എല്ലാത്തരം സ്ത്രൈണസ്നേഹത്തിലും മാതൃസ്നേഹത്തിന്റെ ഒരംശം വെളിപ്പെടുന്നു.
സൗന്ദര്യം വര്‍ദ്ധിക്കുന്നതിനനുസരിച്ചു് സ്ത്രീകളുടെ ലജ്ജാശീലവും വര്‍ദ്ധിക്കുന്നു.
ആണും പെണ്ണും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനും കലഹത്തിനും ശേഷം ഒരു വിഭാഗം മറ്റേ വിഭാഗത്തെ വേദനിപ്പിച്ചല്ലോ എന്ന ചിന്തമൂലം പരിതപിക്കുന്നു. അതേസമയം, രണ്ടാമത്തെ വിഭാഗം ആദ്യത്തെ വിഭാഗത്തെ വേണ്ടത്ര വേദനിപ്പിച്ചില്ലല്ലോ എന്ന ചിന്തമൂലം പരിതപിക്കുന്നു. തന്മൂലം അവര്‍ കണ്ണുനീരും, ഏങ്ങലടിയും, പരിഭവം പ്രകടിപ്പിക്കുന്ന മുഖവുമായി ആദ്യവിഭാഗത്തിനെ പിന്നെയും വിഷമിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഒരു പുരുഷനെ ഭാഗ്യവാനാക്കാനുള്ള കഴിവു് തങ്ങള്‍ക്കുണ്ടെന്നു് സങ്കല്‍പിച്ചു് അനുഭവസമ്പന്നരല്ലാത്ത പെണ്‍കുട്ടികള്‍ സ്വയം പുകഴ്ത്തുന്നു. പിന്നീടു്, ഒരു പുരുഷനെ ഭാഗ്യവാനാക്കാന്‍ ഒരു പെണ്‍കുട്ടി മാത്രം മതി എന്നു് മനസ്സിലാക്കുമ്പോള്‍ അവനെ അവജ്ഞയോടെ കാണുവാന്‍ അവര്‍ പഠിക്കുന്നു. ഭാഗ്യവാനായ ഒരു ഭര്‍ത്താവു് എന്നതിലും ഉപരിയായിരിക്കണം ഒരു പുരുഷന്‍ എന്നു് സ്ത്രീകളുടെ പൊങ്ങച്ചം ആവശ്യപ്പെടുന്നു.
സ്ത്രീ സേവിക്കാന്‍ ആഗ്രഹിക്കുന്നു, അതിലാണു് അവളുടെ ഭാഗ്യം. ഒരു സ്വതന്ത്രബുദ്ധി സേവിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല, അതിലാണു് അവന്റെ ഭാഗ്യം.
ഒരു mineralogist-ന്റെ വഴിയില്‍നിന്നും അവന്റെ കാലു് കല്ലില്‍ തട്ടി പരിക്കേല്‍ക്കാതിരിക്കാനായി കല്ലുകള്‍ പെറുക്കിമാറ്റുന്നതുപോലെയാണു്, മനഃപൂര്‍വ്വമല്ലെങ്കിലും, സ്ത്രീകളുടെ പ്രവര്‍ത്തികള്‍ – അതേസമയം, അവന്‍ യാത്രതിരിച്ചതു് അതേ കല്ലുകള്‍ തേടി ആയിരുന്നുതാനും.
വെറുപ്പിന്റെ അവസ്ഥയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ അപകടകാരികളാണു്. ഒരിക്കല്‍ രൂപമെടുത്ത അവരുടെ ശത്രുത്വം നിലവാരപരിഗണനകളുടെ പേരില്‍ കുറയ്ക്കാനല്ല, അവസാനഫലം വരെ വളര്‍ത്താനാണു് അവര്‍ ശ്രമിക്കുന്നതു്. (ഏതു് മനുഷ്യനിലും, വിഭാഗത്തിലും സ്വാഭാവികമായും ഉള്ള) വ്രണിതസ്ഥാനങ്ങള്‍ കണ്ടെത്തി അവിടെത്തന്നെ കുത്തുവാന്‍ പരിശീലനമുള്ളവരാണവര്‍. അതിനു് വാള്‍മുനപോലെയുള്ള അവരുടെ ബുദ്ധി വേണ്ടത്ര സഹായവും നല്‍കുന്നു. അതേസമയം പുരുഷന്മാര്‍ വ്രണിതസ്ഥാനങ്ങള്‍ ദര്‍ശിക്കുമ്പോള്‍ പിന്‍തിരിയാനും, പലപ്പോഴും മഹാമനസ്കതയും അനുരഞ്ജനാത്മകതയും പ്രദര്‍ശിപ്പിക്കാനുമാണു് തുനിയാറു്.
സ്ത്രീകളുടെ ബുദ്ധി പൂര്‍ണ്ണമായ നിയന്ത്രണത്തിലൂടെയും, മനസ്സാന്നിദ്ധ്യത്തിലൂടെയും, എല്ലാ അനുകൂലസന്ദര്‍ഭങ്ങളും മുതലെടുക്കുന്നതിലൂടെയും വെളിപ്പെടുന്നു. സ്ത്രീകള്‍ക്കു് ബുദ്ധിയുണ്ടു്, പുരുഷന്മാര്‍ക്കു് വികാരവും അഭിനിവേശവും. പുരുഷന്മാര്‍ ബുദ്ധിയുപയോഗിച്ചു് കൂടുതല്‍ കൂടുതല്‍ മുന്നേറുന്നതു് ഇതിനൊരു വൈരുദ്ധ്യമല്ല. അടിസ്ഥാനപരമായി അനുത്സുകമാണു് പുരുഷബുദ്ധിയെങ്കിലും, ആഴമുള്ളതും ശക്തിയേറിയതുമായ അവരുടെ പ്രേരണയുടെ ആവേശം മൂലം ബുദ്ധി മുന്നോട്ടു് നയിക്കപ്പെടുകയാണു്. ദാമ്പത്യപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ പുരുഷന്‍ ആഴമേറിയ ഹൃദയവും, ഭാവതരളതയുമുള്ള സ്ത്രീയേയും, സ്ത്രീ ബുദ്ധിയും, മനസ്സാന്നിദ്ധ്യവും, തിളങ്ങുന്ന വ്യക്തിത്വവുമുള്ള പുരുഷനേയും തേടുന്നതില്‍ നിന്നും വ്യക്തമാവുന്നതു്, പുരുഷന്‍ ഒരു മാതൃകാപുരുഷനേയും, സ്ത്രീ ഒരു മാതൃകാസ്ത്രീയേയുമാണു് അന്വേഷിക്കുന്നതു് എന്നാണു്. അതായതു്, പങ്കാളിയെ തേടുമ്പോള്‍ അനുബന്ധമല്ല, സ്വന്തം ഗുണങ്ങളുടെ പരിപൂര്‍ണ്ണതയാണു് രണ്ടുവിഭാഗവും ലക്‍ഷ്യമാക്കുന്നതു്.
എങ്ങനെയൊക്കെ നോക്കിയാലും ശുദ്ധമായ മുഖംമൂടികള്‍ മാത്രമല്ലാതെ, ആന്തരികമൂല്യങ്ങള്‍ ഒന്നും കാണാന്‍ കഴിയാത്ത സ്ത്രീകളുണ്ടു്. അതുപോലുള്ള പ്രേതതുല്യവും, അനിവാര്യമായും അതൃപ്തികരവുമായ ജീവികള്‍ക്കു് കതകു് തുറന്നുകൊടുക്കുന്ന പുരുഷനെപ്പറ്റി വിലപിക്കുകയാണു് വേണ്ടതു്. പക്ഷേ പ്രത്യേകിച്ചും അത്തരം സ്ത്രീകളാണു് പുരുഷന്റെ ആസക്തിയെ എറ്റവും കൂടുതല്‍ ഉത്തേജിപ്പിക്കുന്നതു്. അവന്‍ അവളുടെ ആത്മാവിനെ തേടുന്നു – വീണ്ടും വീണ്ടും എന്നാളും!
പ്രേമിക്കുന്നവരെ സുഖപ്പെടുത്താന്‍ ചിലപ്പോള്‍ നല്ല ശക്തിയുള്ള ഒരു കണ്ണട മതിയാവും. ഒരു ശരീരത്തിന്റെ ഇരുപതു് വര്‍ഷത്തിനു് ശേഷമുള്ള രൂപം സങ്കല്‍പിക്കാന്‍ മാത്രം ഭാവനാശേഷിയുള്ളവര്‍ക്കു് ഒരുപക്ഷേ ഒട്ടും അസ്വസ്ഥതയില്ലാതെ ജീവിതത്തിലൂടെ മുന്‍പോട്ടു് പോകാന്‍ കഴിഞ്ഞേക്കും.
ആത്മനിന്ദ എന്ന പുരുഷരോഗത്തിനു് ഏറ്റവും നല്ല ചികിത്സ ബുദ്ധിമതിയായ ഒരു സ്ത്രീയാല്‍ സ്നേഹിക്കപ്പെടുക എന്നതാണു്.
ഭാര്യയെ തട്ടിക്കൊണ്ടുപോയതിനെപ്പറ്റി ചില ഭര്‍ത്താക്കന്മാര്‍ ദീര്‍ഘശ്വാസം വിട്ടു് ദുഃഖിച്ചിട്ടുണ്ടു്, പക്ഷേ, അധികം ഭര്‍ത്താക്കന്മാരും ഭാര്യമാരെ ആരും തട്ടിക്കൊണ്ടു് പോകാത്തതിനെപ്പറ്റിയാണു് ദീര്‍ഘശ്വാസം വിടാറു്.
ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി സമൂഹത്തില്‍ സംസാരിക്കാന്‍ സാദ്ധ്യത കാണുന്നില്ലെങ്കില്‍ അങ്ങനെയൊരു കാര്യമേ അവിടെ ഇല്ല എന്നു് മഹതികളായ സ്ത്രീകള്‍ ചിന്തിക്കുന്നു.
വായാടികളായ, സഹാനുഭൂതിയുള്ള സ്ത്രീകള്‍ രോഗിയുടെ കട്ടില്‍ ചന്തസ്ഥലത്തേക്കു് ചുമക്കുന്നു.
ഒരു പുരുഷനുമായി സ്ത്രീകള്‍ക്കു് നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. പക്ഷേ അതു് നിലനിര്‍ത്തണമെങ്കില്‍ ശാരീരികമായ ചെറിയ ഒരു സഹജദ്വേഷം (antipathy) സഹായിക്കണം.
ആണ്മക്കളുടെ സുഹൃത്തുക്കള്‍ക്കു് പ്രശസ്തമായ വിജയമുണ്ടായാല്‍ അമ്മമാര്‍ക്കു് അവരോടു് എളുപ്പം അസൂയ തോന്നും. സ്വന്തം പുത്രനില്‍ അവനേക്കാള്‍ തന്നെത്തന്നെയാണു് ഒരമ്മ കൂടുതല്‍ സ്നേഹിക്കുന്നതു്.
ചില അമ്മമാര്‍ക്കു് ഭാഗ്യവാന്മാരും ബഹുമാന്യരുമായ മക്കള്‍ വേണം; ചിലര്‍ക്കു് നിര്‍ഭാഗ്യവാന്മാരായവരേയും – അല്ലെങ്കില്‍ അവര്‍ക്കു് മാതൃനന്മ പ്രദര്‍ശിപ്പിക്കാന്‍ പറ്റില്ല.
മിതമായ കുടുംബങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളെ വളര്‍ത്തല്‍ വഴി കല്‍പിക്കാന്‍ പഠിപ്പിക്കണം – അല്ലാത്തവരെ അനുസരിക്കാനും.
ദമ്പതികള്‍ ഒരുമിച്ചു് ജീവിക്കാതിരുന്നെങ്കില്‍ നല്ല ദാമ്പത്യങ്ങള്‍ ഏറെ ആയിരുന്നേനെ.
ദമ്പതികള്‍ ഓരോരുത്തരും വ്യക്തിപരമായ ലക്‍ഷ്യങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന ദാമ്പത്യങ്ങള്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. ഉദാഹരണത്തിനു്, സ്ത്രീ പുരുഷന്‍ വഴി പ്രസിദ്ധയാവാനോ, പുരുഷന്‍ സ്ത്രീവഴി പ്രിയങ്കരനാവാനോ ആഗ്രഹിക്കുന്നുവെങ്കില്‍.
പ്രമുഖനായ ഒരു പുരുഷനെ സ്നേഹിക്കുന്ന ഒരു സ്ത്രീ അവനെ തന്റേതു് മാത്രമാക്കാനാണു് സാധാരണ ആഗ്രഹിക്കാറു്. അവന്‍ മറ്റുള്ളവരുടെ മുന്നിലും പ്രമുഖനായിരിക്കണം എന്ന അവളുടെ ദുരഭിമാനം അതിനെതിരല്ലായിരുന്നെങ്കില്‍ അവള്‍ അവനെ പെട്ടിയില്‍ പൂട്ടിവച്ചേനെ.
പുരുഷന്മാരെ ബഹുമാനിക്കുന്നതിനോടൊപ്പം, അതിനേക്കാള്‍ കൂടുതലായി സ്ത്രീകള്‍ സമൂഹത്തിലെ അംഗീകൃതശക്തികളെയും സങ്കല്‍പങ്ങളേയും ബഹുമാനിക്കുന്നു. അധികാരികളുടെ മുന്നിലൂടെ കൈകള്‍ മാറത്തുകെട്ടി, അധോമുഖരായി നടക്കാനും, സാമൂഹികശക്തികള്‍ക്കെതിരെയുള്ള എല്ലാവിധ എതിര്‍പ്പുകളേയും നിരാകരിക്കാനും സഹസ്രാബ്ദങ്ങളിലൂടെ അവര്‍ ശീലിച്ചു. തന്മൂലം, സ്വതന്ത്രബുദ്ധിയുടെയും പരാശ്രയമില്ലായ്മയുടെയും ഉദ്യമങ്ങളുടെ ചക്രങ്ങള്‍ക്കിടയില്‍, ഒരിക്കലും മനഃപൂര്‍വ്വമല്ലാതെയും, അതേസമയം സഹജവാസന എന്നപോലെയും തടസ്സമായി തൂങ്ങിക്കിടക്കുമ്പോള്‍, അവരുടെ ഭര്‍ത്താക്കന്മാരെ ചിലപ്പോള്‍ അതു് അങ്ങേയറ്റം അക്ഷമരാക്കുന്നു; സ്ത്രീകളെ അതിനു് പ്രേരിപ്പിക്കുന്നതു് സ്നേഹമാണെന്നു് ഒപ്പം അവര്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ ഉപാധികളെ നിരാകരിക്കുകയും, വിശാലമനസ്ഥിതിയോടെ ആ ഉപാധികളുടെ ഹേതുവിനെ ബഹുമാനിക്കുകയും – അതാണു് പുരുഷരീതി – പലപ്പോഴും പുരുഷനൈരാശ്യവും.
സ്ത്രീയുടെ വിജയം അംഗീകരിച്ചാല്‍, തോല്‍വി സമ്മതിച്ചവന്റെ പിടലിയില്‍ ഉപ്പൂറ്റി കൂടി കയറ്റിച്ചവിട്ടിയാലേ അവള്‍ക്കു് തൃപ്തിയാവൂ – സ്ത്രീയ്ക്കു് അവളുടെ വിജയം ആസ്വദിക്കണം. അതേസമയം, പുരുഷന്മാര്‍ സാധാരണഗതിയില്‍ വിജയം സ്ഥാപിച്ചെടുക്കുന്ന കാര്യത്തില്‍ പൊതുവേ ലജ്ജിക്കാറാണു് പതിവു്. കാരണം, പുരുഷനു് വിജയം ശീലമാണു്, സ്ത്രീ അതുവഴി ഒരു അപവാദം മാത്രമാണു് അനുഭവിക്കുന്നതു്.
പുരുഷന്‍, സ്നേഹം, കുഞ്ഞു്, സമൂഹം, ജീവിതലക്‍ഷ്യം മുതലായ കാര്യങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥസത്യങ്ങള്‍ സ്ത്രീകളില്‍ പൊതുവേ അറപ്പുളവാക്കുന്നു. അതുകൊണ്ടു് അവരുടെ കണ്ണു് തുറപ്പിക്കാന്‍ ശ്രമിക്കുന്ന ആരോടും പ്രതികാരം ചെയ്യാന്‍ അവര്‍ തയ്യാറാവുന്നു.
Friedrich Nietzsche: (15.10.1844 – 25.08.1900) German philosopher, classical scholar and critic of culture