ആ കഥ വിവരിക്കുന്ന ബൈബിൾ നമ്മെ പഠിപ്പിക്കാൻ ശ്രമിക്കുന്നതു്?

ബെത്ലെഹെമിലും അതിന്റെ അതിരുകളിലും വസിക്കുന്ന കുടുംബങ്ങളിലെ രണ്ടു് വയസ്സും അതിൽ താഴെയുള്ളവരുമായ എല്ലാ കുഞ്ഞുങ്ങളെയും ഹെരോദാവ് ആളയച്ചു് കൊല്ലിച്ചു എന്നു് ബൈബിളിൽ മത്തായി “സത്യവാങ്‌മൂലം” നല്കുന്നുണ്ടു്. ആ സമയത്തു് കുഞ്ഞായിരുന്ന യേശുവിനെ കൊല്ലുക എന്നതായിരുന്നത്രെ ഹെരോദാവിന്റെ ലക്ഷ്യം! കോംപെറ്റീഷൻ ഒഴിവാക്കാതെ രക്ഷയില്ല എന്നു് വന്നപ്പോൾ, CPI (M)-നു് RMP-യിലെ ടി.പി. ചന്ദ്രശേഖരനെ അച്ചൂടും മുച്ചൂടും വെട്ടി കൊല്ലേണ്ടിവന്നില്ലേ? അതുപോലൊരു “ഓപ്പറേഷൻ സുനികൊടി” ആയിരുന്നിരിക്കണം ഹെരോദാവിന്റേതും. തികച്ചും ജനാധിപത്യപരം! കള്ളൻ മത്തായിയുടെ, അഥവാ “മത്തായിയുടെ സുവിശേഷം” എന്ന ബൈബിൾ പുസ്തകം എഴുതിയ കള്ളന്റെ യാഥാർത്ഥലക്ഷ്യം മറ്റൊന്നായിരുന്നു: മോശെയുടെ കാലത്തു്, യഹൂദരെ ഈജിപ്തിൽ നിന്നും മോചിപ്പിക്കാനായി, ഫറവോയുടെയും, ദാസികളുടെയും, മൃഗങ്ങളുടെയും വരെയുള്ള സകലത്തിന്റെയും ആദ്യജാതന്മാരെ ഒറ്റരാത്രികൊണ്ടു് യഹോവ കൊന്നൊടുക്കി എന്ന നുണയുടെ മാതൃകയിൽ, ഒരു നുണക്കഥ എഴുതിയുണ്ടാക്കി യേശുവിനെ മോശെക്കു് തുല്യനായി മാറ്റിയെടുക്കുക! പക്ഷെ, ബൈബിൾ വർണ്ണനയിലെ ഹെരോദാവിൽ നിന്നും വ്യത്യസ്തമായി, ലോകചരിത്രത്തിൽ നിലനിൽക്കുന്ന മറ്റൊരു ഹെരോദാവുണ്ടു്. ദൈവപുത്രനെന്നു് ബൈബിൾ ഘോഷിക്കുന്ന യേശുവിനെപ്പറ്റി ലോകത്തിനു് അറിയാൻ കഴിഞ്ഞിട്ടുള്ള കാര്യങ്ങളേക്കാൾ എത്രയോ മടങ്ങു് വിശദവും വ്യക്തവുമായ വിവരങ്ങൾ ഹെരോദാവിനെപ്പറ്റി ലോകത്തിലെ ചരിത്രകാരന്മാർക്കു് ഇന്നറിയാം. കുഞ്ഞുങ്ങളെ കൊല്ലലോ അതിനപ്പുറമോ ഉള്ള ക്രൂരതകൾ ചെയ്യാൻ മടിക്കുന്നവനായിരുന്നില്ലെങ്കിലും, ആ വിഷയത്തിൽ ഹെരോദാവിനെക്കുറിച്ചുള്ള ബൈബിൾ വർണ്ണന നുണയിൽ ചാലിച്ച സങ്കല്പസൃഷ്ടി മാത്രമാണെന്നതാണു് സത്യം. റോം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയുടേതുപോലുള്ള ഒരു സാങ്കല്പിക ക്രൈസ്തവസൃഷ്ടി. മതങ്ങളിലെ എന്നപോലെതന്നെ, രാഷ്ട്രീയത്തിലെയും പീറ ഭക്തന്മാരുടെ “സത്യവാങ്മൂലങ്ങളിൽ” നിന്നും എത്ര അകന്നു് നിൽക്കാൻ കഴിയുന്നോ അത്രയും അതു് മനുഷ്യർക്കു് ഗുണകരമായിരിക്കും എന്നു് ഗുണപാഠം.

സത്യത്തിന്റെ സാക്ഷ്യത്തിനായി യേശു മാത്രമേ ലോകത്തിലേക്കു് അവതരിച്ചുള്ളൂ എന്നു് കരുതണ്ട. സൂര്യന്റെ ഉദയാസ്തമയങ്ങളെപ്പറ്റി ഇതാ മുഹമ്മദ് നബി ഖുർആനിലൂടെ നൽകുന്ന ഒരു ഉഗ്രൻ സയന്റിഫിക് “സത്യവാങ്‌മൂലം”:

“ഒരിക്കൽ സൂര്യൻ അസ്തമിച്ചപ്പോൾ അബൂദറ്നോടു് നബി ചോദിച്ചു: അതു് എങ്ങോട്ടാണു് പോകുന്നതു് എന്നു് താങ്കൾക്കു് അറിയാമോ?

അദ്ദേഹം പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണു് കൂടുതൽ അറിയുന്നതു്.

തിരുമേനി പറഞ്ഞു (തിരുമേനിയുടെ നാവിലൂടെ അല്ലാഹു പറഞ്ഞു എന്നായിരുന്നേനെ കൂടുതൽ ശരി): “അർശസ്സിനു് ചുവട്ടിൽ, സോറി, അർശിനു് ചുവട്ടിൽ സുജൂദ് ചെയ്യുന്നതുവരെ അതു് പോവുകയും, അപ്പോൾ അതു് അനുവാദം ചോദിക്കുകയും ചെയ്യുന്നു. അങ്ങനെ അതിനു് അനുവാദം നൽകപ്പെടുന്നു. അതു് സുജൂദ് ചെയ്യാതാവുകയും, അതിൽനിന്നും സ്വീകരിക്കപ്പെടാതാവുകയും ചെയ്യും. അതു് അനുമതി ചോദിക്കുകയും അനുവാദം നല്കപ്പെടാതിരിക്കുകയും ചെയ്യും. എവിടെനിന്നാണോ നീ വന്നതു്, അങ്ങോട്ടുതന്നെ മടങ്ങുക എന്നു് പറയപ്പെടും. അങ്ങനെ അതു് അതിന്റെ പടിഞ്ഞാറുനിന്നു് ഉദിക്കുന്നു. അതാണു് അല്ലാഹുവിന്റെ വചനം.”

(സുജൂദ് ചെയ്യാതാവലോ, അതോ സുജൂദ് സ്വീകരിക്കപ്പെടാതാവലോ ആദ്യം സംഭവിക്കുക എന്നെനിക്കറിയില്ല. ദിനംപ്രതിയുള്ള സൂര്യന്റെ പോക്കുവരവുകളിൽ ഇന്നുവരെ മാറ്റമൊന്നും വീക്ഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, ലോകാരംഭത്തിൽ സുജൂദ് സംബന്ധമായി സൂര്യനും അല്ലാഹുവും ഉഭയസമ്മതത്തോടെ ഒപ്പുവച്ച ഉടമ്പടിപ്രകാരം നിലവിൽവന്ന കൊടുക്കൽ-വാങ്ങലുകൾ പതിവുപോലെ തുടരുന്നുണ്ടെന്നു് വേണം കരുതാൻ. അല്ലാഹുവും സൂര്യനും സുജൂദ് വിഷയത്തിൽ സ്റ്റേയ്റ്റസ് ക്വോ പാലിക്കുന്നതിനു് പിന്നിൽ തൊഴിലധിഷ്ഠിതമായ ഒരു കാരണമുണ്ടെന്നാണു് എന്റെ അഭിപ്രായം. സൂര്യൻ സുജൂദ് ചെയ്യാതായാൽ പിന്നെ സുജൂദിനെ സ്വീകരിക്കാൻ അല്ലാഹുവിനോ, സുജൂദ് സ്വീകരിക്കപ്പെടാതായാൽ പിന്നെ സുജൂദ് ചെയ്യാൻ സൂര്യനോ വല്ല വട്ടുമുണ്ടോ? അതിനാൽ, തമ്പ്രാൻ-അടിയാൻ, ഇരട്ടച്ചങ്കു്-ഒറ്റച്ചങ്കു്, തിരുമേനി-അല്മേനി, കമ്മൂണിഷ്ട്-കാങ്കിരസ് തുടങ്ങിയ അനേകം ദ്വന്ദ്വങ്ങൾ പോലെ, കൊടുത്തും കൊണ്ടും ഒരു അണ്ടർസ്റ്റാൻഡിങ്ങിൽ മുന്നോട്ടു് നീങ്ങുന്നതാണു്, പണമില്ലാതെ പിണമായി, പിണറായിയായി മാറിയാലത്തെ അവസ്ഥാന്തരദുരന്തങ്ങൾ ഒഴിവാക്കാൻ നല്ലതെന്നു് രണ്ടുപേർക്കും തോന്നും, തോന്നാതിരിക്കാൻ വഴിയില്ല. – അതാണു് ലോകഗതി!)

ഇതാ മറ്റൊരു അഫിഡെവിറ്റ്:

“സൂര്യൻ അതിനു് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്കു് സഞ്ചരിക്കുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണതു്.” – യാസിൻ: 38, ബുഖാരി. (അറിയാത്തവർക്കായി: ബ്രണ്ണൻ കോളേജിൽ പഠിച്ചു് മാത്തമാറ്റിക്സിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദം നേടിയ ആളാണു് രാജമാന്യരാജശ്രീ, നിതാന്തവന്ദ്യദിവ്യശ്രീ അല്ലാഹു).

 
Comments Off on ദൈവാസ്തിത്വം – തനിയാവർത്തനം

Posted by on Aug 27, 2019 in Uncategorized

 

ഉദ്ദിഷ്ടകാര്യങ്ങളുടെ ഉപദേഷ്ടാക്കൾ

“യെശ്ശു”വിന്റെ നാമത്തിൽ രോഗം സുഖപ്പെടുത്തുന്ന ഒരു അത്ഭുതരോഗശാന്തിശുശ്രൂഷകനാണു് ചിത്രത്തിൽ. അതു് കാണുമ്പോൾ, തന്റെ സ്വന്തം വെള്ളപ്പാണ്ടു് രോഗം രോഗശാന്തിശുശ്രൂഷയിലൂടെ അത്ഭുതകരമായി സുഖപ്പെടുത്താൻ എന്തുകൊണ്ടു് അദ്ദേഹത്തിനു് കഴിയുന്നില്ല എന്നൊരു സംശയം ചിലർക്കെങ്കിലും തോന്നിയേക്കാം. പക്ഷെ, അങ്ങനെ തോന്നാത്ത ധാരാളം ആളുകൾ ലോകത്തിലുണ്ടു്. അതിനാലാണു് സത്യത്തിൽ ചികിത്സ ആവശ്യമുള്ള രോഗികൾക്കു് ചികിത്സകരായിച്ചമഞ്ഞു് കോടികൾ സമ്പാദിക്കാനും, അതുവഴി സമൂഹത്തിൽ സ്വാധീനം ചെലുത്താനും കഴിയുന്നതു്. ഈ ലോകത്തിലെ ബഹുഭൂരിപക്ഷമായ അത്തരക്കാരിലാണു് അത്ഭുതചികിത്സകരുടെ കണ്ണും കാതും. ഏതിനം അമേധ്യവും വാങ്ങാൻ റെഡിയായി അക്ഷമയോടെ കാത്തുനിൽക്കുന്ന കസ്റ്റമേഴ്‌സ് ഇല്ലാത്തിടത്തു് അത്ഭുതരോഗശാന്തിശുശ്രൂഷകർക്കെന്നല്ല, പറുദീസാതുല്യമായ മരണാനന്തരജീവിതവും, സമത്വസുന്ദര-സ്വതന്ത്രകോമളമായ കമ്മ്യൂണിസ്റ്റ് നല്ലനാളെകളും, ശാസ്ത്രീയവും യുക്തിഭദ്രവുമായ സോഷ്യലിസ്റ്റ് നവോത്ഥാനവും, സ്ത്രീപുരുഷസമത്വവും വിറ്റു് സുഖജീവിതം നയിക്കുന്ന നീലകുറുക്കന്മാർക്കും, ജനാധിപത്യ ലാടഗുരുക്കൾക്കും അധികനാൾ നിലനിൽക്കാനാവില്ല.

ചൂഷകരെ ചൂഷകരെന്നു് തിരിച്ചറിയാതെ, അവരെ ന്യായീകരിക്കാനും പ്രതിരോധിക്കാനും സർവ്വാത്മനാ സന്നദ്ധരായ ഒരു കൂട്ടം പോരാളിശംഭുക്കളാണു് ഏതിനം ചൂഷണത്തിന്റെയും നട്ടെല്ലു്. ചൂഷകരുടെ പുകഴ്ത്തലുകളിൽ മയങ്ങി, അവർ വിളമ്പുന്ന നുണക്കഥകൾ ഏറ്റുപാടിയാൽ ലോകത്തെ രക്ഷിക്കാമെന്നു് വ്യാമോഹിക്കുന്ന ബുദ്ധിശൂന്യപാറക്കെട്ടുകളുടെ അടിത്തറയിലാണു് ഏതൊരു പ്രത്യയ”ശാസ്ത്ര”ത്തിന്റെയും, മതതത്വ”ശാസ്ത്ര”ത്തിന്റെയും കോട്ടകൊത്തളങ്ങളും പള്ളികളും പണിതുയർത്തപ്പെടുന്നതു്! വൈറസുകൾക്കു് വളരാൻ കഴിയണമെങ്കിൽ ആതിഥേയശരീരമുണ്ടായിരിക്കണം. ആതിഥേയശരീരത്തിനു് അറിയാത്ത ആ സത്യം വൈറസുകൾക്കറിയാം. സ്വതവേതന്നെ കഴുതകളായതിനാൽ, പൊതുജനം എന്ന ആതിഥേയശരീരത്തിനു് അതറിയില്ലെന്നും, അതറിയാനുള്ള കഴിവു് അവർക്കില്ലെന്നും അറിയാനുള്ള കഴിവുണ്ടെന്നതാണു് മതങ്ങളിലെയും രാഷ്ട്രീയത്തിലെയും പരാന്നഭോജികളായ വൈറസുകളുടെ വിജയരഹസ്യം.

ഇവിടെ, കഥയിലെ ഹീറോ ആയ “ദൈവദൂതൻ” തന്റെ വെള്ളപ്പാണ്ടു് ഊതിയോ ഓതിയോ ഞൊട്ടിയോ മാറ്റാത്തതു് അദ്ദേഹത്തിനു് അതു് കഴിയാത്തതുകൊണ്ടല്ല, മനുഷ്യർക്കു് ലഭിക്കുന്ന സാമ്പത്തികമായ അനുഗ്രഹങ്ങൾ പോലെതന്നെ, ശാരീരികമായ “അനനുഗ്രഹങ്ങളും” (അനസൂയ = കുശുമ്പുണ്ടെങ്കിലും അസൂയ ഒട്ടുമില്ലാത്തവൾ!) ദൈവദത്തമാണെന്നു് അദ്ദേഹത്തിനു് അറിയാവുന്നതുകൊണ്ടാണു്. പന്നിക്കും പട്ടിക്കുമെന്നപോലെ, മനുഷ്യർക്കും ദൈവം തനിക്കു് തോന്നുമ്പോൾ മക്കളെ തരുന്നില്ലേ? തനിക്കു് തോന്നുമ്പോൾ അവരെ മൊത്തമായോ ചില്ലറയായോ തിരിച്ചെടുക്കുന്നില്ലേ? ദൈവം തരുന്നു, ദൈവം എടുക്കുന്നു എന്നാണു് “ഫിലോസഫി”! ദൈവം ഓരോ ഓളത്തിനു് ചെയ്യുന്ന കർമ്മങ്ങൾ ചോദ്യം ചെയ്യാൻ “പാണ്ഡു”വാരു്, ധൃതരാഷ്ട്രരാരു്, ബ്രദർ താരുവാരു്, പാസ്റ്റർ തങ്കുവാരു്, കടപ്പുറം സുധാമണിയാരു്? വരുമോരോ ദശ വന്നപോലെ പോം എന്നു് കവി. മനുഷ്യർക്കു് “ദശ” വന്നാൽ വന്നു, പോയാൽ പോയി; വന്നില്ലെങ്കിൽ വന്നില്ല, പോയില്ലെങ്കിൽ പോയില്ല. അത്രയേയുള്ളൂ ദശ വരലിന്റെ കാര്യം.

“ബ്രദര്‍” ലക്ഷ്മണന്റെ സംഗീതസംവിധാനത്തിൽ കമുകറ പുരുഷോത്തമന്‍ പാടിത്തകർത്തതുപോലെ, “അഴിനിലയില്ല, ജീവിതമെല്ലാം ആറടി മണ്ണില്‍ നീറിയൊടുങ്ങും. … … ഇല്ലാ ജാതികള്‍ ഭേദവിചാരം, ഇവിടെ പുക്കവര്‍ ഒരു കൈ ചാരം, മന്നവനാട്ടെ യാചകനാട്ടെ, വന്നിടുമൊടുവില്‍ വന്‍‌ചിത നടുവിൽ”. (ഇക്കാര്യത്തിൽ മകൻ യേശുവിനു് പിതാവായ യഹോവ ഒരു ഇക്സെംപ്‌ഷൻ അനുവദിച്ചിട്ടുണ്ടു്. മക്കൾക്കു് ചില സ്‌പെഷൽ പ്രിവിലേജുകളെല്ലാം അനുവദിക്കുന്ന കാര്യത്തിൽ ദൈവവും കോടിയേരി ബാലകൃഷ്ണനും ഭായി-ഭായിയാണു്. പ്രിവിലേജുകൾ ഉന്നതർക്കുള്ളതാണു്. അതുകണ്ടു് അധഃസ്ഥിതർ കണ്ണു് കഴച്ചിട്ടു് കാര്യമില്ല. സ്ഥിതിസമത്വം വേണമെന്നും പറഞ്ഞു് ആന അപ്പി ഇടുന്ന വ്യാപ്തത്തിൽ അണ്ണാൻസ് അപ്പിയിടാൻ ശ്രമിച്ചാൽ എങ്ങനെയിരിക്കും? തമ്പേറിന്റെ ശബ്ദബാഹുല്യവുമായി ചപ്ലാക്കട്ട കിടപിടിക്കാൻ ശ്രമിക്കുന്നതു് വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദപ്രകാരം സാധുത്വം അവകാശപ്പെടാവുന്ന സോഷ്യലിസമോ കമ്മ്യൂണിസമോ അല്ലെന്നു് മാർക്‌സും പറഞ്ഞിട്ടുണ്ടു്).

അതുപോലെ, “ഇല്ലാ ജാതികള്‍ ഭേദവിചാരം” എന്നാൽ, ചത്തു്, “വന്‍‌ചിത നടുവിൽ” എത്തിയാൽ പിന്നെ ജാതിഭേദവിചാരമൊന്നും ഇല്ല എന്നേ ഗാനരചയിതാവായ തിരുനായനാര്‍കുറിച്ചി മാധവന്‍ നായര്‍ ഉദ്ദേശിച്ചിരിക്കാൻ വഴിയുള്ളു. അല്ലാതെ, ജീവിച്ചിരിക്കുന്നവർക്കു് ഈ സനാതന”തത് ത്വം” ബാധകമല്ല. ജീവിതത്തിൽ ജാതിഭേദവിചാരം ഉള്ളതുകൊണ്ടാണു് മരിച്ചശേഷം അതില്ല എന്നു് കേൾക്കുമ്പോൾ ഒരു ത്രില്ലുണ്ടാവുന്നതു്. ഭൂമിയിൽ ഒരിക്കലും മദ്യം കഴിക്കാത്തതുകൊണ്ടും, മദ്യം എന്നാൽ എന്താണു് സംഭവമെന്നു് അറിയാത്തതുകൊണ്ടുമല്ലേ സ്വർഗ്ഗത്തിൽ മദ്യം പുഴപുഴയായി ഒഴുകുകയാണെന്നു് പ്രവാചകൻ പറയുന്നതു് കേൾക്കുമ്പോൾ ഭക്തജനങ്ങൾക്കു് ഇത്ര ഹരം പിടിക്കുന്നതും, എങ്ങനെയെങ്കിലുമൊന്നു് ചത്തു് സ്വർഗ്ഗത്തിൽ എത്തികിട്ടിയാൽ മതിയെന്നും തോന്നുന്നതു്!? അതെന്തായാലും, ഹരിശ്ചന്ദ്ര കാലത്തെ ജാതിഭേദവിചാരത്തെ ചന്ദ്രയാൻ കാലത്തും മാറ്റമൊന്നുമില്ലാതെ കാത്തുസൂക്ഷിക്കാൻ കഴിയുക എന്നതൊരു ചെറിയ കാര്യമല്ല.

സ്വന്തം പാണ്ടു് രോഗത്തെ അവഗണിച്ചുകൊണ്ടു് മറ്റുള്ളവരുടെ രോഗങ്ങളെ അത്ഭുതകരമായി ഭേദമാക്കുന്ന ബ്രദർ താരുവിനെപ്പോലുള്ള സഹൃദയരിൽ നമുക്കൊരു ദൃഷ്ടാന്തമുണ്ടു്. എന്തിലും നമുക്കൊരു ദൃഷ്ടാന്തമുണ്ടെന്നു് ഖുർആനും ആവർത്തിച്ചു് ആണയിടുന്നുണ്ടല്ലോ. ഇവിടത്തെ ദൃഷ്ടാന്തം, പ്രത്യയശാസ്ത്രവും ഫിലോസഫിയും യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം പ്രചരിപ്പിക്കുന്നവർക്കും, രാജ്യത്തു് പുതിയ നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നവർക്കുമുള്ളതാണു്. “പലരോടും നിനയാതെ ഒരുകാര്യം തുടങ്ങൊല്ല” എന്ന സാരവചനം അറിയാത്ത മലയാളികൾ ഉണ്ടെന്നു് തോന്നുന്നില്ല. പക്ഷെ, ആ പലരിൽ നിർബന്ധമായും ഉൾപ്പെടുത്തപ്പെടേണ്ട ചിലരുണ്ടെന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണു്.

മതതത്വശാസ്ത്രപരമായ ഒരു കാര്യം നിനയേണ്ടതായി വന്നാൽ ഞാൻ ആദ്യം സമീപിക്കുന്നതു് ബ്രദർ താരുവിനെയോ, സിസ്റ്റർ സ്റ്റെഫിയെയോ, ഫാദർ ഫ്രാങ്കോയെയോ, മദർ സുധാമണിയെയോ ആയിരിക്കും. അതുപോലെ, ആയുർവ്വേദസംബന്ധമായ ഒരു കാര്യം പ്രധാനമായും ഞാൻ നിനയുന്നതു് മോഹനൻ വൈദ്യരോടോ, ജേക്കബ് വടക്കാഞ്ചേരിയോടോ ആയിരിക്കും. വൈദ്യുതിയാണു് വിഷയമെങ്കിൽ എം. എം. മണിയും, സ്പോർട്സോ വ്യവസായമോ ആണെങ്കിൽ ഇ. പി. ജയരാജനുമായിരിക്കും നിനയലിനായി ഞാൻ മുൻഗണന നൽകുന്നവർ. ഭാഗ്യത്തിനു്, പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ നിനയാനായി നമ്മൾ ആരെയും തേടി അങ്ങോട്ടു് പോകേണ്ടതില്ല. അവർ ഇങ്ങോട്ടു് വന്നുകൊള്ളും. പ്രത്യയശാസ്ത്രഉപദേഷ്ടാക്കളുടെയത്ര തൊഴിലില്ലായ്മയുള്ള മറ്റൊരു മേഖല കേരളത്തിലില്ല. ഫിലോസഫി സംബന്ധമായ നിനയലുകൾക്കു് ഓഷോശിഷ്യർ നല്ലൊരു ചോയ്സാണു്. എനിക്കുണ്ടായിട്ടുള്ള നല്ല അനുഭവങ്ങളുടെ വെളിച്ചത്തിൽ, നിനയാൻ ആഗ്രഹിക്കുന്നവർക്കായി ഇവരെ റെകമെൻഡ് ചെയ്യാൻ എനിക്കൊരു മടിയുമില്ല. ഇവരിൽ ആരെവേണമെങ്കിലും ആർക്കും എപ്പോഴും ധൈര്യപൂർവ്വം സമീപിക്കാം. അവരുടെ കൈകളിൽ നിങ്ങൾ സുരക്ഷിതരായിരിക്കും. ഞാൻ ഗ്യാരന്റി.

P. S.
ക്യാഷ്മീർ ഇൻഡ്യൻ സംസ്ഥാനമാകണമോ വേണ്ടയോ എന്ന വിഷയത്തിലും നമ്മൾ പലരോടും നിനഞ്ഞു് അനുവാദം വാങ്ങേണ്ടതുണ്ടു്. എങ്കിലും, ഇൻഡ്യാക്കാർ എന്ന നിലയിൽ പ്രധാനമായും നമ്മൾ നിനയേണ്ടതു് ഇൻഡ്യയുടേതിനേക്കാൾ പാകിസ്ഥാന്റെയോ ചൈനയുടെയോ താത്പര്യങ്ങൾക്കു് മുൻഗണന നല്കുന്ന സമാധാനകാംക്ഷികളായ സഹൃദയരോടായിരിക്കണം. നമ്മൾ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്കു് ശരിയായ എരിവും പുളിയും ഉപ്പുമെല്ലാം ഉണ്ടാവണമെങ്കിൽ കാര്യങ്ങളുടെ മറ്റേവശത്തുള്ള കിടപ്പുകൂടി നമ്മൾ നിനഞ്ഞിരിക്കണം, അറിഞ്ഞിരിക്കണം.

 
Comments Off on ഉദ്ദിഷ്ടകാര്യങ്ങളുടെ ഉപദേഷ്ടാക്കൾ

Posted by on Aug 7, 2019 in Uncategorized