റോബർട്ട് മെർസർ – റൈറ്റ്-വിങ് പൊളിറ്റിക്സിലെ ബ്ളാക്ക് ഹോൾ
1993-ൽ ലണ്ടനിൽ സ്ഥാപിക്കപ്പെട്ട SCL Group 2012 കാലഘട്ടത്തിലാണു് ഇന്റർനെറ്റ് ഡെയ്റ്റയുടെ പ്രാധാന്യം മനസ്സിലാക്കിയതും, ആ പുതിയ മാർക്കറ്റിൽ സ്ഥാനം പിടിക്കാനായി 2013 അവസാനത്തോടെ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സബ്സിഡിയറി കമ്പനി അമേരിക്കയിൽ സ്ഥാപിച്ചതും. അതിനായി അവർ കൂട്ടുപിടിച്ചതു് ഡെയ്റ്റ സ്പെഷലിസ്റ്റും ബില്യണയറുമായ റോബർട്ട് മെർസറെയാണു്. ട്രംപിന്റെ തിരഞ്ഞെടുപ്പിനുവേണ്ടിയും, ബ്രിട്ടണിലെ ബ്രെക്സിറ്റ് മൂവ്മെന്റിനുവേണ്ടിയും പണം മുടക്കി സഹായിച്ചവനും, റൈറ്റ്-വിങ് രാഷ്ട്രീയത്തിന്റെ പ്രധാന സാമ്പത്തികസ്രോതസ്സുമായ റോബർട്ട് മെർസർ ആരെന്നു് അറിയുന്നതു് കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുതകും. ഫിസിക്സിലും മാത്തമാറ്റിക്സിലും ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റുമുള്ള റോബർട്ട് മെർസർ 1972-ൽ IBM റിസെർച്ചിൽ ചേർന്നാണു് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നതു്. അവിടെവച്ചു് ലാങ്ഗ്വേജ് പ്രോസസ്സിങ്ങിലും, മെഷീൻ ട്രാൻസ്‌ലേഷൻ ടെക്നിക്കിലും മെർസർ നൽകിയ സംഭാവനകളാണു് ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനും ഗൂഗിൾ ട്രാൻസ്‌ലേറ്റിനും അടിത്തറയിട്ടതു്.
1993-ൽ റിനൈസൻസ് ടെക്‌നോളജീസ് എന്ന ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ ഒരു ഓഫർ സ്വീകരിച്ചു് മെർസർ അവിടെയെത്തി. ഓഹരികളുടെ വിലയിൽ വരുന്ന വ്യതിയാനങ്ങൾ മനസ്സിലാക്കാൻ മെർസർ ഡെവലപ്പ് ചെയ്ത അൽഗൊരിഥം ഉപയോഗിച്ചുള്ള ട്രെയ്‌ഡിങ് മെതഡ് വഴി, പത്തുവർഷങ്ങൾകൊണ്ടു് റിനൈസൻസ് ടെക്‌നോളജീസിന്റെ ഹെഡ്ജ് ഫണ്ട്സ് ലോകത്തിലെ ഏറ്റവും ആദായകരമായ ഇന്വെസ്റ്റ്മെന്റ് എന്ന ഖ്യാതി നേടി. റിനൈസൻസ് ടെക്‌നോളജീസിന്റെ co-CEO സ്ഥാനത്തെത്തിയ റോബർട്ട് മെർസർ അവിടെത്തന്നെ തന്റെ സ്വന്തം പണവും നിക്ഷേപിച്ചിരുന്നതിനാൽ, അതിവേഗം ധനികനാവുകയും ബില്യണയേഴ്സ് ക്ലബ്ബിലെത്തുകയും ചെയ്തു.
എന്നിരിക്കിലും, പൊതുജീവിതത്തിൽ മെർസറുടേതായ ഒരു പ്രസ്താവനയോ സന്ദേശമോ കാണാൻ ആഗ്രഹിക്കുന്നവർ നിരാശപ്പെടേണ്ടിവരും. ജീവിതകാലം മുഴുവൻ ആരോടും സംസാരിക്കേണ്ട ആവശ്യം ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നു് കരുതുന്ന, ദുര്‍ഗ്രാഹ്യമായ ഒരു വ്യക്തിത്വം! ഒരു സ്വീകരണച്ചടങ്ങിൽ ഒരു മണിക്കൂർ പ്രസംഗിക്കണം എന്നു് വന്നപ്പോൾ, അതു് ഞാൻ ഒരാഴ്ചകൊണ്ടു് സംസാരിക്കുന്നത്ര വാക്കുകളാണു് എന്ന ക്ഷമാപണം നടത്തിയ മെർസർ, മനുഷ്യരുമായുള്ള സൗഹൃദത്തേക്കാൾ പൂച്ചകളുമായുള്ള സൗഹൃദമാണു് ഭേദം എന്ന അഭിപ്രായം പുലർത്തുന്നവനാണു്. അതിൽ വലിയ അത്ഭുതമില്ല. മനുഷ്യരുമായുള്ള ഇടപെടലുകളെക്കാൾ (മോണിറ്ററിലെ) അബ്സ്ട്രാക്റ്റായ സിമ്പളുകളുമായുള്ള ഇടപെടലുകളെ കൂടുതൽ ഇഷ്ടപ്പെടുന്ന മനുഷ്യരുണ്ടു്. ന്യൂട്ടൺ, കാന്റ്, ടെസ്ല തുടങ്ങിയവരെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ അവരുടേതായ രീതിയിൽ എക്സെൻട്രിസിറ്റി പ്രദർശിപ്പിച്ചിരുന്നവരാണു്.
(ശ്രദ്ധിക്കുക: എക്സെൻട്രിസിറ്റി പ്രദർശിപ്പിച്ചാൽ ന്യൂട്ടനോ, കാന്റോ, ടെസ്ലയോ ഒക്കെ ആകാമെന്നു് ചിലർ കരുതുന്നുണ്ടെങ്കിലും അതൊരു തെറ്റിദ്ധാരണയാണു്. ഉദാഹരണത്തിനു്, സേതുരാമയ്യർ സിബിഐ ആണു് കേസുകെട്ടുകൾ അന്വേഷിക്കുന്നതു്, മമ്മൂട്ടിയല്ല. എന്നിരിക്കിലും, കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ, ലാവ്ലിൻ, സ്പ്രിങ്ക്ലർ, വാളയാർ മുതലായവ പോലുള്ള കേസുകൾ ആരാണു് അന്വേഷിക്കേണ്ടതു് എന്നൊരു അഭിപ്രായസർവ്വേ നടത്തിയാൽ, മമ്മൂട്ടി സിബിഐയെയും ഹേഡ് കുട്ടൻപിള്ളയെയും തറപറ്റിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.)
2012 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ മൊത്തം 20 മില്യൺ ഡോളർ നല്കിയാണു് പ്രതിലോമകാരികളായ സംഘടനകളെയും റൈറ്റ്-വിങ് ലോബ്ബി ഗ്രൂപ്പുകളെയും മെർസർ പിന്തുണച്ചതു്! ന്യൂയോർക്ക് ഗ്രൗണ്ട് സീറോയിൽ ഒരു മോസ്‌ക് പണിയുന്നതിനു് എതിരായുള്ള ഒരു പരസ്യത്തിനും മെർസർ സാമ്പത്തികസഹായം നൽകുകയുണ്ടായി. US അമേരിക്കയിലെ രാഷ്ട്രീയത്തിൽ മുതൽ മുടക്കുന്നതിനു്, 2010-നു് മുൻപു് വരെ, വ്യക്തികൾക്കു് മാക്സിമം 2700 ഡോളർ, സ്ഥാപനങ്ങൾക്കു് മാക്സിമം 5000 ഡോളർ എന്ന പരിധിയുണ്ടായിരുന്നു. ആ നിയമം ഭേദഗതി ചെയ്യിക്കാനായി സുപ്രീം കോർട്ടിൽ ഫയൽ ചെയ്യപ്പെട്ട ഒരു പരാതിയിൽ റോബർട്ട് മെർസർ പങ്കുചേർന്നു. രാഷ്ട്രീയത്തിൽ അമിതമായ നിക്ഷേപം നടത്തി അമേരിക്കയിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നതിൽ നിന്നും വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കിയിരുന്ന, 60 വർഷങ്ങളായി നിലവിലിരുന്ന നിയമം, ജനത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന സുപ്രീം കോർട്ടിന്റെ വിചിത്രമായ വിധിയോടെ റദ്ദുചെയ്യപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികൾക്കു് സാമ്പത്തികസഹായം നല്കുന്നതിനു് പരിധിയില്ലാതെയായി. മീറ്റിങ്ങുകൾ, പരസ്യങ്ങൾ തുടങ്ങിയ, പരിമിതമായ മുതൽമുടക്കു് മതിയാവുന്ന ഔദ്യോഗികപ്രചാരണങ്ങളോടൊപ്പം, സഹായസമിതികൾ രൂപീകരിച്ചു് ആർക്കും എത്ര പണം വേണമെങ്കിലും സമാഹരിക്കുകയും വിതരണം ചെയ്യുകയും ചെയ്യാമെന്നു് വന്നു. സ്ഥാപിതതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ലോബ്ബിയിസ്റ്റുകൾക്കു് കൈവന്ന സുവർണ്ണാവസരമായിരുന്നു അതു്. അന്തരീക്ഷമലിനീകരണമായാലും, മനുഷ്യരുടെ ആരോഗ്യസംരക്ഷണമായാലും, സ്വന്തം ലാഭം എന്ന ഒരേയൊരു ലക്ഷ്യത്താൽ നയിക്കപ്പെടുന്ന വൻകിട കമ്പനികൾക്കു് കീടനാശിനികൾ, ഹൈഡ്രോഫ്രാക്കിങ്, വനംനശീകരണം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരെ അധികാരത്തിലെത്തിക്കാൻ സുപ്രീം കോർട്ടിന്റെ ആ വിധി വഴി തുറന്നു. രാഷ്ട്രീയത്തിൽ മുതൽ മുടക്കാൻ, സ്വന്തം മകൾ റെബേക്കയുടെ നായകത്വത്തിൽ, റോബർട്ട് മെർസറും രൂപീകരിച്ചു ഒരു സ്ഥാപനം: “മെർസർ ഫാമിലി ഫൗണ്ടേഷൻ”.
തീവ്രമായ ആശയങ്ങൾ പുലർത്തുന്നവൻ എന്ന നിലയിൽ മാധ്യമങ്ങളിൽ അധികം ശ്രദ്ധ കിട്ടാതിരുന്നതിനാൽ, ആ കുറവു് പരിഹരിക്കാൻ, സ്വന്തമായൊരു മാധ്യമം ആവശ്യമാണെന്നു് മനസ്സിലാക്കിയ മെർസർ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന “ബ്രൈറ്റ്ബാർട്ട്” എന്ന അൾട്രാ-റൈറ്റ്-വിങ് പത്രം 2011-ൽ 10 മില്യൺ ഡോളറിനു് വിലയ്ക്കുവാങ്ങി അതിന്റെ തലപ്പത്തു് തന്റെ വിശ്വസ്തനായ സ്റ്റീവൻ ബാനനെ നിയമിച്ചു. ഗോൾഡ്മാൻ സക്സിൽ ട്രെയ്‌ഡർ ആയിരുന്ന സ്റ്റീവൻ ബാനൻ, അൾട്രാകൺസർവേറ്റീവായ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഫിലിമുകളും സീരിയലുകളും നിർമ്മിക്കുക എന്ന ലക്ഷ്യത്തിൽ 1990-കളുടെ അവസാനം, “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി സ്ഥാപിച്ചു് ഹോളിവുഡ് പ്രൊഡ്യൂസറായവനാണു്. ബ്രൈറ്റ്ബാർട്ട് പത്രത്തെ ഏതാനും മാസങ്ങൾകൊണ്ടു് സ്റ്റീവൻ ബാനൻ പ്രതിലോമകരമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പൊരുതൽയന്ത്രമാക്കി മാറ്റിയെടുത്തു. അമേരിക്കൻ ഗവണ്മെന്റിന്റെ നിയന്ത്രണം ഏറ്റെടുത്തു് ജനങ്ങളെ തമ്മിൽത്തമ്മിൽ ഭിന്നിപ്പിച്ചു് നശിപ്പിക്കുക എന്നതാണു് ആ പത്രത്തിലൂടെ മെർസർ-ബാന്നൻ കൂട്ടുകെട്ടു് വ്യക്തമായി പിന്തുടർന്നിരുന്ന ലക്ഷ്യം. കേംബ്രിഡ്ജ് അനലിറ്റിക്ക സ്ഥാപിക്കപ്പെട്ടപ്പോൾ, ആ കമ്പനിയുടെ ഡെപ്യൂട്ടി ചീഫായി അവരോധിക്കപ്പെട്ടതും മറ്റാരുമല്ല, സ്റ്റീവ് ബാനൻ തന്നെ! കമ്പനിയുടെ ലക്ഷ്യം തുടക്കത്തിലേതന്നെ വ്യക്തമാണു്: അമേരിക്കയിലെ ഇലക്ഷൻ ക്യാംപെയ്നുകളുടെ രീതിശാസ്ത്രങ്ങളിൽ സമൂലപരിവർത്തനം വരുത്തുക!
ലോസ് ഏഞ്ചലെസിലെ വിൽഷ്യർ ബുളെവാർഡ് 8383 എന്ന ബിൽഡിങ്ങിൽ സ്ഥിതിചെയ്തിരുന്ന “ബ്രൈറ്റ്ബാർട്ട് ന്യൂസ്” എന്ന വെബ്‌സൈറ്റിന്റെയും, “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെയും നിയന്ത്രകനും ധനദാതാവും, ട്രംപിനെ പ്രസിഡന്റ് പദവിയിലെത്താൻ സഹായിച്ച, ഇന്നു് 73 വയസ്സുള്ള റോബർട്ട് മെർസറായിരുന്നു. പത്രസമ്മേളനങ്ങളിൽ, തനിക്കുവേണ്ടി കുരയ്ക്കാത്തവർ എന്നു് തോന്നുന്ന ജേർണലിസ്റ്റുകളുടെ നേരേ വിരൽ ചൂണ്ടി, “നീ ഫെയ്ക്ക് ന്യൂസാണു്, നീയും ഫെയ്ക്ക് ന്യൂസാണു്” എന്നു് ഒച്ചവയ്ക്കുന്ന അതേ ട്രംപിനും, റൈറ്റ്-വിങ് പൊളിറ്റിക്സിനും സഹായകമായവിധം മുടക്കമില്ലാതെ ഫെയ്ക് ന്യൂസ് കെട്ടിച്ചമയ്ക്കുന്നതിലാണു് ബ്രൈറ്റ്ബാർട്ട് ന്യൂസ് സ്‌പെഷലൈസ് ചെയ്തിരുന്നതു് എന്നതു്, പ്രൊപ്പഗാൻഡയല്ലാത്ത വാർത്തകൾ അധികം പരിചയമില്ലാത്ത മലയാളികളിൽ അത്ഭുതമൊന്നും ഉണ്ടാക്കാൻ വഴിയില്ലെങ്കിലും, ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ അതു് ഗുരുതരമായി കാണേണ്ട ഒരു അവസ്ഥാവിശേഷമാണു്.
രാഷ്ട്രീയമായും മാധ്യമപരമായും അനുയോജ്യമായ ഒരു നെറ്റ്വർക്ക് രൂപപ്പെടുത്തിയ മെർസർക്കു് തന്റെ റൈറ്റ്-വിങ് ഐഡിയോളജി നടപ്പിൽ വരുത്താൻ അടുത്തതായി വേണ്ടതു് ഒരു പ്രസിഡന്റ്ഷ്യൽ ക്യാൻഡിഡേയ്റ്റിനെയായിരുന്നു. 2015-ലെ പ്രാഥമികമത്സരത്തിൽ ടെക്‌സസ് സെനറ്ററും റൈറ്റ്-വിങ് ഹാർഡ്‍ലൈനറുമായ റ്റെഡ് ക്രൂസിനെ സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ച മെർസർ അതിനായി “കീപ്പ് ദ പ്രോമിസ് ” എന്ന പേരിൽ ഒരു കമ്മിറ്റിയുണ്ടാക്കി. 13 മില്യൺ ഡോളർ സഹായധനവും നൽകി. പക്ഷേ, റിപ്പബ്ലിക്കൻസ് അപ്രതീക്ഷിതമായി നിർത്തിയ ഡൊണാൾഡ് ട്രംപിനു് മുന്നിൽ റ്റെഡ് ക്രൂസിനു് പിൻവാങ്ങേണ്ടിവന്നപ്പോൾ, മെർസർ ട്രംപിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. “കീപ്പ് ദ പ്രോമിസ് ” എന്ന ക്രൂസ് കമ്മിറ്റിയെ, “മെയ്ക്ക് അമേരിക്ക നമ്പർ വൺ” എന്ന പേരുനല്കി, 15 മില്യൺ ഡോളർ സഹായധനത്തോടെ ട്രംപിനുവേണ്ടിയുള്ള കമ്മിറ്റിയാക്കി രൂപാന്തരപ്പെടുത്തി. 2016-ൽ ഡൊണാൾഡ് ട്രംപും “മെയ്ക്ക് അമേരിക്ക നമ്പർ വൺ” കമ്മിറ്റിയുടെ അദ്ധ്യക്ഷയും മെർസറുടെ മകളുമായ റെബേക്കയും പങ്കെടുത്ത ഒരു അത്താഴവിരുന്നിൽവച്ചു്, ട്രംപിന്റെ ഇലക്ഷൻ പ്രചാരണം കയോട്ടിക്കും അൺപ്രൊഫഷണലുമാണെന്നും, ജയിക്കണമെങ്കിൽ പ്രചാരണയന്ത്രം സമൂലം അഴിച്ചുപണിയണമെന്നും, അതിനുവേണ്ട സാമ്പത്തികവും മാധ്യമപരവുമായ പിന്‍തുണ നൽകാൻ തന്റെ കുടുംബം സന്നദ്ധമാണെന്നും റെബേക്ക ട്രംപിനെ അറിയിച്ചു. ഇലക്ഷൻ പ്രചാരണത്തിന്റെ തലവനെ മാറ്റി പകരം മെർസർ കുടുംബത്തിന്റെ വിശ്വസ്തനായ സ്റ്റീവൻ ബാനനെ നിയമിക്കുക എന്നതു് മാത്രമായിരുന്നു നിബന്ധന. അത്താഴവിരുന്നിന്റെ അവസാനത്തോടെ എല്ലാം തീരുമാനമായി. ട്രംപിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ഒന്നാം ചീഫ് സ്ഥാനത്തു് സ്റ്റീവൻ ബാനൻ, രണ്ടാം സ്ഥാനത്തു്, “കീപ്പ് ദ പ്രോമിസ് ” കമ്മിറ്റിയുടെ ചീഫ് ആയിരുന്ന കെല്ല്യൻ കോൺവേ, മൂന്നാം സ്ഥാനി മെർസറുടെ കുടുംബസുഹൃത്തായ ഡേവിഡ് ബോസി. അങ്ങനെ റിപ്പബ്ലിക്കൻസിന്റെ പ്രസിഡന്റ്ഷ്യൽ ഇലക്ഷൻ പ്രചാരണത്തിന്റെ പൂർണ്ണ നിയന്ത്രണം മെർസർ തന്റെ പിടിയിലൊതുക്കി.
കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സ്ഥാപനശേഷം അധികം താമസിയാതെ അവർ ലക്ഷക്കണക്കിനു് അമേരിക്കൻ ജനതയുടെ ഡെയ്റ്റ അവരുടെ അറിവില്ലാതെ സമാഹരിക്കാൻ തുടങ്ങി. എങ്ങനെയാണു് അതു് സാദ്ധ്യമാകുന്നതു്? ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ തുടങ്ങിയ ആധുനികസൗകര്യങ്ങൾ ഉപയോഗിക്കുന്ന ഏതൊരു മനുഷ്യനും അവനറിയാതെതന്നെ അവനെ സംബന്ധിക്കുന്ന ആയിരക്കണക്കിനു് ഇൻഫർമേഷനുകൾ ഇന്റർനെറ്റിലേക്കു് കയറ്റിവിടുന്നുണ്ടു്: പ്രായം, വരുമാനം, ഹോബ്ബീസ്, പർചേസസ്, മതം, രാഷ്ട്രീയം തുടങ്ങിയ എത്രയോ കാര്യങ്ങളെ സംബന്ധിച്ച വിവരങ്ങൾ. ഈ വിവരങ്ങളാണു് കേംബ്രിഡ്ജ് അനലിറ്റിക്ക വാങ്ങുന്നതു്. ക്രെഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻസ്, ബാങ്കുകൾ, ഹെൽത്ത് ഇന്‍ഷ്വറന്‍സുകൾ, ഫെയ്‌സ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ, പേർസണൽ ഡെയ്റ്റ കിട്ടാൻ കഴിയുന്ന എല്ലാ ഇടങ്ങളിൽ നിന്നും അവർ ഡെയ്റ്റ വാങ്ങിയിരുന്നു. അമേരിക്കയിൽ ജീവിക്കുന്ന, പ്രായപൂർത്തിയായ ഓരോരുത്തരുടെയും നാലായിരം മുതൽ അയ്യായിരം വരെ എന്ന കണക്കിൽ 23 കോടി മനുഷ്യരുടെ ഇൻഫർമേഷനുകളാണു് അതുവഴി അവർ ശേഖരിച്ചതു്! ആ ഡെയ്റ്റ കൊണ്ടു് എന്താണു് അവർ ചെയ്യുന്നതു്? അതു് അവരുടെ പരസ്യം തന്നെ വ്യക്തമാക്കുന്നുണ്ടു്:
“സമ്മതിദായകരെ ടാർഗെറ്റ് ഗ്രൂപ്പുകളായി തരംതിരിക്കാൻ, ഇതുവരെയുള്ള പൊളിറ്റിക്കൽ ക്യാംപെയ്ൻ ഉപയോഗിച്ചിരുന്നതു് ജിയോഗ്രാഫിക്കൽ ഡിസ്ട്രിബ്യൂഷനും, പ്രായം, ലിംഗം തുടങ്ങിയ ഡെമോഗ്രാഫിക് ഇൻഫർമേഷനുകളുമായിരുന്നു. അതു് ഒരു പരിധിവരെ ഫലപ്രദമായിരുന്നെങ്കിലും, സമ്മതിദായകരുടെ പെരുമാറ്റരീതികൾ നിശ്ചയിക്കാൻ ആവശ്യമുള്ള വ്യക്തിപരവും പ്രധാനവുമായ വിശദാംശങ്ങള്‍ അതിൽ ഉൾപ്പെട്ടിരുന്നില്ല. പക്ഷേ ഞങ്ങൾ, അമേരിക്കൻ സമ്മതിദായകരുടെ ജിയോഗ്രാഫിക്കും ഡെമോഗ്രാഫിക്കുമായ ഡെയ്റ്റയെ, റീജിയണൽ പൊളിറ്റിക്സ്, കൺസ്യൂമർ ബിഹേവിയർ, ലൈഫ്‌സ്റ്റൈൽ മുതലായ അയ്യായിരം വരെ ഡെയ്റ്റ കൂടി ചേർത്തു് വിപുലീകരിക്കുന്നു. അതുകൂടാതെ, “Openness, Conscientiousness, Extraversion, Agreeableness, Neuroticism” എന്നിവയുടെ അതുല്യമായ ഒരു പുതിയ തലം കൂടി ഞങ്ങൾ അതിനോടു് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. വോട്ടേഴ്‌സിനെ സംബന്ധിച്ചു് സമഗ്രമായ ഒരു കാഴ്ചപ്പാടു് സൃഷ്ടിക്കാൻ അതു് സഹായിക്കുന്നു. അതുവഴി, ആരെ, ഏതു് സന്ദേശം കൊണ്ടു് സ്വാധീനിക്കാനാകുമെന്നു് അറിയാൻ കഴിയും. ഞങ്ങൾ അതിനെ ബിഹേവിയറൽ മൈക്രോടാർഗെറ്റിങ് എന്നു് വിളിക്കുന്നു. ഏതു് സമ്മതിദായകവിഭാഗത്തെ സ്വാധീനിച്ചാലാണു് നിങ്ങൾക്കു് തിരഞ്ഞെടുപ്പു് ജയിക്കാൻ കഴിയുന്നതെന്നു് ഡെയ്റ്റ റിസേർച്ചേഴ്‌സ്, സൈക്കോളജിസ്റ്റ്സ്, പൊളിറ്റിക്കൽ ക്യാംപെയ്ൻ എക്സ്പെർട്സ് എന്നിവർ ഉൾക്കൊള്ളുന്ന ഞങ്ങളുടെ ടീമിനു് നിങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിയും.”
റോബർട്ട് മെർസറുടെ സാമ്പത്തികസഹായത്തോടെയും, സ്റ്റീവൻ ബാനന്റെ നേതൃത്വത്തിലും ശേഖരിച്ച ഡെയ്റ്റയുടെ അടിസ്ഥാനത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രസിഡന്റ്ഷ്യൽ ക്യാൻഡിഡേയ്റ്റായ ഡൊണാൾഡ് ട്രംപിനു് അവരുടെ സേവനം വാഗ്ദാനം ചെയ്തെങ്കിലും ട്രംപ് മാസങ്ങളോളം ആ സഹായം സ്വീകരിക്കാൻ തയ്യാറായില്ല. 2016 ജൂൺ 23-നു് ഒരു റെഫെറെൻഡം വഴി ആരും പ്രതീക്ഷിക്കാതിരുന്ന വിധം യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടാൻ ബ്രിട്ടീഷ് ജനത തീരുമാനിച്ചു. ബ്രെക്സിറ്റ് അനുകൂലികൾ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സഹായത്തോടെ വളരെ ഒഫെൻസീവായ ഒരു ഇന്റർനെറ്റ് ക്യാംപെയ്ൻ നടത്തിയിരുന്നു. ബ്രെക്സിറ്റ് പാർട്ടി ലീഡർ നൈജിൽ ഫരാജിന്റെ ഉത്തമസുഹൃത്തായ റോബർട്ട് മെർസറാണു് ബ്രെക്സിറ്റ് ക്യാംപെയിന്റെ പ്രവർത്തകരെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ സേവനം തേടാൻ ഉപദേശിച്ചതു്. റോബർട്ട് മെർസറും നൈജിൽ ഫരാജുമെല്ലാം “ഒരു കുടുംബത്തിലെ അംഗങ്ങൾ” ആയതിനാൽ, ബ്രെക്സിറ്റ് ക്യാംപെയിനു് നല്കിയ സേവനത്തിനു് കേംബ്രിഡ്ജ് അനലിറ്റിക്ക പ്രതിഫലമൊന്നും വാങ്ങിയില്ലത്രെ! 2016 ജൂൺ അവസാനത്തോടെ, കേംബ്രിഡ്ജ് അനലിറ്റിക്കയോടൊത്തുള്ള കൂട്ടുപ്രവര്‍ത്തനത്തിനു് ട്രംപ് സമ്മതം നൽകി. ജൂലൈ 29 മുതൽ ഒക്ടോബർ 19 വരെ നാലു് പേയ്‌മെന്റുകളായി 56 ലക്ഷം ഡോളർ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് ലഭിച്ചു. ആ സമയത്തുതന്നെ റോബർട്ട് മെർസറുടെ “മെയ്ക്ക് അമേരിക്ക നമ്പർ വൺ” വക 54 ലക്ഷം ഡോളറും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് കിട്ടിയിരുന്നു. ട്രംപ് ക്യാംപെയിന്റെ പേരിൽ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കു് ലഭിച്ചതു് മൊത്തം 110 ലക്ഷം ഡോളറാണു്. റോബർട്ട് മെർസറുടെ നിയന്ത്രണത്തിലുള്ള ഇലക്ഷൻ മെഷീനറി 2016 ഓഗസ്റ്റ് മുതൽ ഡൊണാൾഡ് ട്രംപിനുവേണ്ടി ഹൈസ്പീഡിൽ പ്രവർത്തിക്കാൻ തുടങ്ങി.
പക്ഷേ, മെർസർക്കു് ഒരശ്രദ്ധ പറ്റി. ഇലക്ഷൻ പ്രചാരണത്തിന്റെ ആദ്യത്തെ അഞ്ചു് മാസങ്ങളിൽ സ്റ്റീവൻ ബാനനു് പേയ്‌മെന്റുകൾ ലഭിച്ചതായി ട്രംപിന്റെ ഇലക്ഷൻ പ്രചാരണഅക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, റോബർട്ട് മെർസറുടെ “മെയ്ക്ക് അമേരിക്ക നമ്പർ വൺ” കമ്മിറ്റിയുടെ അക്കൗണ്ടിൽനിന്നും സ്റ്റീവൻ ബാനൻ തലവനായ “ഗ്ലിറ്ററിങ് സ്റ്റീൽ” എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയ്ക്കു് അഞ്ചു് മാസങ്ങളിലായി 302500 ഡോളർ ലഭിച്ചിട്ടുമുണ്ടു്. അതായതു്, തന്റെ ജോലിക്കുള്ള ശമ്പളം സ്റ്റീവൻ ബാനനു് ലഭിച്ചതു് ഗ്ലിറ്ററിങ് സ്റ്റീൽ എന്ന സ്വന്തം കമ്പനിയിലേക്കു് എന്ന നിലയിൽ വളഞ്ഞ വഴിയിലൂടെയാണു്. അതു് നിയമവിരുദ്ധമായ ഇലക്ഷൻ ഫൈനാൻസിങ് എന്ന വകുപ്പിൽ കുറ്റകൃത്യമാണു്.
(അടുത്തഭാഗം, അവസാനഭാഗം: അമേരിക്കയിലെ ഇലക്ഷൻ സിസ്റ്റത്തിന്റെ പ്രത്യേകതയും ട്രംപിന്റെ വിജയവും)