RSS

Monthly Archives: May 2012

സാമൂഹ്യബോധവും മനഃശാസ്ത്രവും

ശുദ്ധവും വ്യാജവുമായ സാമൂഹികമനോവികാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നതിനുവേണ്ടി വ്യക്തിമനഃശാസ്ത്രജ്ഞന്‍ ആല്‍ഫ്രെഡ് ആഡ്‌ലെര്‍ വിവരിക്കുന്ന ഒരു സംഭവമാണിതു്‌:

വൃദ്ധയായ ഒരു സ്ത്രീ ട്രാം വേയിലേക്കു്‌ കയറുന്നതിനിടയില്‍ കാല്‍ വഴുതി മഞ്ഞില്‍ വീണുപോകുന്നു. സ്വന്തശക്തിയാല്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ വീണിടത്തുതന്നെ കിടക്കുന്ന ആ സ്ത്രീയെ സഹായിക്കാതെ ധാരാളം പേര്‍ ആ വഴിയേ കടന്നുപോയി. അവസാനം ഒരുവന്‍ വന്നു്‌ അവളെ പിടിച്ചെഴുന്നേല്പിച്ചു. ആ നിമിഷത്തില്‍ അതുവരെ എവിടെയോ മറഞ്ഞിരിക്കുകയായിരുന്ന ഒരുവന്‍ ആ രക്ഷകനു്‌ ആശംസാവചനങ്ങളുമായി അവിടേയ്ക്കു്‌ ചാടിവീണുകൊണ്ടു്‌ പറഞ്ഞു: “അവസാനം ഇതാ മാന്യനായ ഒരു മനുഷ്യന്‍! ഈ സ്ത്രീയെ ആരെങ്കിലും രക്ഷപെടുത്തുമോ എന്നറിയാനായി ഞാന്‍ അപ്പുറത്തു്‌ കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ടു്‌ കുറെ നേരമായി. താങ്കളാണു്‌ ആദ്യമായി അതുപോലൊരു സല്‍പ്രവൃത്തിക്കു്‌ തുനിഞ്ഞതു്‌.”

മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ടവന്‍ എന്ന ഒരുതരം അഹങ്കാരം മൂലം സ്വന്തമായി ഒരു ചെറുവിരല്‍ പോലും അനക്കാതെ, മറ്റുള്ളവരുടെ മേല്‍ ന്യായാധിപതി ചമഞ്ഞു്‌ സ്തുതിയും അധിക്ഷേപവും ചാര്‍ത്തിക്കൊടുക്കുന്നതുവഴി നാട്യത്തില്‍ മാത്രം സാമൂഹ്യബോധം പ്രകടിപ്പിക്കുന്നവര്‍ യഥാര്‍ത്ഥമായ സാമൂഹ്യബോധത്തെ ദുരുപയോഗം ചെയ്യുന്നവരാണു്‌. ഒരു വ്യക്തിയുടെ സ്വഭാവത്തിലെ മറ്റു്‌ ദുഷ്പ്രവണതകളെ മൂടിവയ്ക്കാനായി അവന്‍ എടുത്തണിയുന്ന വ്യാജസാമൂഹികബോധത്തിന്റെ മൂടുപടം അഴിച്ചു്‌ മാറ്റിയാലേ ആ വ്യക്തിയെ സംബന്ധിച്ചു്‌ ശരിയായ ഒരു വിധിനിര്‍ണ്ണയത്തില്‍ എത്തിച്ചേരാന്‍ കഴിയുകയുള്ളു. പെരുമാറ്റത്തില്‍ ഈ വിധത്തിലുള്ള  വഞ്ചനകള്‍ സാദ്ധ്യമാണെന്നതിനാല്‍ ഒരു വ്യക്തിയുടെ സാമൂഹികബോധത്തിന്റെ മൂല്യനിര്‍ണ്ണയത്തെ അതു്‌ പ്രയാസമേറിയതാക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ശരിയായ ഒരു വിധിനിര്‍ണ്ണയം സാദ്ധ്യമാവാന്‍ ‘സാര്‍വ്വലൗകികം’ എന്നു്‌ വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു നിലപാടു്‌ ആവശ്യമാണു്‌. ഒരു വ്യക്തിമനഃശാസ്ത്രജ്ഞനെസംബന്ധിച്ചു്‌ യൂണിവേഴ്സല്‍ ആയ ഈ നിലപാടു്‌ ആകമാനസമൂഹത്തിന്റെ പ്രയോജനമാണു്‌, പൊതുവിന്റെ ക്ഷേമമാണു്‌.

ഓരോരുത്തര്‍ക്കും മറ്റുള്ളവരുടെ സ്വഭാവത്തിലേക്കു്‌ ചുഴിഞ്ഞുനോക്കാന്‍ ശേഷിയുള്ള ദൃഷ്ടികള്‍ ലഭിക്കുന്ന ഒരവസ്ഥയിലേക്കു്‌ വളരാന്‍ മനുഷ്യരാശിക്കു്‌ കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്കു്‌ മറ്റുള്ളവരില്‍ നിന്നും സ്വയം കൂടുതല്‍ സുരക്ഷിതരാക്കാന്‍ ആവുമായിരുന്നു എന്നു്‌ മാത്രമല്ല, അതുവഴി മറ്റുള്ളവരുടെ ജോലി പ്രയാസമേറിയതും തന്മൂലം ഒട്ടും ലാഭകരമല്ലാത്തതും ആവുമായിരുന്നു. തന്മൂലം അത്തരം പ്രവൃത്തികള്‍ ഉപേക്ഷിക്കാന്‍ അക്കൂട്ടര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അത്തരം മനുഷ്യരുടെ അധീശത്വപരിശ്രമങ്ങളുടെ മുഖംമൂടി അപ്പോള്‍ അഴിഞ്ഞുവീഴുകയല്ലാതെ ഗത്യന്തരമില്ല.

സ്വഭാവം ഒരു സാമൂഹികസംജ്ഞയാണു്‌. ജീവിതകര്‍ത്തവ്യങ്ങളുമായുള്ള വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു മനുഷ്യനില്‍ മാനസികമായി മുന്നിട്ടു്‌ നില്‍ക്കുന്ന ഒരു പ്രത്യേക പ്രകടനരൂപമാണു്‌ സ്വഭാവവിശേഷം. സാമൂഹ്യജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ ഒരു വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി പരാമര്‍ശിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. മാനസികമായ ഒരു പ്രസ്താവനയാണു്‌, തന്റെ ചുറ്റുപാടുകളെ അഭിമുഖീകരിക്കുന്ന മനുഷ്യന്റെ പെരുമാറ്റരീതികളാണു്‌, സാമൂഹ്യബോധവുമായി പങ്കുചേര്‍ന്നു്‌ നിറവേറ്റപ്പെടുന്ന മനുഷ്യന്റെ പ്രശംസാദാഹത്തിന്റെ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകരേഖയാണു്‌ സ്വഭാവം. അധീശത്വം, ശക്തി, മറ്റുള്ളവരെ തോല്പിക്കാനുള്ള ദാഹം മുതലായ ലക്ഷ്യങ്ങളാലാണു്‌ ഒരു മനുഷ്യന്റെ പെരുമാറ്റരീതികള്‍ നിശ്ചയിക്കപ്പെടുന്നതു്‌. ഈ ലക്ഷ്യങ്ങള്‍ ഒരുവന്റെ ലോകദര്‍ശനം, അവന്റെ പദവിന്യാസരീതി, അവന്റെ ജീവിതമാതൃക മുതലായവയെ സ്വാധീനിക്കുന്നു, അവന്റെ സ്വഭാവഗതിയെ നിയന്ത്രിക്കുന്നു.

അധികം പുനര്‍ചിന്തയുടെ ആവശ്യമില്ലാതെ, ഏതു്‌ സന്ദര്‍ഭത്തിലും തന്റേതായ വ്യക്തിത്വത്തെ പ്രകടിപ്പിക്കാന്‍ ഉതകുന്നവിധം ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകരേഖപോലെ മനുഷ്യനോടു്‌ പറ്റിച്ചേര്‍ന്നിരിക്കുന്ന ഒരുതരം അച്ചുകൂടമാണു്‌ സ്വഭാവഗുണം. പലരും ധരിച്ചിരിക്കുന്നതുപോലെ, ജന്മസിദ്ധമായി ലഭിക്കുന്ന ഒന്നല്ല സ്വഭാവഗുണങ്ങള്‍. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു പ്രതിഭാസത്തെ പുറകോട്ടു്‌ പരിശോധിച്ചാല്‍ അവന്റെ ജീവിതാരംഭദിനത്തില്‍ എത്തുമെന്നതിനാല്‍ സ്വഭാവഗുണങ്ങള്‍ ജന്മസിദ്ധമാണെന്ന തോന്നല്‍ ഉണ്ടാവുക സ്വാഭാവികമാണു്‌. ഒരു കുടുംബത്തിനും, ഒരു ജനത്തിനും, ഒരു വര്‍ഗ്ഗത്തിനുമെല്ലാം പൊതുവായ സ്വഭാവഗുണങ്ങള്‍ കാണാന്‍ കഴിയുന്നതിന്റെ കാരണം ഒരോരുത്തരും മറ്റുള്ളവരില്‍ നിന്നും കണ്ടും പഠിച്ചും പകര്‍ത്തിയും അവ സ്വായത്തമാക്കുന്നതുകൊണ്ടാണു്‌. ഒരുവന്‍ സംശയാലു ആയിരിക്കുന്നതും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതുമെല്ലാം ജന്മസിദ്ധമായ സ്വഭാവഗുണമാണെന്ന ധാരണ അടിസ്ഥാനരഹിതമാണു്‌. ചില കുടുംബങ്ങളില്‍ ആവര്‍ത്തിച്ചു്‌ ക്രിമിനലുകളെ കാണാനാവുന്നതിന്റെ കാരണം കീഴ്വഴക്കങ്ങളും, ജീവിതവീക്ഷണങ്ങളും ചീത്തയായ ഉദാഹരണങ്ങളുമെല്ലാം കൈകോര്‍ത്തു്‌ ഒത്തൊരുമിച്ചാണു്‌ നീങ്ങുന്നതു്‌ എന്നതാണു്‌. ഉദാഹരണത്തിനു്‌, മോഷണം ഒരു ജീവിതസാദ്ധ്യത ആണെന്ന തോന്നല്‍ അതുപോലുള്ള സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ രൂപമെടുക്കാം. മനുഷ്യരുടെ അധീശത്വപരിശ്രമങ്ങള്‍ക്കും ഇതു്‌ ബാധകമാണു്‌. മൂടുപടമണിഞ്ഞു്‌ മുന്നേറുന്ന അതുപോലുള്ള മേല്‍ക്കോയ്മാപരിശ്രമങ്ങളുടെ പാതയില്‍ ഏറ്റവും ദുര്‍ഘടമായ സമയങ്ങളും അതീവ സങ്കീര്‍ണ്ണമായ അവസരങ്ങളുമൊക്കെ നേരിടേണ്ടിവരുമ്പോള്‍ പോലും ഓരോ തലമുറയും അതിന്റെ പൂര്‍വ്വികരില്‍ നിന്നും ഏറ്റെടുത്ത സ്വഭാവഗുണങ്ങള്‍ മാറ്റമൊന്നുമില്ലാതെ പ്രകടിപ്പിക്കാന്‍ ബദ്ധശ്രദ്ധരായിരിക്കും.

ഒരു മനുഷ്യന്റെ സ്വഭാവനിര്‍ണ്ണയം ഒരിക്കലും ശാരീരികമായ അടിത്തറകളില്‍ മാത്രമോ, ചുറ്റുപാടുകളില്‍ മാത്രമോ, വളര്‍ത്തലില്‍ മാത്രമോ അധിഷ്ഠിതമായ പ്രതിഭാസങ്ങളില്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ളതാവാതെ, ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവന്റെ മുഴുവന്‍ വ്യക്തിത്വവും പരിഗണിച്ചുകൊണ്ടുള്ളതായിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്തരം വിലയിരുത്തലുകളില്‍ ഗൗരവതരമായ പാളിച്ചകള്‍ സംഭവിക്കാനുള്ള സാദ്ധ്യത ചെറുതല്ല. മനുഷ്യജ്ഞാനത്തിലേക്കുള്ള ഈ മാര്‍ഗ്ഗം സ്വീകരിക്കാനും വിപുലീകരിക്കാനും നമുക്കു്‌ കഴിഞ്ഞാല്‍, അതു്‌ അവനവനെപ്പറ്റി ആഴത്തിലുള്ള ഒരു ജ്ഞാനത്തിലൂടെ സാദ്ധ്യമാവുമെന്നു്‌ സ്വയം ബോദ്ധ്യപ്പെടുത്താനും ആ വഴി പിന്‍തുടരാനും നമുക്കു്‌ സാധിച്ചാല്‍, അതുവഴി മറ്റുള്ളവരെ, പ്രത്യേകിച്ചും കുഞ്ഞുങ്ങളെ, സഫലമായി സ്വാധീനിക്കാനും, അങ്ങനെ, ഒരു ഇരുണ്ട കുടുംബാന്തരീക്ഷത്തില്‍ നിന്നും വരുന്നതിന്റെ പേരില്‍, അവരുടെ ജീവിതം അന്ധമായ വിധിനിയോഗത്തിനു്‌ വിധേയമായി എന്നാളും ദുര്‍ഭാഗ്യത്തില്‍ കുരുങ്ങിക്കിടക്കാനോ, അതുപോലൊരു അവസ്ഥയിലേക്കു്‌ വഴുതിവീഴാനോ ഇടയാവാതെ രക്ഷപെടുത്താന്‍ നമുക്കു്‌ കഴിയും. ഇതു്‌ നടപ്പില്‍ വരുത്താനായാല്‍, മാനവസംസ്കാരം മുന്നോട്ടു്‌ വയ്ക്കുന്നതു്‌ നിര്‍ണ്ണായകമായ ഒരു ചുവടായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുവഴി വളര്‍ന്നുവരുന്നതു്‌ സ്വന്തം വിധിയുടെ കര്‍ത്താവു്‌ മറ്റാരുമല്ല, തങ്ങള്‍തന്നെയാണെന്നു്‌ ബോദ്ധ്യമുള്ള ഒരു പുതിയ തലമുറയായിരിക്കും.

(ആല്‍ഫ്രെഡ് ആഡ്‌ലെറുടെ ‘മനുഷ്യജ്ഞാനം’ എന്ന പുസ്തകത്തില്‍ നിന്നും)

 
Comments Off on സാമൂഹ്യബോധവും മനഃശാസ്ത്രവും

Posted by on May 6, 2012 in Uncategorized

 

Tags: , , , ,