RSS

Daily Archives: Mar 20, 2020

കൊറോണ (COVID- 19)


സ്റ്റാറ്റ്യൂട്ടറി വാണിങ്, അഥവാ സത്യവാങ്മൂലം: എന്റെ മറ്റനവധി പോസ്റ്റുകളിൽ, എന്റെ ബോധപൂർവ്വമായ നിയന്ത്രണത്തെ വകവയ്ക്കാതെ കയറിക്കൂടാറുള്ള ഐറണിയോ, സർക്കാസമോ, സാറ്റയറോ ഈ പോസ്റ്റിൽ ഇല്ല. (ഇവിടെ ഞാൻ രണ്ടുപ്രാവശ്യം “എന്റെ” എന്നു് പറഞ്ഞു. ഭയങ്കരം! മനഃശാസ്ത്രപരമായി ഞാൻ ഒരു ഇഗോയിസ്റ്റ് ആയിരിക്കണം. ദേ, വീണ്ടും എന്റെ പ്രസ്താവത്തിൽ രണ്ടുപ്രാവശ്യം “ഞാൻ” എന്ന അശ്രീകരം കയറിക്കൂടിയിരിക്കുന്നു! എന്റെ കോക്ക്യൂണിൽ (cocoon) നിന്നും എനിക്കു് എന്നെങ്കിലും ശാപമോചനമുണ്ടെന്നു് തോന്നുന്നില്ല. അഹല്യേ, നീയെത്ര ഭാഗ്യവതി! നമുക്കു് തമ്മിൽത്തമ്മിൽ കല്യാണം കഴിച്ചാലോ? ശാപമോചനം ലഭിച്ചവൾ എന്ന നിലയിൽ ഭവതി എന്തു് പറയുന്നു?)
സ്പാനിഷ് ഫ്ലൂ എന്നറിയപ്പെടുന്ന ഇൻഫ്ലുവെൻസ പാൻഡെമിക് വഴി 1918 മുതൽ 1920 വരെയുള്ള മൂന്നു് വർഷങ്ങളിൽ മരണമടഞ്ഞതു്, ഏകദേശം 1000 ലക്ഷം മനുഷ്യരാണെന്നു് കണക്കാക്കപ്പെടുന്നു. 1914 മുതൽ 1918 വരെ നാലു് വർഷങ്ങൾ നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞതു് 200 ലക്ഷം മനുഷ്യരാണു്. അതായതു്, ഒന്നാം ലോകമഹായുദ്ധത്തിൽ മൊത്തം മരിച്ച മനുഷ്യരേക്കാൾ അഞ്ചിരട്ടി മനുഷ്യരാണു് സ്പാനിഷ് ഫ്ലൂ വഴി മരണത്തിനു് കീഴ്‌പ്പെട്ടതു്.
ഒരു പകർച്ചവ്യാധിയിൽ മൂന്നു് പരാമീറ്ററുകൾ പ്രത്യേകം ശ്രദ്ധിക്കപെടേണ്ടതുണ്ടു്:
1. മരണനിരക്കു് (Lethality Rate) 2. അടയിരുപ്പു് കാലം (Incubation Period) 3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)
1. മരണനിരക്കു് (Lethality Rate)
സാധാരണ ഇൻഫ്ലുവെൻസയിലെ മരണനിരക്കു്, യൂറോപ്പിലെങ്കിലും, 0,1% വരെയാണു്. മനസ്സിലാക്കാനുള്ള എളുപ്പത്തിനു്: 0,1%, അഥവാ നൂറിൽ 0,1 പേർ മരിക്കുന്നു എന്നാൽ, ആയിരത്തിൽ ഒരാളും, പതിനായിരത്തിൽ പത്തുപേരും മരിക്കുന്നു എന്നർത്ഥം. സ്പാനിഷ് ഫ്ലൂവിലെ മരണനിരക്കു്, ഏറ്റവും ചുരുങ്ങിയപക്ഷം, 2,5 % ആയിരുന്നു. നൂറിൽ രണ്ടര മരണം. അതായതു്, രോഗം ബാധിച്ച ആയിരം പേരിൽ 25 പേരും മരിച്ചിരുന്നു എന്നർത്ഥം.
CORONA-19 വഴിയുള്ള ചൈനയിലെ മൊത്തം മരണനിരക്കു് 3,8%. വുഹാനിലെ മരണനിരക്കു് 4,9%. ചൈനയിലെ വുഹാനിൽ രോഗം ബാധിച്ച ആയിരം പേരിൽ 49 പേരും മരിക്കുകയായിരുന്നു എന്നർത്ഥം. കൂടാതെ, COVID-19 മൂലം ആശുപത്രിയിലായ ചൈനക്കാരിൽ 20 ശതമാനവും മരണമടയുകയായിരുന്നു. അവരിൽ മൂന്നിൽ രണ്ടുപേർ പുരുഷന്മാരായിരുന്നു. 99 പേർ മരിച്ചെങ്കിൽ, അതിൽ 66 പേരും പുരുഷന്മാരായിരുന്നു എന്നും, 33 പേർ മാത്രമേ സ്ത്രീകളായിരുന്നുള്ളു എന്നും പാണിനിമലയാളം. ഓർമ്മയിലേക്കു് വിളിച്ചുവരുത്താൻ: 2002-ൽ ചൈനയിൽ ആരംഭിച്ച SARS (Severe Acute Respiratory Syndrome – “SARS -CoV”) രോഗത്തിൽ മരണനിരക്കു് 9,6 % ആയിരുന്നു. രോഗം ബാധിച്ച ആയിരം പേരിൽ 96 പേരും മരിക്കുകയായിരുന്നു. ആ കാഴ്ചപ്പാടിൽ, SARS-നെ അപേക്ഷിച്ചു്, COVID-19 ഇതുവരെ പ്രദർശിപ്പിച്ച മുഖം അത്ര മാരകമല്ല. COVID -19 അതിനേക്കാൾ മാരകമാകുന്നതു് മറ്റൊരു കാഴ്ചപ്പാടിലാണു്. ഉദാഹരണം: അടയിരുപ്പു് കാലം.
2. അടയിരുപ്പു് കാലം (Incubation Period)
SARS രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം 2 ദിവസമാണു്. അതേസമയം, COVID -19 രോഗവുമായി അസോഷിയേറ്റ് ചെയ്യപ്പെടുന്ന കൊറോണ വൈറസിന്റെ അടയിരുപ്പു് കാലം പതിനാലു് നീണ്ട ദിവസങ്ങളാണു്. ഈ പ്രത്യേകതയിലാണു് COVID -19 രോഗവ്യാപനത്തിന്റെ പിന്നിലെ യഥാർത്ഥ പിശാചു് ഒളിച്ചിരിക്കുന്നതു്! തന്റെ ശരീരത്തിൽ എട്ടോ പത്തോ ദിവസങ്ങളായി COVID -19 രോഗത്തിന്റെ വൈറസുകളെ ചുമക്കുന്ന ഒരാൾ, സൂപ്പർ മാർക്കറ്റിലോ, ബിവറേജിലോ, ദേവാലയത്തിലോ, സ്കൂളിലോ, മനുഷ്യർ കൂട്ടം കൂടുന്ന മറ്റു് ഇടങ്ങളിലോ വച്ചു് വിശാലഹൃദയനായി പൊതുജനസമക്ഷം അവതരിപ്പിക്കുന്ന ഒരു തുമ്മലോ ചുമയോ ചീറ്റലോ സമീപസ്ഥർക്കുകൂടി അവകാശപ്പെട്ട അന്തരീക്ഷത്തിലേക്കു് – മനഃപൂർവ്വമല്ലെങ്കിലും – വിതറിത്തെറുപ്പിക്കുന്നതു് COVID -19-നു് കാരണഭൂതമായ അനേകം വൈറസുകളെയാണു്! മനഃപൂർവ്വമല്ലാതെ വൈറസിനെ കൊടുത്തവർക്കും, അതിനെ മനഃപൂർവ്വമല്ലാതെ വാങ്ങിയവർക്കും ആ കൊടുക്കൽ വാങ്ങലിനെപ്പറ്റി യഥാസമയം ബോധവാന്മാരാകാൻ കഴിയില്ല എന്നതാണു് COVID -19 വൈറസിനെ, “Lethality Rate” എന്ന പരാമീറ്റർ പ്രകാരം സ്റ്റാറ്റിസ്റ്റിക്കലി കൂടുതൽ അപകടകാരിയായ SARS വൈറസിനേക്കാൾ അൺപ്രെഡിക്റ്റബിളായ വിധം പ്രാണനാശിനിയായ പിശാചാക്കി മാറ്റുന്നതു്. ഈ നിമിഷം ഇതെഴുതാൻ കഴിയുന്നു എന്നതു് എന്റെയോ, മറ്റൊരു നിമിഷം ഇതു് വായിക്കാൻ കഴിയുന്നു എന്നതു് നിങ്ങളുടെയോ, ശരീരത്തിൽ COVID -19 വൈറസ്‌ കയറിക്കൂടിയിട്ടില്ല എന്നതിന്റെ തെളിവല്ല എന്നു് സാരം.
3. അടിസ്ഥാന പുനരുത്പാദന നിരക്കു് (Basic Reproduction Rate = R0 = r nought)
സാധാരണ ഇൻഫ്ലുവെൻസ വൈറസിന്റെ അടിസ്ഥാന പുനരുത്പാദന നിരക്കു്, യൂറോപ്പിൽ, 1,4 മുതൽ 1,6 വരെയാണു്. അതായതു്, ഒരു രോഗിയിൽ നിന്നും രോഗം മറ്റു് 1,6 മനുഷ്യരിലേക്കു് പകരാം. പത്തു് രോഗികളിൽ നിന്നും രോഗം മറ്റു് 16 മനുഷ്യരിലേക്കു് പകരാമെന്നർത്ഥം. പക്ഷേ, ഇറ്റലിയെ മാനദണ്ഡമാക്കിയാൽ, COVID -19 വൈറസിനു് ഒരു രോഗിയിൽ നിന്നും പകരാൻ കഴിയുന്നതു് 2,8 മനുഷ്യരിലേക്കാണു്! അതായതു്, ഒരു രോഗിയിൽ നിന്നും ഏകദേശം മൂന്നു് പേർക്കുവരെ COVID -19 രോഗം പകരാം. (ശ്രദ്ധിക്കുക: അടിസ്ഥാന പുനരുത്പാദന നിരക്കു് കണക്കാക്കപ്പെടുന്നതു് ശതമാനമായിട്ടല്ല). 3 രോഗികൾക്കു് 9 പേരിലേക്കും, 9 രോഗികൾക്കു് 27 പേരിലേക്കും, 27 രോഗികൾക്കു് 81 പേരിലേക്കും പകരാൻ കഴിയുന്ന ഒരു രോഗമാണു് COVID -19. “എക്സ്പൊണെൻഷ്യൽ” ആയ വളർച്ച!
ഗണിതശാസ്ത്രജ്ഞർ അവരുടെ സുബോധാവസ്ഥയിൽ ഈ പ്രതിഭാസത്തെ “exponential series” എന്നറിയപ്പെടുന്ന ഒരു സൂത്രത്തിലൂടെ കണക്കുകൂട്ടി തിട്ടപ്പെടുത്താറുണ്ടു്. സാമാന്യജീവിതത്തിൽ, വീട്ടമ്മമാർ ഉറയൊഴിച്ചു് തൈരോ മോരോ ഒക്കെ ഉണ്ടാക്കുന്ന കലയിൽ മാത്രമല്ല, പ്രകൃതിയിലെ മറ്റനേകം പ്രതിഭാസങ്ങളിലും എക്സ്പൊണെൻഷ്യൽ ആയുള്ള പെരുകൽ കാണാൻ കഴിയും. തനിക്കനുയോജ്യമായ ഒരു മീഡിയത്തിൽ, പുഷ്പകവിമാനത്തിന്റെ വേഗതയിൽ പകർന്നുപകർന്നു്, കവർന്നുകവർന്നു്, സ്വാധീനിച്ചുസ്വാധീനിച്ചു്, പകരാനോ കവരാനോ സ്വാധീനിക്കാനോ സാദ്ധ്യതകളൊന്നുമില്ലാത്ത നിലയിൽ സാച്ചുറേറ്റഡ് ആയി, അതിന്റെ പീക്ക് വാല്യൂവിൽ എത്തിക്കഴിഞ്ഞാൽ, ബന്ധപ്പെട്ട ബാക്ടീരിയയും വൈറസുകളും, “ഇനി ആരെക്കൊണ്ടീപ്പാണൻ പാടും തമ്പ്രാ” എന്ന സില്മാപ്പാട്ടുപോലെ, ആദ്യം അല്പം സ്റ്റാറ്റസ് ക്വോ പാലിക്കുക, പിന്നെ സാവകാശം ജീർണ്ണിച്ചു് X-axis എന്നറിയപ്പെടുന്ന ഹൊറിസോണ്ടൽ ആക്സിസിലേക്കു് മടങ്ങി നിർവ്വാണമടയാൻ ശ്രമിക്കുക എന്നതാണു് പ്രകൃതിയിലെ എക്സ്പൊണെൻഷ്യൽ പ്രതിഭാസങ്ങളുടെ ഒരു പൊതുരീതി. ദിവസങ്ങളോ, മാസങ്ങളോ വർഷങ്ങളോ നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ എടുത്തു് ജീർണ്ണിക്കുന്ന വിവിധയിനം പ്രതിഭാസങ്ങൾ പ്രകൃതിയിലുണ്ടു്.
എവൊല്യൂഷൻ വഴി, എളുപ്പവഴിയെ ഒഴുകുക, അഥവാ കഴിയുന്നത്ര ലീനിയറായി ചിന്തിക്കുക എന്ന രീതി ശീലിച്ച മനുഷ്യന്റെ തലച്ചോറിനു് കൊറോണ വൈറസിന്റെ എക്സ്പൊണെൻഷ്യലായ വളർച്ച ഉൾക്കൊള്ളൽ അത്ര എളുപ്പമല്ല. എങ്കിലും, ചിന്താപരമായ മിക്കവാറും എല്ലാ കാര്യങ്ങളുമെന്നപോലെതന്നെ, ഇതും ശീലിക്കാവുന്നതേയുള്ളു. പക്ഷേ, അശ്രദ്ധ മൂലം, COVID -19 പിടികൂടി ചത്തുപോയാൽ അതിനായാലും പറ്റില്ല. ചത്തവർക്കു് അവരവരുടെ കയ്യിലിരിപ്പനുസരിച്ചു് സ്വർഗ്ഗത്തിലോ നരകത്തിലോ ത്രിശങ്കുസ്വർഗ്ഗത്തിലോ പോകാൻ കഴിയുമെങ്കിലും, എക്സ്പൊണെൻഷ്യലായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ കഴിയില്ല.
എക്സ്പൊണെൻഷ്യലായ വളർച്ച എന്ന ഡിങ്കോൾഫിയെ സാമൂഹികപരിഷ്കരണത്തിനായി ഉപയോഗിച്ച ഒരു ബ്രാഹ്മണപ്പയ്യനെപ്പറ്റിക്കൂടി പറഞ്ഞുകൊണ്ടു് ഇന്നത്തെ കഥാപ്രസംഗം അവസാനിപ്പിച്ചേക്കാം:
ഇൻഡ്യക്കാരനായ സിസ്സ എന്നൊരു ബ്രാഹ്മണപുത്രൻ A. D. മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ കണ്ടുപിടിച്ചതാണു് ചതുരംഗക്കളി. സ്വേച്ഛാധിപതിയും ജനപീഡകനുമായിരുന്ന ഷിഹ്റാം എന്ന രാജാവിന്റെ ഭരണം വഴി മനുഷ്യർ ദുരിതത്തിലാണ്ടപ്പോൾ, രാജ്യത്തെ പ്രധാന വ്യക്തിയെങ്കിലും, കർഷകരുടെയും സമൂഹത്തിലെ മറ്റംഗങ്ങളുടെയും സഹായമില്ലെങ്കിൽ രാജാവു് ഒന്നുമല്ലെന്ന കേവലസത്യം ഷിഹ്റാമിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം എന്നു് ഐതിഹ്യം. ചതുരംഗത്തിൽ ആകൃഷ്ടനാവുകയും, കാര്യം മനസ്സിലാക്കി മര്യാദക്കാരനാവുകയും ചെയ്ത ഷിഹ്റാം, സിസ്സയ്ക്ക് എന്തു് പ്രതിഫലം വേണമെങ്കിലും നൽകാൻ തയ്യാറായി. പക്ഷേ, പ്രതിഫലമായി തനിക്കു് കുറച്ചു് അരിമണികൾ മതിയെന്നും, അവ ചതുരംഗപ്പലകയുടെ ഒന്നാമത്തെ കളത്തിൽ ഒരു അരിമണി, രണ്ടാമത്തെ കളത്തിൽ അതിന്റെ ഇരട്ടിയായ രണ്ടു് അരിമണികൾ, മൂന്നാമത്തെ കളത്തിൽ അതിന്റെയും ഇരട്ടിയായ നാലു് അരിമണികൾ എന്നിങ്ങനെ ഓരോ കളത്തിലും അതിനു് തൊട്ടുമുൻപത്തേതിന്റെ ഇരട്ടി എന്നനിലയിൽ, ചതുരംഗപ്പലകയുടെ മൊത്തം 64 കളങ്ങൾക്കുമൊപ്പിച്ചു് തന്നാൽ മതിയെന്നുമായിരുന്നു സിസ്സയുടെ അപേക്ഷ.
തന്നെപ്പോലെ സർവ്വശക്തനായ ഒരു രാജാവിനോടു് ഇത്ര നിസ്സാരമായ ഒരു പ്രതിഫലം ചോദിച്ചതു് , മറ്റേതൊരു മെഗലൊമാനിയാക്കിനെയും പോലെ, ഷിഹ്റാക്കും രസിച്ചില്ല. ഈ രാജകീയരസക്കേടിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നപോലെ, രാജ്യസഭാംഗത്വം അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് പഞ്ചായത്തംഗമായാൽ മതിയെന്നു് പറയുന്നതും, വനിതാകമ്മീഷൻ അദ്ധ്യക്ഷ എന്ന പദവി അനുവദിച്ചുനൽകാൻ ശേഷിയും ശേമുഷിയുമുള്ള ഒരുവനോടു് എനിക്കു് ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതിപ്രകാരം തെങ്ങുകളുടെ ചോടു് വകയുന്നവരുടെ അദ്ധ്യക്ഷ എന്ന പദവി മതിയെന്നു് പറയുന്നതും രാജദ്രോഹമാണു്, “lèse majesté” എന്ന കുറ്റകൃത്യമാണു്.
എങ്കിലും, കല്പനകൾ കല്ലിനെ പിളർക്കാൻ മാത്രമല്ല, അരിമണിയെ എണ്ണാനും പ്രാപ്തമായിരിക്കണം എന്നതിനാൽ, “നിന്റെ ആഗ്രഹം എനിക്കു് കല്പന” എന്ന തത്വപ്രകാരം, “അവന്റെ ഇഷ്ടപ്രകാരം അവനു് ഭവിക്കട്ടെ” എന്നു് ഷിഹ്റ കല്പന പുറപ്പെടുവിച്ചു. പതിവുപോലെ, രാജകല്പന കേട്ടപാതി കേൾക്കാത്ത പാതി, രാജധാനിയുടെ ക്രമപരമായ ചലനത്തിനു് ഉത്തരവാദികളായ ഉത്തോലകങ്ങൾ മൊത്തമായും ചില്ലറയായും തത്സമയം ആക്ടീവായി അരിമണികളെ ചതുരംഗക്കളങ്ങളിൽ ഗണിതാനുസൃതം ക്രമീകരിക്കാൻ തുടങ്ങി.
സിസ്സയുടെ ആഗ്രഹപ്രകാരം, 64 കളങ്ങൾ നിറയ്ക്കാൻ ആവശ്യമായ അരിമണികളുടെ എണ്ണം പതിനെട്ടിനോടു് പതിനെട്ടു് പൂജ്യങ്ങൾ ചേർത്താൽ കിട്ടുന്ന ഒരു സംഖ്യയാണു് (കൃത്യമായി: 18,446,744,073,709,551,615). ആയിരം അരിമണികൾക്കു് ഏകദേശം 40 ഗ്രാം തൂക്കം വരുമെന്നു് കരുതിയാൽ, ചതുരംഗപ്പലകയിൽ ഉണ്ടായിരിക്കേണ്ട മൊത്തം അരിമണികളുടെ തൂക്കം 730 ബില്യൺ ടൺ ആണു്. അതു് 2018 -19 “അരിവർഷത്തിൽ” ലോകത്തിൽ മൊത്തം ഉത്പാദിപ്പിക്കപ്പെട്ട അരിയുടെ തൂക്കത്തിന്റെ ഏകദേശം 1500 ഇരട്ടിയാണു്!
സിസ്സ കുഴിച്ച കുയ്യാനക്കുയിയിൽ വീണു് രാജാവു് മയ്യത്തായി തന്റെയും കുടുംബത്തിന്റെയും കഞ്ഞികുടി മുട്ടിപ്പോകാതിരിക്കാൻ രാജധാനിയിലെ ഗണിതമഹോപാദ്ധ്യായന്‍, സ്വതസിദ്ധമായ തന്റെ ബ്യുറോക്രാറ്റിക് ഇൻസ്റ്റിൻക്റ്റ്‌ ഉപയോഗിച്ചു്, ഷിഹ്റയെ ഇങ്ങനെ ഉപദേശിച്ചത്രെ!: കളങ്ങളിൽ അണിനിരത്തപ്പെടുന്ന അരിമണികളെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താൻ സിസ്സയോടു് കർശനമായി കല്പിക്കുക! – ഐതിഹ്യമാല 02.
ഹാപ്പി മാലപൊട്ടിക്കൽ!!

 
Comments Off on കൊറോണ (COVID- 19)

Posted by on Mar 20, 2020 in Uncategorized