യുക്തിഭദ്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യരെ “യുക്തിവാദികൾ” എന്ന നെഗറ്റീവ് ലേബൽ ഒട്ടിച്ച മേശവലിപ്പിലാക്കി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരു സമൂഹം ജീവിക്കുന്നതു് അതിന്റെ സ്വന്തം ശവക്കുഴിയിലാണു്.
മനുഷ്യബുദ്ധിയുടെ വളർച്ചയുടെ ഉത്തുംഗതയെ അലങ്കരിക്കുന്ന പൊൻതൂവലാണു് ഇന്ദ്രിയാനുഭവങ്ങൾ യുക്തിപൂർവ്വം അപഗ്രഥിക്കാനുള്ള ശേഷി. ആ ശേഷി അന്തിമമായ ഒരു അവസ്ഥയല്ല, നിരന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണു്. ഏതു് ദൈവത്തിന്റെ പേരിലായാലും, ഏതു് ചെകുത്താന്റെ പേരിലായാലും, മനുഷ്യരാശിയെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായ യുക്തിബോധത്തെ അവഹേളിക്കുന്നവന്റെ ബൗദ്ധികഅധമത്വത്തെ വിശേഷിപ്പിക്കാൻ മതിയായ വാക്കുകൾ ഭാഷയിൽ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. യുക്തിയുക്തമായി, കാര്യകാരണബന്ധത്തിൽ അധിഷ്ഠിതമായി വസ്തുതകളെ കാണാനും അപഗ്രഥിക്കാനുമുള്ള ശേഷിയില്ലായിരുന്നെങ്കിൽ ശാസ്ത്രചിന്തതന്നെ സാദ്ധ്യമാവുമായിരുന്നില്ല. എത്രയോ വട്ടം പലരാൽ ആവർത്തിക്കപ്പെട്ടിട്ടും ചില തലച്ചോറുകളിൽ ഇതുവരെ കയറിപ്പറ്റാൻ കഴിയാത്ത ഒരു ലളിതയാഥാർത്ഥ്യമുണ്ടു്: ആധുനികമനുഷ്യൻ ഇന്നു് എവിടെ എത്തിനിൽക്കുന്നുവോ, അവിടേക്കു് അവനെ കൈപിടിച്ചു് നടത്തിയതു് അതുവരെ മനുഷ്യവർഗ്ഗത്തിനു് അജ്ഞാതമോ അപരിചിതമോ ആയ വഴികളിലൂടെ നടക്കാനുള്ള ധീരത കാണിച്ച ഏതാനും പ്രതിഭകളുടെ ഒറ്റപ്പെട്ട നൂതനചിന്തകളായിരുന്നു. സമൂഹത്തിൽ വേരുറച്ച നോമുകളിൽ നിന്നും (norms of society) വേറിട്ടുനിൽക്കുന്ന ചിന്തകൾക്കു് ഒരുവൻ നൽകേണ്ടിയിരുന്ന വില സ്വന്തം ജീവനായിരുന്ന ആ കാലഘട്ടത്തെ മാനവരാശി പിന്നിലാക്കിയിട്ടു് അധികനാളുകൾ ആയിട്ടില്ല. ആരു് അംഗീകരിച്ചാലും ഇല്ലെങ്കിലും, യാഥാസ്ഥിതികസമൂഹങ്ങളിൽ അതേ അവസ്ഥ ഇന്നും സജീവമായ ഒരു നഗ്നയാഥാർത്ഥ്യമായി നിലകൊള്ളുന്നുണ്ടു്. മനുഷ്യരെ അടിമമാനസരാക്കാൻ വേണ്ടി അടിച്ചേൽപിക്കപ്പെട്ട തത്വസംഹിതകളിൽ ആവേശം കൊള്ളുന്നതു് ഒരു യോഗ്യതയായി കരുതുന്ന ജന്മനാ മാസക്കിസ്റ്റുകൾ ആ അവസ്ഥയെ അനവരതം പാടിപ്പുകഴ്ത്തുന്നുമുണ്ടു്. ഇന്നത്തെ ബോധവത്കരിക്കപ്പെട്ട മനുഷ്യനെ അവനാക്കിത്തീർത്ത, മനുഷ്യജീവിതത്തെ ജീവിതയോഗ്യമാക്കിത്തീർത്ത ശാസ്ത്രീയനേട്ടങ്ങൾക്കു് കാരണഭൂതമായ സ്വതന്ത്രചിന്തയെ തുടക്കത്തിലേതന്നെ ചിതാഗ്നിയിലേക്കു് തള്ളിയിട്ടു് നശിപ്പിക്കാൻ ശ്രമിച്ചതു് യുക്തിവാദികളായിരുന്നില്ല. അവർ ആരൊക്കെ ആയിരുന്നു എന്നു് ഇന്നും അറിയാത്തവരോടു് അതൊക്കെ വെളിപ്പെടുത്തിയിട്ടും വലിയ പ്രയോജനമൊന്നുമില്ല. അതിനാൽ ഞാനിവിടെ അതിനൊട്ടു് മുതിരുന്നുമില്ല. “സ്വാതന്ത്ര്യം സമത്വം സാഹോദര്യം” എന്ന ഫ്രഞ്ചു് വിപ്ലവത്തിന്റെ മുദ്രാവാക്യം മുഴങ്ങിയതു് ഏതെങ്കിലും വിശുദ്ധ ധൂപക്കുറ്റിയുടെ തിരുവായിൽ നിന്നായിരുന്നില്ല, മനുഷ്യന്റെ ചിന്താശേഷിയിൽ നിന്നായിരുന്നു എന്ന സത്യം സാമാന്യവിദ്യാഭ്യാസമുള്ള ഒരു വ്യക്തി അറിഞ്ഞിരിക്കണം, അതു് നിരുപാധികം അംഗീകരിക്കാൻ അവൻ തയ്യാറായിരിക്കണം.
തലച്ചോറിന്റെ പടിപടിയായുള്ള പരിണാമത്തിലൂടെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ എന്ന നിലയിൽ മനുഷ്യബുദ്ധിയുടെ വളർച്ച, മുകളിൽ നിന്നോ താഴെ നിന്നോ ഏതെങ്കിലും ഒരു മായാവി ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും “തിരഞ്ഞെടുക്കപ്പെട്ട” മനുഷ്യർക്കു് ആരോരുമറിയാതെ പ്രത്യക്ഷപ്പെട്ടു് പൊതിക്കെട്ടായി ഏൽപിച്ചുകൊടുക്കുന്നതല്ല, ഏൽപിച്ചുകൊടുക്കാവുന്നതുമല്ല. അതുകൊണ്ടു്, അങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നവരും, അതുപോലെതന്നെ അതു് പരമസത്യം എന്നു് മുഖവിലക്കെടുത്തു് നൂറ്റാണ്ടുകളിലൂടെ മനുഷ്യരെ കബളിപ്പിച്ചവരും, ഇന്നും കബളിപ്പിച്ചുകൊണ്ടിരിക്കുന്നവരും ചെയ്യുന്നതു്, സ്വതന്ത്രമായ അന്വേഷണത്തിലൂടെ മാത്രം സാദ്ധ്യമാവുന്ന മനുഷ്യബുദ്ധിയുടെ വളർച്ചയെ തടഞ്ഞുനിർത്തുന്ന സമൂഹദ്രോഹമാണു്. “എല്ലാം ദൈവം ഇറക്കിത്തന്ന എന്റെ കിത്താബിലുണ്ടു്, മറ്റൊന്നു് മനുഷ്യർക്കാവശ്യമില്ല” എന്ന സ്ഥിരം പല്ലവിയിലൂടെ അത്തരം ഷാർലറ്റനുകൾ മനുഷ്യരെ അന്ധമായ വിശ്വാസത്തിന്റെ തടവറകളിൽ തളച്ചിടാൻ വിശ്രമമില്ലാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. തടവറക്കു് വെളിയിലും ഒരു ലോകമുണ്ടെന്നു് അറിയാൻ അനുവദിക്കാത്തിടത്തോളം ഏതൊരു തടവുകാരനെയും അവൻ സ്വതന്ത്രനാണെന്നു് വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടില്ല. യുക്തിബോധം മനുഷ്യരെ നിർബന്ധമായും സ്വാഭാവികമായും സ്വതന്ത്രചിന്തയിലേക്കു് നയിക്കുമെന്നതിനാൽ യുക്തിപൂർവ്വമുള്ള ചിന്തയെ ഇവർ പ്രതിക്കൂട്ടിൽ കയറ്റുന്നു. യുക്തിയുക്തമായി ചിന്തിക്കുന്നവരെ എന്തുവിലകൊടുത്തും നശിപ്പിക്കേണ്ട നിത്യശത്രുക്കളായി പ്രഖ്യാപിക്കുന്നു. അവർക്കു് “യുക്തിവാദികൾ” എന്ന പേരു് നൽകി, ആ പേരിനു് ഒരു ആധുനികസമൂഹത്തിലും കാണാനാവാത്തവിധം നെഗറ്റീവ് ആയ ഒരു ഇമേജും നൽകി, ദൈവത്തിന്റെ കാവൽപ്പടയാളികൾ എന്ന വ്യാജേന, മനുഷ്യമനസ്സിൽ തലമുറകളിലൂടെ വളർത്തിയെടുത്ത ഈശ്വരചിന്ത എന്ന ബലഹീനതയെ മുതലെടുത്തു്, യുക്തിചിന്ത എന്നതു് ദൈവദ്രോഹവും എതിർക്കപ്പേടേണ്ടതും ആണെന്ന ധാരണയുടെ മാരകവിഷം ഇവർ പൊതുസമൂഹത്തിൽ കുത്തിവയ്ക്കുന്നു. മനുഷ്യബുദ്ധിയുടെ യുക്തിയുക്തമായ ചോദ്യങ്ങൾക്കുമുന്നിൽ ഒളിച്ചോടേണ്ടി വരുന്ന ഒരു ദൈവത്തെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുന്ന ഇവർ ഉത്തരം മുട്ടുമ്പോൾ അസഹിഷ്ണുതയുടെ ഭാഷയിൽ പ്രതികരിക്കാൻ നിർബന്ധിതരാവുന്നു. അതോടൊപ്പം, യുക്തിവാദികൾ അസഹിഷ്ണുക്കളാണെന്ന മുൻകൂർ ജാമ്യമെടുത്തു് തടി രക്ഷപെടുത്താനും ഇവർ വൃഥാ ശ്രമം നടത്തുന്നു. യുക്തിപൂർവ്വം വാദിക്കുന്നവരെ പ്രതിക്കൂട്ടിൽ കയറ്റുന്നതുവഴി ഇവർ ചെയ്യുന്നതു് തങ്ങൾ യുക്തിഹീനമായി വാദിക്കുന്നവരാണെന്നു് പെരുമ്പറകൊട്ടി വിളംബരം ചെയ്യുകയല്ലാതെ മറ്റെന്താണു്? യുക്തിഹീനതയോടു് യുക്തിചിന്തക്കു് എന്താണു് സംവദിക്കാനുള്ളതു്?
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന രണ്ടു് മനുഷ്യർ തമ്മിൽ ഏഴാം നൂറ്റാണ്ടിനെപ്പറ്റിയും, ആ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യരെപ്പറ്റിയും, അവരുടെ വിശ്വാസങ്ങൾ അബദ്ധമായിരുന്നോ അല്ലയോ എന്നതിനെപ്പറ്റിയുമൊക്കെ ചർച്ച ചെയ്യുന്നതിനു് തടസ്സമൊന്നുമില്ല. അവർ രണ്ടുപേരും വിപരീത നിലപാടുകാരാണെങ്കിൽപ്പോലും അതുപോലൊരു ചർച്ച സാദ്ധ്യമാണു്. ഈ രണ്ടു് ലോകങ്ങളെപ്പറ്റിയും ഒരു ചർച്ചക്കു് വേണ്ട മിനിമം പരിജ്ഞാനം അവർ നേടിയിട്ടുണ്ടാവണം എന്നേയുള്ളു. പക്ഷേ, ഒരു ഏഴാം നൂറ്റാണ്ടുകാരനുമായി ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടുകാരനു് ഒരു ചർച്ച പോയിട്ടു് അർത്ഥപൂർവ്വമായ ഒരു സംഭാഷണം പോലും സാദ്ധ്യമാവില്ല. ഏഴാം നൂറ്റാണ്ടിലെ ചിന്തകൾ കൊണ്ടു് ആധുനികചിന്തകളെ നേരിടാൻ ആവില്ലെന്നു് ഏഴാം നൂറ്റാണ്ടിൽ ജീവിക്കുന്നവൻ എങ്ങനെ അറിയാൻ? അവന്റെ കാഴ്ചപ്പാടിൽ അവനാണു് ജ്ഞാനി. “ജപ്പാനിൽ ഞാൻ വലിയവൻ!” പോരെങ്കിൽ സ്വർഗ്ഗവും നരകവും കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ഒരു ദൈവവുമുണ്ടു് സഹായത്തിനു്! ഗ്രാമപ്രദേശങ്ങളിലെ വേലിയരികുകളിൽ നിത്യേനയെന്നോണം സംഭവിക്കുന്ന “നീ പോടീ, നീ വാടീ” രീതിയിലുള്ള “പെൺപടയെ” വെളിവുള്ള ആരും “ചർച്ച” എന്നു് വിളിക്കാറില്ല. മതസംവാദം എന്ന പേരിൽ ഇന്നു് ബ്ലോഗിൽ സംഭവിക്കുന്ന യുക്തിഹീനമായ തർക്കങ്ങളും മതങ്ങൾ തമ്മിലുള്ള ചെളിവാരിയെറിയലും അതിനേക്കാൾ പരിഹാസ്യമായ ഒരു ചിത്രമാണു് പലപ്പോഴും കാഴ്ചവയ്ക്കുന്നതു്. എങ്കിൽത്തന്നെയും, അവനവന്റെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ഉണ്ടെന്നും, ഉണ്ടായിരിക്കണമെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നായ അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചു് സ്വന്തം നിലപാടു് വ്യക്തമാക്കുന്നതിനും, ചർച്ച എന്ന പേരിൽ അരങ്ങേറുന്ന നാടകങ്ങൾ ദയനീയമാണെന്നു് വിളിച്ചുപറയുന്നതിനുമുള്ള അവകാശം മറ്റോരോരുത്തർക്കുമുണ്ടു്.
“വിശ്വാസവും അവിശ്വാസവും” തമ്മിലുള്ള വാദപ്രതിവാദങ്ങൾ ലോകത്തിലെ ഒരു പുതിയ പ്രതിഭാസമല്ല. പണ്ടൊക്കെ അഭിപ്രായങ്ങൾ ആധികാരികമായി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പുസ്തകങ്ങൾ എഴുതുകയായിരുന്നു എന്നതിനാൽ അതു് പരാമര്‍ശവിഷയം വിശദമായി പഠിച്ചവരുടെ മാത്രം മേഖലയായിരുന്നു. ഇന്നു് ഒരു ഗൂഗിൾ ID-യുള്ള ആർക്കും അഭിപ്രായപ്രകടനം നടത്താം. അതിനു് ലേഖനമായാലും മറ്റെന്തായാലും വായിച്ചുനോക്കണമെന്നുപോലും നിർബന്ധമില്ല. എഴുതുന്നവനെ/ളെപ്പറ്റിയുള്ള ഒരു ഏകദേശധാരണ ധാരാളം മതി വലിയവായിൽ ഒരു വാചകം കമന്റായി എഴുതാൻ. ബ്ലോഗിലെ മിക്കവാറും എല്ലാ ചർച്ചകളും ഈ രീതിയിലാണു് നടക്കുന്നതും. ആദ്യം കുറെ അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്നു, ചോദ്യങ്ങളും ചൊല്ലുകളുമായി തർക്കത്തിന്റെ എല്ലുകടിച്ചു് പല്ലുകൊഴിയുമ്പോൾ അവർ പിൻവാങ്ങുന്നു. തുടർന്നു് പുതിയ നടന്മാർ രംഗത്തെത്തുന്നു. (ചില പഴയ നടന്മാർ പുതിയ നാമവുമായി തലയിൽ മുണ്ടിട്ടുകൊണ്ടു് തിരിച്ചുവരാറുമുണ്ടു്.) പല്ലുകൊഴിഞ്ഞു് പിൻവാങ്ങിയവർ ആലപിച്ച അതേ പല്ലവി വള്ളിപുള്ളിവ്യത്യാസമില്ലാതെ അവരും ആർഭാടമായി ആലപിക്കുന്നു. എപ്പോഴെങ്കിലും അവരും മടുത്തു് പിൻവാങ്ങുന്നു. ഈ നാടകം വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഉദാഹരണങ്ങൾ തപ്പി അധികം അലയേണ്ട കാര്യമില്ല. ബ്ലോഗിൽ തന്നെയുണ്ടു് ആവശ്യത്തിലേറെ. അനുകൂലപക്ഷക്കാരായ മതവിശ്വാസികളുടെ ബ്ലോഗുകളിൽ പരസ്പരം സ്തുതിഗീതങ്ങൾ പാടാനും, അന്യചിന്താഗതിക്കാരായ മതവിശ്വാസികളുടെ ബ്ലോഗുകളിലും, “യുക്തിവാദി”കളുടെ ബ്ലോഗുകളിലും ഒന്നിനുപുറകെ ഒന്നായി കമന്റുകൾ എന്ന പേരിൽ അർത്ഥശൂന്യമായ ഗീർവ്വാണങ്ങൾ തട്ടിക്കൂട്ടാനും, അത്തരം അഭിപ്രായചാപിള്ളകൾ വിലപ്പോവില്ലെന്നുറപ്പാവുമ്പോൾ പരാജയം സമ്മതിക്കുന്നതിനുപകരം വ്യക്തിഹത്യയും തെറിയഭിഷേകവും തുടങ്ങാനുമായി ഓടിനടക്കുന്നവർ ആരൊക്കെയാണെന്നറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. മതഗ്രന്ഥങ്ങളിലെ വൈരുദ്ധ്യങ്ങളും, മനുഷ്യനിന്ദയുമൊക്കെ അക്കമിട്ടു് ചൂണ്ടിക്കാണിച്ചാൽ പോലും അവയ്ക്കു് ലഭിക്കുന്ന മറുപടി ഒന്നുകിൽ അതുമായി പുലബന്ധം പോലുമില്ലാത്ത മറുചോദ്യങ്ങളോ, അല്ലെങ്കിൽ മറ്റു് മതഗ്രന്ഥങ്ങളിലെ പോരായ്മകളോ, അതുമല്ലെങ്കിൽ ഉരുണ്ടുകളിയോ ഒക്കെയാവും. സമയവും ക്ഷമയും ബാർബർഷോപ്പ് മോഡൽ ചർച്ചകളിൽ താത്പര്യവുമുള്ളവർക്കു് സമയംകൊല്ലി എന്ന രീതിയിൽ പരീക്ഷിച്ചുനോക്കാവുന്ന ഒരു വ്യായാമം. അതിൽ കൂടിയ എന്തെങ്കിലുമൊരു വില ഇത്തരം മതസംവാദങ്ങൾക്കു് നൽകുന്നവരെപ്പറ്റി സഹതപിക്കാനേ കഴിയൂ. മതബ്ലോഗുകളിൽ പണ്ടൊക്കെ സദുദ്ദ്യേശത്തോടെ “ചർച്ചകളിൽ” പങ്കെടുത്തിരുന്ന യുക്തിവാദികളിലും നിഷ്പക്ഷമതികളിലുമൊക്കെപ്പെട്ടവരിൽ ആരുംതന്നെ ഇപ്പോൾ ആ ഭാഗത്തേക്കു് കാര്യമായ ശ്രദ്ധ ചെലുത്താറില്ല – അവരുടെ അപഹാസ്യമായ കുതർക്കങ്ങൾക്കു് കസ്റ്റമേഴ്സിനെ ചാക്കിട്ടുപിടിക്കാൻ “കടക്കണ്ണേറും”, പ്രകോപനവുമൊക്കെ മുറപോലെ ഇറക്കിക്കളിക്കുന്നുണ്ടെങ്കിലും. കാലഹരണപ്പെട്ടു് കസ്റ്റമേഴ്സ് കുറയുമ്പോൾ വാസവദത്തമാരും ഇതേ തന്ത്രം പ്രയോഗിക്കാറുണ്ടെന്നു് കേട്ടിട്ടുണ്ടു്. പക്ഷേ, അവർ അതു് ചെയ്യുന്നതു് സർവ്വശക്തനെങ്കിലും വിശ്വാസികൾ മുലയൂട്ടിയില്ലെങ്കിൽ നിലനിൽക്കാൻ കഴിയാത്ത ഏതെങ്കിലുമൊരു മായാവിയെ രക്ഷപെടുത്താനല്ല, അവർക്കു് ജീവിക്കാനും അങ്ങനെ സ്വന്തം തടി രക്ഷപെടുത്താനും വേണ്ടിയാണു്. അതുകൊണ്ടുതന്നെ അതിനു് നീതീകരണവുമുണ്ടു്. അവനവന്റെ വിശ്വാസത്തെ മുറുകെപ്പിടിക്കാൻ മനുഷ്യന്റെ യുക്തിബോധത്തെ അവഹേളിക്കണമെന്നുണ്ടോ? മനുഷ്യകുലത്തിലെതന്നെ ഒരംഗത്തിനു് അൽപമെങ്കിലും ബോധമുണ്ടെങ്കിൽ മനുഷ്യബുദ്ധിയുടെ പണിയായുധമായ യുക്തിചിന്തയെ തള്ളിപ്പറയാനാവുമോ? അതുവഴി അവൻ തത്വത്തിൽ മനുഷ്യകുലത്തിൽ നിന്നുതന്നെ വിടവാങ്ങുകയല്ലേ ചെയ്യുന്നതു്?
തീവ്രമതവിശ്വാസികൾ എതിര്‍പക്ഷത്തിനു് നേരെ നടത്തുന്ന ഓരോ ആരോപണങ്ങളും ശ്രദ്ധിച്ചാൽ, അതു് അവരുടെ പ്രതിയോഗികളേക്കാൾ എല്ലാ അർത്ഥത്തിലും യോജിക്കുന്നതു് അവർക്കുതന്നെയാണെന്നു് മനസ്സിലാക്കാൻ പ്രയാസമൊന്നുമില്ല. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവനെ വ്യക്തിപരമായി ആക്രമിക്കാനല്ലാതെ, ഒരു മതഗ്രന്ഥത്തിലെ ഉള്ളടക്കം ആ ഗ്രന്ഥം ഒരിക്കലും ദൈവികമല്ല, മാനുഷികം മാത്രമേ അവാൻ കഴിയൂ എന്നു് തെളിയിക്കാനായി ഉന്നയിക്കപ്പെടുന്ന ഏതെങ്കിലുമൊരു വാദമുഖത്തിനു് സാമാന്യബോധത്തിനു് നിരക്കുന്നതായ ഒരു വിശദീകരണമോ എതിര്‍വാദമോ നൽകാൻ ഇതുവരെ ഇവർക്കു് കഴിഞ്ഞിട്ടില്ല എന്നതു് ഒരു വസ്തുതയാണു്. ഇതു് വെറുതെ പറയുന്നതല്ല എന്നതിനു് ബ്ലോഗിൽ നടന്ന “സംവാദങ്ങളുടെ” ഏതാനും ചില ഉദാഹരണങ്ങൾ: ശെരീഖ് ഹൈദർ വെള്ളറക്കാടുമായി സൂരജ് അടക്കം പലർ നടത്തിയ “സംവാദം”. (221 കമന്റുകളോടെ എങ്ങുമെത്താതെ അവസാനിച്ച ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ. “ജബ്ബാർ മാഷ് മുങ്ങുന്നേ” എന്നു് വിളിച്ചുപറഞ്ഞുകൊണ്ടു് സ്വയം മുങ്ങിയ ഫൈസൽ കൊണ്ടോട്ടിയെയും അതിലെ കമന്റുകളുടെ അവസാനഭാഗത്തു് കാണാം. ഫൈസൽ കുറെ നാളുകൾക്കു് ശേഷം കാളിദാസന്റെ ഒരു പോസ്റ്റിലൂടെ ഒരു രണ്ടാം വരവിനു് ശ്രമിച്ചതായി കണ്ടു. ശെരീഖ് ഹൈദർ വെള്ളറക്കാടു് അതിനുശേഷം ഒരു ചെറിയ പോസ്റ്റിട്ടെങ്കിലും ഇപ്പോൾ ബ്ലോഗിൽ സജീവമല്ല. മറ്റേതെങ്കിലും ID-യിൽ പിന്നീട് ഉയിർത്തെഴുന്നേറ്റോ എന്നതു് എന്റെ അറിവിനു് അതീതമാണു്.) ജബ്ബാർ മാഷ് പല പോസ്റ്റുകളിലൂടെ പല ഇസ്ലാം വക്താക്കളുമായി നടത്തിയ “സംവാദങ്ങൾ”. കാളിദാസനുമായി ചില ആഗ്രഹപണ്ഡിതന്മാർ നടത്തിയതും (ശക്തി കുറഞ്ഞുതുടങ്ങിയിട്ടുണ്ടെങ്കിലും) ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ “സംവാദങ്ങൾ”. ക്രൈസ്തവരുടെയും ഇസ്ലാമിന്റെയും ചില വക്താക്കൾ ഞാനുമായി ആരംഭിച്ച സംവാദം. ഇവയെല്ലാം വിശ്വാസി/അവിശ്വാസി വിഭാഗങ്ങൾ തമ്മിൽ അർത്ഥപൂർവ്വമായ ഒരു സംവാദം സാദ്ധ്യമാവില്ല എന്നതിന്റെ നിഷേധിക്കാനാവാത്ത തെളിവുകളാണു്.
ഇതിനൊക്കെയും ശേഷം ഇപ്പോഴും ഇത്തരം ചർച്ചകൾ നടത്തുന്നവരോടു് എനിക്കൊന്നേ പറയാനുള്ളു: ഒരബദ്ധം മനുഷ്യനു് പറ്റാം. പക്ഷേ ഒരേ അബദ്ധം തന്നെ ഒൻപതു് പ്രാവശ്യം പറ്റാനായി നമ്മൾ നിന്നുകൊടുക്കരുതു്. അങ്ങോട്ടു് പറയുന്നതു് ശ്രദ്ധയോടെ വായിക്കാനുള്ള താത്പര്യമോ, ഇങ്ങാട്ടു് പറയുന്ന കാര്യങ്ങളിലെ വൈരുദ്ധ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവോ ഇല്ലാത്തവരുമായി ഒരു സംവാദം അർത്ഥശൂന്യമാണെന്നു് മനസ്സിലാക്കേണ്ടിവന്നതുകൊണ്ടു് കാലേകൂട്ടിത്തന്നെ അത്തരം സംവാദങ്ങളിൽ നിന്നു് ഞാൻ ഒഴിവാവുകയായിരുന്നു. അതുവഴി ഏറെ സമയം എനിക്കു് ലാഭിക്കാനുമായി. ഇന്നു് ഞാൻ ബ്ലോഗെഴുതുന്നതു് വഴിമദ്ധ്യേ ഞാൻ ശേഖരിച്ചതും ശേഖരിക്കേണ്ടിവന്നതുമായ അല്ലറ ചില്ലറക്കാര്യങ്ങൾ സമാനചിന്താഗതിക്കാരുമായി പങ്കുവയ്ക്കുന്നതിനു് മാത്രമാണു്. ഒന്നരയും രണ്ടും അതിൽ കൂടുതലും സഹസ്രാബ്ദങ്ങൾക്കു് മുൻപു് ജീവിക്കുന്നവരുമായി യാതൊരു വിധ തർക്കവും ഞാൻ ലക്ഷ്യമാക്കുന്നില്ല. അവർ പോകാൻ ആഗ്രഹിക്കുന്ന വഴികളെ ഞാൻ തടയുന്നുമില്ല. മേൽപ്പറഞ്ഞ പോസ്റ്റുകളിലൊക്കെ “ചർച്ച” എന്ന പേരിൽ അരങ്ങേറിയ ആഭാസങ്ങളിലൂടെ വ്യക്തികളെ തേജോവധം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടന്നു എന്നല്ലാതെ, യുക്തിപൂർവ്വമായ വാദമുഖങ്ങളിലൂടെ വസ്തുനിഷ്ഠമായി എന്തെങ്കിലുമൊരു കാര്യം അവതരിപ്പിക്കാൻ വിശ്വാസിപക്ഷത്തിനു് കഴിഞ്ഞില്ല എന്നതാണു് സത്യം. അവരൊഴികെ, ചിന്താശേഷി പണയം വച്ചിട്ടില്ലാത്ത മറ്റു് വായനക്കാർക്കൊക്കെ അതു് മനസ്സിലാവുകയും ചെയ്തു.
ഇവരുടെ അസഭ്യങ്ങൾക്കു് അതേ നാണയത്തിൽ മറുപടി നൽകിയാൽ അതൊരു വലിയ ഇഷ്യൂ ആയി മാറും. കമന്റുകളിലൂടെ തെറി പറയാൻ ബ്ലോഗുടമ അനുവദിച്ചില്ലെങ്കിൽ തെറി പറയാനായി മാത്രം പുതിയ പോസ്റ്റുകൾ ഇട്ടു് തൃപ്തിയടയും. മലയാളം ബ്ലോഗുലോകം കേരളീയസമൂഹത്തിന്റെ ഒരു ചെറിയമാതൃകയല്ലാതെ മറ്റെന്തെങ്കിലും ആയിരിക്കണം എന്ന മോഹം അതിമോഹമല്ലേ ആവൂ? “വിമര്‍ശനവും തെറിയുമൊക്കെ നമ്മുടെ കുത്തകയാണു്” എന്നതാണു് കേരളത്തിലെ ഒരോ സാമൂഹികമേശവലിപ്പുകളുടെയും തത്വം. വിമര്‍ശിക്കുന്നവരെ ആശയപരമായി നേരിടാനുള്ള അറിവില്ലായ്മയും കഴിവുകേടും മൂലം, എതിര്‍ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തണമെന്നുവരെ അവരിൽ ചില എരിവേറിയ പണ്ഡിതർ പ്രഖ്യാപിച്ചുകളയും! എത്രയൊക്കെ ആയാലും, തിട്ടൂരം ഇറക്കുമ്പോഴേക്കും ചാടിപ്പുറപ്പെടുന്ന അവസ്ഥയിലേക്കു് ഭൂരിപക്ഷം മലയാളികളും ഇതുവരെ അധഃപതിച്ചിട്ടില്ല. എങ്കിലും ഒന്നു് ആഹ്വാനം ചെയ്തുനോക്കുന്നതുകൊണ്ടു് തെറ്റൊന്നുമില്ലല്ലോ! അവജ്ഞകൊണ്ടു് ആരും “ചർച്ചകളിലേക്കു്” ചെല്ലാതിരുന്നാൽ അതു് ഭയം കൊണ്ടാണെന്നോ, അല്ലെങ്കിൽ തോറ്റോടലാണെന്നോ ഒക്കെയാവും വ്യാഖ്യാനിക്കപ്പെടുക. കോടാനുകോടി മനുഷ്യർ ഇതിനോടകം ജീവിച്ചു് മരിച്ചതും, ഇപ്പോഴും ജീവിക്കുന്നതുമായ ഈ ലോകത്തിൽ, ഏതോ മരുഭൂമിയിൽ പോയി മോശെക്കു് പ്രത്യക്ഷപ്പെട്ട യഹോവയും, മുഹമ്മദിനു് പ്രത്യക്ഷപ്പെട്ട അല്ലാഹുവും അങ്ങനെ ചെയ്തതു് ഭയം കൊണ്ടോ, അതോ ആ ദൈവം/ദൈവങ്ങൾ നാണംകുണുങ്ങികൾ ആയതുകൊണ്ടോ? യഹോവയും അല്ലാഹുവും ഒന്നല്ല രണ്ടുപേരാണു് എന്നേതോ മതബ്ലോഗിൽ പണ്ടു് വായിച്ചതോർക്കുന്നു. അതുകൊണ്ടാണു് “ദൈവങ്ങൾ” എന്നുകൂടി ചേർത്തതു്. കഷ്ടമെന്നേ പറയാനുള്ളു, അന്ധവിശ്വാസികൾക്കു് (ഏതു് വിശ്വാസവും അന്ധവിശ്വാസമാണു്!) യുക്തിചിന്തയുടെ നേരെ എറിയാനുള്ള ആയുധങ്ങൾക്കെല്ലാം ബ്യൂമെറാങ്ങിന്റെ ആകൃതിയാണു്. അതുകൊണ്ടു് അവർ എയ്യുന്ന അമ്പുകളെല്ലാം കയ്യോടെ തിരിച്ചുവന്നു് അവരുടെ കണ്ണിൽത്തന്നെ കൊള്ളുന്നു!
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നിട്ടും യുക്തിവാദികളാണത്രെ അസഹിഷ്ണുക്കൾ. യുക്തിവാദികളുടെ അസഹിഷ്ണുത മൂലമാണോ പാകിസ്ഥാനിൽ ഫെയ്സ് ബുക്കും, യൂട്യൂബും, ട്വിറ്ററുമൊക്കെ നിരോധിച്ചതു് എന്നെനിക്കറിയില്ല. മതങ്ങൾ വിഭാവനം ചെയ്യുന്ന ദൈവരാജ്യമെന്നാൽ “തിരുവായ്ക്കെതിര്‍വായില്ല” എന്ന മാതിരി എതിർത്തൊരക്ഷരം ഉരിയാടാതെ മനുഷ്യർ “ഇരുത്തിയാൽ ഇരുത്തിയേടത്തിരിക്കുന്ന” സമത്വസുന്ദരശ്യാമളകോമളതയാണെന്നറിയാത്തവർക്കു് പാകിസ്ഥാന്റേതുപോലുള്ള രാഷ്ട്രീയ ഇടപെടലുകളും, നിരോധന നടപടികളും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. “ഞാൻ പറയുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ടു്” – അതാണു് മതങ്ങളുടെ വ്യാഖ്യാനപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിർവചനം. ഭാരതത്തിലും പാകിസ്ഥാൻ മാതൃകയിൽ ഒരു മതാധിപത്യവ്യവസ്ഥിതി വന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നെനിക്കു് തോന്നുന്നു. അങ്ങനെവന്നാൽ ഇവിടെയും ട്വിറ്ററും യൂട്യൂബുമൊക്കെ ഒരു കൊച്ചുവെളുപ്പാൻകാലത്തു് ഏകപക്ഷീയമായി നിരോധിക്കപ്പെടും. മനുഷ്യർ ഒരച്ചിലുണ്ടാക്കിയ പത്മാസനപാവകളായി മാറും. അപ്പോൾ ഭാരതത്തിലും എല്ലാവർക്കും ഒരേ മതവും ഒരേ ദൈവവും ഒരേ വിശ്വാസവും ഒരേ അഭിപ്രായവും ഒരേ വസ്ത്രധാരണവും ഒരേ വിയർപ്പുഗന്ധവും ആയിരിക്കുമെന്നതിനാൽ സ്വന്തവും സ്വതന്ത്രവുമായ അഭിപ്രായം പ്രകടിപ്പിക്കുന്ന വ്യക്തികളോ അവരുടെ ബ്ലോഗുകളോ ഒന്നും ഉണ്ടാവുകയില്ല. തന്മൂലം, അവരുടെയൊക്കെ വാദഗതികളെ കുത്തിയിരുന്നു് “കണ്ടിക്കാനായി” മതബ്ലോഗുകൾ തുടങ്ങേണ്ട ആവശ്യവുമില്ല. അങ്ങനെ, മനുഷ്യർക്കു് സദാചാരവിരുദ്ധവും പൈശാചികസൃഷ്ടിയുമായ ആധുനികസാങ്കേതികത്വങ്ങൾ ഉപയോഗിക്കുന്നതിനുവേണ്ടി സമയം നഷ്ടപ്പെടുത്താതെ പ്രാർത്ഥനയിലും ധ്യാനത്തിലും തീർത്ഥാടനത്തിലും മുഴുകി ജീവിച്ചു് സായൂജ്യമടയാം, ചത്തു് സ്വർഗ്ഗം പൂകാം. നരകത്തിൽ ഒരൊറ്റ ഭാരതീയനെ മഷിയിട്ടു് നോക്കിയാൽ പോലും കാണാനുണ്ടാവില്ല. അതിൽ കൂടുതൽ എന്തോന്നു് ജീവിതസൗഭാഗ്യം?
നിങ്ങൾ കേട്ടില്ലേ? യുക്തിഭദ്രമായി ചിന്തിക്കാൻ കഴിയുന്നവരും അതുകൊണ്ടുതന്നെ വിശ്വാസി-സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം മന്ദബുദ്ധികളായിരിക്കേണ്ടവരുമായ ഏതോ കുറേ ശാസ്ത്രജ്ഞർ മനുഷ്യനിർമ്മിതമായ DNA ഉപയോഗിച്ചു് ഒരു ജീവിക്കുന്ന സെൽ സൃഷ്ടിച്ചത്രെ! ഇതുകേട്ടാൽ ഒരു പക്കാ വിശ്വാസി എന്തുപറയുമെന്നുകരുതി? “ഹാ ഹാ ഹാ! ഇതാണോ ഇത്ര വലിയ ഒരു കാര്യം? പറ്റുമെങ്കിൽ ഒരു ഞാഞ്ഞൂലിനെ സൃഷ്ടിച്ചു് കാണിക്കൂ!” അതേസമയം, ദൈവത്തെ പ്രപഞ്ചസൃഷ്ടിയുടെ ഹോൾസെയിൽ വ്യാപാരി ആയി വാഴിച്ചു് ആ ദൈവത്തിന്റെ റീട്ടെയിൽ വ്യാപാരികളായി വിശ്വാസികളുടെ മുതുകത്തു് കയറിയിരുന്നു് വാഴുന്നവർ പണ്ടായിരുന്നെങ്കിൽ കയ്യോടെ സാമാന്യത്തിൽ ഭേദപ്പെട്ട ഒരു ചിതയൊരുക്കുവാൻ വിനീതവിധേയരായ അനുയായികൾക്കു് കൽപന കൊടുത്തേനെ. ഇപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലാത്തതിനാൽ അവർക്കു് ചില നീക്കുപോക്കുകളും താക്കീതുകളുമായി ഒതുങ്ങിക്കൂടേണ്ടിവരുന്നു.
ഏതായാലും, കത്തോലിക്കാസഭയിൽ, ചുരുങ്ങിയപക്ഷം വത്തിക്കാനിലെ ചില തലകളിലെങ്കിലും ബോധോദയത്തിന്റെ ആദ്യകിരണങ്ങൾ പതിയാൻ തുടങ്ങുന്നു എന്നതു് ആശ്വാസദായകമാണു്. ഒരു അൻപതു് കൊല്ലങ്ങൾ കഴിയുമ്പോഴേക്കും അവർ ഇന്നത്തെ മനുഷ്യരുടെ ബൗദ്ധികനിലവാരത്തിൽ എത്തിക്കൂടായ്കയില്ല. അതേസമയം, ഇന്നത്തെ ഇസ്ലാം, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, കത്തോലിക്കാസഭയെ അപേക്ഷിച്ചു്, ചുരുങ്ങിയതു് ഒരു ഇരുന്നൂറു് വർഷങ്ങൾക്കെങ്കിലും പുറകിലാണെന്നതിനാലും, ഇസ്ലാമിനെ അതിലും പുറകിലേക്കു് ഓടിക്കാനുള്ള ശ്രമങ്ങൾ അവരുടെ പക്ഷത്തുനിന്നുതന്നെ തകൃതിയായി നടക്കുന്നുണ്ടെന്നതിനാലും, അവിടെ ബോധവത്കരണത്തിന്റെ പ്രകാശരശ്മികൾ കാണാൻ വരാനിരിക്കുന്ന ഏറെ തലമുറകൾക്കു് ഭാഗ്യമുണ്ടാവണമെന്നില്ല. അതുകൊണ്ടു്, ഏതാനും വർഷങ്ങൾക്കോ ദശകങ്ങൾക്കോ ശേഷം ഒരു മനുഷ്യജീവിയെത്തന്നെ സൃഷ്ടിക്കുന്നതിൽ ശാസ്ത്രം വിജയിച്ചു എന്നു് കരുതൂ. അപ്പോൾ മതബ്ലോഗുകളിൽ വായിക്കാം: “പറ്റുമെങ്കിൽ ഞങ്ങടെ സർവ്വശക്തനായ ദൈവം പടച്ചതുപോലെ പശമണ്ണു് കുഴച്ചു് മനുഷ്യനെ സൃഷ്ടിച്ചുകാണിക്കൂ!” അതാണു് വിശ്വാസി! പൂച്ചയെ മുകളിലേക്കു് എറിഞ്ഞാൽ നാലുകാലിൽ കുത്തിയേ താഴെയെത്തൂ എന്നതിനാൽ എറിഞ്ഞവനെ കണ്ണിറുക്കിനോക്കി ചൂളമടിക്കാനുള്ള അർഹത പൂച്ചക്കുണ്ടു്. അതേസമയം വിശ്വാസി അവന്റെ നിലപാടുകളുമായി മുതുകുകുത്തി വീണു് നടുവൊടിഞ്ഞു് കിടന്നകിടപ്പിൽ കിടക്കുകയാണെങ്കിലും താൻ വീണതു് നാലുകാലിലായിരുന്നു എന്നാവും അവകാശപ്പെടുക. അതാണു് സാക്ഷാൽ വിശ്വാസി!
ഈ ലോകത്തിൽ കോടിക്കണക്കിനാളുകൾ പുകവലിക്കുന്നവരാണു്. പുകവലി ലംഗ് ക്യാൻസർ ഉണ്ടാവാൻ കാരണമാവാമെന്നും, അതൊരു മാരകമായ രോഗമാണെന്നും പുകവലിക്കുന്നവർ അടക്കം മിക്കവാറും എല്ലാ മനുഷ്യർക്കുമറിയാം. പോരെങ്കിൽ പല രാജ്യങ്ങളിലും സിഗററ്റ് പാക്കറ്റുകളിൽ പുകവലി മാരകമാണെന്നും, കുഞ്ഞുങ്ങൾ സിഗററ്റിന്റെ പുക ശ്വസിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നുമൊക്കെ വലിയ അക്ഷരങ്ങളിൽത്തന്നെ എഴുതി വച്ചിട്ടുമുണ്ടു്. പുകവലിക്കുന്നവർ ഓരോ സിഗററ്റ് പുറത്തെടുക്കുമ്പോഴും ഈ താക്കീതുകൾ കാണുന്നുമുണ്ടു്. എങ്കിലും അവർ തുടർന്നും പുകവലിക്കുന്നു! കോടിക്കണക്കിനാളുകൾ പുകവലി നിർത്താതെ ഇപ്പോഴും തുടരുന്നു എന്നതു് പുകവലിയുടെ ന്യായീകരണമാണു് എന്നൊരുവൻ വാദിക്കുന്നതുപോലെയാണു് കോടിക്കണക്കിനു് മനുഷ്യർ ദൈവവിശ്വാസികളായിരിക്കുന്നതു് ദൈവവിശ്വാസത്തിന്റെ നീതീകരണമായും അതുവഴി ദൈവാസ്തിത്വത്തിന്റെ തെളിവായും ഒരുവൻ വാദിക്കുന്നതു്. പുകവലിയും മദ്യപാനവും ചൂതുകളികളുമെല്ലാം അഡിക്ഷനാണു്. ഒരു പരിധി ലംഘിച്ചാൽ ചികിത്സകൊണ്ടു് മാത്രം മാറ്റാൻ കഴിയുന്ന രോഗങ്ങളാണു് അവയെല്ലാം. അത്തരം ചികിത്സയുടെ വിജയസാദ്ധ്യതയിൽ ആ വ്യക്തിയുടെ ആത്മനിയന്ത്രണശേഷി നല്ലൊരു പങ്കു് വഹിക്കുന്നുമുണ്ടു്. ദൈവവിശ്വാസവും ഒരു അഡിക്ഷൻ മാത്രമല്ലാതെ മറ്റൊന്നുമല്ല. ഒരു പരിധി ലംഘിച്ചാൽ ഭ്രാന്തായി മാറുന്ന അഡിക്ഷൻ. നിരപരാധികളെയും, സ്വന്തം മക്കളേയും അടുത്ത കുടുംബാംഗങ്ങളേയും പോലും നിർദ്ദയം കൊല്ലാൻ മടിയില്ലാതാക്കുന്ന മാനസികാവസ്ഥയിലേക്കു് മനുഷ്യനെ എത്തിച്ചേക്കാവുന്ന ദൈവ/മതവിശ്വാസഭ്രാന്തു്. ക്രിമിനോളജിയിൽ അതിനുള്ള ഉദാഹരണങ്ങൾ ധാരാളം. അതുപോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള ദൈവകൽപന തങ്ങൾക്കു് ലഭിച്ചതു് സ്വപ്നത്തിലൂടെയോ വെളിപാടിലൂടെയോ ഒക്കെയാണെന്നാണു് ചോദ്യം ചെയ്യുമ്പോൾ അത്തരം കുറ്റവാളികളും നൽകുന്ന മറുപടി. ദൈവം മരുഭൂമികളിൽ മാത്രമല്ല വെളിപെടാറുള്ളതു് എന്നു് സാരം.
സാധാരണഗതിയിൽ സാമാന്യബുദ്ധിയുള്ള ഒരു മനുഷ്യനും വിശ്വസിക്കാനോ ചെയ്യാനോ തയ്യാറാവാത്ത ഒരു കാര്യം, അതു് ദൈവം കൽപിച്ചതാണെന്നു് വരുത്താനായാൽ, അതു് നിരുപാധികം വിശ്വസിക്കാനും അക്ഷരം പ്രതി അനുസരിക്കാനും, അതു് അഭിമാനകരമായ ഒരു കാര്യമായാലെന്നപോലെ സമൂഹമദ്ധ്യേ പ്രദര്‍ശിപ്പിക്കാനും ചിന്താശേഷിയില്ലാത്ത മനുഷ്യർ മടിക്കാറില്ല. ചേലാകർമ്മം എന്ന ദൈവകൽപന ഉദാഹരണമായി എടുക്കാം. അതൊരു ദൈവകൽപന ആണെന്നു് തലമുറകളിലൂടെ അടിച്ചേൽപിക്കപ്പെടാതിരുന്നെങ്കിലോ, അല്ലെങ്കിൽ, അതു് ഇഷ്ടമുള്ളവർക്കു്, വേണമെങ്കിൽ മാത്രം, ചെയ്യാവുന്ന ഒരു ഓപ്ഷൻ ആയിരുന്നെങ്കിലോ അതുപോലൊരു ഏർപ്പാടു് ചെയ്യാൻ തയ്യാറാവുന്നവരുടെ എണ്ണം കൽപന ലഭിച്ചു് അധികം താമസിയാതെതന്നെ പൂജ്യമായിത്തീർന്നേനെ. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അതുപോലൊരു കർമ്മം ആചരിക്കാത്തവരാണു് എന്നുകൂടി ഇതിനോടു് ചേർത്തു് വായിക്കുക. ദൈവനാമത്തിൽ ആചരിക്കപ്പെട്ടാൽ ഏതു് ഭ്രാന്തും നോര്‍മൽ ആയി കണക്കാക്കാൻ മനുഷ്യർക്കുള്ള മടിയില്ലായ്മക്കു് മറ്റൊരുദാഹരണം കൂടി (പണ്ടൊരിക്കൽ എവിടെയോ എഴുതിയതാണെങ്കിലും): “സഖാവേ, നീ എന്റെ സുഹൃത്താകുന്നു” എന്നൊരു നല്ല മനുഷ്യൻ നമ്മോടു് പറഞ്ഞാൽ നമ്മൾ അതിൽ സന്തോഷിക്കും. നമ്മുടെ സന്തോഷവും നന്ദിയും അവനെ അറിയിക്കുകയും ചെയ്യും. അതേസമയം, ആ മനുഷ്യൻ അതേ വാചകം ഇരുന്ന ഇരുപ്പിൽ ഇരുപത്തഞ്ചു് പ്രാവശ്യം നമ്മുടെ ചെവിയിൽ ഉരുവിടാൻ തുടങ്ങിയാൽ അയാളെ നമ്മൾ സ്നേഹപൂർവ്വം അടുത്ത മാനസികരോഗാശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കും. കാരണം, അയാളുടെ ആ പ്രവൃത്തി സ്വാഭാവികമായും നമ്മുടെ ദൃഷ്ടിയിൽ ഒരു അബ്നോര്‍മാലിറ്റിയാണു്. അതേസമയം കാണാതെ പഠിച്ച ചില പ്രാർത്ഥനാശകലങ്ങൾ കൊന്തയുടെയോ രുദ്രാക്ഷമാലയുടെയോ പിൻതുണയോടെ റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റോപ്പിലോ ഒക്കെ ഇരുന്നു് ഇടവിടാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഭക്തൻ ഒരു അസാധാരണത്വവും നമ്മിൽ ഉദിപ്പിക്കാറില്ല. പക്ഷേ, ആ ഭക്തന്റെ ഈ പ്രവൃത്തി ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാണാൻ ശ്രമിച്ചാൽ, ദൈവം ഒന്നുകിൽ ചെവിയില്ലാത്തവനോ, അല്ലെങ്കിൽ കേൾക്കുന്നതു് മനസ്സിലാക്കാൻ കഴിവില്ലാത്തവനോ ആയിരിക്കാമെന്നു് നമുക്കു് തോന്നിയാൽ അതിൽ അത്ഭുതമുണ്ടോ? സ്വന്തം പ്രവൃത്തികളെപ്പറ്റി ചിന്തിക്കാൻ കഴിയുമായിരുന്നെങ്കിൽ തന്റെ ദൈവത്തെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുവാൻ ആ മനുഷ്യൻ തയ്യാറാവുമായിരുന്നോ? പറയുന്നതു് നൂറുവട്ടം ആവർത്തിച്ചാലും മനസ്സിലാവാത്ത മനുഷ്യർ നമ്മുടെ അഭിപ്രായത്തിൽ വിഡ്ഢികളാണു്. ദിവസത്തിൽ എത്രയോവട്ടം ദൈവത്തോടു് ആവർത്തിക്കപ്പെടുന്ന പ്രാർത്ഥനാജപങ്ങൾ വഴി ഭക്തന്മാർ ചെയ്യുന്നതു് അവരുടെ ദൈവത്തെ വിഡ്ഢിയാക്കലല്ലാതെ മറ്റെന്താണു്?
വെറുമൊരു നേരിയ അംശം മാത്രം ഇതുവരെയായിട്ടും നമുക്കു് മനസ്സിലാക്കാൻ കഴിഞ്ഞ – അതും ശാസ്ത്രത്തിന്റെ സഹായം ഒന്നുകൊണ്ടുമാത്രം! – ആകമാനപ്രപഞ്ചത്തിന്റെ ആദ്യകാരണമാണു് ദൈവം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതെങ്കിൽ, ആ ദൈവമെവിടെ, ആ ദൈവം ശിക്ഷിക്കുമെന്നും, രക്ഷിക്കുമെന്നും, ആ ദൈവത്തെ തൃപ്തിപ്പെടുത്തണമെന്നും, ആ ദൈവത്തിനു് നേർച്ചകാഴ്ചകൾ അർപ്പിക്കണമെന്നും ഒക്കെ അനുശാസിക്കുന്ന മതങ്ങളെവിടെ, ആ മതങ്ങളിലെ ദൈവമെവിടെ? ഒരു മനുഷ്യൻ എപ്പോൾ എവിടെ ആരോടു് ലൈംഗികബന്ധത്തിൽ ഏർപ്പെടണം എന്നു് അരുളിച്ചെയ്യാൻ ഭൂമിയിൽ എത്തുന്ന ആരോ ആണത്രെ സമസ്തപ്രപഞ്ചത്തിന്റെയും ആദ്യകാരണം! പ്രപഞ്ചത്തിനു് ഒരു ആദ്യകാരണം വേണമെന്നു് മനുഷ്യർക്കാണു് നിർബന്ധം. അങ്ങനെയൊരു നിർബന്ധം തനിക്കുണ്ടെന്നു് പ്രപഞ്ചം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനി അഥവാ വേണമെങ്കിൽത്തന്നെ, അതു് കല്യാണക്കുറിയുമായി നടക്കുന്ന ഒരു പോസ്റ്റ്‌മാനോ, പശമണ്ണു് കുഴക്കുന്ന ഒരു കുശവനോ, മനുഷ്യർക്കു് തോലുകൊണ്ടു് വസ്ത്രമുണ്ടാക്കുന്ന ഒരു തയ്യൽക്കാരനോ ഒന്നും ആയിരിക്കുകയില്ല എന്നു് യാതൊരു സംശയവും ഇല്ലാതെ പറയാം. അതുപോലൊരുവനാണു് ദൈവമെങ്കിൽ, ആ ദൈവത്തെ ഈ ഭൂമിയിൽ നിന്നും ആട്ടിയോടിക്കേണ്ട സമയം അതിക്രമിച്ചു എന്നേ പറയാനുള്ളു. പ്രപഞ്ചം എന്നാൽ കോത്താഴം ആണെന്നും, അവിടത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമനാണു് ദൈവമെന്നും സങ്കൽപ്പിച്ചാൽ പ്രശ്നമൊന്നുമില്ല. പ്രസിഡന്റ് രാമൻ തന്റെ “പ്രപഞ്ചത്തിലെ” ഒന്നോ രണ്ടോ കല്യാണത്തിന്റെ ദല്ലാൾ പണിയേറ്റെടുക്കുന്നതിലും, സദ്യവട്ടങ്ങളുടെ ചുക്കാൻ പിടിക്കുന്നതിലും അസാധാരണമായി ഒന്നുമില്ല. പക്ഷേ, കഷ്ടമെന്നേ പറയേണ്ടൂ, ഒരു കോത്താഴമല്ല പ്രപഞ്ചം. അതുകൊണ്ടുതന്നെ, കോത്താഴത്തെ പഞ്ചായത്തു് പ്രസിഡന്റായ രാമൻ ഒരിക്കലും പ്രപഞ്ചം എന്ന അപാരതയുടെ ആദ്യകാരണമാവുകയുമില്ല.
സാമൂഹികജീവിതത്തിലെ ധാർമ്മികതകക്കു് ഒരു ദൈവത്തിന്റെയും ആവശ്യമില്ല. മനുഷ്യർക്കു് ഒരു സമൂഹത്തിൽ സമധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കാൻ നിയമങ്ങളും നിയമപരിപാലനവുമാണു് ആവശ്യം. ദൈവം, ഏറിയാൽ, വ്യക്തിജീവിതത്തിനു് മനഃശാസ്ത്രപരമായ ഒരു അത്താണി ആയേക്കാവുന്ന, തികച്ചും സാങ്കൽപികം മാത്രമായ ഒരാശയം മാത്രം. അതു് വ്യക്തിഗതമായി തുടരുന്നിടത്തോളം സമൂഹത്തിനു് അതുവഴി ദോഷമൊന്നും സംഭവിക്കാനില്ല. വേണ്ടവൻ ചെയ്യട്ടെ. ലോട്ടറി അടിച്ചു് ലക്ഷപ്രഭു ആവണം എന്നു് ആഗ്രഹമില്ലാത്തവൻ എന്തിനു് ലോട്ടറിടിക്കറ്റെടുക്കണം? ലോട്ടറിയിൽ പങ്കെടുക്കുന്ന മറ്റു് പതിനായിരങ്ങളുടെ പണമാണു് പങ്കെടുക്കുന്ന ഓരോരുത്തനും തന്റെ പോക്കറ്റിലേക്കു് ഒഴുകണം എന്നാഗ്രഹിക്കുന്നതു്. അവരെല്ലാവരും അതുതന്നെ ആഗ്രഹിക്കുന്നവരാണെന്നതിനാൽ അതിൽ പരാതിപ്പെടേണ്ട കാര്യവുമില്ല. പക്ഷേ, ദൈവം ലോട്ടറി നടത്തുന്നവനാവുമോ? “പലതുള്ളി പെരുവെള്ളം” – അതാണു് മതങ്ങൾ വാരിക്കൂട്ടുന്ന ധനത്തിന്റെയും രഹസ്യം. വേണ്ടത്ര ശേഖരിച്ചുകഴിഞ്ഞാൽ സ്വയം പ്രവർത്തിച്ചു് പെരുകാൻ കഴിവുള്ള ഒരു പ്രതിഭാസമാണു് ധനം. ദൈവമല്ല, ദൈവത്തെ സ്വന്തം കോട്ടകൊത്തളങ്ങളിൽ ഒതുക്കാൻ ശ്രമിക്കുന്ന മതങ്ങളാണു് ഏതൊരു സമൂഹത്തിന്റെയും ശാപം. ഞങ്ങളുടേതാണു് മറ്റു് മതങ്ങളെക്കാൾ ഭേദമെന്നു് സ്ഥാപിക്കണമെങ്കിൽ ഞങ്ങളുടെ ദൈവമാണു് ഏകസത്യദൈവമെന്നു് സ്ഥാപിക്കപ്പെടണം. അതിനുവേണ്ടി ആരോ എന്നോ അക്കാലത്തെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ എഴുതിയുണ്ടാക്കിയ അക്ഷരങ്ങളെ അവർ തിരിച്ചും മറിച്ചും തലകുത്തിനിന്നും വ്യാഖ്യാനിക്കുന്നു. അവർക്കു് വേണ്ടതു് കിട്ടുന്നതുവരെ ഈ അരിയ്ക്കലും പാറ്റലും കൊഴിയ്ക്കലും തുടർന്നുകൊണ്ടിരിക്കും. അവസാനം അതെഴുതിയുണ്ടാക്കിയവൻ സ്വപ്നത്തിൽ പോലും സങ്കൽപിച്ചിരിക്കാൻ സാദ്ധ്യതയില്ലാത്ത ചില മസ്തിഷ്ക്കഭൂതങ്ങൾ അതിൽനിന്നും ഉരുത്തിരിയുന്നു. ഒരു മതത്തിനു് അതിന്റെ ഘടനകൊണ്ടുതന്നെ സഹിഷ്ണുതയുള്ളതായിരിക്കാനാവില്ല. മതവും രാഷ്ട്രവും തമ്മിൽ നിർബന്ധമായും വേർപെടുത്തപ്പെടേണ്ടതിന്റെ ആവശ്യവും അതുകൊണ്ടുതന്നെ.
വ്യാഖ്യാനങ്ങൾ ജനിക്കുന്നതിന്റെ ബാലപാഠം
“മാ നിഷാദ” എന്നാൽ “അരുതേ കാട്ടാളാ” എന്നു് സാമാന്യമായ അർത്ഥം. പക്ഷെ, ഉരലിൽ ഇട്ടു് അതിനെ ഒന്നു് കുത്തിപ്പൊടിച്ചാൽ “അമ്മേ കാട്ടാള” എന്നാക്കി മാറ്റാം. പൊടിച്ചശേഷം വ്യാഖ്യാതാവു് ഇതു് പറയുമ്പോൾ സദസ്യരായ കേൾവിക്കാർക്കു് കാണാനാവുന്നവിധത്തിൽ യാതൊരു കാരണവശാലും മുഖത്തെ മാംസപേശികൾ ചലിപ്പിക്കുകയോ, മുഖത്തെ “ഗൗരവഭാവം” കൈവെടിയുകയോ ചെയ്യരുതെന്ന ഒരു നിബന്ധനയേ ഉള്ളു. മതവിശ്വാസപരം, പ്രത്യയശാസ്ത്രപരം, ബുദ്ധിജീവിപരം, ജ്യോതിഷപരം, “മുതലായപരം” കാര്യങ്ങളിൽ തമാശ, സാറ്റയർ തുടങ്ങിയ പുള്ളകളികൾക്കു് യാതൊരു സ്ഥാനവുമില്ലെന്നറിയുക. (സറ്റീറിക്കൽ ഷോകളിലെപ്പോലെ, ചാൻസലറിനേയും മന്ത്രിമാരെയും സാംസ്കാരികനായകന്മാരേയും മാർപ്പാപ്പയേയും ദൈവത്തെയുമൊക്കെ സ്റ്റേജിൽ നൂറുകണക്കിനു് പ്രേക്ഷകരുടെ മുന്നിൽ നർമ്മരസം കലർത്തി തൊലിയുരിച്ചു് വിമര്‍ശിക്കാനും അവയുടെയൊക്കെ തത്സമയപ്രക്ഷേപണം രാജ്യം മുഴുവൻ ടെലിവിഷനിലും റേഡിയോയിലുമൊക്കെ അവതരിപ്പിക്കാനും ഇതു് പശ്ചിമയൂറോപ്പല്ല, ഭാരതമാണെന്നു് മറക്കാതിരിക്കുക. ഭാരതത്തിൽ “ജീവിക്കുന്ന” ആത്മാരാധനാജനുസ്സുകൾക്കു് ഈശ്വരനിലും ആത്മാവിലും മോക്ഷത്തിലും രാഷ്ട്രീയത്തിലും കുറഞ്ഞ ഒരു വിഷയത്തിലും താത്പര്യമില്ല, വെളിവുമില്ല. അഹം ആണല്ലോ അനാദികാലം മുതൽ ഭാരതത്തിൽ ഭാവവും ബ്രഹ്മവും! അതിലും താഴ്‌ന്ന വിഷയങ്ങൾ അവിടെ ആർക്കും വേണ്ടാത്തതിനാൽ അവ പൊതുവേ “ദളിതവിഷയങ്ങൾ” എന്നു് മുദ്രകുത്തപ്പെടുന്നു. ഭാരതത്തിൽ ജാതികളും മതങ്ങളുമേ ഉള്ളു, മനുഷ്യരില്ല എന്നതാണു് ഇൻഡോളജിയിൽ നമ്മൾ പഠിക്കുന്ന ആദ്യത്തെ പാഠം തന്നെ! സാറ്റയറും ഏൽക്കാതായ ഒരു സമൂഹത്തെ രക്ഷപെടുത്താനാവില്ല എന്നു് വെളിവുള്ള ആരോ പറഞ്ഞിട്ടുണ്ടു്.)
വ്യാഖ്യാനം പോലുള്ള കാര്യങ്ങൾ ബന്ധപ്പെട്ടവരിൽ നിന്നും അങ്ങേയറ്റത്തെ ബൗദ്ധികതീവ്രത ആവശ്യപ്പെടുന്ന ഇടപാടുകളാണെന്നതിനാൽ, കുഞ്ഞിന്റെ കൈ ആദ്യം പുറത്തുവന്ന ഒരു കേസിൽ പ്രസവം എടുക്കേണ്ടിവരുന്ന വയറ്റാട്ടിയുടെ മുഖത്തെന്നപോലെ പസിഫിക് സമുദ്രത്തിന്റെ ആഴവും പരപ്പുമുള്ള ഗൗരവമാണു് സദസ്യർ വ്യാഖ്യാതാവിൽ നിന്നും പ്രതീക്ഷിക്കുന്നതു്. കേരളക്കരയിലെ ആപ്പീസറന്മാരെപ്പോലെ ഇത്തിരി ഗൗരവത്തിലായാൽ ഒരുമാതിരിക്കാർ ചോദ്യം ചോദിച്ചു് ശല്യം ചെയ്യാൻ ധൈര്യപ്പെടുകയില്ല എന്നൊരു ഗുണവുമുണ്ടു്. ആപ്പീസറായ നമ്മൾ വിവരത്തിൽ പണ്ടേതന്നെ ഇത്തിരി പുറകിലാണെന്നു് നാട്ടുകാരെ അറിയിക്കാതിരിക്കാനും ഈ ഗൗരവഭാവം ഒരു നല്ല സഹായമാണു്. പക്ഷേ, “നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽ കിടക്കുന്ന ഏതെങ്കിലും മൂളിക്കുരങ്ങു്” സദസ്സിൽ കയറിപ്പറ്റിയിട്ടുണ്ടെങ്കിൽ അവൻ, “objection your honour, ‘അമ്മേ കാട്ടാള’ എന്നതിൽ വ്യാകരണപരമായ ലിംഗപ്പൊരുത്തമില്ലായ്മ നിൽക്കുന്നു” എന്നോ മറ്റോ വിളിച്ചുപറഞ്ഞുകൂടെന്നില്ല. അവിടെയാണു് വ്യാഖ്യാതാവു് ശാസ്ത്രജ്ഞാനിയായി പരിണമിക്കേണ്ടതു്. അടുത്ത പ്രസന്റേഷനു് മുൻപായി ജ്ഞാനിയായ ‘വ്യാഖ്യാനി’ തന്ത്രപൂർവ്വം ഒരു ടൈപ്പോ തിരുകുന്നു. a-യുടെ സ്ഥാനത്തു് i പ്രത്യക്ഷപ്പെടുന്നു! ‘മാ നിഷാദ/അമ്മേ കാട്ടാള’ എന്നതിനു് ‘മാ നിഷാദി/അമ്മേ കാട്ടാളി’ എന്നു് ഡാർവിനെ നാണിപ്പിച്ചുകൊണ്ടു് പരിണാമം സംഭവിക്കുന്നു. അങ്ങനെ, ആരോപിക്കപ്പെട്ട ലിംഗപ്പൊരുത്തമില്ലായ്മയുടെ സ്പീഷീസിനു് വംശനാശം സംഭവിച്ചു് ലിംഗങ്ങൾ തമ്മിൽ പൊരുത്തക്കേടൊന്നുമില്ലാത്ത ഒരു പുതിയ സ്പീഷീസ് ജന്മമെടുക്കുന്നു! വിശുദ്ധവചനത്തിന്റെ അച്ചട്ടായ വ്യാഖ്യാനത്തിൽ സദസ്യർ ഹാപ്പി, വ്യാഖ്യാനി അതിലും കൂടുതൽ ഹാപ്പി! ആടിനെ പട്ടിയാക്കാനും ആളിനെ ചെട്ടിയാക്കാനും ഗ്രന്ഥവ്യാഖ്യാനം എന്ന ഈ ഗർഭം കലക്കിതന്നെ ഒറ്റമൂലി!