RSS

Daily Archives: Apr 13, 2011

പ്രപഞ്ചത്തിന്റെ ജിയോമെട്രി

ഒരു നേർരേഖ പോലെ ആയിരുന്നു ലോകമെങ്കിൽ അതിന്റെ ഗണിതശാസ്ത്രം ഒരേയൊരു ഡൈമെൻഷനിൽ പരിമിതപ്പെടുത്താമായിരുന്നു. ആ രേഖാലോകത്തിൽ രണ്ടു് ദിശകളിലേക്കു് മാത്രം ചലിക്കുന്നവരായി കഴിഞ്ഞുകൂടുന്ന രേഖാജീവികൾക്കു് വിസ്തീർണ്ണം, വ്യാപ്തം മുതലായ വാക്കുകളുടെ ആവശ്യവും വരില്ല. അവിടെ ഏതൊരു ജീവിക്കും സമീപസ്ഥരായ മറ്റു് രണ്ടു് ജീവികളുമായി ബന്ധപ്പെടാനാവുമെന്നതിനാൽ ആ ലോകത്തിലെ ജനങ്ങൾക്കിടയിൽ ആശയവിനിമയവും സാദ്ധ്യമായിരിക്കും – വാർത്താവിതരണത്തിനായി അൽപം കൂടുതൽ സമയം വേണ്ടിവരുമെങ്കിൽത്തന്നെയും. രണ്ടു് ദിശകളിലേക്കും അനന്തമായി നീണ്ടുകിടക്കുന്ന ഒന്നായി ഒരു രേഖാലോകത്തെ സങ്കൽപിക്കാൻ തത്വത്തിലെങ്കിലും വലിയ ബുദ്ധിമുട്ടില്ല – അനന്തത എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് എന്തുതന്നെ ആയാലും. അതേസമയം, രണ്ടു് മാനങ്ങൾ മാത്രമുള്ള ഒരു ലോകത്തിലെ ജീവികൾക്കു് വെറും രേഖകളായി ചുരുങ്ങേണ്ടതില്ല. കാരണം, അവിടെ ജീവികൾക്കു് നീളവും വീതിയും ഉള്ളവയാവാൻ തടസ്സമൊന്നുമില്ല – ഇലകൾ പോലെ പരന്ന ജീവികൾ. അവയ്ക്കു് മുന്നോട്ടും പുറകോട്ടും മാത്രമല്ല. വശങ്ങളിലേക്കും, കോണോടുകോണായും, വൃത്താകൃതിയിലുമെല്ലാം ചലിക്കാനും, തന്മൂലം രേഖാലോകത്തെ അപേക്ഷിച്ചു് കൂടുതൽ സാമൂഹികാംഗങ്ങളുമായി ഒരേസമയം നേരിട്ടു് ആശയവിനിമയം നടത്താനും സാധിക്കും. ഒരു ദ്വിമാനലോകത്തെ അനന്തമായി പരന്നുകിടക്കുന്ന ഒരു പ്രതലമായി സങ്കൽപിക്കാം. ഒരു കടലാസ്സിലെന്നപോലെ ആ പ്രതലത്തിൽ വരയ്ക്കപ്പെടുന്ന ഏതൊരു ത്രികോണത്തിന്റേയും കോണുകളുടെ ആകെത്തുക 180 ഡിഗ്രി ആയിരിക്കും – പ്ലെയിൻ ജിയോമെട്രിയിലെ ബാലപാഠം. ഈ രണ്ടു് ലോകങ്ങളിൽ നിന്നും വ്യത്യസ്തമാണു് മനുഷ്യനു് അനുഭവവേദ്യമായ ത്രിമാനങ്ങളുടെ ലോകം. നീളവും വീതിയും മാത്രമല്ല, ഉയരം അഥവാ, ഘനം കൂടിയുള്ള, നമ്മൾ സാധാരണഗതിയിൽ മനസ്സിലാക്കുന്ന ഈ ലോകത്തിൽ ജീവിക്കുന്നവർക്കു് ഏക-, ദ്വിമാനലോകങ്ങളെ സങ്കൽപിക്കാൻ പ്രയാസമൊന്നുമില്ല. പക്ഷേ, മൂന്നിലധികം ഡൈമെൻഷനുകളുള്ള ഒരു ലോകത്തെ സങ്കൽപിക്കേണ്ടി വരുമ്പോൾ കാര്യങ്ങൾ മനുഷ്യന്റെ സാധാരണ ഗ്രഹണശേഷിക്കു് അതീതമാവുന്നു. ഉന്നതഗണിതശാസ്ത്രത്തിന്റെ സഹായത്തോടെ അല്ലാതെ അത്തരം ലോകങ്ങളെ മനസ്സിലാക്കാനോ വിശദീകരിക്കാനോ എളുപ്പമല്ല. അതുപോലുള്ള ഒരു ലോകമാണു് സ്പെയ്സിന്റെ മൂന്നു് ഡൈമെൻഷനുകളോടു് സമയത്തെക്കൂടി ചേർക്കുമ്പോൾ ലഭിക്കുന്ന നാലു് (3+1) ഡൈമെൻഷനുകളുള്ള “ഐൻസ്റ്റൈന്റെ ലോകം” (space-time continuum). ആ സ്ഥിതിക്കു്, സ്പെയ്സിന്റെ ഒൻപതു് ഡൈമെൻഷനുകളും സമയവും ചേർന്നു് രൂപം കൊള്ളുന്ന സ്ട്രിംഗ്‌ തിയറിയിലെ പത്തു് ഡൈമെൻഷനുകളെ (9+1) വിഷ്വലൈസ്‌ ചെയ്യുന്നതിന്റെ കാര്യം ചിന്തിക്കുകയേ വേണ്ടൂ. തത്വത്തിൽ, ആദ്യത്തെ രണ്ടുലോകങ്ങളിലെ ജീവികൾക്കും സമയം അനുഭവവേദ്യമാവാം എന്നതിനാൽ സമയത്തിന്റെ ഡൈമെൻഷൻ ചേർത്താൽ അവയും space-time continuum തന്നെ.

സമതലത്തിൽ മാത്രമേ ഒരു രേഖ നേർരേഖയാവുന്നുള്ളു. അതുപോലൊരു തലത്തിൽ വരയ്ക്കപ്പെടുന്ന ഒരു ത്രികോണത്തിന്റെ കോണുകളുടെ ആകെത്തുകയാണു് 180 ഡിഗ്രി. അതേസമയം, ഭൂമി തികഞ്ഞ ഗോളാകൃതിയിലുള്ളതാണെന്നു് സങ്കൽപിച്ചാൽ അതിന്റെ പ്രതലത്തിൽ വരക്കുന്ന രേഖ ഒരു നേർരേഖയാവില്ല, അതു് ഒരു വൃത്തത്തിന്റെ ഭാഗമായ ഒരു വക്രരേഖയേ ആവൂ. വശങ്ങളുടെ വക്രത മൂലം, ഭൂമിയുടെ പ്രതലത്തിൽ വരയ്ക്കപ്പെടുന്ന ഒരു ത്രികോണത്തിന്റെ കോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കൂടുതൽ ആയിരിക്കും. ഈ ഗുണവിശേഷമുള്ള ഒരു ത്രികോണം സ്ഥിതിചെയ്യുന്ന ഒരു പ്രതലത്തെ positively curved (spherical) എന്നു് വിളിക്കുന്നു. ഇതിനു് വിപരീതമായി, വക്രത ഉള്ളിലേക്കു് ആയിട്ടുള്ള പ്രതലങ്ങൾ (ഉദാ. കുതിരയുടെ പുറത്തു് വയ്ക്കുന്ന ജീനി) negatively curved (hyperbolical) ആണു്. അവയിൽ വരയ്ക്കപ്പെടുന്ന ത്രികോണങ്ങളുടെ കോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കുറഞ്ഞതായിരിക്കും. ഇതിലേതാണെന്നു് പ്രപഞ്ചത്തിന്റെ ജിയോമെട്രിയെന്നു് മനസ്സിലാക്കാനുള്ള എളുപ്പവഴി എന്താണു്? സ്പെയ്സിൽ ഏതെങ്കിലും മൂന്നു് ബിന്ദുക്കളെ തമ്മിൽ ഒരു ത്രിമാന ത്രികോണം രൂപമെടുക്കത്തക്കവിധം ചരടുകൾ കൊണ്ടു് ബന്ധിപ്പിക്കുക. അതുപോലുള്ള ഓരോ ത്രികോണങ്ങളുടേയും കോണുകളുടെ ആകെത്തുക 180 ഡിഗ്രി ആണെങ്കിൽ ആ സ്പെയ്സ്‌ ഫ്ലാറ്റ്‌ ആയിരിക്കും, അല്ലെങ്കിൽ അതു് കർവ്വ്ഡ്‌ ആയിരിക്കും. ഈ രണ്ടു് തരം വക്രതയേക്കാൾ സങ്കീർണ്ണമായ ജിയോമെട്രിയും ഉണ്ടായിക്കൂടെന്നില്ല.

രണ്ടു് ഡൈമെൻഷനുകൾ ഉള്ള വക്രമായ ഒരു പ്രതലമാണു് ഒരു ഫുട്ബോളിന്റെ ഉപരിതലം. മലകളും താഴ്‌വരകളുമെല്ലാം മൂലമുള്ള ക്രമരാഹിത്യം അവഗണിച്ചാൽ, ഭൂമിയുടെ ഉപരിതലവും അതുപോലെതന്നെ വക്രവും ദ്വിമാനവുമാണു്. എങ്കിലും, ഭൂമിയുടെ വലിപ്പം മൂലം അതു് പരന്ന ഒരു പ്രതലമാണെന്നപോലെയാണു് നമുക്കുണ്ടാവുന്ന അനുഭവം. അതുകൊണ്ടുതന്നെയാണു്, ഭൂമി പരന്നതാണെന്ന തത്വസംഹിതകൾ പുരാതനകാലങ്ങളിൽ രൂപമെടുത്തതും, അവയ്ക്കു് നൽകപ്പെട്ട ദൈവികമായ ഉറവിടം മൂലം അവയെല്ലാം ഉറപ്പായി വിശ്വസിക്കുന്ന ഏതാനും കോടി മനുഷ്യരെ കണ്ടെത്താൻ ഇന്നും നമുക്കു് പ്രയാസമൊന്നുമില്ലാത്തതും. അനേകലക്ഷം കോടി പ്രകാശവർഷങ്ങൾ വ്യാസമുള്ള ഒരു ഗോളത്തിന്റെ ഉള്ളിലെ ഏതാനും പ്രകാശവർഷങ്ങൾ മാത്രം അകലമുള്ള ഒരു ബിന്ദുവിൽ നിന്നും ആ പ്രതലത്തിന്റെ ഒരു ഭാഗം വീക്ഷിച്ചാൽ അതു് വക്രതയില്ലാത്ത ഒരു ദ്വിമാനപ്രതലമായിട്ടായിരിക്കും അനുഭവപ്പെടുക. അതുപോലൊരു സ്പെയ്സിന്റെ ജിയൊമെട്രി ഫ്ലാറ്റ്‌ ആയിരിക്കുമെന്നു് സാരം.

ന്യൂട്ടോണിയൻ നിയമങ്ങളുടെ ആവിർഭാവത്തോടെ പരമമായ സ്ഥാനം (absolute space/position) എന്നതിനു് പ്രസക്തിയില്ലാതായി. ഒരു ദൈവവിശ്വാസിയായിരുന്ന ന്യൂട്ടൺ അതിൽ (സ്വന്തം കണ്ടെത്തലിൽ) നിരാശനുമായിരുന്നു. ഐൻസ്റ്റൈന്റെ തിയറി ഓഫ്‌ ജെനറൽ റിലേറ്റിവിറ്റി വന്നതോടെ പരമമായ സമയം (absolute time) എന്നതിനും പ്രസക്തിയില്ലാതായി. ഉദാഹരണത്തിനു്, ഗ്രഹങ്ങൾപോലെ ഭാരമേറിയ വസ്തുക്കളുടെ സമീപം സമയം സാവകാശമാണു് നീങ്ങുന്നതു്. അതിൻപ്രകാരം, ഗ്രാവിറ്റി എന്നതു്, മറ്റു് ശക്തികളിൽ നിന്നും വ്യത്യസ്തമായി, സ്പെയ്സ്‌-ടൈമിലെ ദ്രവ്യവും, എനർജ്ജിയും മൂലം അതിനു് സംഭവിക്കുന്ന വക്രതയുടെ ഫലമാണു്. അതിനാൽ, പൊതുവായ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിന്റെ ജിയോമെട്രി ഫ്ലാറ്റ്‌ ആണെന്നു് പറയുമ്പോഴും, ദ്രവ്യവും എനർജ്ജിയും സ്പെയ്സിനെ വക്രമാക്കുന്നു എന്ന ഐൻസ്റ്റൈൻ നിയമത്തിനെ അതു് ബാധിക്കുന്നില്ല. ഐൻസ്റ്റൈന്റെ സ്പെഷ്യൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി ലളിതവും താരതമ്യേന എളുപ്പം വിശദമാക്കാവുന്നതുമാണെങ്കിൽ, തിയറി ഓഫ്‌ ജെനറൽ റിലേറ്റിവിറ്റി കൂടുതൽ സങ്കീർണ്ണമായ ഗണിതശാസ്ത്രമാണു്.

ശൂന്യമായ സ്പെയ്സിൽ പ്രകാശത്തിന്റെ വേഗത ഒരു സെക്കന്റിൽ 299792458 മീറ്ററാണു് – ജലം, വായു മുതലായ സുതാര്യമാധ്യമങ്ങളിൽ ഇതിനു് അൽപം കുറവു് സംഭവിക്കുമെങ്കിലും. പ്രപഞ്ചത്തിൽ ദ്രവ്യത്തിനും എനർജിക്കും ഇൻഫർമേഷനും സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗതയാണിതു്. ഉദാഹരണത്തിനു്, ഏകദേശം 150 മില്യൺ കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സൂര്യനിൽ നിന്നും ഭൂമിയിൽ എത്താൻ പ്രകാശത്തിനു് വേണ്ടിവരുന്നതു് എട്ടു് മിനുട്ടാണു്. പ്രപഞ്ചത്തിന്റെ പ്രായം 1375 കോടി വർഷങ്ങൾ ആണെന്നാണു് കണക്കാക്കപ്പെടുന്നതു്. ഒരു വർഷം കൊണ്ടു് പ്രകാശത്തിനു് സഞ്ചരിക്കാൻ കഴിയുന്ന ദൂരമാണു് ഒരു പ്രകാശവർഷം. പ്രപഞ്ചത്തിന്റെ വികാസം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് ഒരു ബലൂൺ അന്തരീക്ഷത്തിലേക്കു് വികസിക്കുന്നതുപോലെ ഒരു സ്പേയ്സ്‌ മറ്റൊരു സ്പെയ്സിലേക്കു് വികസിക്കുന്നതല്ല, സ്പെയ്സിന്റെ സ്വയം വികാസമാണു്. ഗ്യാലക്സികളുടെ ദൂരം കൂടുന്തോറും, അഥവാ പ്രപഞ്ചത്തിന്റെ “അതിർത്തിയോടു്” അടുക്കുന്തോറും, ഈ വികാസത്തിന്റെ ഗതിവേഗവും കൂടിക്കൊണ്ടിരിക്കുകയാണെന്നു് പഠനങ്ങൾ തെളിയിക്കുന്നു. പ്രപഞ്ചവികാസം സംഭവിക്കുന്നതു് പ്രകാശത്തേക്കാൾ കൂടിയ വേഗതയിലാവുന്ന ഒരു സ്പെയ്സിൽ ആ വേഗതയിൽ പരസ്പരം അകന്നുകൊണ്ടിരിക്കുന്ന രണ്ടു് ഗ്യാലക്സികൾക്കു്, ഒന്നിൽ നിന്നുള്ള പ്രകാശത്തിനു് മറ്റേതിൽ എത്താനുള്ള സമയം ലഭിക്കുന്നില്ല എന്നതിനാൽ, തമ്മിൽതമ്മിൽ വീക്ഷിക്കുക സാദ്ധ്യമല്ല. ഒരു സ്റ്റാറ്റിക്‌ പ്രപഞ്ചത്തിൽ വീക്ഷിക്കാൻ കഴിയുന്ന പ്രപഞ്ചം 1375 കോടി പ്രകാശവർഷങ്ങൾക്കു് ഉള്ളിൽ സ്ഥിതി ചെയ്യുന്നതു് മാത്രമാവാനേ കഴിയൂ. അതേസമയം വികാസം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ വ്യാസം ഏകദേശം 9300 കോടി പ്രകാശവർഷങ്ങൾ ആണെന്നു് കണക്കാക്കപ്പെടുന്നു. അതുവഴി വീക്ഷിക്കപ്പെടാവുന്ന പ്രപഞ്ചത്തിന്റെ അതിർത്തി 4650 കോടി പ്രകാശവർഷങ്ങൾ ആവുന്നു. വീക്ഷിക്കാവുന്ന എന്നതുകൊണ്ടു് തത്വത്തിൽ അതു് സാദ്ധ്യമാവാമെന്നല്ലാതെ ആ പ്രദേശത്തുനിന്നും വരുന്ന റേഡിയേഷനുകൾ ഇന്നു് ലഭ്യമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു് ഡിറ്റെക്റ്റ്‌ ചെയ്യാമെന്നോ, അത്തരം റേഡിയേഷനുകൾ ഉണ്ടോ എന്നുപോലുമോ വ്യക്തമായി പറയാനാവില്ല. അതിനാൽ, പ്രപഞ്ചത്തിന്റെ ആകെമൊത്തമുള്ള അതിർത്തി എന്നോ ആകൃതി എന്നോ ഒക്കെ പറയുന്നതിനു് വലിയ അർത്ഥമൊന്നും ഇല്ലാതാവുന്നു.

ഒരു ബിഗ്‌-ബാംഗിൽ അധിഷ്ഠിതമായ പ്രപഞ്ചാരംഭമോഡൽ അംഗീകരിച്ചുകൊണ്ടു് അതിന്റെ അവശിഷ്ടമായി ഇന്നു് പ്രപഞ്ചത്തിൽ വ്യാപിച്ചു് കിടക്കുന്ന കോസ്മിക്‌ ബാക്‌ൿഗ്രൗണ്ട്‌ റേഡിയേഷനിലെ ഊഷ്മാവിലുള്ള വ്യത്യാസങ്ങൾ അളക്കുകയാണു് Wilkinson Microwave Anisotropy Probe (WMAP) ചെയ്തതു്. അതായതു്, WMAP അടിസ്ഥാനമാക്കുന്ന പ്രപഞ്ചമോഡൽ ശരിയാണെന്ന നിഗമനത്തിലാണു് ആ അളവുകൾ നടത്തപ്പെട്ടതു്. ആ മോഡലിന്റെ അടിത്തറയിലുള്ള വിവിധ കോസ്മോളജിക്കൽ പരാമീറ്ററുകളുടെ മൂല്യങ്ങളാണു് അതുവഴി കണ്ടെത്തപ്പെട്ടതും. പ്രപഞ്ചത്തിന്റെ ഫ്ലാറ്റ്‌നെസ്‌ എന്ന ആശയം WMAP-നു് മുൻപും 15 ശതമാനം അലവൻസോടെ നിലനിന്നിരുന്നു. WMAP-ന്റെ നേട്ടം ആ എറർ ഫാക്ടർ 2 ശതമാനമാക്കി ചുരുക്കി എന്നതാണു്.

പ്രപഞ്ചത്തിന്റെ സാന്ദ്രത ഒരു ക്രിട്ടിക്കൽ സാന്ദ്രതയേക്കാൾ (ഹബിൾ കോൺസ്റ്റന്റിന്റെ വർഗ്ഗത്തിനു് ആനുപാതികം) കുറഞ്ഞതെങ്കിൽ പ്രപഞ്ചം അനന്തമായി വികസിച്ചുകൊണ്ടിരിക്കും. കൂടുതലെങ്കിൽ, ഗ്രാവിറ്റിയുടെ ആകർഷണശക്തി എപ്പോഴെങ്കിലും വികാസം മൂലമുള്ള മൊമെന്റത്തേക്കാൾ കൂടുകയും പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങുകയും ചെയ്യും (Big Crunch). WMAP-ൽ നിന്നുള്ള വിവരങ്ങളുടെയും, വീക്ഷിക്കപ്പെട്ട വിദൂര സ്യൂപ്പർ നോവകളുടെയും അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ വികാസം ത്വരിതപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതിനാൽ, പ്രപഞ്ചം എന്നേക്കുമായി വികസിച്ചുകൊണ്ടിരിക്കുമെന്നു് കരുതേണ്ടിവരുന്നു. ഇതു് അതിശക്തമായ ന്യൂനമർദ്ദമുള്ള ഒരു ദ്രവ്യത്തിന്റെ (= ഊർജ്ജത്തിന്റെ) സാന്നിദ്ധ്യം പ്രപഞ്ചത്തിൽ ഉണ്ടാവണമെന്ന സാദ്ധ്യതയിലേക്കു് വിരൽ ചൂണ്ടുന്നു. ഡാർക്ക്‌ എനർജ്ജി എന്നും അറിയപ്പെടുന്ന ഐൻസ്റ്റൈന്റെ കോസ്മോളജിക്കൽ കോൺസ്റ്റന്റ്‌. ജെനറൽ തിയറി ഓഫ്‌ റിലേറ്റിവിറ്റി രൂപമെടുത്തപ്പോൾ, അതിൻപ്രകാരം ഒന്നുകിൽ പ്രപഞ്ചം വികസിക്കുന്നതോ, അല്ലെങ്കിൽ ചുരുങ്ങുന്നതോ ആയിരിക്കേണ്ടിയിരുന്നു. പക്ഷേ, ഒരു സ്റ്റാറ്റിക്‌ യൂണിവേഴ്സിൽ വിശ്വസിച്ചിരുന്ന ഐൻസ്റ്റൈൻ ആ ലക്ഷ്യം നേടാനായി സമവാക്യത്തിൽ ഒരു കോസ്മോളജിക്കൽ കോൺസ്റ്റന്റ്‌ തിരുകിക്കയറ്റി. റഷ്യൻ ഗണിതശാസ്ത്രജ്ഞനായിരുന്ന അലക്സാണ്ടർ ഫ്രീഡ്മാൻ ആ “തെറ്റു്” തിരുത്തി വികസിക്കുന്ന ഒരു പ്രപഞ്ചമോഡൽ നിർദ്ദേശിച്ചു. എഡ്‌വിൻ ഹബിൾ സമീപഗ്യാലക്സികളിൽ നടത്തിയ വീക്ഷണങ്ങൾ പ്രപഞ്ചം വികസിക്കുകയാണെന്നു് സ്ഥിരീകരിക്കുക കൂടി ചെയ്തപ്പോൾ, “തന്റെ ഏറ്റവും വലിയ തെറ്റു്” എന്നു് അംഗീകരിച്ചുകൊണ്ടു് ഐൻസ്റ്റൈൻ ആ ഘടകം നീക്കം ചെയ്തു. പക്ഷേ, ഇന്നു് പല ശാസ്ത്രജ്ഞരും തത്വവും നിരീക്ഷണങ്ങളും തമ്മിൽ കൂടുതൽ പൊരുത്തപ്പെടുന്നു എന്നതിന്റെ പേരിൽ ആ ഘടകത്തെ വീണ്ടും പുനരധിവസിപ്പിക്കണമെന്ന പക്ഷക്കാരാണു്.

ഫ്രീഡ്മാൻ യൂണിവേഴ്സിൽ യഥാർത്ഥ സാന്ദ്രതയും ക്രിട്ടിക്കൽ സാന്ദ്രതയും തമ്മിലുള്ള അനുപാതമാണു് ഡെൻസിറ്റി പരാമീറ്റർ. പ്രപഞ്ചത്തിന്റെ ലോക്കൽ ജിയോമെട്രി ഈ പരാമീറ്ററിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കുന്നു. ഈ പരാമീറ്റർ ഒന്നിൽ കൂടിയതെങ്കിൽ അതു് സ്ഫെരിക്കലും, ഒന്നിൽ കുറഞ്ഞതെങ്കിൽ അതു് ഹൈപെർബോളിക്കും, ഒന്നു് എങ്കിൽ അതു് ഫ്ലാറ്റുമായിരിക്കും. അതേസമയം, ഗ്ലോബൽ ജിയോമെട്രി എന്നതുകൊണ്ടുദ്ദേശിക്കുന്നതു്, വീക്ഷിക്കാവുന്നതും അതിനു് അതീതവുമായ പ്രപഞ്ചത്തിന്റെ ആകമാന ജിയോമെട്രിയാണു്. അതു് നമുക്കു് അളക്കാവുന്നതോ അളക്കാൻ കഴിയാത്തതോ ആവാം. പ്രപഞ്ചം അനന്തമോ, പരിമിതമോ, വീക്ഷിക്കാവുന്ന പ്രപഞ്ചം ആകമാനപ്രപഞ്ചം തന്നെയോ, അതോ അതിൽ ചെറുതോ, എങ്കിൽ എത്രമാത്രം ചെറുതു് മുതലായ ഘടകങ്ങളെയെല്ലാം ആശ്രയിച്ചിരിക്കുന്ന കാര്യമാണതു്. പോരെങ്കിൽ പ്രപഞ്ചം ഒരു സിലിൻഡർ പോലെ, ചില ഡൈമെൻഷനുകളിൽ ചെറുതും മറ്റു് ചിലതിൽ വലുതും ആവാം. ഇനിയും ഏറെ വഴികൾ പോകേണ്ടതുണ്ടെന്നു് ചുരുക്കം.

തിയറീസ്‌ ഓഫ്‌ റിലേറ്റിവിറ്റിയും, ബിഗ്‌-ബാംഗും ഒക്കെ ദൈവം വേദഗ്രന്ഥങ്ങളിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ടു് എന്ന രഹസ്യം മതപണ്ഡിതർ കണ്ടെത്തുകയും, വ്യാഖ്യാനത്തിലൂടെ അതിന്റെ നിജസ്ഥിതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്നു് നമുക്കറിയാം. വേദഗ്രന്ഥങ്ങൾ അനന്തകാലത്തേക്കായി എഴുതപ്പെട്ടിട്ടുള്ളവയാണെന്നതിനാൽ സ്ട്രിംഗ്‌ തിയറിയും, പ്രപഞ്ചം ഒരു പലകപോലെ പരന്നതാണെന്നും, കൂടാതെ, മുകളിൽ സൂചിപ്പിച്ചതും അല്ലാത്തതും ശാസ്ത്രീയപഠനങ്ങളെ വഴിമുട്ടിക്കുന്നതുമായ ധാരാളം കാര്യങ്ങളും തീർച്ചയായും അവയിൽ എവിടെയെങ്കിലും അതിഗൂഢമായ ഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ടാവണം. അങ്ങനെ ചില കാര്യങ്ങൾ ഉണ്ടെന്നറിയാത്തതിന്റെ പേരിൽ ആരും അവയെ മതഗ്രന്ഥങ്ങളിൽ തപ്പാതിരിക്കേണ്ട എന്നു് സൂചിപ്പിക്കാനും കൂടിയാണു് ഞാൻ ഇതെഴുതുന്നതു്. അവർ അതെല്ലാം ഉടനെ കണ്ടെത്തിയാൽ കാര്യങ്ങളുടെ ആൽഫയും ഒമേഗയും കാലേകൂട്ടി മനസ്സിലാക്കാനും, അടുത്തവർഷത്തെ ലോകാവസാനത്തിനായി തയ്യാറെടുക്കാനും മനുഷ്യർക്കു് കഴിയുമായിരുന്നു. എനിക്കു് മനസ്സിലാവാത്തതു്, വിശുദ്ധഗ്രന്ഥങ്ങൾ വായിക്കാൻ ആദിമുതലേ അനുവാദമുണ്ടായിരുന്ന, തൈലാഭിഷേകം ചെയ്യപ്പെട്ടവർ ഓരോ വാക്യങ്ങളും മുന്നോട്ടും പുറകോട്ടും വായിച്ചിട്ടും സമഗ്രമായി പഠിച്ചിട്ടും അവയിൽ കിറുകൃത്യമായി വെളിപ്പെടുത്തിയിട്ടുള്ള പ്രപഞ്ചരഹസ്യങ്ങൾ എന്തുകൊണ്ടു് അനേക നൂറ്റാണ്ടുകൾ ആ ദൈവികരുടെ ദൃഷ്ടിയിൽ നിന്നും മറഞ്ഞിരുന്നു എന്നതാണു്. തലയോട്ടി അത്ര കട്ടി കുറഞ്ഞ സാധനമല്ലാത്തതിനാൽ നെറുകയിലെ തൈലാഭിഷേകം തലച്ചോറിനെ ഉപയോഗശൂന്യമാക്കിയതാണെന്നും കരുതാൻ വയ്യ. തൈലാഭിഷേകം എന്നാൽ തൈലംകൊണ്ടുള്ള ഒരുതരം പൂശലാണു്, അല്ലാതെ അതു് മനുഷ്യനെ ഉടലും തലയുമടക്കം തൈലത്തിൽ ഉപ്പിലിടുന്ന പരിപാടിയോ നസ്യം ചെയ്യലോ ഒന്നുമല്ല എന്നാണെന്റെ കേട്ടറിവു്. ബാല്യകാലം മുതൽ ഒരു ഗ്രന്ഥത്തിൽ നിന്നും സാമാന്യയുക്തിക്കു് നിരക്കാത്തതും പരസ്പരവിരുദ്ധവുമായ കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു് വെള്ളം ചേർക്കാതെ വിഴുങ്ങേണ്ടിവരുന്ന ഒരു തലച്ചോറിനു് അതിന്റെ പ്രവർത്തനക്ഷമതയുടെ സ്വിച്ച്‌ എന്നേക്കുമായി ഓഫ്‌ ചെയ്തു് നിഷ്ക്രിയമായി കഴിയുകയല്ലാതെ മറ്റെന്താണൊരു പോംവഴി? പതിവായി മലയാളം പത്രങ്ങൾ വായിക്കുകയോ, മല്ലു സിൽമ കാണുകയോ ചെയ്യുന്ന മനുഷ്യരിൽ സംഭവിക്കുന്നതും ഏതാണ്ടു് ഇതേ മ്യൂട്ടേഷൻ തന്നെയായിരിക്കണം. അത്തരക്കാരുടെ ഭാഷയും ഭാവവും പെരുമാറ്റരീതികളുമൊക്കെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ സ്വന്തം അമ്മയ്ക്കുപോലും തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോകുന്നതിനു് അല്ലാതെന്തു് വിശദീകരണമാണുള്ളതു്? കരഞ്ഞുതീർക്കലിൽ കവിഞ്ഞ കവിതയോ സാഹിത്യമോ ഒന്നും അവരുടെയിടയിൽ രൂപമെടുക്കാത്തതിന്റെ രഹസ്യവും ഒരുപക്ഷേ അതായിരിക്കുമെന്നു് തോന്നുന്നു.

 
5 Comments

Posted by on Apr 13, 2011 in ശാസ്ത്രം

 

Tags: ,