RSS

Daily Archives: May 25, 2008

മഹാപ്രളയവും മരണപ്പെട്ടകവും – 3

= 3 =

അങ്ങനെ, പ്രളയാവസാനം ഭൂലോകത്തിലെ സകല പാപികളും ചത്തു് സ്ഥലം കാലിയാക്കി. ദൈവത്തിന്റെ കമ്പ്യൂട്ടറിലെ ഹാര്‍ഡ്‌ ഡിസ്കില്‍ ഇഷ്ടം പോലെ സ്ഥലം ബാക്കിയായി. ചത്ത പാപികളുടെ കൂട്ടത്തില്‍ മുലകുടിക്കുന്ന കുഞ്ഞുങ്ങള്‍ വരെയുണ്ടായിരുന്നു. യഹോവ അങ്ങനെയാണു്. കലിപ്പു്‌ കയറിയാല്‍ പിന്നെ കുഞ്ഞുമില്ല കുട്ടിയുമില്ല. കോപം കൊണ്ടു് കണ്ണു് കാണാതായാല്‍ മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവയും മോശെയെപ്പോലെതന്നെ. ദൈവം സ്വന്തം കൈകൊണ്ടു് എഴുതിയ പത്തു് കല്‍പനകളുടെ കല്പലകകള്‍ ദേഷ്യം കയറിയപ്പോള്‍ എറിഞ്ഞു്‌ പൊട്ടിച്ചവനാണു്‌ മോശെ. സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടിദൈവത്തെ അരച്ചു് കലക്കി മൊത്തം യഹൂദരെയും കുടിപ്പിച്ചവനാണു്‌ മോശെ. സ്വഭാവം കൊണ്ടു് യഹോവയും മോശെയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നു്‌ സാരം. കലി കയറിയാല്‍ മോശെക്കും ദൈവത്തിനും ആത്മനിയന്ത്രണം നഷ്ടപ്പെടും. ഇരട്ടപിറന്നതുപോലെയാണു്‌ പെരുമാറ്റം.

പ്രളയവും ബാര്‍ബെക്യൂ സദ്യയും കഴിഞ്ഞപ്പോഴേക്കും ദൈവത്തിന്റെ കോപമടങ്ങി തല ഒട്ടൊന്നു് തണുത്തിരുന്നു. ദൈവകോപം അടങ്ങി എന്നതിനു് അടയാളമായി തന്റെ (മഴ)വില്ലു്‌ ആകാശത്തില്‍ നിവര്‍ത്തിനിര്‍ത്തിയശേഷം ഒരു മേഘടാക്സിയില്‍ ദൈവം സ്വര്‍ഗ്ഗത്തിലേക്കു് പോയി. പുരുഷന്മാര്‍ പൊട്ടു് തൊടുകയും, സ്വന്തശരീരത്തില്‍, ഒരു ക്യാന്‍വാസില്‍‌ എന്നപോലെ, വര്‍ണ്ണചിത്രങ്ങള്‍ രചിക്കുകയുമൊക്കെ ചെയ്യുന്ന ഒരു നാട്ടില്‍ ഇന്ദ്രചാപം എന്നു് പേരുനല്‍കി വിളിക്കപ്പെടുന്ന ചാപമല്ല യഹോവയുടെ ഈ ചാപം. അതു് വെറും പാപചാപം. ഇതു് സാക്ഷാല്‍ പാപമോചനചാപം.

ദൈവത്തിനു് റ്റാറ്റാ പറഞ്ഞശേഷം നോഹയും കുടുംബവും ജീവിക്കാന്‍ പറ്റിയ മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിച്ചു. ആദ്ധ്യാത്മികത വഴി എളുപ്പം കോടീശ്വരനാവാമെന്നു് നോഹക്കറിയാമായിരുന്നു. വലിയ മുതല്‍ മുടക്കില്ല താനും. ആവശ്യത്തിനു് ഇറക്കമുള്ള ഒരു അങ്കി വേണമെന്നേയുള്ളു. അങ്കിയുടെ നിറം ബന്ധപ്പെട്ട സാമൂഹികഘടനയുമായി താദാത്മ്യം പ്രാപിക്കാന്‍ പര്യാപ്തമായിരിക്കണം. അതു് വളരെ പ്രധാനപ്പെട്ട കാര്യമാണു്. ഇറക്കം തീരെ കുറഞ്ഞാല്‍ കണങ്കാലിലെ രോമവും അരിമ്പാറയും പുഴുക്കടിയുമൊക്കെ കാല്‍ മുത്തുന്ന ഭക്തന്മാര്‍ കാണും. അപ്പോള്‍ അവര്‍ക്കൊരു ഇമ്പ്രഷന്‍ ഉണ്ടാവില്ല. സ്വാമിയായാലും സ്വാമിനിയായാലും പുഴുക്കടിയിലൊക്കെ മുത്തുക, തലോടുക എന്നൊക്കെ പറഞ്ഞാല്‍ ചിലരെങ്കിലും അറച്ചു് മാറിനില്‍ക്കും. എന്തിനു്‌ വെറുതെ റിസ്ക്‌ എടുക്കണം? ഒരു സ്വാമി/സ്വാമിനി രോമയോ അരോമയോ, അരിമ്പാറയോ അനരിമ്പാറയോ എന്നതെല്ലാം എന്നാളും രഹസ്യമായിരിക്കേണ്ട കാര്യങ്ങളാണു്. അത്ഭുതഗര്‍ഭം പോലെയാണതും. അത്ഭുതഗര്‍ഭം എന്നാളും ഒരു രഹസ്യമായിരിക്കണം. രഹസ്യമല്ലാത്തതില്‍ അത്ഭുതമില്ല. അത്ഭുതമില്ലെങ്കില്‍ ജനം മുഖം തിരിക്കും.നീണ്ട ഒരു കുപ്പായം തുന്നിക്കൂട്ടുന്നതെങ്ങനെ എന്നതായിരുന്നില്ല നോഹയുടെ പ്രശ്നം. കാണിക്കയും നേര്‍ച്ചകാഴ്ചകളുമായി എത്താന്‍ ഏതെങ്കിലുമൊരു ഉണ്ണാക്കന്‍ ഭൂമിയില്‍ ഉണ്ടായിട്ടു് വേണ്ടേ? ബലികുടീരങ്ങള്‍ വിപ്ലവം വിപ്ലവം എന്നു്‌ സ്പന്ദിക്കാറുണ്ടെങ്കിലും നേര്‍ച്ചയിടാറില്ലല്ലോ.

അവസാനം, നോഹ പണ്ടത്തെ കയീനെപ്പോലെ കര്‍ഷകനാവാന്‍ തീരുമാനിച്ചു. അവര്‍ നാലാണും നാലു് പെണ്ണും കൂടി കഠിനമായി അദ്ധ്വാനിച്ചു. രാപ്പകലില്ലാതെ അവര്‍ കൃഷിയിടം ഉഴുതുമറിച്ചു് വിളവിറക്കി. അങ്ങനെ “സകലഭൂമിയിലുമുള്ള” മരങ്ങളും ചെടികളും പുല്ലുകളും അവര്‍ നട്ടുപിടിപ്പിച്ചു. ബാക്കിവന്ന സ്ഥലത്തു് തടമെടുത്തു് കുറേ മുന്തിരിയും നട്ടു. അതിനുശേഷം എല്ലാറ്റിനും വെള്ളമൊഴിച്ചു് കിഴക്കോട്ടു് നോക്കി പ്രാര്‍ത്ഥിച്ചു്‌ പ്രത്യാശയോടെ അവര്‍ കാത്തിരുന്നു. പ്രാര്‍ത്ഥനയുടെ തീവ്രതമൂലം എല്ലാം പത്തും നൂറും മേനി വിളവുനല്‍കി. എല്ലാ വിളവിന്റേയും ദശാംശം അവര്‍ ദൈവം ഇനി വരുമ്പോള്‍ കൊടുക്കാനായി നീക്കിവച്ചു. ദൈവത്തിനു് എന്തെങ്കിലും കൈമടക്കു്‌ കൊടുക്കുക എന്ന രൂപത്തിലല്ല, ഉദ്ദിഷ്ടകാര്യം സാധിച്ചതിനു് ഉപകാരസ്മരണ ഒരു ബാദ്ധ്യതയാണെന്ന ഉത്തമബോദ്ധ്യത്തിന്റെ പേരില്‍.

ഉത്തമഗീതങ്ങളില്‍, അനുരാഗലോലയായ കാമിനിയെ അംഗോപാംഗം നിരീക്ഷിക്കുന്ന ശലോമോന്റെ സ്തനവര്‍ണ്ണനപോലെ മുന്തിരിക്കുലകള്‍ തോട്ടം മുഴുവന്‍ വിളഞ്ഞുനിറഞ്ഞു. (ഉത്തമഗീതങ്ങള്‍ 7: 9). മുന്തിരി വിളഞ്ഞപ്പോള്‍ മുന്തിരിക്കുലകള്‍ ഇറുത്തെടുത്തു് യഹൂദരുടെ ഭക്‍ഷ്യസുരക്ഷാനിയമത്തിനു്‌ പോറലൊന്നും ഏല്‍ക്കാത്തവിധം വീഞ്ഞുണ്ടാക്കി നൂറുകണക്കിനു് തടിവീപ്പകളില്‍ നിറച്ചു് സൂക്ഷിക്കാന്‍ നോഹ തീരുമാനിച്ചു.

നോഹയെപ്പോലെ നിര്‍മ്മലരായ ദൈവഭക്തര്‍ക്കു് ജപം പോലെതന്നെയാണു്‌ കുടിയും. തുടങ്ങിയാല്‍ പിന്നെ നിര്‍ത്തല്‍ വലിയ ബുദ്ധിമുട്ടാണു്. കാരണം, അവര്‍ ബലഹീനരാണു്. സ്വന്തം ബലഹീനത കോമ്പന്‍സേറ്റ്‌ ചെയ്യാനല്ലേ അവര്‍ സര്‍വ്വശക്തനായ ദൈവത്തെ കൂട്ടുപിടിച്ചിരിക്കുന്നതു്? നോഹയും ഒരു പക്കാ ഭക്തനായിരുന്നു. അതുകൊണ്ടാണല്ലോ ദൈവം അവനെയും കുടുംബത്തെയും മാത്രം പ്രളയത്തില്‍ നിന്നും രക്ഷിച്ചതു്‌. ഒരിക്കല്‍ നോഹ പതിവുപോലെ വീഞ്ഞുകുടിച്ചു് ബോധമില്ലാതെ കൂടാരത്തില്‍ കിടന്നുറങ്ങുകയായിരുന്നു. കുളിച്ചു എന്നു് കാണിക്കാന്‍ അണ്ടര്‍വയര്‍ ഊരി പുരപ്പുറത്തിട്ടിരുന്നതുകൊണ്ടു് അന്നത്തെ ദിവസം അങ്കിയുടെ അടിയില്‍ മറ്റൊന്നും ധരിക്കാതെ ആയിരുന്നു നോഹയുടെ ഔദ്യോഗിക നടപടികള്‍. ഉറക്കത്തില്‍ തുണി അഴിഞ്ഞു് താന്‍ നഗ്നനായതും അതിനോടൊപ്പം “എന്തതിശയമേ ദൈവത്തിന്റെ…” എന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഉയര്‍ന്നതും നോഹ അറിഞ്ഞില്ല. ഈ സമയത്തു് ഹാം എന്ന മകന്‍ ഒരു കുറ്റിബീഡി കത്തിക്കാന്‍ തീപ്പെട്ടി തപ്പി അവിടെ കയറിച്ചെന്നു. പിന്നണിഗാനം “വൃശ്ചികപ്പൂനിലാവേ … മച്ചിന്റെ മേലിരുന്നൊളിച്ചുനോക്കാന്‍ ലജ്ജയില്ലേ?” എന്നായി മാറി. പഴയ പ്ലേറ്റായതുകൊണ്ടു് കറങ്ങുന്നിടത്തുതന്നെ കിടന്നു് കറങ്ങി “ലജ്ജയില്ലേ? ലജ്ജയില്ലേ?” എന്നു് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതു് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ഒരു അശരീരി ആയി കരുതിയ അവന്‍ ഭയന്നു് വിറച്ചു് കുറ്റബോധത്തോടെ പുറത്തിറങ്ങി ഓടിച്ചെന്നു് സഹോദരന്മാരെ വിവരമറിയിച്ചു.

അവന്റെ സഹോദരന്മാര്‍ വളരെ ബുദ്ധിമാന്മാരായിരുന്നു. മനുഷ്യര്‍ക്കു് പുറകില്‍ കണ്ണില്ല എന്ന ഒരു കച്ചിത്തുരുമ്പു് മാത്രമാണു് വിധിനിര്‍ണ്ണായകമായ ഈ ഘട്ടത്തില്‍ തങ്ങളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗം എന്നവര്‍ മനസ്സിലാക്കി. അവര്‍ ഒരു തുണിക്കഷണവുമായി പുറകോട്ടു് നടന്നുചെന്നു് കൈയിലെ തുണി പുറകോട്ടു് എറിഞ്ഞു. അതേറ്റു എന്നു് പറഞ്ഞാല്‍ മതിയല്ലോ. തുണി വീഴേണ്ടിടത്തു് തന്നെ ചെന്നു് വീണു. അങ്ങനെ അവര്‍ പിതാവിന്റെ നഗ്നതാദര്‍ശനം വഴി ആര്‍ക്കും ശാശ്വതമോ മാരകമോ ആയ ദോഷഫലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ വിദഗ്ദ്ധമായി പൂര്‍ത്തിയാക്കി. നോഹയുടെ നഗ്നതയുടെ പേരില്‍ മനുഷ്യരാശിയുടെ ഭാവിതന്നെ വെറുമൊരു വാഴനാരില്‍ തൂങ്ങിക്കിടന്നു് ആടുകയായിരുന്നല്ലോ! മൂത്രമൊഴിക്കാന്‍ മുട്ടി ഉറക്കമുണര്‍ന്നപ്പോഴാണു് നോഹ വിവരമറിയുന്നതു്. ആരെയെങ്കിലും ഒന്നു് ശപിക്കാഞ്ഞാല്‍ ഈ നഗ്നതാപ്രശ്നത്തിനു് എന്തെങ്കിലും ഒരു ഗൗരവം വരുമോ? നാലുപേര്‍ അക്കാര്യം അറിയുമോ? നോഹ തന്റെ നഗ്നത കണ്ടവനായ ഹാമിനെ ശപിക്കുന്നതിനു് പകരം അവന്റെ മകനായ കനാനെയാണു്‌ ശപിക്കുന്നതു്‌! “കനാനേ, നിന്റെ വല്യപ്പനാകുന്ന ഞാന്‍ ഇന്നേദിവസം, ഇനിമേലില്‍ എന്നേക്കുമായി നിന്നെ യഹോവയുടെ ന്യായപ്രമാണപ്രകാരം ശപിച്ചിരിക്കുന്നു. നീ മറ്റു് സഹോദരന്മാര്‍ക്കു് ദാസനായിത്തീരും”.

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ ചിലര്‍ പിടിക്കാറുണ്ടു്. ഇവിടെ വേണമെങ്കില്‍ കട്ടവനെ തന്നെ പിടിക്കാമായിരുന്നു. എന്നിട്ടും നോഹ പിടിക്കുന്നതും ശിക്ഷിക്കുന്നതും നിരപരാധിയെയാണു്‌. താന്‍ വീഞ്ഞുകുടിച്ചു് ബോധം കെട്ടുറങ്ങി നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ ശിക്ഷ ചുമ്മാതിരുന്ന പേരക്കിടാവിനു്! മുഴുവന്‍ മനുഷ്യരും പാപികളായിരുന്ന ലോകത്തില്‍ പാപരഹിതനായിരുന്നതിനാല്‍ രക്ഷപെട്ട നോഹയുടെ പ്രളയശേഷമുള്ള അവസ്ഥയാണിതു്‌.  സകലലോകവും നിര്‍ദ്ദയം നശിപ്പിക്കപ്പെട്ടപ്പോള്‍ ദൈവം രക്ഷപെടുത്തിയ ഒരേയൊരു കുടുംബം! വേദഗ്രന്ഥങ്ങള്‍ വലിയ വായില്‍ പാപം, പുണ്യം, നന്മ, നീതി എന്നൊക്കെ അലമുറയിടുന്നതിനു്‌ ഇത്രയൊക്കെ വിലയേ നല്‍കേണ്ടതുള്ളു.

പ്രളയകാലഘട്ടത്തില്‍ മനുഷ്യരുടെ ആയുസ്സു് നൂറ്റിയിരുപതു് വര്‍ഷമായി ചുരുക്കാന്‍ ദൈവം തീരുമാനിച്ചെങ്കിലും, നോഹയുടെ പിന്‍തലമുറകളില്‍ പലരും നാനൂറും അഞ്ഞൂറും വര്‍ഷങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടു്. നോഹയുടെ മകന്‍ ശേം 500 വര്‍ഷം, അവന്റെ മകന്‍ അര്‍പ്പക്ഷാദ്‌ 403 വര്‍ഷം, അവന്റെ മകന്‍ ശാലഹ്‌ 403 വര്‍ഷം, അവന്റെ മകന്‍ ഏബര്‍ 430 വര്‍ഷം …!  പാപപുണ്യനന്മതിന്മകളുടെ വിലയിരുത്തലില്‍ എന്നപോലെതന്നെ, ദൈവത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ കാര്യത്തിലും അത്ര കൃത്യതയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നു്‌ ഗുണപാഠം.

പ്രളയത്തിനു് ശേഷം നോഹയുടെ മക്കള്‍ “ജാതി ജാതിയായും കുലം കുലമായും” വേര്‍പിരിഞ്ഞു് ഭൂമിയില്‍ നിറയുകയായിരുന്നു. അവരുടെ വേര്‍പിരിയലിന്റെ കാരണം ജാതിയോ കുലമോ, അതോ സാമ്പത്തികത്തില്‍ അധിഷ്ഠിതമായ വല്ല വര്‍ഗ്ഗസമരമോ മറ്റോ ആയിരുന്നോ എന്നറിയില്ല. ലോകചരിത്രത്തെപ്പറ്റി അങ്ങനെയെന്തൊക്കെയോ ചില നിഗമനങ്ങള്‍ ഒരുപാടു് നാളുകള്‍ക്കു് ശേഷം കാള്‍ മാര്‍ക്സ്‌ എന്ന മറ്റൊരു ഒറിജിനല്‍ യഹൂദന്‍ നടത്തിയിട്ടുണ്ടു്. സ്വന്തം കുടുംബത്തിന്റെ സാമ്പത്തികം ഭദ്രമാക്കുന്നതില്‍ ഒരു “ഭൂലോക തോല്‍വിയും ദുരന്തവും” ആയിരുന്നെങ്കിലും, ലോകത്തിന്റെ സാമ്പത്തികത്തെപ്പറ്റിയും ലോകത്തിന്റെ ചരിത്രത്തെപ്പറ്റിയും വലിയ വലിയ കാര്യങ്ങള്‍ പ്രവചിച്ച ഒരു പ്രവാചകനായിരുന്നു അദ്ദേഹം.

 

 
12 Comments

Posted by on May 25, 2008 in പലവക, മതം

 

Tags: , ,