ഒരു ആത്മീയവെബ്സൈറ്റില്‍ കണ്ട ഒരു വാക്യമാണു് താഴെ. ഇതൊക്കെ ഋഷി, മുനി, സ്വപ്നസ്വാമി തുടങ്ങിയ ജനുസ്സുകളില്‍ പെട്ടവര്‍ക്കു് മാത്രം മനസ്സിലാകുന്ന കാര്യങ്ങളാണെന്നറിയായ്കയല്ല. പോരെങ്കില്‍, ഓര്‍ഡിനറി മോര്‍ട്ടലുകള്‍ക്കു് ഇതൊക്കെ എന്തുകൊണ്ടു് മനസ്സിലാകുന്നില്ല എന്നതിനു് റെഡിമെയ്ഡ് വിശദീകരണങ്ങള്‍ ആത്മീയര്‍ ധാരാളമായി ധാരകോരാറുമുണ്ടു്. നിങ്ങള്‍ വേദഗ്രന്ഥങ്ങളില്‍ വായിക്കുന്നതൊന്നുമല്ല അവ നിങ്ങളോടു് പറയാന്‍ ആഗ്രഹിക്കുന്നതു് എന്ന രീതിയില്‍ ഉള്ളവയായിരിക്കും അവയെല്ലാംതന്നെ. അതുകൊണ്ടാണു് വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ സത്യത്തില്‍ എന്തു് പറയാനാണു് വെമ്പുന്നതെന്നറിയാന്‍ വേദപണ്ഡിതരെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു എന്നു് അവര്‍ നമ്മോടു് പറയുന്നതു്. അതൊന്നും അറിയാതിരിക്കുക എന്നതു് തല പോകുന്ന വല്ല കാര്യവുമാണോ എന്നു് ചോദിച്ചാല്‍, അതുകൊണ്ടു് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ മനുഷ്യര്‍ ജീവിച്ചിരിക്കുമ്പോഴല്ല, ചത്തു് കഴിഞ്ഞശേഷം അനുഭവിക്കേണ്ടവയാണു് എന്നാവും മറുപടി. അതായതു്, ജീവിച്ചിരുന്ന ശരീരത്തില്‍ ഉണ്ടായിരുന്നതും, മരിക്കുമ്പോള്‍ ആ ശരീരത്തില്‍നിന്നും രക്ഷപെടുന്നതുമായ എന്തോ ഒരു സാധനത്തിനു് അതിന്റെ ഭാവിജീവിതത്തില്‍ ചീത്തയായ ‘ഇന്ദ്രിയാനുഭവങ്ങള്‍’ ഒന്നും ഉണ്ടാവാതിരിക്കണമെങ്കില്‍ ഈ ലോകത്തില്‍ വച്ചു് മനുഷ്യര്‍ പല കര്‍മ്മങ്ങളും, അവ അനിവാര്യമായ കടമകള്‍ ആയാലെന്നപോലെ, ചെയ്തുതീര്‍ത്തിരിക്കണം. (എന്റെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ഞാന്‍ ആദ്യമായി പറയുന്ന ഒരു കാര്യമൊന്നുമല്ല ഇതു്. ഭാവിയില്‍ ഇതു് വീണ്ടും പറയേണ്ടിവരില്ല എന്നു് ഒരുറപ്പും എനിക്കില്ലതാനും.)
ഓലക്കെട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിധിപ്രകാരം അവ എന്തൊക്കെ, എങ്ങനെയൊക്കെ ആയിരിക്കണം എന്നു് നമ്മെ പഠിപ്പിക്കുന്നവരാണു് വേദശാസ്ത്രികള്‍, മതപണ്ഡിതര്‍, പുരോഹിതര്‍ മുതലായവര്‍. എന്തിനാണു് അവര്‍ നമ്മളെ അതൊക്കെ പഠിപ്പിക്കുന്നതു്? സദുദ്ദേശ്യം! സദുദ്ദേശ്യം ഒന്നുമാത്രമാണു് മനുഷ്യര്‍ക്കുവേണ്ടി ഇമ്മാതിരി കഷ്ടപ്പെടാന്‍ അവരെ പ്രേരിപ്പിക്കുന്നതു്. നിഷ്ക്ളങ്കമായ അവരുടെ മനുഷ്യസ്നേഹം മൂലമാണു് യോഗ്യതയില്ലാത്തവര്‍ എന്നു് ഓലക്കെട്ടുകള്‍ വിധി പ്രസ്താവിച്ചിരിക്കുന്ന ‘ചെറുമന്മാര്‍’ ആ ഓലക്കെട്ടുകള്‍ വായിക്കുകയോ കേള്‍ക്കുകപോലുമോ ചെയ്യരുതെന്നു് അവര്‍ കല്പിക്കുന്നതും, കല്പന നിരസിക്കുന്നവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുമെന്നും മറ്റും താക്കീതു് ചെയ്യുന്നതും. എന്തുകൊണ്ടു് ഈയം എന്നാണു് ചോദ്യമെങ്കില്‍, ഈയത്തിന്റെ മെല്‍റ്റിങ് പോയിന്റ് സ്വര്‍ണ്ണത്തിന്റേതിനേക്കാള്‍ കുറവാണെന്നു് ഉത്തരം. അല്ലെങ്കില്‍ സ്വര്‍ണ്ണമേ ഉരുക്കിയൊഴിക്കുമായിരുന്നുള്ളു. മനുഷ്യരുടെ കയ്യിലും കഴുത്തിലും കാതിലും മൂക്കിലും മൂട്ടിലും മുതല്‍ മണ്ണിനടിയില്‍ വരെ ടണ്‍ കണക്കിനു് ശേഖരിക്കപ്പെട്ടിട്ടുള്ള സ്വര്‍ണ്ണം എന്ന ലോഹത്തിനു് ഭാരതത്തില്‍ പഞ്ഞമൊന്നുമില്ല; പഞ്ഞത്തിനും കുറവൊന്നുമില്ല. പക്ഷേ ആ പഞ്ഞം മനുഷ്യര്‍ക്കു് മാത്രമേയുള്ളു. ചുരുക്കത്തില്‍, സ്വര്‍ണ്ണത്തിന്റെ കുറവുകൊണ്ടല്ല, സ്വര്‍ണ്ണം ഉരുക്കണമെങ്കില്‍ ‘സ്വാഹ’യെ വിളിച്ചുവിളിച്ചു് പുരോഹിതരുടെ ഒച്ചയടയുമായിരുന്നു; അതിനാല്‍ ഈയം.
>>>ഈ ബോധത്തിന്റെ ചൈതന്യം എപ്പോഴും ചലനാത്മകമായതിനാല്‍ ജനനമരണങ്ങള്‍ക്ക് ഹേതുവാകുന്ന അവിദ്യയുടെ ചാക്രികചലനം പോലും നടക്കുന്നത് ബോധത്തിലാണ്.<<<
അതായതു്, ബോധത്തിന്റെ (consciousness) ചൈതന്യം (ആത്മാവു്/ജീവന്‍) എപ്പോഴും ചലനാത്മകം (dynamic) ആയതിനാല്‍ ജനനമരണങ്ങള്‍ക്കു് ഹേതുവായ അവിദ്യയുടെ (വിദ്യയില്ലായ്മയുടെ /അജ്ഞതയുടെ) ചാക്രികചലനം പോലും (cyclical movement) നടക്കുന്നതു് ബോധത്തിലാണു്.
ഒന്നുകൂടി ‘പൊരുള്‍’ തിരിച്ചാല്‍, ബോധം എന്ന സാധനം (അതെന്തുതന്നെ ആയാലും) അതിന്റെ ജീവനു് (ഒരുപക്ഷേ കൃമികടിയുള്ളതിനാലാവാം) അടങ്ങിയിരിക്കുക എന്നൊരു സ്വഭാവം ഇല്ല. തന്മൂലം, ജനനത്തിനും മരണത്തിനും കാരണമായ വിദ്യയില്ലായ്മയുടെ (ജനനത്തിനും മരണത്തിനും കാരണമായ, പള്ളിക്കൂടത്തില്‍/ഗുരുകുലത്തില്‍ പോകാതിരിക്കല്‍) ചക്രത്തിന്റെ രൂപത്തിലുള്ള ചലനം പോലും സംഭവിക്കുന്നതു് ഈ ബോധത്തിലാണു്.
(ബോധം അഥവാ കോണ്‍ഷ്യസ്നെസ് എന്നതിനു്, വിശാലമായ അര്‍ത്ഥത്തില്‍, മാനസികമായ അവസ്ഥകളുടെയും പ്രക്രിയകളുടെയും അനുഭവവേദ്യത എന്നൊരു അര്‍ത്ഥം മറ്റുചില ചിന്തകര്‍ നല്‍കുന്നുണ്ടു്. ‘ബോധത്തിന്റെ ചൈതന്യം’ എന്ന സംഭവം എന്താണെന്നു് ശരിക്കും മനസ്സിലാക്കാന്‍ അതുകൂടി അറിഞ്ഞിരിക്കുന്നതു് ചിലപ്പോള്‍ സഹായകമായേക്കാം.)
ഇതൊക്കെ മനസ്സിലാക്കാന്‍ ഗുരു മാത്രമാണു് ശരണം എന്നു് ഗുരുവിന്റെ ശിങ്കിടികള്‍ പറഞ്ഞില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ? സത്യത്തില്‍ ഒരര്‍ത്ഥവുമില്ലാത്ത, പക്ഷേ, വേണമെങ്കില്‍ വ്യാഖ്യാനത്തിലൂടെ ഒരായിരം അര്‍ത്ഥങ്ങള്‍ നല്‍കാന്‍ കഴിയുന്ന, ഇതുപോലത്തെ നാക്കുളുക്കികളാണു് എല്ലാ വേദഗ്രന്ഥങ്ങളിലും കുത്തിനിറച്ചിരിക്കുന്ന ‘തത്വചിന്തകളില്‍’ അധികപങ്കും. “കൈ മുറിഞ്ഞാല്‍ ചോരവരും”, “കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും” മുതലായ ചില അപൂര്‍വ്വജ്ഞാനങ്ങളും അവയില്‍ ഉണ്ടു് എന്നതിനാലാണു് ‘അധികപങ്കും’ എന്നു് പറയേണ്ടി വരുന്നതു്. ഓലക്കെട്ടുകളുടെയും വെളിപാടുകളുടെയും കാലത്തു് ചുരുക്കം ചില അന്ധരുടെ കണ്ണുകളില്‍ തുപ്പല്‍ പുരട്ടിയും, മറ്റു് ചില മാജിക്കുകള്‍ കാട്ടിയും, ‘ആരോ’ ഇല്ലാതാക്കിയ അവരുടെ കാഴ്ചശക്തി ദൈവംതമ്പുരാന്‍ അവര്‍ക്കു് തിരിച്ചു് നല്‍കാറുണ്ടായിരുന്നെങ്കിലും, മുഴുവന്‍ അന്ധര്‍ക്കും വല്ലതും വായിക്കാനും പഠിക്കാനും ഉതകുന്ന തരത്തില്‍ ഒരു ‘ബ്രെയ്ല്‍ ആല്‍ഫബെറ്റ്’ കണ്ടുപിടിക്കുന്നതിനെപ്പറ്റി അങ്ങേര്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നില്ല എന്നുവേണം അനുമാനിക്കാന്‍. അല്ലെങ്കില്‍ സകലജ്ഞാനവും ഉള്‍ക്കൊള്ളുന്ന വേദഗ്രന്ഥങ്ങളില്‍ അക്കാര്യം ഉണ്ടാവുമായിരുന്നല്ലോ. (ഒരുപക്ഷേ അവയില്‍ ഉണ്ടായിക്കൂടെന്നുമില്ല. വേദഗ്രന്ഥം എന്ന മഹാസാഗരത്തെ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനുമെല്ലാം ഒരുപാടു് സമയമെടുക്കും. കാത്തിരിക്കുകയേ തത്കാലം നിവൃത്തിയുള്ളു.) ആത്മീയഗുരു എന്നതിനു്, ഓരോ വേദവാക്യത്തിനും ഒന്നിലധികം പുസ്തകങ്ങള്‍ നിറയെ വ്യാഖ്യാനം എഴുതാന്‍ കഴിയുന്നവര്‍ എന്നൊരു അര്‍ത്ഥം കൂടി നല്‍കുന്നതില്‍ തെറ്റില്ല. ഒരു നുണയെ സത്യമാക്കി മാറ്റണമെങ്കില്‍ ഒരുപാടു് തുടര്‍നുണകള്‍ നീട്ടിപ്പരത്തി പറഞ്ഞുകൊണ്ടിരിക്കണം എന്നതു് ഒരു കേവല സത്യം.
സംസാരിക്കപ്പെടുന്നതു് മാത്രമല്ല ഭാഷ. നിലനില്പിനു് സഹായകരമോ ദോഷകരമോ എന്നു് തരംതിരിച്ചു് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും തദനുസരണം പ്രവര്‍ത്തിക്കുന്നതിനും സഹായകമായി ജീവിവര്‍ഗ്ഗങ്ങള്‍ക്കു് ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന എല്ലാ വിവരങ്ങളും ‘ഭാഷകള്‍’ തന്നെയാണു്. ജീവിക്കാനായി ഏറിയോ കുറഞ്ഞോ എല്ലാ ജീവജാലങ്ങളും ഉപയോഗപ്പെടുത്തുന്ന രീതിയാണു് വേട്ടയും ശേഖരണവും. ആഹാരം ദുര്‍ലഭമായതോ ഒട്ടും ലഭിക്കാത്തതോ ആയ കാലാവസ്ഥകളെ അതിജീവിക്കാന്‍ ഒന്നുകില്‍ അതു് സുലഭമായ സമയത്തു് ശേഖരിച്ചു് കേടുകൂടാതെ സൂക്ഷിച്ചു് ക്ഷാമകാലത്തു് ഉപയോഗിക്കുക അല്ലെങ്കില്‍ നശിക്കുക എന്നതല്ലാതെ ജീവിവര്‍ഗ്ഗങ്ങള്‍ക്കു് മറ്റു് പോംവഴിയൊന്നുമില്ല. ജനനം മുതല്‍ മരണം വരെ ആഹാരത്തിനു് ദുര്‍ലഭതയുണ്ടാവുമെന്ന ഭയം ആവശ്യമില്ലാത്ത ജീവജാലങ്ങള്‍ക്കു് പ്രകൃതി സമൃദ്ധമായി ഒരുക്കിവച്ചിരിക്കുന്ന സദ്യ ആസ്വദിക്കുകയേ വേണ്ടൂ, ശേഖരിക്കേണ്ടി വരുന്നില്ല. ആഹാരം എന്നതു് ഒരു പ്രയത്നവുമില്ലാതെ ലഭിക്കുന്ന എന്തോ ഒന്നാണെന്നു് ഇതിനര്‍ത്ഥമില്ല. വിതയ്ക്കലും കൊയ്യലും മാത്രമല്ല പ്രയത്നം – ബൈബിള്‍ അങ്ങനെയൊരു വിജ്ഞാനം പകര്‍ന്നു് നല്‍കുന്നുണ്ടെങ്കിലും.
ഇര തേടാനും ഇണ തേടാനുമായി ചുറ്റുപാടുകളില്‍ നിന്നുമുള്ള ഇന്‍ഫര്‍മേഷനെ (ഭാഷയെ) ആശ്രയിക്കാതെ ജീവജാലങ്ങള്‍ക്കു് നിവൃത്തിയില്ല എന്ന ഈ ഗത്യന്തരമില്ലായ്മ വേണ്ടുവോളം ചൂഷണം ചെയ്യപ്പെടുന്നുമുണ്ടു്. വനാന്തരങ്ങളില്‍ ജീവിക്കുന്ന ആദിവാസികള്‍ വേട്ടയ്ക്കായി മൃഗങ്ങളുടെ ശബ്ദം അനുകരിച്ചു് അവയെ ആകര്‍ഷിച്ചു് അടുത്തേക്കു് വരുത്തി അമ്പെയ്തു് വീഴ്ത്തുന്നതും, മനുഷ്യരടക്കമുള്ള ജീവികള്‍ കെണിയൊരുക്കി ഇരകളെ അതില്‍ വീഴിച്ചു് പിടിക്കുന്നതുമെല്ലാം ഒരര്‍ത്ഥത്തില്‍ അവയുടെ നിലനില്പിന്റെ അനിവാര്യതയായ ഭാഷയെ മനിപ്യുലേയ്റ്റ് ചെയ്യലാണു്. ഭാഷയെ ആരെങ്കിലും മനഃപൂര്‍വ്വമായി മനിപ്യുലേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിനു് ഒരു ലക്ഷ്യമേയുള്ളു: ആ കൃത്രിമഭാഷ ആരെയാണോ അഭിസംബോധനം ചെയ്യാന്‍ ശ്രമിക്കുന്നതു്, അവരെ ചിന്താക്കുഴപ്പത്തിലാക്കി കെണിയില്‍ വീഴിക്കുക. വിഷയം ആത്മീയമാണെങ്കില്‍ അവിടെ എപ്പോഴും ഒരു ദൈവവും ഉണ്ടാവുമെന്നതിനാല്‍, മനിപ്യുലേറ്റേഴ്സിനെ സംബന്ധിച്ചു് ഈ കെണിയില്‍ വീഴിക്കല്‍ വളരെ എളുപ്പമായ ഒരു കാര്യവുമാണു്. കാരണം, ദൈവം ചതിക്കുന്നവനല്ല എന്നാണു് ചതിയന്മാര്‍ ചതിക്കപ്പെടുന്നവരെ പഠിപ്പിക്കുന്നതും, ഈ രണ്ടു് വിഭാഗവും ഒരേസ്വരത്തില്‍ ഏറ്റുപാടുന്നതും.
“ജീവിതനദിയില്‍ മാത്രമേ ഭാഷയ്ക്കു് എന്തെങ്കിലും അര്‍ത്ഥമുള്ളു” എന്നും, “ഭാഷ ഉപയോഗിച്ചു് നമ്മുടെ ബുദ്ധിശക്തിയില്‍ നടത്തപ്പെടുന്ന ക്ഷുദ്രപ്രയോഗങ്ങള്‍ക്കു് എതിരായുള്ള ഒരു സമരമാണു് ഫിലോസഫി” എന്നും ലുഡ്‌വിഗ് വിറ്റ്ഗെന്‍സ്‌റ്റൈന്‍. “ഇന്ദ്രിയാധിഷ്ഠിതവിവരങ്ങളില്‍ നിന്നും ഒരിക്കലും അവശ്യമായതില്‍ കൂടുതലായി അകലാതിരിക്കുക” എന്നു് വില്ലര്‍ഡ് ക്വൈന്‍.
ശ്രീകൃഷ്ണന്‍ പറഞ്ഞതു്, പരമശിവന്‍ പറഞ്ഞതു്, യഹോവ അരുളിച്ചെയ്തതു്, അല്ലാഹു വെളിപ്പെടുത്തിയതു്, മുതലായ എല്ലാ അറിവുകളും കല്പനകളും ഏതെങ്കിലും ഒരു മനുഷ്യന്റെയോ, ഏതാനും മനുഷ്യരുടെയോ ബുദ്ധിയില്‍ രൂപമെടുത്ത കാര്യങ്ങള്‍ മാത്രമാണു്. ഐസക് ന്യൂട്ടണ്‍, ആഡാം സ്മിത്, കാര്‍ള്‍ മാര്‍ക്സ് തുടങ്ങി മറ്റെത്രയോ പേര്‍ പറഞ്ഞ അനേകം കാര്യങ്ങള്‍ പോലെതന്നെ. ഈ വസ്തുത – അമാനുഷികമായ ഒരു ജ്ഞാനവും ഇല്ലെന്നും, എല്ലാ ജ്ഞാനങ്ങളും മനുഷ്യബുദ്ധിയില്‍ രൂപമെടുത്തിട്ടുള്ളവ മാത്രമാണെന്നും, അതുകൊണ്ടുതന്നെ ഒരു ജ്ഞാനവും ആത്യന്തികമല്ലെന്നുമുള്ള വസ്തുത – നിരുപാധികം അംഗീകരിക്കാന്‍ കഴിയാത്തിടത്തോളം ലോകത്തില്‍ ഇന്നുവരെ ചിന്തിക്കപ്പെട്ടതും പറയപ്പെട്ടതുമായ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെ റീസണബിളായി വിലയിരുത്താന്‍ മനുഷ്യന്‍ പ്രാപ്തനാവുകയില്ല.