RSS

Daily Archives: Oct 25, 2021

കെ-റെയിൽ വരുന്നേ മാളോരേ, കെ-റെയിൽ!!

അന്താരാഷ്ട്ര കംണിഷ്ട് പാർട്ടിയിൽ തനിക്കുള്ള ഉന്നതതലസ്വാധീനം ഉപയോഗിച്ചു് സഖാവു് വീണാ ജോർജ്ജ് നടത്തിയ ഭഗീരഥപ്രയത്നങ്ങൾ പൂവണിഞ്ഞതിന്റെ ഫലമായി ഇന്റർനാഷണൽ ലെവലിൽ ഓപ്പറേറ്റ് ചെയ്യുന്ന പത്തനംതിട്ട ബസ്‌സ്റ്റാൻഡിൽ കയറ്റിറക്കവും പോക്കുവരവും നടത്തുന്ന KSRTC-യുടെ പാട്ടവണ്ടികളായ ആനവണ്ടികളുടെ ഓപ്പറേറ്റേഴ്സും വെള്ളത്തിലാശാന്മാരുമായ ഏമാന്മാരെ, വേതനം നല്കി ജനം അവരെ ഭരമേല്പിച്ചിരിക്കുന്ന അവരുടെ ജോലി എന്തെന്നു് പഠിപ്പിക്കാനും നിലക്കുനിർത്താനും കഴിയാത്ത, ഞാറുനടാൻ പറ്റിയ കണ്ടങ്ങളുടെ അവസ്ഥയിലെത്തിയ ദൈവത്തിന്റെ സ്വന്തം കേരളത്തിലെ നമ്പർ വൺ തെരുവുകളിലൂടെ, ബൈബിളിലൂടെ അരൂപിയാം ഏകദൈവം യഹോവ മോശെവഴി നൽകിയ പത്തു് കല്പനകളിലെ മൂന്നാമത്തേതിനെ അനുകരിച്ചു് പറഞ്ഞാൽ, “മേലേ ആകാശത്തിലും, താഴെ ഭൂമിയിലും ഭൂമിയ്ക്കുകീഴെ വെള്ളത്തിലും” ഓടാനും ചാടാനും മുങ്ങാനും പൊങ്ങാനും കഴിവുള്ള “ലോ ഫ്ലോർ-ഹൈ ലെവൽ” വോൾവോ ബസുകൾ കമ്മീഷൻ അടിസ്ഥാനത്തിൽ വാങ്ങിക്കൂട്ടി, “ആദ്യസമാഗമവേളയിൽത്തന്നെ” ചന്ദനലേപത്തോടെ കട്ടപ്പുറത്തു് പ്രതിഷ്ഠിച്ചു് സാക്ഷാൽ മാക്രിസ്റ്റ് കമ്മ്യൂണിസ്റ്റുകളുടെ പൂമൂടൽ മോഡലിൽ “പുൽമൂടൽ” നടത്തി ആദരിക്കാനല്ലാതെ, വേണ്ടവിധം ഓടിക്കാനോ, സമയാസമയം ചെയ്യേണ്ടുന്ന മെയിന്റനൻസ് പ്രൊഫെഷണലായി ചെയ്യാനോ കഴിവില്ലാത്ത, ഇങ്ക്വിലാബ് വിളി കേട്ടാൽ ഇടിഞ്ഞു് വീഴാത്തവിധം സാങ്കേതിക വൈദഗ്ദ്ധ്യത്തോടെ ഒരു പാലമോ ബസ് സ്റ്റാൻഡോ പണിയാൻ കഴിയാത്ത, ബക്കറ്റ് പിരിവു്, ലോട്ടറിവില്പന, കള്ളുവില്പന, ബീഡി തെറുപ്പുകാരന്റെ പോക്കറ്റടി മുതലായ ധനാഗമമാർഗ്ഗങ്ങളിലൂടെ ഒപ്പിക്കുന്നതിന്റെ വളരെ ചെറിയ ഒരംശം കിറ്റായി നല്കി ജനത്തിന്റെ കണ്ണുവെട്ടിച്ചു് വോട്ടുവാങ്ങി അധികാരക്കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കാനല്ലാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇരട്ടശീങ്കങ്ങളാണു് “കെ-റെയിൽ” എന്നും മറ്റും പിച്ചും പേയും പറയുന്നതു്!

പണി തീർന്നാൽ മൂന്നാം നാൾ യേശുവിനെപ്പോലെ ഉയിർത്തെഴുന്നേൽക്കാത്ത ഒരു റോഡ് നിർമ്മിക്കാൻ കഴിയുന്നവരാണു് ഈവക പദ്ധതികൾ വലിയവായിൽ വിളംബരം ചെയ്യുന്നതെങ്കിൽ വേണ്ടില്ലായിരുന്നു. ദ്രവിച്ചുനശിക്കുന്ന എത്രയോ ആർട്ടിഫാക്ടുകളാൽ ഇപ്പോൾത്തന്നെ സമൃദ്ധമായ ഇടതുകേരളത്തിലേക്കു് വലതുകാൽ വച്ചു് ഒരു “കെ-റെയിൽ” കൂടി വലിച്ചിഴച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നവന്റെയൊക്കെ തല പരിശോധിക്കേണ്ട കാലം പണ്ടേ കഴിഞ്ഞു.

പക്ഷേ, കിറ്റിൽ ഒരു കിലോ പച്ചരി കൂടുതൽ കിട്ടിയാൽ, കിറ്റുദാതാവിനു് മുട്ടിലിഴഞ്ഞു് സ്തുതിയും സ്തോത്രവും പാടാൻ തയ്യാറാകുന്ന ഒരു കൂട്ടം സ്വയംപ്രഖ്യാപിത പ്രബുദ്ധർക്കു് കെ-റെയിലെന്തു്, ഇ-മെയിലെന്തു്? 2020-ൽ സമ്പൂർണ്ണ സജ്ജീകരണങ്ങളോടെ ഒരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിച്ചു് അതിൽ പ്ലാൻ പ്രകാരം അറുപത്തൊന്നോമറ്റോ അതിമാരക വൈറസുകളെ സുരക്ഷിതമായി സൂക്ഷിച്ചു് തീറ്റിപ്പോറ്റുന്നുണ്ടെന്നു് കേൾക്കുന്നു. ആവക വൈറസുകളുടെ തല പരിശോധിക്കാൻ പറ്റിയ ഒരു “അഡ്വാൻസ്ഡ് ന്യൂറൊളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്” ആയിരുന്നു കേരളത്തിൽ അത്യാവശ്യമായി വേണ്ടിയിരുന്നതു്!

എവിടെ തിരിഞ്ഞൊന്നുനോക്കിയാലും അവിടെല്ലാം പൂത്ത നവോത്ഥാനവും പുരോഗമനവും സ്ത്രീസമത്വവും സ്ഥിതിസമത്വവും മാത്രം!

കഴിയുന്നത്ര വർണ്ണനോട്ടീസുകൾ സ്വന്തമാക്കാൻ അനൗൺസ്മെന്റ് വണ്ടിയുടെ പിന്നാലെ പായുന്ന ഗ്രാമീണ കുഞ്ഞുങ്ങളെപ്പോലെ, പാർട്ടിയുടെ പിന്നാലെ ഇങ്കിലാൻ സിന്താവാനും ലാൽ സലാമനും വിളിച്ചുകൊണ്ടു് അന്തം വിട്ടോടുന്നവരും, തങ്ങൾ പയങ്കര പുത്തിജീവികളാണെന്നാവും കരുതുന്നതു്. ആ, ആർക്കറിയാം.

എങ്കിലും, അവർക്കു് “മാർസ്കിന്റെ” വൈരുദ്ധ്യാത്മകഭൗതികവാദത്തെപ്പറ്റിയും, ശാസ്ത്രചിന്തയും ശാസ്ത്രബുദ്ധിയും ശാസ്ത്രബോധവും ഗൗളിശാസ്ത്രവും തമ്മിൽ, ശാസ്ത്രങ്ങളുടെ ശാസ്ത്രമായ “മാർസ്കിസത്തിന്റെ” ബിപ്ലവാത്മക കാഴ്ചപ്പാടിലെ ഗ്രാംഷി-ചോംസ്കി-നമ്പൂതിരിസ്കി-പിണുവിനോസ്കിയൻ ചിന്താധാരകളിൽ, കേരളത്തിൽ നിലവിലിരിക്കുന്ന ബൃഹദാഖ്യാനങ്ങളെപ്പറ്റിയും, സബാൾട്ടേൺ ദുരിതോസ്കി-ദുരന്തോസ്കി-ദുർഘടോസ്കിയൻ തുച്ഛാഖ്യാനങ്ങളെപ്പറ്റിയും, “Property is theft” എന്ന പ്രുഡോണിയൻ (Pierre-Joseph Proudhon) ഫിലോസഫിയെപ്പറ്റിയും, “മാർസ്കിസ്റ്റുകൾ” സ്വർണ്ണബിസ്ക്കറ്റ് കള്ളക്കടത്തുവഴിയും മറ്റും അനധികൃതമായി സ്വകാര്യസ്വത്തു് സംഭരിച്ചാൽ, സമൂഹത്തിൽ അതുവഴി സംഭവിക്കാവുന്ന ഭീകരതകളെയും ബീഭത്സതകളെയുംപറ്റിയും, മുഹമ്മദ് നബി (സ) കാണിച്ചുതന്ന മാതൃകയിൽ, കുഞ്ഞുങ്ങളെ ആറുവയസ്സിലേതന്നെ വികൃത-ലൈംഗികവിദ്യാഭ്യാസത്തിന്റെ ആനവാതിലുകളിലേക്കു് കൈപിടിച്ചു് നടത്തി ഈവക രാഷ്ട്രീയവൈകൃതങ്ങളെ ഈശ്വരാധിഷ്ഠിതവും മതപരവുമായി നേരിടേണ്ടുന്നതിന്റെ അനിവാര്യതയെപ്പറ്റിയുമെല്ലാം “മാക്രിസത്തിലെ” തെറിവായൻതവളകൾക്കും, “മതോക്രിസത്തിലെ” പൊളിവായൻവളകൾക്കും, “ശാസ്ത്രോക്രിസത്തിലെ” വിടുവായൻതവളകൾക്കും സ്റ്റഡി ക്ലാസ്സുകളെടുക്കുന്ന കുമാരപിള്ള മോഡൽ സഖാക്കന്മാരെയും ശാസ്ത്രവിശാരദരെയും സാംസ്കാരികനായകന്മാരെയും മതപണ്ഡിതരെയുമൊന്നും നമ്മൾ കാണാതെ പോകരുതു്.

അത്തരം നിഷ്ക്രിയരും, നിരുത്തരവാദികളും, വായാടികളുമായ മനുഷ്യോത്തമന്മാർക്കുള്ളതായിരിക്കണം സ്വേച്ഛാധിപത്യ കേരൾ-കേർമെന്റ്‌ പ്ലാൻ ചെയ്തിരിക്കുന്ന കേരൾ-ദൂഷൺ, കേരൾ-മോഷൺ, കേരൾ-ഫിക്ഷൻ, കേരൾ-ഏക്ഷൻ മുതലായ വിശിഷ്ട സേവാ മെഡലുകൾ എന്നാണെന്റെ പക്ഷം.

 
Comments Off on കെ-റെയിൽ വരുന്നേ മാളോരേ, കെ-റെയിൽ!!

Posted by on Oct 25, 2021 in Uncategorized