ഏതാനും വര്‍ഷങ്ങള്‍ മാത്രം ഈ ലോകത്തില്‍ ജീവിക്കാന്‍ അവസരം ലഭിക്കുന്നവനായ മനുഷ്യന്‍ തനിക്കു് ചുറ്റും കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി തനിക്കു് ശരിയെന്നു് തോന്നുന്ന ഒരഭിപ്രായം പറഞ്ഞാല്‍ അവനു് പരസ്യമായി വധശിക്ഷ വിധിക്കാന്‍വരെ ധൈര്യപ്പെടുന്ന മറ്റു് ചില മനുഷ്യരുടെ അതിനുള്ള അധികാരം ഒരു ദൈവം നല്‍കിയതെങ്കില്‍, ആ ദൈവവുമായി ഒരു വര്‍ഗ്ഗമെന്ന നിലയില്‍ മനുഷ്യര്‍ക്കു് പൊതുവായി എന്തെങ്കിലും ബന്ധമുണ്ടാവുന്നതെങ്ങനെയെന്നു് എനിക്കു് മനസ്സിലാവുന്നില്ല. യുക്തിസഹമായ എന്തു് നീതീകരണത്തിന്റെ പേരില്‍, ഏതെങ്കിലുമൊരു മനുഷ്യനു് തന്റെ “ദൈവികാധികാരം” അംഗീകരിക്കുന്ന സ്വന്തം അനുയായികളെ അല്ലാതെ, മറ്റു് മനുഷ്യരെ ദൈവനാമത്തില്‍ ശിക്ഷിക്കാനാവും? ഇംഗ്ലണ്ടിലെ നിയമം ജര്‍മ്മനിയില്‍ ബാധകമാവുമോ? ഒരു ഇംഗ്ലണ്ടുകാരന്‍ ജര്‍മ്മനിയിലെ റോഡുകളില്‍ ഇടതുവശത്തുകൂടി കാറോടിക്കാന്‍ തുടങ്ങിയാല്‍ അവന്‍ ശിക്ഷാര്‍ഹനാവുന്നതു് ജര്‍മ്മന്‍ നിയമം അനുസരിച്ചാണു്. ജര്‍മ്മനിയില്‍ ഇംഗ്ലീഷുകാരുടെ നിയമം നടപ്പാക്കണമെന്നു് പറഞ്ഞാല്‍ ആരെങ്കിലും അതംഗീകരിക്കുമോ?
ഈ പ്രപഞ്ചത്തെ സംബന്ധിച്ചു് കാര്യമായി ഒന്നുംതന്നെ ഇതുവരെ മനുഷ്യനു് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും, ഒരുപക്ഷേ ഒരിക്കലും അറിയാന്‍ കഴിയില്ലെന്നുമിരിക്കെ, തനിക്കു് അങ്ങേയറ്റം അജ്ഞാതമായ ഒരു പ്രപഞ്ചത്തിന്റെ സ്രഷ്ടാവു് ആവേണ്ട ഒരു സര്‍വ്വശക്തന്‍ തന്റെ പോക്കറ്റിലാണെന്നു് പഠിപ്പിക്കുന്ന മനുഷ്യരെപ്പറ്റി എന്തു് പറയാന്‍? ആകര്‍ഷണശക്തി, കാന്ത-വൈദ്യുതശക്തി, ആണവശക്തി ഇവയൊക്കെ മനസ്സിലാക്കി “ശക്തി” എന്ന വാക്കിനു് പുതിയ മാനങ്ങള്‍ നല്‍കാന്‍ ശാസ്ത്രത്തിനു് കഴിഞ്ഞിട്ടുതന്നെ അധികം വര്‍ഷങ്ങളായിട്ടില്ല. ശക്തി എന്നാല്‍ എന്തെന്നു് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നതിനു് മുന്‍പേ സര്‍വ്വശക്തനെ പിടിച്ചു കൂട്ടിലാക്കാനും, അവനേക്കൊണ്ടു് തനിക്കു് തോന്നിയതൊക്കെ ചെയ്യിക്കാനും കഴിയുന്ന മനുഷ്യരെ വണങ്ങാതെന്തുചെയ്യും? വിശദീകരിക്കാന്‍ കഴിയാത്ത ചില പ്രപഞ്ചപ്രതിഭാസങ്ങളെ മനസ്സിലാക്കാന്‍ സഹായിച്ചേക്കാവുന്ന പ്രപഞ്ചത്തിലെ ഒരു അഞ്ചാം മൗലികശക്തിയെ തേടുകയാണു് ഇന്നു് ഭൗതികശാസ്ത്രജ്ഞര്‍. അതേസമയം, ഭാരതത്തില്‍ ഇന്നും പള്ളിക്കൂടത്തിന്റെ പടി കണ്ടിട്ടില്ലാത്ത കാക്കാത്തി കൈനോക്കി ഭാവി പ്രവചിക്കുക മാത്രമല്ല, ലോട്ടറി അടിക്കാന്‍ ഏതു് നിറത്തിലുള്ള അടിവസ്ത്രം ധരിച്ചുകൊണ്ടു് ടിക്കറ്റ് വാങ്ങണമെന്നുവരെ കിറുകൃത്യമായി തത്തക്കിളിയെക്കൊണ്ടു് പറയിക്കുകയും ചെയ്യുന്നു! അപകടത്തില്‍ മുറിഞ്ഞറ്റുപോയ കാലു് സ്ത്രോത്രം ചൊല്ലി കൂട്ടിച്ചേര്‍ക്കാമെന്നു് വിശ്വസിക്കുന്നവരാണു് ശാസ്ത്രത്തേയും ഗവേഷണത്തേയും പരിഹസിക്കുന്നതു്! പ്രാര്‍ത്ഥനാപുസ്തകത്തിലെ അക്ഷരങ്ങള്‍ തെളിഞ്ഞു് കാണാന്‍ അവര്‍ ധരിക്കുന്ന വെള്ളെഴുത്തുകണ്ണട ഏദന്‍തോട്ടത്തില്‍ നിന്നു് പെറുക്കി എടുത്തതാവുമോ?
ഒരു പ്രപഞ്ചനിയന്ത്രകശക്തി ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അതല്ല ഇവിടെ ചര്‍ച്ചാവിഷയം. ദൈവം എന്ന ആശയം അതില്‍ത്തന്നെ ഒരു വിഡ്ഢിത്തമാണെന്നു് വിളംബരം ചെയ്യുക എന്നതും ഇവിടെ ഉദ്ദേശ്യമല്ല. കാര്യസാദ്ധ്യത്തിനായി ഒരു പരിഹാസ്യചിത്രമാക്കി തരംതാഴ്ത്തപ്പെടുന്ന ദൈവമാണു് ഇവിടെ പരാമര്‍ശിക്കപ്പെടുന്നതു്. ഈശ്വരവിശ്വാസികളെ നിരീശ്വരവാദികളാക്കുക എന്നതൊന്നും എന്റെ ലക്‍ഷ്യമല്ല. പക്ഷേ കേള്‍ക്കുന്നതെന്തും മുഖവിലയ്ക്കെടുക്കാനുള്ള ഒരു ബാദ്ധ്യതയും എനിക്കില്ല എന്നു് ഞാന്‍ വിശ്വസിക്കുന്നു. അന്ധമായി എന്തും വിശ്വസിക്കാന്‍ മനുഷ്യര്‍ തയ്യാറാവരുതെന്നാണു് എന്റെ അഭിപ്രായവും. ദൈവീകമായ അരുളപ്പാടുകളും വെളിപാടുകളുമെല്ലാം ഉണ്ടായിട്ടുള്ളതു് ഇന്നുവരെ മനുഷ്യര്‍ക്കു് മാത്രമാണു്. മനുഷ്യരില്‍ അതിരുകവിഞ്ഞ വിശ്വാസം അര്‍പ്പിക്കുന്നതു് അങ്ങേയറ്റം അപകടകരമാണെന്നു് സ്വന്തം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ സ്വന്തനിലപാടു് ഏതെന്നു് ഓരോരുത്തരും അവരവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ തീരുമാനിക്കുന്നതിനോടു് എനിക്കു് യാതൊരു വിയോജിപ്പുമില്ല. പക്ഷേ, തന്റെ വിശ്വാസം മാത്രമാണു് ശരിയെന്നും, അതു് ഏതുവിധേനയും ആരിലും അടിച്ചേല്‍പ്പിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും തനിക്കുണ്ടെന്നുമുള്ള ആരുടെ നിലപാടും സ്വീകരിക്കാനാവില്ല. ശാശ്വതമെന്നു് കരുതിയ എത്രയോ പരമസത്യങ്ങള്‍ കാലത്തിന്റെ കുത്തിയൊഴുക്കില്‍ തകര്‍ന്നുവീഴുന്നതു് ഇതിനോടകം ലോകം കണ്ടുകഴിഞ്ഞു!?
അന്യനിലപാടുകള്‍ മാത്രമല്ല, സ്വന്തനിലപാടുകളും വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുവാന്‍ ഏതു് സത്യാന്വേഷിക്കും കടപ്പാടുണ്ടു്. അതിനു് മടി കാണിക്കുന്നിടത്തു് യുക്തിചിന്തപോലും യുക്തിസഹമാവുകയില്ല. തത്വശാസ്ത്രപരമായും, പ്രകൃതിശാസ്ത്രപരമായും മനുഷ്യന്‍ ഇതുവരെ കൈവരിച്ച സങ്കീര്‍ണ്ണവും ആഴമേറിയതുമായ കാര്യങ്ങളില്‍ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായാലേ സ്വന്തനിലപാടുകളുടെ അപഗ്രഥനം ഒരു പരിധി വരെയെങ്കിലും വസ്തുനിഷ്ഠമാവുകയുള്ളു. വേദഗ്രന്ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുമാത്രം തെറ്റുകള്‍ ശരിയോ, അവയില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടു് ശരികള്‍ തെറ്റോ ആവുകയില്ല. മനുഷ്യചേതന പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു അന്തിമ ഉത്പന്നമല്ല, നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഇന്നലെ വരെ ശരിയായിരുന്നവ എന്നേക്കും ശരിയാവണമെന്നില്ല. പല പുരാതനസമൂഹങ്ങളിലും നരബലി സ്വാഭാവികമായിരുന്നു. അതിനു് ധാരാളം തെളിവുകളുണ്ടു്. പക്ഷേ, ഇന്നു് ഏതെങ്കിലുമൊരു പരിഷ്കൃതസമൂഹം മനുഷ്യജീവനോടുള്ള ഈ കാട്ടാളത്തം അനുവദിക്കുമോ? ബൈബിളിലെ പഴയനിയമവും പുതിയനിയമവും വഴി നമുക്കു് ലഭിക്കുന്ന അക്കാലത്തെ സമൂഹത്തിന്റെ ചിത്രങ്ങളില്‍നിന്നും, ആ കാലഘട്ടത്തിലെ മനുഷ്യര്‍ ജീവിച്ചിരുന്ന ചുറ്റുപാടുകളുടെ ഒരു ഏകദേശരൂപം വേണമെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും. അതിനേക്കാള്‍ നികൃഷ്ടമായ നിലയില്‍ ജീവിക്കുന്ന സമൂഹങ്ങള്‍ ഒരുപക്ഷേ ഇന്നും ലോകത്തില്‍ ഉണ്ടാവാം; ഇല്ലെന്നല്ല. ആടുമാടുകളെ ബലികഴിക്കലും, ഭൂതവും പ്രേതവും ബാധിക്കലും ഒഴിപ്പിക്കലും, മരിച്ചവരെ ഉയിര്‍പ്പിക്കലും, ദൈവവും മനുഷ്യനുമായുള്ള മല്‍പിടുത്തവുമൊക്കെ അന്നു് ആരും വിശ്വസിച്ചിരുന്ന സ്വാഭാവികതകളായിരുന്നു. അന്നുള്ളവരുടെ മാനസികനിലവാരവും അതിനനുസൃതം മാത്രമേ ആവാന്‍ കഴിയൂ. നിസ്സാരവും, പലപ്പോഴും മാനുഷികവുമായ പ്രവൃത്തികള്‍വരെ പാപങ്ങളായിക്കരുതി മരണശിക്ഷ വിധിക്കുകയും, അതിന്റെ പേരില്‍ മനുഷ്യരെ പരസ്യമായി കല്ലെറിഞ്ഞും തീയിലിട്ടും കൊല്ലുകയും ചെയ്തിരുന്ന ഒരു സമൂഹം എത്രമാത്രം പിന്നാക്കമായിരുന്നിരിക്കണമെന്നു് ചിന്തിക്കാവുന്നതേയുള്ളു. ഇന്നും ഇത്തരം കാട്ടാളത്തങ്ങള്‍ ഭാഗികമായെങ്കിലും നിയമപരമായി നിലനിര്‍ത്തുന്ന സമൂഹങ്ങള്‍ അവയുടെ അജ്ഞതയും മൃഗീയതയും സംസ്കാരശൂന്യതയുമാണു് വെളിപ്പെടുത്തുന്നതു്. മാനസികമായ വളര്‍ച്ചകൊണ്ടേ മൃഗീയത മൃഗീയതയാണെന്നു് മനസ്സിലാക്കപ്പെടുകയുള്ളു. സമൂഹത്തില്‍ നിലവിലിരിക്കുന്ന ദുരാചാരങ്ങള്‍ ദൂരീകരിക്കപ്പെടണമെങ്കില്‍ അവ ദുരാചാരങ്ങളാണെന്നു് മനസ്സിലാക്കപ്പെടണം. അവ എന്നേക്കുമായി കൈവെടിയേണ്ടതിന്റെ ആവശ്യം അംഗീകരിക്കപ്പെടണം. മലീമസവും ദുര്‍ഗ്ഗന്ധവാഹികളുമായ ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടാതെ അതു് സാദ്ധ്യമാവുകയില്ല. അതു് മൂടിവയ്ക്കാന്‍ ശ്രമിക്കുന്നവരാണു് യഥാര്‍ത്ഥ സമൂഹദ്രോഹികള്‍.
കുട്ടികള്‍ എറിഞ്ഞോടിച്ചു് വഴിമുട്ടിനില്‍ക്കുന്ന ഒരു ശുനകന്റെ അടുത്തേക്കു് വെറുംകയ്യോടെ ചെല്ലുന്നവന്റേയും നേരെ കുരയ്ക്കാനും, പറ്റിയാല്‍ കടിക്കാനുമേ ആ ജീവിക്കു് കഴിയൂ. തലമുറകളിലൂടെ ഭയപ്പെടുത്തി നിശബ്ദരാക്കിയ മനുഷ്യരുടെ, മാറ്റങ്ങളെ നിരുപാധികം എതിര്‍ക്കാനുള്ള പ്രവണതയും ഈ ഉദാഹരണത്തിനു് തുല്യമാണു്. ശിക്ഷണം വഴി തുറക്കപ്പെട്ട ഒരു മനസ്സിലേ സഹിഷ്ണുതയ്ക്കും പ്രതിപക്ഷബഹുമാനത്തിനും ഇടമുണ്ടാവുകയുള്ളു. വിമോചനം പരമാവധി ദുര്‍ഘടമായ വിധത്തില്‍, ആജീവനാന്തം തന്റെ ബാല്യകാലശിക്ഷണത്തിന്റെ അടിമയായിരിക്കും മനുഷ്യന്‍ എന്നു് എത്ര പറഞ്ഞാലും മതിയാവുമെന്നു് തോന്നുന്നില്ല. “കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍” എന്ന സാര്‍വ്വലൗകികക്ഷണപ്പത്രവുമായി കാത്തിരിക്കുന്നവരുടെ നിഗൂഢലക്‍ഷ്യവും മനുഷ്യമനസ്സിന്റെ, അഥവാ മസ്തിഷ്കത്തിന്റെ ഈ ബലഹീനത മുതലെടുക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. മസ്തിഷ്കപ്രക്ഷാളണം ചെയ്യപ്പെട്ട കുറേ ചാവേര്‍പ്പടകള്‍ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ നിലനില്‍പ്പിനു് എന്നും അനിവാര്യമായിരുന്നല്ലോ. അരയിലുറപ്പിച്ച ബോംബുമായി നിരപരാധികളായ മനുഷ്യരുടെയിടയിലെത്തി തന്നേയും അവരേയും സ്ഫോടനത്തിനിരയാക്കുന്ന ദൈവത്തിന്റെ സേനാനായകന്മാരും അരയില്‍ ബോംബുമായി ജനിക്കുകയായിരുന്നില്ല, ബോംബേറുകാരായി തീരുകയായിരുന്നു, അഥവാ അവരെയങ്ങനെ ആക്കിത്തീര്‍ക്കുകയായിരുന്നു.
“തത്വചിന്താപരമായ ഏതു് നിലപാടിലാണു് നമ്മള്‍ ഇന്നു് നില്‍ക്കുന്നതെങ്കിലും, ആ നിലപാടില്‍നിന്നുകൊണ്ടു് വീക്ഷിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്നു എന്നു് വിശ്വസിക്കുന്ന ലോകത്തെസംബന്ധിച്ച തെറ്റിദ്ധാരണകളാണു് ഏറ്റവും തീര്‍ച്ചയായതും, ഉറപ്പായതുമായി നമുക്കു് കാണാന്‍ കഴിയുന്നതു്” – ഫ്രീഡ്രിഹ് നീറ്റ്‌സ്‌ഷെ.
(തുടരും)