(ദൈവങ്ങളുടെ ഉത്ഭവത്തേപ്പറ്റി ലുഡ്‌വിഗ് ഫൊയെര്‍ബാഹിന്റെ (Ludwig Feuerbach) ചിന്തകളിലേക്കുള്ള ഒരു ചെറിയ എത്തിനോട്ടമാണിതു്.)
പത്തൊന്‍പതാമത്തെ വയസ്സില്‍ ഹൈഡല്‍ബെര്‍ഗ് യൂണിവേഴ്സിറ്റിയില്‍ പ്രോട്ടസ്റ്റന്റ് തിയോളജി പഠിക്കാന്‍ ആരംഭിച്ച ഫൊയര്‍ബാഹ് “വഴിപിഴച്ച കുശാഗ്രബുദ്ധിയുടെ കഫക്കെട്ടില്‍ പൊതിഞ്ഞ സോഫിസത്തിന്റെ ചിലന്തിവലകള്‍” താങ്ങാനാവാതെ അവിടം വിടുന്നു. “ഭാഷയെ സ്വയവും സ്വതന്ത്രവുമായി വിടരാന്‍ അനുവദിക്കാത്ത ഹൈഡല്‍ബെര്‍ഗിലെ പ്രൊഫസറുടെ മതദ്രോഹവിചാരണയുടെ കോടതിയിലെ, സ്പാനിഷ്ബൂട്ട്‌സിന്റെ പീഡനത്തില്‍നിന്നു്” രക്ഷപെട്ടു് (ഫൊയര്‍ബാഹ് മാതാപിതാക്കള്‍ക്കെഴുതിയ കത്തിലെ പരാമര്‍ശങ്ങളാണിവ) ബെര്‍ലിനിലെത്തി ഹേഗെലിന്റെ (Georg Wilhelm Friedrich Hegel) കീഴില്‍ രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം തിയോളജിയും ഫിലോസഫിയും പൂര്‍ത്തിയാക്കിയ ഫൊയര്‍ബാഹ് ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ അവിടെനിന്നും എര്‍ലാങ്ങനിലെത്തി ഡോക്ടറേറ്റും ഉപരിപഠനവും നേടുന്നു. വിദ്യാര്‍ത്ഥികളെ തന്റെ ലെക്ചറുകളില്‍ പിടിച്ചിരുത്താനുള്ള കഴിവു് കമ്മിയായിരുന്ന ഫൊയര്‍ബാഹ് മനുഷ്യരുടെ അമര്‍ത്യതയ്ക്കെതിരായ വാദമുഖങ്ങളുമായി ഒരു കൃതി പ്രസിദ്ധീകരിക്കുകകൂടി ചെയ്തപ്പോള്‍ അവിടത്തെ മതതത്വശാസ്ത്രജ്ഞരുടെ വിരോധത്തിനു് പാത്രമാവുകയും 1832-ല്‍ എര്‍ലാങ്ങന്‍ വിടേണ്ടിവരികയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സര്‍വ്വകലാശാലാജീവിതത്തിന്റെ അവസാനമായിരുന്നു അതു്. ഒരു പുതിയ ജോലിക്കു് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, ഉള്‍നാട്ടിലേക്കൊതുങ്ങി എഴുത്തില്‍ മുഴുകിയ ഫൊയര്‍ബാഹിനു് പുസ്തകങ്ങളില്‍നിന്നുള്ള പരിമിതവരുമാനം മാത്രമായിരുന്നു ജീവിതമാര്‍ഗ്ഗം.
നിലവിലിരിക്കുന്ന വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നവര്‍ പ്രതിഷേധങ്ങള്‍ നേരിടേണ്ടിവരുന്നതു് ഇന്നു് മാത്രമല്ല, അന്നും, എന്നും സ്വാഭാവികമായ ഒരു കാര്യമായിരുന്നു. രണ്ടു് കൂട്ടരായിരിക്കും അത്തരം പീഡകരുടെയും പരിഹാസികളുടെയും മുന്‍നിരയില്‍. പീഡനത്തിന്റെയും പരിഹാസത്തിന്റേയും കുത്തകാവകാശം തങ്ങള്‍ക്കു് മാത്രമാണെന്നു് ഉത്തമബോദ്ധ്യമുള്ള ഇവര്‍ മറ്റുള്ളവരുടെ അസഹിഷ്ണുതയെപ്പറ്റി സ്ഥിരം വാചാലരായിരിക്കും. ഒന്നാമത്തെ വിഭാഗം, ആ പ്രമാണങ്ങള്‍ അജ്ഞരായ മനുഷ്യര്‍ക്കു് വിറ്റു് സുഖജീവിതം നയിക്കുന്ന നേതാക്കളും ആചാര്യന്മാരുമാണു്. സമൂഹത്തിലെ ഓരോ മാറ്റത്തിനെതിരെയും അണികളെ ഇളക്കിവിടുന്ന ഇക്കൂട്ടരില്‍ അധികപങ്കും പിന്നില്‍ മറഞ്ഞിരുന്നു് ചരടു് വലിക്കുന്നവരായിരിക്കും. രണ്ടാമത്തവര്‍, ഈ വിശുദ്ധ തിരുമേനിമാര്‍ക്കുവേണ്ടി കൊല്ലാനും ചാകാനും മടിയില്ലാത്തവിധം ബ്രെയ്‌ന്‍വാഷ് ചെയ്യപ്പെട്ടു്, അവരുടെ സമ്പൂര്‍ണ്ണ വിധേയരായി മാറിയവരും. സംഭവം എന്താണെന്നു് അടിസ്ഥാനപരമായി വലിയ ഗ്രാഹ്യമൊന്നും ഇല്ലെങ്കിലും, നേതാക്കള്‍ പറഞ്ഞു് പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അക്ഷരം പ്രതി പാലിക്കേണ്ടവയാണെന്നും, അല്ലെങ്കില്‍ ലോകത്തിന്റേയും അതോടൊപ്പം തങ്ങളുടെതന്നേയും ഭാവി അപകടത്തിലാകുമെന്നുമുള്ള കാര്യത്തില്‍ സംശയമേതുമില്ലാത്തവര്‍.
ഫൊയര്‍ബാഹിന്റെ ഏറ്റവും പ്രധാനഗ്രന്ഥമായ “ക്രിസ്തീയതയുടെ അന്തസ്സത്ത” (The Essence of Christianity) എന്ന പുസ്തകം കാര്‍ള്‍ മാര്‍ക്സിന്റെ ചിന്തകളെ ഏറെ സ്വാധീനിച്ചിരുന്നു. അതിന്റെ പ്രസിദ്ധീകരണത്തിനുശേഷം അതിലെ തന്റെ ചിന്തകളിലെ ഒരോ വാചകങ്ങളുടേയും ചരിത്രപരമായ യാഥാര്‍ത്ഥ്യവും സത്യവും തെളിയിക്കുന്നതിനായി മറ്റൊരു ഗ്രന്ഥം എഴുതാനുള്ള ആഗ്രഹത്തിന്റെ സഫലീകരണത്തിനായി നടത്തിയ ആറുവര്‍ഷത്തെ തീവ്രമായ പഠനത്തിന്റെ ഫലമാണു് Theogonie അഥവാ “ദൈവങ്ങളുടെ ഉത്ഭവം” എന്ന പുസ്തകം. എബ്രായ, ക്രിസ്തീയ പൗരാണികതയുടെ പ്രാമാണിക ഉറവിടങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവം എന്ന ആശയത്തെപ്പറ്റി നടത്തുന്ന ഒരു വിശദമായ പഠനമാണു് അതിന്റെ ഉള്ളടക്കം. പ്രാചീന കാലത്തെ എബ്രായ, ക്രിസ്തീയഗ്രന്ഥങ്ങളോടൊപ്പം ഹോമറിന്റെ Iliad, Odyssey എന്ന കൃതികളും, അവയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഗ്രീക്ക് ദൈവങ്ങളും വേണ്ടുവോളം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടു്.
മതങ്ങള്‍ കവണിയില്‍ കെട്ടി സ്വര്‍ഗ്ഗത്തിലേക്കു് എറിഞ്ഞ, മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ സമ്പത്തായ ദൈവത്തെ താത്വികമായെങ്കിലും തിരിച്ചുകൊണ്ടുവന്നു് മനുഷ്യഹൃദയങ്ങളില്‍ വാഴിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആദ്യകാലത്തു് ഹേഗെല്‍ എഴുതിയിരുന്നു. അതിനു് ശക്തിയുള്ള ഏതെങ്കിലുമൊരു കാലഘട്ടം ഉണ്ടാവുമോ എന്നതു് മാത്രമായിരുന്നു ഹേഗെലിന്റെ സംശയം. പില്‍ക്കാലത്തു് ഉന്നതമായ ഈ ആശയം ഉപേക്ഷിച്ചു് വെട്ടിമുറിച്ച മതതത്വശാസ്ത്രമായി മാറിയ ഹേഗെലിയനിസത്തോടു് – ഹേഗെല്‍ തന്റെ ഗുരുനാഥനാണെന്നു് അംഗീകരിച്ചുകൊണ്ടുതന്നെ – ഫൊയര്‍ബാഹ് വിടപറയുകയായിരുന്നു. ഹേഗെലിനു് കഴിയാതെ പോയതു് സാദ്ധ്യമാക്കിത്തീര്‍ക്കുകയായിരുന്നു ഫൊയര്‍ബാഹിന്റെ ലക്‍ഷ്യം. തത്വത്തിലെങ്കിലും അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
മതതത്വശാസ്ത്രം ഫൊയര്‍ബാഹിനു് നരവംശശാസ്ത്രമാണു്. ദൈവം മനുഷ്യന്റെ ആന്തരികപ്രകൃതിയുടെ ബാഹ്യമായ ആവിഷ്കരണമാണു്. മനുഷ്യന്റെ ദൈവം, പരമമായ സത്ത, അവന്റെ സ്വന്തം സത്തയാണു്. ദൈവബോധം മനുഷ്യന്റെ ആത്മബോധമാണു്. ദൈവജ്ഞാനം മനുഷ്യന്റെ ആത്മജ്ഞാനമാണു്. മതങ്ങള്‍ മനുഷ്യന്റെ ശക്തിയെ, സ്വത്വത്തെ, സ്വഭാവത്തെ, ഗുണങ്ങളെ അവനില്‍നിന്നും അടര്‍ത്തിയെടുത്തു് രൂപം നല്‍കി, ഭാവം നല്‍കി, വ്യക്തിത്വം നല്‍കി സ്വര്‍ഗ്ഗത്തിലേക്കു് വിക്ഷേപിക്കുന്നു. ഏകദൈവവിശ്വാസമോ, ബഹുദൈവങ്ങളിലുള്ള വിശ്വാസമോ എന്ന വ്യത്യാസം ഈ പ്രക്രിയയെ ബാധിക്കുന്നില്ല.
ഫൊയര്‍ബാഹ്: “തന്റെ സംരംഭം ഒരു പരാജയമാവുമോ എന്ന ഭയജനകമായ സംശയം, പ്രത്യേകിച്ചും ആ കാര്യത്തിന്റെ വിജയം ഒരു സങ്കല്‍പവും സാദ്ധ്യതയും മാത്രമായ അതിന്റെ ആരംഭസമയത്തു്, മനുഷ്യനെ ഏറ്റവും ബലവത്തായി പിടികൂടുമെന്നതിനാല്‍, പരാജയഭീതി ഒഴിവാക്കി ആഗ്രഹം സഫലീകരിക്കാനാവുമെന്ന ഉറപ്പു് മനസ്സിലേക്കു് ഒഴുകിയെത്തിക്കുവാന്‍ അവന്‍ ദൈവത്തെ വിളിക്കുന്നു. കാരണം, ദൈവം മനുഷ്യനു് ആവാന്‍ കഴിയാത്തതും എന്നാല്‍ ആവാന്‍ ആഗ്രഹമുള്ളതും, ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ ചെയ്യാന്‍ ആഗ്രഹമുള്ളതും, അറിയാന്‍ കഴിയാത്തതും എന്നാല്‍ അറിയാന്‍ ആഗ്രഹമുള്ളതുമായവയുടെ പ്രത്യക്ഷീകരണമാണു്”.
ആഗ്രഹമാണു് ദൈവങ്ങളുടെ ഉത്ഭവഹേതു. ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കുന്നവര്‍ മാത്രമല്ല, നിഷേധിക്കുന്നവര്‍ കൂടിയാവണം ദൈവങ്ങള്‍. കാരണം, ഒരുവനു് നിഷേധിക്കപ്പെടാതെ മറ്റൊരുവനു് നല്‍കപ്പെടാന്‍ കഴിയാത്ത എണ്ണമറ്റ ആഗ്രഹങ്ങളുണ്ടു്. നന്മയുടെ മാത്രമല്ല, തിന്മയുടെ ആഗ്രഹങ്ങളും ധാരാളമാണു്. “നിനക്കു് നല്ലതു് വരട്ടെ!” എന്നതു് മാത്രമല്ല, “നിന്റെ കുടുംബം നശിച്ചുപോകട്ടെ!” “നിന്നെ പാമ്പു് കടിക്കട്ടെ!” എന്നിവയും ആഗ്രഹങ്ങളാണു്. ദൈവങ്ങള്‍ നീതിയുള്ളവരാണു്. നീതിയില്ലാത്തവര്‍ ദൈവങ്ങളാവില്ല. നീതിയുള്ള ദൈവങ്ങള്‍ നീതിയുള്ള ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കുന്നു. എന്നോടു് തിന്മ ചെയ്യുന്നവന്‍ തിന്മ അനുഭവിക്കണമെന്നതാണു് എന്റെ “നീതിപൂര്‍വ്വമായ” ആഗ്രഹം. മനുഷ്യരുടെ നീതിയും അനീതിയും നിശ്ചയിക്കപ്പെടുന്നതു് അവരുടെ നിലപാടുകള്‍ക്കനുസരിച്ചാണു്. ഞാന്‍ ശപിക്കുന്നവരെ ശിക്ഷിക്കുന്നവരാണു് എന്നെസംബന്ധിച്ചു് നീതിയുള്ള ദൈവങ്ങള്‍. തനിക്കു് കഴിഞ്ഞിരുന്നെങ്കില്‍ താന്‍തന്നെ ശിക്ഷിക്കുമായിരുന്നവരെ ശിക്ഷിക്കുന്നവരാണു്, മനുഷ്യരുടെ ശാപങ്ങള്‍ നടപ്പാക്കുന്നവരാണു് (നടപ്പാക്കേണ്ടവരാണു്) ദൈവങ്ങള്‍.
പുറന്തള്ളപ്പെട്ട സ്വന്തം അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഫിനിക്സ് അപ്പന്റെ വെപ്പാട്ടിയോടൊപ്പം ഉറങ്ങുന്നു. വിവരമറിഞ്ഞ പിതാവു് അവനു് മക്കളുണ്ടാവാതെപോകട്ടെ എന്നു് ശപിക്കുവാന്‍ പ്രതികാരദേവതകളെ വിളിച്ചപേക്ഷിക്കുന്നു. ദേവതകള്‍ പ്രാര്‍ത്ഥന കേള്‍ക്കുകയും ഫിനിക്സ് മക്കളില്ലാത്തവനായിതീരുകയും ചെയ്യുന്നു. – (Iliad). പ്രതികാരം പൗരനിയമം അനുസരിച്ചുള്ള ഒരു ശിക്ഷ അല്ല, (നിയമപരമായ അടിസ്ഥാനമില്ലാതെ) ശത്രുവിനു് നല്‍കപ്പെടേണ്ട പീഡനമാണു്. നമുക്കു് പ്രയാസം ഉണ്ടാക്കിയവനെ അതിന്റെ പേരില്‍ മാത്രം തിരിച്ചും പ്രയാസം അനുഭവിക്കാന്‍ അനുവദിച്ചു് ആനന്ദിക്കുന്നതാണു് പ്രതികാരം. നൊമ്പരപ്പെടുത്തിയവനെ തിരിച്ചും നൊമ്പരപ്പെടുത്തിയാല്‍ മാത്രം സ്വൈര്യം കിട്ടുന്ന ഒരു വികാരമാണു് പ്രതികാരം. “മനുഷ്യരക്തം ഒഴുക്കിയവന്റെ രക്തവും ഒഴുകണം”. പ്രതികാരദാഹത്തിലാണു് വധശിക്ഷയുടെ യഥാര്‍ത്ഥമായ അടിസ്ഥാനം. ഔപചാരികവും അനൗപചാരികവുമായ, നിയമപരവും നിയമവിരുദ്ധവുമായ പ്രതികാരവാഞ്ഛ എന്ന വ്യത്യാസം നിയമജ്ഞരുടെ ഇടയില്‍ മാത്രമേ നിലവിലിരിക്കുന്നുള്ളു, മനുഷ്യരുടെ ഇടയിലില്ല.
“ദൈവം ഇല്ല എന്നു് മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു” – (സങ്കീര്‍ത്തനങ്ങള്‍ 14: 1, 53:1). പക്ഷേ, ആ മൂഢന്മാര്‍ തിന്മ ചെയ്യുന്നവരാണു്, ജനത്തെ വിഴുങ്ങുന്നവരാണു്, ദൈവമില്ലാത്തവരാണു്! യഹോവ പറയുന്നു: “പ്രതികാരവും, പ്രതിഫലവും എന്റെ പക്കലുണ്ടു്” – ( ആവര്‍ത്തനം 32: 35). “ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു” – (നഹൂം 1: 2).
ഫൊയര്‍ബാഹ്: “എബ്രായ മതതത്വശാസ്ത്രത്തിന്റെ കാട്ടാളത്തത്തില്‍ നിന്നും ജര്‍മ്മന്‍ നരവംശശാസ്ത്രത്തിലേക്കു് പരിഭാഷപ്പെടുത്തുമ്പോള്‍ ഈ വാചകങ്ങളുടെ അര്‍ത്ഥം: പ്രതികാരം ഒരു ദൈവിക കാര്യമാണു്, ഒരു ദൈവിക ആസ്വാദനമാണു് എന്നല്ലാതെ മറ്റൊന്നുമല്ല”. ശത്രുക്കളോടു് പ്രതികാരം ചെയ്യാനായി മനുഷ്യന്‍ ദൈവത്തെ വിളിക്കുന്നു: “യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു് എതിര്‍ത്തുനില്‍ക്കേണമേ.” – (സങ്കീര്‍ത്തനങ്ങള്‍ 7: 6). പക്ഷേ, ദൈവം മിണ്ടാതെ, മൗനമായി, സ്വസ്ഥമായി ഇരിക്കുകയും, (സങ്കീര്‍ത്തനങ്ങള്‍ 83: 1) “നിന്റെ ദൈവം എവിടെ” എന്നു് (സങ്കീര്‍ത്തനങ്ങള്‍ 79: 10) ശത്രുക്കള്‍ ആരവമിടുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ അസ്തിത്വം ഒരു പ്രശ്നമാവുന്നു, നിരാശാജനകമാവുന്നു, ഹൃദയത്തിലെ ഒരു ആഗ്രഹം മാത്രമായി ചുരുങ്ങുന്നു. അതേസമയം, ഈ ആഗ്രഹം ഒരു യാഥാര്‍ത്ഥ്യമാവുമ്പോള്‍ , ഭക്തനു് പ്രതികാരരോദനത്തിന്റെ കണ്ണുനീരിനു് പകരം ശത്രുവിന്റെ രക്തത്തില്‍ ആറാടി നൃത്തം ചെയ്യാനാവുമ്പോള്‍, ദൈവത്തിന്റെ നിലനില്‍പ്പു് നിഷേധിക്കാനാവാത്ത ഒരു പരമസത്യമായി മാറുന്നു.
മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും ആകെ ചെയ്യാന്‍ കഴിയുന്നതു്, ചെയ്യാന്‍ സാധിക്കുന്നതു് അനുഗ്രഹവും ശാപവും, ആഗ്രഹവും നിഷേധവും മാത്രമാണു്. ദൈവങ്ങളില്‍നിന്നും സ്വര്‍ഗ്ഗീയ വാഗ്ദത്തങ്ങള്‍ എടുത്തു് മാറ്റിയാല്‍ ആ സ്വര്‍ഗ്ഗത്തില്‍ അവശേഷിക്കുന്നതു് തികഞ്ഞ ആരോഗ്യം, നിറഞ്ഞ തൊഴുത്തുകള്‍, കവിഞ്ഞൊഴുകുന്ന വീഞ്ഞുകുടങ്ങള്‍ മുതലായ ആഗ്രഹങ്ങള്‍ മാത്രമായിരിക്കും. നരകഭയം എടുത്തുമാറ്റിയാല്‍ അവിടെ കാണുന്നതു് മാരകമായ രോഗങ്ങള്‍, പ്രസവമില്ലാത്ത പെണ്ണുങ്ങള്‍, പെറ്റുപെരുകാത്ത വളര്‍ത്തുമൃഗങ്ങള്‍, വിളവുനല്‍കാത്ത ഭൂമി മുതലായവയേക്കുറിച്ചുള്ള ഭയങ്ങള്‍ മാത്രമായിരിക്കും. ദൈവങ്ങളില്‍നിന്നും എല്ലാ ശക്തിയും, എല്ലാ അധികാരവും എടുത്തുമാറ്റിയാല്‍ അവിടെ അവശേഷിക്കുന്നതു് മനുഷ്യരുടെ പരമാനന്ദാനുഭവദാഹം മാത്രമായിരിക്കും. ദൈവങ്ങളുടെ അടുക്കലേക്കോടുന്ന മനുഷ്യര്‍ അവരുടെ സ്വന്തം ഭാഗ്യാനുഭൂതിയിലേക്കാണു് ഓടുന്നതു്. ഇവ തമ്മിലുള്ള പരസ്പരബന്ധം തത്വചിന്തകര്‍ പലവട്ടം ഖണ്ഡിച്ചിട്ടുണ്ടെങ്കിലും, ആനന്ദവും, ഐശ്വര്യവും, ഭാഗ്യവും കൈവരിക്കാന്‍ കഴിയുന്ന വലിയ ചെലവില്ലാത്ത ഒരു കുറുക്കുവഴി എന്ന നിലയില്‍ മതവിശ്വാസം ദൈവങ്ങള്‍ക്കും മനുഷ്യര്‍ക്കും മുകളില്‍ വാഴുന്ന ശക്തിയായി എന്നും നിലനില്‍ക്കും.
“ആയിരം പ്രാവശ്യം ഖണ്ഡിക്കപ്പെട്ട ഒരു വിശ്വാസവാക്യം പോലും ഒരുവനു് അതു് ആവശ്യമെങ്കില്‍ പിന്നെയും പിന്നെയും അതു് സത്യമെന്നു് വിശ്വസിക്കാന്‍ മടിക്കാത്തവനാണു് മനുഷ്യന്‍.” – ഫ്രീഡ്‌റിഹ് നീറ്റ്‌സ്‌ഷെ.
“ആദര്‍ശത്തെ മനുഷ്യനു് ബാഹ്യമായി പ്രതിഷ്ഠിക്കാനാവില്ല, കാരണം, അപ്പോള്‍ അതൊരു വസ്തു ആയിത്തീരും – മനുഷ്യന്റെ ഉള്ളില്‍ മാത്രമായിട്ടുമാവില്ല, കാരണം, അപ്പോള്‍ അതൊരു ആദര്‍ശമാവില്ല.” – ഹേഗെല്‍
“ഒരു മനുഷ്യനെ ജനിപ്പിക്കാന്‍ രണ്ടു് മനുഷ്യര്‍ വേണം – ഭൗതികവും മാനസികവുമായ അര്‍ത്ഥത്തില്‍ . സത്യത്തിന്റെയും പൊതുവായതിന്റെയും തത്വവും മാനദണ്ഡവും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണു്. എത്ര കൂടുതല്‍ ഒരുവന്‍ സ്നേഹിക്കുന്നുവോ, അത്രയും കൂടുതലാണവന്‍. നേരെമറിച്ചും. സ്നേഹം മനുഷ്യനെ ദൈവവും ദൈവത്തെ മനുഷ്യനുമാക്കുന്നു. മനുഷ്യന്‍ മനുഷ്യനോടു്: ഞാനും നീയും തമ്മിലുള്ള ഏകത്വമാണു് ദൈവം” – ഫൊയര്‍ബാഹ്