= 2 =
തന്റെ മൂന്നു് ആണ്മക്കളായ ശേം, ഹാം, യാഫെത്ത് എന്നിവര്‍ ജനിച്ചപ്പോള്‍ അഞ്ഞൂറുവയസ്സിലേറെ പ്രായമുണ്ടായിരുന്ന നോഹയുടെ അറുന്നൂറാം വയസ്സിലാണു് ജലപ്രളയം സംഭവിച്ചതു്. മൃഗങ്ങളും പറവജാതികളും, നോഹയുടെ കുടുംബവും എങ്ങനെയോ പെട്ടകത്തിനുള്ളില്‍ കയറിപ്പറ്റി. എങ്ങനെയാണെന്നൊന്നും ചോദിക്കരുതു്. വേദഗ്രന്ഥം പറയുന്നതു് മറുചോദ്യം ചോദിക്കാതെ കണ്ണുമടച്ചു് വിശ്വസിക്കുന്നതാണു് സത്യവിശ്വാസം. അതാണു് ദൈവത്തിനു് ഏറ്റവും ഇഷ്ടപ്പെട്ട ഉത്തമവിശ്വാസം. മനുഷ്യ-മൃഗ-പറവ-സമൂഹം മുഴുവന്‍ പെട്ടകത്തില്‍ കയറി ഏഴുദിവസങ്ങള്‍ക്കുശേഷം ആകാശത്തിന്റെ കിളിവാതിലുകളും ആഴിയുടെ ഉറവുകളും തുറന്നു. നാല്‍പതു് രാവും നാല്‍പതു് പകലും ഈ കിളിവാതിലുകളും ഉറവുകളും തുറന്നുതന്നെ ഇരുന്നു.
“നാല്‍പതു്”! ഈ നാല്‍പതു് അക്കാലത്തെ ഒരു മാന്ത്രികസംഖ്യയായിരുന്നപോലെ തോന്നുന്നു. മിസ്രയിമില്‍നിന്നും കനാന്‍ദേശത്തെത്താന്‍ യഹൂദര്‍ക്കു് വേണ്ടിവന്നതു് നാല്‍പതു് വര്‍ഷം. യഹോവയില്‍ നിന്നും കല്‍പനകളുടെ കല്‍പലകകള്‍ ഏറ്റുവാങ്ങാന്‍ മോശെ സീനായി പര്‍വ്വതത്തില്‍ ആഹാരമോ ജലപാനമോ ഇല്ലാതെ കാത്തുകിടന്നതു് നാല്‍പതു് രാവും നാല്‍പതു് പകലും. അതും ഒന്നല്ല, രണ്ടുപ്രാവശ്യം. പിശാചിന്റെ പരീക്ഷയെ നേരിടാനുള്ള ശക്തി ആര്‍ജ്ജിക്കാനായി മരുഭൂമിയില്‍ പോയി യേശു നടത്തിയ ഉപവാസത്തിന്റെ ദൈര്‍ഘ്യം നാല്‍പതു് രാവും നാല്‍പതു് പകലും. ക്രിസ്തീയ പിതാക്കള്‍ ഈ നാല്‍പതിനോടു് കൂട്ടുപലിശ അടിസ്ഥാനത്തില്‍ പത്തു് ദിവസങ്ങള്‍ കൂട്ടിച്ചേര്‍ത്താണോ ഇപ്പോഴത്തെ അന്‍പതുനോമ്പു് എന്ന സര്‍വ്വരോഗസംഹാരിയും ആത്മസംയമനത്തിനുള്ള കുറുന്തോട്ടിരസായനവുമായ നസ്രാണി സ്പെഷ്യല്‍ വലിയനോമ്പു് തട്ടിക്കൂട്ടിയതു് എന്നെനിക്കറിയില്ല. വലിയനോമ്പു്, ചെറിയനോമ്പു്, വലിയവെടി, ചെറിയവെടി! വലുതുകളേയും ചെറുതുകളേയും തമ്മില്‍ കൃത്യമായി വേര്‍തിരിച്ചു് കണ്ടു് തദനുസരണം ഫലം നല്‍കുന്നവനാണു് ദൈവമെന്നു് എല്ലാ ഭക്തര്‍ക്കുമറിയാം.
പറഞ്ഞുവന്നതു് ജലദ്വാരങ്ങള്‍ തുറന്ന കാര്യമായിരുന്നല്ലോ. ആകാശത്തിന്റെയും ആഴിയുടെയും സകല ജലവാതിലുകളും നാല്‍പതുദിവസങ്ങള്‍ അടയാതിരുന്നതിനാല്‍ ഭൂമിയില്‍ ജലനിരപ്പു് ഉയര്‍ന്നു. വീണ്ടും വീണ്ടും ഉയര്‍ന്നു. അതിനുമീതെ പെട്ടകവും ഒപ്പത്തിനൊപ്പം ഉയര്‍ന്നു. തലയ്ക്കുമീതേ വെള്ളം പൊങ്ങിയാല്‍ അതുക്കു് മീതേ തോണി. അങ്ങനെ പൊങ്ങിപ്പൊങ്ങി ആകാശത്തിന്‍കീഴെയുള്ള സകല പര്‍വ്വതങ്ങളെയും വെള്ളം കീഴിലാക്കി. ഹിമാലയപര്‍വ്വതം വിട്ടു്, കൃത്യമായി പറഞ്ഞാല്‍ മൗണ്ട് എവറസ്റ്റ് വിട്ടു് പതിനഞ്ചുമുഴം കൂടി (നാല്‍പതു് മുഴമല്ല) വെള്ളം ഉയര്‍ന്നു. ഇതെല്ലാം കൃത്യമായി ആരു് എങ്ങനെ അളന്നു എന്നൊക്കെയാവും നിങ്ങളുടെ ചോദ്യം. ദൈവവചനത്തെ ചോദ്യം ചെയ്യരുതെന്നേ അതിനു് മറുപടിയുള്ളു. അങ്ങനെ, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് എവറസ്റ്റും കൂടി മൂടിയപ്പോള്‍ ഭൂമി ഒരു ജലഗോളമായി മാറി. ജലഗോളത്തില്‍ സൂര്യപ്രകാശമേറ്റു് വെട്ടിത്തിളങ്ങുന്ന കാഴ്ച സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ക്കു് നയനാനന്ദകരമായി അനുഭവപ്പെട്ടിരിക്കണം. (സമുദ്രനിരപ്പില്‍ നിന്നു് അളക്കാതെ ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നോ, ആഴിയുടെ അടിത്തട്ടില്‍ നിന്നോ ആണു് അളക്കുന്നതെങ്കില്‍ എവറസ്റ്റിനേക്കാള്‍ ഉയരം കൂടിയ വേറെ രണ്ടു് പര്‍വ്വതങ്ങളുണ്ടു്: പസിഫിക് സമുദ്രത്തിലെ Mauna Kea, ഇക്വഡോറിലെ Chimborazo).
വെള്ളമുയരുന്നതിനനുസരിച്ചു് അന്തരീക്ഷവായുവും മുകളിലേക്കു് തള്ളിമാറ്റപ്പെടുമെന്നതിനാല്‍ ജലോപരിതലത്തിലെ ഒരു ഏകദേശമര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദമായ 101 കിലോപാസ്കല്‍ ആയിരുന്നിരിക്കണം. ഇതെന്റെ ഒരു ഊഹമാണു്. കൃത്യമായ അളവുകള്‍ നടത്താന്‍ പറ്റിയ ഉപകരണങ്ങള്‍ അന്നു് ലോകത്തിലോ, തന്മൂലം പെട്ടകത്തിനകത്തോ ഉണ്ടായിരുന്നില്ലല്ലോ. സാധാരണ ഗതിയില്‍ ഉയരം കൂടുന്നതിനനുസരിച്ചു് മര്‍ദ്ദം കുറയുകയും അന്തരീക്ഷവായുവിന്റെ ഘടനയില്‍ മാറ്റം വരികയുമൊക്കെ ചെയ്യും. ഉദാഹരണത്തിനു് 5000 മീറ്റര്‍ ഉയരത്തില്‍ മര്‍ദ്ദം ഏകദേശം പകുതി മാത്രമാണു്. താപനിലയില്‍ വരുന്ന വ്യത്യാസമാണെങ്കില്‍ അതിലും ഭയാനകം. ഭൂമിയുടെ ഉപരിതലത്തോടു് ചേര്‍ന്ന അന്തരീക്ഷപാളിയില്‍ ഓരോ ആയിരം മീറ്റര്‍ ഉയരത്തിനും അഞ്ചിനും ആറിനും ഇടയ്ക്കു് ഡിഗ്രി എന്ന തോതില്‍ താപനില കുറയും. പതിനായിരം മീറ്റര്‍ ഉയരത്തില്‍ പൂജ്യത്തിനു് താഴെ 50 ഡിഗ്രിയോളം. പ്രളയസമയത്തു് വെള്ളവും ഒപ്പം അന്തരീക്ഷവായുവും ഉയര്‍ന്നതുകൊണ്ടു് ഈവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ പെട്ടകവാസികള്‍ക്കുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ലെന്നും, അവര്‍ പ്രളയത്തെ അതിജീവിച്ചതുകൊണ്ടു് പെട്ടകത്തിനുള്ളില്‍ കണ്ഡീഷന്‍സ് അണ്ഡര്‍ നോര്‍മല്‍ ടെമ്പറേച്ചര്‍ ആന്‍ഡ് പ്രെഷര്‍ (NTP) നിലവിലിരുന്നു എന്നും വേണം കരുതാന്‍. അല്ലെങ്കില്‍ നോഹയും കുടുംബവും മൃഗങ്ങളും പറവകളും മരിച്ചു് മരവിച്ചു് മദ്ധ്യഭാരതത്തിലെ കരിനാഗപുരിയില്‍ നിന്നും നോര്‍ത്ത് പോളില്‍ ശവാസനതപസ്സു് അനുഷ്ഠിക്കാന്‍ ഒരു ദിഗംബരസന്യാസി പോയാലെന്നപോലെ വടിയായി പോവുമായിരുന്നല്ലോ.
ബൈബിള്‍ പറയുന്നതനുസരിച്ചു്, ജീവജാലങ്ങള്‍ പെട്ടകത്തില്‍ കടന്നു് ഏഴു് ദിവസങ്ങള്‍ക്കുശേഷം മഴ പെയ്യാന്‍ തുടങ്ങി. അതു് നോഹയുടെ അറുന്നൂറാം വയസ്സില്‍ രണ്ടാം മാസം പതിനേഴാം തീയതിയായിരുന്നു. നാല്‍പതു് ദിവസം മഴ പെയ്തു. നൂറ്റമ്പതു് ദിവസം ഭൂമിയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. അതിനുശേഷം ദൈവം ഒരു കാറ്റടിപ്പിച്ചപ്പോള്‍ വെള്ളം നിലച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു. ജലനിരപ്പു് കുറയാന്‍ തുടങ്ങി. കൃത്യം അഞ്ചു് മാസങ്ങള്‍ക്കു് ശേഷം ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത് പര്‍വ്വതത്തില്‍ ഉറച്ചു. പത്താം മാസം ഒന്നാം തീയതി പര്‍വ്വതശിഖരങ്ങള്‍ കാണായി. പിന്നെയും നാല്പതു് ദിവസം കഴിഞ്ഞശേഷം നോഹ കിളിവാതില്‍ തുറന്നു് ആദ്യം ഒരു മലങ്കാക്കയെയും, പിന്നെ ഒരു പ്രാവിനെയും പുറത്തുവിട്ടു. കാക്ക വന്നും പോയും കൊണ്ടിരുന്നു. പക്ഷേ, വെള്ളം കാരണം കാലുവയ്ക്കാന്‍ സ്ഥലം കാണാതെ പ്രാവു് മടങ്ങിവന്നു. ഏഴുദിവസം കഴിഞ്ഞു് അവന്‍ പ്രാവിനെ പിന്നെയും പുറത്തുവിട്ടു. പ്രാവു് വൈകിട്ടു് വായില്‍ ഒരു പച്ച ഒലിവിലയുമായി തിരിച്ചുവന്നു. പിന്നെയും ഏഴുദിവസം കഴിഞ്ഞു് പ്രാവിനെ വീണ്ടും പുറത്തുവിട്ടപ്പോള്‍ പ്രാവു് മടങ്ങിവന്നില്ല. അറുന്നൂറ്റൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയില്‍ വെള്ളം വറ്റിപ്പോയിരുന്നു. നോഹയുടെ അറുന്നൂറ്റൊന്നാം വയസ്സില്‍, രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. അങ്ങനെ ഒരുവര്‍ഷവും പത്തു് ദിവസങ്ങളും കഴിഞ്ഞപ്പോള്‍ പെട്ടകത്തിലുണ്ടായിരുന്ന ജീവജാലങ്ങളെയെല്ലാം പുറത്തിറക്കാന്‍ ദൈവം ആജ്ഞാപിച്ചു. പെട്ടകത്തില്‍ കയറിയദിവസം മുതല്‍ കൂട്ടിയാല്‍ ഒരുവര്‍ഷവും പതിനേഴു് ദിവസങ്ങള്‍ക്കും ശേഷം. അവ ഭൂമിയില്‍ അനവധിയായി വര്‍ദ്ധിക്കുകയും പെറ്റു് പെരുകുകയും ചെയ്യട്ടെ എന്നും ദൈവം കല്പിച്ചു. ദൈവം പ്രത്യേകം പറഞ്ഞില്ലെങ്കില്‍ ചില ജാതികള്‍ പെറുകയുമില്ല, പെരുകുകയുമില്ല!
പെട്ടകം അരാരത്ത് പര്‍വ്വതത്തില്‍ ഉറച്ചതു് എന്തായാലും നന്നായി. പ്രളയാവസാനം അതെങ്ങാനും എവറസ്റ്റിന്റെ മുകളില്‍ ഉറച്ചുപോയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി? എങ്കില്‍, ആനയും പോത്തും ജിറാഫും കടുവയും രാജവെമ്പാലയും ടര്‍ക്കിക്കോഴിയുമടക്കമുള്ള പെട്ടകവാസികളെ മുഴുവന്‍ പര്‍വ്വതത്തിനു് താഴെയെത്തിക്കുക എന്നതു് വല്ലാത്ത പൊല്ലാപ്പാവുകയും, തണുപ്പും ശ്വാസം മുട്ടലും മൂലം ശുദ്ധരും അശുദ്ധരുമെല്ലാം ഇഹലോകവാസം വെടിയുകയും പത്രത്തിലെ ചരമവാര്‍ത്തയുടെ പേജില്‍ ഫോട്ടോ വരികയും ചെയ്തേനെ! പടയെ പേടിച്ചു് പന്തളത്തു് ചെന്നപ്പോള്‍ പന്തവും കൊളുത്തി പടയിങ്ങോട്ടു് എന്ന അവസ്ഥ. ഈദൃശ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാവാം 8000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ലോകത്തിലെ പതിനാലു് കൊടുമുടികളില്‍ ഒന്നിലും ഉറപ്പിക്കാതെ, നോഹയുടെ പെട്ടകത്തെ ടര്‍ക്കിയുടെ കിഴക്കേയറ്റത്തു് ഇറാന്റെയും അര്‍മ്മീനിയയുടെയും അതിര്‍ത്തികളോടു് ചേര്‍ന്നു് കിടക്കുന്ന അണഞ്ഞ അഗ്നിപര്‍വ്വതനിരയിലെ രണ്ടു് കൊടുമുടികളില്‍ (വലിയ അരാരത്തു് – 5165 മീറ്റര്‍, ചെറിയ അരാരത്തു് – 3896 മീറ്റര്‍) ഒന്നിലെവിടെയോ ഉറപ്പിക്കാന്‍ ദൈവം തീരുമാനിച്ചതു്.
അങ്ങനെ പെട്ടകവാസികളുടെ വീക്ഷണകോണത്തില്‍ കൂടി നോക്കിയാല്‍, പ്രളയം സമംഗളം പര്യവസാനിച്ചു എന്നു് പറയാം. പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങിയ ശുദ്ധിയുള്ള മൃഗങ്ങളിലെ ചിലതിനെങ്കിലും പ്രളയത്തിന്റെ അവസാനം സമംഗളം ആയിരുന്നില്ല എന്നു് പ്രത്യേകം പറയേണ്ടതുണ്ടു്. കാരണം, മലമുകളിലുറച്ച പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങി അവനവന്റെ ദേശീയഗാനം ആലപിച്ചുകൊണ്ടും, കീജേ വിളിച്ചുകൊണ്ടും മലയിറങ്ങി സ്വന്തം നാടുകളിലേക്കു് പോകാന്‍ തുടങ്ങിയ അവയില്‍ ചിലതിനെ നോഹ ഓടിച്ചിട്ടു് പിടിച്ചു് യഹോവയ്ക്കു് സൗരഭ്യവാസനയായി ഹോമയാഗം അര്‍പ്പിച്ചുകളഞ്ഞു! ദൈവം പൊരിച്ച ഇറച്ചി തിന്നിട്ടു് ഒരു വര്‍ഷത്തില്‍ മീതെ ആവുകയും ചെയ്തിരുന്നല്ലോ. നോഹയുടെ പൊരിച്ചിറച്ചി സദ്യയില്‍ സന്തുഷ്ടനായ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “ഇനി സകലജഡവും ജലപ്രളയത്താല്‍ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു് ഞാന്‍ നിങ്ങളോടു് ഒരു നിയമം ചെയ്യുന്നു. ഞാനും നിങ്ങളും നിങ്ങളോടു് കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മില്‍ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു്: ഞാന്‍ എന്റെ വില്ലു് മേഘത്തില്‍ വയ്ക്കുന്നു. അതു് ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിനു് അടയാളമായിരിക്കും. ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തില്‍ വില്ലു് കാണും. അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഓര്‍ക്കും.” അതിനു് മുന്‍പു് ലോകത്തില്‍ മഴവില്ലുണ്ടായിരുന്നില്ല. അപ്പോള്‍ ദൈവം മഴവില്ലിനെ സ്വര്‍ഗ്ഗത്തിലെ ഡപ്പിയില്‍ അടച്ചു് വച്ചിരിക്കുകയായിരുന്നല്ലോ. ഡപ്പിയില്‍ ഇരിക്കുമ്പോള്‍ മഴവില്ലിനു് മേഘത്തില്‍ പ്രത്യക്ഷപ്പെടാനാവില്ലല്ലോ.
ഇതുപോലുള്ള പ്രളയപുരാണങ്ങള്‍ മിക്കവാറും എല്ലാ പുരാതനസംസ്കാരങ്ങളിലും കാണാന്‍ കഴിയും. പുരാതനസംസ്കാരങ്ങള്‍ നദീതടസംസ്കാരങ്ങള്‍ ആയിരുന്നു എന്നതാവാം അതിനു് കാരണം. വെള്ളപ്പൊക്കവും, നദികള്‍ കര കവിയുന്നതും അനേകം മനുഷ്യരും മൃഗങ്ങളും അതുവഴി ചത്തൊടുങ്ങുന്നതും ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന ദുരന്തങ്ങളാണല്ലോ. സാമ്പത്തികശേഷിയുള്ള രാജ്യങ്ങള്‍ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ടു് പ്രതിരോധനടപടികള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ മരണസംഖ്യയും സാമ്പത്തികനാശവും നല്ലൊരു പരിധിവരെ കുറയ്ക്കാന്‍ അവര്‍ക്കു് കഴിയുന്നു. രാഷ്ട്രീയമെന്നാല്‍, ഒരു കൊമ്പില്‍ നിന്നും മറ്റൊരു കൊമ്പിലേക്കു് ചാടിക്കൊണ്ടിരിക്കുന്ന കുരങ്ങുകളെപ്പോലെ, ഒരു കൊച്ചുവിഷയത്തില്‍നിന്നും മറ്റൊന്നിലേക്കു് ചാടിക്കൊണ്ടിരിക്കുന്ന, ഓര്‍മ്മശക്തി നശിച്ച ജനക്കൂട്ടത്തിനു് നല്‍കപ്പെടുന്ന വാഗ്ദാനങ്ങളുടെ വാചകമടി മാത്രമായ കേരളത്തില്‍ നേതാക്കള്‍ക്കു് സ്വന്തം വാലില്‍ കടിക്കാന്‍ വട്ടം ചുറ്റുന്ന നായ്ക്കളെപ്പോലെ അഴിമതിയും, അഴിഞ്ഞാട്ടവും, മന്ത്രവാദവുമായി സ്വന്തസുഖം തേടലും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കലുമൊഴിഞ്ഞിട്ടു് നേരമെവിടെ? അഞ്ചു് വര്‍ഷം നമ്മള്‍, അഞ്ചു് വര്‍ഷം അവര്‍, അതാണു് കേരളത്തില്‍ നാലു് ചക്രമുണ്ടാക്കാനുള്ള ചക്രഗതി. അതിനിടയില്‍ സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ എന്‍ജിനിയറിങ് തുടങ്ങിയ തലവേദനകള്‍ ആര്‍ക്കുവേണം?
B. C. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യഘട്ടത്തില്‍ രൂപമെടുത്ത ശ്രേഷ്ഠകൃതിയായ എപിക് ഓഫ് ഗില്‍ഗമേഷില്‍ വര്‍ണ്ണിക്കുന്ന ഒരു മെസോപ്പൊട്ടേമിയന്‍ പ്രളയചരിതത്തിന്റെ പരിഷ്കരിച്ച പതിപ്പാണു് നോഹയുടെ കാലത്തെ പ്രളയം എന്നതാണു് പണ്ഡിതമതം. ആ പുരാണപ്രകാരം, “EA” എന്ന ദൈവം ഉത്നപിഷ്ടിം എന്ന രാജാവിന്റെ പട്ടണം നശിപ്പിക്കാന്‍ തീരുമാനിക്കുകയും ഒരു കപ്പല്‍ പണിയുവാന്‍ അദ്ദേഹത്തോടു് ആവശ്യപ്പെടുകയും ചെയ്യുന്നു. ഏഴുദിവസത്തെ പ്രളയത്തിനുശേഷം കപ്പല്‍ ഒരു പര്‍വ്വതമുകളില്‍ അടിയുകയും ഉത്നപിഷ്ടിം ഭാര്യയോടൊപ്പം അമര്‍ത്യതയിലേക്കു് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. B. C. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ രൂപമെടുത്ത പിന്‍ഡാര്‍ എന്ന കവിയുടെ പ്രളയചരിതത്തില്‍ സ്യൂസ് എന്ന ദൈവം ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചതായും, ഡ്യുക്കേലിയന്‍ എന്ന രാജാവും കുടുംബവും ഒരു പെട്ടകത്തില്‍ ആഹാരസാധനങ്ങളുമായി രക്ഷപെട്ടതായും ചിത്രീകരിക്കപ്പെടുന്നു. B. C. ആറാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു ഹൈന്ദവപുരാണത്തില്‍ മത്സ്യം മനുവിനെ വരാന്‍ പോകുന്ന ഒരു പ്രളയം അറിയിക്കുകയും മനു ഒരു തോണിയില്‍ രക്ഷപെടുകയും ചെയ്യുന്നതായി വര്‍ണ്ണിക്കപ്പെടുന്നു.
അതായതു്, പ്രളയവും, ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ പെട്ടകം വഴിയുള്ള രക്ഷപെടലുമൊക്കെ യഹോവയുടെ മനസ്സില്‍ ഉദിച്ച ഒരു പ്രത്യേക പദ്ധതിയൊന്നുമല്ല. ലോകത്തില്‍ പലയിടങ്ങളില്‍ പല “ദൈവങ്ങള്‍ക്കും” അതുപോലുള്ള നശീകരണഭ്രാന്തുകള്‍ ഉണ്ടായിട്ടുണ്ടു്. എഴുത്തുകാരന്റെ ഭാവനക്കനുസരിച്ചു് ഈ സങ്കല്‍പകഥകള്‍ക്കു് അവയുടേതായ രൂപവും ഭാവവും ഒക്കെ ലഭിച്ചു എന്നുമാത്രം. ക്രിസ്തുമതവും സഭയുടെ സമ്പത്തും യൂറോപ്പില്‍ രക്തച്ചൊരിച്ചിലുകളിലൂടെ വളര്‍ന്നപ്പോള്‍ ക്രിസ്തുമതപ്രചരണവും ലോകവ്യാപകമായി വളര്‍ന്നു. അതുവഴി, ബൈബിളിലെ കഥകള്‍ക്കു് മറ്റു് മതങ്ങളിലെ കഥകളെക്കാള്‍ കൂടുതല്‍ പ്രചാരം ലഭിച്ചു. പൌരോഹിത്യവും മാധ്യമവും പണവും എന്നും പരസ്പരസഹായ സഹകരണസംഘങ്ങളായിരുന്നു. കേള്‍ക്കുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുന്ന മനുഷ്യരെ ചാക്കിട്ടു് പിടിച്ചു് തിന്നു് ചീര്‍ക്കുക എന്നതു് അവയുടെ പൊതുവായ രഹസ്യലക്‍ഷ്യവും.