വരിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല. പാതാളത്തിലേക്കു് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി വർഷത്തിലൊരിക്കൽ മലയാളക്കര സന്ദര്‍ശിക്കാനെത്തുന്നുണ്ടെന്നു് ആർക്കും എപ്പോഴും വിശ്വസിക്കാം. ചില പ്രത്യേക ദിവസങ്ങളിൽ ചില കല്ലുകളോ ലോഹങ്ങളോ വാങ്ങി കഴുത്തിൽ തൂക്കുകയോ, മൂക്കിലോ ചെവിയിലോ തിരുകുകയോ ചെയ്താൽ ഒറിജിനൽ ദൈവത്തിന്റെ നിശ്ചയമായ വിധിയെപ്പോലും തനിക്കനുകൂലമാക്കി മാറ്റാമെന്നു് വിശ്വസിക്കാം. ആഭരണം ധരിച്ചാൽ പമ്പ കടക്കുന്ന ദൈവവിധി! ദൈവത്തെ ‘തട്ടാൻ’ ആഭരണം പണിയുന്ന തട്ടാൻ! അത്രേയുള്ളു, അത്രമാത്രമേയുള്ളു ദൈവവിശ്വാസമടക്കമുള്ള ഏതു് വിശ്വാസവും. “നീ വിശ്വസിച്ചാൽ മലയും മാറിപ്പോകും!” എന്നു് ബൈബിൾ. ഒറ്റയ്ക്കോ കൂട്ടമായോ ആരൊക്കെ എത്രയൊക്കെ വിശ്വസിച്ചാലും ഒരു മലയും മാറിപ്പോവുകയില്ല എന്നതു് സത്യം. വിശ്വസിച്ചിട്ടും എന്തുകൊണ്ടു് മല വെറുതെ ഒന്നു് അനങ്ങുക പോലും ചെയ്യുന്നില്ല എന്ന ചോദ്യത്തിനു് നിന്റെ വിശ്വാസം വേണ്ടത്ര ശക്തമായിരുന്നില്ല എന്ന ആർക്കും നിഷേധിക്കാനാവാത്ത മറുപടിയും നൽകാം.
പ്രപഞ്ചത്തേയും മനുഷ്യജീവിതത്തേയും സംബന്ധിച്ച ഏതു് പ്രശ്നവും, ഏതു് ചോദ്യവും ‘ദൈവം’ എന്ന ഇഡിയറ്റ് പ്രൂഫ് ആയ ഒരൊറ്റ മറുപടിയിൽ തീർക്കാം. അതേ രീതിയിലുള്ള ഒറ്റവാക്കുത്തരമാണു് ദൈവ-മതസംബന്ധമായ ചർച്ചകളിൽ ഏതൊരു വിശ്വാസിയും അവന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി നിരീശ്വരവാദികളിൽ നിന്നും യുക്തിവാദികളിൽ നിന്നും ശാസ്ത്രജ്ഞരിൽ നിന്നുമൊക്കെ പ്രതീക്ഷിക്കുന്നതു്. പക്ഷേ, പ്രകൃതിശാസ്ത്രത്തിൽ അത്തരം മറുപടികൾ ഇല്ല. ദൈവം എന്ന റെഡിമെയ്ഡ് മറുപടിയിൽ എല്ലാ മനുഷ്യരും എല്ലാക്കാലവും തൃപ്തരായിരുന്നെങ്കിൽ സത്യം തേടിയുള്ള അന്വേഷണമോ ശാസ്ത്രമോ ഉണ്ടാവുമായിരുന്നില്ല. ഒരു സുപ്രഭാതത്തിൽ ഒരു കുരങ്ങൻ ഉറക്കമുണർന്നപ്പോൾ താനും കുടുംബവും മനുഷ്യരായി മാറിയിരിക്കുന്നതായി കണ്ടു എന്ന രീതിയിൽ എവൊല്യൂഷനെ മനസ്സിലാക്കുന്നവരുമായി ഒരു ചർച്ചക്കു് ആ ഫാക്കൾട്ടിയുമായി എന്തെങ്കിലും ബന്ധമുള്ള ആരും തയ്യാറാവുകയില്ല. അത്തരം അത്ഭുതപരിണാമങ്ങൾ വേദഗ്രന്ഥങ്ങളിലേ കാണൂ. അതുപോലെതന്നെ, ബിഗ്-ബാംഗ് എന്നാൽ ഭൂമിയിലെ ഒരു വലിയ ബോംബ് സ്ഫോടനം പോലെ ഒച്ചയും പ്രകാശവും പുകയുമൊക്കെയുള്ള ഒരു പൊട്ടിത്തെറി ആയിരുന്നെന്നു് ധരിച്ചുവച്ചിരിക്കുന്നവരുമായി പ്രപഞ്ചത്തിന്റെ ഉത്ഭവത്തെപ്പറ്റി ഇന്നു് ശാസ്ത്രലോകം അംഗീകരിക്കുന്ന കാര്യങ്ങൾ ചർച്ച ചെയ്യാനും മാത്രം ഭ്രാന്തു് ഈ വിഷയം കൈകാര്യം ചെയ്യുന്ന ഏതെങ്കിലുമൊരു ഭൗതികശാസ്ത്രജ്ഞനു് ഉണ്ടാവുമോ എന്നു് സംശയമാണു്.
ഒരു വിശ്വാസിയെ സംബന്ധിച്ചു് ശാസ്ത്രം എന്നു് കേൾക്കുന്നതു് പിശാചു് കുരിശു് കാണുന്നതുപോലെയാണു്. പക്ഷേ, രസകരമായ ഒരു കാര്യം, അറിയപ്പെടുന്ന ഏതെങ്കിലുമൊരു ശാസ്ത്രജ്ഞൻ ദൈവം എന്ന വാക്കുചേർത്തു് ഒരു വാക്യം ഉച്ചരിക്കുകയോ, അതു് എങ്ങനെയെങ്കിലും ദൈവവിശ്വാസത്തിനു് അനുകൂലമായി വ്യാഖ്യാനിക്കാൻ പറ്റിയതാണെന്നു് വിശ്വാസികൾക്കു് തോന്നുകയോ ചെയ്താൽ, പിന്നെ ഏതു് ചർച്ചയിലും ആ വാക്യം ദൈവാസ്തിത്വത്തിനു് തെളിവായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുമെന്നതാണു്. അക്കാര്യത്തിൽ വിശ്വാസിക്കു് ശാസ്ത്രത്തോടു് അയിത്തമൊന്നുമില്ല. ഇതുപോലുള്ള ചെറി പിക്കിംഗിനു് ഏറെ സാദ്ധ്യതകൾ തുറന്നിട്ട ഒരു ശാസ്ത്രജ്ഞനാണു് ആൽബെർട്ട് ഐൻസ്റ്റൈൻ. കൂട്ടത്തിൽ പറയട്ടെ, ‘ഹാലേലുയ്യ’ ‘അല്ലാഹു അക്ബർ’ മുതലായവ പോലെ, ഏതു് മണുമണപ്പൊട്ടനും എളുപ്പം കാണാതെ പഠിക്കാനും ആവർത്തിക്കാനും പറ്റിയ ഒരു സമവാക്യം (E=mc²) ഐൻസ്റ്റൈനെ ശാസ്ത്രലോകത്തിനു് വെളിയിലും പ്രശസ്തനാക്കിയതിൽ അപ്രധാനമല്ലാത്ത ഒരു പങ്കു് വഹിച്ചിട്ടുണ്ടു്. ഹൈസെൻബെർഗ്ഗ്, ഡിറാക്, ഷ്ര്യോഡിങ്ങർ മുതലായവർ പറഞ്ഞ കാര്യങ്ങൾ ‘സ്തോത്രം’ ‘E=mc²’ മുതലായവ പോലെ ദിവസത്തിൽ അഞ്ചുവട്ടം ആവർത്തിച്ചു് തലയിൽ കുടിയിരുത്താവുന്നവയല്ല എന്നതിനാൽ, അവ പൊതുവേ വിദഗ്ദ്ധരുടെ വൃത്തത്തിൽ മാത്രമായി ഒതുങ്ങുന്നു. ഐൻസ്റ്റൈനേപ്പോലുള്ളവരുടെ വാക്യങ്ങൾ ഉദ്ധരിക്കുന്നതുവഴി വിശ്വാസികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതു് ഇത്ര ഉന്നതനായ ഒരു ശാസ്ത്രജ്ഞൻ പോലും ദൈവവിശ്വാസി ആയിരുന്നു എന്നും അതുകൊണ്ടു് ദൈവവിശ്വാസം എന്നതു് ശാസ്ത്രം പോലെതന്നെ ലോജിക്കൽ ആണെന്നുമാണു്. അതുവരെയെത്തി കാര്യങ്ങൾ! വിശ്വാസിയുടെ ദൈവവിശ്വാസം അറ്റെസ്റ്റ് ചെയ്യാൻ ഏറ്റവും യോഗ്യനായവൻ പാതിരിയും പാമ്പാട്ടിയുമൊന്നുമല്ല, മനുഷ്യന്റെ യുക്തിബോധത്തിൽ ആശ്രയിക്കുന്ന ശാസ്ത്രജ്ഞനാണു്!
വിശ്വാസികളുടെ ഈ തന്ത്രം അറിയാവുന്നതുകൊണ്ടാവണം റിച്ചാർഡ് ഡോക്കിൻസ് ഗോഡ് ഡെല്യുഷൻ എന്ന ഗ്രന്ഥത്തിന്റെ ആദ്യത്തെ അദ്ധ്യായത്തിൽ തന്നെ ഈ വിഷയം പരാമര്‍ശിക്കാൻ തീരുമാനിച്ചതു്. വിശദമായി ആ ഭാഗത്തിലേക്കു് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും, ഒന്നുരണ്ടു് കാര്യങ്ങൾ സൂചിപ്പിക്കേണ്ടതു് ആവശ്യമാണെന്നു് തോന്നുന്നു. പല വിശ്വാസികളും ആകാംക്ഷയോടെ ചൂണ്ടിക്കാണിക്കുന്ന ഐൻസ്റ്റൈന്റെ ഒരു ഉദ്ധരണിയാണു് “മതമില്ലെങ്കിൽ മുടന്തുള്ള ശാസ്ത്രമില്ലെങ്കിൽ മതം അന്ധമാണു്” എന്നതു്. (Science without religion is lame, religion without science is blind). ഐൻസ്റ്റൈൻ തന്നെ സംശയത്തിനിടയില്ലാതെ മറ്റൊരിടത്തു് പറയുന്നു: “It was, of course, a lie what you read about my religious convictions, a lie which is being systematically repeated. I do not believe in a personal God and I have never denied this but have expressed it clearly. If something is in me which can be called religious then it is the unbounded admiration for the structure of the world so far as our science can reveal it.”
ഐൻസ്റ്റൈൻ വീണ്ടും മറ്റൊരിടത്തു്: “I am a deeply religious nonbeliever. This is a somewhat new kind of religion. ….. The idea of a personal God is quite alien to me and seem even naive.”
മതം എന്ന വാക്കു് ഐൻസ്റ്റൈൻ ഉപയോഗിക്കുന്നതു് വ്യവസ്ഥാനരൂപമായ മതം എന്ന അർത്ഥത്തിലല്ല എന്നതിന്റെ തെളിവുകളായി മതപക്ഷം ഐൻസ്റ്റൈനു് പ്രതിഷേധസൂചകമായി അയച്ച പല കത്തുകളുടെ ഭാഗങ്ങൾ ഡോക്കിൻസ് ആ പുസ്തകത്തിൽ കൊടുത്തിട്ടുണ്ടു്. അതിൽ ഒന്നു്:
From the Founder of the Calvary Tabernacle Association in Oklahoma: “Professor Einstein, I believe that every Christian in America will answer you, ‘We will not give up our belief in our God and his son Jesus Christ, but we invite you, if you do not believe in the God of the people of this nation, to go back where you came from’. I have done everything in my power to be a blessing to Israel, and then you come along and with one statement from your blasphemous tongue, do more to hurt the cause of your people than all the efforts of the Christians who love Israel can do to stamp out anti-Semitism in our land. Professor Einstein, every Christian in America will immediately reply to you, ‘Take your crazy, fallacious theory of evolution and go back to Germany where you came from, or stop trying to break down the faith of a people who gave you a welcome when you were forced to flee your native land’.”
ഐൻസ്റ്റൈനെ അമേരിക്കയിലെ തീവ്രമതവിശ്വാസികൾ എങ്ങനെയാണു് വിലയിരുത്തിയിരുന്നതു് എന്നതിനു് ഇതിൽ കൂടിയ തെളിവു് വേണോ? ഇന്നത്തെ ചില മതവിശ്വാസികൾ വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഒരു കൺവെൻഷണൽ ദൈവവിശ്വാസി ആയിരുന്നില്ല ഐൻസ്റ്റൈൻ എന്നാണു് ഇതു് വ്യക്തമാക്കുന്നതു്. ഡോക്കിൻസ്: “He (Einstein) was repeatedly indignant at the suggestion that he was a theist. So, was he a deist, like Voltaire and Diderot? Or a pantheist, like Spinoza, whose philosophy he admired: ‘I believe in Spinoza’s God who reveals himself in the orderly harmony of what exists, not in a God who concerns himself with fates and actions of human beings’?”
“Pantheism is sexed-up atheism. Deism is watered-down theism.”
ഡോക്കിൻസ്: “Does it seem that Einstein contradicted himself? That his words can be cherry-picked for quotes to support both sides of an argument? No. By religion Einstein meant something entirely different from what is conventionally meant. As I continue to clarify the distinction between supernatural religion on the one hand and Einsteinian religion on the other, bear in mind that I am calling only supernatural gods delusional.”
പല ശാസ്ത്രജ്ഞരും ദൈവം എന്ന വാക്കു് ഒരു മെറ്റഫോർ ആയി ഉപയോഗിക്കാറുണ്ടു്. നേരേ പറയുന്നതു് മനസ്സിലാവാത്ത വിശ്വാസികൾ ദൈവാസ്തിത്വത്തിനു് തെളിവുതേടി പരക്കം പായുന്നതിനിടയിൽ, കേൾക്കുന്നവയ്ക്കെല്ലാം അവർക്കു് അനുയോജ്യമായ രീതിയിൽ അർത്ഥം നൽകുകയാണു് ചെയ്യാറുള്ളതു്. പലരും അത്തരം വാക്യങ്ങൾ, അവയുടെ പശ്ചാത്തലം എന്തെന്നറിയാതെ, ആരോ അടർത്തിയെടുത്തവ കേട്ടിടത്തു് കേട്ടു് എഴുതുന്നവയാണു് എന്നതിനാൽ അവയ്ക്കു് അതു് പറഞ്ഞവൻ ഉദ്ദേശിച്ച അർത്ഥമല്ല, പകർത്തുന്നവൻ ആഗ്രഹിക്കുന്ന അർത്ഥമാണു് പലപ്പോഴും ലഭിക്കാറുള്ളതു് എന്നതും തെറ്റിദ്ധാരണകൾക്കു് കാരണമാവുന്നു. Stephen Hawking തന്റെ ‘A Brief History of Time’ എന്ന പുസ്തകത്തിൽ ഉപയോഗിക്കുന്ന ‘For then we should know the mind of God’ എന്ന നാടകീയമായ പ്രയോഗം ഹോക്കിംഗ് ഒരു മതവിശ്വാസിയാണു് എന്ന നിഗമനത്തിലാണു് ചില ദൈവവിശ്വാസികളെ കൊണ്ടുചെന്നെത്തിച്ചതു്!
ഒരു ഏകതാനജീവിയായ വിശ്വാസി ഒറ്റവാക്കുത്തരങ്ങൾ മാത്രം മനസ്സിലാക്കാൻ ശീലിച്ചവനാണെന്നും, അവനു് ദൈവവിശ്വാസം എന്നതു് മരണതുല്യം ഗൗരവതരമായ ഒരു കാര്യമാണെന്നും, ദൈവവിഷയങ്ങളിൽ കാർട്ടൂണുകൾ പോലെതന്നെ, തമാശകളും അവനു് താങ്ങാനാവാത്ത വേദന ഉളവാക്കുന്ന കാര്യമാണെന്നും എല്ലാ ശാസ്ത്രജ്ഞരും മനസ്സിലാക്കുകയും, എഴുതുമ്പോഴായാലും പറയുമ്പോഴായാലും ഒരുകാരണവശാലും ദൈവം എന്ന വാക്കു് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. അല്ലെങ്കിൽ വിശ്വാസി എല്ലാറ്റിനേയും പിടിച്ചു് ‘മതവിശ്വാസികൾ’ എന്ന മേശവലിപ്പിൽ അടയ്ക്കും. ഒരു മതവിശ്വാസി മുൻജന്മ, പിൻജന്മ, ഇജ്ജന്മ, തെറിവിളി പാപങ്ങളുടെ ഭാരം മാത്രമല്ല, ഓരോ മനുഷ്യർക്കും നൽകാനുള്ള ലേബലുകൾ ഒട്ടിച്ച ഏറെ മേശവലിപ്പുകളുടെ ഭാരവും കൂടി ചുമക്കുന്നവനാണെന്നു് മറക്കാതിരിക്കുക. കാണുന്നവരോടെല്ലാം അവൻ ആദ്യമേ ചോദിക്കുന്ന ചോദ്യം, “നീ വിശ്വാസപരമായി ഏതു് മേശവലിപ്പിൽ പെടുന്നവനാണു്” എന്നാണു്. ഏതെങ്കിലും ഒരു വിഷയത്തിൽ മറ്റൊരു മനുഷ്യനോടു് സംസാരിക്കുന്നതിനു് മുൻപു് ആദ്യം അവനെ ഒരു മേശവലിപ്പിൽ അടച്ചിരിക്കണം എന്നതു് ഒരു വിശ്വാസിയെസംബന്ധിച്ചു് ജീവവായുവിനു് തുല്യമായ ഒരു അനിവാര്യതയാണു്.
താരതമ്യേന വളരെ കുറച്ചു് മനുഷ്യർക്കേ ജീവിക്കാൻ ഒരു ദൈവം വേണമെന്ന നിർബന്ധം ഇല്ലാതുള്ളു. ഒരു ദൈവത്തെ കൂടാതെ കഴിയാത്തവരാണു് അധികം പേരും. എന്താണു് അവർക്കു് ദൈവത്തെക്കൊണ്ടുള്ള ആവശ്യം? ഈ ചോദ്യത്തിനു് റിച്ചാർഡ് ഡോക്കിൻസ് നൽകുന്ന ചില മറുപടികൾ (ഒരു ഇന്‍റര്‍വ്യൂവിൽ നിന്നും):
1. അസ്തിത്വത്തിന്റെ വിശദീകരണം എന്ന നിലയിൽ – അതുവഴി അസ്തിത്വം വിശദീകരിക്കപ്പെടുന്നില്ല എങ്കിലും.
2.വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കും ഈ കാണുന്നതിന്റെയൊക്കെ അർത്ഥമെന്തെന്നു് അന്വേഷിക്കുന്നവർക്കും സാന്ത്വനം എന്ന നിലയിൽ.
3. ഭയാശങ്കയുള്ളവർക്കു് സഹായവും, ഏകാകികൾക്കു് താങ്ങും എന്ന നിലയിൽ.
എന്നെ സഹായിക്കുന്നവനായ ഒരു സുഹൃത്തിനെ ഭാവനവഴി സൃഷ്ടിച്ചെടുക്കുന്നതു് തീർച്ചയായും ഒട്ടും പരിഹാസ്യമായ കാര്യമല്ല. ഒരു യഥാർത്ഥ സുഹൃത്തിനെപ്പോലെ ഹൃദ്യമായി ഒരു ഭാവനാസുഹൃത്തു് സഹായിക്കണമെന്നില്ല, പക്ഷേ, ഒരു സാങ്കൽപികസുഹൃത്തുള്ളതു് ഒരു സുഹൃത്തും ഇല്ലാത്തതിനേക്കാൾ എന്തുകൊണ്ടും ഭേദമാണു്. അങ്ങനെയെങ്കിൽ പിന്നെയെന്തിനു് ദൈവവിശ്വാസത്തേയും മതങ്ങളെയും വിമർശ്ശിക്കണമെന്ന ചോദ്യം ഉയരാം. കുറേ മനുഷ്യർ ഒരു സാങ്കൽപികസുഹൃത്തിൽ ആശ്വാസം കണ്ടെത്തുന്നുണ്ടോ എന്നതല്ല ഇവിടെ പ്രശ്നം. സത്യം തേടുക എന്നതാണു് കാര്യം. മനുഷ്യരൂപവും നരച്ച താടിയുമുള്ള ഒരു ദൈവം ഉണ്ടോ ഇല്ലയോ എന്നതു് മാത്രമല്ല, ഏതെങ്കിലും രൂപത്തിലുള്ള ഒരു പ്രകൃത്യാതീതശക്തി ഉണ്ടോ ഇല്ലയോ എന്നന്വേഷിക്കുക എന്നതാണു് വിഷയം.
ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ പറയുന്നു: “അമ്മയുടെ ഗർഭത്തിൽ നിന്നു് ഷണ്ഡന്മാരായി ജനിച്ചവരുണ്ടു്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു്” (മത്തായി 19: 12). അൽപം വ്യത്യാസത്തോടെയാണെങ്കിലും ഈ വാക്യം മതവിശ്വാസത്തിനും ബാധകമാക്കാവുന്നതാണു്. അമ്മയുടെ ഗർഭത്തിൽ നിന്നും ആരും മതവിശ്വാസിയായി ജനിക്കുന്നില്ല. സ്വർഗ്ഗരാജ്യത്തിനുവേണ്ടി പ്രായപൂർത്തിയായശേഷം ഒരുവൻ മതവിശ്വാസി ആകുന്നുവെങ്കിൽ അതു് അവന്റെ വ്യക്തിസ്വാതന്ത്ര്യം. പക്ഷേ, ആ സ്വാതന്ത്ര്യം ഏകപക്ഷീയമാവാതിരിക്കാൻ അതിനു് ഒരു നിബന്ധന കൂടിയേ തീരൂ: അതേ വ്യക്തിസ്വാതന്ത്ര്യം അന്യ മതങ്ങളിൽ വിശ്വസിക്കാനോ, ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനോ, അതുമല്ലെങ്കിൽ, നിരീശ്വരവാദിയോ യുക്തിവാദിയോ ആവാനോ മറ്റോരോരുത്തർക്കും ഉണ്ടു് എന്നുകൂടി അംഗീകരിക്കാനുള്ള ഓരോരുത്തരുടെയും ബാദ്ധ്യതയാണതു്. മുകളിൽ പറഞ്ഞതിലെ രണ്ടാമത്തേതിനു് സമാനമായ വിഭാഗത്തിൽ പെടുത്താവുന്നവരാണു് മനുഷ്യരാൽ മതവിശ്വാസികളാക്കപ്പെടുന്നവർ. ഇവിടെ ഒരു തരംതിരിവു് ആവശ്യമാണു്. സ്വന്തം തീരുമാനങ്ങളുടെ അർത്ഥവ്യാപ്തിയും അതു് അവനിലും അവന്റെ സമൂഹത്തിലും വരുത്തിയേക്കാവുന്ന പരിണതഫലങ്ങളുമൊക്കെ വേർത്തിരിച്ചറിയാൻ മാത്രം മാനസികവളർച്ച പ്രാപിച്ച ഒരുവൻ പൂർണ്ണമനസ്സോടെ ഏതെങ്കിലുമൊരു മതവിശ്വാസം സ്വീകരിക്കുന്നതും, അക്ഷരാഭ്യാസമോ, ലോകപരിജ്ഞാനമോ ഇല്ലാത്തവർക്കു് (ഉദാ. ആദിവാസികൾ) മതവിശ്വാസം വിൽക്കുന്നതും രണ്ടു് വിപരീതധ്രുവങ്ങളിൽ നിർത്തേണ്ട കാര്യങ്ങളാണു്.
ഇതിൽ രണ്ടാമത്തെ വിഭാഗത്തിനോടു് താരതമ്യം ചെയ്യാവുന്നതും, എന്നാൽ അതിനേക്കാളൊക്കെ എത്രയോ ഭയാനകവും, ഒരു വ്യക്തിയുടെ ഭാവിജീവിതത്തിനോടു് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യവുമാണു്, ഒരു കുഞ്ഞിന്റെ മനസ്സിൽ ഏതെങ്കിലുമൊരു മതം കുത്തിവയ്ക്കുന്നതു്. അവനിൽ അടിച്ചേൽപിക്കപ്പെടുന്നതു് എല്ലായ്പോഴുംതന്നെ അവന്റെ മാതാപിതാക്കളുടെ മതമാണു് എന്നതു് ഈ ക്രൂരകൃത്യത്തിന്റെ ന്യായീകരണമാവുന്നില്ല. എന്റെ കുഞ്ഞിനെ എനിക്കിഷ്ടമുള്ളതു് ചെയ്യും എന്ന നിലപാടു് ഇക്കാലത്തു് ഒരു ആധുനിക നിയമരാഷ്ട്രവും അംഗീകരിക്കുന്ന കാര്യമല്ല. ഒരു കുഞ്ഞിന്റെ വളർത്തലിൽ അനാസ്ഥയോ അവഗനണയോ സംഭവിക്കുന്നു എന്നു് ബോദ്ധ്യം വന്നാൽ ആ കുഞ്ഞിനെ രാഷ്ട്രത്തിന്റെ ചിലവിൽ വളർത്താനായി മാതാപിതാക്കളിൽ നിന്നും വേർപ്പെടുത്തി ശിശുസംരക്ഷണകേന്ദ്രങ്ങളിൽ ഏൽപിക്കുന്നതിനുള്ള നിയമപരമായ അധികാരം പോലും അത്തരം രാജ്യങ്ങളിൽ നിലവിലുണ്ടു്. നഴ്‌സറി മുതൽതന്നെ കുട്ടികളുടെ ചിന്താശേഷി ബയാസ്‌ഡ് അല്ലാതെ സ്വതന്ത്രമായി വികസിക്കുവാൻ പര്യാപ്തമായ വിദ്യാഭ്യാസരീതി നിലവിലുള്ളതിനാൽ മതവിശ്വാസമോ രാഷ്ട്രീയ നിലപാടുകളോ മൗലികവാദത്തിലേക്കോ തീവ്രവാദങ്ങളിലേക്കോ വികലീകരിക്കപ്പെടുന്നതിനുള്ള സാദ്ധ്യത പരിമിതമാണു്. ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസം കുട്ടികൾക്കു് നൽകുകവഴി, കുരങ്ങൻ നിരന്തരം കൊമ്പിൽ നിന്നും കൊമ്പിലേക്കു് ചാടുന്നതുപോലെ, ഗോസിപ്പുകളും, സെൻസേയ്ഷണൽ ന്യൂസുകളും, ഒരായിരം വിഷയങ്ങളിൽ ദിവസേനയെന്നോണം ചർച്ചയും നിർദ്ദേശങ്ങളും കുറ്റപ്പെടുത്തലുകളുമായി, ഒന്നിലും ഒരു തീർച്ചയോ തീരുമാനമോ ഇല്ലാതെ, ശകലീകരണങ്ങളിൽ സ്വയം നഷ്ടപ്പെടുത്താതെ, സാരവത്തായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ശേഷി സാവകാശം വളർത്തിയെടുക്കപ്പെടുന്നു. ഒരു പുതിയ തലമുറ എന്തായിത്തീരുന്നു എന്ന കാര്യം ദൈവത്തിന്റെ പ്ലാനുകൾക്കും പദ്ധതികൾക്കും വിട്ടുകൊടുത്തുകൊണ്ടു്, ഏതെങ്കിലും തുളകളിൽ ഭജനമിരിക്കുകയോ, ധ്യാനത്തിൽ പങ്കെടുക്കുകയോ, ദൈവനാമം ജപിക്കുകയോ അല്ല ഉത്തരവാദിത്വബോധമുള്ള ഒരു ആധുനികസമൂഹം ചെയ്യുന്നതു്. കരുത്തുറ്റ തലമുറകളെ വളർത്തിയെടുക്കേണ്ട ചുമതല സമൂഹത്തിന്റേതാണു്, ദൈവങ്ങളുടേതല്ല. ഇന്നുവരെ ഒരു ദൈവവും ആ ജോലി ഏറ്റെടുത്തിട്ടില്ല, ഒരിക്കലും ഏറ്റെടുക്കുകയുമില്ല.
ഒരു കുഞ്ഞിനു് പാപമെന്തെന്നോ പുണ്യമെന്തെന്നോ അറിയില്ല. സ്വർഗ്ഗവും നരകവും അവനു് അജ്ഞാതമാണു്. ചുറ്റുപാടുകളിൽ കാണുന്നവയെല്ലാം അവനു് പുതിയ അറിവുകളാണു്, പുതിയ ലോകങ്ങളാണു്. ചെറുപ്പത്തിൽ കേൾക്കുന്നതും കാണുന്നതും അനുഭവിക്കുന്നതുമെല്ലാം ഒരു കുഞ്ഞിന്റെ ബുദ്ധി സ്പോഞ്ച് വെള്ളത്തെയെന്നപോലെ വലിച്ചെടുക്കുന്നു എന്നല്ലാതെ, അവയുടെ ഗുണദോഷങ്ങളെപ്പറ്റി ഒരു വിചിന്തനം ആ പ്രായത്തിൽ സംഭവിക്കുന്നില്ല, സാദ്ധ്യവുമല്ല. ഇളംപ്രായത്തിൽ, ചുരുങ്ങിയ ഏതാനും വർഷങ്ങൾ കൊണ്ടു് ഒരു കുഞ്ഞു് ഹൃദിസ്ഥമാക്കുന്ന വാക്കുകളുടെ എണ്ണം മാത്രം മതി ഒരു ഇളം തലച്ചോറിന്റെ ആഗിരണശേഷി എത്ര വലുതാണെന്നു് മനസ്സിലാക്കാൻ. ബാല്യത്തിൽ പല ഭാഷകൾ കേട്ടു് വളരാൻ കഴിയുന്നവർ ജീവിതകാലം മുഴുവൻ ആ ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്നവരായിരിക്കുമെന്നതു് ഇതിനു് തെളിവു് നൽകുന്നു. അതുപോലെതന്നെ, അതിന്റെ മറുവശമെന്നോണം, കുഞ്ഞുങ്ങളുടെ വളർത്തലിൽ സംഭവിക്കുന്ന വീഴ്ചകൾ തിരുത്താനാവാത്ത മാനസികവും ശാരീരികവുമായ പാകപ്പിഴകളിലേക്കു് നയിക്കുമെന്നതും സംശയരഹിതമായ കാര്യമാണു്. “ദൈവനാമത്തിൽ മനുഷ്യനെ കൊല്ലുക” എന്ന വിശുദ്ധ ‘ആദർശ്ശം’ കാഫിറുകളുടെ പഴയ ആയുധങ്ങൾ ഉപയോഗിച്ചു് ദൈവത്തിനു് അങ്ങേയറ്റം തൃപ്തികരമായ വിധത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ചില പ്രിമിറ്റീവ് സമൂഹങ്ങളിലെ വേദോപദേശക്ലാസ്സുകളിൽ പായിലോ വെറും തറയിലോ ഇരുന്നു് മുന്നോട്ടും പുറകോട്ടും ആടിക്കൊണ്ടു് അർത്ഥമെന്തെന്നറിയാത്ത ഏതാനും ‘ബ്ലാ ബ്ലാ’ വാക്യങ്ങൾ കാണാതെ പഠിക്കാൻ കുട്ടികൾ നിർബന്ധിതരാക്കപ്പെടുന്ന ദയനീയ ചിത്രങ്ങൾ ചിലരെങ്കിലും കണ്ടിട്ടുണ്ടാവും. കൂമ്പും വേരും മുറിച്ചു് എന്നേക്കുമായി മുരടിപ്പിക്കപ്പെടുന്ന പിഞ്ചുതലച്ചോറുകൾ! അത്തരം ‘വിദ്യാഭ്യാസം’ വഴി വാർത്തെടുക്കപ്പെടുന്നതു് ചിന്താശേഷിയോ വിശകലനശേഷിയോ ഇല്ലാത്ത ‘ഇരുക്കാലി മൃഗങ്ങൾ’ മാത്രമായിരിക്കും. കാണാതെ പഠിച്ച സൂക്തങ്ങളും ശ്ലോകങ്ങളും ഉത്തമബോദ്ധ്യങ്ങളും സമയത്തും അസമയത്തും ആവർത്തിക്കാൻ മാത്രം കഴിയുന്ന കാലഹരണപ്പെട്ട ഭ്രാന്തൻ തത്വസംഹിതകളുടെ മെഗാഫോണുകൾ!
ജീവിതാനുഭവങ്ങളെ യാഥാർത്ഥ്യബോധത്തോടെ ബൗദ്ധികവും യുക്തിഭദ്രവുമായ അപഗ്രഥനത്തിനു് വിധേയമാക്കാനും നേരിടാനുമുള്ള ശേഷി വളർത്തിയെടുക്കാൻ പര്യാപ്തമല്ലാത്ത വിദ്യാഭ്യാസം കൊണ്ടു് സൃഷ്ടിക്കപ്പെടുന്നതു് ഇടയന്മാരുടെ പുറകെ നടക്കാനല്ലാതെ മറ്റൊന്നിനും ശേഷിയില്ലാത്ത കുറെ ആട്ടിൻപറ്റങ്ങളായിരിക്കും. ഇടയൻ കൽപിച്ചാൽ ചാവേറാവാൻ പോലും മടിക്കാത്തവിധം മസ്തിഷ്കപ്രക്ഷാളനം ചെയ്തു് മന്ദബുദ്ധികളാക്കപ്പെടുന്നവർ. മനുഷ്യന്റെ സ്വതന്ത്രബുദ്ധിയെ, യുക്തിപൂർവ്വം ചിന്തിക്കാനുള്ള അവന്റെ കഴിവിനെ, അവൻ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ അവഹേളനം ചെയ്യാൻ മാത്രം അധഃപതിച്ച മനുഷ്യനാമധാരികൾ. ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യമനസ്സിന്റെ വളർച്ചയുടെ മകുടമായ യുക്തിബോധത്തെ കുരങ്ങുകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും യുഗങ്ങളിൽ നിന്നും വരുന്ന ദൈവങ്ങളുടെ പേരിൽ അപഹസിക്കാൻ മടിക്കാത്തവർ. ആ ദൈവങ്ങളുടെ പേരിൽ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ പോലും ധൈര്യം കാണിക്കുന്നവർ. അത്തരക്കാർ, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യവർഗ്ഗത്തിനുതന്നെ അപമാനമാണു്. സകല മനുഷ്യരുടെയും സ്രഷ്ടാവായ ഒരു ദൈവം അവരിൽ ചില മനുഷ്യരെ അവർ അന്യജാതിക്കാരോ അന്യവിശ്വാസികളോ ആണെന്നതിന്റെ മാത്രം പേരിൽ കൊല്ലാൻ കൽപിക്കുന്നു! അതേ ദൈവത്തിന്റെ മതം സ്നേഹത്തിന്റെയും സമാധാനത്തിന്റേയും മതമാണെന്നു് ഒരുത്തൻ ഏറാൻ മൂളി സമ്മതിക്കണമെങ്കിൽ അവൻ മൂളയില്ലാത്തവനായിരിക്കണം, യുക്തിബോധം തൊട്ടുതീണ്ടാത്തവനായിരിക്കണം. അതിനുവേണ്ടിയാണു് മസ്തിഷ്കപ്രക്ഷാളനം മാത്രം ലക്ഷ്യമാക്കി മുളയിലേ നൽകപ്പെടുന്ന വേദോപദേശം. അതു് മതപഠനമല്ല, ഹിപ്നോട്ടിസമാണു്. അതുവഴി, വസ്തുതകൾ മനനം ചെയ്യുന്നതിനുള്ള ശേഷി ആരംഭത്തിലേതന്നെ നശിപ്പിച്ചു്, വിദ്യാർത്ഥികൾ റിമോട്ട് കണ്ട്രോൾഡ് റോബോട്ടുകൾ ആക്കപ്പെടുകയാണു് ചെയ്യുന്നതു്. പഠിപ്പിക്കപ്പെടുന്ന കാര്യങ്ങളെപ്പറ്റി ഒരു വിചിന്തനം വിദ്യാർത്ഥികൾക്കു് അടിസ്ഥാനപരമായിത്തന്നെ അസാദ്ധ്യമായ ഒരു വിദ്യാഭ്യാസം തലയ്ക്കുള്ളിലേക്കു് ഒരു കുനീലിലൂടെ ഒട്ടകച്ചാണകം കലക്കി ഒഴിക്കുന്നതിനു് തുല്യമേ ആവൂ. ബാല്യത്തിലേതന്നെ ദൈവനാമത്തിൽ നടത്തപ്പെടുന്ന ഈ ‘തലച്ചോർ കലക്കൽ’ ഇപ്പോഴും എപ്പോഴും എന്നേക്കും വടക്കുനോക്കിയന്ത്രങ്ങളായ മതഭ്രാന്തന്മാരെ എത്ര ഫലപ്രദമായാണു് നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്നു് ബ്ലോഗിലെ വിവിധ ചർച്ചകൾ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ബാർബർഷോപ്പ് മാതൃകയിലുള്ള ചർച്ചകളിൽ അത്ര അനുഭവസമ്പന്നനല്ലാതിരുന്ന എന്നെ സംബന്ധിച്ചു്, കഴിഞ്ഞ മൂന്നു് വർഷങ്ങളിലെ മലയാളം ബ്ലോഗ് ലോകവുമായുള്ള ബന്ധം ഈ വിഷയത്തിൽ ഏറെ തെറ്റിദ്ധാരണകൾ നീക്കാൻ സഹായകമായിരുന്നു. ശാസ്ത്രജ്ഞരുടെയും പണ്ഡിതരുടെയും സാമൂഹിക-സാംസ്കാരികനായകരുടെയുമൊക്കെ അലക്കിത്തേച്ച പുറംകുപ്പായത്തിനുള്ളിൽ ഒളിച്ചുവച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളും ആരാധനാമൂർത്തികളും പുതിയ പുതിയ അനുഭവങ്ങളായിരുന്നു! മലയാളിസ്വത്വത്തിന്റെ അവിഭാജ്യഘടകമെന്നോണം പുരപ്പുറത്തു് ആർഭാടമായി വിരിച്ചിട്ടിരിക്കുന്ന ദുരഭിമാനത്തിന്റെ വെട്ടിത്തിളങ്ങുന്ന പട്ടുകോണകങ്ങൾ!
“നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം നീ തിന്നരുതു്; തിന്നുന്ന നാളിൽ നീ മരിക്കും” (ഉൽപത്തി 2:17) എന്നു് ഒരു ദൈവം മനുഷ്യനോടു് കൽപിക്കണമെങ്കിൽ ആ ദൈവം മനുഷ്യന്റെ അറിവിനെ എത്രമാത്രം ഭയപ്പെടുന്നുണ്ടു് എന്നു് ചിന്തിച്ചാൽ മതി. പ്രച്ഛന്നവേഷം ധരിച്ചു് ദൈവമായി പ്രത്യക്ഷപ്പെടുന്ന ഒരു പുരോഹിതനല്ലാതെ, സർവ്വജ്ഞാനിയായ ഒരു ദൈവം മനുഷ്യൻ അറിവുനേടുന്നതു് മരണകാരണമായ ഒരു മഹാപാപമാണെന്നു് ഒരിക്കലും കൽപിക്കുകയില്ല. മനുഷ്യന്റെ അറിവിനെ ഭയപ്പെടേണ്ട ആവശ്യം അവനെ ചൂഷണം ചെയ്യാൻ ആഗ്രഹിക്കുന്ന പുരോഹിതനേ വേണ്ടിവരുന്നുള്ളു. ചാക്കിൽ ഇല്ലാത്ത പൂച്ചയെ വിറ്റു് ജീവിക്കുന്ന പുരോഹിതനോടു് ചാക്കിനുള്ളിൽ പൂച്ച ഉണ്ടോ എന്നു് എനിക്കറിയണമെന്നു് ആവശ്യപ്പെടാൻ മനുഷ്യൻ ഒരിക്കലും ധൈര്യപ്പെടരുതു്. മനുഷ്യൻ അറിയാൻ തുടങ്ങുകയും, അതുവഴി പൗരോഹിത്യം മരിക്കാൻ തുടങ്ങുകയും ചെയ്യാതിരിക്കാനാണു് “അറിവിന്റെ ഫലം തിന്നുന്ന നാളിൽ നീ മരിക്കും” എന്നു് വേദഗ്രന്ഥത്തിന്റെ ആരംഭത്തിൽ തന്നെ പുരോഹിതൻ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു്. മതമുണ്ടായ കാലം മുതൽ മനുഷ്യർ ആടുമാടുകളായിരുന്നു, പുരോഹിതൻ ഇക്കാലമത്രയും അവയുടെ പാലിന്റേയും മാംസത്തിന്റേയും തോലിന്റേയും സർവ്വാധികാരിയായ ഇടയനും. ഈ സർവ്വാധികാരം ഒരിക്കലും ചോദ്യം ചെയ്യപ്പെടരുതു്. അതിനാണു് പുരോഹിതൻ ദൈവം എന്ന മസ്തിഷ്കഭൂതത്തെ പ്രപഞ്ചാധികാരിയായി വാഴിച്ചതു്. ഇല്ലാത്ത ഈ പ്രപഞ്ചാധികാരിയുടെ ഇഹവും പരവുമായ ലോകത്തിലെ നിയമാനുസൃത പ്രതിനിധിയായി സ്വയം അവരോധിച്ചു്, ഒരിക്കലും തൃപ്തിവരാത്ത ഇത്തിക്കണ്ണികളെപ്പോലെ, ഇടയന്റെ വേഷം ധരിച്ച ചെന്നായ്ക്കൾ ദൈവഭയത്താലും മരണഭയത്താലും നരകഭയത്താലും ‘പാപ’മോചനം തേടി, മോക്ഷം തേടി, അഭയം തേടി, സഹായം യാചിച്ചു് മുട്ടുകുത്തിനിൽക്കുന്ന വിശ്വാസികളായ ആടുകളെ, ചില സൂപ്പർ സ്റ്റാറുകൾ ഫാൻ ക്ലബ് അംഗങ്ങളായ മന്ദബുദ്ധികളെ എന്നപോലെ, മഹാപാപികൾ എന്നു് ആക്രോശിച്ചുകൊണ്ടും അധിക്ഷേപിച്ചുകൊണ്ടും അവരുടെ രക്തം ഊറ്റിക്കുടിച്ചു് പോത്തട്ടയെപ്പോലെ വീർക്കുന്നു. ഇതുപോലൊരു മൃഗതുല്യജീവിതത്തിന്റെ ബലിക്കല്ലിലേക്കു് എത്രനാൾ ആടുകൾ സ്വമേധയാ തലനീട്ടിക്കാണിക്കുന്നുവോ, അത്രനാൾ ഇടയന്മാരുടെ അപമാനിക്കലും ചൂഷണവും തുടർന്നുകൊണ്ടിരിക്കും. ഈ ‘പ്രീഹിസ്റ്റോറിക്’ ലോകത്തിൽ ഇന്നും ഇടയൻ ആടുകൾക്കാണു് – മനുഷ്യൻ മനുഷ്യർക്കല്ല – ലേഖനങ്ങൾ അയക്കുന്നതു്. ആടുകൾക്കു് അന്നും ഇന്നും ഇടയലേഖനത്തിന്റെ ഉള്ളടക്കം ചക്കായാലും കൊക്കായാലും ഒരുപോലെ. കുറിപ്പടി വായിച്ചുതീർന്നു എന്നതിനു് കപ്യാരുടെ കൈമണികിലുക്കം കേൾക്കുമ്പോൾ തലയിൽ മുണ്ടിട്ടിട്ടുള്ളവരും തോളിൽ മുണ്ടിട്ടിട്ടുള്ളവരും ഒന്നടങ്കം ചെവിയിൽ കടുകുപോയാലെന്ന പോലെ തലകുലുക്കി പൂർണ്ണസമ്മതം ഉറപ്പുനൽകുന്നു. വീട്ടിലായാലും പള്ളിയിലായാലും, തന്നോടു് പ്രാർത്ഥിക്കുമ്പോൾ ഓരോ ‘എട്ടണമറിയവും’ തലയിൽ മുണ്ടിട്ടിരിക്കണമെന്നു് നിർബന്ധമുള്ള ഒരു ദൈവം ഒരു ഒന്നൊന്നേമുക്കാൽ ദൈവമായിരിക്കണം – ബിഗ്-ബാംഗിന്റെയൊക്കെ ചുമതലക്കാരനായ സാക്ഷാൽ ദൈവംതമ്പുരാൻ.
(തുടരും)