തങ്ങള്‍ അര്‍ഹിക്കുന്ന ഒരു ഭരണകൂടത്തെ മിക്കവാറും എല്ലാ ലോകസമൂഹങ്ങള്‍ക്കും ലഭിച്ചേക്കാമെങ്കിലും, അര്‍ഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഒരു ഭരണകൂടം ലഭിക്കുക എന്ന അസുലഭഭാഗ്യം വളരെ ചുരുക്കം രാജ്യങ്ങള്‍ക്കേ സിദ്ധിച്ചിട്ടുള്ളു. അതിലൊന്നാണു് ഭാരതം. അഭിമാനിക്കുക, ആനന്ദിക്കുക! ഭാരതത്തിലെ പരമോന്നത പദവികളില്‍ പലതും അലങ്കരിക്കാന്‍ മനുഷ്യജീവികള്‍ വേണമെന്നു് വലിയ നിര്‍ബന്ധമൊന്നും ഇല്ല. വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചും പരിഹരിക്കാവുന്ന ഒരു കാര്യമാണതു്. വിഗ്രഹങ്ങള്‍ പഞ്ചലോഹങ്ങളില്‍ പണിതീര്‍ത്തിട്ടുള്ളവയാണെങ്കില്‍ കാണാന്‍ നല്ല ഗമയുണ്ടാവും. അവയങ്ങനെ വാണരുളുന്നതു് കാണുന്ന മറ്റു് സമൂഹങ്ങള്‍ക്കു് അവയോടും, അവയുടെ ഭരണത്തിന്‍ കീഴിലുള്ള ജനങ്ങളോടും ബഹുമാനവും ഭയവുമൊക്കെ തോന്നാന്‍ അതു് സഹായകമാവുകയും ചെയ്യും. ലോകം അത്രയും പുരോഗമിച്ചിട്ടില്ലാത്തതിനാലായിരിക്കണം ഇപ്പോള്‍ ലോകത്തിലുള്ള അധികാരസ്ഥാനങ്ങളിലെ സിംഹാസനങ്ങളില്‍ വാണരുളുന്നവര്‍ മിക്കവരും തന്നെ മനുഷ്യരാണു്. മനുഷ്യര്‍ ചിരഞ്ജീവികള്‍ അല്ലാത്തതിനാല്‍, വല്ലപ്പോഴുമെങ്കിലും സിംഹാസനയോഗ്യതയുള്ള പുതിയ ആസനങ്ങളെ കണ്ടെത്താതെ നിവൃത്തിയില്ല. വടക്കന്‍ കൊറിയയില്‍ പോലും ഭരണസാരഥ്യം വഹിക്കുന്നവര്‍ മരിക്കാതിരിക്കുന്നില്ല. ഇതു് കേള്‍ക്കുമ്പോള്‍ അതു് സാദ്ധ്യമോ എന്നൊരു സംശയം ആര്‍ക്കും തോന്നിയേക്കാമെങ്കിലും അതൊരു സത്യമാണു്.
അത്ഭുതമെന്നേ പറയേണ്ടൂ, ഇപ്പോഴത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ പ്രായവും കുറയുകയല്ല, ഒരു സെക്കന്‍ഡില്‍ ഒരു സെക്കന്‍ഡ് എന്ന നിരക്കില്‍ കൂടിക്കൊണ്ടിരിക്കുകയാണു്. താമസിയാതെ ഭാരതത്തിനു് ഒരു നവപ്രധാനമന്ത്രിയെ വേണ്ടിവരുമെന്നു് സാരം. ഉജ്ജ്വലസാരഥികളായ അമൃതാനന്ദജി മയില്‍ജി അമ്മജി, യെന്തരു്‌ജി ഊരു്‌ജി അപ്പജി മുതലായ ചില പേരുകള്‍ ആ സ്ഥാനത്തേക്കു് നിര്‍ദ്ദേശിക്കപ്പെട്ടു് കാണുന്നുണ്ടെങ്കിലും അവരൊന്നും രാഹുല്‍ജി, ഹസാരെജി തുടങ്ങിയവരോളം യോഗ്യതയുള്ളവരായി എനിക്കു് തോന്നുന്നില്ല. ഇതില്‍ എന്റെ ഇഷ്ടതാരം രാഹുല്‍ജിയാണു്. രാഹുല്‍ജി ഗാന്ധിജിക്കു് എന്താണൊരു കുഴപ്പം? ഭാരതത്തിലെ ഏതു് ഉന്നതപദവിയും അലങ്കരിക്കുന്നതിനുള്ള എല്ലാ യോഗ്യതയും ഉള്ളവനാണു് അദ്ദേഹം. ഗൗരവതരമായ കാര്യങ്ങളൊക്കെ പറയാനായി വായ് തുറന്നാല്‍ അല്പം വിടക്കു് മണക്കുന്ന തമാശകളേ വെളിയില്‍ വരൂ എന്നതു് ശരിയാണെങ്കിലും, കേരളത്തിലെ ചില രാഷ്ട്രീയ-മത-സാംസ്കാരിക നേതാക്കള്‍ വായ് തുറന്നു് വിസര്‍ജ്ജിക്കുന്നത്ര കൊടിയ വിഷം തുപ്പാന്‍ കഴിയണമെങ്കില്‍ രാഹുല്‍ജി ഇനിയും മൈലുകളും ഫര്‍ലോങ്ങുകളും സഞ്ചരിക്കേണ്ടതുണ്ടു്, കണ്ടമാനം പരിശീലിക്കേണ്ടതുണ്ടു്. പക്ഷേ, അദ്ദേഹം നയിക്കേണ്ടതു് വെറുമൊരു സംസ്ഥാനത്തെയല്ല, മൊത്തം ഭാരതത്തെ ആണെന്നതിനാല്‍ ഇതൊരു പരിമിതിയായി കാണേണ്ടതില്ലെന്നാണെന്റെ പക്ഷം. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു തുള്ളി വിഷം ചേര്‍ക്കുന്നതുപോലെയല്ലല്ലോ ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലേക്കു് ഒരു തുള്ളി വിഷം ഒഴിക്കുന്നതു്. വിദ്വാന്‍ അല്ലാത്തതിനാല്‍ “മൗനം വിദ്വാനു് ഭൂഷണം” എന്ന മന്മോഹന്‍ജി തത്വത്തിന്റെ ആരാധകനാവേണ്ട കാര്യം രാഹുല്‍ജിക്കില്ല, ആയിട്ടു് പ്രയോജനവുമില്ല.
പിന്നെ കേള്‍ക്കാറുള്ള ഒരു പ്രധാന പരാതി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നുവരെ ഭാരതത്തില്‍ നിലവിലിരിക്കുന്നതു് നെഹ്രുകുടുംബത്തിന്റെ ആധിപത്യമാണെന്നും, അതിനൊരു അറുതി വരുത്തേണ്ടതു് അത്യാവശ്യമാണെന്നുമൊക്കെയാണു്. (ദൈവാനുഗ്രഹം മൂലം) അതുപോലൊരു മഹാഭാഗ്യം ലഭിച്ചാല്‍ സുബോധമുള്ള മനുഷ്യര്‍ ആരെങ്കിലും അങ്ങനെയല്ലാതെ പെരുമാറുമോ? കിട്ടുന്ന ഒരു അവസരവും പാഴാക്കാതെ, ആത്മപ്രശംസ, കുടുംബപ്രശംസ, ജാതിപ്രശംസ, മതപ്രശംസ മുതലായ കലാപരിപാടികള്‍ ആടിത്തിമിര്‍ക്കുന്ന ഭാരതീയനാണു് ഒരു രാജ്യത്തിന്റെ ഭരണം വീണുകിട്ടിയാല്‍ അതു് വല്ലവനേയും പിടിച്ചേല്പിക്കുന്നതു്! ഇനി ഏല്പിക്കാമെന്നു് വച്ചാലും ആരെ ഏല്പിക്കാന്‍? സായി ബാബ ജീവിച്ചിരുന്നപ്പോള്‍ ആര്‍ക്കും ആ ബുദ്ധി പോയില്ല. അല്ലെങ്കില്‍ ഭാരതത്തിലെ മുഴുവന്‍ പ്രശ്നങ്ങളുടെയും പരിഹാരം ശൂന്യാകാശത്തില്‍ നിന്നും ഭസ്മരൂപത്തിലോ, വായില്‍ നിന്നും ഇരുമ്പുണ്ടയുടെ രൂപത്തിലോ മറ്റോ അങ്ങേര്‍ നേരിട്ടു് ഇറക്കുമതി ചെയ്തു് തന്നേനെ. ഇനിയിപ്പോള്‍ ആകെ ഒരു ഓപ്ഷനേയുള്ളു: ഒന്നുകില്‍ രാഹുല്‍ജി അല്ലെങ്കില്‍ ഹസാരെജി. മോന്തായം കണ്ടാല്‍ വോട്ടു് കുത്താനോ അതോ ഒരു കുത്തു് കൊടുക്കാനോ തോന്നുന്നതു് എന്നതാണു് ഓപ്ഷന്‍. ഹീറോപ്രേമികളായ ഭാരതീയര്‍ക്കു് എളുപ്പം തീരുമാനിക്കാവുന്ന ഒരു കാര്യമാണതു്. ചൈനയും ജപ്പാനുമൊക്കെ ഭാരതത്തിലേക്കു് കയറ്റി അയക്കുന്ന പേനയ്ക്കും സ്കൂട്ടറിനുമൊക്കെ “ഹീറോ” എന്നു് പേരിടുന്നതു് ഒന്നും കാണാതെയാണെന്നു് കരുതിയോ? കണ്ണുകള്‍ ഇത്തിരി ചെറുതാണെങ്കിലും അത്രകൂടി ഭയങ്കരമായ കാഴ്ചശേഷി ഉള്ളവരാണവര്‍. സില്‍മയിലെ ഒരു ഹീറോയില്‍ നിന്നും എന്തെല്ലാം ഗുണങ്ങളാണോ ഭാരതീയന്‍ പ്രതീക്ഷിക്കുന്നതു്, അതെല്ലാം ഒത്തിണങ്ങിയ ഒരു അതുല്യ പ്രതിഭാസമാണു് ശ്രീ രാഹുല്‍ജി എന്ന കാര്യത്തില്‍ ശത്രുക്കള്‍ക്കുപോലും എതിരഭിപ്രായം ഉണ്ടാവും എന്നു് തോന്നുന്നില്ല. യുവകോമളന്‍, കുലീനന്‍, തറവാടി, സവര്‍ണ്ണന്‍, വേണ്ടിവന്നാല്‍ നെറ്റിയില്‍ ചാന്തുപൊട്ടു് തൊടാന്‍ പോലും മടിക്കാത്ത സാക്ഷാല്‍ ഭാരതീയന്‍! ഇനി നിങ്ങള്‍ (സ്വന്തം) നെഞ്ചത്തു് കൈവച്ചു് (എന്ന്വച്ചാല്‍ നെഞ്ചത്തു് എവിടെയെങ്കിലും കൈവച്ചല്ല, നെഞ്ചിന്റെ ഒരല്പം ഇടത്തുവശത്തേക്കു് മാറി ചങ്കു് ഇരിക്കുന്ന ഭാഗത്തു് കൈവച്ചു്) പറയൂ: മലയാളം സില്‍മയില്‍ ഒരു മധുരപ്പതിനെട്ടുകാരി നായികയുടെ പുറകെ “മണിയാന്‍ചെട്ടിക്കു് മണിമിഠായി” എന്നോ, “കണ്ണാ പൊത്തീലേലെ, കാട്ടുകുറിഞ്ഞീലേലെ” എന്നോ മറ്റോ പാടുന്നപോലെ തോന്നത്തക്കവിധം ചുണ്ടനക്കിക്കൊണ്ടു് ആല്‍മരം ചുറ്റി ഓടേണ്ടതു് മമ്മൂട്ടിയോ അതോ മമ്മുക്കോയയോ? ആരാണു് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ആവേണ്ടതു്? രാഹുല്‍ജിയോ അതോ ഹസാരെജിയോ? നിങ്ങള്‍ ചുമ്മാ കണകുണാന്നു് ഓരോ വര്‍ത്തമാനം പറയരുതു്.
ദോഷം പറയരുതല്ലോ, കേരളാകാങ്കിരസിലും മുസല്‍മാന്‍ലീഗിലുമൊക്കെ എന്തിനും പോന്ന നേതാക്കളെ മലയാളക്കരയും വളര്‍ത്തിയെടുത്തിട്ടുണ്ടു്. മന്ത്രിയോ തന്ത്രിയോ എന്താണു് ആവേണ്ടതെന്നു് പറഞ്ഞേച്ചാല്‍ മതി. ബാക്കി കാര്യം അവര്‍ ഏറ്റെടുത്തുകൊള്ളും. പക്ഷേ, ഹിന്ദി പറയുകയും ചപ്പാത്തി തിന്നുകയും ചെയ്യുന്നവര്‍ കൈവച്ചാലേ ഡല്‍ഹിയില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ഭാരതഭരണയന്ത്രത്തിന്റെ സ്റ്റിയറിങ് തിരിയുകയുള്ളു എന്നതൊരു പ്രശ്നമാണു്. ചക്കക്കൂട്ടാന്‍ തിന്നു് ശീലമുള്ളതുകൊണ്ടു് ചപ്പാത്തിയുടെ കാര്യം ഇവരും ഒപ്പിച്ചേക്കും. അമ്പലങ്ങളില്‍ നിന്നു് കേള്‍ക്കുന്ന സംസ്കൃതശ്ലോകങ്ങളും, നസ്രാണിപ്പള്ളികളില്‍ നിന്നു് കേള്‍ക്കുന്ന സുറിയാനിശീലുകളും, സില്‍മാക്കൊട്ടകയില്‍ നിന്നും കേള്‍ക്കുന്ന ഹിന്ദിപ്പാട്ടുകളും, ജന്മനാ കേട്ടുപഠിച്ച തട്ടുതകര്‍പ്പന്‍ പൂരപ്പാട്ടുകളുമൊക്കെ കൂട്ടിച്ചേര്‍ത്തു് ഒരു അവിയല്‍ രൂപത്തില്‍ വച്ചുകീറിയാല്‍ ഭാഷയുടെ കാര്യവും ഒരുവിധം തട്ടിക്കൂട്ടാനായേക്കും. യഥാര്‍ത്ഥ പ്രശ്നം അതൊന്നുമല്ല: കയ്യെത്തുന്ന ദൂരത്തില്‍ സ്ത്രീ എന്നു് തോന്നിയേക്കാവുന്ന വല്ല രൂപവും നീങ്ങുന്നതു് കണ്ടാല്‍ സ്റ്റിയറിങ്ങില്‍ നിന്നും കൈവിട്ടു് ചങ്ങായിമാര്‍ അതിന്റെ പുറകെ പോകും. അതൊരുതരം ഇന്‍സ്റ്റിങ്ക്റ്റ് ആയതിനാല്‍ അത്ര എളുപ്പം ചികിത്സിച്ചു് ഭേദമാക്കാവുന്ന ഒരു രോഗവുമല്ല.
അതുകൊണ്ടു് എന്റെ മുദ്രാവാക്യം: “രാഹുല്‍ജി ഫോര്‍ പ്രൈംമിനിസ്റ്റര്‍, രാഹുല്‍ജി സിന്ദാബാദ്, ബാക്കിയെല്ലാം അഹമ്മദാബാദ്”!