RSS

Daily Archives: Sep 8, 2007

ദൈവങ്ങള്‍, അര്‍ദ്ധദൈവങ്ങള്‍ – 8

അപ്രതീക്ഷിതമായി സംഭവിക്കാവുന്ന മരണവും, രോഗങ്ങളും, മറ്റു് അത്യാഹിതങ്ങളും, സ്വന്തപരിശ്രമങ്ങള്‍ ഫലവത്താവുമോ എന്നതിലെ അനിശ്ചിതത്വവുമൊന്നുമില്ലെങ്കില്‍ മനുഷ്യനു് ഒരു ദൈവത്തിന്റെ ആവശ്യമെന്തു്? ഇഹലോകജീവിതത്തില്‍ ആഗ്രഹമുണ്ടായിരുന്നിട്ടും നേടാന്‍ കഴിയാതെപോയ കാര്യങ്ങളുടെ സഫലീകരണദാഹവും, നേടാന്‍ കഴിഞ്ഞ സൗഭാഗ്യങ്ങള്‍ നിറം മങ്ങാതെ നിത്യമായി നിലനിന്നുകാണാനുള്ള നിതാന്തമോഹവും, പ്രതികാരം ചെയ്യാന്‍ സ്വയം അശക്തരായവര്‍ സമൂഹത്തില്‍ പൊതുവേ അനുഭവിക്കേണ്ടിവരുന്ന അനീതിയും, പീഡനവും ഒന്നുമില്ലായിരുന്നെങ്കില്‍ മരണാനന്തരം മനുഷ്യരെ അവരുടെ പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലവുമായി കാത്തിരിക്കുന്ന സ്വര്‍ഗ്ഗവും നരകവും അവയിലെ മാലാഖമാരും പിശാചുക്കളുമെല്ലാം എന്തിനുവേണ്ടി? മാലാഖമാര്‍ യുവത്വത്തിന്റെ തുടിപ്പും സൗന്ദര്യവും ആകര്‍ഷണീയതയും നിറഞ്ഞുകവിയുന്നവരായി വര്‍ണ്ണിക്കപ്പെടുമ്പോള്‍, പിശാചുക്കള്‍ വാലും കൊമ്പുമുള്ള ഭയാനകരൂപികളായി വികൃതവല്‍ക്കരിക്കപ്പെടുന്നതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്നതു് ലൗകികമായ മാനദണ്ഡങ്ങളും മനുഷ്യരുടെ സങ്കല്‍പങ്ങളും പ്രതീക്ഷകളുമൊക്കെയല്ലാതെ മറ്റെന്താണു്? തീവ്രമായ മതപരനിലപാടുകളുടെ പേരില്‍ കൊല്ലാനും മരിക്കാനും തയ്യാറാവുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്കു് ലഭിക്കാനിരിക്കുന്ന ദൈവീകപ്രതിഫലത്തില്‍ ഉറച്ചുവിശ്വസിക്കുന്നവരാണു്. സഹജീവികളെ കൊല്ലുന്നവന്‍ തന്റെ പ്രവൃത്തിയില്‍ ദൈവം അവനെ “നേരിട്ടു് ഭരമേല്‍പ്പിച്ചിരിക്കുന്ന” ഒരു ചുമതലയുടെ നീതിയുക്തമായ പൂര്‍ത്തീകരണം ദര്‍ശിക്കുന്നു. ഇനി, ഈ കടമനിര്‍വഹണത്തില്‍ മരിക്കേണ്ടിവന്നാല്‍, അതുവഴി തികച്ചും വിശുദ്ധമായ ഒരു ലക്‍ഷ്യം നേടുന്നതിനുള്ള പാതയിലെ മറ്റൊരു രക്തസാക്ഷിയായിമാറി താന്‍ ദൈവേഷ്ടം നിറവേറ്റുകയാണെന്നു് അവന്‍ കൃതാര്‍ത്ഥതയോടെ വിശ്വസിക്കുന്നു. മതവിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിയാവുമ്പോള്‍ തന്റെ ആത്മാവിനെ യുവകന്യകമാരുടെ സംഘം ആര്‍ഭാടപൂര്‍വ്വം ആനയിച്ചു് ദൈവസന്നിധിയില്‍ എത്തിക്കുമെന്ന പ്രതീക്ഷ അവനു് പ്രചോദനം നല്‍കുന്നു. എന്തുകൊണ്ടു് “യുവകന്യകമാര്‍ “? പല്ലുകൊഴിഞ്ഞു്, കവിളൊട്ടി, തൊലി ചുളിഞ്ഞു്, മുടികൊഴിഞ്ഞു്, മുതുകുവളഞ്ഞ “മുതുക്കികളെ” എന്തുകൊണ്ടു് രക്തസാക്ഷികളെ ദൈവസന്നിധിയിലേക്കു് ആനയിക്കേണ്ട ജോലി ഏല്‍പ്പിക്കുന്നില്ല? ലോകാരംഭത്തിനു് മുന്‍പേ “സ്വയം ജനിച്ച” ദൈവവും അത്ര പ്രായം കുറഞ്ഞവനായിരിക്കുകയില്ല എന്നിരിക്കെ, വൃദ്ധകളുടെയും, വൃദ്ധന്മാരുടെയും പക്വതയും, അനുഭവസമ്പത്തും വിലമതിക്കുന്നതില്‍, ഉപയോഗപ്പെടുത്തുന്നതില്‍ എന്തു് തെറ്റു്?

വളര്‍ച്ച പ്രാപിച്ച സ്വതന്ത്രചിന്തയുടെ വെളിച്ചത്തില്‍ വിവേകശൂന്യമെന്നു് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന പ്രവൃത്തികള്‍ വരെ വിശ്വാസതീവ്രതമൂലം വീണ്ടുവിചാരമില്ലാതെ ചെയ്യാന്‍ അധികപങ്കും പ്രായപൂര്‍ത്തിപോലുമായിട്ടില്ലാത്തവര്‍ ഒരുങ്ങുമ്പോള്‍, അവയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളുടെ അളവുകോലുകള്‍ പ്രലോഭകമായ ലൗകികതയാണെന്നതില്‍നിന്നും അവയില്‍ അഭൗമികതയും ദൈവികതയും ദര്‍ശിക്കുന്നതിലെ അര്‍ത്ഥശൂന്യത തിരിച്ചറിയാന്‍ കഴിയേണ്ടതല്ലേ? ആദര്‍ശപരമായ കാര്യങ്ങളെ അന്ധമായി പിന്‍തുടരാനുള്ള യുവത്വത്തിന്റെ സ്വാഭാവികചായ്‌വുമൂലം, അദൃശ്യരായി എവിടെയോ ഇരുന്നു് ചിരിച്ചുകൊണ്ടു ചരടു് വലിക്കുന്നവര്‍ സ്വന്തം ലക്‍ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ ഉപകരണങ്ങളാക്കുമ്പോള്‍ അതു് മനസ്സിലാക്കാന്‍ അവര്‍ക്കു് കഴിയുന്നില്ല. അവരില്‍ അധികപങ്കും മസ്തിഷ്കപ്രക്ഷാളനം സംഭവിച്ചുകഴിഞ്ഞവരായിരിക്കുംതാനും!

തലമുറകളിലൂടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു് രൂപത്തിനും ഭാവത്തിനും തേയ്മാനം സംഭവിച്ച ഏതാനും ശീലുകള്‍ മൈനകളേപ്പോലെ ഏറ്റുപാടുന്നതുവഴി തന്നെത്താന്‍ brain-wash ചെയ്യുന്ന പാവം മനുഷ്യര്‍! ഒരു പ്രാര്‍ത്ഥന നാല്‍പതും അന്‍പതും പ്രാവശ്യം ആവര്‍ത്തിക്കുമ്പോഴും അതില്‍ അസാധാരണമായി ഒന്നും തോന്നാത്ത അവസ്ഥയിലെത്തിയവര്‍! “ദൈവമേ, നീ പരിശുദ്ധനാകുന്നു” എന്ന പ്രാര്‍ത്ഥനാശകലത്തിന്റെ അര്‍ത്ഥം നമുക്കറിയാം. ദൈവത്തോടുള്ള നന്ദിയും ബഹുമാനവും സൂചിപ്പിക്കുവാന്‍ ഈ വാചകം ഉപയോഗപ്പെടുത്തുന്നതും മനസ്സിലാക്കാം. പക്ഷേ അതു് വീണ്ടും വീണ്ടും നൂറുപ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടാലോ? “സുഹൃത്തേ, നീ നല്ലവനാണു്” എന്നൊരു നല്ല മനുഷ്യന്‍ നമ്മോടു് പറഞ്ഞാല്‍ നമ്മള്‍ അതില്‍ സന്തോഷിക്കും. നമ്മുടെ സന്തോഷം ന്യായമായും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം ആ മനുഷ്യന്‍ അതേ വാചകം ഇരുന്ന ഇരുപ്പില്‍ ഇരുപത്തഞ്ചുപ്രാവശ്യം നമ്മുടെ ചെവിയില്‍ ഉരുവിടാന്‍ തുടങ്ങിയാല്‍ അയാളെ നമ്മള്‍ സ്നേഹപൂര്‍വ്വം അടുത്ത മാനസികരോഗാശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കും. കാരണം, അയാളുടെ ഈ പ്രവൃത്തി നമ്മുടെ ദൃഷ്ടിയില്‍ ഒരു abnormality ആണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാര്‍ത്ഥനകളും മന്ത്രങ്ങളുമൊക്കെ കൊന്തയുടെയോ ജപമാലയുടെയോ സഹായത്തോടെ ഇടവിടാതെ ആവര്‍ത്തിക്കുന്ന ഒരു ഭക്തന്‍ ഒരു അസാധാരണത്വവും നമ്മില്‍ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാന്‍ ശ്രമിച്ചാല്‍, ദൈവം ഒന്നുകില്‍ ചെവിയില്ലാത്തവനോ, അല്ലെങ്കില്‍ കേള്‍ക്കുന്നതു് മനസ്സിലാക്കാന്‍ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാല്‍ അതില്‍ അത്ഭുതമെന്തു്? തങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍ സ്വന്തദൈവത്തെ ഇതുപോലെ കുരങ്ങുകളിപ്പിക്കുവാന്‍ വിശ്വാസികള്‍ തയ്യാറാവുമായിരുന്നോ? പറയുന്ന കാര്യങ്ങള്‍ നൂറുവട്ടം ആവര്‍ത്തിച്ചാലും മനസ്സിലാവാത്തവര്‍ നമ്മുടെ അഭിപ്രായത്തില്‍ വിഡ്ഢികളാണു്. അവര്‍ക്കു് തുല്യനാവണമോ ദൈവം? സാധാരണ ജീവിതത്തില്‍ abnormal ആയ കാര്യങ്ങള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തികച്ചും normal ആയി പരിഗണിക്കപ്പെടുന്നു. ഗണിതശാസ്ത്രപരമായി രണ്ടു് എന്ന അക്കത്തിന്റെ വര്‍ഗ്ഗമൂലം യുക്തിഹീനമാണു്. (square root of two is irrational) വിശ്വാസവും ഏതാണ്ടു് അതുപോലെതന്നെയാണു്. യുക്തിയുടെ (reason) വെളിച്ചത്തില്‍ അതിനു് അടിസ്ഥാനമൊന്നുമില്ല. യുക്തിഹീനതയുടെ ഏതോ സാങ്കല്‍പികതലങ്ങളില്‍ ദൈവങ്ങളും, മതങ്ങളും, മനുഷ്യരുടെ വിശ്വാസവും പരസ്പരപൂരകങ്ങളായി, പരസ്പരം നീതീകരിച്ചുകൊണ്ടു് നിലകൊള്ളുന്നു. സ്വന്തം വിശ്വാസത്തിലെ യുക്തിപൂര്‍വ്വതയല്ല മനുഷ്യര്‍ മതങ്ങളെ അനുഗമിക്കുന്നതിന്റെ പിന്നിലെ പ്രേരകശക്തി. മതവിശ്വാസത്തിനു് അടിമയാവുമ്പോഴുണ്ടാവുന്ന ഒരുതരം മോഹനിദ്രയുടെ അവസ്ഥയില്‍ സ്വയം മറന്നു് സ്വപ്നാടനം ചെയ്യുന്നവരാണു് ഭൂരിപക്ഷം വിശ്വാസികളും. ഏതാനും പ്രാര്‍ത്ഥനാശീലുകളുടെ നിരന്തരമായ ആവര്‍ത്തനം വഴി സ്വയം ഹിപ്നോടൈസ്‌ ചെയ്യുന്ന വിശ്വാസി തന്റെ സുഷുപ്താവസ്ഥയ്ക്കു് ശാശ്വതമായ സ്ഥിരീകരണം നല്‍കുന്നു. സ്വന്തം മതങ്ങളുടെ വേലിക്കെട്ടിനുള്ളിലെ സ്വാതന്ത്ര്യമല്ലാതെ, അതിനു് ബാഹ്യമായ ഒരു സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവസരം അവര്‍ക്കു ലഭിക്കുന്നില്ല. തന്മൂലം അതിനുള്ള ആഗ്രഹം അവരില്‍ ഉദിക്കുന്നുമില്ല. ജയിലിന്റെ മതിലിനെപ്പറ്റി ബോധവാന്മാരല്ലാത്തവര്‍ ജയിലിനുള്ളിലും സ്വതന്ത്രരായിരിക്കുമല്ലോ!

മനുഷ്യരെ ഭയപ്പെടുത്താന്‍ മതങ്ങള്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളില്‍ മരണം വളരെ പ്രധാനപ്പെട്ട ഒരു പങ്കു് വഹിക്കുന്നുണ്ടു്‌. പക്ഷേ, ഭയപ്പെടേണ്ട ഒന്നാണോ മരണം? ഭയപ്പെട്ടതുകൊണ്ടു് മരണം ഒഴിവാവുമോ? ബോധപൂര്‍വ്വം ജീവിക്കുകയും, പ്രായോഗികതയുടെ തലങ്ങളില്‍ സാദ്ധ്യവും, ലഭ്യവുമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടു് അകാലചരമം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതല്ലാതെ, ഭയപ്പെട്ടതുകൊണ്ടോ, നേര്‍ച്ചയിട്ടതുകൊണ്ടോ മരണത്തെ എന്നേക്കുമായി മാറ്റിനിര്‍ത്താന്‍ ഒട്ടു് കഴിയുകയുമില്ല. മരണഭയംകൊണ്ടു് മതങ്ങള്‍ക്കേ എന്തെങ്കിലും പ്രയോജനമുള്ളു. വിശ്വാസികളും അവിശ്വാസികളുമായ അനേകകോടി മനുഷ്യരും മൃഗങ്ങളും ഇതിനോടകം ചത്തു. ഇനിയും ചാവും. അവരൊക്കെ ചത്തെങ്കില്‍, ചാവുമെങ്കില്‍ നമ്മളും എന്നെങ്കിലും തീര്‍ച്ചയായും ചാവും, സംശയിക്കേണ്ട. മരണത്തിനുവേണ്ടി കാത്തിരിക്കേണ്ട. മരണം തനിയേ വന്നുകൊള്ളും. മനുഷ്യന്‍ പൊരുതേണ്ടതു് ജീവിതവുമായാണു്, മരണവുമായല്ല. ജീവിതമാണു് ശത്രു, മരണമല്ല!

പ്രകൃതിസഹജമായ മരണം ഭയപ്പെടേണ്ട ഒന്നായിത്തീരുന്നതിന്റെ പലകാരണങ്ങളില്‍ പ്രധാനമായ ഒന്നു്, മതങ്ങള്‍ മരണാനന്തരജീവിതത്തെ മനുഷ്യര്‍ ഇഹലോകജീവിതത്തില്‍ ചെയ്ത പ്രവൃത്തികളുമായി ബന്ധപ്പെടുത്തുന്നു എന്നതാണു്. അതേസമയം, കര്‍മ്മഫലാധിഷ്ഠിതമായ ഒരു മരണാനന്തരജീവിതം ഉണ്ടെങ്കില്‍തന്നെ, വീണ്ടുമൊരിക്കലും ഒരു പുനര്‍ജ്ജന്മം അവര്‍ക്കുണ്ടാവാത്തവിധത്തില്‍ നരകത്തിന്റെ ഏറ്റവും അടിയിലെത്തുന്നവര്‍ പുരോഹിതന്മാരായിരിക്കും! ദൈവം സൃഷ്ടിച്ച മനുഷ്യരെ ജന്മത്തിന്റെ പേരില്‍ ജാതിയും മതവും തിരിക്കുന്നവര്‍, അവരെ സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും വേര്‍പെടുത്തുന്നവര്‍ ചെയ്യുന്നതില്‍ കവിഞ്ഞ ഒരു നികൃഷ്ടകര്‍മ്മം ദൈവത്തോടു് ചെയ്യാനാവുമെന്നു് തോന്നുന്നില്ല. ദൈവത്തോടു് ചെയ്യുന്ന നികൃഷ്ടകര്‍മ്മങ്ങളുടെ ഫലം മോചനമില്ലാത്ത നിത്യനരകമേ ആവൂ! മനുഷ്യന്‍ ജനിക്കുന്നതു് ദുഷ്കര്‍മ്മിയായിട്ടല്ല. അവന്റെ സമൂഹം, അവന്റെ ചുറ്റുപാടുകള്‍ അവനെ ദുഷ്കര്‍മ്മങ്ങളിലേക്കു് തള്ളിവിടുകയാണു് ചെയ്യുന്നതു്. മനുഷ്യന്‍ ദുഷ്കര്‍മ്മം ചെയ്യുന്നതിന്റെ പ്രധാന ഉത്തരവാദി അവന്റെ സമൂഹം തന്നെയാണു്. മറ്റൊരുവന്‍ തെറ്റുകാരനാവുന്നതിന്റെ ഉത്തരവാദിത്തം നമുക്കു് ഓരോരുത്തര്‍ക്കുമാണു്. മനുഷ്യാത്മാവിനു് എന്തെങ്കിലും ദൈവികത അവകാശപ്പെടാന്‍ കഴിയുമെങ്കില്‍, അങ്ങനെയൊരു ആത്മാവിനെ കര്‍മ്മത്തിന്റെ പേരില്‍ ഒരു മൃഗശരീരത്തില്‍ പുനര്‍ഭവിക്കാന്‍ ഒരു ദൈവവും അനുവദിക്കുകയില്ല. മനുഷ്യര്‍ തിന്മ ചെയ്യുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും ദൈവത്തിനോ, സമൂഹത്തിനോ പൂര്‍ണ്ണമായി കൈകഴുകി ഒഴിവാവാന്‍ സാദ്ധ്യമല്ല എന്നതിനാല്‍, ദൈവികമോ മാനുഷികമോ ആയ എന്തെങ്കിലുമൊരു നീതി അതില്‍ ദര്‍ശിക്കാനുമാവില്ല. തിന്മയെ നിരുപാധികം നിരോധിക്കാന്‍ കഴിയുന്നവര്‍ തിന്മ ചെയ്യുന്നവരെ ശിക്ഷിക്കുന്നതു് കാപട്യവും അധര്‍മ്മവുമാണു്.

“മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിട്ടുകൊള്ളും” (ലൂക്കോസ്‌ 7: 59, 60) എന്നു് യേശു പറഞ്ഞതു് മരണത്തെ അപ്രധാനമാക്കാനായാല്‍ മാത്രമേ അതിനു് താത്വികമായ എന്തെങ്കിലും വില കല്‍പിക്കാനാവൂ. അല്ലാതെ, മൃതിയടഞ്ഞ പിതാവിനെ മരിച്ചവര്‍ വരുന്നതും കാത്തു്, കിടന്നിടത്തു് കിടന്നു് ചീയാന്‍ അനുവദിക്കുക എന്ന അര്‍ത്ഥത്തില്‍ അതു് മനുഷ്യാധമത്വമേ ആവൂ. യേശു അങ്ങനെ പറഞ്ഞതുകൊണ്ടു് സാമാന്യബോധമുള്ള ഏതെങ്കിലും ക്രിസ്ത്യാനി മരണമടഞ്ഞ സ്വന്തം പിതാവിനെ സംസ്കരിക്കാതിരിക്കുമോ?

 

Tags: , ,