RSS

Monthly Archives: Jan 2012

കവലയിലെ കാവല്‍ക്കാര്‍

ചെറുപ്പത്തില്‍ എനിക്കു്‌ നസ്രാണി ജാതിയില്‍ പെട്ട ഒരു മരപ്പണിക്കാരന്‍ അയല്‍വാസിയായി ഉണ്ടായിരുന്നു. യേശുവും പിതാവായ ജോസഫും മരപ്പണിക്കാരായിരുന്നു, പിന്നെ ഇതില്‍ എന്തിത്ര കാര്യം എന്നു്‌ ഒരുപക്ഷേ ആര്‍ക്കെങ്കിലും തോന്നിയേക്കാം. മരപ്പണിക്കാരും കല്പണിക്കാരും അറവുകാരുമൊന്നും ഇല്ലാത്ത ഏതെങ്കിലും രാജ്യം ഉണ്ടോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. സാക്ഷാല്‍ യഹോവയ്ക്കും മനുഷ്യനെ സൃഷ്ടിക്കാനായി ഒരു കുശവനെപ്പോലെ കുത്തിയിരുന്നു്‌ മണ്ണു്‌ കുഴക്കേണ്ടിവന്നു എന്ന വസ്തുത യഹോവാസാക്ഷികള്‍ പോലും സമ്മതിക്കും. പിന്നെയെന്താണു്‌ പ്രശ്നം? പ്രശ്നം ഞാനും എന്റെ അയല്‍വാസിയും ജീവിച്ചിരുന്നതു്‌ ഭാരതത്തില്‍ ആയിരുന്നു എന്നതാണു്‌. അവിടെ ക്ലോക്കുകള്‍ക്കു്‌ കീ കൊടുക്കുന്ന രീതി ഇല്ലാത്തതിനാല്‍ പണ്ടേതന്നെ വളരെ സാവകാശം നടന്നിരുന്ന സമയമാപിനികള്‍ ഇപ്പോള്‍ ഒരുപാടു്‌ നൂറ്റാണ്ടുകള്‍ പിന്നിലായാണു്‌ സഞ്ചാരം. തന്മൂലം ജാംബവാന്റെ ചെറുപ്പകാലത്തു്‌ ജീവിച്ചിരുന്ന ചില ഗുരുക്കള്‍ ധ്യാനങ്ങളിലൂടെയും പൂജകളിലൂടെയും അതീന്ദ്രിയ ജ്ഞാനത്തിലൂടെയുമെല്ലാം നേടിയെടുത്തു്‌ ഭാരതീയനു്‌ കാലാകാലം കൈവശം വച്ചു്‌ അനുഭവിക്കുന്നതിനായി നല്‍കിയിട്ടുള്ള നിയമാവലികളും പെരുമാറ്റച്ചട്ടങ്ങളും ഇന്നും മാറ്റമൊന്നും സംഭവിക്കാതെയാണു്‌ അവിടെ നിലകൊള്ളുന്നതു്‌. ഓരോരോ മൃഗങ്ങളോടും “ഞാന്‍” എങ്ങനെ പെരുമാറും, “നീ” എങ്ങനെ പെരുമാറണം എന്ന കാര്യങ്ങളെല്ലാം അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടു്‌. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ചെയ്യാന്‍ അര്‍ഹതപ്പെട്ട പ്രൊഫഷനുകള്‍ ഏതെല്ലാമെന്നു്‌ അറിയാന്‍ ഗ്രന്ഥം തുറന്നു്‌ നോക്കുകയേ വേണ്ടൂ. ഉദാഹരണത്തിനു്‌, എലിക്കു്‌ മാത്രം ചുമക്കാന്‍ അനുവാദമുള്ള ദൈവത്തെ യാതൊരു കാരണവശാലും ഒരു പോത്തു്‌ ചുമന്നുകൊണ്ടു്‌ നടക്കരുതു്‌. മനുഷ്യരായാലും അതുപോലെതന്നെ. മരപ്പണിക്കാരന്‍ ചോറ്റുക്ലബ്ബു്‌ തുടങ്ങരുതു്‌. മരപ്പണിക്കാരനായിരുന്നിട്ടും പത്തയ്യായിരം പേര്‍ക്കു്‌ സദ്യ നല്‍കിയ യേശു ഭാരതത്തില്‍ ആയിരുന്നു ജീവിച്ചിരുന്നതെങ്കില്‍ അതുമാത്രം മതിയായിരുന്നു കുരിശുമരണത്തിനു്‌ അര്‍ഹനാവാന്‍. അതേസമയം, താന്‍ ദൈവമാണെന്നു്‌ പറയുന്നതു്‌ ഭാരതത്തില്‍ ഒരു കുറ്റമേ അല്ല. അവിടെ അത്തരക്കാരെ ദൈവങ്ങളായിത്തന്നെ അംഗീകരിക്കുകയും പൂജിക്കുകയുമാണു്‌ പതിവു്‌. ഈവിധമെല്ലാം ലോകാവസാനത്തോളം മാറ്റമില്ലാത്ത നിയമാവലികള്‍ക്കു്‌ വിഘ്നം വരുത്തി ദൈവകോപത്തിനു്‌ ഇരയാവാതിരിക്കാനാവണം ഞങ്ങളുടെ ഭാഗത്തും മരപ്പണി ചെയ്തിരുന്നതു്‌ ജാതീയമായി “ആശാരി” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി മുടി വെട്ടിയിരുന്നതു്‌ ഒരു ക്ഷൗരക്കാരനും, മുഷിഞ്ഞ തുണികള്‍ വീടുകളില്‍ വന്നു്‌ ശേഖരിച്ചുകൊണ്ടുപോയി അലക്കി തേച്ചുമടക്കി തിരിച്ചെത്തിച്ചിരുന്നതു്‌ ഒരു വേലനും വേലത്തിയുമായിരുന്നു. വാക്കത്തി, മഴു മുതലായ മാരകായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതു്‌ ഒരു കൊല്ലനായിരുന്നു. കൊല്ലന്റെ ആലയിലെ ഉല ഒരര്‍ത്ഥത്തില്‍ ഒരു സ്ഥാവരവസ്തു ആയതിനാല്‍ ഉലയുമായി ആവശ്യക്കാരുടെ വീടുകളില്‍ നേരിട്ടു്‌ ഹാജരായി ആയുധങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ കഴിയുക എന്ന ബഹുമതി കൊല്ലനുണ്ടായിരുന്നില്ല. ഈ കുറവു്‌ പരിഹരിക്കാനെന്നോണം ഗ്രാമവാസികളുടെ ഓര്‍ഡറോ, സ്വന്തം മനോധര്‍മ്മമോ അനുസരിച്ചു്‌ നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു്‌ അവന്‍ കൃതാര്‍ത്ഥനാവുകയായിരുന്നു പതിവു്‌. അരിവാള്‍, ചുറ്റിക, കോടാലി, തൂമ്പ മുതലായ ഏതാനും സൊഫിസ്റ്റിക്കേറ്റഡ് ഇന്‍സ്റ്റ്റുമെന്റുകളില്‍ കവിഞ്ഞ ഡിമാന്‍ഡ്സ് ഒന്നും ആ പ്രദേശത്തു്‌ ആര്‍ക്കും ഇല്ലാതിരുന്നതിനാല്‍ സപ്ലൈയും അതിനനുസരിച്ചു്‌ എളുപ്പമായിരുന്നു. മിക്കവാറും എല്ലാ കൈത്തൊഴിലുകളും ജാതികളുടെ പരമാധികാരത്തിന്‍ കീഴില്‍ അമര്‍ന്നിരുന്നു എന്നു്‌ ചുരുക്കം. ആരെങ്കിലും ഈ ജാതികളില്‍ പെട്ട ആരെയെങ്കിലും ബൂര്‍ഷ്വാസികളുടെയിടയില്‍ സാധാരണമായ രീതിയിലുള്ള ഒരു പേരു്‌ വിളിച്ചു്‌ സംസാരിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. സ്വന്തം കുടിലില്‍ ആയിരിക്കുമ്പോള്‍ ബന്ധുക്കളാല്‍ അഭിസംബോധനം ചെയ്യപ്പെടാനായി അവരുടെ മാതാപിതാക്കള്‍ അവര്‍ക്കു്‌ അതുപോലുള്ള പേരുകള്‍ നല്‍കിയിരുന്നോ എന്നും എനിക്കു്‌ അറിയില്ല.

ഇതുപോലെ മാതൃകാപരമായ ഒരു സാമൂഹികസംതുലിതാവസ്ഥ നിലനിന്നിരുന്ന ഒരു പറുദീസയിലേക്കാണു്‌ ഒരു നസ്രാണി ആയിരുന്ന മേല്പറഞ്ഞ മരപ്പണിക്കാരന്‍ കടന്നുവന്നതു്‌. അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ യേശുക്രിസ്തുവിനാല്‍ മാമൂദീസ മുക്കപ്പെട്ടവരാണെന്നും അതല്ല, വിശുദ്ധ തോമാശ്ലീഹായാണു്‌ അവരെ മുക്കിയതെന്നും രണ്ടു്‌ അഭിപ്രായം ക്രൈസ്തവ ചരിത്രകാരന്മാരുടെയിടയില്‍ ഇന്നും നിലവിലുണ്ടു്‌. ആ കഥകളിലെ ശരിതെറ്റുകള്‍ എന്തുതന്നെ ആയാലും, നമ്മുടെ കഥാനായകന്‍ നസ്രാണി ഒരിക്കലും പള്ളിയില്‍ പോവുകയോ കുരിശു്‌ വരക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനായിരുന്നില്ല. അതു്‌ ആ പ്രദേശത്തെ രക്ഷിക്കപ്പെട്ടവരായ സ്ത്രീകളുടെയിടയില്‍ കുശുകുശുപ്പിനും, അന്ത്യനാളിലെ ശിക്ഷാവിധിയില്‍ നിന്നും മോചിതരെന്നു്‌ ഉറപ്പുള്ളവരായിരുന്ന പുരുഷന്മാരുടെയിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും കാരണമായി. തത്ഫലമായി മരപ്പണിക്കാരന്‍ കുറ്റവിസ്താരണയ്ക്കായി പീലാത്തോസിന്റെ സന്നിധിയിലേക്കു്‌ ആനയിക്കപ്പെട്ടു. കുരിശു്‌ വരയ്ക്കല്‍ ഏതു്‌ കുഞ്ഞിനും കഴിയുന്ന കാര്യമാണെന്നും, അതേസമയം കുരിശു്‌ നിര്‍മ്മിക്കല്‍ ഒരു മരപ്പണിക്കാരനു്‌ മാത്രമേ കഴിയൂ എന്നും, യേശുതന്നെ ഒരു മരപ്പണിക്കാരന്‍ ആയിരുന്നു എന്നും, എല്ലാറ്റിലുമുപരി ഇവിടത്തെ ഇടവകപ്പള്ളിയില്‍ ഇപ്പോള്‍ ദൈവസ്ഥാനം അലങ്കരിക്കുന്നതും ആരാധിക്കപ്പെടുന്നതുമായ കുരിശു്‌ തന്റെ സ്വന്തം കൈവേലയാണെന്നും, തന്റെ കൈവേലയെ താന്‍ തന്നെ ആരാധിക്കുന്നതു്‌ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനെ ആരാധിക്കുന്നതിനു്‌ തുല്യമായിരിക്കുമെന്നും മറ്റുമായി അവന്റെ കമന്റുകള്‍ ബ്ലോഗിലെ വിശ്വാസികളുടേതുപോലെയും വണ്ടിക്കാളകള്‍ മൂത്രിക്കുന്നതുപോലെയും അനന്തമായി നീണ്ടപ്പോള്‍ ഒരു വിശ്വാസി അല്ലാതിരുന്ന പീലാത്തോസ് ഉറങ്ങിപ്പോയി. ഈ ഉറക്കം ഒരു ദൃഷ്ടാന്തമായി കണ്ട വിശ്വാസികള്‍ യേശുവിന്റെ വിചാരണ സമയത്തു്‌ ശിഷ്യന്മാര്‍ ചെയ്തപോലെ “അവനെ വിട്ടു്‌ ഓടിപ്പോയി”. അവര്‍ എങ്ങോട്ടാണു്‌ ഓടിയതെന്നോ, അങ്ങനെ ഓടിപ്പോയവരില്‍ അവനെ ഒറ്റിക്കൊടുത്തവര്‍ ആരെങ്കിലും അതിനു്‌ ലഭിച്ച ചില്ലറ മുഴുവന്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ചശേഷം “കെട്ടിത്തൂങ്ങിച്ചത്തു് കളയുകയായിരുന്നോ” എന്നെല്ലാമുള്ള കാര്യങ്ങള്‍ എന്റെ അറിവിനു്‌ അതീതമാണു്‌.

വസ്തുതാപരമായി പറഞ്ഞാല്‍, അവനെപ്പോലെ ഭംഗിയായി “ഇംഗ്ലീഷ് മോഡല്‍” കട്ടിലുകള്‍ പണിയാന്‍ കഴിവുള്ള ആശാരിമാര്‍ ആ പ്രദേശങ്ങളില്‍ ഇല്ലാതിരുന്നതിനാലും, നാട്ടുപ്രമാണിമാരില്‍ പലര്‍ക്കും അതുപോലൊരു കട്ടിലില്‍ കിടന്നു്‌ ചാവണം എന്നു്‌ ആഗ്രഹം ഉണ്ടായിരുന്നതിനാലും വെസ്റ്റ് കേരള മഹാരാജ്യത്തില്‍ നിന്നും ഞങ്ങളുടെ ഈസ്റ്റ് കേരള മഹാരാജ്യത്തിലേക്കു്‌ കുടിയേറിപ്പാര്‍ത്ത ആ മരപ്പണിക്കാരന്‍ നസ്രാണിക്കു്‌ അവിടെ താമസിക്കാനും ജോലി ചെയ്യാനുമുള്ള വിസയ്ക്കു്‌ നാട്ടുപ്രമാണിമാരുടെ മൗനാനുവാദം ലഭിക്കുകയായിരുന്നു. അവിടത്തെ ആശാരിമാര്‍ക്കു്‌ ഇംഗ്ലീഷ് ശൈലികള്‍ വശമില്ലാതിരുന്നെങ്കിലും നല്ലപോലെ നാടന്‍ കട്ടിലുകളും നാടന്‍ വീടുകളുമൊക്കെ പണിയാന്‍ അറിയാമായിരുന്നു. രണ്ടോ മൂന്നോ വലിപ്പത്തിലുള്ള വീടുകളേ അവര്‍ പണിയുമായിരുന്നുള്ളു എന്നുമാത്രം. അവയില്‍ പെട്ട ഒരു വീടിന്റെ ചുറ്റളവു്‌ ഇത്രയെങ്കില്‍ അതിന്റെ നെടിയ ഉത്തരം, കുറിയ ഉത്തരം,  മോന്തായം, കഴുക്കോല്‍  ഇവയുടെയെല്ലാം നീളം വീതി ഘനം ഇവയൊക്കെയെത്ര, അവയില്‍ എവിടെയൊക്കെ ഏതൊക്കെ തുളകള്‍ ഏതു്‌ വലിപ്പത്തില്‍ തുളയ്ക്കണം ഇതെല്ലാം അവര്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടു്‌ അവരുടെ ആശാന്മാരെ കണ്ടും കേട്ടും പരിശീലിച്ചുമൊക്കെ മനഃപാഠമാക്കിയിരിക്കും. തനിക്കറിയാവുന്ന ഈ ചുറ്റളവുകളില്‍ നിന്നും ഒരു “കോലോ” ഏതാനും അംഗുലമോ കൂടുതലോ കുറവോ ഉള്ള വീടാണു്‌ ഒരുവനു്‌ വേണ്ടതെങ്കില്‍ ആശാരി പറയും: “അതു്‌ മരണമാണു്‌”! ആശാരിക്കു്‌ അതു്‌ അവന്റെ കണക്കിന്റെ മരണമാണു്‌. പക്ഷേ, അതു്‌ തന്റെ കണക്കിന്റെ മരണമാണു്‌ എന്നു്‌ ഒരിക്കലും അവന്‍ തുറന്നു്‌ പറയുകയുമില്ല. അങ്ങനെ പറഞ്ഞാല്‍ അതു്‌ തന്റെ തൊഴിലിന്റെയും കഞ്ഞികുടിയുടെയും മരണം ആയിക്കൂടെന്നില്ല എന്നവനറിയാം. ആശാരികള്‍ അല്ലാഹുവിനെപ്പോലെതന്നെ വളരെ കൗശലക്കാരാണു്‌.

ഏതായാലും, വീടു്‌ പണിയിക്കാന്‍ ആഗ്രഹിക്കുന്ന മുതലാളി അതു്‌ അവന്റെയോ ബന്ധുക്കളുടെയോ മരണമായിട്ടേ മനസ്സിലാക്കൂ എന്നതിനാല്‍ വീടിന്റെ വലിപ്പത്തിന്റെയും ഡിസൈന്റെയുമെല്ലാം പൂര്‍ണ്ണമായ ചുമതല ആശാരിയെ ഭരമേല്പിക്കുകയല്ലാതെ മറ്റു്‌ മാര്‍ഗ്ഗമൊന്നും അത്ര പെട്ടെന്നു്‌ അവന്റെ ബുദ്ധിയില്‍ ഉദിക്കുകയുമില്ല. ഉള്ളിന്റെയുള്ളില്‍ ഏതു്‌ മനുഷ്യനും ഒരു ഈഗോയിസ്റ്റാണെന്നു്‌ അറിയുന്നവരാണു്‌ ആശാരി മൂശാരി കൊല്ലനെ തട്ടാന്‍ മുതലായ എല്ലാ കൈത്തൊഴില്‍ “ജാതി”കളും. സുഖവാസത്തിനായിട്ടല്ലാതെ മരിക്കാനായിട്ടല്ലല്ലോ ഒരുത്തന്‍ ഒരു വീടു്‌ പണികഴിക്കുന്നതു്‌. അത്ഭുതമെന്നേ പറയേണ്ടൂ, ആശാരിമാരുടെ പ്ലാന്‍ അനുസരിച്ചു്‌ പണികഴിപ്പിച്ച വീടുകളില്‍ ജീവിച്ചവരോ ജനിച്ചവരോ ആയ ആരും ഇതുവരെ ചിരംജീവികളായി മാറിയതായി കേട്ടിട്ടില്ല. ഏതു്‌ കുടുംബരഹസ്യവും തത്സമയം ഫെയ്സ് ബുക്കിലും ഗൂഗിള്‍ പ്ലസിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന ഇക്കാലത്തു്‌ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അതു്‌ ലോകം അറിയാതെ പോകും എന്നു്‌ കരുതാനും വയ്യ.

കുടിലായാലും കൊട്ടാരമായാലും ഒറ്റവീടുകള്‍ എന്ന രീതിയില്‍ വീടുകള്‍ പണിയുന്ന ഒരു കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വാസ്തുവും, സ്ഥാനവും, അസ്ഥാനവുമൊക്കെ നോക്കി വീടു്‌ പണിതില്ലെങ്കില്‍ മരണം പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമെന്നു്‌ ഭയപ്പെടുത്തി പണം പിടുങ്ങാന്‍ എളുപ്പമാണു്‌. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണങ്ങളില്‍ റോഡിന്റെ കിടപ്പനുസരിച്ചു്‌ പല കുടുംബങ്ങള്‍ക്കു്‌ താമസിക്കത്തക്ക വിധത്തില്‍ ഫ്ലാറ്റുകള്‍ പണിയുന്ന ആധുനിക സമൂഹങ്ങളില്‍ ആരും വാസ്തുവും, വസ്തുവും, വെഞ്ചരിപ്പും, മാങ്ങാത്തൊലിയുമൊന്നും ആഘോഷിക്കാറില്ല. കെട്ടുറപ്പും പ്രായോഗികതയുടെ അടിസ്ഥാനത്തിലുള്ള ഡിസൈനുകളുമാണു്‌ അവയുടെ ആധാരം. എന്നിട്ടും ദൈവികമായ അനുഗ്രഹങ്ങള്‍ ചോര്‍ന്നുപോകാനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടു്‌ പണികഴിപ്പിക്കപ്പെടുന്ന വീടുകളില്‍ സംഭവിക്കുന്ന അപകടങ്ങളുടെയും അത്യാഹിതങ്ങളുടെയും ഒരു ചെറിയ അംശം പോലും അവയില്‍ സംഭവിക്കുന്നുമില്ല.

ആശാരിമാരെപ്പോലെ “ഉറയിലിട്ടു്‌” സംസാരിക്കുന്ന ഈ തന്ത്രം ഭാരതത്തില്‍ മിക്കവാറും എല്ലാ തൊഴില്‍മേഖലകളിലും ദര്‍ശിക്കാന്‍ കഴിയും. സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിക്കാന്‍ ഇതൊരു നല്ല സൂത്രമാണെന്നതാവാം അതിന്റെ കാരണം. പോരെങ്കില്‍ ഭാരതീയര്‍ ജന്മനാ അഡ്വൈസര്‍മാരുമാണല്ലോ. ഉപദേശം പാളിയാല്‍ വ്യാഖ്യാനിച്ചു്‌ തടിതപ്പാന്‍ കഴിയണം എന്നതു്‌ ഉപദേശികളുടെ നിലനില്പിന്റെ പ്രശ്നമാണു്‌. വിശാരദന്മാര്‍ എന്നു്‌ സ്വയം കരുതുന്ന ചിലരും, പ്രത്യേകിച്ചും സാഹിത്യത്തില്‍, സമൂഹവുമായുള്ള അവരുടെ “ഇന്റര്‍ ആക്ഷനുകളില്‍” ഈ രീതി പ്രാവര്‍ത്തികമാക്കാറുണ്ടു്‌. താന്‍ പറയുന്നതു്‌ മറ്റുള്ളവര്‍ക്കു്‌ മനസ്സിലാവാതിരിക്കുന്നതാണു്‌ അവര്‍ക്കു്‌ പാണ്ഡിത്യത്തിന്റെ മാനദണ്ഡം. താന്‍ പറയുന്നതു്‌ ഓരോരുത്തരും ഓരോ വിധത്തിലാണു്‌ മനസ്സിലാക്കുന്നതെന്നു്‌ അറിയുമ്പോള്‍ കുമ്പകുലുക്കി അടക്കിച്ചിരിക്കാന്‍ കഴിയുന്നതിലെ ആ ഭാഗ്യാനുഭൂതി! അത്തരം സാഡിസ്റ്റുകള്‍ ഗുരുനാഥന്റെ വേഷം കെട്ടി മനുഷ്യരെ വിദ്യ അഭ്യസിപ്പിച്ചതിന്റെ ഫലമാണു്‌ കോടാനുകോടി ഭാരതീയര്‍ ഇന്നും അനുഭവിക്കുന്നതു്‌. അത്തരം സാമൂഹികദ്രോഹികള്‍ വിളിച്ചുപറയുന്ന വിഡ്ഢിത്തങ്ങള്‍ വേദവാക്യമായി ഏറ്റെടുക്കാനല്ലാതെ താന്‍ എന്താണു്‌ കേള്‍ക്കുന്നതെന്നു്‌ സ്വതന്ത്രമായും വിമര്‍ശനാത്മകമായും  ചിന്തിക്കാന്‍ ശേഷിയില്ലാതാക്കിത്തീര്‍ത്ത ഒരു കൂട്ടമാണു്‌ ഇന്നു്‌ ഭാരതീയസമൂഹം. ഏതര്‍ത്ഥവും നല്‍കാന്‍ കഴിയുന്ന ഒരു വാക്യം ഒരര്‍ത്ഥവും നല്‍കാന്‍ കഴിയാത്ത ഒരു വാക്യമേ ആവൂ. അത്തരം അര്‍ത്ഥശൂന്യമായ വാക്യങ്ങളാണു്‌ വേദവാക്യങ്ങള്‍ എന്ന ലേബലില്‍ ഭാരതത്തില്‍ നല്ല വിലയ്ക്കു്‌ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു്‌. അതിനു്‌ പറ്റിയ ഒരു ഭാഷയും ഭാരതീയന്‍ കണ്ടുപിടിച്ചിട്ടുണ്ടു്‌. താമര താമരയാണെന്നു്‌ മനസ്സിലാക്കാന്‍ സാധാരണഗതിയില്‍ താമര എന്നൊരു വാക്കിന്റെയേ ആവശ്യമുള്ളു. എങ്കില്‍ത്തന്നെയും അതിനു്‌ കാക്കത്തൊള്ളായിരം പര്യായപദങ്ങള്‍ നല്‍കുന്നതു്‌ തീര്‍ച്ചയായും ശ്രേഷ്ഠമായ ഒരു കാര്യമാണു്‌. അതു്‌ “ഏകത്വത്തിലെ നാനാത്വത്തിന്റെ” തെളിവാണല്ലോ. പക്ഷേ, തത്വചിന്തയിലും, പ്രകൃതിശാസ്ത്രങ്ങളിലുമൊക്കെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അനിവാര്യമായ വാക്കുകള്‍ മഷിയിട്ടു്‌ നോക്കിയാലും കാണാനില്ലാത്ത ഒരു ഭാഷയില്‍ സൂര്യനെയും ചന്ദ്രനെയുമൊക്കെ കൊട്ടപ്പടി പര്യായപദങ്ങള്‍ കൊണ്ടു്‌ പൊതിയുന്നതില്‍ വലിയ കാര്യമൊന്നും ഉണ്ടെന്നു്‌ തോന്നുന്നില്ല. അതുപോലെതന്നെ പരിഹാസ്യമാണു്‌ ആധുനികശാസ്ത്രം എന്നാല്‍ എന്തെന്നു്‌ അറിയാത്തവര്‍ ശാസ്ത്രപഠനം മാതൃഭാഷയില്‍ ആക്കണം എന്നു്‌ തൊണ്ട കീറുന്നതും. ഇല്ലായ്മയെ മൂടിവച്ചു്‌ പൊങ്ങച്ചം കാണിക്കുന്നതിലും എത്രയോ ഭേദമാണു്‌ അവനവനില്ലാത്തവയും ഉള്ളവരില്‍ നിന്നും വെറുതെ ലഭിക്കുന്നവയുമായവ വാങ്ങി വളരാന്‍ ശ്രമിക്കുന്നതു്‌.

നമ്മുടെ മരപ്പണിക്കാരന്‍ നസ്രാണി ഏതെങ്കിലും ഒരു വീട്ടിലേക്കു്‌ ഇംഗ്ലീഷ് കട്ടില്‍ പണിയാനായി പോകുന്നതു്‌ തന്റെ ഉളി കൊട്ടുവടി ചിന്തേര്‍ മട്ടം മുതലായ ഉപകരണങ്ങള്‍ ഒരു മരപ്പെട്ടിയിലാക്കി അതും തലയില്‍ വച്ചുകൊണ്ടായിരിക്കും. ഒരു മരപ്പണിക്കാരന്‍ തന്റെ പണിപ്പെട്ടിയും തലയിലേറ്റി പോകുന്നതു്‌ കാണുമ്പോള്‍ അതിനുള്ളില്‍ എന്താണെന്നു്‌ ചോദിക്കാനുള്ള ഒരു ജിജ്ഞാസ ആര്‍ക്കായാലും ഉണ്ടാവുമല്ലോ. വഴിയരികിലെ ഒരു വീട്ടില്‍ താമസിച്ചിരുന്ന അമിതജിജ്ഞാസുവായ ഒരു ചേട്ടത്തിയുടെ “ഈ പെട്ടിയില്‍ എന്നതാ പണിയ്ക്കാ?” എന്ന ചോദ്യം കേള്‍ക്കാതെ അവിടം കടന്നുപോകാന്‍ നമ്മുടെ ആശാരിക്കും കഴിഞ്ഞിരുന്നില്ല. തെറ്റിദ്ധരിക്കണ്ട, ഒരു വിചാരണക്കു്‌ വേണ്ടിയല്ല, കാര്യങ്ങള്‍ അറിയാനുള്ള ആവേശമാണു്‌ ഓരോ വട്ടവും ഈ ചോദ്യം ആവര്‍ത്തിക്കാന്‍ ചേട്ടത്തിയെ പ്രേരിപ്പിച്ചിരുന്നതു്‌. ഈ പെട്ടിയില്‍ ഒരു കുഞ്ഞിന്റെ ശവമാണെന്നും, ശവമടക്കാന്‍ കൊണ്ടുപോവുകയാണെന്നുമുള്ള “സത്യം” ഒരിക്കല്‍ ആശാരി തുറന്നു്‌ പറഞ്ഞതു് കേട്ടതിനുശേഷമേ ചേട്ടത്തിയുടെ വിജ്ഞാനദാഹം ശമിച്ചുള്ളു. വേദഗ്രന്ഥത്തില്‍ നിന്നും അദ്ധ്യായവും വാക്യവും സഹിതം ഒരു വാക്യം ക്വോട്ടുചെയ്താലും, ആ ഗ്രന്ഥത്തിലെങ്ങും അതുപോലൊരു കാര്യം പറഞ്ഞിട്ടില്ലെന്നും, അറിയാത്ത കാര്യങ്ങള്‍ പറയരുതെന്നും മറ്റുമുള്ള താക്കീതുകളുമായി ചര്‍ച്ചിക്കാന്‍ എത്തുന്ന ദൈവജ്ഞാനികളെ കാണുമ്പോള്‍ ഞാന്‍ ഈ ചേട്ടത്തിയുടെ കഥ ഓര്‍മ്മിക്കാറുണ്ടു്‌. പക്ഷേ, ഒരു പ്രധാന വ്യത്യാസമുള്ളതു്‌, ആ ചേട്ടത്തിക്കു്‌ ഒരു മറുപടികൊണ്ടു്‌ തൃപ്തിയായി, വിശ്വാസിയെ ഒന്‍പതു്‌ മറുപടികള്‍ കൊണ്ടുപോലും തൃപ്തിപ്പെടുത്താന്‍ ആവില്ല. അതാണു്‌ ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെ ഒരു പ്രത്യേകത. ദൈവവിശ്വാസം വഴി മനുഷ്യര്‍ കണ്ടമാനം ബുദ്ധിയും യുക്തിബോധവും ഉള്ളവരായി മാറിപ്പോവും.

ഓരോരുത്തരും ഓരോരുത്തരേയും അറിയുന്ന ഗ്രാമപ്രദേശങ്ങളില്‍ അന്യ ഇടപെടലുകളില്ലാത്ത വ്യക്തിപരമായ ഒരു ജീവിതം അസാദ്ധ്യമാണെന്നുതന്നെ പറയാം. ഒരു ഗ്രാമത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, പ്രത്യേകിച്ചും പിഴവുകള്‍, മുറിപ്പാടില്‍ നിന്നും വിഷം വലിച്ചെടുക്കുന്നതുപോലെ വലിച്ചെടുക്കേണ്ട ചുമതല തങ്ങള്‍ക്കുണ്ടെന്നു്‌ വിശ്വസിക്കുന്നവരാണു്‌ അവിടത്തെ നാട്ടുപ്രമാണിമാര്‍. അവര്‍ അങ്ങനെ ചെയ്യുന്നതു്‌ ആ സമൂഹത്തെ രക്ഷപെടുത്താനാണെന്നു്‌ കരുതിയാല്‍ തെറ്റി. അവിടന്നും ഇവിടന്നും ശേഖരിക്കപ്പെടുന്ന വിഷം ചീറ്റിത്തെറിപ്പിച്ചു്‌ ആ പ്രദേശത്തെ മുഴുവന്‍ വിഷലിപ്തമാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണു്‌ അവര്‍ ജീവിക്കുന്നതുതന്നെ. വരുന്നവരും പോകുന്നവരുമായ എല്ലാവരെയും വീക്ഷിക്കത്തക്കവിധം അവര്‍ ആ ഗ്രാമത്തിന്റെ “സിറ്റി” ആയ നാല്‍ക്കവലയില്‍ സ്ഥിരവാസം അനുഷ്ഠിക്കുന്നുണ്ടാവും. ആ ഗ്രാമത്തിലെ ഗമനാഗമനങ്ങളുടെ ഒരുതരം ഫില്‍റ്റര്‍ – അതാണവര്‍. ഹൈസ്കൂളിനുശേഷം വിദ്യാഭ്യാസത്തിനായി നാടു്‌ വിടേണ്ടി വന്നതിനാല്‍ അധികം ഇക്കൂട്ടരുമായി ഇടപെടേണ്ടി വന്നിട്ടില്ലെങ്കിലും മദ്ധ്യവേനലവധിക്കും മറ്റും വീട്ടിലെത്താന്‍ എനിക്കും ആ ഫില്‍റ്ററിലൂടെ കടന്നുപോകേണ്ടിയിരുന്നു. ബസ്സ് നിര്‍ത്തുന്ന കവലയില്‍ നിന്നും വീട്ടിലേക്കു്‌ അല്പം നടക്കേണ്ടിയിരുന്നതിനാല്‍ പ്രമാണിമാരുടെ കണ്ണില്‍ പെടാതെ രക്ഷപെടാന്‍ കഴിയുമായിരുന്നില്ല. അവിടെ അരങ്ങേറിയിരുന്ന സംഭാഷണവിഷയങ്ങള്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ഒരു താത്പര്യം എന്നില്‍ ജനിപ്പിച്ചിട്ടുള്ളവ ആയിരുന്നില്ല എന്നതിനാല്‍ അവയില്‍ നിന്നും രക്ഷപെടാനുള്ള ഒഴിവുകഴിവുകള്‍ ആലോചിച്ചുറപ്പിച്ചാവും ഞാന്‍ ബസില്‍ നിന്നും ഇറങ്ങുന്നതുതന്നെ. പത്തു്‌ മിനുട്ടിനുള്ളില്‍ ലതാ മങ്കേഷ്കറുടെ ഗാനങ്ങള്‍ റേഡിയോയില്‍ ഉണ്ടെന്നും അതു്‌ കേള്‍ക്കാന്‍ കഴിയാതിരുന്നാല്‍ അതൊരു വലിയ നഷ്ടമായിരിക്കുമെന്നുമായിരുന്നു ഒരിക്കല്‍ എന്റെ ക്ഷമാപണം. അതു്‌ കേട്ടപാടെ അന്നത്തെ സ്ഥലം പഞ്ചായത്തു്‌ മെമ്പറുടെ വക ജ്ഞാനവിളംബരം വന്നു: “അതിനു്‌ ഹിന്ദി സിനിമയില്‍ പാടാന്‍ അറിയാവുന്നതായി അയാള്‍ ഒരുത്തനേയുള്ളു”. ആദ്യത്തേതോ അപ്രതീക്ഷിതമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ തിരുവായില്‍ നിന്നും അടര്‍ന്നുവീണ ഈ വൈജ്ഞാനികമണിമുത്തു്‌ എന്നതിനാല്‍ തിരുത്താനൊന്നും പോയില്ല. പോയാല്‍ “നമ്മള്‍ ഈ പോളിടെക്നിക്കില്‍ ഒന്നും പോയിട്ടില്ലേ” എന്ന രീതിയില്‍ ഉള്ള നീണ്ട ഒരു ചര്‍ച്ചയാവും ഫലം.

മറ്റൊരിക്കല്‍ ഈ ഫില്‍റ്ററിന്റെ ഇടയില്‍ ഒരു വിരുന്നുകാരനെ നേരിടേണ്ടി വന്നതും രസകരമാണു്‌. ഫില്‍റ്ററില്‍ പെട്ടയുടനെതന്നെ എന്നെപ്പറ്റിയുള്ള ചില അന്വേഷണങ്ങള്‍ക്കു്‌ അദ്ദേഹം തുടക്കമിട്ടു. ഞാന്‍ എന്റെ “ലക്ഷ്യലക്ഷണങ്ങള്‍” എല്ലാം ഉത്തമബോദ്ധ്യത്തോടെ വെളിപ്പെടുത്തി. അതുവഴി, തന്റെ മകനും ഞാന്‍ പഠിച്ചിരുന്ന കോളേജില്‍ തന്നെ കോഴി പിടുത്തവുമായി നടന്നവനാണെന്നു്‌ മനസ്സിലാക്കിയ അദ്ദേഹം മൊഴിഞ്ഞു: “അവനു്‌ ഹൈ ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ സ്വന്തമായി ഒരു ബാങ്ക് നടത്തുകയാണു്‌”. അദ്ദേഹത്തിനു്‌ അറിയാതിരുന്നതു്‌, തന്റെ മകന്‍ പഠിച്ച ബാച്ചിലെ മുപ്പതു്‌ പേരില്‍ നിന്നും ആകെ രണ്ടുപേര്‍ മാത്രമേ പാസ്സായിരുന്നുള്ളു എന്നും, അവര്‍ രണ്ടുപേരും ഫസ്റ്റ് ക്ലാസ്സ് വാങ്ങിയാണു്‌ ജയിച്ചതെന്നും എനിക്കു്‌ നേരിട്ടു്‌ അറിയാമായിരുന്നു എന്ന കാര്യമാണു്‌. അവിടെയും നിശ്ശബ്ദതയാണു്‌ അഭികാമ്യം എന്നു്‌ എന്റെ സാമാന്യബുദ്ധി എന്നെ ഉപദേശിച്ചു. ആണ്മക്കളെ ശൂന്യാകാശത്തിനും അപ്പുറത്തേക്കു്‌ ഉയര്‍ത്തിപ്പിടിച്ചാലും പോരെന്നു്‌ തോന്നുന്നവരാണു്‌ പിതാക്കള്‍ എന്നതു്‌ ഒരു പുതിയ കാര്യമൊന്നുമല്ല. “കാണെടാ കാണു്‌, എന്റെ ബീജത്തിന്റെ ക്വാളിറ്റി കാണു്‌” എന്നാണു്‌ അവര്‍ അതുവഴി പറയാതെ പറയാന്‍ ശ്രമിക്കുന്നതു്‌. എന്തുകൊണ്ടു്‌ പാടില്ല? അതു്‌ മുഖവിലയ്ക്കെടുക്കാന്‍ ആളുകളുണ്ടെങ്കില്‍ അവരായി അവരുടെ പാടായി. എന്നാലും പച്ചനുണ കേള്‍ക്കുമ്പോള്‍ തോന്നുന്ന ഒരു വൈക്ലബ്യമുണ്ടല്ലോ, അതാണു്‌ അസഹ്യം. ഏതായാലും, ഇതുപോലുള്ള അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ പാളിപ്പോകാമെങ്കിലും, നുണ പറയല്‍ ഒരു കലയാണു്‌. അതുകൊണ്ടു്‌ ആ കല വശമില്ലാത്തവര്‍ അതിനു്‌ പോകരുതു്‌. അവര്‍ സത്യം പറഞ്ഞാലും കേള്‍ക്കുന്നവര്‍ അതു്‌ നുണയെന്നേ കരുതൂ.

ഈ രണ്ടു്‌ ചങ്ങാതിമാരും ഇന്നു്‌ ജീവിച്ചിരുപ്പില്ല. മരണാനന്തരം കൊതുകും കുളവിയും പശുവും പന്നിയുമെല്ലാം എവിടെ ചെന്നെത്തുന്നുവോ അവിടെ അവരും സുഖമായി വാഴുന്നുണ്ടാവണം. മരിക്കുന്നതിനു്‌ മുന്‍പു്‌ അവരുടെ ഈ പ്രസ്താവനകളെപ്പറ്റി അവര്‍ ഒരിക്കല്‍ കൂടി ചിന്തിച്ചിരിക്കാം എന്നു്‌ കരുതുന്നതില്‍ കവിഞ്ഞ ഒരു വിഡ്ഢിത്തമില്ല. ഏതു്‌ കാര്യവും പറയുന്നതിനേക്കാള്‍ വേഗത്തില്‍ മറന്നു്‌ മുന്നേറുന്ന ഒരു പ്രതിഭാസമാണല്ലോ മനുഷ്യജീവിതം.

 
1 Comment

Posted by on Jan 21, 2012 in പലവക

 

Tags: , , ,

സയന്‍സിലെ അന്ധവിശ്വാസം

മാധ്യമത്തില്‍ വന്നതായി ഒരു സുഹൃത്തു്‌ സൂചിപ്പിച്ച സി. രാധാകൃഷ്ണന്റെ ഒരു ലേഖനം വായിച്ചപ്പോള്‍ ഇത്രയും എഴുതണമെന്നു്‌ തോന്നി.

ലേഖനത്തിന്റെ ലിങ്ക്: http://origin-www.madhyamam.com/news/144055/120106?mid=57144

“ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്നു്‌ തോന്നും” എന്നു്‌ കേട്ടിട്ടുണ്ടു്‌. അതുപോലെ, ഒരുവന്‍ അന്ധവിശ്വാസി ആയാല്‍ താന്‍ കാണുന്നവര്‍ എല്ലാവരും അന്ധവിശ്വാസികളാണെന്നും ഒരുപക്ഷേ അവനു്‌ തോന്നുമായിരിക്കും. അങ്ങനെ തോന്നുന്നതു്‌ ഒരുതരം സ്വയം ന്യായീകരണത്തിനു്‌ സഹായകവുമാവാം. കണ്ണടയുടെ ഗ്ലാസുകള്‍ നിറം പിടിപ്പിച്ചതായാലും കാഴ്ചയുടെ കാര്യത്തില്‍ ഇതുപോലൊരു പ്രശ്നമുണ്ടു്‌. അതിനേക്കാളൊക്കെ ഗുരുതരമായി കാഴ്ചപ്പാടുകളെ പ്രതികൂലമായി ബാധിക്കുന്നതു്‌ മനസ്സിന്റെ കണ്ണട നിറം പിടിപ്പിച്ചതായാലാണു്‌.  അതു്‌ കണ്ണട പോലെ എടുത്തുമാറ്റി പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല. മനസ്സിലെ വര്‍ണ്ണക്കണ്ണട എടുത്തു്‌ മാറ്റാവുന്നതല്ല. അത്തരം കണ്ണടയുമായി നടക്കുന്നവര്‍ തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതുമാത്രമേ കാണൂ. “നാളെ ലോകാവസാനം”, “മറ്റന്നാള്‍ വിധിദിനം” മുതലായ “പ്രവചനങ്ങളുമായി” മനുഷ്യരെ ഭയപ്പെടുത്തി തന്‍കാര്യം നേടുന്നവര്‍ക്കു്‌ ലൗകിക ജീവിതത്തിന്റെ എല്ലാ ഭംഗിയും അനുയായികളുടെ മുന്നില്‍ തള്ളിപ്പറയേണ്ടതുണ്ടു്‌. ശാസ്ത്രനിഷേധം അതിന്റെ ഒരു ഭാഗമാണു്‌. അതിനുവേണ്ടി ശാസ്ത്രത്തിന്റെ തന്നെ എല്ലാവിധ ഉപാധികളും ഉപകരണങ്ങളും സ്വയം ഉപയോഗിക്കാന്‍ അവര്‍ക്കു്‌ മടിയുമില്ല.

ശാസ്ത്രം മുഴുവന്‍ അന്ധവിശ്വാസമാണെന്നു്‌ സ്ഥാപിക്കാനുള്ള വിശ്വാസിസമൂഹത്തിന്റെ അടങ്ങാത്ത ത്വരയുടെ പിന്നിലും ഇതുപോലുള്ള ചില മാനസികാവസ്ഥകളാവാം. ശാസ്ത്രത്തില്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്താന്‍ പണം ആവശ്യമാണു്‌. Sputnik എന്ന വാക്കു്‌ കണ്ടുപിടിച്ചവനും, “ശൂന്യാകാശയാത്രയുടെ പിതാവു്‌” എന്നു്‌ വിശേഷിപ്പിക്കപ്പെടുന്നവനും, ബാല്യത്തിലേതന്നെ ഒരു രോഗം മൂലം കേള്‍വിശേഷി നഷ്ടപ്പെട്ടവനുമായ Konstantin Ziolkowsky മൂന്നുവര്‍ഷം മോസ്ക്കോയില്‍ ഫിസിക്സും ആസ്ട്രോണമിയും മെക്കാനിക്സും ജിയോമെട്രിയും പഠിച്ചതു്‌ “ബ്ലാക്ക് ബ്രെഡ്” മാത്രം തിന്നുകൊണ്ടാണെന്നു്‌ കേട്ടിട്ടുണ്ടു്‌. അതേസമയം, സങ്കീര്‍ണ്ണവും വിലപിടിപ്പുള്ളതുമായ ഉപകരണങ്ങളുടെ സഹായത്തോടെയല്ലാതെ ഇന്നു്‌ ശാസ്ത്രപഠനം സാദ്ധ്യമല്ല. “പണം ഒന്നിനും പരിഹാരമല്ല”, “അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും എന്റെയടുത്തേക്കു്‌ പോരൂ”, “Poverty and humility lead to heaven” എന്നും മറ്റുമുള്ള ശര്‍ക്കര പുരട്ടിയ വാചകങ്ങള്‍ കൊണ്ടു്‌ പണമില്ലാത്തവനെ സോപ്പിട്ടും കബളിപ്പിച്ചും അവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി സമൂഹത്തിനു്‌ സാമ്പത്തികമോ വൈജ്ഞാനികമോ ആയ ഒരു പ്രയോജനവും നല്‍കാത്ത പള്ളികളും ക്ഷേത്രങ്ങളും മാനംമുട്ടെ പണിതുയര്‍ത്താനോ, സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കാനോ അല്ല ആ പണം വിനിയോഗിക്കപ്പെടുന്നതു്‌. മനുഷ്യന്റെ അറിവു്‌ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണു്‌ ശാസ്ത്രീയമായ പഠനങ്ങളില്‍ നടക്കുന്നതു്‌. അതിനായി പണം നല്‍കുന്നതിനു്‌ മുന്‍പു്‌ എന്താണു്‌ അവന്റെ പഠനലക്ഷ്യമെന്നും, നല്‍കിയശേഷം അവന്‍ അവന്റെ ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കുന്നുണ്ടോ എന്നുമെല്ലാം പരിശോധിക്കാന്‍ എല്ലാ നിയമരാഷ്ട്രങ്ങളിലും സംവിധാനങ്ങളുണ്ടു്‌. ഭാഗ്യത്തിനു്‌, ലോകത്തിലെ മുഴുവന്‍ റിപബ്ലിക്കുകളും “ബനാന”കളല്ലാത്തതുകൊണ്ടു്‌ ശാസ്ത്രവും അതിനോടൊപ്പം മനുഷ്യന്റെ അറിവും വളരുന്നുമുണ്ടു്‌.

അതുകൊണ്ടു്‌ ശാസ്ത്രലോകം എന്നതു്‌ മാലാഖമാര്‍ മാത്രം വിഹരിക്കുന്ന ഒരു ലോകമാണെന്നൊന്നും അര്‍ത്ഥവുമില്ല. മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരും ഉള്ളതുപോലെ, ശാസ്ത്രജ്ഞരുടെ ഇടയില്‍ ഇല്ലാതിരിക്കണമെങ്കില്‍ അവര്‍ മനുഷ്യര്‍ അല്ലാതിരിക്കണം. ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതു്‌ അതൊന്നുമല്ല. ഭാരതം പോലെ അജ്ഞരും അന്ധവിശ്വാസികളും നിറഞ്ഞ ഒരു സമൂഹത്തില്‍ ശാസ്ത്രമെന്നാല്‍ പൈശാചികമായ എന്തോ ആണെന്നും, അതിനോടു്‌ മനുഷ്യര്‍ക്കു്‌ അവജ്ഞയാണു്‌ തോന്നേണ്ടതെന്നും ധ്വനിപ്പിക്കുന്ന തരത്തിലുള്ള ആത്മീയപ്രഭാഷണങ്ങള്‍ “ബോധവത്കരിക്കപ്പെട്ടവന്‍” എന്നു്‌ സാമാന്യജനം ചിന്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ നടത്തിയാല്‍ അതു്‌ ഒരു ക്രിമിനല്‍ കുറ്റത്തിനു്‌ തുല്യമായ ചിന്താശൂന്യതയാണു്‌. ഒരു ശാസ്ത്രജ്ഞന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തുന്നതു്‌ രോഗശാന്തിയും കുടുംബസമാധാനവും തേടി ഏതെങ്കിലും “ആസാമികളെ” ചുറ്റിപ്പൊതിയുന്ന വിഭാഗത്തില്‍ പെട്ട മനുഷ്യരല്ല എന്നാണു്‌ ഞാന്‍ കരുതുന്നതു്‌.

ആരുടെയെങ്കിലും പഠനങ്ങളും പരീക്ഷണങ്ങളും അന്തര്‍ദേശീയതലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയെങ്കില്‍ അതു്‌ തീര്‍ച്ചയായും അപലപനീയമാണു്‌. പക്ഷേ, അതു്‌ ഒരു യഥാര്‍ത്ഥ ശാസ്ത്രജ്ഞനെ പഠിപ്പിക്കേണ്ട പാഠം, എന്റെ കാഴ്ചപ്പാടില്‍, ജനങ്ങളെ ആത്മീയതയിലേക്കു്‌ ആട്ടിയോടിക്കുക എന്നതല്ല, അവരില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരുമെല്ലാം ഉയര്‍ന്നു്‌ വരത്തക്കവിധത്തില്‍ അവരില്‍ ശാസ്ത്രബോധത്തിന്റെ വിത്തുകള്‍ പാകുക എന്നതാണു്‌. മിക്കവാറും എല്ലാവരും ഭക്തരായ ഭാരതത്തില്‍ ആത്മീയത പ്രസംഗിക്കുന്നതു്‌ ഒഴുക്കിനൊപ്പം ഒഴുകലാണെന്നതിനാല്‍ പ്രത്യേകം നീന്തേണ്ട ആവശ്യമില്ല എന്നതു്‌ ശരിതന്നെ. പക്ഷേ, ജനങ്ങളെ വേദം ഉപദേശിക്കുകയാണു്‌ ഒരു വിദ്യാസമ്പന്നന്റെ ലക്ഷ്യമെങ്കില്‍, ലക്ഷങ്ങളും കോടികളും മുടക്കി ഭാരതീയസമൂഹം എന്തിനു്‌ ശാസ്ത്രജ്ഞരെയും സാങ്കേതികവിദഗ്ദ്ധരെയുമൊക്കെ സൃഷ്ടിച്ചെടുക്കുന്നു എന്നെനിക്കറിയില്ല. ഒരു ശാസ്ത്രജ്ഞന്‍, അവനില്‍ അല്പമെങ്കിലും ശാസ്ത്രബോധം അവശേഷിച്ചിട്ടുണ്ടെങ്കില്‍, ഒരു പത്തുമിനിട്ട് ഇക്കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ നീക്കിവയ്ക്കുന്നതു്‌ നന്നായിരിക്കുമെന്നാണു്‌ എന്റെ അഭിപ്രായം.

ഇന്നു്‌ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതുമായ ശാസ്ത്രജ്ഞരിൽ ഒരുവനാണു്‌ Stephen Hawking. അതുകൊണ്ടു്‌ ഹോക്കിംഗിന്റെ തത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നില്ല.  ഹോക്കിംഗ് പൂണൂല്‍ ധരിച്ചിട്ടുണ്ടോ, അങ്ങേര്‍ ആര്‍ക്കൊക്കെ പൂണൂല്‍ നല്‍കിയിട്ടുണ്ടു്‌, ഇതൊന്നും ആശയപരമായി, വസ്തുതാപരമായി ഹോക്കിംഗിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരെ അലട്ടുന്നില്ല. പലരും ഹോക്കിംഗിന്റെ തത്വങ്ങളെ ഭാഗികമായിട്ടെങ്കിലും ചോദ്യം ചെയ്യുന്നുമുണ്ടു്‌. അതു്‌ വിശ്വാസിസമൂഹം ചെയ്യുന്നതുപോലെ, ഹോക്കിംഗിന്റെ രോഗത്തെയോ, മറ്റു്‌ വ്യക്തിപരമായ കാര്യങ്ങളെയോ പരിഹസിച്ചുകൊണ്ടല്ല. ദൈനംദിനജീവിതവുമായി നേരിട്ടു്‌ ബന്ധമൊന്നുമില്ലാത്തവ ആയതിനാല്‍ ശാസ്ത്രലോകത്തിലെ ഏതാനും വ്യക്തികളുടെ താത്പര്യം മാത്രമേ ഇതുവരെ ഹോക്കിംഗിന്റെ തത്വങ്ങള്‍ സജീവമായി ഉണര്‍ത്തിയിട്ടുള്ളു. ആ സ്ഥിതിക്കു്‌ അവയുടെ വിമര്‍ശനങ്ങള്‍ തത്കാലം അതിലും ചെറിയ പ്രൊഫഷണല്‍ സര്‍ക്കിളുകളിലായി ഒതുങ്ങേണ്ടി വരുമെന്നതു്‌ സ്വാഭാവികം. മകരജ്യോതി ഒരു നക്ഷത്രമാണെന്നും, മകരവിളക്കു്‌ ആരോ ചൂട്ടു്‌ കത്തിക്കുന്നതാണെന്നും വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും വഴി തെളിയിച്ചിട്ടും അതിലെല്ലാം ദൈവികതയും അത്ഭുതവും കാണുന്നവരെ ഉന്നത ഗണിതശാസ്ത്രത്തിന്റെ സഹായത്താല്‍ മാത്രം ഇഴപിരിക്കാന്‍ കഴിയുന്ന ആഴമേറിയ പ്രപഞ്ചരഹസ്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ എവിടെയെത്തുമെന്നു്‌ ആലോചിച്ചാല്‍ മതി. വിശ്വാസികളുടെ ഈ വിഡ്ഢിസാമ്രാജ്യത്തില്‍ “ശാസ്ത്രജ്ഞന്‍” എന്ന പദവിയുമായി ഒരുവന്‍ പ്രത്യക്ഷപ്പെട്ടു്‌ ശാസ്ത്രം പറയുന്ന കാര്യങ്ങളും, ശാസ്ത്രം തന്നെയും വ്യാജമാണെന്നും, ശാസ്ത്രജ്ഞരുടെയിടയില്‍ “ചാതുര്‍വര്‍ണ്ണ്യം”  സംഹാരതാണ്ഡവം ആടുകയാണെന്നുമൊക്കെ അവകാശപ്പെട്ടാല്‍ അതിനു്‌ അവരുടെയിടയില്‍ “ആധികാരികത” ലഭിക്കുന്നതില്‍ അത്ഭുതത്തിനു്‌ വകയൊന്നുമില്ല. വോട്ടുബാങ്കു്‌ കാണിച്ചു്‌ രാഷ്ട്രീയത്തെ വശത്താക്കി മതങ്ങളെ വിമര്‍ശിക്കുന്നതിനെ നിരോധിക്കുന്നതുപോലുള്ള വിലക്കൊന്നും ശാസ്ത്രത്തെ വിമര്‍ശിക്കുന്നതിനില്ല. പക്ഷേ, ആ വിമര്‍ശനത്തിനു്‌ – ഏതു്‌ വിമര്‍ശനത്തിനും – ലോജിക്കലി കണ്‍സിസ്റ്റന്റ് ആയ ഒരു രീതിശാസ്ത്രം വേണം. അല്ലെങ്കില്‍ അതു്‌ ഏറിയാല്‍ പിച്ചും പേയുമോ, കുറഞ്ഞാല്‍ കൊതിക്കെറുവു്‌ പറച്ചിലോ മാത്രമായേ വിശ്വാസികള്‍ അല്ലാത്തവര്‍ വിലയിരുത്തുകയുള്ളു.

ടാക്യോണുകള്‍ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന “സാങ്കല്പിക” കണികകളാണു്‌. ഇവയുടെ താത്വികമായ സാദ്ധ്യതയെപ്പറ്റിയുള്ള ഹൈപോതെസിസിന്റെ ഉപജ്ഞാതാവായി ജര്‍മ്മന്‍ ഫിസിസിസ്റ്റ് ആയിരുന്ന ആര്‍നോള്‍ഡ് സൊമ്മര്‍ഫെല്‍ഡ് (1868 – 1951) കണക്കാക്കപ്പെടുന്നു. സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റിയിലെ സമവാക്യങ്ങള്‍ക്കു്‌ പല സൊല്യൂഷനുകളുണ്ടു്‌. അതിലൊന്നിന്റെ അടിസ്ഥാനത്തില്‍ സാധാരണ ദ്രവ്യത്തിനു്‌ എപ്പോഴും പ്രകാശവേഗതയില്‍ താഴെ മാത്രമേ സഞ്ചരിക്കാനാവൂ. മറ്റൊരു സൊല്യൂഷന്‍ പ്രകാരം മറ്റുചില കണങ്ങള്‍ക്കു്‌ പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. അവയെ പ്രകാശവേഗതയിലേക്കു്‌ പരിമിതപ്പെടുത്താന്‍ ആവുകയുമില്ല. 1962-ല്‍ Olexa-Myron Bilaniuk, Vijay Deshpande and E. C. G. Sudarshan എന്നിവര്‍ ഈ സാദ്ധ്യത ചൂണ്ടിക്കാണിക്കുകയുണ്ടായി. അവരുമായി ബന്ധമില്ലാതെ Jakow Petrowitsch Terlezki എന്ന റഷ്യന്‍ ഫിസിസിസ്റ്റും അറുപതുകളുടെ തുടക്കത്തില്‍ ഇതേ വസ്തുത വെളിപ്പെടുത്തുകയുണ്ടായി. 1967- ല്‍ കൊളമ്പിയ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍ ആയിരുന്ന Gerald Feinberg ആണു്‌ ഈ കണങ്ങളെ Tachyons എന്നു്‌ നാമകരണം ചെയ്തതു്‌. 1958-ല്‍ രണ്ടുതരം ന്യൂട്രിനോകളുടെ അസ്തിത്വം “പ്രവചിച്ചതും” ഫെയ്ന്‍ബെര്‍ഗ് ആണു്‌. അതു്‌ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ മൂന്നു്‌ സഹപ്രവര്‍ത്തകര്‍ക്കു്‌ നോബല്‍ പ്രൈസ് ലഭിക്കുകയുമുണ്ടായി. തന്റെ പ്രവചനത്തിനു്‌ നോബല്‍ പ്രൈസ് കിട്ടാത്തതിന്റെ പേരില്‍ ഫെയ്ന്‍ബെര്‍ഗ് കരഞ്ഞുവിളിച്ചു്‌ നടന്നിരുന്നോ എന്നറിയില്ല.

ചുരുക്കത്തില്‍, പ്രകാശവേഗതയേക്കാള്‍ കൂടിയ വേഗത, ഒരു ഹൈപോതെസിസ് എന്ന രൂപത്തിലെങ്കിലും, 1951-ല്‍ മരണമടഞ്ഞ സൊമ്മര്‍ഫെല്‍ഡിന്റെ വകയായി നിലവിലുണ്ടു്‌. പക്ഷേ താത്വികമായ നിഗമനങ്ങള്‍ തെളിവുകളല്ല. ഒരു ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ഉപയോഗിച്ചു്‌ കണങ്ങളെപ്പറ്റിയും പ്രപഞ്ചത്തെപ്പറ്റിയുമൊക്കെ പഠനം നടത്തണമെങ്കില്‍ ആദ്യം അതുപോലൊരു ഉപകരണം നിര്‍മ്മിക്കപ്പെടണം. എവിടെയെങ്കിലും ഒരു പന ഒടിഞ്ഞുവീണാല്‍ അവശേഷിക്കുന്ന കുറ്റി യക്ഷിയോ ശിവനോ ആണെന്നു്‌ കരുതി തടിച്ചുകൂടുന്ന മനുഷ്യര്‍ ഇന്നും കേരളത്തിലുണ്ടു്‌. അതുപോലുള്ളവര്‍ കാള പെറ്റെന്നു്‌ കേട്ടാല്‍ കയറുമായി നാടുനീളെയുള്ള തൊഴുത്തുകള്‍ കയറിയിറങ്ങുന്നതും മനസ്സിലാക്കാവുന്ന കാര്യമാണു്‌. പക്ഷേ, അതില്‍ “ശാസ്ത്രം” ഒന്നുമില്ല. മാത്രവുമല്ല, ഒരു ശാസ്ത്രജ്ഞന്‍ അതിനു്‌ കൊടി പിടിക്കുക കൂടി ചെയ്താല്‍ അതു്‌ അങ്ങേയറ്റം പരിഹാസ്യവുമാണു്‌.

CERN-ലെ ചില പരീക്ഷണങ്ങളില്‍ ന്യൂട്രീനോകളുടെ വേഗത പ്രകാശത്തിന്റേതിനേക്കാള്‍ കൂടിയതായി കാണപ്പെട്ടെങ്കില്‍, അതു്‌ ഒരു “പനങ്കുറ്റി ശിവന്‍” പോലെയുള്ള അത്ഭുതമോ, ആര്‍ക്കും അതുവരെ അറിയാമായിരുന്നില്ലാത്ത ഒരു രഹസ്യം ശാസ്ത്രലോകത്തെ നാണംകെടുത്താനെന്നോണം ആകാശത്തില്‍ നിന്നും CERN-ലേക്കു്‌ പൊട്ടിവീണ ഒരു ദിവ്യജ്യോതിയോ ഒന്നുമായിരുന്നില്ല. CERN-ലെ പരീക്ഷണങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്നു്‌ അറിയണമെങ്കില്‍ ഒന്നുകില്‍ അതു്‌ യുണീക് ആയിരിക്കണം, അല്ലെങ്കില്‍ അതു്‌ മറ്റു്‌ സ്ഥലങ്ങളിലെ പരീക്ഷണങ്ങളുടെ ഫലങ്ങളുമായുള്ള താരതമ്യം വഴി സ്ഥിരീകരിക്കപ്പെടണം. അതിനുശേഷം അതിനു്‌ ശാസ്ത്രലോകത്തില്‍ അംഗീകാരം ലഭിക്കാന്‍ തടസ്സമൊന്നുമില്ല. അതുകൊണ്ടു്‌ മറ്റാര്‍ക്കും എതിരഭിപ്രായമൊന്നും ഉണ്ടാവാന്‍ പാടില്ല എന്നൊന്നുമില്ലതാനും. മനുഷ്യര്‍ ഇന്നതേ ചിന്തിക്കാവൂ എന്നു്‌ പറയാന്‍ ആര്‍ക്കവകാശം? അതിലെന്തു്‌ ശാസ്ത്രം? ശാസ്ത്രം ഒരു ഐഡിയോളജിയല്ല. ന്യൂട്രീനോകള്‍ക്കു്‌ പ്രകാശകണികകളെക്കാള്‍ കൂടിയ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നു്‌ യുക്തിസഹമായി തെളിയിക്കപ്പെട്ടാല്‍ എതിരഭിപ്രായക്കാരനായിരുന്ന ഒരു “ശാസ്ത്രജ്ഞബ്രാഹ്മണനും” പൂണൂലില്‍ കെട്ടിത്തൂങ്ങി ചാവുകയുമില്ല. അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു – “ഒന്നുകില്‍ കീഴ്പെടുക, അല്ലെങ്കില്‍ ചാവുക” എന്ന “ദൈവവചനം” അരങ്ങു്‌ വാണിരുന്ന ഒരു ഭൂതകാലം. ഭാഗ്യത്തിനു്‌, മതങ്ങള്‍ക്കു്‌ സര്‍വ്വാധികാരം ഉണ്ടായിരുന്ന അത്തരം സമൂഹങ്ങളില്‍ ആരും ഇന്നു്‌ ശാസ്ത്രവിമര്‍ശനവുമായി വിഡ്ഢിവേഷം കെട്ടാറില്ല – അത്രത്തോളം വളരാന്‍ അവര്‍ക്കു്‌ കുറെ നൂറ്റാണ്ടുകള്‍ വേണ്ടിവന്നു എങ്കിലും. ഭാരതം ഒരുപക്ഷേ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നേക്കാവുന്ന വളര്‍ച്ച.

ലേഖനത്തിലെ ഒരു ചെറിയ നോട്ടപ്പിശകുകൂടി ചൂണ്ടിക്കാണിക്കുന്നു: “വിദ്യുത്കാന്തബലവും ലഘു ആണവബലവും സംയോജിപ്പിച്ച് “ഇലക്ട്രോ വീക്ക്”(electro- weak) ബലം എന്ന ആശയം അദ്ദേഹമാണ് (E. C. G. Sudarshan) ആദ്യമായി അവതരിപ്പിച്ചത്. പക്ഷേ, അതിന്‍െറ പേരില്‍ നൊബേല്‍ സമ്മാനം നല്‍കിയത് മറ്റ് രണ്ടാള്‍ക്കും!”  അതിന്റെ പേരില്‍ നോബല്‍ സമ്മാനം ലഭിച്ചതു്‌ രണ്ടുപേര്‍ക്കായിരുന്നില്ല, മൂന്നുപേര്‍ക്കായിരുന്നു. അവര്‍ ഇവരാണു്‌: Steven Weinberg, Sheldon Glashow and Abdus Salam.

E. C. G. Sudarshan-നെപ്പറ്റി വിക്കിപ്പീഡിയ നല്‍കുന്ന വിവരത്തില്‍ നിന്നും ഒരു വാക്യം:

“He is also deeply interested in Vedanta, on which he lectures frequently.”

വേദാന്തവും, ഭഗവദ് ഗീതയുമൊക്കെ ശ്രീ സി. രാധാകൃഷ്ണന്റെയും ഇഷ്ടവിഷയങ്ങളായതുകൊണ്ടു്‌ സൂചിപ്പിച്ചെന്നേയുള്ളു.

 
9 Comments

Posted by on Jan 7, 2012 in ശാസ്ത്രം

 

Tags: , ,

വിശ്വാസിയുടെ സമ്പൂർണ്ണജ്ഞാനം

ഏകദേശം രണ്ടായിരത്തി അറുന്നൂറു്‌ വർഷങ്ങൾക്കു്‌ മുൻപു്‌ ആരംഭിച്ച ഗ്രീക്ക്‌ തത്വചിന്തയുടെ തുടർച്ചയായി രൂപമെടുത്തവയാണു് ആധുനിക പ്രകൃതിശാസ്ത്രങ്ങൾ. പ്രപഞ്ചത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും അന്നത്തെ ഏതാനും ഗ്രീക്കുകാർ ദൈവങ്ങളുടെ സഹായമില്ലാതെ മനുഷ്യബുദ്ധി മാത്രമുപയോഗിച്ചു് ചിന്തിക്കാനും മനസ്സിലാക്കാനും തുടങ്ങിയ മാതൃകയിൽ ചിന്തിക്കുകയും അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന വിജ്ഞാനശാഖകളാണു്‌ ആധുനികശാസ്ത്രങ്ങൾ. ഇതിനോടകം എത്രയോ ശാഖോപശാഖകളായി പിരിഞ്ഞു് അനുദിനമെന്നോണം അതീവ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രങ്ങളുടെ പൊതുവായ ഒരു അവലോകനം അർത്ഥപൂർവ്വവും ആധികാരികവുമായ രീതിയിൽ നടത്തുക എന്നതു് ഒരു മനുഷ്യബുദ്ധിയിൽ അസാദ്ധ്യമാണെന്നു് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. അത്ര വിപുലമാണു് ആധുനികശാസ്ത്രം. ശാസ്ത്രജ്ഞാനം പെരുകുകയാണെന്നതു് നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണു്. അറിവിന്റെ അവസ്ഥ ഇതാണെന്നിരിക്കെ, ഇതുവരെ അറിഞ്ഞതും ഇനി അറിയാനിരിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും എനിക്കറിയാം എന്നൊരു അവകാശവാദം ഒരുവൻ ഉന്നയിച്ചാൽ അതിനെ ഏതു് വകുപ്പിൽ പെടുത്തണമെന്നു് ചിന്തിച്ചാൽ മതി.

എന്നാൽ, ഇതേ അവകാശവാദം പൊക്കിപ്പിടിച്ചുകൊണ്ടു് തികച്ചും നോർമൽ എന്നു് ഭാവിക്കുകയും, അതു് അംഗീകരിക്കാൻ തയ്യാറാവാത്തവർ മുഴുവൻ വിഡ്ഢികളും ഭ്രാന്തന്മാരും ആണെന്നു് ആക്രോശിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം മനുഷ്യർ ഈ ലോകത്തിൽ ജീവിക്കുന്നുണ്ടു്. “കാണപ്പെടുന്നവയും, കാണപ്പെടാത്തവയുമായ” സകലത്തിനേയും സൃഷ്ടിച്ചവനും, “അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ” സകല കാര്യങ്ങളേയും അറിയുന്നവനും എന്നു് അവർതന്നെ വിശേഷിപ്പിക്കുന്ന ദൈവം എന്നൊരു വിചിത്ര സത്ത്വത്തെ അറിയാൻ മാത്രമല്ല, അനുഭവിക്കാനും തങ്ങൾക്കു് കഴിയും എന്നു് കട്ടായമായി പ്രഖ്യാപിക്കുന്ന ദൈവവിശ്വാസികൾ എന്നൊരു കൂട്ടമാണതു്. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ പല കൊച്ചുപുസ്തകങ്ങളിൽ പലവിധത്തിൽ എഴുതിവച്ച ഒരു സർവ്വജ്ഞാനിയെയും അവന്റെ വാക്കുകളെയും “അറിയുന്നവനെ” സമ്പൂർണ്ണജ്ഞാനിയെന്നല്ലാതെ മറ്റെന്താണു് വിളിക്കാനാവുക?

ഈ ദൈവം പക്ഷേ ഒരു രാജ്യത്തിൽ ചെന്നു് പറയുന്നതല്ല മറ്റൊരു രാജ്യത്തിൽ ചെന്നു് പറയുന്നതു്. അതു് പോരാഞ്ഞിട്ടെന്നപോലെ, ഒരു പ്രദേശത്തുതന്നെ പല കാലങ്ങളിലായി രണ്ടും മൂന്നും വട്ടമൊക്കെ പ്രത്യക്ഷപ്പെട്ടു് അസന്ദിഗ്ദ്ധവും നിത്യവുമായ പ്രപഞ്ചസത്യങ്ങൾ എന്ന പേരിൽ വായിൽ തോന്നിയതൊക്കെ വിളിച്ചു് പറയാനും അങ്ങേർക്കു് മടിയൊന്നുമില്ല. ആത്യന്തികവും, ഒരു തരിക്കുപോലും കുറ്റമില്ലാത്തതുമായ ദൈവജ്ഞാനം ഇങ്ങനെ തുടരെത്തുടരെ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു് തിരുത്തേണ്ടി വരുന്നതു് എന്തുകൊണ്ടു് എന്നെനിക്കറിയില്ല. ദൈവികമായ ഈ സർവ്വജ്ഞാനത്തിന്റെ മറ്റൊരു പ്രത്യേകത ആജന്മശത്രുക്കളെപ്പോലെ മനുഷ്യരോടു് പരസ്പരം വെറുക്കാനും, അവരോടു് ഇവരെ കൊല്ലാനും ഇവരോടു് അവരെ കൊല്ലാനുമൊക്കെ ആഹ്വാനം ചെയ്യുന്നതു് സമാധാനസന്ദേശമായി ഏതു് മുക്രിക്കും വ്യാഖ്യാനിക്കാനാവുമെന്നതാണു്. ലൗകികനായ ഒരു മനുഷ്യൻ താനൊരു സർവ്വജ്ഞാനിയാണെന്നു് അവകാശപ്പെട്ടാൽ അവന്റെ തലയിലെ ചില പിരികൾ മുറുക്കാനാവാത്തവിധം ലൂസായിട്ടുണ്ടെന്നേ സാമാന്യബുദ്ധിയുള്ളവർ ചിന്തിക്കൂ. പക്ഷേ, സർവ്വജ്ഞാനത്തിനു് തുല്യം എന്നല്ലാതെ മറ്റൊരു അർത്ഥവും നൽകാനില്ലാത്ത ദൈവജ്ഞാനം അവകാശപ്പെടുന്ന ഒരു ആത്മീയനെ സമൂഹം, പ്രത്യേകിച്ചും വിശ്വാസികളുടെ സമൂഹം, ഉന്നത പീഠങ്ങൾ നൽകി ആദരിക്കുകയും ആരാധിക്കുകയുമാണു് പതിവു്. മതങ്ങൾക്കു് നിർണ്ണയാധികാരമുള്ള സമൂഹങ്ങൾ തങ്ങളെ നയിക്കാനുള്ള അവകാശം പതിച്ചുനൽകുന്നതു് ഇതുപോലെ പിരിവെട്ടിയ ആത്മീയ നേതാക്കൾക്കാണെന്നു് ചുരുക്കം.

വിശ്വാസപരമായ കാര്യങ്ങളിൽ നാസ്തികരുമായി തർക്കിക്കാനായി എത്തുന്ന ചില വിശ്വാസികൾ “ദൈവം മനുഷ്യനു് നൽകിയ” ചട്ടങ്ങളെയും പ്രമാണങ്ങളെയുമൊക്കെപ്പറ്റി പ്രകടിപ്പിക്കുന്ന ആധികാരികത മനം പിരട്ടൽ ഉണ്ടാക്കുന്നവിധം അസഹ്യമാണു്. ഏതോ ദൈവം നൽകിയ കൽപനകളുടെ ശരിതെറ്റുകൾ ഒരു നാസ്തികനുമായി ചർച്ച ചെയ്യാൻ വരുന്നവനു് യാഥാർത്ഥ്യബോധം നഷ്ടപ്പെട്ടിട്ടുണ്ടാവാനാണു് സാദ്ധ്യത. ആധുനിക മനുഷ്യർ ഒരു ദൈവത്തിന്റെയും സഹായമില്ലാതെ സ്വയം കണ്ടെത്തിയതും, പരിഷ്കൃതലോകത്തിൽ നിലവിലിരിക്കുന്നതും, സാമൂഹികസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു് നവീകരിക്കപെട്ടുകൊണ്ടിരിക്കുന്നതുമായ നിയമങ്ങൾ വ്യത്യസ്ത മതഗ്രന്ഥങ്ങൾ രൂപമെടുത്ത പുരാതനകാലങ്ങളിലും ബാധകമായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ജയിലറകളിൽ കഴിയേണ്ടിവരുമായിരുന്ന ക്രിമിനലുകളും മാനസികരോഗികളുമാണു് പല മതങ്ങളിലും ദൈവങ്ങളും ദൈവതുല്യരുമായി ഇന്നും ആരാധിക്കപ്പെടുന്നവർ. ആരാധ്യപുരുഷന്റെ ക്രിമിനൽ കുറ്റങ്ങൾവരെ മറച്ചുപിടിക്കുക, അതിനു് കഴിയുന്നില്ലെങ്കിൽ അവയെ ഏതുവിധേനയും ന്യായീകരിക്കാനെങ്കിലും ശ്രമിക്കുക എന്നതു് അന്ധമായ അനുഗമനത്തിന്റെ ഒരു സ്വഭാവജന്യഗുണമാണു്. ഒരു ക്രിമിനലിനെ ദൈവമാക്കുന്നവർ ഒന്നുകിൽ സ്വയം ക്രിമിനലുകൾ ആയിരിക്കണം, അല്ലെങ്കിൽ ക്രിമിനാലിറ്റി എന്നാൽ എന്തെന്നു് അറിയാൻ പോലും ബോധമില്ലാത്തത്ര അജ്ഞരോ, സെൻസ്‌ ഓഫ്‌ റിയാലിറ്റി നഷ്ടപ്പെട്ടവരോ ആയിരിക്കണം. ദൈവം ഒരുതരം ബാധയാണു്. ദൈവവിശ്വാസം അതു് ബാധിച്ചതിന്റെ ലക്ഷണമാണു്. ആ തീരാവ്യാധി തലയിൽ കയറി കൂടിയാൽ പിന്നെ മനുഷ്യർ കലങ്ങിയ വെള്ളത്തിൽ നീന്തുന്ന മീനുകൾക്കു് തുല്യമായിരിക്കും. ഭംഗിവാക്കുകളിൽ എളുപ്പം മയങ്ങിവീഴുന്ന കാര്യത്തിൽ സ്ത്രീകളെ തോൽപിക്കുന്ന ഇക്കൂട്ടരെ പിടിച്ചു് കൂട്ടിലാക്കുക എന്നതു് അനായാസം സാധിക്കുന്ന കാര്യമാണു്. തങ്ങളെ പിടിക്കാൻ വരുന്നവർ ദൈവനാമത്തിൽ എഴുന്നള്ളുന്നവരാണെങ്കിൽ അവർക്കു് അങ്ങോട്ടു് ഏൽപിച്ചുകൊടുക്കുന്നതു് ഒരു കടമയും സന്തോഷവുമായി കാണുന്നവരാണവർ. അറിഞ്ഞുകൊണ്ടു് ഒരു മീനും ചെയ്യാത്ത ഒരു കാര്യം. ഈ കാഴ്ചപ്പാടിൽ നിന്നു് നോക്കുമ്പോൾ നിലനിൽപിന്റെ കാര്യത്തിൽ മീനുകളെക്കാൾ അനേകം പടികൾ താഴെ കഴിയുന്ന “ബുദ്ധിരാക്ഷസന്മാർ” ആണു് വിശ്വാസികൾ.

ജന്മവും വളർത്തലും മൂലം തന്റേതായിത്തീർന്ന ഒരു ദൈവത്തെ അനുഭവം വഴി അറിയുന്നു എന്നും മറ്റും അവകാശപ്പെടാൻ അക്ഷരാഭ്യാസം പോലും ആർക്കുമാവശ്യമില്ല. അതിന്റെ തെളിവുകൾ ഏതു് തീർത്ഥാടനകേന്ദ്രവും, ഏതു് പള്ളിയും, ഏതു് അമ്പലവും ധാരാളമായി നൽകുന്നുണ്ടു്. വിശ്വാസികളിലെ ഈ സാധുക്കളെ ഒഴിവാക്കിയാൽതന്നെ, “വിദ്യാസമ്പന്നർ” എന്നവകാശപ്പെടുന്ന ബാക്കിയുള്ളവരിൽ നല്ലൊരു പങ്കും ശാസ്ത്രീയവും സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളിൽ അവിശ്വാസികളായ മറ്റു് ലോകവാസികളെ അപേക്ഷിച്ചു് ഏറ്റവും കുറഞ്ഞ പരിജ്ഞാനം സ്വന്തമാക്കിയിട്ടുള്ളവരാണെന്നു് കാണാൻ കഴിയും. സ്വന്തം പ്രവർത്തനമണ്ഡലങ്ങളിൽ പോലും ദൈവത്തിന്റെ കൂട്ടുപിടിക്കാതെ ഒരുചുവടുപോലും മുന്നോട്ടു് വയ്ക്കാൻ ധൈര്യപ്പെടാത്തവർ. ദൈവം എന്തു് ചതിയാണു് ഒരുക്കിയിരിക്കുന്നതെന്നറിയില്ലല്ലോ. അനുയോജ്യമായ പഠനവും പരിശീലനവും വഴി തന്റെ തൊഴിൽ സ്വായത്തമാക്കിയിട്ടുള്ള ഒരുവനു് അവന്റെ “കർമ്മം” ചെയ്യാൻ ഒരു ദൈവത്തിന്റെയും ഒത്താശ ആവശ്യമില്ല. എന്തു് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നുമുള്ള അറിവും ആത്മവിശ്വാസവുമാണു് അവന്റെ കൈമുതൽ.

ആരെയാണു് വിശ്വാസികൾ “ദൈവം, ദൈവം” എന്നു് കൊട്ടിഘോഷിക്കുന്നതെന്നു് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിലുള്ള ഓരോ തരിയുടെയും വിധി മുൻകൂട്ടി (എന്ന്വച്ചാൽ ഇന്നലെയും മിനിഞ്ഞാന്നും ഒന്നുമല്ല, പ്രപഞ്ചം ഉണ്ടാവുന്നതിനും വളരെ മുൻപേതന്നേ!) നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള ചങ്ങാതിയാണു് ദൈവം എന്ന പേരിൽ അറിയപ്പെടുന്ന ഈ “ഏതാണ്ടു്”. പക്ഷേ, ചില്ലിക്കാശു്, മെഴുകുതിരി, പാച്ചോറു്, പായസം, തുലാഭാരം മുതലായവയൊക്കെ കണ്ടാൽ തീട്ടം കണ്ട ഈച്ചയെപ്പോലെ ഈ ദൈവം തമ്പുരാനു് നിയന്ത്രണം വിടും, വായിൽ വെള്ളമൂറും. അപ്പോൾ ലോകാരംഭത്തിനും മുൻപുതന്നെ താൻ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള കാര്യങ്ങളിൽ വിശ്വാസിക്കു് അനുകൂലമായവിധത്തിൽ നീക്കുപോക്കുകൾ വരുത്തി നേർച്ചകാഴ്ചകൾ സ്വന്തമാക്കുകയല്ലാതെ അങ്ങേർക്കു് മറ്റു് പോംവഴിയൊന്നുമില്ല. അങ്ങേയറ്റം പരസ്പരവിരുദ്ധമായ ഈ രണ്ടു് കാര്യങ്ങളും ഒരേ നാവുകൊണ്ടു് പറയുകയും ഒരേ “ബുദ്ധി” കൊണ്ടു് വിശ്വസിക്കുകയും ചെയ്യുന്ന ജീവികളാണു് വിശ്വാസികൾ എന്നറിയപ്പെടുന്നവർ. ഭാവിയിലൊരിക്കൽ ദൈവം ഇവരെക്കൊണ്ടു് സ്വർഗ്ഗം മുഴുവൻ നിറയ്ക്കുമത്രെ! രക്ഷപെടുത്താൻ കഴിയുന്നവർ സ്വയം രക്ഷപെടുത്തുക എന്നേ എനിക്കു് പറയാനുള്ളു. വിശ്വാസിയുടെ നക്കാപ്പിച്ചകൾ കാണുമ്പോൾ മയങ്ങിവീഴുന്ന ദൈവം! ഓരോ മൺതരിയും എപ്പോൾ എന്തു് ചെയ്യണം, എങ്ങനെ പെരുമാറണം, ഓരോ മനുഷ്യന്റെയും ഓരോ ജീവിയുടെയും ഓരോ രോമവും എപ്പോൾ എവിടെ എങ്ങനെ (നടക്കുമ്പോഴോ കിടക്കുമ്പോഴോ ഉണ്ണുമ്പോഴോ ഉറങ്ങുമ്പോഴോ കുളിക്കുമ്പോഴോ ചീകുമ്പോഴോ….) കൊഴിയണം മുതലായ കാര്യങ്ങൾ ഈ വക വസ്തുക്കളൊന്നും ഉണ്ടാവുന്നതിനും മുന്നേതന്നെ മാറ്റമില്ലാത്തവിധം നിശ്ചയിച്ചുറപ്പിച്ച അതേ ദൈവം! അതുപോലൊരു ദൈവത്തിനുവേണ്ടി അൽപമെങ്കിലും ചിന്താശേഷിയുള്ള ഒരു മനുഷ്യന്റെ പക്കൽ അറപ്പും അവജ്ഞയും അവഗണനയും മാത്രമേ ബാക്കിയുണ്ടാവാൻ പാടുള്ളു. അതിനു് വിപരീതമായ ഏതു് വികാരവും മനുഷ്യബുദ്ധിയോടുള്ള അക്ഷന്തവ്യമായ അവഹേളനമാണു്.

“എന്റെ ഗ്രന്ഥം നീ ശരിക്കല്ല മനസ്സിലാക്കുന്നതു്”, “എന്റെ ഗ്രന്ഥം മനസ്സിലാവണമെങ്കിൽ എന്റെ ദൈവം മനസ്സുവയ്ക്കണം”, “എന്റെ ദൈവം നിന്റെ മനസ്സു് അടച്ചിരിക്കുന്നു” – ഇതെല്ലാം ഒരു അവിശ്വാസിയോടോ അന്യവിശ്വാസിയോടോ ഒറ്റ ശ്വാസത്തിൽ പറയാൻ ഒരു മതവിശ്വാസിക്കു് ഒരു ബുദ്ധിമുട്ടുമില്ല. നിന്റെ ദൈവം മനസ്സുവച്ചാലേ എനിക്കു് നിന്റെ ഗ്രന്ഥം മനസ്സിലാക്കാൻ കഴിയുകയുള്ളു എങ്കിൽ, ഞാൻ അതു് മനസ്സിലാക്കണമെന്നു് നിന്റെ ദൈവത്തിനു് തോന്നുന്നുണ്ടെങ്കിൽ, ആ ജോലി ചെയ്യേണ്ടതു് അങ്ങേരല്ലേ? അതിനു് നീയെന്തിനു് എന്റെ പിന്നാലെ നടന്നു് വായിട്ടലയ്ക്കണം? അതോ നീതന്നെയാണോ നിന്റെ ദൈവം? ഒരുതരം “അഹം ബ്രഹ്മാസ്മി”? പരസ്പരവൈരുദ്ധ്യങ്ങളെ അഹംഭാവവുമായി കൂട്ടിക്കലർത്തി മനുഷ്യരൂപത്തിൽ വാർത്തെടുക്കുന്നതാണു് ഒരു ദൈവവിശ്വാസി എന്നതിനാൽ അതിനുവേണ്ട എല്ലാ യോഗ്യതകളും നിനക്കുണ്ടു്.

മനുഷ്യൻ മറ്റു് ദൈവങ്ങളെ ആരാധിക്കരുതെന്നു് കൽപിക്കുന്ന ഒരു ദൈവം അവർക്കു് തന്നെവിട്ടു് പോകാൻ തോന്നിക്കുന്ന വിധം തന്നെക്കാൾ ശക്തനായ ഒരു ദൈവമെങ്കിലും ഉണ്ടെന്നു് അംഗീകരിക്കുകയാണു് ചെയ്യുന്നതു്. അതായതു്, മറ്റു് ദൈവങ്ങളെ മാത്രമല്ല, മനുഷ്യരെപ്പോലും ഭയപ്പെടുന്ന ഒരു പേടിത്തൊണ്ടൻ മാത്രമാണു് ആ ദൈവം. മറ്റു് ദൈവങ്ങളെക്കാൾ താൻ യോഗ്യനാണെന്നു് വരുത്താൻ മനുഷ്യർക്കു് കൽപന നൽകുകയല്ല, ആ ദൈവങ്ങളെ നേരിടുകയാണു് അന്തസ്സുള്ള ഒരു ദൈവം ചെയ്യേണ്ടതു്. തനിക്കൊപ്പം യോഗ്യതയില്ലാത്ത ദൈവങ്ങളെ അവഗണിക്കുന്നതിൽ ഒരു സർവ്വശക്തനു് എന്തു് പ്രശ്നം? സർവ്വശക്തനായ ഒരു ദൈവത്തിലും ശക്തനായ മറ്റൊരു ദൈവം ഉണ്ടാവുന്നതെങ്ങനെ? മറ്റേതെങ്കിലും ഒരു ദൈവം താനാണു് കൂടുതൽ ശക്തിമാൻ എന്നു് അവകാശപ്പെട്ടാൽ അവനെ നേരിടുന്നതിനു് പകരം “അയ്യോ ആരും അങ്ങോട്ടു് പോകല്ലേ, അവനെ ആരാധിക്കല്ലേ” എന്നു് വിലപിക്കുകയല്ല ഒരു സർവ്വശക്തൻ ചെയ്യേണ്ടതു്. ഇതിന്റെയെല്ലാം പിന്നിൽ യഥാർത്ഥത്തിൽ ഒരു ദൈവമായിരുന്നെങ്കിൽ മാറിമാറി കൽപനകളിറക്കുക, കഥയും നോവലുമെഴുതുക മുതലായ നാണംകെട്ട പണികൾക്കു് അവൻ പോകുമായിരുന്നില്ല. ദൈവനാമത്തിൽ മനുഷ്യർ എഴുതിയുണ്ടാക്കുന്ന കഥാപ്രസംഗങ്ങൾ എത്ര തിരുത്തിയാലും പുതുക്കിയാലും പണിതിട്ടും പണിതിട്ടും പണി തീരാത്ത വീടുപോലെ അപൂർണ്ണമായി അവശേഷിക്കും. കാലാന്തരത്തിൽ ബൗദ്ധികലോകം അതിനെ ഒരു ഭാർഗ്ഗവീനിലയമായി എഴുതിത്തള്ളിയാലും കുറെ “നിത്യ ഇന്നലെകൾ” അതിനെ കെട്ടിപ്പിടിച്ചു് അതിലെ കെട്ടുകഥകൾ ദൈവവചനങ്ങൾ ആയാലെന്നപോലെ പ്രസംഗിച്ചുകൊണ്ടിരിക്കും. അണഞ്ഞതും കരിന്തിരി കത്തുന്നതുമായ ഏറെ കൽവിളക്കുകൾ അത്തരം ദൈവങ്ങളുടെയും ദൈവവചനങ്ങളുടെയും കഥകൾ വിളിച്ചോതുന്ന മൂകസാക്ഷികളായി ലോകചരിത്രത്തിൽ നിലകൊള്ളുന്നുണ്ടു്.

“എനിക്കറിയാത്ത കാര്യങ്ങൾ എന്നെ അലട്ടുന്നില്ല” എന്നൊരു ചൊല്ലുണ്ടു്. എനിക്കു് ഒരു ചുക്കും അറിയില്ലെങ്കിൽ എന്നെ ഒരു ചുക്കും അലട്ടുന്നില്ല എന്നും വേണമെങ്കിൽ അതിനെ വായിക്കാം. അതുപോലെ, ഒരു മാങ്ങാത്തൊലിയും അറിയില്ലെങ്കിലും എല്ലാം അറിയുന്നവൻ എന്നു് ഭാവിക്കാൻ ഏറ്റവും പറ്റിയ സൂത്രമാണു് ദൈവം. ആ സൂത്രത്തെ, അതായതു് ദൈവത്തെ, കൈവശമാക്കിയവരാണു് സുവിശേഷഘോഷണം നടത്തുന്ന ഉപദേശി, പാസ്റ്റർ മുതലായ അന്യഗ്രഹജീവികൾ. മനുഷ്യരെപ്പോലെതന്നെ രണ്ടുകാലിൽ നടക്കുന്നവരും കൈകൊണ്ടു് വാരിത്തിന്നുന്നവരുമാണു് അവരുമെങ്കിലും, നാലാളു് കൂടിനിൽക്കുന്നതു് കണ്ടാൽ പരിശുദ്ധാത്മാവു് ബാധിച്ചവരെപ്പോലെ അവർക്കോ കേൾക്കുന്നവർക്കോ മനസ്സിലാവാത്ത മറുഭാഷ സംസാരിച്ചില്ലെങ്കിൽ ഇരിക്കപ്പൊറുതിയില്ലാത്ത ഒരുതരം വിചിത്ര ജീവികൾ. ആവേശം മൂത്താൽ സ്റ്റേജിൽ കൊഞ്ചു് തെറിക്കുന്നതുപോലെ തെറിച്ചും കുതിച്ചും കൊണ്ടാവും അവരുടെ ഈ മറുഭാഷാവതരണം. ഒരു മൾട്ടിടാസ്കിംഗ്‌ വിദഗ്ദ്ധനായ അവരുടെ ദൈവം നക്ഷത്രങ്ങളെയും ഗ്യാലക്സികളെയുമൊക്കെ ശൂന്യാകാശത്തിലൂടെ യാതൊരു ട്രാഫിക്‌ ജാമോ കൂട്ടിയിടിയോ ഉണ്ടാവാത്തവിധം ഓടിച്ചുകൊണ്ടിരിക്കുന്നതു് എത്ര അതിശയകരമാണെന്നു് കേൾവിക്കാരെ ബോദ്ധ്യപ്പെടുത്തുന്ന അവരുടെ വാചകമടിവീഡിയോകൾ കണ്ടിട്ടുള്ളവർക്കു് ഇപ്പറഞ്ഞ കാര്യത്തിൽ സംശയമുണ്ടാവാൻ വഴിയില്ല.

വിവരദോഷവും വക്രബുദ്ധിയും ഇണചേരുമ്പോൾ പിറക്കുന്ന വിടുവായത്തമാണു് മതതത്വ”ശാസ്ത്രം”. നിനക്കു് വേണ്ടതെല്ലാം നിന്റെ വേദഗ്രന്ഥത്തിലുണ്ടു് എന്നാണവർ പഠിപ്പിക്കുന്നതു്. അതത്ര തെറ്റായ ഒരു കാര്യമല്ലെന്നു് പറയേണ്ടിയിരിക്കുന്നു. കാരണം, ഒരു പൊത്തകവും വായിക്കാത്ത പോത്തുകളും തിന്നുക, തൂറുക, കുഞ്ഞുങ്ങളെ ജനിപ്പിക്കുക, ചാവുക മുതലായ കർമ്മങ്ങൾ ചെയ്യുന്നുണ്ടു്. ചില സന്ദർഭങ്ങളിൽ കവിത ചൊല്ലാനും, ചാണകത്തിൽ കലാസൃഷ്ടികൾ നടത്താനുമുള്ള സർഗ്ഗാത്മകതപോലും പോത്തുകളിൽ വീക്ഷിക്കാൻ കഴിയും. വേദങ്ങളും ഉപനിഷത്തുക്കളുമൊന്നും വായിക്കാഞ്ഞിട്ടും ആത്മീയമായ കാര്യങ്ങളിലും പോത്തുകൾ മനുഷ്യരേക്കാൾ ഒട്ടും പിന്നിലല്ല. ഒരു ഭഗവദ്‌ഗീതാപണ്ഡിതന്റെ അഭിപ്രായത്തിൽ, “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്ന ആദ്യത്തെ ഒറ്റ വരിയിൽത്തന്നെ ആ ഗ്രന്ഥത്തിലെ മുഴുവൻ സന്ദേശവും നൽകിയിട്ടുള്ള ലോകത്തിലെ ഒരേയൊരു ഗ്രന്ഥമാണു് ഭഗവദ്‌ഗീത. ആ സന്ദേശം എന്തെന്നും അദ്ദേഹം തന്നെ പറയുന്നുണ്ടു്. പക്ഷേ, ആ സന്ദേശത്തിൽ എത്താനായി “രണ്ടും നാലും വാക്കുകൾ ഇടത്തോട്ടിട്ടിട്ടു് മൂന്നും ഒന്നും വാക്കുകൾ ഒന്നു് തിരിച്ചിട്ടുകൊണ്ടു്” ആ ഒന്നാംവരിയെ ബലാൽക്കാരേണതന്നെ അംഗഭംഗപ്പെടുത്താനും അദ്ദേഹം മടിക്കുന്നില്ല. സത്യാന്വേഷികളായ മനുഷ്യർ സത്യത്തിൽ എത്തിച്ചേരാൻ എന്തെന്തു് ത്യാഗങ്ങളും കുറുക്കുവഴികളും സ്വീകരിക്കുകയില്ല? അതുപോലൊരു ചെറിയ ഗിമിക്ക്‌. അതുവഴി “ക്ഷേത്രേ ക്ഷേത്രേ കുരു ധർമ്മം” എന്ന ഹൈബ്രിഡിൽ എത്തിച്ചേരുന്ന അദ്ദേഹം ആ സന്ദേശം നമ്മോടു് അരുളിച്ചെയ്യുന്നു: “അവനവന്റെ കർമ്മമണ്ഡലത്തിൽ അവനവന്റേതായ ധർമ്മം അനുഷ്ഠിക്കുക.” അതുതന്നെയല്ലേ പോത്തുകളും ചെയ്യുന്നതു്? പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ ഇടപാടിൽ കർമ്മം ചെയ്യാത്തതിന്റേയോ, ധർമ്മം അനുഷ്ഠിക്കാത്തതിന്റെയോ പേരിൽ ഒരു പെറ്റിക്കേസുപോലും പോത്തിനെ പ്രതിയാക്കി ഇതുവരെ കാലൻ ഫയൽ ചെയ്തിട്ടില്ല എന്നും നമ്മൾ നന്ദിപൂർവ്വം സ്മരിക്കുക.

 
3 Comments

Posted by on Jan 2, 2012 in പലവക

 

Tags: , ,