RSS

Daily Archives: Jul 31, 2019

കുമിളകളിൽ വാഴുന്നവർ

രോഗിയുടെ ശരീരത്തിലേക്കു് മരുന്നുകൾ പല വിധത്തിൽ എത്തിക്കാം. അതിനനുയോജ്യമായ രീതിയിൽ അവ നിർമ്മിക്കപ്പെട്ടിരിക്കണം എന്നേയുള്ളു. ഗുളികകളോ തുള്ളിമരുന്നുകളോ ആയി വാവഴി കഴിക്കാവുന്നവ, സബ്ക്യുട്ടേനിയസായോ ഇൻട്രമസ്ക്യുലറായോ ഇൻട്രവീനസായോ ഇൻട്രആർറ്റീറിയലായോ ഇൻജെക്റ്റ് ചെയ്യുകയോ ഇൻഫ്യൂസ് ചെയ്യുകയോ ചെയ്യാവുന്നവ, സബ്ലിങ്ഗ്വലായോ ബക്കലായോ നൽകാവുന്ന ഗുളികകൾ ഫിലിമുകൾ സ്പ്രേകൾ, മലദ്വാരത്തിൽ തിരുകാവുന്ന സപ്പോസിറ്ററീസ്, ഇൻഹെയ്ൽ ചെയ്യാവുന്നവ, ട്രാൻസ്ഡെർമലായി അപ്ലൈ ചെയ്യാവുന്നവ, അങ്ങനെ വിവിധ രൂപത്തിൽ മരുന്നുകൾ ലഭ്യമാണു്. ആധുനികരാജ്യങ്ങളിൽ, ഏതു് മരുന്നു് എപ്പോൾ കൊടുക്കണമെന്നും, ആരു്, എങ്ങനെ കൊടുക്കണമെന്നുമെല്ലാം കൃത്യമായി നിഷ്കർഷിക്കുന്ന മാർഗ്ഗനിർദ്ദേശകരേഖകളുണ്ടു്. അവ പാലിക്കപ്പെടാതിരിക്കുന്നതു് ശിക്ഷാർഹമായ കുറ്റകൃത്യവുമാണു്. വാളെടുക്കുന്നവരും വാളിനിടയിലൂടെ നടക്കുന്നവരുമായ വായാടികളെയെല്ലാം നിർബന്ധമായി പിടിച്ചു് വെളിച്ചപ്പാടുകളാക്കി അവരോധിക്കുന്ന രാജ്യങ്ങളിൽ ഒന്നുകിൽ അത്തരം നിഷ്കർഷകൾ ഉണ്ടാകില്ല, അല്ലെങ്കിൽ, ആരെങ്കിലും പാലിക്കാനായി ഉണ്ടാക്കിയിട്ടുള്ളവയാവില്ല അവ. അവിടങ്ങളിൽ നിയമങ്ങൾ പാലിക്കുന്നവരാണു് ശിക്ഷാർഹർ. നിയമങ്ങൾ പാലിക്കാതിരിക്കലാണു് “കിമ്പളം” ലഭിക്കാൻ വേണ്ട മുൻവ്യവസ്ഥ. അഴിമതി അഴിഞ്ഞാടുന്ന നാടുകളിൽ, വഴിവിട്ട വഴികളുടെ അരികിലാണു് പണം കായ്ക്കുന്ന മരങ്ങൾ വളരുന്നതു്. കിമ്പളം ശമ്പളത്തേക്കാൾ എപ്പോഴും കൂടുതലായിരിക്കുകയും, കിമ്പളം വാങ്ങൽ ശമ്പളം വാങ്ങലിനു് തടസ്സമല്ലാതിരിക്കുകയും ചെയ്യുന്ന നാട്ടിൽ നിയമങ്ങൾ പാലിക്കാനോ പാലിക്കാതിരിക്കാനോ മനുഷ്യർ ശ്രമിക്കുക?

ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മറ്റും കളിക്കാർക്കു് ചതവു് പോലുള്ള ചെറിയയിനം പരിക്കുകൾ പറ്റുമ്പോൾ, ആ ഭാഗത്തു് സ്പ്രേ രൂപത്തിലുള്ള മരുന്നു് അപ്ലൈ ചെയ്തും, മസാഷ് ചെയ്തും വേദന ശമിപ്പിച്ചു് റ്റീം ഡോക്ടേഴ്സ് അവരെ തുടർന്നു് കളിക്കാൻ ഫിറ്റാക്കാറുണ്ടു്. സ്പ്രേയെ കുഴമ്പെന്നോ, മസാഷിനെ തിരുമ്മലെന്നോ വിളിച്ചതുകൊണ്ടു് ചികിത്സ ആയുർവ്വേദമാവുകയോ വേദന കുറയാതിരിക്കുകയോ ചെയ്യില്ല. ആയുർവ്വേദം എന്നു്‌ കേട്ടാൽ ചുവപ്പുതുണി കണ്ട സ്പാനിഷ് പോരുകാളകളെപ്പോലെ നിയന്ത്രണം നഷ്ടപ്പെടുന്ന “നവോത്ഥാനമല്ലു-മെഡിക്കോകളെ” ഈ വസ്തുത ശുണ്ഠി പിടിപ്പിക്കാൻ വഴിയുണ്ടു്. കാരണം, തൊലിപ്പുറമെ പുരട്ടുന്ന മരുന്നു് ശരീരത്തിന്റെ ഉള്ളിലേക്കു് കടക്കുമായിരുന്നെങ്കിൽ, മനുഷ്യർ ചെളിവെള്ളത്തിലൂടെ നടക്കുമ്പോൾ ശരീരം മൊത്തം ചെളിവെള്ളം കയറി വീർക്കണമായിരുന്നു എന്ന അവരുടെ ശാസ്ത്രാധിഷ്ഠിതമായ ഉത്തമബോദ്ധ്യത്തിനു് വിരുദ്ധമാണല്ലോ സ്പോർട്ട് ഡോക്ടേഴ്സ് കൈവരിക്കുന്ന ചികിത്സാവിജയം!

മോഡേൺ മെഡിസിനായാലും, ആയുർവ്വേദമായാലും, എഞ്ചിനിയറിംഗ് ആയാലും, മറ്റേതൊരു തൊഴിലായാലും, അതു് ശരിയായ രീതിയിൽ പഠിക്കുകയും, ആ തൊഴിലിലെ വിദഗ്ദ്ധരുടെ കീഴിൽ ജോലി ചെയ്തു് വേണ്ടത്ര എക്സ്പീരിയൻസ് നേടി സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്ത ശേഷമല്ലാതെ ആ തൊഴിൽ ചെയ്യാനായി ഇറങ്ങിത്തിരിക്കുന്നവർ അപകടകാരികളാണു്. അവർ ചെയ്യുന്നതു് സമൂഹദ്രോഹമാണു്. പക്ഷേ, ഇത്തരം കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ട രാഷ്ട്രീയക്കാർക്കുതന്നെ അവർ ചെയ്യുന്നതെന്തെന്നോ, പറയുന്നതെന്തെന്നോ യാതൊരുവിധ ഗ്രാഹ്യവുമില്ലെങ്കിൽ, അവർ നയിക്കപ്പെടുന്നതു് അഴിമതിയാലാണെങ്കിൽ, സ്വജനപക്ഷപാതമാണു് സമൂഹത്തിന്റെ ചുമതല വഹിക്കേണ്ടവരെ നിയമിക്കുന്നതിൽ അവർ കാലങ്ങളായി പിൻതുടരുന്ന മാനദണ്ഡമെങ്കിൽ, അവർ വഴി സമൂഹത്തെ മൊത്തം ബാധിച്ചിരിക്കുന്ന ജീർണ്ണതയുടെ ആഴം കൂടുകയല്ലാതെ കുറയുമെന്നു് പ്രതീക്ഷിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? നയിക്കുന്നവർ തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നവരാകുമ്പോൾ, നയിക്കപ്പെടുന്നവർ തെറ്റു് ചെയ്യാനല്ലാതെ ശരി ചെയ്യാൻ ആഗ്രഹിക്കുമോ?

ആസ്ട്രോഫിസിക്സോ, ക്വാണ്ടം എന്റാങ്കിൾമെന്റോ, റിലേറ്റിവിറ്റി തിയറിയോ ആയാലേ ശാസ്ത്രമാവൂ എന്നില്ല. ദൈവങ്ങളുടെയോ പിശാചുക്കളുടെയോ സഹായമില്ലാതെ, സ്വന്തം ബുദ്ധിയുപയോഗിച്ചു് യുക്തിപൂർവ്വം തന്നെയും ലോകത്തെയും മനസ്സിലാക്കാൻ മനുഷ്യർ നടത്തുന്ന ഏതു് അന്വേഷണവും ശാസ്ത്രമാണു്. അതുവഴി ലഭിക്കുന്ന അറിവുകൾക്കേ ശാസ്ത്രീയം എന്ന വിശേഷണം യോജിക്കൂ. ആരോ പറഞ്ഞുകേട്ട ഏതോ ദൈവത്തെയോ, ദൈവങ്ങളെയോ ചോദ്യം ചെയ്യാൻ പാടില്ലാത്ത നിത്യസത്യമായി തുടക്കത്തിലേ ഉറപ്പിച്ചശേഷം അതിനെ ലക്ഷ്യമാക്കിയുള്ള ഓട്ടത്തിൽ ആലപിക്കപ്പെടുന്ന ശീലുകളും മന്ത്രങ്ങളും, ഏറ്റവും മിതമായ ഭാഷയിൽ പറഞ്ഞാൽ, മാനസികവിഭ്രാന്തിയാണു് – പ്രാസയുക്തം, കാവ്യാത്മകം, പൂർണ്ണമായും അർത്ഥശൂന്യം!

മനുഷ്യർ ക്യാറ്റഗൊറികളിൽ ചിന്തിക്കുന്ന സ്വഭാവക്കാരാണു്. മൂർത്തമോ അമൂർത്തമോ ആയ അസ്തിത്വങ്ങളെ (വസ്തുക്കൾ, ജീവജാലങ്ങൾ, ദൈവൻസ്, ശൈത്താൻസ് തുടങ്ങിയ ഇനങ്ങൾ), സ്വന്തം യുക്തിപരതയെ ബോധപൂർവ്വം ഉപയോഗിച്ചുകൊണ്ടുള്ള വിശദാംശപരിശോധനയില്ലാതെ, സഹജമായ അവബോധത്താൽ മാത്രം തരം തിരിക്കുകയും, അവയെ കീഴ്വഴക്കങ്ങളിലൂടെ ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട പൊതുസംജ്ഞകളുടെ കീഴിൽ നിരുപാധികം അണിനിരത്തുകയും ചെയ്യുന്ന ചിന്താപരമായ രീതിയാണു് ക്യാറ്റഗൊറൈസേഷൻ, അഥവാ ഇനം തിരിക്കൽ. മനുഷ്യർ നായാടികളായി ജീവിച്ചിരുന്ന പുരാതനകാലത്തു് അതുപോലൊരു തരം തിരിക്കൽ അപരിത്യാജമായ ഒരാവശ്യം പോലുമായിരുന്നു. കാരണം, തന്റെ മുന്നിൽ നിൽക്കുന്നതു് ശത്രുവോ മിത്രമോ ഇരയോ ഇണയോ എന്നു് നിമിഷാർദ്ധത്തിൽ തീരുമാനിക്കേണ്ട സന്ദർഭങ്ങൾ അവരുടെ ജീവിതത്തിലെ അപൂർവ്വതകളായിരുന്നില്ല. ജീവന്മരണസന്ദർഭങ്ങൾ!

“ഞാൻ വരും, എല്ലാം ശരിയാകും” എന്ന പെട്ടിപ്പാട്ടുമായി വരുന്ന രാഷ്ട്രീയനേതാവിനെയോ, ഞാൻ മറ്റെന്നാൾ പുലർച്ചെ മേഘത്തിൽക്കയറിവന്നു് പാപിയായ താഴേവീട്ടിൽ ശൗര്യാർക്കു് നരകത്തിലും, “അപാപിയായ” മേലേവീട്ടിൽ ഇത്താപ്പിരിക്കു് സ്വർഗ്ഗത്തിലും സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് പതിച്ചുതരുമെന്നു് വാഗ്ദാനം നൽകിയശേഷം മരിച്ചു്, വീണ്ടും ജീവിച്ചു്, ഭൂമിയോടു് ബൈ ബൈ പറഞ്ഞു് സ്വർഗ്ഗത്തിലേക്കു് കരേറിപ്പോയ ദൈവപുത്രനെയോ വിശ്വസിച്ചു് കാത്തുനിന്നാൽ നായാടി വല്ല കടുവയുടെയോ, മറ്റിനം ദൈവസ്നേഹസ്വരൂപികളുടെയോ ഉച്ചഭക്ഷണമാവുകയാവും ഫലം. നേരിടണോ, അതോ ഓടി രക്ഷപെടണോ എന്നു് എത്ര വേഗം തീരുമാനിക്കാൻ കഴിയുന്നോ, അത്ര കൂടുതലായിരിക്കും ഈ ലോകത്തിലെ തന്റെ നിലനില്പു് ഉറപ്പുവരുത്താൻ നായാടിക്കു് കിട്ടുന്ന ചാൻസ്. ചുറ്റുപാടുകളിൽ നേരിടാൻ സാദ്ധ്യതയുള്ള ഇനങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ശത്രു മിത്രം ഇര ഇണ എന്നെല്ലാം ക്യാറ്റഗൊറൈസ് ചെയ്തു് വച്ചാൽ, നിർണ്ണായകമായ നിമിഷങ്ങളിൽ അധികം ആലോചിച്ചു് സമയം കളയാതെ പെട്ടെന്നുള്ള ഒരു തീരുമാനം കൈക്കൊള്ളൽ എളുപ്പമായിരിക്കും. മുറ്റത്തു് ഉണക്കാനിട്ടിരിക്കുന്ന നെല്ലു് കൊത്തിതിന്നുന്ന കോഴി, അടുത്തുനിന്നൊരു കൈകൊട്ടു് കേട്ടാൽ, ഉപദേഷ്ടാക്കളുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ ആരായാൻ നിൽക്കാതെ, ചുമ്മാ ഒന്നു് പറന്നേക്കും. തന്റേതു് യഥാർത്ഥത്തിൽ ഒരു പറക്കലല്ല, ചിറകു് വിടർത്തിയുള്ള ഒരു കുതിക്കൽ മാത്രമാണെന്നു് കോഴിക്കു് അറിയാഞ്ഞിട്ടല്ല. എന്നിരുന്നാലും, വെറുതെ റിസ്ക് എടുക്കുന്നതിൽ ഭേദമാണല്ലോ അതു് എന്നാണു് കോഴിയുടെ പക്ഷം.

ലോകാരംഭത്തിനും മുൻപേ താൻ നിശ്ചയിച്ചുറപ്പിച്ച നായാടിയുടെ “ഡെസ്റ്റിനി” ആയിരുന്നു അവനെ കടുവ പിടിച്ചതിന്റെ പിന്നിലെ രഹസ്യമെന്നും, താനറിയാതെ ഒരില പോലും അനങ്ങില്ലെന്നും മറ്റുമുള്ള ആത്യന്തികതള്ളൽ വേദങ്ങളുടെയോ ഉപനിഷത്തുക്കളുടെയോ തോറയുടെയോ അവെസ്റ്റയുടെയോ ഖുർആന്റെയോ മറ്റിനം മാനിഫെസ്റ്റോകളുടെയോ രൂപത്തിൽ ദൈവങ്ങളിൽ ഒരുത്തനും അന്നാർക്കും ഇറക്കിക്കൊടുത്തിരുന്നില്ല. മനുഷ്യർക്കുള്ള “അരുതുകളും നികുതികളും” കുറിച്ച കല്പലകകളും ഓലകളും ചുരുളുകളുമെല്ലാം സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു് കെട്ടിയിറക്കാനുള്ള കയറു് പിരിച്ചുതീർന്നതു് ശിലായുഗത്തിനെല്ലാം ശേഷമായിരുന്നല്ലോ. തന്മൂലം, കടുവപിടിച്ചുതിന്ന നായാടിക്കു് സിംഹമോ പുലിയോ ആയി പുനർജനിക്കാനോ, ചത്തദിവസംതന്നെ യഹോവദൈവത്തിന്റെ സ്വർഗ്ഗീയവിരുന്നിൽ പങ്കെടുക്കാനോ, അല്ലാഹുദൈവത്തിന്റെ മദ്യപ്പുഴയുടെ തീരങ്ങളിൽ ഹൂറികളോടൊപ്പം ഭൂതകാലക്കുളിർകാറ്റേറ്റു് സായാഹ്നസവാരിയിൽ ഏർപ്പെടാനോ ഒന്നും കഴിഞ്ഞിട്ടുണ്ടാവില്ല. താമസിച്ചു് വരുന്നവനെ ജീവിതം ശിക്ഷിക്കുമെന്നു് ഗോർബച്ചോവ്. നേരത്തെ വരുന്നവരുടെ ജീവിതത്തെ കോഞ്ഞാട്ടയാക്കുന്നതാണു് മതഗ്രന്ഥങ്ങളുടെ രീതി!

ഒഴുക്കിനൊത്തു് ഒഴുകുന്നതു് അനായാസമാണെന്നപോലെ, ജീവിതത്തിന്റെ സങ്കീർണ്ണതകളിൽ നിന്നും നല്ലൊരളവു് സ്വതന്ത്രമാക്കാൻ ക്യാറ്റഗൊറികളിലൂടെയുള്ള ചിന്തകൾ സഹായകമാണു്. സ്വതന്ത്രസ്ഥലത്തു് ചുറ്റിത്തിരിയുന്ന കുമിളകൾ പോലെയാണു് ക്യാറ്റഗൊറികൾ. മതവിശ്വാസി – യുക്തിവാദി; ആസ്തികൻ – നാസ്തികൻ; CPI (M) – BJP; ആയുർവ്വേദം – മോഡേൺ മെഡിസിൻ (അലോപ്പതി എന്ന വാക്കു് റ്റബൂ ആണു്. അതൊരിക്കലും ഉച്ചരിക്കരുതു്). ഓരോ കുമിളയിലേയും അന്തേവാസികളുടെ പരമമായ സത്യങ്ങൾ അതിനുള്ളിലുള്ളവ മാത്രമാണു്. അതിനു് വെളിയിലുള്ള കുമിളകൾ മൊത്തം അസത്യങ്ങളും, അവയിലെ അംഗങ്ങൾ പൂർണ്ണമായി നശിപ്പിക്കേണ്ടവിധം നീചരും നികൃഷ്ടരും പരനാറികളുമാണു്. ജോർജ്ജ് ഓർവെലിന്റെ “അനിമൽ ഫാമിൽ” വസിക്കുന്ന പന്നികൾക്കും അതറിയാം: “നാലുകാൽ നല്ലതു്! രണ്ടുകാൽ ചീത്ത!” ഫാമിലെ പന്നികൾക്കു് മനുഷ്യരൂപം കൈവരാൻ തുടങ്ങുമ്പോൾ അവയുടെ മുദ്രാവാക്യം, “നാലുകാൽ നല്ലതു്, രണ്ടുകാൽ കൂടുതൽ നല്ലതു്” എന്നായി മാറുന്നപോലെ, തൊഴിലാളിനേതാക്കൾ മുതലാളികളാവുമ്പോൾ, “റഷ്യ നല്ലതു്, അമേരിക്ക ബൂർഷ്വാ” എന്ന പഴയ മുദ്രവാക്യത്തിനു് “റഷ്യ നല്ലതു്, അമേരിക്ക കൂടുതൽ നല്ലതു്” എന്നു് രൂപാന്തരം സംഭവിക്കുന്നു, അത്രതന്നെ! അല്ലാതെവിടെപ്പോകാൻ? അതിനപ്പുറം എന്തു് വിപ്ലവം?

അനിമൽ ഫാമിലെ പന്നികളുടെ ക്യാറ്റഗൊറൈസേഷന്റെ കേരളവേർഷൻ: മോഡേൺ മെഡിസിൻ നല്ലതു്, ആയുർവ്വേദം ചീത്ത! കമ്മ്യൂണിസം നല്ലതു്, ക്യാപിറ്റലിസം ചീത്ത! മെത്രാൻ കക്ഷി നല്ലതു്, ബാവക്കക്ഷി ചീത്ത! സുന്നി നല്ലതു്, ഷിയ ചീത്ത! നോർത്ത് കൊറിയ നല്ലതു്, സൗത്ത് കൊറിയ ചീത്ത! കുമിളജീവികളുടെ “ബബ്ബിൾ അഫിലിയേഷൻ” അനുസരിച്ചു് ഈ “നന്മ-തിന്മ തരംതിരിവു്” നേരെ മറിച്ചുമാവാമെന്നതു് സ്വാഭാവികം. (ഉദാ. ഷിയ നല്ലതു്, സുന്നി ചീത്ത!). കുമിളകൾക്കു് വെളിയിൽ നിന്നു് വീക്ഷിച്ചാലേ “ബബ്ബിൾ ടൈറ്റനുകൾ” തമ്മിലുള്ള ഏറ്റുമുട്ടൽ ശരിക്കും ആസ്വദിക്കാനാവൂ. ഒരു സിസ്റ്റത്തെ അതിനുള്ളിൽ നിന്നുകൊണ്ടു് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നാണല്ലോ ശാസ്ത്രവും പറയുന്നതു്. കുമിളകളിൽ ജീവിക്കുന്നവരുടെ കാഴ്ചപ്പാടിൽ, ഒരു കുമിളയിലും പെടാതിരിക്കുക എന്നതു് അസാദ്ധ്യമായ കാര്യമാണു്. അതുകൊണ്ടു്, അത്തരം “നിച്പച്ചരുടെ” ഓരോ വാക്കുകളും അളന്നുതൂക്കി അവരെ ഏതെങ്കിലും ഒരു കുമിളയിൽ ഉൾപ്പെടുത്താൻ ഓരോ കുമിളാവാസിയും ബദ്ധശ്രദ്ധനായിരിക്കും. “ഞങ്ങളുടെ കുമിളയിൽ അല്ലാത്തവൻ ഞങ്ങളുടെ ശത്രു!” – അതാണു് കുമിളാധിഷ്ഠിതമുദ്രാവാക്യം!

സമൂഹത്തിന്റെ യഥാർത്ഥനന്മക്കായി പ്രവർത്തിക്കുന്നവർ തീർച്ചയായും അംഗീകാരം അർഹിക്കുന്നുണ്ടു്. അവർക്കു് ബഹുമാനസൂചകമായി അവാർഡുകളോ, പ്രശസ്തിപത്രങ്ങളോ ഒക്കെ ലഭിക്കേണ്ടതു് ആവശ്യവുമാണു്. പക്ഷേ, സമൂഹത്തെ പിന്നോട്ടല്ലാതെ, ഒരടി മുന്നോട്ടു് നയിച്ചിട്ടില്ലെങ്കിലും തനിക്കും വേണം ബഹുമതി എന്നു് തോന്നുന്നവർ ഏതെങ്കിലും കുമിളയുടെ ജിഹ്വ ആവുകയാണു് പതിവു്. സമൂഹത്തിനായി നിങ്ങൾ എന്തു് ചെയ്തു എന്ന ചോദ്യത്തിനു് പിന്നെ വലിയ പ്രാധാന്യമില്ല. ഉദാഹരണത്തിനു്, സാഹിത്യത്തിലാണെങ്കിൽ, “നിന്നെക്കണ്ടാൽ എന്നെക്കാളും ചന്തിയുണ്ടേ പൊണ്ണിപ്പെണ്ണേ” എന്ന രീതിയിൽ ഒരു കാവ്യശില്പം തട്ടിക്കൂട്ടിയാൽ ധാരാളം. അവാർഡുകളും പൊന്നാടകളുമെല്ലാം നിരനിരയായി നിങ്ങളെത്തേടി വന്നുകൊള്ളും. ഏറ്റവും പ്രധാനമായ നേട്ടം, ഏതു് പ്രജാപതിക്കു് തൂറാൻ മുട്ടിയാലും, ജനം കാതോർക്കുന്നതു് സാംസ്കാരികനായകൻ എന്ന നിലയിൽ നിങ്ങൾ എന്തു് പറയുന്നു എന്നായിരിക്കും. വർഷത്തിൽ ഒന്നോ രണ്ടോ വട്ടം വാ തുറന്നു് വിഡ്ഢിത്തം വിളിച്ചുപറയുന്നതിനു് ലക്ഷങ്ങൾ ശമ്പളം പറ്റുന്ന നായകരുണ്ടു്. നായകരായതിനാൽ, വാങ്ങുന്ന കൂലിക്കു് എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ എന്നു് ആരും അന്വേഷിക്കാറുമില്ല. അല്ലെങ്കിൽത്തന്നെ ആരന്വേഷിക്കാൻ? നോക്കിനു് കൂലി കിട്ടുന്നിടത്തു് വിടുവാക്കിനും കൂലി കിട്ടുന്നു, അത്രതന്നെ! എല്ലാം ഒരുതരം വായിൽനോട്ടങ്ങളും വിടുവാക്കുകളുമായിടത്തു് എന്തായാലെന്തു്?

കുമിളകളുടെ രൂപീകരണം വഴിയുണ്ടാകുന്ന പ്രധാന പ്രശ്നം സമൂഹത്തിന്റെ ധ്രുവീകരണവും അതുവഴിയുള്ള ശിഥിലീകരണവുമാണു്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനു് ധ്രുവീകരിക്കാമെങ്കിൽ, മറ്റുള്ളവർക്കു് എത്ര കൂടുതലായി ധ്രുവീകരിക്കാം? ട്രമ്പിനു് ഏറിയാൽ എട്ടു് വർഷങ്ങളേ പ്രസിഡന്റ് പദവിയിലിരുന്നു് ധ്രുവീകരിക്കാനാവൂ. കിം ജോങ്-ഉന്നിനു് മരണം വരെ ധ്രുവീകരിക്കാം. ഒറ്റ ധ്രുവം മാത്രമുള്ളിടത്തു് എന്തു് ധ്രുവീകരണം എന്ന ചോദ്യവും അപ്രസക്തമല്ല. ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടെ പരിഹാരമായി ഒറ്റമൂലികളും ലളിതസമവാക്യങ്ങളും ആഗ്രഹിക്കുന്ന സാമാന്യജനങ്ങളിൽ അസാമാന്യമായ സ്വാധീനം ചെലുത്താൻ “America First” ഇനം മുദ്രാവാക്യങ്ങൾക്കു് കഴിയും. പക്ഷേ, ഏതെങ്കിലുമൊരു സമൂഹത്തിലെ പ്രശ്നങ്ങൾക്കു് ശാശ്വതമായ പരിഹാരം കാണാൻ മുദ്രാവാക്യങ്ങൾക്കു് ഇതുവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ജനത്തിന്റെ ഒറ്റക്കെട്ടായ അദ്ധ്വാനമാണു് ഒരു സമൂഹത്തെ അഭിവൃദ്ധിയിലേക്കു് നയിക്കുന്നതു്. “അന്യന്റെ സദ്യക്കു് വാ, എന്റെ വിളമ്പൽ കാണാൻ” എന്ന രീതിയിൽ, വിദേശത്തു് പോയി വിയർപ്പൊഴുക്കുന്ന മനുഷ്യരുടെ അദ്ധ്വാനഫലമായി ഒഴുകി വന്നു് വെറുതെ കിട്ടുന്ന വിദേശനാണയം വേണ്ടപ്പെട്ടവർക്കു് വാരിക്കോരി വിളമ്പാൻ വലിയ യോഗ്യതയൊന്നും വേണ്ട, നല്ലൊരളവു് ഉളുപ്പില്ലായ്മ വേണം താനും.

എത്ര പുരോഗമിച്ച സമൂഹങ്ങളിലുമുണ്ടു് ക്രിമിനലുകളും, മാനസികരോഗികളും, ഞരമ്പുകളുമായ മനുഷ്യർ. അല്ലായിരുന്നെങ്കിൽ അവിടങ്ങളിൽ പോലീസിന്റെയോ സൈക്കിയാട്രിസ്റ്റുകളുടെയോ ഒക്കെ ആവശ്യമെന്തു്? ഇപ്പറഞ്ഞ ഔദ്യോഗികഏജൻസികളെല്ലാം മിക്കവാറും എല്ലാ രാജ്യങ്ങളിലുമുണ്ടു്. പക്ഷേ, അവയിൽ ജനങ്ങൾക്കു് വിശ്വാസം അർപ്പിക്കാൻ കഴിയുമോ എന്നതാണു് പ്രശ്നം. പല രാജ്യങ്ങളിലും അവ ചെയ്യുന്നതു് സമൂഹത്തിന്റെ പൊതുമുതൽ തിന്നു് വീർക്കുക എന്ന ഒരേയൊരു ജോലിയാണു്. ഓരോ കൊലപാതകത്തിനും ഓരോ ബലാൽസംഗത്തിനും കേസന്വേഷണം നീതിപൂർവ്വം നടത്താനും, കുറ്റവാളികൾ പിടിക്കപ്പെടാനും, ശിക്ഷിക്കപ്പെടാനും വേണ്ടി ജനങ്ങൾ സമരം ചെയ്യേണ്ടി വന്നാലത്തെ അവസ്ഥ ഒന്നാലോചിച്ചു് നോക്കൂ! എന്നാൽപ്പോലും ജനങ്ങൾക്കു് നീതി ലഭിക്കുമെന്ന ഉറപ്പൊന്നുമില്ലതാനും! അതെങ്ങനെ? തെക്കേ കുമിളയിലെ കുറ്റകൃത്യങ്ങളിലേക്കു് ആരുടെയും ശ്രദ്ധ തിരിയാതിരിക്കാൻ, വടക്കേ കുമിളയിലെ കുറ്റകൃത്യങ്ങൾ മുടക്കമില്ലാതെ തെക്കൻ കുമിളയിലെ ബുദ്ധിജീവികൾ ചെണ്ടകൊട്ടി വിളംബരം ചെയ്തുകൊണ്ടിരിക്കുമ്പോൾ, പക്ഷഭേദമില്ലാതെ നീതി നിർവ്വഹിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ശ്രദ്ധിക്കാൻ ആർക്കെവിടെ നേരം? പോരെങ്കിൽ, ഒന്നു് തീരുന്നതിനു് മുൻപേ മറ്റൊന്നു് എന്ന രീതിയിൽ കുറ്റകൃത്യങ്ങൾ വന്നുകൊണ്ടിരിക്കുകയുമല്ലേ?

 
Comments Off on കുമിളകളിൽ വാഴുന്നവർ

Posted by on Jul 31, 2019 in Uncategorized