“ശാസ്ത്രനിലാവില്‍ ഗീത” എന്ന തലക്കെട്ടില്‍ 16.10.2011-ലെ വാരാന്ത്യകൗമുദിയില്‍ പ്രസിദ്ധീകരിച്ച ഒരു ഇന്റര്‍വ്യൂവില്‍ ശ്രീ സി. രാധാകൃഷ്ണന്‍ പ്രകടിപ്പിച്ച പല അഭിപ്രായങ്ങളുടെയും ശാസ്ത്രീയമായ അടിസ്ഥാനരാഹിത്യം കുറച്ചുനാള്‍ മുന്‍പു് നാലു് ലേഖനങ്ങളിലൂടെ വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. “ആപേക്ഷികതാസിദ്ധാന്തം ന്യൂക്ലിയര്‍ സ്കെയിലില്‍ മൈക്രോസ്കോപ്പിക് ആയി അളക്കാന്‍ ആവില്ല. ക്വാണ്ടം മെക്കാനിക്സില്‍ മാക്രോസ്കോപ്പിക് അളവുകളും സാദ്ധ്യമല്ല” എന്നൊരഭിപ്രായവും ശ്രീ രാധാകൃഷ്ണന്‍ തന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അളവായാലും തൂക്കമായാലും, മൈക്രോസ്കോപ്പിക് ലോകവും മാക്രോസ്കോപ്പിക് ലോകവും പരസ്പരം എത്രമാത്രം ബന്ധപ്പെട്ടു് കിടക്കുന്നു എന്നു് സൂചിപ്പിക്കുകയാണു് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ആദിസ്ഫോടനത്തിനുശേഷം വികസിക്കാനും തണുക്കാനും ആരംഭിച്ച പ്രപഞ്ചം അനുയോജ്യമായ ഊഷ്മാവില്‍ എത്തിയപ്പോള്‍ ന്യൂക്ലിയര്‍ സിന്തെസിസ് വഴി രൂപമെടുത്ത, “സ്റ്റേബിള്‍” എന്നു് കഷ്ടിച്ചു് വിശേഷിപ്പിക്കാവുന്ന ഹൈഡ്രജനായിരുന്നു ദ്രവ്യത്തിന്റെ ആദ്യരൂപം. പ്രപഞ്ചം പൂര്‍ണ്ണമായും ഹോമോജീനിയസ് അല്ലാതിരുന്നതിനാല്‍ അവിടവിടെയായി ഹൈഡ്രജന്‍ ധൂമപടലങ്ങള്‍ കേന്ദ്രീകരിക്കപ്പെടുകയും, അവയില്‍ അതുവഴി സംജാതമായ ഗ്രാവിറ്റേഷന്‍ മൂലം കൂടുതല്‍ കൂടുതല്‍ കണികകള്‍ അങ്ങോട്ടേയ്ക്കു് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രക്രിയ അനവരതം തുടര്‍ന്നതിന്റെ ഫലമായി ദ്രവ്യത്തിന്റെ അളവും, ഹൈഡ്രജന്‍ ധൂമപടലത്തിന്റെ സാന്ദ്രതയും, ഗ്രാവിറ്റേഷന്റെ ശക്തിയും സ്വാഭാവികമായും പെരുകിക്കൊണ്ടിരുന്നു. അണുകേന്ദ്രത്തിലെ പോസിറ്റീവ് ഇലക്ട്രിക് ചാര്‍ജ്ജുള്ള പ്രോട്ടോണുകളുടെ വികര്‍ഷണശക്തിമൂലമുള്ള പ്രതിരോധം ഇല്ലായിരുന്നെങ്കില്‍ ഈ പ്രക്രിയ അനിയന്ത്രിതമായി തുടരാന്‍ ഗ്രാവിറ്റേഷന്റെ പക്ഷത്തുനിന്നും തടസ്സമൊന്നും ഉണ്ടായിരുന്നില്ല. ആണവതലത്തിലെ (മൈക്രോസ്കോപ്പിക് തലത്തിലെ) കണങ്ങളുടെ വികര്‍ഷണശക്തിയെ കീഴ്പ്പെടുത്താന്‍ ഗ്രാവിറ്റേഷണല്‍ ഫോഴ്സിനു് കഴിയാത്തവിധം നിലവിലിരിക്കുന്ന ഈ സംതുലിതാവസ്ഥയാണു് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളുടെ നിലനില്‍പു് സാദ്ധ്യമാക്കുന്നതു്. പക്ഷേ, ഗ്രഹങ്ങളില്‍ ഹൈഡ്രജന്‍ മാത്രമല്ല മറ്റു് മൂലകങ്ങളും ഈ ശക്തിമത്സരത്തില്‍ പങ്കാളികളാവുന്നു. ഒരു അണുകേന്ദ്രത്തെയും അതിനെ ചുറ്റുന്ന ഇലക്ട്രോണുകളെയും ഏകദേശം ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ നടുവില്‍ സ്ഥിതി ചെയ്യുന്ന പന്തിനോടും അതിനെ സ്റ്റേഡിയത്തിന്റെ അതിരിലൂടെ ചുറ്റുന്ന ധാന്യമണികളോടും താരതമ്യം ചെയ്യാമെന്നതിനാല്‍, ഒരു മൂലകത്തിന്റെ ഭീമമായ പങ്കും ശൂന്യസ്ഥലമാണെന്നു് പറയുന്നതില്‍ തെറ്റില്ല. അതിനാല്‍, കേന്ദ്രത്തിലേക്കു് ഗ്രാവിറ്റേഷന്‍ മൂലം തള്ളിക്കയറി പിണ്ഡം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ദ്രവ്യത്തിന്റെ അഭാവവും ഈ സംതുലിതാവസ്ഥയെ തകര്‍ച്ചയില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.
അതേസമയം, പ്രപഞ്ചത്തില്‍ സാന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരുന്ന ഹൈഡ്രജന്‍ ധൂമപടലങ്ങളുടെ ചുറ്റുപാടുകളില്‍ ധാരാളം കണികകള്‍ ലഭ്യമായിരുന്നു എന്നതിനാല്‍, ഗ്രാവിറ്റേഷന്‍ വഴി പിണ്ഡവും സാന്ദ്രതയും തുടര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു – അതിനൊപ്പം ഗ്രാവിറ്റേഷനും! സാന്ദ്രത കൂടുന്നതിനനുസരിച്ചു് ഹൈഡ്രജന്റെ ന്യൂക്ലിയസിലെ കണികകള്‍ തമ്മിലുള്ള അകലം കുറയുകയും, അതു് കണികകള്‍ (രണ്ടു് പ്രോട്ടോണുകള്‍) തമ്മില്‍ വളരെ അടുത്തു് വരാന്‍ കാരണമാവുകയും ചെയ്യുന്നു. തത്ഫലമായി സംഭവിക്കുന്ന അറ്റോമിക് റിയാക്ഷന്‍ വഴി ആ പ്രോട്ടോണുകളിലൊന്നു് ഒരു ന്യൂട്രോണും, ഇലക്ട്രോണിന്റെ ആന്റിപാര്‍ട്ടിക്കിള്‍ ആയ പോസിട്രോണും, ഒരു ന്യൂട്രീനൊയും ആയി രൂപാന്തരപ്പെടുന്നു. ഈ ന്യൂട്രോണ്‍ അവശേഷിക്കുന്ന പ്രോട്ടോണും ഹൈഡ്രജന്റെ ഷെല്ലുകളില്‍ ഉണ്ടായിരുന്ന രണ്ടു് ഇലക്ട്രോണുകളില്‍ ഒന്നുമായി സംയോജിച്ചു് ഒരു ഡ്യുറ്റീറിയം ആറ്റത്തിനു് ജന്മം നല്‍കുന്നു. പോസിട്രോണ്‍ രണ്ടാമത്തെ ഇലക്ട്രോണുമായി ചേര്‍ന്നു് നശിക്കുന്നു. ന്യൂട്രീനൊ പതിവുപോലെ രൂപമെടുത്ത ഉടനെതന്നെ സംഭവസ്ഥലം വിട്ടുപോകുന്നു. ഇതിനെല്ലാമുപരിയായി ഈ റിയാക്ഷന്‍ വഴി എനര്‍ജിയും സ്വതന്ത്രമാവുന്നു. ഈ എനര്‍ജിയാണു് മിക്കവാറും എല്ലാ നക്ഷത്രങ്ങളുടെയും പ്രകാശമടക്കമുള്ള റേഡിയേഷനു് കാരണമാവുന്നതു്.
ഗ്രാവിറ്റേഷന്റെ ശക്തി പിന്നെയും മുന്നിട്ടു് നില്‍ക്കുമ്പോള്‍ ഡ്യുറ്റീറിയവും അവശേഷിക്കുന്ന ഹൈഡ്രജനും തമ്മില്‍ വീണ്ടും കൂടുതല്‍ അടുത്തുവരാന്‍ ഇടയാവുകയും അതു് മറ്റൊരു അറ്റോമിക് റിയാക്ഷനു് കാരണമാവുകയും ചെയ്യുന്നു. അതിന്റെ ഫലമായി, ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ഒരു ഇലക്ട്രോണുമുള്ള ഡ്യുറ്റീറിയത്തിന്റെ രണ്ടു് കണങ്ങള്‍ ചേര്‍ന്നു് രണ്ടു് പ്രോട്ടോണുകളും, ഒന്നോ രണ്ടോ ന്യൂട്രോണുകളും രണ്ടു് ഇലക്ട്രോണുകളുമുള്ള ഒരു ഹീലിയം ആറ്റം രൂപമെടുക്കുന്നു. മാത്രവുമല്ല, അതുവഴി ഡ്യുറ്റീറിയം ഫൊര്‍മേഷനിലേതിനേക്കാള്‍ കൂടുതല്‍ എനര്‍ജിയും സ്വതന്ത്രമാവുന്നു. ഈ എനര്‍ജി വഴി നക്ഷത്രത്തിന്റെ ഉള്ളിലെ ഊഷ്മാവും മര്‍ദ്ദവും വര്‍ദ്ധിക്കുകയും അതു് ഗ്രാവിറ്റേഷനെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധത്തിനു് സഹായകമാവുകയും ചെയ്യുന്നതിനാല്‍ സൂര്യനെപ്പോലുള്ള നക്ഷത്രങ്ങള്‍ക്കു് ദീര്‍ഘകാലം ഗ്രാവിറ്റേഷനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു.
ഈ റിയാക്ഷനുകളിലെ ഇന്ധനങ്ങളായ ഹൈഡ്രജനും ഡ്യുറ്റീറിയവും കാലക്രമേണ “എരിഞ്ഞു്” തീരാന്‍ തുടങ്ങുകയും, അതുവഴി ആണവതലങ്ങളില്‍ നിന്നുണ്ടായിരുന്ന പ്രതിരോധശേഷി കുറയുകയും ചെയ്യുമ്പോള്‍ ഗ്രാവിറ്റേഷനു് വീണ്ടും മേല്‍ക്കോയ്മ ലഭിക്കുന്നു. തത്ഫലമായി പരസ്പരം അടുത്തുവരുന്ന കണങ്ങള്‍ തമ്മിലുള്ള റിയാക്ഷന്‍ മൂലം ഹീലിയത്തിന്റെ ന്യൂക്ലിയസില്‍ കൂടുതല്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും കൂട്ടിച്ചേര്‍ക്കപ്പെടുകയും, അതുവഴി കാര്‍ബണ്‍, ഓക്സിജന്‍, ഇരുമ്പു്, നിക്കല്‍ മുതലായ ഭാരമേറിയ മൂലകങ്ങള്‍ രൂപമെടുക്കുകയും ചെയ്യുന്നു. അതോടെ ഒരു നക്ഷത്രത്തിലെ മിക്കവാറും എല്ലാ ഫ്യൂഷന്‍ റിയാക്ഷനുകളും അവസാനിക്കുന്നു. അവയില്‍ ചില നക്ഷത്രങ്ങള്‍ “സ്യുപ്പര്‍നോവ” എന്ന പൊട്ടിത്തെറിയിലൂടെ ഭാരമേറിയ ഇത്തരം മൂലകങ്ങളെ ശൂന്യാകാശത്തില്‍ ചിതറിത്തെറിപ്പിക്കുന്നു. ഈ എലമെന്റുകള്‍ ആദിപ്രപഞ്ചത്തിലെ ഹൈഡ്രജന്‍ എന്നപോലെ അവിടവിടെയായി കേന്ദ്രീകരിക്കപ്പെടുകയും അവ കാലാന്തരത്തില്‍ സൂര്യനും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമൊക്കെയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.
ഇന്ധനങ്ങള്‍ തീരാന്‍ തുടങ്ങുന്നതോടെ നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ നിന്നും അറ്റോമിക് ഫ്യൂഷന്‍ പുറം പാളികളിലേക്കു് വ്യാപിക്കുന്നു. ആ റേഡിയേഷന്റെ മര്‍ദ്ദത്തില്‍ പുറംതോടിനു് വികാസം സംഭവിക്കുന്നതിനാല്‍ അതു് നക്ഷത്രത്തിന്റെ ഡയമീറ്ററില്‍ നൂറിരട്ടിവരെയുള്ള വര്‍ദ്ധനവിനു് കാരണമാവുന്നു. ചുവപ്പുനിറം പ്രസരിപ്പിക്കുന്നതിനാല്‍ “ചുവന്ന രാക്ഷസര്‍” (Red giants) എന്നു് വിളിക്കപ്പെടുന്ന ഈ നക്ഷത്രങ്ങളുടെ അവസ്ഥ ഏകദേശം അഞ്ഞൂറുകോടി വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ സൂര്യനും നേരിടേണ്ടിവരുമെന്നും, അതോടനുബന്ധിച്ചു് ഭൂമിയെ സൂര്യന്‍ “വിഴുങ്ങുമെന്നും” കണക്കാക്കപ്പെടുന്നു.
അങ്ങനെ ഒരു നക്ഷത്രത്തിലെ മുഴുവന്‍ ഇന്ധനവും അവസാനിച്ചു് കഴിയുമ്പോഴും ഗ്രാവിറ്റേഷന്‍ പഴയപടി തന്റെ “ജോലി” തുടര്‍ന്നുകൊണ്ടിരിക്കും. ചെറിയ നക്ഷത്രങ്ങളില്‍ ഗ്രാവിറ്റേഷനെ ചെറുത്തു് നില്‍ക്കാന്‍, ഗ്രഹങ്ങളില്‍ എന്നപോലെ, ദ്രവ്യത്തിന്റെ മര്‍ദ്ദം മതിയാവുമ്പോള്‍, വലിയ നക്ഷത്രങ്ങളുടെ പിണ്ഡത്തെ നേരിടാന്‍ അവ പോരാതെ വരുന്നു. ഹൈഡ്രജന്റെ കാര്യത്തില്‍ നമ്മള്‍ മുകളില്‍ കണ്ടതുപോലെ മൈക്രോസ്കോപ്പിക് തലത്തിലെ, അഥവാ, ക്വാണ്ടം മെക്കാനിക്സിന്റെ ലോകത്തിലെ തന്നെ Pauli exclusion principle എന്നറിയപ്പെടുന്ന, Wolfgang Pauli എന്ന ഓസ്ട്രിയന്‍ ഫിസിസിസ്റ്റ് 1925-ല്‍ കണ്ടെത്തിയ ഒരു തത്വം മൂലമുള്ള വികര്‍ഷണശക്തിയാണു് ഇവിടെ ഗ്രാവിറ്റേഷനെ നേരിടുന്നതു്. അതിന്‍പ്രകാരം, ഐഡന്റിക്കല്‍ ആയ രണ്ടു് ഫെര്‍മിയനുകള്‍ക്കു് (ഉദാ. ഇലക്ട്രോണ്‍, പ്രോട്ടോണ്‍) ഒരേസമയം ഒരേ ക്വാണ്ടം അവസ്ഥ സ്വീകരിക്കാനാവില്ല. ഈ കണങ്ങള്‍ തമ്മിലുള്ള അകലം അങ്ങേയറ്റം ചെറുതാവുമ്പോള്‍ മാത്രമേ ഈ തത്വം വഴിയുള്ള അവയുടെ വികര്‍ഷണം ആക്റ്റീവ് ആവുകയുള്ളു എന്നതിനാല്‍, അപ്പോഴേക്കും ഗ്രാവിറ്റേഷന്‍ മൂലമുള്ള ദ്രവ്യത്തിന്റെ കൊളാപ്സ് അവയെ തമ്മില്‍ അത്രയേറെ അടുപ്പിച്ചിട്ടുണ്ടാവണം. തന്മൂലം അങ്ങനെ സ്റ്റെബിലൈസ് ചെയ്യപ്പെടുന്ന നക്ഷത്രങ്ങള്‍ വളരെ ചെറുതായിരിക്കും. മുഴുവന്‍ ഇന്ധനവും ഉപയോഗിച്ചു് കഴിഞ്ഞശേഷം ശക്തമായ ഗ്രാവിറ്റേഷന്റെ ഫലമായി സാന്ദ്രീകരിക്കപ്പെടുന്ന ഇത്തരം നക്ഷത്രങ്ങളാണു് “വെളുത്ത വാമനന്മാര്‍” (White dwarfs). സോളര്‍ മാസിന്റെ ആയിരത്തിലൊന്നു് മുതല്‍ ഏകദേശം ഒന്നര മടങ്ങില്‍ താഴെ വരെ മാത്രം പിണ്ഡമുള്ള ഇവയുടെ സാന്ദ്രത സാധാരണ നക്ഷത്രങ്ങളുടേതിനേക്കാള്‍ ഒരുലക്ഷം മടങ്ങു് കൂടുതലും, ഏകദേശവ്യാസം വ്യാഴഗ്രഹത്തിന്റേതിലും കുറവുമായിരിക്കും. (White dwarfs മലയാളത്തില്‍ “വെളുത്ത വാമനന്മാര്‍” എന്നാണോ വിളിക്കപ്പെടുന്നതെന്നു് അറിയില്ല. അല്ലെങ്കില്‍ ഇതു് എന്റെ സംഭാവന.)
വൈറ്റ് ഡ്വാര്‍ഫുകളുടെ പിണ്ഡം Chandrasekhar limit എന്നറിയപ്പെടുന്ന (ഏകദേശം) 1.38 സോളര്‍ മാസിലും കൂടുതലായാല്‍ അവയ്ക്കു് സ്റ്റേബിള്‍ ആയി നിലനില്‍ക്കാന്‍ ആവില്ല. അപ്പോള്‍ അവയില്‍ ഗ്രാവിറ്റേഷന്റെ ഫലമായി പ്രോട്ടോണുകളും ഇലക്ട്രോണുകളും വീണ്ടും വളരെ അടുത്തുവരുന്നു. പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ വ്യത്യസ്ത കണങ്ങള്‍ക്കു് ബാധകവുമല്ല. അതിന്റെ ഫലമായി പ്രോട്ടോണും ഇലക്ട്രോണും തമ്മില്‍ ഒരു റിയാക്ഷന്‍ വഴി സംയോജിച്ചു് ഒരു ന്യൂട്രോണും ഒരു ന്യൂട്രീനൊയും രൂപമെടുക്കുന്നു. ന്യൂട്രീനൊ എപ്പോഴത്തെയും പോലെ സ്ഥലം കാലിയാക്കി രക്ഷപെടുന്നു. ഈ റിയാക്ഷന്‍ ആ നക്ഷത്രത്തിലെ എല്ലാ പ്രോട്ടോണുകളെയും ഇലക്ട്രോണുകളെയും തമ്മില്‍ സംയോജിപ്പിച്ചു് ന്യൂട്രോണുകളാക്കി മാറ്റാന്‍ പര്യാപ്തമായതിനാല്‍ അതുവഴി അതിനു് വീണ്ടും സങ്കോചിക്കാനും അതുവഴി എനര്‍ജി സ്വതന്ത്രമാക്കാനും കഴിയുന്നു. ഒരു പ്രോട്ടോണും ഇലക്ട്രോണും ചേര്‍ന്ന ഒരു കണികയ്ക്കു് സ്ഥിതി ചെയ്യാന്‍ ആവശ്യമായത്ര സ്ഥലം ഒരു ന്യൂട്രോണ്‍ മാത്രമാവുമ്പോള്‍ ആവശ്യമില്ലല്ലോ. ഈ റിയാക്ഷന്‍ വഴി രൂപമെടുക്കുന്ന ന്യൂട്രീനൊകളുടെ “മിന്നല്‍പ്രവാഹത്തിന്റെ” അകമ്പടിയോടെയും, ഭീമമായ എനര്‍ജി സ്വതന്ത്രമാക്കിക്കൊണ്ടും സംഭവിക്കുന്ന ഈ സ്യുപ്പര്‍നോവ വഴി ആ നക്ഷത്രത്തിന്റെ ബാഹ്യഭാഗങ്ങളുടെ നല്ലൊരംശം ശൂന്യാകാശത്തിലേക്കു് ചിതറപ്പെടുന്നു. അങ്ങനെ അവശേഷിക്കുന്ന ന്യൂട്രോണ്‍ സ്റ്റാറില്‍ ന്യൂട്രോണുകള്‍ മാത്രമായതിനാല്‍ എലക്ട്രിക് ചാര്‍ജ്ജ് മൂലമുള്ള ശക്തികളൊന്നും അതിലില്ല. ഗ്രാവിറ്റേഷന്റെ ശക്തിയെ നേരിടാനും അതുവഴി ആ നക്ഷത്രത്തെ സ്റ്റെബിലൈസ് ചെയ്യാനുമായി ആകെയുള്ളതു് പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ അനുസരിച്ചു് ന്യൂട്രോണുകള്‍ തമ്മിലുള്ള വികര്‍ഷണശക്തി മാത്രം. ന്യൂട്രോണ്‍ സ്റ്റാറിന്റെ തരത്തില്‍ പെട്ട ദ്രവ്യത്തിന്റെ ഒരു ക്യുബിക് സെന്റിമീറ്ററിന്റെ പിണ്ഡം 500 മീറ്റര്‍ മുതല്‍ 1400 മീറ്റര്‍ വരെ വശനീളമുള്ള ഇരുമ്പു് ചതുരക്കട്ടകളുടെ പിണ്ഡത്തിനു് തുല്യമാവാം. സൂര്യന്റെ രണ്ടിരട്ടി വരെ ഭാരമുണ്ടാകാവുന്ന അവയുടെ വ്യാസം ഏകദേശം ഇരുപതു് കിലോമീറ്റര്‍ മാത്രമാവാമെന്നതില്‍ നിന്നും അതിന്റെ സാന്ദ്രത എത്ര ഭീമമാണെന്നു് ഊഹിക്കാവുന്നതേയുള്ളു.
അവിടെയും അവസാനിക്കുന്നില്ല ഗ്രാവിറ്റേഷന്റെ ശക്തി. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും, സൂര്യന്റെ ഏകദേശം രണ്ടിരട്ടി ഭാരം വരുന്ന ന്യൂട്രോണ്‍ സ്റ്റാറുകളുടെ കാര്യത്തില്‍ Pauli exclusion principle-നു് പോലും ഗ്രാവിറ്റേഷനെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല. അതുപോലൊരു സാഹചര്യത്തില്‍ അനിയന്ത്രിതമായ ഗ്രാവിറ്റേഷന്റെ ഫലമായി ദ്രവ്യത്തിന്റെ അന്തിമമായ ഒരു കൊളാപ്സിലൂടെ ന്യൂട്രോണ്‍ സ്റ്റാര്‍ ഒരു ബ്ലാക്ക് ഹോള്‍ ആയി രൂപാന്തരം പ്രാപിക്കുന്നു.
ആണവകണികകളുടെ മൈക്രോസ്കോപ്പിക് ലോകവും നക്ഷത്രങ്ങളുടെ മാക്രോസ്കോപ്പിക് ലോകവും തമ്മില്‍ നിലവിലിരിക്കുന്ന അടിസ്ഥാനപരമായ ബന്ധങ്ങളിലേക്കാണു് ഈ വസ്തുതകള്‍ വിരല്‍ ചൂണ്ടുന്നതു്. ഈ രണ്ടു് ലോകങ്ങളും തമ്മിലുള്ള ഇന്ററാക്ഷന്‍ ഇല്ലാതെ പ്രപഞ്ചത്തിന്റെ നിലനില്പു് തന്നെ സാദ്ധ്യമല്ല എന്നാണല്ലോ ഇതില്‍ നിന്നും വ്യക്തമാവുന്നതു്. G+ ല്‍ നിന്നും ഞാന്‍ ഷെയര്‍ ചെയ്ത ഒരു ചിത്രത്തില്‍ കാണാനാവുന്നതുപോലെ, ആടിന്റെ കഴുത്തറുത്തു് ചൂടോടെ രക്തം മോന്തിയാല്‍ കാളിയും ദൈവവുമൊക്കെ ആവാമെന്നു് കരുതുന്ന മനുഷ്യരെ ക്വാണ്ടം മെക്കാനിക്സ് പറഞ്ഞു് മനസ്സിലാക്കാനാവില്ല എന്നു് എനിക്കുമറിയാം. കുരിശില്‍ മരിച്ചശേഷം കബറിടത്തില്‍ വച്ച യേശുവിന്റെ മൃതശരീരം ജീവന്‍ വച്ചു് ഉയിര്‍ത്തെഴുന്നേറ്റു് സ്വര്‍ഗ്ഗത്തിലേക്കു് പോയി എന്നും, നല്ലവരെയും മോശക്കാരെയും തമ്മില്‍ വേര്‍തിരിച്ചു് അവര്‍ക്കു് യഥാക്രമം സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും വിസ നല്‍കാനായി അവന്‍ കാഹളനാദത്തോടെ മേഘത്തിലേറി താമസിയാതെ മടങ്ങിവരുമെന്നും കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി വിശ്വസിച്ചു് കാത്തിരിക്കുന്ന മനുഷ്യര്‍ പൗളി എക്സ്ക്ലൂഷന്‍ പ്രിന്‍സിപ്പിള്‍ എന്നു് കേള്‍ക്കുമ്പോള്‍ ഹിന്ദു, മുസ്ലിം മുതലായ അന്യമതക്കാരെ എക്സ്ക്ലൂഡ് ചെയ്യാന്‍ കര്‍ത്താവു് അവരോടു് ആഹ്വാനം ചെയ്യുന്നതാണു് വിഷയം എന്നു് കരുതിക്കൂടായ്കയില്ല എന്നും ഊഹിക്കാവുന്നതേയുള്ളു. “ഇതെന്തു് സാധനം” എന്നു് അറിയാന്‍ പോയിട്ടു് ആലോചിക്കാന്‍ പോലും പ്രായം ആവാത്ത ബാല്യത്തില്‍ത്തന്നെ മുറിച്ചുമാറ്റാനായി ലിംഗാഗ്രത്തില്‍ ചര്‍മ്മം വച്ചുപിടിപ്പിക്കുന്ന ഒരു ശുംഭനല്ലാതെ മറ്റു് ദൈവങ്ങളൊന്നും ദൈവങ്ങളേ അല്ല എന്നു് വിശ്വസിക്കുകയും, അവനെ ആരാധിക്കാത്തവര്‍ എല്ലാം മരണാര്‍ഹരായ ശൈത്താന്‍മാരാണെന്നു് വിധിയെഴുതുകയും ചെയ്യുന്ന കൂട്ടരുടെ കാര്യം പറയാതിരിക്കുകയാണു് ഭേദം. ഇവിടെ പ്രശ്നം അതിനെക്കാളൊക്കെ ഗുരുതരമാണു്. താന്‍ ഒരു ഫിസിസിസ്റ്റ് ആണെന്നു് അവകാശപ്പെടുന്ന ഒരു വിദ്യാസമ്പന്നന്‍ ഫിസിക്സിനെത്തന്നെ തെറ്റായ വെളിച്ചത്തില്‍ നിര്‍ത്തി മനുഷ്യരെ വഴിതെറ്റിക്കുന്നതാണു് വിഷയം. സമൂഹത്തില്‍ അതു് നിരോധിക്കുന്ന നിയമങ്ങള്‍ നിലവിലില്ലാത്തിടത്തോളംകാലം ആടിന്റെ ചുടുരക്തം കുടിക്കേണ്ടവര്‍ക്കു് കുടിക്കാം. ചോര്‍ന്നുപോകാതെ മേഘത്തില്‍ ഇരുന്നു് ആകാശയാത്ര ചെയ്യാന്‍ കഴിയുന്ന ദൈവപുത്രന്റെ വരവിനുവേണ്ടി കാത്തിരിക്കുന്നവര്‍ക്കു് അതു് ചെയ്യാം. അഗ്രചര്‍മ്മം മുറിച്ചുമാറ്റി സ്വന്തം ദൈവത്തെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കു് അതുമാവാം. പക്ഷേ, അത്തരം അന്ധവിശ്വാസികളെ അവര്‍ക്കു് അവരുടെ അന്ധവിശ്വാസങ്ങള്‍ ന്യായീകരിക്കാന്‍ ഉതകുന്ന വിധത്തില്‍ ശാസ്ത്രത്തെ അവരുടെ മുന്നില്‍ തെറ്റായി വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനും ഒരു ശാസ്ത്രജ്ഞന്‍ ശ്രമിക്കുമ്പോള്‍ അവന്‍ ചെയ്യുന്നതു് ക്രിമിനല്‍ കുറ്റത്തിനു് തുല്യമായ സമൂഹദ്രോഹമാണു്. ഹിന്ദുമതത്തെ വിമര്‍ശിക്കുമ്പോള്‍ “ഹായ് ഹായ്” വിളിക്കാന്‍ ഓടിയെത്തുന്ന മുസ്ലിമിനോടൊപ്പമോ, ഇസ്ലാമിനെ വിമര്‍ശിക്കുമ്പോള്‍ പിരി കയറ്റാന്‍ എത്തുന്ന ക്രിസ്ത്യാനിയോടൊപ്പമോ, ക്രിസ്ത്യാനിയെ വിമര്‍ശിക്കുമ്പോള്‍ കയ്യടിച്ചു് പ്രോത്സാഹിപ്പിക്കാനെത്തുന്ന ഹിന്ദുവിനോടൊപ്പമോ, അതിനേക്കാളൊക്കെ വളരെ താഴെ എവിടെയോ ആണു് ശാസ്ത്രത്തെ അടിസ്ഥാനരഹിതമായി കരിതേച്ചു് കാണിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞവേഷധാരിയുടെ സ്ഥാനം.
(അവലംബം: Martin Bojowald – Zurueck vor den Urknall)